Links

പെരിഞ്ഞനം കൊലപാതകവും സി.പി.എം. എന്ന പാർട്ടിയും

പെരിഞ്ഞനം നവാസ് വധം ടി.പി.ചന്ദ്രശേഖരൻ വധത്തെ പോലെ കേരളം ചർച്ച ചെയ്യപ്പെടുകയില്ല. എന്തെന്നാൽ നവാസ് ഒരു സാധാരണക്കാരനായിരുന്നു. എന്നാൽ സി.പി.എം. എന്ന പാർട്ടി എത്ര കലാപരമായ മികവോടെയാണു ആളുകളെ കൊല്ലുകയും നിയമത്തിന്റെ മുന്നിൽ നിന്ന് രക്ഷപ്പെടുകയും അതിന്റെ പേരിൽ ഫണ്ട് പിരിക്കുകയും ചെയ്തുവന്നിരുന്നത് എന്നതിന്റെ വളരെ തെളിവാർന്ന ചിത്രമാണു പെരിഞ്ഞനം നവാസിന്റെ കൊലയിലൂടെ നമുക്ക് കാണാൻ കഴിയുക.

മാർച്ച് രണ്ടിനു രാത്രിയാണു പെരിഞ്ഞനം ജംഗ്‌ഷനു സമീപം തളിയപ്പാടത്ത് നവാസ് കൊല്ലപ്പെടുന്നത്. നവാസ് കൊല്ലപ്പെടുന്നതിനു ഒരു കാരണവും ഇല്ലായിരുന്നു. കാരണം നവാസിനു ശത്രുക്കളോ വിരോധികൾ പോലുമോ ഇല്ലായിരുന്നു. ഒരു തരത്തിലും കൊല്ലപ്പെടാനുള്ള സാധ്യത നവാസിനു ഇല്ലായിരുന്നു എന്ന വസ്തുതയിൽ നിന്നാണു പോലീസ് യഥാർത്ഥ പ്രതികളെ കണ്ടെത്തുന്നതും കസ്റ്റഡിയിൽ എടുക്കുന്നതും. നമ്മുടെ പോലീസിനെ അഭിനന്ദിക്കാം, അനുമോദിക്കാം.

ഒരു കല്ലാടൻ ഗിരീഷിനെ ആയിരുന്നു സി.പി.എമ്മിനു കൊല്ലേണ്ടിയിരുന്നത്. അതിനു കൊട്ടേഷൻ ടീമിനെ വാടകയ്ക്ക് എടുത്തു. കൊട്ടേഷൻ ടീമിനു കൊല്ലാനുള്ള ഉത്തരവാദിത്വം മാത്രമേയുള്ളൂ. ജയിലിൽ പോകാനൊന്നും അവരെ കിട്ടുകയില്ല. വേറെയും കൊട്ടേഷൻ എടുക്കാനുള്ളതാണു. ഒരു കൊല നടന്നാൽ എന്തായാലും പ്രതികൾ വേണം. അത് പോലീസിനെന്ന പോലെ സി.പി.എമ്മിനും കൊട്ടേഷൻ ടീമിനും അറിയാം. പ്രതികളെ തേടി ചിലപ്പോൾ പോലീസ് കൊട്ടേഷൻ ടീമിന്റെ അടുത്ത് ചെന്നേക്കാം. അപ്പോൾ തങ്ങൾ പിടിക്കപ്പെടുകയില്ല എന്നൊരു ഉറപ്പും പ്രതിഫലത്തിന്റെ കൂടെ ടീമിനു വേണം. അതിനാണു വാടകപ്രതികൾ. വാടകപ്രതികൾ പാർട്ടിയുടെ ബന്ധുക്കളും വിശ്വസ്തരും ആയിരിക്കും. അവർ ജയിലിൽ പോയാൽ കുടുംബത്തെ പാർട്ടി നോക്കിക്കോളും.

അങ്ങനെ വാടകക്കൊലയാളികളും വാടകപ്രതികളും റെഡി. ഇതിനൊക്കെ ലോക്കൽ, ഏരിയ, ജില്ല, സ്റ്റേറ്റ് തലത്തിൽ പാർട്ടിസെറ്റപ്പ് ഉണ്ട്. എതിരാളികളെ കൊല്ലലും രാഷ്ട്രീയപ്രവർത്തനമാണു. അത്കൊണ്ട് വിപലവപാർട്ടിക്ക് ഈ സെറ്റപ്പ് കൂടിയേ തീരൂ. നിശ്ചയിച്ചത് പോലെ ഓപ്പറേഷൻ വിജയകരമായി നിർവ്വഹിച്ചു. പക്ഷെ കൊന്നുപോയത് രാഗേഷിനെയല്ല, നവാസിനെ. ചെറിയൊരു നോട്ടപ്പിശക്. തെളിവുകൾ ഒന്നും അവശേഷിപ്പിച്ചിട്ടില്ലായിരുന്നു. നവാസിന്റെ കൊലപാതകം ആളറിഞ്ഞു. സി.പി.എം. തന്നെ ഹർത്താലിനും ആഹ്വാനം ചെയ്തു. പിരിവിനും ഏർപ്പാട് ചെയ്തു.

പോലീസ് വന്നുനോക്കുമ്പോൾ ഒരു തെളിവും ഇല്ല. നവാസിനെ ആരും കൊല്ലുകയും ഇല്ല. പിന്നെ എങ്ങനെ? ഒടുവിൽ പോലീസ് ആ പ്രദേശത്തുള്ളവരുടെ ഫോൺ കോളുകൾ അരിച്ചുപെറുക്കി. അങ്ങനെയാണു സി.പി.എം. ലോക്കൽ കമ്മറ്റിയിലേക്ക് സംശയം നീളുന്നത്. പാർട്ടി ഓഫീസ് റെയിഡ് ചെയ്തു. നേരിയ രക്തക്കറ അവിടെ കണ്ടു. ലോക്കൽ സെക്രട്ടരിയെയും മറ്റും അറസ്റ്റ് ചെയ്തു. അവർ മണിമണിയായി എല്ലാം പോലീസിനോട് സമ്മതിക്കുകയും ആയുധം കാണിച്ചുകൊടുക്കുകയും ചെയ്തു. അങ്ങനെ ആസൂത്രകരായ ലോക്കൽ സെക്രട്ടരിയും മൂന്ന് പാർട്ടി പ്രവർത്തകരും കൊട്ടേഷൻ ടീമിലെ നാലു പേരും അറസ്റ്റിലായി. എന്ത്കൊണ്ട് ഇവർ അറസ്റ്റിലായി? അപ്പോൾ വാടകപ്രതികൾ എവിടെ പോയി? അതാണു തമാശ. രാഗേഷിനെ കൊന്നാൽ പ്രതികളാകാനാണു അവർ തയ്യാറായി നിന്നിരുന്നത്. കൊന്നത് ആളുമാറി നവാസിനെ ആയപ്പോൾ വാടകപ്രതികൾ പിന്മാറി. അങ്ങനെയാണു പോലീസിനു യഥാർത്ഥ പ്രതികളെ അറസ്റ്റ് ചെയ്യാനായത്.

ഈ സി.പി.എം. എന്ന പാർട്ടി എന്ത് തന്നെയായാലും കേരളം പോലൊരു പരിഷ്ക്കൃതദേശത്ത് നല്ലനിൽക്കാൻ പാടില്ലാത്തതാണു. ഒരുപാട് ആളുകൾ ആ പാർട്ടിയുടെ പിന്നിൽ ഉണ്ട് എന്നത് ആ പാർട്ടിയുടെ നിലനില്പിനു സാധൂകരണം ആകുന്നില്ല. സി.പി.എം. ഇവിടെ സോഷ്യലിസവും അത് വഴി സ്വർഗ്ഗരാജ്യവും കൊണ്ടുവരും എന്ന് കരുതിയാവും പാവങ്ങൾ പലരും ആ പാർട്ടിയുടെ ഒപ്പം നിൽക്കുന്നത്. ചോദിച്ചാൽ കോൺഗ്രസ്സ് കൊല്ലുന്നില്ലേ , ബി.ജെ.പി.ക്കാരൻ കൊല്ലുന്നില്ലേ എന്നൊക്കെയാണു പാവപ്പെട്ട സി.പി.എം.വിശ്വാസികൾ ചോദിക്കുന്നത്. പക്ഷെ കൊല്ലാനും കൊന്നിട്ട് പ്രതികളെയും കൊട്ടേഷൻ ടീമിനെയും സംരക്ഷിക്കാനും വിപുലമായ ഫണ്ട് പിരിവ് നടത്താനും ഒക്കെ ശാസ്ത്രീയമായി ഏർപ്പാട് ചെയ്യാൻ സർവ്വസന്നാഹമുള്ള സെറ്റപ്പ് ഇന്ത്യയിൽ തന്നെ സി.പി.എം. എന്ന പാർട്ടിക്ക് മാത്രമേയുള്ളൂ. അത്കൊണ്ടാണു പറയുന്നത്, സി.പി.എമ്മിനു ഈ സെറ്റപ്പൊന്നും പിരിച്ചുവിടാൻ കഴിയില്ല. അത് മാർക്സിസവും ചുകന്ന കൊടിയും ഉപേക്ഷിക്കുന്നതിനേക്കാളും പ്രയാസമാണു. ചിന്തിക്കുന്നവർ , നല്ലവർ, മനുഷ്യസ്നേഹികൾ, സമാധാനകാംക്ഷികൾ സി.പി.എമ്മിനെ തള്ളിപ്പറയാൻ തയ്യാറാകണം. ജനിച്ചാൽ ഒരിക്കൽ മരിക്കണം. അത് പക്ഷെ സി.പി.എമ്മിന്റെ കൊട്ടേഷൻ ടീമിനാൽ നവാസിനെ പോലെയാകാൻ പാടില്ല എന്ന് ഓരോ മലയാളിയും പ്രതിജ്ഞ എടുക്കാൻ ഇനിയും അമാന്തിച്ചുകൂട.

വാർത്ത ഇവിടെ വായിക്കാം.