Pages

N.G.O. യൂനിയൻ നേതാക്കളോട് ..


റെസ്പക്‌ടഡ് ലീഡേർസ്,

2013 ഏപ്രിൽ മുതൽ സർക്കാർ സർവ്വീസിൽ ജോലിയിൽ പ്രവേശിക്കുന്നവർക്ക് പെൻഷൻ പ്രായം 60 ആയിരിക്കുമെന്ന് ധനകാര്യമന്ത്രി പ്രസ്താവിച്ചതായി മാധ്യമങ്ങളിൽ വാർത്ത വന്നിട്ട് മണിക്കൂറുകൾ കുറെ കഴിഞ്ഞു. സ്വാഭാവികമായി ഇതിനകം കേരളം മുഴുവൻ കെ.എം.മാണിയുടെ കോലങ്ങൾ കത്തിക്കേണ്ടതായിരുന്നു. അനിശ്ചിതകാല പൊതുമണിമുടക്ക് പ്രഖ്യാപിക്കേണ്ടതായിരുന്നു. ഒരു ഒച്ചയും അനക്കവും കാണുന്നില്ല. എന്ത് പറ്റി?

ഇതേ ഏപ്രിൽ മുതൽ തന്നെയാണു പങ്കാളിത്ത പെൻഷൻ സ്കീമും ആരംഭിക്കുന്നത്. നിങ്ങൾ പണിമുടക്ക് നടത്തി. കരിഓയിലും നായിക്കുരണയും യഥേഷ്ടം പ്രയോഗിച്ചു. പങ്കാളിത്ത പെൻഷൻ ഏപ്രിൽ മുതൽ സർവ്വീസിൽ കയറുന്നവർക്ക് മാത്രം ബാധകമായിരിക്കേ നിങ്ങൾ എന്തിനാണു സ്വന്തം സഹപ്രവർത്തകരുടെ മേൽ കരിഓയിൽ അഭിഷേകവും നായിക്കുരണപ്പൊടി വിതറലും നടത്തുന്നത് എന്ന് ചോദിച്ചപ്പോൾ നിങ്ങൾ പറഞ്ഞു, ഞങ്ങൾ സ്വന്തം കാര്യം നോക്കുന്നവരല്ല, ഞങ്ങൾക്ക് വേണ്ടി മാത്രം ജീവിക്കുന്നവരല്ല, തലമുറകളുടെ സുരക്ഷിതത്വം ഉറപ്പാക്കലും ഞങ്ങളുടെ ബാധ്യതയാണു. സർവ്വീസിൽ കയറാൻ പോകുന്നവർക്ക് വേണ്ടി നിങ്ങൾ സമരകാലത്തെ വേതനം ത്യജിച്ചു. ഒടുവിൽ സമരം പരാജയപ്പെട്ടപ്പോൾ ജീവനക്കാരുടെ അനൈക്യമാണു കാരണമെന്ന് നിങ്ങൾ വിലയിരുത്തി.

ഇപ്പോൾ പങ്കാളിത്തപെൻഷനെക്കാളും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉളവാക്കുന്ന ഒരു പ്രഖ്യാപനം മന്ത്രി നടത്തിയിട്ടും എന്താ ബന്ദുകൾ ഒന്നും ഇല്ലേ? 2013 മാർച്ച് മാസം വരെ സർവ്വീസിൽ കയറിയവർ 56ആം വയസ്സിൽ വിരമിക്കുമ്പോൾ ഏപ്രിൽ ഒന്ന് മുതൽ കയറുന്നവർ 60ആം വയസ്സിൽ വിരമിച്ചാൽ മതി. ഇതെന്ത് ന്യായം? എവിടത്തെ നീതി? ഒന്ന് സ്വകാര്യം ചോദിച്ചോട്ടേ, നിങ്ങൾക്ക് 60 വയസ്സ് വരെ സർവ്വീസ് നീട്ടിക്കിട്ടിയാൽ പുളിക്കുമോ? എന്തേ? ഇത്രയും കാലം ഡി.വൈ.എഫ്.ഐ.ക്കാരനെ പേടിച്ച് ഞങ്ങൾക്ക് 55 വയസ്സ് വരെ സർവ്വീസിൽ തുടർന്നാൽ മതിയേ എന്ന് സമ്മതിച്ചു. ഏകീകരണം പറഞ്ഞ് മാണിമന്ത്രി പെൻഷൻ പ്രായം 56 ആക്കിയപ്പോൾ ഡിഫിക്കാർ ബഹളം കൂട്ടിയപ്പോൾ നിങ്ങളും പറഞ്ഞു 56 പാടില്ല അത് യുവാക്കളെ തെരുവാധാരമാക്കുമെന്ന്.

ഇപ്പോൾ DYFI ക്കാർ ഹാപ്പി. കാരണം അവരാണു സർവ്വീസിൽ ചേരാൻ പോകുന്നത്. അവർക്കാണു 60 വയസ്സിന്റെ നേട്ടം കിട്ടാൻ പോകുന്നത്. ഒന്നാലോചിച്ചുനോക്കൂ, സർവ്വീസിൽ ഇപ്പോൾ ഉള്ളവർക്കും ഇനി പ്രവേശിക്കാൻ പോകുന്നവർക്കും എല്ലാം പെൻഷൻ പ്രായം 60 എന്ന് മന്ത്രി പ്രഖ്യാപിച്ചിരുന്നുവെങ്കിൽ കേരളം ഇപ്പോൾ കത്തിയിരിക്കും അല്ലേ? സംശയമുണ്ടോ? അപ്പോൾ ഡിഫിക്കാർക്ക് 60 വയസ്സ് വരെ സർവ്വീസിൽ തുടരണം. നിങ്ങൾക്ക് വേണ്ട. ഇത് ശരിയാണോ? എല്ലാവർക്കും വിരമിക്കൽ പ്രായം 60 ആക്കിയാൽ ഇവിടെ ഒരു മോശവും വരില്ലായിരുന്നു. ഇതിപ്പോൾ വരുന്ന ഏപ്രിൽ മുതൽ സർവ്വീസിൽ രണ്ട് തരം ഉദ്യോഗസ്ഥന്മാരാണു ഉണ്ടാവുക. അമ്പത്താറുകാരും അറുപതുകാരും.

മന്ത്രി മാണി നിങ്ങൾക്ക് എട്ടിന്റെ പണിയാണു തന്നത്. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രം. ഏപ്രിൽ മുതൽ കയറുന്നവർക്കും 56 മതി എന്ന് പറഞ്ഞ് DYFI സമരം നടത്തുകയില്ല. കാരണം യുവാക്കൾക്ക് അതല്ലേ നല്ലത്. ഞങ്ങൾക്കും 60 വേണം എന്ന് പറഞ്ഞ് നിങ്ങൾക്ക് സമരം ചെയ്യാനും കഴിയില്ല. അങ്ങനെ ചെയ്താൽ സ്റ്റോക്കുള്ള ചാണകവും കരിഓയിലും നായിക്കുരണയും എല്ലാം കൂട്ടിക്കുഴ്ച്ച് അതിൽ മുക്കിയെടുക്കും നിങ്ങളെ ഡിഫിക്കാർ. അതിനൊന്നും നിൽക്കണ്ട.

ഞാൻ ഒരു വഴി ഉപദേശിച്ചു തരാം. ഡിഫിക്കാർ അറിയണ്ട. നേരെ മാണിയെ പോയി കാണുക. താണുവീണു വണങ്ങുക. എന്നിട്ട് , ഇത് നീതിയാണോ സാർ എന്ന് ചോദിക്കുക. ഞാനെന്ത് ചെയ്യാനാ, ഞാൻ എന്നേ പെൻഷൻ പ്രായം 60 ആക്കണം എന്ന അഭിപ്രായക്കാരനാണു, നിങ്ങളുടെ പിള്ളേർ സമ്മതിക്കില്ലാലോ എന്ന് മാണി സാർ പറയും. അപ്പോൾ നിങ്ങൾ സൂത്രം പറഞ്ഞുകൊടുത്താൽ മതി. ഏപ്രിൽ മുതൽ കയറുന്നവർക്ക് 60വയസ്സ് പെൻഷൻ പ്രായമാക്കി നിജപ്പെടുത്തിയതിൽ DYFI കുട്ടികൾ സമരം ചെയ്യുന്നില്ലെങ്കിൽ ഇനി ഈ ജന്മത്തിൽ അവർ സമരം ചെയ്യില്ല സാറേ. അത്കൊണ്ട് അടുത്ത ആറു മാസത്തിനകം പെൻഷൻ ഏകീകരണം കൊണ്ടുവന്നു ഞങ്ങളെ സഹായിക്കണം സാറേ എന്ന് ഒറ്റ പറച്ചിൽ. മന്ത്രിയും ഹാപ്പി, നിങ്ങളും ഹാപ്പി. ഡിഫിക്കാർ ഓൾറെഡി ഹാപ്പിയായല്ലോ എപ്പടി ?

4 comments:

  1. എല്ലാവര്‍ക്കും 60 ആക്കുന്നതാണ് മാണിസാറിനിഷ്ടം. കാരണം 60 വരെ പണിയെടുപ്പിച്ചിട്ട് കാശുകൊടുത്താല്‍ മതിയല്ലോ... ഒരുപാട് പെന്‍ഷന്‍ വാങ്ങുന്നതിന് മുന്പ് ചത്തോടുങ്ങുകയും ചെയ്യും.... ഹല്ലപിന്നെ.....

    ReplyDelete
  2. എട്ടിന്റെ പണി തന്നെ

    ReplyDelete
  3. ബഡ്ജറ്റ് പാസ്സായോ!!!

    ReplyDelete