Pages

മുല്ലപെരിയാര്‍; പ്രശ്നവും പരിഹാരവും

മുല്ലപെരിയാര്‍ പ്രശ്നം കേരളം , തമിഴ്‌നാട് എന്നീ രണ്ട് സംസ്ഥാനങ്ങള്‍ക്കും ജീവന്മരണപ്രശ്നമായി മാറിയിരിക്കുകയാണ്. അണക്കെട്ട് തകര്‍ന്നാല്‍ അത് സങ്കല്‍പ്പിക്കാനാകാത്ത ദുരന്തമാണ് കേരളത്തില്‍ വരുത്തിവെക്കുക. തമിഴ് നാട് ആകട്ടെ അവിടെ കൃഷിക്ക് ആവശ്യമായ ജലം ഇല്ലാതെ കര്‍ഷകര്‍ വലയുകയുമാണ്. പ്രധാനമായും കാവേരി നദീ ജലവും മുല്ലപെരിയാര്‍ അണക്കെട്ടില്‍ നിന്ന് ലഭിക്കുന്ന വെള്ളവുമാണ് അവര്‍ കൃഷിക്ക് ഉപയോഗിക്കുന്നത്. എന്നിട്ടും അവിടെ ആവശ്യത്തിന് ജലം ഇല്ല. കൃഷിയെ ആ‍ശ്രയിച്ചാണ് തമിഴ് നാട് ജീവിയ്ക്കുന്നത് തന്നെ. അവരെ സംബന്ധിച്ച് ഈ രണ്ട് ജലസ്രോതസ്സുകളും പതിറ്റാണ്ടുകളായി തര്‍ക്കത്തിലുമാണ്. ഈ തര്‍ക്കം വോട്ടാക്കി മാറ്റാന്‍ തക്കം പാര്‍ത്തിരിക്കുന്ന കഴുകന്‍ കണ്ണുള്ളവരാണ് അവിടത്തെ രാഷ്ട്രീയക്കാര്‍ . ഇപ്പോള്‍ മുല്ലപെരിയാറിന്റെ പേരില്‍ കരുണാനിധിയെ പ്രതിക്കൂട്ടില്‍ നിര്‍ത്താനാണ് ജയലളിതയും വൈക്കോയും ശ്രമിക്കുന്നത്. മുന്‍പ് കാവേരി നദി പ്രശ്നത്തില്‍ ജയലളിതയെ കരുണാനിധി വെള്ളം കുടിപ്പിച്ചതാണ്. അധികാരത്തിന് വേണ്ടി ജനങ്ങളെ ഇളക്കിവിടുന്ന രാഷ്ട്രീയക്കാര്‍ പലപ്പോഴും ശവം തീനികളായി മാറുന്നു എന്ന് പറയേണ്ടി വരുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലാണ്. ഇപ്പോള്‍ തന്നെ മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ കഴിഞ്ഞ നവംബര്‍ 14ന് വൈക്കോ മധുരയില്‍ നിരാഹാരം ഇരുന്നു. കേരളത്തിലേക്ക് പോകുന്ന ലോറികള്‍ MDMK പ്രവര്‍ത്തകര്‍ തടയും എന്നാണ് വൈക്കോ ഭീഷണി മുഴക്കുന്നത്. അതാണ് തമിഴരുടെ തുറുപ്പ് ശീട്ട്.

മുല്ലപ്പെരിയാറിനെ പറ്റി തമിഴ്‌നാട്ടിലും വ്യാപകമായ ചര്‍ച്ചകള്‍ ബ്ലോഗുകളിലും മറ്റ് മാധ്യമങ്ങളിലും നടക്കുന്നുണ്ട്. ഒരിടത്ത് കണ്ട കമന്റ് ഇങ്ങനെ : கேரளாவுக்கான உணவு , அத்தியாவசிய பொருட்கள் ஐம்பத்து ஐந்து சதவீதத்துக்கு மேல் தமிழகத்தில் இருந்து தான் அனுப்ப படுகிறது (കേരളത്തിനാവശ്യമായ ഭക്ഷ്യ, പലവ്യജ്ഞന സാധനങ്ങള്‍ 55 ശതമാനത്തിലധികം തമിഴ്‌നാട്ടില്‍ നിന്നാണ് അയക്കുന്നത്) , first, stop all commodities to kerala including fruits, vegetables, meat, etc. stop sand also. for construction they are mainly depend on us. ഇത് കേട്ടാല്‍ നമ്മള്‍ ആകെ തകര്‍ന്നു പോകും. അതാണ് നമ്മുടെ ഇന്നത്തെ അവസ്ഥ. ഒരു ഭാഗത്ത് ഏത് നിമിഷവും തകരാനിടയുള്ള അണക്കെട്ട്, മറുഭാഗത്ത് തമിഴ്‌നാട്ടില്‍ നിന്നും ലോറികള്‍ അതിര്‍ത്തി കടന്ന് എത്തിയില്ലെങ്കില്‍ ഉണ്ടാകാനിടയുള്ള ഭക്ഷ്യക്ഷാമം. രണ്ട് സംസ്ഥാനങ്ങളിലെയും ജനങ്ങളെ പരസ്പരം ശത്രുകള്‍ ആക്കാതെ എങ്ങനെ ഈ പ്രശ്നം പരിഹരിക്കാന്‍ കഴിയും എന്നാണ് അടിയന്തിരമായി ചിന്തിക്കേണ്ടത്. തമിഴ്‌നാടിന് ബലം നല്‍കുന്നത് ബ്രിട്ടീഷ് ഭരണകാലത്ത് ഉണ്ടാക്കിയ പാട്ടക്കരാറും, പിന്നീട് കേരള ഗവണ്മേന്റുമായി പുതുക്കിയ കരാറുമാണ്. അണക്കെട്ടില്‍ വിള്ളല്‍ ഉണ്ട് എന്നത് ഒരു രാഷ്ട്രീയപ്രചരണം മാത്രമാണെന്നും പുതിയ അണക്കെട്ട് നിര്‍മ്മിക്കാനുള്ള നിര്‍ദ്ദേശം തമിഴ്‌നാടിന് വെള്ളം നിഷേധിക്കാനുള്ള ഗൂഢാലോചനയാണിതിന് പിന്നില്‍ എന്നുമാണ് ഭൂരിപക്ഷം തമിഴരും ഇപ്പോഴും കരുതുന്നത്. മുല്ലപെരിയാര്‍ വിഷയത്തില്‍ തമിഴ് ജനതയോടൊപ്പം നില്‍ക്കുന്നില്ല എന്ന പേരില്‍ അവിടത്തെ സി.പി.എം. തമിഴ്‌നാട് ഘടകം വിമര്‍ശിക്കപ്പെടുന്നുണ്ട്.

മുല്ലപെരിയാര്‍ അണക്കെട്ടോടനുബന്ധിച്ച് തമിഴ്‌നാട് വൈദ്യുതി ഉല്പാദിപ്പിക്കുന്നുണ്ട് . അവിടെ ഉല്പാദിപ്പിക്കുന്ന വൈദ്യുതി തുച്ഛമാണെന്നും അത് നഷ്ടപ്പെട്ടാല്‍ തമിഴ്‌നാടിന് പോറല്‍ ഒന്നും ഏല്‍ക്കില്ല എന്നും അതിനാല്‍ ആ വൈദ്യുതി കേരളത്തിന് സൌജന്യമായി നല്‍കിയാല്‍ പിന്നെ കേരളം മുല്ലപെരിയാര്‍ തര്‍ക്കം ഉന്നയിക്കില്ല എന്നും ഒരു തമിഴ് ബ്ലോഗില്‍ കണ്ടു. ഇഡുക്കി ഡാം പൂര്‍ത്തിയാക്കിയതിന് ശേഷം ആവശ്യത്തിന് ജലം ലഭിക്കുന്നില്ല എന്ന് കണ്ടപ്പോള്‍ മുതലാണ് കേരള ഗവണ്മേണ്ട് മുല്ലപെരിയാര്‍ വിവാദമാക്കുന്നത് എന്ന് അതില്‍ പറയുന്നു. ഇതില്‍ നിന്നെല്ലാം മനസ്സിലാക്കേണ്ടത്, മുല്ലപെരിയാറിന്റെ അപകടഭീഷണി തമിഴ്‌നാട്ടിലെ സഹോദരന്മാര്‍ക്ക് മനസ്സിലായിട്ടില്ല എന്നാണ്. നാം നിയമനടപടികളുമായി മാത്രം മുന്നോട്ട് പോയാല്‍ അതിന്റെ പര്യവസാനം വരെ അണക്കെട്ട് അവിടെ ഉണ്ടാകണമെന്നില്ല. ഒരു ദുരന്തം സംഭവിച്ചിട്ട് കഴിഞ്ഞിട്ട് മുറവിളി കൂട്ടിയിട്ട് കാര്യമില്ലല്ലൊ.

അതിനാല്‍ അണക്കെട്ടിന്റെ ഇന്നത്തെ അവസ്ഥ ലക്ഷക്കണക്കിന് ആളുകളുടെ ജീവന് അപകടഭീഷണി ഉയര്‍ത്തുന്നു എന്ന സത്യം തമിഴ്‌നാട്ടിലുള്ളവരെ ബോധ്യപ്പെടുത്താന്‍ , സാധ്യമായ എല്ലാ വഴികളിലൂടെയും പ്രചാരണം നടത്തി, പുതിയ ഡാം പണിയുന്നതിന് അനുകൂലമായ മനോഭാവം തമിഴ് സഹോദരന്മാരില്‍ ഉണ്ടാക്കാന്‍ നമുക്ക് കഴിയണം. അതിനായി കേരളത്തില്‍ നിന്ന് ഒരു സര്‍വ്വകക്ഷി സംഘം തമിഴ്‌നാട്ടില്‍ പോയി അവിടെയുള്ള എല്ലാ രാഷ്ട്രീയ നേതാക്കളെയും, മറ്റ് പ്രമുഖരെയും കണ്ട് സംഭാഷണം നടത്താവുന്നതാണ്. സര്‍ക്കാര്‍ തലത്തിലും ബന്ധപ്പെട്ട് തമിഴ്‌നാടിന് വെള്ളം ഉറപ്പാക്കുന്ന തരത്തില്‍ പുതിയ അണക്കെട്ടിന് വേണ്ട കാര്യങ്ങള്‍ നീക്കാവുന്നതാണ്. ഇവിടെയും യഥാര്‍ഥ പ്രശ്നം വോട്ട് ബാങ്കിന്റേതാണെന്ന് നാം കാണണം. കരുണാനിധി അയഞ്ഞാല്‍ ജയലളിത അത് മുതലാക്കി വോട്ടുകള്‍ വാരിക്കൂട്ടും. വൈക്കോയും കുറുക്കനെ പോലെ സന്ദര്‍ഭം കാത്തിരിക്കുന്നു. അപകട ഭീഷണി തമിഴരെ ബോധ്യപ്പെടുത്തുകയും അതോടൊപ്പം നിയമപരമായി മുന്നോട്ട് പോവുകയും ചെയ്യാനേ നമുക്ക് കഴിയൂ. മുല്ലപെരിയാറിനെ പറ്റി തമിഴ്‌നാട്ടില്‍ എങ്ങനെ ക്യാമ്പയിന്‍ നടത്താം എന്ന് എല്ലാവരും കൂടി ആലോചിക്കാന്‍ ഇനി അമാന്തിച്ചു കൂട.


മുല്ലപെരിയാറിനെ കുറിച്ച് സമഗ്രവിവരങ്ങള്‍ നല്‍കുകയും അപ്പപ്പോള്‍ അപ്‌ഡേറ്റ് ചെയ്യുകയും ചെയ്യുന്ന ഒരു വെബ്‌സൈറ്റ് പി.എസ്. സുമേഷ് തയ്യാറാക്കിയിട്ടുണ്ട്. അതിന്റെ ലിങ്ക് ഇവിടെ

മുല്ലപെരിയാറിനെ പറ്റി സുമേഷ് സംവിധാനം ചെയ്ത് സൈബര്‍ ഗ്രാഫിക്സ് നിര്‍മ്മിച്ച 33 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി നാലു ഭാഗങ്ങളായി താഴെ യൂട്യൂബില്‍ കാണുക:




8 comments:

  1. അടിയന്തിര ശ്രദ്ധയര്‍ഹിക്കുന്ന ഒരു പ്രശ്നം. തമിഴരെ കേരളം നേരിടുന്ന അപകടകരമായ ഈ വിഷയം ബോധ്യമാക്കുക എന്നതാണ് ഇതിനു ഏറ്റവും നല്ല മാര്‍ഗ്ഗം. അതിനായി അവിടുത്തെ രാഷ്ട്രീയക്കാരേക്കാള്‍ നല്ലത് സിനിമാപ്രവര്‍ത്തകരായിരിക്കും (തമാശയല്ല)എന്നു തോന്നുന്നു.

    ReplyDelete
  2. അതെ അപ്പൂ, കമലഹാസനെ ഈ വിഷയവുമായി ബന്ധപ്പെടുത്താവുന്നതാണ്. അണക്കെട്ടിന് ബലക്ഷയമുണ്ടെന്നത് കേരളസര്‍ക്കാരിന്റെ വ്യാജപ്രചരമാണെന്നാണ് അവിടത്തെ ചില രാഷ്ട്രീയനേതാക്കള്‍ പ്രസംഗിക്കുന്നത്. അണക്കെട്ട് തകര്‍ന്നാല്‍ കേരളത്തില്‍ എത്രയോ പേര്‍ക്ക് ജീവനും സ്വത്തുക്കളും നഷ്ടപ്പെടുമെന്നും അതേ സമയം തമിഴ്‌നാടിന് പിന്നെ വെള്ളവും കിട്ടുകയില്ലല്ലൊ എന്ന് തമിഴരെ ബോധ്യപ്പെടുത്തി പുതിയ ഡാം നിര്‍മ്മിക്കുകയെന്നത് അവരുടെ കൂടി ആവശ്യമാക്കിത്തീര്‍ക്കാന്‍ നമുക്ക് കഴിയണം.

    ReplyDelete
  3. ഗൗരവമുള്ള വിഷയം, അതുപോലെ കൈകാര്യം ചെയ്‌തു. വേണ്ടപ്പെട്ടവര്‍ ശ്രദ്ധിക്കുമോ ആവോ ?

    (മറ്റൊരു വിഷയം : ബ്ലോഗ്‌ ആര്‍ക്കൈവ്‌സ്‌ കൊടുക്കാമോ ? പഴയ പോസ്‌റ്റുകള്‍ കാലാനുസാരിയായി വായിക്കാനാണ്‌)

    ReplyDelete
  4. വളരെ യഥാതഥ മായി കാര്യങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു.

    ഇനിയും ഇനിയും ഈ ക്യാമ്പൈന്‍ മുന്നോട്ടു പോകട്ടെ!

    ReplyDelete
  5. മത്സര ബുദ്ധിയോടുള്ള പ്രവർത്തനങ്ങൾ നമുക്ക് (മാത്രം) നഷ്ടമേ വരുത്തൂ

    അപ്പു എഴുതിയത് ചിന്തനീയമാണ് രാഷ്ട്രീയക്കാരെക്കാൾ ഇക്കാര്യത്തിൽ തമിഴരെ സ്വാധീനിക്കാൻ കഴിയുന്നത് സെലിബ്രിറ്റികളാവും, അവരെ വസ്തുതകൾ ബോധ്യപ്പെടുത്താനും പൊതുജനശ്രദ്ധയിൽ കൊണ്ടുവരാനും കഴിഞ്ഞാൽ പ്രയോജനമുണ്ടാകുമെന്ന് വിശ്വസിക്കുന്നു.

    എന്നാലും അതിന്റെകൂടെ ചേർത്ത് വായിക്കേണ്ട ഒന്നുരണ്ട് യാഥാർത്ഥ്യങ്ങൾ മറന്നു പോകരുത്, രാഷ്ട്രീയപ്രവേശത്തിനു മുഹൂർത്തം നോക്കിയിരിക്കുന്നവരാണ് തമിഴ് സെലിബ്രിറ്റികളിൽ മുഖ്യപങ്കും, അത്തരം ആളുകൾ ആത്മാർത്ഥമായി കേരളത്തിന്റെ കൂടെ നിൽക്കുമെന്ന് പറയാനാവില്ല, അതുപോലെതന്നെ രാഷ്ട്രീയക്കാരെ പൂർണ്ണമായും ഒഴിവാക്കി ഒരു സൊല്യൂഷൻ (അവർക്ക് നേട്ടമില്ലാതായാൽ)
    പ്രവർത്തനപഥത്തിൽ എത്തിക്കാൻ വളരെ പ്രയാസകരമായിരിക്കും.


    ദേശീയ ശ്രദ്ധ ആകർഷിക്കുന്ന തരത്തിലുള്ള ബഹുജന മുന്നേറ്റമായിരിക്കും വേഗത്തിൽ ഫലവത്താകുന്നതെന്നാണ് എന്റെ പക്ഷം, അതിനാദ്യം വേണ്ടത് കക്ഷി രാഷ്ട്രീയഭേദമന്യേ എല്ലാ മലയാളികളെയും കാര്യങ്ങൾ ബോധ്യപ്പെടുത്തുകയാണ്.
    തുടർന്ന് ദേശീയ മാധ്യമങ്ങളിൽ തുടർച്ചയായി ഈ വിഷയം സെൻസേഷണൽ ആക്കി നിർത്താൻ വഴികൾ കണ്ടെത്തുക,
    നല്ല തുടക്കം അക്കാര്യത്തിൽ വന്നുകഴിഞ്ഞാൽ ബഹുജനമുന്നേറ്റം തനിയെ വന്നോളും അങ്ങനെ പ്രശ്നത്തിന്റെ ആഴം എല്ലാവർക്കും ബോധ്യപ്പെട്ടാൽ എതിർപ്പുകൾ താനെ കുറയും കാര്യങ്ങൾക്ക് വേഗത്തിൽ തീർപ്പുണ്ടാവും.

    ReplyDelete
  6. വിദഗ്ദമായ പബ്ലിക് റിലേഷനിലൂടെ പരിഹരിക്കേണ്ട വിഷയം. പക്ഷേ, നമുക്ക് പരാതിപ്പെടാനും,കുറ്റപ്പെടുത്താനും,സമരം നടത്താനും മാത്രമല്ലേ അറിയു !!!

    ReplyDelete
  7. തമിഴ് ബ്ലോഗുകളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ കെ പി എസ് കമന്റിട്ടിരുന്നോ? ഇല്ലെങ്കില്‍ എന്തുകൊണ്ട്? ഉണ്ടെങ്കില്‍ എന്തായിരുന്നു പ്രതികരണം?

    ReplyDelete
  8. തമിഴ് ബ്ലോഗില്‍ മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ഞാന്‍ ഇടപ്പെട്ടിട്ടില്ല. എന്റെ അഭിപ്രായം ഞാന്‍ ഇവിടെ എഴുതി എന്ന് മാത്രം. അവിടെ എനിക്ക് ഒരു സമവായം ഉണ്ടാക്കാന്‍ കഴിയുമായിരുന്നില്ല. തമിഴ് നാടിന് ജലം ലഭിക്കണം അതേ സമയം ഡാം പുതുക്കി പണിയുകയും വേണം എന്നതാണ് എന്റെ നിലപാട്. രണ്ട് സംസ്ഥാനത്തെയും മുഖ്യമന്ത്രിമാര്‍ക്ക് ഇച്ഛാശക്തിയുണ്ടെങ്കില്‍ പരിഹരിക്കാവുന്നതേയുള്ളൂ പ്രശ്നം. പക്ഷെ മുഖ്യമന്ത്രിമാരുടെ കൈകള്‍ പല കാരണങ്ങളാല്‍ ബന്ധിക്കപ്പെടുന്നു എന്നതാണ് പ്രശ്നം. ജനാധിപത്യത്തിന്റെ ഒരു ദൌര്‍ബല്യമാണിത്. അത്കൊണ്ടാണ് രണ്ടു സംസ്ഥാനത്തെയും ജനങ്ങളെ യഥാര്‍ഥപ്രശ്നം പറഞ്ഞു മനസ്സിലാക്കി കൊടുക്കണം എന്ന് പറയുന്നത്. ഞാന്‍ ഇന്ത്യന്‍ എന്ന ഒരു വികാരം എല്ലാ ഇന്ത്യക്കാരിലും വളര്‍ത്തിയെടുക്കാന്‍ ഇതേ വരെ കഴിഞ്ഞിട്ടില്ല. അണ്ണാരക്കണ്ണനും തന്നാലായത് എന്ന മട്ടിലാണ് മലയാളം ബ്ലോഗ്ഗര്‍മാര്‍ ഈ പ്രശ്നത്തില്‍ ഒരു മൂവ്‌മെന്റ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നത്. ഇതില്‍ എത്ര ബ്ലോഗ്ഗേര്‍സ് പങ്കെടുക്കും എന്ന് തന്നെ അറിയില്ല.

    ജിവിയുടെ ചോദ്യത്തിന് തൃപ്തികരമായ ഉത്തരം നല്‍കാന്‍ കഴിയാതെ പോയതില്‍ ഖേദിക്കുന്നു.

    ReplyDelete