Pages

ബൂലോകം ഓണ്‍ലൈന്‍ അവാര്‍ഡും ചില്ലറക്കാര്യങ്ങളും

ബൂലോകം ഓണ്‍ലൈന്‍ എന്ന ബ്ലോഗ് പത്രം ഒരു ബ്ലോഗ് മത്സരം നടത്തുന്നതായി അറിഞ്ഞിരുന്നു. കൂടുതല്‍ അങ്ങോട്ട് ശ്രദ്ധിച്ചിരുന്നില്ല. ഒന്നാമത് അതില്‍ താല്പര്യം ഉണ്ടായിരുന്നില്ല. ഏറ്റവും നല്ല ബ്ലോഗിനെ എങ്ങനെയാണ് തെരഞ്ഞെടുക്കുക? ഇനി അഥവാ അങ്ങനെ തെരഞ്ഞെടുത്താലും, തെരഞ്ഞെടുക്കപ്പെട്ട ആ ബ്ലോഗ് ഏറ്റവും നല്ല ബ്ലോഗ് ആണെന്ന് എങ്ങനെയാണ് പറയുക? വായിച്ചു പോകുന്ന കൂട്ടത്തില്‍ ആ മത്സരത്തെ പറ്റി ഞാന്‍ ബൂലോകം ഓണ്‍ലൈനില്‍ ഒരു കമന്റ് എഴുതിയിരിന്നു ഇങ്ങനെ: ഏറ്റവും നല്ല ബ്ലോഗ് എന്ന് ബ്ലോഗിനെ തെരഞ്ഞെടുക്കുന്ന രീതി അശാസ്ത്രീയമാണെന്ന് പറയാതെ വയ്യ. ഓരോ വര്‍ഷവും വിവിധ വിഭാഗങ്ങളില്‍ ഏറ്റവും നല്ല ബ്ലോഗ് പോസ്റ്റുകളെ തെരഞ്ഞെടുക്കാം. തമിഴ്‌മണം എന്ന തമിഴ് അഗ്രഗേറ്റര്‍ എത്ര വൃത്തിയായി ഈ വര്‍ഷത്തെ ബ്ലോഗ് അവാര്‍ഡ് മത്സരം നടത്തുന്നു എന്ന് നോക്കുക. ഞാന്‍ എന്നിട്ട് ആ മത്സരത്തിന്റെ ലിങ്കും കൊടുത്തിരുന്നു. എന്റെ കമന്റ് ബൂലോകം ഓണ്‍ലൈന്‍ ശ്രദ്ധിച്ചിരിക്കാന്‍ വഴിയില്ല. ഇനി ശ്രദ്ധയില്‍ പെട്ടാലും കാര്യമില്ല. കാ‍രണം അത്ര ഡീസന്റായി, കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ഭൂരിപക്ഷം ബ്ലോഗര്‍മാരുടെ പങ്കാളിത്തത്തോടെ അത്തരം ഒരു മത്സരം നടത്താനോ മികച്ച പോസ്റ്റുകളെ ഓരോ വിഭാഗത്തിലും കണ്ടെത്തി അതാത് ബ്ലോഗര്‍മാരെ സമ്മാനം നല്‍കി ആദരിക്കാനോ മലയാളത്തില്‍ ഒരു കാരണവശാലും കഴിയില്ല.

അത്കൊണ്ട് ഈ മത്സരത്തെ പറ്റി പിന്നീട് ഞാന്‍ ഒന്നും ശ്രദ്ധിക്കാന്‍ പോയതുമില്ല. ആരെങ്കിലും എന്റെ ബ്ലോഗ് നോമിനേഷന്‍ കൊടുത്ത് എനിക്ക് വോട്ടും നല്‍കി തെരഞ്ഞെടുത്ത് എന്നെ അപമാനിക്കും എന്ന ആശങ്ക ഒട്ടുമില്ലാത്തതിനാല്‍ അങ്ങോട്ട് തിരിഞ്ഞുനോക്കിയില്ല എന്ന് പറയുന്നതാവും ശരി. അവാര്‍ഡ് മത്സരത്തെ അധികമാരും എതിര്‍ത്തിട്ടില്ല എന്ന് തോന്നുന്നു. എതിര്‍ത്താല്‍ അവാര്‍ഡ് കിട്ടാന്‍ സാധ്യതയില്ലാത്തതിനാല്‍ കൊതിക്കെറുവ് കൊണ്ട് എതിര്‍ക്കുന്നു എന്ന ആക്ഷേപത്തിന് ഇരയായാലോ എന്ന് ഭയന്ന് ആരെങ്കിലും എതിര്‍ക്കാന്‍ സാധ്യത കുറവാണ്. ഞാന്‍ തന്നെ ശ്രദ്ധിച്ചിട്ടാണ് ആ കമന്റ് എഴുതിയിരുന്നത്. ഇന്ന് ഒന്ന് രണ്ട് ബ്ലോഗുകളില്‍ ആ മത്സരത്തെ പറ്റി ചില പരാമര്‍ശങ്ങള്‍ കാണാനിടയായി. ബ്രൈറ്റ് എന്ന ബ്ലോഗര്‍ ഒരു വണ്‍‌മാന്‍ ഷോ ആയാണ് ഈ മത്സരം ഏര്‍പ്പാടാക്കിയത് എന്നും ഒരാള്‍ ഒന്നില്‍ കൂടുതല്‍ വോട്ട് ചെയ്തിട്ടുണ്ട് എന്നും അവാര്‍ഡ് ലഭിക്കാന്‍ സാധ്യതയുള്ള ഒരു ബ്ലോഗ്ഗര്‍ എനിക്ക് അവാര്‍ഡ് നല്‍കുന്നതില്‍ നിന്ന് എന്നെ ഒഴിവാക്കണം എന്നും മറ്റും വായിക്കാന്‍ ഇടയായി. എന്തായാലും വോട്ടെടുപ്പ് തുടരുമെന്നും അറിയിപ്പ് കണ്ടു. അത് നടക്കട്ടെ, ഇങ്ങനെയൊക്കെയെ നമുക്ക് കഴിയൂ!

ഞാന്‍ നാട്ടില്‍ എപ്പോഴൊക്കെ വരുന്നുവോ അപ്പോഴൊക്കെ നാട്ടില്‍ അപ്രതീക്ഷിതബന്ദും പതിവായിരുന്നു. ഇപ്രാവശ്യവും പതിവ് തെറ്റിയില്ല. നാളെ (29-12-09) ബന്ദാണ്. പേര് ഹര്‍ത്താല്‍, പേരില്‍ എന്തിരിക്കുന്നു സംഗതി ബന്ദ് തന്നെ. ഒരു ഓട്ടോ ഡ്രൈവര്‍ പറഞ്ഞു, കോംഗ്രസ്സുകാരുടെ ഹര്‍ത്താലാണെങ്കില്‍ പേടിയില്ല ഞങ്ങള്‍ വണ്ടി എടുക്കാറുണ്ട്. ഇത് ബി.ജെ.പി.യുടേതാണ്. എന്തായാലും നാളെ സി.പി.എമ്മിന്റെ പാര്‍ട്ടി ഗ്രാമങ്ങളില്‍ ജനജീവിതം സ്തംഭിക്കുകയില്ല. ഒരു ഹര്‍ത്താല്‍ അല്ലെങ്കില്‍ ബന്ദ് കേരളത്തില്‍ വിജയിപ്പിക്കണമെങ്കില്‍ അതിന് വലിയ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്യണമെന്നൊന്നുമില്ല. പത്ത് സാമൂഹ്യവിരുദ്ധര്‍ നാളെ ഹര്‍ത്താല്‍ എന്നൊന്ന് പറഞ്ഞാല്‍ മതി, ചാനലുകാര്‍ അത് ലോകം മൊത്തം വിളംബരം ചെയ്ത് ജനങ്ങളെ ബന്ദികളാക്കി വീട്ടില്‍ ഇരുത്തിത്തരും. വിലക്കയറ്റമാണ് ബി.ജെ.പി. യെ ഹര്‍ത്താലിന് ആഹ്വാനം ചെയ്യാന്‍ പ്രേരിപ്പിച്ചതത്രെ. വിലക്കയറ്റം കേന്ദ്രസൃഷ്ടിയാണെന്നാണ് സംസ്ഥാനഭരണക്കാര്‍ പറയുന്നത്. സംസ്ഥാനങ്ങളാണ് വില നിയന്ത്രിക്കേണ്ടതെന്ന് കേന്ദ്രനും പറയുന്നു. എനിക്കിതിന്റെ ലോജിക്ക് മനസ്സിലാകുന്നില്ല. സാധനങ്ങളുടെ ലഭ്യത കുറയുമ്പോഴാണ് വില കയറുന്നത്. ഈ അവസരം രണ്ട് സംഗതികള്‍ നടക്കുന്നു, വില കയറുമ്പോള്‍ കച്ചവടക്കാര്‍ തോന്നിയ പോലെയാണ് സാധനങ്ങള്‍ക്ക് വില ഈടാക്കുന്നത്. അടുത്തടുത്തുള്ള കടകളില്‍ പോലും വിലകളില്‍ വലിയ അന്തരം കാണാം. വിലക്കയറ്റം എന്ന് ആരെങ്കിലും ഉച്ചരിച്ചാല്‍ മതി കൊള്ളലാഭം കൊയ്യാനുള്ള പ്രവണത കച്ചവടക്കാരില്‍ കാണുന്നു. മറ്റൊന്ന് വില കൂടുന്ന സാധനങ്ങള്‍ക്ക് ഉപഭോഗാസക്തിയും കൂടുന്നു. നേന്ത്രപ്പഴത്തിന് കിലോ 36 രൂപയായപ്പോള്‍ ഒരു കിലോ വാങ്ങുന്നവന്‍ രണ്ട് കിലോ ആണ് വാങ്ങുന്നത്. ഇതില്‍ കേന്ദ്രനും സ്റ്റെയിറ്റനും പരസ്പരം പഴി ചാരി കൊള്ളക്കച്ചവടക്കാര്‍ക്ക് അനുകൂലസാഹചര്യം ഒരുക്കുന്നു. കച്ചവടക്കാരെ നിയന്ത്രിക്കാന്‍ സംവിധാനവുമില്ല, ഉപഭോക്താക്കള്‍ സ്വയംശിക്ഷിതരുമല്ല.

ദിവാകരന്‍ മന്ത്രി പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്. വിലക്കയറ്റം ആളുകള്‍ക്ക് ഒരു പ്രശ്നമേയല്ല. ആളുകളുടെ കൈയ്യില്‍ ഇഷ്ടം പോലെ കാശുണ്ട്. പഴം-പച്ചക്കറി വാങ്ങാനും മീന്‍ മാര്‍ക്കറ്റില്‍ വരുന്നവരുമൊക്കെ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളുമായാണ് വരുന്നത്. വില ചോദിക്കുന്നത് പോലുമില്ല. കടക്കാരന്‍ കൊടുക്കുന്ന ബാക്കിയുമായി പോകുന്നു. എന്ത് ജോലിക്ക് പോയാലും സുഭിക്ഷമാ‍യ ഭക്ഷണവും കഴിഞ്ഞ് മുന്നൂറോ നാനൂറോ രൂപ ഇന്ന് കൂലി കിട്ടും. ചെറുപ്പക്കാര്‍ വെള്ളമടിച്ചും മൊബൈല്‍ റീചാര്‍ജ്ജ് ചെയ്തുമാണ് ഈ കാശൊക്കെ തീര്‍ക്കുന്നത്. ബി.ജെ.പി.യുടെ ബന്ദ് നടക്കട്ടെ. കുറച്ച് പേര്‍ക്ക് വിഷമം നേരിടും. അതൊക്കെ ജീവിതത്തിന്റെ ഭാഗമാണെന്ന് കരുതിയാല്‍ മതി. ഹര്‍ത്താല്‍ കൂടിയാലേ മദ്യവില്പന കൂടൂ, മദ്യവില്പന കുടിയാലേ സര്‍ക്കാര്‍ നിലനില്‍ക്കൂ.

ലോണ്‍ എടുത്ത് നിര്‍മ്മിച്ച നാട്ടിലെ വീട് പൂട്ടിയിട്ടിട്ടാണ് ഞങ്ങള്‍ ബാംഗ്ലൂരില്‍ താമസിക്കുനത്. ഇങ്ങനെ നാട്ടില്‍ ആള്‍ത്താമസം ഇല്ലാത്ത വീടുകള്‍ നിരവധിയുണ്ട്. എന്നിട്ടും പുതിയ പുതിയ വീടുകളുടെ നിര്‍മ്മാണം നാട്ടില്‍ നിര്‍ബ്ബാധം നടക്കുന്നു. പണിക്കാരെ കിട്ടാനില്ല, മണലിനാണെങ്കില്‍ പൊന്നിന്റെ വില. സാമ്പത്തിക മാന്ദ്യം വേറെ. ഇതൊന്നും നാട്ടിലെ കണ്‍സ്ട്രക്‍ഷന്‍ മേഖലയെ ബാധിച്ചിട്ടില്ല. വിദേശത്ത് നിന്ന് നാട്ടിലെത്തുന്ന കോടിക്കണക്കിന് രൂപ ഇവിടെ മണിമന്ദിരങ്ങളായി മാറുന്നു. ഭീമമായ ഈ സംഖ്യ ഒരു പ്രത്യുല്പാദന മേഖലയിലും നിക്ഷേപിക്കപ്പെടുന്നില്ല എന്നര്‍ത്ഥം. കൊട്ടിഘോഷിക്കപ്പെടുന്ന ഭൂപരിഷ്കരണത്തിന്റെ ഇന്നത്തെ ബാക്കിപത്രം ഇതാണ്, തുണ്ട് തുണ്ട് ഭുമികളും അതില്‍ കൊട്ടാരസദൃശമായ ബംഗ്ലാവുകളും. ഉള്ള മുഴുവന്‍ സ്ഥലത്തും വീട് പരത്തിപ്പണിയാനുള്ള പ്രവണതയാണ് കാണുന്നത്. ഗേറ്റ് വരെ സിമന്റ് കട്ടകള്‍ നിരത്തുകയും ചെയ്യുന്നു. ഒരിറ്റ് മഴ വെള്ളം പോലും ഭൂമിയില്‍ ഇറങ്ങിപ്പോകരുത് എന്ന് നിര്‍ബ്ബന്ധമുള്ള പോലെ.

ബാംഗ്ലൂരില്‍ നിന്ന് വരുമ്പോള്‍ ഇനി രണ്ടാഴ്ചത്തേക്ക് ബ്ലോഗ് എഴുതേണ്ട എന്ന് കരുതിയതാണ്. നോക്കുമ്പോള്‍ ഇവിടെ നല്ല സ്പീഡ് ഉള്ള നെറ്റ് കണക്‍ഷനുണ്ട്. ആരോടാണ് വര്‍ത്തമാനം പറയേണ്ടത്. എല്ലാവര്‍ക്കും സ്വന്തം കാര്യമേയുള്ളൂ. ഒരു കാര്യവുമില്ലെങ്കില്‍ ഒരു കുശലം പറയാന്‍ പോലും ആര്‍ക്കും കൌതുകമില്ല. അത്കൊണ്ട് മനസ്സിലുള്ളത് ബ്ലോഗോട് പറയാം എന്ന് കരുതി ഇരുന്നതാണ്. പക്ഷെ ടൈപ്പ് ചെയ്ത് വന്നപ്പോള്‍ എന്തൊക്കെയോ ആയിപ്പോയി. ഇനിയിത് ഇവിടെ കിടക്കട്ടെ. ചേതമൊന്നുമില്ലല്ലൊ.

പുതുവര്‍ഷവും വിസ്മയ പാര്‍ക്കും !


എല്ലാ
ബ്ലോഗ്ഗര്‍മാര്‍ക്കും, ബ്ലോഗ് വായനക്കാര്‍ക്കും ഞാന്‍ ഹൃദയത്തിന്റെ ഭാഷയില്‍ പുതുവത്സരാശംസകള്‍ നേരുന്നു! യാദൃച്ഛികമായാണ് ബ്ലോഗില്‍ എത്തിപ്പെട്ടത്. എന്തൊക്കെയോ എഴുതിക്കൂട്ടി. ഞാന്‍ എഴുതിത്തുടങ്ങുമ്പോള്‍ ഉണ്ടായിരുന്നവരില്‍ വിരലില്‍ എണ്ണാന്‍ കഴിയുന്നവര്‍ മാത്രമെ ഇപ്പോള്‍ ബ്ലോഗില്‍ ഉള്ളൂ. എനിക്ക് പക്ഷെ ബ്ലോഗ് ഇതിനകം ഒരു നല്ല ചങ്ങാതിയായി കഴിഞ്ഞിരുന്നു. അത്കൊണ്ട് തന്നെ ബ്ലോഗിനെ ഉപേക്ഷിക്കാന്‍ കഴിയുന്നില്ല. നാട്ടിലേക്ക് പോകുന്നത്കൊണ്ട് രണ്ടാഴ്ചക്കാലം അവധി എടുക്കുകയാണ്.



ഞാന്‍ നിങ്ങളേവരെയും കണ്ണൂരിലെ വിസ്മയ പാര്‍ക്കിലേക്ക് ക്ഷണിക്കുന്നു. ഇതാ ഇവിടെ ഒരു വെര്‍ച്വല്‍ ടൂര്‍ !

അടുത്ത പോസ്റ്റ്: കമ്മ്യൂണിസം അപകടകരമാണ്!

റിച്ച്മാന്‍ പൂവ്വര്‍മാന്‍



ഇന്ന് ഞാന്‍ ഒരു കഥ പറയുകയാണ്. ബ്ലോഗ് എഴുതുന്നതിനിടയില്‍ ചിലപ്പോഴൊക്കെ ഇങ്ങനെ പോഡ്‌കാസ്റ്റ് ചെയ്യുന്നത് നല്ലതാണ്. നമ്മുടെ ശബ്ദം മറ്റുള്ളവരെ കേള്‍പ്പിക്കാമല്ലൊ. ഇപ്പോഴൊക്കെ പോഡ്‌കാസ്റ്റ് ചെയ്യുന്നത് ഒരു സംഭവമേയല്ല. എങ്ങനെയാണ് പോഡ്‌കാസ്റ്റ് ചെയ്യേണ്ടതെന്ന് മുള്ളൂക്കാരന്റെയും മറ്റും ബ്ലോഗില്‍ സരളമായി വിവരിച്ചിട്ടുണ്ട്. എന്നാലും ഞാന്‍ എങ്ങനെയാണ് ഈ പോഡ് കാസ്റ്റ് ചെയ്യുന്നത് എന്ന് ഇവിടെ വിവരിക്കട്ടെ. ആര്‍ക്കെങ്കിലും ഉപകാരപ്പെട്ടെങ്കിലോ!

പോഡ്‌കാസ്റ്റ് ചെയ്യാന്‍ ആദ്യമായി വേണ്ടത് ഒരു നല്ല മൈക്രോഫോണ്‍ ആണ്. ഞാന്‍ സോണിയുടെ ഒരു മൈക്രോഫോണ്‍ വാങ്ങിയിരുന്നു. ഇപ്പോഴൊക്കെ വെബ്‌ക്യാമില്‍ മൈക്രോഫോണ്‍ ഇന്‍‌ബില്‍ട്ടായി ഉള്ളത്കൊണ്ട്, അതുള്ളവര്‍ക്ക് മൈക്രോഫോണ്‍ വാങ്ങേണ്ടതില്ല. പിന്നെ വേണ്ടത് നമ്മുടെ ശബ്ദം റെക്കോര്‍ഡ് ചെയ്യാന്‍ ഒരു സോഫ്റ്റ്‌വേര്‍ ആ‍ണ്. സൌജന്യമായി ഡൌണ്‍‌ലോഡ് ചെയ്യാന്‍ കഴിയുന്ന ഓഡാസിറ്റി എന്ന സോഫ്റ്റ്‌വേര്‍ ആണ് നല്ലത്. ഓഡാസിറ്റി ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ അതിന്റെ കൂടെ LAME MP3 encoder എന്ന സോഫ്റ്റ്‌വേര്‍ കൂടി ഇന്‍സ്റ്റാള്‍ ചെയ്യാന്‍ മറക്കരുത്. അങ്ങനെ നാം സംസാരിക്കുന്നത് റെക്കോര്‍ഡ് ചെയ്ത് നമുക്ക് mp3 ഫയല്‍ ആയി ഡെസ്ക്ക്ടോപ്പില്‍ സേവ് ചെയ്യാം. അതിന് ശേഷം നമ്മുടെ പ്രഭാഷണം പോഡ്‌കാസ്റ്റ് ചെയ്യാന്‍ ഒരു സര്‍വര്‍ അഥവാ ഒരു ഹോസ്റ്റ് ആണ് വേണ്ടത്. സൌജന്യമായി ഈ സേവനം നല്‍കുന്ന സൈറ്റുകളാണ് clickcaster , podbean എന്നിവ. പക്ഷെ പരിമിതമായ സ്പേസ് മാത്രമേ നമുക്ക് ഈ സൈറ്റുകള്‍ അനുവദിച്ചു തരുന്നുള്ളൂ. ഇന്റര്‍നെറ്റ് ആര്‍ക്കൈവ് എന്ന സൈറ്റില്‍ നമുക്ക് പരിധിയില്ലാതെ ഫയലുകള്‍ അപ്‌ലോഡ് ചെയ്യാം. അത്തരം സൈറ്റുകളില്‍ നിന്ന് നിന്ന് നമ്മുടെ പോഡ്കാസ്റ്റിന്റെ പ്ലേയര്‍ എംബഡ്കോഡ് കോപ്പി ചെയ്ത് നമ്മുടെ ബ്ലോഗില്‍ പോസ്റ്റ് ചെയ്താല്‍ പോഡ്‌കാസ്റ്റ് ആയി.

ഞാന്‍ പക്ഷെ ഇവിടെ ഉപയോഗിച്ചിട്ടുള്ളത് യാഹൂ പ്ലേയര്‍ ആണ്. നമ്മുടെ എല്ലാ പോഡ്‌കാസ്റ്റുകളും ഒരു പ്ലേ ലിസ്റ്റ് ആയി ബ്ലോഗില്‍ ലഭ്യമാക്കാം എന്നതാണ് യാഹൂ പ്ലേയറിന്റെ പ്രത്യേകത. നമ്മള്‍ അപ്‌ലോഡ് ചെയ്ത സൈറ്റില്‍ നിന്ന് നമ്മുടെ പോഡ്‌കാസ്റ്റിന്റെ URL ലിങ്ക് മാത്രം എടുത്താല്‍ മതി. ഇത്രയും കാര്യങ്ങള്‍ ഞാന്‍ സ്വയം നെറ്റില്‍ നിന്ന് തപ്പി കണ്ടുപിടിച്ചതാണ്. താല്പര്യമുള്ളവര്‍ക്ക് അങ്ങനെ ചെയ്യാന്‍ സൂചന നല്‍കുന്നു എന്ന് മാത്രം. സംശയമുള്ളവര്‍ക്ക് കൂടുതലായി വിശദീകരിച്ചു തരാന്‍ സന്തോഷമേയുള്ളൂ.

ഇനി എന്റെ കഥ റിച്ച്മാന്‍ പൂവ്വര്‍മാന്‍ കേള്‍ക്കാന്‍ നിങ്ങളെ ക്ഷണിക്കുന്നു.

ജീവിതരേഖകള്‍

ഞാന്‍ ഇന്ന് കണ്ട ഒരു വീഡിയോ ആണിത്. നിങ്ങളും കാണണമെന്ന് ആഗ്രഹം തോന്നിയതിനാല്‍ അത് ഇവിടെ പോസ്റ്റ് ചെയ്യുന്നു. Passing afternoon എന്ന പേര് മലയാളീകരിച്ചു പോസ്റ്റിന് തലക്കെട്ടായി കൊടുക്കാമെന്ന് കരുതിയപ്പോള്‍ ഉചിതമായ വാചകം കണ്ടെത്താന്‍ കഴിഞ്ഞില്ല. നെറ്റില്‍ നിന്ന് വീഡിയോ കാണുമ്പോള്‍ ലോഡ് ആയി വരാന്‍ താമസം നേരിടുന്നത് ദൃശ്യസുഖം അസാധ്യമാക്കുന്നു. അതിന് ഞാന്‍ ചെയ്യുന്നത് , എന്റെ സിസ്റ്റത്തില്‍ Real Player ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. വീഡിയോ പ്ലേ ചെയ്യുമ്പോള്‍ റീയല്‍ പ്ലേയര്‍ അത് ഡൌണ്‍‌ലോഡ് ചെയ്തോളും. വിന്‍ഡോ മിനിമൈസ് ചെയ്തിട്ട് ഞാന്‍ വേറെ എന്തെങ്കിലും വായിക്കും. ഇന്‍സ്റ്റാള്‍ ആ‍യിക്കഴിഞ്ഞാല്‍ റീയല്‍ പ്ലേയറില്‍ സുന്ദരമായി കാണാം. RealPlayer ന്റെ ബേസിക് പ്ലേയര്‍ ഡൌണ്‍‌ലോഡ് ചെയ്താല്‍ മതി.


Passing Afternoon from Matthew McGlennen on Vimeo.

നരേന്ദ്രമോഡിക്ക് അഭിനന്ദനങ്ങള്‍ !

ദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്യുന്നത് നിര്‍ബ്ബന്ധമാക്കിക്കൊണ്ട് ഗുജറാത്ത് അസംബ്ലി നിയമം പാസ്സാക്കിയിരിക്കുന്നു. ജനാധിപത്യം ഉറപ്പാക്കുന്നതിന് വേണ്ടി രാജ്യത്ത് നടപ്പാക്കുന്ന ആദ്യത്തെ കാല്‍‌വെപ്പ് എന്ന നിലയില്‍ ഈ നിയമനിര്‍മ്മാണത്തിന് മുന്‍‌കൈ എടുത്ത മുഖ്യമന്ത്രി ശ്രീ.നരേന്ദ്ര മോഡിയെ ഞാന്‍ അഭിനന്ദിക്കുന്നു. കോണ്‍ഗ്രസ്സിന്റെ കടുത്ത എതിര്‍പ്പിനിടയിലാണത്രെ ഈ നിയമം അവിടെ പാസ്സാക്കിയെടുത്തത്. അപ്രായോഗികം എന്നാണ് കോണ്‍ഗ്രസ്സിന്റെ ആക്ഷേപം. നിര്‍ബ്ബന്ധവോട്ടിങ്ങ് ഒരു സ്വകാര്യബില്‍ ആയി മുന്‍പ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചെങ്കിലും അപ്രായോഗികം എന്ന് കണ്ട് പിന്‍‌വലിക്കുകയായിരുന്നു എന്ന് ചൂണ്ടിക്കാട്ടിയാണത്രെ കോണ്‍ഗ്രസ്സ് അംഗങ്ങള്‍ ഗുജറാത്ത് നിയമസഭയില്‍ ഈ ബില്ലിനെ എതിര്‍ത്തത്. ഇപ്പോള്‍ വെറും 25 ശതമാനം വോട്ടര്‍മാരുടെ പിന്‍‌തുണ നേടിക്കൊണ്ടാണ് സര്‍ക്കാറുകള്‍ ഭരിക്കുന്നതും, ജനപ്രതിനിധികള്‍ ദീര്‍ഘകാലം ഭൂരിപക്ഷത്തിന്റെ പ്രതിനിധികള്‍ ആയി തുടരുന്നതും. വലിയ വിഭാഗം വോട്ടര്‍മാര്‍ തെരഞ്ഞെടുപ്പുകളില്‍ പങ്കെടുക്കുന്നതേയില്ല. ഇത് ജനാധിപത്യത്തെ വെറും പ്രഹസനമാക്കുന്നുണ്ട്. ഇപ്പോള്‍ 32 രാജ്യങ്ങളില്‍ നിര്‍ബ്ബന്ധ വോട്ടിങ്ങ് സമ്പ്രദായം വിജയകരമായി നടപ്പിലാക്കിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടുന്ന മോഡി, തെരഞ്ഞെടുപ്പുകളില്‍ വോട്ടവകാശം വിനിയോഗിക്കാന്‍ പൌരന്മാര്‍ക്ക് ഒരു അര മണിക്കൂര്‍ ചെലവാക്കിക്കൂടേ എന്ന് ചോദിക്കുന്നു. വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയാതെ പോകുന്നവര്‍ ഒരു മാസത്തിനുള്ളില്‍ അതിനുള്ള കാരണം ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ അറിയിക്കണം. രോഗം, സ്ഥലത്തില്ലാതിരിക്കുക എന്നീ കാരണങ്ങള്‍ക്കാണ് ഇളവ്. ഇല്ലങ്കില്‍ ശിക്ഷാര്‍ഹരാണ്.

ഇത് ജനാധിപത്യവിരുദ്ധമല്ലേ എന്ന് ചിലര്‍ ചോദിച്ചേക്കാം. വോട്ട് ചെയ്യുന്നില്ലെങ്കില്‍ പിന്നെന്ത് ജനാധിപത്യം? ജനാധിപത്യം ജന്മസിദ്ധമായ ഒന്നല്ല. അത് പൌരജനങ്ങള്‍ സ്വീകരിക്കുന്ന ഒരു സമ്പ്രദായമാണ്. വോട്ട് ചെയ്യുക എന്നത് ആ സമ്പ്രദായം സ്വീകരിക്കുന്നതിന്റെ മുന്നുപാധിയാണ്. മറ്റുള്ളവര്‍ വോട്ട് ചെയ്ത് എനിക്ക് ജനാധിപത്യം ഒരുക്കിത്തരണം എന്ന് ഒരു പൌരനും പറയാന്‍ കഴിയില്ല. ആരും വോട്ട് ചെയ്യാത്ത നാട്ടില്‍ ജനാധിപത്യം ഇല്ലല്ലൊ. അപ്പോള്‍ പ്രായപൂര്‍ത്തി വോട്ടവകാശം എല്ലാവരും വിനിയോഗിക്കുന്ന ഒരു സമ്പ്രദായത്തെയാണ് നാം ജനാധിപത്യം എന്ന് പറയുന്നത്. പോളിങ്ങ് ബൂത്തില്‍ എത്തിപ്പെടാന്‍ കഴിയുന്ന മുഴുവന്‍ പേരും വോട്ട് ചെയ്തിരിക്കണം എന്ന് നിയമം മൂലം ഉറപ്പ് വരുത്തേണ്ടതുണ്ട്. അതിനാണ് സ്വാതന്ത്ര്യം ലഭിച്ച് ഇത്രകാലത്തിന് ശേഷം നരേന്ദ്രമോഡി തുടക്കം കുറിച്ചിരിക്കുന്നത്. ക്രമേണ രാജ്യത്ത് എല്ലാ സംസ്ഥാന അസംബ്ലികളിലേക്കും, പാര്‍ലമെന്റിലേക്കുമുള്ള തെരഞ്ഞെടുപ്പുകളില്‍ ഈ നിയമം നടപ്പാക്കപ്പെടുകതന്നെ ചെയ്യും.

ഞാന്‍ ഈ വിഷയം മുന്‍പും ബ്ലോഗില്‍ എഴുതിയിരുന്നു. എന്നാല്‍ നിലവിലുള്ള ഏതെങ്കിലും രാഷ്ട്രീയക്കാരന്‍ ഇതിനു തുനിയുമെന്ന് കരുതിയിരുന്നില്ല. കാരണം ഇന്ന് തങ്ങള്‍ക്ക് ജന്മാവകാശം പോലെ പതിച്ചു കിട്ടിയിട്ടുള്ള വോട്ട്ബാങ്കിന്റെ പിന്‍‌ബലത്തില്‍ വില പേശി സീറ്റുകളും സ്ഥാനമാനങ്ങളും കരസ്ഥമാക്കി കുട്ടിരാജാക്കന്മാരെ പോലെ വാണരുളുകയാണ് രാഷ്ട്രീയക്കാരെല്ലാം. എല്ലാവരും വോട്ട് ചെയ്യണം എന്ന നിയമം പ്രാബല്യത്തിലായാല്‍ വന്നാല്‍ പല നേതാക്കളുടെയും ജാതകം മാറ്റിയെഴുതേണ്ടി വരും. കാരണം വോട്ട് ചെയ്യാതെ മാറി നില്‍ക്കുന്ന വോട്ടര്‍മാര്‍ നിര്‍ബന്ധവോട്ടിങ്ങ് നിമിത്തം പോളിങ്ങ് ബൂത്തിലെത്തിയാല്‍ ആര്‍ക്കാണ് അവര്‍ വോട്ട് ചെയ്യുക എന്ന് മുന്‍‌കൂട്ടി നിശ്ചയിക്കാന്‍ കഴിയില്ലല്ലൊ. മാത്രമല്ല, വോട്ട്ബാങ്ക് നിലനിര്‍ത്തുന്നത് പോലെ എളുപ്പമല്ല പുറത്തുള്ള വോട്ടര്‍മാരെ സ്വാധീനിക്കല്‍ . അതിന് കുറച്ചു വിയര്‍പ്പ് ഒഴുക്കേണ്ടി വരും. രാഷ്ട്രീയം തൊഴിലായി സ്വീകരിക്കുകയും ഉപജീവനത്തിന് മറ്റൊരു ജോലിയും അറിയാത്ത കുറെ പേര്‍ വഴിയാധാരമായി പോകാനും സാധ്യതയുണ്ട്. ഗുജറാത്ത് അസംബ്ലിയില്‍ കേട്ട പ്രതിപക്ഷ വിയോജിപ്പ് ഇതിന്റെ തെളിവാണ്. ഒരു തെരഞ്ഞെടുപ്പ് പരിഷ്ക്കാരങ്ങളും രാഷ്ട്രീയക്കാര്‍ പൊതുവെ ഇഷ്ടപ്പെടുന്നില്ല. തങ്ങളുടെ നിലനില്‍പ്പ് അപകടപ്പെടുത്തിക്കൊണ്ട് ജനാധിപത്യം ബലപ്പെടുത്തണം എന്ന് ആരെങ്കിലും ആഗ്രഹിക്കുമോ? നരേന്ദ്രമോഡി രാഷ്ട്രീയലാഭത്തിന് വേണ്ടിയാണ് ഈ നിയമം കൊണ്ടുവന്നതെന്ന് ഇതിനകം വിമര്‍ശനം ഉയര്‍ന്ന് വന്നിട്ടുണ്ട്. മോഡിക്ക് ലാഭം കിട്ടുന്നെങ്കില്‍ കിട്ടട്ടെ. ഈ നിയമം ഭാവിയില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് പരിഷ്ക്കാരങ്ങള്‍ക്ക് മുന്നോടിയായിരിക്കും എന്നത് കൊണ്ട് മോഡി സ്മരിക്കപ്പെടും എന്നതായിരിക്കും അദ്ദേഹത്തിന് ലഭിക്കാവുന്ന നേട്ടം എന്ന് ഞാന്‍ കരുതുന്നു.

മദനിയെ എന്തിന് ചുമക്കണം ?



രാള്‍ തന്നെ പോലീസ് അറസ്റ്റ് ചെയ്യാന്‍ പോകുന്നു എന്നും തനിക്ക് മുന്‍‌കൂര്‍ ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കോടതിയില്‍ ഹരജി നല്‍കുക. അടിയന്തിരമായി പരിഗണിക്കണമെന്നും അപേക്ഷിക്കുക. അടിയന്തിരഹരജി കോടതി പരിഗണിച്ച് വിചാരണ ഡിസംബര്‍ 14ന് മാറ്റി വെക്കുക. അന്നേ ദിവസം ഹരജിക്കാരന്‍ തന്നെ വിചാരണ നീട്ടിവെക്കണമെന്ന് അപേക്ഷിക്കുക. ഇത് മുന്‍‌കൂര്‍ ജാമ്യഹരജിയുമായി ബന്ധപ്പെട്ട് കേട്ടുകേള്‍വിയില്ലാത്തതാണ്. മുന്‍‌കൂര്‍ ജാമ്യഹരജി നല്‍കിയാല്‍ ഏറ്റവും വേഗത്തില്‍ തീര്‍പ്പ് ഉണ്ടാകാനല്ലെ ഹരജിക്കാരന്‍ താല്പര്യപ്പെടുക. ഇവിടെ ഹരജിക്കാരന്‍ തന്നെ വിചാരണ നീട്ടിവെക്കാന്‍ ആവശ്യപ്പെട്ടത് എന്ത്കൊണ്ട്? സൂഫിയമദനിയുടെ കാര്യമാണ് പറയുന്നത്. ബാംഗ്ലൂര്‍ പോലീസ് അന്വേഷണം പൂര്‍ത്തിയാക്കി തിരിച്ചു പോകുന്നത് വരെ സൂഫിയമദനിയെ ഭദ്രമായി സംരക്ഷിക്കുക എന്ന ആഭ്യന്തരവകുപ്പിന്റെ ഒത്തുകളിയാണിതെന്ന് പകല്‍ പോലെ വ്യക്തം. ഹരജി മാറ്റി വെച്ചു എന്ന റിപ്പോര്‍ട്ട് വന്ന ഉടനെ അന്‍വാര്‍‌ശ്ശേരിയില്‍ വെച്ചു മദനി ചാനല്‍കാരോട് നെടുനെടുങ്കന്‍ പ്രസംഗം നടത്തി. ഇന്ന് തീര്‍പ്പ് വരും എന്ന് കരുതിയതാണ്,ഇനി കോടതിയിലേ തങ്ങള്‍ക്ക് വിശ്വാസമുള്ളൂ എന്ന ആമുഖത്തോടെ തുടങ്ങിയ മദനി കത്തിക്കാളുകയായിരുന്നു. കോടതി അറസ്റ്റ് ചെയ്യാന്‍ പറഞ്ഞാല്‍ ആ നിമിഷം അറസ്റ്റിന് വഴങ്ങും എന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറഞ്ഞ മദനി പറയാതെ പറഞ്ഞത് പോലീസ് അറസ്റ്റ് ചെയ്യാന്‍ വന്നാല്‍ ഭവിഷ്യത്ത് ഭയങ്കരമായിരിക്കും എന്നാണ്. അങ്ങനെയുണ്ടോ ആര്‍ക്കെങ്കിലും ഒരു സൌജന്യം? കോടതി പറഞ്ഞാലേ അറസ്റ്റ് ചെയ്യാന്‍ പാടുള്ളൂ എന്ന് പറയാന്‍ ഈ മദനിയും സൂഫിയമദനിയും ആരാണ്?

മദനിയുടെ ഭാവഹാവാദികള്‍ ടിവിയില്‍ വീക്ഷിച്ച ആര്‍ക്കും തോന്നുക മദനി ഇപ്പോഴും ഭീകരവാദിയെ ഉള്ളില്‍ സൂക്ഷിക്കുന്ന അപകടകാരി എന്ന് തന്നെയാണ്. മുസ്ലീം സമുദായത്തിന് ഇത്രയും സ്വാധീനമുള്ള സംസ്ഥാനത്ത് തന്നെയും കുടുംബത്തെയും നാടുകടത്താന്‍ ആര്‍ക്കാണ് ധൈര്യം എന്ന വെല്ലുവിളിയും അയാള്‍ സമര്‍ത്ഥമായി നടത്തിയത് കാണികള്‍ക്ക് ശ്രദ്ധിക്കാന്‍ കഴിഞ്ഞിരിക്കും. തന്നെ വിമര്‍ശിക്കുന്നവരെ മുസ്ലീം വിരുദ്ധന്‍ എന്ന് വിശേഷിപ്പിക്കാനും മദനി തുനിഞ്ഞു. അപ്പോള്‍ ഒരു സംശയം മാര്‍ക്സിസ്റ്റ് പാര്‍ട്ടി എന്ന് പറഞ്ഞാല്‍ പിണറായി ആണെന്ന് പറയുമ്പോലെ, മുസ്ലീം സമുദായം എന്ന് പറഞ്ഞാല്‍ മദനിയാണോ? മദനി ചെയര്‍മാന്‍ ആയ പി.ഡി.പി.എന്ന പാര്‍ട്ടി ദലിത്-പിന്നാക്കക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ജനാധിപത്യ-മതേതരപ്രസ്ഥാനമാണ് പോലും. അങ്ങനെയെങ്കില്‍ മദനി ഇപ്പോള്‍ മുസ്ലീം സമുദായത്തെ ഒരു കവചമാക്കാന്‍ ശ്രമിക്കുന്നത് എന്ത്കൊണ്ട്?

കാര്യങ്ങളുടെ കിടപ്പ് ഇതൊന്നുമല്ല. സംസ്ഥാനത്തെ ആഭ്യന്തരവകുപ്പ് മദനിയെയും സൂഫിയമദനിയെയും സംരക്ഷിക്കാന്‍ നടത്തുന്ന അന്തര്‍നാടകങ്ങളാണ് എല്ലാവര്‍ക്കും മനസ്സിലാക്കാന്‍ കഴിയുന്ന സംഗതി. എന്താണ് മദനിയെ രക്ഷിക്കാന്‍ ഇത്രയും വ്യഗ്രത? അത് മദനിയും സൂഫിയമദനിയും ഒരു തരത്തിലും കളമശ്ശേരി ബസ്സ് കത്തിക്കലും,ബാംഗ്ലൂര്‍ സ്പോടനവുമായി ബന്ധപ്പെട്ടിട്ടില്ല എന്നത്കൊണ്ടല്ല. മറിച്ചു ബന്ധപ്പെട്ടിട്ടുണ്ട് എന്നത്കൊണ്ടൂം അവരുടെ പങ്ക് ഒരിക്കലും പുറത്ത് വരരുത് എന്ന് ആര്‍ക്കൊക്കെയോ നിഷിപ്തതാല്പര്യമുള്ളത്കൊണ്ടുമാണെന്ന് എല്ലാവര്‍ക്കും മനസ്സിലാക്കാന്‍ കഴിയും. ബാംഗ്ലൂരില്‍ പോലീസിന്റെ കൈയില്‍ തടിയന്റവിട നസീറിനെ കിട്ടുന്നതിന് പകരം കേരളാ പോലീസിന്റെ കൈയിലായിരുന്നു ആദ്യം കിട്ടിയിരുന്നതെങ്കില്‍ നടക്കുമായിരുന്നത് ഊഹിക്കാന്‍ കഴിയുന്നുണ്ട്. ഇതൊക്കെ കേവലം നാലു വോട്ടിന്റെ കാര്യത്തിനപ്പുറം സാമ്പത്തികമായ ഇടപാടുകള്‍ നിമിത്തമായിരിക്കും എന്ന് സംശയിച്ചാല്‍ കുറ്റം പറയാന്‍ കഴിയുമോ? പണമാണല്ലൊ ഇന്ന് എല്ലാം നിര്‍ണ്ണയിക്കുന്നത്. എല്ലാ അടിയൊഴുക്കുകളും പുറത്ത് വരണമെന്നില്ല.

ഒരു കാര്യം വ്യക്തമാണ് എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ട്. മദനിയും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലെ ഒരു വിഭാഗവും തമ്മിലുള്ള ബാന്ധവം ലജ്ജാകരമാണെന്ന് മാത്രമല്ല കേരളത്തിന് അപകടം കൂടിയാണ്. മദനിയുടെ ടിവിയിലെ പ്രകടനം അതാണ് സൂചിപ്പിക്കുന്നത്. പിണറായി അങ്ങനെ ആര്‍ക്കും വഴങ്ങുന്ന ആളല്ല എന്ന് മദനിക്ക് ആധികാരികമായി പറയാന്‍ കഴിയുന്നത് എന്ത്കൊണ്ട്? പിണറായും പത്രസമ്മേളനത്തില്‍ മദനിയെ തള്ളിപ്പറയുന്നതിന് പകരം ഇപ്പോള്‍ മതേതരനാണ് താനെന്ന മദനിയുടെ വാക്കുകള്‍ മുഖവിലക്കെടുത്ത് ന്യായീകരിക്കാനാണ് ശ്രമിച്ചത്.

ചുരുക്കി പറഞ്ഞാല്‍ കേരളത്തില്‍ ഇടത് പക്ഷത്തിന്റെ കുത്തക അവകാശപ്പെടുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ വികൃതമായ പിണറായിമുഖമാണ് ചാനലുകളില്‍ അനാവരണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. സാംസ്ക്കാരികനായകരും ബുദ്ധിജീവികളും ഒക്കെ ഇപ്പോള്‍ ഉറക്കത്തിലാണ്. ബ്ലോഗിലും അനക്കമൊന്നും കാണുന്നില്ല. പിണറായിയെ മാത്രമല്ല മദനിയെയും ചുമക്കണമല്ലൊ എന്ന വൈക്ലബ്യം കൊണ്ടായിരിക്കും ആരും ഒന്നും മിണ്ടാത്തത്. മദനിയെ താങ്ങാന്‍ വരുന്നവര്‍ ഒന്നോര്‍ത്താല്‍ മതി, കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന മുസ്ലീം ജനത മദനിയെ അംഗീകരിക്കുന്നില്ല. പിന്നെ നിങ്ങള്‍ ഇടത്കാര്‍ എന്തിന് മദനിയെ ചുമക്കണം? പി.ഡി.പി.യുടെ നാലു വോട്ടിന് വേണ്ടിയാണെങ്കില്‍ അത്കൊണ്ട് പ്രയോജനമില്ല എന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പ് തെളിയിച്ചില്ലെ?

പി.ഡി.പി.യുമായി ഭാവിയില്‍ ഒരു ബന്ധവും ഇല്ലാതിരിക്കാന്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ട് എന്നാണ് എം.കെ.പാന്ഥേ ഡല്‍ഹിയില്‍ പറഞ്ഞത്. എന്നാല്‍ പിണറായിയോ? പി.ഡി.പി.യുമായി ഭാവിയില്‍ ബന്ധം ഉണ്ടാകുമോ എന്ന പത്രലേഖകരുടെ ചോദ്യത്തിന്, രാഷ്ട്രീയത്തില്‍ ഭാവിയിലെ കാര്യങ്ങള്‍ പ്രവചിക്കാന്‍ സാധ്യമല്ലെന്നും അപ്പോഴത്തെ അടവ്നയങ്ങള്‍ക്കനുസരിച്ചു തീരുമാനിക്കുമെന്നുമാണ് പിണറായി പറഞ്ഞത്. ഈ ദുസ്സാമര്‍ത്ഥ്യം, ഉളുപ്പില്ലായ്മ ഇടത്പക്ഷക്കാര്‍ തിരിച്ചറിയണം. ഒടുക്കത്തെ ഈ അടവ്നയമാണ് പാര്‍ട്ടിയെ കുളിപ്പിച്ചു കിടത്തുന്നത് എന്ന് വിവേകമുള്ള മാര്‍ക്സിസ്റ്റുകാര്‍ മനസ്സിലാക്കണം. അടവുനയം,ലെനിനിസ്റ്റ് സംഘടനാതത്വങ്ങള്‍ എന്നീ പദങ്ങള്‍ പിണറായി പ്രയോഗിക്കുന്നത് സ്വയരക്ഷയ്ക്ക് വേണ്ടിയാണെന്ന് മാര്‍ക്സിസ്റ്റുകാര്‍ക്ക് മനസ്സിലാകേണ്ടതാണ്.

പിണറായിയിസവും മാഫിയകളും



മാധ്യമങ്ങളോട് സംസാരിക്കുമ്പോഴും, ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുമ്പോഴും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ വക്താക്കള്‍ ഞഞ്ഞാമിഞ്ഞ പറഞ്ഞു തടിയൂരുന്നുണ്ടെങ്കിലും ആ പാര്‍ട്ടി ഇന്ന് പൊതുജനമധ്യത്തില്‍ തീര്‍ത്തും അപഹാസ്യമായിരിക്കുകയാണ്. രാഷ്ട്രീയമായ എല്ലാ ധാര്‍മ്മികബലവും അതിന് നഷ്ടപ്പെട്ടിരിക്കുന്നു. ഇത് പൊടുന്നനെ ഉണ്ടായ ഒരു പ്രതിഭാസമല്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് എന്തെങ്കിലും നന്മകള്‍ അവകാശപ്പെടാനുണ്ടെങ്കില്‍ അത് അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് മാത്രമാണ്. സുന്ദരയ്യയെയും ഏ.കെ.ജി.യെയും പോലെ ചില യഥാര്‍ഥ കമ്മ്യൂണിസ്റ്റുകാര്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ ഉണ്ടായിരുന്നുവെങ്കിലും ആ പാര്‍ട്ടിയെ ഒരു കമ്മ്യൂണിസ്റ്റ് വിരുദ്ധപാര്‍ട്ടിയാക്കി മാറ്റിയതിന്റെ ക്രഡിറ്റ് സാക്ഷാല്‍ ഇ.എം.എസ്സിന് തന്നെയാണ്. ആ ഈയെമ്മെസ്സിസമാണ് ഇന്ന് ശുദ്ധ പിണറായിയിസമായി രൂപാന്തരപ്പെട്ട് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ ആകെ ഗ്രസിച്ചു ഒരു വലിയ ബഹുജനപ്രസ്ഥാനത്തെ ഒന്നിനും കൊള്ളാത്തതായി മാറ്റിയിരിക്കുന്നത്.

കേരളത്തെ ഇന്നത്തെ കോലത്തില്‍ എത്തിച്ചത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയാണ്. എന്താണ് ഇന്നത്തെ കോലം? തീവ്രവാദത്തിന്റെ ബ്രീഡിങ്ങ് ഫാം കേരളം ആയതിലേക്ക് വരുന്നതിന് മുന്‍പ് മറ്റ് ചിലത് പരിശോധിക്കാം. എന്തെങ്കിലും ഒരു പണി ചെയ്യണമെങ്കില്‍ ഇന്ന് ആളുകള്‍ക്ക് മറുനാട്ടിലേക്ക് പോകണം. എന്തെങ്കിലും തിന്നണമെങ്കിലും സാധങ്ങള്‍ മറുനാട്ടില്‍ നിന്ന് കൊണ്ടുവരണം. തൊഴിലിനേക്കാളും സമരങ്ങള്‍ നാട്ടില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി വികസിപ്പിച്ചത് കൊണ്ടാണ് ഈ ദുര്‍ഗ്ഗതി നേരിട്ടത്. എല്ലാവര്‍ക്കും അറിയാവുന്ന കാര്യങ്ങളായത്കൊണ്ട് പരത്തി പറയുന്നില്ല. നാലാളുകള്‍ക്ക് പണി കിട്ടുന്ന എന്ത് തുടങ്ങിയാലും സഖാക്കള്‍ കൊടിയുമായി വരും എന്നത് നാട്ടില്‍ പരക്കെ പറഞ്ഞ് പതിഞ്ഞ ഒരു ശൈലിയാണല്ലൊ. വിലക്കയറ്റത്തിന്റെ ഉത്തരവാദി കേന്ദ്രസര്‍ക്കാര്‍ ആണെന്നും, ബഹുജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് കേന്ദ്രത്തിനെതിരെ സമരം നയിക്കും എന്നുമാണ് മന്ത്രി തോമസ് ഐസക്ക് പറഞ്ഞത്. നോക്കണം, നാലു പറങ്കിമുളകിന്റെ ചെടിയെങ്കിലും ഓരോ പുരയിടത്തിലും നട്ടുവളര്‍ത്തണമെന്ന് നാപ്പിഴയായിട്ടെങ്കിലും ആ വായില്‍ നിന്ന് ഉതിര്‍ന്നില്ല. മാര്‍ക്സിസ്റ്റുകള്‍ക്ക് എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമാര്‍ഗ്ഗമായി ഒറ്റമൂലിയുണ്ട്, സമരം! ഒരു തൊഴിലും ഇന്ന് നാട്ടില്‍ പച്ച പിടിക്കുകയില്ല. കേരം തിങ്ങും കേരളനാട്ടില്‍ നിന്ന് ചകിരിക്ക് വേണ്ടി തമിഴന്റെ കാല് പിടിക്കേണ്ടി വരുന്നു. അവകാശങ്ങളല്ലാതെ ചെയ്യുന്ന തൊഴിലിനോട് ആര്‍ക്കും ഇന്ന് കൂറോ ആത്മാര്‍ഥതയോ ഇല്ല. തൊഴില്‍ സംസ്ക്കാരം തീര്‍ത്തും പറ്റിക്കലായി മാറി.

മാര്‍ക്സിസ്റ്റ്കാര്‍ക്ക് എങ്ങനെയും പാര്‍ട്ടി വളര്‍ത്തണം എന്നേയുള്ളൂ. അതിനപ്പുറം ഒരു ജനതാല്പര്യങ്ങള്‍ക്കും അവരെ കിട്ടില്ല. എന്തിലും പാര്‍ട്ടിക്കെന്ത് നേട്ടം എന്നതിലാണ് നോട്ടം. എന്തിനാണ് പാര്‍ട്ടി? നേതാക്കള്‍ക്ക് ആര്‍മ്മാദിക്കാന്‍ , വേറെന്തിന്? വായനശാലകളും, സാംസ്ക്കാരികസമിതികളും, പരസ്പരസഹായ സൊസൈറ്റികളും ഒക്കെ ബലം പ്രയോഗിച്ചു പിടിച്ചെടുത്ത് കൊണ്ടായിരുന്നു തുടക്കം. ഇന്ന് കോടികള്‍ വരുമാനമുള്ള ബിസിനസ്സ് ശൃംഖലകള്‍ പാര്‍ട്ടിയുടെ കീഴിലുണ്ട്. പാര്‍ട്ടി ക്ഷയിക്കുന്നു,ബിസിനസ്സ് കൊഴുക്കുന്നു. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ പ്രതിദിനവരുമാനം എത്രയായിരിക്കും? എന്തായാലും നമ്മള്‍ ഊഹിക്കുന്നതിലും അധികമായിരിക്കും. അസൂയ കൊണ്ട് പറയുന്നതല്ല, ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ ഉദ്ദേശ്യം എന്തായിരിക്കണം? ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുക്കലോ, സാമൂഹ്യപ്രവര്‍ത്തനം നടത്തലോ? സാമൂഹ്യപ്രവര്‍ത്തനം എന്നേ വകതിരിവുള്ളവര്‍ പറയൂ. രാഷ്ട്രീയവും ബിസിനസ്സും ഒരിക്കലും കൂട്ടിക്കെട്ടിക്കൂട. പാര്‍ട്ടി വളര്‍ത്താന്‍ എന്ത് കുതന്ത്രവും പ്രയോഗിക്കാം എന്ന ഈയെമ്മെസ്സിസമാണ്, എന്ത് ബിസിനസ്സും നടത്താം എന്ന പിണറായിയിസത്തില്‍ എത്തിനില്‍ക്കുന്നത്.

പി.ഡി.പി. ബന്ധം തെറ്റായിപ്പോയെന്ന് പാന്ഥേ പറഞ്ഞപ്പോള്‍ , അത് നേരത്തെ തന്നെ അവലോകനം ചെയ്ത് കേന്ദ്രക്കമ്മറ്റി പറഞ്ഞിട്ടുണ്ടെന്നും ഇപ്പോള്‍ പുതിയതായി ഒന്നും പറഞ്ഞിട്ടില്ലെന്നുമാണ് മന്ത്രി കോടിയേരി പ്രതികരിച്ചത്. അപ്പോള്‍, കേന്ദ്രക്കമ്മറ്റി അവലോകിക്കുന്നതിന് മുന്‍പ് തന്നെ പി.ഡി.പി.ബന്ധം തെറ്റാണെന്ന് അച്യുതാനന്ദന്‍ പറഞ്ഞിട്ടുണ്ടല്ലൊ അതോ? കേരളത്തില്‍ തീവ്രവാദത്തിന്റെ പ്രഭവകേന്ദ്രം അബ്ദുള്‍ നാസ്സര്‍ മദനിയാണെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്? എന്നാല്‍ പിന്നെ അച്യുതാനന്ദന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ തന്നെ കേന്ദ്രക്കമ്മറ്റിക്ക് അവലോകനം നടത്തി പിഡിപി ബന്ധം ഒഴിവാക്കിക്കൂടായിരുന്നോ? എല്ലായ്പ്പോഴും ഞങ്ങള്‍ തെറ്റുകള്‍ ആവര്‍ത്തിച്ചു ചെയ്തിട്ട് അനന്തരം തിരുത്താന്‍ ശ്രമിക്കുകയേയുള്ളൂ എന്ന് എന്താണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് ഇത്ര നിര്‍ബ്ബന്ധം? വല്ലപ്പോഴും ഒരു ശരി തത്സമയം ചെയ്തുകൂടെ സഖാക്കളേ? ഇപ്പോള്‍ തന്നെ തിരുത്തുന്നതിനുള്ള തെറ്റുകളുടെ കുടിശ്ശിഖ എത്രയായി? എപ്പോഴാണ് ഇതൊക്കെ തിരുത്തി തീര്‍ക്കുക? അപ്പോഴേക്കും പുതിയ തെറ്റുകള്‍ കൂമ്പാരമാകുമല്ലോ.

ഞാന്‍ ഒന്ന് ചോദിക്കട്ടെ, സമീപകാലമായി അച്യുതാനന്ദന്റെ ഏത് നിലപാടുകളാണ്, ഏത് പ്രസ്ഥാവനകളാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് ദോഷകരമായി ഭവിക്കുമായിരുന്നത്? പിണറായിക്ക് ദോഷം സംഭവിക്കും എന്നത് ശരി തന്നെ. പിണറായി ആണോ പാര്‍ട്ടി? അതേ സമയം പിണറായിയുടെ നിലപാടുകളും, തീരുമാനങ്ങളും, ധാര്‍ഷ്ട്യം കലര്‍ന്ന പ്രസംഗങ്ങളും അടവ്നയങ്ങളുമല്ലെ പാര്‍ട്ടിയെ ഈ ഗതികേടില്‍ ഇപ്പോള്‍ കൊണ്ടെത്തിച്ചിരിക്കുന്നത്? പാന്ഥേയുടെ പ്രസ്ഥാവനയില്‍ ഒരു കുറ്റസമ്മതമില്ലേ? വര്‍ഗ്ഗീയശക്തികളുമായി ബന്ധം പാടില്ലെന്ന അച്യുതാനന്ദന്റെ നിലപാട് ശരിയായിരുന്നു എന്നല്ലെ പാന്ഥേ പറയാതെ പറഞ്ഞത്? എന്നിട്ടും അച്യുതാനന്ദനെ എന്തേ പി.ബി.യില്‍ നിന്ന് ഒഴിവാക്കി പിണറായിയെ നിലനിര്‍ത്തി? അച്യുതാന്ദനെ മുഖ്യമന്ത്രിയായി സ്വതന്ത്രമായി ഭരിക്കാന്‍ അനുവദിച്ചിരുന്നുവെങ്കില്‍, അദ്ദേഹത്തിന്റെ നിലപാടുകള്‍ക്ക് പ്രാമുഖ്യം ലഭിച്ചിരുന്നുവെങ്കില്‍ മാര്‍ക്സ്റ്റ് പാര്‍ട്ടിക്ക് തിളക്കം വര്‍ദ്ധിച്ചേനേ എന്ന് ആരും സമ്മതിക്കും.

പി.ബി.ക്ക് എന്ത്കൊണ്ട്, സെക്രട്ടരി സ്ഥാനത്ത് നിന്ന് പോലും ഒഴിവാക്കേണ്ടിയിരുന്ന പിണറായിയുടെ നിര്‍ബ്ബന്ധങ്ങള്‍ക്ക് വഴങ്ങേണ്ടി വരുന്നു? ഉത്തരം ലളിതം. പി.ബി.എന്നാല്‍ ബംഗാള്‍ , കേരളം എന്നീ രണ്ട് കാലുകളില്‍ നടക്കുന്ന ഒരു അപൂര്‍വ്വജീവിയാണ്. പിണറായി ഇല്ലെങ്കില്‍ കേരളത്തില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്ല. കാരണം മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെന്നാല്‍ വെറുമൊരു പാര്‍ട്ടി മാത്രമല്ല, അതിന്റെ കീഴിലുള്ള വ്യവസായസ്ഥാപനങ്ങളുടെ തലപ്പത്ത് പ്രതിഷ്ഠിക്കപ്പെട്ടവര്‍ പിണറായിയുടെ വിശ്വസ്തരാണ്. റബ്കോ തൊട്ട് തലശ്ശേരിയില്‍ ഉള്ള മുഴുവന്‍ സംരഭങ്ങളുടെയും എം.ഡി.യോ ചെയര്‍മാനോ ഇ.നാരായണനാണ്. കണ്ണൂരില്‍ ഏ.കെ.ജി.ഹോസ്പിറ്റല്‍ തൊട്ട് മറ്റെല്ലാ സ്ഥാപനങ്ങളുടെയും കൈകാര്യകര്‍ത്താക്കള്‍ പിണറായിയുടെ സ്വന്തം ആള്‍ക്കാര്‍ തന്നെ. ആഭ്യന്തരമന്ത്രിയുടെ കീഴില്‍ വെറുമൊരു മുഖ്യമന്ത്രിപണി എടുക്കുന്ന പാവം അച്യുതാന്ദന്റെ കൈയില്‍ ഒരു പ്രൈമറി സഹകരണസംഘം പോലുമില്ല. ഇത് പി.ബി.ക്കുമറിയാം.

സ്വത്ത് വാരിക്കൂട്ടുന്നതില്‍ മാത്രമൊതുങ്ങുന്നില്ല പിണറായിയിസം. ബംഗാള്‍ മോഡല്‍ സ്ഥിരം ഭരണം കേരളത്തിലും സ്ഥാപിക്കലായിരുന്നു ലക്ഷ്യം. ഇന്ത്യന്‍ യൂനിയന്‍ മുസ്ലീം ലീഗിന്റെ പിറകെ കുറെ നടന്നു. കുഞ്ഞാലിക്കുട്ടിയുടെ കഷ്ടകാലം മുതലെടുത്തായിരുന്നു അത്. അച്യുതാനന്ദന്‍ അനുവദിച്ചില്ല. പിന്നെ കരുണാകരന്റെ ഡി.ഐ.സി.യെ കൂട്ടാമെന്നായി. അവിടെയും ഉടക്ക് അച്യുതാനന്ദന്റെ വക. എന്റെ വി.എസ്സേ നിങ്ങള്‍ക്ക് ഈ ഗതി വന്നില്ലെങ്കിലേ അത്ഭുതമുള്ളൂ! ഒടുവില്‍ വി.എസ്സിന്റെ ചിറകുകള്‍ ഒന്നൊന്നായി അരിഞ്ഞു വീഴ്ത്തിയപ്പോള്‍ അതാ വരുന്നു ജയിലില്‍ നിന്നും സാക്ഷാല്‍ മദനി. ആഭ്യന്തരമന്ത്രി തന്നെ സ്വീകരിച്ചാനയിച്ചു. എന്തായിരുന്നു ഘോഷം. മദനിയെ പോലൊരു വിശുദ്ധമതേതരന്‍ ഭൂമിമലയാളത്തില്‍ ഉണ്ടോ?

മദനിയാണ് കേരളത്തില്‍ മതതീവ്രവാദത്തിന്റെ വിത്തുകള്‍ പാകിയത്. മദനിയുടെ തീവ്രവാദസംഘടന ആയ ഐ.എസ്.എസ്. അല്ലെ പി.ഡി.പി.യായി പരിവര്‍ത്തിപ്പിച്ചത്. തടിയന്റവിട നസീറും കൂട്ടാളികളും ഐ.എസ്.എസ്സിന്റെ ഉല്പന്നങ്ങളല്ലെ. ഈ തീവ്രവാദവും ഒരു തരം ബിസിനസ്സ് ആണെന്ന് കാണാം. പണം വരവ് അതാണ് കാര്യം. അല്ലെങ്കില്‍ കുറെ നിരപരാധികള്‍ തെരുവുകളില്‍ കൊല്ലപ്പെട്ടിട്ട് ഈ തീവ്രവാദികള്‍ക്ക് എന്ത് കിട്ടാനാ. ഫണ്ട് റെയിസിങ്ങിന് ഉപയോഗപ്പെടുത്തുന്ന പല പല നിമിത്തങ്ങളില്‍ ഒന്നാണ് ഈ തീവ്രവാദവും എന്നെനിക്ക് തോന്നുന്നു. ആളുകള്‍ക്ക് സംഭാവന കൊടുക്കണമെങ്കില്‍ എന്തെങ്കിലും ഉപാധി വേണമല്ലൊ. മതം പറഞ്ഞാല്‍ മുസ്ലീം സഹോദരന്മാര്‍ വാരിക്കോരി കൊടുക്കുമായിരിക്കും. തമിഴ് പറഞ്ഞിട്ട് പുലിപ്രഭാകരന്‍ വാരിക്കൂട്ടിയ സമ്പത്ത് ഇന്നും കണക്കാക്കിയിട്ടില്ല. അനുയായി പത്മനാഭനുണ്ടായിരുന്നു പോലും അഞ്ച് കപ്പലും സ്വിസ് ബാങ്കില്‍ കോടികളും.

പണം സമ്പാദിക്കാനുള്ള സൂത്രപ്പണികളില്‍ നിന്നാണ് മാഫിയകള്‍ ആധുനികകാലത്ത് രൂപപ്പെടുന്നത്. ഇന്നെല്ലാം മാഫിയകളാണ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് ഇന്ന് രാഷ്ട്രീയമാഫിയയുടെ മുഖമാണ്. എല്ലാ മാഫിയകളും അത്കൊണ്ട് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുമായി ബന്ധപ്പെട്ടു കിടക്കുന്നു. കേരളത്തില്‍ ഏത് മാഫിയയ്ക്കും മാര്‍കിസ്റ്റ് പാര്‍ട്ടിയുടെ തണലിലേ ഇന്ന് വളരാന്‍ കഴിയൂ. കണ്ണൂരില്‍ ഒരു വന്‍‌മാഫിയ വളര്‍ന്ന് വരുന്നുണ്ട്. അതാണ് വിദ്യാഭ്യാസ മാഫിയ. എവിടെ നോക്കിയാലും കാണാം മലബാര്‍ ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍. കണ്ണൂര്‍ ബസ്‌സ്റ്റാന്‍ഡിനടുത്തുള്ള മലബാര്‍ കോളേജ് എന്ന പാരലല്‍ കോളേജ് വിലയ്ക്ക് വാങ്ങിയായിരുന്നു തുടക്കം. ഇന്ന് എയിഡഡ് സ്കൂളുകള്‍ വാങ്ങിക്കൂട്ടി അത് ജൈത്രയാത്ര തുടരുന്നു. ഓരോ ഹൈസ്ക്കൂളുകള്‍ ഏറ്റെടുത്ത് അവിടെ കൂറ്റന്‍ കോണ്‍ഗ്രീറ്റ് കെട്ടിടങ്ങള്‍ ഉയരുന്ന വേഗത കണ്ട് ആളുകള്‍ മൂക്കത്ത് വിരല്‍ വെക്കുന്നു എന്നല്ലാതെ വിവാദങ്ങള്‍ ഒന്നും ഉയര്‍ന്നുവന്നിട്ടില്ല. എന്നാല്‍ ജനശക്തി യുടെ പഴയ ഒരു ലക്കത്തില്‍ ആ മാഫിയയെ പറ്റി ഒരു ലേഖനം കാണാനിടയായി. ആളുകള്‍ എല്ലാം മനസ്സിലാക്കുന്നുണ്ട് എന്നതിന് തെളിവാണത്. ആ ലേഖനത്തിന്റെ കോപ്പി താഴെ കൊടുക്കുന്നു. ഇമേജില്‍ ക്ലിക്ക് ചെയ്ത് വലുതാക്കി വായിക്കാനൊക്കെ ബുദ്ധിമുട്ട് കാണും. സമയവും ക്ഷമയുമുള്ളവര്‍ വായിക്കട്ടെ.

ഈ വിവിധതരം മാഫിയകളില്‍ നിന്ന് കേരളം രക്ഷപ്പെടുമോ എന്ന് നമുക്ക് കാത്തിരുന്നു കാണാം.

ഇനി ജനശക്തിയുടെ ലേഖനത്തിലേക്ക്:




ബ്ലോഗ്ഗര്‍മാര്‍ പല വിധം


എന്താണ് എഴുതുക അല്ലെങ്കില്‍ എങ്ങനെയെഴുതും എന്ന പ്രശ്നം എല്ലാ എഴുത്തുകാരെയും പോലെ ബ്ലോഗ്ഗര്‍മാരെയും അലട്ടുന്ന ഒന്നാണ്. എഴുത്തിന്റെ കാര്യത്തില്‍ ബ്ലോഗെഴുത്തുകാര്‍ സര്‍വ്വതന്ത്രസ്വതന്ത്രരാണ്. എന്നാലും കുറച്ചൊക്കെ എഴുതിക്കഴിയുമ്പോള്‍ പിന്നെ ഇനിയെന്തെഴുതും എന്ന ചിന്ത എല്ലാവരെയും അലട്ടാതിരിക്കില്ല. സീനിയര്‍ ബ്ലോഗ്ഗര്‍മാര്‍ പലരെയും ഇപ്പോള്‍ ബൂലോഗത്ത് കാണാനേയില്ല. അവരൊക്കെ ഇപ്പോള്‍ എന്താണെഴുതാത്തത് എന്നറിയില്ല. എന്താണെഴുതുക എന്ന് ആലോചിച്ച് തല പുകയുന്നതിനേക്കാളും എളുപ്പമാണെന്ന് തോന്നുന്നു നല്ല ബ്ലോഗുകള്‍ കണ്ടെത്തി ഇങ്ങനെയും എഴുതാമല്ലോ എന്ന് ചൂണ്ടിക്കാണിക്കുന്നത്. ചില ബ്ലോഗുകള്‍ കാണുമ്പോള്‍ നമുക്ക് ഈ ആശയം തോന്നിയില്ലല്ലൊ എന്ന് ആശ്ചര്യപ്പെട്ടുപോകും. ചുരുക്കിപ്പറഞ്ഞാല്‍ ബ്ലോഗിന്റെ സാധ്യതകള്‍ അനന്തമാണ്.

നമ്മൂടെ കാര്‍ട്ടൂണിസ്റ്റ് സജ്ജീവിനെ ഓര്‍ക്കേണ്ട ഒരു സന്ദര്‍ഭം എനിക്കുണ്ടായത് “എവ്വരി പേഴ്സണ്‍ ഇന്‍ ന്യൂയോര്‍ക്ക് “ എന്ന ബ്ലോഗ് കണ്ടപ്പോഴാണ്. ഈ ബ്ലോഗ്ഗര്‍ ഒരു പ്രത്യേക ലക്ഷ്യവുമായാണ് ബ്ലോഗ് ചെയ്യുന്നത്. ന്യൂയോര്‍ക്ക് നഗരത്തില്‍ ഉള്ള ഓരോരുത്തരെയും രേഖാചിത്രമായി വരച്ചു അത് തന്റെ ബ്ലോഗില്‍ പ്രദര്‍ശിപ്പിക്കുക എന്നതാണ് ഈ ബ്ലോഗ്ഗറുടെ ലക്ഷ്യം. ഒടുവില്‍ താന്‍ ആരുടെയൊക്കെ ചിത്രമാണോ വരച്ചിട്ടുള്ളത് അവരെയെല്ലാം പങ്കെടുപ്പിച്ചു ഒരു “മെഗാ ഗെറ്റ് ടുഗതര്‍“ സംഘടിപ്പിക്കാനും ആ ബ്ലോഗ്ഗര്‍ക്ക് പരിപാടിയുണ്ടത്രെ!

ദിവസവും നഗരത്തില്‍ താന്‍ കാണുന്ന ആരെയെങ്കിലും മനോഹരമായ രേഖാചിത്രങ്ങളായി വരച്ച് ഒപ്പം എന്തെങ്കിലും അടിക്കുറിപ്പും ചേര്‍ത്ത് ബ്ലോഗില്‍ ഇടുകയാണ് ചെയ്യുന്നത്. അയാള്‍ വരക്കുന്നത് മറ്റുള്ളവര്‍ ശ്രദ്ധിക്കണമെന്നില്ല. സബ്‌-വേ, പാര്‍ക്ക് എന്നിങ്ങനെ പൊതു ഇടങ്ങളില്‍ നിന്നുകൊണ്ട് കണ്ണില്‍ കണ്ടവരെയെല്ലാം വരച്ചുതള്ളുകയാണ്. ഈ വരകളും കുറിപ്പുകളും കാണാന്‍ നല്ല ഭംഗിയുണ്ട്. ഇപ്രകാരം മറ്റുള്ളവരെ വരയ്ക്കുന്നയാള്‍ തന്നെ പറ്റി ഒരു വിവരവും ബ്ലോഗില്‍ നല്‍കുന്നില്ല എന്നത് വിചിത്രമായി തോന്നുന്നു.

വാല്‍ക്കഷണം: അനോണി ബ്ലോഗ്ഗര്‍മാര്‍ മലയാളത്തില്‍ മാത്രമല്ല ഇംഗ്ലീഷിലും പ്രശസ്തര്‍ തന്നെ!

Link:
http://everypersoninnewyork.blogspot.com/

ബ്ലോഗ് , ബ്ലോഗ്ഗര്‍ , ബ്ലോഗ്ഗിങ്ങ്


തമിഴ് ബ്ലോഗ്ഗര്‍മാരെ മലയാളം ബ്ലോഗ് വായനക്കാര്‍ക്ക് പരിചയപ്പെടുത്തുക എന്നൊരു ശ്രമം തുടങ്ങിവെക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ആദ്യമായി “ഹായ് നലമാ ” എന്ന ബ്ലോഗ് എഴുതുന്ന ഡോക്ടര്‍ എം.കെ. മുരുകാനന്ദന്‍ (61 വയസ്) അവര്‍കളെ പരിചയപ്പെടുത്തട്ടെ. ശ്രീലങ്കയില്‍ യാഴ്‌പ്പാണം പരുത്തിത്തുറൈയില്‍ ജനിച്ച ഇദ്ദേഹം കഴിഞ്ഞ 12 വര്‍ഷമായി കൊളമ്പോയിലാണ് താമസിക്കുന്നത്. വൈദ്യശാസ്ത്രത്തിന് പുറമെ സാഹിത്യം,സിനിമ,നാടകം,ശില്പകല,ഫോട്ടോഗ്രാഫി എന്നിവയിലൊക്കെ താല്പര്യമുള്ള ഇദ്ദേഹം ഇപ്പോഴും മനസ്സില്‍ 26വയസ്സിന്റെ യൌവ്വനം കാത്ത് സൂക്ഷിക്കുന്നതായി അവകാശപ്പെടുന്നു. തന്റെ അനുഭവങ്ങള്‍ മറ്റുള്ളവരുമായി പങ്കിടുന്നതില്‍ കിട്ടുന്ന ആത്മസുഖം അവര്‍ണ്ണനീയം എന്ന് അദ്ദേഹം പറയുന്നു. അച്ചടി മാധ്യമങ്ങള്‍,റേഡിയോ,ടിവി എന്നിവയിലൊക്കെ ഇടപെട്ട തനിക്ക് ഇന്റര്‍നെറ്റിലാണ് പൂര്‍ണ്ണസംതൃപ്തി ലഭിച്ചതെന്ന് സാക്ഷ്യപ്പെടുത്തുന്നു. 12ഓളം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. ഇലങ്കൈ ദേശീയ സാഹിത്യ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.

അദ്ദേഹം തന്റെ ബ്ലോഗില്‍ എഴുതിയ “ബ്ലോഗ്ഗിങ്ങ് ചില ചിന്തകളും അനുഭവങ്ങളും” എന്ന പോസ്റ്റ് എന്റെ പരിമിതമായ ഭാഷാപാണ്ഡിത്യം വെച്ച് ഞാന്‍ വിവര്‍ത്തനം ചെയ്യട്ടെ.

നിങ്ങള്‍ എന്തുകൊണ്ട് ബ്ലോഗ് ചെയ്യുന്നു എന്ന് ചോദിച്ചാല്‍ ഓരോരുത്തരും അവരവരുടേതായ ഉത്തരങ്ങളായിരിക്കും പറയുക. അങ്ങനെ ആയിരക്കണക്കിന് ഉത്തരങ്ങള്‍ ലഭിച്ചേക്കാം. എന്നാല്‍ നമ്മില്‍ പലരും ഏതോ ഒരു വിധത്തില്‍ തങ്ങളുടെ സന്തോഷത്തിനും സ്വയതൃപ്തിക്കും വേണ്ടിയാണ് എഴുതുന്നത്. സുഹൃദ്ബന്ധങ്ങള്‍ ലഭിക്കുന്നതിനും അത് നിലനിര്‍ത്തുന്നതിനും എഴുതുന്നതുണ്ട്. താന്‍ മനസ്സിലാക്കിയ വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് മനസ്സിലാക്കിക്കൊടുക്കുക എന്ന ഉദ്ദേശത്തിലും എഴുതാം. ശാസ്ത്രം,സാങ്കേതികവിദ്യ,സാഹിത്യം,സിനിമ,നാടകം, തുടങ്ങി പല മേഖലകളിലെ അനുഭവങ്ങളെയും അറിവുകളെയും പങ്ക് വെക്കുന്നതും സാധാരണം. തങ്ങളുടെ ആദര്‍ശങ്ങള്‍,ആശയങ്ങള്‍,അഭിപ്രായങ്ങള്‍ എന്നിവ പ്രചരിപ്പിക്കാനും ബ്ലോഗുകള്‍ ഉപയോഗപ്പെടുത്തുന്നു. ഇതൊന്നും കൂടാതെ തങ്ങളുടെ പ്രശസ്തി വളര്‍ത്താനും ചിലര്‍ ബ്ലോഗ്ഗിങ്ങ് ഉപയോഗപ്പെടുത്തുന്നു. ഇവയെല്ലാം തങ്ങളുടെ സ്വയ അടയാളങ്ങളെ സംരക്ഷിക്കാനോ അല്ലെങ്കില്‍ തന്നില്‍ ഉള്ള ഞാന്‍ എന്ന ബോധത്തെ തൃപ്തിപ്പെടുത്താന്‍ ചെയ്യുന്ന പേര്‍സണല്‍ ബ്ലോഗ്ഗിങ്ങ് ആണെന്ന് പറയാം.

ഇത് കൂടാതെ തങ്ങളുടെ സംരംഭങ്ങളെ പ്രമോട്ട് ചെയ്യാനും ചിലര്‍ ബ്ലോഗ് ചെയ്യുന്നുണ്ട്. തങ്ങളുടെ ഉല്പന്നങ്ങള്‍ മാര്‍ക്കറ്റ് ചെയ്യാനും പലരും ബ്ലോഗിനെ ഉപയോഗപെടുത്തുന്നതായി കാണാം. അങ്ങനെ ചെയ്യുന്നവര്‍ സ്പഷ്ടമായും സത്യസന്ധമായും കാര്യങ്ങള്‍ ബ്ലോഗില്‍ വെളിപ്പെടുത്തുന്നത് നല്ലത്. വായനക്കാരെ ശരിയായ തീരുമനങ്ങളിലേക്ക് നയിക്കാന്‍ അത് സഹായകമാവുമല്ലൊ.

ഏറെക്കുറെ എണ്‍പതുകളുടെ മധ്യത്തോടെ ബ്ലോഗ്ഗിങ്ങിന് തുടക്കം കുറിക്കപ്പെട്ടതായി മനസ്സിലാക്കുന്നു. അന്ന് വെറുമൊരു ഡയറി മാത്രമായി സ്വന്തം കാര്യങ്ങള്‍ മാത്രമാണ് ബ്ലോഗില്‍ എഴുതപ്പെട്ടത്. ഇന്ന് പക്ഷെ ബ്ലോഗില്‍ എഴുതപ്പെടുന്ന ഉള്ളടക്കങ്ങളുടെ ആഴവും പരപ്പും വിശാലമാണ്.

കാരണങ്ങള്‍ എന്തായാലും ബ്ലോഗ് എഴുതാന്‍ തുടങ്ങുന്നതിന് മുന്‍പ്, എന്താണ് എഴുതാന്‍ പോകുന്നത്,എങ്ങനെയാണ് എഴുതാന്‍ പോകുന്നത്, എന്നൊക്കെ വ്യക്തമായ ഒരു ധാരണ ഉണ്ടാകുന്നത് നല്ലതാണ്. ചിലര്‍ പോസ്റ്റിന്റെ തുടക്കത്തില്‍ ഇന്നെന്താണ് എഴുതേണ്ടത് എന്നറിയില്ല എന്നൊക്കെ പറഞ്ഞ് തുടങ്ങുന്നത് കാണാം. ഇത് തറ്റായ സമീപനമാണെന്ന് ഞാന്‍ കരുതുന്നു. ഒരു നാള്‍ ഒന്നുമെഴുതിയില്ലെങ്കിലും ഒന്നും സംഭവിക്കില്ലല്ലൊ, വായനക്കാരും എന്താ വിഷമിച്ചു പോകുമോ? എന്ന് വെച്ച് സീരിയസ്സായ വിഷയങ്ങളേ എഴുതാവൂ എന്നില്ല. റിലാക്സായി വായനക്കാരുമായി വര്‍ത്തമാനം പറയുന്നത് പോലെയും എഴുതാം.

എല്ലാവര്‍ക്കും എളുപ്പത്തില്‍ ഗ്രഹിക്കാന്‍ കഴിയുന്ന വിധത്തില്‍ വിവിധ വിഷയങ്ങള്‍ ആഴത്തിലും എന്നാല്‍ സരളമായും എഴുതിയാല്‍ വായനക്കാരെ ആകര്‍ഷിക്കാനും, വായനക്കാരുടെ എണ്ണം കൂട്ടാനും കഴിയും. വായനക്കാരുടെ പ്രശംസ പിടിച്ചുപറ്റാന്‍ മത്രമല്ല ലോകത്തിന്റെ മുക്കിലും മൂലയിലും നിന്ന് പോലും വയനക്കാരെ കണ്ടെത്താനും സാധിക്കും. അപ്പോള്‍ സ്വന്തം മതിപ്പ് നിലനിര്‍ത്താന്‍ ശ്രമിക്കുകയും അത് വഴി പോസ്റ്റുകളുടെ നിലവാരം ഉയരുകയും ചെയ്യും.

എന്നാലും എല്ലാറ്റിനും ഒരു പരിധി ഉണ്ടല്ലൊ. തന്റെ പേര് നിലനിര്‍ത്താന്‍ അല്ലെങ്കില്‍ താന്‍ ബ്ലോഗില്‍ സജീവമായുണ്ട് എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ വേണ്ടി തുടര്‍ന്ന് അല്ലെങ്കില്‍ ദിനവും ബ്ലോഗ് എഴുതിയേ പറ്റൂ എന്ന സ്ഥിതിവിശേഷം ഉണ്ടാക്കുന്നത് ആപത്താണ്. അപ്പോള്‍ എഴുതുന്നതിന്റെ നിലവാരം കുറഞ്ഞ് ചിലപ്പോള്‍ ചവറ് എന്ന് വായനക്കാര്‍ക്ക് തോന്നുന്ന തരത്തില്‍ എഴുതിപ്പോയേക്കാം. വായനക്കാരുടെ പ്രതീക്ഷകള്‍ നിറവേറ്റാനാകാതെ അവരാല്‍ അവഗണിക്കപ്പെടുന്ന അവസ്ഥയും ഉണ്ടായേക്കാം. ആത്മസംതൃപ്തിക്ക് വേണ്ടി തുടങ്ങി അവസാനം നൈരാശ്യത്തില്‍ എത്തിച്ചേര്‍ന്നേക്കാം. ഇത് ഒഴിവാക്കാന്‍ ശ്രമിക്കണം.

ബ്ലോഗ്ഗിങ്ങില്‍ ചില പ്രയാസങ്ങള്‍ ഇന്നുണ്ട്. അതില്‍ പ്രധാനം വിഷയദാരിദ്ര്യമാണ്. ധരാളം പേര്‍ ബ്ലോഗില്‍ കടന്നു വരുന്നു,എഴുതുന്നു. അത്കൊണ്ട് എഴുതാന്‍ പലര്‍ക്കും പുതിയ വിഷയങ്ങള്‍ കിട്ടുന്നില്ല. ഒരേ വിഷയത്തെ പറ്റി പലരും ഇതിന് മുന്‍പേ എഴുതിയിരിക്കാം. അത്കൊണ്ട് നവം നവങ്ങളായ വിഷയങ്ങള്‍ തേടി പിടിച്ചു കണ്ടെത്തേണ്ടിയിരിക്കുന്നു.

ഉള്ളടക്കങ്ങള്‍ പുതിയതും സവിശേഷമായതും മനോഹരമായും ഇരിക്കാന്‍ വേണ്ടി നാം നെറ്റില്‍ നിന്ന് പരതി പലതും എടുക്കേണ്ടി വരും. അങ്ങനെ നാം വിവരങ്ങളോ, ഫോട്ടോകളോ നെറ്റില്‍ നിന്ന് എടുക്കുമ്പോള്‍ അതിന്റെ വിശ്വാസ്യത ഉറപ്പാക്കേണ്ടതുണ്ട്. ഇത് വളരെ ശ്രമകരമാണ്. എന്തെന്നാല്‍, ഇന്റര്‍നെറ്റ് എന്നത് അപരിമിതമായ സ്വാതന്ത്ര്യം പ്രദാനം ചെയ്യുന്ന ഒന്നാണ്. ആര്‍ക്കും എന്തും നെറ്റില്‍ എഴുതാം, കൂട്ടിച്ചേര്‍ക്കാം. ആരും തടയില്ല. ആര്‍ക്കും ആരെയും പൂര്‍ണ്ണമായി തടയാനോ നിയന്ത്രിക്കാനോ നെറ്റില്‍ സാധ്യമല്ല. അത്കൊണ്ട് സ്വയനിയന്ത്രണവും ഉത്തരവാദിത്വബോധവും ഓരോ ബ്ലോഗര്‍ക്കുമുണ്ടാവേണ്ടതാണ്. സാമൂഹ്യപ്രതിബദ്ധതയുള്ള ബ്ലോഗ്ഗര്‍മാര്‍ക്ക് മാത്രമേ മറ്റുള്ളവരുടെ ആദരവ് പിടിച്ചു പറ്റാന്‍ കഴിയൂ. മറ്റ് വെബ് പേജുകളില്‍ നിന്ന് വിവരങ്ങളോ ചിത്രങ്ങളോ എടുക്കുകയാണെങ്കില്‍ അതിന്റെ സോഴ്സ് അല്ലെങ്കില്‍ ലിങ്ക് തന്റെ പോസ്റ്റില്‍ കാണിക്കുന്നത് വളരെ പ്രധാനപ്പെട്ടതാണ്. ഇന്ന് ബ്ലോഗ്ഗര്‍മാര്‍ മാത്രമല്ല പല മാധ്യമങ്ങളും ഇന്റര്‍നെറ്റില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ചിലര്‍ മാത്രമേ ആ വിവരങ്ങള്‍ക്ക് കടപ്പാട് രേഖപ്പെടുത്താറുള്ളൂ. ഏത് പോസ്റ്റില്‍ നിന്ന് അല്ലെങ്കില്‍ ഏത് വെബ് പേജില്‍ നിന്ന് ലഭിച്ചു എന്ന വിവരം പൂര്‍ണ്ണമായി രേഖപ്പെടുത്തുന്നതാണ് പരിഷ്കൃതവും ന്യായവുമായ രീതി. നിയമപരമായും അത്തരമൊരു ബാധ്യത എല്ലാവര്‍ക്കുമുണ്ട്.

ബ്ലോഗില്‍ ഒരാള്‍ തെറ്റായോ വസ്തുതാവിരുദ്ധമായോ എഴുതിയാല്‍ വായനക്കാര്‍ക്ക് ഉടനെ തന്നെ അതിനെ ചോദ്യം ചെയ്യാനോ മറുകുറിപ്പ് എഴുതാനോ സാധിക്കും എന്നത് മറ്റ് മാധ്യമങ്ങള്‍ക്ക് ഇല്ലാത്തതും ബ്ലോഗിന് മാത്രമുള്ളതുമായ ഒരു ബലമാണെന്ന് പറയാം. അത് പോലെ തെറ്റ് പറ്റിയെന്ന് ബോധ്യപ്പെട്ടാല്‍ ഉടനെ തന്നെ ക്ഷമാപണം നടത്താനോ, പോസ്റ്റ് തിരുത്താനോ അല്ലെങ്കില്‍ ഡിലീറ്റ് ചെയ്യാനോ ബ്ലോഗ്ഗര്‍ക്ക് കഴിയുന്നു എന്നതും മറ്റ് മാധ്യമങ്ങളെ അപേക്ഷിച്ച് ബ്ലോഗിന്റെ പ്രത്യേകതയാണ്.

താരതമ്യം ചെയ്താല്‍ ബ്ലോഗ് വായനക്കാരുടെ എണ്ണം തുലോം കുറവ് തന്നെയാണ്. പ്രിന്റ് മീഡിയയില്‍ അത് ലക്ഷക്കണക്കിനാണെങ്കില്‍ ബ്ലോഗില്‍ മിക്കവാറും നൂറ് കണക്കിന് മാത്രമേ വരൂ. എന്നിട്ടും അച്ചടിമാധ്യമത്തില്‍ എഴുതിയാല്‍ കിട്ടുന്നതിനേക്കാളും തൃപ്തി ബ്ലോഗിലാണ് ലഭിക്കുന്നത്. ഇതിന്റെ കാരണം പോസ്റ്റ് എഴുതുമ്പോഴുള്ള മാനസികാവസ്ഥ മാറുന്നതിന് മുന്‍പേ തന്നെ തന്റെ സൃഷ്ടി വായനക്കാരുടെ മുന്നിലേക്ക് എത്തിക്കാനും അവരുടെ പ്രതികരണം പെട്ടെന്ന് മനസ്സിലാക്കാനും കഴിയുന്നത് കൊണ്ടാണ്. പ്രതികരണങ്ങള്‍ എപ്പോഴും പ്രശംസകളോ അനുകൂലങ്ങളോ ആകണമെന്നില്ല. പ്രതികൂലമായും വരാം. എങ്ങനെ വന്നാലും അത് ബ്ലോഗ്ഗര്‍ക്കുള്ള അംഗീകാരമാണെന്നതാണ് നേര്. താന്‍ എഴുതുന്നതിന് കിട്ടുന്ന അംഗീകാരത്തേക്കാളും ഒരു ബ്ലോഗ്ഗര്‍ക്ക് സന്തോഷം നല്‍കുന്ന മറ്റെന്താണുള്ളത്?

ഇങ്ങനെയുള്ള കാരണങ്ങളാല്‍ ബ്ലോഗ് ചെയ്യുന്ന ഒരാളിന്റെ സൃഷ്ടിപരമായ കഴിവുകള്‍ കൂ‍ടുതല്‍ തിളങ്ങിവരും എന്നത് യാഥാര്‍ഥ്യമാണ്. ഇന്റര്‍നെറ്റിനെ പറ്റിയ അറിവുകളും അനുഭവങ്ങളും വര്‍ദ്ധിക്കുന്നു. മാത്രമല്ല ടൈപ്പ് ചെയ്യുന്നതിന്റെ വേഗതയും വര്‍ദ്ധിക്കും എന്നും പറയേണ്ടതുണ്ട്. എന്നെ സംബന്ധിച്ചു പറഞ്ഞാല്‍ ഞാന്‍ കഴിഞ്ഞ 12 വര്‍ഷങ്ങളായി കമ്പ്യൂട്ടര്‍(തമിഴില്‍ ഗണിനി)ഉപയോഗിക്കുന്നുണ്ട്. എന്നാലും ബ്ലോഗ്ഗിങ്ങ് തുടങ്ങിയിട്ട് രണ്ടര വര്‍ഷങ്ങളേ ആയിട്ടുള്ളൂ. ബ്ലോഗില്‍ ധാരാളം സൌഹൃദങ്ങളും, മധുരതരവും ഉപയോഗപ്രദവുമായ അനുഭവങ്ങളും കിട്ടി. തമിഴ് മണം , യാഴ്‌ദേവി എന്നീ അഗ്രിഗേറ്ററുകള്‍ എന്നെ ഒരേ സമയം നക്ഷത്ര ബ്ലോഗ്ഗറായി പരിചയപ്പെടുത്തിയത് അളവറ്റ സന്തോഷവും അഭിമാനവും നല്‍കി.

സന്തോഷത്തിന് പുറമെ മറ്റൊരു വിധത്തില്‍ ആശ്വാസവുമുണ്ട്. എന്തെന്നാല്‍ ദിവസവും പോസ്റ്റുകള്‍ എഴുതുക എന്നത് എന്നെ സംബന്ധിച്ചു ശ്രമകരവും ഭാരവുമാണ്. എന്നാലും പല ബ്ലോഗ് സുഹൃത്തുക്കളുടെയും നിര്‍ദ്ദേശങ്ങള്‍ ഉത്സാഹം നല്‍കിക്കൊണ്ടിരുന്നു. കമ്പ്യൂട്ടറിന്റെ സാങ്കേതികവിദ്യ ഒട്ടും അറിയാതെ കേവലം സാങ്കല്പിക ലോകത്ത് വിഹരിച്ചിരുന്ന എനിക്ക് ഇത്രയെങ്കിലും പ്രയോജനം
ബ്ലോഗില്‍ ലഭിച്ചത് വളരെ സന്തുഷ്ടി നല്‍കുന്നു.

കുഴൂര്‍ വില്‍‌സന് സ്നേഹപൂര്‍വ്വം !

കവിതാ ബ്ലോഗുകളില്‍ ഒന്നും ഞാന്‍ കമന്റ് എഴുതാറില്ല. വായിച്ചു വരും അത്രയേയുള്ളൂ. കവിതയെ പറ്റിയുള്ള വാദകോലാഹലങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും കവിതയോളം തന്നെ പഴക്കമുണ്ട്. ഇടക്കാലത്ത് കവിതയുടെ കൂമ്പ് കരിഞ്ഞു പോയി എന്നൊക്കെ വിലാപങ്ങള്‍ കേട്ടിരുന്നു. എന്നാല്‍ ഇന്നും കവിതകള്‍ നിത്യവസന്തം പോലെ പൂത്തുലഞ്ഞു നില്‍ക്കുന്നു. കവിതയ്ക്ക് പ്രാസവും വൃത്തവും വേണോ വേണ്ടേ , കവിത വായിച്ചാസ്വദിക്കാനുള്ളതോ അതോ ചൊല്‍ക്കാഴ്ച കേട്ട് രസിക്കാനുള്ളതോ , കവിത പദ്യമോ ഗദ്യമോ എന്നിങ്ങനെ പോകുന്നു വിവാദങ്ങള്‍ . എനിക്കൊറ്റ അഭിപ്രായമേയുള്ളൂ, ഇതെല്ലാമാണ് കവിത. ഒരു കവി എന്താണോ എനിക്ക് നല്‍കുന്നത് അതെനിക്ക് കവിതയാണ്. നമ്മള്‍ രണ്ട് പേജ് നിറയെ കുത്തിക്കുറിച്ചാലും ഫലിപ്പിക്കാന്‍ കഴിയാത്തത് കവി രണ്ടു വരിയില്‍ വൃത്തിയായി പറഞ്ഞു തരും. അതാണ് കവിതയുടെ എക്കാലത്തുമുള്ള പ്രസക്തി. അത്കൊണ്ടാണ് കവിത മരിക്കാത്തത്. അത് കൊണ്ടാണ് ഞാന്‍ കവിതകള്‍ ഏറ്റം ഇഷ്ടപ്പെടുന്നത്. കവികളോട് എനിക്ക് കലശലായ അസൂയയുണ്ട്. അത്, എന്റെ മനസ്സില്‍ അലതല്ലുന്ന ആശയങ്ങള്‍ എനിക്ക് കവിതകളായി ആവിഷ്ക്കരിക്കാന്‍ കഴിയാത്തത്കൊണ്ടാണ്.

മലയാളം ബ്ലോഗില്‍ ധാരാളം കവികളും, ഗ്രൂപ്പ് കവിതാബ്ലോഗുകളും ഉണ്ട്. പലപ്പോഴും നിലവാരം കുറഞ്ഞ വിവാദങ്ങളും തെറിവിളികളും കവികള്‍ക്കിടയില്‍ കാണുമ്പോള്‍ ദു:ഖവും തോന്നാറുണ്ട്. ഇപ്പോള്‍ തന്നെ വിഷ്ണുമാഷ് കുഴൂര്‍ വില്‍‌സണെ തോണ്ടേണ്ട ആവശ്യം എന്താണ്? വില്‍‌സണ്‍ മഹാകവിയാണെങ്കിലും സെല്‍ഫ് പ്രമോട്ട് ചെയ്യുന്നു എന്ന് പോസ്റ്റില്‍ പറയുന്ന വിഷ്ണുമാഷ്, ആ പോസ്റ്റിനെ ഓര്‍ക്കുട്ടില്‍ പ്രമോട്ട് ചെയ്തത് കുഴൂര്‍ വില്‍‌സണെ ഒന്നു തോണ്ടുന്നു എന്ന വാചകത്തോടെയാണ്, എന്നിട്ടൊരു സ്മൈലിയും. എന്തിനാണങ്ങനെ തോണ്ടുന്നത്? സഹബ്ലോഗ്ഗര്‍മാരെ വിമര്‍ശിച്ചുകൊണ്ട് ബ്ലോഗ് പോസ്റ്റുകള്‍ ഇടുന്നത് ആശാസ്യമാണോ എന്ന് എല്ലാവരും ചിന്തിക്കേണ്ടതാണ്. അത് പോലെ ബ്ലോഗില്‍ തെറി എഴുതുന്നവരെ എങ്ങനെ അവഗണിക്കാം എന്നും ആലോചിക്കണം. നമ്മുടെ ബ്ലോഗ് പരിസരം വെടിപ്പും വൃത്തിയും ഉള്ളതായിരിക്കേണ്ടേ? അറിയാനും അറിഞ്ഞത് മറ്റുള്ളവരെ അറിയിക്കാനുള്ള ത്വര ജന്മസഹജമാണ്. അതാണ് ബ്ലോഗിന്റെ പ്രസക്തിയും. എഴുതിത്തെളിഞ്ഞവരല്ല ബ്ലോഗില്‍ വരുന്നത്. വിമര്‍ശിക്കുന്നത് അവര്‍ക്ക് ഒരു കൈ കൊടുക്കാനായിരിക്കണം. ഓരോരുത്തരും അവരുടെ കഴിവുകള്‍ അനുസരിച്ചാണ് എഴുതുന്നത്. പോരായ്മകള്‍ കണ്ടാല്‍ അത് ചൂണ്ടിക്കാട്ടാം.

കുഴൂര്‍ വില്‍‌സണ്‍ വിഷ്ണുമാഷിന്റെ ബ്ലോഗില്‍ ഒരു കമന്റ് എഴുതിക്കണ്ടു. തികച്ചും കുലീനമായ ആ കമന്റില്‍ “ കവിതയുമായി ബന്ധപ്പെട്ട് ഒരു പാട് കാര്യങ്ങള്‍ വേറെ ചെയ്യാനുണ്ട്. എല്ലാവര്‍ക്കും. അതിനാല്‍ ആ ഊര്‍ജ്ജം ഇതുമായി ബന്ധപ്പെട്ട അനാവശ്യവിവാദങ്ങള്‍ക്കായി കളയരുത് എന്ന് അപേക്ഷിക്കുന്നു.” എന്ന വരികള്‍ വായിക്കാനിടയായതാണ് സത്യത്തില്‍ ഞാന്‍ ഇതെഴുതാന്‍ കാരണം. കവിതയുമായി ബന്ധപ്പെട്ട് എന്തെല്ലാം ചെയ്യാന്‍ കഴിയും? നിര്‍ദ്ദേശം വെക്കാന്‍ ഞാന്‍ ആളല്ല. എന്നാല്‍ ഒരു മാതൃക ചൂണ്ടിക്കാട്ടാന്‍ ഈ അവസരം ഉപയോഗിക്കുന്നു. മലയാളത്തില്‍ കുറെ കവികള്‍ ബ്ലോഗ്ഗര്‍മാരായിട്ടുണ്ട് എന്ന് പറഞ്ഞല്ലൊ, അവരോടൊക്കെയാണ് പറയുന്നത്.

തമിഴില്‍ ഒരു ഗദ്യകവിതാ മത്സരം നടക്കുന്നുണ്ട്. “ഉരൈയാടല്‍ കവിതൈ പോട്ടി” എന്നാണ് കാണുന്നത്. അപ്പോള്‍ ഗദ്യകവിതാമത്സരം ആയിരിക്കുമല്ലൊ അല്ലെ? തമിഴ് പുതുവര്‍ഷാരംഭമായ ജനവരി 14നാണ് അവസാനതീയ്യതി. 2010 മാര്‍ച്ച് 1ന് ഫലപ്രഖ്യാപനം. മൊത്തം സമ്മാനത്തുക 30000 രൂപ. 20 പേരെ തെരഞ്ഞെടുത്ത് 1500 രൂപ വീതം സമ്മാനം നല്‍കും. സ്പോണ്‍സര്‍മാര്‍ ഇല്ല. തുക സംഘാടകര്‍ കൈയ്യില്‍ നിന്ന് എടുക്കും. നിയമാവലി ഇവിടെ (വേണമെങ്കില്‍ ഞാന്‍ തര്‍ജ്ജമ ചെയ്ത് തരാം). ഇതേ വരെ റജിസ്റ്റര്‍ ചെയ്ത ബ്ലോഗ്ഗേര്‍സിന്റെ പട്ടിക ഇവിടെ. റജിസ്‌ട്രേഷന്‍ തുടരുന്നു.

പ്രിയപ്പെട്ട കവികളേ നിങ്ങള്‍ മനുഷ്യകഥാനുഗായകരാണ്. തുടര്‍ന്നെഴുതുക. അനാവശ്യവിവാദങ്ങളില്‍ ഊര്‍ജ്ജം കളയരുത് എന്ന വില്‍‌സന്റെ വാക്കുകള്‍ ശ്രദ്ധിക്കപ്പെടട്ടെ !

വാല്‍ക്കഷണം:
കവി എന്നാല്‍ കവിത എഴുതുന്നവനല്ല. കവിതയെ ജീവിതമാക്കുന്നവന്‍ , ജീവിതത്തെ കവിതയാക്കുന്നവന്‍ ആരോ, അവനാണ് കവി. ( മഹാകവി ഭാരതിയാര്‍ )

കാതല്‍ കടിതങ്ങളും വാടിയ മല്ലികൈകളും

എനിക്ക് കവിത ആസ്വദിക്കാനേ അറിയൂ. കവിത എന്നും ഒരു ഹരമായിരുന്നു. പ്രൈമറി സ്കൂളില്‍ പഠിക്കുമ്പോള്‍ മലയാളം ക്ലാസില്‍ കവിത മന:പാഠം ചെയ്ത് ചൊല്ലണമെന്ന് മലയാളം മാഷിന് നിര്‍ബ്ബന്ധമായിരുന്നു. വീണപൂവും വാഴക്കുലയുമൊക്കെ അങ്ങനെ മന:പാഠം ചെയ്തിരുന്നു. കുറെ കാലം മദ്രാസില്‍ ഉണ്ടായിരുന്നപ്പോള്‍ തമിഴ് കവിതകളോട് എന്തെന്നില്ലാത്ത ആഭിമുഖ്യം തോന്നി. കവിഞ്ജര്‍ കണ്ണദാസന്റെ സിനിമാഗാനങ്ങള്‍ പോലും ഉദാത്തമായ കവിതകളാണെന്ന് തോന്നിയിട്ടുണ്ട്. കടമ്മനിട്ടയുടെ കുറത്തിയും,കോഴിയും,ചാക്കാലയും, ചുള്ളിക്കാടിന്റെ കവിതകളും മധുസൂധനന്‍ നായരുടെ നാറാണത്ത് ഭ്രാന്തനും മറ്റു കവിതകളും കേട്ടാലും കേട്ടാലും മതി വരാറില്ല. പവിത്രന്‍ തീക്കുനിയുടെ കവിതകള്‍ ഇപ്പോള്‍ എവിടെ കണ്ടാലും വായിക്കും. വൈലോപ്പിള്ളിയുടെ മാമ്പഴം വായിച്ച് കുട്ടിക്കാലത്ത് ഞാനും പിന്നീട് എന്റെ മക്കളും കരഞ്ഞിട്ടുണ്ട്. ഇനി എന്റെ പേരക്കുട്ടികളും അത് വായിച്ചു കരയും എന്നെനിക്കുറപ്പില്ല. കാലം മാറിപ്പോയില്ലെ. എന്നാലും മാമ്പഴം വായിച്ചു എക്കാലവും കുട്ടികള്‍ കരയണമെന്ന് ഞാന്‍ വെറുതെ ആഗ്രഹിക്കുന്നു.

മലയാളം ബ്ലോഗ്ഗര്‍മാരില്‍ ധാരാളം കവികളുണ്ട്. കവിത എഴുതണമെങ്കില്‍ ജന്മസിദ്ധമായ കഴിവ് വേണം എന്നെനിക്ക് തോന്നാറുണ്ട്. ലേഖനങ്ങള്‍ ആര്‍ക്കും എഴുതാന്‍ പറ്റും. പ്രത്യേകിച്ച് കഴിവ് ഒന്നും വേണ്ട. അതാണ് ഞാന്‍ ലേഖനങ്ങള്‍ മാത്രമെഴുതുന്നത്. എനിക്ക് പക്ഷെ തമിഴ് ബ്ലോഗിലെ കവിതകളാണ് ഏറെ ഇഷ്ടം. എന്ത് കൊണ്ടാണെന്നറിയില്ല. ഭാഷയില്‍ തന്നെ എനിക്ക് തമിഴിനോടാണ് കൂടുതല്‍ താല്പര്യം,അത്കൊണ്ടായിരിക്കാം. കടല് പോലെ അഗാധമാണ് തമിഴ് സാഹിത്യം. ഇന്ത്യയില്‍ തന്നെ ഏറ്റവും പ്രാചീനമായ ആ ഭാഷ ഇന്നും അനുദിനം വളരുന്നു എന്നത് തമിഴിന്റെ ഒരു പ്രത്യേകതയാണ്. മറ്റുള്ളവരോട് സംസാരിക്കുമ്പോള്‍ ബഹുമാനസൂചകമായ പദപ്രയോഗങ്ങള്‍ മലയാളത്തില്‍ തീരെയില്ല,എന്നാല്‍ തമിഴില്‍ കേള്‍ക്കാന്‍ എന്ത് രസമാണ്.

ഞാന്‍ ഒരു തമിഴ് ബ്ലോഗില്‍ ഒരു ചെറുകവിത വായിച്ചപ്പോള്‍ അത് മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്യണമെന്ന് തോന്നി. അപ്പോഴാണ്, കവിതയെഴുത്ത് ഒരു കാരണവശാലും എനിക്ക് വഴങ്ങില്ല എന്ന് ബോധ്യമായത്. കൊളമ്പിലെ ഒരു തമിഴ് ബ്ലോഗ്ഗറെ ഈയ്യിടെ നെറ്റിലൂടെ പരിചയപ്പെട്ടു. ഡോക്ടറാണ് അദ്ദേഹം. ആരോഗ്യകാര്യങ്ങള്‍ പതിവായി ബ്ലോഗില്‍ എഴുതുന്നു. എന്തിന് ബ്ലോഗെഴുതുന്നു എന്ന അദ്ദേഹത്തിന്റെ ഒരു പോസ്റ്റ് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ അനുവാദം മേടിച്ചിട്ട് കുറെ ദിവസമായി. ഇനിയും തുടങ്ങിയിട്ടില്ല. മറ്റു ഭാഷകളിലെ ബ്ലോഗ്ഗര്‍മാരെ പരിചയപ്പെടുത്തുന്ന പോസ്റ്റുകള്‍ നല്ല ഒരാശയമായിരുന്നു. മലയാളം ബ്ലോഗ്ഗര്‍മാര്‍ക്ക് പരസ്പരം ചെളി വാരിയെറിയാനും വ്യക്തിപരമായി അധിക്ഷേപിക്കാനുമാണ് ആര്‍ജ്ജവം കൂടുതല്‍. തമിഴില്‍ ആ പ്രവണത ഞാന്‍ കണ്ടിട്ടേയില്ല. ആരോഗ്യകരമായ സംവാദങ്ങളാണ് അവിടെ പതിവ്.

ഞാന്‍ വായിച്ച ആ ചെറിയ കവിത ഒന്ന് ചൊല്ലി നോക്കട്ടെ, നിങ്ങള്‍ക്കും താല്പര്യമെങ്കില്‍ കേള്‍ക്കാം:

ചില കാതല്‍ കടിതങ്കളും കായ്ന്ത മല്ലികൈകളും

മുല്ലപെരിയാര്‍; പ്രശ്നവും പരിഹാരവും

മുല്ലപെരിയാര്‍ പ്രശ്നം കേരളം , തമിഴ്‌നാട് എന്നീ രണ്ട് സംസ്ഥാനങ്ങള്‍ക്കും ജീവന്മരണപ്രശ്നമായി മാറിയിരിക്കുകയാണ്. അണക്കെട്ട് തകര്‍ന്നാല്‍ അത് സങ്കല്‍പ്പിക്കാനാകാത്ത ദുരന്തമാണ് കേരളത്തില്‍ വരുത്തിവെക്കുക. തമിഴ് നാട് ആകട്ടെ അവിടെ കൃഷിക്ക് ആവശ്യമായ ജലം ഇല്ലാതെ കര്‍ഷകര്‍ വലയുകയുമാണ്. പ്രധാനമായും കാവേരി നദീ ജലവും മുല്ലപെരിയാര്‍ അണക്കെട്ടില്‍ നിന്ന് ലഭിക്കുന്ന വെള്ളവുമാണ് അവര്‍ കൃഷിക്ക് ഉപയോഗിക്കുന്നത്. എന്നിട്ടും അവിടെ ആവശ്യത്തിന് ജലം ഇല്ല. കൃഷിയെ ആ‍ശ്രയിച്ചാണ് തമിഴ് നാട് ജീവിയ്ക്കുന്നത് തന്നെ. അവരെ സംബന്ധിച്ച് ഈ രണ്ട് ജലസ്രോതസ്സുകളും പതിറ്റാണ്ടുകളായി തര്‍ക്കത്തിലുമാണ്. ഈ തര്‍ക്കം വോട്ടാക്കി മാറ്റാന്‍ തക്കം പാര്‍ത്തിരിക്കുന്ന കഴുകന്‍ കണ്ണുള്ളവരാണ് അവിടത്തെ രാഷ്ട്രീയക്കാര്‍ . ഇപ്പോള്‍ മുല്ലപെരിയാറിന്റെ പേരില്‍ കരുണാനിധിയെ പ്രതിക്കൂട്ടില്‍ നിര്‍ത്താനാണ് ജയലളിതയും വൈക്കോയും ശ്രമിക്കുന്നത്. മുന്‍പ് കാവേരി നദി പ്രശ്നത്തില്‍ ജയലളിതയെ കരുണാനിധി വെള്ളം കുടിപ്പിച്ചതാണ്. അധികാരത്തിന് വേണ്ടി ജനങ്ങളെ ഇളക്കിവിടുന്ന രാഷ്ട്രീയക്കാര്‍ പലപ്പോഴും ശവം തീനികളായി മാറുന്നു എന്ന് പറയേണ്ടി വരുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലാണ്. ഇപ്പോള്‍ തന്നെ മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ കഴിഞ്ഞ നവംബര്‍ 14ന് വൈക്കോ മധുരയില്‍ നിരാഹാരം ഇരുന്നു. കേരളത്തിലേക്ക് പോകുന്ന ലോറികള്‍ MDMK പ്രവര്‍ത്തകര്‍ തടയും എന്നാണ് വൈക്കോ ഭീഷണി മുഴക്കുന്നത്. അതാണ് തമിഴരുടെ തുറുപ്പ് ശീട്ട്.

മുല്ലപ്പെരിയാറിനെ പറ്റി തമിഴ്‌നാട്ടിലും വ്യാപകമായ ചര്‍ച്ചകള്‍ ബ്ലോഗുകളിലും മറ്റ് മാധ്യമങ്ങളിലും നടക്കുന്നുണ്ട്. ഒരിടത്ത് കണ്ട കമന്റ് ഇങ്ങനെ : கேரளாவுக்கான உணவு , அத்தியாவசிய பொருட்கள் ஐம்பத்து ஐந்து சதவீதத்துக்கு மேல் தமிழகத்தில் இருந்து தான் அனுப்ப படுகிறது (കേരളത്തിനാവശ്യമായ ഭക്ഷ്യ, പലവ്യജ്ഞന സാധനങ്ങള്‍ 55 ശതമാനത്തിലധികം തമിഴ്‌നാട്ടില്‍ നിന്നാണ് അയക്കുന്നത്) , first, stop all commodities to kerala including fruits, vegetables, meat, etc. stop sand also. for construction they are mainly depend on us. ഇത് കേട്ടാല്‍ നമ്മള്‍ ആകെ തകര്‍ന്നു പോകും. അതാണ് നമ്മുടെ ഇന്നത്തെ അവസ്ഥ. ഒരു ഭാഗത്ത് ഏത് നിമിഷവും തകരാനിടയുള്ള അണക്കെട്ട്, മറുഭാഗത്ത് തമിഴ്‌നാട്ടില്‍ നിന്നും ലോറികള്‍ അതിര്‍ത്തി കടന്ന് എത്തിയില്ലെങ്കില്‍ ഉണ്ടാകാനിടയുള്ള ഭക്ഷ്യക്ഷാമം. രണ്ട് സംസ്ഥാനങ്ങളിലെയും ജനങ്ങളെ പരസ്പരം ശത്രുകള്‍ ആക്കാതെ എങ്ങനെ ഈ പ്രശ്നം പരിഹരിക്കാന്‍ കഴിയും എന്നാണ് അടിയന്തിരമായി ചിന്തിക്കേണ്ടത്. തമിഴ്‌നാടിന് ബലം നല്‍കുന്നത് ബ്രിട്ടീഷ് ഭരണകാലത്ത് ഉണ്ടാക്കിയ പാട്ടക്കരാറും, പിന്നീട് കേരള ഗവണ്മേന്റുമായി പുതുക്കിയ കരാറുമാണ്. അണക്കെട്ടില്‍ വിള്ളല്‍ ഉണ്ട് എന്നത് ഒരു രാഷ്ട്രീയപ്രചരണം മാത്രമാണെന്നും പുതിയ അണക്കെട്ട് നിര്‍മ്മിക്കാനുള്ള നിര്‍ദ്ദേശം തമിഴ്‌നാടിന് വെള്ളം നിഷേധിക്കാനുള്ള ഗൂഢാലോചനയാണിതിന് പിന്നില്‍ എന്നുമാണ് ഭൂരിപക്ഷം തമിഴരും ഇപ്പോഴും കരുതുന്നത്. മുല്ലപെരിയാര്‍ വിഷയത്തില്‍ തമിഴ് ജനതയോടൊപ്പം നില്‍ക്കുന്നില്ല എന്ന പേരില്‍ അവിടത്തെ സി.പി.എം. തമിഴ്‌നാട് ഘടകം വിമര്‍ശിക്കപ്പെടുന്നുണ്ട്.

മുല്ലപെരിയാര്‍ അണക്കെട്ടോടനുബന്ധിച്ച് തമിഴ്‌നാട് വൈദ്യുതി ഉല്പാദിപ്പിക്കുന്നുണ്ട് . അവിടെ ഉല്പാദിപ്പിക്കുന്ന വൈദ്യുതി തുച്ഛമാണെന്നും അത് നഷ്ടപ്പെട്ടാല്‍ തമിഴ്‌നാടിന് പോറല്‍ ഒന്നും ഏല്‍ക്കില്ല എന്നും അതിനാല്‍ ആ വൈദ്യുതി കേരളത്തിന് സൌജന്യമായി നല്‍കിയാല്‍ പിന്നെ കേരളം മുല്ലപെരിയാര്‍ തര്‍ക്കം ഉന്നയിക്കില്ല എന്നും ഒരു തമിഴ് ബ്ലോഗില്‍ കണ്ടു. ഇഡുക്കി ഡാം പൂര്‍ത്തിയാക്കിയതിന് ശേഷം ആവശ്യത്തിന് ജലം ലഭിക്കുന്നില്ല എന്ന് കണ്ടപ്പോള്‍ മുതലാണ് കേരള ഗവണ്മേണ്ട് മുല്ലപെരിയാര്‍ വിവാദമാക്കുന്നത് എന്ന് അതില്‍ പറയുന്നു. ഇതില്‍ നിന്നെല്ലാം മനസ്സിലാക്കേണ്ടത്, മുല്ലപെരിയാറിന്റെ അപകടഭീഷണി തമിഴ്‌നാട്ടിലെ സഹോദരന്മാര്‍ക്ക് മനസ്സിലായിട്ടില്ല എന്നാണ്. നാം നിയമനടപടികളുമായി മാത്രം മുന്നോട്ട് പോയാല്‍ അതിന്റെ പര്യവസാനം വരെ അണക്കെട്ട് അവിടെ ഉണ്ടാകണമെന്നില്ല. ഒരു ദുരന്തം സംഭവിച്ചിട്ട് കഴിഞ്ഞിട്ട് മുറവിളി കൂട്ടിയിട്ട് കാര്യമില്ലല്ലൊ.

അതിനാല്‍ അണക്കെട്ടിന്റെ ഇന്നത്തെ അവസ്ഥ ലക്ഷക്കണക്കിന് ആളുകളുടെ ജീവന് അപകടഭീഷണി ഉയര്‍ത്തുന്നു എന്ന സത്യം തമിഴ്‌നാട്ടിലുള്ളവരെ ബോധ്യപ്പെടുത്താന്‍ , സാധ്യമായ എല്ലാ വഴികളിലൂടെയും പ്രചാരണം നടത്തി, പുതിയ ഡാം പണിയുന്നതിന് അനുകൂലമായ മനോഭാവം തമിഴ് സഹോദരന്മാരില്‍ ഉണ്ടാക്കാന്‍ നമുക്ക് കഴിയണം. അതിനായി കേരളത്തില്‍ നിന്ന് ഒരു സര്‍വ്വകക്ഷി സംഘം തമിഴ്‌നാട്ടില്‍ പോയി അവിടെയുള്ള എല്ലാ രാഷ്ട്രീയ നേതാക്കളെയും, മറ്റ് പ്രമുഖരെയും കണ്ട് സംഭാഷണം നടത്താവുന്നതാണ്. സര്‍ക്കാര്‍ തലത്തിലും ബന്ധപ്പെട്ട് തമിഴ്‌നാടിന് വെള്ളം ഉറപ്പാക്കുന്ന തരത്തില്‍ പുതിയ അണക്കെട്ടിന് വേണ്ട കാര്യങ്ങള്‍ നീക്കാവുന്നതാണ്. ഇവിടെയും യഥാര്‍ഥ പ്രശ്നം വോട്ട് ബാങ്കിന്റേതാണെന്ന് നാം കാണണം. കരുണാനിധി അയഞ്ഞാല്‍ ജയലളിത അത് മുതലാക്കി വോട്ടുകള്‍ വാരിക്കൂട്ടും. വൈക്കോയും കുറുക്കനെ പോലെ സന്ദര്‍ഭം കാത്തിരിക്കുന്നു. അപകട ഭീഷണി തമിഴരെ ബോധ്യപ്പെടുത്തുകയും അതോടൊപ്പം നിയമപരമായി മുന്നോട്ട് പോവുകയും ചെയ്യാനേ നമുക്ക് കഴിയൂ. മുല്ലപെരിയാറിനെ പറ്റി തമിഴ്‌നാട്ടില്‍ എങ്ങനെ ക്യാമ്പയിന്‍ നടത്താം എന്ന് എല്ലാവരും കൂടി ആലോചിക്കാന്‍ ഇനി അമാന്തിച്ചു കൂട.


മുല്ലപെരിയാറിനെ കുറിച്ച് സമഗ്രവിവരങ്ങള്‍ നല്‍കുകയും അപ്പപ്പോള്‍ അപ്‌ഡേറ്റ് ചെയ്യുകയും ചെയ്യുന്ന ഒരു വെബ്‌സൈറ്റ് പി.എസ്. സുമേഷ് തയ്യാറാക്കിയിട്ടുണ്ട്. അതിന്റെ ലിങ്ക് ഇവിടെ

മുല്ലപെരിയാറിനെ പറ്റി സുമേഷ് സംവിധാനം ചെയ്ത് സൈബര്‍ ഗ്രാഫിക്സ് നിര്‍മ്മിച്ച 33 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി നാലു ഭാഗങ്ങളായി താഴെ യൂട്യൂബില്‍ കാണുക:




സ്വാശ്രയ അടുക്കളയും വിലക്കയറ്റവും

മലയാളം ബ്ലോഗ്ഗര്‍മാര്‍ തങ്ങളുടെ സാമൂഹ്യപ്രതിബദ്ധത ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് , കേരളത്തിലെ സാമൂഹ്യ-രാഷ്ട്രീയ-സാംസ്ക്കാരിക രംഗങ്ങളില്‍ ഇപ്പോള്‍ സജീവമായി ഇടപെടുന്നുണ്ട്. അത് വളരെ ശുഭോദര്‍ക്കമായ സംഗതിയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് നമ്മുടെ ബുലോകം മുന്‍‌കൈയെടുത്ത് സംഘടിപ്പിക്കുന്ന “റീ-ബില്‍ഡ് മുല്ലപെരിയാര്‍ ഡാം” എന്ന ബ്ലോഗ്ഗേര്‍സ് മൂവ് മെന്റ്.

ഇത്തരുണത്തില്‍ ഞാന്‍ ബൂലോകരുടെയും കേരളീയ സമൂഹത്തിന്റെയും സര്‍ക്കാരിന്റെയും പരിഗണനയ്ക്ക് വേണ്ടി ഏറ്റവും പ്രധാനപ്പെട്ട ഒരു വിഷയം അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. അത് മറ്റൊന്നുമല്ല, വിലക്കയറ്റമാണ്. കേരളം ഒരു കണ്‍സ്യൂമര്‍ സ്റ്റേറ്റ് ആണെന്ന് പറയുന്നത് അഭിമാനമായി കാണാതെ അതൊരു അപമാനമായി കാണണം എന്ന് ആമുഖമായി എല്ലാവരോടും പറയട്ടെ. മറ്റൊന്ന് വിലക്കയറ്റം എന്നത് സര്‍ക്കാറുകളെ അടിക്കാനുള്ള വടിയല്ല, അത് എല്ലാവരും യോജിച്ച് പരിഹാരം കാണേണ്ടതായ നീറുന്ന ജനകീയ പ്രശ്നമാണ്. ഇന്ന് സാധാരണക്കാര്‍ക്ക് നിത്യജീവിതം അസഹ്യമാക്കും വിധം ഭക്ഷ്യസാധനങ്ങളുടെ വില ക്രമാതീതമയി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതിന്റെ അടിസ്ഥാനകാരണം രാജ്യത്ത ഭക്ഷ്യോല്പാദനം അപര്യാപ്തമാണ് എന്നതാണ്. ഈ രംഗത്ത് കേരളത്തിന്റെ സംഭാവനയോ വട്ടപ്പൂജ്യവും. കറിവേപ്പിലയ്ക്ക് പോലും അയല്‍‌സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്ന ഗതികേട് നമുക്ക് ഭൂഷണമാണോ? ജനകീയാസൂത്രണം എന്ന പദ്ധതി കൊണ്ട് നമ്മുടെ ഭക്ഷ്യോല്പാദനം ഒട്ടും വര്‍ദ്ധിച്ചില്ല എന്ന് മാത്രമല്ല, ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്ക് നൂറ് ശതമാനവും അയല്‍‌സംസ്ഥാനങ്ങളെ ആശ്രയിക്കുക എന്ന നിലപാടിലേക്കാണ് നമ്മള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. അപ്പോള്‍ പിന്നെ നമുക്ക് എന്തിനാണ് കൃഷിവകുപ്പും കൃഷിഭവനുകളും ?

ഇതിനൊക്കെ ഒരു പരിധി വരെ പരിഹാരം കാണാനുള്ള ഒരു എളിയ നിര്‍ദ്ദേശമാണ് എനിക്ക് സര്‍ക്കാരിന്റെയും സമൂഹത്തിന്റെയും മുന്‍‌പില്‍ സമര്‍പ്പിക്കാനുള്ളത്. അതാണ് ഞാന്‍ മുന്നോട്ട് വെക്കുന്ന “സ്വാശ്രയ അടുക്കള ” എന്ന പദ്ധതി. മുന്‍പ് അടുക്കളത്തോട്ടം എന്നൊരു പദ്ധതി പരീക്ഷിച്ച് പരാജയപ്പെട്ടതാണ്. അത് വീണ്ടും സ്വാശ്രയ അടുക്കള എന്ന പേരില്‍ പുനരുജ്ജീവിപ്പിച്ചു സമൂ‍ഹത്തിന്റെ മൊത്തം പങ്കാളിത്തത്തോടെ നടപ്പാക്കി, ഒരു പരിധി വരെ നമുക്കാവശ്യമുള്ള പച്ചക്കറികളും കോഴിമുട്ടയും വീടുകളില്‍ തന്നെ ഉല്പാദിപ്പിക്കാന്‍ കഴിഞ്ഞാല്‍ ഭക്ഷ്യദൌര്‍ലഭ്യം അല്പമെങ്കിലും ലഘൂകരിക്കാന്‍ കഴിയുമല്ലൊ.

ഓരോ വീട്ടിലും പച്ചക്കറി വിത്തുകളും വളവും, രണ്ട് വീതം കോഴിക്കുഞ്ഞുങ്ങളെയും സര്‍ക്കാര്‍ കൃഷിഭവന്‍ മുഖാന്തിരം സൌജന്യമായി നല്‍കട്ടെ. കോഴിക്കുഞ്ഞുങ്ങളെ വളര്‍ത്താന്‍ ചെറിയ കൂടും സൌജന്യമായി നല്‍കണം. ഓരോ വീട്ടിലും വേസ്റ്റായി കളയുന്ന ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ രണ്ടോ മൂന്നോ കോഴികള്‍ക്ക് ധാരാളം മതി. കൂട്ടിലിട്ട് വളര്‍ത്തുന്നതിനാല്‍ അയല്‍ക്കാര്‍ക്ക് ഉപദ്രവവുമില്ല. ഏതൊരു പദ്ധതിയും കൊട്ടിഘോഷിച്ച് ആരംഭിച്ചു പിന്നെ ഉപേക്ഷിക്കുന്നത് കേരളത്തിന്റെ മാത്രം ശാപമാണ്. ഈ പദ്ധതി അങ്ങനെ ഉപേക്ഷിക്കാനിട വരരുത്. കാരണം ഭക്ഷണം എന്നത് എന്നും ആവശ്യമുള്ളതാണല്ലൊ. കുറഞ്ഞ പക്ഷം എല്ല്ലാ വീട്ടിലും പപ്പായ,മുരിങ്ങ,കറിവേപ്പില എന്നീ ചെടികളെങ്കിലും ഉണ്ടായാല്‍ അത്രയെങ്കിലുമായില്ലെ.

സ്ക്കൂള്‍ വിദ്യാര്‍ത്ഥികളെ ഈ പദ്ധതിയില്‍ ഭാഗഭാക്കാക്കാം. സ്വന്തം വീട്ടിലെ അടുക്കള കൃഷിയില്‍ ഓരോ വിദ്യാര്‍ത്ഥിയും ഓരോ പീരിയഡ് ചെലവഴിക്കണം എന്നത് സിലബസ്സിന്റെ ഭാഗമാക്കാം. അതിന് ഗ്രേസ് മാര്‍ക്കും നല്‍കാം. ഭക്ഷണം കഴിച്ചാല്‍ മാത്രം പോര നമ്മള്‍ കുറച്ചെങ്കിലും ഉല്പാദിപ്പിക്കുകയും വേണം എന്ന ബോധം അവര്‍ക്കുണ്ടാകട്ടെ. എത്രമാത്രം പറമ്പുകളും പുരയിടങ്ങളുമാണ് കേരളത്തില്‍ തരിശായി കിടക്കുന്നത്. ജപ്പാന്‍‌കാര്‍ കടലിലല്ലെ മണ്ണ് നിറച്ച് കൃഷി ചെയ്യുന്നത്. നമ്മള്‍ ഇത്രയേറെ സ്ഥലം ഇങ്ങനെ പാഴാക്കിയിട്ട്, അടുത്ത സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന ലോറിയെയും കാത്തിരിക്കുന്നത് ആത്മഹത്യാപരമല്ലെ. ഇക്കഴിഞ്ഞ മുപ്പത് വര്‍ഷമായി നാട്ടിലേക്ക് വരുന്ന ദുബായിപ്പണമാണ് ഇങ്ങനെയൊരു അലസതയും ധൂര്‍ത്തും നാട്ടില്‍ ഉണ്ടാക്കി വെച്ചത്. വീടുകളില്‍ എല്ലാവരും അനാവശ്യച്ചെടികള്‍ ലാളിച്ച് താലോലിച്ച് വളര്‍ത്തുന്നുണ്ട്. എന്നിട്ടും ഓണത്തിന് പൂക്കളം തീര്‍ക്കാന്‍ കര്‍ണ്ണാടകയെയും തമിഴ്‌നാടിനെയും ആശ്രയിക്കുന്നു. അതെന്താ പച്ചക്കറിച്ചെടികളുടെ ഇലകള്‍ക്കും പൂക്കള്‍ക്കും ഭംഗിയില്ലേ?

വിലക്കയറ്റത്തെ കുറിച്ച് പറയുമ്പോള്‍ നമ്മുടെ നാട്ടിലെ ചെറുതും വലുതുമായ വ്യാപാരി സമുഹം പിടിച്ചുപറിക്കാരോ കൊള്ളക്കൂട്ടമോ ആണെന്ന് പറയേണ്ടി വരും. കടകളില്‍ സ്റ്റോക്ക് ഉള്ള സാധനത്തിന് തന്നെയാണ് അവര്‍ ദിവസവും വില കയറ്റിക്കൊണ്ടിരിക്കുന്നത്. ഇന്നലെ മേടിച്ച അതേ ചാക്കിലുള്ള പഞ്ചസാരയ്ക്ക് ഇന്ന് വില അധികം. ഇതെന്ത് നീതി? വേണമെങ്കില്‍ മേടിച്ചാല്‍ മതി എന്നാണ് കടക്കാരന്റെ നിലപാട്. ഒരു സാധനത്തിനും വില ചോദിക്കുന്നത് അവര്‍ക്ക് ഇഷ്ടമല്ല. തരുന്ന സാധനത്തിന് പറയുന്ന വില കൊടുക്കണം. അളവ് തൂക്കത്തില്‍ കൃത്രിമത്തിന് പുറമെ കള്ളക്കണക്കും വ്യാപകമാണ്. വാങ്ങിയ സാധനങ്ങള്‍ക്ക് ആകെ എന്ത് വില വരും എന്ന് ഉപഭോക്താവിന് കണക്ക് കൂട്ടി നോക്കാന്‍ ഒരു വഴിയുമില്ല. ഇപ്പറഞ്ഞത് ഗ്രാമങ്ങളിലെ സ്ഥിതിയാണ്. നഗരങ്ങളില്‍ ഇപ്പോള്‍ സൂപ്പര്‍ മാര്‍ക്കറ്റുകളാണല്ലൊ. അവിടെ പായ്ക്കറ്റുകളില്‍ ഒട്ടിച്ചിരിക്കുന്ന സ്റ്റിക്കറുകളിലെ എമ്മാര്‍പ്പി വില ഒരു ലോജിക്കും ഇല്ലാത്തതാണ്. മാര്‍ജ്ജിന്‍ ഫ്രീ ഷോപ്പുകളിലും കൊള്ളയാണ് നടക്കുന്നത്. ഇതിനൊക്കെ ഒരു പരിധി വരെ പരിഹാരം കാണാന്‍ എല്ലാ കടകളിലും, ഹോട്ടലുകളിലും അതായത് എവിടെയൊക്കെ വ്യാപാരം നടക്കുന്നുവോ അവിടെയൊക്കെ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കുന്നത് നിയമം മൂലം നിര്‍ബ്ബന്ധമാക്കണം. എല്ലാ പഞ്ചായത്തുകളിലും ഉപഭോക്തൃജാഗ്രതാസമിതികള്‍ രൂപീകരിക്കണം.

മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ അടിയന്തിരമായി പരിഗണിക്കണമെന്ന് സര്‍ക്കാരിനോട് പ്രത്യേകിച്ച് കൃഷി-ഭക്ഷ്യ വകുപ്പ് മന്ത്രിമാരോട് വിനീതമായി അപേക്ഷിക്കുന്നു.

എന്ന്,
വിധേയന്‍,
കെ.പി.സുകുമാരന്‍(ബ്ലോഗ്ഗര്‍)

ബീജിങ്ങ് കോമ

ബീജിങ്ങ് കോമ എന്ന് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് ഗൂഗ്‌ളില്‍ സെര്‍ച്ച് ചെയ്താല്‍ ഇത് പോലെ നിരവധി ലിങ്കുകള്‍ കാണാന്‍ കഴിയും. സ്വയം നാട് കടത്തപ്പെട്ട് ഇപ്പോള്‍ ലണ്ടനില്‍ കഴിയുന്ന, ചൈനയുടെ സോള്‍‌ഷെനിറ്റ്സണ്‍ (ഗുലാഗ് ആര്‍ക്കിപെലാഗോ'യിലൂടെ സോള്‍ഷെനിറ്റ്സണ്‍ സോവ്യറ്റ് ജയിലുകളിലെ ക്രൂരതയുടെ കഥകള്‍ പുറം ലോകത്തെ അറിയിച്ചു)എന്നറിയപ്പെടുന്ന മാ ജിയാന്‍ എഴുതിയ നോവല്‍ ആണ് “ബീജിങ്ങ് കോമ”. ചൈനീസ് ഭാഷയില്‍ എഴുതപ്പെട്ട മൂലകൃതി ഇംഗ്ലീഷില്‍ വിവര്‍ത്തനം ചെയ്തത് മാ ജിയാന്റെ ജീവിതപങ്കാളിയും പരിഭാഷകയുമായ ഫ്ലോറ ഡ്രൂ ആണ്. ഞാന്‍ ഇപ്പോള്‍ പുസ്തകങ്ങള്‍ ഒന്നും വായിക്കാറില്ല. ഒരാവേശത്തിന് മുന്‍പൊക്കെ കുറെ പുസ്തകങ്ങള്‍ വായിച്ചു തള്ളി. അതൊന്നും ഇപ്പോള്‍ ഓര്‍മ്മയുമില്ല. ഈ പുസ്തകത്തെ പറ്റി ഞാന്‍ മനസ്സിലാക്കുന്നത് ഒരു തമിഴ് ബ്ലോഗില്‍ നിന്നാണ്. മലയാളത്തിലെ ബുജികളൊന്നും ഇത്തരം കൃതികള്‍ വായിക്കുകയില്ല. ആ ബ്ലോഗില്‍ ഇത് സംബന്ധിച്ച് എഴുതപ്പെട്ട രണ്ട് പോസ്റ്റുകളും മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്ത് ഇവിടെ പോസ്റ്റ് ചെയ്യണമെന്ന് എനിക്കാഗ്രഹമുണ്ടായിരുന്നു. അല്പം ബുദ്ധിപരവും അംഗുലീപരവുമായ ശ്രമം ആവശ്യമായത് കൊണ്ട് തല്‍ക്കാലം ആ ബ്ലോഗില്‍ നിന്ന് പ്രസക്തമായ വിവരങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുകയാണ്.

ലോകത്തെ നടുക്കിയ ടിയാനന്‍‌മെന്‍ ചത്വരത്തിലെ നരഹത്യ നടന്നിട്ട് 20 വര്‍ഷങ്ങള്‍ കഴിഞ്ഞു. ചൈനക്കാരെ സംബന്ധിച്ച് ആ സംഭവം ഇന്നാരും ഓര്‍ക്കുന്നത് തന്നെയില്ല. ആ സ്മരണകള്‍ ചൈനക്കാരന്റെ മനസ്സില്‍ ഒരിക്കലും ഉണര്‍ന്ന് വരാതിരിക്കാന്‍ ഭരണകൂടം നിതാന്തജാഗ്രത പാലിക്കുന്നുണ്ട്. ചൈനയില്‍ നിന്ന് ഗൂഗ്‌ളില്‍ സെര്‍ച്ച് ചെയ്താല്‍ ഒരു ലിങ്കും കണ്ടെത്താന്‍ കഴിയില്ല. ഇത് പോലെയുള്ള സൈറ്റ് ചൈനയില്‍ നിന്ന് കാണാന്‍ കഴിയില്ല. ഗൂഗ്‌ള്‍ മാത്രമല്ല യാഹൂ, മൈക്രോസോഫ്റ്റ് തുടങ്ങിയ സ്ഥാപനങ്ങള്‍ ചൈനയില്‍ നിന്ന് സര്‍ക്കാരിനെ വിമര്‍ശിച്ചു കൊണ്ട് എഴുതുന്നവരുടെ യു. ആര്‍ . എല്‍ . അഡ്രസ്സ് കാട്ടിക്കൊടുത്തുകൊണ്ട് ഭരണകൂടത്തെ സഹായിക്കുന്നുണ്ട്.

ടിയാനന്‍‌മെന്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട നോവലാണ് ബീ‍ജിങ്ങ് കോമ. ശിരസ്സിന് വെടിയേറ്റ് “കോമ”യില്‍ കഴിയുന്ന നായകന്റെ ഓര്‍മ്മകളിലൂടെയാണ് സംഭവങ്ങളുടെ ചുരുള്‍ നിവരുന്നത്. ടിയാനന്‍‌മെന്‍ സ്ക്വയര്‍ സംഭവത്തെ ഗണിതശാസ്ത്രത്തിലെ singularity യോടാണ് നമ്മുടെ തമിഴ് ബ്ലോഗ്ഗര്‍ നാഗാര്‍ജ്ജുനന്‍ ഉപമിക്കുന്നത്. അതായത് ആ സമരത്തിന്റെ പര്യവസാനം എന്തായിരിക്കുമെന്ന് നേതൃത്വം നല്‍കിയവര്‍ക്കോ ഭരണകൂടത്തിനോ അന്ന് അറിയില്ലായിരുന്നു. ജനക്കൂട്ടം വലിയ തോതില്‍ പങ്കെടുക്കുന്ന ഇത്തരം singular സംഭവങ്ങള്‍ക്ക് ചരിത്രത്തില്‍ ഒട്ടേറെ തെളിവുകള്‍ കാണാന്‍ കഴിയും. മാ ജിയാന്റെ തന്നെ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തപ്പെട്ട മറ്റൊരു കൃതിയാണ് Stick out your toung.


ടിയാനന്‍‌മെന്‍ പ്രക്ഷോഭത്തിലേക്ക് ചൈനീസ് വിദ്യാര്‍ത്ഥികളെ നയിച്ച സംഭവങ്ങളുടെ തുടക്കം ഇന്ന് അധികമാരും ഓര്‍ക്കാനിടയില്ല. ചൈനയില്‍ സാമ്പത്തിക പരിഷ്ക്കാരങ്ങള്‍ക്ക് വേഗത കൂട്ടിയ നേതാവ് ഹൂ യാബങ്ങ് 1989 ഏപ്രില്‍ 15ന് ഹൃദയസ്തംഭനം മൂലം മരണപ്പെട്ടപ്പോള്‍ അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ വേണ്ടി ഒത്തുകൂടിയ ചെറു ചെറു സംഘങ്ങള്‍ , ഘോഷയാത്രകള്‍ ഒടുവില്‍ ഒരു സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭമായി മാറുകയായിരുന്നു. സത്യാഗ്രഹം, നിരാഹാരം, ചെറിയ ഉരസലുകള്‍ , തുടങ്ങി പ്രക്ഷോഭം ആളിപ്പടര്‍ന്നപ്പോള്‍ സര്‍ക്കാര്‍ ഈ സമരത്തെ എങ്ങനെ നേരിടും എന്ന ആശങ്ക സാര്‍വ്വത്രികമായ അവസരത്തില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടരിയായിരുന്ന ഴാവോ സിയാങ്ങ് വിദ്യാര്‍ത്ഥികളോട് സംസാരിക്കാന്‍ നേരിട്ട് സമരമുഖത്ത് എത്തി. ചൈനയില്‍ എന്താണ് നടക്കുന്നത്, എന്ത് മാറ്റങ്ങളാണ് അവിടെ സംഭവിക്കാന്‍ പോകുന്നത് എന്ന് ലോകം ഉറ്റുനോക്കിയിരിക്കെ ടിയാന്‍‌മെന്‍ സ്ക്വയറിലേക്ക് പട്ടാളം ഇരച്ചുകയറുകയായിരുന്നു. വിദ്യാര്‍ത്ഥികളോട് മൃദുസമീപനം സ്വീകരിച്ച ഴാവോ സിയാങ്ങ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടരി സ്ഥാനത്ത് നിന്ന് നീക്കപ്പെടുകയും വീട്ടു തടങ്കലിലാവുകയും ചെയ്തു. 15 വര്‍ഷത്തോളം അങ്ങനെ കാവലില്‍ കഴിഞ്ഞ അദ്ദേഹം 2005 ല്‍ ഹൃദയസ്തംഭനത്താല്‍ മരണപ്പെടുന്നതിന് മുന്‍പ് തന്റെ ഓര്‍മ്മക്കുറിപ്പുകള്‍ എഴുതിവെച്ചിരുന്നു. അത് കഴിഞ്ഞ വര്‍ഷം Prisoner of the State: The Secret Journal of Premier Zhao Ziyang എന്ന പേരില്‍ ഹോങ്കോങ്ങില്‍ പ്രസിദ്ദീകരിക്കപ്പെട്ടിരുന്നു.


ബീജിങ്ങ് കോമ എന്ന് നോവലിന് ഇംഗ്ലീഷ് തലക്കെട്ട് നല്‍കിയത് പരിഭാഷകയാണ്. മാംസം പുരണ്ട മണ്ണ് എന്നോ മറ്റോ അര്‍ത്ഥം
വരുന്ന തരത്തില്‍ ചൈനീസ് ഭാഷയില്‍ Rou Tu എന്നോ മറ്റോ ആണ് മൂലകൃതിയുടെ പേര് എന്ന് ഞാനേതോ ലിങ്കില്‍ വായിച്ചു. ബീജിങ്ങ് കോമ എന്ന പേര്, ടിയാന്‍‌മെന്‍ സംഭവത്തിന്റെ സ്മരണകളെ പാര്‍ട്ടി നേതൃത്വം തുടച്ചുനീക്കിയതിനെ സൂചിപ്പിക്കുന്നു എന്ന് ഈ ബ്ലോഗ്ഗര്‍ സമര്‍ത്ഥിക്കുന്നുണ്ട്. ആ പ്രക്ഷോഭത്തില്‍ എത്ര പേര്‍ മരണപ്പെട്ടെന്ന് കൃത്യമായി പുറം ലോകം ഇന്ന് വരെ അറിഞ്ഞിട്ടില്ല. ബാക്കിയായവരില്‍ എത്രയോ പേര്‍ രാജ്യം വിട്ട് ഒളിച്ചോടി. പലരും ജയിലിലായി. സമരത്തില്‍ പങ്കെടുത്തവരുടെ കുടുംബാംഗങ്ങളോട് വരെ സര്‍ക്കാര്‍ പ്രതികാരം ചെയ്തു. നിരായുധരായി സമരം ചെയ്ത എത്രയോ പേരെ പട്ടാളം വധിച്ചെങ്കിലും അതിനെ പറ്റി ഉരിയാടാന്‍ പോലും ആര്‍ക്കും അനുവാദമില്ലായിരുന്നു. സര്‍ക്കാര്‍ പറയുന്നതല്ലാതെ ടിയാനന്‍‌മെന്നിനെ പറ്റി ആര്‍ക്കും ഒന്നും ഉച്ചരിക്കാന്‍ പറ്റാത്ത അവസ്ഥ.

ചുരുക്കത്തില്‍ ചൈനയിലെ ഇന്നത്തെ യുവതലമുറയില്‍ പലര്‍ക്കും ടിയാനന്‍‌മെന്‍ സംഭവത്തെ കുറിച്ച് ഒന്നും അറിയില്ല. പട്ടാള ടാങ്കുകള്‍ ഇരച്ചു വന്നപ്പോള്‍ മുന്നില്‍ നിന്ന ചെറുപ്പക്കാരന്റെ ഈ സുപ്രസിദ്ധ ചിത്രം പലരും കണ്ടിരിക്കാനേ ഇടയില്ല. ചൈനയില്‍ ഇന്ന് ഉയര്‍ന്ന് വന്ന നവ സമ്പന്ന വര്‍ഗ്ഗം ആ സംഭവത്തെ പറ്റി വ്യാകുലപ്പെടാനിടയില്ലെന്ന് മാ ജിയാന്‍ നോവലില്‍ മനോഹരമായി അവതരിപ്പിച്ചതായി പറയുന്ന ബ്ലോഗ്ഗറും താമസം ലണ്ടനില്‍ തന്നെയാണ്. ബീജിങ്ങ് കോമ എന്ന നോവലിന്റെ കഥാസാരം ആ ബ്ലോഗില്‍ നിന്ന് ഞാനിവിടെ പരിഭാഷപ്പെടുത്താന്‍ മെനക്കെടുന്നില്ല. താല്പര്യമുള്ളവര്‍ക്ക് റിവ്യൂകള്‍ നെറ്റില്‍ നിന്ന് വായിക്കുകയോ, പുസ്തകം ഓണ്‍‌ലൈനില്‍ നിന്ന് വാങ്ങുകയോ ചെയ്യാം. പ്രസ്തുത പുസ്തകത്തെ മലയാളം ബ്ലോഗ് വായനക്കാര്‍ക്ക് ചൂണ്ടിക്കാട്ടുക മാത്രമാണ് ഈ പോസ്റ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്.

ജനാധിപത്യം പണാധിപത്യത്തിന് വഴി മാറുന്നു!

അല്ലെങ്കില്‍ തന്നെ നമ്മുടെ ജനാധിപത്യം ശൈശവ ദശയിലാണ്. തങ്ങളുടെ അധികാരവും സ്ഥാനമാനങ്ങളും ഉറപ്പിക്കാന്‍ വേണ്ടി രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കന്മാര്‍ ജനാധിപത്യ വിരുദ്ധമായ രീതിയില്‍ രാഷ്ട്രീയം കൈകാര്യം ചെയ്യുന്നത് കൊണ്ടാണ് ഇവിടെ ജനാധിപത്യം മുരടിച്ചുപോയത്. അസംഘടിതരായ പൊതുജനങ്ങള്‍ക്ക് കാഴ്ചക്കരായി നോക്കി നില്‍ക്കാനേ കഴിയുന്നുള്ളൂ. ലോകത്തില്‍ പല തരത്തിലുള്ള ഭരണസമ്പ്രദായങ്ങളും നിലവിലുണ്ടെങ്കിലും ഏറ്റവും ശ്രേഷ്ഠമായത് ജനാധിപത്യമാണെന്ന് പറയാന്‍ കാരണം ആ സമ്പ്രദായത്തില്‍ പൌരാവകാശങ്ങളും വ്യക്തിസ്വാതന്ത്ര്യവും പരമാവധി സംരക്ഷിക്കപ്പെടുന്നു എന്നത് കൊണ്ടാണ്. പലര്‍ക്കും പല കാര്യത്തിലും പല പല കാഴ്ചപ്പാടുകള്‍ ഉണ്ടാവാം. എന്നാല്‍ ഭൂരിപക്ഷത്തിന്റെ ഹിതമനുസരിച്ച് കാര്യങ്ങള്‍ തീരുമാനിക്കപ്പെടുന്നു എന്നതാണ് ജനാധിപത്യത്തിന്റെ സവിശേഷത. ഇതിനേക്കാള്‍ യുക്തിഭദ്രമായ മറ്റേത് രീതിയാണുള്ളത്. രാജവാഴ്ചയോ ഏകകക്ഷിഭരണമോ എങ്ങനെ ന്യായയുക്തമാവും? ജനങ്ങളാണ് എല്ലാറ്റിന്റെയും ഉടമകള്‍ , അവര്‍ക്ക് മീതെ ആരുമില്ല എന്നതാണ് ജനാധിപത്യത്തിന്റെ അന്തസ്സത്ത.

ജനാധിപത്യത്തില്‍ ജനങ്ങളാണ് എല്ലാറ്റിന്റെയും കൈകാര്യകര്‍ത്താക്കള്‍ എങ്കിലും , ജനങ്ങള്‍ ഒന്നടങ്കം ആലോചിച്ച് ഒന്നും തീരുമാനിക്കാന്‍ കഴിയാത്തത് കൊണ്ടാണ് ജനപ്രതിനിധികളും അവരെ തെരഞ്ഞെടുക്കാന്‍ രാഷ്ട്രീയപാര്‍ട്ടികളും ഒക്കെ വേണ്ടി വരുന്നത്. ജനാധിപത്യത്തില്‍ ഭാരിച്ച ഉത്തരവാദിത്വങ്ങളാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ളത്. പക്ഷെ പാര്‍ട്ടികള്‍ ദുഷിച്ച് പണത്തിന് അടിമപ്പെട്ടാല്‍ ജനങ്ങള്‍ എന്ത് ചെയ്യും. പരസ്പരം കുറ്റം പറഞ്ഞത് കൊണ്ട് ആയില്ലല്ലൊ. പരസ്പരമുള്ള കുറ്റാരോപണങ്ങള്‍ ഇപ്പോള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് എല്ലാം ഒരു രക്ഷാകവചമായിട്ടുണ്ട്. ഇത്രയും എഴുതാന്‍ കാരണം ഇന്നത്തെ മാതൃഭൂമിയില്‍ താഴെ കാണുന്ന റിപ്പോര്‍ട്ട് വായിച്ചത് കൊണ്ടാണ്:

ന്യൂഡല്‍ഹി: ലോക്‌സഭാംഗങ്ങളില്‍ പകുതിയിലേറെപ്പേരും കോടീശ്വരന്മാര്‍. കഴിഞ്ഞ ലോക്‌സഭയുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ സഭയില്‍ കോടീശ്വരന്മാരുടെ എണ്ണം ഇരട്ടിയായി. എം.പി.മാരുടെ ശരാശരി സമ്പത്തിലെ വര്‍ധന മൂന്നിരട്ടിയും.

2004-ല്‍ 156 കോടീശ്വര എം.പി.മാരാണ് ഉണ്ടായിരുന്നതെങ്കില്‍ 2009-ല്‍ അത് 315 ആയി; എം.പി.മാരുടെ ശരാശരി സമ്പത്ത് കഴിഞ്ഞ സഭയില്‍ 1.86 കോടിയായിരുന്നത് ഇപ്പോള്‍ 5.33 കോടിയും.

'അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ്' എന്ന സര്‍ക്കാരിതര സംഘടനയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. തിരഞ്ഞെടുപ്പുസമയത്ത് സമര്‍പ്പിച്ച കണക്കുകള്‍പ്രകാരമാണ് സ്വത്ത് കണക്കാക്കിയിരിക്കുന്നത്.

അതേസമയം, കഴിഞ്ഞ സഭയില്‍ അംഗങ്ങളായിരുന്ന 304 എം.പി.മാര്‍ 2009-ലും ജയിച്ചപ്പോള്‍ സ്വത്തില്‍ വന്‍ വര്‍ധനയുണ്ടായി; ശരാശരി 2.9 കോടിയുടെ വര്‍ധന.

നിലവിലെ സഭയിലെ 20 ശതമാനം അംഗങ്ങള്‍ക്കും അഞ്ച് കോടിക്കു മുകളില്‍ സ്വത്തുണ്ട്. 50 ലക്ഷത്തിനും അഞ്ചു കോടിക്കും ഇടയില്‍ സ്വത്തുള്ള 294 പേര്‍. അതേസമയം പത്തുലക്ഷത്തിന് താഴെ സ്വത്തുള്ളവരുടെ എണ്ണം വെറും 17 മാത്രമാണ്.

കോടീശ്വരന്മാരുടെ എണ്ണത്തില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ്സാണ് മുന്നില്‍; 146 പേര്‍. തൊട്ടുപിന്നില്‍ ബി.ജെ.പി.- 59. സമാജ്‌വാദി പാര്‍ട്ടിക്ക് 14-ഉം ബി.എസ്.പി.ക്കും ഡി.എം.കെ.ക്കും 13-ഉം കോടീശ്വര എം.പി.മാരുണ്ട്. ലോക്‌സഭയിലെ ഏറ്റവും സമ്പന്നനായ അംഗം തെലുങ്കുദേശത്തിന്റെ നാഗേശ്വര്‍ റാവുവാണ്. ആന്ധ്രയിലെ ഖമ്മം എം.പി.യുടെ സ്വത്ത് 173 കോടി രൂപ. മധ്യപ്രദേശില്‍നിന്നുള്ള കോണ്‍ഗ്രസ് എം.പി. നവീന്‍ ജിന്‍ഡാല്‍ രണ്ടാംസ്ഥാനത്തും കോണ്‍ഗ്രസ്സിന്റെ എന്‍. രാജഗോപാല്‍ മൂന്നാംസ്ഥാനത്തുമുണ്ട്.

ഉത്തര്‍പ്രദേശാണ് ഏറ്റവുമധികം കോടീശ്വരന്മാരെ സംഭാവന ചെയ്തത്; 52 പേര്‍. തൊട്ടുപിന്നില്‍ മഹാരാഷ്ട്ര (38), ആന്ധ്രപ്രദേശ് (15), രാജസ്ഥാന്‍ (14), പഞ്ചാബ് (13), ഗുജറാത്ത് (12), പശ്ചിമബംഗാള്‍ (11), ഹരിയാണ (9), ഡല്‍ഹി (7) എന്നീ സംസ്ഥാനങ്ങളാണ്.

മുരളി കോണ്‍ഗ്രസ്സിന്റെ മുഖശ്രീ !

മുരളിയുടെ കോണ്‍ഗ്രസ്സ് പുന:പ്രവേശം അത്ര എളുപ്പമല്ല എന്നാണ് വാര്‍ത്തകള്‍ നല്‍കുന്ന സൂചന. എന്താണ് മുരളിക്ക് മാത്രം ഇത്ര അയിത്തം എന്ന് ചോദിക്കുന്നത് പി.സി.ചാക്കോ ആണ്. മുല്ലപ്പള്ളിക്കും,എം.എം.ജേക്കബ്ബിനും,കെ.കെ.രാമചന്ദ്രന്‍ മാസ്റ്റര്‍ക്കും ഒക്കെ ഈ അഭിപ്രായമാണുള്ളത്. ഇപ്പോള്‍ കോണ്‍ഗ്രസ്സില്‍ സമ്പൂര്‍ണ്ണ ഐക്യമാണുള്ളത്, മുരളിയെ പ്രവേശിപ്പിച്ചാല്‍ പഴയ പോലെ ഗ്രൂപ്പ് കളിച്ച് പാര്‍ട്ടിയെ കുളം തോണ്ടും എന്നാണ് ഉമ്മന്‍ ചാണ്ടി പ്രഭൃതികള്‍ പ്രചരിപ്പിക്കുന്നത്. ശുദ്ധമനസ്ക്കരായ ചില കോണ്‍ഗ്രസ്സുകാര്‍ ഇത് വിശ്വസിക്കുന്നുമുണ്ട്. കോണ്‍ഗ്രസ്സില്‍ ഇപ്പോഴും ഗ്രൂപ്പുകളുണ്ട്. എന്നാല്‍ ഐക്യം എന്ന ഉമ്മാക്കി കാണിച്ച് ഉമ്മന്‍ ചാണ്ടിയും ഉപജാപകസംഘവും പാര്‍ട്ടിയെ തങ്ങളുടെ ചൊല്‍പ്പടിക്ക് നിര്‍ത്തുകയാണ് എന്നതാണ് വാസ്തവം. ഈ ഉമ്മന്‍ ചാണ്ടിയും കോക്കസ്സും ഇന്ദിരാഗാന്ധിയെ തള്ളിപ്പറഞ്ഞ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയോടൊപ്പം കൂട്ട് ചേര്‍ന്നവരാണ്. ഒരു പാര്‍ട്ടിയെ എങ്ങനെ കൌശലപൂര്‍വ്വം കൈപ്പിടിയില്‍ ഒതുക്കാം എന്ന് ഉമ്മന്‍ ചാണ്ടിയും സംഘവും മാര്‍ക്സിസ്റ്റ്കാരില്‍ നിന്ന് അഭ്യസിച്ചിരിക്കും എന്നാണ് ഞാന്‍ വിചാരിക്കുന്നത്.

ശ്രീ.കരുണാകരന്റെ ദയാദാക്ഷിണ്യം ഒന്ന് കൊണ്ട് മാത്രം കോണ്‍ഗ്രസ്സില്‍ വീണ്ടും കയറി പറ്റിയ ഉമ്മന്‍ ചാണ്ടിയും സംഘവും കരുണാകരനെ പടിപ്പടിയായി നിര്‍വീര്യനാക്കി കെ.പി.സി.സി.പിടിച്ചടക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഉമ്മന്‍ ചാണ്ടിയും സെറ്റും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ സഹായത്തോടെ പൊലിപ്പിച്ചെടുത്തതായിരുന്നു ചാരക്കേസ്. അവിടെയാണ് ശ്രീ.കരുണാകരന്റെ പതനം തുടങ്ങുന്നത്. താന്‍ വഞ്ചിക്കപ്പെട്ടതില്‍ മുറിവേറ്റ മനസ്സുമായി അദ്ദേഹം കുറേക്കാലം കോണ്‍ഗ്രസ്സിനകത്ത് നിന്ന് പൊരുതി , ക്രമേണ ഒറ്റപ്പെടുകയായിരുന്നു. അപ്പോഴേക്കും ഉമ്മന്‍ ചാണ്ടി പിടി മുറുക്കി കഴിഞ്ഞിരുന്നു. ആന്റണിയെ മുന്‍‌നിര്‍ത്തിയായിരുന്നു കളി. ഒടുവില്‍ ഇനി ആന്റണിയുടെ ആവശ്യം ഇല്ലെന്ന് വന്നപ്പോള്‍ അദ്ദേഹത്തെ ഡല്‍ഹിയിലേക്ക് നാട് കടത്തി. പലപ്പോഴും നിര്‍ഗ്ഗുണപരബ്രഹ്മം പോലെ ഒന്നും പ്രതികരിക്കാത്ത ആന്റണിയുടെ പ്രകൃതം ഉമ്മന്‍ ചാണ്ടിക്ക് കാര്യങ്ങള്‍ എളുപ്പമാക്കി.

കോണ്‍ഗ്രസ്സില്‍ ഇന്ന് ഉള്ള മിക്കവരും പലപ്പോഴായി കോണ്‍ഗ്രസ്സ് വിട്ട് പോയി തിരികെ വന്നവരാണ്. ആന്റണി തന്നെയും ഒരിക്കല്‍ ഇന്ദിരാഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ കോണ്‍ഗ്രസ്സ് പിന്‍‌തുണച്ചതിന്റെ പേരില്‍ മുഖ്യമന്ത്രി പദം സി.പി.ഐ.ക്ക് ഏല്‍പ്പിച്ചിട്ട് ഇറങ്ങിപ്പോയ ആളാണ്. അതാണ് കോണ്‍ഗ്രസ്സ്. ആര്‍ക്കും കോണ്‍ഗ്രസ്സില്‍ നിന്ന് പോകാം, വരാം. കോണ്‍ഗ്രസ്സ് ആരുടെയും തറവാട്ട് സ്വത്തല്ല. അത് ഏത് ഇന്ത്യക്കാരന്റെയും രാഷ്ട്രീയ തറവാടാണ്. ഇന്ത്യയില്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് മാത്രമുള്ള പ്രത്യേകതയാണത്. പിന്നെന്താ മുരളിയുടെ കാര്യത്തില്‍ മാത്രം പ്രശ്നം?

ഉമ്മന്‍ ചാണ്ടിയുടെ ശിപ്പായി പോലെ പിന്നാലെ നടക്കുന്ന രമേശ് ചെന്നിത്തല പറയുന്നു മുരളിയെ തിരിച്ചെടുക്കരുതെന്ന് കെ.പി.സി.സി. നിര്‍വ്വാഹകസമിതി തീരുമാനമുണ്ടെന്ന്. ഏതാ ഈ നിര്‍വ്വാഹകസമിതി? ആരൊക്കെയാ അതിലെ അംഗങ്ങള്‍ ? ആരാണവരെ ആ സമിതിയിലേക്ക് തെരഞ്ഞെടുത്തത്? കാക്കാ പിടിച്ചും,പരസ്പരം കാലുവാരിയും കസേര കരസ്ഥമാക്കിയവരല്ലെ ആ സമിതിയില്‍ ഉള്ളത്? മുരളി വയനാട്ടില്‍ സ്വന്തം നിലയില്‍ മത്സരിച്ചപ്പോള്‍ ഒരു ലക്ഷത്തിലധികം വോട്ട് ലഭിച്ചല്ലൊ. അങ്ങനെ മത്സരിച്ചാല്‍ ആയിരം വോട്ട് സ്വന്തം നിലയ്ക്ക് ലഭിക്കാവുന്ന എത്ര പേരുണ്ട് ആ സമിതിയില്‍ ? പോട്ടെ, ബൂത്ത് തലത്തിലെങ്കിലും മത്സരിച്ച് അണികളുടെ അംഗീകാരം തനിക്കുണ്ടോ എന്ന് പരീക്ഷിച്ച് നോക്കാന്‍ എത്ര പേര്‍ക്ക് ആ സമിതിയില്‍ ധൈര്യം കാണും? ഹൈക്കമാന്റിനെ ശരണം വിളിച്ചാല്‍ എല്ലാം ആയല്ലൊ അല്ലേ ?

കോണ്‍ഗ്രസ്സ് ആനയാണെന്നും അതിന്റെ പുറത്ത് ആര് കയറി വന്നാലും ജയിക്കുമെന്നും അബ്ദുള്ളക്കുട്ടി സുധാകരന്റെ മാത്രം സ്ഥാനാര്‍ത്ഥിയായിരുന്നെന്നുമാണ്, പത്ത് അണികളുടെ പിന്‍‌ബലമില്ലാത്ത കണ്ണൂരിലെ ഡി.സി.സി. പ്രസിഡണ്ട് പറഞ്ഞത്. ഇതാണ് കോണ്‍ഗ്രസ്സിലെ ഐക്യത്തിന്റെയും നേതാവിന്റെ യോഗ്യതയുടെയും ഒരു ഉദാഹരണം. ആ രാമകൃഷ്ണന്‍ കണ്ണൂരില്‍ ഏതെങ്കിലും ഒരു ബൂത്ത് കമ്മറ്റിയില്‍ മത്സരിച്ചാല്‍ വിവരം അറിയും. ഇങ്ങനെ എത്ര കാലം ഈ ഹൈക്കമാന്റിനെ ധ്യാനിച്ചുകൊണ്ട് രാഷ്ട്രീയപ്രവര്‍ത്തനം നടത്താന്‍ കഴിയും നിര്‍വ്വാഹകസമിതിക്കാരേ? രാഹുല്‍ ഗാന്ധിയാണല്ലൊ നിങ്ങളുടെ അടുത്ത ഹൈക്കമാന്റ് ? കെ.എസ്.യു.വിലും യൂത്ത് കോണ്‍ഗ്രസ്സിലും സംഘടനാ തെരഞ്ഞെടുപ്പ് നടത്താനുള്ള ഭഗീരഥ യത്നത്തിലാണ് അദ്ദേഹമിപ്പോള്‍ . സമയം ആസന്നമാകുമ്പോള്‍ , ജന്മസിദ്ധമായ ഹൈക്കമാന്റ് പദവി തനിക്ക് വേണ്ടെന്നും തെരഞ്ഞെടുക്കപ്പെട്ടാല്‍ മാത്രമേ താന്‍ ആ സ്ഥാനം ഏറ്റെടുക്കൂ എന്നും രാഹുല്‍ ഗാന്ധി നിര്‍ബന്ധം പിടിച്ചാല്‍ നിങ്ങളുടെയൊക്കെ ഗതി എന്താകും കെ.പി.സി.സി. ഭാരവാഹികളേ ?

മുരളിയെ ഭയക്കുന്നത് യഥാര്‍ത്ഥത്തില്‍ ഉമ്മന്‍ ചാണ്ടിയും ഉപജാപകസംഘവുമാണ്. ഇതില്‍ അസംതൃപ്തര്‍ ധാരാളമുണ്ട്. മുരളി വന്നാല്‍ ഒരു ധ്രുവീകരണം നടക്കുമെന്നും തങ്ങളുടെ അധീശത്വം കൈവിട്ടുപോകുമെന്നും ചാണ്ടിയും കൂട്ടരും ഭയപ്പെടുന്നു. മുരളിയെ തിരിച്ചെടുത്തില്ലെങ്കിലും ഉമ്മന്‍ ചാണ്ടിക്കും ഉപജാപകസംഘത്തിനും ഭയന്ന് എല്ലാവരും എക്കാലവും അടങ്ങിയിരിക്കില്ല. മുല്ലപ്പള്ളിയുടെയും,പി.സി.ചാക്കോയുടെയും,എം.എം.ജേക്കബ്ബിന്റെയും ഒക്കെ വാക്കുകള്‍ അതാണ് സൂചിപ്പിക്കുന്നത്. മുരളി ഇങ്ങനെ പിന്നാലെ നടക്കേണ്ട, കുറെ കഴിയുമ്പോള്‍ അധികമധികമാളുകള്‍ മുരളിക്ക് വേണ്ടി രംഗത്ത് വരുമെന്നാണ് എനിക്ക് പറയാനുള്ളത് . എന്തെന്നാല്‍ മുരളിയോളം മുഖശ്രീയുള്ള മറ്റൊരു നേതാവ് ഇന്ന് കേരളത്തിലെ കോണ്‍ഗ്രസ്സില്‍ ഇല്ല എന്ന് പറയാം.

ദേശീയതലത്തിലും പ്രാദേശികമായും കോണ്‍ഗ്രസ്സിന് അസൂയാര്‍ഹമായ അനുകൂല സാഹചര്യമാണ് ഉരുത്തിരിഞ്ഞു വരുന്നത്. കോണ്‍ഗ്രസ്സ് തന്നെ ഇന്ത്യയുടെ ഐശ്വര്യം !

പിണറായിയുടെ വീട്

പിണറായിയുടെ വീട് എന്ന പേരില്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ച ഫോര്‍വേഡ് മെയിലിനെതിരെ സൈബര്‍ കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നു എന്നാണ് ഒടുവിലത്തെ വാര്‍ത്ത. കുറച്ചുകാലമായി സി.പി.എമ്മിനെതിരെയും അതിന്റെ നേതാക്കള്‍ക്കെതിരെയും ഇങ്ങനെ മെയിലുകള്‍ അത്യുത്സാഹത്തോടെ ഫോര്‍വേഡ് ചെയ്യപ്പെടുന്നുണ്ട്. ആളുകള്‍ക്ക് ഇത്തരം മെയിലുകള്‍ അയച്ചു കിട്ടിയാല്‍ ഉടനെ തന്നെ തന്റെ കോണ്ടാക്റ്റ് ലിസ്റ്റിലുള്ളവര്‍ക്ക് മുഴുവനും അത് ഫോര്‍വേഡ് ചെയ്യാന്‍ ഉത്സാഹം തോന്നുന്നത് എന്ത്കൊണ്ടാണ്? സംശയമില്ല മാര്‍ക്സിസ്റ്റ് വിരോധം തന്നെ. എന്ത്കൊണ്ടാണ് മറ്റൊരു പാര്‍ട്ടിയോടും തോന്നാത്ത തീവ്രമായ ഒരു വിരോധം പാര്‍ട്ടിക്ക് പുറത്തുള്ളവര്‍ക്ക് മാര്‍ക്സിസ്റ്റുകാരോട് തോന്നുന്നത്? ആ പാര്‍ട്ടിക്കാരുടെ ഫാസിസ്റ്റ് പ്രവര്‍ത്തന രീതിയും,അസഹിഷ്ണുത നിറഞ്ഞ പ്രതികരണ ശൈലിയും, യാന്ത്രിക നയസമീപനങ്ങളും ഒക്കെയാണതിന് കാരണം. ഇതൊന്നും ഒരു മാര്‍ക്സിസ്റ്റുകാരനും അംഗീകരിച്ചുതരില്ല. സമാനമായത് സമാനമായതിനോട് ചേരും എന്നൊരു മന:ശാസ്ത്രമാണ് ആളുകളെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ എത്തിക്കുന്നതും പിടിച്ചുനിര്‍ത്തുന്നതും. ജനാധിപത്യശൈലിയില്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഇന്ത്യയിലെ ഏറ്റവും മികച്ച രാഷ്ട്രീയപ്രസ്ഥാനമായിരിക്കും. എന്നാല്‍ ഇത് പറഞ്ഞാല്‍ മാര്‍ക്സിസ്റ്റുകാര്‍ക്ക് മനസ്സിലാകില്ല.

ഒരു ഉദാഹരണം പറയാം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കഴിയുന്നു.കണ്ണൂരില്‍ സുധാകരന്‍ ജയിക്കുന്നു. അപ്പോള്‍ മുതല്‍ കണ്ണൂര്‍ അസംബ്ലി മണ്ഡലം പിടച്ചെടുക്കാന്‍ സി.പി.എം കരുക്കള്‍ നീക്കുന്നു. പാര്‍ട്ടിക്ക് വഴങ്ങുന്ന കലക്ടര്‍ , താസില്‍ദാര്‍ , മറ്റുദ്യോഗസ്ഥന്മാര്‍ എല്ലാവരെയും നിയമിക്കുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ യു.ഡി.എഫിന് കിട്ടാവുന്ന വോട്ടുകള്‍ പരമാവധി കുത്തിക്കുന്നു. വ്യാജ വോട്ടര്‍മാരെ പരമാവധി പട്ടികയില്‍ ഉള്‍പ്പെടുത്തുന്നു. എന്നിട്ട് ഇതിനെയൊക്കെ ന്യായീകരിച്ചുകൊണ്ട് ചാനലുകളില്‍ അധരവ്യായാമം നടത്തുകയും പ്രചരണങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു. ഈ അധാര്‍മ്മികതകള്‍ക്കെതിരെ പൊതുമന:സാക്ഷി ഉണര്‍ന്നത് കൊണ്ടാണ് അബ്ദുള്ളക്കുട്ടി ജയിച്ചത്. അത്തരം പരാക്രമങ്ങള്‍ കാണിക്കാതെ ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ട് ന്യായമായി വോട്ടര്‍മാരെ സമീപിച്ചിരുന്നുവെങ്കില്‍ മാര്‍ക്സിസ്റ്റ് സ്ഥാനാര്‍ത്ഥി വിജയിക്കുമായിരുന്നു എന്ന് ഉറപ്പാണ്. നേതാക്കളെയും പാര്‍ട്ടിയെയും അന്ധമായി പ്രതിരോധിക്കുന്ന അണികളാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ശാപം.

ആണവക്കരാറിന്റെ കാര്യമെടുക്കാം. ഒരു സുപ്രഭാതത്തില്‍ പ്രകാശ് കാരാട്ട് പറയുന്നു, ഈ കരാര്‍ പരമാധികാരം പണയം വെക്കലാണ്. ഉടനെ അണികള്‍ ഒരേ താളത്തില്‍ ഏറ്റുപിടിക്കുന്നു, ഓ അതേ പണയം വെക്കലാണ്. എന്നിട്ടെന്തായി, ബംഗാള്‍ പോയി അത്രതന്നെ. പിന്നെയും പിന്നെയും പണയം വെക്കാന്‍ പരമാധികാരം ഇവിടെ തന്നെ ബാക്കിയും. പിന്തുണ പിന്‍‌വലിച്ചത് കൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസ്സും മാതൃ കോണ്‍ഗ്രസ്സും ഒത്തുക്കിട്ടിയല്ലൊ. എന്നാലും പക്ഷെ നന്ദിഗ്രാമില്‍ സി.പി.എം. അണികള്‍ നിയമം കൈയിലെടുത്തില്ലായിരുന്നുവെങ്കില്‍ അവിടെ ഇത്രയും മാര്‍ക്സിസ്റ്റ് വിരോധം ഉണ്ടാകില്ലായിരുന്നു. കുറെക്കാലം പുതിയതിനെ എല്ലാറ്റിനെയും എതിര്‍ക്കുക വഴി ദാരിദ്ര്യം പൊതുവിതരണം ചെയ്തുപോന്ന ബംഗാള്‍ പാര്‍ട്ടിയില്‍ പെട്ടെന്നാണ് വികസനമോഹം തലപൊക്കിയത്. അതും ന്യായമായി ചെയ്യാമായിരുന്നു. ഇപ്പോള്‍ നട്ടം തിരിയുകയാണ് പാര്‍ട്ടി അവിടെ. കേരളത്തില്‍ സഖാക്കള്‍ ട്രാക്റ്ററിനെതിരെയും കമ്പ്യൂട്ടറിനെതിരെയും സമരം ചെയ്യുമ്പോള്‍ ആളുകള്‍ കിടപ്പാടം പണയം വെച്ചും വിസ സംഘടിപ്പിച്ച് കൂട്ടത്തോടെ ഗള്‍ഫ് നാടുകളിലേക്ക് പലായനം ചെയ്തത് കൊണ്ട് ഒരു വിധം ദാരിദ്ര്യത്തില്‍ നിന്ന് കരകയറി.

ചുരുക്കി പറഞ്ഞാല്‍ മാര്‍ക്സിസ്റ്റുകാര്‍ സ്വഭാവം നന്നാക്കിയാല്‍ തന്നെ ആളുകളുടെ മാര്‍ക്സിസ്റ്റ് വിരോധം കുറഞ്ഞുകിട്ടും. മറ്റുള്ള തെറ്റ് തിരുത്തലെല്ലാം അവരുടെ സൌകര്യം. അതിലൊന്നും പൊതുജനത്തിന് താല്പര്യമില്ല.

കമ്മ്യൂണിസ്റ്റ് ബൂമറാങ്ങുകള്‍

കമ്മ്യൂണിസ്റ്റുകാര്‍ കാലാകാലങ്ങളായി തൊടുത്തുവിടാറുള്ള ബൂമറാങ്ങുകള്‍ ഇപ്പോള്‍ അവര്‍ക്ക് നേരെ തിരിച്ചുവരുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. ആഡംബരത്തിന്റെയും ആര്‍ഭാടജീവിതത്തിന്റെയും കാര്യമെടുക്കാം. പണ്ട് കോണ്‍ഗ്രസ്സുകാര്‍ക്കെതിരെ പ്രയോഗിച്ചിരുന്ന ആയുധമായിരുന്നു ഇത്. കമ്മ്യൂണിസം നാട്ടില്‍ പ്രചരിപ്പിക്കാനും പാര്‍ട്ടിക്ക് ജനകീയ അടിത്തറ വിപുലപ്പെടുത്താനും ഈ പ്രചരണമാണ് സഹായിച്ചത്. നാട്ടില്‍ ബഹുഭൂരിപക്ഷവും പാവപ്പെട്ടവരും അദ്ധ്വാനിക്കുന്നവരും ദരിദ്രനാരായണന്മാരും ആയിരുന്നു. ചങ്ങമ്പുഴയുടെ വാഴക്കുല എന്ന കവിത അക്കാലത്തെ സാമൂഹ്യയാഥാര്‍ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്നു. സാമ്പത്തികഭദ്രതയുള്ളവരോ ജന്മികുടുംബങ്ങളില്‍ നിന്നുള്ളവരോ മാത്രമേ അന്ന് രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ ഇറങ്ങാറുള്ളൂ. രാഷ്ട്രീയപ്രവര്‍ത്തനം എന്നാല്‍ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ എന്ന് പ്രത്യേകം പറയേണ്ടല്ലൊ. ഇന്നത്തെ പോലെ ലാഭം കിട്ടുന്ന അധികാരരാഷ്ട്രീയമല്ല അന്ന്, ത്യാഗം ചെയ്യലും ത്യജിക്കലുമായിരുന്നു രാഷ്ട്രീയം. അങ്ങനെ നാട്ടില്‍ അറിയപ്പെടുന്ന കോണ്‍ഗ്രസ്സുകാര്‍ ഒക്കെ സമ്പന്ന കുടുംബങ്ങളില്‍ പെട്ടവരായിരുന്നു. എന്നാല്‍ അവരൊക്കെ സമ്പത്ത് വര്‍ദ്ധിപ്പിക്കാനല്ല മറിച്ച് ഉള്ളത് ത്യജിച്ച്കൊണ്ട് ദേശാഭിമാനത്താല്‍ പ്രചോദിതരായി സ്വാതന്ത്ര്യസമരത്തില്‍ എടുത്തുചാടുകയായിരുന്നു.

അപ്പോഴാണ് പാവപ്പെട്ടവര്‍ക്ക് സോഷ്യലിസ്റ്റ് സ്ഥിതിസമത്വലോകം വാഗ്ദ്ധാനം ചെയ്തുകൊണ്ട് പുതിയൊരു തത്വശാസ്ത്രവുമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രംഗപ്രവേശം ചെയ്യുന്നത്. കോണ്‍ഗ്രസ്സുകാര്‍ ബൂര്‍ഷ്വകളാണ്, ചന്ദനമരം കൊണ്ടാണ് അവരുടെ വീടുകള്‍ പണിതിരിക്കുന്നത്,ചന്ദനക്കട്ടിലിലാണ് അവര്‍ ഉറങ്ങുന്നത്, വെള്ളിക്കിണ്ണത്തിലാണ് ഉണ്ണുന്നത് , കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പാവപ്പെട്ടവന്റെ പാര്‍ട്ടിയാണ് ഇങ്ങനെ പോയി പ്രചരണങ്ങള്‍ . ആളുകള്‍ക്കത് വിശ്വസിക്കാന്‍ പ്രയാസമുണ്ടായില്ല. അന്നത്തെ സാഹചര്യം അതായിരുന്നു. എവിടെ നോക്കിയാലും ഓല മേഞ്ഞ വീടുകളേ കാണാന്‍ കഴിയൂ. അപൂര്‍വ്വമായുള്ള ഓടിട്ട വീടുകള്‍ കോണ്‍ഗ്രസ്സുകാരന്റേതായിരിക്കും. വിദ്യാഭ്യാസം സാര്‍വ്വത്രികമായിരുന്നില്ല. ചുരുക്കത്തില്‍ , സാമ്പത്തികമായ ചുറ്റുപാടുകളുള്ളവരും വിദ്യാഭ്യാസം ഉള്ളവരും ആണ് അന്ന് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ്സുകാര്‍ എന്നതിനാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പെട്ടെന്ന് തന്നെ പാവപ്പെട്ടവരുടെ പ്രീതിയും പിന്തുണയും ആര്‍ജ്ജിക്കാന്‍ കഴിഞ്ഞു.

ആ പ്രചരണമാണ് ഇന്ന് കമ്മ്യൂണിസ്റ്റ്കാര്‍ക്കെതിരെ ആഞ്ഞടിക്കുന്നത്. തെറ്റുതിരുത്തല്‍ രേഖ പുറത്ത് പ്രചരിക്കുക വഴി മാര്‍ക്സിസ്റ്റുകാര്‍ തന്നെ അതിന് ആധികാരികതയും നല്‍കിയിരിക്കുന്നു. ആഡംബരങ്ങളിലും ആര്‍ഭാടങ്ങളിലും മുഴുകിയാണ് മാര്‍ക്സിസ്റ്റ് നേതാക്കള്‍ ഇന്ന് ജിവിയ്ക്കുന്നത് എന്ന് പകല്‍ പോലെ വ്യക്തവുമാണ്. അത് ചൂണ്ടിക്കാട്ടുമ്പോള്‍ മറ്റുള്ളവരും അങ്ങനെ തന്നെയല്ലെ എന്ന് പ്രതിരോധിക്കാനും അവര്‍ക്കാവുന്നില്ല. പിന്നെന്ത് ഇടത് പക്ഷം, കമ്മ്യൂണിസം എന്ന മറുചോദ്യങ്ങള്‍ക്ക് മുന്‍പില്‍ പരുങ്ങുകയാണ് അവര്‍ . അതാണ് ഒരു ബൂമറാംഗ്. മറ്റൊന്നാണ് ലാവലിന്‍ കേസ്. അഴിമതിക്കെതിരെ നിരന്തരമായി പ്രക്ഷോഭം നയിക്കാറുള്ള പാര്‍ട്ടിക്ക് ഇനി അഴിമതിയെ പറ്റി ശബ്ദിക്കാനുള്ള ധാര്‍മ്മിക ബലം ഉണ്ടാവില്ല. ലാവലിന്‍ കേസല്ല, ആ കേസില്‍ പ്രതിയായ ആളെ പ്രതിരോധിക്കാന്‍ പാര്‍ട്ടി സ്വീകരിച്ച മാര്‍ഗ്ഗം പൊതുസമൂഹത്തില്‍ ഉണ്ടാക്കിയ അവമതിപ്പ് ചെറുതല്ല. പാര്‍ട്ടി അകപ്പെട്ട ഒരു പ്രതിസന്ധിയാണതിന് കാരണം എന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിട്ടും നിരപരാധിത്വം തെളിയിക്കപ്പെടുന്നവരെ സെക്രട്ടരി സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടില്ല എന്നത് പാര്‍ട്ടിയുടെ ഗതികേട് ആയിട്ടേ കാണാന്‍ കഴിയൂ, ന്യായീകരണങ്ങള്‍ എന്ത് തന്നെ പറഞ്ഞാലും.

തൊട്ടതിനും പിടിച്ചതിനും മറ്റുള്ളവരുടെ രാജി ആവശ്യപ്പെടാറുള്ള പാര്‍ട്ടിയാണ് സി.പി.എം. ഒരു ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ പോലും രാഷ്ട്രീയ ധാര്‍മ്മികതയുടെ പേരില്‍ നിരന്തരമായി അവര്‍ രാജി ആവശ്യപ്പെടാറുണ്ട്. ഇപ്പോള്‍ , ബംഗാളില്‍ തുടര്‍ച്ചയായ തെരഞ്ഞെടുപ്പ് പരാജയങ്ങളുടെ പേരില്‍ സര്‍ക്കാര്‍ രാജി വെച്ചു പുതിയ ജനവിധി തേടണം എന്ന് ആവശ്യപ്പെട്ടത് മാര്‍ക്സിസ്റ്റ് മന്ത്രി തന്നെയാണ്. ബൂമറാംഗ് വരുന്ന വരവ് കണ്ടോ! മാര്‍ക്സിസ്റ്റ് ഭാഷ കടമെടുത്ത് പറഞ്ഞാല്‍ രണ്ടായിരത്തി പതിനൊന്ന് വരെ അധികാരത്തില്‍ കടിച്ചു തൂങ്ങാനാണ് ബംഗാളില്‍ സി.പി.എമ്മിന്റെ ഇപ്പോഴത്തെ തീരുമാനം. മാറുമോ എന്നറിയില്ല.

തെറ്റുതിരുത്തല്‍ രേഖ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ കീഴ്‌ഘടകങ്ങളിലേക്ക് ചര്‍ച്ച വ്യാപിക്കുമ്പോള്‍ അത് പാര്‍ട്ടിയില്‍ ഒരു ഗ്ലാസ്‌നോസ്റ്റ് ഉണ്ടാക്കുമോ എന്ന് കണ്ടറിയണം. നേതാക്കന്മാരുടെ മുഖത്ത് നോക്കി വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യമാണ് ഈ രേഖയിലൂടെ കേന്ദ്രനേതൃത്വം അണികള്‍ക്ക് നല്‍കിയിരിക്കുന്നത്. അത് തടയിടാനാണ് പി.ശശി കേന്ദ്രനേതൃത്വത്തിനെതിരെ വിമര്‍ശനം തൊടുത്തുവിട്ടത്. തെറ്റ് തിരുത്താതെ പാര്‍ട്ടിക്ക് ഒരിഞ്ച് പോലും ഇനി മുന്നോട്ട് പോകാന്‍ കഴിയാതിരിക്കെ പിണറായിയുടെ മൌനാനുവാദത്തോടെ ശശി നടത്തിയ രോഷപ്രകടനം ഫലിക്കുമോ എന്നറിയില്ല. ഇത് വരെ എല്ലാ വിമര്‍ശനങ്ങളെയും കമ്മ്യൂണിസ്റ്റ് വിരുദ്ധരുടെ ആക്രോശം എന്ന് പരിഹസിച്ചവര്‍ക്ക് അണികള്‍ തന്നെ മറുപടി പറയാന്‍ ഇടയാക്കും തെറ്റുതിരുത്തല്‍ ചര്‍ച്ചകള്‍ .

തെറ്റുകള്‍ തിരുത്തിയാല്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയ്ക്ക് ഇനിയും ഇന്ത്യയില്‍ ഭാവിയുണ്ട്, ഇല്ലെങ്കില്‍ ഇല്ല അതാണ് അവസ്ഥ. തെറ്റ് തിരുത്തല്‍ അത്ര എളുപ്പമല്ല എന്ന് മാത്രം പറഞ്ഞുവെക്കട്ടെ.

തിരുത്തുന്നതാണ് തെറ്റ്

പി.ശശി പറഞ്ഞത് ശരിയാണെന്നാണ് എനിക്ക് തോന്നുന്നത്. ഈ തെറ്റുതിരുത്തല്‍ രേഖ ഇങ്ങനെ ചര്‍ച്ച ചെയ്യുന്നത്കൊണ്ട് പാര്‍ട്ടിയെന്തോ മഹാ തെറ്റുകള്‍ ചെയ്യുന്നതായി പൊതുജങ്ങള്‍ക്കിടയില്‍ തെറ്റായ ധാരണ പരക്കും എന്നും തെറ്റുതിരുത്തലല്ല ദേശീയ നേതൃത്വത്തിന്റെ സ്വാധീനക്കുറവാണ് ചര്‍ച്ചയ്ക്ക് വിധേയമാക്കേണ്ടതെന്നുമാണ് അദ്ദേഹത്തിന്റെ അഭിപ്രായം. തെറ്റും ശരിയും എന്താണെന്ന് നിര്‍വ്വചിക്കണം എന്ന് മറ്റൊരു നേതാവ് ആവശ്യപ്പെട്ടത്രെ. ശശിയുടെ അഭിപ്രായം നിസ്സാരമായി തള്ളിക്കളയാനാവില്ല. അഥവാ പിണറായി സെക്രട്ടരി സ്ഥാനത്ത് നിന്ന് മാറേണ്ടി വരികയാണെങ്കില്‍ തല്‍‌സ്ഥാനത്ത് സി.പി.എമ്മിലെ നടപ്പ് രീതിയനുസരിച്ച് വരാന്‍ യോഗ്യതയുള്ള ഒരേ നേതാവാണ് ശശി. കേരളത്തില്‍ നിന്ന് അടുത്തതായി പി.ബി.അംഗമാകാനും ശശിയേയുള്ളൂ. തിരുത്തപ്പെടാന്‍ കഴിയുന്ന തെറ്റുകളൊന്നും ഇപ്പോള്‍ സി.പി.എമ്മുകാര്‍ ചെയ്യുന്നില്ല. അഥവാ ചെയ്യുന്ന തെറ്റുകളൊന്നും തിരുത്താനും പോകുന്നില്ല. പിന്നെന്തിന് പാര്‍ട്ടിയെ തെറ്റുകളുടെ പുകമറയില്‍ നിര്‍ത്തണം എന്നതാണ് ശശിയുടെ ലോജിക്ക്. ശരിയുമാണത്.

തെറ്റുതിരുത്തല്‍ രേഖയുടെ പൂര്‍ണ്ണരൂപം തങ്ങള്‍ക്ക് കിട്ടിയെന്നാണ് ഇന്ത്യവിഷന്‍ അവകാശപ്പെട്ടത്. അവര്‍ അത് കാണിക്കുകയും ചെയ്തു. എന്ത് തന്നെയായാലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ചില മൂല്യങ്ങള്‍ ഉണ്ടായിരുന്നു. ആ മൂല്യങ്ങള്‍ അതേ പടി തിരിച്ചുപിടിക്കണം എന്നാണ് തെറ്റുതിരുത്തല്‍ രേഖ ആവശ്യപ്പെടുന്നത്. അണികളും അതാഗ്രഹിക്കുന്നു. എന്നാല്‍ സംഗതി കൊള്ളാമെങ്കിലും അത് നടപ്പുള്ള കാര്യമാണോ? അല്ലേയല്ല. ഇങ്ങനെ ചില മൂല്യങ്ങള്‍ പാര്‍ട്ടിക്കുണ്ടന്നും അതൊക്കെ ലംഘിച്ചുകൊണ്ട് തെറ്റാണ് തങ്ങള്‍ ചെയ്തുവരുന്നതെന്നും ഏതെങ്കിലും നേതാവിന് അറിയാതിരിക്കുമോ? അത്രയ്ക്കും മന്ദബുദ്ധികളാണോ നേതാക്കള്‍ . ഉദാഹരണത്തിന്, വയല്‍ നികത്തലിന് എതിരെ വെട്ടിനിരത്തല്‍ നടക്കുമ്പോഴാണ് ഇ.പി.ജയരാജന്‍ അന്നത്തെ ബഡ്‌ജറ്റ് അനുസരിച്ച് 25ലക്ഷം ചെലവാക്കി വയല്‍ നികത്തിക്കൊണ്ട് സുന്ദരമായി വീട് നിര്‍മ്മിച്ചത്. അത് 96ലെ രേഖയ്ക്ക് മുന്‍പാണെന്ന് പറയാം. എന്നാലും വിമര്‍ശനം ഉയര്‍ന്നപ്പോള്‍ വി.എസ്സ്. പറഞ്ഞത് ഇക്കാലത്ത് വീട്ടിനൊക്കെ അത്രചെലവാകും എന്നാണ്. വയല്‍ നികത്തിയ കാര്യം മിണ്ടിയതുമില്ല. രേഖയില്‍ പറയുന്ന കാര്യങ്ങള്‍ പണ്ട് കൃഷ്ണപ്പിള്ളയുടെ കാലത്തേ പറയുന്നതാണ്. ഇപ്പോഴാണ് രേഖ ആക്കുന്നത് എന്ന് മാത്രം.

കമ്മ്യൂണിസ്റ്റുകാര്‍ വെള്ളത്തിലെ മീനിനെ പോലെ ജനങ്ങള്‍ക്കിടയിലാണ് ജീവിയ്ക്കേണ്ടത് എന്ന് ഏത് നേതാവിനാണ് അറിയാത്തത്. എന്നാല്‍ ബ്രാഞ്ച് സെക്രട്ടരിക്ക് മേലെയുള്ള സകല നേതാക്കളും അണികള്‍ക്ക് അപ്രാപ്യരാണ്. പ്രസംഗിക്കുക,കീഴ്‌കമ്മറ്റികളില്‍ റിപ്പോര്‍ട്ടിങ്ങ് നടത്തുക, ഉത്തരവുകള്‍ ഇറക്കുക, ഇതൊക്കെയാണ് അവരുടെ ചുമതലകള്‍ . ബ്രാഞ്ച് സെക്രട്ടരി മുതല്‍ താഴോട്ടുള്ളവരെയേ അണികള്‍ക്കോ ജനങ്ങള്‍ക്കോ ബന്ധപ്പെടാന്‍ പറ്റൂ. അതിന് മേല്‍പ്പോട്ടുള്ളവരെ കാണണമെങ്കില്‍ ബ്രാഞ്ചില്‍ നിന്ന് കത്ത് വാങ്ങണം. വെരിഫിക്കേഷന്‍ നടത്തിയിട്ടേ കത്ത് ലഭിക്കൂ. സഖാക്കള്‍ തമാശയായി പറയാറുണ്ട് കോണ്‍ഗ്രസ്സിന്റെ എം.പി.യെയോ,എമ്മെല്ലെയെയോ കാണണമെങ്കില്‍ നേരിട്ട് സമീപിക്കാം,നമ്മളെ പാര്‍ട്ടിയില്‍ നടക്കുകയേയില്ല എന്ന്. അണികളെയോ,ജനങ്ങളെയോ ബന്ധപ്പെടാന്‍ അനുവദിച്ചാല്‍ അവരോട് ഇടപഴകിയാല്‍ തങ്ങളുടെ വില ഇടിഞ്ഞുപോകും എന്നാണ് ഏരിയാക്കമ്മറ്റി തൊട്ടു മുകളിലോട്ടുള്ള നേതാക്കള്‍ കരുതുന്നത്.

തെറ്റുതിരുത്തല്‍ രേഖയില്‍ പറയുന്ന കാര്യങ്ങള്‍ നടപ്പാക്കി ജനങ്ങളുടെ വിശ്വാസം ആര്‍ജ്ജിക്കണമെങ്കില്‍ ഇന്നുള്ള ഏരിയാക്കമ്മറ്റി തൊട്ട് മേല്‍പ്പോട്ട് സകല ഭാരവാഹികളെയും ഒഴിവാക്കി പുതിയ സാരഥികളെ കണ്ടെത്താന്‍ പാര്‍ട്ടി മെമ്പര്‍മാര്‍ക്ക് കഴിയണം. അത് ഒരിക്കലും നടക്കില്ല. കാരണം സംഘടനാതെരഞ്ഞെടുപ്പ് മുറ പോലെ നടക്കുമെങ്കിലും കീഴ്‌ക്കമ്മറ്റി ഭാരവാഹികളെ മേല്‍ക്കമ്മറ്റി നിര്‍ദ്ദേശിക്കലാണ് തെരഞ്ഞെടുപ്പ് രീതി. മത്സരം പാര്‍ട്ടിച്ചട്ടക്കൂടിന് വിരുദ്ധമാണ്. ചുരുക്കിപ്പറഞ്ഞാല്‍ മേലെ എത്തിയാല്‍ പിന്നെ ഒരിക്കലും ഇറങ്ങേണ്ടി വരില്ല. ഇതൊക്കെക്കൊണ്ട് തന്നെയാണ് ഞാന്‍ ശശിയോട് യോജിക്കുന്നത്. ഈ തെറ്റുതിരുത്തല്‍ നാടകം പാര്‍ട്ടിയെ പറ്റി അവമതിപ്പ് ഉണ്ടാക്കാനേ ഉപകരിക്കൂ.

ജനാധിപത്യത്തിന്റെ വസന്തം

ഉപതെരഞ്ഞെടുപ്പ് ഫലം കേരളത്തില്‍ ജനാധിപത്യത്തിന്റെ വസന്തമായാണ് ഞാന്‍ കാണുന്നത്. കണ്ണൂരില്‍ പ്രത്യേകിച്ചും സ്റ്റാലിനിസ്റ്റ് ക്രിമിനല്‍ രാഷ്ട്രീയത്തിന്റെ മരണമണി മുഴങ്ങിക്കഴിഞ്ഞു എന്നും ഞാന്‍ വിലയിരുത്തുന്നു. സാധാരണയായി പ്രതിയോഗികളെ അറബിക്കടലില്‍ ആഴ്ത്തുക എന്നത് മാര്‍ക്സിസ്റ്റ് മുദ്രാവാക്യശൈലിയാണ്. എന്നാല്‍ സ്റ്റാലിനിസം അറബിക്കടലില്‍ മാത്രമല്ല ബംഗാള്‍ ഉള്‍ക്കടലിലും ആഴ്ത്തപ്പെടും എന്നതിന്റെ സൂചനകള്‍ പശ്ചിമ ബംഗാളില്‍ നിന്നും വരുന്നതായി കാണുന്നു.

സി.പി.എമ്മില്‍ വലിയ തോതിലുള്ള തിരുത്തല്‍ നടപടികള്‍ക്ക് ഈ ഉപതെരഞ്ഞെടുപ്പ് ഫലം ആക്കം കൂട്ടം എന്നതില്‍ തര്‍ക്കമില. എന്ത് തന്നെ തെറ്റുകള്‍ തിരുത്തിയാലും, തെറ്റുകളുടെ ശ്രോതസ്സ് സ്റ്റാലിനിസ്റ്റ് ആശയത്തിന്റെ അടിത്തറ ആയതിനാല്‍ തെറ്റു തിരുത്തല്‍ ഒരു ഫലവും ചെയ്യാന്‍ പോകുന്നില്ല. സ്റ്റാലിനിസത്തില്‍ നിന്ന് മോചനം നേടാനുള്ള ഇച്ഛാശക്തി മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കോ അതിന്റെ നേതാക്കള്‍ക്കോ ഇല്ലാത്തതിനാല്‍ സി.പി.എം. എന്ന പാര്‍ട്ടി ക്രമേണ ക്ഷയിച്ച് ഇല്ലാത്താകാനുള്ള സാധ്യതയാണ് ഉള്ളത്.

ഈ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സിറ്റിങ്ങ് സീറ്റ് നിലനിര്‍ത്തുക മാത്രമല്ലെ ചെയ്തത്. ഇതില്‍ ആഘോഷിക്കാന്‍ എന്തിരിക്കുന്നു എന്ന് സുഹൃത്ത് ജോക്കര്‍ ചോദിക്കുന്നു. ശരിയാണ്, പക്ഷെ ഉപതിരഞ്ഞെടുപ്പുകളില്‍ എക്കാലവും എല്‍.ഡി.എഫ്. മാത്രമേ ജയിക്കാറുള്ളൂ. സി.പി.എം. എന്ന പാര്‍ട്ടിയുടെ സംഘടനാമികവും കുതന്ത്രങ്ങളുമാണതിന് കാരണം. ആ അര്‍ത്ഥത്തില്‍ ഇപ്പോള്‍ മൂന്ന് സീറ്റിലും വിജയിച്ചത് ചരിത്രം തിരുത്തിക്കുറിക്കല്‍ മാത്രമല്ല,സി.പി.എമ്മിന് ജനാധിപത്യകേരളത്തിന്റെ താക്കീത് കൂടിയാണ്.

കണ്ണൂര്‍ ചരിത്രം സൃഷ്ടിച്ചു !

തെരഞ്ഞെടുപ്പുകളുടെ ചരിത്രത്തില്‍ കണ്ണൂരില്‍ ആദ്യമായി നടന്ന സമാധാനപരമായ തെരഞ്ഞെടുപ്പായിരുന്നു നവമ്പര്‍ 7ന് നടന്ന ഉപതെരഞ്ഞെടുപ്പ്. യാതൊരു പരാതികളോ പ്രശ്നങ്ങളോ ഇല്ലാതെ ഇങ്ങനെയും തെരഞ്ഞെടുപ്പ് നടക്കും എന്ന് കണ്ണൂരുകാര്‍ മനസ്സിലാക്കുന്നത് ഇതാദ്യമായിട്ടാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സന്ദര്‍ഭോചിതമായ ഇടപെടലും തീരുമാനങ്ങളുമാണ് ഇങ്ങനെയൊരു തെരഞ്ഞെടുപ്പ് ചരിത്രം സൃഷ്ടിക്കാന്‍ ഇടയായത്. കേന്ദ്രസേനയുടെ വരവ് മാര്‍ക്സിസ്റ്റ് നേതാക്കളെ തെല്ലൊന്നുമല്ല നിരാശരാക്കിയത്. തങ്ങളുടെ കുത്തിത്തിരുപ്പുകള്‍ ഒന്നും വില പോവാതെ ജനങ്ങള്‍ ക്യൂ നിന്ന് നിര്‍ഭയം വോട്ട് ചെയ്യുന്നത് അവര്‍ക്ക് നിസ്സഹായരായി,ഗതികെട്ടവരായി നോക്കിനില്‍ക്കേണ്ടി വന്നു. ആ ഗതികേടിന്റെ ബഹിര്‍സ്പുരണമായിരുന്നു, “ഇറാക്കിലെ പാവപ്പെട്ടവരെ കൊന്നൊടുക്കിയ അമേരിക്കന്‍ പട്ടാളം വന്നാല്‍ പോലും കണ്ണൂരിലെ ജനങ്ങള്‍ വോട്ട് ചെയ്യുമെന്ന” എം.വി.ജയരാജന്റെ പൊട്ടിത്തെറിക്കല്‍. പട്ടാളം വന്നത് നന്നായി എന്ന് ആദ്യം പറഞ്ഞത് ഈ ജയരാജന്‍ തന്നെ. പിന്നെ അത് വൈക്കം വിശ്വന്‍ വരെ ഏറ്റുപിടിച്ചു. ഇത് കേട്ടാല്‍ തോന്നും വോട്ടെടുപ്പ് കലക്കാനാണ് കേന്ദ്രസേന വന്നതെന്നും വോട്ട് ചെയ്തവര്‍ എല്ലാം മാര്‍ക്സിസ്റ്റ്കാരാണെന്നും. മാര്‍ക്സിസ്റ്റുകാര്‍ അങ്ങനെയാണ്, അവര്‍ തൊള്ളയ്ക്ക് തോന്നിയത് പറയും. കേള്‍ക്കുന്നവര്‍ എന്ത് വിചാരിക്കും എന്നൊന്നും അവര്‍ക്ക് പ്രശ്നമേയല്ല. ഇങ്ങനെയൊക്കെ പറഞ്ഞ് ന്യായീകരിക്കാന്‍ ശ്രമിക്കുന്നതാണ് നേതാക്കളിലെ അസാമാന്യ കഴിവായി അണികള്‍ കാണുന്നത്. കുരുട്ടുന്യായങ്ങള്‍ യാതോരു ഉളുപ്പുമില്ലാതെ എത്ര ഉറക്കെ പറയുന്നുവോ അതാണ് മാര്‍ക്സിസ്റ്റ് നേതൃഗുണം.

കേന്ദ്രസേനയെ അയക്കുന്ന കാര്യം പുന:പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഇനിയും സമയമുണ്ടെന്ന് പിണറായി വിജയന്‍ അവസാനനിമിഷവും പ്രസ്ഥാവിച്ചുകൊണ്ടിരുന്നു. ഇതിനിടയില്‍, തെരഞ്ഞെടുപ്പ് തങ്ങളുടെ നിരീക്ഷണത്തില്‍ നടത്താമെന്ന് ഡി.ജി.പി. തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചതായി ഇപ്പോള്‍ പത്രറിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നു. ഒന്നും നടക്കില്ല എന്ന് വന്നപ്പോഴാണ്, പട്ടാളം ബാരക്കില്‍ ഇരിക്കും എന്ന മുഖ്യമന്ത്രിയുടെ കുപ്രസിദ്ധ പ്രസ്ഥാവന വന്നത്. മുഖ്യമന്ത്രി പറഞ്ഞതില്‍ കാര്യമില്ലാതില്ല. മുന്‍പൊക്കെ ഭരിക്കുന്ന സര്‍ക്കാര്‍ പറയുന്ന പോലെ തെരഞ്ഞെടുപ്പ് നടത്തിക്കൊടുക്കലായിരുന്നു ഇലക്‍ഷന്‍ കമ്മീഷന്റെ പണി. അത്കൊണ്ട് ഈര്‍ക്കിലി പാര്‍ട്ടികള്‍ക്ക് പോലും കമ്മീഷനെ ഭീഷണിപ്പെടുത്തി ചൊല്‍പ്പടിക്ക് നിര്‍ത്താന്‍ കഴിഞ്ഞിരുന്നു. രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് മീതെ ഒരധികാരകേന്ദ്രവും രാജ്യത്ത് നിലവിലില്ല എന്നായിരുന്നു നേതാക്കളുടെ വിചാരം. എന്നാല്‍ ടി.എന്‍.ശേഷന്‍ ചീഫ് ഇലക്‍ഷന്‍ കമ്മീഷണര്‍ ആയതോടെ സ്ഥിതിഗതികള്‍ മാറി. ഇലക്‍ഷന്‍ കമ്മീഷന്‍ എന്നാല്‍ ഒരു ഭരണഘടനാസ്ഥാപനമാണെന്ന് ആളുകള്‍ മനസ്സിലാക്കുന്നത് ടി.എന്‍.ശേഷന്‍ അതിന്റെ തലപ്പത്ത് വന്നതിന് ശേഷമാണ്. ആ ശേഷന്‍ ഇഫക്റ്റ് ആണ് ഇപ്പോള്‍ കണ്ണൂരില്‍ പ്രതിഫലിച്ചത്. വോട്ടെടുപ്പിന്റെ തലേന്ന് വൈകുന്നേരം അഞ്ച് മണിക്ക് മുന്‍പായി സാക്ഷാല്‍ പിണറായി വിജയന് കണ്ണൂരില്‍ നിന്ന് സ്വന്തം പഞ്ചായത്തായ പിണറായിലേക്ക് പോകേണ്ടി വന്നു എന്ന് പറഞ്ഞാല്‍ അത് ശേഷന്‍ ഇഫക്റ്റ് ഇല്ലായിരുന്നുവെങ്കില്‍ ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യമാണ്.

ഇത്തവണ കണ്ണൂര്‍ മണ്ഡലം പിടിച്ചെടുക്കാന്‍ സി.പി.എം. എല്ലാ നടപടികളും പൂര്‍ത്തിയാക്കിയതായിരുന്നു. എന്നാല്‍ കെ.സുധാകരന്‍ എന്ന ഒരേയൊരു കോണ്‍ഗ്രസ്സ് നേതാവിന്റെ ഊര്‍ജ്ജസ്വലമായ നേതൃത്വമാണ് സി.പി.എമ്മിന്റെ കുതന്ത്രങ്ങളെ പ്രതിരോധിച്ചത്. ഇതെഴുതുമ്പോള്‍ റിസല്‍ട്ട് വരാനിരിക്കുന്നതേയുള്ളൂ. ആര് ജയിക്കും എന്നതല്ല പ്രശ്നം. സാധാരണയായി ഉപതെരഞ്ഞെടുപ്പുകള്‍ നടന്നാല്‍ കേരളത്തില്‍ സി.പി.എമ്മേ ജയിക്കാറുള്ളൂ. മറ്റ് മണ്ഡലങ്ങളില്‍ നിന്ന് പ്രവര്‍ത്തകരേയും കള്ള വോട്ടര്‍മാരെയും ഇറക്കുമതി ചെയ്യാന്‍ കഴിയുന്നത് കൊണ്ടാണത്. ഇത്തവണ അബ്ദുള്ളക്കുട്ടിയെ തോല്‍പ്പിക്കാന്‍, പരിയാരം മെഡിക്കല്‍ കോളേജ് തെരഞ്ഞെടുപ്പ് മോഡല്‍ തന്ത്രങ്ങള്‍ ആയിരുന്നു സി.പി.എം. ആസൂത്രണം ചെയ്തിരുന്നത്. അത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചില്ല. അത്കൊണ്ടാണ് കമ്മീഷന്‍ കോണ്‍ഗ്രസിന്റെ പാവയായി എന്ന് ആക്ഷേപിക്കുന്നത്.

കണ്ണൂരില്‍ എണ്‍പത് ശതമാനത്തോളമാണ് പോളിങ്ങ്. ശതമാനം കൂടുന്തോറും അതിന്റെ ഗുണം ലഭിക്കുക യു.ഡി.എഫിനായിരിക്കും എന്നത് എപ്പോഴും കണ്ടു വരുന്ന വസ്തുതയാണ്. കാരണം ഉദാസീനവോട്ടുകളാണ് യു.ഡി.എഫിന് അധികവും ലഭിക്കാറുള്ളത്. മാര്‍ക്സിസ്റ്റുകാരുടെ വിടുവായത്തങ്ങളും,കുത്സിതമാര്‍ഗ്ഗങ്ങളും,ആക്രമണശൈലികളുകളുമാണ് ഈ ഉദസീനവോട്ടര്‍മാരെ ആവേശപൂര്‍വ്വം പോളിങ്ങ് ബൂത്തില്‍ എത്തിക്കുന്നത്. അല്ലാതെ അവര്‍ക്കൊന്നും ഒരു രാഷ്ടീയസ്പിരിറ്റും ഇല്ല. സമാധാനമായി ജീവിയ്ക്കണമെന്ന ഒറ്റ ആഗ്രഹമേയുള്ളൂ. സി.പി.എം. ഈ ഉദാസീനവോട്ടര്‍മാരെ പ്രകോപിപ്പിച്ചില്ലെങ്കില്‍ കേരളത്തില്‍ യു.ഡി.എഫിന്റെ പൊടി കാണില്ല തീര്‍ച്ച. കെ.സുധാകരന്‍ തന്നെ കണ്ണൂര്‍കാര്‍ക്ക് പ്രിയങ്കരനാകുന്നത് സി.പി.എമ്മിനെ പ്രതിരോധിക്കുന്നു എന്ന ഒറ്റക്കാരണത്താലാണ്. പണ്ടൊക്കെ കണ്ണൂരില്‍ ആ ദൌത്യം എന്‍.രാമകൃഷ്ണനായിരുന്നു. ചുരുക്കത്തില്‍ കേരളത്തില്‍ കോണ്‍ഗ്രസ്സും യു.ഡി.എഫും നിലനില്‍ക്കുന്നത് മറ്റാര്‍ക്കും യോജിക്കാന്‍ കഴിയാത്ത സി.പി.എമ്മിന്റെ ശൈലി കൊണ്ടാണ്. അല്ലാതെ ഉമ്മന്‍ ചാണ്ടിയുടെയും ചെന്നിത്തലയുടെയും സ്റ്റൈല്‍ കണ്ടിട്ടല്ല. തെരഞ്ഞെടുപ്പ് വന്നാല്‍ സ്ലിപ്പ് കൊടുക്കുക എന്ന പണിയേ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഉള്ളൂ. ഇനി അഥവാ അങ്ങനെ സ്ലിപ്പ് കിട്ടിയില്ലെങ്കിലും ആളുകള്‍ എങ്ങനെയെങ്കിലും പോയി യു.ഡി.എഫിന് വോട്ട് ചെയ്യും. പ്രത്യേകിച്ചും ടിവി കാണുന്നവര്‍.

കേന്ദ്രസേന വന്നത് കണ്ണൂരിലെ രാഷ്ട്രീയപ്രബുദ്ധരായ ജനങ്ങളെ അപമാനിച്ചതിന് തുല്യമാണെന്നും ആ അപമാനം സഹിക്കവയ്യാതെയാണ് ആളുകള്‍ കൂട്ടത്തോടെ വന്ന് വോട്ട് ചെയ്തതെന്നുമാണ് സി.പി.എം. നേതാക്കള്‍ വോട്ടെടുപ്പ് കഴിഞ്ഞ് വൈകുന്നേരം പ്രതികരിച്ചത്. സത്യത്തില്‍ കേന്ദ്രസേന കണ്ണൂരിന്റെ നഷ്ടപ്പെട്ട അഭിമാനം വീണ്ടെടുക്കുകയാണ് ചെയ്തത്. ഈ അഭിമാനത്തിന്റെ കാര്യത്തില്‍ മാര്‍ക്സിസ്റ്റുകാരും മറ്റ് ജനാധിപത്യവിശ്വാസികളും രണ്ട് തട്ടിലാണ്. അത്കൊണ്ട് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഏ.കെ.ജി. ഹോസ്പിറ്റല്‍ തെരഞ്ഞെടുപ്പില്‍ ഒരിക്കല്‍ സി.പി.എം. പരാജയപ്പെട്ടപ്പോള്‍ പറശ്ശിനിക്കടവ് സ്നേക്ക് പാര്‍ക്കിലെ മിണ്ടാപ്രാണികളെ ചുട്ടുകരിച്ചുകൊണ്ടാണ് മാര്‍ക്സിസ്റ്റുകാ‍ര്‍ തങ്ങളുടെ അഭിമാനം വീണ്ടെടുത്തത്. പരിയാരം മെഡിക്കല്‍ കോളേജ് തെരഞ്ഞെടുപ്പില്‍ ഒരു ഡോക്റ്ററും ഭാര്യയും വോട്ട് ചെയ്യാന്‍ എത്തിയപ്പോള്‍ ഭാര്യയുടെ വോട്ട് ആരോ ചെയ്തിരിക്കുന്നു. അപ്പോള്‍ ഡോക്ടര്‍ ചോദിച്ചു, എന്റെ ആ രണ്ടാം ഭാര്യയെ ഒന്ന് കാണിച്ചു തരാമോ എന്ന്.

പോളിങ്ങ് ശതമാനം കൂടിയാലും വൈകുന്നേരം വരെ ബൂത്തില്‍ ക്യൂ ഉണ്ടായാലും അതിന്റെ പ്രയോജനം ലഭിക്കുക യു.ഡി.എഫിനാണെന്ന് പറയാന്‍ കാരണം കള്ളവോട്ടുകള്‍ അടക്കം സി.പി.എമ്മിന്റെ മുഴുവന്‍ വോട്ടുകളും ഏതാണ്ട് ഉച്ചയോട് കൂടി പോള്‍ ചെയ്യപ്പെട്ടിരിക്കും എന്നത് കൊണ്ടാണ്. വോട്ടെടുപ്പിന്റെ തലേന്ന് രാത്രി ഗൃഹനാഥന്‍ മരണപ്പെട്ട വീട്ടില്‍ നിന്ന് മറ്റ് കുടുംബാംഗങ്ങള്‍ വോട്ടായന്ന് രാവിലെ തലയില്‍ മുണ്ടിട്ട് പോയി വോട്ട് ചെയ്തു വന്ന സംഭവം ഞാന്‍ കണ്ടിട്ടുണ്ട്. അതാണ് മാര്‍ക്സിസ്റ്റ് വോട്ടിങ്ങ് ശൈലി. കണ്ണൂരിനെ രാഷ്ട്രീയ ഭുപടത്തില്‍ ഒരു ഭീകരജില്ലയാക്കിയത് സി.പി.എമ്മിന്റെ നെറി കെട്ട ശൈലിയും നേതൃത്വവുമാണ്. തങ്ങള്‍ സമാധാനത്തിന്റെയും ജനാധിപത്യത്തിന്റെയും ഒക്കെ കാവല്‍ മാലാഖയാണെന്ന മട്ടിലാണ് സി.പി.എം. നേതാക്കള്‍ പ്രസംഗിക്കുക. അവരോട് എനിക്കൊന്നേ പറയാനുള്ളൂ. നിങ്ങള്‍ ഇങ്ങനെ വിടുവായത്തം പറയാതിരുന്നെങ്കില്‍, ചാനലുകളില്‍ പ്രത്യക്ഷപെടാതിരുന്നെങ്കില്‍, അണികളോട് അക്രമം വെടിയാന്‍ പറഞ്ഞിരുന്നെങ്കില്‍ കണ്ണൂരെന്നല്ല കേരളത്തില്‍ തന്നെ കോണ്‍ഗ്രസ്സിന് അഡ്രസ്സ് ഉണ്ടാവില്ല. അതെങ്ങനെ, നിങ്ങളുടെ കച്ചോടം നടത്തിക്കൊണ്ട് പോകണമെങ്കില്‍ അണികള്‍ക്ക് ഒരുമ്മാക്കി കാണിക്കാന്‍ കോണ്‍ഗ്രസ്സ് വേണമല്ലൊ അല്ലേ?