ഇന്ന് ( 1.10.07) സേതുസമുദ്രം പദ്ധതി വേഗത്തില്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ് നാട്ടില്‍ ഡി.എം.കെ നേതൃത്വം നല്‍കുന്ന ഭരണമുന്നണി നടത്താനിരുന്ന ബന്ദ് സുപ്രീം കോടതി തടഞ്ഞിരിക്കുന്നു. ബന്ദിന് പകരമായി നിരാഹാരമിരിക്കാന്‍ കരുണാനിധി തീരുമാനിച്ചിരിക്കുന്നു . പ്രതിപക്ഷ കക്ഷിയായ AIADMK ബന്ദിനെതിരെ നല്‍കിയ ഹരജിയിലാണ് കോടതി ഇങ്ങിനെ ബന്ദ് തടഞ്ഞ് കൊണ്ട് വിധി പ്രസ്ഥാവിച്ചത് . ഹരജിയുടെ വിചാരണ വേളയില്‍ കോടതി നടത്തിയ പരാമര്‍ശങ്ങള്‍ പൌരബോധമുള്ള ചുരുക്കം ചിലരുടെയെങ്കിലും കണ്ണ് തുറപ്പിക്കേണ്ടതാണ് .
അതായത് 1998ല്‍ തന്നെ ബന്ദും ഹര്‍ത്താലും നിരോധിച്ചുകൊണ്ട് കേരള ഹൈക്കോടതി വിധി പ്രസ്ഥാവിച്ചതാണ് . പിന്നീട് ആ വിധി രാജ്യത്താകമാനം ബാധകമാണെന്ന് സുപ്രീം കോടതി ശരി വെച്ചതുമാണ് . എന്നിട്ടും എന്തേ ബന്ദും ഹര്‍ത്താലും അടിച്ചേല്‍പ്പിക്കപ്പെടുമ്പോള്‍ ആരും തന്നെ കോടതിയലക്ഷ്യത്തിന് കേസ്സ് എടുക്കാന്‍ കോടതിയെ സമീപിക്കാത്തത് എന്നാണ് സുപ്രീം കോടതി ചോദിക്കുന്നത് . ഈ ഒരു സാധ്യത നിലനില്‍ക്കവെയാണ് നമ്മള്‍ ഇപ്പോഴും സംഘടിതരായ ഒരു ചെറിയ ന്യൂനപക്ഷത്തെ ഭയന്ന് ബന്ദ്,ഹര്‍ത്താല്‍ ദിനങ്ങളില്‍ സ്വയം തടവിലകപ്പെട്ട് കഴിയുന്നത് .
ബന്ദിനെതിരെ ഇപ്പോള്‍ ഹരജി നല്‍കിയെങ്കിലും അവരുടെ ആവശ്യം വരുമ്പോള്‍ AIADMK ഇനിയെപ്പോഴെങ്കിലും ബന്ദിന് ആഹ്വാനം നല്‍കിക്കൂടെന്നില്ല . അതാണ് രാഷ്ട്രീയക്കാരുടെ ഇരട്ടത്താപ്പ് . മുന്‍പ് ഹര്‍ത്താലിനെതിരെ എം.എം.ഹസ്സനെപ്പോലുള്ളവര്‍ ഉപവാസം ഇരുന്നെങ്കിലും, പിന്നീട് അവരുടെ ആവശ്യത്തിന് ഹര്‍ത്താല്‍ നടത്തി വിജയിപ്പിച്ചിട്ടുണ്ട് . ബന്ദ് വിജയിപ്പിക്കാന്‍ ഇന്ന് ഒരു പാര്‍ട്ടി തന്നെ ആവശ്യമില്ല . ഒരജ്ഞാതന്‍ എതെങ്കിലും ഒരു ചാനലിലേക്ക് ഫോണ്‍ വിളിച്ച് നാളെ പണിമുടക്കാണെന്ന് പറഞ്ഞാലും നാട് അക്ഷരാര്‍ത്ഥത്തില്‍ സ്തംഭിക്കും . അതാണിന്നത്തെ അവസ്ഥ. ബന്ദിനും ഹര്‍ത്താലിനും എതിരെ ശക്തമായി പ്രതികരിക്കുകയും , ഇനി ഹര്‍ത്താലിന് തങ്ങള്‍ കടകള്‍ തുറക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്ത വ്യാപാരി-വ്യവസായി ഏകോപനസമിതി തന്നെ നിസ്സാര കാരണങ്ങളുടെ പേരില്‍ പല തവണ ഹര്‍ത്താല്‍ നടത്തിയിട്ടുണ്ട് .
ജനങ്ങളുടെ പ്രതിക്ഷേധം അറിയിക്കാനുള്ള പൌരാവകാശമാണ് പൊതുപണിമുടക്ക് , ഹര്‍ത്താല്‍, ബന്ദ് തുടങ്ങിയ സമരമുറകളെന്നും ഗാന്ധിജി നമുക്ക് തന്ന ഉദാത്തമായ സമര മാതൃകയാണിതെന്നും ഈ സമരമുറ വേണ്ടെന്ന് വയ്ക്കുന്നത് ഗാന്ധിജിയോടുള്ള അനാദരവാണെന്ന് പോലും രാഷ്ട്രീയക്കാര്‍ പറഞ്ഞ് കേള്‍ക്കാറുണ്ട് . പക്ഷെ ഗാന്ധിജി സമരങ്ങള്‍ നടത്തിയത് സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ അധിപന്മാരോടായിരുന്നുവെന്നും ഇന്ന് ജനങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടി നടത്തുന്ന ജനാധിപത്യഭരണസമ്പ്രദായമാണ് ഇവിടെ നിലവിലുള്ളതെന്നുമുള്ള സത്യം ഇക്കൂട്ടര്‍ സൌകര്യപൂര്‍വ്വം മറച്ചു വയ്ക്കുന്നു. അതായത് ഗാന്ധിജി സമരം നടത്തിയത് കൊളോണിയല്‍ ഭരണകൂടത്തോടാണെങ്കില്‍, ഇവിടെ നടക്കുന്നത് ഒരു ചെറിയ വിഭാഗം ആള്‍ക്കാര്‍ ഭൂരിപക്ഷം വരുന്ന ജനവിഭാഗങ്ങള്‍ക്കെതിരെയാണ് . എങ്ങിനെയെല്ലാം ഈ സമരമുറ ആഭാസമാകാം എന്നതിന്റെ ഒരു നല്ല തെളിവായിരുന്നു തമിഴ് നാട്ടിലെ ഭരണമുന്നണിയുടെ ബന്ദാഹ്വാനം . സേതുസമുദ്രം പദ്ധതി വേഗം നടപ്പിലാക്കണമെന്നായിരുന്നു ബന്ദിന്റെ ആവശ്യം . ഈ സമരം ആര്‍ക്കെതിരെയാണെന്ന് ഒരു ഘട്ടത്തില്‍ സര്‍ക്കാര്‍ അഭിഭാഷകനോട് കോടതി ചോദിക്കുകയുണ്ടായി . രാഷ്ട്രീയ നേതാക്കന്മാര്‍ക്ക് ഒട്ടും തന്നെ വിവേകമോ ജനാധിപത്യബോധമോ ഇല്ലെന്നാണ് ഇത്തരം സമരാഹ്വാനങ്ങള്‍ തെളിയിക്കുന്നത് . ബന്ദ് , പൊതുപണിമുടക്ക് പോലുള്ള സമരങ്ങള്‍ പൊതുജനങ്ങളുടെ വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് കോടതികള്‍ പലതവണ വ്യക്തമാക്കിയിട്ടും ഭരിക്കുന്ന സര്‍ക്കാര്‍ തന്നെ ബന്ദും പണിമുടക്കും സ്പോണ്‍സര്‍ ചെയ്യുന്നത് നമ്മുടെ പൌരബോധത്തോടുള്ള വെല്ലുവിളിയാണ് . മാത്രമല്ല നമ്മുടെ പൌരാവകാശങ്ങള്‍ ഈ രാഷ്ട്രീയക്കാരുടെ കൈകളില്‍ സുരക്ഷിതമല്ല എന്ന ആപത്തും ഇതില്‍ അന്തര്‍ഭവിച്ചിട്ടുണ്ട് .
ജനങ്ങളുടെ പ്രതിക്ഷേധം അറിയിക്കാനാണ് ബന്ദും ഹര്‍ത്താലും ആഹ്വാനം ചെയ്യുന്നത് എന്നാണല്ലോ നേതാക്കന്മാര്‍ അവകാശപ്പെടുന്നത് . ആരാണീ ജനങ്ങള്‍ ? മുഴുവന്‍ ജനങ്ങളുടെയും പ്രാതിനിധ്യം അവകാശപ്പെടാന്‍ കഴിയുന്ന ഒരു പാര്‍ട്ടിയും ഇവിടെയില്ല . അപ്പോള്‍ പൊതുപണിമുടക്ക് എന്ന പ്രയോഗം തന്നെ അസംബന്ധമാണെന്ന് കാണാം . പ്രതിക്ഷേധമുള്ളവര്‍ സ്വന്തം നിലയില്‍ പ്രധിക്ഷേധിക്കട്ടെ . ആര്‍ക്കൊക്കെയാണോ പ്രതിക്ഷേധമുള്ളത് അവര്‍ ഒറ്റക്കെട്ടായി പണിമുടക്കട്ടെ . അവര്‍ പുറത്തെവിടെയും സഞ്ചരിക്കാതെ വീട്ടിനുള്ളില്‍ കഴിയട്ടെ . മറ്റുള്ളവരുടെ പ്രതിക്ഷേധിക്കാതിരിക്കാനുള്ള അവകാശവും , പ്രതിഷേധക്കാരുടെ അവകാശങ്ങളേക്കാളും ഒട്ടും കുറവല്ല . മൊത്തം ജനങ്ങള്‍ക്കും പ്രധിഷേധിക്കാനുള്ള ഒരു ഇഷ്യൂ ആഭ്യന്തര്യമായി ഉണ്ടാവാനുള്ള സാധ്യതയില്ല തന്നെ . ചുരുക്കത്തില്‍ ബന്ദ് , ഹര്‍ത്താല്‍ , പൊതുപണിമുടക്ക് എന്നൊക്കെ പറയുന്നത് അതിന്റെ യഥര്‍ത്ഥ അര്‍ത്ഥത്തില്‍ ഒരു വിഭാഗം ആള്‍ക്കൂട്ടം മറ്റ് ജനവിഭാഗങ്ങളുടെപൌരാവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന കാട്ടാളത്തമാണ് .
തങ്ങളുടെ ജനാധിപത്യവിരുദ്ധമായ കടന്നുകയറ്റങ്ങള്‍ സാദ്ധ്യമാവുകയില്ല എന്ന് വന്നാല്‍ ഏത് നേതാവിനും ഏത് പ്രായത്തിലും വിവേകം ഉദിയ്ക്കാം എന്നതിന്റെ തെളിവാണ് കരുണാനിധിയുടെ സത്യാഗ്രഹ സമര പ്രഖ്യാപനം ! അങ്ങിനെയും പ്രധിക്ഷേധിക്കാമല്ലോ ? തങ്ങള്‍ക്ക് , ജനങ്ങള്‍ക്കില്ലാത്ത സവിശേഷമായ ചില അധികാരങ്ങള്‍ ജന്മനാ ലഭിച്ചിട്ടുണ്ടെന്നാണ് രാഷ്ട്രീയനേതാക്കള്‍ ധരിച്ചു വച്ചിട്ടുള്ളത് . എന്നാല്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ അധികാരങ്ങള്‍ക്ക് മേലെയാണ് പൊതുജനങ്ങളുടെ അധികാരം എന്ന് കോടതികള്‍ പല തവണ വ്യക്തമാക്കിയിട്ടുണ്ട് . പൊതുജനങ്ങളുടെ ആയാലും ഒരു വ്യക്തിയുടെ ആയാലും മൌലീകാവകാശങ്ങള്‍ക്ക് നിയമപരമായ പരിരക്ഷയുണ്ട് .
ബന്ദ് , പണിമുടക്ക് , ഹര്‍ത്താല്‍ എന്ന പേരിലുള്ള ഏതെങ്കിലും ഒരു ആഹ്വാനത്തിന്റെ പേരില്‍ ഒരു വ്യക്തിക്ക് ഉണ്ടാകുന്ന നഷ്ടകഷ്ടങ്ങള്‍ക്ക് പോലും പരിഹാരം ലഭിക്കാന്‍ കോടതിയെ സമീപിക്കാവുന്നതാണ് . ഇങ്ങിനെ നഷ്ടപരിഹാരത്തിന് കേസ് ഫയല്‍ ചെയ്യുമ്പോള്‍ ആഹ്വാനം ചെയ്ത സംഘടനയുടെ നേതാവിനെ മാത്രമല്ല , ആ ആഹ്വാനം വാര്‍ത്തയായി പ്രസിദ്ധീകരിച്ച പത്രങ്ങളെയും വാര്‍ത്ത പ്രക്ഷേപണം ചെയ്ത ചാനലുകളേയും , തന്റെ മൌലീകാവകാശങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നതില്‍ വീഴ്ച്ച വരുത്തിയ സര്‍ക്കാറിനെയും പ്രതിസ്ഥാനത്ത് ഉള്‍പ്പെടുത്താവുന്നതാണ് . ഇങ്ങിനെ കുറെ കേസ്സുകള്‍ വന്നാല്‍ പിന്നീട് കരുണാനിധിയുടെ മാതൃക പിന്തുടരാന്‍ മറ്റ് നേതാക്കളും നിര്‍ബ്ബന്ധിതരാകും .
മറ്റനേകം സാമൂഹ്യ തിന്മകള്‍ക്കെതിരെയന്ന പോലെ ഈ ബന്ദ് എന്ന രാക്ഷസീയകൃത്യത്തിനെതിരെയും സമൂഹ മന:സാക്ഷി ഉണരേണ്ടതുണ്ട് . ഇങ്ങിനെ ഒരുപാട് സാമൂഹ്യ ഇടപെടലുകള്‍ നടത്തുന്നതിന് ജനങ്ങളോട് മാത്രം പ്രതിബദ്ധതയുള്ള ഒരു കൂട്ടായ്മ വളര്‍ന്ന് വരണം . എന്താണ് സാമൂഹ്യ പ്രവര്‍ത്തനം എന്ന് ഒരു നിര്‍വ്വചനം ആവശ്യമാണ് . നമ്മള്‍ നമ്മുടെ ജീവിതാവശ്യങ്ങള്‍ക്ക് വേണ്ടിയാണ് മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്നത് . എന്നാല്‍ നമുക്ക് ജീവിയ്ക്കണമെങ്കില്‍ ഒരു നല്ല സാമൂഹ്യപരിതോവസ്ഥയും അത്യന്താപേക്ഷിതമാണ് . അങ്ങിനെ സമൂഹപരിസരം വൃത്തിയാക്കാനും അല്പസമയം നീക്കി വെക്കേണ്ടതുണ്ട് . കാരണം നമ്മുടെ ആരോഗ്യകരമായ നിലനില്‍പ്പിന് ആരോഗ്യകരമായ ഒരു ചുറ്റുപാടും കൂടിയേ തീരൂ . ഇത് മനസ്സിലാക്കിയാലും ഒരു വ്യക്തിക്ക് സ്വന്തം നിലയില്‍ എന്തെങ്കിലും ചെയ്യാന്‍ പരിമിതികളുണ്ട് . അത് കൊണ്ടാണ് ഒരു സാംസ്ക്കാരീകക്കൂട്ടായ്മയുടെ ആവശ്യകത നേരിടുന്നത് !
ഇന്ന് ( 1.10.07) സേതുസമുദ്രം പദ്ധതി വേഗത്തില്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ് നാട്ടില്‍ ഡി.എം.കെ നേതൃത്വം നല്‍കുന്ന ഭരണമുന്നണി നടത്താനിരുന്ന ബന്ദ് സുപ്രീം കോടതി തടഞ്ഞിരിക്കുന്നു. ബന്ദിന് പകരമായി നിരാഹാരമിരിക്കാന്‍ കരുണാനിധി തീരുമാനിച്ചിരിക്കുന്നു .
ReplyDeleteപ്രിയ സുകുമാരേട്ട,
ReplyDeleteബന്ദും,ഹര്‍ത്താലും കോടതി നിരോധിച്ചാലും, ജനം സ്വീകരിച്ച് ആഘോഷിക്കുന്നതിനാല്‍ ഇന്നത്തെ സാഹചര്യത്തില്‍ തുടരുകതന്നെ ചെയ്യും.
ഹര്‍ത്താല്‍ ദേശീയാഘോഷമായി നാം സ്വീകരിച്ചുകഴിഞ്ഞു.(ആഘോഷത്തിന് ഒരു കോഴി നിര്‍ബന്ധം) നമ്മുടെ രാഷ്ട്രീയ കക്ഷികള്‍ക്ക് ഭരണത്തില്‍ താല്‍പ്പര്യം കുറയുകയും,അധികാരത്തിലും കച്ചവടത്തിലും താല്‍പ്പര്യം വര്‍ദ്ധിക്കുകയും ചെതതിനാല്‍ ആര്‍ക്കും നിയം കയ്യിലെടുക്കാം എന്ന അരാജകത്വത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നതിന്റെ സൂചനകൂടിയാണിത്.
കുറ്റക്കാര്‍ ജനങ്ങള്‍ തന്നെയാണ്. രാഷ്ട്രീയത്തില്‍നിന്നും അകന്നു നിന്ന് പണം കൊണ്ടുമാത്രം കാര്യം സാധിക്കാന്‍ ശീലിച്ച വിദ്യസംബന്നരായ ഉപരിവര്‍ഗ്ഗത്തിന്റെ അലസ മനോഭാവത്തില്‍നിന്നുമാണ് നാശത്തിന്റെ രാഷ്ട്രീയം ജന്മമെടുക്കുന്നത്.
പണത്തിന്റെ സുരക്ഷിതത്വത്തില്‍ കഴിഞ്ഞുകൂടുന്ന അവരെ പ്രകോപിപ്പിച്ച് ഉണര്‍ത്തുക എന്നതായിരിക്കും മുന്നോട്ടുള്ള വഴിയെന്നു തോന്നുന്നു.
സുകുമാരേട്ടാ വന്നു വന്നു നമ്മൂടെ ആള്‍ക്കാര്‍
ReplyDeleteഹേ ബന്ദില്ലെ? എന്നു ചോദിക്കുന്ന ഒരവസ്ഥയില്‍ എത്തി.ശനിയും ഞായറും പോലെ, ബന്ദും പോന്നോട്ടെ എന്നാ മനോഭാവം, ആര്‍ക്കു വേണ്ടി എന്തിനു വേണ്ടീ
ആരും ചൊദിക്കുന്നില്ലാ. ഒരു ദിവ്സത്തെ ബന്ദ് കൊണ്ട് നമ്മുടെ നാട് എന്തോരം പിന്നൊട്ട് പൊകുന്നു ,രാജ്യത്തിന്റെ നഷ്ടം ഇതൊന്നും ആരും കണക്കില്‍ എടുക്കുന്നില്ല.വ്യക്തിക്ക് സമൂഹത്തൊടുള്ള നിരുത്തരവദിത്വമാണ്‍ ഇങ്ങനെ ബ്ന്ദിന്‍ തങ്ങായി നില്‍ക്കാന്‍ കാരണം
mashe,
ReplyDeletePost nannayirikkunnu...
pakshe bandum hartalum onnumillathe engineyanu janangal prathikarikkuka....
mashe blog vayichu, valare presakthamaya oru vishyam avatharichathil santhosham. Janangal ottakkettayi ethurthal ee kadan samara reethi maarum. ee samaram janadhipathiyam alla, oru tharam kadan sampradhayam aanu. Beeshaniyilude oru janathaye sthambipichu kondulla oru samara reethi. Ithu iniyum vachu poruppikkan padilla.
ReplyDeleteചേട്ടാ,പോസ്റ്റിന്റെ നല്ല ഉദ്ദേശത്തിനെ അംഗീകരിക്കുന്നു.പക്ഷെ അത്ര നല്ല ഉദ്ദേശമാണ് കോടതിയില്‍ നിന്ന് കഴിഞ്ഞ ദിവസം ഉണ്ടായതെന്ന് പറയാന്‍ വയ്യ.സംഘപരിവാറിന്റെ കോളാമ്പിയായി അണ്ണ ഡി.എം.കെ.അവരുടെ കോളാമ്പിയായി സുപ്രീം കോടതി.കോടതിയുടെ ഇടപെടലില്‍ വര്‍ഗ്ഗീയമായ അന്തര്‍ധാരകള്‍ ഇല്ലെന്ന് പറയുക വയ്യ.ബന്ദിനെക്കാള്‍ രാമനെ കുറിച്ച് കരുണാനിധിയുടെ അഭിപ്രായങ്ങളാവാം സനാതന ഹിന്ദുക്കളായ ജഡ്ജിമാരെ പ്രകോപിപ്പിച്ചത്.
ReplyDeleteഎല്ലാ പ്രതിഷേധങ്ങളും തടയുന്ന മ്യാന്മാറിലെയും പാക്കിസ്ഥാനിലെയും പട്ടാളഭരണത്ത്നെതിരേ പോലും ജനം പ്രതിഷേധിക്കുന്നു.അങ്ങനെയിരിക്കെ ജനാധിപത്യം പുലരുന്ന നമ്മുടെ നാട്ടില്‍ ഒരു വിധ പ്രതിഷേധവും വേണ്ട,വ്യവ്സ്ഥിതിയുടെ തടവുകാരായി ആചന്ദ്രതാരം ജനം കഴിയണമെന്നാണ് ഇത്തരം എസ്റ്റാബ്ലിഷ്മെന്റുകള്‍ കരുതുന്നത്.അത് കൊണ്ടാണ് സബര്‍വാളിന്റെ അഴിമതി അന്വേഷിക്കുന്നതനു പകരം അത് ആരോപിച്ച പത്രക്കാരുടെ കുത്തിന് പിടിക്കാന്‍ കോടതികള്‍ മുതിരുന്നത്.
ഹര്‍ത്താലുകളിലും ബന്ദുകളിലും പരസ്വാതന്ത്ര്യം തടയുന്ന പ്രധാനമുള്ള ഒരു ഘടകമുണ്ടെന്ന് സമ്മതിക്കുന്നു.പക്ഷെ ചില വിഷയങ്ങളില്‍,ചില ഘട്ടങ്ങളില്‍ വളരെ sparing ആയി ഇത്തരം സമരങ്ങള്‍ ഉപയോഗിക്കപ്പെടണം.വളരെ ചെറിയ സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടും രാജു നാരായണസ്വാമിയെ മാറ്റിയതിനെതിരേയുള്ള ഹര്‍ത്താലില്‍ ജനം പങ്കെടുത്ത് വന്‍ വിജയമാക്കിയത് പോലെ ജനത്തിന് സ്വയമൊരു സമരമുഖത്ത് ഇറങ്ങേണ്ട ഒരു ആവശമുണെങ്കില്‍ അവരെ അതില്‍ നിന്ന് തടയാന്‍ ഒരു കോടതിക്കും കഴിയില്ല.
വ്യവസായസ്ഥാപനങ്ങള്‍ക്കുണ്ടാകുന്ന ഉല്‍പ്പാദനനഷ്ടമല്ല,മറിച്ച് ഇത്തരം സമരത്തിന്റെ ജനകീയ ആവശ്യതയാവണം ഇത്തരം സമരങ്ങളെ അളക്കുന്ന അളവുകോല്‍.അത് തിരിച്ചറിയാനുള്ള വിവേകമുള്ള ഒരു രാഷ്ട്രീയനേതൃത്വത്തെ നാം മിസ് ചെയ്യുന്നു എന്നത് ഒരു പച്ച പരമാര്‍ത്ഥം
രാധേയന്‍ പറഞ്ഞതില്‍ കാര്യമുണ്ട്. എന്നാല്‍ ബന്ദുകള്‍ നിരോധിക്കപ്പെടേണ്ടതു തന്നയാണു താനും. നിലവിലുള്ള വ്യവസ്ഥിതി അനീതി ചെയ്യുംബോള്‍ എല്ലാ നിയമങ്ങളേയും ലംഘിച്ചുകൊണ്ടും,അതിന്റെ ഭവിഷത്തുകള്‍ സ്വയം ഏറ്റെടുക്കാന്‍ തയാറായിക്കോണ്ടും രാധേയന്‍ പറഞ്ഞവിധമുള്ള സമരമുഖങ്ങള്‍ തുറക്കാന്‍ ജനം മുന്നോട്ടുവരുന്നത് ജനത്തിന്റെ രാഷ്ട്രീയ ബോധത്തിന്റെ നല്ല ലക്ഷണമായേനെ...
ReplyDeleteഎന്നാല്‍ അത്തരം രാഷ്റ്റ്രീയ ബോധമൊന്നും ഭീരുക്കളായ നമ്മുടെ ജനങ്ങള്‍ക്ക് ഇപ്പോഴുണ്ടെന്ന് ചിത്രകാരനു തോന്നുന്നില്ല.
പിന്നെ നമ്മുടെ രാഷ്ട്രീയക്കാര്‍ പോലും ഇസ്തിരി ചുളിയാതെയുള്ള സമരങ്ങള്‍ക്കേ ഇപ്പോള്‍ തയ്യാറുള്ളു. ജനത്തിന്റെ കണ്ണില്‍ പൊടിയിടാനുള്ള അവരുടെ സമരാഭാസങ്ങള്‍ അംഗീകാരമുള്ളതാണെന്നാണ് അവരുടെ ഭാവം. അതിനാല്‍ ബന്ദും ഹര്‍ത്താലും മാത്രമല്ല, എല്ലാ സമരങ്ങളും നിയമ വിരുദ്ധമാണെന്നാണ്‍് ചിത്രകാരന്റെ മതം.
പ്രതിഷേധിക്കുന്നവരും,സമരം ചെയ്യുന്നവരും,ഹര്‍ത്താല്‍ നടത്തുന്നവരും തുല്യമായ കുറ്റം ചെയ്യുന്നവരാണ്. നിലവിലുള്ള നിയമത്തെ വെല്ലുവിളിച്ച് നിയമത്തെ പൊളിച്ചടുക്കാന്‍ ധൈര്യമില്ലാത്ത, ത്യാഗബോധമില്ലാത്ത ഊച്ചാളികള്‍ ജനത്തിന്റെ കണ്ണില്‍ പൊടിയിടാനായി മാത്രം നടത്തുന്ന സമരങ്ങള്‍ കണ്ടു മടുത്തതുകോണ്ടാണ് ഇതെഴുതുന്നത്. നിയമത്തിന്റെ പരിരക്ഷയില്‍ നടത്താവുന്ന ഏതു സമരവും സമരാഭാസമാണ്.
ഹര്‍ത്താലായാലും... നിസ്സാരമായ പ്രകടനമായാലും.
സുകുമാരേട്ടന്‍ പറഞ്ഞതുപോലെ ഇതിനെതിരെ ബോധവല്‍ക്കരണം നടത്തുന്നതിന് ഒരു സംഘടന വേണം. നമുക്ക് അതിന്റെ രൂപികരണത്തിനാവശ്യമായ കാര്യങ്ങള്‍ തയ്യാറാക്കാം.
പ്രിയപ്പെട്ട രാധേയന്‍ ,
ReplyDeleteമ്യാന്‍മറിലെയും പാക്കിസ്ഥാനിലെയും സ്ഥിതി നമ്മുടേതില്‍ നിന്ന് വ്യത്യസ്ഥമാണല്ലോ . പാക്കിസ്ഥാന്‍ ജനത ഇന്ന് വരെയായി ജനധിപത്യം ശരിയായി അറിഞ്ഞിട്ടില്ല , മ്യാന്‍മറിലും ഏകാധിപത്യ ഭരണമാണ് . നമ്മുടെ രാജ്യത്ത് ജനാധിപത്യം സ്വാതന്ത്ര്യപ്രാപ്തിക്ക് ശേഷം അഭംഗുരം തുടരുന്നുണ്ട് എന്ന് മാത്രമല്ല ഇവിടെ ജനാധിപത്യം അതിന്റെ ബാലാരിഷ്ടതകള്‍ അതിജീവിച്ച് ശക്തമായി വേര് പിടിച്ചിട്ടുമുണ്ട് . ആത്യന്തികമായി ലോകം മൊത്തത്തില്‍ തന്നെ പരിപൂര്‍ണ്ണമായി ജനാധിപത്യവല്‍ക്കൃതമാവുകയും , മാനവീകരിക്കപ്പെടുകയും ചെയ്യണം. അങ്ങിനെ ഒരു നവലോകം കെട്ടിപ്പടുക്കപ്പെടണം എന്നല്ലേ മനുഷ്യസ്നേഹികള്‍ക്ക് ചിന്തിക്കാന്‍ പറ്റൂ .
അപ്പോള്‍ നമ്മള്‍ ഇനിയും കുറേക്കൂടി മാറേണ്ടതുണ്ട് . വേണ്ടേ ? നിലവിലുള്ള സ്ഥിതി ഒരു വിധത്തിലും മാറരുത് എന്ന മട്ടിലാണ് ഇന്ന് പലരും ശാഠ്യം പിടിക്കുന്നത് .( ആണവക്കരാറിലും സേതുസമുദ്രം പദ്ധതിയിലും ഉന്നയിക്കുന്ന എതിര്‍പ്പുകള്‍ അവരവരുടെ പ്രത്യയശാസ്ത്രശാഠ്യങ്ങളില്‍ ഊന്നി നിന്നുകൊണ്ടാണ് . )
ബന്ദും ഹര്‍ത്താലും ഒരു സമര രീതിയെന്ന നിലയില്‍ ഇന്ന് ഫലവത്തല്ല . ചിത്രകാരന്‍ ആദ്യത്തെ കമന്റില്‍ പറഞ്ഞത് പോലെ ബന്ദ് ഇന്ന് ആഘോഷിക്കപ്പെടുകയാണ് . ബന്ദിന്റെ തലേന്ന് മദ്യഷാപ്പുകളില്‍ കാണുന്ന നീണ്ട ക്യൂ നോക്കുക . പ്രതിഷേധങ്ങള്‍ പ്രകടിപ്പിക്കാന്‍ നമുക്ക് കുറേക്കൂടി പരിഷ്കൃതവും ജനാധിപത്യപരവുമായ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തിക്കൂടേ ? ഒരു വ്യക്തിയുടെയും സ്വാതന്ത്ര്യം ഹനിക്കാന്‍ മറ്റൊരു വ്യക്തിക്ക് അവകാശമില്ല . നടക്കുമോ ഇല്ലയോ എന്നതല്ല, നമ്മള്‍ ഒരു അഭിപ്രായം പറയുന്നത് നാളത്തെ തലമുറക്ക് വഴികാട്ടുന്നതായിരിക്കണം എന്ന് ഞാന്‍ കരുതുന്നു. എല്ലാ രംഗത്തും ഒരു മൂല്യത്തകര്‍ച്ച സംഭവിക്കുന്നു എന്നതില്‍ തര്‍ക്കമില്ലല്ലോ . അപ്പോള്‍ നമ്മള്‍ നഷ്ടപ്പെട്ട മൂല്യങ്ങള്‍ തിരിച്ചുപിടിച്ച് അത് ഭാവി തലമുറക്ക് സമ്പുഷ്ടമാക്കി നല്‍കണ്ടെ ? ഇന്നത്തെ പാര്‍ട്ടികളുടെ താല്പര്യങ്ങളേക്കാളും നമ്മള്‍ വില മതിക്കേണ്ടത് നാളത്തെ തലമുറയുടെ സുരക്ഷിതത്വവും സമാധാനവും ആണ് .
രാധേയന്റെ അഭിപ്രായത്തിന് കാത്തിരിക്കുന്നു....
ചേട്ടാ,രാഷ്ട്രീയത്തെ കക്ഷിരാഷ്ട്രീയത്തിന്റെ ഇടുങ്ങിയ ചുമരുകളില്‍ തളക്കുമ്പോളാണ് ഇത്തരം വിരോധാഭാസങ്ങളുണ്ടാകുന്നത്.ജീവിതത്തിന്റെ സമസ്ത മേഖലകളെയും സ്പര്‍ശിക്കുന്ന എന്റെയും നിങ്ങളുടെയും രാഷ്ട്രീയം മുന്നോട്ട് വരണം എന്നു തന്നെയാണ് എന്റെ ആഗ്രഹം.
ReplyDeleteകക്ഷി രാഷ്ട്രീയത്തിന് പ്രത്യയശാസ്ത്രത്തിന്റെയും വ്യക്തിനിഷ്ഠമായ സ്വാര്‍ത്ഥത്തിന്റെയും ദുശാഠ്യങ്ങളുണ്ടാകും.അത് പ്രത്യയശാസ്ത്രത്തിന്റെതാകുമ്പോള്‍ സുതാര്യവും സ്വാര്‍ത്ഥതയുടെ ആകുമ്പോള്‍ ഹിഡന്‍ അജണ്ടയുമാകും എന്നു മാത്രം.അതിന്റെ കാര്യകാരണവും സത്യസന്ധതയും യുക്തിയും ഒക്കെ വിചാരണ ചെയ്യപ്പെടേണ്ടത് ജനാധിപത്യത്തില്‍ ജനങ്ങളാലാണ്.വരിയുടക്കപ്പെട്ട ജനം കഴുത കുങ്കുമം ചുമക്കുന്ന പോലെ ജനാധിപത്യത്തെ ചുമക്കുന്നു.തങ്ങളുടെ ശക്തി തിരിച്ചറിയാതെ ജനം കാരക്കോലിനു മുന്നില്‍ ചൂളുന്ന മത്തഗജത്തെ പോലെ രാഷ്ട്രീയക്കാരായ പാപ്പാന്മാര്‍ പറയുന്നത് അനുസരിക്കുന്നു.
രാമസേതു ഉണ്ട് എന്നത് ഒരു വന്‍ പദ്ധതി വേണ്ടെന്ന് വെക്കാന്‍ ഒരു നല്ല കാരണമായി സുകുമാരന്‍ ചേട്ടനെ പോലെ ഒരു യുക്തി ചിന്തകന്‍ കരുതും എന്ന് ഞാന്‍ കരുതുന്നില്ല,പക്ഷെ പ്രകൃതി തന്നെ കെട്ടിയ ആഡംസ് ബ്രിഡ്ജിന് പ്രകൃതി തന്നെ പാരസ്ഥിതികമായ എന്തെങ്കിലും സാംഗത്യവും പ്രാധാന്യവും കല്‍പ്പിച്ച് നല്‍കിയിട്ടുണ്ടെങ്കില്‍ അത് ശാസ്ത്രീയമായി അന്വേഷിക്കപ്പെടണം,ശാസ്ത്രീയമായി പൊതുജനസമക്ഷം വിശദീകരിക്കപ്പെടുകയും വേണം.
കോടതിയുടെ അടിസ്ഥാന ചിന്താഗതി കമ്പോള കേന്ദ്രീകൃതമായി മാറി എന്നത് കേവലസത്യം മാത്രമാണ്.സാമൂഹികപതിബദ്ധതയില്ലാത്ത അന്ധമായ നീതി എന്നും ഉപരി വര്‍ഗ്ഗത്തിന് മാത്രമേ ഗുണം ചെയ്യൂ.പ്ലാച്ചിമടയിലെ ഊഷരഭൂമിയില്‍ കിണര്‍ കുത്തി കുടുനീരെടുക്കനുള്ള ആദിവാസിയുടെ അവകാശത്തെ അതേ സ്ഥലത്ത് ഭീമന്‍ ജലപാതാളങ്ങള്‍ തുരന്ന് വെള്ളമെടുത്ത് കച്ചവടം ചെയ്യാനുള്ള കൊക്കോ കോളയുടെ അവകാശവുമായി തുലനം ചെയ്യപ്പെടുന്നത് ഇത്തരം അന്ധമായ നീതിക്ക് നല്ല ഉദാഹരണം.
ചര്‍ച്ച മുന്നോട്ട് പോകട്ടെ.
വരിയുടക്കപ്പെട്ട ജനം കഴുത കുങ്കുമം ചുമക്കുന്ന പോലെ ജനാധിപത്യത്തെ ചുമക്കുന്നു.തങ്ങളുടെ ശക്തി തിരിച്ചറിയാതെ ജനം കാരക്കോലിനു മുന്നില്‍ ചൂളുന്ന മത്തഗജത്തെ പോലെ രാഷ്ട്രീയക്കാരായ പാപ്പാന്മാര്‍ പറയുന്നത് അനുസരിക്കുന്നു.
ReplyDeleteവളരെ ശരിയാണ് രാധേയന്‍ .. അത് തന്നെയാണ് പ്രശ്നങ്ങളുടെ മര്‍മ്മം . നമ്മള്‍ വെറുതെ കോടതികളെയോ സര്‍ക്കാറിനെയോ ബ്യൂറോക്രസിയെയോ കുറ്റം പറഞ്ഞത് കൊണ്ടായില്ല . ജനങ്ങളെ അവരുടെ ശക്തി തിരിച്ചറിയാന്‍ പ്രാപ്തരാക്കണം . ജനങ്ങള്‍ തിരിച്ചറിവ് നേടിയാല്‍ ബാക്കിയെല്ലാം താനേ ശരിയാവും . അത് കൊണ്ടാണ് എല്ലാത്തരം വിശ്വാസങ്ങള്‍ക്കെതിരെ ദുര്‍ബ്ബലമായ സ്വരത്തിലാണെങ്കിലും സംസാരിക്കുന്നത്. എന്നാല്‍ ശരിയായ ട്രാക്കില്‍ ജനങ്ങള്‍ എന്നെങ്കിലും എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കാന്‍ ന്യായമൊന്നും കാണുന്നില്ല . പിന്നെ , ഏതായാലും എന്തെങ്കിലും സംസാരിക്കുന്നു അത് പോസിറ്റീവായിരിക്കട്ടെ എന്ന് മാത്രം !!
ബന്ദ്,ഹര്‍ത്താല്‍ എന്നിവയ്ക്ക് ഇന്നത്തെ കാലത്ത് പ്രസക്തിയില്ലന്നു തന്നെയാണ് ഇന്റെ അഭിപ്രായവും. അവിടെ രാമന്‍ തീര്‍ത്ത പാലം ഉണ്ടോ ഇല്ലയോ, സേതുസമുദ്രം പദ്ധതി ഒരു പണം സമുദ്രത്തില്‍ എറിയുന്നതിന് തുല്യമാണ്. പദ്ധതി വന്നാല്‍ കപ്പലുകള്‍ക്ക് കാര്യമായ ഒരു ലാഭവും ഉണ്ടാകാന്‍ പോകുന്നുല്ല. ശ്രീലങ്ക ചുറ്റിവരാന്‍ ലാഭിക്കുന്ന ഇന്ധനം ഈ പുതിയ പാതയലൂടെയുള്ള പതുക്കെ പോക്കില്‍ കിഴിഞ്ഞു പോകും. വളരെ വിലമതിക്കാനാവാത്ത പവിഴ പുറ്റുകള്‍ തകര്‍ത്താണ് ഈ പദ്ധതി വരുവാന്‍ പോകുന്നത് എന്നുകൂടി ആലോചിക്കണം. അതിനെല്ലാം പുറമെ അനേക ലക്ഷം വരുന്ന് വിശ്വാസികളുടെ എതിര്‍പ്പും......
ReplyDeleteസുകുമാരന്‍ സര്‍,
ReplyDeleteപോസ്റ്റ് നന്നായി. പക്ഷേ, നമുക്കൊക്കെ ഈ വിഷയത്തില്‍, ബ്ലോഗില്‍ ആവേശം കൊള്ളാം എന്നതിലുപരി ഒന്നും ചെയ്യാന്‍ പറ്റില്ല എന്നു തന്നെ വിശ്വസിക്കുന്നു. ഞാന്‍ തിങ്കളാഴ്ച ഓഫീസില്‍ പോയിരുന്നു. എന്റെ ഓഫീസിന്റെ വളരെ അടുത്തുള്ള ഒരു ചായക്കടയില്‍ ചെന്നപ്പോള്‍ അവിടെ പലഹാരങ്ങള്‍ സൂക്ഷിച്ചിരുന്ന ചില്ലലമാര തല്ലി പൊട്ടിച്ച് ഇട്ടേക്കുന്നു. അതിന്റെ അടുത്ത് തന്നെയാണ് R-4 പൊലീസ് സ്റ്റേഷന്‍. പൊലീസ് ഒന്നും ചെയ്യില്ല. ഇനി ഒരു അഡ്രീനല്‍ റഷിന്റെ പേരില്‍ നമ്മളെങ്ങാനും ആ സമരക്കാരോട് ചൂടായാല്‍ തീര്‍ന്നു. നമ്മളെ പൊതിച്ച് മൂലക്കിടും. അതും ഞാന്‍ കണ്ടു. തല്ലു കൊള്ളാനും ചാകാനും തയ്യാറുള്ളവര്‍ മാത്രമേ തമിഴ്നാട്ടിലെ രാഷ്ട്രീയക്കാര്‍ക്കെതിരെ സംസാരിക്കൂ. അവര്‍ തല്ലുന്നത് കണ്ടാല്‍ പിന്നെ ആരായാലും എന്റെ അഭിപ്രായം പറയും എന്നതില്‍ സംശയം ഇല്ലേയില്ല. ഒരിക്കല്‍ പോണ്ഡി ബസാറിലെ ഡീലക്സ് ഹോട്ടലിനുള്ളില്‍ വച്ച് രണ്ട് പയ്യന്മാരെ കുറേ ഗൂണ്ടകള്‍ എടുത്തിട്ട് അലക്കിയത് ആള്‍കൂട്ടത്തില്‍ നിന്ന് വെറുതേ കണ്ട് നില്‍ക്കാനേ കഴിഞ്ഞുള്ളൂ. കാര്യം വേറെ ഒന്നുമല്ല. അവന്മാരുടെ ബൈസപ്സ് മാത്രം എന്റെ അത്രേമുണ്ട്. അവന്‍ ഒന്നു മാന്തിയാല്‍ ഞാനില്ല! എല്ലാം പൊളിറ്റിക്കല്‍ പാര്‍ട്ടികള്‍ക്ക് വേണ്ടിയാണ്.
ഇത് ഈ തിങ്കളാഴ്ച ചെന്നൈയിലെ സ്ഥിതി നേരിട്ട് കണ്ട ഒരുവന്റെ അഭിപ്രായമായി കരുതുക.
ലേഖനം നന്നായിട്ടുണ്ടു...
ReplyDeleteപണ്ടു കേരളതില്‍ മാത്രമാണല്ലോ എന്നു ശപിചിരുന്നു...
ഇപ്പോള്‍ മറ്റു സംസ്താനങ്ങളും കേരളം പോലെ ആവുകയാണൊ?
അധികാര കസേരക്കു വേണ്ടിയുള്ള കൊതി മാത്രമായിരിക്കുന്നു രാഷ്ട്രീയക്കാരന്റെ കണ്ണില്‍...
ആ അഹങ്കാരം നമ്മള്‍ മാറ്റിയേ തീരൂ...
എല്ലാ വിധ പിന്തുണയും പ്രഖ്യാപിക്കുന്നു...
ബന്ദ് , പണിമുടക്ക് , ഹര്‍ത്താല്‍ എന്ന പേരിലുള്ള ഏതെങ്കിലും ഒരു ആഹ്വാനത്തിന്റെ പേരില്‍ ഒരു വ്യക്തിക്ക് ഉണ്ടാകുന്ന നഷ്ടകഷ്ടങ്ങള്‍ക്ക് പോലും പരിഹാരം ലഭിക്കാന്‍ കോടതിയെ സമീപിക്കാവുന്നതാണ്
ReplyDelete(അതിന്റെ നഷ്ടം ആര് സഹിക്കും? ഈ വക്കീല്‍, കോടതി എന്നൊക്കെ പറയുന്നതിന്റെ ചെലവും സമയ നഷ്ടവും സുകുമാരേട്ടന് അറിയില്ലാ എന്നു തോന്നുന്നു)