Pages
അനോണിയ്ക്ക് ഒരു മറുപടി !
സി.പി.എം. പോലെയുള്ള ഇടത് പക്ഷപ്പാര്‍ട്ടികള്‍ പറയുന്നത് മാത്രമാണ് പുരോഗമനമെന്ന് ഒരു അന്ധവിശ്വാസം ഇന്ന് നിലവിലുണ്ട് . പുരോഗമനവാദി എന്ന സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള ഏക അതോറിറ്റിയും അവരാണെന്ന ധാരണയുമുണ്ട് . മാത്രമല്ല അമേരിക്കയെ എത്രകണ്ട് ഭര്‍ത്സിക്കുന്നുവോ അത്രകണ്ട് പുരോഗമനം കൂടും എന്നൊരു മിഥ്യാധാരണയുമുണ്ട് . ഏറ്റവും പ്രധാനമായിട്ടുള്ള ഒരു അന്ധവിശ്വാസം സി.പി.എമ്മിന് വേണ്ടി പറയുകയും വാദിക്കുകയും ചെയ്യുന്ന , എന്നാല്‍ നിഷ്പക്ഷരെന്ന് ലേബല്‍ ഉള്ളവര്‍ മാത്രമാണ് കേരളത്തിലെ സാസ്കാരീക നായകര്‍ എന്നതാണത് . ഉദാഹരണത്തിന് മുന്‍പ് തായാട്ട് ശങ്കരന്‍ , എം.എന്‍.വിജയന്‍ മാഷ് തുടങ്ങിയവര്‍ ഇന്ന് സുകുമാര്‍ അഴീക്കോട് , വി.ആര്‍.കൃഷ്ണയ്യര്‍ മുതലായവര്‍ . ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ എം.വി.ദേവന്‍ തുടങ്ങിയവര്‍ക്ക് ഈ സാംസ്കാരീകപ്പട്ടം ചാര്‍ത്തിക്കൊടുക്കുകയില്ല എന്ന് മാത്രമല്ല അവരൊക്കെ പിന്തിരിപ്പന്‍ മൂരാച്ചികള്‍ എന്ന് മുദ്രകുത്തപ്പെടുകയും ചെയ്യും . മലയാളത്തിലെ എക്കാലത്തേക്കും വലിയ സ്വതന്ത്ര ചിന്തകനായിരുന്ന എം. ഗോവിന്ദന്‍ പരക്കെ അംഗീകരിക്കപ്പെടാതെ പോയതിന്റെ കാരണവും അദ്ദേഹം കമ്മ്യൂണിസത്തിന്റെ ഏകാധിപത്യപ്രവണത തുറന്ന് കാട്ടി എന്നതിന്റെ പേരിലായിരുന്നു . ചുരുക്കത്തില്‍ ഇടത് പക്ഷത്തോട് ചേര്‍ന്ന് നിന്ന് അവര്‍ക്ക് കുഴലൂത്ത് നടത്തിയാലേ ചിന്തിക്കുന്ന ആളാണെന്ന അംഗീകാരം പോലും കേരളത്തില്‍ കിട്ടുകയുയുള്ളൂ . ഇപ്പോള്‍ ഡല്‍ഹി വാസം മതിയാക്കി മയ്യഴിയില്‍ തിരിച്ചെത്തിയ എം . മുകുന്ദനാണ് സാംസ്കാരിക നായക സ്ഥാനാര്‍ത്ഥിയായി രംഗത്തുള്ളത് . എന്ത് അക്രമ പ്രവര്‍ത്തനങ്ങളെയും ന്യൂനപക്ഷപ്രീണനത്തെയും ന്യായീകരിക്കുക എന്നതാണ് ഇതില്‍ ജയിച്ചു കയറാനുള്ള യോഗ്യത .
ശരിയായ രീതികളില്‍ ചിന്തിക്കുന്നവരെ കേരളം എങ്ങിനെ അവഗണിക്കുന്നു എന്നതിന്റെ ഒരു നല്ല ഉദാഹരണമാണ് കെ. വേണു . എന്ത് കൊണ്ടാണ് പിണറായി വിജയന്‍ ജനലക്ഷങ്ങള്‍ക്ക് നേതാവാവുകയും കെ.വേണുവിനെപ്പോലെയുള്ളവര്‍ അവര്‍ക്കൊക്കെ അനഭിമതനാവുകയും ചെയ്യുന്നത് . അണികളെ പ്രസംഗം കൊണ്ട് അക്രമോത്സുകരാക്കാന്‍ കഴിയുമെന്നല്ലാതെ , പിന്നെ മസില്‍ പവ്വറും എന്തിനും തയ്യാറുമുള്ള അണികള്‍ നാടെങ്ങുമുണ്ട് എന്നതല്ലാതെ മറ്റെന്ത് കഴിവാണ് പിണറായിക്കുള്ളത് ? മൌലീകമായ ഒരു ചിന്ത കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്ക് അവശ്യം ആവശ്യമായിട്ടുള്ളത് പിണറായിക്കെന്നല്ല ആ പാര്‍ട്ടിയില്‍ പെട്ട ആര്‍ക്കെങ്കിലുമുണ്ടോ ? 1964 ല്‍ പാര്‍ട്ടി പിളര്‍ന്ന് പുതിയ പാര്‍ട്ടി ഉണ്ടാക്കിയത് മുതല്‍ ഇന്നോളം ആ പാര്‍ട്ടിയില്‍ ഒരു സ്റ്റഡി ക്ലാസ് നടന്നിട്ടില്ല എന്ന് എനിക്ക് ഉറപ്പിച്ച് പറയാന്‍ കഴിയും . പിന്നെ അതെങ്ങിനെ ഒരു മാര്‍ക്സിസ്റ്റ് പാര്‍ട്ടിയാവും ? അവര്‍ക്കെങ്ങിനെ മാര്‍ക്സിസത്തെ കാലോചിതമായി വികസിപ്പികാനാവും ? മാര്‍ക്സിസം എന്ന പ്രത്യയ ശാസ്ത്രത്തില്‍ മാത്രം ആകൃഷ്ടനായ എനിക്കെങ്ങിനെ അവരുടെ സഹയാത്രികനാവാന്‍ കഴിയും ? മാര്‍ക്സിസ്റ്റ് പാര്‍ട്ടി എന്നാല്‍ മാര്‍ക്സിസത്തിന്റെ മൊത്തം അവകാശികളും പിന്‍തുടര്‍ച്ചക്കാരുമാണ് എന്നത് മറ്റൊരു ഹിമാലയന്‍ അന്ധവിശ്വാസമാണ് . മാര്‍ക്സിസം അംഗീകരിച്ചു കൊണ്ട് പ്രവര്‍ത്തിക്കുന്ന അനേകമനേകം ഗ്രൂപ്പുകളില്‍ ഒന്ന് മാത്രമാണ് സി.പി.എം. അതിലും ഇവിടത്തെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പൂര്‍ണ്ണമായും മുഴുകിക്കഴിഞ്ഞ ഒരു പര്‍ട്ടിയെന്ന നിലയില്‍ മാര്‍ക്സിസവുമായി ഇന്ന് ആ പാര്‍ട്ടിക്കുള്ള ഏക ബന്ധം ബ്രായ്ക്കറ്റില്‍ മാര്‍ക്സിസം എന്നു എഴുതുന്നു എന്ന് മാത്രമാണ് . മാര്‍ക്സിസത്തിന്റെ അടിസ്ഥാന ദര്‍ശനങ്ങളെക്കുറിച്ച് അനുഭാവികള്‍ക്ക് പോകട്ടെ , മെംബര്‍മാര്‍ക്കെങ്കിലും ഒരിക്കല്‍ പോലും ഒരു ക്ലാസ് പോലും എടുക്കാത്ത ഒരു സംഘടനക്കെങ്ങിനെ ഞങ്ങള്‍ മാര്‍ക്സിസ്റ്റുകാരാണെന്ന് അവകാശപ്പെടാന്‍ കഴിയും ? മാര്‍കിസ്റ്റ് പാര്‍ട്ടിയുടെ ശക്തി നിലനില്‍ക്കുന്നത് മാര്‍ക്സിസം എന്ന സൈദ്ധാന്തികമായ അടിത്തറയിലല്ല . മറിച്ച് ഭീരുക്കളുടേതായ ഒരു സമൂഹത്തില്‍ നിരന്തരമായ ഭീതി മറ്റുള്ളവരില്‍ ജനിപ്പിച്ചു കൊണ്ടാണ് . അതെ മലയാളികള്‍ കേരളത്തില്‍ ജീവിയ്ക്കുന്നത് ഭയം എന്ന അദൃശ്യമായ ഒരു പുതപ്പിന് കീഴിലാണ് . സി.പി.എം. ജനങ്ങളുടെ മേല്‍ പുതപ്പിച്ചിരിക്കുന്ന മാരണപ്പുതപ്പ് . ഈ പോസ്റ്റ് നാലാള്‍ വായിക്കാനിടയാല്‍ എന്റെ നാട്ടിലെ വീട്ടിന്റെ ജനല്‍ച്ചില്ലുകളെങ്കിലും എറിഞ്ഞുടയ്ക്കപ്പെട്ടേയ്ക്കാം . അതാണ് നാട്ടിലെ അവസ്ഥ . അതാണ് പാര്‍ട്ടിയുടെ നിലനില്‍പ്പ് .
ഞാന്‍ അനോണിയുടെ ശ്രദ്ധ 21.10.07 ന്റെ മാതൃഭൂമി വാരികയില്‍ കെ.വേണു എഴുതിയ “ മാനവികവാദവും സ്റ്റാലിനിസവും ഒത്തു പോകുമോ ’’ എന്ന ലേഖനത്തിലെക്ക് ക്ഷണിക്കുന്നു . ഇങ്ങിനെ പത്രങ്ങളിലും മറ്റ് പ്രസിദ്ധീകരണങ്ങളിലും വരുന്ന ലേഖനങ്ങളും വാര്‍ത്തകളും വായിച്ചട്ടല്ല ആളുകള്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ എതിര്‍ച്ചേരിയില്‍ എത്തിപ്പെടുന്നത് . അങ്ങിനെ പറയുന്നത് ചിന്തിക്കാനും സ്വന്തമായി വിലയിരുത്താനുമുള്ള മനുഷ്യന്റെ വിവേകബുദ്ധിയെ പരിഹസിക്കലാണ് . നേതാക്കള്‍ പറയുന്നത് അന്ധമായി വിശ്വസിക്കാനും അതേറ്റ് പാടാനും , എതിര്‍ക്കുന്നവരെ ഏത് വിധേനയും അടിച്ചമര്‍ത്താനും തയ്യാറുള്ളവര്‍ മാത്രമേ ഇപ്പോള്‍ ആ പാര്‍ട്ടിയിലുള്ളൂ . ഞാന്‍ മുന്‍പൊക്കെ എന്റെ നാട്ടിലെ സഖാക്കളോട് പറയാറുണ്ടായിരുന്നു , നിങ്ങള്‍ ഈ ആക്രമസ്വഭാവം ഉപേക്ഷിക്കുകയാണെങ്കില്‍ കേരളത്തില്‍ വേറെ ഒരു പാര്‍ട്ടിയും ഉണ്ടാകുമായിരുന്നില്ല എന്ന് . ഇതൊന്നും നാട്ടില്‍ ആരും തുറന്ന് പറയാത്ത അപ്രിയ സത്യങ്ങളാണ് . എന്നാല്‍ സ്റ്റാലിനിസം രക്തത്തില്‍ ഏറ്റ് വാങ്ങിയ ഒരു സംഘടനക്ക് മറ്റൊന്ന് ആവാന്‍ കഴിയുകയില്ല എന്നതാണ് യാഥാര്‍ത്ഥ്യം . ഇന്നിപ്പോള്‍ അയ്യഞ്ച് കൊല്ലം വീതം ഭരണം മാറി മാറി വീതം വയ്ക്കാവുന്ന ഒരു രാഷ്ട്രീയകാലവസ്ഥ നിലവിലുള്ളത് കൊണ്ട് സി.പി.എമ്മിന് അതിന്റെ പ്രവര്‍ത്തനശൈലിയില്‍ ഒരു മാറ്റം വരുത്തേണ്ടതായ ഭൌതികസാഹചര്യമില്ല .
ആണവക്കരാറിനെ എതിര്‍ക്കാന്‍ ഇടത് കക്ഷികള്‍ ഉപയോഗിക്കുന്ന പദപ്രയോഗങ്ങള്‍ അവരുടെ പതിവ് ശൈലിയില്‍ അമൂര്‍ത്തങ്ങളാണ് . ഏകപക്ഷീയം , പരമാധികാരം പണയം വെക്കല്‍ , കരാറുമായി ബുഷ് ഇങ്ങോട്ടു വരുന്നു , വ്യഗ്രത , യാചകവേഷം , അമേരിക്കയുടെ ആട്ടത്തിനൊത്ത് തുള്ളല്‍ , വാതില്‍ തുറന്ന് കൊടുക്കല്‍ ... ഇതൊക്കെ മാര്‍ക്സിസ്റ്റ് ശൈലിയാണെന്ന് മാത്രമെയുള്ളൂ . തെറ്റായ സാമ്പത്തിക നയം , ജനദ്രോഹനയം എന്നൊക്കെ പറയുമ്പോലെ . അതൊക്കെ വെറും വാക്കുകളാണ് . ഏതേത് എന്തൊക്കെ എന്ന് മൂര്‍ത്തമായി ഒന്നും ഒരിക്കലും പറയില്ല . എന്ത് വരുമ്പോഴും ആദ്യം എതിര്‍ക്കുന്നു എന്ന് പറയുന്നത് പത്രങ്ങള്‍ പെരുപ്പിച്ചു കാട്ടിയത് കൊണ്ടല്ല , എല്ലാ വില്ലേജുകളിലും വില്ലേജ് ആഫീസുകള്‍ ഉള്ളത് കൊണ്ടാണ് . തേങ്ങയ്ക്ക വിലകൂട്ടാന്‍ വേണ്ടി പോലും വില്ലേജ് ഓഫീസുകളുടെ പടിക്കല്‍ ഉപരോധം തീര്‍ക്കുന്ന നാടാണ് കേരളം . വില്ലേജ് ആഫീസുകളുടെ മുന്നില്‍ എതിര്‍പ്പ് പിക്കറ്റിങ്ങ് ആയി മാറാതെ പോയ ഒരു പുരോഗതിയും നാട്ടില്‍ ഉണ്ടായിട്ടില്ല . അത് കൊണ്ടാണ് ഇടത് പക്ഷം എന്തും അംഗീകരിക്കണമെങ്കില്‍ 15 വര്‍ഷമെങ്കിലും കഴിയണമെന്ന പ്രയോഗം നാട്ടില്‍ പ്രചാരത്തിലുള്ളത് . മാത്രമല്ല എന്ത് സംരംഭം തുടങ്ങിയാലും നാല് ദിവസത്തിനുള്ളില്‍ അവിടെ കൊടി പിടിച്ച് അത് പൂട്ടിക്കും എന്ന ശൈലിയും നാട്ടില്‍ പ്രചാരത്തിലുണ്ട് . ഇതൊന്നും പത്രങ്ങള്‍ നുണ പറയുന്നത് കൊണ്ട് തോന്നുന്നതല്ല . ആളുകള്‍ പരക്കെ തുറന്ന് പറയാന്‍ ഭയപ്പെടുന്ന അനുഭവസാക്ഷ്യങ്ങളാണ് .
എന്നെ ഇപ്പോള്‍ അമ്പരപ്പിക്കുന്ന ഒരു കാര്യം എന്തുകൊണ്ടാണ് സാര്‍വ്വദേശീയചിന്തയുടെ വക്താക്കളാകേണ്ടിയിരുന്ന കമ്മ്യൂണിസ്റ്റുകള്‍ ഇപ്പോള്‍ ഇടുങ്ങിയ ദേശീയതയുടെ മുഖം മൂടി അണിയുന്നത് എന്നാണ് . തങ്ങള്‍ മാത്രമാണ് യഥാര്‍ത്ഥ രാജ്യസ്നേഹികള്‍ എന്നാണ് അവര്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്നത് . കോണ്‍ഗ്രസ്സും പ്രത്യേകിച്ച് മന്‍മോഹന്‍ സിങ്ങും ആണവക്കരാറിന്റെ കാര്യത്തിലും മറ്റും രജ്യത്തെ ഒറ്റ് കൊടുക്കാന്‍ ശ്രമിക്കുന്നു എന്ന മട്ടിലാണ് അവര്‍ പ്രചരണം നടത്തുന്നത് . എന്നാല്‍ വരികള്‍ക്കിടയില്‍ വായിച്ചാല്‍ ചൈനയെക്കുറിച്ച് അഭിമാനം കൊള്ളുന്നതും കാണാം . പണ്ട് മധുരമനോജ്ഞചൈന എന്ന് പാടി നടന്ന പോലെ . അതങ്ങിനെയാവാനേ തരമുള്ളൂ . അതാണതിന്റെ ഒരു മന:ശാസ്ത്രം . യഥാര്‍ത്ഥത്തില്‍ ലോകമെങ്ങുമുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒരു ഗുരുതരമായ പ്രതിസന്ധി നേരിടുകയാണ് . വര്‍ഗ്ഗസമരം എന്ന തീയറിയും പ്രാക്റ്റിക്കലും , തൊഴിലാളിവര്‍ഗ്ഗസര്‍വ്വാധിപത്യം എന്ന ഭരണ രീതിയും ഇനി നടപ്പില്ല എന്ന് അവര്‍ക്ക് മനസ്സിലായി . എന്നാല്‍ അത് അംഗീകരിച്ച് കൊടുക്കാനോ ജനാധിപത്യത്തിന്റെ മുഖ്യധാരയിലേക്ക് വരാനോ അവര്‍ക്ക് കഴിയുന്നുമില്ല . സോഷ്യലിസ്റ്റ് സമ്പദ്‌ഘടനയില്‍ ഉല്പാദനശക്തികള്‍ അന്യവല്‍ക്കരിക്കപ്പെടുകയും ഉല്‍പ്പാദനം മുരടിക്കുക വഴി സമൂഹം നിശ്ചലാമാവുകയും ചെയ്തത് കൊണ്ടാണ് ചൈനയ്ക്ക് വിദേശമൂലധനം സ്വീകരിക്കേണ്ടി വന്നതും സ്വകാര്യസ്വത്തവകാശം പുന:സ്ഥാപിക്കേണ്ടിവന്നതും . സോവ്യറ്റ് യൂനിയന്റെ തകര്‍ച്ചയിലെക്കൊന്നും ഞാന്‍ കടക്കുന്നില്ല . ഇത്തരം തുറന്ന ഒരു ചര്‍ച്ചയ്ക്ക് തയ്യാറാവാനുള്ള മാനസികാവസ്ഥ അലീനയെപ്പോലുള്ള ഇടത് പക്ഷ അനുഭാവികള്‍ക്ക് ഉണ്ടാവുകയില്ല എന്ന് ഞാന്‍ പറഞ്ഞാല്‍ അത് ഒരു കുറ്റപ്പെടുത്തലായി കാണരുത് .
എന്നാല്‍ മേല്‍പ്പറഞ്ഞ കാരണങ്ങള്‍ കൊണ്ടൊന്നുമല്ല ഞാന്‍ ഇന്ന് സി.പി.എമ്മിനൊടും ഇടത് പക്ഷങ്ങളോടും വിയോജിപ്പ് വച്ചു പുലര്‍ത്തുന്നത് . അതും ഒരു പ്രത്യയശാസ്ത്രപ്രശ്നമാണ് . എന്ത് തന്നെ ദൂഷ്യങ്ങളുണ്ടെങ്കിലും പാര്‍ലമെന്ററി ജനാധിപത്യമാണ് ധാര്‍മ്മികമായി ശരിയായ ഭരണ സമ്പ്രദായം എന്ന് ഞാന്‍ വിശ്വസിക്കുന്നു . ലോകത്ത് മുക്കാല്‍ ഭാഗം ജനങ്ങളും ഇന്നും അധിവസിക്കുന്നത് ജനായത്ത സമ്പ്രദായത്തിന്റെ കീഴിലല്ല. ഈ ലോകത്തിന്റെയും ഇവിടെയുള്ള സമ്പത്തിന്റെയും അവകാശികള്‍ ജനങ്ങളാണ് . ജനങ്ങളാണ് എല്ലാറ്റിന്റേയും അധികാരികള്‍ . അല്ലാതെ ഒരു രാജാവോ , ഒരു പാര്‍ട്ടിയോ , ഒരു മതമോ അല്ല . അത് കൊണ്ട് തങ്ങളുടെ ഭാഗധേയം നിര്‍ണ്ണയിക്കാനുള്ള അവകാശം ജനങ്ങള്‍ക്ക് വേണം . ജനങ്ങളെ സേവിക്കുന്നവരല്ലാതെ , ജനങ്ങളുടെ മേലെ ഒരു പരമാധികാരിയോ ഒരു രാജാവോ ഒരു നേതാവോ ഉണ്ടായിക്കൂട . ജനങ്ങളുടെയിടയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവുക സ്വാഭാവികമായതിനാല്‍ ഭൂരിപക്ഷം ജനങ്ങളുടെ അഭിപ്രായത്തിനനുസരിച്ച് ഭരണ നിര്‍വ്വഹണം നടക്കണം . ഒരു പാര്‍ട്ടി മാത്രമായാല്‍ അത് ഏകാധിപത്യമാകുമെന്നതിനാല്‍ ബഹുകക്ഷിസമ്പ്രദായം തന്നെ വേണം . ഒന്നില്‍ കൂടുതല്‍ പാര്‍ട്ടികള്‍ ഉണ്ടാവുമ്പോള്‍ പരസ്പരം അംഗീകരിക്കണം . പൌരജനങ്ങള്‍ ഏതെങ്കിലും പാര്‍ട്ടിക്കാരന്‍ എന്ന് ബ്രാന്‍ഡ് ചെയ്യപ്പെടാതെ സ്വതന്ത്രപൌരന്മാരായി നിലകൊള്ളണം . പാര്‍ട്ടികളുടെ നയപരിപാടികളും പ്രവര്‍ത്തനങ്ങളും വിലയിരുത്തി വോട്ട് ചെയ്യട്ടെ . ഇതൊക്കെയാണ് എന്റെ രാഷ്ട്രീയമായ കാഴ്ചപ്പാട് . അല്ലാതെ ഒരു തലയെഴുത്ത് പോലെ ഒരു പാര്‍ട്ടിയെ ന്യായീകരിക്കാനോ എതിര്‍ക്കാനോ ഉള്ള ബാധ്യത എനിക്കില്ല .
ഇങ്ങിനെയൊക്കെയാണെങ്കിലും നിത്യജീവിതത്തില്‍ , എന്റെ നാട്ടില്‍ എനിക്ക് എറ്റവും പ്രിയപ്പെട്ട ചങ്ങാതിമാര്‍ സി.പി.ഐ.ക്കാരും മാര്‍ക്സിസ്റ്റുകാരുമാണ് . കാരണം അവരിലാണ് ഏറ്റവും കൂടുതല്‍ സദാചാര നിലവാരവും സാമൂഹിക പ്രതിബദ്ധതയും ഞാന്‍ ദര്‍ശിക്കുന്നത് . അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് - എല്ലാവരെയുമല്ല ചുരുക്കം ചിലരെ - നേതൃത്വം ഇവരെ ഉപയോഗപ്പെടുത്താതിരിക്കുകയും , സമൂഹത്തില്‍ വളര്‍ന്നുവരുന്ന അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും എതിരെ പൊരുതാന്‍ ഇവരെ സജ്ജമാക്കുകയും ചെയ്തിരുന്നുവെങ്കില്‍ അത് നാടിന്റെ ഭാവി ശോഭനമാക്കുമായിരുന്നുവല്ലോ എന്ന് എനിക്ക് തോന്നാറുണ്ട് .
എന്തിനെയെങ്കിലും ആരെയെങ്കിലും അന്ധമായി എതിര്‍ക്കുകയോ അനുകൂലിക്കുകയോ എന്റെ നയമല്ല . നമ്മള്‍ പറയുന്നതും അനുകൂലിക്കുന്നതും എല്ലാം മനുഷ്യരാശിയുടെ മൊത്തത്തിലുള്ള ഭാവിയ്ക്ക് ഗുണകരമാവണം എന്ന് ഞാന്‍ കരുതുന്നു . അല്ലാതെ എന്റെ പാര്‍ട്ടിക്ക് , എന്റെ നാട്ടിന് മാത്രം എന്ന് ചിന്തിയ്കാന്‍ എനിക്ക് കഴിയുന്നില്ല. കാരണം മനുഷ്യരുടെയിടലുള്ള എല്ലാ വിഭജനങ്ങളും മന്‍ഷ്യനിര്‍മ്മിതമാണെന്ന് ഞാന്‍ കരുതുന്നു . ഏകാത്മകമായ ഒരു മാനവികതയിലാണ് എനിക്ക് താല്‍പ്പര്യം .
അങ്ങിനെ ആണവക്കരാര്‍ ഒരു വഴിക്കായി !
ഒന്നരക്കൊല്ലം കൂടി അധികാരവും സ്ഥാനമാനങ്ങളും ഏതാണ്ട് ഉറപ്പാക്കിയ നേതാക്കള്‍ അടുത്ത അഞ്ച് വര്‍ഷത്തേക്ക് കൂടി അത് എങ്ങിനെ കരസ്ഥമാക്കാം എന്ന ദുരാഗ്രഹവുമായി പ്രായോഗീക രാഷ്ട്രീയക്കളരിയില്‍ ഇറങ്ങിക്കഴിഞ്ഞു . മൂന്നാം മുന്നണിയുടെ ശില്‍പ്പികള്‍ രംഗത്തെത്തി . ചന്ദ്രബാബു നായുഡു പറഞ്ഞത് കേട്ടില്ലേ ? ആണവക്കരാര്‍ യു.പി.ഏ. യുടെ അടുക്കളകാര്യമല്ലെന്നും അത് ഒരു ദേശീയ പ്രശ്നമാണെന്നും പാര്‍ലമെന്റിന്റെ അനുമതി കൂടാതെ അത് നടപ്പാക്കാന്‍ അനുവദിക്കുകയില്ലെന്നുമാണ് . ഇവിടെ ശ്രദ്ധിക്കേണ്ടതായ രണ്ട് കാര്യങ്ങളുണ്ട് . ഒന്ന് അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഒരു കോണ്‍ഗ്രസ്സേതര ഗവര്‍മ്മേണ്ടാണ് വരുന്നതെങ്കില്‍ , അത് ബി.ജെ.പി.യുടെ നേതൃത്വത്തിലാണെങ്കിലും ശരി മൂന്നാം മുന്നണിയുടെ നേതൃത്വത്തിലാണെങ്കിലും ശരി പാര്‍ലമെന്റിന്റെ അനുമതി ലഭിച്ചാല്‍ മാത്രമേ വിദേശരാജ്യങ്ങളുമായി ഇനി എന്ത് കരാറും നടപ്പാക്കാന്‍ കഴിയൂ എന്നുള്ള ഭരണഘടനാഭേദഗതി അവതരിപ്പിച്ച് പാസ്സാക്കുകയില്ല. അതാണ് നമ്മുടെ രാഷ്ട്രീയക്കാരന്റെ വാക്കും പ്രവര്‍ത്തിയും തമ്മിലുള്ള ബന്ധവും അവന്മാരുടെ ഒരു രാജ്യസ്നേഹവും ! ഇതാണല്ലോ ഇപ്പോള്‍ മുറവിളി കൂട്ടുന്നത് , പാര്‍ലമെന്റ് പാസ്സാക്കിയാലെ വിദേശരാജ്യങ്ങളുമായുള്ള കരാര്‍ നടപ്പാക്കാവൂ എന്ന് . ഇത് കേള്‍ക്കുമ്പോള്‍ നമുക്ക് തോന്നുന്നത് ഭരണഘടനാനിര്‍മ്മാണ സഭയിലെ ഒരാള്‍ക്കും ഈ ബുദ്ധി അന്ന് ഉദിച്ചില്ലല്ലോ എന്നാണ് . പാര്‍ലമെന്റിനോട് അഗാധമായ കൂറും രാജ്യതാല്‍പ്പര്യമുള്ള ഈ പറയുന്നവര്‍ക്ക് അധികാരം കിട്ടിയാല്‍ അത്തരം ഭരണഘടനാഭേദഗതി അവര്‍ പാസ്സാക്കേണ്ടതല്ലെ ? ഇല്ല , ഇതൊക്കെ രാഷ്ട്രീയനാടകങ്ങളും ശുദ്ധ തട്ടിപ്പുകളുമാണ് . നേതാക്കന്മാര്‍ തങ്ങളുടെ അധികാരവും സ്ഥനമാനങ്ങളും ഉറപ്പിക്കുക എന്ന ഒറ്റ ഉദ്ധേശത്തില്‍ തട്ടിവിടുന്ന മുടന്തന്‍ ന്യായങ്ങള്‍ വെള്ളം ചേര്‍ക്കാതെ തത്തമ്മേ പൂച്ച പൂച്ച എന്ന മട്ടില്‍ ഏറ്റ് പിടിച്ച് പാടുകയാണ് കഥയറിയാതെ ആട്ടം കാണുന്ന അനുയായികള്‍ !
മറ്റൊന്ന് ആണവക്കരാറിനെ എതിര്‍ത്തവര്‍ മുന്നോട്ട് വച്ച കുറെ ബദല്‍ മാര്‍ഗ്ഗങ്ങളുണ്ട് . ഇവിടെ സൌരോര്‍ജ്ജമില്ലേ , കടലില്ലേ തിരമാലകളില്ലേ , കടപ്പുറത്ത് കണക്കില്ലാത്ത തോറിയമില്ലേ , കാറ്റില്ലേ , പുഴയില്ലേ ... അങ്ങിനെയങ്ങിനെ ... ! ഇനി മറ്റൊരു വിവാദം വരുന്നവരെ ഇവരെല്ലാം പൊട്ടന്‍ പിട്ട് വിഴുങ്ങിയ പോലെ മിണ്ടാതിരിക്കുകയേയുള്ളൂ . അതാണ് നമ്മുടെ ജനാധിപത്യം ! ചൈനയ്ക്ക് ശരിയെന്ന് തോന്നുന്നത് ചെയ്യാം . തെറ്റായിപ്പോയി എന്ന് തെളിഞ്ഞാല്‍ തിരുത്തി മുന്നോട്ട് പോകാം . നമുക്ക് അത് പറ്റില്ല . ഓടുന്ന നായക്ക് ഒരു മുഴം മുന്‍പേ എന്ന പോലെ നമ്മള്‍ അതിന്റെ തെറ്റും ദുഷ്യവും മുന്‍കൂട്ടി കണ്ടു കളയും . ആണവക്കരാര്‍ നടപ്പാക്കിക്കഴിഞ്ഞാല്‍ പിന്നെ സാമ്രാജ്യത്വം നമ്മെ വിഴുങ്ങിക്കളയുമെന്നും അമേരിക്കയുടെ ചൊല്‍പ്പടിക്ക് തുള്ളുന്ന വെറുമൊരു അടിമരാഷ്ട്രമായി അധ:പതിച്ചു പോകുന്ന നമ്മള്‍ക്ക് പിന്നെയൊരിക്കലും സ്വാതന്ത്ര്യസമരം നടത്താനുള്ള ത്രാണി പോലും ഉണ്ടാവുകയുമില്ല എന്നുമാണ് രാജാവിനെക്കാളും രാജഭക്തിയുള്ള അണികള്‍ ഉച്ചത്തില്‍ വിളിച്ച് പറഞ്ഞത് . ഈ ഗതിയൊന്നും ചൈനക്ക് ബാധകമല്ല എന്നും നമ്മള്‍ ഇന്ത്യക്ക് മാത്രമേ ബാധകമാവൂ എന്നും അവര്‍ പറയാതെ പറയുകയും ചെയ്യുന്നു . സാമ്രാജ്യത്വത്തിന്റെ മാരണങ്ങള്‍ ഏല്‍ക്കാത്ത എന്തോ ഒരു ഉറുക്ക് കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളുടെ കൈകളില്‍ ഉണ്ടാവണം .
ഒരു മൂന്നാം മുന്നണി ഇവിടെ ശക്തി പ്രാപിച്ചാല്‍ പിന്നെ നമ്മുടെ നാടിന്റെ ഗതി അധോഗതിയായിരിക്കും . അതിന്റെ സൂചനകള്‍ കാണുന്നുണ്ട് . കോണ്‍ഗ്രസ്സിന് അതിന്റെ നില മെച്ചപ്പെടുത്താന്‍ രാഹുല്‍ ഗാന്ധിയെ ഉയര്‍ത്തിക്കൊണ്ടു വന്നാലൊന്നും ഇനി കഴിയില്ല . രാജീവ് ഗാന്ധിയുടെ ആകര്‍ഷണീയമായിരുന്ന വ്യക്തിത്വമൊന്നും ആ ചെറുപ്പക്കാരനില്ല . മാത്രമല്ല ഒരു മന്ദബുദ്ധി ലുക്ക് ഉണ്ട് താനും ! ബി.ജെ.പി.ക്ക് അതിന്റെ ചില മുന്‍കാല ആദര്‍ശങ്ങളോട് - ഏക സിവില്‍ കോഡ് , കാഷ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയല്‍ - നിഷ്പക്ഷമതികള്‍ക്ക് ആഭിമുഖ്യമുണ്ടായിരുന്നെങ്കിലും ഒന്നില്‍ കൂടുതല്‍ തവണ അധികാരം കൈയ്യാളിയ ആ പാര്‍ട്ടി കോണ്‍ഗ്രസ്സിനേക്കാളും അധ:പതിച്ചു പോയി . കടുത്ത വര്‍ഗ്ഗീയ വിദ്വേഷം നാട്ടില്‍ വളര്‍ന്നാലേ ആ പാര്‍ട്ടി ഇനി രക്ഷപ്പെടൂ ! എന്നാല്‍ ഇന്ത്യയുടെ ആത്മാവില്‍ അന്തര്‍ലീനമായ മതസഹിഷ്ണുതയും മതേതരസംസ്കാരവും തകര്‍ക്കണമെങ്കില്‍ അദ്വാനിക്കും സില്‍ബന്ധികള്‍ക്കും ഇനിയും ഒരു നൂറ് വര്‍ഷം രഥങ്ങള്‍ ഉരുട്ടേണ്ടിവരും ! അതിനേക്കാളും ശോചനീയമാണ് ഇടത് പക്ഷങ്ങളുടെ അവസ്ഥ . കേരളത്തിനും ബംഗാളിനും ത്രിപുരക്കും പുറത്ത് ഒരു പഞ്ചായത്തില്‍ പോലും പാര്‍ട്ടിയെ പരിചയപ്പെടുത്താന്‍ അവര്‍ക്ക് കുറഞ്ഞപക്ഷം ഇരുനൂറ് കൊല്ലത്തേക്ക് പരിപാടിയൊന്നുമില്ല . ഒരു തുണ്ട് നോട്ടീസ് അച്ചടിച്ച് അയല്‍ സംസ്ഥാനങ്ങളിലെ ഗ്രാമീണരുടെയിടയില്‍ വിതരണം ചെയ്യാമെന്ന് വെച്ചാല്‍ കൈയ്യിലിരിപ്പുള്ള കോടികളില്‍ നിന്ന് പത്ത് രൂപ കുറഞ്ഞ് പോയാലോ . ഇപ്പോള്‍ തന്നെ നേതാക്കള്‍ക്ക് അടിക്കടി ഡല്‍ഹിയില്‍ പറന്നെത്താനുള്ള തത്രപ്പാട് അവര്‍ക്കേ അറിയൂ . ടി.വി. തുറക്കുമ്പോള്‍ പ്രകാശ് കാരാട്ടും , സീതാറാം യെച്ചൂരിയും , പിന്നാലെ ബര്‍ദ്ധാനും ഡി.രാജയും കൈയും വീശിക്കൊണ്ട് പടിക്കെട്ട് കയറുന്നത് ദിവസവും മൂന്ന് നേരം കണ്ടില്ലെങ്കില്‍ പിന്നെ അണികളുടെ ജീവിതം എന്തിന് കൊള്ളും ? അതിനൊക്കെയുള്ള വഹ എങ്ങിനെയെങ്കിലും നാട്ടില്‍ ബക്കറ്റുകള്‍ കിട്ടാനുള്ളത് കൊണ്ട് തട്ടിമുട്ടിയൊപ്പിക്കുന്നു . പണ്ട് സോവ്യറ്റ് യൂനിയനില്‍ നിന്ന് മിനുസമുള്ള കടലാസില്‍ നന്നായി ബൈന്റ് ചെയ്ത പുസ്തകങ്ങള്‍ ലക്ഷക്കണക്കിന് വില വരുന്നവ സൌജന്യമായി ഇവിടെ ഇറക്കുമതി ചെയ്യപ്പെട്ടിരുന്നു , കമ്മ്യൂണിസം പ്രചരിപ്പിക്കാനും വളര്‍ത്താനും . അതിന്റെ ഫലം കണ്ടറിഞ്ഞ ആരും തന്നെ ഇക്കാലത്ത് കൈയ്യിലുള്ള പണം മുടക്കി കമ്മ്യൂണിസം പ്രചരിപ്പിക്കുമെന്ന് തോന്നുന്നില്ല.
അപ്പോള്‍ ദേശീയ പാര്‍ട്ടികള്‍ ശുഷ്ക്കിക്കുകയും പ്രാദേശികപ്പാര്‍ട്ടികള്‍ ശക്തി പ്രാപിക്കുകയും ചെയ്യുമ്പോള്‍ മൂന്നാം മുന്നണിയുടെ സാധ്യതകള്‍ അനന്തമാണ് . അങ്ങിനെ വന്നാല്‍ എന്ത് സംഭവിക്കുമെന്നറിയാന്‍ ഇപ്പോഴത്തെ കര്‍ണ്ണാടക രാഷ്ട്രീയം ശ്രദ്ധിച്ചാല്‍ മതി . കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ്സും , ജനതാദ (ദേവഗൌഡ)ളും , ബി.ജെ.പി.യും ഏതാണ്ടൊരു പോലെ പ്രബല ശക്തിയാണ് . കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാത്തത് കൊണ്ട് ആദ്യം കോണ്‍ഗ്രസ്സും ജനതാദളും മുന്നണിയാക്കി 20 മാസം ഭരിച്ചു. അങ്ങിനെയിരിക്കെ ദേവഗൌഡയുടെ മകന്‍ കുമാരസ്വാമിയോട് എതോ ഒരു പ്രശസ്ത ജ്യോത്സ്യന്‍ പറഞ്ഞുവത്രെ , മുഖ്യമന്ത്രി ആകുന്നെങ്കില്‍ ഇപ്പോഴാകണം . ഈ ദശ മിസ്സാക്കിയാല്‍ പിന്നെ മരണം വരെ മുഖ്യമന്ത്രിപദം നാസ്തി ! അങ്ങിനെ പിന്നീടുള്ള 20 മാസം കുമാരസ്വാമിയും ബി.ജെ.പി.യും കൂടി ഭരിച്ചു . ഇപ്പോള്‍ പ്രസിഡണ്ട് ഭരണമാണ് നിലവിലുള്ളത് . എന്നാലും പതിനെട്ട് മാസം കൂടി ബാക്കിയുണ്ട് .എമ്മെല്ലേമാര്‍ക്ക് നില്‍ക്കക്കള്ളിയില്ല. ഇപ്പോള്‍ ഡല്‍ഹിയില്‍ അണിയറയില്‍ കോണ്‍ഗ്രസ്സും ദളിലെ ഒരു വിഭാഗവും തന്ത്രങ്ങള്‍ മെനയുകയാണ് . എന്തിന് ? അടുത്ത പതിനെട്ട് മാസം കൂടി ജനങ്ങളെ സേവിക്കാനുള്ള അവസരം വെറുതെ എന്തിന് പാഴാക്കണം ?
അപ്പോള്‍ മൂന്നാം മുന്നണി പ്രബലമായാല്‍ ഇവിടെ ഭരണം അക്ഷരാര്‍ത്ഥത്തില്‍ ഒരു കസേരകളിയായി മാറും . ചില സന്ദര്‍ഭങ്ങളില്‍ ഇപ്പോള്‍ കര്‍ണ്ണാടകയില്‍ സംഭവിച്ച പോലെ പ്രതിസന്ധി വരാം . അപ്പോള്‍ എന്ത് ചെയ്യും ? കേന്ദ്രത്തില്‍ പ്രസിഡണ്ട് ഭരണം ഏര്‍പ്പെടുത്താന്‍ കഴിയുന്ന തരത്തില്‍ ഒരു ഭരണഘടനാ ഭേദഗതിയെക്കുറിച്ച് എല്ലാ പാര്‍ട്ടികളും ഇപ്പോള്‍ തന്നെ ഒരു സമവായത്തില്‍ എത്തുന്നത് നല്ലതാണ് . തങ്ങളുടെ കാര്യം വരുമ്പോള്‍ സമവായത്തിലെത്താന്‍ ചില സെക്കന്റുകള്‍ മതിയെന്ന് എത്രയോ തവണ അവരെല്ലാവരും നമുക്ക് കാണിച്ച് തന്നിട്ടുണ്ടല്ലോ !
അപ്പോള്‍ ആണവക്കരാറിന്റെ കാര്യമോ ? അതല്ലെങ്കില്‍ മറ്റേ ബദല്‍ മാര്‍ഗ്ഗങ്ങളോ ? പിന്നെ നമ്മുടെ വികസനത്തിന് വേണ്ടതായ ഊര്‍ജ്ജത്തിന്റെ കാര്യമോ ? അതൊക്കെ അവിടെ കിടക്കട്ടെ . ഇനിയെന്തെങ്കിലും വിവാദം വരുമ്പോള്‍ എടുത്ത് പ്രയോഗിക്കാം . അഭംഗുരവും തടസ്സങ്ങളിത്താതുമായ വികസനം ചൈനക്ക് പറഞ്ഞിട്ടുള്ളതാണ് , നമുക്കല്ല ! ചൈനയുടെ മുന്നേറ്റം സോഷ്യലിസത്തിലേക്ക് തന്നെയാണെന്നാണ് അവിടെയുള്ളവരും ഇവിടെയുള്ളവരും ആണയിട്ട് പറയുന്നത് . മത്തായി ചാക്കോയെപ്പോലെ മാര്‍ക്സും മരണപ്പെട്ടു പോയതിനാല്‍ പറയുന്നതൊന്നും നിഷേധിക്കാന്‍ കഴിയില്ല . ഏഷ്യയിലേക്ക് വെച്ച് ഏറ്റവും വലിയ ധനികന്‍ ഇപ്പോള്‍ ചൈനയിലാണ് . ജപ്പാന്‍ കഴിഞ്ഞാല്‍ ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ കോടീശ്വരന്മാരുള്ള രാജ്യവും ചൈന തന്നെ . സ്വകാര്യസ്വത്തവകാശം നിയമവിധേയമാക്കി . മതങ്ങള്‍ക്ക് പരിപൂര്‍ണ്ണ സ്വാതന്ത്ര്യം . ഇഷ്ടം പോലെ പ്രത്യേക സാമ്പത്തിക മേഖലകള്‍ . ആവശ്യം പോലെ വിദേശ മൂലധനം ! സമരങ്ങളില്ല , ഒരിക്കലും ഒരു നിമിഷം പോലും നാട് സ്തംഭിക്കുകയില്ല , പ്രതിഷേധങ്ങളില്ല , ബന്ദുകളില്ല, ഹര്‍ത്താലില്ല , ആരും കൂടുതല്‍ ചോദിക്കുകയില്ല , എന്നിട്ടും ഇത്തരത്തിലാണ് അവിടെ സോഷ്യലിസം പുരോഗമിക്കുന്നതെങ്കില്‍ കമ്മ്യൂണിസത്തിന് ഭാവിയില്ലെന്ന് ആരെങ്കിലും പറയുമോ ?
(ആണവക്കരാര്‍ നടപ്പായില്ലെങ്കില്‍ ? )
ഓഫ് ദ വിമണ്‍ , ബൈ ദ വിമണ്‍ , ഫോര്‍ ദ വിമണ്‍ !
മായാവതി യു.പി.യിലെ മുഖ്യമന്ത്രിയായപ്പോള്‍ അത് ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ മുന്നേറ്റത്തിന്റെ പ്രതീകമായി പലരും വാഴ്ത്തിയിട്ടുണ്ട് . പ്രതിഭാ പാട്ടീല്‍ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായപ്പോള്‍ ആദ്യത്തെ വനിതാ പ്രസിഡണ്ടിന്റെ രാഷ്ട്രപതി സ്ഥാനലബ്ധി ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ വിജയമായിരിക്കുമെന്നായിരുന്നു കൊട്ടിഘോഷിക്കപെട്ടത് . മറ്റ് രാഷ്ട്രങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ സ്ത്രീകള്‍ ഇതിനകം തന്നെ പല ഉന്നത പദവികള്‍ വഹിച്ചിട്ടുണ്ടെങ്കിലും ഇന്ത്യന്‍ സ്ത്രീകളുടെ ഉന്നമനത്തിന്റെ കാര്യത്തില്‍ അതൊന്നും കര്യമായ മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടില്ല എന്നതാണ് പരമാര്‍ത്ഥം . സംവരണം ഏര്‍പ്പെടുത്തിയാല്‍ നില മെച്ചപ്പെടുമെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ആ നീയമം ഇപ്പോള്‍ പരണത്ത് കെട്ടിവെച്ചിരിക്കുകയാണ് .
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോള്‍ തന്നെ സ്ത്രീകള്‍ക്കായി പാര്‍ട്ടികള്‍ രൂപപ്പെട്ടുവരുന്നുണ്ട് . കഴിഞ്ഞ ഫിബ്രവരിയില്‍ മൌറീഷ്യസ്സിലും ജൂണില്‍ ആസ്ത്രേലിയയിലും ഇത്തരത്തില്‍ ഓരോന്ന് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട് . കഴിഞ്ഞമാസത്തില്‍ രൂപീകരിക്കപ്പെട്ട പോളീഷ് വിമണ്‍സ് പാര്‍ട്ടിയുടെ ഒരു പോസ്റ്റര്‍ ഏറെ വിവാദം സൃഷ്ടിക്കുകയുണ്ടായി . ഇന്‍ഡോനേഷ്യയിലും ഫിലിപ്പൈന്‍സിലും മറ്റും വനിതകള്‍ ഇപ്പോള്‍ തന്നെ സജീവമായി രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട് . അമേരിക്കയുടെ ഏറ്റവും വിജയസാധ്യതയുള്ള അടുത്ത പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി ഹിലാരി ക്ലിന്റണ്‍ ആണല്ലോ . അപ്പോഴും ഇന്ത്യയില്‍ രാഷ്ട്രീയത്തില്‍ വനിതകളുടെ പങ്ക് തുലോം പരിമിതമാണെന്ന് പറയാതെ വയ്യ . സ്ത്രീകളുടെ രാഷ്ട്രീയ പ്രവേശം ഒരു പരിധി വരെ അഴിമതിയെ തടഞ്ഞു നിര്‍ത്തും എന്നതില്‍ സംശയമില്ല . എന്നാല്‍ അതിന് നിലവിലുള്ള നേതാക്കളുടെ ബിനാമികളല്ലാത്ത സ്വതന്ത്രചിന്താഗതിയുള്ള വനിതകള്‍ രാഷ്ട്രീയത്തില്‍ വലിയ തോതില്‍ വരേണ്ടതുണ്ട് . പുതിയ വനിതാപ്പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ കാത്തിരുന്ന് കാണാം .
അധികവായനയ്ക്ക് :
Women in India Form Their Own Political Party
In India, a party for women only
വര്‍ത്തമാനം പത്രത്തില്‍ എന്താണ് നടക്കുന്നത് ?
" നമുക്ക് മലയാളികള്‍ക്ക് പൊതുവേ വിവാദങ്ങള്‍ ഇല്ലാതെ ജീവിയ്ക്കാന്‍ വയ്യാതായിരിക്കുന്നു എന്ന് തോന്നുന്നു . രാവിലെ പത്രം എടുത്താലോ , ഏതെങ്കിലും ഒരു ചാനല്‍ തുറന്നാലോ വിവാദങ്ങളുടെ പെരുമഴ തന്നെ . വിവാദങ്ങളുടെ പിറകേയാണ് നമ്മള്‍ . ബ്ലോഗിലും വിവാദവിഷയങ്ങള്‍ക്കാണ് കൂടുതല്‍ സന്ദര്‍ശകരും കമന്റുകളും കാണാന്‍ കഴിയുന്നത് . എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായാല്‍ ആ പ്രശ്നം ആരോഗ്യകരമായി ചര്‍ച്ച ചെയ്ത് സമന്വയത്തില്‍ എത്തുകയും പരിഹാരം കാണുകയും ചെയ്യുക എന്നത് ജനാധിപത്യത്തിന്റെ ഉദാത്തമായ സാധ്യതകളായിരുന്നു . എന്നാല്‍ ഇവിടെ നടക്കുന്നത് ഒരു വിവാദത്തില്‍ എല്ലാവരും പങ്കെടുത്ത് പിന്നെ അത് വിസ്മരിച്ച് അടുത്ത വിവാദത്തിന് കാതോര്‍ക്കുന്ന ഒരവസ്ഥയാണ് .പത്രങ്ങളും ചാനലുകളും മത്സരിച്ച് വിവാദങ്ങള്‍ വേണ്ട ചേരുവകള്‍ വേണ്ടത്ര ചേര്‍ത്ത് പാകം ചെയ്ത് നമ്മുടെ വിവാദപ്പശിയടയ്കാന്‍ പാട് പെടുന്നുമുണ്ട് .
ഈ ഒരു സാമൂഹ്യ പരിസരത്ത് പരിഹാരം തേടുന്ന ഒട്ടനവധി സാമൂഹ്യപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാതെയോ , അവഗണിക്കപ്പെട്ടുപോവുകയോ ചെയ്യുന്നു എന്നതിന്റെ ഒരു നല്ല ഉദാഹരണമാണ് മാരീചന്‍ ഇവിടെ ഉന്നയിച്ചിരിക്കുന്നത് . കോടികളുടെ അഴിമതികള്‍ കേട്ട് കാത് തഴമ്പിച്ചത് കൊണ്ടാണോ എന്നറിയില്ല , വര്‍ത്തമാനം പത്രത്തില്‍ ജോലി ചെയ്തിരുന്നവരുടെയും,ഇപ്പോള്‍ ജോലി ചെയ്യുന്നവരുടെയും പേരില്‍ ലോണെടുത്ത് ഇപ്പോള്‍ ജപ്തി ഭീഷണി നേരിടുന്ന പത്രപ്രവര്‍ത്തകരുടെ പതിനായിരങ്ങളോ ലക്ഷമോ വരുന്ന തുകയുടെ കാര്യം ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നത് . ശ്രീ.സുകുമാര്‍ അഴീക്കോടിന്റെ പത്രാധിപത്യത്തില്‍ നടന്നിരുന്ന ഒരു പത്രത്തിലെ ജോലി ചെയ്യുന്നവരും കൊഴിഞ്ഞു പോയവരുമായ പത്രപ്രവര്‍ത്തകര്‍കരാണ് ഈ ദുര്‍ഗ്ഗതി നേരിടുന്നത് എന്നോര്‍ക്കണം .അഴീക്കോടും ഈ പത്രത്തില്‍ നിന്ന് പുറത്ത് പോയി എന്നാണ് ഇപ്പോള്‍ മനസ്സിലാക്കുന്നത് . എന്നാല്‍ തന്നെ അദ്ദേഹത്തിന് ഇക്കാര്യത്തില്‍ ഇടപ്പെട്ട് ഈ പ്രശനം പരിഹരിക്കാനുള്ള ധാര്‍മ്മിക ബാധ്യതയുണ്ട് .
ഇക്കാര്യത്തില്‍ നാം ബ്ലോഗ്ഗേര്‍സിനും എന്തെങ്കിലും ചെയ്യാന്‍ കഴിയേണ്ടതല്ലേ ? പ്രത്യേകിച്ചും ബ്ലോഗില്‍ എന്തെല്ലാം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നു എന്ന് അച്ചടി മാധ്യമങ്ങള്‍ ഗൌരവത്തോടെ ശ്രദ്ധിക്കുന്ന ഈ സമയത്ത് ?
ബ്ലോഗില്‍ ആരാണ് ഈ പ്രശ്നം ഉന്നയിച്ചത് , ആരൊക്കെയാണ് പിന്‍തുണക്കുന്നത് എന്ന് പരിഗണിക്കാതെ ഇതൊരു ന്യായമായ പ്രശ്നമാണ് എന്ന നിലപാടില്‍ നിന്ന് കൊണ്ട് നമ്മള്‍ ഇത് ബ്ലോഗില്‍ ഒരു ഇഷ്യൂ ആക്കുകയാണെങ്കില്‍ തീര്‍ച്ചയായും അത് ശ്രീ.അഴീക്കോടിന്റെ ശ്രദ്ധയില്‍ എത്തുകയും പ്രശ്നത്തില്‍ ഇടപെടാന്‍ അദ്ദേഹം നിര്‍ബ്ബന്ധിതനാവുകയും ചെയ്യും .ഒന്നുമില്ലെങ്കില്‍ ഒരു കൂട്ടം പത്രപ്രവര്‍ത്തകരുടെ പ്രശ്നത്തില്‍ സക്രിയമായി ഇടപെട്ടു എന്ന സംതൃപ്തിയെങ്കിലും നമുക്ക് ലഭിക്കുമല്ലോ . ഇതിവിടെ അവതരിപ്പിച്ച മാരീചനെ അനുമോദിക്കാതിരിക്കാനാവില്ല . ഇത് പോലെയുള്ള സാമൂഹ്യ പ്രശ്നങ്ങളില്‍ പ്രതികരിക്കാനുള്ള സാമൂഹ്യ പ്രതിബദ്ധത തീര്‍ച്ചയായും നമുക്കുണ്ടാവേണ്ടതാണ് ! "
വര്‍ത്തമാനം മാരീചന്റെ ബ്ലോഗില്‍ :
വഞ്ചിതരായ വര്‍ത്തമാനം തൊഴിലാളികളുടെ ബ്ലോഗ് :
അന്ധവിശ്വാസം + സ്വാര്‍ത്ഥത = ?
അങ്ങിനെയിരിക്കവേ ഡോ. മിസ്സിസ്. പ്രമീള മാലിക്കിന്റെ (അതാണ് ഭാര്യയുടെ പേര് , ഭര്‍ത്താവ് ഡോ. അശോക് ) സ്വപ്നത്തില്‍ അവരുടെ ആത്മീയ ഗുരു പ്രത്യക്ഷപ്പെട്ട് ഒരു പോം വഴി നിര്‍ദ്ധേശിച്ചു. താന്ത്രിക വിധിപ്രകാരം , ഇളയ മകന്റെ ബൌദ്ധികരക്തം ( intelligent blood ) മൂത്ത മകന്റെ ശരീരത്തിലേക്ക് കയറ്റുക ! സംഗതി ഇത്ര എളുപ്പമാണെന്ന് മനസ്സിലായപ്പോള്‍ ഡോക്റ്റര്‍ ദമ്പതികള്‍ ഗുരു സ്വപ്നത്തില്‍ അരുളിച്ചെയ്ത പോലെ തന്നെ ഇളയവനില്‍ നിന്ന് മൂത്തവനിലേക്ക് blood transfusion ചെയ്തു, പക്ഷേ ........ ബുദ്ധിശക്തി കൂടുതലുണ്ടായിരുന്ന ഇളയമകന്‍ മരണപ്പെട്ടു പോയി, മൂത്ത മകന്‍ ഗുരുതരമായ അവസ്ഥയില്‍ ആസ്പത്രിയിലും !
സംഗതി മണത്തറിഞ്ഞ പോലീസ് വീട്ടിലെത്തിയപ്പോള്‍ കള്ളം പറഞ്ഞ് രക്ഷപ്പെടാനാണ് ഡോക്റ്റര്‍ ദമ്പതികള്‍ തുനിഞ്ഞത് . മക്കളുടെ പല്ലില്‍ നിന്ന് രക്തം വാര്‍ന്നു കൊണ്ടിരുന്നു എന്നാണ് ആദ്യം പറഞ്ഞത് . ആരോ അജ്ഞാതര്‍ വീട്ടിനുള്ളില്‍ കടന്ന് മക്കളെ ആക്രമിച്ചു എന്ന് പിന്നീട് തിരുത്തിപ്പറഞ്ഞു . പോലീസിന്റെ ഊര്‍ജ്ജിതമായ അന്വേഷണത്തിലാണ് മേല്‍പ്പറഞ്ഞ സംഭവങ്ങള്‍ വെളിപ്പെട്ടതും , ഡോക്റ്റര്‍ ദമ്പതികള്‍ അറസ്റ്റിലായതും !
ഭാര്യയും ഭര്‍ത്താവും ഡോക്റ്റര്‍മാരായിട്ടും അന്ധവിശ്വാസങ്ങള്‍ക്ക് ഇത്രമാത്രം സ്വാധീനം അവരില്‍ ചെലുത്താന്‍ കഴിയുമ്പോള്‍ സാധാരണക്കാരുടെ കാര്യം പറയാനുണ്ടോ ? വിശ്വാസികള്‍ ദൈവത്തില്‍ വിശ്വസിക്കട്ടെ . എന്നാല്‍ മറ്റുള്ള കാര്യങ്ങളിലെങ്കിലും അന്ധവിശ്വാസങ്ങള്‍ മാറ്റിവെച്ച് ഒരു ശാസ്ത്രീയ വീക്ഷണം സ്വീകരിക്കേണ്ടേ ?
അവലംബം :
http://www.indiatime.com/2007/10/10/haryana-doctor-couple-in-trouble-for-brotherly-blood-transfusion-to-increase-sons-iq/
പാവം റിസ്വാനുര്‍ റഹ്‌മാനെ കൊല്‍ക്കത്ത പോലീസ് എന്തിന് കൊന്നു ?
റിസ്വാനൂര്‍ റഹ്‌മാന്‍ (Rizwanur Rahman, 30 ) കൊല്‍ക്കത്തയില്‍ ഒരു കമ്പ്യൂട്ടര്‍ ഗ്രാഫിക് ടീച്ചര്‍ ആയിരുന്നു . അയാള്‍ പ്രിയങ്ക ടോഡി (Priyanka Todi) എന്ന ഒരു ഹിന്ദു യുവതിയെ പ്രണയിക്കുകയും , പിന്നീട് അവര്‍ (18/8/07) രഹസ്യവിവാഹം കഴിക്കുകയും ചെയ്തു . പ്രിയങ്കയുടെ പിതാവ് ഒരു ധനാഢ്യനായിരുന്നു എന്ന് പറയേണ്ടതില്ലല്ലോ . തന്റെ മകളെ കാണ്മാനില്ല എന്ന് പിതാവ് പോലീസില്‍ ആദ്യം ഒരു പരാതിയും പിന്നീട് മകള്‍ തട്ടിക്കൊണ്ട് പോകപ്പെട്ടതായി രണ്ടാമതായി മറ്റൊരു പരാതിയും നല്‍കുന്നു .
പ്രിയങ്കയെ സ്വന്തം വീട്ടില്‍ രക്ഷിതാക്കളോടൊപ്പം പറഞ്ഞയക്കാന്‍ റിസ്വാനെ കൊല്‍ക്കത്ത പോലീസ് നിര്‍ബ്ബന്ധിക്കുകയും ശല്യപ്പെടുത്തുകയും ചെയ്യുന്നു . എന്നാല്‍ താനിനി സ്വന്തം വീട്ടിലേക്കില്ല എന്ന് പ്രിയങ്ക ശഠിക്കുന്നു. ഒടുവില്‍ പോലീസ് തന്ത്രം മെനയുന്നു . അച്ഛന് കലശലായ അസുഖം ബാധിച്ചതായി പോലീസ് അവരെ ധരിപ്പിക്കുന്നു. ആ തന്ത്രം ഒരു മരണക്കെണിയാണെന്ന് മനസ്സിലാക്കാതെ 8/9/07 ന് റിസ്വാന്‍ പ്രിയങ്കയെ ഒരാഴ്ച താമസിക്കാന്‍ അവളുടെ വീട്ടില്‍ പറഞ്ഞയക്കുന്നു . പിന്നീട് വീട്ടുകാര്‍ പ്രിയങ്കയെ പുറത്തേക്ക് വിട്ടില്ല . തന്റെ ഭാര്യയെ ഇനി വിട്ടുകിട്ടില്ല എന്ന് മനസ്സിലാക്കിയ റിസ്വാന്‍ 16/9/07 ന് APDR (Association for Protection of Democratic Rights) എന്ന പൌരാവകാശ സംഘടനയുടെ സാഹയം തേടുന്നു .
എന്നാല്‍ 21/9/07 ന് റിസ്വാന്‍ റെയില്‍വേ ട്രാക്കില്‍ (between Dum Dum and Bidhannagar stations) മരിച്ചു കിടക്കുന്നതാണ് പിന്നീട് കാണുന്നത് . റിസ്വാന്‍ വണ്ടിക്ക് ചാടി ആത്മഹത്യ ചെയ്തതാണെന്നാണ് പതിവ് പോലെ പോലീസിന്റെ ഭാഷ്യം . ബംഗാളിലെ ഇടത് മുന്നണി കണ്‍വീനറും , സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗവുമായ ബിമന്‍ ബോസ് പത്രക്കാരോട് പറഞ്ഞത് അവര്‍ വിവാഹിതരായിരുന്നു എന്ന കാര്യം പോലീസിനറിയില്ലായിരുന്നു എന്നാണ് . എന്നാല്‍ ഒരാഴ്ചക്കാലം പിതാവിന്റെ കൂടെ താമസിക്കാന്‍ പ്രിയങ്കയെ അയയ്ക്കണമെന്ന് റിസ്വാനെ പോലീസ് പ്രേരിപ്പിക്കുന്നതിന് പകരം , അവന്റെ കൈയില്‍ വിവാഹം കഴിഞ്ഞതിന്റെ രേഖയൊന്നുമില്ലായിരുന്നുവെങ്കില്‍ അവനെ അവര്‍ അറസ്റ്റ് ചെയ്യുമായിരുന്നു . പ്രത്യേകിച്ചും തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന ഒരു പരാതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ !
ഏതായാലും ഒരാഴ്ചത്തെ മൌനത്തിന് ശേഷം ബംഗാള്‍ മുഖ്യമന്ത്രി ഒരു അന്വേഷണത്തിന് ഉത്തരവിട്ടുണ്ടത്രെ . ആ അന്വേഷണം കുറ്റവാളികളെ നിയമത്തിന്റെ മുന്‍പില്‍ കൊണ്ട് വന്ന് മാതൃകാപരമായി ശിക്ഷിക്കാനോ അതോ അവരെ രക്ഷപ്പെടുത്താനോ എന്നത് കാത്തിരുന്ന് കാണാം .
ചില കുറ്റകൃത്യങ്ങള്‍ക്ക് നമ്മള്‍ വളരെ പ്രചാരം നല്‍കുമ്പോള്‍ മറ്റു ചിലത് സൌകര്യപൂര്‍വ്വം തമസ്ക്കരിക്കുന്ന ഒരു ഇരട്ടത്താപ്പ് നയം നമ്മളിലുണ്ടോ എന്ന് സംശയിക്കേണ്ടതില്ലേ ?
ഈ സംഭവത്തെക്കുറിച്ച് നടക്കുന്ന ചൂടേറിയ ചര്‍ച്ചകള്‍ ഇവിടെ വായിക്കുക :
http://www.indiatime.com/2007/09/28/why-did-kolkata-police-murder-rizwanur-rahman/
പ്രത്യയശാസ്ത്ര ശാഠ്യങ്ങള്‍
കമ്മ്യൂണിസത്തിന്റെ ഭാവി എന്തായിരിക്കുമെന്ന് വിധിയെഴുതാറായിട്ടില്ലെങ്കിലും , ഇനി വരുന്ന കാലങ്ങളില്‍ കമ്മ്യൂണിസത്തിന് പ്രസക്തി തീരെ ഉണ്ടാവുകയില്ല എന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട് . ഇത് പറയുമ്പോള്‍ കമ്മ്യൂണിസ്റ്റ് സുഹൃത്തുക്കള്‍ ഈ നിഗമനത്തെ ഒട്ടും അംഗീകരിച്ച് തരില്ല . അതിന്റെ പേരാണ് പ്രത്യയശാസ്ത്ര ശാഠ്യം എന്നത് . എല്ലാ വിശ്വാസികളും അവരവരുടെ പ്രത്യയശാസ്ത്രങ്ങളെ തള്ളിപ്പറയാന്‍ തയ്യാറാവുകയില്ല . എന്നാല്‍ സമൂഹമോ , രാജ്യമോ മുന്നോട്ട് പോകുന്നതിന് ഏതെങ്കിലും ഒരു പ്രത്യേക പ്രത്യയശാസ്ത്രം ആവശ്യമുണ്ടോ ? അങ്ങിനെ ഏതെങ്കിലും ഒരു പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ മുന്നോട്ട് പോകുന്ന ഏതെങ്കിലും ഒരു രാജ്യം ലോകത്തെവിടെയെങ്കിലും ഇന്ന് നിലവിലുണ്ടോ ? ബൈബിള്‍ പ്രകാരമോ , ശരീയത്ത് നിയമപ്രകാരമോ , ഗാന്ധിസം അനുസരിച്ചോ , മാര്‍ക്സിസ്റ്റ് സിദ്ധാന്തമനുസരിച്ചോ എവിടെയെങ്കിലും ഒരു സമൂഹമോ രാജ്യമോ മുന്നോട്ട് പോകുന്നുണ്ടോ ? തീര്‍ച്ചയായും ഇല്ല തന്നെ .
മാര്‍ക്സിസത്തെ പറ്റി പറയുകയാണെങ്കില്‍ മാര്‍ക്സ് വിഭാവനം ചെയ്ത പോലെ മുതലാളിത്തം അതിന്റെ പൂര്‍ണ്ണ വളര്‍ച്ച പ്രാപിച്ച് , തല്‍ഫലമായി തൊഴിലാളി വര്‍ഗ്ഗത്തിന്റെ നേതൃത്വത്തില്‍ ഒരു സോഷ്യലിസ്റ്റ് വിപ്ലവം ലോകത്തെവിടെയും ഒരിക്കലും നടന്നിട്ടില്ല . മാര്‍ക്സിന്റെ വര്‍ഗ്ഗസമരസിദ്ധാന്തപ്രകാരം ഇംഗ്ലണ്ടിലും ജര്‍മ്മനിയിലും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലുമായിരുന്നു സോഷ്യലിസ്റ്റ് വിപ്ലവം ആദ്യം നടക്കേണ്ടിയിരുന്നത് . കാരണം വ്യാവസായിക വിപ്ലവം നിമിത്തം അവിടങ്ങളിലാണ് ഒരു വര്‍ഗ്ഗമെന്ന നിലയില്‍ തൊളിലാളി സമൂഹം ഉയര്‍ന്ന് വന്നത് . റഷ്യ സാറിസ്റ്റ് ഭരണത്തിന്‍കീഴില്‍ ഒരവികസിത രാജ്യമായിരുന്നു . ചൈന തികച്ചും ഒരു കാര്‍ഷികരാജ്യമായിരുന്നു . രണ്ടിടത്തും ഫ്യൂഡല്‍ വ്യവസ്ഥിതിയായിരുന്നു നിലവിലുണ്ടായിരുനത് .
മാര്‍ക്സിന്റെ തീയറി അനുസരിച്ച് ഫ്യൂഡല്‍ വ്യവസ്ഥിതി തകര്‍ന്ന് മുതലാളിത്തം വളര്‍ച്ച പ്രാപിച്ചാലേ , തൊഴിലാളി വര്‍ഗ്ഗത്തിന്റെ നേതൃത്വത്തില്‍ സോഷ്യലിസ്റ്റ് വിപ്ലവം പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ ഭൌതീക സാഹചര്യം പരിപക്വമാവുകയുള്ളൂ . അത്തരം ഒരു ഭൌതിക സാഹചര്യം നിലവിലുണ്ടായിരുന്ന യൂറോപ്പില്‍ വിപ്ലവം നടന്നില്ല . റഷ്യയിലും ചൈനയിലും നടന്നത് മാര്‍ക്സിയന്‍ തീയറി അനുസരിച്ച് നടന്ന സോഷ്യലിസ്റ്റ് വിപ്ലവങ്ങളായിരുന്നില്ല . പ്രത്യുത കേവലം അധികാരം പിടിച്ചടക്കലായിരുന്നു. മാര്‍ക്സിന്റെ കാഴ്ച്ചപ്പാടില്‍ വിപ്ലവമെന്നത് വെറും അധികാരകൈമാറ്റമല്ല . സാമൂഹ്യഘടനയുടെ സമഗ്രമായ പരിവര്‍ത്തനമാണ് . അങ്ങിനെയൊരു പരിവര്‍ത്തനം നടന്നു കഴിഞ്ഞാല്‍ അതില്‍ നിന്ന് സമൂഹത്തിന് പിന്നീട് പിറകോട്ട് പോകാന്‍ കഴിയില്ല . നമുക്ക് വീണ്ടും മൊഹഞ്ചദാരോ, ഹാരപ്പാ സംസ്കൃതിയിലേക്ക് തിരിച്ചു പോകാന്‍ കഴിയാത്ത പോലെ ! ഇവിടെ മാര്‍ക്സിയന്‍ സിദ്ധാന്തം പരാജയപ്പെടുകയോ , അഥവാ ആ സിദ്ധാന്തം പ്രായോഗീകവല്‍ക്കരിക്കാന്‍ കഴിയാതെ വരികയോ ചെയ്തു. എല്ലാ പ്രത്യയശാസ്ത്രങ്ങളുടെയും ഗതി ഇത് തന്നെയാണ് . എല്ലാ പ്രത്യയശാസ്ത്രങ്ങളും ഇന്നും ആര്‍ക്കും പ്രയോജനപ്പെടാതെയോ , ആരാലും പ്രയോജനപ്പെടുത്തപ്പെടാതെയോ വെറും പുസ്തകത്താളുകളില്‍ നിര്‍ജ്ജീവമായി മഷി പുരണ്ട് കിടക്കുകയാണ് . എന്നിട്ടും പ്രത്യയശാസ്ത്രങ്ങളില്‍ വിദൂരപ്രതീക്ഷ അര്‍പ്പിക്കുകയും അത് മുറുകെപ്പിടിക്കുകയും ചെയ്യുന്നതിന്റെ പേരാണ് പ്രത്യയശാസ്ത്രശാഠ്യം . ദൈനംദിന ജിവിതത്തില്‍ ആര്‍ക്കും മാര്‍ഗ്ഗദര്‍ശനാമാവാത്ത പ്രത്യയശാസ്ത്രം പിന്നെ ആര്‍ക്ക് വേണ്ടിയാണ് .
ഇന്നലെ എഴുതിവെച്ച സിദ്ധാന്തങ്ങളും നിര്‍ദ്ധേശങ്ങളും ഇന്നിന്റെ പ്രശ്നങ്ങള്‍ക്ക് പരിഹാരമോ പോംവഴിയോ അല്ല . ഒരോ കാലഘട്ടങ്ങളിലും ഉയര്‍ന്ന് വരുന്ന പ്രശ്നങ്ങള്‍ക്ക് അതാത് കാലഘട്ടങ്ങളില്‍ ജീവിയ്ക്കുന്ന മനുഷ്യര്‍ പരിഹാരം കണ്ടെത്തേണ്ടതുണ്ട് . നാളത്തെ പ്രശ്നങ്ങള്‍ക്ക് പോംവഴി കണ്ടെത്താന്‍ നാളെ ജീവിയ്ക്കുന്നവര്‍ക്കേ കഴിയൂ . ഇന്നുള്ളവര്‍ക്ക് കഴിയില്ല . അങ്ങിനെയാണ് മനുഷ്യ സമൂഹം മുന്നേറിയിട്ടുള്ളത് . എക്കാലത്തേക്കും സാധുവായ ഒരു തീയറി ആവിഷ്കരിക്കാന്‍ ഒരു ദാര്‍ശനികനും ചിന്തകനും കഴിയില്ല . സത്യത്തില്‍ എല്ലായ്പ്പൊഴും മനുഷ്യന്‍ മുന്നോട്ട് പോയ്ക്കൊണ്ടിരിക്കുന്നത് പ്രത്യയശാസ്ത്രങ്ങളെ വകവയ്ക്കാതെ നിലവിലുണ്ടാവുന്ന പൊതുയുക്തിയുടെ അടിസ്ഥാനത്തില്‍ തന്നെയാണ് . ഇന്ന് ലോകത്തില്‍ ഉണ്ടാവുന്ന സകല സംഘര്‍ഷങ്ങള്‍ക്കും കാരണം ഈ പ്രത്യയശാസ്ത്രശാഠ്യങ്ങളുടെ ഏറ്റുമുട്ടലാണ് . പ്രത്യയശാസ്ത്രപരമായ മുന്‍വിധികളില്ലാതെ മാനവീകമുല്യങ്ങളുടെ അടിസ്ഥാനത്തില്‍ ജനാധിപത്യപരമായ ചര്‍ച്ചകളിലൂടെ മാത്രമേ എതൊരു പ്രശ്നവും പരിഹരിക്കാന്‍ കഴിയു . ഏതെല്ലാം പ്രശ്നങ്ങള്‍ എവിടെയെല്ലാം പരിഹരിക്കപ്പെടുന്നുണ്ടോ അതെല്ലാം ഇങ്ങിനെ തന്നെയാണ് .
വിജയന്‍ മാഷിന്റെ മരണവും , വിവാദങ്ങളും !
സുകുമാര്‍ അഴീക്കോട് ആണ് അദ്യത്തെ വെടി പൊട്ടിച്ചത് . ആ പത്രസമ്മേളനം അനവസരത്തിലായിരുന്നു , അല്ലെങ്കില്‍ അദ്ദേഹത്തിന്റെ മരണം ഒഴിവാക്കാമായിരുന്നു എന്നുമാണ് അഴീക്കോട് പറഞ്ഞതിന്റെ സാരം . അദ്ദേഹത്തിന്റെ ചുവട് പിടിച്ച് എം.മുകുന്ദനും ചുള്ളിക്കാടും പറഞ്ഞതിന്റെ അര്‍ത്ഥവും ഏതാണ്ട് ഇതേപോലെ തന്നെ . ഇവരെല്ലാവരും ഇങ്ങിനെ വിവാദങ്ങള്‍ ഉണ്ടാക്കിയതാണ് അനവസരത്തില്‍ എന്ന ഗണത്തില്‍ പെടുത്താവുന്നവ എന്നും വിജയന്‍ മാഷിന്റെ ആയുസ്സ് കുറച്ചു കൂടി നീട്ടിക്കിട്ടിയാല്‍ നന്നായിരുന്നു എന്ന സദുദ്ധേശത്തിലല്ല ഈ പ്രസ്താവനകള്‍ വന്നത് എന്നും പകല്‍ പോലെ വ്യക്തം . ആരെയൊക്കെയോ തൃപ്തിപ്പെടുത്താനോ സന്തോഷിപ്പിക്കാനോ ആണ് ഇങ്ങിനെയൊരു വിവാദത്തിന് തിരി കൊളുത്തിയത് എന്നതും കൊച്ചുകുട്ടികള്‍ക്ക് പോലും മനസ്സിലാവും . ഇങ്ങിനെയുള്ളവരെയാണ് നമ്മള്‍ സാംസ്കാരീകനായകന്മാര്‍ എന്ന പട്ടം ചാര്‍ത്തിക്കൊടുത്ത് ബഹുമാനിക്കുന്നത് എന്നത് സമകാലിക കേരളത്തിന്റെ ജീര്‍ണ്ണതയുടെ മറ്റൊരു വികൃതമുഖം .
അഴീക്കോട് ഒരു ഉച്ചഭാഷിണി പ്രിയന്‍ ആണെന്നും മൈക്ക് കിട്ടിയാല്‍ അദ്ദേഹം അത് നല്‍കിയവരെ പുകഴ്ത്താനും പ്രതിയോഗികളെ ഇകഴ്ത്താനും ഏതറ്റം വരെ പോകുമെന്നും അതിന് വേണ്ടി ഭാഷയെ ഉപയോഗിക്കുന്നതില്‍ അദ്ദേഹം അഗ്രഗണ്യനാണെന്നും എല്ലാവര്‍ക്കുമറിയാം . എത്ര അവശനായാലും പ്രസംഗിക്കാന്‍ ആരെങ്കിലും ക്ഷണിച്ചാല്‍ ആ ക്ഷണിതം അദ്ദേഹം നിരസിക്കാന്‍ സാദ്ധ്യതയില്ല . മരണം എത് നിമിഷത്തിലാണ് കടന്ന് വരികയെന്ന് ആര്‍ക്കും മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയില്ലല്ലോ . മരിക്കുമെന്ന് കരുതി ആരും തന്നെ എന്തെങ്കിലും ചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്യാറുമില്ല . ഒരു പ്രസംഗവേദിയില്‍ വെച്ചാണ് അഴീക്കോട് മരണപ്പെടുന്നതെങ്കില്‍ ആ മരണത്തിന്റെ ഉത്തരാവാദിത്വം പ്രസംഗിക്കാന്‍ ക്ഷണിച്ചവരില്‍ ആരോപിക്കുന്നത് ഉചിതമായിരിക്കുകയില്ല തന്നെ .
സത്യത്തില്‍ ഒരു കാവ്യാത്മകമായ മരണമായിരുന്നു വിജയന്‍ മാഷിന്റേത് . മരണത്തിന് സൌന്ദര്യമുണ്ടെങ്കില്‍ അങ്ങേയറ്റം സുന്ദരമായിരുന്നു അദ്ദേഹത്തിന്റെ മരണം . മാത്രമല്ല അത് അസൂയാവഹം കൂടിയായിരുന്നു . മരിക്കുന്നെങ്കില്‍ ഇങ്ങിനെ മരിക്കണമെന്ന് മാലോകരെക്കൊണ്ട് പറയിപ്പിക്കുന്ന മഹത്തായ മരണം . ആ മരണത്തെ വിവാദമാക്കുന്നവര്‍ നാളെ എങ്ങിനെ മരിക്കുമെന്ന് പറയാന്‍ കഴിയില്ല . എല്ലാ മരണവും ഇങ്ങിനെ അനായാസമാകണമെന്നില്ലല്ലോ . വിജയന്‍ മാഷിന്റെ ജീവന്‍ രക്ഷിക്കാമായിരുന്നു എന്ന് വിലപിക്കുന്ന എം.മുകുന്ദനെപ്പോലെയുള്ളവര്‍ , അദ്ദേഹം എപ്പോള്‍ എങ്ങിനെ മരിക്കണമെന്നായിരുന്നു താല്‍പ്പര്യപ്പെടുന്നത് എന്നറിയുന്നത് കൌതുകകരമായിരിക്കും . സത്യത്തില്‍ ഇതിന്റെയെല്ലാം അടിയില്‍ നിലനില്‍ക്കുന്നത് വൃത്തികെട്ട കക്ഷിരാഷ്ട്രീയത്തിന്റെ മലീമസമായ അടിയൊഴുക്കുകളാണെന്നതാണ് പരമാര്‍ത്ഥം . തന്റെ സ്ഥാനം , തന്റെ പദവി , തന്റെ സമ്പാദ്യം , തന്റെ കീര്‍ത്തി , തന്റെ നിലനില്‍പ്പ് എന്നതില്‍ തീരുന്നു ഇന്നത്തെ രാക്ഷ്ട്രീയം ! കേഴുക മമ നാടേ എന്നല്ലാതെ എന്ത് പറയാന്‍ !!
ബന്ദിനും ഹര്‍ത്താലിനുമെതിരെ ജനകീയ പ്രതിരോധ മുന്നണി വേണം !
ഇന്ന് ( 1.10.07) സേതുസമുദ്രം പദ്ധതി വേഗത്തില്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ് നാട്ടില്‍ ഡി.എം.കെ നേതൃത്വം നല്‍കുന്ന ഭരണമുന്നണി നടത്താനിരുന്ന ബന്ദ് സുപ്രീം കോടതി തടഞ്ഞിരിക്കുന്നു. ബന്ദിന് പകരമായി നിരാഹാരമിരിക്കാന്‍ കരുണാനിധി തീരുമാനിച്ചിരിക്കുന്നു . പ്രതിപക്ഷ കക്ഷിയായ AIADMK ബന്ദിനെതിരെ നല്‍കിയ ഹരജിയിലാണ് കോടതി ഇങ്ങിനെ ബന്ദ് തടഞ്ഞ് കൊണ്ട് വിധി പ്രസ്ഥാവിച്ചത് . ഹരജിയുടെ വിചാരണ വേളയില്‍ കോടതി നടത്തിയ പരാമര്‍ശങ്ങള്‍ പൌരബോധമുള്ള ചുരുക്കം ചിലരുടെയെങ്കിലും കണ്ണ് തുറപ്പിക്കേണ്ടതാണ് .
അതായത് 1998ല്‍ തന്നെ ബന്ദും ഹര്‍ത്താലും നിരോധിച്ചുകൊണ്ട് കേരള ഹൈക്കോടതി വിധി പ്രസ്ഥാവിച്ചതാണ് . പിന്നീട് ആ വിധി രാജ്യത്താകമാനം ബാധകമാണെന്ന് സുപ്രീം കോടതി ശരി വെച്ചതുമാണ് . എന്നിട്ടും എന്തേ ബന്ദും ഹര്‍ത്താലും അടിച്ചേല്‍പ്പിക്കപ്പെടുമ്പോള്‍ ആരും തന്നെ കോടതിയലക്ഷ്യത്തിന് കേസ്സ് എടുക്കാന്‍ കോടതിയെ സമീപിക്കാത്തത് എന്നാണ് സുപ്രീം കോടതി ചോദിക്കുന്നത് . ഈ ഒരു സാധ്യത നിലനില്‍ക്കവെയാണ് നമ്മള്‍ ഇപ്പോഴും സംഘടിതരായ ഒരു ചെറിയ ന്യൂനപക്ഷത്തെ ഭയന്ന് ബന്ദ്,ഹര്‍ത്താല്‍ ദിനങ്ങളില്‍ സ്വയം തടവിലകപ്പെട്ട് കഴിയുന്നത് .
ബന്ദിനെതിരെ ഇപ്പോള്‍ ഹരജി നല്‍കിയെങ്കിലും അവരുടെ ആവശ്യം വരുമ്പോള്‍ AIADMK ഇനിയെപ്പോഴെങ്കിലും ബന്ദിന് ആഹ്വാനം നല്‍കിക്കൂടെന്നില്ല . അതാണ് രാഷ്ട്രീയക്കാരുടെ ഇരട്ടത്താപ്പ് . മുന്‍പ് ഹര്‍ത്താലിനെതിരെ എം.എം.ഹസ്സനെപ്പോലുള്ളവര്‍ ഉപവാസം ഇരുന്നെങ്കിലും, പിന്നീട് അവരുടെ ആവശ്യത്തിന് ഹര്‍ത്താല്‍ നടത്തി വിജയിപ്പിച്ചിട്ടുണ്ട് . ബന്ദ് വിജയിപ്പിക്കാന്‍ ഇന്ന് ഒരു പാര്‍ട്ടി തന്നെ ആവശ്യമില്ല . ഒരജ്ഞാതന്‍ എതെങ്കിലും ഒരു ചാനലിലേക്ക് ഫോണ്‍ വിളിച്ച് നാളെ പണിമുടക്കാണെന്ന് പറഞ്ഞാലും നാട് അക്ഷരാര്‍ത്ഥത്തില്‍ സ്തംഭിക്കും . അതാണിന്നത്തെ അവസ്ഥ. ബന്ദിനും ഹര്‍ത്താലിനും എതിരെ ശക്തമായി പ്രതികരിക്കുകയും , ഇനി ഹര്‍ത്താലിന് തങ്ങള്‍ കടകള്‍ തുറക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്ത വ്യാപാരി-വ്യവസായി ഏകോപനസമിതി തന്നെ നിസ്സാര കാരണങ്ങളുടെ പേരില്‍ പല തവണ ഹര്‍ത്താല്‍ നടത്തിയിട്ടുണ്ട് .
ജനങ്ങളുടെ പ്രതിക്ഷേധം അറിയിക്കാനുള്ള പൌരാവകാശമാണ് പൊതുപണിമുടക്ക് , ഹര്‍ത്താല്‍, ബന്ദ് തുടങ്ങിയ സമരമുറകളെന്നും ഗാന്ധിജി നമുക്ക് തന്ന ഉദാത്തമായ സമര മാതൃകയാണിതെന്നും ഈ സമരമുറ വേണ്ടെന്ന് വയ്ക്കുന്നത് ഗാന്ധിജിയോടുള്ള അനാദരവാണെന്ന് പോലും രാഷ്ട്രീയക്കാര്‍ പറഞ്ഞ് കേള്‍ക്കാറുണ്ട് . പക്ഷെ ഗാന്ധിജി സമരങ്ങള്‍ നടത്തിയത് സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ അധിപന്മാരോടായിരുന്നുവെന്നും ഇന്ന് ജനങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടി നടത്തുന്ന ജനാധിപത്യഭരണസമ്പ്രദായമാണ് ഇവിടെ നിലവിലുള്ളതെന്നുമുള്ള സത്യം ഇക്കൂട്ടര്‍ സൌകര്യപൂര്‍വ്വം മറച്ചു വയ്ക്കുന്നു. അതായത് ഗാന്ധിജി സമരം നടത്തിയത് കൊളോണിയല്‍ ഭരണകൂടത്തോടാണെങ്കില്‍, ഇവിടെ നടക്കുന്നത് ഒരു ചെറിയ വിഭാഗം ആള്‍ക്കാര്‍ ഭൂരിപക്ഷം വരുന്ന ജനവിഭാഗങ്ങള്‍ക്കെതിരെയാണ് . എങ്ങിനെയെല്ലാം ഈ സമരമുറ ആഭാസമാകാം എന്നതിന്റെ ഒരു നല്ല തെളിവായിരുന്നു തമിഴ് നാട്ടിലെ ഭരണമുന്നണിയുടെ ബന്ദാഹ്വാനം . സേതുസമുദ്രം പദ്ധതി വേഗം നടപ്പിലാക്കണമെന്നായിരുന്നു ബന്ദിന്റെ ആവശ്യം . ഈ സമരം ആര്‍ക്കെതിരെയാണെന്ന് ഒരു ഘട്ടത്തില്‍ സര്‍ക്കാര്‍ അഭിഭാഷകനോട് കോടതി ചോദിക്കുകയുണ്ടായി . രാഷ്ട്രീയ നേതാക്കന്മാര്‍ക്ക് ഒട്ടും തന്നെ വിവേകമോ ജനാധിപത്യബോധമോ ഇല്ലെന്നാണ് ഇത്തരം സമരാഹ്വാനങ്ങള്‍ തെളിയിക്കുന്നത് . ബന്ദ് , പൊതുപണിമുടക്ക് പോലുള്ള സമരങ്ങള്‍ പൊതുജനങ്ങളുടെ വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് കോടതികള്‍ പലതവണ വ്യക്തമാക്കിയിട്ടും ഭരിക്കുന്ന സര്‍ക്കാര്‍ തന്നെ ബന്ദും പണിമുടക്കും സ്പോണ്‍സര്‍ ചെയ്യുന്നത് നമ്മുടെ പൌരബോധത്തോടുള്ള വെല്ലുവിളിയാണ് . മാത്രമല്ല നമ്മുടെ പൌരാവകാശങ്ങള്‍ ഈ രാഷ്ട്രീയക്കാരുടെ കൈകളില്‍ സുരക്ഷിതമല്ല എന്ന ആപത്തും ഇതില്‍ അന്തര്‍ഭവിച്ചിട്ടുണ്ട് .
ജനങ്ങളുടെ പ്രതിക്ഷേധം അറിയിക്കാനാണ് ബന്ദും ഹര്‍ത്താലും ആഹ്വാനം ചെയ്യുന്നത് എന്നാണല്ലോ നേതാക്കന്മാര്‍ അവകാശപ്പെടുന്നത് . ആരാണീ ജനങ്ങള്‍ ? മുഴുവന്‍ ജനങ്ങളുടെയും പ്രാതിനിധ്യം അവകാശപ്പെടാന്‍ കഴിയുന്ന ഒരു പാര്‍ട്ടിയും ഇവിടെയില്ല . അപ്പോള്‍ പൊതുപണിമുടക്ക് എന്ന പ്രയോഗം തന്നെ അസംബന്ധമാണെന്ന് കാണാം . പ്രതിക്ഷേധമുള്ളവര്‍ സ്വന്തം നിലയില്‍ പ്രധിക്ഷേധിക്കട്ടെ . ആര്‍ക്കൊക്കെയാണോ പ്രതിക്ഷേധമുള്ളത് അവര്‍ ഒറ്റക്കെട്ടായി പണിമുടക്കട്ടെ . അവര്‍ പുറത്തെവിടെയും സഞ്ചരിക്കാതെ വീട്ടിനുള്ളില്‍ കഴിയട്ടെ . മറ്റുള്ളവരുടെ പ്രതിക്ഷേധിക്കാതിരിക്കാനുള്ള അവകാശവും , പ്രതിഷേധക്കാരുടെ അവകാശങ്ങളേക്കാളും ഒട്ടും കുറവല്ല . മൊത്തം ജനങ്ങള്‍ക്കും പ്രധിഷേധിക്കാനുള്ള ഒരു ഇഷ്യൂ ആഭ്യന്തര്യമായി ഉണ്ടാവാനുള്ള സാധ്യതയില്ല തന്നെ . ചുരുക്കത്തില്‍ ബന്ദ് , ഹര്‍ത്താല്‍ , പൊതുപണിമുടക്ക് എന്നൊക്കെ പറയുന്നത് അതിന്റെ യഥര്‍ത്ഥ അര്‍ത്ഥത്തില്‍ ഒരു വിഭാഗം ആള്‍ക്കൂട്ടം മറ്റ് ജനവിഭാഗങ്ങളുടെപൌരാവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന കാട്ടാളത്തമാണ് .
തങ്ങളുടെ ജനാധിപത്യവിരുദ്ധമായ കടന്നുകയറ്റങ്ങള്‍ സാദ്ധ്യമാവുകയില്ല എന്ന് വന്നാല്‍ ഏത് നേതാവിനും ഏത് പ്രായത്തിലും വിവേകം ഉദിയ്ക്കാം എന്നതിന്റെ തെളിവാണ് കരുണാനിധിയുടെ സത്യാഗ്രഹ സമര പ്രഖ്യാപനം ! അങ്ങിനെയും പ്രധിക്ഷേധിക്കാമല്ലോ ? തങ്ങള്‍ക്ക് , ജനങ്ങള്‍ക്കില്ലാത്ത സവിശേഷമായ ചില അധികാരങ്ങള്‍ ജന്മനാ ലഭിച്ചിട്ടുണ്ടെന്നാണ് രാഷ്ട്രീയനേതാക്കള്‍ ധരിച്ചു വച്ചിട്ടുള്ളത് . എന്നാല്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ അധികാരങ്ങള്‍ക്ക് മേലെയാണ് പൊതുജനങ്ങളുടെ അധികാരം എന്ന് കോടതികള്‍ പല തവണ വ്യക്തമാക്കിയിട്ടുണ്ട് . പൊതുജനങ്ങളുടെ ആയാലും ഒരു വ്യക്തിയുടെ ആയാലും മൌലീകാവകാശങ്ങള്‍ക്ക് നിയമപരമായ പരിരക്ഷയുണ്ട് .
ബന്ദ് , പണിമുടക്ക് , ഹര്‍ത്താല്‍ എന്ന പേരിലുള്ള ഏതെങ്കിലും ഒരു ആഹ്വാനത്തിന്റെ പേരില്‍ ഒരു വ്യക്തിക്ക് ഉണ്ടാകുന്ന നഷ്ടകഷ്ടങ്ങള്‍ക്ക് പോലും പരിഹാരം ലഭിക്കാന്‍ കോടതിയെ സമീപിക്കാവുന്നതാണ് . ഇങ്ങിനെ നഷ്ടപരിഹാരത്തിന് കേസ് ഫയല്‍ ചെയ്യുമ്പോള്‍ ആഹ്വാനം ചെയ്ത സംഘടനയുടെ നേതാവിനെ മാത്രമല്ല , ആ ആഹ്വാനം വാര്‍ത്തയായി പ്രസിദ്ധീകരിച്ച പത്രങ്ങളെയും വാര്‍ത്ത പ്രക്ഷേപണം ചെയ്ത ചാനലുകളേയും , തന്റെ മൌലീകാവകാശങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നതില്‍ വീഴ്ച്ച വരുത്തിയ സര്‍ക്കാറിനെയും പ്രതിസ്ഥാനത്ത് ഉള്‍പ്പെടുത്താവുന്നതാണ് . ഇങ്ങിനെ കുറെ കേസ്സുകള്‍ വന്നാല്‍ പിന്നീട് കരുണാനിധിയുടെ മാതൃക പിന്തുടരാന്‍ മറ്റ് നേതാക്കളും നിര്‍ബ്ബന്ധിതരാകും .
മറ്റനേകം സാമൂഹ്യ തിന്മകള്‍ക്കെതിരെയന്ന പോലെ ഈ ബന്ദ് എന്ന രാക്ഷസീയകൃത്യത്തിനെതിരെയും സമൂഹ മന:സാക്ഷി ഉണരേണ്ടതുണ്ട് . ഇങ്ങിനെ ഒരുപാട് സാമൂഹ്യ ഇടപെടലുകള്‍ നടത്തുന്നതിന് ജനങ്ങളോട് മാത്രം പ്രതിബദ്ധതയുള്ള ഒരു കൂട്ടായ്മ വളര്‍ന്ന് വരണം . എന്താണ് സാമൂഹ്യ പ്രവര്‍ത്തനം എന്ന് ഒരു നിര്‍വ്വചനം ആവശ്യമാണ് . നമ്മള്‍ നമ്മുടെ ജീവിതാവശ്യങ്ങള്‍ക്ക് വേണ്ടിയാണ് മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്നത് . എന്നാല്‍ നമുക്ക് ജീവിയ്ക്കണമെങ്കില്‍ ഒരു നല്ല സാമൂഹ്യപരിതോവസ്ഥയും അത്യന്താപേക്ഷിതമാണ് . അങ്ങിനെ സമൂഹപരിസരം വൃത്തിയാക്കാനും അല്പസമയം നീക്കി വെക്കേണ്ടതുണ്ട് . കാരണം നമ്മുടെ ആരോഗ്യകരമായ നിലനില്‍പ്പിന് ആരോഗ്യകരമായ ഒരു ചുറ്റുപാടും കൂടിയേ തീരൂ . ഇത് മനസ്സിലാക്കിയാലും ഒരു വ്യക്തിക്ക് സ്വന്തം നിലയില്‍ എന്തെങ്കിലും ചെയ്യാന്‍ പരിമിതികളുണ്ട് . അത് കൊണ്ടാണ് ഒരു സാംസ്ക്കാരീകക്കൂട്ടായ്മയുടെ ആവശ്യകത നേരിടുന്നത് !