പോലീസിന്റെ തികച്ചും ശാസ്ത്രീയമായ അന്വേഷണ രീതി നിമിത്തം ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് കേരളത്തില്‍ അപൂര്‍വ്വമായ ഒരു കേസന്വേഷണമായി മാറിയിരിക്കുകയാണ്. അന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ ഡി.ജി.പി. പറഞ്ഞു, ഈ കേസില്‍ കൊന്നവരെയും കൊല്ലിച്ചവരെയും പോലീസ് നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുമെന്ന്. ഇന്നും ഡി.ജി.പി. അതേ വാക്ക് ആവര്‍ത്തിക്കുകയുണ്ടായി. കൊന്നവരെയും കൊല്ലിച്ചവരെയും കണ്ടെത്താനുള്ള അന്വേഷണമാണ് നടക്കുന്നത്. അന്വേഷണത്തില്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഈ കാര്യത്തില്‍ സി.പി.എം. നേതാക്കളുടെ ഞഞ്ഞാമിഞ്ഞ വര്‍ത്തമാനം മാര്‍ക്സിസ്റ്റുകാരല്ലാത്തവര്‍ ആരും തന്നെ വിശ്വസിക്കുകയില്ല. വി.എസ്സ്. അച്യുതാനന്ദന്‍ തന്നെ വിശ്വസിക്കുന്നില്ല. പിന്നെയല്ലെ മറ്റുള്ളവരുടെ കാര്യം.
ഉത്തരവാദപ്പെട്ട പാര്‍ട്ടിയാണ് സി.പി.എം. എങ്കില്‍ ആ പാര്‍ട്ടി ചെയ്യേണ്ടത്, ഈ കേസിന്റെ പര്യവസാനം ക്ഷമയോടെ കാത്തിരിക്കുകയാണ്. അന്വേഷണവും പ്രതിപ്പട്ടികയും വിചാരണയും എന്ത് തന്നെയായാലും തെളിവില്ലാതെ ഇന്ത്യയിലെ കോടതികള്‍ ഒരാളെയും ശിക്ഷിച്ച ചരിത്രം ഇല്ല. ഇത് സി.പി.എമ്മിനും അറിയാം. എത്രയെത്ര കേസുകളില്‍ സി.പി.എം. പ്രതികള്‍ തെളിവിന്റെ അഭാവത്തില്‍ വെറുതെ വിടപ്പെട്ടിരിക്കുന്നു. ഈ കേസിലും അത്ര മാത്രമേ സംഭവിക്കുകയുള്ളൂ. അതിനിടയില്‍ സി.പി.എം. നടത്തുന്ന പ്രതിക്ഷേധങ്ങളും കോലാഹലങ്ങളും ഒക്കെ ആ പാര്‍ട്ടിക്കാര്‍ക്ക് ആശ്വാസം പകരുമെങ്കിലും പൊതുസമൂഹത്തിന് ആ പാര്‍ട്ടിയെ പറ്റി അവമതിപ്പ് ഉണ്ടാക്കാനേ ഉപകരിക്കുകയുള്ളൂ.
ഇത് വരെയുള്ള അന്വേഷണം വെച്ചു നോക്കുമ്പോള്‍ കൊന്നവരും കൊല്ലിച്ചവരും ആയ പ്രതികള്‍ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും. അങ്ങനെ ശിക്ഷിക്കപ്പെടുന്നവരില്‍ സി.പി.എം. അംഗങ്ങള്‍ ഉണ്ടെങ്കില്‍ അവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നതോ സംരക്ഷിക്കുന്നതോ സി.പി.എമ്മിന്റെ മാത്രം കാര്യമാണ്. കേരളത്തില്‍ ഇനി മേലില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഈ കേസ് കാരണമാകുമോ എന്ന കാര്യത്തില്‍ മാത്രമേ പൊതുസമൂഹത്തിന് താല്പര്യമുള്ളൂ. കാരണം ആളുകള്‍ക്ക് സമാധാനം വേണം.
കള്ളക്കേസാണ് , രാഷ്ട്രീയ വൈരാഗ്യമാണ്, തിരക്കഥയാണ് എന്നൊക്കെ പറഞ്ഞോണ്ടിരുന്നാല്‍ അന്നാഹാരം കഴിക്കുന്ന ആരും വിശ്വസിക്കുകയില്ല. അപ്പോള്‍ അറിയാനുള്ളത് കേസിന്റെ സ്വാഭാവിക പരിണാമം സി.പി.എം.കാര്‍ സഹിഷ്ണുതയോടെ അഭിമുഖീകരിക്കുമോ എന്ന് മാത്രമാണ്. അതല്ലാതെ കല്ലോ വടിയോ ഒക്കെ എടുത്ത് തെരുവിലിറങ്ങി പോലീസിനെയും കോടതിയെയും എറിഞ്ഞ് ക്രമസമാധാന പ്രശ്നം ഉണ്ടാക്കി കേസില്‍ നിന്ന് തപ്പിക്കാന്‍ നോക്കണ്ട. അത് തടുക്കാനുള്ള സന്നാഹവും കോപ്പും ഒക്കെ ഇവിടത്തെ സര്‍ക്കാരിനുണ്ട്. ഈ കേസില്‍ സി.പി.എമ്മിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന മാന്യമല്ലാത്ത ഓരോ പ്രതികരണവും അതിന്റെ നാശത്തിന് മാത്രമേ ആക്കം കൂട്ടുകയുള്ളൂ എന്ന് ഓര്‍ത്താല്‍ നന്ന്.