Pages

പുതിയ രാഷ്ട്രീയപാര്‍ട്ടി ഉണ്ടാക്കുന്നു, സഹകരിക്കുക!


ഫേസ്‌ബുക്കിലൂടെ പുതിയ ഒരു രാഷ്ട്രീയപാര്‍ട്ടി തുടങ്ങാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുന്നു. ഒരു പൊളിറ്റിക്കല്‍ പാര്‍ട്ടി എങ്ങനെയായിരിക്കരുത് എന്നതിന് ഉദാഹരണങ്ങളാണ് ഇന്ന് നിലവിലുള്ള പാര്‍ട്ടികള്‍ എന്ന നിരീക്ഷണത്തില്‍ നിന്നാണ് ഇങ്ങനെയൊരാശയം എനിക്ക് ഉണ്ടായത്. ഫേസ്‌ബുക്ക് തന്നെയായിരിക്കും പുതിയ പാര്‍ട്ടിയുടെ ഹെഡ് ഓഫീസ്. ഒരു മുല്ലപ്പൂ വിപ്ലവത്തിന് ഇന്ത്യയില്‍ പ്രസക്തിയില്ല. എന്നാല്‍ ഒരു ജനാധിപത്യവിപ്ലവം ഇന്ത്യയില്‍ നടക്കേണ്ടതുണ്ട്. അത്തരമൊരു വിപ്ലവത്തിന് നിലവിലെ എല്ലാ പാര്‍ട്ടികളും വിലങ്ങ്തടികളാണ്.

ഓരോ വ്യക്തിയും ഓരോ റെസ്പോണ്‍സബിള്‍ സിറ്റിസണ്‍ ആകേണ്ടതുണ്ട്. മാറ്റമോ നവീകരണമോ ആദ്യം അവനവനില്‍ തുടങ്ങണം. രാഷ്ട്രീയപ്രവര്‍ത്തനം എന്നത് ഒരു തൊഴിലോ വരുമാനമാര്‍ഗ്ഗമോ അല്ല. ഓരോ പൌരനും അവനവന്‍ ജീവിക്കാന്‍ ചെയ്യുന്ന കര്‍മ്മങ്ങളുടെ കൂട്ടത്തില്‍ സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കാനും അല്പം സമയം നീക്കിവെക്കണം. അതാണ് അത് മാത്രമാണ് രാഷ്ട്രീയപ്രവര്‍ത്തനം. പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തകര്‍ വേണ്ട. സമുഹത്തിന് വേണ്ടി പ്രവര്‍ത്തിക്കാനാണ് പ്രവര്‍ത്തകര്‍ വേണ്ടത്.

ഒരു പ്രവര്‍ത്തകന്റെ പ്രതിബദ്ധത സഹപൌരന്മാരോട് മാത്രമാണ് ഉണ്ടായിരിക്കേണ്ടത്. അല്ലാതെ പാര്‍ട്ടിയോടോ കൊടിയോടോ ചിഹ്നത്തോടോ സിദ്ധാന്തത്തോടോ ആയിരിക്കരുത്. പാര്‍ട്ടി ഒരു ഉപകരണം മാത്രമാണ്. ജനങ്ങള്‍ക്ക് വേണ്ടിയല്ലെങ്കില്‍ ഉപകരണത്തിന് പ്രസക്തിയില്ല. ഉപകരണത്തിന് സ്വന്തം നിലയില്‍ താല്പര്യങ്ങളില്ല. സര്‍ക്കാര്‍ എന്നത് ഏറ്റവും ഉയര്‍ന്ന സാമൂഹ്യസംഘടനയാണ്. പൌരന്മാര്‍ ചേര്‍ന്ന് രൂപം നല്‍കുന്നതാണ് ആ സംഘടന.

രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ നിന്ന് ആരും വരുമാനമോ ആദായമോ ഉണ്ടാക്കിക്കൂട. അതൊക്കെ സ്വന്തം നിലയില്‍ തൊഴില്‍ ചെയ്ത് ആര്‍ജ്ജിക്കേണ്ടതാണ്. രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ ആരും പെന്‍ഷനോ മറ്റാനുകൂല്യങ്ങളോ പറ്റിക്കൂട. നേതാവ് എന്ന സങ്കല്പം തന്നെ കാ‍ലഹരണപ്പെടേണ്ടതാണ്. സ്വയം നയിക്കപ്പെടാന്‍ ഓരോ പൌരനും പ്രാപ്തനാകേണ്ടതുണ്ട്.

പുതിയ പാ‍ര്‍ട്ടി വളരുമോ, മാറ്റങ്ങള്‍ ഉണ്ടാക്കുമോ എന്ന് ആരും വേവലാതിപ്പെടേണ്ടതില്ല. ആളുകള്‍ക്ക് ആവശ്യമാണെങ്കില്‍ വളരും നിലനില്‍ക്കും എന്നേയുള്ളൂ. അത്കൊണ്ട് ധൃതിയോ അസഹിഷ്ണുതയോ ആവശ്യമില്ല. ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ എല്ലാവര്‍ക്കും കഴിയും. നിലവിലെ ഒരു പാര്‍ട്ടിയും സംഘടനയും ശത്രുക്കള്‍ അല്ല. മറ്റുള്ളവരെ വിമര്‍ശിക്കാനല്ല പുതിയ പാര്‍ട്ടി. ശരിയായ കാഴ്ചപ്പാടുകള്‍ മുന്നോട്ട് വെക്കാനാണ്. ആളുകള്‍ക്ക് ആ കാ‍ഴ്ചപ്പാട് ശരിയാണെങ്കില്‍ അംഗീകരിക്കും എന്നേയുള്ളൂ.

പുതിയ പാര്‍ട്ടി ജനങ്ങളെ സമഗ്രമായാണ് കാണുക. ജനങ്ങളെ വീതം വെച്ച് എടുക്കുകയില്ല. അത്കൊണ്ട് പാര്‍ട്ടിക്ക് പ്രവര്‍ത്തിക്കുന്ന മെമ്പര്‍മാര്‍ മാത്രമേ ഉണ്ടാകൂ. അനുഭാവികളോ വിശ്വാസികളോ വോട്ട് ബാങ്കോ ഉണ്ടാവില്ല. എതിര്‍ക്കാന്‍ വേണ്ടി ഒരു പ്രവര്‍ത്തകനും ഊര്‍ജ്ജം ചെലവാക്കുകയില്ല. പോസിറ്റീവായി നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെക്കുക മാത്രമേ ചെയ്യൂ.

സാമൂഹ്യപ്രവര്‍ത്തന സന്നദ്ധത ഒരാളില്‍ സ്വമേധയാ ഉണ്ടാകേണ്ടതാണ്. സാമൂഹ്യപ്രവര്‍ത്തനം തന്നെയാണ് രാഷ്ട്രീയപ്രവര്‍ത്തനം. രാഷ്ട്രീയപ്രവര്‍ത്തനം എന്നാല്‍ നേതാക്കള്‍ക്ക് അധികാരവും ഫണ്ടും സ്വരൂപിച്ച് നല്‍കുന്ന ദല്ല്ലാള്‍ പണിയല്ല. അത് മനുഷ്യസ്നേഹ പ്രചോദിതമായ സാമൂഹ്യസേവനം മാത്രമാണ്.

പുതിയ പാര്‍ട്ടിയുടെ പ്രചരണത്തിനും സന്നദ്ധപ്രവര്‍ത്തകരെ കണ്ടെത്തുന്നതിനും ഫേസ്‌ബുക്കില്‍ ഗ്രൂപ്പ് ആരംഭിക്കും. സമാനചിന്താഗതിയുള്ള സുഹൃത്തുക്കളില്‍ നിന്നും അഭിപ്രായം ക്ഷണിക്കുന്നു. തുടങ്ങിവെക്കുക എന്നത് മാത്രമാണ് ഞാന്‍ ചെയ്യുന്നത്. പ്രസക്തമാണെങ്കില്‍ ആരെങ്കിലുമൊക്കെ ഏറ്റെടുത്തോളും എന്ന പ്രതീക്ഷ മാത്രമേ എനിക്കുള്ളൂ.

17 comments:

  1. നല്ല ആശയം. എല്ലാ ഭാവുകങ്ങളും.

    പുതിയ പാര്‍ടിയില്‍ ചേരാന്‍ എനിയ്ക്ക് ആഗ്രഹമുണ്ട്.
    വിശദ വിവരങ്ങള്‍ വഴിയെ പ്രതീക്ഷിച്ചുകൊണ്ട്,
    സസ്നേഹം.

    ReplyDelete
  2. പുതിയ സംരംഭത്തിന് എല്ലാവിധമായ പിന്തുണയും
    ഉറപ്പ് നല്‍കുന്നു.ഞാന്‍ റെഡി.

    ReplyDelete
  3. ലക്‌ഷ്യം തികച്ചും ന്യായം തന്നെ ....നിലവിലെ രാഷ്ട്രീയ കക്ഷികളൊന്നും തന്നെ പ്രസംഗിക്കുന്നത് പ്രവര്‍ത്തിയില്‍ കൊണ്ടു വരുന്നതായി കാണുന്നില്ല ......അവക്കെല്ലാം ബദലായി ആദര്ശാധിഷ്ടിതമായ ജനപക്ഷത് നില്‍കുന്ന ഒരു കക്ഷി ഉണ്ടായാല്‍ വളരെ നല്ലത് .....പക്ഷെ എടുത്തു ചാടി ഓരോന്ന് ചെയ്യുന്നതിന് മുന്‍പ് പ്രായോഗികമായി ചിന്തിക്കുന്നില്ലെങ്കില്‍ മണി കെട്ടാന്‍ തീരുമാനിച്ച എലികളുടെ അവസ്ഥ ആവും എന്ന് എടുത്തു പറയേണ്ടതില്ലല്ലോ .........ഒരു സംഘടനയെ പൊതുജനവും രാഷ്ട്രീയ കക്ഷികളും മാധ്യമങ്ങളും ഗൌരവമായിട്ടെടുക്കണമെങ്കില്‍ അതിനൊരു critical mass ഉണ്ടായിരിക്കണം ......facebook അല്ലെങ്കില്‍ ഏതെങ്കിലും സോഷ്യല്‍ networking ഉപാധികള്‍ പ്രയോജനപ്പെടുത്താന്‍ കഴിയുന്നത്‌ അത്തരം critical mass ഉള്ള നിലയില്‍ മാത്രമാണ് .......ഇനി അത്തരം ഒരു critical mass എങ്ങനെ ഉണ്ടാവും ........ഇന്ത്യയിലെ സാമൂഹ്യ പശ്ചാത്തലത്തില്‍ ഏതെങ്കിലും ഒരു charismatic leader അതിനു കൂടിയെ തീരൂ .....സമീപ കാലത്ത് ഇത്തരത്തില്‍ അഴിമതിക്കെതിരായ ഒരു platform അണ്ണാ ഹസാരെ യുടെ നേതൃത്വത്തില്‍ ഉയര്‍ന്നു വരികയും സോഷ്യല്‍ നെറ്റ്‌വര്‍ക്ക് കളില്‍ കൂടെ അതൊരു തരംഗമാവുകയും ഇന്ത്യയില്‍ ഒരു മുല്ലപ്പൂ വിപ്ലവം തന്നെ ഉണ്ടായേക്കാം എന്ന പ്രതീതി സൃഷ്ടിക്കും വിധം വലിയൊരു വിഭാഗം ജനം അതിനോട് അനുഭാവം പ്രകടിപ്പിക്കുകയും ചെയ്യുന്നത് നാം കണ്ടതാണല്ലോ.........ഭരണകക്ഷിയുടെ dirty tricks department ന്റെ നിതാന്ത പരിശ്രമങ്ങളും പ്രതിപക്ഷത്തിന്റെ മുതലെടുപ്പ് ശ്രമങ്ങളും മൂലം ആ നീക്കം ക്രമേണ വിശ്വാസ്യത നഷ്ടപ്പെട്ടു ലക്ഷ്യബോധമില്ലാതെ നട്ടം തിരിഞ്ഞു ഇല്ലാതാവുക ആയിരുന്നുവല്ലോ .......അവിടെയും ഒരു രാഷ്ട്രീയ കക്ഷി ഉണ്ടാക്കണോ എന്ന വിഷയം ഭിന്നിപ്പിനു നിമിത്തവും ആയി !

    ഇനി മറ്റൊരു കാര്യം....ഒരു രാഷ്ട്രീയ കക്ഷി ഉണ്ടാക്കി എന്ന് തന്നെ കരുതുക ....പ്രസംഗിക്കുന്ന കാര്യങ്ങള്‍ പ്രവര്‍ത്തിക്കാന്‍ പറ്റും എന്ന് ആത്മാര്‍ഥമായി പറയാന്‍ കഴിയുമോ .....പ്രതിപക്ഷത്തിരിക്കുമ്പോള്‍ പറയുന്ന ആദര്‍ശങ്ങള്‍ ഭരണത്തിലെത്തുമ്പോള്‍ പ്രായോഗികതക്ക് വഴിമാറുന്നു എന്നത് എല്ലാവര്ക്കും ബാധകമാണ് .......പ്രതിപക്ഷത്തിരിക്കുമ്പോള്‍ പരിസ്ഥിതിയുടെ സംരക്ഷണത്തില്‍ ഒരു വിട്ടു വീഴ്ചക്കും തയ്യാറാവാത്തവര്‍ ഭരണത്തില്‍ ഇരിക്കുമ്പോള്‍ അതൊക്കെ നടപ്പാക്കാന്‍ മടിക്കുന്നതും അങ്ങിനെയൊക്കെ തന്നെ ........ദശാബ്ദങ്ങളായി ഭൂമി കൈവശം വച്ച് കൃഷി ചെയ്ത കര്‍ഷകരെയും തൊഴിലാളികളെയും കുടിയിറക്കി വനസംരക്ഷണ നിയമം നടപ്പാക്കണോ ....വനം കൊള്ളക്കാര്‍ക്കു ഒത്താശ ചെയ്തുകൊടുക്കുന്നു പരിസ്ഥിതി നശീകരണത്തിന് കൂട്ട് നില്കുന്നു എന്നൊക്കെയുള്ള ആരോപണങ്ങള്‍ക്ക് വിധേയരാവാണോ .....!

    താങ്കളുടെ നീക്കത്തിലെ ആത്മാര്‍ഥത അങ്ങേയറ്റം അഭിനന്ദനാര്‍ഹം തന്നെ ......എന്നിരുന്നാലും അതിന്റെ പ്രായോഗികതയില്‍ ഉള്ള സന്ദേഹം ഒരു wait and watch നിലപാടിന് നിര്‍ബന്ധിതമാക്കുന്നു ...best regards !!

    ReplyDelete
  4. എനിക്കുള്ള പോസ്റ്റു എന്താണ് എന്ന് അറിഞ്ഞിട്ടു മതി കൂടണോ എന്ന് ചിന്തിക്കൂ ...
    ഇപ്പോള്‍ എല്ലാവരും വീതം വെപ്പ് അല്ലെ ?
    എന്ത് കിട്ടും ..എന്ത് അപ്പകഷണം അതിനല്ലേ ...
    അല്ല എല്ലാവര്ക്കും ആമാശയ സമരം ആണോ എന്നാ സംശയം പ്രകാശന്‍ നായര്‍ക്കും ഉണ്ട് .....

    ReplyDelete
  5. നല്ല ആശയം നല്ല സംരംഭം

    എങ്കിലും

    അല്‍പ്പം സൂക്ഷിച്ചു കൈകാര്യം

    ചെയ്യേണ്ട ഒരു മേഖല

    എല്ലാ ഭാവുകങ്ങളും നേരുന്നു

    മാനിഫെസ്ടോ പോരട്ടെ !!!!

    അതോ ഇവിടെപ്പറഞ്ഞവ തന്നോ?

    ReplyDelete
  6. ‎>>>>>രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ നിന്ന് ആരും വരുമാനമോ ആദായമോ ഉണ്ടാക്കിക്കൂട. അതൊക്കെ സ്വന്തം നിലയില്‍ തൊഴില്‍ ചെയ്ത് ആര്‍ജ്ജിക്കേണ്ടതാണ്. രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ ആരും പെന്‍ഷനോ മറ്റാനുകൂല്യങ്ങളോ പറ്റിക്കൂട. നേതാവ് എന്ന സങ്കല്പം തന്നെ കാ‍ലഹരണപ്പെടേണ്ടതാണ്. സ്വയം നയിക്കപ്പെടാന്‍ ഓരോ പൌരനും പ്രാപ്തനാകേണ്ടതുണ്ട്. <<<

    ഈ സന്ദേശം പ്രചരിക്കട്ടെ .. മാഷിന്റെ രാഷ്ട്രീയ പാര്‍ട്ടി യില്‍ ചെരാതവരും ഈ ആശയം ജന ഹൃദയങ്ങളില്‍ എത്തിക്കട്ടെ .. കഴിയുന്ന മേഖലകളില്‍ പിന്തുണക്കാം ..(കാരണം ന്യൂനതകള്‍ ഇല്ലാത്ത രാഷ്ട്രീയ പാര്‍ട്ടി ഇല്ല എന്നത് കൊണ്ട് തന്നെ ..)

    വേണ്ടത് നിലവിലുള്ള രാഷ്ട്രീയ പാര്‍ട്ടി കളില്‍ ഒരു ശുദ്ധീകരനമാണ് .. രാജ്യത്തെ നിലവിലുള്ള ഭരണ ഘടനയുടെ അടിസ്ഥാനത്തില്‍ ഓരോ പാര്‍ട്ടി പ്രവര്‍ത്തകനും കൂടുതല്‍ പ്രബുദ്ധരാകണം ...

    ആശംസകള്‍ ...

    ReplyDelete
  7. ഓരോരുത്തരും അവനവനു പറ്റുന്ന വിധത്തില്‍ നാടിനു വേണ്ടി പ്രവര്‍ത്തിക്കട്ടെ...

    പുതിയ പാര്‍ട്ടി വളരെ നല്ലതാണ്...

    ഇടയ്ക്കു കമന്ടടിച്ചും പുറത്തു നടക്കുന്ന സമര പരിപാടികളെ പറ്റി അടച്ചിട്ട മുറിയില്‍ ഇരുന്നു കുയിന്തും കുന്നായ്മയും പറഞ്ഞിരുന്നും നേരം കളയുന്ന കുറച്ചു പേര്‍ക്ക് ആ ഇരിപ്പില്‍ നിന്നും എണീക്കാതെ തന്നെ ഈ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാം.

    ഒരു ദിവസം പോലും രാഷ്ട്രീയ പ്രവര്‍ത്തനം നടത്താത്ത വെറും പുളുവടിക്കാരായ കുറെ ആളുകള്‍ ഉണ്ട്.
    നാട്ടില്‍ നടക്കുന്നത് എന്താണെന്നറിയാത്ത അവര്‍ക്കും ഒരു പാര്‍ട്ടി വേണ്ടേ...??

    സ്വപ്ന ജീവികള്‍ക്ക് സലാം...!



    chEck out mY WorlD @

    http://kokkadandelokam.blogspot.in

    ReplyDelete
  8. ആശംസകള്‍.
    രാഷ്ട്രത്തിനുവേണ്ടി നിസ്വാര്‍ത്ഥ സേവനം
    അനുഷ്ടിച്ചവരെ ഓര്‍ത്തു പോകുന്നു
    ഈ അവസരത്തില്‍.,.

    ReplyDelete
  9. എല്ലാ ഭാവുകങ്ങളും നേരുന്നു മാഷേ:)

    ReplyDelete
  10. രാഷ്ട്രീയ പ്രവർത്തനം നടത്താൻ രാഷ്ട്രീയ പാർട്ടിതന്നെ വേണമെന്നില്ല. കോൺഗ്രസ്സ് പണ്ടൊരു രാഷ്ട്രീയ പാർട്ടിയല്ലായിരുന്നു. പക്ഷെ ആളുകൾ കോൺഗ്രസ്സിൽ നിന്ന് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തത് രാഷ്ട്രീയ പ്രവർത്തനമായിരുന്നു. ഇവിടെ ആധുനിക ജനാധിപത്യയുഗത്തിൽ രാഷ്ട്രീയപാർട്ടികൾ ജനാധിപത്യത്തെ ശക്തിപ്പെടുത്താനും നിലനിർത്താനുമുള്ള ഉപകരണങ്ങൾ എന്ന നിലയ്ക്കുകൂടി പ്രാധാന്യമർഹിക്കുന്നു. ഒരു സംഘടിത ശക്തിയായി നിന്ന് പരിശ്രമിക്കുമ്പോൾ കൂടുതൽ ഗുണം സമൂഹത്തിനു ണ്ടാകും. അല്ലെങ്കിൽ പിന്നെ എല്ലാവരും അവനവനിസംകൊണ്ട് ഒറ്റയ്ക്കൊറ്റയ്ക്ക് രാഷ്ട്രീയപ്രവർത്തനം നടത്തിയാൽ മതിയല്ലോ.ഇനി മാഷും കൂടി ഒരു പാർട്ടിയുണ്ടാക്കിയാൽ അതുംകൂടി ജനാധിപത്യത്തെ ശക്തിപ്പെടുത്തും. നിലവിലുള്ള പാർട്ടികളൊലൊന്നും സംതൃപ്തരല്ലാത്തവർക്ക് സ്വന്തം നിലയിൽ പാർട്ടി ഉണ്ടാക്കാവുന്നതേയുള്ളൂ.അപ്പോൾ ഒരു മാർക്സിസ്റ്റ് വിരുദ്ധപ്രസ്ഥാനം കൂടി വരുന്നു എന്നർത്ഥം. എന്നലും ഇനി മാഷുണ്ടാക്കുന്ന പാർട്ടിയ്ക്കും എന്റെ ആശംസകൾ!

    ReplyDelete
  11. നിലവിലുള്ള പാര്‍ട്ടികള്‍ക്കു് കാര്യമായ കുഴപ്പമുണ്ടായിട്ടായിരിക്കുമല്ലോ പുതിയ പാര്‍ട്ടി ഉണ്ടാക്കുന്നത് ? ഇന്നുള്ള പാര്‍ട്ടികളില്‍ ഏറ്റവും വമ്പന്‍ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സ്. നാളിതുവരെ സുകുമാര്‍ജി അതിന്റെ ശക്താനായ വക്താവുമായിരുന്നു . കോണ്‍ഗ്രസ്സിനെ ഉപേക്ഷിച്ച് പുതിയൊരു പാര്‍ട്ടിയുണ്ടാക്കുന്നയാള്‍ കോണ്‍ഗ്രസ്സിന്റെ കുഴപ്പങ്ങളെന്തൊക്കെയാണെന്നു് പറഞ്ഞാല്‍ കൊള്ളാം. സി.പി.എമ്മിനോടുള്ള താങ്കളുടെ കൊലവെറി കുറെ കേട്ടുകഴിഞ്ഞതാണു്. അതു കുറെയൊക്കെ ന്യായവുമായിരുന്നു. അപ്പോള്‍ സത്യസന്ധതയോടെ കോണ്‍ഗ്രസ്സിനെക്കുറിച്ചുകൂടി എന്തെങ്കിലും ചിലത് മൊഴിയൂ. അതിന്റെ ജനാധിപത്യത്തിനു് എന്തെങ്കിലും കുഴപ്പം ?????

    ReplyDelete
  12. സുകുമാരന്റെ പാര്‍ട്ടി ഇടതുപക്ഷത്തോ വലതു പക്ഷത്തോ?

    ReplyDelete
  13. @കാളിദാസന്‍ , ഇടത്‌ - വലത് എന്ന് പക്ഷഭേദങ്ങളോ വര്‍ഗ്ഗവൈരുദ്ധ്യങ്ങളോ ഒന്നും ഞാന്‍ അംഗീകരിക്കുന്നില്ല. മനുഷ്യവംശത്തെ ഞാന്‍ സമഗ്രമായി ഒറ്റ യൂനിറ്റായിട്ടാണ് കാണുന്നത്. മനുഷ്യന്റെ പ്രശ്നങ്ങള്‍ ഏറെക്കുറെ സമാനമാണ് എന്നും ഞാന്‍ കരുതുന്നു. സര്‍ക്കാര്‍ എന്ന സംവിധാനത്തെ ജനങ്ങളുടെ രക്ഷകനായിട്ടല്ല, മറിച്ച് ജനങ്ങള്‍ നല്‍കുന്ന നികുതിപ്പണം കൊണ്ട് നിലനില്‍ക്കുന്ന സാമൂഹ്യസംവിധാനമായിട്ടാണ് കാണുന്നത്. രാഷ്ട്രീയപ്രവര്‍ത്തനത്തെ സാമൂഹ്യസേവനപ്രവര്‍ത്തനമായും കാണുന്നു. സംഗതികള്‍ എല്ലാം ലളിതമാണ്. മനുഷ്യരുടെ രക്ഷാകര്‍ത്തൃത്വം ഏകപക്ഷീയമായി ഏറ്റെടുത്ത് എല്ലാം തങ്ങള്‍ തീരുമാനിക്കും എന്ന് കരുതുന്ന കമ്മ്യൂണിസ്റ്റുകള്‍ മാത്രമാണ് എന്റെ ശത്രുക്കള്‍, അവര്‍ മനുഷ്യരാശിയുടെയും ശത്രുക്കളാണ് എന്നും ഞാന്‍ കരുതുന്നു. കാരണം അവര്‍ ജനങ്ങളുടെ ഇച്ഛയും സ്വാതന്ത്ര്യവും കവര്‍ന്നെടുക്കുന്നു, എന്നിട്ട് ജനങ്ങളുടെ ഭാഗധേയം അവര്‍ തീരുമാനിക്കുന്നു. അത്തരമൊരു സാമൂഹ്യവ്യവസ്ഥിതിയില്‍ ജനിക്കാതിരിക്കുന്നതാണ് സര്‍ഗ്ഗാത്മകതയും ചിന്താശേഷിയുമുള്ള മര്‍ത്ഥ്യര്‍ക്ക് അനുചിതം എന്നും എനിക്ക് അഭിപ്രായമുണ്ട്. ചുരുക്കത്തില്‍ ഇതാണെന്റെ രാഷ്ട്രീയം.

    ReplyDelete
  14. :) നിസ്സഹായൻ സ്കോർ ചെയ്തു ;)

    ReplyDelete
  15. This comment has been removed by the author.

    ReplyDelete
  16. സിവില്‍ സമൂഹവും രാഷ്ട്രീയപ്പാര്‍ട്ടികളും എന്ന തലക്കെട്ടില്‍ അണ്ണാഹസാരെ പ്രസ്ഥാനത്തിന്റെ പതനത്തെ പറ്റി കെ.വേണു മാതൃഭൂമിയില്‍ എഴുതിയ ലേഖനത്തിന്റെ ലിങ്ക് Ananth മേലെ നല്‍കിയിരുന്നു. എന്ത്കൊണ്ടാണെന്നറിയില്ല ആ ലിങ്ക് അനന്ത് തന്നെ ഡിലീറ്റ് ചെയ്തതായും കാണുന്നു.

    ഞാന്‍ ആ ലേഖനം സശ്രദ്ധം വായിച്ചു. വേണുവിന്റെ അഭിപ്രായത്തോട് എനിക്ക് തികച്ചും യോജിപ്പാണ്. അണ്ണാടീം പരാജയപ്പെട്ടത് വെറും ലോക്‍പാല്‍ ബില്ലില്‍ ഊന്നിയത്കൊണ്ടും ഡല്‍ഹിയില്‍ മാത്രം ഒതുങ്ങിപ്പോയതിനാലും ആണെന്ന് ഞാന്‍ കരുതുന്നു. ഒരു സിവില്‍ പ്രസ്ഥാനം തന്നെയാണ് ഇന്ത്യയില്‍ ഉയര്‍ന്നു വരേണ്ടത്. അത് ഒരു പുതിയ രാ‍ഷ്ട്രീയപ്രസ്ഥാനത്തിന്റെ രൂപത്തില്‍ ആയാലും തെറ്റില്ല. എന്നാല്‍ പരമ്പരാഗത കക്ഷിരാഷ്ട്രീയത്തില്‍ നിന്ന് വ്യത്യസ്തമായിരിക്കണം ആ പാര്‍ട്ടി. നിലവിലെ ഒരു പാര്‍ട്ടിയെയും ശത്രുവായി കണ്ട് എല്ലാറ്റിനെയും തകര്‍ക്കാനല്ല, മറിച്ച് എല്ലാ പാര്‍ട്ടികളെയും ശുദ്ധീകരിക്കാനും നമ്മുടെ ജനാധിപത്യസമ്പ്രദായത്തെയും പാര്‍ലമെന്റിനെയും ശക്തിപ്പെടുത്താനും ആയിരിക്കണം പുതിയ പാര്‍ട്ടി ശ്രമിക്കേണ്ടത്.

    നിലവിലെ അനുഷ്ടാന സമരങ്ങള്‍ ഒന്നും പിന്‍‌പറ്റരുത്. ജനങ്ങളെ ഭിന്നിപ്പിക്കരുത്, വോട്ട് ബാങ്കായി വീതം വെക്കരുത്. ഒരു പക്ഷെ സിവില്‍ സമൂഹം കരുത്താര്‍ജ്ജിക്കുകയും മറ്റ് പാര്‍ട്ടികള്‍ ശുദ്ധീകരിക്കപ്പെടുകയും ചെയ്യുകയാണെങ്കില്‍ അത് തന്നെയായിരിക്കും ആ പാര്‍ട്ടിയുടെ ദൌത്യം. പാര്‍ട്ടിക്ക് വേണ്ടി പാര്‍ട്ടിയല്ല, കാര്യങ്ങള്‍ നേരെയാവുക എന്നതാണ് പ്രശ്നം. വേണുവിന്റെ ലേഖനം എല്ലാവരും വായിച്ചെങ്കില്‍ എന്ന് ആശിച്ചു പോവുകയാണ്. പ്രവര്‍ത്തിക്കാന്‍ കുറച്ചു ആളുണ്ടെങ്കില്‍ ഞാന്‍ വിഭാവനം ചെയ്ത പ്രസ്ഥാനം ലക്ഷ്യം കാണുമെന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല. പക്ഷെ കുറച്ചു പേരെ എങ്ങനെ കണ്ടെത്തും?

    http://epaper.mathrubhumi.com/epaperstory_77111-14857119-9/6/2012-.aspx

    ReplyDelete
  17. താങ്കളുടെ ഈ നല്ല ആശയത്തോട് പ്രതികരിക്കാന്‍ പ്രവര്‍ത്തിക്കാന്‍ പുണ്യവാളന്‍ തയ്യാര്‍

    ReplyDelete