
2000-മാണ്ടോട് കൂടി കേരളത്തെ വൈദ്യുതി മിച്ചമുള്ള സംസ്ഥാനമാക്കിയിരിക്കും എന്ന് ദൃഢപ്രതിജ്ഞ എടുത്തിരുന്ന പിണറായിയെ ആ ദൌത്യം നിറവേറ്റാന്‍ വി.എസ്സ്.അനുവദിച്ചില്ല. പിണറായി കേരളത്തെ വൈദ്യുതി മിച്ചസംസ്ഥാനമാക്കാന്‍ തീവ്രശ്രമം നടത്തിയതിന്റെ ബാക്കിപത്രമാണ് ലാവലിന്‍ കേസ്. അദ്ദേഹത്തിന് ആരോഗ്യകാര്യങ്ങളിലും അതീവതാല്പര്യം ഉണ്ടായിരുന്നതായി വേണം അനുമാനിക്കാന്‍. അത് കൊണ്ടായിരിക്കുമല്ലൊ വൈദ്യുതവകുപ്പിന്റെ കീഴില്‍ തന്നെ വേണം മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ ആരംഭിക്കാന്‍ എന്ന് അദ്ദേഹം ശാഠ്യം പിടിച്ചത്. കണ്ണൂര്‍ ജില്ലയില്‍ എന്തും പിണറായിയുടെ കൈപ്പിടിയില്‍ ഒതുങ്ങുന്നതായിരിക്കണം എന്ന് ഒരലിഖിതനിയമം ഉണ്ടെന്ന് തല്പരകഷികള്‍ കുശുകുശുക്കാറുണ്ട്. ഉറക്കെ പറഞ്ഞൂടല്ലൊ.
സംസ്ഥാനസെക്രട്ടരി ആയതോടെ പിണറായി സ്വാഭാവികമായി പി.ബി.അംഗവുമായി. അവിടെയാണ് വി.എസ്സിന് അടി തെറ്റിയത്. പി.ബി.അംഗമായ പിണറായി വി.എസ്സിനോളം വളര്‍ന്നു എന്ന് മാത്രമല്ല സംഘടന കൈയിലെടുക്കാനുള്ള മിടുക്ക് കൊണ്ട് വി.എസ്സിനേക്കാളും ശക്തനുമായി. പിണറായിയുടെ മോഹങ്ങളുടെ അതിര് വി.എസ്സിനെക്കാളും വിശാലമായിരുന്നു. അങ്ങനെയാണ് പത്രഭാഷയില്‍ പാര്‍ട്ടിയില്‍ വി.എസ്സ്-പിണറായി ഗ്രൂപ്പ് ഉടലെടുക്കുന്നത്. പിന്നിടങ്ങോട്ട് പിണറായി എന്ത് പരിപാടി മുന്നോട്ട് വെച്ചാലും വി.എസ്സ്. എതിര്‍ക്കും. വി.എസ്സിന് തത്വങ്ങളുടെയും ആദര്‍ശങ്ങളുടെയും പിന്‍ബലമുണ്ടായിരുന്നു. എന്നാല്‍ പ്രായോഗികരാഷ്ട്രീയത്തില്‍ പിണറായിയുടെ വിരുത് അണികള്‍ക്കിടയില്‍ ആവേശം സൃഷ്ടിക്കാന്‍ പര്യാപ്തമായിരുന്നു. ഇരുവരും അന്യോന്യം ഒളിയമ്പുകള്‍ എയ്തുകൊണ്ടേയിരുന്നു.
കേരളത്തെ മറ്റൊരു ബംഗാളാക്കി ഭരണം സ്ഥിരമായി കൈയിലൊതുക്കാന്‍ പിണറായി പദ്ധതിയിട്ടു. ലീഗിനെ കൂടെ കൂട്ടിയാല്‍ അത് നിഷ്പ്രയാസം സാധ്യമാവുമായിരുന്നു എന്ന് കണ്ണൂര്‍ പാര്‍ലമെന്റ് സീറ്റ് അബ്ദുള്ളക്കുട്ടിയെന്ന മുസ്ലിം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് കൊണ്ട് മാത്രം പിടിച്ചെടുത്തതിലൂടെ എല്ലാവര്‍ക്കും ബോധ്യമായതാണ്. എന്നാല്‍ വി.എസ്സ്. വിട്ടില്ല. വര്‍ഗ്ഗീയപാര്‍ട്ടികളുമായി ബന്ധം പാടില്ല എന്ന പാര്‍ട്ടി കോണ്‍ഗ്രസ്സിലെ നയം ചൂണ്ടിക്കാട്ടിയാണ് വി.എസ്സ്. പിണറായിയുടെ മോഹത്തിന് തടയിട്ടത്. അത്രയും കാലം ഐസ്ക്രീം പാര്‍ലര്‍ കേസില്‍ കുഞ്ഞാലിക്കുട്ടിയെ സംരക്ഷിച്ചത് വെറുതെയായി. ലീഗിനെക്കാളും വര്‍ഗ്ഗീയതയുള്ള പല സംഘടനകളും ഇന്ന് സി.പി.എമ്മിനോടൊപ്പമാണ് എന്നത് വേറെ കാര്യം. ഏറ്റവും അവസാനത്തെ അവസരമായിരുന്നു കരുണാകരന്റെ പാര്‍ട്ടിയായിരുന്ന ഡമൊക്രാറ്റിക്ക് ഇന്ദിരാ കോണ്‍ഗ്രസ്സിന്റെ (DIC) ഇടത് മുന്നണിയിലേക്കുള്ള പ്രവേശം. അന്ന് കരുണാകരനെ ഇടത് മുന്നണിയിലെടുത്തിരുന്നുവെങ്കില്‍ കേരളമങ്ങോളമിങ്ങോളം ധാരാളം കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും അനുയായികളും ഡി.ഐ.സി.യില്‍ ചേരുകയും അങ്ങനെ കേരളം എന്നേന്നേക്കുമായി സി.പി.എമ്മിന് കിട്ടുകയും ചെയ്യുമായിരുന്നു. അതിനും തുരങ്കം വെച്ചത് വി.എസ്സ്. തന്നെ. കരുണാകരന്‍ ഇല്ലെങ്കിലും അടുത്ത തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്നായിരുന്നു വി.എസ്സിന്റെ ന്യായം. മുന്നണിയില്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടേക്കും എന്ന അപകടം മണത്തറിഞ്ഞ സി.പി.ഐ. കരുണാകരന്റെ മുന്നണി പ്രവേശത്തെ നഖശിഖാന്തം എതിര്‍ത്തതും വി.എസ്സിന് ബലമായി. നോക്കണേ ഓരോരുത്തരുടെ താല്പര്യങ്ങള്‍ പോകുന്ന പോക്ക്.
ഇന്നിപ്പോള്‍ വി.എസ്സ്. പാര്‍ട്ടിയില്‍ തികച്ചും ഒറ്റപ്പെട്ടിരിക്കുകയാണ്. ഒരു കമ്മ്യൂണിസ്റ്റുകാരന്‍ ബൂര്‍ഷ്വാ വ്യവസ്ഥിതിയില്‍ ഒരിക്കലും പറയാന്‍ പാടില്ലാത്ത വാക്കുകളാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. “താന്‍ ഭരണഘടനാപരമായി പ്രവര്‍ത്തിക്കാന്‍ ചുമതലപ്പെടുത്തപ്പെട്ട വ്യക്തിയായതിനാല്‍ ഭരണഘടനക്കകത്ത് നിന്ന് പ്രവര്‍ത്തിക്കും” എന്നാണ് അദ്ദേഹം പരസ്യമായി പറഞ്ഞത്. സാക്ഷാല്‍ സോമനാഥ ചാറ്റര്‍ജി പോലും ഇത്ര കടുപ്പത്തില്‍ പറഞ്ഞിട്ടില്ല. ഈ ഭരണഘടന കമ്മ്യൂണിസ്റ്റ്കാര്‍ക്ക് അംഗീകരിക്കാന്‍ കഴിയാത്തതും വേറെ ഗതിയില്ലാത്തത് കൊണ്ട് അത് അനുസരിച്ച് പ്രവര്‍ത്തിക്കാമെന്ന് സത്യപ്രതിജ്ഞ ചെയ്യുന്നതാണെന്നും കോടിയേരി അദ്ദേഹത്തെ പഠിപ്പിക്കേണ്ടതുണ്ടോ ? സംഗതി അദ്ദേഹം ചുരുക്കം വാക്കുകളില്‍ അസന്നിഗ്ദമായി പറഞ്ഞിരിക്കുന്നു. താന്‍ പാര്‍ട്ടിക്ക് പുറത്തേക്ക് നടക്കുകയാണെന്ന്. എന്നാല്‍ പുറത്തേക്ക് പോകുന്ന തന്റെ പിന്നാലെ പാര്‍ട്ടിയും വരുമെന്ന ആത്മധൈര്യം അദ്ദേഹത്തിന്റെ വാക്കുകളില്‍ മുഴങ്ങുന്നുമുണ്ട്. ഞാന്‍ വെറുമൊരു രാഘവനോ ഗൌരിയമ്മയോ അല്ലെന്ന് അദ്ദേഹം പറയാതെ പറയുന്നു.
പാര്‍ട്ടി പിണറായിയുടെ പിന്നില്‍ പാറ പോലെ ഉറച്ചു നില്‍ക്കുന്നു. അതിന് കാരണവുമുണ്ട്. പാര്‍ട്ടിയെന്നാല്‍ ഇന്ന് വെറുമൊരു പാര്‍ട്ടിയല്ല. അത് ഒരു വന്‍വ്യവസായ സ്ഥാപനം കൂടിയാണ്. അത് നടത്തിക്കൊണ്ട് പോകണമെങ്കില്‍ പിണറായി വേണം. വി.എസ്സിന്റെ ആദര്‍ശത്തിന് കാല്‍ക്കാശിന്റെ വിലയില്ലെന്ന് എസ്.എഫ്.ഐ.കുട്ടികള്‍ക്ക് പോലും അറിയാം. എന്നാല്‍ ജനങ്ങള്‍ക്ക് പ്രതീക്ഷ ആദര്‍ശങ്ങളിലാണ് ഇന്നും. ഒന്നും കിട്ടുകയില്ലെങ്കിലും സ്വപ്നമെങ്കിലും കാണാലോ. അവിടെയാണ് വി.എസ്സിന്റെ വിജയം. അവിടെയാണ് വി.എസ്സ്. ആദര്‍ശകേരളത്തിന്റെ ഒരേയൊരു സമകാലികപ്രതീകമാവുന്നത്.
വി.എസ്സ്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടാല്‍ അഥവാ സ്വയം പുറത്ത് പോയാല്‍ അത് സി.പി.എമ്മില്‍ അപരിഹാര്യമായ പ്രതിസന്ധി ഉണ്ടാക്കും. കാരണം സി.പി.എമ്മിന്റെ ചരിത്രത്തില്‍ ഏറ്റവും ദുര്‍ബ്ബലനായ ജനറല്‍ സെക്രട്ടരിയാണ് പ്രകാശ് കാരാട്ട്. വി.എസ്സോളം തലയെടുപ്പുള്ള മറ്റൊരു നേതാവ് ഇന്ന് സി.പി.എമ്മിലില്ല. അത് കൊണ്ടാണല്ലൊ പാര്‍ട്ടിയില്‍ ഒറ്റയാനായി ഇപ്പോഴും അദ്ദേഹത്തിന് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ കഴിയുന്നത്. എസ്.രാമചന്ദ്രന്‍ പിള്ളയെ മുഖ്യമന്ത്രി ആയി തെരഞ്ഞെടുത്തു എന്നും സത്യപ്രതിജ്ഞയേ ബാക്കിയുള്ളൂ എന്നൊക്കെ പറഞ്ഞുകേള്‍ക്കുന്നുണ്ട്. ലാവലിന്‍ കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് പൊതുയോഗങ്ങളും കുടുംബയോഗങ്ങളും വിളിച്ച് ചേര്‍ത്ത് പറഞ്ഞാല്‍ അണികള്‍ മറുത്തൊന്നും പറയാതെ കേള്‍ക്കും. എന്നാല്‍ വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 20ല്‍ 20ഉം യു.ഡി.എഫ് അടിച്ചു മാറ്റുകയും ചെയ്യും.
അഴിമതിക്കേസുകള്‍ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കള്‍ക്ക് വാസ്തവത്തില്‍ ഒരലങ്കാരമാണ്. അതിനപവാദമാണ് പൊതുവെ കമ്മ്യൂണിസ്റ്റ് നേതാക്കള്‍. തീരെ ഇല്ലെന്നല്ല. ഒട്ടും അഴിമതിയില്ലാതെ ഇക്കാലത്ത് നിന്ന് പിഴയ്ക്കാന്‍ സാധ്യമല്ല എന്നതാണല്ലൊ പരിപ്പ് വടയും കട്ടന്‍ ചായയും എന്ന പ്രയോഗം കൊണ്ട് ഉദ്ദേശിക്കുന്നത് തന്നെ. സാധാരണഗതിയില്‍ ഒരു കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അറിഞ്ഞാല്‍ സി.പി.എം പോലൊരു പാര്‍ട്ടിയില്‍ അയാള്‍ മാറി നില്‍ക്കുകയോ അതല്ലെങ്കില്‍ മാറ്റുകയോ ആണ് വേണ്ടത് എന്നാണ് എല്ലാവരും പ്രതീക്ഷിക്കുക. ഇവിടെ പ്രതി ചേര്‍ക്കപ്പെട്ട ആളെ സംരക്ഷിക്കാന്‍ പി.ബി.യടക്കം പാര്‍ട്ടിയുടെ സര്‍വ്വസന്നാഹങ്ങളും ഉപയോഗപ്പെടുത്തുന്നത് പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ക്കാനേ ഉപകരിക്കൂ എന്നത് അവര്‍ക്ക് അറിയാഞ്ഞിട്ടല്ല. അതാണ് സി.പി.എം. ഇന്ന് അകപ്പെട്ടിട്ടുള്ള അപചയത്തിന്റെ ആഴം.