Pages

നമ്മ മെട്രോ , ബംഗളൂരു ..



ങ്ങനെ ഞാനും ബാഗ്ലൂരിലെ മെട്രോയില്‍ കയറി. ബാംഗ്ലൂരില്‍  മെട്രോ സര്‍വ്വീസ് തുടങ്ങിയത് മുതല്‍ ഒരു കൌതുകത്തിനാണ് ആളുകള്‍ അതില്‍ കയറുന്നത്. മെട്രോ പൂര്‍ണ്ണമായും നിര്‍മ്മാണം തുടങ്ങിയാല്‍ ബാംഗ്ലൂര്‍ നഗരത്തിന്റെ മുഖച്ഛായ മാറും. എം.ജി.റോഡ് മുതല്‍ ബൈയ്യപ്പനഹള്ളി വരെയാണ് ഇപ്പോള്‍ സര്‍വ്വീസ് നടത്തുന്നത്. ആളുകള്‍ കുടംബസമേതം വന്ന് എം.ജി.റോഡില്‍ നിന്ന് കയറി ബയ്യപ്പനാള്ളി വരെയും തിരിച്ചും സഞ്ചരിക്കുന്നു.

MG റോഡ് മുതല്‍ ബയ്യപ്പനഹള്ളി വരെ ടിക്കറ്റിന് 15രൂപയാണ്. എത്ര വൃത്തിയും വെടിപ്പുമാണ് സ്റ്റേഷന്‍ പരിസരം. 15 രൂപ മുടക്കി മെട്രോ സ്റ്റേഷ്നില്‍ കയറാനും കോച്ചില്‍ കയറി സഞ്ചരിക്കാനും ഏത് സാധാരണക്കാര്‍ക്കും കഴിയും. രാജ്യത്തിന്റെ വികസനവും പുരോഗതിയും ഇപ്രകാരമാണ് എല്ലാവര്‍ക്കും അനുഭവവേദ്യമാവുക. അല്ലാതെ ആളുകള്‍ക്ക് നേരിട്ട് അരിയും പലവ്യജ്ഞനങ്ങളും തുണിയും സൌജന്യമായി വീട്ടില്‍ എത്തിക്കലല്ല.

കൊച്ചിയില്‍ എപ്പോഴാണ് മെട്രോ യാഥാര്‍ഥ്യമാവുക എന്നറിയില്ല. കേരളത്തില്‍ എന്ത് തുടങ്ങിയാലും വിവാദങ്ങളാണ്. പുതിയതൊന്ന് വരുമ്പോള്‍ അതിന്റെ പിന്നാലെയായി വിവാദഘോഷക്കാര്‍. ഇത് വരെ എന്തെങ്കിലും വന്നോ? സ്മാര്‍ട്ട് സിറ്റി എന്തായി?

ബാംഗ്ലൂരിന്റെ പുരോഗതിക്ക് കാരണം ഐ.ടി.യുടെ വരവാണ്. വിദേശ ഐ.ടി.കമ്പനികള്‍ക്ക്  ആ‍വശ്യമായ ഭൂമി സര്‍ക്കാര്‍ തുച്ഛമായ വിലക്ക് നല്‍കി. ഫലമോ ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് തൊഴില്‍ ലഭിച്ചു. ഏറിയ പങ്കും മലയാളികള്‍ക്കാണ് ഈ നഗരത്തില്‍ ജോലി കിട്ടിയത്. യാതൊരു വിവാദങ്ങളുമില്ലാതെ ബാംഗ്ലൂര്‍ ലോകത്തിന്റെ ഐ.ടി.ഹബ്ബ് ആയി. കോണ്‍ഗ്രസ്സിന്റെ മുഖ്യമന്ത്രി എസ്.എം.കൃഷ്ണയാണ് കര്‍ണ്ണാടകയില്‍ ഐ.ടി.വിപ്ലവത്തിന്റെ തുടക്കം കുറിച്ചത്. വിദേശകമ്പനികള്‍ക്ക് തുച്ഛമായ വിലയ്ക്ക് ഭൂമി നല്‍കുമ്പോള്‍ കര്‍ണ്ണാടകയില്‍ ആരും എതിര്‍ത്തില്ല. ആ ഭൂമി ആരും വിദേശത്തേക്ക് കടത്തുകയില്ലല്ലൊ.

ബാംഗ്ലൂരില്‍ മെട്രോ നിശബ്ദമായി ആരംഭിച്ച് നിശബ്ദതയോടെ തന്നെ പുരോഗമിക്കുന്നു. രാഷ്ട്രീയം വേറെ വികസനം വേറെ. ഇതൊക്കെ കേരളത്തില്‍ നടക്കുമോ? അതെങ്ങനെ, കേരളത്തിന് ഒരു പാരമ്പര്യമുണ്ട് എല്ലാറ്റിനെയും എതിര്‍ത്ത് എന്തും 25 കൊല്ലം വൈകിപ്പിക്കുക എന്നതാണത്. അത് മാറ്റിയാല്‍ പിന്നെന്ത് മലയാളി!

അഴിമതിയും ജനങ്ങളും


2010ല്‍ കേന്ദ്രസര്‍ക്കാര്‍ 3ജി സ്പെക്‍ട്രം ലേലം ചെയ്തപ്പോള്‍ ആ ലേലത്തിലൂടെ സര്‍ക്കാരിന്106,219കോടി ആദായം ലഭിക്കുകയുണ്ടായി. അത്രയും തുക ലഭിക്കുമെന്ന് സര്‍ക്കാര്‍ കരുതിയതല്ല. ആ കണക്കും കൂടി ഓഡിറ്റ് ചെയ്ത സി.എ.ജി. പാര്‍ലമെന്റിന് നല്‍കിയ രേഖയില്‍ 2008ല്‍ 2ജി സ്പെക്ട്രം ലേലം ചെയ്തിരുന്നെങ്കില്‍ സര്‍ക്കാരിന് 176,000 കോടി അധിക വരുമാനം ലഭിക്കുമായിരുന്നു എന്നും ലേലം ചെയ്യാത്തത്കൊണ്ട് അത്രയും തുക സര്‍ക്കാരിന് നഷ്ടമായി എന്നും ചൂണ്ടിക്കാട്ടിയിരുന്നു. ആ രേഖ സമ്പാദിച്ച ഒരു മാധ്യമലേഖകന്‍ സര്‍ക്കാരിന്റെ നഷ്ടമായി കാണിച്ച തുക അഴിമതിയാണെന്ന് എക്സ്ക്ലൂസീവ് പുറത്ത് വിട്ടു. അതാണ് പിന്നീട് ഒന്നേമുക്കാല്‍ ലക്ഷം കോടി കോണ്‍ഗ്രസ്സ് അടിച്ചു മാറ്റി എന്ന് പറഞ്ഞ് ബി.ജെ.പി.ക്കാരും മാര്‍ക്സിസ്റ്റുകളും സംയുക്തമായി ആഘോഷിച്ചത്. കല്‍ക്കരി പാടം കണക്കിലും സി.എ.ജി. ഇതേ തന്ത്രമാണ് പയറ്റിയത്. സി.എ.ജി.യുടെ ആ തന്ത്രമാണ് ഇപ്പോള്‍ സുപ്രീം കോടതി പൊളിച്ചടുക്കിയത്. പ്രകൃതി വിഭവങ്ങള്‍ ലേലത്തിലൂടെ മാത്രമേ നല്‍കാവൂ എന്നില്ല. അത് സര്‍ക്കാര്‍ നയപരമായി തീരുമാനിക്കേണ്ട കാര്യങ്ങളാണെന്ന് കോടതി വ്യക്തമാക്കിയിരിക്കുന്നു.

2ജി കണക്ക് പുറത്ത് വന്നപ്പോള്‍ തന്നെ സി.എ.ജിയുടെ തല പരിശോധിക്കണമെന്ന് ഞാന്‍ ബ്ലോഗില്‍ എഴുതിയിരുന്നു. 2010ല്‍ 3ജിക്ക് കിട്ടിയ അതേ ലേലവില എങ്ങനെയാണ് 2008ല്‍ 2ജി ലേലം ചെയ്തിരുന്നുവെങ്കില്‍ ലഭിക്കുമായിരുന്നു  എന്ന് സി.എ.ജി.ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുക? ആ സാങ്കല്പികകണക്ക് എങ്ങനെയാണ് സര്‍ക്കാരിന്റെ യഥാര്‍ത്ഥ നഷ്ടമാവുക? അങ്ങനെ ആര് സങ്കല്‍പ്പിച്ചാലും കണക്കാക്കിയാലും അയാളുടെ തല പരിശോധിക്കേണ്ടതാണ്. അങ്ങനെ സാങ്കല്പികമായി നഷ്ടമായി എന്നു പറയുന്ന ഊഹത്തുകയാണ് അഴിമതിയായി പ്രതിപക്ഷങ്ങള്‍ ഇപ്പോഴും പറഞ്ഞു നടക്കുന്നത്. 2ജിയില്‍ സര്‍ക്കാരിന് ഒരു പൈസ പോലും നഷ്ടം ഇല്ല എന്ന് ബന്ധപ്പെട്ട മന്ത്രിമാര്‍ അന്നും ഇന്നും പറയുന്നുണ്ട്.

2ജി ലേലം ചെയ്യാത്തത്കൊണ്ട് കുറഞ്ഞ നിരക്കില്‍ 2ജി സേവനം നല്‍കാന്‍ കമ്പനികള്‍ക്ക് കഴിഞ്ഞു. അത്കൊണ്ട് സര്‍വ്വസാധാരണക്കാരും 2ജി സൌകര്യം ഉപയോഗിക്കുന്നു. ആ വകയില്‍ നികുതിയിലൂടെ സര്‍ക്കാരിന് വരുമാനം വന്നുകൊണ്ടേയിരിക്കുന്നു. എന്നാല്‍ 3ജിയുടെ കാര്യമോ? ഇന്ത്യയില്‍ എത്ര ശതമാനം പേര്‍ 3ജി ഉപയോഗിക്കുന്നുണ്ടാകും? സാധാരണക്കാര്‍ക്ക് 3ജി ഇന്നും അപ്രാപ്യമാണ്. സര്‍ക്കാരിന് ഒരുമിച്ച് പണം കിട്ടി. എന്നാല്‍ നികുതിയിനത്തില്‍ വരവ് കുറവായി. 3ജി മത്സരത്തില്‍ വിജയിക്കാന്‍ കഴിയാതെ പല സര്‍വ്വീസ് പ്രൊവൈഡര്‍മാരും പ്രതിസന്ധിയിലാണ്.

അഴിമതി എന്നു പറയുമ്പോള്‍ ബുജികളും പുരോഗമനക്കാരും കുറ്റപ്പെടുത്തുന്നത് കോണ്‍ഗ്രസ്സിനെ മാത്രമാണ്. 2ജി, ആദര്‍ശ് ഫ്ലാറ്റ്, കോമണ്‍‌വെല്‍ത്ത് ഗെയിംസ്, കല്‍ക്കരിപാടം എന്നൊക്കെയാണ് ഉരുവിട്ടുകൊണ്ടേയിരിക്കുന്നത്. ഇതിലെല്ലാം കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ നിയമപരമായി നടപടികള്‍ സ്വീകരിക്കുന്നുണ്ട്. കോണ്‍ഗ്രസ്സ് അഴിമതിക്കാര്‍ ആരെയും സംരക്ഷിക്കുന്നില്ല. എന്നാല്‍ ബി.ജെ.പി.ക്കാരും മാര്‍ക്സിസ്റ്റുകളുമോ? കൊലയാളികളെ രക്ഷിക്കാന്‍ പണത്തിനായി കടല്‍ കടന്നു പരക്കം പായുകയാണ് സി.പി.എം. നേതാക്കള്‍. ലാവലിന്‍ കേസ് നടത്താന്‍ കോടികള്‍ പിരിച്ചു വെച്ചത് അവിടെയുണ്ട്.

രാജ്യത്ത് അഴിമതി സാര്‍വ്വത്രികമാണ്. സമൂഹത്തെ ബാധിച്ച അര്‍ബുദമാണത്. അഴിമതിയും കൈക്കൂലിയും മായവുമില്ലാത്ത ഒരു മേഖലയുമില്ല. ഒരു രൂപയ്ക്ക് റേഷന്‍ കടയിലൂടെ നല്‍കേണ്ട അരി മറിച്ച് വിറ്റ് അതേ അരി നിറം മാറ്റി 26രൂപയ്ക്ക് കടകളില്‍ വില്‍ക്കുന്നു എന്നാണ് ലേറ്റസ്റ്റ് വാര്‍ത്ത. കാര്‍ഡുടമകള്‍ക്ക് 2രൂപയ്ക്ക് നല്‍കേണ്ട ഗോദമ്പ് മില്ലുകള്‍ക്ക് മറിച്ചുകൊടുത്ത്, അതവര്‍ ആട്ടമാവാക്കി കിലോ 30രൂപപ്രകാരം വില്‍ക്കുന്നു. സബ്‌സിഡികള്‍ ഇങ്ങനെയാണ് ദുരുപയോഗം ചെയ്യുന്നത്. രാജ്യത്തെ ബ്യൂറോക്രസിയെ മൊത്തം അഴിമതി ഗ്രസിച്ചിരിക്കുന്നു. രാഷ്ട്രീയ നേതൃത്വങ്ങളും ബ്യൂറോക്രസിയുടെ അഴിമതിയെ സംരക്ഷിച്ച് അതിന്റെ പങ്ക് പറ്റുന്നു. അഴിമതിയുടെ കുത്തക കോണ്‍ഗ്രസ്സിന് മാ‍ത്രം ചാര്‍ത്തുമ്പോള്‍ ശരിക്കുള്ള അഴിമതിയെ വെള്ള പൂശുകയും മറച്ചു പിടിക്കുകയുമാണ് ബി.ജെ.പി-മാര്‍ക്സിസ്റ്റാദി പ്രതിപക്ഷക്കാര്‍ ചെയ്യുന്നത്. അഴിമതിക്കെതിരെ പട നയിക്കാനുള്ള സാധ്യത ഇതോടെ ഇല്ലാതാകുന്നു. അഴിമതിയെ അതിന്റെ ഉറവിടത്തില്‍ കണ്ടെത്തി പ്രതിരോധിക്കാന്‍ സിവില്‍ സമൂഹത്തിന് കഴിയണമായിരുന്നു.

അഴിമതിക്കെതിരെ അണ്ണാ ഹസാരെ ധാര്‍മ്മിക സമരത്തിന് മുന്നോട്ട് വന്നപ്പോള്‍ സമൂഹത്തില്‍ നിന്ന് വമ്പിച്ച പിന്തുണ ലഭിക്കാന്‍ കാരണം അഴിമതിയോടുള്ള ജനങ്ങളുടെ വെറുപ്പായിരുന്നു. കക്ഷിരാഷ്ട്രീയത്തിനതീതമായി ഒരാള്‍ അഴിമതി വിരുദ്ധ സമരത്തിന്റെ നായകത്വം ഏറ്റെടുത്തപ്പോള്‍ ജനങ്ങള്‍ ഒരു രക്ഷകനെ കണ്ടെത്തുകയായിരുന്നു. എന്നാല്‍ ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ അണ്ണാ ഹസാരെക്ക് കഴിഞ്ഞില്ല. വെറും ലോക്‍പാല്‍ ബില്ലില്‍ അഴിമതി വിരുദ്ധം അദ്ദേഹം ചുരുക്കിക്കളഞ്ഞു. ഒരു ലോക്‍പാലോ ബില്ലോ വന്നാല്‍ രാജ്യത്തെ അഴിമതിമുക്തമാക്കാനാവില്ല. അഴിമതിയെ ചെറുക്കാന്‍ രാജ്യത്തെ ഗ്രാമങ്ങളിലും നഗരങ്ങളിലും സന്നദ്ധപ്രവര്‍ത്തകരുള്ള മൂവ്‌മെന്റാണ് വേണ്ടിയിരുന്നത്. അത്തരമൊരു പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ അണ്ണാ ഹസാരേയ്ക്ക് കഴിഞ്ഞില്ല. അങ്ങനെ ഫലത്തില്‍ ബി.ജെ.പി.യുടെ കൈയിലെ പാവയായി അണ്ണാ പ്രതിഭാസം കെട്ടടങ്ങി. അഴിമതി ഇപ്പോഴും രാജ്യത്ത് തുടരുകയും ചെയ്യുന്നു. ബി.ജെ.പി.ക്കും മാര്‍ക്സിസ്റ്റുകള്‍ക്കും അഴിമതി എന്നാല്‍ കോണ്‍ഗ്രസ്സ് മാത്രം.

എന്തായാലും ഇപ്പോഴത്തെ കോടതി നിരീക്ഷണം വന്നതോടെ സി.എ.ജി.യുടെ തലയ്ക്ക് വെളിവ് വന്നിരിക്കും എന്ന് കരുതാം. പ്രകൃതി വിഭവങ്ങള്‍ ലേലം ചെയ്യാത്തത്കൊണ്ട് സര്‍ക്കാരിന് ലക്ഷം ലക്ഷം കോടികള്‍ നഷ്ടമായി എന്ന് മായക്കണക്ക് പറഞ്ഞ് ബി.ജെ.പി.ക്കാരെയും മാര്‍ക്സിസ്റ്റുകളെയും സുഖിപ്പിക്കാന്‍ ഇനി സി.എ.ജി.ക്ക് കഴിയില്ലാലോ ... അഴിമതിക്കെതിരെ കക്ഷിരാഷ്ട്രീയം മറന്ന് പൊതുപ്രസ്ഥാനം എന്നെങ്കിലും ഉരുത്തിരിയുമെന്ന് പ്രത്യാശിക്കാനേ നമുക്ക് കഴിയൂ.

വിദ്യുച്ഛക്തിയും കൂടംകുളവും

അണുവൈദ്യുതി അല്ലെങ്കില്‍ ആണവവൈദ്യുതി നിലയം എന്നു കേള്‍ക്കുമ്പോള്‍ ആളുകള്‍ക്ക് ഭയം തോന്നാന്‍ കാരണം അണുബോമ്പ് എന്ന് കേട്ടപ്പോള്‍ ഉണ്ടായ ഭീതി കൊണ്ടാണെന്ന് തോന്നുന്നു.  അണുവിന്റെ ഉള്ളില്‍ അപരിമിതമായ ഊര്‍ജ്ജം ഉണ്ട് എന്ന് കണ്ടെത്തിയത് ഐന്‍സ്റ്റീന്‍ ആണല്ലൊ. ഈ ഊര്‍ജ്ജം രണ്ട് വിധത്തില്‍ ഉപയോഗിക്കാം. സര്‍വ്വനാശത്തിനും സര്‍വ്വതോമുഖമായ പുരോഗതിക്കും. ഇതില്‍ മനുഷ്യനെ നശിപ്പിക്കാനാണ് അണു ഊര്‍ജ്ജം ആറ്റംബോമ്പിന്റെ രൂപത്തില്‍ ആദ്യമായി ഉപയോഗിച്ചത്. അന്ന് മുതല്‍ അണു എന്ന് കേള്‍ക്കുമ്പോള്‍ ആളുകള്‍ക്ക് പേടിയാണ്. ഇന്നും ലോകത്തെ മൊത്തം സംഹരിക്കാന്‍ ആവശ്യമായ അണുവായുധങ്ങള്‍ വിവിധരാജ്യങ്ങളില്‍ ശേഖരിച്ചുവെച്ചിട്ടുണ്ട്.  ഇത് ഒരു വശം.  എന്നാല്‍ മനുഷ്യന്റെ പുരോഗതിക്കും അണു ഊര്‍ജ്ജം ഉപയോഗിക്കാം എന്ന് പറഞ്ഞല്ലോ. ഇതില്‍ പ്രധാനപ്പെട്ടത് വൈദ്യുതി ഉല്പാദിപ്പിക്കാന്‍ ആണവോര്‍ജ്ജത്തെ ഉപയോഗിക്കാമെന്നതാ‍ണ്.

അണു ഊര്‍ജ്ജവും വൈദ്യുതിയുമെല്ലാം അണു എന്ന പദാര്‍ത്ഥവുമായി ബന്ധപ്പെട്ടതാണ്.  അണു എന്നാല്‍ എന്താണ്? ഇക്കാണുന്നതെല്ലാം അണു തന്നെ. എന്താണ് വൈദ്യുതി അല്ലെങ്കില്‍ കരണ്ട് എന്ന് പറയുന്നത്. അണുവില്‍ പ്രോട്ടോണ്‍ എന്ന പോസിറ്റീവ് ചാര്‍ജ്ജ് ഉള്ള കണികയും ചാര്‍ജ്ജ് ഇല്ലാത്ത ന്യൂട്രോണ്‍ എന്ന കണികയുമുണ്ട്. ഈ രണ്ടും ചേര്‍ന്ന കേന്ദ്രഭാഗത്തെ അണുവിന്റെ ന്യൂക്ലിയസ്സ് എന്നു പറയുന്നു. ഈ ന്യൂക്ലിയസ്സിനെ ചുറ്റി നെഗറ്റീവ് ചാര്‍ജ്ജുള്ള എലക്ട്രോണുകള്‍ കറങ്ങുന്നുണ്ട്. ഇങ്ങനെ കറങ്ങുന്ന എലക്ട്രോണുകള്‍ അണുവില്‍ നിന്ന് സ്വതന്ത്രമായി ഒഴുകുന്നതിനെയാണ് നമ്മള്‍ കരണ്ട് എന്ന് പറയുന്നത്. അതായത് എലക്ട്രോണുകളുടെ പ്രവാഹമാണ് വിദ്യുച്ഛക്തി.  എലക്ട്രോണുകളെ ചലിപ്പിച്ച് വൈദ്യുതി പ്രവാഹം ഉണ്ടാക്കാന്‍ ജനറേറ്റര്‍ പ്രവര്‍ത്തിക്കണം. ജനറേറ്റര്‍ പ്രവര്‍ത്തിക്കണമെങ്കില്‍ അതിനോട് ബന്ധിപ്പിച്ച ടര്‍ബൈന്‍ കറങ്ങണം. ഈ ടര്‍ബൈന്‍ കറക്കാനാണ് നമുക്ക് ശക്തി അല്ലെങ്കില്‍ ഊര്‍ജ്ജം വേണ്ടി വരുന്നത്. അപ്പോള്‍ വൈദ്യുതി ഉണ്ടാക്കാന്‍ ഏതെല്ലാം മാര്‍ഗ്ഗത്തില്‍ ഊര്‍ജ്ജം കണ്ടെത്താം എന്ന് നോക്കാം.  വ്യത്യസ്തമായ രൂപത്തിലുള്ള ഊര്‍ജ്ജസ്രോതസ്സ് ഉപയോഗപ്പെടുത്തുമ്പോള്‍ അതാത് പേരിലാണ് ആ വൈദ്യുതപദ്ധതികള്‍ അറിയപ്പെടുക.

1) താപ വൈദ്യുത നിലയങ്ങള്‍ 2) ജലവൈദ്യുത നിലയങ്ങള്‍ 3) കാറ്റാടി നിലയങ്ങള്‍ 4) സൌരോര്‍ജ്ജ വൈദ്യുതനിലയങ്ങള്‍ 5) ആണവവൈദ്യുത നിലയങ്ങള്‍.

ഇത്രയും മാര്‍ഗ്ഗങ്ങള്‍ ഉണ്ടാവുമ്പോള്‍ എന്തിനാണ് അണുവൈദ്യുതനിലയങ്ങള്‍ എന്നാണ് ചോദിക്കുന്നത്.  ഇതില്‍ ആണവവൈദ്യുതിനിലയങ്ങള്‍ പ്രവര്‍ത്തിക്കുമ്പോള്‍ പരിസ്ഥിതിക്ക് ഒരു ദോഷവും ഉണ്ടാക്കുന്നില്ല. ഒരു തടസ്സവുമില്ലാതെ അനുസ്യൂതമായി ഒരേ പോലെ വിദ്യുച്ഛക്തി ഉല്പാദിപ്പിക്കാന്‍ പറ്റും.  ഏറ്റവും കൂടുതല്‍ വൈദ്യുതി ഉല്പാദിപ്പിക്കാന്‍ മറ്റുള്ളവയെ അപേക്ഷിച്ച് ഏറ്റവും കുറവ് സ്ഥലം മതി.  വൈദ്യുതിയുടെ ഉല്പാദനച്ചെലവ് കുറവാണ്. അത്കൊണ്ട് തന്നെ കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ കഴിയും.  നമുക്ക് ഓരോന്നും പരിശോധിക്കാം.

1) താപവൈദ്യുതി നിലയങ്ങള്‍ :  NTPC എന്ന പൊതുമേഖലാസ്ഥാപനത്തിന്റെ നേതൃത്വത്തിലാണ് ഇന്ത്യയില്‍ താപവൈദ്യുത നിലയങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. 30.9.2011 വരെയുള്ള കണക്ക് വെച്ച് ആകെ 99,753 . 38 മെഗാവാട്ട് വൈദ്യുതിയാണ് താപനിലയങ്ങളില്‍ നിന്ന് ഉല്പാദിപ്പിക്കുന്നത്. (പട്ടിക ഇവിടെ നോക്കുക ). ഇത് നമ്മള്‍ ആകെ ഉല്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 66 ശതമാനമാണ്. അടുത്ത വര്‍ഷവും താപനിലയങ്ങളില്‍ നിന്ന് ഇത്രയും വൈദ്യുതി ഉല്പാദിപ്പിക്കണമെങ്കില്‍ നമുക്ക് 696 ദശലക്ഷം ടണ്‍ കല്‍ക്കരി വേണം. ഇതില്‍ 554 മില്യണ്‍ ടണ്‍ കല്‍ക്കരി ഇവിടെ നിന്ന് ഖനനം ചെയ്തെടുക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. എന്തായാലും 114 മില്യണ്‍ ടണ്‍ കല്‍ക്കരി നാം വിദേശത്ത് നിന്ന് ഇറക്ക്മതി ചെയ്യേണ്ടി വരും. (അവലംബം) കല്‍ക്കരി ക്ഷാമം നിമിത്തം നമ്മുടെ താപവൈദ്യുതനിലയങ്ങളില്‍ പൂര്‍ണ്ണമായ തോതില്‍ വൈദ്യുതോല്പാദനം നടക്കാത്ത സ്ഥിതിയുണ്ട്. ഇപ്പോള്‍ തന്നെ രണ്ടോ മൂന്നോ ആഴ്ചത്തേക്കുള്ള കല്‍ക്കരി മാത്രമേ സ്റ്റോക്ക് ഉള്ളൂ. രാജ്യത്തെ കല്‍ക്കരി നിക്ഷേപം 2040 ആകുമ്പോഴേക്കും നിശ്ശേഷം തീര്‍ന്നു പോകും എന്ന് കണക്കാക്കിയിട്ടുണ്ട്.  ഒരു ഭാഗത്ത് നമ്മുടെ വൈദ്യുതി ആവശ്യം വര്‍ദ്ധിച്ചു വരുന്നു. മറുഭാഗത്ത് കല്‍ക്കരി തീര്‍ന്നു വരുന്നു. അപ്പോള്‍ നമ്മുടെ താപനിലയങ്ങളുടെ ഭാവി എന്താകും എന്നത് ചിന്തിക്കേണ്ടതുണ്ട്. അത് കൂടാതെ ആഗോളതാപനം കുറച്ചുകൊണ്ടു വരുന്നതിന് വേണ്ടി അന്തരീക്ഷത്തിലേക്ക് തള്ളുന്ന കാര്‍ബണ്‍ ഡൈ‌ഓക്സൈഡിന്റെ അളവും നിയന്ത്രിക്കേണ്ടിയിരിക്കുന്നു.

2) ജലവൈദ്യുത നിലയങ്ങള്‍ :  ഇന്ത്യയില്‍ ജലവൈദ്യുതനിലയങ്ങളില്‍ നിന്ന് ആകെ 38,706 . 40 മെഗാവാട്ട് വൈദ്യുതിയാണ് ഉല്പാദിപ്പിക്കുന്നത് എന്ന് മേലെ കൊടുത്ത പട്ടികയുടെ ലിങ്കില്‍ കാണാവുന്നതാണ്. ഇത് ആകെ ഉല്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 21 ശതമാനമാണ്. എന്നാല്‍ ജലവൈദ്യുതി നിലയങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്ന പോലെ ഉല്പാദനം നടക്കുന്നില്ല. എന്തെന്നാല്‍ വിചാരിച്ച പോലെ മഴ ലഭിക്കുന്നില്ല.  ലോകത്ത് ഏറ്റവും കൂടുതല്‍ മഴ പെയ്തുകൊണ്ടിരുന്ന ചിറാപൂഞ്ചിയില്‍ പോലും കഴിഞ്ഞ അഞ്ച് വര്‍ഷമായി മഴ വേണ്ടത്ര ലഭിക്കുന്നില്ല.  ജലവൈദ്യുതപദ്ധതികള്‍ കാലാവസ്ഥയെ ആശ്രയിച്ചായത്കൊണ്ട് അത് വിശ്വസിച്ച് നമുക്ക് ഭാവിയിലേക്ക് ആസൂത്രണം ചെയ്യാന്‍ കഴിയില്ല.

3) കാറ്റാടി യന്ത്രങ്ങള്‍ :  കാറ്റാടിയന്ത്രങ്ങള്‍ മുഖേന വൈദ്യുതി ഉല്പാദിപ്പിക്കുമ്പോള്‍ പരിസ്ഥിതിക്ക് ഒരു ദോഷവും സംഭവിക്കുന്നില്ല എന്നത് നേരാണ്. എന്നാല്‍ കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിക്കാന്‍ ഒരുപാട് സ്ഥലം വേണം. മാത്രമല്ല സ്ഥിരമായി കാറ്റ് കിട്ടുകയും വേണം. ഇന്ത്യയില്‍ ഇപ്പോള്‍ 14,550 മെഗാവാട്ട് വൈദ്യുതി ആകെ ഉല്പാദിപ്പിക്കുന്നുണ്ട് എന്നാണ് കണക്ക്.  ഇപ്പോഴും കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിച്ചു വരുന്നുമുണ്ട്.  പക്ഷെ കാറ്റാടിയന്ത്രങ്ങളിലെ WIND TURBINE കറങ്ങി വൈദ്യുതി ഉല്പാദിപ്പിക്കണമെങ്കില്‍ 11 KM/h മുതല്‍ 19 KM/h  വരെ വേഗതയില്‍ കാറ്റ് വീശണം. വര്‍ഷത്തില്‍ മെയ് മുതല്‍ സെപ്തംബര്‍ വരെ അഞ്ച് മാസം വരെ മാത്രമേ ഈ വേഗതയില്‍ കാറ്റ് കിട്ടുന്നുള്ളൂ. ഇതിനാല്‍ സ്ഥിരമായി വൈദ്യുതി ഉല്പാദനം നടക്കുന്നില്ല.

4) സൌരോര്‍ജ്ജ നിലയങ്ങള്‍ : സൂര്യപ്രകാശത്തില്‍ നിന്ന് വൈദ്യുതി ഉണ്ടാക്കാന്‍ മറ്റൊരു ഊര്‍ജ്ജവും വേണ്ട. എന്നാല്‍ സൌരോര്‍ജ്ജം കൊണ്ട് പ്രവര്‍ത്തിക്കുന്ന വൈദ്യുതനിലയങ്ങള്‍ സ്ഥാപിക്കാനുള്ള ചെലവ് വളരെ കൂടുതലാണ്. മാത്രമല്ല വന്‍‌കിട തൊഴില്‍‌ശാലകള്‍ക്ക് ആവശ്യമായ വൈദ്യുതി സൌരോര്‍ജ്ജം കൊണ്ട് ഉല്പാദിപ്പിക്കാന്‍ കഴിയുന്ന സാങ്കേതികവിദ്യ ഇനിയും വികസിപ്പിച്ചിട്ടുമില്ല.  അന്തരീക്ഷം പുകയും പൊടിപടലങ്ങളും കൊണ്ടും മറ്റ് കാരണങ്ങളാലും സൂര്യപ്രകാശം കിട്ടാത്ത സാഹചര്യങ്ങളില്‍ വൈദ്യുതോല്പാദനം നടക്കില്ല എന്നൊരു ന്യൂനതയുമുണ്ട്. വീടുകള്‍ക്കും ചെറിയ തൊഴില്‍ സ്ഥാപനങ്ങള്‍ക്കും സൂര്യപ്രകാശത്തില്‍ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കാം. ഇന്ത്യയിലെ ഏറ്റവും വലിയ സോളാര്‍ പ്ലാന്റ് ഗുജറാത്തില്‍ ആണ് ഉള്ളത് (Adani Bitta Solar Plant). അവിടെ നിന്ന് 40 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുന്നു.

5)ആണവ വൈദ്യുത നിലയങ്ങള്‍ :  ഇന്ത്യയില്‍ അണു ഊര്‍ജ്ജത്തിന്റെ പിതാവ് ഹോമി ജഹാംഗിര്‍ ഭാഭയാണ്. അദ്ദേഹമാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ അണുശക്തി കമ്മീഷന്‍ ചെയര്‍മാന്‍.1956 ലാണ് അണുശക്തി പദ്ധതി ഇന്ത്യയില്‍ ആരംഭിക്കുന്നത്. ഇപ്പോള്‍ 20 ആണവ വൈദ്യുതനിലയങ്ങള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഇതില്‍ നിന്ന് എല്ലാം കൂടി 4385 മെഗാവാട്ട് വൈദ്യുതിയാണ് ഉല്പാദിപ്പിക്കുന്നത്. ഇത് ആകെ ഉല്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 3 ശതമാനത്തിനടുത്ത് മാത്രമാണ്.  ആളുകള്‍ ചോദിക്കുന്നതും ഇത് തന്നെയാണ്. ആകെ ഉല്പാദിപ്പിക്കുന്നത് 3ശതമാ‍നമാണെങ്കില്‍ എന്തിനാണ് അണുവൈദ്യുതിയെ ആശ്രയിക്കുന്നത് എന്നാണ് ചോദ്യം. ന്യായമായ ചോദ്യമാണിത്. എന്നാല്‍ മേല്‍ക്കാണിച്ച നാലു മാര്‍ഗ്ഗങ്ങളിലും നമുക്ക് ആവശ്യമായ വൈദ്യുതി നിരന്തരമായി ഉല്പാദിപ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടേണ്ടി വരുന്നു എന്നാണ് അതിനുള്ള ഉത്തരം.

ലോകത്തുള്ള വികസിതരാജ്യങ്ങള്‍ എല്ലാം തന്നെ അണുവൈദ്യുതിയെ വലിയ തോതില്‍ ഉപയോഗിച്ചു വരുന്നു എന്നതാണ് യാഥാര്‍ഥ്യം. അമേരിക്കയില്‍ മാത്രം 104 ആണവ വൈദ്യുതനിലയങ്ങളുണ്ട്. ലോകത്ത് മൊത്തം 30 രാജ്യങ്ങളിലായി 432 ആണവ നിലയങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്.  63 ആണവ നിലയങ്ങള്‍ നിര്‍മ്മാണ ദശയിലാണ്. 350 ആണവ നിലയങ്ങള്‍ പ്രൊപ്പോസ് ചെയ്യപ്പെട്ടിട്ടുണ്ട്.     സാമ്പത്തികമായി മുന്നേറിയ രാജ്യങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ ആണവ വൈദ്യുതിയുടെ ഉല്പാദനത്തില്‍ നമ്മള്‍ വളരെ പിന്നിലാണെന്ന് കാണാം.

ഇന്ത്യ 2050 ആകുമ്പോഴേക്കും ആകെ ആവശ്യമായി വരുന്ന വൈദ്യുതിയുടെ 50 ശതമാനം ആണവനിലയങ്ങളില്‍ നിന്ന് ഉല്പാദിപ്പിക്കണമെന്ന് പദ്ധതി ഇട്ടിട്ടുണ്ട്. അത് ആളുകളെ കൊന്നിട്ട് വേണോ എന്ന് ചിലര്‍ ചോദിച്ചേക്കാം. ഇക്കാര്യത്തില്‍ “ആദ്യം സുരക്ഷിതത്വം, പിന്നെ ഉല്പാദനം” എന്നൊരു നയമാണ് അണുശക്തി കമ്മീഷന്‍  പിന്തുടരുന്നത്. അണുശക്തി മേഖലയില്‍ കഴിഞ്ഞ 50 കൊല്ലത്തെ അനുഭവങ്ങളും കമ്മീഷനുണ്ട്.  നമ്മുടെ ശാസ്ത്രജ്ഞന്മാരെ വിശ്വാസിക്കാന്‍ നാം തയ്യാറാവണം.  ആണവ വൈദ്യുതനിലയങ്ങളില്‍ നിന്ന് പരിസ്ഥിതിക്ക് കേട് വരുത്തുന്ന ഒന്നും പുറത്ത് വരുന്നില്ല. ഏത് കാലാവസ്ഥയിലും 24 മണിക്കൂറും തുടര്‍ന്ന് വൈദ്യുതി ഉല്പാദിപ്പിക്കാന്‍ കഴിയുക ആണവനിലയങ്ങളില്‍ നിന്ന് മാത്രമാണ്. അത്കൊണ്ടാണ് അണുവൈദ്യുതി മനുഷ്യരാശിക്ക് ലഭിച്ച വരപ്രസാദമാണെന്ന് മുന്‍ രാഷ്ട്രപതി ഡോ. അബ്ദുള്‍ കലാം വിശേഷിപ്പിച്ചത്.

ആണവവൈദ്യുത നിലയങ്ങളെ പറ്റി വളരെ തെറ്റിദ്ധാരണാജനകങ്ങളായ വിവരങ്ങളാണ് പ്രചരിപ്പിച്ചു വരുന്നത്.  എന്നാല്‍ വാസ്തവം എന്താണ്? ഒരു പാര്‍ശ്വഫലവും ഇല്ലാത്ത ക്ലീന്‍ എനര്‍ജിയാണ് ആണവവൈദ്യുതി.  ആണവവൈദ്യുത നിലയങ്ങളില്‍ നിന്ന് ഒരു തുള്ളി പുകയോ മറ്റ് രാസപദാര്‍ത്ഥങ്ങളോ പുറത്തേക്ക് പോകുന്നില്ല. അതേ സമയം കല്‍ക്കരികൊണ്ട് പ്രവര്‍ത്തിക്കുന്ന താപനിലയങ്ങളില്‍ നിന്ന് വന്‍ തോതില്‍ കാര്‍ബണ്‍ ഡൈ‌ഓക്സൈഡ് അന്തരീക്ഷത്തിലേക്ക് വ്യാപിച്ച് ആഗോളതാപനത്തിന് ആക്കം കൂട്ടുന്നത് കൂടാതെ മറ്റ് പല രാ‍സപദാര്‍ത്ഥങ്ങളും ഉപോല്പന്നങ്ങളായി ബഹിര്‍ഗ്ഗമിച്ച് പരിസ്ഥിതിക്ക് കോട്ടം ഉണ്ടാക്കുന്നുണ്ട്.

ആണവ നിലയങ്ങളെ പറ്റി ആകെ പറയുന്നത് ആണവവേസ്റ്റില്‍ നിന്ന് റേഡിയേഷന്‍ ഉണ്ടാകുമെന്നും അത് ആളുകളെ കൊന്നൊടുക്കുമെന്നുമാണ്. എന്നാല്‍ ആണവറിയാക്ടറുകളില്‍ ബാക്കി വരുന്ന ഇന്ധനം ഭൂമിക്കടിയില്‍ കോണ്‍ഗ്രീറ്റ് അറകള്‍ ഉണ്ടാക്കി സൂക്ഷിക്കുകയാണ് ചെയ്ത് വരുന്നത്.  ഇങ്ങനെ ഭൂമിക്കടിയില്‍ സൂക്ഷിക്കുന്ന സ്പെന്റ് ഫ്യൂവല്‍ എന്ന് പറയുന്ന വേസ്റ്റ് റേഡിയേഷന്‍ ഉണ്ടാക്കും എന്നു പറയുന്നത് മിഥ്യയാണ്. അങ്ങനെ ഉണ്ടായതായി എവിടെയും അറിവില്ല.  കൂടംകുളത്ത് ഭൂമിക്കടിയില്‍ 20 അടി താഴ്ചയില്‍ 1½ മീറ്റര്‍ ഘനമുള്ള കോണ്‍ഗ്രീറ്റ് ഭിത്തിക്കുള്ളിലാണ് ആണവവേസ്റ്റ് സൂക്ഷിക്കുക.

ആണവ വേസ്റ്റ് എന്ന് പറഞ്ഞാല്‍ യൂറേനിയം235 എന്ന മൂലകം ഊര്‍ജ്ജമായി മാറി ശേഷിക്കുന്ന മൂലകങ്ങളാണ്. അതിലും യൂറേനിയം ഉണ്ടാകും. കൂടാതെ പ്ലൂട്ടോണിയവും മറ്റ് മൂലകങ്ങളും ഉണ്ടാവും. ഈ ശേഷിക്കുന്ന വേസ്റ്റ് തോറിയവും ചേര്‍ത്ത് റീസൈക്കിള്‍ ചെയ്ത് വീണ്ടും  ഇന്ധനമായി ഉപയോഗിക്കുക എന്നതാണ് ഇന്ത്യയുടെ പദ്ധതി. അതിനുള്ള സാങ്കേതികവിദ്യ ഇന്ത്യന്‍ ശാസ്ത്രജ്ഞന്മാര്‍ വികസിപ്പിച്ചിട്ടുണ്ട്. ഇവിടെ നമുക്ക് സുലഭമായി തോറിയം ഉണ്ട്. ലോകത്ത് ആകെയുള്ള തോറിയം നിക്ഷേപത്തിന്റെ മൂന്നില്‍ ഒന്ന് ഇന്ത്യയിലാണ്.  നമ്മൂടെ ആണവവൈദ്യുതപ്ലാന്റുകള്‍ മൂന്നാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ നമുക്ക് യൂറേനിയം ഇറക്കുമതി ചെയ്യേണ്ടി വരില്ല. അത്കൊണ്ടാണ് , ആണവക്കരാറില്‍ ഒപ്പ് വെക്കുമ്പോള്‍ ഇറക്കുമതി ചെയ്യുന്ന യുറേനിയം റീസൈക്കിള്‍ ചെയ്യാന്‍ പാടില്ല എന്ന് അമേരിക്ക ശാഠ്യം പിടിച്ചത്.  കുറെക്കാലമായി ഇന്ത്യയ്ക്ക് ആണവ ഉപരോധം നേരിടേണ്ടി വന്നപ്പോഴാണ് നാം ഈ സാങ്കേതികവിദ്യ സ്വയം ആര്‍ജ്ജിച്ചത്. അങ്ങനെ വരുമ്പോള്‍ ആണവവേസ്റ്റിന്റെ 75% വും വീണ്ടും ഇന്ധനമായി ഉപയോഗിക്കാന്‍ കഴിയും. മറ്റൊരു ഇന്ധനവും ഇപ്രകാരം റിന്യൂ  ചെയ്യാന്‍ കഴിയില്ല.

താപവൈദ്യുതി കൊണ്ട് മാത്രം നാം ഉദ്ദേശിക്കുന്ന സാമ്പത്തിക വളര്‍ച്ച നേടാന്‍ കഴിയില്ല. 12ആം പദ്ധതിയില്‍ (by 2017) 70,000 മെഗാവാട്ട് വൈദ്യുതി അധികം ഉല്പാദിപ്പിക്കണം എന്നാണ് നമ്മുടെ ടാര്‍ജറ്റ്. അത് 2022 ആകുമ്പോഴേക്കും 75,000 - 80,000 മെഗാവാട്ട് പിന്നെയും ഉല്പാദനവര്‍ദ്ധനവ് ഉണ്ടാക്കണം. കാരണം വളര്‍ച്ച എന്നത് വൈദ്യുതിയുടെ ലഭ്യതയെ ആശ്രയിച്ചാണ് എന്ന് പറയേണ്ടതില്ലല്ലൊ. ജനസംഖ്യ വര്‍ദ്ധിക്കുന്നതിനനുസരിച്ച് അടിസ്ഥാന സൌകര്യങ്ങളും കൂട്ടണമല്ലൊ. ചുരുക്കി പറഞ്ഞാല്‍ അടുത്ത ഒരു ദശകത്തില്‍ വര്‍ഷം തോറും 15,000 മെഗാവാട്ട് വൈദ്യുതി വീതം നാം അധികം ഉല്പാദിപ്പിക്കേണ്ടതുണ്ട്. ഇത് എങ്ങനെ സാധിക്കും? താപനിലയങ്ങള്‍ കൊണ്ട് കഴിയുമോ? നമുടെ കല്‍ക്കരി നിക്ഷേപം കുറഞ്ഞുവരുന്നു എന്ന് ഓര്‍ക്കുക. സൌരോര്‍ജ്ജവും കാറ്റാടികളും ഒക്കെ പറയാമെങ്കിലും പ്രായോഗികമായി ഒരിക്കലും കഴിയാത്ത കാര്യമാണത്.  ഇവിടെയാണ് ആണവക്കരാറിന്റെയും ആണവവൈദ്യുതിനിലയങ്ങളുടെയും നമ്മുടെ ആണവഗവേഷണങ്ങളുടെയും പ്രസക്തി.

ഇനി ആണവവൈദ്യുത പദ്ധതികളുടെ ചെലവ് നോക്കാം. ഒരു മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാന്‍ ആണവനിലയങ്ങള്‍ക്ക് 12 കോടി രൂപയും താപനിലയങ്ങള്‍ക്ക് 4കോടി രൂപയും എന്നായിരുന്നു ഏകദേശ കണക്ക്. അതിപ്പോള്‍ റിവേഴ്സായി വരികയാണ്. എന്തെന്നാല്‍ 1995 മുതലിങ്ങോട്ട് ക്രൂഡ് ഓയിലിന്റെയും മറ്റും വിലവര്‍ദ്ധനവ് കാരണം കല്‍ക്കരിയുടെയും വില ക്രമാതീതമായി വര്‍ദ്ധിച്ചു വരുന്നു.  കല്‍ക്കരി മുതലായ ഫോസ്സില്‍ ഇന്ധനങ്ങള്‍ കുറഞ്ഞുവരുന്നതും കണക്കിലെടുക്കണം. തുല്യഭാരം കല്‍ക്കരി കൊണ്ട് ഉല്പാദിപ്പിക്കാന്‍ കഴിയുന്നതിന്റെ രണ്ട് ദശലക്ഷം ഇരട്ടി വൈദ്യുതി യുറേനിയം കൊണ്ട് ആണവനിലയങ്ങളില്‍ നിന്ന് ഉല്പാദിപ്പിക്കാന്‍ കഴിയും എന്നതാണ് വസ്തുത.  അത്കൊണ്ടാണ് പറയുന്നത്, നാളെയുടെ ആവശ്യങ്ങളെ മീറ്റ് ചെയ്യാന്‍ നാം ആണവനിലയങ്ങള്‍ പുതിയതായി സ്ഥാപിച്ചേ പറ്റൂ.  തോറിയം ഉപയോഗിച്ച് ആണവവേസ്റ്റ് പുന:സംസ്കരിച്ച് ഇന്ധനമായി ഉപയോഗിക്കാന്‍ കഴിയും എന്നത് ഊര്‍ജ്ജരംഗത്ത് നമുക്ക് ശുഭപ്രതീക്ഷ നല്‍കുന്നു.

ആണവാപകടങ്ങളെ കുറിച്ച് നോക്കാം. അത് പറഞ്ഞാണല്ലോ ആളുകളെ പേടിപ്പിക്കുന്നത്. ആണവവൈദ്യുതനിലയങ്ങള്‍ ലോകത്ത് നിലവില്‍ വന്നിട്ട് 60 വര്‍ഷങ്ങള്‍ ആയല്ലൊ. ഇതിനകം എത്ര പേര്‍ ആണവാപകടം കൊണ്ട് മരണപ്പെട്ടിട്ടുണ്ട് എന്ന് ആലോചിച്ചിട്ടുണ്ടോ?

60 കൊല്ലത്തെ ചരിത്രത്തില്‍ ആകെ മൂന്ന് അപകടങ്ങളാണ്  ആണവനിലയങ്ങള്‍ മുഖേന ഉണ്ടായിട്ടുള്ളത്.  ഇതില്‍  ആണവവികരണം കൊണ്ട് മരണപ്പെട്ടത് 1986ല്‍ ചെര്‍ണോബിലില്‍ 50-ലധികം ആളുകളാണ്. 1979ല്‍ അമേരിക്കയിലെ ത്രീമൈല്‍ അയലന്‍ഡില്‍ വികിരണം കൊണ്ട് ആരും മരണപ്പെട്ടിട്ടില്ല. ഇക്കഴിഞ്ഞ 2011 മാര്‍ച്ച് 11ന് ഫുകുഷിമായില്‍ വികിരണം കൊണ്ട് ആരും മരണപ്പെട്ടില്ല. എന്നാല്‍ അന്ന് ഭൂകമ്പത്തിലും സുനാമിയിലും പെട്ട് 25,000 പേരാണ് മരണപ്പെട്ടത്. കൂടാതെ കനത്ത നാശനഷ്ടങ്ങളുമുണ്ടായി.

1986 ല്‍ അന്നത്തെ സോവ്യറ്റ് യൂനിയന്റെ ഭാഗമായ ഉക്രെയിനില്‍ ചെര്‍ണോബില്‍ ആണവദുരന്തത്തില്‍ പലര്‍ക്കും പല അളവില്‍ റേഡിയേഷന്‍ ഏല്‍ക്കുകയുണ്ടായി. എന്നാല്‍ തന്നെ അഗ്നിശമനസേന വിഭാഗത്തില്‍ പെട്ട 56 പേര്‍ മാത്രം വികിരണം മൂലം മരണപ്പെട്ടു എന്നാണ് ഔദ്യോഗിക കണക്ക്. നിരവധി പേര്‍ക്ക് റേഡിയേഷന്‍ ഏറ്റെങ്കിലും അമ്പതോളം പേര്‍ മാത്രമേ മരിച്ചിട്ടുള്ളൂ എന്നത് , വികിരണം എന്നത് വിചാരിക്കുന്ന പോലെ അത്ര ഭീകരമല്ല എന്ന വസ്തുതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

എന്താണ് ഈ ആണവവികിരണം എന്നറിയാമോ? യൂറേനിയം പോലുള്ള ഭാരം കൂടിയ മൂലകങ്ങള്‍ക്കെല്ലാം ഐസോടോപ്പുകള്‍ ഉണ്ട്. ഈ മൂലകങ്ങള്‍ക്ക് സ്ഥിരസ്വഭാവമില്ല. സ്ഥിരത കൈവരിക്കാന്‍ വേണ്ടി അവ വികിരണങ്ങള്‍ പുറപ്പെടുവിച്ചുകൊണ്ടിരിക്കും. അവസാനം അങ്ങനെയുള്ള മൂലകങ്ങള്‍ സ്ഥിരതയുള്ള മറ്റൊരു മൂലകമായി മാറും. ഉദാഹരണത്തിന് പ്ലൂട്ടോണിയം കാരീയ (ലെഡ്)മായി മാറും.  ഇങ്ങനെ മറ്റൊരു മൂലകമായി മാറി സ്ഥിരത കൈവരിക്കുന്ന ആ കാലയളവിനെ ആ മൂലകത്തിന്റെ അര്‍ദ്ധായുസ്സ് (ഹാഫ് ലൈഫ്) എന്ന് പറയുന്നു. ഇങ്ങനെ, അര്‍ദ്ധായുസ്സ് ഏതാ‍നും സെക്കന്റ് മുതല്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ വരെയുള്ള ഐസോടോപ്/മൂലകങ്ങള്‍ ഉണ്ട്.

റേഡിയേഷന്‍ എന്ന് പറയുമ്പോള്‍ പല രൂപത്തില്‍ ഉണ്ട് എന്ന് അറിയാമല്ലോ.  നമ്മള്‍ എക്സ്‌റേ എടുക്കുമ്പോള്‍ ഒരു തരം റേഡിയേഷന്‍ ആണ് നമ്മുടെ ശരീരത്തെ തുളച്ചു പോകുന്നത്.  ക്യാന്‍സര്‍ ചികിത്സയ്ക്ക് കീമോതെറാപ്പി ചെയ്യുന്നതും റേഡിയേഷനാണ്. പ്രധാനപ്പെട്ട മൂന്ന് റേഡിയേഷനുകള്‍ ആല്‍ഫ, ബീറ്റ, ഗാമ എന്നിവയാണ്. ഫിസിക്സിന്റെ ഈ ബാലപാഠങ്ങളൊന്നും ആ‍രും പഠിച്ചത് മറന്നുപോകരുതായിരുന്നു.

ചെര്‍ണോബിലില്‍ Iodine-131 and Cesium-137 എന്നിങ്ങനെയുള്ള ഐസോടോപ്പുകളില്‍ നിന്നാണ് ആളുകള്‍ക് റേഡിയേഷന്‍ ഏറ്റത്.  ഇത്കൊണ്ട് പലര്‍ക്കും അവിടെ തൈറോയ്ഡ് ക്യാന്‍സര്‍ ഉണ്ടായിട്ടുണ്ട്.  Iodine-131 ല്‍ നിന്നുള്ള റേഡിയേഷന്‍ തൈറോയ്ഡ് ഗ്രന്ഥി ആഗിരണം ചെയ്തത്കൊണ്ടാണിത് സംഭവിച്ചത്. തൈറോയ്ഡ് ക്യാന്‍സര്‍ താരതമ്യേന ചികിത്സിച്ച് ഭേദമാക്കാന്‍ എളുപ്പമാണ്. ബ്ലഡ് ക്യാന്‍സര്‍ (leukemia) പോലെ മാരകമല്ല. 99 ശതമാനം പേരുടെയും തൈറോയ്ഡ് ക്യാന്‍സര്‍ അവിടെ ഭേദമായിട്ടുണ്ട്. ലോകാരോഗ്യസംഘടനയും മറ്റ് ഏജന്‍സികളും അവിടെ പഠനം നടത്തിയിട്ട് , വികിരണം ഏറ്റതിന്റെ ഫലമായി ആര്‍ക്കെങ്കിലും ജനിതക വൈകല്യങ്ങള്‍ ഉണ്ടായതായി തെളിഞ്ഞിട്ടില്ല. എന്തിനേറെ പറയുന്നു, രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനത്തില്‍ 1945ല്‍ ആറ്റംബോമ്പ് വര്‍ഷിച്ച് തകര്‍ന്ന ജപ്പാനില്‍ പിന്നീടുള്ള തലമുറയില്‍ ജനിതകവൈകല്യങ്ങള്‍ ഉണ്ടായിട്ടില്ല.

പറഞ്ഞുവന്നത്,  ആണവവൈദ്യുത നിലയങ്ങളെ പറ്റിയും ആണവോര്‍ജ്ജത്തെ പറ്റിയും വികിരണത്തെ പറ്റിയും ഒക്കെ നിറം പിടിപിച്ച ഭീതിയാണ് പ്രചരിപ്പിക്കുന്നത് എന്നാണ്. അപകടങ്ങളെ പറ്റിയും ദുരന്തങ്ങളെയും പറ്റിയുമാണെങ്കില്‍ മനുഷ്യന്‍ മുഖാന്തിരവും പ്രകൃതി മുഖേനയും എന്തെല്ലാം അപകടങ്ങളും ദുരന്തങ്ങളും നടക്കുന്നു. അതൊക്കെയുമായി താരതമ്യം ചെയ്താല്‍ ആണവവൈദ്യുതനിലയങ്ങള്‍ കൊണ്ട് ഇക്കാലത്തുണ്ടായ അപകടങ്ങള്‍ നിസ്സാരമാണെന്ന് കാണാന്‍ കഴിയും.

ഇനി, എന്ത്കൊണ്ടാണ് ജര്‍മ്മനി ആണവവൈദ്യുതനിലയങ്ങള്‍ വേണ്ടെന്ന് വെക്കുന്നത് എന്ന് നോക്കാം. ജര്‍മ്മനി 2022ല്‍ ആണവ വൈദ്യുതനിലയങ്ങളില്‍ നിന്നുള്ള വൈദ്യുതോല്പാദനം അവസാനിപ്പിക്കും എന്നാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. അതായത് ഇനിയും 11 കൊല്ലത്തേക്ക് ഒരു മാറ്റവും ഇല്ല എന്ന് അര്‍ത്ഥം. ഇത് കേട്ട് ലോകത്ത് മറ്റെല്ലാ രാജ്യങ്ങളും ആണവപ്ലാന്റുകള്‍ അടച്ചുപൂട്ടാന്‍ പോകുമ്പോള്‍ നമ്മളെന്തിനാണ് ആണവപദ്ധതിയുടെ പിന്നാലെ പോകുന്നത് എന്നാണ് ചിലര്‍ ചോദിക്കുന്നത്.

ജര്‍മ്മനി ഒരു വികസിത രാജ്യമാണ്. 2022ല്‍ അവിടെ ആണവനിലയം മതിയാക്കും എന്നു പറയുന്നത് 2011 മാര്‍ച്ചില്‍ ഫുകുഷിമായില്‍ സുനാമി അടിച്ചത്കൊണ്ടല്ല. അവിടെയുള്ള യുറേനിയം നിക്ഷേപം അപ്പോഴേക്കും തീര്‍ന്നുപോകും എന്ന് മുന്‍‌കൂട്ടി കണ്ടത്കൊണ്ടാ‍ണ്. അതായത് 2006 മുതല്‍ 2008 വരെ 3332 ടണ്‍ യൂറേനിയം അവര്‍ക്ക് ആവശ്യമുണ്ടായിരുന്ന സ്ഥാനത്ത് വെറും 68ടണ്‍ യുറേനിയം മാത്രമാണ് ജര്‍മ്മനിക്ക് ഖനനം ചെയ്ത് എടുക്കാനായത്. (സമ്പുഷ്ടയുറേനിയത്തിന്റെ കണക്കല്ല കേട്ടോ. യുറേനിയം അയിരില്‍ കേവലം 3ശതമാനം മാത്രമേ ഇന്ധനത്തിന് ഉപയോഗിക്കുന്ന U235 കിട്ടുകയുള്ളൂ) ബാക്കി യുറേനിയം അവര്‍ക്ക് ഇറക്കുമതി ചെയ്യേണ്ടി വന്നു.

അത്കൊണ്ട് ഇറക്കുമതി ചെയ്താല്‍ യൂറേനിയത്തിന് അധികം വില കൊടുക്കേണ്ടി വരും എന്നത്കൊണ്ടും പാരമ്പര്യേതര ഊര്‍ജ്ജം ഉപയോഗിച്ച് വൈദ്യുതി ഉല്പാ‍ദിപ്പിക്കാന്‍ കഴിയുന്ന സാങ്കേതികവിദ്യ അവര്‍ക്ക് ഉള്ളത്കൊണ്ടുമാണ് ദീര്‍ഘവീഷണത്തോടുകൂടി 2022ല്‍ ആണവനിലയങ്ങള്‍ നിര്‍ത്തിവെക്കുമെന്ന് അവര്‍ തീരുമാനിച്ചത്. അല്ലാതെ അപകടത്തെയോ റേഡിയേഷനെയോ പേടിച്ചിട്ടല്ല.  ജര്‍മ്മനിയുടെ എനര്‍ജി സെക്യുരിറ്റിക്ക് ഇനി ആണവവൈദ്യുതപദ്ധതി വേണ്ട എന്നത്കൊണ്ടാണ് അവരുടെ തീരുമാനം എന്ന് സാ‍രം. ഫുകുഷിമായില്‍ ഉണ്ടായ സുനാമിയും അവരുടെ തിരുമാനവും തമ്മില്‍ ബന്ധമില്ല.

ഓരോ രാജ്യവും തങ്ങളുടെ സാമ്പത്തികസ്ഥിതിയും ആവശ്യങ്ങളും പ്രകൃതിവിഭവങ്ങളും കൈവശമുള്ള സാങ്കേതികവിദ്യയുടെയുമൊക്കെ അടിസ്ഥാനമാക്കിയാണ് പദ്ധതികള്‍ വിഭാവനം ചെയ്യുന്നത്. അത്കൊണ്ട് ഒരു രാജ്യത്തെ മറ്റൊരു രാജ്യത്തിന് അനുകരിക്കാന്‍ പറ്റില്ല.  അണുശക്തി മനുഷ്യരാശിക്ക് എതിരാണ് എന്ന തെറ്റായ പ്രചാ‍രണമാണ് നടക്കുന്നത്. ഇത് ദൌര്‍ഭാഗ്യകരമാണ്. അണുശക്തി എത്രയോ പേര്‍ക്ക് ആയുസ്സ് നീട്ടി നല്‍കുന്നുണ്ട് എന്ന് വിസ്മരിച്ചുകൂട. കീമോ തെറാപിയെയാണ് ഉദ്ദേശിച്ചത്. ഒരു ഉദാഹരണം പറഞ്ഞു എന്നു മാത്രം.

അണു ഊര്‍ജ്ജം പോലെ തന്നെ പരിസ്ഥിതിക്ക് കോട്ടം വരുത്താത ക്ലീന്‍ എനര്‍ജിയാണ് സൌരോര്‍ജ്ജവും കാറ്റും.  എന്നാല്‍ നമുക്ക് ആവശ്യമായ വൈദ്യുതി ഇപ്പറഞ്ഞ ഊര്‍ജ്ജം ഉപയോഗിച്ച് ഉല്പാദിപ്പിക്കാനുള്ള ശേഷിയോ ടെക്നോളജിയോ നമുക്ക് ഇന്നില്ല. ജര്‍മ്മനിയെ പോലെ അല്ല ഇന്ത്യ. എന്നെങ്കിലും ആ കഴിവ് ഇന്ത്യ ആര്‍ജ്ജിക്കുമായിരിക്കും. അത് വരെ കാത്തിരിക്കാന്‍ പറ്റില്ലല്ലൊ. ഇന്നത്തേക്കും നാ‍ളത്തേക്കും വൈദ്യുതി വേണ്ടേ. അത്കൊണ്ട് നമുക്ക് ആണവനിലയങ്ങളും  ആണവോര്‍ജ്ജവും കൂടിയേ തീരൂ.

ഉപസംഹാരം: സൌരോര്‍ജ്ജം ഉപയോഗിച്ച് വൈദ്യുതിനിലയം പ്രവര്‍ത്തിപ്പിക്കാനുള്ള സാങ്കേതിക വിദ്യ നാം ആര്‍ജ്ജിച്ചിട്ടില്ല. ഇപ്പോള്‍ അതിനുള്ള ഗവേഷണവും ശ്രമങ്ങളും ആരംഭിച്ചാല്‍ തന്നെ ഫലപ്രാപ്തിയില്‍ എത്താന്‍ 25 വര്‍ഷത്തെ കാലതാമസവും വന്‍പിച്ച മുതല്‍മുടക്കും വേണം. കരണ്ടിന് വേണ്ടി അത്രയും കാലം നമുക്ക് കാത്തിരിക്കാന്‍ പറ്റില്ല.

ആണവ റിയാക്ടറുകളില്‍ ബാക്കി വരുന്ന ആണവ വേസ്റ്റ് അല്ലെങ്കില്‍ സ്‌പെന്റ് ഫ്യവല്‍ തോറിയവുമായി കലര്‍ത്തി വീണ്ടും ആണവ ഇന്ധനമാക്കി മാറ്റാനുള്ള സാങ്കേതിക വിദ്യ നാം ആര്‍ജ്ജിച്ചിട്ടുണ്ട്. അങ്ങനെ വരുമ്പോള്‍ ഭാവിയില്‍ ആണവമാലിന്യം എന്നൊന്ന് ഉണ്ടാവുകയില്ല എന്ന് മാത്രമല്ല, നമുക്ക് വൈദ്യുതക്ഷാമം ഉണ്ടാവുകയുമില്ല. ആണവ ഇന്ധനം നമുക്ക് കയറ്റുമതി ചെയ്യാനും കഴിയും. ഇതൊക്കെ നടക്കണമെങ്കില്‍ കൂടംകുളം പ്ലാന്റ് എത്രയും പെട്ടെന്ന് പ്രവര്‍ത്തനനിരതമാകേണ്ടതുണ്ട്.

ഫെയ്‌സ്‌ബുക്കും ഞാനും !


ഫെയ്‌സ്‌‌ബുക്കിനെ പറ്റി ആരോ എഴുതിയത്  പത്രത്തില്‍  വായിച്ചു. ഇപ്പോഴൊക്കെ നിറയെ ചവറുകള്‍ പത്രങ്ങളില്‍ അച്ചടിച്ചു വരുന്നുണ്ട്. കോതയ്ക്ക് വായയില്‍ വരുന്നത് ചാനലില്‍ ബ്രേക്കിങ്ങ് ന്യൂസ് ആകുന്ന കാലമാണല്ലൊ ഇത്.

ഫെയ്‌സ്‌ ബുക്ക് കൊണ്ടൊന്നുമല്ല ആളുകള്‍ ജീവിയ്ക്കുന്നത്. എന്നാല്‍ എനിക്ക് ഫെയ്‌സ്‌ബുക്ക് ഇല്ലാതെ ജീവിയ്ക്കാന്‍ പറ്റില്ല എന്നായിട്ടുണ്ട്. വിളിച്ചാല്‍ വിളി കേള്‍ക്കാന്‍ നാല് സുഹൃത്തുക്കള്‍ അടുത്ത് ഇല്ലാത്ത ഇക്കാലത്ത് എത്രയെത്ര സുഹൃത്തുക്കളെയാണ് എഫ് ബി ഒരോ നിമിഷവും എന്റെ അടുത്തെത്തിക്കുന്നത്. നാലാളുകള്‍ എന്ത് പറയുന്നു എന്നറിയുന്നതും നമ്മള്‍ പറയുന്നത് നാലാള്‍ കേള്‍ക്കുന്നതും എന്ത് രസമുള്ള കാര്യമാണ്. സ്റ്റാറ്റസ്സ് ഇട്ടുകഴിഞ്ഞാല്‍ ആ നിമിഷം തന്നെ ആരെങ്കിലും അത് ലൈക്ക് ചെയ്യുമ്പോള്‍ കിട്ടുന്ന ആനന്ദം അളവറ്റതാണ്. ലൈക്ക് ചെയ്ത സുഹൃത്തിന്റെ പ്രൊഫൈല്‍ ഞാന്‍ അപ്പോള്‍ തന്നെ നോക്കാറുണ്ട്. എവിടെയോ ഇരിക്കുന്ന ആ സുഹൃത്തിനെയും എന്നെയും ബന്ധിപ്പിച്ച ഫെയ്‌സ്‌ബുക്കിനോട് ഞാന്‍ എങ്ങനെയാണ് നന്ദി പറയുക!

ഫെയ്‌സ്‌ബുക്കിലൂടെ ഞാന്‍ ഇന്നും പുതിയ ഓരോ കാര്യങ്ങള്‍ പഠിക്കുന്നു. എത്രയെത്ര സുഹൃത്തുക്കളുടെ മനോഗതങ്ങള്‍ എനിക്കറിയാന്‍ കഴിയുന്നു. അതെന്റെ അനുഭവങ്ങളുടെ ചക്രവാളം വികസ്വരമാക്കുന്നു. റോഡില്‍ സഞ്ചരിക്കുമ്പോള്‍ ആളുകളെ കാണുമ്പോള്‍ ഞാന്‍ ചിന്തിക്കാറുണ്ട്, അയാള്‍ എങ്ങനെയൊക്കെയായിരിക്കും അയാളുടെ വീട്ടില്‍ കഴിഞ്ഞുകൂടുന്നതും പെരുമാറുന്നതും എല്ലാം എന്ന്. എനിക്കയാളെക്കുറിച്ച് കൂടുതല്‍ അറിയണമായിരുന്നു. വീട്ടില്‍ ആരൊക്കെയുണ്ട്? എങ്ങനെയാണ് പരസ്പരം ഇടപഴകുന്നത്? അങ്ങനെ ഒരുപാ‍ട് കാര്യങ്ങള്‍. എന്നാല്‍ ഞാന്‍ നോക്കിനില്‍ക്കെ തന്നെ അയാള്‍ എനിക്കൊരവസരവും തരാതെ ധൃതിയില്‍ നടന്നുപോവുകയായി. ഇനി വീണ്ടും ഒരിക്കല്‍ കൂടി എനിക്കയാളെ കാണാന്‍ കഴിയില്ല എന്ന സത്യം എന്നില്‍ നേരിയ ദു:ഖം സൃഷ്ടിക്കാറുണ്ട്. മനുഷ്യര്‍ തമ്മില്‍ അപരിചിതത്വം ഇല്ലായിരുന്നെങ്കില്‍ എത്ര നന്നായെനേ എന്ന് ഞാന്‍ പണ്ടൊക്കെ ആഗ്രഹിക്കാറുണ്ടായിരുന്നു.

ഫെയ്‌സ്‌ബുക്ക് ഒട്ടേറെ അപരിചിതരെ സുഹൃത്തുക്കളാക്കി എനിക്ക് നല്‍കി. ഞാന്‍ അവരെയും അവര്‍ എന്നെയും വെര്‍ച്വല്‍ പ്ലാറ്റ്ഫോമില്‍ ആണെങ്കിലും യഥാര്‍ഥ ലോകത്തില്‍ നേരില്‍ കാണുന്നവരേക്കാളും അടുത്തറിയുന്നു. രാവിലെ ഉണര്‍ന്നെഴുനേറ്റ് ആദ്യം ചെയ്യുന്നത് ഫെയ്‌സ്‌ബുക്ക് നോക്കലാണ്. തീര്‍ച്ചയായും കുറെ നോട്ടിഫിക്കേഷനുകള്‍ എന്നെ കാത്തിരിക്കുന്നുണ്ടാവും. രാത്രി ഉറക്കം വന്നില്ല്ലെങ്കില്‍ പാതിരാത്രിയില്‍ പോലും ഒരു മൌസ് ക്ലിക്കിന്റെ അകലത്തില്‍ ആരെങ്കിലും സുഹൃത്തുക്കളായി ഉണ്ടാകും എന്നത് എത്ര സന്തോഷപ്രദമാണ്.

ഫെയ്‌സ്‌ബുക്ക് ഇല്ലായിരുന്നെങ്കില്‍ നമ്മള്‍ മറ്റെന്തെങ്കിലും പോംവഴി കണ്ടെത്തുമായിരുന്നു. പക്ഷെ നമുക്ക് ഇന്ന് ഫെയ്‌സ് ബുക്ക് ഉണ്ടല്ലൊ. അത്കൊണ്ട് എല്ലാവരും ഫെയ്‌സ്‌ബുക്ക് ശീലമാക്കുക എന്നേ ഞാന്‍ പറയൂ. നന്ദി, നന്ദി ഫെയ്‌സ്‌ബുക്കിന് ഒരുപാട് നന്ദി!

ചുരുങ്ങുന്ന ലോകവും ചുരുങ്ങിയ മനസ്സുകളും


ആര്‍ഷഭാരതക്കാരായ ബി.ജെ.പി.ക്കാരും സര്‍വ്വരാജ്യതൊഴിലാളരായ മാര്‍ക്സിസ്റ്റുകളും ഇനിയും മനസ്സിലാക്കാത്ത ഒരു സമകാലിക സത്യമുണ്ട്, ലോകത്ത് രാജ്യങ്ങള്‍ തമ്മിലുള്ള അതിരുകള്‍ കേവലം സാങ്കേതികം മാത്രമാണ് എന്നതാണത്. ബാക്കി എല്ലാ അര്‍ത്ഥത്തിലും ലോകം ഒരു ഗ്രാമമായി ചുരുങ്ങിയിരിക്കുന്നു. ആ ഗ്രാ‍മത്തിലെ വാര്‍ഡുകള്‍ മാത്രമാണിന്ന് രാജ്യങ്ങള്‍. അത്കൊണ്ട് സ്വദേശി-വിദേശി എന്നു പറയുന്നതില്‍ അര്‍ത്ഥമില്ല. മൂലധനവും ചരക്കുകളും എല്ലാം ലോകം മൊത്തം ഒരു വിപണിയില്‍ എന്നപോലെ അങ്ങോട്ടും ഇങ്ങോട്ടും ഒഴുകും. അതൊന്നും ആര്‍ക്കും തടയാന്‍ പറ്റില്ല. മനുഷ്യരാശിയുടെ വികാസത്തിന്റെ ആശാവഹമായൊരു പരിണാമമാണിത്.

പണ്ടത്തെ പോലെ കോളനിവല്‍ക്കരണത്തിനോ സാമ്രാജ്യവികസനത്തിനോ ഇനി ചാന്‍സില്ല. അതൊക്കെ പറഞ്ഞ് ആരെയും പേടിപ്പിക്കണ്ട. ആഗോള പൌരത്വത്തിലേക്കുള്ള അനിവാര്യമായ സഞ്ചാരമാണിത്. ഈ യാത്രയില്‍ മനുഷ്യന്‍ ഇനി കോളനിയാക്കാന്‍ പോകുന്നത് സൌരയൂഥത്തിലെ അന്യഗ്രഹങ്ങളാണ്.

മമത ബാനര്‍ജി യു.പി.എ. വിട്ടത് ഇപ്പോള്‍ പറഞ്ഞുകേള്‍ക്കുന്ന നിസ്സാര കാരണങ്ങള്‍ കൊണ്ടല്ല. അതിനു അവരുടേതായ വ്യക്തിപരമായ കാരണങ്ങളുണ്ട്. ജയലളിതയെ പോലെ ചില അനുഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ മമതയും പാഠം പഠിച്ചോളും. ഇപ്പോള്‍ തമിഴ്‌നാട്ടില്‍ രാഷ്ട്രീയ വിവാദങ്ങളില്ല. ജയലളിത പക്വത ആര്‍ജ്ജിച്ചിര്‍ക്കുന്നു.

മമത ഒഴിഞ്ഞുപോയത്കൊണ്ട് കോണ്‍ഗ്രസ്സിനും പ്രധാനമന്ത്രിക്കും കൈവന്ന ഭാഗ്യം ചില്ലറയല്ല. ഇനി ശേഷിക്കുന്ന ഭരണകാ‍ലം യു.പി.ഏ.ക്ക് ശല്യമില്ലാതെ ഭരിക്കാം. ആണവക്കരാറില്‍ തട്ടി ഇടത്പക്ഷം പിന്തുണ പിന്‍‌വലിച്ചപ്പോള്‍ ലഭിച്ച സുവര്‍ണ്ണാവസരം മമത തട്ടിപ്പറിക്കുകയായിരുന്നു. അതാണിപ്പോള്‍ തിരിച്ചു കിട്ടിയത്. ഇനി സാമ്പത്തിക പരിഷ്ക്കരണങ്ങളുമായി മന്‍‌മോഹന്‍ സിങ്ങിന് സധൈര്യം മുന്നോട്ട് പോകാം. 1991ലെ പരിഷ്ക്കരണങ്ങളോടുകൂടി ലക്ഷക്കണക്കിന് യുവാക്കള്‍ക്കാണ് ഐ.ടി. , ഓട്ടോമൊബൈല്‍ രംഗങ്ങളില്‍ തൊഴില്‍ കിട്ടിയത്.

ഇനി റിട്ടെയില്‍ മേഖലയില്‍ വിദേശനിക്ഷേപം വരുന്നതോടുകൂടി കാര്‍ഷികോല്പാദന- വിതരണ മേഖലയില്‍ നിരവധി തൊഴിലവസരങ്ങളാണ് വരാന്‍ പോകുന്നത്. അടുത്ത തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന 2014ഓടുകൂടി ജനങ്ങള്‍ ഇതിന്റെ ഗുണഫലങ്ങള്‍ക്ക് സാക്ഷിയാകും. എന്തിനെയും എതിര്‍ക്കുന്ന പ്രതിപക്ഷങ്ങള്‍ അപ്പോള്‍ ഇളിഭ്യരാകും.

പ്രധാനമന്ത്രി പറഞ്ഞ ഒരു വാചകം എല്ലാവരും ഓര്‍ക്കേണ്ടതാണ്, ലോകത്ത് ഒരു സര്‍ക്കാരും സാധാ‍രണക്കാരെ ഉപദ്രവിക്കാന്‍ നയങ്ങള്‍ രൂപീകരിക്കുകയില്ല.

രാജ്യത്തിന്റെ ഭാവിയും കോണ്‍ഗ്രസ്സിന്റെ പങ്കും


ചില്ലറവില്പന രംഗത്ത് 51% വിദേശനിക്ഷേപം അനുവദിച്ചുകൊണ്ട് വിജ്ഞാപനം ഇറക്കിയ സര്‍ക്കാരിന് അഭിവാദനങ്ങള്‍! ഒരു സര്‍ക്കാര്‍ എന്നാല്‍ നയങ്ങള്‍ തീരുമാനിക്കാനും അത് നടപ്പിലാക്കാനും ഭരിക്കാനുമാണ്. ആളുകള്‍ക്ക് പല അഭിപ്രായങ്ങളും കാണും. സര്‍വ്വവിധ സ്വാതന്ത്ര്യവുമുള്ള ജനാധിപത്യത്തില്‍ അതൊക്കെ പ്രകടിപ്പിക്കപ്പെടുകയും ചെയ്യും. എന്നാല്‍ വ്യത്യസ്തങ്ങളും വൈരുധ്യമാര്‍ന്നതുമായ എല്ലാ അഭിപ്രാ‍യങ്ങളും ഒരേ സമയം കണക്കിലെടുക്കാന്‍ സര്‍ക്കാറിന് കഴിയുകയില്ല. ഇന്ത്യയില്‍ പൊതുവെ എതിര്‍പ്പുകള്‍ ഉയരാറുള്ളത് തങ്ങളുടെ പാര്‍ട്ടിയല്ല ഭരിക്കുന്നത് എന്നത്കൊണ്ടാണ്. അല്ലാതെ ഒരു നയം ശരിയാണോ പ്രായോഗികമാണോ എന്ന് നോക്കിയിട്ടല്ല. തന്റെ പാര്‍ട്ടിയല്ലെങ്കില്‍ മറ്റേത് പാര്‍ട്ടിയും അങ്ങനെ സുഖിച്ച് ഭരിക്കണ്ട എന്നൊരു വികലമനോഭാവം പേറുന്ന രാഷ്ട്രീയവിശ്വാസികളാണ് ഇന്ത്യയില്‍ അധികവും ഉള്ളത്. അത്കൊണ്ട്, തങ്ങള്‍ക്ക് ശരിയെന്ന് തോന്നുന്ന രീതിയില്‍ ഭരിക്കുകയും പറ്റില്ലെങ്കില്‍ ഇറങ്ങിവരികയുമാണ് സര്‍ക്കാറിന് കരണീയം. വിദേശനിക്ഷേപ കാര്യത്തില്‍ ഉറച്ച നിലപാടെടുത്ത ഡോ. മന്‍‌മോഹന്‍ സിങ്ങും പി.ചിദംബരവും അഭിനന്ദനം അര്‍ഹിക്കുന്നു.

ഇന്ത്യയുടെ ഇന്നത്തെ മഹത്വം മനസ്സിലാകണമെങ്കില്‍ ഒരമ്പത് കൊല്ലം മുന്‍പത്തെ ഇന്ത്യയുടെ അവസ്ഥ മനസ്സിലാക്കണം. ഇന്നത്തേതിന്റെ മൂന്നിലൊന്ന് ജനസംഖ്യ മാത്രം ഉള്ള അക്കാലത്ത് ജനങ്ങളുടെ ജീവിതനിലവാരം അത്യന്തം ശോചനീയമായിരുന്നു. ആവശ്യത്തിന് ഭക്ഷ്യധാന്യങ്ങളില്ല, തുണിയില്ല, റോഡുകളില്ല അങ്ങനെയങ്ങനെ ഒന്നുമില്ല. ഇന്ന് നോക്കുമ്പോള്‍ സര്‍വ്വത്ര സുഭിക്ഷം. ഈ കാലഘട്ടത്തില്‍ ജീവിക്കാനവസരം ലഭിച്ച തലമുറ എന്ത്കൊണ്ടും ഭാഗ്യവാന്മാര്‍ എന്ന് തോന്നിപ്പോകുന്നു.

ചിലര്‍ ഇപ്പോഴും പട്ടിണിപ്പാട്ട് പാടുന്നുണ്ട്. സ്വന്തം ജീവിതം മെച്ചപ്പെടുത്താനുള്ള മത്സരയോട്ടത്തില്‍ പലരെയും കൌശലം പ്രയോഗിച്ച് പിന്നിലാക്കി ഇനിയും പോര എന്ന ആര്‍ത്തിയിലും ദുരയിലും കഴിയുന്നവരും പാവപ്പെട്ടവര്‍ ആരെങ്കിലും സമീപിച്ചാല്‍ തന്റെ സമ്പാദ്യത്തിന്റെ ഒരംശം പോലും പങ്ക് വെക്കാന്‍ സന്മനസ്സ് ഇല്ലാത്തവരുമാണ് ഇങ്ങനെ പട്ടിണിപ്പാട്ട് പാടുക. അവര്‍ക്കൊരു സ്ഥിരം ശൈലിയുണ്ട് ദാരിദ്ര്യരേഖ, 20രൂപ കൂലി , സര്‍ക്കാര്‍ ജനജീവിതം നരകതുല്യമാക്കി എന്നൊക്കെ. അതൊക്കെ ഒരു മാനസികപ്രശ്നമാണ്. തന്റെ നേതാവ് അല്ലല്ലൊ ഭരിക്കുന്നത് എന്ന വെപ്രാളത്തില്‍ നിന്ന് ഉണ്ടാകുന്ന മാനസികാവസ്ഥ. അതിന് ചികിത്സയില്ല.

ജനങ്ങള്‍ക്കിടയില്‍ സാമ്പത്തികമായി അസമത്വങ്ങളുണ്ട്. അതില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിയില്ല. എല്ലാ പൌരന്മാരെയും തട്ടിനിരപ്പാക്കി ഒരേ ലവലില്‍ എത്തിക്കുക എന്നത് സര്‍ക്കാരിന് സാധ്യമല്ല. സമൂഹം നിലനില്‍ക്കാന്‍ എല്ലാ വിഭാഗം ജനങ്ങളും വേണം. തെരുവ് തൂത്ത്‌വാരി മാലിന്യം അകറ്റുന്ന ജോലിക്കാരും  ചുമട്ടുതൊഴിലാളികളും കര്‍ഷകത്തൊഴിലാളികളും  സാഹസികമായി പണി എടുക്കുന്ന കെട്ടിടനിര്‍മ്മാണത്തൊഴിലാളികളും അദ്ധ്യാപകരും ഡോക്ടര്‍മാരും ശാസ്ത്രജ്ഞന്മാരും മൂലധനം സ്വരൂപിക്കുന്ന മുതലാളികളും രാഷ്ട്രീയക്കാരും അങ്ങനെ പലപല വിഭാഗക്കാരും ചേര്‍ന്നാണ് സമൂഹം നിലനില്‍ക്കുന്നത്. പ്രകൃത്യാ തന്നെ ജനങ്ങളുടെ കഴിവും വാസനകളും എല്ലാം വിഭിന്നമാണ്. ഓരോരുത്തരും ഓരോ മേഖലകളില്‍ എത്തിപ്പെടുന്നു. സ്വാഭാവികമായും വരുമാനവും ജീവിതനിലവാരവും വ്യത്യസ്തമായിരിക്കും.

സര്‍ക്കാരിന്റെ നയം മൂലം രാജ്യത്ത് ഒട്ടുമൊത്ത വളര്‍ച്ചയും പുരോഗതിയും ഉണ്ടായോ എന്നാണ് നോക്കേണ്ടത്. അല്ലാതെ ഏറ്റവും അടിത്തട്ടില്‍ ഉള്ള ഭിക്ഷക്കാരന്‍ മുകേഷ് അംബാനിയുടെ ലവലില്‍ എത്തിയോ അതല്ല്ല അംബാനി ഭിക്ഷക്കാരനായോ അതുമല്ല സമസ്തജനതയും ഇതിനിടയിലുള്ള ഏതെങ്കിലും ഒരു ശ്രേണിയില്‍ ഒരേ പോലെ ആയോ എന്നല്ല. അതൊന്നും സര്‍ക്കാരിന്റെ പണിയല്ല. രാജ്യത്തിന്റെ വികസനവും പുരോഗതിയും വിലയിരുത്തുമ്പോള്‍ ഇന്ത്യ അനുസ്യൂതം വളരുകയായിരുന്നു എന്ന് കാണാം. ആ പുരോഗതി സര്‍വ്വരെയും ആശ്ലേഷിച്ചിട്ടുണ്ട്. അപ്പോഴും അംബാനിമാരുടെ ആസ്തിയെത്ര പിച്ചക്കാരന്റെ ആസ്തിയെത്ര എന്ന് ചോദിച്ചാല്‍ ആനുപാതികമായി വര്‍ദ്ധിച്ചിട്ടുണ്ട് എന്നേ പറയാന്‍ പറ്റൂ. ഏതെങ്കിലും ഒരു പാര്‍ട്ടിയോ നേതാവോ ഭരിച്ചാല്‍ പിച്ചക്കാരെയും അംബാനിമാരെയും ഒരേ ലവലില്‍ ആക്കാന്‍ പറ്റുമോ എന്ന് പട്ടിണിപ്പാട്ടുകാരായ പുരോഗമന-ബുജികളാണ് പറയേണ്ടത്.

പുരോഗമനക്കാര്‍ക്ക് മുതലാളിമാരോട് ഭയങ്കര ശത്രുതയാണ്. എന്നാല്‍ സമുഹം ചലിക്കണമെങ്കില്‍ മൂലധനം കൂടിയേ തീരൂ. മൂലധനം സൂക്ഷിക്കാനും കൈകാര്യം ചെയ്യാനും മുതലാളിമാരും ഉണ്ടാ‍യേ പറ്റൂ. പുരോഗമനക്കാര്‍ക്ക് ഇഷ്ടമല്ല എന്ന് വെച്ചു വേറെ വഴിയില്ല. കമ്മ്യൂണിസ്റ്റുകാര്‍ ഇതിന് മറ്റൊരു മാര്‍ഗ്ഗം കണ്ടുപിടിച്ചു. അതാണ് മൂലധനം എല്ലാം സര്‍ക്കാരിന്റെതാക്കുന്ന സമ്പ്രദായം.  ആ സമ്പ്രദായത്തിന്റെ വ്യത്യാസം സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാക്കളും മൂലധനത്തിന്റെ ഉടമകള്‍ ആയി എന്നത് മാത്രമാണ്. ജനങ്ങള്‍ എല്ലാറ്റില്‍ നിന്നും അന്യവല്‍ക്കരിക്കപ്പെട്ടു. അങ്ങനെയാണ് കമ്മ്യൂണിസ്റ്റ് വ്യവസ്ഥിതിയില്‍ സമൂഹസ്തംഭനം സംജാതമാവുകയും ആ സിസ്റ്റം തകരുകയും ചെയ്തത്. ഇപ്പോള്‍ മൂലധനം മുഴുവനും സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ ഉള്ള ഒരു രാജ്യവും നിലവില്‍ ലോകത്ത് ഇല്ല. മൂലധനം മുതലാളിമാര്‍ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കുകയും അധ്വാനശക്തി കെട്ടഴിച്ചു വിട്ടുകൊണ്ട് സമൂ‍ഹത്തെ ചലനാത്മകമാക്കുകയും ചെയ്യുമ്പോള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പാര്‍ട്ടി നേതാക്കളും തങ്ങളുടെ മുതല്‍ അല്ലല്ലൊ എന്ന ആലസ്യത്തിലാണ്ട്  നിഷ്ക്രിയരായിരിക്കുകയും ലഭ്യമായ വിഭവങ്ങള്‍ ഭോഗിച്ച് ആര്‍മ്മാദിക്കുകയുമാണു ചെയ്യുക. അത്കൊണ്ടാണ് ഒരു പൊതുമേഖലയും അഭിവൃദ്ധിപ്പെടാത്തത്. ഉല്പാദനം നടക്കണമെങ്കില്‍ അധ്വാനവും, അധ്വാനത്തെ പ്രചോദിപ്പിക്കണമെങ്കില്‍ മൂലധനവും മൂലധനസമാഹരണവും നടക്കണം. എന്നാല്‍ മാത്രമേ സമൂഹം ഓരോ നിമിഷവും നിലനില്‍ക്കുകയുള്ളൂ.

ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ചതിന് ശേഷം ഇക്കാണുന്ന നിലയില്‍ ഇന്ന് എത്തിയിട്ടുണ്ടെങ്കില്‍ അതിന് കാരണം കോണ്‍ഗ്രസ്സ് പാര്‍ട്ടി അതാത് കാലങ്ങളില്‍ സ്വീകരിച്ച നയങ്ങളും പരിപാടികളും ആണെന്ന് കാണാന്‍ കഴിയും. ഇതിനിടയില്‍ ഭരിച്ച ബി.ജെ.പി. എന്ത് വ്യത്യസ്ത നയമാണ് ഇവിടെ നടപ്പാക്കിയത്? അല്ലെങ്കില്‍ തന്നെ വ്യത്യസ്തമായി എന്ത് നയമാണുള്ളത്. കോണ്‍ഗ്രസ്സിനെ തിരുത്തിക്കാന്‍ സദാ മുറവിളി കൂട്ടുന്ന സി.പി.എമ്മിന് എന്ത് നയമാണുള്ളത്? ആഗോളവല്‍ക്കരണം, ഉദാരീകരണം, വിദേശമൂലധനം എന്നിങ്ങനെ പേരെടുത്ത് പറഞ്ഞ്, ഇന്ത്യയെ വില്‍ക്കുന്നു പണയപ്പെടുത്തുന്നു എന്നൊക്കെ വെറുതെ അധരവ്യായാമം നടത്തുന്നു എന്നല്ലാതെ എന്ത് പുരോഗമനനയമാണ് അവര്‍ക്കുള്ളത്. ഏറിയാല്‍ എല്ലാം സര്‍ക്കാര്‍ ഉടമസ്ഥതയില്‍ വേണം എന്ന് പറയും. എന്തിന്? മേല്‍പ്പറഞ്ഞ പോലെ സര്‍ക്കാരിലെ വകുപ്പ് മേധാവികള്‍ എന്ന താപ്പാനകള്‍ക്ക് തിന്നു കൊഴുത്ത് ആര്‍മ്മാദിക്കാന്‍. മറ്റെന്ത്?

ഇന്ത്യയിലെ ഖജനാവ് കാലിയായി, കരുതല്‍ ശേഖരത്തിലുള്ള സ്വര്‍ണ്ണം വിദേശത്ത് പണയം വെച്ച് ഭരണം നടത്തേണ്ടി വന്ന ഒരു സാഹചര്യം ഇടയ്ക്ക് നമുക്ക് നേരിടേണ്ടി വന്നിരുന്നു. ജവഹര്‍ലാല്‍ നെഹൃ തുടങ്ങി വെച്ചതും ഇന്ദിരാഗാന്ധിയിലൂടെയും രാജീവ് ഗാന്ധിയിലൂടെയും തുടര്‍ന്നു വന്നതുമായ നയങ്ങള്‍ കാലോചിതമായി പരിഷ്ക്കരിക്കാത്തത് മൂലം ഉണ്ടായൊരു സ്തംഭനമായിരുന്നു അതിന് കാരണം. അപ്പോഴാണ് പിന്നീട് അധികാരത്തില്‍ വന്ന പ്രധാനമന്ത്രി നരസിംഹറാവു , പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനായ ഡോ. മന്‍‌മോഹന്‍ സിങ്ങിനെ ധനകാര്യമന്ത്രിയാക്കി രാജ്യത്തെ മുരടിപ്പില്‍ നിന്ന് കര കയറ്റാനുള്ള ഭാരിച്ച ഉത്തരവാദിത്വം ഏല്‍പ്പിച്ചത്. രാജ്യത്തെ ഗ്രസിച്ച രോഗം ലൈസന്‍സ് രാജ് ആണെന്ന് മന്‍‌മോഹന്‍ സിങ്ങ് കണ്ടെത്തി. സാമ്പത്തികരംഗം വരിഞ്ഞുമുറുക്കപ്പെട്ട അവസ്ഥയിലായിരുന്നു ലൈസന്‍സ്‌രാജ് എന്ന സമ്പ്രദായത്തില്‍. അത് തളര്‍ത്തുക എന്ന ഉദ്ദേശത്തിലാണ് ഉദാരവല്‍ക്കരണം നടപ്പാക്കിയത്. വേണ്ടത്ര മൂലധനത്തിന്റെ അഭാവമായിരുന്നു അടുത്ത പ്രശ്നം. അതിനാണ് ആഗോളവല്‍ക്കരണത്തിന്റെ വാതില്‍ തുറന്നുവെച്ചത്. നമുക്ക് മുന്നെ ഇതൊക്കെ  ചൈന വിജയകരമായി  നടപ്പാക്കിയ അനുഭവവും നമ്മുടെ മുന്നില്‍ ഉണ്ടായിരുന്നു.

കൂട്ടുകക്ഷിഭരണത്തിന്റെ പരാധീനതകള്‍ കാരണം, മന്‍‌മോഹന്‍ സിങ്ങിന്റെ സാമ്പത്തിക പരിഷ്ക്കാരങ്ങള്‍ തടയപ്പെടുന്ന കാഴ്ചയാണ് പിന്നീട് കാണാന്‍ കഴിഞ്ഞത്. അങ്ങനെ മുടന്തിക്കൊണ്ട് പോകുന്ന സര്‍ക്കാരാണ് ഇപ്പോള്‍ നിലവിലുള്ളത്. രാജ്യത്തിന്റെ ഭാവി എന്താകുമെന്ന് പറയാന്‍ കഴിയില്ല. മന്‍‌മോഹന്‍ സിങ്ങിന്റെ നയങ്ങള്‍ മൂലം രാജ്യത്ത് വന്‍‌കുതിപ്പ് ഏര്‍പ്പെട്ടിരുന്നു. അത് മൂലം ഖജനാവില്‍ കോടാനുകോടികളാണ് നികുതികളായി ഒഴുകിയെത്തുന്നത്. അത്കൊണ്ടാണ് ഒരുപാട് ജനക്ഷേമ പദ്ധതികള്‍ സര്‍ക്കാരിന് നടപ്പാക്കാന്‍ കഴിയുന്നത്. എന്നാലും ഇനിയും പരാധീനതകള്‍ ഏറെയുണ്ട്. സാമ്പത്തിക പരിഷ്ക്കാരങ്ങള്‍ അഭംഗുരം നടക്കേണ്ടിയിരുന്നു. കോണ്‍ഗ്രസ്സിന് മാത്രമേ അത് നടപ്പാക്കാന്‍ കഴിയൂ. ബി.ജെ.പി.ക്കും മാര്‍ക്സിസ്റ്റുകള്‍ക്കും വാചാടോപങ്ങള്‍ മാത്രമേയുള്ളൂ.

ജനങ്ങള്‍ രാഷ്ട്രീയ യാഥാര്‍ഥ്യങ്ങളെ വസ്തുനിഷ്ടമായി വിശകലനം ചെയ്യാനുള്ള മാനസിക പക്വതയുള്ളവരല്ല. വികാരപരമായ പ്രസംഗങ്ങള്‍ കൊണ്ട് ജനങ്ങളെ എളുപ്പം തെറ്റ്ധരിപ്പിക്കാനും  സര്‍ക്കാരിനെതിരാക്കാനും നിക്ഷിപ്തതാല്പര്യക്കാരായ പ്രതിപക്ഷക്കാര്‍ക്ക് എളുപ്പം കഴിയുന്നു. അത്കൊണ്ട് ഭാവിയില്‍ നാടിന്റെ പോക്ക് എങ്ങോട്ടേക്കെന്ന് പ്രവചിക്കുക കഠിനം. എന്നാലും ജനങ്ങള്‍ കോണ്‍ഗ്രസ്സിനെ കൈവിടുകയില്ല എന്ന് ഞാന്‍ ശുഭപ്രതീക്ഷ വെച്ചു പുലര്‍ത്തുക തന്നെ ചെയ്യുന്നു.

റിട്ടെയില്‍ വ്യാപാരത്തില്‍ വിദേശനിക്ഷേപം വരണം


ചില്ലറ വ്യാപാര രംഗത്ത് നേരിട്ടുള്ള വിദേശ നിക്ഷേപം വന്നാല്‍ ഇന്ത്യയിലെ 5 കോടി കച്ചവടക്കാര്‍ എങ്ങോട്ട് പോകും എന്നാണ് മമത ബാനര്‍ജിയും, ഇടത്പക്ഷങ്ങളും ബി.ജെ.പി.യും എന്തിനേറെ പറയുന്നു കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും വരെ ചോദിക്കുന്നത്. ഇത് കേട്ടാല്‍ തോന്നുക വാള്‍മാര്‍ട്ട് ഇന്ത്യയില്‍ വന്ന്,  ഹൈടെക്ക് മാളുകള്‍ മുതല്‍ ഗ്രാ‍മഗ്രാമാന്തരങ്ങളില്‍ തട്ടുകടകള്‍ വരെ ആരംഭിക്കുമെന്ന്. കേരളത്തില്‍ ഏറിയാല്‍ കൊച്ചിയിലും തിരുവനന്തപുരത്തും ആണ് വാള്‍മാര്‍ട്ട് വരിക. അതും സംസ്ഥാന സര്‍ക്കാ‍ര്‍ ലൈസന്‍സ് കൊടുക്കുമെങ്കില്‍ മാത്രം. സര്‍ക്കാരിന്റെയോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയോ ലൈസന്‍സ് ഇല്ലാതെ ഒരു കടയും ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ല.

ഇന്ന് ഇന്ത്യന്‍ നഗരങ്ങളില്‍ ഇവിടെയുള്ള കുത്തകവ്യാപാരികളുടെ സൂപ്പര്‍ മാര്‍ക്കറ്റുകളും ഹൈപ്പര്‍ മാളുകളും നിരവധിയുണ്ട്. മദ്രാസിലെ എക്സ്പ്രസ്സ് അവന്യു എന്ന ഷോപ്പിങ്ങ് മാള്‍ ഏഷ്യയില്‍ രണ്ടാമത്തെയാണ്. ഇനിയും എത്രയോ മാളുകള്‍ ഉയരാനും പോകുന്നു. ഇതിന്റെയൊന്നും പേരില്‍ നിലവിലെ ഒരു കച്ചവടക്കാരനും പൂട്ടിപ്പോയിട്ടില്ല. വന്‍‌നഗരങ്ങളില്‍ മാത്രം വിദേശക്കമ്പനികള്‍ മൂലധനം നിക്ഷേപിച്ച്, സപ്ലൈ ചെയിന്‍ ആധുനികവല്‍ക്കരിച്ച്, കോള്‍ഡ്‌സ്റ്റോറേജുകള്‍ സ്ഥാപിച്ച് കാര്‍ഷികോല്പന്നങ്ങള്‍ ചീഞ്ഞുപോകുന്നത് സംരക്ഷിച്ച് , കൊള്ളലാഭം കൊയ്യുന്ന ഇടത്തട്ടുകാരെ ഒഴിവാക്കി തികച്ചും നവീനമായ രീതിയില്‍ റിട്ടെയില്‍ വ്യാപാര ശൃംഖലകള്‍ തുടങ്ങിയാല്‍ 5കോടി വഴിയാധാരമാകും എന്നതിന്റെ ലോജിക്ക് എന്താണ്?

ലോജിക്ക് ഇത്രയേയുള്ളൂ, 5കോടിയെ വോട്ടു ബാങ്കായി കിട്ടുമോ എന്ന രാഷ്ട്രീയ വ്യാമോഹം മാത്രം. റിട്ടെയില്‍ വില്പനരംഗത്ത് വിദേശമൂലധനം വന്നാല്‍ അത് കച്ചവടക്കാര്‍ക്കും ഗുണമേയുണ്ടാകൂ. ആരെങ്കിലും വഴിയാധാരമാകുമെങ്കില്‍ അത് ഇടത്തട്ടുകാര്‍ മാത്രമായിരിക്കും. ഇന്ന് ഇന്ത്യയിലെ ഉപഭോക്താക്കളുടെ കാര്യം വളരെ ശോചനീയമാണ്. മാര്‍ക്കറ്റില്‍ വിറ്റുതീരുന്ന ഉല്പന്നങ്ങളില്‍ 45 ശതമാനവും ഡ്യൂപ്ലിക്കേറ്റും മായം കലര്‍ന്നതുമാണ്. എത്രയോ ഇരട്ടി മാര്‍ജിന്‍ കിട്ടും എന്നത്കൊണ്ട് ഡ്യൂപ്ലിക്കേറ്റ് സാധനങ്ങള്‍ വില്‍ക്കാനാണ് കച്ചവടക്കാര്‍ക്ക് താല്പര്യം. ഉപഭോക്താക്കള്‍ക്ക് വ്യാപാരി സമൂഹത്തില്‍ നിന്ന് നല്ല സമീപനമോ നീതിയോ കിട്ടുന്നില്ല. ലളിതമായി പറഞ്ഞാല്‍ ഇന്ത്യയിലെ കച്ചവടക്കാര്‍ ഉപഭോക്താക്കളെ കൊള്ളയടിക്കുകയാണ്. എന്നിട്ടാണ് രാഷ്ട്രീയക്കാര്‍ 125കോടി ഉപഭോക്താക്കളോട് 5കോടി എവിടെ പോകും എന്ന സാങ്കല്പിക ചോദ്യം ചോദിക്കുന്നത്.

ചില്ലറ വില്പന രംഗത്ത് വിദേശക്കമ്പനികള്‍ വന്നാല്‍ ഉപഭോക്താക്കള്‍ക്ക് നല്ല സാധനങ്ങള്‍ കുറഞ്ഞ വിലക്ക് ലഭിക്കാനും കര്‍ഷകര്‍ക്ക് സുസ്ഥിര വരുമാനം ഉണ്ടാകാനും അവസരമുണ്ടാകും. 5കോടി കള്ളക്കച്ചവടക്കാര്‍ക്ക് വേണ്ടിയല്ല 125 കോടി ഉപഭോക്താക്കള്‍ക്ക് വേണ്ടിയാണ് നമ്മള്‍ നിലകൊള്ളേണ്ടത് എന്ന് ഓര്‍മ്മിപ്പിക്കുന്നു.

സി.ബി.ഐ.ക്ക് എന്താ കൊമ്പുണ്ടോ?


ടി.പി.വധം സി.ബി.ഐ. അന്വേഷിക്കേണ്ട എന്ന് മാത്രമല്ല സി.പി.എമ്മിന്റെ പി.ബി. പറഞ്ഞിരിക്കുന്നത്, സി.ബി.ഐ. അന്വേഷണത്തിനെതിരെ മുന്നറിയിപ്പും നല്‍കിയിരിക്കുന്നു. ഇനി കേസ് സി.ബി.ഐ.ക്ക് വിടാനുള്ള ധൈര്യം കേരള സര്‍ക്കാരിന് ഉണ്ടാകുമെന്ന് തോന്നുന്നില്ല. ലാവലിന്‍ കേസ് സി.ബി.ഐ.ക്ക് വിട്ടത് ക്രൈം നന്ദകുമാര്‍ കേസ് കൊടുത്തത്കൊണ്ടാണ്. ഫസല്‍ വധക്കേസ് സി.ബി.ഐ. അന്വേഷിക്കാന്‍ കാരണം ഫസലിന്റെ വിധവ കോടതിയെ സമീപിച്ചത്കൊണ്ടാണ്. ടി.പി.വധം സി.ബി.ഐ.യെക്കൊണ്ട് അന്വേഷിപ്പിക്കണമെങ്കില്‍ കെ.കെ.രമ കോടതിയെ സമീപിക്കേണ്ടി വരും എന്നാണ് തോന്നുന്നത്.

ടി.പി.വധക്കേസ് കേരള പോലീസ് ഇത്രയെങ്കിലും അന്വേഷിച്ചത് ആഭ്യന്തര വകുപ്പ് തിരുവഞ്ചൂര്‍ രാ‍ധാകൃഷ്ണന്റെ കൈയില്‍ കിട്ടിയത്കൊണ്ടാണെന്ന് ജനങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്. അല്ലായിരുന്നെങ്കില്‍ കൊടി സുനി പോലും പിടിക്കപ്പെടുമോ എന്ന് പറയാന്‍ പറ്റില്ല. ആ ഒളിത്താവളങ്ങളിലേക്ക് കേരള പോലീസിന് കടന്നുകയറാനുള്ള ധൈര്യം പകര്‍ന്നു നല്‍കിയത് തിരുവഞ്ചൂരാണ്. എന്നാലും തിരുവഞ്ചൂരിനും പരിമിതിയുണ്ട്. അത് മനസ്സിലാക്കിയാണ് ആര്‍.എം.പി.യും രമയും സി.ബി.ഐ.അന്വേഷണം ആവശ്യപ്പെടുന്നത്. കൊന്നവരെ മാത്രമല്ല കൊല്ലിക്കുന്നവരെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്നാല്‍ മാത്രമേ കൊലപാതകരാഷ്ട്രീയത്തിന് അറുതി വരുത്താന്‍ കഴിയൂ എന്ന് ജനങ്ങള്‍ക്ക് അറിയാം.

രണ്ട് ജില്ലകളിലെ സി.പി.എം. നേതാക്കള്‍ ബന്ധപ്പെട്ട കൊലപാതകം സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയല്ലാതെ ചെയ്യാന്‍ കഴിയില്ല എന്ന് ആ പാര്‍ട്ടിയുടെ സെറ്റപ്പ് അറിയുന്ന ആര്‍ക്കും അറിയാമെന്നാണ് കെ.കെ.രമ പറയുന്നത്. അത് എല്ലാവര്‍ക്കും അറിയുന്നതും ആണ്. അപ്പോള്‍ ടി.പി.വധം സി.ബി.ഐ. അന്വേഷിച്ചാല്‍ സംസ്ഥാന നേതൃത്വം കേസില്‍ കുടുങ്ങും എന്ന് കൃത്യമായും അറിയാവുന്നത്കൊണ്ടാണ് സി.പി.ഐ.അന്വേഷിക്കരുത് എന്ന് പി.ബി. പറയുന്നത്. പി.ബി.ക്ക് മുന്നില്‍ വേറെ വഴിയില്ല. അത് സീതാറാം യെച്ചൂരിക്ക് മനസ്സിലാവാഞ്ഞിട്ടാണ്. പി.ബി.യെ തീറ്റിപ്പോറ്റാനുള്ള സമ്പത്ത് കേരള സി.പി.എമ്മിന്റെ ഔദ്യോഗിക വിഭാഗത്തിന് മാത്രമേയുള്ളൂ. സ്വന്തം നിലയില്‍ കാല്‍ക്കാശ് സമ്പാദിക്കാനുള്ള കെല്‍പ്പ് പി.ബി.ക്ക് ഇല്ല. അപ്പോള്‍ പിന്നെ ഔദ്യോഗിക വിഭാഗത്തിന്റെ മെഗഫോണ്‍ പോലെ പ്രവര്‍ത്തിക്കാനേ പി.ബി.ക്ക് കഴിയൂ.

പണത്തിന് മീതെ പി.ബി.ക്കും പറക്കാന്‍ കഴിയില്ല. അത് വി.എസ്സും യെച്ചൂരിയും മനസ്സിലാക്കുന്നത് നന്ന്. എന്തായാലും ടി.പി.വധം സി.ബി.ഐ. അന്വേഷിക്കേണ്ടതില്ല എന്ന് പി.ബി. മുന്നറിയിപ്പ് കൊടുത്തതോടെ ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതില്‍ സി.പി.എമ്മിന്റെ പങ്ക് ഉള്ളംകൈയിലെ നെല്ലിക്ക പോലെ എല്ലാവര്‍ക്കും മനസ്സിലായി. ആളുകള്‍ക്ക് എന്ത് മനസ്സിലായാലും സി.പി.എമ്മിന് ഒരു ചുക്കുമില്ല.

വി.എസ്. അച്യുതാനന്ദന്‍ വീണ്ടും ബോംബ് പൊട്ടിച്ചു.......


ലാവലിന്‍ കേസില്‍ പിണറായി സഖാവ് തടവിലാകുമെന്ന് വി.എസ്സിന് തീര്‍ച്ചയുണ്ടായിരിക്കണം. അതിന് വേണ്ടി തന്നാലാകുന്നത് വി.എസ്സ്. ശ്രമിച്ചിട്ടുമുണ്ട്. എന്നാല്‍ ലാവലിന്‍ കേസിന്റെ വിചാരണ അനന്തമായി നീണ്ടുപോകുന്നത്കൊണ്ട് അദ്ദേഹത്തിന്റെ പ്രതീക്ഷ വേഗത്തില്‍ സഫലമാകണമെന്നില്ല. അതിനിടയിലാണ് ടി.പി.വധക്കേസ് വി.എസ്സിന് പിടിവള്ളിയായത്. ആ കേസ് സി.ബി.ഐ. അന്വേഷിക്കണമെന്ന ടി.പി.യുടെ ഭാര്യ രമയുടെ ആവശ്യം ന്യായമാണെന്ന് പ്രതികരിച്ച വി.എസ്സ്. വധത്തില്‍ സി.പി.എം. ഉന്നതര്‍ക്ക് പങ്കുണ്ടെന്ന രമയുടെ സംശയം ദൂരീകരിക്കേണ്ടത് മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും ചുമതലയാണെന്നും പറഞ്ഞുവെച്ചു. സി.പി.എമ്മില്‍ ഉന്നതന്‍ ആരാണെന്ന് എല്ലാവര്‍ക്കും അറിയാമല്ലൊ.

സി.പി.എം. ഇപ്പോള്‍ നാനാഭാഗത്ത് നിന്നും പ്രത്യാക്രമണങ്ങള്‍ നേരിടുകയാണ് പോലും. അത്കൊണ്ടാണത്രെ പാര്‍ട്ടിക്കോട്ടയായ മട്ടന്നൂരില്‍ പോലും വോട്ട് ചോര്‍ന്നത്. എന്നാല്‍ സി.പി.എം. ഏറ്റവും വലിയ പ്രത്യാക്രമണം നേരിടുന്നത് ആ പാര്‍ട്ടിയുടെ സമുന്നത നേതാവും കേന്ദ്രക്കമ്മറ്റി അംഗവുമായ വി.എസ്സ്. അച്യുതാനന്ദനില്‍ നിന്നാണെന്ന് സി.പി.എം.കാര്‍ മനസ്സിലാക്കുന്നില്ലേ? മനസ്സിലാക്കിയാലും ഒരു പ്രയോജനവുമില്ല. വി.എസ്സിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയാല്‍ ജനം വി.എസ്സിന്റെ കൂടെയും ആസ്തികള്‍ പിണറായിയുടെ കൈവശത്തിലും ആയിരിക്കും എന്നതാണ് ഇപ്പോള്‍ കേരളത്തില്‍ സി.പി.എം. നേരിടുന്ന പ്രതിസന്ധി.

ടി.പി.വധക്കേസ് സി.ബി.ഐ. അന്വേഷിക്കണം എന്ന കാര്യത്തില്‍ സര്‍ക്കാരിനും എതിര്‍പ്പുണ്ടാകാന്‍ വഴിയില്ല. അങ്ങനെയെങ്കില്‍ ആ കേസില്‍ എങ്കിലും പിണറായി കുടുങ്ങുകില്ലേ എന്നായിരിക്കും വി.എസ്സിന്റെ ഇപ്പോഴത്തെ പ്രതീക്ഷ. പേരെടുത്ത് പറഞ്ഞില്ലെങ്കിലും അന്വേഷണം പിണറായിലേക്ക് നീളണം എന്നാണ് കെ.കെ.രമയും ആഗ്രഹിക്കുന്നത്. അതാണ് വി.എസ്സും ശരി വെക്കുന്നത്. അതായത് ടി.പി.വധത്തില്‍ പാര്‍ട്ടിക്കാര്‍ക്ക് പങ്കുണ്ടോ എന്ന് പാര്‍ട്ടി അന്വേഷിക്കും എന്ന സി.പി.എം. നിലപാടില്‍ വി.എസ്സിന് വിശ്വാസമില്ല എന്നര്‍ത്ഥം.

ഈ പ്രതിസന്ധിയെ സി.പി.എം. പാര്‍ട്ടി മാനേജര്‍മാര്‍ എങ്ങനെ നേരിടും എന്നറിയില്ല. വി.എസ്സിനെ പുറത്താക്കി പാര്‍ട്ടിയെ കുളം തോണ്ടാന്‍ അവര്‍ മുതിരുമോ എന്ന് കണ്ടറിയണം. ന്യായമായി ചെയ്യേണ്ടത്, ടി.പി.യെയും ഫസലിനെയും ഷുക്കൂറിനെയും കൊന്ന കേസില്‍ പെട്ട മുഴുവന്‍ പേരെയും കൊലവെറി പ്രസംഗം നടത്തിയ എം.എം.മണിയെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സി.പി.എമ്മിനെ ശുദ്ധീകരിക്കുകയാണ്.

പോര, കൊലപാതകരാഷ്ട്രീയം ഞങ്ങള്‍ ഉപേക്ഷിക്കുന്നു എന്ന് പരസ്യമായി പ്രഖ്യാപിക്കുകയും വേണം. സി.പി.എം. എന്നാല്‍ നേതാക്കളല്ല, ലക്ഷക്കണക്കിന് സാധാരണക്കാരാണ്. അവരാരും കൊലപാതകം ഇഷ്ടപ്പെടുന്നവരല്ല. മാത്രമല്ല ശുദ്ധഹൃദയരും നല്ലവരും പാവങ്ങളുമാണ്. പാര്‍ട്ടി വളര്‍ത്താന്‍ ക്രിമിനലിസവും കൊലപാതകവും മാര്‍ഗ്ഗമാക്കുന്ന ഒരു പിടി നേതാക്കള്‍ക്ക് വേണ്ടി ലക്ഷക്കണക്കിന് നിരപരാധികളായ സാധാരണക്കാരുടെ ആശ്രയവും പ്രതീക്ഷയുമായ പാര്‍ട്ടിയെ തകര്‍ക്കണമോ എന്നാണ് സി.പി.എം. ഉത്തരം കാണേണ്ടതായ ചോദ്യം. എന്നാല്‍ തങ്ങളാണ് പാര്‍ട്ടി എന്നും തങ്ങള്‍ അറസ്റ്റ് ചെയ്യപ്പെട്ടാലോ ജയിലില്‍ പോകേണ്ടി വന്നാ‍ലോ പാര്‍ട്ടി തകര്‍ന്നുപോകും എന്ന് കരുതുന്ന കണ്ണൂര്‍ ലോബി സി.പി.എമ്മിനെ നയിക്കുന്ന കാ‍ലത്തോളം ഇതിന് ഉത്തരം കാണുക എളുപ്പമല്ല. ഇങ്ങനെ പോയാല്‍ പാര്‍ട്ടിയുടെ ഗതി അധോഗതി ആയിരിക്കും എന്ന് എല്ലാ സി.പി.എം.കാര്‍ക്കും ഏതാണ്ട് മനസ്സിലായിക്കാണും എന്ന് തീര്‍ച്ച.

സി.പി.എമ്മിനെതിരെ വൈകി വന്ന പരാതി

സി.പി.എം. എന്ന പാര്‍ട്ടിക്ക് ഇന്ത്യയില്‍ ഭരണഘടനാനുസൃതമായി പ്രവര്‍ത്തിക്കാന്‍ അവകാശമില്ല. ആ പാര്‍ട്ടി കാലാകാലങ്ങളായി ജനങ്ങളെ പറ്റിച്ചുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. തങ്ങള്‍ ജനാധിപത്യപാര്‍ട്ടി ആണെന്നും ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നത് എന്നുമാണ് ആ പാര്‍ട്ടി പറയുന്നത്. അപ്പറയുന്നത് വഞ്ചനയാണ്. ഇക്കഴിഞ്ഞ സി.പി.എം.പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പോലും അവര്‍ വ്യക്തമാക്കിയത്, തങ്ങള്‍ ജനകീയ ജനാധിപത്യ വിപ്ലവം നടത്താനുള്ള ബ്ലൂപ്രിന്റ് തയ്യാറാക്കിക്കൊണ്ടിരിക്കുന്നു എന്നാണ്. എന്തിനാണ് ജനകീയ ജനാധിപത്യ വിപ്ലവം നടത്തുന്നത്? വിപ്ലവം നടത്തി, നിലവിലെ ഭരണഘടന അട്ടിമറിച്ച് പകരം അവരുടെ തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം സ്ഥാപിക്കാന്‍ വേണ്ടി. സി.പി.എമ്മിന്റെ പരിപാടിയില്‍ പാര്‍ട്ടിയുടെ ലക്ഷ്യമായി ഇന്നും പറയുന്നത് ഈ സര്‍വ്വാധിപത്യസംസ്ഥാപനമാണ്.

അപ്പോള്‍ , നിലവിലെ ഭരണഘടനയും ഭരണഘടനസ്ഥാപനങ്ങളും അട്ടിമറിച്ചുകൊണ്ട് തങ്ങളുടെ ഏകാധിപത്യം സ്ഥാപിക്കും എന്ന് പാര്‍ട്ടിപരിപാടിയില്‍ പറയുന്ന ഒരു സംഘടനയ്ക്ക് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ നിയമപരമായി അവകാശമുണ്ടോ? ഇക്കാര്യം ഇത് വരെ ആരും ഗൌരവമായി ആലോചിച്ചില്ല. എന്നാല്‍ ഇപ്പോള്‍ കര്‍ണ്ണാടകയിലെ മാണ്ഡ്യ ബാര്‍ അസോസിയേഷന്‍ സെക്രട്ടരി അഡ്വ: ഹരീഷ് ഇക്കാര്യം ഉന്നയിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി അയച്ചിരിക്കുകയാണ്. തങ്ങള്‍ ജനകീയ ജനാധിപത്യ വിപവം നടത്തും എന്ന് പാര്‍ട്ടി പരിപാടിയില്‍ എഴുതി വെക്കുന്നത് രാജ്യത്തോട് യുദ്ധം പ്രഖ്യാപിക്കുന്നതിന് തുല്യമാണെന്നും   അത്കൊണ്ട് ജനപ്രാതിനിധ്യ നിയമപ്രകാരം സി.പി.എമ്മിന്റെ റജിസ്ട്രേഷന്‍ റദ്ധാക്കണമെന്നുമാണ് ഹരീഷിന്റെ ആവശ്യം.

സി.പി.എം. നമ്മുടെ ഭരണഘടനയും ബഹുകക്ഷി പാര്‍ലമെന്ററി സിസ്റ്റവും അംഗീകരിക്കുന്നുണ്ടെങ്കില്‍ അക്കാര്യം പാര്‍ട്ടിയുടെ ഭരണഘടനയും പരിപാടിയും ഭേദഗതി ചെയ്ത്  അംഗീകരിക്കണമെന്നും, അക്കാര്യം പൊതുസമൂഹത്തെ അറിയിക്കണമെന്നും അല്ലാത്ത പക്ഷം സി.പി.എം. ജനാധിപത്യപാര്‍ട്ടിയാവുകയില്ലെന്നും ഞാന്‍ നിരന്തരമായി എഴുതിവരുന്നത് സാധൂകരിക്കുകയാണ് ഹരീഷിന്റെ ഹരജി. യഥാര്‍ത്ഥത്തില്‍ , തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം ഇപ്പോഴും സപ്നം കാണുകയും അതേ സമയം പാര്‍ലമെന്ററി സമ്പ്രദായത്തില്‍ പൂര്‍ണ്ണമായി മുഴുകി പ്രവര്‍ത്തിക്കേണ്ടി വരികയും ചെയ്യുന്ന ആശയപ്രതിസന്ധിയിലാണ് സി.പി.എം. വിപ്ലവം കാലഹരണപ്പെട്ടെന്ന് തിരിച്ചറിഞ്ഞ്  ജനാധിപത്യപാര്‍ട്ടിയായി മാറി, പാര്‍ലമെന്ററി ജനാധിപത്യത്തെ പുഷ്ടിപ്പെടുത്താനുള്ള ആര്‍ജ്ജവമായിരുന്നു സി.പി.എം.കാര്‍ക്ക് ഉണ്ടാകേണ്ടിയിരുന്നത്.  ആ സത്യസന്ധത സി.പി.എമ്മില്‍ നിന്ന് പ്രതീക്ഷിക്കാന്‍ വയ്യ. 

റഫറന്‍സ് : മനോരമ

പുതിയ രാഷ്ട്രീയപാര്‍ട്ടി ഉണ്ടാക്കുന്നു, സഹകരിക്കുക!


ഫേസ്‌ബുക്കിലൂടെ പുതിയ ഒരു രാഷ്ട്രീയപാര്‍ട്ടി തുടങ്ങാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുന്നു. ഒരു പൊളിറ്റിക്കല്‍ പാര്‍ട്ടി എങ്ങനെയായിരിക്കരുത് എന്നതിന് ഉദാഹരണങ്ങളാണ് ഇന്ന് നിലവിലുള്ള പാര്‍ട്ടികള്‍ എന്ന നിരീക്ഷണത്തില്‍ നിന്നാണ് ഇങ്ങനെയൊരാശയം എനിക്ക് ഉണ്ടായത്. ഫേസ്‌ബുക്ക് തന്നെയായിരിക്കും പുതിയ പാര്‍ട്ടിയുടെ ഹെഡ് ഓഫീസ്. ഒരു മുല്ലപ്പൂ വിപ്ലവത്തിന് ഇന്ത്യയില്‍ പ്രസക്തിയില്ല. എന്നാല്‍ ഒരു ജനാധിപത്യവിപ്ലവം ഇന്ത്യയില്‍ നടക്കേണ്ടതുണ്ട്. അത്തരമൊരു വിപ്ലവത്തിന് നിലവിലെ എല്ലാ പാര്‍ട്ടികളും വിലങ്ങ്തടികളാണ്.

ഓരോ വ്യക്തിയും ഓരോ റെസ്പോണ്‍സബിള്‍ സിറ്റിസണ്‍ ആകേണ്ടതുണ്ട്. മാറ്റമോ നവീകരണമോ ആദ്യം അവനവനില്‍ തുടങ്ങണം. രാഷ്ട്രീയപ്രവര്‍ത്തനം എന്നത് ഒരു തൊഴിലോ വരുമാനമാര്‍ഗ്ഗമോ അല്ല. ഓരോ പൌരനും അവനവന്‍ ജീവിക്കാന്‍ ചെയ്യുന്ന കര്‍മ്മങ്ങളുടെ കൂട്ടത്തില്‍ സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കാനും അല്പം സമയം നീക്കിവെക്കണം. അതാണ് അത് മാത്രമാണ് രാഷ്ട്രീയപ്രവര്‍ത്തനം. പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തകര്‍ വേണ്ട. സമുഹത്തിന് വേണ്ടി പ്രവര്‍ത്തിക്കാനാണ് പ്രവര്‍ത്തകര്‍ വേണ്ടത്.

ഒരു പ്രവര്‍ത്തകന്റെ പ്രതിബദ്ധത സഹപൌരന്മാരോട് മാത്രമാണ് ഉണ്ടായിരിക്കേണ്ടത്. അല്ലാതെ പാര്‍ട്ടിയോടോ കൊടിയോടോ ചിഹ്നത്തോടോ സിദ്ധാന്തത്തോടോ ആയിരിക്കരുത്. പാര്‍ട്ടി ഒരു ഉപകരണം മാത്രമാണ്. ജനങ്ങള്‍ക്ക് വേണ്ടിയല്ലെങ്കില്‍ ഉപകരണത്തിന് പ്രസക്തിയില്ല. ഉപകരണത്തിന് സ്വന്തം നിലയില്‍ താല്പര്യങ്ങളില്ല. സര്‍ക്കാര്‍ എന്നത് ഏറ്റവും ഉയര്‍ന്ന സാമൂഹ്യസംഘടനയാണ്. പൌരന്മാര്‍ ചേര്‍ന്ന് രൂപം നല്‍കുന്നതാണ് ആ സംഘടന.

രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ നിന്ന് ആരും വരുമാനമോ ആദായമോ ഉണ്ടാക്കിക്കൂട. അതൊക്കെ സ്വന്തം നിലയില്‍ തൊഴില്‍ ചെയ്ത് ആര്‍ജ്ജിക്കേണ്ടതാണ്. രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ ആരും പെന്‍ഷനോ മറ്റാനുകൂല്യങ്ങളോ പറ്റിക്കൂട. നേതാവ് എന്ന സങ്കല്പം തന്നെ കാ‍ലഹരണപ്പെടേണ്ടതാണ്. സ്വയം നയിക്കപ്പെടാന്‍ ഓരോ പൌരനും പ്രാപ്തനാകേണ്ടതുണ്ട്.

പുതിയ പാ‍ര്‍ട്ടി വളരുമോ, മാറ്റങ്ങള്‍ ഉണ്ടാക്കുമോ എന്ന് ആരും വേവലാതിപ്പെടേണ്ടതില്ല. ആളുകള്‍ക്ക് ആവശ്യമാണെങ്കില്‍ വളരും നിലനില്‍ക്കും എന്നേയുള്ളൂ. അത്കൊണ്ട് ധൃതിയോ അസഹിഷ്ണുതയോ ആവശ്യമില്ല. ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ എല്ലാവര്‍ക്കും കഴിയും. നിലവിലെ ഒരു പാര്‍ട്ടിയും സംഘടനയും ശത്രുക്കള്‍ അല്ല. മറ്റുള്ളവരെ വിമര്‍ശിക്കാനല്ല പുതിയ പാര്‍ട്ടി. ശരിയായ കാഴ്ചപ്പാടുകള്‍ മുന്നോട്ട് വെക്കാനാണ്. ആളുകള്‍ക്ക് ആ കാ‍ഴ്ചപ്പാട് ശരിയാണെങ്കില്‍ അംഗീകരിക്കും എന്നേയുള്ളൂ.

പുതിയ പാര്‍ട്ടി ജനങ്ങളെ സമഗ്രമായാണ് കാണുക. ജനങ്ങളെ വീതം വെച്ച് എടുക്കുകയില്ല. അത്കൊണ്ട് പാര്‍ട്ടിക്ക് പ്രവര്‍ത്തിക്കുന്ന മെമ്പര്‍മാര്‍ മാത്രമേ ഉണ്ടാകൂ. അനുഭാവികളോ വിശ്വാസികളോ വോട്ട് ബാങ്കോ ഉണ്ടാവില്ല. എതിര്‍ക്കാന്‍ വേണ്ടി ഒരു പ്രവര്‍ത്തകനും ഊര്‍ജ്ജം ചെലവാക്കുകയില്ല. പോസിറ്റീവായി നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെക്കുക മാത്രമേ ചെയ്യൂ.

സാമൂഹ്യപ്രവര്‍ത്തന സന്നദ്ധത ഒരാളില്‍ സ്വമേധയാ ഉണ്ടാകേണ്ടതാണ്. സാമൂഹ്യപ്രവര്‍ത്തനം തന്നെയാണ് രാഷ്ട്രീയപ്രവര്‍ത്തനം. രാഷ്ട്രീയപ്രവര്‍ത്തനം എന്നാല്‍ നേതാക്കള്‍ക്ക് അധികാരവും ഫണ്ടും സ്വരൂപിച്ച് നല്‍കുന്ന ദല്ല്ലാള്‍ പണിയല്ല. അത് മനുഷ്യസ്നേഹ പ്രചോദിതമായ സാമൂഹ്യസേവനം മാത്രമാണ്.

പുതിയ പാര്‍ട്ടിയുടെ പ്രചരണത്തിനും സന്നദ്ധപ്രവര്‍ത്തകരെ കണ്ടെത്തുന്നതിനും ഫേസ്‌ബുക്കില്‍ ഗ്രൂപ്പ് ആരംഭിക്കും. സമാനചിന്താഗതിയുള്ള സുഹൃത്തുക്കളില്‍ നിന്നും അഭിപ്രായം ക്ഷണിക്കുന്നു. തുടങ്ങിവെക്കുക എന്നത് മാത്രമാണ് ഞാന്‍ ചെയ്യുന്നത്. പ്രസക്തമാണെങ്കില്‍ ആരെങ്കിലുമൊക്കെ ഏറ്റെടുത്തോളും എന്ന പ്രതീക്ഷ മാത്രമേ എനിക്കുള്ളൂ.