Pages

വിരുദ്ധാഹാരം വിഷമോ?

പഴയ വിശ്വാസങ്ങൾ ആളുകളെ വല്ലാതെ തെറ്റിദ്ധരിപ്പിക്കുകയും വിഷമിപ്പിക്കുകയും ചെയ്യുന്നുണ്ട്. പണ്ടത്തെ വിശ്വാസങ്ങൾ പലതും ശരിയല്ലെന്നും അവയൊക്കെ അന്നത്തെ ഊഹങ്ങളും അനുമാനങ്ങളും ആണെന്നും ഇന്ന് അവയെ പറ്റി കാര്യകാരണ സഹിതം വിശദീകരിക്കുന്ന അറിവുകൾ സയൻസിൽ ഉണ്ടെന്നും മനസ്സിലാക്കേണ്ടതുണ്ട്. സയൻസ് എന്ന് പറയുന്നത് പ്രകൃതിയിലും പ്രപഞ്ചത്തിലും നടക്കുന്ന പ്രതിഭാസങ്ങളുടെ കാര്യകാരണങ്ങളുടെ കണ്ടെത്തലാണ്. തെളിയിക്കപ്പെട്ട വിവരങ്ങളാണ് സയൻസിൽ ഉള്ളത്. എന്നാൽ വിശ്വാസങ്ങളിൽ തെളിയിക്കപ്പെട്ട വിവരങ്ങൾ ഒന്നുമില്ല എന്ന് പറയേണ്ടി വരും.

അങ്ങനെയുള്ള വിശ്വാസങ്ങളിൽ ഒന്നാണ് വിരുദ്ധാഹാരം എന്നത്. ഈ വിശ്വാസപ്രകാരം ചില ആഹാരങ്ങൾ ഒരുമിച്ച് കഴിച്ചാൽ അത് വിഷം ആവുകയും ആ വിഷം ശരീരത്തിൽ കെട്ടിക്കിടന്ന് രോഗങ്ങളായി പുറത്ത് വരികയും ചെയ്യുന്നു. ഈ അന്ധവിശ്വാസത്തിൻ്റെ കാരണം എന്താണ് ആഹാരത്തിൻ്റെ ദഹനം എന്ന് മനസ്സിലാക്കാത്തത് കൊണ്ടാണ്. ആദ്യമായി മനസ്സിലാക്കേണ്ടത് വായ മുതൽ ഗുദം വരെയുള്ള ദഹന നാള (digestive tract) ത്തിൻ്റെ ഉൾഭാഗം ശരീരത്തിൻ്റെ അകമല്ല പുറംഭാഗമാണ് എന്നതാണ്. അതായത് ശരീരത്തിൽ കൂടി കടന്നു പോകുന്ന ഒരു കുഴൽ ആണിത്. ഇതിൻ്റെ രണ്ടറ്റവും പുറത്തേക്കാണ് തുറന്നിരിക്കുന്നത്. (ചിത്രം നോക്കുക) നമ്മൾ കഴിക്കുന്ന ആഹാരം ശരീരത്തിൻ്റെ അകത്ത് കടക്കുന്നത് ഈ ദഹനനാളത്തിൻ്റെ ഒരു ഭാഗമായ ചെറുകുടലിൽ ഉള്ള നേരിയ സുഷിരങ്ങളിൽ കൂടിയാണ്.
ഇങ്ങനെ ചെറുകുടലിലെ ഭിത്തിയിലുള്ള സുഷിരങ്ങളിൽ കൂടി കടക്കണമെങ്കിൽ ആഹാരം വിഘടിക്കപ്പെടേണ്ടതുണ്ട്. ആ പ്രക്രിയയെ ആണ് ദഹിക്കൽ അഥവാ ദഹനം എന്ന് പറയുന്നത്. ഓരോ ആഹാരപദാർത്ഥവും ദഹിക്കാൻ ഓരോ തരം എൻസൈമുകൾ ശരീരത്തിലെ അതാത് ഗ്രന്ഥികൾ സ്രവിക്കുന്നു. നമ്മൾ ആഹാരം ചവയ്ക്കുമ്പോൾ തന്നെ വായയിൽ വെച്ച് ഈ ദഹന പ്രക്രിയ തുടങ്ങുന്നു. പിന്നീട് ആമാശയവും കടന്ന് ചെറുകുടലിൽ എത്തുമ്പോൾ ദഹനം പൂർത്തിയായി അവിടെ വെച്ച് സുഷിരങ്ങൾ വഴി രക്തത്തിലാണ് ചേരുന്നത്. നമ്മൾ കഴിക്കുന്ന ആഹാരത്തിലെ കാർബോഹൈഡ്രേറ്റ് അഥവാ അന്നജം, പ്രോട്ടീൻ, കൊഴുപ്പ് ഇതൊന്നും നേരിട്ട് രക്തത്തിൽ കലരാൻ പാടില്ല.
എന്ത് കഴിച്ചാലും ഭക്ഷണത്തിൽ കൂടി നമ്മുടെ ശരീരത്തിനു കിട്ടുന്നത് അന്നജം, പ്രോട്ടീൻ, കൊഴുപ്പ്. വൈറ്റമിനുകൾ, ധാതുലവണങ്ങൾ, വെള്ളം എന്നിങ്ങനെ ആറ് ഘടകങ്ങൾ മാത്രമാണ്. അതായത് ഈ ആറ് ഘടകങ്ങൾ മാത്രമാണ് ശരീരത്തിന് വേണ്ടത്. ഇതിൽ മൂന്ന് ഘടകങ്ങൾ അന്നജം, പ്രോട്ടീൻ, കൊഴുപ്പ് എന്നിവ നേരിട്ട് രക്തത്തിൽ കലരാൻ പാടില്ല എന്ന് പറഞ്ഞല്ലോ. അന്നജം ഗ്ലൂക്കോസ് ആയും പ്രോട്ടീൻ അമിനോ ആസിഡുകളായും കൊഴുപ്പ് ഫാറ്റി ആസിഡുകളായും വിഘടിക്കപ്പെട്ടാണ് രക്തത്തിൽ കലരുന്നത്. അതായത് എന്ത് കഴിച്ചാലും ശരീരത്തിൽ കടക്കുന്നത് ഗ്ലൂക്കോസ് , അമിനോ ആസിഡ്സ് , ഫാറ്റി ആസിഡ് , വിവിധ വൈറ്റമിനുകൾ, മിനറൽസ് ആൻഡ് സാൾട്ട്സ്, വെള്ളം എന്നിവ മാത്രമാണ്.
കഴിക്കുന്ന എന്തും ആമാശയത്തിൽ വെച്ച് ഒരു മിശ്രിതം ആയിട്ടാണ് താഴോട്ട് ചെറുകുടലിൽ എത്തുന്നത്. അതൊക്കെ ദഹിച്ച് ഗ്ലൂക്കോസും അമിനോ ആസിഡുകളും ഫാറ്റി ആസിഡും ആയി രക്തത്തിൽ കലരുമ്പോൾ ഇത് മാംസത്തിൽ നിന്നാണോ അരിയിൽ നിന്നാണോ പരിപ്പിൽ നിന്നാണോ പാലിൽ നിന്നാണോ മുട്ടയിൽ നിന്നാണോ തൈരിൽ നിന്നാണോ എന്നൊന്നും ശരീരത്തിന് അറിയില്ല. അതുകൊണ്ടാണ് പറയുന്നത് വിരുദ്ധാഹാരം എന്നൊന്നില്ല. ഒന്നും ശരീരത്തിൽ കെട്ടിക്കിടക്കുകയും ഇല്ല. കാരണം രക്തം ഓരോ സെക്കൻ്റിലും ശുദ്ധീകരിക്കപ്പെടുകയും അനാവശ്യമായവ അപ്പപ്പോൾ പുറന്തള്ളുകയും ചെയ്യുന്നുണ്ട്. ഒരു വിഷവും ശരീരത്തിൽ നിൽക്കില്ല. അതിനാണ് നമ്മുടെ കിഡ്നിയും ലിവറും ഒക്കെ സദാ ജാഗരൂഗതയോടെ പ്രവർത്തിക്കുന്നത്.
ഇത്രയും പറഞ്ഞ സ്ഥിതിക്ക് കൊളസ്ട്രോളിനെ പറ്റിയും രണ്ട് വാക്ക് പറയാം. ഡോക്ടർമാർക്കിടയിൽ ഇപ്പോഴും ഉള്ള അന്ധവിശ്വാസമാണ് നല്ലതും ചീത്തയും എന്ന് രണ്ട് തരം കൊളസ്ട്രോൾ ഉണ്ട് എന്നത്. അത് തെറ്റാണ് കൊളസ്ട്രോൾ ഒന്നേയുള്ളൂ. അത് കൊഴുപ്പല്ല. കൊഴുപ്പ് പോലത്തെ പദാർത്ഥമാണ്. മാംസാഹാരത്തിൽ മാത്രമേ കൊളസ്ട്രോൾ ഉള്ളൂ. അത് ദഹിക്കാനൊന്നുമില്ല. കൊളസ്ട്രോൾ നേരിട്ട് രക്തത്തിൽ കലരുകയാണ്. കൊളസ്ട്രോൾ ശരീരത്തിൻ്റെ വിവിധ ആവശ്യങ്ങൾക്ക് അനിവാര്യമാണ്. പ്രത്യേകിച്ച് പുതിയ കോശങ്ങൾ ഉണ്ടാകാൻ. നിങ്ങൾ മാംസാഹാരം ഒന്നും കഴിച്ചില്ലെങ്കിലും, ലിവർ ആവശ്യമുള്ള കൊളസ്ട്രോൾ നിർമ്മിക്കും. അതായത് ഗ്ലൂക്കോസ് കൊണ്ട് തന്നെ ലിവർ കൊളസ്ട്രോൾ ഉണ്ടാക്കിക്കോളും. HDL , LDL എന്ന് പറയുന്നത് കൊളസ്ട്രോൾ അല്ല, രക്തത്തിൽ കൂടി കോശങ്ങളിലേക്ക് കൊളസ്ട്രോൾ വഹിച്ചു കൊണ്ട് പോകുന്ന പായ്ക്കറ്റുകളാണ് അവ . കോളസ്ട്രോൾ ഒരിക്കലും അധികമോ കുറവോ ആകില്ല. ഇതിനെ പറ്റി മറ്റൊരു പോസ്റ്റിൽ എഴുതിയത് കൊണ്ട് ഇവിടെ ആവർത്തിക്കുന്നില്ല. അന്ധവിശ്വാസങ്ങൾ അകറ്റാൻ സയൻസ് മാത്രം. അതുകൊണ്ട് ചിലർ സയൻസിനെ വെറുക്കുന്നത് കഷ്ടമാണ്.

No comments:

Post a Comment