Links

ഗോർബച്ചേവിനെ വിലയിരുത്തുമ്പോൾ ....

ഗോർബച്ചേവ് എന്ന മഹാനായ വ്യക്തിയെ ശരിയായല്ല ഇവിടെ വിലയിരുത്തപ്പെട്ടതും മനസ്സിലാക്കപ്പെട്ടതും. അദ്ദേഹത്തെ കമ്മ്യൂണിസത്തിന്റെയും സോവിയറ്റ് യൂനിയന്റെയും അന്തകൻ എന്നാണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾ വിലയിരുത്തിയത്. അത് മറ്റുള്ളവരും ഏറ്റുപിടിക്കുകയായിരുന്നു. സോവിയറ്റ് യൂനിയൻ എന്ന സാമ്രാജ്യം റഷ്യയുടെ അയല്പക്ക രാജ്യങ്ങളെയും പിടിച്ചടക്കി കൂട്ടിച്ചേർത്ത് ലെനിൻ സ്ഥാപിച്ചതായിരുന്നു. ചൈന തിബത്തിനെ പിടിച്ചടക്കിയ പോലെയായിരുന്നു അത്. ഇന്നും തിബത്തൻ ജനതയുടെ മനസ്സുകളിൽ സ്വാതന്ത്ര്യദാഹം കനലായി എരിയുന്നുണ്ട്. അതേ സ്വാതന്ത്ര്യദാഹം സോവിയറ്റ് യൂനിയന്റെ ഘടക റിപ്പബ്ലിക്കുകളിലെ ജനങ്ങളുടെ മനസ്സിലും എരിയുന്നുണ്ടായിരുന്നു.

ഇതിനെല്ലാമുപരി റഷ്യയിലെയും സോവിയറ്റ് യൂനിയനിലെ ഇതര ഘടക റിപ്പബ്ലിക്കുകളിലെയും പോളണ്ട് അടക്കമുള്ള കിഴക്കൻ യൂറോപ്പിലെ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലെയും ജനങ്ങളിൽ കമ്മ്യൂണിസ്റ്റ് ഏകാധിപത്യത്തിനെതിരെ രോഷവും അമർഷവും പുകയുന്നുണ്ടായിരുന്നു. ചൈനക്കാരുടെ മനസ്സിലും ജനാധിപത്യ സ്വാതന്ത്ര്യമോഹം ഉണ്ട്. അത് പക്ഷെ അവിടത്തെ ഏകാധിപത്യ ഭരണകൂടത്താൽ അടിച്ചമർത്തപ്പെട്ടിരിക്കുകയാണ്. ടിയാനൻമെൻ സ്ക്വയർ സംഭവം ഓർക്കുക. ജനങ്ങൾക്ക് കമ്മ്യൂണിസ്റ്റ് ഏകാധിപത്യ ഭരണത്തോട് ഇത്രയും വെറുപ്പ് ഉണ്ടെന്ന് ഗോർബച്ചേവിന് മനസ്സിലായില്ല. സോവിയറ്റ് യൂനിയനിലെ ഇരുമ്പ് മറ നീക്കി സമൂഹത്തിൽ സുതാര്യത ഉറപ്പാക്കാനാണ് അദ്ദേഹം ഗ്ലാസ്‌നോസ്റ്റും പെരിസ്ട്രോയ്‌കയും പ്രഖ്യാപിച്ചത്. കമ്മ്യൂണിസ്റ്റ് വ്യവസ്ഥിതിക്ക് മാനവിക മുഖം നൽകുക എന്ന ഉദ്ദേശ്യം മാത്രമേ അദ്ദേഹത്തിനു ഉണ്ടായിരുന്നുള്ളൂ.
പക്ഷെ സംഭവിച്ചത് ഗ്ലാസ്‌നോസ്റ്റ്, പെരിസ്ട്രോയ്‌ക എന്നീ രണ്ട് പരിഷ്ക്കാരങ്ങളോടെ സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു സോവിയറ്റ് യൂനിയനിൽ പ്രവേശിച്ചപ്പോൾ ഗോർബച്ചേവിൽ നിന്ന് മാത്രമല്ല സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് പോലും എല്ലാം കൈവിട്ട് പോയി എന്നതാണ്. അത് ഗോർബച്ചേവ് പ്രതീക്ഷിച്ചതല്ല. ജനങ്ങളിലെ കമ്മ്യൂണിസ്റ്റ് ഏകാധിപത്യ ഭരണത്തോടുള്ള വെറുപ്പാണ് അവിടത്തെ ഭരണത്തെയും കമ്മ്യൂണിസ്റ്റ് പാർട്ടിയെയും കടപുഴക്കിയെറിഞ്ഞത്. അത് വരെ ഭരിച്ച കമ്മ്യൂണിസ്റ്റ് ഏകാധിപതികളാണ് ആ വെറുപ്പ് ജനമനസ്സുകളിൽ വിതച്ചിരുന്നത്. വേണമെങ്കിൽ ഗോർബച്ചേവിനും ഒരേകാധിപതിയായി ജനങ്ങളെ അടിച്ചമർത്തി ഭരിക്കാമായിരുന്നു. പക്ഷെ അദ്ദേഹം ആ ഏകാധിപത്യം ആഗ്രഹിച്ചില്ല. ജനങ്ങൾക്ക് മുന്നിലെ ഇരുമ്പുമറ നീക്കം ചെയ്യാനേ അദ്ദേഹം ആഗ്രഹിച്ചിരുന്നുള്ളൂ. അത് ജനങ്ങൾ തന്നെ കമ്മ്യൂണിസ്റ്റ് ഭരണത്തെ ചവുട്ടി പുറത്താക്കുന്നതിൽ കലാശിച്ചതാണ്. ഇതിൽ കമ്മ്യൂണിസ്റ്റ് സർവ്വാധിപത്യത്തെ അനുകൂലിക്കുന്ന കമ്മ്യൂണിസ്റ്റുകൾക്ക് മാത്രമേ ഗോർബച്ചേവിൽ കുറ്റം കാണാൻ കഴിയൂ. ജനാധിപത്യത്തിലും വ്യക്തിസ്വാതന്ത്ര്യത്തിലും വിശ്വസിക്കുന്ന കമ്മ്യൂണിസ്റ്റ് അല്ലാത്ത നമുക്ക് ഗോർബച്ചേവിനെ ഒരു മഹാനായ മനുഷ്യസ്നേഹിയായി മാത്രമാണ് കാണാൻ കഴിയുക.
സോവിയറ്റ് യൂനിയൻ തകർന്നത് ഏകാധിപത്യം ഉപയോഗിച്ച് പിടിച്ചു നിർത്തിയിരുന്ന ഘടക റിപ്പബ്ലിക്കുകൾ സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിച്ച് പിരിഞ്ഞ് പോയപ്പോഴാണ്. അത് പോലെ പോളണ്ട്, റുമേനിയ, കിഴക്കൻ ജർമ്മനി പോലുള്ള രാജ്യങ്ങളിലെയും ജനങ്ങൾ അതാതിടത്തെ കമ്മ്യൂണിസ്റ്റ് സർവാധിപതികളെ ചവുട്ടി പുറത്താക്കി സ്വാതന്ത്ര്യം പ്രഖാപിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകത്തിൽ ജനങ്ങൾ സ്വമേധയാ നടത്തിയ ജനാധിപത്യ വിപ്ലവം ആയിരുന്നു അതൊക്കെ. ചൈനയിലും എന്നെങ്കിലും ഇത് പോലത്തെ ജനാധിപത്യ വിപ്ലവം തീർച്ചയായും അരങ്ങേറുക തന്നെ ചെയ്യും. കാരണം ജനങ്ങളുടെ മേൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഏകാധിപത്യ ഭരണം അടിച്ചേൽപ്പിക്കുന്നതിനു ഒരു നീതീകരണവും ഇല്ല. ഇതൊന്നും കാറൽ മാർക്സ് ഉദ്ദേശിച്ചതും ആയിരുന്നില്ല. സംഗതി ഇങ്ങനെയൊക്കെ ആണെങ്കിലും റഷ്യയിലെ ജനങ്ങൾക്ക് ജനാധിപത്യം അതിന്റെ അർത്ഥത്തിൽ അനുഭവിക്കാൻ കഴിഞ്ഞില്ല. ജനാധിപത്യത്തിന്റെ ലേബലിൽ പുടിൻ എന്ന ഏകാധിപതിയാണ് അവിടെ ഭരിക്കുന്നത്. പക്ഷെ ഒന്നുണ്ട് സർവാധിപത്യം ലക്ഷ്യം വയ്ക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി ഇപ്പോൾ അവിടെ ഇല്ല. അവശിഷ്ട കമ്മ്യൂണിസ്റ്റുകൾ ഒന്ന് ചേർന്ന് തൊഴിലാളി വർഗ്ഗ സർവ്വാധിപത്യം ഉപേക്ഷിച്ച് പാർലമെന്ററി ജനാധിപത്യം അംഗീകരിച്ച കമ്മ്യൂണിസ്റ്റ് പാർട്ടി അവിടെയുണ്ട്. പക്ഷെ ജനപിന്തുണ കുറവാണ് എന്ന് മാത്രം.
അപ്പോൾ പറഞ്ഞു വന്നത് കമ്മ്യൂണിസം എന്നത് സർവ്വാധിപത്യ ഭരണകൂടങ്ങൾ സ്ഥാപിക്കാൻ ലക്ഷ്യം വയ്ക്കുന്ന സിദ്ധാന്തമാണ്. അതിന്റെ ഉപജ്ഞാതാവ് ലെനിൻ ആണ്. അതുകൊണ്ടാണ് ആ സിദ്ധാന്തത്തെ മാർക്സിസം-ലെനിനിസം എന്ന് പറയുന്നത്. ഈ സിദ്ധാന്തവും മാർക്സിസ്റ്റ്-ലെനിനിസ്റ്റ് പാർട്ടികളും തകരേണ്ടത് ജനാധിപത്യത്തിന്റെ വളർച്ചയ്ക്ക് ആവശ്യമാണ്. ജനാധിപത്യ സമ്പ്രദായമാണ് നീതിയുക്തമായ വ്യവസ്ഥിതി. അതുകൊണ്ട് കമ്മ്യൂണിസം തകരുന്നത് അതിന്റെ ജനാധിപത്യ വിരുദ്ധത കൊണ്ടും ഏകാധിപത്യരീതി കൊണ്ടും ആണ്. അത് തകർന്നേ പറ്റൂ. ആയതിനാൽ നമ്മൾ ഗോർബച്ചേവിനെ വിലയിരുത്തേണ്ടത് കമ്മ്യൂണിസ്റ്റ് ഏകാധിപത്യത്തിനു അല്പം അയവ് വരുത്താൻ ശ്രമിച്ച് തോറ്റുപോയ ഒരു മഹാൻ എന്ന നിലയിലാണ്. ആ തോൽവിക്കും കാരണം അവിടത്തെ സിസ്റ്റത്തോട് ജനങ്ങൾ മനസ്സിൽ സൂക്ഷിച്ച വെറുപ്പ് ആയിരുന്നു എന്നും മനസ്സിലാക്കുക. എന്നിട്ട് ചൈനയിലും എന്നെങ്കിലും ഒരു ഗോർബച്ചേവ് അവതരിക്കാതിരിക്കില്ല എന്ന പ്രത്യാശ വെച്ചു പുലർത്തുക. ജനാധിപത്യം വിജയിക്കട്ടെ, അത് ഇനിയുമിനിയും സമ്പുഷ്ടമാകട്ടെ. ജനങ്ങളാണ് അധികാരികൾ, അവകാശികൾ എന്ന സിദ്ധാന്തം പ്രചരിക്കട്ടെ.