Pages

രണ്ട് ഫേസ്‌ബുക്ക് സ്റ്റാറ്റസ്സുകൾ

                                              ഒന്ന് 
ഇന്ത്യയിൽ 400 കൊല്ലത്തേക്ക് ആവശ്യമായത്രയും വൈദ്യുതി അനുസ്യൂതം ഉല്പാദിപ്പിക്കാനാവശ്യമായ തോറിയം കേരളത്തിന്റെയും തമിഴ്‌നാടിന്റെയും കടൽത്തീരങ്ങളിൽ കുവിഞ്ഞുകിടക്കുന്നുണ്ട്. അമേരിക്കയിൽ ഒരാളുടെ ശരാശരി വാർഷിക വൈദ്യുതോപയോഗം 12,000 യൂനിറ്റാണു. യൂറോപ്യൻ രാജ്യങ്ങളിൽ 6000 യൂനിറ്റും മറ്റ് രാജ്യങ്ങളിൽ 1500-1000 യൂനിറ്റ് വൈദ്യുതിയും ഒരാൾ വർഷത്തിൽ ഉപയോഗിക്കുന്നു. എന്നാൽ ഇന്ത്യയിൽ ശരാശരി ഒരാളുടെ വൈദ്യുതോപയോഗം വർഷത്തിൽ 660 യൂനിറ്റ് മാത്രമാണു. നമുക്ക് വൈദ്യുതി വേണ്ടാത്തത്കൊണ്ടല്ല. ഉല്പാദിപ്പിക്കാൻ കഴിയുന്നില്ല. നിലവിൽ ഉള്ള ജല/താപ വൈദ്യുതനിലയങ്ങൾ വളരെക്കാലം തുടർന്ന് പ്രവർത്തിക്കാൻ കഴിയില്ല. അത്കൊണ്ടാണു മറ്റ് മാർഗ്ഗങ്ങൾ തേടേണ്ടിവരുന്നത്.

ചിലർ സൗരോർജ്ജത്തിൽ നിന്ന് രാജ്യത്തിനു ആവശ്യമായ വൈദ്യുതി ഉല്പാദിപ്പിച്ച് ഊർജ്ജസ്വയംപര്യാപ്തി കൈവരിക്കാൻ കഴിയും എന്ന് പറയുന്നുണ്ട്. ജർമ്മനിയുടെ ഉദാഹരണമാണു അവർ ചൂണ്ടിക്കാട്ടുന്നത്. വികസിതമായ ജർമ്മനി എന്ന കൊച്ചുരാജ്യം എവിടെ കിടക്കുന്നു, നമ്മുടെ വിശാലവും ജനസംഖ്യ അഭംഗുരം പെരുകിക്കൊണ്ടിരിക്കുന്നതുമായ രാജ്യം എവിടെ കിടക്കുന്നു. ജർമ്മനിയോളം സാങ്കേതികവും സാമ്പത്തികവും ആയ പുരോഗതി നമ്മൾ എപ്പോൾ ആർജ്ജിക്കന്മെന്ന് പറയാൻ കഴിയില്ല.

സാധാരണക്കാർക്ക് എന്തായാലും സ്വന്തം ആവശ്യത്തിനു സൗരോർജ്ജം കൊണ്ട് വൈദ്യുതി ഉണ്ടാക്കാൻ പറ്റില്ല. കേന്ദ്രസർക്കാരിന്റെ സബ്‌സിഡി കിട്ടിയാലും കഴിയില്ല. ഒരു ലക്ഷത്തോളം മുടക്കിയാൽ തന്നെ ആവശ്യമായി വൈദ്യുതി ഇടതടവില്ലാതെ ലഭിക്കും എന്ന് ഉറപ്പിക്കാനാവില്ല. സൗരോർജ്ജത്തിൽ നിന്ന് ഉണ്ടാകുന്ന വൈദ്യുതി സംഭരിക്കുന്ന ബാറ്ററി അഞ്ച് വർഷം നിൽക്കും എന്നാണു അതിന്റെ നിർമ്മാതാക്കൾ പറയുക. എന്നാൽ അഞ്ച് വർഷം പറഞ്ഞാൽ രണ്ട് വർഷം നിൽക്കുമോ എന്ന് സംശയമായിരിക്കും. നമ്മുടെ നാട്ടിൽ നിർമ്മിക്കുന്ന ഒന്നിനും ക്വാളിറ്റി ഗ്യാരണ്ടിയില്ല. സോളാർ പാനലുകളുടെ അവസ്ഥയും അതായിരിക്കും. ആവശ്യക്കാർ വർദ്ധിക്കുമ്പോൾ ചവറായിരിക്കും നിർമ്മിച്ചുവിടുക. ഇതിനിടയിൽ മെയിന്റനൻസ് വേണ്ടി വന്നാൽ ആളെ എവിടെ നിന്ന് കിട്ടും? മെയിൻ സ്ട്രീമിൽ നിന്ന് വൈദ്യുതി അനുസ്യൂതം ലഭിക്കുന്നതാണു ആർക്കും ഗുണം. ഒന്നും ചിന്തിക്കേണ്ട. ബിൽ അടച്ചാൽ മതി.

ഏറ്റവും ചുരുങ്ങിയ സ്ഥലത്ത് നിന്ന് ഏറ്റവും കൂടുതൽ വൈദ്യുതി തടസ്സമില്ലാതെ, പരിസ്ഥിതിക്ക് ഒരു കോട്ടവും തട്ടാതെ ഉല്പാദിപ്പിക്കാൻ കഴിയുന്നത് ആണവവൈദ്യുത നിലയങ്ങളിൽ നിന്നാണു. നമ്മുടെ കടൽത്തീരങ്ങളിൽ സമൃദ്ധമായി കാണുന്ന തോറിയം യുറേനിയമാക്കി മാറ്റി നമുക്ക് ആവശ്യമായത്രയും വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള സാധ്യത നമ്മുടെ മുന്നിൽ ഉണ്ട്. ഇത് പറയുമ്പോഴേക്കും ചിലർ ചെർണോബിലും ഫുക്കുഷിമയും കൊണ്ട് പ്രതിരോധിക്കാൻ വരും. രക്ഷകിട്ടുകയില്ല. ജർമ്മനി നിർത്തി ജപ്പാൻ നിർത്തി ലോകം മൊത്തം നിർത്താൻ പോകുന്നു എന്ന് പറയും. ബുദ്ധിജീവികളും പുരോഗമനജീവികളും മനുഷ്യസ്നേഹജീവികളും പരിസ്ഥിതിവാദികളും ഇടതിങ്ങിവളരുന്നത്കൊണ്ടുള്ള രാജ്യത്തിന്റെ ശാപമാണിത്. ഒന്നും വിടൂല്ല.

കൂടുതൽ വൈദ്യുതി ഉല്പാദിപ്പിക്കാൻ കഴിഞ്ഞാൽ നമുക്ക് പെട്രോളിന്റെയും ഡീസലിന്റെയും ഉപയോഗം കുറക്കാൻ കഴിയും. വൈദ്യുതികൊണ്ട് ഓടുന്ന വാഹനങ്ങൾ നിർമ്മിക്കാമല്ലൊ. റെയിൽവേ പാതകൾ എല്ലാം വൈദ്യുതീകരിക്കാൻ സാധിക്കും. ഭക്ഷ്യസംസ്ക്കരണരംഗത്തും ഗവേഷണരംഗത്തും ചികിത്സാരംഗത്തും അങ്ങനെ ഒട്ടേറെ മേഖലകളിൽ ന്യൂക്ലിയർ ടെക്‌നോളജിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താം.

ചുരുക്കിപ്പറഞ്ഞാൽ നമ്മുടെ രാജ്യത്തെ സമ്പൽസമൃദ്ധിയിലേക്ക് നയിക്കാനും പരിസ്ഥിതിമലിനീകരണത്തെയും ആഗോളതാപനത്തെയും കുറച്ചുകൊണ്ടുവരാനും കഴിയുന്ന തരത്തിൽ തോറിയം നമ്മുടെ കടൽത്തീരത്ത് വെറുതെ അങ്ങനെ കിടക്കുകയാണു. തോറിയം ഉപയോഗിച്ച് ആണവവൈദ്യുതി ഉണ്ടാക്കാൻ സാധിക്കുന്ന സാങ്കേതിക വിദ്യ നമ്മുടെ ശാസ്ത്രജ്ഞന്മാർ വികസിപ്പിക്കുന്നുമുണ്ടായിരുന്നു. പക്ഷെ ആളുകൾ അതൊന്നും അനുവദിക്കുന്ന മട്ടില്ല. നമ്മുടെ ആളോഹരി വൈദ്യുതോപഭോഗം ഇനിയും കുറയാനാണു സാധ്യത. ഇച്ഛാശക്തിയുള്ള ഒറ്റക്കക്ഷി സർക്കാർ ഇനി കേന്ദ്രത്തിൽ വരികയും ഇല്ല. അത്കൊണ്ട് തട്ടിമുട്ടി അങ്ങനെ പോകാം. ഒച്ച വെക്കാൻ എപ്പോഴും വിഷയം വേണമല്ലൊ, അതിൽ പ്രധാനപ്പെട്ടതല്ലേ ലോഡ് ഷെഡ്ഡിങ്ങ്!

                                            രണ്ട് 


ഒരു പ്രാസംഗികൻ ആകണമെന്നത് എന്റെ ഒരുപാട് ആഗ്രഹങ്ങളിൽ പെട്ട ഒരാഗ്രഹമായിരുന്നു. എന്നാൽ ഒരു വേദിയും മൈക്കും കിട്ടുകയെന്നത് അത്ര എളുപ്പത്തിൽ സാധിക്കുന്ന ഒന്നല്ല. പ്രസംഗം ഒരു കലയും ശാസ്ത്രവുമാണു. സദസ്സിനോടുള്ള ആശയവിനിമയമാണു പ്രസംഗം. സദസ്സറിഞ്ഞ് പ്രസംഗിക്കണം. പ്രസംഗകലയെ അങ്ങേയറ്റം വികലവും വികൃതവുമാക്കുന്നത് രാഷ്ട്രീയപ്രസംഗമാണു. ആവേശം പ്രസംഗത്തെ കൊല്ലും. സുകുമാർ അഴീക്കോടിന്റെ പ്രസംഗശൈലി അസൂയാവഹമായിരുന്നു. പ്രസംഗത്തിന്റെ സർവ്വകലാശാലയായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തിൽ ചില നല്ല പ്രാസംഗികർ ഉണ്ട് എന്ന കാര്യം വിസ്മരിക്കുന്നില്ല. പ്രസംഗത്തിനു പരിശീലനക്ലാസ്സുകൾ നല്ലതായിരുന്നു.

എനിക്ക് നാട്ടിൽ പ്രസംഗിക്കാൻ ഒരിക്കലും ചാൻസ് കിട്ടിയിട്ടില്ല. ഞാൻ ആഗ്രഹിച്ചിരുന്നുവെങ്കിലും. നാട്ടിൽ സാംസ്ക്കാരികപ്രസംഗത്തിനു മാഷ്മ്മാരെ മാത്രമേ വിളിക്കൂ. പരിസരത്ത് എവിടെ യോഗമുണ്ടെങ്കിലും പ്രസംഗിക്കാൻ അയൽക്കാരനായ മാഷെ വിളിക്കും. അദ്ദേഹത്തിന്റെ പ്രസംഗത്തിലെ ആവർത്തിച്ചുള്ള 'ഞാൻ' പ്രയോഗം അരോചകമായിരുന്നു. മാഷ്‌മ്മാർക്കാണു പൊതുവെ ജനറൽ നോളജ് കുറവ് എന്നെനിക്ക് തോന്നാറുണ്ട്. അവർ അപ്‌ഡേറ്റ് ചെയ്യില്ല. മാഷായില്ലേ ഇനിയെന്ത് പഠിക്കാൻ എന്നാണവരുടെ വിചാരം എന്ന് തോന്നുന്നു.

എന്തായാലും കണ്ണൂർ മുതൽ തിരുവനന്തപുരം വരെ പോയി സംസാരിക്കാൻ എനിക്ക് ഒറ്റപ്പെട്ട വേദികൾ കിട്ടി. ഒരിക്കൽ കൈരളി ടിവിയിലും ഒരു സംവാദത്തിൽ സംസാരിക്കാൻ അവസരം കിട്ടി. ഇത്രയും കിട്ടുമെന്ന് പ്രതീക്ഷിച്ചതല്ല. പ്രസംഗിക്കാനുണ്ടായിരുന്ന വിഷയങ്ങളെല്ലാം ബ്ലോഗിലും ഫേസ്‌ബുക്കിലുമായി എഴുതുകയും ചെയ്തു. അതിനൊക്കെ കാരണമായത് ഈ കമ്പ്യൂട്ടറും ഇന്റർനെറ്റുമാണു. ആഗ്രഹിച്ചതിന്റെയൊക്കെ പതിന്മടങ്ങ് ലഭിച്ചതിന്റെ സംതൃപ്തിയാണു ഇന്നെനിക്ക്....

4 comments:

  1. നല്ല ലേഖനം
    ആശംസകള്‍

    ReplyDelete
  2. വിജ്ഞാനപ്രദമായ ലേഖനം..തുടരുക.

    ReplyDelete
  3. മാഷെ...
    കഴിഞ്ഞദിവസം കായംകുളം താപനിലയം അടച്ചിടുക ഉണ്ടായി. ശുദ്ധജലം കിട്ടനില്ല എന്ന കാരണത്താല്‍. ഇത് നമ്മുടെ നാടിന്റെ ശാപമാണ്‌ . ഇവിടെ സുലഭമായി ലഭിക്കുന്ന കാര്യങ്ങളുടെ ദൌര്‍ലഭ്യവും, കിട്ടാത്ത (വേണ്ടാത്ത) കാര്യങ്ങളുടെ സുല്‌ഭതയുമാണ് കാര്യങ്ങള്‍ ഇങ്ങനെ ഒക്കെ ആക്കിയത്.

    ReplyDelete