മലയാളം ബ്ലോഗ്ഗര്‍മാര്‍ തങ്ങളുടെ സാമൂഹ്യപ്രതിബദ്ധത ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് , കേരളത്തിലെ സാമൂഹ്യ-രാഷ്ട്രീയ-സാംസ്ക്കാരിക രംഗങ്ങളില്‍ ഇപ്പോള്‍ സജീവമായി ഇടപെടുന്നുണ്ട്. അത് വളരെ ശുഭോദര്‍ക്കമായ സംഗതിയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് നമ്മുടെ ബുലോകം മുന്‍കൈയെടുത്ത് സംഘടിപ്പിക്കുന്ന “റീ-ബില്‍ഡ് മുല്ലപെരിയാര്‍ ഡാം” എന്ന ബ്ലോഗ്ഗേര്‍സ് മൂവ് മെന്റ്.
ഇത്തരുണത്തില്‍ ഞാന്‍ ബൂലോകരുടെയും കേരളീയ സമൂഹത്തിന്റെയും സര്‍ക്കാരിന്റെയും പരിഗണനയ്ക്ക് വേണ്ടി ഏറ്റവും പ്രധാനപ്പെട്ട ഒരു വിഷയം അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. അത് മറ്റൊന്നുമല്ല, വിലക്കയറ്റമാണ്. കേരളം ഒരു കണ്‍സ്യൂമര്‍ സ്റ്റേറ്റ് ആണെന്ന് പറയുന്നത് അഭിമാനമായി കാണാതെ അതൊരു അപമാനമായി കാണണം എന്ന് ആമുഖമായി എല്ലാവരോടും പറയട്ടെ. മറ്റൊന്ന് വിലക്കയറ്റം എന്നത് സര്‍ക്കാറുകളെ അടിക്കാനുള്ള വടിയല്ല, അത് എല്ലാവരും യോജിച്ച് പരിഹാരം കാണേണ്ടതായ നീറുന്ന ജനകീയ പ്രശ്നമാണ്. ഇന്ന് സാധാരണക്കാര്‍ക്ക് നിത്യജീവിതം അസഹ്യമാക്കും വിധം ഭക്ഷ്യസാധനങ്ങളുടെ വില ക്രമാതീതമയി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതിന്റെ അടിസ്ഥാനകാരണം രാജ്യത്ത ഭക്ഷ്യോല്പാദനം അപര്യാപ്തമാണ് എന്നതാണ്. ഈ രംഗത്ത് കേരളത്തിന്റെ സംഭാവനയോ വട്ടപ്പൂജ്യവും. കറിവേപ്പിലയ്ക്ക് പോലും അയല്‍സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്ന ഗതികേട് നമുക്ക് ഭൂഷണമാണോ? ജനകീയാസൂത്രണം എന്ന പദ്ധതി കൊണ്ട് നമ്മുടെ ഭക്ഷ്യോല്പാദനം ഒട്ടും വര്‍ദ്ധിച്ചില്ല എന്ന് മാത്രമല്ല, ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്ക് നൂറ് ശതമാനവും അയല്‍സംസ്ഥാനങ്ങളെ ആശ്രയിക്കുക എന്ന നിലപാടിലേക്കാണ് നമ്മള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. അപ്പോള്‍ പിന്നെ നമുക്ക് എന്തിനാണ് കൃഷിവകുപ്പും കൃഷിഭവനുകളും ?
ഇതിനൊക്കെ ഒരു പരിധി വരെ പരിഹാരം കാണാനുള്ള ഒരു എളിയ നിര്‍ദ്ദേശമാണ് എനിക്ക് സര്‍ക്കാരിന്റെയും സമൂഹത്തിന്റെയും മുന്‍പില്‍ സമര്‍പ്പിക്കാനുള്ളത്. അതാണ് ഞാന്‍ മുന്നോട്ട് വെക്കുന്ന “സ്വാശ്രയ അടുക്കള ” എന്ന പദ്ധതി. മുന്‍പ് അടുക്കളത്തോട്ടം എന്നൊരു പദ്ധതി പരീക്ഷിച്ച് പരാജയപ്പെട്ടതാണ്. അത് വീണ്ടും സ്വാശ്രയ അടുക്കള എന്ന പേരില്‍ പുനരുജ്ജീവിപ്പിച്ചു സമൂഹത്തിന്റെ മൊത്തം പങ്കാളിത്തത്തോടെ നടപ്പാക്കി, ഒരു പരിധി വരെ നമുക്കാവശ്യമുള്ള പച്ചക്കറികളും കോഴിമുട്ടയും വീടുകളില്‍ തന്നെ ഉല്പാദിപ്പിക്കാന്‍ കഴിഞ്ഞാല്‍ ഭക്ഷ്യദൌര്‍ലഭ്യം അല്പമെങ്കിലും ലഘൂകരിക്കാന്‍ കഴിയുമല്ലൊ.
ഓരോ വീട്ടിലും പച്ചക്കറി വിത്തുകളും വളവും, രണ്ട് വീതം കോഴിക്കുഞ്ഞുങ്ങളെയും സര്‍ക്കാര്‍ കൃഷിഭവന്‍ മുഖാന്തിരം സൌജന്യമായി നല്‍കട്ടെ. കോഴിക്കുഞ്ഞുങ്ങളെ വളര്‍ത്താന്‍ ചെറിയ കൂടും സൌജന്യമായി നല്‍കണം. ഓരോ വീട്ടിലും വേസ്റ്റായി കളയുന്ന ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ രണ്ടോ മൂന്നോ കോഴികള്‍ക്ക് ധാരാളം മതി. കൂട്ടിലിട്ട് വളര്‍ത്തുന്നതിനാല്‍ അയല്‍ക്കാര്‍ക്ക് ഉപദ്രവവുമില്ല. ഏതൊരു പദ്ധതിയും കൊട്ടിഘോഷിച്ച് ആരംഭിച്ചു പിന്നെ ഉപേക്ഷിക്കുന്നത് കേരളത്തിന്റെ മാത്രം ശാപമാണ്. ഈ പദ്ധതി അങ്ങനെ ഉപേക്ഷിക്കാനിട വരരുത്. കാരണം ഭക്ഷണം എന്നത് എന്നും ആവശ്യമുള്ളതാണല്ലൊ. കുറഞ്ഞ പക്ഷം എല്ല്ലാ വീട്ടിലും പപ്പായ,മുരിങ്ങ,കറിവേപ്പില എന്നീ ചെടികളെങ്കിലും ഉണ്ടായാല്‍ അത്രയെങ്കിലുമായില്ലെ.
സ്ക്കൂള്‍ വിദ്യാര്‍ത്ഥികളെ ഈ പദ്ധതിയില്‍ ഭാഗഭാക്കാക്കാം. സ്വന്തം വീട്ടിലെ അടുക്കള കൃഷിയില്‍ ഓരോ വിദ്യാര്‍ത്ഥിയും ഓരോ പീരിയഡ് ചെലവഴിക്കണം എന്നത് സിലബസ്സിന്റെ ഭാഗമാക്കാം. അതിന് ഗ്രേസ് മാര്‍ക്കും നല്‍കാം. ഭക്ഷണം കഴിച്ചാല്‍ മാത്രം പോര നമ്മള്‍ കുറച്ചെങ്കിലും ഉല്പാദിപ്പിക്കുകയും വേണം എന്ന ബോധം അവര്‍ക്കുണ്ടാകട്ടെ. എത്രമാത്രം പറമ്പുകളും പുരയിടങ്ങളുമാണ് കേരളത്തില്‍ തരിശായി കിടക്കുന്നത്. ജപ്പാന്‍കാര്‍ കടലിലല്ലെ മണ്ണ് നിറച്ച് കൃഷി ചെയ്യുന്നത്. നമ്മള്‍ ഇത്രയേറെ സ്ഥലം ഇങ്ങനെ പാഴാക്കിയിട്ട്, അടുത്ത സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന ലോറിയെയും കാത്തിരിക്കുന്നത് ആത്മഹത്യാപരമല്ലെ. ഇക്കഴിഞ്ഞ മുപ്പത് വര്‍ഷമായി നാട്ടിലേക്ക് വരുന്ന ദുബായിപ്പണമാണ് ഇങ്ങനെയൊരു അലസതയും ധൂര്‍ത്തും നാട്ടില്‍ ഉണ്ടാക്കി വെച്ചത്. വീടുകളില്‍ എല്ലാവരും അനാവശ്യച്ചെടികള്‍ ലാളിച്ച് താലോലിച്ച് വളര്‍ത്തുന്നുണ്ട്. എന്നിട്ടും ഓണത്തിന് പൂക്കളം തീര്‍ക്കാന്‍ കര്‍ണ്ണാടകയെയും തമിഴ്‌നാടിനെയും ആശ്രയിക്കുന്നു. അതെന്താ പച്ചക്കറിച്ചെടികളുടെ ഇലകള്‍ക്കും പൂക്കള്‍ക്കും ഭംഗിയില്ലേ?
വിലക്കയറ്റത്തെ കുറിച്ച് പറയുമ്പോള്‍ നമ്മുടെ നാട്ടിലെ ചെറുതും വലുതുമായ വ്യാപാരി സമുഹം പിടിച്ചുപറിക്കാരോ കൊള്ളക്കൂട്ടമോ ആണെന്ന് പറയേണ്ടി വരും. കടകളില്‍ സ്റ്റോക്ക് ഉള്ള സാധനത്തിന് തന്നെയാണ് അവര്‍ ദിവസവും വില കയറ്റിക്കൊണ്ടിരിക്കുന്നത്. ഇന്നലെ മേടിച്ച അതേ ചാക്കിലുള്ള പഞ്ചസാരയ്ക്ക് ഇന്ന് വില അധികം. ഇതെന്ത് നീതി? വേണമെങ്കില്‍ മേടിച്ചാല്‍ മതി എന്നാണ് കടക്കാരന്റെ നിലപാട്. ഒരു സാധനത്തിനും വില ചോദിക്കുന്നത് അവര്‍ക്ക് ഇഷ്ടമല്ല. തരുന്ന സാധനത്തിന് പറയുന്ന വില കൊടുക്കണം. അളവ് തൂക്കത്തില്‍ കൃത്രിമത്തിന് പുറമെ കള്ളക്കണക്കും വ്യാപകമാണ്. വാങ്ങിയ സാധനങ്ങള്‍ക്ക് ആകെ എന്ത് വില വരും എന്ന് ഉപഭോക്താവിന് കണക്ക് കൂട്ടി നോക്കാന്‍ ഒരു വഴിയുമില്ല. ഇപ്പറഞ്ഞത് ഗ്രാമങ്ങളിലെ സ്ഥിതിയാണ്. നഗരങ്ങളില്‍ ഇപ്പോള്‍ സൂപ്പര്‍ മാര്‍ക്കറ്റുകളാണല്ലൊ. അവിടെ പായ്ക്കറ്റുകളില്‍ ഒട്ടിച്ചിരിക്കുന്ന സ്റ്റിക്കറുകളിലെ എമ്മാര്‍പ്പി വില ഒരു ലോജിക്കും ഇല്ലാത്തതാണ്. മാര്‍ജ്ജിന്‍ ഫ്രീ ഷോപ്പുകളിലും കൊള്ളയാണ് നടക്കുന്നത്. ഇതിനൊക്കെ ഒരു പരിധി വരെ പരിഹാരം കാണാന്‍ എല്ലാ കടകളിലും, ഹോട്ടലുകളിലും അതായത് എവിടെയൊക്കെ വ്യാപാരം നടക്കുന്നുവോ അവിടെയൊക്കെ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കുന്നത് നിയമം മൂലം നിര്‍ബ്ബന്ധമാക്കണം. എല്ലാ പഞ്ചായത്തുകളിലും ഉപഭോക്തൃജാഗ്രതാസമിതികള്‍ രൂപീകരിക്കണം.
മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ അടിയന്തിരമായി പരിഗണിക്കണമെന്ന് സര്‍ക്കാരിനോട് പ്രത്യേകിച്ച് കൃഷി-ഭക്ഷ്യ വകുപ്പ് മന്ത്രിമാരോട് വിനീതമായി അപേക്ഷിക്കുന്നു.
എന്ന്,
വിധേയന്‍,
കെ.പി.സുകുമാരന്‍(ബ്ലോഗ്ഗര്‍)
ഈ പോസ്റ്റ് ഞാന്‍ ഭഷ്യമന്ത്രിയുടെയും കൃഷി മന്ത്രിയുടെയും പരിഗണയ്ക്ക് വേണ്ടി അവര്‍ക്ക് ഇ-മെയില്‍ ചെയ്തിട്ടുണ്ട്.
ReplyDeleteകെ.പി.എസ്. ജി.....
ReplyDeleteപരാമര്‍ശത്തിന് നന്ദി.....
തീർച്ചയായും പരിഗണിക്കേണ്ട വിഷയം. ഒരു പക്ഷേ പരിഗണിച്ചാൽ തന്നെ അതു പ്രാവർത്തികമാക്കുന്ന ഉദ്ദ്യോഗസ്ഥർ ‘വെളുക്കാൻ തേച്ചതിനെ പാണ്ഡാക്കുന്ന രീതിയിലാക്കും’. ഒരുദാഹരണം ഞാൻ പറയാം:
ReplyDeleteകുറേ മാസങ്ങൾക്കു മുമ്പ്, ഇവിടെ വൈദ്യുതി ക്ഷാമം കൊടുമ്പിരിക്കൊണ്ടിരുന്നപ്പോൾ, ഞാനും എന്റെ ഒരു ബ്ലോഗ് പോസ്റ്റ് വഴി വൈദ്യുതി മന്ത്രിക്ക് ഒരു നിവേദനം നൽകുകയുണ്ടായി. ബി.പി.എൽ.കാർക്ക് സി.എഫ്.എൽ. വിളക്കുകൾ സൌജന്യമായി നൽകുന്നതിനെ പറ്റിയായിരുന്നു. മാസങ്ങൾക്ക് ശേഷം ബി.പി.എൽ കാർക്ക് മാത്രമല്ല എ.പി.എൽ കാർക്കും ലക്ഷകണക്കിനു വിളക്കുകൾ വിതരണം ചെയ്തു കഴിഞ്ഞു (എന്റെ നിവേദനത്തിന്റെ അടിസ്ഥാനത്തിലൊന്നുമല്ല, കേട്ടോ).
പക്ഷേ, വൈദ്യുതി ഉപയോഗം കുറക്കാൻ വേണ്ടി ചെയ്ത കാര്യം അവർ പ്രാവർത്തികമാക്കിയതെങ്ങനെയെന്നോ? സി.എഫ്.എൽ വിതരണം ചെയ്തു. എന്നാൽ സാധാ ബൽബുകൾ പകരം വാങ്ങി നശിപ്പിച്ചില്ല. അതു കൊണ്ട്, സി.എഫ്.എൽ കിട്ടിയവരെല്ലാം അതും കൂടി ഉപയോഗിച്ചു തുടങ്ങി. വൈദ്യുതി ഉപയോഗം അത്ര കണ്ട് വർദ്ധിച്ചതല്ലാതെ കുറഞ്ഞില്ല. ഇങ്ങനെയാണു നമ്മുടെ സർക്കാരും ഉദ്ദ്യോഗസ്ഥരും നല്ലൊരു നയത്തിനെ പ്രാവർത്തികമാക്കിയത്.
അതുകൊണ്ട്, ആത്മാർത്ഥതയുള്ള കൂറച്ച് പേരെങ്കിലും ഉണ്ടെങ്കിലേ ഇത്തരത്തിലുള്ള പ്രൊജക്ടുകൾ നടപ്പിലാക്കാൻ പാടുള്ളൂ.
പ്രിയ കെ.പി.എസ്,
ReplyDeleteഉപഭോക്തൃരംഗത്ത് കഴിഞ്ഞ25 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന എനിക്കു് ഈ ആശയംപണ്ടേ തന്നെഇഷ്ടമായിട്ടുണ്ട്.അതിനായി സര്‍ക്കാരുകള്‍ (അത് ഇടതോ വലതോ ഏതായാലും)വലിയ താല്പര്യം കാണിക്കുമെന്നു പ്രതീക്ഷിക്കരുത്.പിന്നെ ഇതൊരു പൊതുപ്രശ്നമായി ഉയരുകയാണെങ്കില്‍ അവര്‍ എന്തെങ്കിലും ചെയ്തെന്നു വരുത്തിതീര്‍ക്കും. അതിനാലാണ് കേരളാഉപഭോക്തൃസംരക്ഷണസമിതി വീട്ടമ്മമാര്‍ക്കായി ഒന്നു മുതല്‍ അഞ്ചുദിവസംവരെയുള്ള വിവിധദിനസ്വാശ്രയകുടുംബപരിശീലനപരിപാടികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കിയത്. ഇതുപോലുള്ള പരിപാടികളേറ്റെടുത്തു നടത്താമെങ്കില്‍ വല്ലതും പ്രയോജനമുണ്ടാകും.പക്ഷെ നിരുത്സാഹപ്പെടുത്തുന്നില്ല .സര്‍ക്കാരിനുമുമ്പിലുള്ള നിവേദനങ്ങളുംനടക്കട്ടെ. ശുഭാശംസകള്‍.
സംസ്ഥാനത്തെ എല്ലാ കടകളിലും വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കണമെന്ന വ്യവസ്ഥ നിര്‍ബ്ബന്ധിതമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നു. നടപ്പിലാക്കിയാല്‍ വളരെ ഉപകാരം. രണ്ടാഴ്ച ബോര്‍ഡ് വെച്ചിട്ട് വീണ്ടും പഴയ സ്ഥിതി വരാതെ നോക്കിയാല്‍ വളരെ വളരെ ഉപകാരം. അഥവാ ബോര്‍ഡ് കാണുന്നില്ലെങ്കില്‍ ഉപഭോക്താക്കള്‍ തന്നെ എവിടെ വിലവിവരപട്ടിക എന്ന് ചോദിക്കാന്‍ ധൈര്യപ്പെടുകയാണെങ്കില്‍ എത്രയോ ഉപകാരം. പത്രറിപ്പോര്‍ട്ട് ഇവിടെ.
ReplyDelete