Pages

ത്രിപുര നൽകുന്ന പാഠം

ഹിന്ദുത്വ-വർഗ്ഗീയ-ഫാസിസം-ശൂലം ഗർഭിണി പോലുള്ള ക്ലീഷേകൾ കൊണ്ടൊന്നും കോൺഗ്രസ്സ് അടക്കമുള്ള വ്യാജമതേതര പാർട്ടികൾക്ക് ബി.ജെ.പി.യെ ഇന്ത്യയിൽ പരാജയപ്പെടുത്താൻ കഴിയില്ല. ഹിന്ദുത്വത്തിൽ വർഗ്ഗീയതയില്ല എന്ന തിരിച്ചറിവ് കൊണ്ടാണ് വടക്ക് കിഴക്കൻ മേഖലകളിൽ പോലും ബി.ജെ.പി.ക്ക് സ്വീകാര്യത ഏറുന്നത്. ജനങ്ങൾ ബി.ജെ.പി. ഭരണത്തെ വിലയിരുത്തുന്നുണ്ട്. ഒരു ഫാസിസവും വർഗ്ഗീയതയും കഴിഞ്ഞ ഒൻപത് വർഷത്തെ മോദി ഭരണത്തിൽ ജനങ്ങൾക്ക് കാണാൻ കഴിയുന്നില്ല. കേന്ദ്രത്തിൽ അഴിമതിയും ആർക്കും ആരോപിക്കാൻ കഴിയുന്നില്ല. അതേ സമയം രാജ്യം അഭിവൃദ്ധിയുടെയും വികസനത്തിൻ്റെയും പുരോഗതിയുടെയും പാതയിൽ ആണ് താനും. ഇതൊക്കെ ജനങ്ങൾ കാണുന്നില്ലേ? അവരോട് പോയിട്ട് വർഗ്ഗീയതയും ഫാസിസവും ശൂലവും ഗർഭിണിയും ചാണകവും പറഞ്ഞുകൊണ്ടിരുന്നാൽ ജനങ്ങൾ പൊട്ടന്മാരാണോ? നേരായ രീതിയിൽ പറയാൻ ഒരാശയവും ഇല്ല. കേന്ദ്രസർക്കാരിൽ ഭരണവിരുദ്ധവികാരം ഉണ്ടാക്കാൻ ഒരു അഴിമതിക്കഥയും കിട്ടുന്നില്ല. ആകെയുള്ള കച്ചിത്തുരുമ്പാണ് ഹിന്ദുത്വയും പശുവും ശൂലവും. ഇത് എത്ര നാൾ പറഞ്ഞുകൊണ്ടിരിക്കും? പറയുന്തോറും കോൺഗ്രസ്സ് ഉപ്പ് വെച്ച കലം പോലെയാകും. 

കേരളത്തിൻ്റെ സ്ഥിതി എന്താണ്? കോൺഗ്രസ്സും കമ്മ്യൂണിസ്റ്റും ഇത്രയും കാലമായി മാറി മാറി ഭരിച്ചതിൻ്റെ ബാക്കിപത്രം എന്നത് ഇവിടെ ജനിക്കുന്ന ആൺകുട്ടികൾക്ക് ഒരു തൊഴിൽ കിട്ടണമെങ്കിൽ നാട് വിട്ട് പോകണം എന്നതാണ്. എൻ്റെ മകന് കേരളത്തിൽ ഒരു ജോലി കിട്ടും എന്ന് ഏതെങ്കിലും രക്ഷിതാവിന് പ്രതീക്ഷിക്കാൻ കഴിയുമോ? കേരളത്തെ ഇമ്മട്ടിൽ നശിപ്പിച്ചത് മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്. മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ വളർത്തുന്നതും താങ്ങി നിർത്തുന്നതും കോൺഗ്രസ്സ് പാർട്ടിയാണ്. കോൺഗ്രസ്സുകാരുടെ ഭീരുത്വവും നിഷ്ക്രിയത്വവും ആണ് മാർക്സിസ്റ്റ് പാർട്ടിക്ക് വളം വെച്ചു കൊടുക്കുന്നത്. കേരളത്തിനു പുറത്ത് പോയി ജീവിതം പണയം വെച്ച് പ്രവാസികൾ അയക്കുന്ന പണം കൊണ്ടാണ് കേരളം ജീവിച്ചു പോകുന്നത്. എന്നിട്ട് നമ്പർ വൺ എന്നും സാക്ഷരർ എന്നും പ്രബുദ്ധർ എന്നും മേനി നടിക്കുന്നു. ഇവിടെ ബാംഗ്ലൂരിലുള്ള ഒരു മലയാളി സുഹൃത്ത് എന്നോട് പറഞ്ഞത് കേരളം കരാളം ആണെന്നാണ്. കാരണം കേരളത്തിൽ ആർക്കെങ്കിലും പേടി കൂടാതെ സംസാരിക്കാനോ നടക്കാനോ കഴിയുമോ? ഓരോ മലയാളിയും മാർക്സിസ്റ്റുകാരെ പേടിച്ചിട്ടാണ് കേരളത്തിൽ ജീവിയ്ക്കുന്നത്. ഈ പേടിയാണ് പാർട്ടിഫണ്ടായും അധികാരമായും മാർക്സിസ്റ്റുകാർ കൊയ്തെടുക്കുന്നത്. 

കേരളത്തിനും ഒരു മാറ്റം വേണ്ടേ? കേരളത്തിൽ വ്യവസായം വരണ്ടേ? കേരളത്തിൽ ജനിക്കുന്ന കുട്ടികൾക്ക് നാട്ടിൽ തന്നെ തൊഴിൽ കിട്ടണ്ടേ? കേരളത്തിൽ ആളുകൾക്ക് പേടി കൂടാതെ ജീവിയ്ക്കണ്ടേ? പേടി കൂടാതെ സംസാരിക്കാനും പുറത്തിറങ്ങി നടക്കാനും കഴിയണ്ടേ? മലയാളിയുടെ സ്വതസിദ്ധമായ ഭീരുത്വത്തിൽ നിന്ന് മോചനം വേണ്ടേ? കേരളം ഒരു വൃദ്ധസദനം ആയി മാറാതിരിക്കണ്ടേ? അടച്ചിട്ട വീടുകളിൽ ജീവിതം തളിരിടണ്ടേ? ഇതൊക്കെ വേണമെങ്കിൽ കേരളവും ബി.ജെ.പി.യെ പരീക്ഷിക്കണം. കേരളം ബി.ജെ.പി.ക്ക് ബാലികേറാമല ഒന്നുമല്ല. അതിനു ആദ്യമായി ജനങ്ങളുടെ പേടി മാറ്റുകയാണ് വേണ്ടത്. ഇതൊക്കെ പറഞ്ഞുകൊണ്ട് കേരളത്തിലെ ബി.ജെ,പി. നേതൃത്വത്തിനു എന്തുകൊണ്ട് തിരുവനന്തപുരം മുതൽ കാസർക്കോട് വരെ ഒരു പദയാത്ര നടത്തിക്കൂടാ? വേണമെങ്കിൽ ആ പദയാത്രയിൽ ഞാനും പങ്കെടുക്കാം. ജനങ്ങൾക്ക് മനസ്സിലാകുന്ന ഭാഷയിൽ ഞാൻ സംസാരിക്കാം. എനിക്ക് ബി.ജെ.പി.യിൽ അംഗത്വമോ പദവിയോ ഒന്നും വേണ്ട. കാര്യം പറഞ്ഞാൽ ജനങ്ങൾക്ക് മനസ്സിലാകുകയും അവരത് അംഗീകരിക്കുകയും ചെയ്യും എന്ന് എനിക്കുറപ്പുണ്ട്. 

അടുത്ത പാർലമെൻ്റ് തെരഞ്ഞെടുപ്പിലും മോദി തന്നെയാണ് പൂർവ്വാധികം ഭൂരിപക്ഷത്തോടെ വിജയിച്ച് കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കാൻ പോകുന്നത്. അപ്പോഴും അധികാരത്തിൻ്റെ ശീതളച്ഛായയിൽ രാജ്യത്ത് യാതൊരു ഹിന്ദുത്വ വർഗ്ഗീയതയും ഫാസിസവും ഗർഭിണിശൂലവും ബി.ജെ.പി.സർക്കാർ നടപ്പാക്കാൻ പോകുന്നില്ല. എന്നാലോ കപട മതേതരക്കാർക്ക് അപ്പോഴും ഈ പഴകിപ്പുളിച്ച ക്ലീഷേ മാത്രമേ ബി.ജെ.പി.ക്കെതിരെ പറയാൻ കഴിയുകയുള്ളൂ താനും. അതേ സമയം രാജ്യത്തിൻ്റെ പുരോഗതിയും വികസനവും അഭംഗുരം മുന്നോട്ട് പോയി ഇന്ത്യ ലോകത്തെ നമ്പർ വൺ സാമ്പത്തികശക്തി ആവുകയും ചെയ്യും. ഇത് കേരളത്തിൽ പ്രവർത്തിക്കാനും ജനങ്ങളുടെ പിന്തുണ വർദ്ധിപ്പിക്കാനും അനുകൂലമായ സാഹചര്യം ബി.ജെ.പി.ക്ക് നൽകും. പരമ്പരാഗതശൈലി വിട്ട് ജനങ്ങൾക്ക് മനസ്സിലാകുന്ന ഭാഷയിൽ ജനങ്ങളോട് സംസാരിക്കാൻ ബി.ജെ.പി. പ്രവർത്തകർ തയ്യാറായാൽ മതി. ബി.ജെ.പി.യോട് സഹകരിക്കാൻ മാനസികമായി തയ്യാറുള്ള നിരവധി ആളുകളുണ്ട്. പേടി കൊണ്ടാണ് അവർ പുറത്ത് വരാത്തത്. ആ പേടി മാറ്റാൻ കഴിയണം. അത് കഴിയുക തന്നെ ചെയ്യും. ബി.ജെ.പി,ക്കാർ തയ്യാറുണ്ടോ എന്നത് മാത്രമാണ് ഒരേയൊരു ചോദ്യം.

No comments:

Post a Comment