Pages

ജൈവകൃഷി , ജൈവവളം, ജൈവകീടനാശിനി എന്നൊക്കെ പറയുന്നത് അസംബന്ധം

കൃഷിമന്ത്രിയും ജൈവവാദികളും അറിയാൻ ...

ജൈവകൃഷി , ജൈവവളം, ജൈവകീടനാശിനി എന്നൊക്കെ വേർതിരിച്ച് പറയുന്നത് ശുദ്ധ അസംബന്ധവും വിവരക്കേടുമാണു. കൃഷി ഒന്നേയുള്ളൂ അത് കൃഷി മാത്രം. മനുഷ്യനു വേണ്ടി മെരുക്കിയെടുത്ത വിത്തുകളും വിളകളുമാണു കൃഷി ചെയ്യുന്നത്. പ്രകൃത്യാ വിളയുന്നത് മനുഷ്യനു തിന്നാൻ കൊള്ളുകയില്ല. അവയെ നമ്മൾ കാട്ടുചെടികൾ എന്നും കാട്ടുവിളകൾ എന്നും പറയും. കൃഷി ചെയ്ത് ഉണ്ടാക്കുന്നത് മാത്രമേ മനുഷ്യർക്ക് തിന്നാൻ കൊള്ളൂ. ഇന്ന് ഉപയോഗിക്കുന്ന വിത്തുകളിൽ ഭൂരിഭാഗവും സങ്കരയിനമായി വികസിപ്പിച്ചെടുത്തതാണു. അല്ലായിരുന്നെങ്കിൽ ഇത്രയും കോടി ജനങ്ങൾക്ക് ആഹാരം ലഭ്യമാവുകയില്ലായിരുന്നു.

മനുഷ്യൻ കൃഷി ചെയ്യുമ്പോൾ ചെടികൾക്ക് വളം നൽകേണ്ടതുണ്ട്. വളം എന്നാൽ ചെടികൾക്ക് ആവശ്യമായ പോഷകഘടകങ്ങൾ എന്ന് മാത്രമാണു അർത്ഥം. അതിൽ ജൈവം എന്നൊ രാസമെന്നോ വ്യത്യാസമില്ല. അയൺ (Ion)  രൂപത്തിലുള്ള തന്മാത്രകളോ മൂലകങ്ങളോ മാത്രമേ ചെടികളുടെ വേരുകൾ വലിച്ചെടുക്കുകയുള്ളൂ. എന്താണു അയൺ എന്ന് ചോദിച്ചാൽ An ion  is an atom or a molecule in which the total number of electrons is not equal to the total number of protons എന്നാണർത്ഥം. അതായത് ഒരു മൂലകത്തിലോ തന്മാത്രയിലൊ പ്രോട്ടോണുകളുടെ എണ്ണവും എലക്ട്രോണുകളുടെ എണ്ണവും തുല്യമായിരിക്കും. അങ്ങനെയല്ലാതെ എലക്ട്രോൺ നഷ്ടപ്പെടുകയോ അധികമാവുകയോ ചെയ്താൽ അവ അയണുകളാണു.  വെള്ളവും വളവും വലിച്ചെടുക്കുന്ന വേരിലൂടെ അയൺ ആയ മൂലകമോ തന്മാത്രയോ മാത്രമേ കടക്കുകയുള്ളൂ. ഇങ്ങനെ 13 മൂലകങ്ങളാണു സസ്യങ്ങളുടെ വേരുകൾ മണ്ണിൽ നിന്ന് വലിച്ചെടുക്കുന്നത്. അവയുടെ പട്ടിക ചിത്രത്തിൽ കൊടുത്തത് കാണുക.

കാർബൺ എന്ന മൂലകം അടങ്ങിയ സംയുക്തങ്ങളെയാണു ജൈവപദാർത്ഥം എന്ന് പറയുന്നത്. നിങ്ങൾ ജൈവവളം എന്ന് പറഞ്ഞ് മണ്ണിൽ നിക്ഷേപിക്കുന്നതിൽ, സൂക്ഷ്മജീവികൾ കുറേക്കാലം അതിൽ പ്രവർത്തിച്ച് അതിലെ കൂറ്റൻ തന്മാത്രകൾ ലഘു തന്മാത്രകളായി വിഘടിക്കപ്പെട്ട് , അതിൽ ചെടികൾക്ക് ആവശ്യമായ എന്തെങ്കിലും മൂലകങ്ങൾ ഉണ്ടെങ്കിൽ അവ അയൺ രൂപത്തിൽ ആയി മാറിയിട്ട് ചെടികൾ വലിച്ചെടുക്കും. കാർബൺ ചെടികൾക്ക് മണ്ണിൽ നിന്ന് വേണ്ട. ബാക്കി നൈട്രജൻ മുതൽ ഉള്ളത് വലിച്ചെടുക്കും. പക്ഷെ അത് സമീകൃത വളം എന്ന് പറയാൻ പറ്റില്ല. ആവശ്യമുള്ള 13 മൂലകങ്ങളും ജൈവവളത്തിൽ ഉണ്ട് എന്ന് ഉറപ്പ് വരുത്താൻ കഴിയില്ല. മാത്രമല്ല ജൈവവളം ഇപ്പറഞ്ഞ അയൺ ആയി മാറാൻ മണ്ണിൽ നിക്ഷേപിച്ച ശേഷം കുറേ കാലമെടുക്കും. അതിൽ സൂക്ഷ്മജീവികൾ പ്രവർത്തിച്ച് ലഘുതന്മാത്രകളും മൂലകങ്ങളും ആയി മാറണമല്ലൊ. എന്നാൽ ചെടികൾക്ക് അപ്പോൾ തന്നെ വലിച്ചെടുക്കാവുന്നതും വെള്ളത്തിന്റെ സമ്പർക്കത്തിൽ അപ്പോൾ തന്നെ അയൺ ആവുകയും ചെയ്യുന്ന തന്മാത്രാരൂപത്തിൽ ആണു രാസവളം ഫാക്ടറികളിൽ നിർമ്മിക്കുന്നത്. കൃത്രിമം എന്ന് പറഞ്ഞാൽ പ്രകൃതിയിൽ ഉള്ളതിന്റെ പകർപ്പുകളാണു മനുഷ്യൻ ഫാക്ടറികളിൽ ഉണ്ടാക്കുന്നത്.  ജൈവളം കാലക്രമേണ വിഘടിച്ച് ഉണ്ടാകുന്ന നൈട്രേറ്റും (NO₃) ഫാക്ടറിയിൽ നിർമ്മിക്കുന്ന അമോണിയയിലെ നൈട്രേറ്റും ഒന്ന് തന്നെയാണു. മണ്ണിന്റെ ഫലപുഷ്ടിക്ക് ജൈവപദാർത്ഥങ്ങൾ നിക്ഷേപിക്കുന്നത് നല്ലത് തന്നെ. പക്ഷെ കൃഷിക്ക് രാസവളം ഉപയോഗിച്ചേ മതിയാകൂ എന്ന് ഇപ്പറഞ്ഞതിൽ നിന്ന് മനസ്സിലാകേണ്ടതാണു. മൂലകങ്ങളും തന്മാത്രകളും അവയുടെ പകർപ്പുകൾ ഉള്ളതിൽ നിന്ന് ഉണ്ടാക്കാമെന്നല്ലാതെ കൃത്രിമമായിട്ട് പുതിയത് ഒന്നും മനുഷ്യർക്ക് ഉണ്ടാക്കാൻ കഴിയില്ല എന്ന സത്യം മനസ്സിലാക്കണം.

ഇനി കീടനാശിനികൾ എടുക്കാം. കീടങ്ങളെ ഏത് പദാർത്ഥം നശിപ്പിക്കുന്നുവോ അത് കീടനാശിനിയാണു. കീടം നശിച്ചില്ലേ അല്ലെങ്കിൽ നശിപ്പിച്ചില്ലേ അതാണു കീടനാശിനി. അതിൽ ജൈവം എന്നോ രാസം എന്നോ വ്യത്യാസമില്ല. കീടങ്ങൾക്ക് വിഷം ആയത് കൊണ്ട് അവ നശിക്കുന്നു. പ്രകൃതിയിൽ തന്നെ കീടങ്ങളെ നശിപ്പിക്കുന്ന പദാർത്ഥങ്ങൾ തന്മാത്രാരൂപത്തിലുണ്ട്. അവയുടെ തന്മാത്രാപതിപ്പുകളോ അതിനേക്കാളും കൃത്യമായ തന്മാത്രകളോ ഫാക്ടറികളിൽ നിർമ്മിക്കാൻ പറ്റും. അങ്ങനെയാണു നിർമ്മിക്കുന്നത് താനും. പ്രകൃതിയിൽ ലഭ്യമല്ലാത്ത, ഒരുപാട് ഇനം കീടങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന കീടനാശിനികൾ ഫാക്ടറികളിൽ നിർമ്മിക്കുന്നുണ്ട്. അവയെല്ലാം കീടങ്ങൾക്കാണു വിഷം. അതൊക്കെ മനുഷ്യനു വിഷം ആകണമെങ്കിൽ ജൈവകീടനാശിനിയും മനുഷ്യനു വിഷം ആകണ്ടേ? കാരണം ജൈവകീടനാശിനി കീടങ്ങൾക്ക് വിഷം ആകണമല്ലൊ. അത്കൊണ്ട്, ജൈവകീടനാശിനി മനുഷ്യർക്ക് വിഷം ആവില്ല എന്നും അതേ തന്മാത്രയുടെ പകർപ്പ് ഫാക്ടറിയിൽ നിർമ്മിച്ചാൽ വിഷം ആകും എന്ന് പറയുന്നത് പദാർത്ഥങ്ങളുടെ തന്മാത്ര ഘടനയെ കുറിച്ചുള്ള അജ്ഞത കൊണ്ടാണു.

ഒരു ഉദാഹരണം പറയാം. ഒതളങ്ങ കഴിച്ചാൽ മനുഷ്യൻ മരിക്കും. പണ്ട് ആത്മഹത്യ ചെയ്യാൻ ആളുകൾ ഉപയോഗിച്ചിരുന്ന പഴമാണു ഒതളങ്ങ. Cerbera odollam എന്നാണു ഇതിന്റെ ശാസ്ത്രീയനാമം. ഒതളങ്ങ പ്രകൃതിയിലെ ഒരു പഴമാണല്ലൊ. അതെങ്ങനെയാണു മനുഷ്യർക്ക് വിഷം ആകുന്നത്? ഒതളങ്ങയിൽ അടങ്ങിയിട്ടുള്ള cerberin എന്ന പദാർത്ഥമാണു മനുഷ്യരെ മരണത്തിലേക്ക് നയിക്കുന്നത്. ഈ സെറിബെറിൻ (cerberin) എന്ന പദാർത്ഥത്തിന്റെ തന്മാത്ര ഘടന നമുക്കറിയാം. അതേ തന്മാത്ര ഫാക്ടറിയിൽ നിർമ്മിക്കാൻ പറ്റും. അത് പോലെ എല്ലാറ്റിന്റെയും തന്മാത്ര ഘടന ശാസ്ത്രജ്ഞന്മാർ മനസ്സിലാക്കുകയും നമുക്ക് പറഞ്ഞു തരികയും ചെയ്തിട്ടുണ്ട്. സാധാരണക്കാർ ഇതൊന്നും മനസ്സിലാക്കാൻ ശ്രമിക്കുന്നില്ല. അത് കൊണ്ടാണു എന്ത് അസംബന്ധവും വിവരക്കേടും സമൂഹത്തിൽ സത്യം പോലെ പ്രചരിക്കുന്നത്.

വിഷം എന്നത് പൊതുവായ ഒരു വാക്കാണു. കീടങ്ങളിൽ ആയാലും സൂക്ഷ്മജീവികളിൽ ആയാലും വിഷം എന്നത് എങ്ങനെ പ്രവർത്തിക്കുന്നു എന്നത് പ്രത്യേകം പ്രത്യേകം മനസ്സിലാക്കേണ്ടതുണ്ട്. കീടനാശിനികൾ ചെടികൾക്ക് തളിച്ചാൽ അത് മനുഷ്യർക്ക് വിഷമാകും എന്നത് അസംബന്ധവും അർത്ഥശൂന്യവുമായ വാദമാണു. പാമ്പിൻ വിഷം മനുഷ്യൻ കുടിക്കുകയാണെങ്കിൽ ആമാശയത്തിലും ചെറുകുടലിലും എത്തുന്ന അത് വെറും പ്രോട്ടീൻ പദാർത്ഥമാണു. അതേ സമയം, പാമ്പ് കടിച്ച് സിരകളിൽ പ്രവേശിച്ച് രക്തത്തിൽ കലരുമ്പോഴാണു അത് വിഷത്തിന്റെ ഫലം ചെയ്യുന്നത്.

ചെടികളെ ബാധിക്കുന്ന കീടങ്ങൾ എന്ന് പറഞ്ഞാൽ അത് ബാക്റ്റീരിയ , ഫംഗസ് മുതലായ സൂക്ഷ്മജീവികളുമുണ്ട്. അതിനെതിരെ ഫാക്ടറികളിൽ നിർമ്മിക്കുന്ന പെസ്റ്റിസൈഡുകൾ വിഷം ആകും എന്ന് പറയുമ്പോൾ തന്നെ ബാക്റ്റീരിയ , അമീബ, ഫംഗസ്, വൈറസ്സ് എന്നിവ മൂലം രോഗബാധിതരാകുന്ന ആളുകൾ ആന്റിബയോട്ടിക്ക് മരുന്നുകൾ കഴിക്കുകയും ചെയ്യുന്നു. കീടനാശിനി ചെടികളിൽ തളിച്ച് അവയെ ബാധിച്ച സൂക്ഷ്മജീവികളെ നശിപ്പിക്കുമ്പോൾ , മനുഷ്യർ ആന്റിബയോട്ടിക്ക് മരുന്നുകൾ കഴിച്ച് അവന്റെ ശരീരത്തിൽ ബാധിച്ച സൂക്ഷ്മജീവികളെ നശിപ്പിക്കുന്നു. അത്രയേയുള്ളൂ. രണ്ടിലും തെറ്റില്ല. മനുഷ്യന്റെ നന്മയ്ക്ക് വേണ്ടി ശാസ്ത്രം കണ്ടുപിടിച്ചതാണു ആന്റി ബയോട്ടിക്കുകളും പെസ്റ്റിസൈഡുകളും. ശാസ്ത്രം കണ്ടുപിടിക്കുന്നത് എന്തും മനുഷ്യന്റെ നിലനില്പിനും നന്മയ്ക്കും സൗകര്യത്തിനും ക്ഷേമത്തിനും വേണ്ടിയായിരിക്കും. എന്തെങ്കിലും ദുരുപയോഗം ചെയ്യുന്നെങ്കിൽ അത് മനുഷ്യന്റെ തെറ്റാണു. അത് തടയണം.

ആദ്യമായി കണ്ടുപിടിച്ച ആന്റിബയോട്ടിക്ക് മരുന്ന് പെൻസിലിൻ (Penicillin ) ആണു.  Penicillium വർഗ്ഗത്തിൽ പെടുന്ന ഒരുമാതിരി പൂപ്പലിൽ നിന്നാണു പെനിസിലിൻ വേർതിരിച്ചെടുത്തത്.  പെൻസിലിൻ കണ്ടുപിടുത്തം ആരോഗ്യരംഗത്ത് ഒരു വിപ്ലവം ആയിരുന്നു. എത്രയോ രോഗങ്ങൾ ഭേദമാക്കാനും ജീവൻ രക്ഷിക്കാനും പെൻസിലിൻ സഹായിച്ചു. പിന്നീട് പെനിസിലിന്റെ അതേ തന്മാത്രാഘടനയിൽ ആമ്പിസിലിൻ (Ampicillin) കൃത്രിമമായി നിർമ്മിക്കാൻ തുടങ്ങി. കൃത്രിമം എന്ന് പറഞ്ഞാൽ പ്രകൃതിവിരുദ്ധം അല്ല എന്നും പ്രകൃതിയിൽ ഉള്ളതിന്റെ പകർപ്പുകളോ പരിഷ്ക്കരണങ്ങളോ മാത്രമാണെന്ന് മനസ്സിലാക്കുക. ഇന്ന് എത്രയോ തരം ആന്റിബയോട്ടിക്ക് മരുന്നുകൾ മനുഷ്യരുടെ ആരോഗ്യവും - എന്ന് വെച്ചാൽ രോഗമില്ലാത്ത അവസ്ഥ - ജീവനും സംരക്ഷിച്ചു വരുന്നു.

ഇത്രയും പറഞ്ഞത് ജൈവം എന്നും രാസം എന്നും വ്യത്യാസം ഒന്നിലും ഇല്ല എന്നും വെറുതെ ആളുകൾ പറഞ്ഞ് പൊതുബോധമായി മാറിപ്പോയതാണെന്നും, അതാണു കൃഷിമന്ത്രിയും ഏറ്റുപറയുന്നത് എന്നും വ്യക്തമാക്കാനുമാണു. ചിലർ അളവിൽ കൂടിയാലോ എന്ന വിതണ്ഡവാദവുമായി വരും. അതിപ്പൊ പച്ചവെള്ളം അളവിൽ കൂടുതൽ അമിതമായി കുടിച്ചാലും അത് മരണകാരണമാകും. എന്ന് വെച്ച് വെള്ളം കുടിക്കരുത് എന്ന് പറയാൻ പറ്റുമോ? ഈ എഴുതിയത് വായിച്ചിട്ടും തർക്കിക്കാൻ വരുന്നവരോട് ഒന്നും പറഞ്ഞിട്ട് ഫലമില്ല. 

1 comment:

  1. i am sorry to see that my earlier comment has been removed......indeed as indicated in that post, you have closed your mind to such an extent that you even refuse to listen to a point of view that is not in concurrence with what you said......you are stooping to the level of deleting such posts as if rubbing off a question is the better way than trying to answer it !

    ReplyDelete