രക്തത്തിൽ സോഡിയത്തിന്റെ അളവ് കുറയുന്നതാണ് ഹൈപോനട്രേമിയ അഥവാ hyponatremia. സോഡിയം എന്നാൽ ആവർത്തനപ്പട്ടികയിലെ പതിനൊന്നാമത്തെ മൂലകം ആണ്. ഇത് ജൈവം അല്ല. നല്ല സൊയമ്പൻ കെമിക്കൽ മൂലകം ആണ്. താഴെ കാണുന്ന ആവർത്തനപ്പട്ടികയിലെ കെമിക്കൽ മൂലകങ്ങൾ അല്ലാതെ ഈ പ്രപഞ്ചത്തിൽ വേറെ ഒന്നും ഇല്ല. ഇത് ഉൾക്കൊള്ളാൻ ആർക്കെങ്കിലും വിഷമം ഉണ്ടെങ്കിൽ സത്യം ഇതാണ്. ജൈവം എന്ന് പറഞ്ഞാൽ കാർബൺ എന്ന മൂലകം കേന്ദ്രീകരിച്ച് ഉണ്ടാകുന്ന സംയുക്തങ്ങൾ മാത്രമാണ്. ഉദാഹരണത്തിന് കാർബോഹൈഡ്രേറ്റ്, സെല്ലുലോസ് എന്നിവ. ഇതിൽ സെല്ലുലോസിനെയാണ് നമ്മൾ ഭക്ഷണത്തിലെ ഫൈബർ എന്ന് പറയുന്നത്.
ഭൂമിയിൽ ഏറ്റവും കൂടുതലുള്ള ജൈവസംയുക്തം സെല്ലുലോസ് ആണ്. സസ്യകോശങ്ങളുടെ കോശഭിത്തി നിർമ്മിതമായിരിക്കുന്നത് സെല്ലുലോസ് കൊണ്ടാണ്. അതാണ് നാം കഴിക്കുന്ന ഫൈബർ. ഇത് നമ്മുടെ ദഹനവ്യവസ്ഥയ്ക്ക് ദഹിപ്പിക്കാൻ കഴിയില്ല. കാർബോഹൈഡ്രേറ്റ് എന്ന് പറഞ്ഞാൽ നാം കഴിക്കുന്ന ചോറ് തന്നെ. സോഡിയം നമുക്ക് കിട്ടുന്നത് ഉപ്പിൽ നിന്നാണ്. ഉപ്പും ജൈവം അല്ല. അത് സോഡിയം ക്ലോറൈഡ് എന്ന കെമിക്കൽ സംയുക്തം ആണ്. അതുകൊണ്ട് കെമിക്കൽ പേടി ഉള്ളവർ ആ പേടി ഉപേക്ഷിക്കണം.
രക്തത്തിലെ സോഡിയത്തിന്റെ നോർമൽ അളവ് 135 മുതൽ 145 വരെ milliequivalents per liter (mEQ/L) ആണ്. ചുരുക്കി പറഞ്ഞാൽ രക്തത്തിൽ സോഡിയം 135 mEQ/L ൽ താഴുന്നതാണ് ഹൈപോനട്രേമിയ എന്ന അവസ്ഥ. സോഡിയം 145 ൽ കൂടിയാലും അപകടമാണ്. ഈ അവസ്ഥയ്ക്കും ഹൈപോനട്രേമിയ എന്ന് തന്നെയാണ് പറയുക. പക്ഷെ നിങ്ങൾ ഇതൊന്നും ഓർത്ത് പരിഭ്രമിക്കേണ്ട. രക്തത്തിൽ സോഡിയത്തിന്റെ അളവ് സാധാരണ ഗതിയിൽ നമ്മുടെ ശരീരം തന്നെ ബാലൻസ് ചെയ്യുന്നുണ്ട്. അധികമായി വെള്ളം കുടിച്ചാൽ രക്തത്തിലെ സോഡിയം ഡൈല്യൂട്ട് ആയിപ്പോവുകയും അപ്പോൾ കോശങ്ങളിൽ അധികം വെള്ളം സംഭരിക്കപ്പെടുകയും ചെയ്യും. ശരീരത്തിൽ ജലാംശം കൺട്രോൾ ചെയ്യുന്നത്, ബ്ലഡ് പ്രഷർ നിയന്ത്രിക്കുന്നത് ഒക്കെ സോഡിയം ആണ്. അതുകൊണ്ട് മറ്റേത് പോഷക മൂലകങ്ങളെ പോലെ സോഡിയവും ശരീരത്തിനു അത്യാന്താപേക്ഷിതമാണ്.
പൊതുവെ പ്രായം കൂടുമ്പോഴാണ് ഹൈപോനട്രേമിയ വരാനുള്ള സാധ്യത കൂടുന്നത്. കിഡ്‌നിയുടെ പ്രവർത്തനക്ഷമത കുറയുന്നതാണ് കാരണം. നമ്മുടെ അവയവങ്ങൾക്ക് എല്ലാം പ്രവർത്തനക്ഷമതയ്ക്ക് ഒരു പരിധിയുണ്ട്. അതുകൊണ്ട് ഒന്നിനും ഹെവി വർക്ക് കൊടുക്കരുത്. പ്രത്യേകിച്ചും കിഡ്‌നിക്ക്. അധികമായും അനാവശ്യമായും എന്ത് കഴിക്കുന്നതും കിഡ്‌നിക്ക് അധിക വർക്ക് ലോഡ് ആണ്. പ്രത്യേകിച്ച് മദ്യം. തുടർന്ന് ഇതൊക്കെ കഴിച്ചാൽ 80 കൊല്ലം പ്രവർത്തിക്കുമായിരുന്ന കിഡ്‌നി 60 കൊല്ലം മാത്രമേ പ്രവർത്തിക്കൂ. അധിക ജോലി കൊടുക്കുന്നത് കൊണ്ട് 20 കൊല്ലം കിഡ്‌നിക്ക് നഷ്ടപ്പെടുകയാണ്. പിന്നെ കുറച്ചു കാലം ഡയാലിസിസ് കൊണ്ട് നമ്മുടെ ആയുസ്സ് നീട്ടാം എന്ന് മാത്രം. ആദ്യമേ കിഡ്‌നിയെ ഹെവി വർക്ക് കൊടുക്കാതെ ശ്രദ്ധിച്ചിരുന്നെങ്കിൽ ഈ ഗതികേട് വരില്ലായിരുന്നു.
രക്തത്തിൽ ഒരു അനാവശ്യ പദാർത്ഥവും തങ്ങി നിൽക്കില്ല. വേണ്ടാത്തതൊക്കെ അപ്പപ്പോൾ നമ്മുടെ കിഡ്‌നി ഫിൽട്ടർ ചെയ്ത് പുറന്തള്ളുന്നുണ്ട്. അതുകൊണ്ട് രക്തം എപ്പോഴും മാലിന്യമുക്തവും ശുദ്ധവുമാണ്. രക്തത്തെ പറ്റി മനസ്സിലാക്കാൻ അതിനെ ഒരു ചരക്ക് വണ്ടിയോട് ഉപമിക്കാം. ഓരോ ശരീര കോശത്തിലേക്കും ആവശ്യമായ പോഷകഘടകങ്ങളും, ശ്വസനത്തിലൂടെ ഉള്ളിലേക്ക് കടക്കുന്ന വായുവിലെ ഓക്സിജനും വഹിച്ചു കൊണ്ടു പോയി കോശങ്ങളിൽ ഇറക്കി വെക്കുകയും കോശങ്ങളിലെ മെറ്റബോളിക് പ്രവർത്തനങ്ങൾ മൂലം അവശേഷിക്കുന്ന മാലിന്യങ്ങളും കാർബൺ ഡൈഓക്സൈഡും പുറന്തള്ളാൻ വേണ്ടി എടുത്തുകൊണ്ട് തിരികെ പോരുകയും ചെയ്യുക എന്നതാണ് രക്തം ചെയ്യുന്നത്.
നമ്മുടെ ശരീരം വളരുന്നതും നിലനിൽക്കുന്നതും കോശങ്ങൾ വിഭജിച്ച് പുതിയ കോശങ്ങൾ ഉണ്ടാകുന്നതിലൂടെയും പഴയ കോശങ്ങൾ നശിക്കുന്നതിലൂടെയുമാണ്. ഈ പ്രക്രിയ അനവരതം നടന്നുകൊണ്ടേയിരിക്കുന്നു. എന്നാൽ ഈ കോശവിഭജനം അനന്തമായി തുടരാവുന്ന സംഗതിയല്ല. കോശവിഭജനത്തെ നിയന്ത്രിക്കുന്ന ജീനുകൾ ഉണ്ട്. ജീനുകൾ ആണ് ശരീരത്തിന്റെ ബ്ലൂ പ്രിന്റ്. ഒരു പരിധി കഴിഞ്ഞാൽ കോശവിഭജനം നിലയ്ക്കുന്നു. ആ അവസ്ഥയാണ് വാർദ്ധക്യം എന്നത്. ഹൈപോനട്രേമിയയിൽ തുടങ്ങി എവിടെയോ എത്തുന്നു അല്ലേ? എങ്കിലും നിങ്ങൾ മനസ്സിലാക്കേണ്ടതായ കൊച്ചു കൊച്ചു സംഗതികൾ ആണ് പറഞ്ഞത്. നമ്മുടെ സ്വന്തം ശരീരം എന്താണ് എന്നും എങ്ങനെ പ്രവർത്തിക്കുന്നു എന്നുമൊക്കെ അറിയാൻ നിങ്ങൾ ശ്രമിക്കണം എന്ന് പറഞ്ഞുകൊണ്ട് ഈ കുറിപ്പ് ഇവിടെ നിർത്തുന്നു.