Pages

ജീവിതത്തിനൊരു ലക്ഷ്യം

 നിറയെ പണവും സ്വത്തുക്കളും സമ്പാദിച്ച് വെച്ചാൽ അതൊന്നും ഒരു പ്രായത്തിൽ ആർക്കും ഉതകാൻ പോകുന്നില്ല. ഒരു പ്രായം എന്നാൽ എല്ലാം വിട്ടുകൊടുത്ത് ഒരു കസേരയിൽ ഇരുന്ന് വിദൂരതയിലേക്ക് നോക്കി ഓർമ്മകൾ അയവിറക്കുന്ന ഒരു കാലം എല്ലാവരും അഭിമുഖീകരിക്കേണ്ടി വരുമല്ലോ ആ പ്രായത്തെ കുറിച്ചാണ് പറയുന്നത്. അപ്പോൾ നമുക്ക് ഉതകുക നമ്മുടെ ഓർമ്മകളായിരിക്കും. അതുകൊണ്ട് കുറെ ഓർമ്മകൾ ഇപ്പോഴേ കലക്റ്റ് ചെയ്ത് വെക്കുന്നത് നല്ലതാണ്. ഭാര്യയെയും മക്കളെയും കൂട്ടി യാത്രകൾ ചെയ്യുക. അത് മക്കൾക്കും നല്ല ഓർമ്മകളായിരിക്കും. ലോകവും മനുഷ്യരും എത്ര സുന്ദരമാണ്.

പണം സമ്പാദിക്കാൻ ഓടുന്നത് വ്യർത്ഥമാണ്. ജീവിതം എന്തെങ്കിലും സമ്പാദിച്ച് കൂട്ടാനുള്ളതല്ല. മക്കളെ ജീവിയ്ക്കാൻ പ്രാപ്തരാക്കിയാൽ മതി. അവർക്ക് വേണ്ടി സമ്പാദിച്ച് കൂട്ടിയാൽ അവർ അതിൻ്റെ മൂല്യം മനസ്സിലാക്കാതെ ധൂർത്തടിക്കുകയാണ് ചെയ്യുക. ആവശ്യത്തിനാണ് പണം സമ്പാദിക്കേണ്ടത്. ആവശ്യം എന്നത് അനാവശ്യമോ ധൂർത്തോ അല്ല. അവനവന് എന്തൊക്കെ ആവശ്യങ്ങൾ എന്ന് നിർണ്ണയിക്കേണ്ടതുണ്ട്. മറ്റുള്ളവർ എന്ത് ചെയ്യുന്നു, എന്തൊക്കെ സമ്പാദിക്കുന്നു എന്നല്ല നോക്കേണ്ടത് അവനവൻ്റെ സൗന്ദര്യബോധത്തെ തൃപ്തിപ്പെടുത്താൻ എന്തൊക്കെ വേണം എന്നാണ് ചിന്തിക്കേണ്ടത്. മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ വേണ്ടി ജീവിയ്ക്കരുത്. നേരെ മറിച്ച് മറ്റുളവരെ ബോധ്യപ്പെടുത്താനും, മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് വേവലാതിപ്പെട്ടും ആണ് ഇന്ന് ആളുകൾ ജീവിയ്ക്കുന്നത്. അത് ജീവിതമല്ല. അങ്ങനെ ജീവിച്ചാൽ ഓർക്കാനും ഒന്നും ഉണ്ടാവില്ല.
ജീവിതത്തിനു സ്വയമേവ ഒരു ലക്ഷ്യമോ ഉദ്ദേശമോ ഒന്നും ഇല്ല. എല്ലാവരും വളരെ യാദൃഛികമായി ജനിച്ചു പോകുന്നതാണ്. അതുകൊണ്ട് സ്വന്തം ജീവിതത്തിന് ഒരു ലക്ഷ്യം, ഒരു ഗോൾ അവനവൻ തന്നെ തീരുമാനിച്ചുറപ്പിച്ച് ആ ലക്ഷ്യത്തിലേക്കുള്ള പ്രായണമായിരിക്കണം ജീവിതം. അവനവൻ്റെ കൊക്കിൽ ഒതുങ്ങുന്ന ലക്ഷ്യം മാത്രം മതി. എല്ലാവർക്കും അമേരിക്കൻ പ്രസിഡണ്ട് ആകാൻ കഴിയില്ലല്ലോ. നല്ല മക്കളെ വളർത്തലും നല്ല കുടുംബം നയിക്കലും ഒരു ലക്ഷ്യമാണ്. ഈ ജീവ്തകാലത്തേക്ക് ഒരു ലക്ഷ്യം, അങ്ങനെ ഈ വർഷം ഇന്നതൊക്കെ ചെയ്യും നാളെ ഇന്നത് ചെയ്യും എന്നൊക്കെ ഇന്ന് തീരുമാനിക്കുക. എന്നിട്ട് സമയം പാഴാക്കാതെ, ഒന്നും നീട്ടി വെക്കാതെ എല്ലാം സമയബന്ധിതമായി പൂർണ്ണമായി ചെയ്യുക. അങ്ങനെ ജീവിച്ചാൽ നേരത്തെ പറഞ്ഞ കസേരയിൽ ഇരിക്കുന്ന പ്രായം വളരെ മനോഹരമായിരിക്കും.
സംതൃപ്തിയും സന്തോഷവും സമാധാനവും ആയിരിക്കണം ജീവിതത്തിൻ്റെ പരമമായ ലക്ഷ്യം. അനാവശ്യമായ വിവാദങ്ങളിലോ ഗുലുമാലുകളിലോ പോയി തല വെച്ചു കൊടുക്കേണ്ടതല്ല. നമ്മുടെ ജീവിതം നമ്മുടെ മാത്രം ആവശ്യവും ഉത്തരവാദിത്വവുമാണ്. നമ്മൾ ഈ ലോകത്ത് ഒരു സംഭവമേയല്ല. നമ്മൾ ഇല്ലെങ്കിലും ഈ ലോകത്തിനു ഒന്നും സംഭവിക്കില്ല. നമ്മൾ ഇല്ലെങ്കിലും ഈ ലോകം പതിവ് പോലെ മുന്നോട്ട് പോകും. ഈ ഒരു എളിമ നമ്മുടെ മനസ്സിൽ എപ്പോഴും വേണം. നമ്മൾ ആരേക്കാളും മുന്തിയവരോ വലിയവരോ അല്ല. അത് പോലെ നമ്മെക്കാളും മുന്തിയവരും വലിയവരും ആരുമില്ല. എന്തെങ്കിലും വലിപ്പം ഒരാളിൽ തോന്നുന്നെങ്കിൽ അത് അയാളിൽ സമൂഹം ആരോപിക്കുന്നതാണ്. ജീവിതത്തിൻ്റെ അനിശ്ചിതത്വങ്ങൾ എല്ലാവർക്കും ഒരു പോലെയാണ്, അത് പോലെ ജീവിതാന്ത്യവും. ആരും ജീവിതത്തിൽ നിന്ന് ഒന്നും അധികം എടുക്കുന്നില്ല.
മറ്റുള്ളവരോട് പകയും വിരോധവും വെറുപ്പും വെച്ചു പുലർത്തുമ്പോൾ അത് നമ്മുടെ മനസ്സിനെ തന്നെയാണ് അസ്വസ്ഥമാക്കുക. നമ്മുടെ വെറുപ്പിന് പാത്രമായവർ അതറിയുന്നേയില്ല. അവരപ്പോൾ ഉല്ലസിക്കുകയായിരിക്കും. നമ്മൾ ശത്രുവിനെ ഓർത്ത് വിഷമിക്കുക, ശത്രു അപ്പോൾ ഉല്ലസിക്കുക എന്തൊരു കഷ്ടമാണത്. അതുകൊണ്ട് മനസ്സിൽ ആരെയും ശത്രുക്കളായി പ്രതിഷ്ഠിക്കാതിരിക്കുക. ദ്വേഷ്യവും കോപവും വഴക്കും ഒന്നും നമുക്ക് ഒഴിവാക്കാൻ കഴിയില്ല. പക്ഷെ അതൊക്കെ അപ്പപ്പോൾ ക്ലോസ് ചെയ്യുക. എന്നിട്ട് മനസ്സിനെ ക്ലീയർ ആക്കുക. ഒന്നും ഓർമ്മയിൽ ചുമക്കേണ്ടതില്ല. നല്ല ഓർമ്മകൾ മാത്രം മനസ്സിൽ സൂക്ഷിക്കുക.
പരിണാമപരവും ജനിതകപരവുമായി മൃഗീയ വാസനകളും ചോദനകളും നമ്മൾ എല്ലാവരിലും ഉണ്ട്. നമ്മൾ ശൂന്യതയിൽ നിന്ന് പൊട്ടിമുളച്ചതല്ല. നമ്മൾ ജനിതകത്തുടർച്ചയുടെ ഒരു കണ്ണിയാണ്. അതുകൊണ്ട് നമ്മൾ നമ്മളെ തന്നെ അനവരതം സംസ്ക്കരിക്കുകയും നവീകരിക്കുകയും വേണം. അന്നന്ന് ചെയ്ത തെറ്റുകൾ ഇനി ആവർത്തിക്കില്ല എന്ന് ഉറപ്പ് വരുത്തണം. നല്ല വ്യക്തിത്വം, നല്ല കുടുംബം, നല്ല മക്കൾ, എല്ലാറ്റിലും ലാളിത്യം, എല്ലാറ്റിലും വിനയം എളിമ ഇതൊക്കെ ആരെയാണ് അസൂയപ്പെടുത്താത്തത് അല്ലേ? പണവും ആർഭാടവും ആഡംബരവും കൊണ്ടല്ല നമ്മൾ മറ്റുള്ളവരെ അസൂയപ്പെടുത്തേണ്ടത് മേല്പറഞ്ഞ സൽഗുണങ്ങൾ കൊണ്ടാണ്. അപ്പോൾ ഈ ജീവിതം അതീവമനോഹരവും ആസ്വാദ്യകരവുമായിരിക്കും. ഇക്കാര്യങ്ങൾ കഴിയുമെങ്കിൽ നിങ്ങളും ജീവിതത്തിൽ പകർത്താൻ ശ്രമിക്കുമല്ലോ..

No comments:

Post a Comment