Links

കീടനാശിനി; മിഥ്യയും യാഥാർഥ്യങ്ങളും

ഈ നൂറ്റാണ്ടിൽ ലോകം കണ്ട ഏറ്റവും വലിയ നുണപ്രചരണമായിരുന്നു എൻഡോസൽഫാൻ ബാധ. 50 വർഷത്തോളം ലോകത്ത് വിവിധ രാജ്യങ്ങളിൽ കാർഷികാവശ്യത്തിനു ഉപയോഗിച്ച കീടനാശിനിയായിരുന്നു എൻഡോസൽഫാൻ. എൻഡോസൽഫാൻ കീടനാശിനിയ്ക്ക് പേറ്റന്റ് ഇല്ലായിരുന്നു. ജനറിക് ഫോർമുല ആയിരുന്നു അതിന്റേത്. അതുകൊണ്ട് ആർക്കും എൻഡോസൽഫാൻ നിർമ്മിച്ച് വിൽക്കാമായിരുന്നു. ഇന്ത്യയിൽ പൊതുമേഖല കമ്പനികൾ ആയുരുന്നു എൻഡോസൽഫാൻ ഉല്പാദിച്ച്, ആഭ്യന്തര ഉപയോഗം കൂടാതെ കയറ്റുമതിയും ചെയ്തിരുന്നത്. എൻഡോസൽഫാൻ കയറ്റുമതി മൂലം കീടനാശിനിയുടെ ലോകവിപണിയിൽ ഇന്ത്യയ്ക്കായിരുന്നു മുൻതൂക്കം. ഈ കുത്തക തകർക്കാനും തങ്ങളുടെ പേറ്റന്റ് ഉള്ള കീടനാശിനികൾക്ക് ലോകവിപണി പിടിച്ചടക്കാനും യൂറോപ്യൻ യൂനിയൻ നടത്തിയ വ്യാപാരയുദ്ധം ആയിരുന്നു എൻഡോസൽഫാൻ വിരുദ്ധപ്രചരണം. അതിൽ അവർ വിജയിക്കുകയും ചെയ്തു. ഈ പ്രചരണയുദ്ധത്തിൽ ജയിക്കാൻ യൂറോപ്യൻ യൂനിയൻ ഇന്ത്യയിലെ NGO-കൾക്ക് പണം വാരിക്കോരി നൽകി. അതിന്റെ വിഹിതം കേരളത്തിലെ പരിസ്ഥിതി സംഘടനകൾക്കും വ്യക്തികൾക്കും കിട്ടിയിട്ടുണ്ട്. ചിലർ എൻഡോസൽഫാൻ സാങ്കല്പിക ദുരിതം നോവൽ രൂപത്തിൽ എഴുതി പ്രശസ്തിയും പണവും ആർജ്ജിച്ചു.

അമ്പത് വർഷം ലോകത്ത് ഉപയോഗിച്ച എൻഡോസൽഫാൻ കൊണ്ട് കാസർക്കോട്ട് മാത്രം പ്രശ്നം എന്ന് ആരും ചിന്തിച്ചില്ല. മാത്രമല്ല, കാസർക്കോട്ടെ പ്ലാന്റേഷൻ കോർപ്പറേഷന്റെ കീഴിലുള്ള കശുവണ്ടിത്തോട്ടത്തിൽ എൻഡോസൽഫാൻ തളിച്ച അതേ ഹെലികോപ്റ്ററിൽ നിന്ന് ആറളത്തുള്ള കശുവണ്ടി ഫാമിലും തളിച്ചിരുന്നു. എന്നിട്ട് ആറളത്ത് പോലും എൻഡോസൽഫാൻ ബാധ ഉണ്ടായതായി ആരും പറഞ്ഞിട്ടില്ല. ഹെലികോപ്റ്ററിൽ നിന്ന് സ്പ്രേ ചെയ്യുന്ന എൻഡോസൽഫാൻ ലായനി കശുവണ്ടിവൃക്ഷത്തലപ്പുകളിൽ നിന്ന് താഴേക്ക് പതിച്ചാലും അത് മണ്ണിൽ മൂടിക്കിടക്കുന്ന കരിയിലകളിലാണ് വീഴുക. കാലക്രമേണ അത് വിഘടിച്ചു പോകും. അതാണ് ആറളത്തും ലോകത്തെ എല്ലാ രാജ്യങ്ങളിലും സംഭവിച്ചത്. ആറളമടക്കം ലോകത്ത് എവിടെയും എൻഡോസൽഫാൻ പ്രശ്നമായിരുന്നില്ല. ജനിക്കുന്ന ശിശുവിനു തല വളരുന്ന ഹൈഡ്രോ സെഫാലസ് എന്ന രോഗം കാസർക്കോട്ട് മാത്രം ഉള്ളതുമല്ല. ലോകത്ത് എവിടെയുമുണ്ട്. അതിന്റെ കാരണം എൻഡോസൽഫാൻ ആണെന്ന് ലോകത്ത് എവിടെയും പറഞ്ഞിട്ടില്ല. എന്നിട്ടും കാസർക്കോട്ടെ കുഞ്ഞിന്റെ ഫോട്ടോ ലോകം മുഴുവൻ പ്രചരിപ്പിച്ചാണ് യൂറോപ്യൻ യൂനിയൻ കീടനാശിനിയുടെ ലോകവിപണിയിൽ ഇന്ത്യയെ തോല്പിച്ച് ആധിപത്യം സ്ഥാപിച്ചത്. 

കശുവണ്ടി തോട്ടങ്ങളിൽ എന്തുകൊണ്ട് എൻഡോസൽഫാൻ എന്ന് ചോദിച്ചാൽ കശുവണ്ടി വൃക്ഷം പൂക്കുമ്പോൾ ബാധിക്കുന്ന തേയിലക്കൊതുകിനെ നശിപ്പിക്കാൻ ഏറ്റവും ഫലപ്രദം എൻഡോസൽഫാൻ ആയിരുന്നു. മാത്രമല്ല എൻഡോസൽഫാൻ തേനീച്ചകൾക്ക് ഒരു ദോഷവും ചെയ്യുകയുമില്ല. പരാഗണം നടന്ന് കശുവണ്ടി ഉണ്ടാകണമെങ്കിൽ തേനീച്ചകൾ വേണമല്ലൊ. ആ നിലയ്ക്ക് എൻഡോസൽഫാൻ കശുവണ്ടി തോട്ടങ്ങൾക്ക് രണ്ട് വിധത്തിലും ഉപകാരമായിരുന്നു. ഏതായാലും എൻഡോസൽഫാൻ ഒരു അടഞ്ഞ അദ്ധ്യായം ആണല്ലൊ. പറയാൻ വന്നത് എൻഡോസൽഫാൻ നിരോധിച്ചെങ്കിലും അതിനു ശേഷവും ഇന്ത്യയിൽ മറ്റെല്ലാവിധ കീടനാശിനികൾക്കെതിരെയും പരിസ്ഥിതിവാദികൾ പ്രചരണം നടത്തുന്നത് നമ്മുടെ കാർഷികപുരോഗതിയെ അട്ടിമറിച്ച് രാജ്യത്ത് ഭക്ഷ്യക്ഷാമം ഉണ്ടാക്കി നാം വീണ്ടും ഭക്ഷ്യ ഇറക്കുമതിയെ ആശ്രയിക്കാൻ വേണ്ടിയുള്ള അന്താരാഷ്ട്ര ചതിയുടെ ഭാഗമാണ് എന്നാണ്. 

കർഷകർ ഇന്ത്യയിൽ അമിതമായാണ് കീടനാശിനികളും രാസവളങ്ങളും ഉപയോഗിക്കുന്നത് എന്നും അതുകൊണ്ട് വിളവുകളെല്ലാം വിഷം ആവുകയാണെന്നും മണ്ണും പരിസ്ഥിതിയും മലിനമാവുകയാണ് എന്നുമാണല്ലോ പ്രചരണം. ഈ പ്രചരണവും വരുന്നത് പുറത്ത് നിന്നാണ്. അല്ലാതെ ഇന്ത്യയിൽ കർഷകരുടെ അടുത്ത് പോയി ആരെങ്കിലും കണക്കെടുത്തോ? ഇങ്ങനെ പ്രചരിപ്പിക്കാനും ഇന്ത്യൻ NGO-കൾ വിദേശ ഫണ്ട് പറ്റുന്നുണ്ട്. ഇന്ത്യയിലെ എല്ലാ പരിസ്ഥിതി സംഘടനകളും പ്രവർത്തിക്കുന്നത് വിദേശ ഫണ്ട് സ്വീകരിച്ചുകൊണ്ടാണ്. കീടനാശിനികൾ ഇല്ലാതെ ലോകത്ത് എവിടെയെങ്കിലും കൃഷി നടത്തുന്നുണ്ടോ? യൂറോപ്യൻ യൂനിയനിൽ പെട്ട രാജ്യങ്ങൾ ഉല്പാദിപ്പിക്കുന്ന കീടനാശിനികൾ പിന്നെ എവിടെയാണ് വിറ്റഴിക്കുന്നത്? കീടനാശിനിയുടെ ഉപയോഗത്തിൽ ഇന്ത്യ എത്രാമത്തെ സ്ഥാനത്താണ്? സ്ഥിതിവിവരക്കണക്കുകൾ നോക്കുന്നതിനു മുൻപ് നമുക്ക് നമ്മുടെ കൃഷിയുടെ ഭൂതകാലം ഒന്ന് പരിശോധിക്കാം.

1960കളിൽ ഭക്ഷണപദാർഥങ്ങൾ നമ്മൾ ഇറക്കുമതി ചെയ്യുകയായിരുന്നു. ആ സ്ഥാനത്ത് ഇപ്പോൾ കുറെക്കാലമായി നമ്മൾ കയറ്റുമതിയാണ് ചെയ്യുന്നത്. മാത്രമല്ല അക്കാലത്ത് അമേരിക്ക പി.എൽ.480 പദ്ധതി പ്രകാരം നമുക്ക് സൗജന്യമായി തന്നുകൊണ്ടിരുന്ന ഗോദമ്പ്, ചോളം, പാൽ, വനസ്പതി എന്നിവ മൂലമാണ് ഇന്ത്യയിലെ കുട്ടികളുടെ വിശപ്പ് തെല്ലെങ്കിലും ശമിപ്പിക്കാൻ കഴിഞ്ഞിരുന്നത്. 1975നും 2014നും ഇടയിൽ ഇന്ത്യയിലെ ജനസംഖ്യ നൂറ് ശതമാനം ഉയർന്ന് 54 കോടിയിൽ നിന്ന് 121 കോടിയിലേക്ക് എത്തുകയുണ്ടായി. അതേ കാലയളവിൽ നമ്മുടെ കാർഷികോല്പാദനം പതിനാല് ഇരട്ടി അതായത് 1400 ശതമാനം ഉയരുകയുണ്ടായി. ഇന്ന് കാർഷികോല്പാദനത്തിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ഇതിനു കാരണം കൃഷിയിൽ നാം സ്വീകരിച്ച ശാസ്ത്രീയമാർഗ്ഗങ്ങളും സാങ്കേതിക വിദ്യകളുമാണ്. രാസവളവും കീടനാശിനികളും സങ്കരയിനവിത്തുകളും ഒക്കെയാണത്. അതായത് നമ്മൾ അതിജീവിച്ചത് ഹരിതവിപ്ലവം, ധവളവിപ്ലവം മുതലായ കുതിച്ചു ചാട്ടത്തിലൂടെയാണ്. ഇന്നിപ്പോൾ പരിസ്ഥിതിവാദികൾ ഹരിതവിപ്ലവത്തെ തള്ളിപ്പറയുന്നത് നമ്മൾ വീണ്ടും ഭഷ്യധാന്യങ്ങൾക്കും മറ്റും ഇറക്കുമതിയെ ആശ്രയിക്കാനും അങ്ങനെ നമ്മുടെ ഭക്ഷ്യസുരക്ഷ തകർക്കാനുമാണ്. അതിനാണ് പരിസ്ഥിതിവാദികൾ വിദേശഫണ്ടുകൾ പറ്റുന്നത്. കീടനാശിനി എന്ന് കേട്ടാലേ ഭക്ഷണം വിഷം എന്നൊരു പൊതുബോധം സൃഷ്ടിക്കാൻ വിദേശഫണ്ട് പറ്റുന്ന  ഒരുപറ്റം പരിസ്ഥിതിവാദികൾക്ക് സാധിച്ചിരിക്കുന്നു. 

ലോകത്ത് ഇപ്പോൾ കാർഷികോല്പാദനത്തിൽ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനം ഉണ്ടെങ്കിലും കീടനാശിനി ഉപയോഗത്തിൽ പതിനൊന്നാം സ്ഥാനമാണുള്ളത്. കീടനാശിനി ഉപയോഗത്തിൽ  ഒന്നും രണ്ടും സ്ഥാനം ചൈനയ്ക്കും അമേരിക്കയ്ക്കും ആണ്. ആകെ ഉല്പാദിപ്പിക്കപ്പെടുന്ന കീടനാശിനികളുടെ 90ശതമാനവും ഉപയോഗിക്കുന്നത് ചൈന, അമേരിക്ക, യൂറോപ്യൻ യൂനിയൻ, ബ്രസീൽ, അർജന്റീന എന്നീ രാജ്യങ്ങളിലാണ്. 141 മില്യൻ ഹെക്ടർ കൃഷിസ്ഥലവും ഉല്പാദനത്തിൽ രണ്ടാം സ്ഥാനവും ഉള്ള ഇന്ത്യയിൽ ഉപയോഗിക്കുന്നത് വെറും 1.7 ശതമാനവും. ഇത് മറച്ചു വെച്ചുകൊണ്ടാണ് ഇന്ത്യൻ കർഷകർ കീടനാശിനികൾ അമിതമായി ഉപയോഗിച്ച് വിളവുകളിൽ വിഷം നിറയ്ക്കുന്നു എന്ന് പ്രചരിപ്പിക്കുന്നത്. എൻഡോസൽഫാന്റെ കാര്യത്തിൽ എന്ന പോലെ ഈ പ്രചരണവും യൂറോപ്യൻ യൂനിയനിൽ നിന്ന് ഫണ്ട് കൈപ്പറ്റിക്കൊണ്ട് പരിസ്ഥിതിവാദികൾ അറിഞ്ഞോ അറിയാതെയോ ചെയ്യുന്നത്, നമ്മുടെ കാർഷിക വിളവുകൾക്ക് അന്താരാഷ്ടതലത്തിൽ മോശം ഇമേജ് സൃഷ്ടിച്ച് നമ്മെ തകർക്കലാണ്. ഇത്തരം കാര്യങ്ങളിൽ അഭിപ്രായം പറയേണ്ടത് കാർഷികശാസ്ത്രജ്ഞന്മാരും വിദഗ്ദ്ധരും ആണെന്ന കാര്യം ആരും ഓർക്കുന്നില്ല. പരിസ്ഥിതിവാദികൾ പറയുന്നതാണ് ആളുകൾ മുഖവിലയ്ക്ക് എടുക്കുന്നത്. ഉല്പാദിപ്പിക്കുന്നതെല്ലാം വിഷം എന്ന് പ്രചരിപ്പിച്ചുകൊണ്ട് നമ്മുടെ രാജ്യത്തെ അന്നവും മറ്റ് ആഹാരപദാർത്ഥങ്ങളും ഉലാദിപ്പിച്ച് തരുന്ന കർഷകരെ ശത്രുക്കളായി കാണുന്നത് ആത്മഹത്യാപരമാണ്.  ഭക്ഷ്യക്ഷാമത്തിലേക്കും പട്ടിണിമരണത്തിലേക്കും രാജ്യത്തെ നയിക്കരുത് എന്നാണ് എനിക്ക് എല്ലാവരോടും വിനയപൂർവ്വം അഭ്യർഥിക്കാനുള്ളത്. നമ്മുടെ കർഷകർക്ക് അക്കാദമിക്ക് വിദ്യാഭ്യാസം കുറവാണെങ്കിലും കൃഷിയിൽ വേണ്ടത്ര പ്രായോഗികപരിജ്ഞാനം ഉണ്ട്. അത്കൊണ്ടാണ് ഇന്ത്യയെ കാർഷികോല്പാദനത്തിൽ ലോകത്തെ രണ്ടാം സ്ഥാനത്തെത്തിക്കാൻ അവർക്ക് കഴിഞ്ഞത്. എന്നിട്ടും പക്ഷെ കർഷകരുടെ അവസ്ഥ പരിതാപകരവും.