ഫേസ്‌ബുക്കും ഞാനും

രാവിലെ ഫേസ്‌ബുക്ക് തുറന്ന് നോക്കിയപ്പോൾ വായനാസുഖം നൽകുന്ന പോസ്റ്റുകളൊന്നും ശ്രദ്ധയിൽ പെട്ടില്ല. എനിക്ക് കിട്ടാത്തത് കൊണ്ടാണോ എന്നറിയില്ല. ആകെപ്പാടെ ഒരു വിരസത. അത്കൊണ്ട് ഞങ്ങളുടെ മിനി ഗാർഡനിൽ പോയി അല്പം മണ്ണ് കിളച്ചു. ആകെ പുല്ല് വളർന്നിരിക്കുകയായിരുന്നു. പച്ചക്കറികൃഷി ഒഴിവാക്കി. കാരണം ഞാൻ പറഞ്ഞല്ലൊ കീടങ്ങളെക്കൊണ്ട് രക്ഷയില്ലാന്നു. പച്ചക്കറിയിൽ വിഷം എന്ന ഭയം ഇല്ല്ലാത്തത്കൊണ്ട് കടയിൽ പോയി ആവശ്യത്തിനു പച്ചക്കറികൾ വാങ്ങുന്നു. ഇതൊക്കെ കൃഷി ചെയ്ത് നമുക്ക് വേണ്ടി ഉല്പാദിപ്പിക്കുന്ന കർഷകരെ പറ്റി ആലോചിക്കുമ്പോൾ എനിക്ക് അവരുടെ കാലിനു വീഴണം എന്ന് തോന്നും. എത്രമാത്രം റിസ്ക് എടുത്തിട്ടാണു കർഷകർ ഓരോന്ന് കൃഷി ചെയ്ത് ഉണ്ടാക്കുന്നത്. എന്നാലും സമൂഹത്തിൽ ഒരു മാന്യതയും കിട്ടുന്നുമില്ല. കല്യാണം ആലോചിച്ചാൽ എന്താണു ജോലി എന്ന് ചോദിക്കുമ്പം കർഷകൻ എന്ന് പറഞ്ഞാൽ ആരും പെണ്ണിനെ അയക്കുന്നില്ല എന്ന് എന്നോട് ചിലർ പറഞ്ഞിട്ടുണ്ട്. സർക്കാരിൽ ഒരു പ്യൂൺ ആയാലും മതിയത്രെ. കൃഷി ആധുനികവൽക്കരിക്കാത്തത് ഒരു കാരണമാകാം.

ഈയ്യിടെയായി വായിച്ചതിൽ ഏറെ രസം തോന്നിയത്, നോട്ട് നിരോധനത്തിൽ സാധാരണക്കാർ അനുഭവിക്കുന്ന ദുരിതങ്ങൾ തന്റെ അനുഭവത്തിലൂടെ ബിബി ഏലിയാസ് എന്ന വീട്ടമ്മ വിവരിക്കുന്നതാണു. എന്താ രസം, വായിച്ചിട്ട് മതിയായില്ല. സാധാരണ വാമൊഴിയിലാണു അവർ കാര്യങ്ങൾ വിവരിക്കുന്നത്. എഴുത്ത് വളരെ ലളിതമായി നമ്മൾ ഉപയോഗിക്കുന്ന വാമൊഴിയിൽ തന്നെ എഴുതിയാലാണു കൂടുതൽ സംവേദനക്ഷമമാവുക എന്ന് തോന്നുന്നു. ഞാൻ ആ ലേഖനം രണ്ട് തവണ വായിച്ചു. ചിലരുണ്ട്, അവർ ഫേസ്ബുക്കിൽ പോലും എഴുതുന്നത് ബുദ്ധിജീവിനാട്യത്തോടെയാണു. ഭാഷയെ അങ്ങനെയൊക്കെ പ്രയോഗിച്ചാലേ താനൊരു ബുദ്ധിജീവിയാണെന്ന് ആളുകൾ ബഹുമാനിക്കൂ എന്നവർ കരുതുന്നുണ്ടാവണം. ഇന്ന് കൂടുതൽ ഒന്നും എഴുതുന്നില്ല.

എന്റെ പോസ്റ്റുകൾ പൊതുവെ ദീർഘമേറിയതാണു. നീളൻ പോസ്റ്റുകൾ വായിക്കാൻ ആളുകൾ മെനക്കെടുകയില്ല. പക്ഷെ പറയാനുള്ളത് മുഴുവൻ വിസ്തരിച്ച് എഴുതുക എന്നത് ശീലമായിപ്പോയി. ചിലരുണ്ട്, വാലും തലയും ഇല്ലാതെ രണ്ട് വരി എഴുതും. ബാക്കിയൊക്കെ നിങ്ങൾ ആലോചിച്ച് പൂരിപ്പിച്ചോ എന്ന ലൈൻ. ആലോചിക്കാൻ ആർക്കാണു നേരം. ഒരാളുടെ പോസ്റ്റ് വായിച്ചാൽ പോരല്ലൊ. അത്കൊണ്ട് പറയാനുള്ളത് ലളിതമായി, മുഴുവനുമായി എന്നാൽ കഴിയുന്നത്ര ചുരുക്കി എഴുതുന്നതാണു നല്ലത്. താഴെ ഒരു ഫോട്ടോ ഇടുന്നുണ്ട്. അതിൽ ക്ലിക്ക് ചെയ്ത് നോക്കണം. രണ്ട് ദിവസമായി രാവിലെയും വൈകുന്നേരവും കുറച്ചു സമയം മണ്ണ് കിളച്ച് കള കളയുന്നു