Pages

ചൈനയും പാക്കിസ്ഥാനും നമ്മുടെ നല്ല അയൽക്കാരല്ല, നിരന്തര ശത്രുക്കളാണ് !

ചൈനയും പാക്കിസ്ഥാനും നമ്മുടെ നിരന്തര ശത്രുരാജ്യങ്ങളാണു. ഈ യാഥാർഥ്യം വിസ്മരിച്ചുകൊണ്ടാണു അധികാരം കിട്ടുമ്പോഴൊക്കെ ബി.ജെ.പി.പ്രധാനമന്ത്രിമാർ പാക്കിസ്ഥാനിലേക്കും ചൈനയിലേക്കും അത്യുത്സാഹത്തോടെ സന്ദർശനം നടത്തി ഇമേജ് വർദ്ധിപ്പിക്കാൻ ശ്രമിക്കാറുള്ളത്. അയല്പക്കബന്ധം നന്നായാലേ രാജ്യത്ത് സമാധാനം ഉണ്ടാകൂ എന്നാണു ബി.ജെ.പി.ക്കാർ ഇതിനു പറയാറുള്ള ന്യായം. അയല്പക്കവുമായി ആരാണു സൗഹൃദവും സമാധാനവും ആഗ്രഹിക്കാത്തത്? പക്ഷെ നമ്മൾ ആഗ്രഹിച്ചത് കൊണ്ടായോ? വാജ്‌പൈ പ്രധാനമന്ത്രി ആയപ്പോഴാണു ചൈനയുമായി നല്ല ബന്ധത്തിനു ആദ്യമായി തുടക്കം കുറിച്ചത് എന്ന് ബി.ജെ.പി.ക്കാർ അവകാശപ്പെടാറുണ്ട്. എന്നാൽ അതിനും മുൻപ് ജവഹർലാൽ നെഹ്‌റു അങ്ങോട്ടും ചൈനീസ് പ്രധാനമന്ത്രി ചൗ എൻലായ് ഇങ്ങോട്ടും സന്ദർശനങ്ങൾ നടത്തി ഇന്തീ-ചീനീ ഭായി ഭായി മുദ്രാവാക്യം വിളിച്ചതും പ്രത്യുപകാരമായി ചൈന നമ്മെ ആക്രമിച്ചതും ഒന്നും ബി.ജെ.പി.ക്കാർ ഓർക്കുന്നില്ല.

1962ൽ ചൈന നമ്മെ ആക്രമിച്ചത് മുതൽ ആ രാജ്യത്തിനു നമ്മോടുള്ള ശത്രുതയ്ക്ക് ഒരു മാറ്റവും വന്നിട്ടില്ല എന്നതാണു സത്യം. ആ ശത്രുതയ്ക്കുള്ള അടിസ്ഥാന കാരണം ഏഷ്യയിൽ മേധാവിത്വം സ്ഥാപിക്കുന്നതിനു ചൈനയ്ക്ക് തടസ്സം ഇന്ത്യയാണു എന്നതാണു. ആ രാജ്യത്തിന്റെ സ്ഥാപിത താല്പര്യങ്ങൾക്ക് എതിരാണു ഇന്ത്യ എന്ന വലിയൊരു ജനാധിപത്യരാജ്യം ഏഷ്യയിൽ സുസ്ഥിരമായി നിലനിൽക്കുന്നത്. 1962ലേത് പോലെ പ്രത്യക്ഷയുദ്ധത്തിനു തയ്യാറാവുന്നില്ലെങ്കിലും അന്നു മുതൽ ഇന്ന് വരെയിലും ചൈന ഇന്ത്യയുമായി പരോക്ഷമായ നിഴൽ യുദ്ധത്തിലാണു. കിട്ടാവുന്ന അവസരങ്ങളിലെല്ലാം ഇന്ത്യയെ ദ്രോഹിക്കുന്ന സമീപനമാണു ചൈനയുടേത്. പഴയത് പോലെ ഇന്ത്യയുമായി പ്രത്യക്ഷയുദ്ധം നടത്താൻ ചൈനയ്ക്ക് കഴിയില്ല. അത്കൊണ്ടാണു നിഴൽ യുദ്ധം നടത്തുന്നത്.

ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാനെ ആയുധമണിയിക്കുകയാണു ചൈന ചെയ്തത്. ചൈനയുടെ സഹായം കൊണ്ടാണു പാക്കിസ്ഥാൻ ആണവായുധങ്ങൾ നിർമ്മിച്ചിരിക്കുന്നത്. ആ അണുവായുധങ്ങൾ പാക്കിസ്ഥാൻ ഇന്ത്യയ്ക്കെതിരെ മാത്രമേ പ്രയോഗിക്കാൻ സാധ്യതയുള്ളൂ. ഇന്ത്യയെ പൊതുശത്രു ആയിട്ടാണു ചൈനയും പാക്കിസ്ഥാനും കാണുന്നത്. അങ്ങനെയാണു ആ രാജ്യങ്ങൾ തമ്മിൽ ഉറ്റ ബന്ധവും സാമ്പത്തിക-പ്രതിരോധ മേഖലകളിൽ സഹകരണവും നിലനിൽക്കുന്നത്. പാക്കിസ്ഥാനും ചൈനയും നമ്മുടെ ഭൂപ്രദേശങ്ങൾ ഇപ്പോഴും കൈവശം വെച്ചനുഭവിക്കുന്നു. പാക്കിസ്ഥാ‍ൻ കൈവശം വെച്ചിരിക്കുന്ന നമ്മുടെ ഭൂമിയിൽ നിന്ന് കുറെ ഭാഗം ചൈനയ്ക്ക് പാരിതോഷികമായി നൽകുന്നു. ആ പ്രദേശങ്ങളിൽ ചൈന നിർമ്മാണപ്രവർത്തനങ്ങൾ നടത്തുന്നു. എന്നിട്ടും ചൈന നമ്മുടെ അരുണാചൽ പ്രദേശിൽ എന്നും അവകാശവാദം ഉന്നയിക്കുകയും ചെയ്യുന്നു. അരുണാചൽ പ്രദേശിൽ അവകാശവാദം ഉന്നയിച്ചുകൊണ്ടേയിരുന്ന്, കൈവശപ്പെടുത്തിയ നമ്മുടെ ഭൂപ്രദേശത്തെ കുറിച്ച് നമുക്ക് ഒന്നും മിണ്ടാൻ കഴിയാത്ത അവസ്ഥയിൽ നമ്മെ തളച്ചിടുകയാണു ചൈന ചെയ്യുന്നത്.

ഇതേ തന്ത്രമാണു കാഷ്മീർ വിഷയത്തിൽ പാക്കിസ്ഥാനും ചെയ്യുന്നത്. കാഷ്മീരിൽ പാക്കിസ്ഥാനു ഒരു കാര്യവുമില്ല്ല. അയൽക്കാരന്റെ പറമ്പിൽ നമുക്കെന്ത് കാര്യം. പാക്കിസ്ഥാനും നമ്മുടെ കുറേ ഭൂപ്രദേശം അനധികൃതമായി കൈവശം വെച്ചിട്ടുണ്ട്. ആ പ്രദേശം പാക്കധീന കാഷ്മീർ എന്ന പേരിൽ അറിയപ്പെടുന്നു. നമ്മൾ പാക്കധീന കാഷ്മീരിൽ അവകാശവാദം ഉന്നയിച്ച് അത് തിരികെ പിടിക്കാൻ ശ്രമിക്കുന്നതിനെ തടയാൻ നമ്മുടെ രാജ്യത്തിന്റെ അവിഭാജ്യഭാഗമായ കാഷ്മീരിൽ പ്രശ്നം ആരോപിച്ച് ഇല്ലാത്ത കാഷ്മീർ പ്രശ്നം ഉണ്ടെന്ന് വരുത്തിത്തീർക്കുകയാണു പാക്കിസ്ഥാൻ. അങ്ങനെ നമ്മെ പ്രതിരോധത്തിൽ തളച്ചിടുകയും നമുക്ക് നമ്മുടെ അവകാശം പോലും പറയാൻ കഴിയാതിരിക്കുകയും ചെയ്യുന്നു. അന്തരിച്ച നരസിംഹറാവു പ്രധാനമന്ത്രിയായിരുന്നപ്പോൾ അദ്ദേഹം ഒരിക്കൽ പറയുകയുണ്ടായി കാഷ്മീർ പ്രശ്നം എന്നൊന്ന് ഇല്ലെന്നും ഉള്ളത് പാക്കധീന കാഷ്മീർ പ്രശ്നം ആണെന്നും. പക്ഷെ നമുക്കത് നിരന്തരം പറയാൻ കഴിയുന്നില്ല. അയൽ രാജ്യങ്ങളുമായി നല്ല ബന്ധം നിലനിർത്താൻ നമ്മൾ ഇത്രയും വിട്ടുവീഴ്ച ചെയ്തിട്ടും നമുക്ക് തിരിച്ചുകിട്ടുന്നത് ശത്രുതാപരമായ സമീപനം മാത്രം.

കാഷ്മീരിനെക്കാളും ശരിക്കുള്ള പ്രശ്നം പാക്കിസ്ഥാനിലാണുള്ളത്. അവിടെ ബലൂചിസ്ഥാൻ എന്ന പ്രദേശം പാക്ക് സർക്കാരിനാൽ അവഗണിക്കപെട്ട പ്രവിശ്യയാണു. ബലൂചിസ്ഥാനികൾക്ക് ഇന്ത്യയോട് ചേരാനാണു താല്പര്യം. അതിന്റെ പേരിൽ പാക്ക് പട്ടാളം തന്നെ ബലൂചിസ്ഥാനിലെ എത്രയോ പൗരന്മാരെ കടത്തിക്കൊണ്ടുപോവുകയും അവരെ പറ്റി പിന്നീട് ഒരു വിവരവും ഇല്ലാതിരിക്കുകയും ചെയ്യുന്നു. അറബിക്കടലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ബലൂചിസ്ഥാനിൽ ചൈന ഒരു ആഴക്കടൽ തുറമുഖം നിർമ്മിച്ചിട്ടുണ്ട്. ആണവമുങ്ങിക്കപ്പലുകൾക്ക് താവളമടിക്കാൻ കഴിയുന്ന അത്യാന്താധുനിക സൗകര്യമുള്ളതാണു ഈ ഗദ്വാർ തുറമുഖം. അങ്ങനെ അറബിക്കടലിലും ചൈന അതിന്റെ സാന്നിദ്ധ്യം ഉറപ്പിച്ചിരിക്കുന്നു. ശ്രീലങ്കയെ കൂടി പാട്ടിലാക്കിയാൽ ഇന്ത്യ അക്ഷരാർത്ഥത്തിൽ ചൈനയാൽ വലയം ചെയ്യപ്പെടും. ഒരു ഘട്ടത്തിൽ ശ്രീലങ്കയെ പാട്ടിലാക്കാൻ ചൈന തീവ്രശ്രമം നടത്തിയിരുന്നു. ഇപ്പോൾ അതിനെ പറ്റി പറഞ്ഞു കേൾക്കുന്നില്ലെങ്കിലും ഇന്ത്യയെ ഒറ്റപ്പെടുത്തി ദുർബലമാക്കാനുള്ള അജണ്ടയുമായാണു ചൈന മുന്നോട്ട് പോകുന്നത്.

എൻ.എസ്.ജി. എന്ന ആണവ വിതരണ രാജ്യങ്ങളുടെ ഗ്രൂപ്പിൽ ഇന്ത്യയ്ക്ക് പ്രവേശനം ലഭിക്കാതെ പോയത് ചൈന-പാക്ക് കൂട്ടുകെട്ടിന്റെ ചതി കൊണ്ടാണു. ഇന്ത്യയ്ക്ക് അംഗത്വം കൊടുക്കുന്നെങ്കിൽ പാക്കിസ്ഥാനും കൊടുക്കേണ്ടി വരും എന്നാണു ചൈന വാദിച്ചത്. ആ വാദമാണു ഇന്ത്യയുടെ ആവശ്യത്തിന്റെ മുനയൊടിച്ചത്. ചൈന ഇന്ത്യയെ അനുകൂലിച്ചിരുന്നെങ്കിൽ മറ്റൊരു രാജ്യവും എതിർക്കില്ലായിരുന്നു. നമ്മൾ ആണവ നിർവ്യാപന കരാറിൽ ഒപ്പ് വയ്ക്കാതിരിക്കുന്നതിനു ന്യായമായ കാരണമുണ്ട്. Nuclear Nonproliferation Treaty (NPT) എന്ന ആണവ നിർവ്യാപന കരാറിന്റെ അന്ത:സത്ത എന്നു പറയുന്നത് ലോകത്തെ എല്ലാ രാജ്യങ്ങളും ആണവായുധ മുക്തമാവുക എന്നതാണു. അമേരിക്ക,റഷ്യ,ചൈന,ഫ്രാൻസ്,ബ്രിട്ടൻ എന്നിങ്ങനെ പഞ്ചരാജ്യങ്ങൾ ആണവായുധങ്ങൾ കുത്തകയാക്കി വെച്ചിട്ട് നമ്മൾ എൻ.പി.ടി.യിൽ ഒപ്പ് വയ്ക്കുന്നത് കരാറിന്റെ അന്ത:സത്തയ്ക്ക് നിരക്കുന്നതല്ല എന്നത് കൊണ്ടാണു നമ്മൾ വിട്ടു നിൽക്കുന്നത്. ലോകം ആണവായുധ മുക്തമാകണം എന്നതാണു നമ്മുടെ നിലപാട്.

എൻ.പി.ടി.യിൽ ഒപ്പ് വെച്ചില്ലെങ്കിലും 2008ൽ ജർമ്മനിയിൽ വെച്ചു നടന്ന പ്ലീനറി യോഗത്തിൽ ഇന്ത്യയ്ക്ക് മാത്രമായി ഇളവ് അനുവദിച്ചിരുന്നു. അത് പ്രകാരം എൻ.എസ്.ജി. അംഗരാജ്യങ്ങളിൽ നിന്ന് യുറേനിയവും മറ്റ് സാമഗ്രികളും ഇന്ത്യയ്ക്ക് വാങ്ങാൻ കഴിയും. തൽക്കാലം അംഗത്വം കിട്ടിയില്ലെങ്കിലും സാരമില്ല എന്നർത്ഥം. ആ ഇളവ് ലഭിക്കാൻ സാഹചര്യമൊരുക്കിയത് അമേരിക്കയുമായി മൻമോഹൻ സിങ്ങ് സർക്കാർ ആണവക്കരാറിൽ ഏർപ്പെട്ടത് കൊണ്ടാണു. ചുരുക്കി പറഞ്ഞാൽ എൻ.എസ്.ജി. രാജ്യങ്ങളിൽ നിന്ന് ആണവധാതുക്കളും ഉപകരണങ്ങളും വാങ്ങാനും ഇന്ന് ആ ഗ്രൂപ്പിൽ അംഗത്വം ആവശ്യപ്പെടാനും ഇടയാക്കിയത് അമേരിക്കയുമായി നമ്മൾ ആണവക്കരാറിൽ ഒപ്പ് വെച്ചതാണു. അതിന്റെ പേരിൽ ഇന്നത്തെ ഭരണപക്ഷം മൻമോഹൻ സർക്കാരിനെതിരെ അന്ന് പഴി പറഞ്ഞതിൽ ഇന്ന് അവർ പശ്ചാത്തപിക്കുന്നുണ്ടോ എന്നറിയില്ല. എൻ.പി.ടി.യിൽ ഒപ്പ് വയ്ക്കാതെ അമേരിക്കയുമായി ആണവക്കരാറിൽ ഏർപ്പെടാനായത് അന്നത്തെ സർക്കാരിന്റെ ഉജ്ജ്വലമായ നയതന്ത്ര വിജയമായിരുന്നു.

പ്രധാനമന്ത്രി കൂടെക്കൂടെ വിദേശ രാജ്യങ്ങളിൽ സന്ദർശിച്ചാൽ മാത്രം നല്ല നയതന്ത്ര ബന്ധം സ്ഥാപിക്കാൻ കഴിയില്ല. ഈ പാഠം കൂടി പ്രൈം മിനിസ്റ്റർ നരേന്ദ്ര മോദി ഡോ. മൻമോഹൻ സിങ്ങിൽ നിന്ന് പഠിക്കേണ്ടതുണ്ട്. അങ്ങോട്ട് പോകുമ്പോൾ ഏത് രാജ്യവും സ്വീകരിക്കും. അതൊരു സാർവ്വലൗകിക ആതിഥ്യമര്യാദ മാത്രമാണു. എന്നാൽ അത് കൊണ്ട് മാത്രം രാജ്യാന്തര ബന്ധങ്ങൾ ഉണ്ടാകണമെന്നില്ല. പ്രധാനമന്ത്രി ഇനിയെങ്കിലും അത് മനസ്സിലാക്കണം.

1 comment:

  1. on this issue we are on the same page....

    modi started out right on the indo-pak relationship by inviting nawas sherif for swearing in and acting tough on the border as also by calling off the secretary level talks when pak ambassador invited separatists for talks etc......but somewhere along the line he lost the plot ......he got delusions of grandeur and the dream making a name for himself as a world statesman like nehru vajpayee etc resulted in his losing touch with the ground realities......further obama tricked him into engaging with pakistan inspite of repeated rebuff from their side......the ground reality is that pakistan is engaged a proxy war with india and the militants in kashmir and the terrorists trained and injected into india are their footsoldiers in that proxy war.....modi seems to have totally lost sight of this ground reality.......

    it is not only pakistan, most of the other foreign policy initiatives that modi undertook with much fanfare are in shambles.....nepal, china etc.....

    on the whole it would have been much better if modi had spent more time and effort in the task of governance in india and assigned the foreign policy tasks for sushma swaraj to handle with a free hand

    ReplyDelete