Pages

ചുരുങ്ങുന്ന ലോകവും ചുരുങ്ങിയ മനസ്സുകളും


ആര്‍ഷഭാരതക്കാരായ ബി.ജെ.പി.ക്കാരും സര്‍വ്വരാജ്യതൊഴിലാളരായ മാര്‍ക്സിസ്റ്റുകളും ഇനിയും മനസ്സിലാക്കാത്ത ഒരു സമകാലിക സത്യമുണ്ട്, ലോകത്ത് രാജ്യങ്ങള്‍ തമ്മിലുള്ള അതിരുകള്‍ കേവലം സാങ്കേതികം മാത്രമാണ് എന്നതാണത്. ബാക്കി എല്ലാ അര്‍ത്ഥത്തിലും ലോകം ഒരു ഗ്രാമമായി ചുരുങ്ങിയിരിക്കുന്നു. ആ ഗ്രാ‍മത്തിലെ വാര്‍ഡുകള്‍ മാത്രമാണിന്ന് രാജ്യങ്ങള്‍. അത്കൊണ്ട് സ്വദേശി-വിദേശി എന്നു പറയുന്നതില്‍ അര്‍ത്ഥമില്ല. മൂലധനവും ചരക്കുകളും എല്ലാം ലോകം മൊത്തം ഒരു വിപണിയില്‍ എന്നപോലെ അങ്ങോട്ടും ഇങ്ങോട്ടും ഒഴുകും. അതൊന്നും ആര്‍ക്കും തടയാന്‍ പറ്റില്ല. മനുഷ്യരാശിയുടെ വികാസത്തിന്റെ ആശാവഹമായൊരു പരിണാമമാണിത്.

പണ്ടത്തെ പോലെ കോളനിവല്‍ക്കരണത്തിനോ സാമ്രാജ്യവികസനത്തിനോ ഇനി ചാന്‍സില്ല. അതൊക്കെ പറഞ്ഞ് ആരെയും പേടിപ്പിക്കണ്ട. ആഗോള പൌരത്വത്തിലേക്കുള്ള അനിവാര്യമായ സഞ്ചാരമാണിത്. ഈ യാത്രയില്‍ മനുഷ്യന്‍ ഇനി കോളനിയാക്കാന്‍ പോകുന്നത് സൌരയൂഥത്തിലെ അന്യഗ്രഹങ്ങളാണ്.

മമത ബാനര്‍ജി യു.പി.എ. വിട്ടത് ഇപ്പോള്‍ പറഞ്ഞുകേള്‍ക്കുന്ന നിസ്സാര കാരണങ്ങള്‍ കൊണ്ടല്ല. അതിനു അവരുടേതായ വ്യക്തിപരമായ കാരണങ്ങളുണ്ട്. ജയലളിതയെ പോലെ ചില അനുഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ മമതയും പാഠം പഠിച്ചോളും. ഇപ്പോള്‍ തമിഴ്‌നാട്ടില്‍ രാഷ്ട്രീയ വിവാദങ്ങളില്ല. ജയലളിത പക്വത ആര്‍ജ്ജിച്ചിര്‍ക്കുന്നു.

മമത ഒഴിഞ്ഞുപോയത്കൊണ്ട് കോണ്‍ഗ്രസ്സിനും പ്രധാനമന്ത്രിക്കും കൈവന്ന ഭാഗ്യം ചില്ലറയല്ല. ഇനി ശേഷിക്കുന്ന ഭരണകാ‍ലം യു.പി.ഏ.ക്ക് ശല്യമില്ലാതെ ഭരിക്കാം. ആണവക്കരാറില്‍ തട്ടി ഇടത്പക്ഷം പിന്തുണ പിന്‍‌വലിച്ചപ്പോള്‍ ലഭിച്ച സുവര്‍ണ്ണാവസരം മമത തട്ടിപ്പറിക്കുകയായിരുന്നു. അതാണിപ്പോള്‍ തിരിച്ചു കിട്ടിയത്. ഇനി സാമ്പത്തിക പരിഷ്ക്കരണങ്ങളുമായി മന്‍‌മോഹന്‍ സിങ്ങിന് സധൈര്യം മുന്നോട്ട് പോകാം. 1991ലെ പരിഷ്ക്കരണങ്ങളോടുകൂടി ലക്ഷക്കണക്കിന് യുവാക്കള്‍ക്കാണ് ഐ.ടി. , ഓട്ടോമൊബൈല്‍ രംഗങ്ങളില്‍ തൊഴില്‍ കിട്ടിയത്.

ഇനി റിട്ടെയില്‍ മേഖലയില്‍ വിദേശനിക്ഷേപം വരുന്നതോടുകൂടി കാര്‍ഷികോല്പാദന- വിതരണ മേഖലയില്‍ നിരവധി തൊഴിലവസരങ്ങളാണ് വരാന്‍ പോകുന്നത്. അടുത്ത തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന 2014ഓടുകൂടി ജനങ്ങള്‍ ഇതിന്റെ ഗുണഫലങ്ങള്‍ക്ക് സാക്ഷിയാകും. എന്തിനെയും എതിര്‍ക്കുന്ന പ്രതിപക്ഷങ്ങള്‍ അപ്പോള്‍ ഇളിഭ്യരാകും.

പ്രധാനമന്ത്രി പറഞ്ഞ ഒരു വാചകം എല്ലാവരും ഓര്‍ക്കേണ്ടതാണ്, ലോകത്ത് ഒരു സര്‍ക്കാരും സാധാ‍രണക്കാരെ ഉപദ്രവിക്കാന്‍ നയങ്ങള്‍ രൂപീകരിക്കുകയില്ല.

8 comments:

  1. മേല്പറഞ്ഞ കാര്യങ്ങള്‍ അക്ഷരം പ്രതി ശരി തന്നെ . പക്ഷെ ഇന്ത്യയില്‍ ഈ ഉദാരത നയത്തിന്റെ ഗുണഫലം കിട്ടാതിരിക്കാന്‍ വേണ്ട ഒട്ടനവതി ഘടകങ്ങള്‍ ഉണ്ട് . കോണ്‍ഗ്രെസ്സിലെയും ബി ജെ പി യിലെയും ഉന്നത നേതാക്കള്‍ ഈ പ്രശനം കണ്ടില്ലെന്നു നടിക്കുന്നു അല്ലെങ്കില്‍ തങ്ങളുടെ നിലനില്പിന് അത്തരം പ്രശ്നങ്ങള്‍ നിലനില്‍ക്കണം എന്ന് ആഗ്രഹിക്കുന്നു. സ്വകര്യ സ്വോത്തവകാശം കൊണ്ട് വരേണ്ടത് ഏറ്റവും ആദ്യം ചെയ്യേണ്ട കാര്യമാണ് അതുപോലെ എല്ലാം വ്യാപാര സേവന മേഘലകളില്‍ നിന്ന് സര്‍ക്കാര്‍ വിട്ടു നില്‍ക്കണം. നികുതി പിരിവു കുറച്ചു കൊണ്ട് വരന്‍ ഇത് അത്യന്താപേക്ഷിതം ആണ് . നികുതി പിരിവു തികച്ചും കോടതി, നിയമ പരിപാലന വ്യവസ്ഥ , രാജ്യത്തിന്‍റെ സുരക്ഷ എന്നിവയ്ക്ക് മാത്രം വേണ്ടി ആയിരിക്കണം . കോടതി , നിയമ പരിപാലന വ്യവസ്ഥ എന്നിവ പണ ദൌര്‍ലഭ്യം കാരണം ഏറ്റവും പരിതാപകരമായ അവസ്ഥയില്‍ ആണ് ഉള്ളത് അതിനെ ആദ്യം ശക്തിപെടുത്തണം. അങ്ങനെ വന്നാല്‍ മാത്രമേ സ്വകാര്യ സംരഭകരെ നിലക്ക് നിര്‍ത്തി പൊതുജനങ്ങള്‍ക്കു പ്രയോജന പ്രതമായ നിലക്ക് പ്രവര്‍ത്തിക്കാന്‍ അവരെ പ്രേരിപ്പിക്കാന്‍ പറ്റുക ഉള്ളു . എല്ലാ വിത ലൈസെന്‍സ് സംബ്രധയവും എടുത്തു കളയുക പകരം ഓരോ സെരവിസിനും, ഉധ്പന്നതിനും standard നിശ്ചയിക്കുക. സ്ടാണ്ടര്‍ഡില്‍ വ്യതിയാനം ഉണ്ടായാല്‍ വ്യക്തിക്ക് നഷ്ടപരിഹാരം ഉടന്‍ തന്നെ കിട്ടാന്‍ ഉള്ള കുറ്റ മറ്റ പബ്ലിക്‌ ഗ്രെവന്‍സ് സെല്‍ തുടങ്ങുക. അത് ധാരാളം എല്ലാം വളരെ ഭംഗിയായി നടക്കും.. വികസന രാജ്യങ്ങളില്‍ സെര്വിസിലും ഉത്തപ്പന്നതിലും ഗുണ നിലവാരത്തില്‍ വീഴ്ച വന്നാല്‍ വ്യക്തിക്ക് നല്ലൊരു നഷ്ടപരിഹാരത്തിന് പുറമേ സാധനത്തിനെ മൂന്നിരട്ടി കാശും ഇടക്കാന്‍ പറ്റും . ഇത് മതി ഇവിടെ ഒരു ജന ലോക്പല്‍ ബില്ലും വേണ്ട അഴിമതി നിര്‍മാര്‍ജനം ചെയ്യാന്‍.ഇത്തരം നടപടികള്‍ ഇല്ലാതെ ഉള്ള ഒരു ഉദാരത നയം ഒത്തിരി ദോഷം ചെയ്യും . അതാണ് ഇവിടെ ഇന്ന് കാണുന്നത് ... ഏതായാലും ഒന്നും ചെയ്യതിരിക്കുന്നതില്‍ ഭേദമാണ് ഇത്തരം നടപടി എന്ന് സമാധാനിക്കാം അത്ര മാത്രം .. ഇത് വെറും 1 % മാത്രം ഇനി 99 % നടപടികള്‍ വേണം ഇവിടുത്തെ പ്രശ്നം പരിഹരിക്ക പെടാന്‍ . അത് ഇന്നത്തെ രാഷ്ട്രീയ നേതൃത്വം അനുവദിക്കാന്‍ സധ്യത ഇല്ല.

    ReplyDelete
  2. തൊഴില്‍ ഉറപ്പു പദ്ധതി,ഭകഷ്യ സുരക്ഷ പദ്ധതി,പതിനാല് വയസ്സ് വരെ കുട്ടികള്‍ക്ക് സൌജന്യ വിദ്യാഭ്യാസം, രാജ്യത്തിന്‍റെ അടിസ്ഥാന മേഖലയിലെ റോഡു,റയില്‍വേ,തുടങ്ങിയ മേഘലയിലെ മുതല്‍മുടക്ക്....വീട് വക്കാന്‍ ഉള്ള സ്ഥലം പൌരന്റെ അവകാശം ആവുന്നു..ന്യൂനപക്ഷങ്ങളെ വാരിക്കോരി സഹായിക്കുന്നു...ഇതിനൊക്കെ പണം എവിടെ നിന്ന് കിട്ടും?.എല്ലാം സര്‍ക്കാരില്‍ നിന്ന് വെറുതെ കിട്ടണം എന്ന് പഠിപ്പിക്കുന്ന രാഷ്ട്രീയം ആണ് പ്രശ്നം. ചില്ലറ വില്പന മേഖലയിലെ പുതിയ മാറ്റം കൃഷിക്കാര്‍ക്കും,ഉപഭാക്തവിനും വളരെ ഏറെ ഗുണം ചെയ്യും,ചെറുകിട കച്ചവടക്കാരന്റെ ചൂഷണവും,ഗുണ നിലവാരം ഇല്ലാത്ത ഉത്പന്ന ക്രയ വിക്രയവും നിലക്കും.കര്‍ഷകന് ഉത്പന്നത്തിന് വില ലഭിക്കും.
    ദുബായ് രാജ്യത്ത് പ്രധാന റോഡില്‍ സര്‍ക്കാര്‍ ടോള്‍ എര്പെടുതിയിട്ടുണ്ട്.ഒരു തവണ കടന്നു പോകുമ്പോള്‍ നാലു ദിര്‍ഹം.(സ്ഥലത്തെ പെട്രോള്‍ വിലയുടെ രണ്ടും നാലും ഇരട്ടി.).നല്ല സേവനം ലഭിക്കുകയാണെങ്കില്‍ എന്ത് കൊണ്ട് നമ്മുടെ നാട്ടില്‍ ആയിക്കൂടാ ......അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട് എന്ന് വച്ച് എന്തും വിളിച്ചു പറഞ്ഞു കൂടാ........അഴിമതികള്‍ നടക്കുന്നത് സര്‍ക്കാരിന്റെ പൊറുക്കാനാവാത്ത പിടിപ്പുകേട് ആണ് എന്നതില്‍ സംശയം ഇല്ല.1991 - ലെ സാമ്പത്തിക പരിഷ്കരണം തുടങ്ങിയ ശേഷം ആണ് സാധാരണ ഇന്ത്യക്കാരന്‍ ഉണര്‍ന്നു തുടങ്ങിയത്.അതുവരെ സര്‍ക്കാരിന്റെ ഔദാര്യവും,സര്‍ക്കാര്‍ ജീവനക്കാരുടെ ആട്ടും തുപ്പും കേട്ട് ഒരു ഭിക്ഷക്കാരനെ പോലെ തല കുനിക്കുന്നവന്‍ ആയിരുന്നു.ഓരോ ഇന്ത്യന്‍ പൌരനും ഒരു സംരംഭകന്‍ ആയി മാറുമ്പോള്‍ നാടിന്‍റെ മുഖചായ തന്നെ മാറുന്നു .സാമ്പത്തിക ഉദര വല്‍കരണം നടക്കുമ്പോള്‍ പറഞ്ഞിരുന്നത് പാശ്ചാത്യ ഉല്പന്നം നാട്ടില്‍ നിറയും എന്നാണ്.തുടക്കത്തില്‍ അങ്ങിനെ ആയിരുന്നു എങ്കിലും ഇരുപതു വര്‍ഷങ്ങള്‍ക്കു ഇപ്പുറം നോക്കുമ്പോള്‍ ലോകത്തിലെ പല കമ്പനികളും ഇന്ത്യന്‍ കമ്പനികളില്‍ ലയിക്കുന്ന കാഴ്ച ആണ്.ഇന്ത്യന്‍ കമ്പനികളോട് മത്സരിക്കാന്‍ കഴിയാതെ പലരും തിരിച്ചു പോയി.ചില്ലറ വിലപനയിലും മറ്റൊന്നല്ല സംഭവിക്കുക. കാര്‍ഷിക ഉത്പാദനം കൂട്ടാനും,കൂടുതല്‍ നാളുകള്‍ സംഭരിച്ചു വക്കാനും,ഗുണ മേന്മയുള്ളത് ഉത്പാദിപ്പിക്കാനും,വിതരണ സംവിധാനം കുറ്റമറ്റതാക്കാനും ഇന്ത്യ ക്കാരന്‍ പഠിക്കുകയാണ്.ഇരുന്നിടത്ത് നിന്ന് ഒന്ന് മാറി ഇരിക്കാന്‍ ആര്‍ക്കും ഒരു വിഷമം ആണ്.പക്ഷെ മാറി ഇരുന്നെ മതിയാവൂ......അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ ജീ ഡീ പീ പത്ത് ഇരട്ടി ആയി വളരുന്നത്‌ നമുക്ക് സ്വപ്നം കാണാം....

    ReplyDelete
  3. ദേശാഭിമാനി വായിക്കുമ്പോള്‍ പാര്‍ട്ടി വിശ്വാസി അല്ലാത്ത ആളുകള്‍ക്ക് തോന്നുന്ന ഒരു അരോചകത്വം ഇന്നിപ്പോള്‍ താങ്കളുടെ ബ്ലോഗ്‌ വായിക്കുന്ന പ്രത്യേകിച്ച് രാഷ്ട്രീയ ആഭിമുഖ്യം ഒന്നുമില്ലാത്ത ഒരു സാധാരണക്കാരന് അനുഭവപ്പെടുന്നു എന്ന യാഥാര്‍ത്ഥ്യം ഇവിടെ വന്നു പറയുന്നതിന് ഒരു ഔചിത്യമില്ലായ്മ ഉണ്ട് എന്നാലും അത് പറയുന്നതിലെ ആത്മാര്‍ഥത മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു

    ഇവിടെ എഴുതിയിരിക്കുന്ന കാര്യങ്ങള്‍ താങ്കള്‍ ശരിയെന്നു വിശ്വസിക്കുന്ന കാര്യങ്ങളാണ് അതുമായി യോജിക്കാത്തവര്‍ വായിക്കാതിരിക്കുക അല്ലെങ്കില്‍ വായിക്കണമെന്ന് നിര്‍ബന്ധമുള്ളവര്‍ അവര്‍ തെറ്റാണെന്ന് കരുതുന്ന കാര്യങ്ങള്‍ കാര്യകാരണസഹിതം ചൂണ്ടിക്കാട്ടി തിരുത്തുവാന്‍ ശ്രമിക്കുക എന്നൊക്കെ ആണല്ലോ ഉചിതമായ കാര്യങ്ങള്‍ .......എന്നാലിവിടെ സംഭവിച്ചിരിക്കുന്നത് എന്തെങ്കിലും യുക്തിഭദ്രമായ ചര്‍ച്ചക്ക് വഴിയില്ലാത്തവിധത്തില്‍ താങ്കള്‍ കൊണ്ഗ്രസ്സു പാര്‍ട്ടിയോട് വിധേയത്വം കാണിക്കുന്ന നിലപാടുകള്‍ എടുക്കുമ്പോള്‍ തെറ്റുകള്‍ ചൂണ്ടി കാണിക്കുവാന്‍ ശ്രമിക്കുന്നത് ഒരു വ്യര്‍ത്ഥ വ്യായാമം ആണെന്ന് തിരിച്ചറിയുന്നു ...... താങ്കളുടെ നിലപാടുകള്‍ ഇപ്പോള്‍ മതവിശ്വാസം പോലെ ഒന്നായി മാറിയിരിക്കുന്നു അവനവന്റെ മതക്കാര്‍ എന്തൊക്കെ കൊള്ളരുതായ്മകള്‍ കാട്ടിയാലും തീവ്ര വിശ്വാസി അതൊന്നും കാര്യമായിട്ടെടുക്കുക ഇല്ല അന്യമതക്കാര്‍ ചെയ്യുന്ന തെറ്റുകള്‍ പര്‍വതീകരിക്കുകയും ചെയ്യും .....

    എന്റെ വിശ്വാസം നമ്മുടെ നാട്ടിലെ ഭൂരിപക്ഷം ആളുകളും ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്ക് തങ്ങളുടെ ചിന്താശേഷി പണയപ്പെടുത്തിയിട്ടില്ലാത്തവര്‍ ആണെന്നാണ്‌ അതുകൊണ്ടാവും ഓരോ തിരഞ്ഞെടുപ്പിലും ഭരണമാറ്റം ഉണ്ടാവുന്നത് .....അങ്ങിനെ സ്ഥിരമായി ഒരു പ്രത്യയശാസ്ത്രത്തിലും വിശ്വാസം ഇല്ലാത്ത ഓരോ കാര്യങ്ങളെയും അവയുടെ ന്യായാന്യായ ങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തുന്ന , സമൂഹത്തിലെ ബഹുഭൂരിപക്ഷം ആളുകളില്‍ ഒരുവന്‍ എന്ന നിലയിലുള്ള എന്റെ അഭ്പ്രായം ഇതാണ് .....ഇനി എന്റെ ഈ കമന്റു ഡിലീറ്റ് ചെയ്യുകയോ അതിന്റെ അന്തസത്ത ഉള്‍കൊണ്ട് ഒരു ആത്മ പരിശോധന നടത്തുകയോ - ഏതാണ് യുക്തം എന്ന് താങ്കള്‍ തീരുമാനിക്കുക !

    ReplyDelete
  4. @Ananth, എന്റെ രാഷ്ട്രീയം ഞാന്‍ പല പോസ്റ്റുകളിലായി വിശദീകരിച്ചിട്ടുള്ളതാണ്. ഒന്നാമത്, രാജ്യത്ത് ഒന്നില്‍ അധികം പാര്‍ട്ടികള്‍ കൂടിയേ തീരൂ എന്ന് വിശ്വസിക്കുന്ന ഒരു ജനാധിപത്യവാദിയാണ് ഞാന്‍. എന്തെന്നാല്‍ ഒന്നിലധികം പാര്‍ട്ടികള്‍ ഇല്ലെങ്കില്‍ ജനാധിപത്യം പ്രായോഗികമായി ഇം‌പ്ലിമെന്റ് ചെയ്യാന്‍ കഴിയില്ല. അത്കൊണ്ട് ഒരു പാര്‍ട്ടിയില്‍ വിശ്വസിച്ചാലും എന്റെ പാര്‍ട്ടി മാത്രം മതി എന്നു ഞാന്‍ കരുതുകയില്ല. അങ്ങനെ കരുതുന്നത് ഫാസിസ്റ്റ് മനോഭാ‍വമാണ്.

    മറ്റൊന്ന്, രാഷ്ട്രീയത്തോടോ രാഷ്ട്രീയപാര്‍ട്ടികളോടോ ആഭിമുഖ്യം ഉണ്ടാകേണ്ടത് ജനാധിപത്യവ്യവസ്ഥിതിയില്‍ പൌരബോധത്തിന്റെ അടിസ്ഥാനമാണെന്ന് ഞാന്‍ കരുതുന്നു. ശരിക്ക് പറഞ്ഞാല്‍ ജനാധിപത്യം പുഷ്ടിപ്പെടാന്‍ രാഷ്ട്രീയപാര്‍ട്ടികളും രാഷ്ട്രീയപ്രവര്‍ത്തകരും സ്വതന്ത്രരായ സിവില്‍ സമൂഹവുമാണ് വേണ്ടത്. അതായത് പൌരന്മാ‍ര്‍ക്ക് കകക്ഷിരാഷ്ട്രീയ വിധേയത്വമോ വിശ്വാസമോ വേണ്ട. അവര്‍ പെര്‍ഫോമന്‍സ് നോക്കി പാര്‍ട്ടികള്‍ക്ക് പിന്തുണ നല്‍കുകയോ വോട്ട് ചെയ്യുകയോ ചെയ്യട്ടെ. വോട്ട് നിര്‍ബ്ബന്ധമായും ചെയ്തിരിക്കണം.

    ഞാന്‍ കോണ്‍ഗ്രസ്സിനെ അനുകൂലിക്കാന്‍ എന്റേതായ കാരണങ്ങള്‍ ഉണ്ട്. പ്രധാനമായ കാരണം, കോണ്‍ഗ്രസ്സിനേക്കാളും എനിക്ക് യോജിക്കാവുന്ന പാര്‍ട്ടി വേറെ ഇല്ല എന്നത്കൊണ്ടാണ്. അതേ സമയം ഞാന്‍ കോണ്‍ഗ്രസ്സില്‍ അംഗമോ പ്രവര്‍ത്തകനോ അല്ല. കാരണം കോണ്‍ഗ്രസ്സില്‍ ചേര്‍ന്നാല്‍ അവരുടെ സംഘടനാരീതിയുമായി എനിക്ക് യോജിക്കാന്‍ കഴിയില്ല എന്നത് തന്നെ.

    കോണ്‍ഗ്രസ്സിന് വേണ്ടി എഴുതിക്കൊണ്ടിരിക്കാന്‍ കാരണം, രാജ്യത്തെ രാഷ്ട്രീയവിവാദങ്ങള്‍ വെറുതെ കക്ഷിരാഷ്ട്രീയം നിമിത്തം പുകമറ ഉണ്ടാക്കുന്നു എന്നത്കൊണ്ടാണ്. യാഥാര്‍ഥ്യങ്ങളോ വസ്തുനിഷ്ടമായ കാര്യങ്ങളോ അല്ല രാഷ്ട്രീയത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. കോണ്‍ഗ്രസ്സിനെതിരെ മറ്റ് പാര്‍ട്ടികള്‍ ആരോപണങ്ങള്‍ അതിശയോക്തിപരവും പര്‍വ്വതീകരിച്ചും ഉന്നയിച്ച് കോലാഹലം സൃഷ്ടിക്കുമ്പോള്‍ കോണ്‍ഗ്രസ്സിന്റെ ഭാഗത്തുള്ള ശരികള്‍ ഞാന്‍ കാണുന്നു.

    സി.എ.ജി.പോലും കോണ്‍ഗ്രസ്സിനെതിരെ രാഷ്ട്രീയം കളിക്കുന്നു എന്ന് ഞാന്‍ മനസ്സിലാക്കുന്നു. അത് ബി.ജെ.പി.ക്ക് വേണ്ടിയാണെന്നും എനിക്ക് അഭിപ്രായമുണ്ട്. 2ജിയും കല്‍ക്കരി പാടങ്ങളും ലേലം ചെയ്യാത്തത്കൊണ്ട് സര്‍ക്കാരിന് നഷ്ടമുണ്ടായി എന്നാണ് സി.എ.ജി.യുടെ വാദം. സര്‍ക്കാര്‍ ലേലം ചെയ്ത് ലാഭം ഉണ്ടാക്കണം എന്ന് സി.എ.ജി. എന്ന ഉദ്യോഗസ്ഥന് സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കാന്‍ അവകാശമില്ല. ലേലം ചെയ്തില്ലെങ്കില്‍ അത് നഷ്ടമാണ് എന്ന് സി.എ.ജി. കണക്ക് അവതരിപ്പിക്കാ‍നും അവകാശമില്ല. ഉള്ള കണക്ക് ഓഡിറ്റ് ചെയ്യല്‍ മാത്രമാണ് സി.എ.ജി.യുടെ പണി. ലേലം ചെയ്ത് വരുമാനം ഉണ്ടാക്കണോ അതോ ഉപഭോഗം പ്രചോദിപ്പിച്ച് അനുസ്യൂതമായി ലഭിക്കുന്ന നികുതിയിലൂടെ വരുമാനം കൂട്ടണോ എന്നത് സര്‍ക്കാര്‍ നയപരമായി തീരുമാനിക്കേണ്ട കാര്യമാണ്. എന്നാല്‍ കോണ്‍ഗ്രസ്സ് വിരോധത്തില്‍ സങ്കുചിതരാഷ്ട്രീയം പയറ്റുന്നവര്‍ ഇതൊന്നും ചിന്തിക്കുന്നില്ല,

    രാജ്യം ഭരിക്കുന്ന ജനാധിപത്യ സര്‍ക്കാരിനെ , അതേത് പാര്‍ട്ടി നേതൃത്വം നല്‍കുന്നതായാലും നൂറ് ശതമാനം അവിശ്വസിക്കുകയും എപ്പോഴും ശത്രുതാപരമായി കാണുകയും ചെയ്യുന്നതെല്ലാം തെറ്റും ജനദ്രോഹവുമായി വിമര്‍ശിക്കുകയും ചെയ്യുന്ന രാഷ്ട്രീയശൈലിയാണ് ഇവിടെ കാണുന്നത്. അത് ജനാധിപത്യ വിരുദ്ധ മനോഭാവമാണ്. നാളിത് വരെയുള്ള കോണ്‍ഗ്രസ്സിന്റെ ഭരണം കൊണ്ട് രാജ്യത്തിന് ഒരുപാട് ഗുണങ്ങള്‍ ഉണ്ടായതായി ഞാന്‍ മനസ്സിലാക്കുന്നു. നിലവിലുള്ള ഇന്ത്യന്‍ പാര്‍ട്ടികളില്‍ ഇത്രയും വിശ്വസിക്കാവുന്ന മറ്റൊരു പാര്‍ട്ടിയെയും ഞാന്‍ കാണുന്നില്ല.

    ഇങ്ങനെയൊക്കെ ആണെങ്കിലും ഞാന്‍ ഒരു പാര്‍ട്ടി ഉണ്ടാക്കുകയോ അല്ലെങ്കില്‍ ഒന്നില്‍ ചേരുകയോ ആണെങ്കില്‍ അത് വ്യത്യസ്തമായൊരു പാര്‍ട്ടിയായിരിക്കും. അത് സംഭവ്യമാകണമെന്നില്ലാലോ. അത്കൊണ്ട് നിലവിലെ രാഷ്ട്രീയപാര്‍ട്ടികളെയെല്ലാം വിലയിരുത്തുമ്പോള്‍ എനിക്ക് കോണ്‍ഗ്രസ്സിനെ പിന്തുണച്ചേ മതിയാകൂ :)

    ReplyDelete
  5. "ഇനി റിട്ടെയില്‍ മേഖലയില്‍ വിദേശനിക്ഷേപം വരുന്നതോടുകൂടി കാര്‍ഷികോല്പാദന- വിതരണ മേഖലയില്‍ നിരവധി തൊഴിലവസരങ്ങളാണ് വരാന്‍ പോകുന്നത്."

    :((((

    പറ്റുമെങ്കിൽ ഇത് വായിച്ച് നോക്കുക... New Study: Wal-Mart Means Fewer Jobs, Less Small Businesses, More Burden on Taxpayers [http://pubadvocate.nyc.gov/news/2011-01-11/new-study-wal-mart-means-fewer-jobs-less-small-businesses-more-burden-taxpayers]

    സ്വന്തം ഇമേയ്ജ് മാത്രം നോക്കുന്ന ഒരു സാദാ വ്യക്തിയാണു മന്മോഹനെന്ന് അദ്ദേഹത്തിന്റെ രാജ്യത്തോട് ചെയ്ത പ്രസംഗം വിളിച്ച് പറയുന്നു...

    പണക്കാരായ എസ്.യു.വി. ഉടമകളെ ശിക്ഷിക്കുവാൻ ഡീസിലിനു വില കൂട്ടി പോലും. ഡീസിൽ വില സാധാരണക്കാരനെ ബാധിക്കുന്നതെങ്ങിനെ എന്ന് അറിയാത്ത സാമ്പത്തിക ജ്ഞാനിയാണോ മന്മോഹൻ!!

    മണെണ്ണയ്ക്ക് വില കൂട്ടിയില്ല പോലും. ഗ്യാസിന്റെ എണ്ണം കുറച്ചു എന്ന വാർത്ത വരുന്നതിനു മുൻപ് തന്നെ വിപണിയിൽ മണെണ്ണയുടെ വില കൂടിയത് കാണുവാനുള്ള കാഴ്ചയില്ലാത്ത ആളാണോ നമ്മുടെ പ്രധാനമന്ത്രി!!

    റീട്ടെയിൽ ഭീമന്മാർ വന്നാൽ ഒന്നും സംഭവിക്കില്ല എന്ന് പറയുന്ന മന്മോഹൻ എന്ത് കൊണ്ട് അമേരിക്കയിൽ റീട്ടെയിൽ ഭീമന്മാർക്കെതിരെ ലോക്കൽ കർഷകരും ഉൽ‌പ്പാദകരും തങ്ങളെ ജീവിക്കുവാൻ അനുവദിക്കൂ എന്ന് പറഞ്ഞ് സമരവുമായി രംഗത്തിറങ്ങുന്നു എന്ന് കാണാതെ പോകുന്നത് മനപൂർവ്വമാണോ!!

    അമേരിക്കയിൽ നടത്തിയ പഠനങ്ങളിൽ റീട്ടെയിൽ ഭീമന്മാർ വരുമ്പോൾ ലോക്കൽ ലെവലിൽ 3 പേർക്ക് ജോലി നഷ്ടപ്പെടുമ്പോൾ ഭീമന്മാർ 2 പേർക്ക് ജോലി കൊടുക്കും അതും തുഛമായ കൂലി. റീട്ടെയിൽ ഭീമന്മാർ വരുന്നതോടെ ലോക്കൽ ദാരിദ്ര്യം കൂടുന്നു എന്നും അമേരിക്കയിൽ പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

    ഇതെല്ലാം നടക്കുമ്പോഴാണു റീട്ടെയിൽ ഭീമന്മാരുടെ കടയിൽ ബില്ലടിച്ച് കൊടുക്കുന്ന വമ്പൻ ജോലി അവസരം സ്വപ്നം കണ്ട് കെ.പി.എസ്സ്. യുവജനങ്ങളെ വഴിയാധാരമാക്കുവാൻ മന്മോഹനു കുട പിടിച്ച് കൊടുക്കുന്നത് :(

    ReplyDelete
  6. ഒരു ജനാദിപത്യ സോഷ്യലിസ്റ്റ് രാജ്യത്ത് സര്‍ക്കാരിന്റെ ചുമതല രാജ്യത്ത് അവസര സമത്വം (Equality of opportunity) സംജാതമാക്കുക എന്നതാണ്. അതിനായി Sureshan Payyaratta പറഞ്ഞത് പോലെ കോടതി, നിയമ പരിപാലന വ്യവസ്ഥ , രാജ്യത്തിന്റെ സുരക്ഷ എന്നിവ ഗവഴ്മെന്റ്റിന്റെ ചുമതലയാണ്. അതിനുപുറമെ സൗജന്യ വിദ്ധ്യാഭ്യാസവും (from primary to graduation level to equip an individual to find a job according to his full potential) ആരോഗ്യ പരിപാലനവും, ജീവിക്കാനാവശ്യമായ അടിസ്താന സാഹചര്യവും അവസര സമത്വത്തിനായി ഉറപ്പുവരുത്തേണ്ടതുണ്ട്. ഈയൊരു ലക്ഷ്യം അടിസ്താനമാക്കിയാവണം രാജ്യത്തിന്റെ നയങ്ങള്‍ രൂപീകരിക്കേണ്ടത്. എല്ലാ വിധ സോഷ്യല്‍ മാനദണങ്ങളിലും മുഞ്ഞിട്ടു നില്‍ക്കുന്ന സ്കാണ്ടനേവിയന്‍ രാജ്യങ്ങള്‍ ഈയൊരു കാഴ്ചപ്പാടിലദിഷ്ടിതമാണ്. ഇതിനപ്പുറമുള്ള കാര്യങ്ങളില്‍ ഗവര്‍മെന്റ് ഒരു regulator എന്നതിനപ്പുറം അധികം ഇടപെടാതിരിക്കുന്നതാണ് നല്ലത്.

    ReplyDelete
  7. സർ,
    എനിക്ക് താങ്കളുടെ അഭിപ്രായത്തോട് യോജിപ്പാണുള്ളത്.അഭിനന്ദനങ്ങൾ....

    ReplyDelete
  8. താങ്കളുടെ കുറിപ്പിന് ഒരു മറുപടി എഴുതാന്‍ ശ്രമിച്ചപ്പോള്‍ എന്നെ തടയുകയാണുണ്ടായത്,കാരണമെന്താണെന്നെനിക്ക് മനസ്സിലായില്ല.അതു പോട്ടെ, താങ്കള്‍ പറയുന്നു രാജ്യങ്ങല്‍ ഒരു പഞ്ചായത്തിലെ വാര്‍ഡുകള്‍ പോലെ ചെറുതായി എന്ന്.അതു കേട്ട് ഞാനിന്നലെ ഒന്ന് അമേരിക്ക എന്ന വാര്‍ഡിലേക്ക് കടക്കാന്‍ ശ്രമിച്ചപ്പോള്‍ സംഭവം പ്രശ്നമായി.നമ്മുടെ ആരാദ്ധ്യനായ മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാം ആസാദിന്റെ വരെ തുണി അഴിപ്പിച്ച ആ അമേരിക്കന്‍ വാര്‍ഡിനേക്കുറിച്ച് എനിക്കേതായാലും സുകുമാരന്‍ മാഷിന്റെ അഭിപ്രായമല്ല ഉള്ളത്.അമേരിക്കന്‍ വാര്‍ഡില്‍ നിന്ന് ഇന്ദ്യാ വാര്‍ഡിലേക്ക് സാധനങ്ങള്‍ കടത്തുന്നതുപോലെ തിരിച്ചൊന്നു കടത്തിതരാമോ മാഷേ?അപ്പോള്‍ കാണാം പഞ്ചായത്ത് വാര്‍ഡിന്റെ കഥ.ബാക്കി കാര്യങ്ങളൊക്കെ മാഷിന്റെ വ്യക്തിപരമായ കാര്യങ്ങള്‍.സ്വയം മണ്ടനാവാന്‍ ശ്രമിക്കുന്നവനെ കോണ്‍ഗ്രസ്സിനു പിന്തുണ കൊടുക്കുന്നത് തടയാന്‍ ദൈവത്തിനു പോലും കഴിയില്ല,അതുകൊണ്ട് ഞാന്‍ വിടുന്നു.

    ReplyDelete