Links

ബ്ലോഗിങ്ങും ഞാനും !

എന്നെ പറ്റി ബ്ലോഗില്‍ ഒരു തമാശയുണ്ട്. അതായത് ഞാന്‍ ബ്ലോഗിങ്ങ് അടിക്കടി നിര്‍ത്തുകയും എന്നാല്‍ അതേ വേഗത്തില്‍ വീണ്ടും ബ്ലോഗിങ്ങ് തുടങ്ങുകയും ചെയ്യുന്ന ആളാണെന്ന്. അതില്‍ വാസ്തവമില്ലാതെയുമില്ല . സത്യത്തില്‍ എനിക്ക് ബ്ലോഗിങ്ങ് മടുപ്പ് ഉളവാക്കിയ ഒന്നാണ്. ബ്ലോഗ് എഴുതുക ഒരു കഴിവാണെന്ന് തോന്നുന്നില്ല. ഉദാഹരണം ഞാന്‍ തന്നെ. ആര്‍ക്കും ബ്ലോഗ് തുടങ്ങാം. എന്നാല്‍ കഴിവുള്ള ഒട്ടേറെ പേര്‍ ബ്ലോഗ് എഴുതുന്നുണ്ട്. അങ്ങനെ കഴിവുള്ളവരും ബ്ലോഗിലുണ്ട് എന്നര്‍ത്ഥം. ബ്ലോഗ് എനിക്ക് മടുക്കാന്‍ പ്രത്യേക കാരണമൊന്നും ഇല്ല . ആര്‍ക്കും എന്തിലും എപ്പോഴും മടുപ്പ് തോന്നാമല്ലൊ. നന്നായും അല്ലാതെയും ബ്ലോഗ് എഴുതിക്കൊണ്ടിരുന്ന പലരും ഇപ്പോള്‍ ബ്ലോഗ് എഴുതുന്നത് കാണുന്നില്ല. അവര്‍ക്കൊക്കെ ബ്ലോഗ് മടുത്ത് കാണും എന്ന് ഞാന്‍ വിശ്വസിക്കുന്നു. കളയാന്‍ എനിക്കിപ്പോള്‍ കുറെ സമയമുണ്ട്. അതാണ് ബ്ലോഗിന്റെ മുന്‍പില്‍ നിന്ന് ഞാന്‍ എഴുന്നേറ്റ് പോകാത്തത്. സമയത്തിന്റെ ദൌര്‍ലഭ്യം പോലെ തന്നെ പ്രശ്നമാണ് സമയത്തിന്റെ ധാരാളിത്തവും. ചെലവാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഏറ്റവും അരോചകമായ ഒന്നാണ് സമയം. എന്നാല്‍ ഏറ്റവും വിലപ്പെട്ടതും സമയം തന്നെ. ഒരു സെക്കന്റെങ്കില്‍ ഒരു സെക്കന്റ് അത്രയും സമയം ആയുസ്സ് നീട്ടിക്കിട്ടാന്‍ എത്ര ആഗ്രഹിക്കുന്നു നമ്മള്‍ !

ബ്ലോഗില്‍ എല്ലാവരെയും തൃപ്തിപ്പെടുത്താന്‍ കഴിഞ്ഞില്ല എന്ന് മാത്രമല്ല പലരുടെയും വെറുപ്പ് സമ്പാദിക്കാനും ഇടയായല്ലൊ എന്നൊരു ഖേദം പലപ്പോഴും ബ്ലോഗ് നിര്‍ത്താന്‍ എന്നെ പ്രേരിപ്പിച്ചിട്ടുണ്ട്. എനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ ഉത്തമബോധ്യത്തോടെയേ പറഞ്ഞിട്ടുള്ളൂ. അതാണ് പ്രശ്നവും. എല്ലാവരും അനുഭവിക്കുന്ന പ്രശ്നം തന്നെയാണിത്. ഒരേ പോലെ ചിന്തിക്കുന്ന രണ്ട് പേര്‍ ഉണ്ടാവാന്‍ വഴിയില്ല. ഈ വൈരുദ്ധ്യം തന്നെയാണ് ലോകത്ത് കാണുന്ന സകല സംഘര്‍ഷങ്ങളുടെയും അടിസ്ഥാന കാരണം. തന്നെ പോലെ ചിന്തിക്കുകയോ അല്ലെങ്കില്‍ താന്‍ ചിന്തിക്കുന്നതിനെ അനുകൂലിക്കുന്നവരെയോ മാത്രമേ ആളുകള്‍ക്ക് ഇഷ്ടപ്പെടാന്‍ കഴിയുന്നുള്ളൂ. മാനുഷരെല്ലാം ഒരേ പോലെ ചിന്തിക്കുന്ന മോണോ ടൈപ്പുകളായിരുന്നെങ്കില്‍ സാമൂഹ്യജീവിതം വളരെ വിരസമായേനേ എന്ന് പലര്‍ക്കും മനസ്സിലാവാത്തത് ആ ഒരവസ്ഥ പരിചിതമല്ലാത്തതിനാലാണ്. ചിന്തകളിലും അഭിപ്രായങ്ങളിലും നിലപാടുകളിലുമെല്ലാം ഉള്ള വൈരുധ്യങ്ങള്‍ തന്നെയാണ് ജീവിതത്തെ വിരസമല്ലാതെ സജീവമായി നിലനിര്‍ത്തുന്നത്. മറ്റുള്ളവരുടെ അഭിപ്രായങ്ങളെയും സഹിഷ്ണുതയോടെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നെങ്കില്‍ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാമായിരുന്നു.

അനോണിയായി എഴുതുന്നതിനെ എതിര്‍ത്തത് ബ്ലോഗില്‍ കുറെ ശത്രുക്കളെ എനിക്ക് നേടിത്തന്നു. കഴിഞ്ഞ ആഴ്ചത്തെ മാതൃഭൂമി വാരികയില്‍ ഒരു വായനക്കാരന്‍ എഴുതിക്കണ്ടു, ബ്ലോഗനയില്‍ പ്രസിദ്ധീകരിക്കുന്ന സൃഷ്ടികളുടെ രചയിതാവിന്റെ പേര്‍ നല്‍കുന്നത് ഉചിതമായിരിക്കുമെന്ന്. എന്റെ ബ്ലോഗില്‍ വന്ന് സുകുമാരേട്ടാ എന്ന് സംബോധന ചെയ്ത് കമന്റ് ചെയ്യുന്ന സുഹൃത്തിനെ എനിക്ക് വാത്സല്യപൂര്‍വ്വം പേര്‍ വിളിച്ച് മറുപടി പറയണമെന്ന ആഗ്രഹം തോന്നിയപ്പോഴാണ് സത്യത്തില്‍ പല ബ്ലോഗ്ഗര്‍ പേരുകളും സംബോധന ചെയ്യാന്‍ കഴിയാത്ത വണ്ണം അരോചകമാണെന്ന് എനിക്ക് തോന്നിയത്. മാത്രമല്ല പേര്‍ വിളിച്ച് സംബോധന ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ഒരു വൈകാരിക ബന്ധം അപരനാമങ്ങളില്‍ കിട്ടുകയില്ലല്ലൊ എന്ന ആധിയും എനിക്കാദ്യമൊക്കെ തോന്നി. എന്നാല്‍ പറയുന്ന കാര്യങ്ങള്‍ക്ക് സാമൂഹ്യപരമായ ഉത്തരവാദിത്വവും വിശ്വാസ്യതയും ഉണ്ടാവണമെങ്കില്‍ സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്തിക്കൊണ്ട് വേണം എന്ന് തോന്നിയപ്പോഴാണ് തുറന്ന് പറഞ്ഞത്.

എന്റ യുക്തിവാദപരമായ ഇടപെടലുകള്‍ പലരെയും ചൊടിപ്പിച്ചു. നിരീശ്വരവാദം മറ്റാരോടും പറയില്ലെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഞാന്‍ തീരുമാനിച്ചിരുന്നു. ദൈവം ഉണ്ടോ ഇല്ലയോ എന്നതല്ല ആ ഒരു വിശ്വാസം ഇല്ലെങ്കില്‍ ജീവിക്കാന്‍ മനുഷ്യന് കഴിയില്ല എന്നതാണ് യാഥാര്‍ഥ്യം. മാത്രമല്ല പ്രപഞ്ചരഹസ്യം ആര്‍ക്കും പൂര്‍ണ്ണമായി അറിയുകയുമില്ല. എന്തെങ്കിലും അറിയണമെങ്കില്‍ അതിനുള്ള വഴി സയന്‍സ് മാത്രമാണെന്നത് വേറെ കാര്യം. എന്നാലും എല്ലാം അനാവരണം ചെയ്യാന്‍ കഴിഞ്ഞെന്നും വരില്ല. അറിഞ്ഞത് വരെ അറിഞ്ഞതായും അറിയാത്തത് അറിയാത്തതായും കരുതാനാണെനിക്ക് ഇഷ്ടം. അത് കൊണ്ടാണ് പരീക്ഷണങ്ങള്‍ സദാ നടക്കുന്ന മേഖലയായ സയന്‍സിന്റെ കൂടെ നില്‍ക്കുന്നത്. പക്ഷെ നിലവിലുള്ള പല ആചാരങ്ങളും ചടങ്ങുകളും വിശ്വാസങ്ങളും ദൈവവിശ്വാവുമായി കെട്ടുപിണഞ്ഞു കിടക്കുന്നത് കൊണ്ട് അവയിലെ വൈരുധ്യങ്ങളെ ചൂണ്ടിക്കാട്ടുമ്പോള്‍ സ്വാഭാവികമായി അത് ദൈവനിഷേധത്തില്‍ എത്തിപ്പോവുകയായിരുന്നു . ദൈവം എന്ന അത്താണിയില്‍ ദു:ഖഭാരങ്ങള്‍ ഇറക്കിവെച്ച് സമാധാനം അനുഭവിക്കുന്ന ആളുകളോട് ദൈവം ഇല്ല എന്ന് പറയുന്നത് അവരെ മാരകമായി മുറിവേല്‍പ്പിക്കുന്നതിന് തുല്യമാണ്. പക്ഷെ പലപ്പോഴും വിശ്വാസം അമിതമായി അസമാധാനം സ്വയം സ്വീകരിക്കുമ്പോള്‍ സഹജീവിസ്നേഹത്തിന്റെ പേരില്‍ ആ വിശ്വാസങ്ങളിലെ പൊള്ളത്തരം ചൂണ്ടിക്കാട്ടേണ്ടിയും വരുന്നു . ഇത് വല്ലാത്ത ഒരു അവസ്ഥയാണ്.


ആയുര്‍വേദത്തെ എതിര്‍ത്തത് നിമിത്തം എല്ലാവര്‍ക്കും ഞാന്‍ അനഭിമതനായി. മനുഷ്യശരീരത്തെ പറ്റിയും അതിന് സംഭവിക്കുന്ന തകരാറുകളും വൈകല്യങ്ങളും അതിനുള്ള പരിഹാര മാര്‍ഗ്ഗങ്ങളും നിരന്തരം പഠിച്ചു കൊണ്ടിരിക്കുന്ന ഒരു മേഖലയാണ് ആധുനിക വൈദ്യശാസ്ത്രം. ഒരു തകരാറ് പരിഹരിക്കാന്‍ ഒന്നില്‍ കൂടുതല്‍ ഫലപ്രദമായ മാര്‍ഗ്ഗങ്ങള്‍ ഉണ്ടാവാന്‍ വഴിയില്ല എന്നാണ് എന്റെ ലോജിക്ക്. സ്വന്തമായി ചേരുവകള്‍ ചേര്‍ത്ത് സ്വന്തമായി പേരും നല്‍കി അത്ഭുത ഫലസിദ്ധികള്‍ പരസ്യപ്പെടുത്തി ചെയ്യുന്ന ഏറ്റവും വലിയ ബിസിനസ്സ് ആയി മാറിയിട്ടുണ്ട് ഇന്ന് ആയുര്‍വേദം. എതിര്‍ക്കാന്‍ അതായിരുന്നു കാരണം. ആധുനിക വൈദ്യവും ദുരുപയോഗം ചെയ്യുന്നുണ്ട് , എന്നാല്‍ അതിന്റെ ശാസ്ത്രീയതയും പ്രായോഗികതയും അനിഷേധ്യമാണ്. ദുരുപയോഗം തടയേണ്ടത് സര്‍ക്കാറും ജനങ്ങളുമാണ്.

മാര്‍ക്സിസ്റ്റ് വിരുദ്ധന്‍ എന്നൊരു ലേബലും എനിക്ക് ബ്ലോഗിലുണ്ട്. അതിലെനിക്ക് കുണ്ഠിതമേയില്ല. ഇപ്പോഴും ബ്ലോഗിലായാലും ശരി നാട്ടിലായാലും ശരി എന്റെ സുഹൃത്തുക്കള്‍ ഒട്ടുമുക്കാലും കമ്മ്യൂണിസ്റ്റ് ആശയക്കാരാണ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ രാഷ്ട്രീയ ഫാസിസം കേരള സമൂഹത്തിന്റെ അന്തരികമായ സര്‍ഗ്ഗ ചേതനയെ തല്ലിക്കെടുത്തി എന്ന് ഞാന്‍ കരുതുന്നു. ഇന്ന് കേരളത്തിലെ ഓരോ പൌരനും അബോധപൂര്‍വ്വമാണെങ്കിലും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ ഭയപ്പെടുന്നു എന്ന് അല്പം അതിശയോക്തിപരമെങ്കിലും പറയാം. കേരളമനസ്സിന്റെ മേലെ ഭയത്തിന്റെ മേലാപ്പ് വിരിച്ചിട്ട് പഴയ ജന്മിത്വത്തിന്റെ പ്രതാപവും പ്രൌഢിയും നുകരുകയാണ് ആ പാര്‍ട്ടിയുടെ ലോക്കല്‍ മുതലങ്ങോട്ടുള്ള നേതാക്കള്‍ എന്ന ധാരണ തെറ്റായാലും ശരിയായാലും എനിക്കുണ്ട്. സ്വാതന്ത്ര്യം = ജീവിതം എന്നതില്‍ കുറഞ്ഞ ഒരു ഫോര്‍മ്യൂലയും അസ്വീകാര്യമായ എനിക്ക് സൌഹൃദം നിലനിര്‍ത്തിക്കൊണ്ട് തന്നെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ എതിര്‍ക്കാതിരിക്കാന്‍ കഴിയുമായിരുന്നില്ല.


ശരിക്കും എന്നാണ് ഞാന്‍ ബ്ലോഗ്ഗിങ്ങ് നിര്‍ത്തുക ? ഒരു പക്ഷെ നാട്ടില്‍ സ്വന്തം വീട്ടില്‍ ആയിരുന്നു താമസിച്ചിരുന്നതെങ്കില്‍ ബ്ലോഗ് എഴുതാന്‍ സമയം കിട്ടുമായിരുന്നില്ല. അത് കൊണ്ട് ബ്ലോഗ് നിര്‍ത്താന്‍ തീയ്യതി നിശ്ചയിക്കുക പ്രയാസം. എന്നാല്‍ ഒന്ന് തീരുമാനിച്ചിട്ടുണ്ട് , ഒരു ദിവസം ബ്ലോഗ് ഡിലീറ്റ് ചെയ്യും. അത് ആരോടെങ്കിലുമുള്ള പരിഭവം കൊണ്ടോ നിരാശ കൊണ്ടോ അല്ല . എനിക്ക് ശേഷം എന്നെ സംബന്ധിക്കുന്ന അടയാളങ്ങള്‍ ഒന്നും അവശേഷിക്കരുത് എന്ന് എന്ത് കൊണ്ടോ ആഗ്രഹിക്കുന്നതിനാലാണ്. മനുഷ്യ മനസ്സ് തന്നെ നിഗൂഢമായ ഒരു പ്രഹേളികയല്ലെ. മറ്റുള്ളവരെ കുറിച്ച് നമുക്ക് എത്രമാത്രം അറിയാം ? ഓരോ വ്യക്തിയും ഓരോ പ്രപഞ്ചങ്ങളാണെന്ന് തോന്നാറുണ്ട്. പൂര്‍ണ്ണമായും ആരും നമുക്ക് പിടി തരുന്നില്ല , ജീവിതം പോലെ തന്നെ !

എന്ത് തന്നെ ആയാലും ബ്ലോഗ്ഗിങ്ങ് എനിക്ക് സംതൃപ്തി നല്‍കിയിട്ടുണ്ട്. ഒട്ടേറെ സുഹൃത്തുക്കളെ പരിചയപ്പെടാന്‍ കഴിഞ്ഞു . ചിലരെ നേരില്‍ കണ്ട് സ്നേഹവും സൌഹൃദവും പങ്ക് വയ്ക്കാനും കഴിഞ്ഞു. നാട്ടിലെ കൊച്ചു കൊച്ചു സൌഹൃദസദസ്സുകളില്‍ വെച്ച് പറയുകയും തര്‍ക്കിക്കുകയും ചെയ്തുകൊണ്ടിരുന്ന ആശയങ്ങള്‍ നെറ്റിലെ അപരിചിതരും വിദുരസ്ഥരുമായ ഏതാനും സഹൃദയരുമായി പങ്ക് വയ്ക്കാന്‍ കഴിഞ്ഞല്ലൊ.

ബാംഗ്ലുരിലെ പ്രബോധിനി വായനശാലയുടെ മാഗസിനില്‍ എഴുതിയ ലേഖനം

ബാംഗ്ലൂര്‍ മഡിവാലയില്‍ പ്രവര്‍ത്തിക്കുന്ന പ്രബോധിനി വായനശാലയുടെ വാര്‍ഷിക പതിപ്പില്‍ ഒരു സൃഷ്ടി എഴുതിത്തരാന്‍ അതിന്റെ സംഘാടകര്‍ എന്നോട് പറഞ്ഞു . ഒരു മിനിക്കഥ പോലും ഞാനിത് വരെ എഴുതിയിട്ടില്ല . എന്തെങ്കിലും എഴുതണമല്ലൊ എന്ന് ആലോചിച്ച് ദിവസങ്ങള്‍ കുറെ കടന്ന് പോയി. അവസാനം ഒരു ചെറിയ കുറിപ്പ് എഴുതി അവര്‍ക്ക് ഇ-മെയിലില്‍ അയച്ചു കൊടുത്തു . മാഗസിനിന്റെ പ്രകാശനം ഇന്നായിരുന്നു . ആ ചെറിയ കുറിപ്പ് ഇവിടെയും പോസ്റ്റ് ചെയ്യുന്നു. പ്രകാശനച്ചടങ്ങുകളും മറ്റും പ്രബോധിനിയുടെ ബ്ലോഗില്‍ പബ്ലിഷ് ചെയ്യുമല്ല്ലൊ.
പ്രബോധിനിയുടെ പ്രസക്തി

രണ്ടോ മൂന്നോ തവണ മാത്രമേ ഞാന്‍ പ്രബോധിനി സന്ദര്‍ശിച്ചിട്ടുള്ളൂ . എങ്കിലും അപ്പോഴൊക്കെ പ്രബോധിനി എന്നില്‍ മതിപ്പും സന്തോഷവും ഉളവാക്കിയിട്ടുണ്ട് . സര്‍ഗ്ഗാത്മകത വരളുകയും ഒരു തരം യാന്ത്രികത ജീവിതത്തിന്റെ സമസ്ത മേഖലകളെയും ഗ്രസിച്ചിരിക്കുകയും ചെയ്തിരിക്കുന്ന ഇക്കാലത്ത് , തിരക്കിനിടയിലും ഒരു പറ്റം ചെറുപ്പക്കാര്‍ ഗ്രന്ഥശാല പ്രവര്‍ത്തനത്തിന് അതും ബാംഗ്ലൂര്‍ പോലെ ഒരു നഗരത്തില്‍ സമയം കണ്ടെത്തുന്നു എന്നത് നിസ്സാരമായ കാര്യമല്ല .


ഒരു നദിയില്‍ നമുക്ക് രണ്ട് പ്രാവശ്യം കുളിക്കാന്‍ കഴിയില്ല എന്നൊരു ചൊല്ല് പ്രശസ്തമാണ് . പുഴ അനുസ്യൂതം മാറിക്കൊണ്ടിരിക്കുന്നു . പുഴയെന്നാല്‍ ഒഴുക്കാണല്ലൊ . നാം കുളിക്കുമ്പോള്‍ ഉണ്ടായിരുന്ന വെള്ളം ഒഴുകി കടലിലെത്തി , അവിടെ നിന്ന് അത് വീണ്ടും നീരാവിയായി അന്തരീക്ഷത്തില്‍ കലര്‍ന്നിരിക്കാം . അടുത്ത തവണ കുളിക്കാന്‍ പോകുമ്പോള്‍ തികച്ചും പുതിയൊരു പുഴയാണവിടെയുള്ളത് . പുഴ മാത്രമല്ല , പ്രകൃതിയില്‍ എല്ലാം മാറിക്കൊണ്ടിരിക്കുന്നുണ്ട് . നമ്മുടെ ശരീരവും സദാ മാറിക്കൊണ്ടിരിക്കുന്നു . ശരീരമെന്നാല്‍ കോശങ്ങളുടെ ആകെത്തുകയാണല്ലൊ . ശരീരകോശങ്ങളും അനുനിമിഷം പുതുപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു . ഇത്കൊണ്ടൊക്കെത്തന്നെയാണ് മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രം എന്ന് ചൊല്ല് പ്രചാരത്തിലായത് .



നാമും നമുക്ക് ചുറ്റുമുള്ളതുമെല്ലാം സദാ മാറിക്കൊണ്ടിരിക്കുന്നത് കൊണ്ടാണ് പൊതുവെ കാലവും മാറി എന്ന് പറയുന്നത് . സത്യത്തില്‍ കാലം മാറുന്നേയില്ല . മാറാന്‍ അങ്ങനെയൊരു കാലമില്ല എന്നതാണ് സത്യം . വര്‍ത്തമാനത്തിന്റെ തുടര്‍ച്ച മാത്രമാണ് കാലം . അത് ഭൂതത്തെ അവശേഷിപ്പിക്കുന്നില്ല . ഭാവിയെ ഉണ്ടാക്കുന്നുമില്ല . ഇത് വളരെ പ്രധാനപ്പെട്ട സംഗതിയാണ് . കഴിഞ്ഞു പോയ സംഭവങ്ങള്‍ നാം ഓര്‍ക്കുന്നു . അതിന്റെ അടിസ്ഥാനത്തില്‍ വരാന്‍ പോകുന്നത് വിഭാവനം ചെയ്യാനും നമുക്ക് കഴിയുന്നു . അങ്ങനെ കാലത്തിന് ഒരു മുപ്പരിമാണം അഥവാ ഭൂതം, വര്‍ത്തമാനം , ഭാവി എന്ന നിലയില്‍ ഒരു നൈരന്തര്യം നാം ആരോപിക്കുകയാണ് ചെയ്യുന്നത് . ഇപ്പോള്‍ കാലം മാറി എന്ന് സാധാരണയായി പറയുമ്പോള്‍ നമ്മുടെ മൂല്യ ബോധത്തില്‍ വന്ന മാറ്റത്തെയാണ് ഭംഗ്യന്തരേണ നാം സൂചിപ്പിക്കുന്നത് .



എല്ലാവര്‍ക്കും ഇന്ന് തിരക്കാണ് . ഒന്നിനും നേരമില്ല , അത് കൊണ്ട് പുസ്തകവായനയുമില്ല . ആധുനിക സാങ്കേതിക വിദ്യ സമയത്തെയും ദൂരത്തെയും കീഴടക്കിയിട്ടുണ്ട് . മുന്‍പൊക്കെ മൂന്നോ നാലോ ദിവസം കഴിഞ്ഞ് മാത്രം കിട്ടിയിരുന്ന വിവരങ്ങള്‍ ഇന്ന് അതേ സെക്കന്റില്‍ നമുക്ക് ലഭിക്കുന്നു . മിക്കവാറും എല്ലാവരും എല്ലാ സമയവും ഇന്ന് ഫോണ്‍ തരംഗങ്ങളാല്‍ കണക്റ്റഡ് ആണ് . എന്നിട്ടും സമയം ആര്‍ക്കും ഒന്നിനും തികയുന്നില്ല . ഇവിടെ കുറഞ്ഞുപോയത് സമയമല്ല , മനസ്സിന്റെ വിശാലതയും മൂല്യവിചാരവുമാണ് . വര്‍ത്തമാനകാലം വെറുതെ അനാവശ്യമായി ധൂര്‍ത്തടിച്ചിട്ടാണ് നാം കാലം ചുരുങ്ങിപ്പോയി എന്ന് ഒഴിവ് കഴിവ് പറയുന്നത് . കാലമെന്നാല്‍ വര്‍ത്തമാനത്തിന്റെ ശൃംഖലകള്‍ മാത്രമാണെന്ന് ആനന്ദ് ഈയ്യിടെ ഒരു ലേഖനത്തില്‍ എഴുതിയത് വായിക്കാനിടയായി . ചുരുള്‍ നിവരുന്ന കാലത്തിലൂടെ നാം സഞ്ചരിക്കുകയല്ല , ചരിത്രത്തിന് പിറകെ കാലം ചുരുളുകയാണ് ചെയ്യുന്നത് എന്ന് ഞാന്‍ എന്റെ ആദ്യ ബ്ലോഗ് പോസ്റ്റില്‍ എഴുതിയിരുന്നു .



വായനശാലകളും ഗ്രന്ഥാലയങ്ങളും നാടൊട്ടുക്ക് സംഘടിപ്പിക്കുകയും വായന നിത്യ ജീവിതത്തിന്റെ അഭേദ്യമായ ഭാഗവുമായിരുന്ന ഒരു വര്‍ത്തമാനകാലം ഒരിക്കല്‍ ഉണ്ടായിരുന്നു. വായനയിലൂടെ മാത്രമേ മാ‍നവ സംസ്ക്കൃതി നിലനിന്ന് തലമുറകളിലേക്ക് പകര്‍ത്താന്‍ കഴിയൂ എന്ന് ഇപ്പോഴും ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. അത് തന്നെയാണ് പ്രബോധിനിയുടെ പ്രസക്തിയും. നാട്ടിന്‍ പുറങ്ങളിലെ വായനശാലകളും വായനക്കൂട്ടങ്ങളും നിര്‍ജ്ജീവങ്ങളാവുകയും തത്സ്ഥാനത്ത് ടിവി പ്രേക്ഷകര്‍ ഇരിപ്പിടം കണ്ടെത്തുകയും ചെയ്ത , സഹൃദയത്വം നഷ്ടപ്പെട്ടു പോയ ഇക്കാലത്ത് പ്രബോധിനിയുടെ പ്രവര്‍ത്തകരെ എത്ര ശ്ലാഘിച്ചാലും അധികമാവില്ല .



സാമൂഹ്യ പ്രവര്‍ത്തകരെ ഒരു പാട് മേഖലകളില്‍ ഒരു പാട് ആവശ്യമുള്ള കാലമാണിത് . എന്നാല്‍ ദൌര്‍ഭാഗ്യവശാല്‍ നിസ്വാര്‍ത്ഥമായ സാമൂഹ്യ സേവനവും ഇന്ന് ഒരു പഴങ്കഥയായി മാറി . രാഷ്ട്രീയപ്രവര്‍ത്തനമെന്നാല്‍ സാമൂഹ്യപ്രവര്‍ത്തനമാണെന്ന മിഥ്യാധാരണയും പലര്‍ക്കുമുണ്ട് . രാഷ്ട്രീയപ്രവര്‍ത്തനം ഇന്ന് അതാത് പാര്‍ട്ടികളുടെ നിലനില്‍പ്പിന് വേണ്ടി മാത്രമാണ് . പാര്‍ട്ടികള്‍ക്ക് ഫണ്ട് പിരിച്ചു കൊടുക്കുക , സമ്മേളനങ്ങള്‍ നടത്തുക , വോട്ടുകള്‍ പിടിച്ചു കൊടുക്കുക തുടങ്ങി പാര്‍ട്ടിപ്രവര്‍ത്തകന്മാര്‍ക്ക് ധാരാളം ജോലികളുണ്ട് . അതിനൊക്കെ ഏതെങ്കിലും തരത്തിലുള്ള പ്രതിഫലവും ലഭിക്കാന്‍ മാര്‍ഗ്ഗവുമുണ്ട് . ആധ്യാത്മിക മേഖലകളിലും ഇന്ന് ധാരാളം പ്രവര്‍ത്തകന്മാരുണ്ട് . ക്ഷേത്രങ്ങളും മറ്റും പുനരുദ്ധരിക്കുക , ആള്‍ദൈവങ്ങള്‍ക്കും സ്വാമിമാര്‍ക്കും മറ്റും അകമ്പടി സേവിക്കുക എന്നിങ്ങനെ അവിടെയും ഒരു പാട് പ്രവര്‍ത്തന സാധ്യതകളുണ്ട് . പക്ഷെ സമൂഹത്തെ ബോധവല്‍ക്കരിക്കാന്‍ , ജനങ്ങളെ അറിവിലേക്കും അവകാശ ബോധങ്ങളിലേക്കും നയിക്കാന്‍ ഭാവനാശാലികളായ പ്രവര്‍ത്തകന്മാരുടെ അഭാവം നമ്മുടെ സമൂഹത്തെ ഇന്ന് പിറകോട്ട് നയിക്കുകയാണ് . ഈയൊരു പശ്ചാത്തലത്തിലാണ് പ്രബോധിനി നമുക്ക് മാതൃകയാവുന്നത് .