Pages

സി.ബി.ഐ.ക്ക് എന്താ കൊമ്പുണ്ടോ?


ടി.പി.വധം സി.ബി.ഐ. അന്വേഷിക്കേണ്ട എന്ന് മാത്രമല്ല സി.പി.എമ്മിന്റെ പി.ബി. പറഞ്ഞിരിക്കുന്നത്, സി.ബി.ഐ. അന്വേഷണത്തിനെതിരെ മുന്നറിയിപ്പും നല്‍കിയിരിക്കുന്നു. ഇനി കേസ് സി.ബി.ഐ.ക്ക് വിടാനുള്ള ധൈര്യം കേരള സര്‍ക്കാരിന് ഉണ്ടാകുമെന്ന് തോന്നുന്നില്ല. ലാവലിന്‍ കേസ് സി.ബി.ഐ.ക്ക് വിട്ടത് ക്രൈം നന്ദകുമാര്‍ കേസ് കൊടുത്തത്കൊണ്ടാണ്. ഫസല്‍ വധക്കേസ് സി.ബി.ഐ. അന്വേഷിക്കാന്‍ കാരണം ഫസലിന്റെ വിധവ കോടതിയെ സമീപിച്ചത്കൊണ്ടാണ്. ടി.പി.വധം സി.ബി.ഐ.യെക്കൊണ്ട് അന്വേഷിപ്പിക്കണമെങ്കില്‍ കെ.കെ.രമ കോടതിയെ സമീപിക്കേണ്ടി വരും എന്നാണ് തോന്നുന്നത്.

ടി.പി.വധക്കേസ് കേരള പോലീസ് ഇത്രയെങ്കിലും അന്വേഷിച്ചത് ആഭ്യന്തര വകുപ്പ് തിരുവഞ്ചൂര്‍ രാ‍ധാകൃഷ്ണന്റെ കൈയില്‍ കിട്ടിയത്കൊണ്ടാണെന്ന് ജനങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്. അല്ലായിരുന്നെങ്കില്‍ കൊടി സുനി പോലും പിടിക്കപ്പെടുമോ എന്ന് പറയാന്‍ പറ്റില്ല. ആ ഒളിത്താവളങ്ങളിലേക്ക് കേരള പോലീസിന് കടന്നുകയറാനുള്ള ധൈര്യം പകര്‍ന്നു നല്‍കിയത് തിരുവഞ്ചൂരാണ്. എന്നാലും തിരുവഞ്ചൂരിനും പരിമിതിയുണ്ട്. അത് മനസ്സിലാക്കിയാണ് ആര്‍.എം.പി.യും രമയും സി.ബി.ഐ.അന്വേഷണം ആവശ്യപ്പെടുന്നത്. കൊന്നവരെ മാത്രമല്ല കൊല്ലിക്കുന്നവരെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്നാല്‍ മാത്രമേ കൊലപാതകരാഷ്ട്രീയത്തിന് അറുതി വരുത്താന്‍ കഴിയൂ എന്ന് ജനങ്ങള്‍ക്ക് അറിയാം.

രണ്ട് ജില്ലകളിലെ സി.പി.എം. നേതാക്കള്‍ ബന്ധപ്പെട്ട കൊലപാതകം സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയല്ലാതെ ചെയ്യാന്‍ കഴിയില്ല എന്ന് ആ പാര്‍ട്ടിയുടെ സെറ്റപ്പ് അറിയുന്ന ആര്‍ക്കും അറിയാമെന്നാണ് കെ.കെ.രമ പറയുന്നത്. അത് എല്ലാവര്‍ക്കും അറിയുന്നതും ആണ്. അപ്പോള്‍ ടി.പി.വധം സി.ബി.ഐ. അന്വേഷിച്ചാല്‍ സംസ്ഥാന നേതൃത്വം കേസില്‍ കുടുങ്ങും എന്ന് കൃത്യമായും അറിയാവുന്നത്കൊണ്ടാണ് സി.പി.ഐ.അന്വേഷിക്കരുത് എന്ന് പി.ബി. പറയുന്നത്. പി.ബി.ക്ക് മുന്നില്‍ വേറെ വഴിയില്ല. അത് സീതാറാം യെച്ചൂരിക്ക് മനസ്സിലാവാഞ്ഞിട്ടാണ്. പി.ബി.യെ തീറ്റിപ്പോറ്റാനുള്ള സമ്പത്ത് കേരള സി.പി.എമ്മിന്റെ ഔദ്യോഗിക വിഭാഗത്തിന് മാത്രമേയുള്ളൂ. സ്വന്തം നിലയില്‍ കാല്‍ക്കാശ് സമ്പാദിക്കാനുള്ള കെല്‍പ്പ് പി.ബി.ക്ക് ഇല്ല. അപ്പോള്‍ പിന്നെ ഔദ്യോഗിക വിഭാഗത്തിന്റെ മെഗഫോണ്‍ പോലെ പ്രവര്‍ത്തിക്കാനേ പി.ബി.ക്ക് കഴിയൂ.

പണത്തിന് മീതെ പി.ബി.ക്കും പറക്കാന്‍ കഴിയില്ല. അത് വി.എസ്സും യെച്ചൂരിയും മനസ്സിലാക്കുന്നത് നന്ന്. എന്തായാലും ടി.പി.വധം സി.ബി.ഐ. അന്വേഷിക്കേണ്ടതില്ല എന്ന് പി.ബി. മുന്നറിയിപ്പ് കൊടുത്തതോടെ ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതില്‍ സി.പി.എമ്മിന്റെ പങ്ക് ഉള്ളംകൈയിലെ നെല്ലിക്ക പോലെ എല്ലാവര്‍ക്കും മനസ്സിലായി. ആളുകള്‍ക്ക് എന്ത് മനസ്സിലായാലും സി.പി.എമ്മിന് ഒരു ചുക്കുമില്ല.

3 comments:

  1. This comment has been removed by the author.

    ReplyDelete
  2. കാര്യങ്ങൾ ഒരൽപം യാഥാർത്ഥ്യബോധത്തോടെ കൈകാര്യം ചെയ്യുകയാണ് കോൺഗ്രസും തിരുവഞ്ചൂരും ഒക്കെ ചെയ്തത് എന്നു തോന്നുന്നു.
    സിപിഎം എപ്പോഴും ചെയ്യുന്നതുപോലെ ഇടങ്കോലിടാതിരുന്നാൽ കേരളാ പൊലീസിനും പലതും ചെയ്യാൻ കഴിയും എന്ന് തെളിയിക്കുകയല്ലേ ആഭ്യന്തരവകുപ്പും പൊലീസും ചെയ്തത്?
    അതും പൊലീസിലെ കുലംകുത്തികൾ അന്വേഷണസംഘത്തിൽപ്പോലും കടന്നുകൂടിയിരുന്ന ഒരു സാഹചര്യത്തിൽ!
    ചന്ദ്രശേഖരന്റെ കുടുംബത്തിനും ആർ‌എം‌പിക്കും, ഇതുവരെ നടന്ന അന്വേഷണത്തിൽ തൃപ്തിയുണ്ടുതാനും.

    കൂത്തുപറമ്പ് സംഭവത്തിലും മറ്റും കൃത്യനിർവഹണം നടത്തുകമാത്രം ചെയ്ത പൊലീസുകാരെ ഭരണസംവിധാനം ദുരുപയോഗം ചെയ്ത് സിപിഎം വേട്ടയാടിയപ്പോഴും മറ്റും ഒരു യുഡിഎഫ് നേതാവും സഹായിച്ചില്ല.
    ജയകൃഷ്ണൻ വധത്തിന്റെ സമയത്ത് “മൂത്രമൊഴിക്കാൻ” പോയ “പൊലീസ് സഖാവി“നുപോലും പാർട്ടിയുടെ നല്ല പ്രത്യുപകാരം കിട്ടിയിട്ടുണ്ടെന്നും കേൾക്കുന്നു.
    സിപിഎമ്മിനു വേണ്ടി ക്രിമിനലുകളാകുന്നവർക്കും വിടുവേല ചെയ്യുന്നവർക്കും കിട്ടുന്ന സഹായം വേറെ എങ്ങും കിട്ടില്ല.
    അങ്ങനെ വഴിവിട്ടുസഹായിക്കാൻ കോൺഗ്രസ് തയ്യാറാകാത്തത് തെറ്റാണെന്നും പറയാൻ പറ്റില്ല.
    കാരണം, അവർ “ഔദ്യോഗിക ക്രിമിനലുകളുടെ” ഒരു കൂട്ടമല്ലെന്നതു തന്നെയാകാം.

    സ്വാഭാവിക നീതിനിർവഹണം നടത്തിയവരെപ്പോലും സംരക്ഷിക്കേണ്ടുന്ന ഒരു അധികബാധ്യത ഏറ്റെടുക്കുന്ന ഒരു രീതി യുഡിഎഫിനില്ലാത്ത സാഹചര്യത്തിൽ ഇനി അധികം പുലിമടയിൽ കയ്യിട്ട കളിയൊന്നും പൊലീസിൽനിന്ന് പ്രതീക്ഷിക്കേണ്ട.
    മാത്രമല്ല, അടുത്ത ഇലക്ഷനിൽ പൂർവാധികം ഭംഗിയായി ആംനേഷ്യ ബാധിക്കുന്ന ജനം, ഇനിയും ഒരബദ്ധം കാണിച്ചാൽ ഈ അന്വേഷകരുടെയൊക്കെ ഗതി എന്തായിരിക്കുമെന്ന യാഥാർത്ഥ്യബോധം നല്ലപോലെയുള്ള ഒരാളാണ് തിരുവഞ്ചൂർ.
    അപ്പോൾ ബാക്കി കളി ഇനി സിബിഐ നടത്തട്ടെ.
    അതാണ്, പാവം പൊലീസുകാർക്കും ഇനിയും നീതിനിർവഹണത്തിൽ പ്രതീക്ഷയുള്ള പൊതുജനത്തിനും നല്ലത്.
    അല്ലെങ്കിൽ കുറെക്കൂടി കൂടുതൽ പൊതുമുതൽ നശീകരണവും പ്രവൃത്തിദിവസങ്ങളുടെ നഷ്ടവും എല്ലാം നമുക്ക് അനുഭവിക്കേണ്ടിവരും.
    വേലിയിലിരിക്കുന്ന പാമ്പിനെ എടുത്ത് എങ്ങാണ്ടുംവെയ്ക്കാത്ത തിരുവഞ്ചൂർ ഒരു പ്രായോഗികവാദിതന്നെ അല്ലേ, മാഷേ?

    എന്തായാലും കേന്ദ്രത്തിൽ അടുത്ത ഇലക്ഷനിൽ നരേന്ദ്രമോഡിയെപ്പോലും ഇവർ താങ്ങും!
    കാരണം ഔദ്യോഗിക വിഭാഗത്തിന്റെ മെഗഫോണ്‍ എന്നു താങ്കൾ വിശേഷിപ്പിച്ച പിബിക്ക്, അവരെ തീറ്റിപ്പോറ്റുന്നവരെ എങ്ങനെയെങ്കിലും ഒന്നു രക്ഷിക്കേണ്ടേ?!

    ReplyDelete
  3. സീ ബീ ഐ അന്വേഷണം വേണ്ട എന്ന പോളിറ്റ് ബ്യുറോ നിലപാട് ആ പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വം എത്രത്തോളം രാഷ്ട്രീയ തിമിരം ബാധിച്ച അവസ്ഥയില്‍ എത്തിപ്പെട്ടിരിക്കുന്നു എന്ന് കാണിക്കുന്നു .....ജനങ്ങളുടെ വികാരങ്ങള്‍ തൊട്ടറിയുന്ന രാഷ്ട്രീയ പാരമ്പര്യമുള്ള അച്ചുതാനന്ദനെ പോലെയുള്ള ജനകീയ നേതാക്കളെ തീര്‍ത്തും അവഗണിച്ചു കൊണ്ടു , യാഥാര്‍ത്യങ്ങള്‍ക്ക് നേരെ മുഖം തിരിക്കുന്ന ദന്ത ഗോപുരങ്ങളിലെ പേന ഉന്തുകാര്‍ നേതൃത്വത്തില്‍ ഇരിക്കുന്ന ഈ പാര്‍ട്ടിയില്‍ നിന്നും മറ്റെന്തു പ്രതീക്ഷിക്കാന്‍ ( ജന പിന്തുണ ഇല്ലെങ്കിലും ദന്ത ഗോപുരക്കാര്‍ പ്രത്യയശാസ്ത്രത്തിന്റെ മാത്രം തടവറയില്‍ ആണെന്നാണ്‌ ഇതുവരെ കരുതിയിരുന്നത്....പക്ഷെ ഇന്നിപ്പോള്‍ അവര്‍ കേരളത്തിലെ പാര്‍ട്ടി ഹൈജാക്‌ ചെയ്ത മാഫിയാ സംഘതോടു കാണിക്കുന്ന വിധേയത്വത്തിന് പിന്നിലെ അണിയറ രഹസ്യങ്ങള്‍ എന്താണാവോ ! ) മറ്റു പല കേസുകളും സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണത്തിന് സീ ബീ ഐ യെ ഏല്‍പ്പിക്കണം എന്ന ആവശ്യം ഉയര്‍ത്തിയിട്ടുള്ള പാര്‍ട്ടി തന്നെ ടീ പീ വധ കേസില്‍ അതിന്റെ ആവശ്യം ഇല്ല എന്ന് പറയുന്നത് - പ്രത്യേകിച്ച് സംസ്ഥാന പോലീസ് നടത്തിയ അന്വേഷണം തൃപ്തികരമല്ല ശരിയായ ദിശയില്‍ അല്ല എന്നൊക്കെ പറഞ്ഞതിന് പിന്നാലെ - എന്തുകൊണ്ട് ആണെന്നുള്ളത്‌ "അരിയാഹാരം കഴിക്കുന്നവര്‍ക്കെല്ലാം" പകല്‍ പോലെ വ്യക്തം ......പക്ഷെ സീ ബീ ഐ യെ ഏല്പിച്ചത് കൊണ്ടു മാത്രം സത്യം പുറത്തു വരണമെന്നില്ല എന്നതും കൂടി ഓര്‍മ്മിക്കുക.......ബോഫോര്സ് കേസിന്റെ കാര്യത്തിലും കാലിത്തീറ്റ കുംഭ കോണത്തിലും താജ് കോറിഡോര്‍ കേസിലും എന്തിനു ലാവ്ലിന്‍ കേസില്‍ പോലും സീ ബീ ഐ അന്വേഷണം ഫലപ്രദമായി എന്ന് തോന്നുന്നുണ്ടോ ( ലാവ് ലിന്‍ കേസിലിപ്പോള്‍ പിണറായിയെ കുറ്റ വിമുക്തനാക്കുന്നതിനുള്ള വാദങ്ങളാണ് നിരത്തുന്നത് ....അദ്ദേഹം വ്യക്തിപരമായി നേട്ടം ഒന്നും ഉണ്ടാക്കിയില്ലെങ്കില്‍ പോലും ബാലാനന്ദന്റെ സമിതി 150 കോടി രൂപയ്ക്കു BHEL നെ കൊണ്ടു ചെയ്യിക്കാന്‍ ഉപദേശിച്ച കാര്യം 340 കോടിക്ക് കനേഡിയന്‍ കമ്പനിക്കു കൊടുത്തതിലും അതില്‍ 100 കോടി രൂപ കാന്‍സര്‍ ആശുപത്രിക്കായി കിട്ടുമെന്ന ധാരണ നടക്കാതെ വന്നതിലും എല്ലാം സംസ്ഥാന ഖജനാവിന് ഉണ്ടായ നഷ്ടത്തിന്റെ ഉത്തരവാദിത്വം ആര്‍ക്കാണെന്നത് അന്വേഷണ പരിധിയില്‍ വരുന്ന കാര്യമല്ലായിരിക്കാം ! )

    ReplyDelete