Pages

നടാം ഇന്നൊരു മരം; നാളെയൊരു മരം

ബാംഗ്ലൂരില്‍ ഇപ്പോള്‍ രാവും പകലും കൊടും ചൂടാണ്. അഞ്ചാറ് കൊല്ലം മുന്‍പ് ഇതായിരുന്നില്ല സ്ഥിതി. അപ്പോള്‍ നഗരം മുഴുവന്‍ എയര്‍കണ്ടീഷന്‍ ചെയ്ത പോലെയായിരുന്നു. സദാ ഒരു തണുപ്പ്. ചൂട് അറിഞ്ഞിരുന്നേയില്ല. ഇപ്പോള്‍ എനിക്ക് തോന്നുന്നത്, നാട്ടിലും ബാംഗ്ലൂരിലും ഉള്ളതിനേക്കാളും ചൂട് കുറവാണ് ചെന്നൈയില്‍ എന്നാണ്. നാട്ടില്‍ പിന്നെ പറയാനില്ല, പകല്‍ സമയത്ത് പുറത്തിറങ്ങാന്‍ വയ്യ.

എന്ത്കൊണ്ട് ഇങ്ങനെ ചൂട് വര്‍ദ്ധിക്കുന്നു എന്ന് എല്ലാവര്‍ക്കും അറിയാം. അന്തരീക്ഷത്തിലേക്ക് വന്നുചേരുന്ന കാര്‍ബണ്‍‌ഡൈ‌ഓക്സൈഡ് (CO²) ഉണ്ടാക്കുന്ന ആഗോളതാപനമാണ് വില്ലന്‍. മരങ്ങള്‍ സദാ മുറിച്ച് നീക്കപ്പെടുക, വാഹനങ്ങളും കോണ്‍ക്രീറ്റ് കെട്ടിടങ്ങളും പെരുകുക ഇതൊക്കെയാണു നാട്ടിലെ ചൂട് വര്‍ദ്ധിക്കാന്‍ പ്രധാന കാരണം. ഇപ്പറഞ്ഞതൊക്കെ നമുക്ക് തടയാന്‍ കഴിയില്ല. എന്നാലും പ്രകൃതിയുടെയും പരിസ്ഥിതിയുടെയും സന്തുലനം നിലനിര്‍ത്താന്‍ ഓരോരുത്തര്‍ക്കും തന്നാലായത് ചെയ്യാന്‍ കഴിയുമായിരുന്നു.

അതില്‍ പ്രധാനപ്പെട്ടത്, കഴിയുന്നത്ര മരങ്ങള്‍ ഓരോ വ്യക്തിയും വെച്ചുപിടിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്നതാണ്. സ്വന്തം പറമ്പില്‍ മാത്രമല്ല, റോഡ് സൈഡിലും തന്റെ ചുറ്റുപാടില്‍ എവിടെ ഒഴിവ് സ്ഥലം കാണുന്നുവോ അവിടെയെല്ലാം മരം വളര്‍ത്താവുന്നതാണ്. ഇക്കാര്യത്തില്‍ കുറ്റകരമായ അനാസ്ഥയാണ് എല്ലാവരും കാണിക്കുന്നത്. കേരളത്തില്‍ സോഷ്യല്‍ ഫോറസ്ട്രി വകുപ്പ് എത്രയോ കാലമായി വൃക്ഷത്തൈകള്‍ വിതരണം ചെയ്തുവരുന്നു. കൊട്ടിഘോഷിച്ചു നടുന്നു എന്നല്ലാതെ നട്ടതിനെ പിന്നെയാരും തിരിഞ്ഞുനോക്കാറില്ല.

മരങ്ങളാണ് നമുക്ക് ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമാ‍യ ഓക്സിജന്‍ സദാ ഉല്പാദിപ്പിച്ചുതരുന്നത്. അതായത് അന്തരീക്ഷത്തിലേക്ക് നിരന്തരം എത്തിച്ചേരുന്ന CO² (കാര്‍ബണ്‍ ഡൈ‌ഓക്സൈഡ്) നെ ഓക്സിജന്‍ (O²) ആക്കി മാറ്റുന്നത് മരങ്ങളാണ്. മരങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ അന്തരീക്ഷത്തില്‍ ഓക്സിജന്‍ ഉണ്ടാകുമായിരുന്നില്ല എന്ന് മാത്രമല്ല CO² നിറഞ്ഞ് ഭൂമിയില്‍ ജീവജാലങ്ങള്‍ ഒന്നും ഉണ്ടാകുമായിരുന്നില്ല. മരങ്ങള്‍ക്ക് നമ്മുടെ നിലനില്പുമായി ഇത്ര ബന്ധമുണ്ടായിട്ടും മരങ്ങള്‍ നട്ടുവളര്‍ത്താന്‍ ആരും മനസ്സ് വെക്കാത്തത് കഷ്ടമാണ്.

നമ്മള്‍ എന്തെങ്കിലും ചെയ്യുന്നെങ്കില്‍ അത് പബ്ലിസിറ്റിക്കോ ആരെയെങ്കിലും ബോധ്യപ്പെടുത്താനോ വേണ്ടിയല്ല ചെയ്യേണ്ടത്. അവനവനോട് തന്നെ ആത്മാര്‍ത്ഥത പുലര്‍ത്താനാണ് ചെയ്യേണ്ടത്. മരണം വരെ നമ്മള്‍ ഓക്സിജന്‍ ശ്വസിക്കുന്നുണ്ടെങ്കില്‍ കുറച്ചെങ്കിലും ഓക്സിജന്‍ നമ്മുടെ കൈകൊണ്ട് നടുന്ന മരവും ഉണ്ടാക്കട്ടെ. അങ്ങനെ ഒരു കടപ്പാട് നമ്മള്‍ ഏറ്റെടുക്കുന്നില്ലെങ്കില്‍ നമ്മള്‍ എത്ര ക്രൂരന്മാര്‍ ആയിപ്പോകും!

നമുക്ക് കുറെ പരിസ്ഥിതി പ്രവര്‍ത്തകരുണ്ട്. എല്ലാവരെയും പറയുന്നില്ല, എന്നാല്‍ ഭൂരിപക്ഷം പേരും പബ്ലിസിറ്റിക്ക് വേണ്ടിയും ഷൈന്‍ ചെയ്യാന്‍ വേണ്ടിയും പ്രവര്‍ത്തിക്കുന്നവരാണ്. എവിടെയെങ്കിലും ഒരു മരം മുറിക്കുമ്പോള്‍ അതിനെ കെട്ടിപ്പിടിച്ച് നില്‍ക്കലാണ് അവരുടെ പ്രധാന പരിസ്ഥിതി പ്രവര്‍ത്തനം. ഇത് മൂലം നല്ല പബ്ലിസിറ്റിയും കിട്ടുന്നു. മരം മുറിക്കുന്നത് തെറ്റല്ല. മുറിക്കാ‍നും വേണ്ടി കൂടിയാണ് മരങ്ങള്‍ നടുന്നത്. ഒരു മരം മുറിക്കുമ്പോള്‍ നൂറ് മരം നമുക്ക് നടാന്‍ പറ്റും. മരം നടലും സംരക്ഷിക്കലും ജീവിതശൈലിയാക്കാന്‍ സമൂഹത്തെ ബോധവല്‍ക്കരിക്കാനാണ് പരിസ്ഥിതിപ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കേണ്ടതും മാതൃകയാവേണ്ടതും.

ഇപ്പോഴും വൈകിപ്പോയിട്ടില്ല. നമ്മുടെ ജീവിതം തന്നെ മരങ്ങളും സസ്യങ്ങളും അനവരതം ഉല്പാദിപ്പിക്കുന്ന ഓക്സിജന്‍ അഥവാ പ്രാണവായു കൊണ്ടാണ് സാധ്യമാകുന്നത് എന്ന് മനസ്സിലാക്കി, പ്രകൃതിയില്‍ നിന്ന് നമ്മള്‍ സ്വീകരിക്കുന്നതിന്റെ ഒരു ഭാഗമെങ്കിലും തിരിച്ചുനല്‍കാനും നമുക്ക് ബാധ്യതയുണ്ട് എന്ന് അംഗീകരിച്ച് കഴിയുന്നത്ര മരങ്ങള്‍ കഴിയുന്ന സ്ഥലത്ത് നട്ടു വളര്‍ത്താന്‍ നമുക്ക് ശ്രമിക്കാം. അങ്ങനെ എല്ലാവരും ചെയ്താല്‍ ഈ ചൂട് അല്പെങ്കിലും കുറയ്ക്കാന്‍ നമ്മെക്കൊണ്ട് കഴിയും. ഇല്ലെങ്കിലോ ? നമ്മുടെ മക്കള്‍ക്കും ചെറുമക്കള്‍ക്കും ഭാവിയില്‍ ഇവിടെ ജീവിക്കാന്‍ കഴിയാതെ വരും. മറ്റുള്ളവര്‍ ചെയ്യുന്നുണ്ടോ എന്ന് നമ്മള്‍ നോക്കണ്ട. നമുക്ക് നടാം, ഇന്നൊരു മരം നാളെയൊരു മരം. അത്രയെങ്കിലും ആയല്ലോ.

ശ്രീലങ്കയിൽ നടന്നത് ...


ഈ നിഷ്ക്കളങ്കരെയും ശുദ്ധഹൃദയരെയും മനുഷ്യാവകാശപ്രവർത്തകരെയും കൊണ്ട് തോറ്റു. ഇപ്പോൾ ശ്രീലങ്കയാണു പ്രശ്നം. അവിടെ നടന്നത് വംശഹത്യയും യുദ്ധക്കുറ്റവും ആണത്രെ. കൊല്ലപ്പെട്ട ചില കുട്ടികളുടെ ഫോട്ടോകളും തൂക്കിപ്പിടിച്ചുകൊണ്ടാണു ഫേസ്‌ബുക്കിലൂടെയും മറ്റ് സോഷ്യൽ നെറ്റ്‌വർക്ക് സൈറ്റുകളിലൂടെയും മഷ്യസ്നേഹികളുടെ വിലാപയാത്ര. യുദ്ധക്കുറ്റം എന്ന് പറയുമ്പോൾ ഈ പുലിപ്രഭാകരൻ ആരായിരുന്നു? മഹീന്ദ രജപക്‌ഷയെ പോലെ വ്യവസ്ഥാപിതമായി തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരിയോ?

സ്വന്തം വംശക്കാരോട് പോലും സമാനതകളില്ലാത്ത ക്രൂരതകൾ പുലിപ്രഭാകരൻ കാട്ടുമ്പോൾ ഈ മനുഷ്യഷ്യാവകാശ പ്രവർത്തകർ എവിടെയായിരുന്നു? അമൃതലിംഗം പോലുള്ള എത്രയോ ശ്രീലങ്കൻ തമിഴ്‌നേതാക്കളെ പ്രഭാകരൻ കൊന്നൊടുക്കി. എന്നിട്ട് തമിഴർ ജീവിക്കുന്ന പ്രദേശം തന്റെ നിയന്ത്രണത്തിലാക്കി. അവിടെ തന്റെ സമാന്തരഭരണകൂടം സ്ഥാപിച്ചു. ഓരോ തമിഴ് കുടുംബവും ഒരു കുട്ടിയെ അത് ആണായാലും പെണ്ണായാലും LTTE യെ ഏൽപ്പിക്കണം. ആ കുട്ടിയെ ചാവേറായി അരയിൽ ബോംബും കെട്ടി നടക്കുന്ന മനുഷ്യബോംബായി വളർത്തും. ഒരു ബോംബിനെ നിരീക്ഷിക്കാൻ മറ്റൊരു ബോംബ്. കൊല്ല്ലാനും ചാകാനും മാത്രം നിയുക്തമാകുന്ന ബോംബുകൾ. ലോകത്ത് സമാനതകളില്ലാത്ത ഭീകരപ്രസ്ഥാനം.

പുലികളുടെ ഫാസിസം സഹിക്കാനാകാതെ തമിഴർ ആരെങ്കിലും ആ തമിഴ്മേഖലയിൽ നിന്ന് രക്ഷപ്പെടണമെങ്കിൽ തങ്ങളുടെ വസ്തുവകകൾ എല്ലാം LTTE യെ ഏൽപ്പിച്ച് വെറുംകൈയോടെ ജീവനും കൊണ്ട് പോകാം. പ്രഭാകരൻ പറയുന്നതാണു നിയമം നീതി എല്ലാം. മാർക്സിസത്തിൽ നിന്നാണു പ്രഭാകരൻ ഗറില്ലാരീതി അഭ്യസിച്ചതെങ്കിലും പ്രഭാകരനെ പോലെ ഒരു പ്രാകൃതഫാസിസ്റ്റ് കമ്മ്യൂണിസ്റ്റുകളിൽ പോലും ഇല്ല.

എല്ലാ ശ്രീലങ്കൻ തമിഴ് ദേശീയ പ്രസ്ഥാനങ്ങളെയും പ്രവർത്തകരെയും നേതാക്കളെയും ഇല്ലാതാക്കിയ പുലിപ്രഭാകരൻ, തമിഴർക്ക് എന്തെങ്കിലും പ്രശ്നം അവിടെ ഉണ്ടായിരുന്നെങ്കിൽ അതൊക്കെ ചർച്ചയിലൂടെ പരിഹരിക്കാനുള്ള സാധ്യതകൾ എന്നെന്നേക്കുമായി അടക്കുകയായിരുന്നു. തനിക്കും കുടുംബത്തിനും കൈവശം വെച്ച് അനുഭവിക്കാൻ ശ്രീലങ്കയുടെ ഒരു കഷണം മുറിച്ചു തരണം എന്ന മിനിമം ആവശ്യത്തിൽ നിന്ന് മനുഷ്യബോംബുകളുടെ സർവ്വസൈന്യാധിപനായിരുന്ന ആ കാട്ടാളനേതാവ് പിന്മാറാൻ തയ്യാറല്ലായിരുന്നു. ശ്രീലങ്കയിലെ ഒരു ഭരണാധികാരിക്കും പുലികളെ തളക്കാനായില്ല. അങ്ങനെ ശ്രമിച്ച ഭരണാധികാരികളെല്ലാം കൊല്ലപ്പെട്ടു. അപ്പോഴാണു ശ്രീലങ്കയിൽ ധീരനായ ഒരു ജനനേതാവ് മഹീന്ദ രജപക്ഷെ അധികാരം ഏൽക്കുന്നത്. ആ സമയത്ത് തന്നെ പുലിപ്പടയിൽ രണ്ടാം സ്ഥാനത്ത് ഉണ്ടായിരുന്ന പുലിക്കേണൽ കരുണ LTTE വിടുകയും മറ്റൊരു തമിഴ് മിതവാദ പുലിപ്രസ്ഥാനത്തിനു രൂപം നൽകുകയും ചെയ്തു. തന്റെ ജീവൻ രക്ഷിക്കാൻ കരുണയ്ക്ക് മഹീന്ദ രജപക്‌ഷെയുടെ അടുത്ത് അഭയം തേടേണ്ടി വരികയും ചെയ്തു.

പ്രഭാകരന്റെ പതനം അവിടെ തുടങ്ങുന്നു. പുലിപ്രസ്ഥാനം ഉന്മൂലനം ചെയ്യപ്പെടേണ്ടത് ലോകസമാധാനത്തിനു തന്നെ അനിവാര്യമായിരുന്നു. എന്തെന്നാൽ മനുഷ്യബോംബ് എന്ന ഭീകരവാദരീതി മറ്റ് ചില തീവ്രവാദ സംഘടനകളും മാതൃകയാക്കാൻ തുടങ്ങിയിരുന്നു.  ആ ചരിത്രനിയോഗം അർപ്പിക്കപ്പെട്ടത് മഹീന്ദ രജപക്ഷെയിലായിരുന്നു. അദ്ദേഹത്തിന്റെ പേരു ശ്രീലങ്കൻ ചരിത്രത്തിൽ സുവർണ്ണലിപികളാൽ ആലേഖനം ചെയ്യപ്പെടും.

ഇന്ത്യ എന്ന രാജ്യം ഇന്ത്യക്കാരുടേത് ആണെങ്കിൽ ശ്രീലങ്ക എന്ന രാജ്യം സിംഹളരുടേത് ആണെന്ന കാര്യത്തിൽ എനിക്ക് സംശയമില്ല. എന്റെ മാതൃരാജ്യമായ ഇന്ത്യ വെട്ടിമുറിക്കപ്പെടരുത് എന്ന പോലെ തന്നെ ശ്രീലങ്കയും വിഭജിക്കപ്പെടരുത് എന്ന് അന്നേ എനിക്ക് അഭിപ്രായമുണ്ടായിരുന്നു. ശ്രീലങ്കയിൽ നടന്നത് യുദ്ധക്കുറ്റമോ വംശഹത്യയോ അല്ല. ലോകം കണ്ട ഏറ്റവും മാരകമായ ഒരു ഭീകരവാദസംഘടനയെ നശിപ്പിക്കൽ ആയിരുന്നു അത്. ആ യജ്ഞത്തിൽ എത്രയോ നിരപരാധികളും സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടിട്ടുണ്ട്. അവരെയൊക്കെ ഭീരുവായ പുലിപ്രഭാകരൻ മനുഷ്യക്കവചമായി ഉപയോഗിച്ചതാണു അതിനു കാരണം. LTTE യെ തകർക്കാൻ നടത്തിയ ഓപ്പറേഷനുകളിൽ സംഭവിച്ച ഏത് മനുഷ്യാവകാശലംഘനവും ആ ദൗത്യത്തിന്റെ പേരിൽ ന്യായീകരിക്കപെടും. കാരണം ശ്രീലങ്കൻ സർക്കാരിന്റെ മുന്നിൽ വേറെ വഴി ഇല്ലായിരുന്നു.

ഉത്തരാധുനിക അരാഷ്ട്രീയ ചിന്തകൾ

എനിക്ക് ഒരു രാഷ്ട്രീയപാർട്ടിയോടും വിധേയത്വമില്ല. രാജ്യത്ത് പാർലമെന്ററി ജനാധിപത്യ സമ്പ്രദായം ശക്തിപ്പെടണം എന്നു ആഗ്രഹമുണ്ട്. അത്കൊണ്ട് ഒരു പാർട്ടിയെ പിന്തുണച്ചാലും തുല്യശക്തിയോടുകൂടി വേറൊരു പാർട്ടി കൂടി വേണം എന്ന് ഞാൻ ആഗ്രഹിക്കും. ഇത് നമ്മുടെ നാട്ടിലെ പരമ്പരാഗത പാർട്ടി വിശ്വാസികൾക്ക് ഉൾക്കൊള്ളാൻ പ്രയാസമുള്ള ഒരു ചിന്തയാണു. 

തന്റെ പാർട്ടി മാത്രം മതിയെന്നും മറ്റുള്ള പാർട്ടികൾ തന്റെ ശത്രുപാർട്ടികൾ ആണെന്നുമാണു ഓരോ പാർട്ടി വിശ്വാസിയും കരുതുന്നത്. ഗതിയില്ലാത്തത്കൊണ്ട് മുന്നണിയിലെ ഘടകകക്ഷികളെ മനസ്സില്ലാമനസ്സോടെ സഹിക്കുന്നു എന്ന് മാത്രം. തന്റെ പാർട്ടി മാത്രം എന്നത് ഫാസിസചിന്തയാണു. ദൗർഭാഗ്യവശാൽ അത്തരം മാനസികാവസ്ഥയിലാണു ഇന്ത്യയിലെ വോട്ടർമാർ. എന്റെ പാർട്ടി മാത്രം വളർന്നാൽ അത് ഏകാധിപത്യമാവുമെന്നും എന്റെ പാർട്ടിക്ക് തുല്യമായി എതിർപാർട്ടി കൂടി വളർന്നാലേ പാർലമെന്ററി ഡിമോക്രസി സാധ്യമാകൂ എന്ന ബോധം ജനാധിപത്യരാജ്യത്തിലേ ഒരോ വോട്ടർക്കും ഉണ്ടാകേണ്ടതാണു.

എന്നോട് ചോദിച്ചാൽ ഇന്ത്യൻ നാഷനൽ കോൺഗ്രസ്സും ഭാരതീയ ജനതാ പാർട്ടിയും ഒപ്പത്തിനൊപ്പം വളരുന്നതാണു ഇന്ത്യൻ ജനാധിപത്യത്തിനു ശക്തി പകരുക എന്ന് ഞാൻ പറയും. സ്വന്തം ആശയങ്ങളും നയപരിപാടുകളും ജനങ്ങളുടെ മുന്നിൽ അവതരിപ്പിച്ചും പ്രവർത്തിച്ചും ആണു പാർട്ടികൾ വളരേണ്ടത്. കോൺഗ്രസ്സിനെ എതിർത്ത് പാർട്ടി വളർത്താമെന്ന് ബി.ജെ.പി.ക്കാരനും മറിച്ച് കോൺഗ്രസ്സുകാരനും വിചാരിക്കരുത്. അത് വോട്ടർമാരിൽ നിഷേധാത്മകരാഷ്ട്രീയ ബോധമാണു വളർത്തുക.

ബി.ജെ.പി.ക്ക് ഹിന്ദുവർഗ്ഗീയത എന്ന ലേബൽ ചാർത്തിക്കൊടുത്തത് കമ്മ്യൂണിസ്റ്റുകാരാണു. നമ്മുടേത് പോലുള്ള ബഹുസ്വരസമുഹത്തിൽ എല്ലാ വിഭാഗക്കാരെയും ഉൾക്കൊള്ളാൻ കഴിയുന്ന സെക്യുലർ പാർട്ടി ഒന്ന് അത്യന്താപേക്ഷിതമാണു. നാഷനൽ കോൺഗ്രസ്സ് എന്ന ഒരു പാർട്ടി അങ്ങനെയുള്ളത്കൊണ്ടാവണം ജനസംഘവും അതിന്റെ സെക്കന്റ് വെർഷൻ ആയ ഭാരതീയ ജനതയും ഹിന്ദുത്വ അജണ്ടയുമായി ജനങ്ങളെ സമീപിച്ചത്. അത്കൊണ്ടാണു അവർക്ക് വളരാൻ കഴിയാതെ പോയത്. നമ്മുടെ ജനങ്ങളിൽ ജാതിസ്പിരിറ്റ് കണ്ടേക്കാം. പക്ഷെ മതസ്പിരിറ്റ് കുറവാണു. എന്നാലും ബി.ജെ.പി.യെ വർഗ്ഗീയപാർട്ടിയായി ഞാൻ കാണുന്നില്ല. അതിന്റെ നിലപാടുകളോട് യോജിപ്പ് ഇല്ലാത്തത്കൊണ്ട് ഞാൻ കോൺഗ്രസിനെ പിന്തുണയ്ക്കും. അതേ സമയം ബി.ജെ.പി. വളരണമെന്നും ആഗ്രഹിക്കും. രണ്ട് പാർട്ടികളും മാറി മാറി ഭരിക്കുന്ന അവസ്ഥയും ഞാൻ സ്വാഗതം ചെയ്യും.

പക്ഷെ നമ്മുടെ പാർലമെന്ററി സമ്പ്രദായം തുടങ്ങിയേടത്ത് നിന്ന് പിറകോട്ട് പോയി അധ:പതനത്തിലേക്ക് നീങ്ങുന്ന കാഴ്ചയാണു കാണുന്നത്. തൽക്കാലത്തേക്ക് നല്ല സൂചനകൾ ഒന്നും കാണുന്നില്ല. കോൺഗ്രസ്സിനെ പുഷ്ടിപ്പെടുത്താൻ നല്ല ആശയങ്ങളും കാഴ്ചപ്പാടുമായി രാഹുൽ ഗാന്ധി രംഗത്തുണ്ട്. ബി.ജെ.പി. പക്ഷെ നിരാശപ്പെടുത്തുന്നു. RSS-ന്റെ ബി ടീം ആയി നിൽക്കേണ്ട അവസ്ഥയാണു ബി.ജെ.പി.യുടെ ഗതികേട്. മറ്റൊരു പാർട്ടി കാണുന്നുമില്ല. കമ്മ്യൂണിസ്റ്റുപാർട്ടികളുടെ കാര്യം ചിന്തിക്കേണ്ടതില്ല. കപട ജനാധിപത്യവും കൊണ്ട് ആളെ പറ്റിക്കാനാണു അവർ നടക്കുന്നത്. കമ്മ്യൂണിസ്റ്റുകളെ എഴുതിത്തള്ളാനേ പറ്റൂ.

കാക്കത്തൊള്ളായിരം പാർട്ടികൾക്ക് പുറമെ കുറെ വെർച്വൽ പാർട്ടികളും ഇന്ത്യയിലുണ്ട്. അക്കൂട്ടത്തിൽ ലേറ്റസ്റ്റാണു ആം ആദ്മി പാർട്ടി. കഴിഞ്ഞ ശനിയാഴ്ച കണ്ണൂരിൽ അവരുടെ ഒരു കൺവെൻഷൻ വിളിച്ചുചേർത്തിരുന്നു. എന്നെയും ക്ഷണിച്ചിരുന്നു. ഞാൻ പോയിട്ടില്ല. എനിക്ക് അതിൽ പ്രതീക്ഷ ഇല്ലാത്തത്കൊണ്ടാണു. എന്ത് തന്നെയായാലും ലോകത്ത് സമാധാനവും ജനാധിപത്യവും പുലരുന്ന, കെട്ടുറപ്പുള്ള വളരുന്ന രാജ്യമായി നമ്മുടെ ഇന്ത്യ നിലനിൽക്കുന്നു എന്നത് വളരെ ആശ്വാസപ്രദമായ വസ്തുതയാണു



എന്നോട് ചോദിച്ചാൽ ഇന്ത്യൻ നാഷനൽ കോൺഗ്രസ്സും ഭാരതീയ ജനതാ പാർട്ടിയും ഒപ്പത്തിനൊപ്പം വളരുന്നതാണു ഇന്ത്യൻ ജനാധിപത്യത്തിനു ശക്തി പകരുക എന്ന് ഞാൻ പറയും. സ്വന്തം ആശയങ്ങളും നയപരിപാടുകളും ജനങ്ങളുടെ മുന്നിൽ അവതരിപ്പിച്ചും പ്രവർത്തിച്ചും ആണു പാർട്ടികൾ വളരേണ്ടത്. കോൺഗ്രസ്സിനെ എതിർത്ത് പാർട്ടി വളർത്താമെന്ന് ബി.ജെ.പി.ക്കാരനും മറിച്ച് കോൺഗ്രസ്സുകാരനും വിചാരിക്കരുത്. അത് വോട്ടർമാരിൽ നിഷേധാത്മകരാഷ്ട്രീയ ബോധമാണു വളർത്തുക. 
ബി.ജെ.പി.ക്ക് ഹിന്ദുവർഗ്ഗീയത എന്ന ലേബൽ ചാർത്തിക്കൊടുത്തത് കമ്മ്യൂണിസ്റ്റുകാരാണു. 

നമ്മുടേത് പോലുള്ള ബഹുസ്വരസമുഹത്തിൽ എല്ലാ വിഭാഗക്കാരെയും ഉൾക്കൊള്ളാൻ കഴിയുന്ന സെക്യുലർ പാർട്ടി ഒന്ന് അത്യന്താപേക്ഷിതമാണു. നാഷനൽ കോൺഗ്രസ്സ് എന്ന ഒരു പാർട്ടി അങ്ങനെയുള്ളത്കൊണ്ടാവണം ജനസംഘവും അതിന്റെ സെക്കന്റ് വെർഷൻ ആയ ഭാരതീയ ജനതയും ഹിന്ദുത്വ അജണ്ടയുമായി ജനങ്ങളെ സമീപിച്ചത്. അത്കൊണ്ടാണു അവർക്ക് വളരാൻ കഴിയാതെ പോയത്. നമ്മുടെ ജനങ്ങളിൽ ജാതിസ്പിരിറ്റ് കണ്ടേക്കാം. പക്ഷെ മതസ്പിരിറ്റ് കുറവാണു. എന്നാലും ബി.ജെ.പി.യെ വർഗ്ഗീയപാർട്ടിയായി ഞാൻ കാണുന്നില്ല. അതിന്റെ നിലപാടുകളോട് യോജിപ്പ് ഇല്ലാത്തത്കൊണ്ട് ഞാൻ കോൺഗ്രസിനെ പിന്തുണയ്ക്കും. അതേ സമയം ബി.ജെ.പി. വളരണമെന്നും ആഗ്രഹിക്കും. രണ്ട് പാർട്ടികളും മാറി മാറി ഭരിക്കുന്ന അവസ്ഥയും ഞാൻ സ്വാഗതം ചെയ്യും.


പക്ഷെ നമ്മുടെ പാർലമെന്ററി സമ്പ്രദായം തുടങ്ങിയേടത്ത് നിന്ന് പിറകോട്ട് പോയി അധ:പതനത്തിലേക്ക് നീങ്ങുന്ന കാഴ്ചയാണു കാണുന്നത്. തൽക്കാലത്തേക്ക് നല്ല സൂചനകൾ ഒന്നും കാണുന്നില്ല. കോൺഗ്രസ്സിനെ പുഷ്ടിപ്പെടുത്താൻ നല്ല ആശയങ്ങളും കാഴ്ചപ്പാടുമായി രാഹുൽ ഗാന്ധി രംഗത്തുണ്ട്. ബി.ജെ.പി. പക്ഷെ നിരാശപ്പെടുത്തുന്നു. RSS-ന്റെ ബി ടീം ആയി നിൽക്കേണ്ട അവസ്ഥയാണു ബി.ജെ.പി.യുടെ ഗതികേട്. മറ്റൊരു പാർട്ടി കാണുന്നുമില്ല. കമ്മ്യൂണിസ്റ്റുപാർട്ടികളുടെ കാര്യം ചിന്തിക്കേണ്ടതില്ല. കപട ജനാധിപത്യവും കൊണ്ട് ആളെ പറ്റിക്കാനാണു അവർ നടക്കുന്നത്. കമ്മ്യൂണിസ്റ്റുകളെ എഴുതിത്തള്ളാനേ പറ്റൂ. 
കാക്കത്തൊള്ളായിരം പാർട്ടികൾക്ക് പുറമെ കുറെ വെർച്വൽ പാർട്ടികളും ഇന്ത്യയിലുണ്ട്. അക്കൂട്ടത്തിൽ ലേറ്റസ്റ്റാണു ആം ആദ്മി പാർട്ടി. കഴിഞ്ഞ ശനിയാഴ്ച കണ്ണൂരിൽ അവരുടെ ഒരു കൺവെൻഷൻ വിളിച്ചുചേർത്തിരുന്നു. എന്നെയും ക്ഷണിച്ചിരുന്നു. ഞാൻ പോയിട്ടില്ല. എനിക്ക് അതിൽ പ്രതീക്ഷ ഇല്ലാത്തത്കൊണ്ടാണു. 

എന്ത് തന്നെയായാലും ലോകത്ത് സമാധാനവും ജനാധിപത്യവും പുലരുന്ന, കെട്ടുറപ്പുള്ള വളരുന്ന രാജ്യമായി നമ്മുടെ ഇന്ത്യ നിലനിൽക്കുന്നു എന്നത് വളരെ ആശ്വാസപ്രദമായ വസ്തുതയാണു

N.G.O. യൂനിയൻ നേതാക്കളോട് ..


റെസ്പക്‌ടഡ് ലീഡേർസ്,

2013 ഏപ്രിൽ മുതൽ സർക്കാർ സർവ്വീസിൽ ജോലിയിൽ പ്രവേശിക്കുന്നവർക്ക് പെൻഷൻ പ്രായം 60 ആയിരിക്കുമെന്ന് ധനകാര്യമന്ത്രി പ്രസ്താവിച്ചതായി മാധ്യമങ്ങളിൽ വാർത്ത വന്നിട്ട് മണിക്കൂറുകൾ കുറെ കഴിഞ്ഞു. സ്വാഭാവികമായി ഇതിനകം കേരളം മുഴുവൻ കെ.എം.മാണിയുടെ കോലങ്ങൾ കത്തിക്കേണ്ടതായിരുന്നു. അനിശ്ചിതകാല പൊതുമണിമുടക്ക് പ്രഖ്യാപിക്കേണ്ടതായിരുന്നു. ഒരു ഒച്ചയും അനക്കവും കാണുന്നില്ല. എന്ത് പറ്റി?

ഇതേ ഏപ്രിൽ മുതൽ തന്നെയാണു പങ്കാളിത്ത പെൻഷൻ സ്കീമും ആരംഭിക്കുന്നത്. നിങ്ങൾ പണിമുടക്ക് നടത്തി. കരിഓയിലും നായിക്കുരണയും യഥേഷ്ടം പ്രയോഗിച്ചു. പങ്കാളിത്ത പെൻഷൻ ഏപ്രിൽ മുതൽ സർവ്വീസിൽ കയറുന്നവർക്ക് മാത്രം ബാധകമായിരിക്കേ നിങ്ങൾ എന്തിനാണു സ്വന്തം സഹപ്രവർത്തകരുടെ മേൽ കരിഓയിൽ അഭിഷേകവും നായിക്കുരണപ്പൊടി വിതറലും നടത്തുന്നത് എന്ന് ചോദിച്ചപ്പോൾ നിങ്ങൾ പറഞ്ഞു, ഞങ്ങൾ സ്വന്തം കാര്യം നോക്കുന്നവരല്ല, ഞങ്ങൾക്ക് വേണ്ടി മാത്രം ജീവിക്കുന്നവരല്ല, തലമുറകളുടെ സുരക്ഷിതത്വം ഉറപ്പാക്കലും ഞങ്ങളുടെ ബാധ്യതയാണു. സർവ്വീസിൽ കയറാൻ പോകുന്നവർക്ക് വേണ്ടി നിങ്ങൾ സമരകാലത്തെ വേതനം ത്യജിച്ചു. ഒടുവിൽ സമരം പരാജയപ്പെട്ടപ്പോൾ ജീവനക്കാരുടെ അനൈക്യമാണു കാരണമെന്ന് നിങ്ങൾ വിലയിരുത്തി.

ഇപ്പോൾ പങ്കാളിത്തപെൻഷനെക്കാളും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉളവാക്കുന്ന ഒരു പ്രഖ്യാപനം മന്ത്രി നടത്തിയിട്ടും എന്താ ബന്ദുകൾ ഒന്നും ഇല്ലേ? 2013 മാർച്ച് മാസം വരെ സർവ്വീസിൽ കയറിയവർ 56ആം വയസ്സിൽ വിരമിക്കുമ്പോൾ ഏപ്രിൽ ഒന്ന് മുതൽ കയറുന്നവർ 60ആം വയസ്സിൽ വിരമിച്ചാൽ മതി. ഇതെന്ത് ന്യായം? എവിടത്തെ നീതി? ഒന്ന് സ്വകാര്യം ചോദിച്ചോട്ടേ, നിങ്ങൾക്ക് 60 വയസ്സ് വരെ സർവ്വീസ് നീട്ടിക്കിട്ടിയാൽ പുളിക്കുമോ? എന്തേ? ഇത്രയും കാലം ഡി.വൈ.എഫ്.ഐ.ക്കാരനെ പേടിച്ച് ഞങ്ങൾക്ക് 55 വയസ്സ് വരെ സർവ്വീസിൽ തുടർന്നാൽ മതിയേ എന്ന് സമ്മതിച്ചു. ഏകീകരണം പറഞ്ഞ് മാണിമന്ത്രി പെൻഷൻ പ്രായം 56 ആക്കിയപ്പോൾ ഡിഫിക്കാർ ബഹളം കൂട്ടിയപ്പോൾ നിങ്ങളും പറഞ്ഞു 56 പാടില്ല അത് യുവാക്കളെ തെരുവാധാരമാക്കുമെന്ന്.

ഇപ്പോൾ DYFI ക്കാർ ഹാപ്പി. കാരണം അവരാണു സർവ്വീസിൽ ചേരാൻ പോകുന്നത്. അവർക്കാണു 60 വയസ്സിന്റെ നേട്ടം കിട്ടാൻ പോകുന്നത്. ഒന്നാലോചിച്ചുനോക്കൂ, സർവ്വീസിൽ ഇപ്പോൾ ഉള്ളവർക്കും ഇനി പ്രവേശിക്കാൻ പോകുന്നവർക്കും എല്ലാം പെൻഷൻ പ്രായം 60 എന്ന് മന്ത്രി പ്രഖ്യാപിച്ചിരുന്നുവെങ്കിൽ കേരളം ഇപ്പോൾ കത്തിയിരിക്കും അല്ലേ? സംശയമുണ്ടോ? അപ്പോൾ ഡിഫിക്കാർക്ക് 60 വയസ്സ് വരെ സർവ്വീസിൽ തുടരണം. നിങ്ങൾക്ക് വേണ്ട. ഇത് ശരിയാണോ? എല്ലാവർക്കും വിരമിക്കൽ പ്രായം 60 ആക്കിയാൽ ഇവിടെ ഒരു മോശവും വരില്ലായിരുന്നു. ഇതിപ്പോൾ വരുന്ന ഏപ്രിൽ മുതൽ സർവ്വീസിൽ രണ്ട് തരം ഉദ്യോഗസ്ഥന്മാരാണു ഉണ്ടാവുക. അമ്പത്താറുകാരും അറുപതുകാരും.

മന്ത്രി മാണി നിങ്ങൾക്ക് എട്ടിന്റെ പണിയാണു തന്നത്. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രം. ഏപ്രിൽ മുതൽ കയറുന്നവർക്കും 56 മതി എന്ന് പറഞ്ഞ് DYFI സമരം നടത്തുകയില്ല. കാരണം യുവാക്കൾക്ക് അതല്ലേ നല്ലത്. ഞങ്ങൾക്കും 60 വേണം എന്ന് പറഞ്ഞ് നിങ്ങൾക്ക് സമരം ചെയ്യാനും കഴിയില്ല. അങ്ങനെ ചെയ്താൽ സ്റ്റോക്കുള്ള ചാണകവും കരിഓയിലും നായിക്കുരണയും എല്ലാം കൂട്ടിക്കുഴ്ച്ച് അതിൽ മുക്കിയെടുക്കും നിങ്ങളെ ഡിഫിക്കാർ. അതിനൊന്നും നിൽക്കണ്ട.

ഞാൻ ഒരു വഴി ഉപദേശിച്ചു തരാം. ഡിഫിക്കാർ അറിയണ്ട. നേരെ മാണിയെ പോയി കാണുക. താണുവീണു വണങ്ങുക. എന്നിട്ട് , ഇത് നീതിയാണോ സാർ എന്ന് ചോദിക്കുക. ഞാനെന്ത് ചെയ്യാനാ, ഞാൻ എന്നേ പെൻഷൻ പ്രായം 60 ആക്കണം എന്ന അഭിപ്രായക്കാരനാണു, നിങ്ങളുടെ പിള്ളേർ സമ്മതിക്കില്ലാലോ എന്ന് മാണി സാർ പറയും. അപ്പോൾ നിങ്ങൾ സൂത്രം പറഞ്ഞുകൊടുത്താൽ മതി. ഏപ്രിൽ മുതൽ കയറുന്നവർക്ക് 60വയസ്സ് പെൻഷൻ പ്രായമാക്കി നിജപ്പെടുത്തിയതിൽ DYFI കുട്ടികൾ സമരം ചെയ്യുന്നില്ലെങ്കിൽ ഇനി ഈ ജന്മത്തിൽ അവർ സമരം ചെയ്യില്ല സാറേ. അത്കൊണ്ട് അടുത്ത ആറു മാസത്തിനകം പെൻഷൻ ഏകീകരണം കൊണ്ടുവന്നു ഞങ്ങളെ സഹായിക്കണം സാറേ എന്ന് ഒറ്റ പറച്ചിൽ. മന്ത്രിയും ഹാപ്പി, നിങ്ങളും ഹാപ്പി. ഡിഫിക്കാർ ഓൾറെഡി ഹാപ്പിയായല്ലോ എപ്പടി ?

ലാല്‍ ജോസിന് ഒരു തുറന്ന കത്ത്

പ്രിയ ലാല്‍ ജോസ്,

താങ്കളുടെ പ്രശ്നം എന്താണ് ? സാമൂഹിക പ്രശ്നങ്ങളോടുള്ള യുവതലമുറയുടെ പ്രതികരണവും പ്രതിഷേധവും ഫേസ്‌ബുക്കില്‍ മാത്രമാണെന്നും, സ്വന്തം പോസ്റ്റിന് എത്ര കമന്റും ലൈക്കും കിട്ടി എന്നു നോക്കി ആവേശം കൊള്ളുക മാത്രമാണ് അവരുടെ സാമൂഹികപ്രതിബദ്ധത എന്നും ഇത് മാറണമെന്നും ഉല്‍ബോധിപ്പിക്കുന്ന താങ്കളുടെ ഒരു കുറിപ്പ് വായിക്കാനിടയായി.

ചുരുക്കിപ്പറഞ്ഞാൽ താങ്കൾ ഉദ്ദേശിക്കുന്നത്, യുവാക്കൾ ഫേസ്‌ബുക്ക് പ്രതികരണങ്ങൾ നിർത്തി പണ്ടേ പോലെ അങ്ങ് തലസ്ഥാനത്ത് നിന്ന് നേതാക്കൾ ആഹ്വാനം ചെയ്യുമ്പോൾ അതിനനുസരിച്ച് കലക്റ്ററേറ്റ് വളയുക,   വില്ലേജ് ആഫീസുകളുടെ മുന്നിൽ പോയി ഉപരോധിച്ച് കുത്തിരിക്കുക, ജയിൽ നിറച്ചുകൊടുക്കുക, സർക്കാർ ഓഫീസുകൾ വളയുക, മാർച്ച് നടത്തുക, നേതാക്കൾ കവലകളിൽ പ്രസംഗിക്കുമ്പോൾ ശ്രദ്ധിച്ച് കേൾക്കുന്ന പോലെ മുന്നിൽ ഇരുന്നു കൊടുക്കുക ഇത്യാദി കലാപരിപാടികൾ നടത്തിയാൽ മതി എന്ന് അല്ലേ?

സാമൂഹികപ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് നേതാക്കളുടെ തലയിലാണു ഉദിക്കുക. ഉടനെ പ്രതിഷേധിക്കേണ്ടത് എങ്ങനെയെന്ന് സർക്കുലർ താഴെത്തട്ടിലേക്ക് കല്പനകളായി പറക്കും. ജില്ലാ ആസ്ഥാനം വളയുക, അല്ലെങ്കിൽ പോസ്റ്റ് ഓഫീസുകൾ ഉപരോധിക്കുക അങ്ങനെ. അണികൾക്ക് അനുസരിക്കേണ്ട വിധേയത്വം മാത്രമേ പാടുള്ളൂ. പ്രശ്നങ്ങൾ ഒരിക്കലും അണികൾ നേരിട്ട് മനസ്സിലാക്കരുത്. കമ്പ്യൂട്ടർ തൊഴിൽ ഇല്ലാതാക്കും എന്നൊരു ഭയങ്കര സാമൂഹികപ്രശ്നം നേതാവിന്റെ തലയിൽ ഉദിക്കും. ഉടനെ കമ്പ്യൂട്ടർ വിരുദ്ധം തലയിലേറ്റി അണികൾ പരക്കം പായണം. പ്രി-ഡിഗ്രി ബോർഡ് വന്നാൽ വിദ്യാഭ്യാസം തകരും എന്ന് നേതാവിനു വെളിപാട് വരും. ഉടനെ സർക്കുലർ താഴോട്ട്. അണികൾ ആവേശത്തോടെ ബാലവാടികൾ വരെ പൂട്ടിക്കണം. 

ഇങ്ങനെ പ്രശ്നങ്ങളെല്ലാം നേതാക്കളുടെ ദിവ്യമസ്തിഷ്ക്കത്തിൽ ശോഭിക്കുകയും അണികൾ അതൊക്കെ അന്ധമായി ഏറ്റെടുത്ത് നാട് കുട്ടിച്ചോറാക്കുകയും ചെയ്യുന്ന മധുരമനോജ്ഞപ്രതിഷേധങ്ങളായിരിക്കാം വീണ്ടെടുക്കണമെന്ന് ലാൽജോസ് സ്വപ്നം കാണുന്നത്.

സാധാരണക്കാർക്ക് സ്വന്തമായി അഭിപ്രായം എന്തെങ്കിലും തോന്നിപ്പോയാൽ അതൊന്നും നാലാളെ അറിയിക്കാൻ ഇത്‌വരെയായി ഒരു വേദിയും ഇല്ലായിരുന്നു. അവർക്ക് പ്രസംഗിക്കാൻ കഴിയില്ല. പത്രങ്ങളിൽ എഴുതാൻ കഴിയില്ല. കമ്മറ്റികളിൽ പോയാൽ ചർച്ച എന്നൊന്ന് പതിവാണെങ്കിലും അവിടെ സ്ഥിരം ചർച്ചക്കാർ ഉണ്ടാകും. എവിടെയും മൗനികളായി അടങ്ങിയൊതുങ്ങി കേട്ടിരിക്കുക എന്നതായിരുന്നു സാധാരണക്കാരുടെ നിയോഗം.

ഇപ്പോൾ സ്ഥിതിഗതികൾ മാറിയിരിക്കുന്നു. ജനങ്ങൾക്ക് ഏറ്റവും ശക്തവും ഫലപ്രദവും ആധുനികവുമായ ജിഹ്വകൾ ലഭിച്ചിരിക്കുന്നു. അതാണു സോഷ്യൽ നെറ്റ്‌വർക്കുകൾ. മറയില്ലാതെ ഏത് കാര്യവും, ഓരോ പ്രശ്നത്തിലും തന്റെ നിലപാടുകളും അപ്പപ്പോൾ ലോകത്തെ അറിയിക്കാൻ ആർക്കും കഴിയും എന്ന സ്ഥിതി സംജാതമായിരിക്കുന്നു. ഇത് വരെ അനുസരിക്കാൻ മാത്രം ശീലിച്ചവർ സ്വന്തമായി ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു. പ്രശ്നങ്ങളുടെയും പ്രതിഷേധങ്ങളുടെയും ന്യായാന്യായങ്ങൾ വിചാരണ ചെയ്യപ്പെടുന്നു. നേതാവിന്റെ തലയിൽ മാത്രം ഉദിക്കുന്ന കൃത്രിമ പ്രതിഷേധങ്ങൾ ക്ലച്ച് പിടിക്കാതെ ചീറ്റിപ്പോകുന്നു.

കാലത്തിന്റെ ഈ മാറ്റം നേതാക്കളും അംഗീകരിക്കാൻ നിർബ്ബന്ധിതരായിരിക്കുന്നു. ഫേസ്‌ബുക്കിൽ നേതാക്കൾ അക്കൗണ്ട് തുടങ്ങുന്നു. തിരക്കിനിടയിലും അവർ സ്റ്റാറ്റസ്സ് അപ്‌ഡേറ്റ് ചെയ്യുന്നു. പലരും ഫേസ്‌ബുക്കിൽ വരുന്ന അഭിപ്രായങ്ങൾ വായിക്കുന്നു. എന്റെ ഈ കുറിപ്പ് ഏതെങ്കിലും നേതാവ് വായിക്കാനും എന്റെ നിലപാട് അദ്ദേഹം മനസ്സിലാക്കാനുമുള്ള സാധ്യതയാണു നിലവിൽ വന്നിരിക്കുന്നത്. ഫേ‌സ്‌ബുക്കിന്റെ സ്വാധീനവും പ്രസക്തിയും അനുദിനം വർദ്ധിച്ചുവരികയാണു. ഫേസ്‌ബുക്കിലെ പ്രതികരണങ്ങൾ ആർക്കും അവഗണിക്കാൻ കഴിയാത്തവിധം പ്രചാരം നേടി വരികയാണു. ഇത് മൂലം ജനാധിപത്യവും ഭരണനിർവ്വഹണവും എല്ലാം സുതാര്യമാകാൻ പോവുകയാണു. എല്ലാറ്റിനുമുപരിയായി രാഷ്ട്രീയപാർട്ടികളുടെ രാഷ്ട്രീയമൈലേജിനു വേണ്ടി നടത്തുന്ന കൃത്രിമപ്രതിഷേധങ്ങൾ ജനപിന്തുണ കിട്ടാതെ ഒടുങ്ങിപ്പോവുകയും ശരിയായ ജനകീയപ്രശ്നങ്ങൾ ശ്രദ്ധയാകർഷിക്കാനും അവയുടെ പ്രതിഷേധിക്കാനും പരിഹാരം കാണാനുമുള്ള സാഹചര്യവും നിലവിൽ വരികയാണു. 

അപ്പോൾ പ്രിയപ്പെട്ട ലാൽജോസ് , ശരിക്കും എന്താണു താങ്കളുടെ പ്രശ്നം?

വിശ്വസ്തതയോടെ,
കെ.പി.എസ്.

രണ്ട് ഫേസ്‌ബുക്ക് സ്റ്റാറ്റസ്സുകൾ

                                              ഒന്ന് 
ഇന്ത്യയിൽ 400 കൊല്ലത്തേക്ക് ആവശ്യമായത്രയും വൈദ്യുതി അനുസ്യൂതം ഉല്പാദിപ്പിക്കാനാവശ്യമായ തോറിയം കേരളത്തിന്റെയും തമിഴ്‌നാടിന്റെയും കടൽത്തീരങ്ങളിൽ കുവിഞ്ഞുകിടക്കുന്നുണ്ട്. അമേരിക്കയിൽ ഒരാളുടെ ശരാശരി വാർഷിക വൈദ്യുതോപയോഗം 12,000 യൂനിറ്റാണു. യൂറോപ്യൻ രാജ്യങ്ങളിൽ 6000 യൂനിറ്റും മറ്റ് രാജ്യങ്ങളിൽ 1500-1000 യൂനിറ്റ് വൈദ്യുതിയും ഒരാൾ വർഷത്തിൽ ഉപയോഗിക്കുന്നു. എന്നാൽ ഇന്ത്യയിൽ ശരാശരി ഒരാളുടെ വൈദ്യുതോപയോഗം വർഷത്തിൽ 660 യൂനിറ്റ് മാത്രമാണു. നമുക്ക് വൈദ്യുതി വേണ്ടാത്തത്കൊണ്ടല്ല. ഉല്പാദിപ്പിക്കാൻ കഴിയുന്നില്ല. നിലവിൽ ഉള്ള ജല/താപ വൈദ്യുതനിലയങ്ങൾ വളരെക്കാലം തുടർന്ന് പ്രവർത്തിക്കാൻ കഴിയില്ല. അത്കൊണ്ടാണു മറ്റ് മാർഗ്ഗങ്ങൾ തേടേണ്ടിവരുന്നത്.

ചിലർ സൗരോർജ്ജത്തിൽ നിന്ന് രാജ്യത്തിനു ആവശ്യമായ വൈദ്യുതി ഉല്പാദിപ്പിച്ച് ഊർജ്ജസ്വയംപര്യാപ്തി കൈവരിക്കാൻ കഴിയും എന്ന് പറയുന്നുണ്ട്. ജർമ്മനിയുടെ ഉദാഹരണമാണു അവർ ചൂണ്ടിക്കാട്ടുന്നത്. വികസിതമായ ജർമ്മനി എന്ന കൊച്ചുരാജ്യം എവിടെ കിടക്കുന്നു, നമ്മുടെ വിശാലവും ജനസംഖ്യ അഭംഗുരം പെരുകിക്കൊണ്ടിരിക്കുന്നതുമായ രാജ്യം എവിടെ കിടക്കുന്നു. ജർമ്മനിയോളം സാങ്കേതികവും സാമ്പത്തികവും ആയ പുരോഗതി നമ്മൾ എപ്പോൾ ആർജ്ജിക്കന്മെന്ന് പറയാൻ കഴിയില്ല.

സാധാരണക്കാർക്ക് എന്തായാലും സ്വന്തം ആവശ്യത്തിനു സൗരോർജ്ജം കൊണ്ട് വൈദ്യുതി ഉണ്ടാക്കാൻ പറ്റില്ല. കേന്ദ്രസർക്കാരിന്റെ സബ്‌സിഡി കിട്ടിയാലും കഴിയില്ല. ഒരു ലക്ഷത്തോളം മുടക്കിയാൽ തന്നെ ആവശ്യമായി വൈദ്യുതി ഇടതടവില്ലാതെ ലഭിക്കും എന്ന് ഉറപ്പിക്കാനാവില്ല. സൗരോർജ്ജത്തിൽ നിന്ന് ഉണ്ടാകുന്ന വൈദ്യുതി സംഭരിക്കുന്ന ബാറ്ററി അഞ്ച് വർഷം നിൽക്കും എന്നാണു അതിന്റെ നിർമ്മാതാക്കൾ പറയുക. എന്നാൽ അഞ്ച് വർഷം പറഞ്ഞാൽ രണ്ട് വർഷം നിൽക്കുമോ എന്ന് സംശയമായിരിക്കും. നമ്മുടെ നാട്ടിൽ നിർമ്മിക്കുന്ന ഒന്നിനും ക്വാളിറ്റി ഗ്യാരണ്ടിയില്ല. സോളാർ പാനലുകളുടെ അവസ്ഥയും അതായിരിക്കും. ആവശ്യക്കാർ വർദ്ധിക്കുമ്പോൾ ചവറായിരിക്കും നിർമ്മിച്ചുവിടുക. ഇതിനിടയിൽ മെയിന്റനൻസ് വേണ്ടി വന്നാൽ ആളെ എവിടെ നിന്ന് കിട്ടും? മെയിൻ സ്ട്രീമിൽ നിന്ന് വൈദ്യുതി അനുസ്യൂതം ലഭിക്കുന്നതാണു ആർക്കും ഗുണം. ഒന്നും ചിന്തിക്കേണ്ട. ബിൽ അടച്ചാൽ മതി.

ഏറ്റവും ചുരുങ്ങിയ സ്ഥലത്ത് നിന്ന് ഏറ്റവും കൂടുതൽ വൈദ്യുതി തടസ്സമില്ലാതെ, പരിസ്ഥിതിക്ക് ഒരു കോട്ടവും തട്ടാതെ ഉല്പാദിപ്പിക്കാൻ കഴിയുന്നത് ആണവവൈദ്യുത നിലയങ്ങളിൽ നിന്നാണു. നമ്മുടെ കടൽത്തീരങ്ങളിൽ സമൃദ്ധമായി കാണുന്ന തോറിയം യുറേനിയമാക്കി മാറ്റി നമുക്ക് ആവശ്യമായത്രയും വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള സാധ്യത നമ്മുടെ മുന്നിൽ ഉണ്ട്. ഇത് പറയുമ്പോഴേക്കും ചിലർ ചെർണോബിലും ഫുക്കുഷിമയും കൊണ്ട് പ്രതിരോധിക്കാൻ വരും. രക്ഷകിട്ടുകയില്ല. ജർമ്മനി നിർത്തി ജപ്പാൻ നിർത്തി ലോകം മൊത്തം നിർത്താൻ പോകുന്നു എന്ന് പറയും. ബുദ്ധിജീവികളും പുരോഗമനജീവികളും മനുഷ്യസ്നേഹജീവികളും പരിസ്ഥിതിവാദികളും ഇടതിങ്ങിവളരുന്നത്കൊണ്ടുള്ള രാജ്യത്തിന്റെ ശാപമാണിത്. ഒന്നും വിടൂല്ല.

കൂടുതൽ വൈദ്യുതി ഉല്പാദിപ്പിക്കാൻ കഴിഞ്ഞാൽ നമുക്ക് പെട്രോളിന്റെയും ഡീസലിന്റെയും ഉപയോഗം കുറക്കാൻ കഴിയും. വൈദ്യുതികൊണ്ട് ഓടുന്ന വാഹനങ്ങൾ നിർമ്മിക്കാമല്ലൊ. റെയിൽവേ പാതകൾ എല്ലാം വൈദ്യുതീകരിക്കാൻ സാധിക്കും. ഭക്ഷ്യസംസ്ക്കരണരംഗത്തും ഗവേഷണരംഗത്തും ചികിത്സാരംഗത്തും അങ്ങനെ ഒട്ടേറെ മേഖലകളിൽ ന്യൂക്ലിയർ ടെക്‌നോളജിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താം.

ചുരുക്കിപ്പറഞ്ഞാൽ നമ്മുടെ രാജ്യത്തെ സമ്പൽസമൃദ്ധിയിലേക്ക് നയിക്കാനും പരിസ്ഥിതിമലിനീകരണത്തെയും ആഗോളതാപനത്തെയും കുറച്ചുകൊണ്ടുവരാനും കഴിയുന്ന തരത്തിൽ തോറിയം നമ്മുടെ കടൽത്തീരത്ത് വെറുതെ അങ്ങനെ കിടക്കുകയാണു. തോറിയം ഉപയോഗിച്ച് ആണവവൈദ്യുതി ഉണ്ടാക്കാൻ സാധിക്കുന്ന സാങ്കേതിക വിദ്യ നമ്മുടെ ശാസ്ത്രജ്ഞന്മാർ വികസിപ്പിക്കുന്നുമുണ്ടായിരുന്നു. പക്ഷെ ആളുകൾ അതൊന്നും അനുവദിക്കുന്ന മട്ടില്ല. നമ്മുടെ ആളോഹരി വൈദ്യുതോപഭോഗം ഇനിയും കുറയാനാണു സാധ്യത. ഇച്ഛാശക്തിയുള്ള ഒറ്റക്കക്ഷി സർക്കാർ ഇനി കേന്ദ്രത്തിൽ വരികയും ഇല്ല. അത്കൊണ്ട് തട്ടിമുട്ടി അങ്ങനെ പോകാം. ഒച്ച വെക്കാൻ എപ്പോഴും വിഷയം വേണമല്ലൊ, അതിൽ പ്രധാനപ്പെട്ടതല്ലേ ലോഡ് ഷെഡ്ഡിങ്ങ്!

                                            രണ്ട് 


ഒരു പ്രാസംഗികൻ ആകണമെന്നത് എന്റെ ഒരുപാട് ആഗ്രഹങ്ങളിൽ പെട്ട ഒരാഗ്രഹമായിരുന്നു. എന്നാൽ ഒരു വേദിയും മൈക്കും കിട്ടുകയെന്നത് അത്ര എളുപ്പത്തിൽ സാധിക്കുന്ന ഒന്നല്ല. പ്രസംഗം ഒരു കലയും ശാസ്ത്രവുമാണു. സദസ്സിനോടുള്ള ആശയവിനിമയമാണു പ്രസംഗം. സദസ്സറിഞ്ഞ് പ്രസംഗിക്കണം. പ്രസംഗകലയെ അങ്ങേയറ്റം വികലവും വികൃതവുമാക്കുന്നത് രാഷ്ട്രീയപ്രസംഗമാണു. ആവേശം പ്രസംഗത്തെ കൊല്ലും. സുകുമാർ അഴീക്കോടിന്റെ പ്രസംഗശൈലി അസൂയാവഹമായിരുന്നു. പ്രസംഗത്തിന്റെ സർവ്വകലാശാലയായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തിൽ ചില നല്ല പ്രാസംഗികർ ഉണ്ട് എന്ന കാര്യം വിസ്മരിക്കുന്നില്ല. പ്രസംഗത്തിനു പരിശീലനക്ലാസ്സുകൾ നല്ലതായിരുന്നു.

എനിക്ക് നാട്ടിൽ പ്രസംഗിക്കാൻ ഒരിക്കലും ചാൻസ് കിട്ടിയിട്ടില്ല. ഞാൻ ആഗ്രഹിച്ചിരുന്നുവെങ്കിലും. നാട്ടിൽ സാംസ്ക്കാരികപ്രസംഗത്തിനു മാഷ്മ്മാരെ മാത്രമേ വിളിക്കൂ. പരിസരത്ത് എവിടെ യോഗമുണ്ടെങ്കിലും പ്രസംഗിക്കാൻ അയൽക്കാരനായ മാഷെ വിളിക്കും. അദ്ദേഹത്തിന്റെ പ്രസംഗത്തിലെ ആവർത്തിച്ചുള്ള 'ഞാൻ' പ്രയോഗം അരോചകമായിരുന്നു. മാഷ്‌മ്മാർക്കാണു പൊതുവെ ജനറൽ നോളജ് കുറവ് എന്നെനിക്ക് തോന്നാറുണ്ട്. അവർ അപ്‌ഡേറ്റ് ചെയ്യില്ല. മാഷായില്ലേ ഇനിയെന്ത് പഠിക്കാൻ എന്നാണവരുടെ വിചാരം എന്ന് തോന്നുന്നു.

എന്തായാലും കണ്ണൂർ മുതൽ തിരുവനന്തപുരം വരെ പോയി സംസാരിക്കാൻ എനിക്ക് ഒറ്റപ്പെട്ട വേദികൾ കിട്ടി. ഒരിക്കൽ കൈരളി ടിവിയിലും ഒരു സംവാദത്തിൽ സംസാരിക്കാൻ അവസരം കിട്ടി. ഇത്രയും കിട്ടുമെന്ന് പ്രതീക്ഷിച്ചതല്ല. പ്രസംഗിക്കാനുണ്ടായിരുന്ന വിഷയങ്ങളെല്ലാം ബ്ലോഗിലും ഫേസ്‌ബുക്കിലുമായി എഴുതുകയും ചെയ്തു. അതിനൊക്കെ കാരണമായത് ഈ കമ്പ്യൂട്ടറും ഇന്റർനെറ്റുമാണു. ആഗ്രഹിച്ചതിന്റെയൊക്കെ പതിന്മടങ്ങ് ലഭിച്ചതിന്റെ സംതൃപ്തിയാണു ഇന്നെനിക്ക്....

മോഡി ഇന്ത്യയുടെ ഐശ്വര്യം

അങ്ങനെ ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി ആരാണെന്ന് ഒരു തീരുമാനമായി. അത് മറ്റാരുമല്ല. നമ്മുടെ നരേന്ദ്രമോഡി തന്നെയാണു. ഗുജറാത്തിനെ വികസിപ്പിക്കുക മാത്രമല്ലായിരുന്നു അദ്ദേഹത്തിന്റെ അവതാരോദ്ദേശ്യം. ഗുജറാത്ത് മാതൃകയിൽ ഇന്ത്യാമഹാരാജ്യത്തെയും വികസിപ്പിച്ച് അഴിമതിമുക്തമാക്കുക എന്നതും അതിൽ പെട്ടതാണു.

കോൺഗ്രസ്സ് രാജ്യം ഭരിച്ചപ്പോഴെല്ലാം ആഗോളവൽക്കരണത്തിലൂടെയും ഉദാരവൽക്കരണത്തിലൂടെയും നാടിനെ സാമ്രാജ്യത്വത്തിനു എത്രയോ പ്രാവശ്യം പണയപ്പെടുത്തി. രാജ്യത്തിന്റെ പരമാധികാരം സാമ്രാജ്യത്വത്തിനു അടിയറ വെച്ചുകൊണ്ടേയിരിക്കലാണു കോൺഗ്രസ്സിന്റെ പണി. ഇന്ത്യയെ ഇന്ന് കാണുന്ന ഈ കോലത്തിൽ മുടിച്ചുവെച്ചതും കോൺഗ്രസ്സാണു. മോഡി പറഞ്ഞത് പോലെ ഗാന്ധി കുടുംബത്തിനു വേണ്ടിയാണു ഇതൊക്കെ ചെയ്യുന്നത്.

ഇനിയിപ്പോൾ ഇന്ത്യയ്ക്ക് നല്ല കാലമാണു വരാൻ പോകുന്നത്. ഒന്നാമത്തെ കാര്യം ഗാന്ധി കുടുംബത്തിൽ നിന്ന് ഇന്ത്യ മോചിപ്പിക്കപ്പെടാൻ പോകുന്നു എന്നതാണു. അതോടൊപ്പം സാമ്രാജ്യത്വത്തിന്റെ കൈയിൽ പണയപ്പണ്ടമായിരുന്ന നമ്മുടെ മാതൃരാജ്യത്തെ വീണ്ടെടുക്കുകയും ചെയ്യും. അങ്ങനെ നമ്മുടെ രാജ്യത്തിന്റെ പരമാധികാരം നമുക്ക് തന്നെ തിരിച്ചുകിട്ടും.

ആഗോളവൽക്കരണത്തിനു അറുതി വരുത്തി സ്വദേശിവൽക്കരണം സാധ്യമാക്കും. നമ്മുടെ രാജ്യം ഒരു തുരുത്ത് പോലെ ഒറ്റപ്പെട്ടു കഴിയുകയാണു വേണ്ടത്. ഗാട്ട് കരാർ , ആണവക്കരാർ തുടങ്ങിയ പണയക്കരാർ എല്ലാം മോഡി റദ്ധാക്കും. അഴിമതിയുടെ കാര്യം പറയുകയേ വേണ്ട. അഴിമതി കംസനാണെങ്കിൽ മോഡി കൃഷ്ണഭഗവാനാണു. ഇത്രയും കാലം കോൺഗ്രസ്സ് ഭരിച്ച് ഈ കാണുന്ന കോലത്തിൽ കുട്ടിച്ചോറാക്കിയ ആർഷഭാരതത്തെ വീണ്ടെടുക്കാൻ നരേന്ദ്രമോഡിയെ പോലെ കഴിവുള്ള ഒരൊറ്റ നേതാവും ഇന്ന് ഇന്ത്യയിൽ ജീവിച്ചിരുപ്പില്ല. വൈകിയാണു നമ്മൾ ഈ സത്യം തിരിച്ചറിയുന്നത്.

2014ലെ പൊതുതെരഞ്ഞെടുപ്പിന്റെ ചരിത്രപരമായ പ്രാധാന്യം തിരിച്ചറിഞ്ഞ് സകല കോൺഗ്രസ്സ് വിരുദ്ധരും മോഡിക്ക് വേണ്ടി വോട്ട് ചെയ്യണം. അല്ലാത്ത പക്ഷം അത് രാജ്യദ്രോഹമായിരിക്കും. മോഡി ജയിക്കാനാവശ്യമായ സാഹചര്യം ഒരുക്കാതെ വീണ്ടും കോൺഗ്രസ്സ് ജയിക്കാനുള്ള സാഹചര്യം പരോക്ഷമായി ഒരുക്കിയിട്ട് പിന്നെ ഞഞ്ഞാമിഞ്ഞ പറയരുത്. കോൺഗ്രസ്സ് വിരുദ്ധ വോട്ടുകൾ ഭിന്നിച്ചുപോകരുത്.

ചില കരിങ്കാലികൾ മൂന്നാം മുന്നണി എന്ന് പറഞ്ഞ് തെരഞ്ഞെടുപ്പിനു രണ്ടാഴ്ച മുൻപ് സ്ഥിരമായി പൊങ്ങിവരാറുണ്ട്. കോൺഗ്രസ്സ് വിരുദ്ധവോട്ടുകൾ ഭിന്നിപ്പിച്ച് , ഇക്കാലമത്രയും രാജ്യത്തെ കട്ടുമുടിക്കന്ന കോൺഗ്രസ്സിനെ സഹായിക്കാനുള്ള കരിങ്കാലികളാണു മൂന്നാം മുന്നണി വാദക്കാർ. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ പിറ്റേ ദിവസം മൂന്നാം മുന്നണി മരിക്കും. തെരഞ്ഞെടുപ്പ് വേളയിൽ രണ്ടാഴ്ച മാത്രം ആയുസ്സുള്ള മൂന്നാം മുന്നണി ഫലത്തിൽ കോൺഗ്രസ്സിനെ സഹായിക്കുകയാണു ചെയ്യുക. അത് ഇക്കുറി ആവർത്തിക്കാതെ നോക്കണം. എൻ.ഡി.ഏ. വികസിപ്പിക്കുകയാണു വേണ്ടത്.

നരേന്ദ്രമോഡി ഒരർത്ഥത്തിൽ ഇന്ത്യയുടെ ഭാഗ്യവും അനുഗ്രഹവുമാണു. അഥവാ മോഡി പോലെ ഒരു നേതാവ് ഇന്ത്യയിൽ ഇല്ലായിരുന്നെങ്കിൽ ഇന്ത്യയുടെ ഗതിയും ഭാവിയും എന്താകുമായിരുന്നു? രാജ്യത്തെ ഇത്രയും കാലം കട്ടുമുടിച്ച് വെറും ചണ്ടിയാക്കി, ജനദ്രോഹനയങ്ങൾ കൊണ്ട് ജനങ്ങൾ കൂട്ടപ്പലായനം ചെയ്യേണ്ട അവസ്ഥയിൽ എത്തിച്ച കോൺഗ്രസ്സിനെ അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലും വലിച്ചെറിയാൻ അവതരിച്ച മഹാനേതാവാണു നരേന്ദ്രമോഡി. ആ മോഡിയെ തന്റെ അവതാരദൗത്യം നിറവേറ്റുന്നതിനു വേണ്ടി ജയിപ്പിക്കാൻ ഓരോ പൗരനും അഹമഹമികയാ മുന്നോട്ട് വരണം. ഇതോടെ കോൺഗ്രസ്സിന്റെ അന്ത്യം ഉണ്ടാകണം. പിന്നെ ഇന്ത്യ വെച്ചടി വെച്ചടി മുന്നോട്ട്!

കോൺഗ്രസ്സിനെ ഇല്ലാതാക്കാൻ സഖാക്കൾക്കും ഇതൊരു സുവർണ്ണാവസരമാണു. മൂഞ്ചാം മുന്നണി എന്ന് പറഞ്ഞ് ഈ അവസരം പാഴാക്കരുത് സഖാക്കളേ ...

ഗ്യാസ് സിലണ്ടര്‍ ബുക്ക് ചെയ്യുന്നവര്‍ ശ്രദ്ധിക്കുക

ഇത് ഒരു പഴയ പോസ്റ്റ് ആണു. ഗ്യാസ് സിലിണ്ടറുകൾ ബുക്ക് ചെയ്യാൻ ആൻഡ്രോയ്‌ഡ് ഫോണിൽ ഇപ്പോൾ ആപ്ലിക്കേഷനുകൾ ലഭ്യമാണു. ആ വിവരം കൂടി ഉൾക്കൊള്ളിച്ച് അപ്‌ഡേറ്റ് ചെയ്യാൻ വേണ്ടിയാണു ഇത് ഇപ്പോൾ റി-പോസ്റ്റ് ചെയ്യുന്നത്.

ആൻഡ്രോയ്‌ഡ് ഫോൺ കൈവശമുള്ളവർ ഗൂഗിളിന്റെ പ്ലേ സ്റ്റോറിൽ പോയി യഥാക്രമം Bharatgas , HP GAS , Indane  എന്നിങ്ങനെ സർച്ച് ചെയ്താൽ ആപ്ലിക്കേഷൻ ലഭിക്കും. അത് ഫോണിൽ ഇൻസ്റ്റാൾ ചെയ്താൽ ഗ്യാസ് ബുക്കിങ്ങ് വളരെ എളുപ്പമാണു. പക്ഷെ അതിനു മുൻപായി അതാത് ഗ്യാസ് കമ്പനിയുടെ വെബ്സൈറ്റിൽ പോയി റജിസ്റ്റർ ചെയ്യണം. നിലവിൽ ഗ്യാസ് കണക്‌ഷനും ഇ-മെയിൽ ഐഡിയും ഉള്ളവർ ആദ്യമായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത്   റജിസ്റ്റർ ചെയ്യുക.

HP GAS 
Bharat Gas
INDANE 

ഓരോ ഗ്യാസ് കമ്പനിയുടെയും ആപ്ലിക്കേഷന്റെ സ്ക്രീൻ ഷോട്ട് താഴെ കാണുക:




ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്താല്‍ നേരാം വണ്ണം ലഭിക്കുന്നില്ല എന്ന പരാതി വ്യാപകമാണ്.  ജനങ്ങള്‍ ഏറ്റവും അധികം കഷ്ടപ്പെടുന്ന ഒരു മേഖലയാണ്  പാചകവാതക സിലിണ്ടര്‍ സമയത്തിന് ലഭിക്കുക എന്നത്.  ബുക്ക് ചെയ്യാന്‍ ഏജന്‍സിയില്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കുന്നില്ല.  ബുക്ക് ചെയ്താല്‍ തന്നെ ഒരു മാസമായിട്ടും സിലിണ്ടര്‍ കിട്ടുന്നില്ല.  ഒരു സിലിണ്ടര്‍ മാത്രമുള്ളവര്‍ക്ക് രണ്ടാമതൊരു സിലിണ്ടര്‍ ലഭിക്കുന്നില്ല. അങ്ങനെ നിരവധി പ്രശ്നങ്ങള്‍ .  പാചകവാതക വിതരണം നടത്തുന്നത് സ്വകാര്യ ഏജന്‍സികളാണ്.  അതാണ് എല്ലാ പ്രശ്നങ്ങളുടെയും കാരണം. ഗ്യാസ് ന്യായമായി വിതരണം ചെയ്താല്‍ ലഭിക്കുന്ന കമ്മീഷന്‍ അവര്‍ക്ക് പോര.  അത്കൊണ്ട്  രജിസ്റ്റര്‍ ചെയ്ത ഉപഭോക്താക്കള്‍ക്ക് സമയത്തിന് ഗ്യാസ് നല്‍കാതെ കരിഞ്ചന്തയില്‍ സിലിണ്ടറുകള്‍ അധികം തുക ഈടാക്കി മറിച്ചു വില്‍ക്കുന്നു.  പുതിയ കണക്‍ഷനുകള്‍ കൊടുക്കുന്നത് അപൂര്‍വ്വം.  ഉപഭോക്താക്കള്‍ അസംഘടിതരും  ഒറ്റപ്പെട്ടവരുമാണ്.  അത്കൊണ്ട് വളരെ ബുദ്ധിമുട്ടുകളാണ് ഗ്യാസ് ഉപഭോക്താക്കള്‍ നേരിടുന്നത്.  പല സ്ഥലത്തും  ഉപഭോക്താക്കളും  സിലിണ്ടര്‍ വിതരണം ചെയ്യുന്നവരുമായി സംഘര്‍ഷങ്ങള്‍ ഉണ്ടാകാറുമുണ്ട്.

ഇതിനൊക്കെ പരിഹാരമാണ്  ഇപ്പോള്‍ നടപ്പാക്കിയിട്ടുള്ള  ഓണ്‍ലൈന്‍ ബുക്കിങ്ങ് സംവിധാനം.  ഇന്‍ഡേന്‍ , ഭാരത് , എച്ച്.പി.  ഇങ്ങനെ മൂന്ന്  പാചകവാതക കമ്പനികളാണ് നിലവിലുള്ളത്.  ഈ മൂന്ന് കമ്പനികള്‍ക്കും  ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാനുള്ള സൌകര്യമുണ്ട്.  നമ്മള്‍ ഏജന്‍സിയില്‍ ഫോണ്‍ വിളിച്ചോ നേരില്‍ ചെന്നോ ബുക്ക് ചെയ്യേണ്ട ആവശ്യം ഇല്ല.  ഓണ്‍ലൈനില്‍ ആകുമ്പോള്‍ സെന്ട്രലൈസ്ഡ്  ബുക്കിങ്ങ് ആണ് നടക്കുന്നത്. ബുക്ക് ചെയ്താല്‍ ഒരു റഫറന്‍സ് നമ്പര്‍ ലഭിക്കുന്നു.  സാധാരണ ഗതിയില്‍ ബുക്ക് ചെയ്താല്‍ മൂന്ന് ദിവസത്തിനകം സിലിണ്ടര്‍ ലഭിക്കേണ്ടതാണ്.  അഥവാ ലഭിച്ചില്ലെങ്കില്‍ കമ്പ്ലേന്റ് രജിസ്റ്റര്‍ ചെയ്യാനുള്ള ഓപ്ഷന്‍ അതാത് സൈറ്റില്‍ ഉണ്ട്.  ആദ്യമായി ചെയ്യേണ്ടത് നിങ്ങളുടെ ഗ്യാസ് ഏതാണോ  അതിന്റെ കസ്റ്റമര്‍ സൈറ്റില്‍ ചെന്ന്  ന്യൂ കസ്റ്റമര്‍  എന്ന ലിങ്കില്‍  കണ്‍സ്യൂമര്‍ നമ്പര്‍ മറ്റും പ്രസക്ത വിവരങ്ങള്‍ കൊടുത്ത് അക്കൌണ്ട് എടുക്കുക.  ഇ-മെയില്‍ ഐഡി വേണം എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലൊ.  മൂന്ന് ഗ്യാസ് കമ്പനികളുടെയും  കസ്റ്റമര്‍ റജിസ്റ്റര്‍ ചെയ്യേണ്ട സൈറ്റിന്റെ അഡ്രസ്സ്  ഇതാ:   BHARAT GAS  ,  HP GAS ,  INDANE GAS .

ഓണ്‍ലൈനില്‍  അല്ലാതെ SMS ആയും  ഗ്യാസ് ബുക്ക് ചെയ്യാം.  എങ്ങനെയാണ് മൊബൈല്‍ ഫോണില്‍ നിന്നും  റജിസ്റ്റര്‍ ചെയ്ത് ഗ്യാസ്  ബുക്ക് ചെയ്യേണ്ടത് എന്ന വിവരങ്ങള്‍  താഴെ കൊടുക്കുന്ന ഇമേജില്‍ ക്ലിക്ക് ചെയ്താല്‍ വായിച്ച് മനസ്സിലാക്കാം. അതില്‍ വിശദമായി എല്ലാം കൊടുത്തിട്ടുണ്ട്.  ബുക്ക് ചെയ്തിട്ടും ഗ്യാസ് ലഭിക്കുന്നില്ലെങ്കിലോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും പരാതികള്‍ ഉണ്ടെങ്കിലോ  നമ്മുടെ കസ്റ്റമര്‍ പേജില്‍ ലോഗിന്‍ ചെയ്തിട്ട് കമ്പ്ലേന്റ് ടൈപ്പ് ചെയ്ത് സബ്മിറ്റ് ചെയ്യാമെന്ന് പറഞ്ഞല്ലൊ , കൂടാതെ നമുക്ക് നേരിട്ട് ഫോണില്‍ സംസാരിക്കുകയും ചെയ്യാം.  മൂന്ന് ഗ്യാസ് കമ്പനികള്‍ക്കും കൂടി പൊതുവായ ടോള്‍ ഫ്രീ നമ്പര്‍ ആണ് 155233. രാവിലെ 8 മണി മുതല്‍ രാത്രി 8 മണി വരെ ഈ നമ്പറില്‍ വിളിച്ച് സംസാരിക്കാം.  ഉപഭോക്താക്കളുടെ പരാതികള്‍ പരിഹരിക്കാനും പാ‍ചകവാതക വിതരണം സുതാര്യമാക്കാനുമാണ് സര്‍ക്കാര്‍ ഈ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.  എല്ലാവരും ഈ സൌകര്യം പ്രയോജനപ്പെടുത്തുക. മറ്റുള്ളവരെയും ഇക്കാര്യം അറിയിക്കുക.

( ഈ ഇമേജില്‍ ക്ലിക്ക് ചെയ്താല്‍ വേറെ ജാലകത്തില്‍ തുറക്കും. അവിടെ ക്ലിക്ക് ചെയ്താല്‍ വലുപ്പത്തില്‍ വായിക്കാം)