Pages

ശ്രേഷ്ഠമലയാളം


ആഹ്ലാദിക്കൂ , അഭിമാനിക്കൂ ! മലയാളികള്‍ ഒറ്റക്കെട്ടായി പറഞ്ഞ് ആനന്ദനൃത്തം ചെയ്യുന്ന ആഹ്വാനമാണിത്. കേരളീയര്‍ ഒറ്റക്കെട്ടായി ആഹ്ലാദിക്കാനും അഭിമാനിക്കാനും കഴിയുന്ന ഇത്പോലൊരു ചരിത്രമുഹൂര്‍ത്തം ഇതിന് മുന്‍പോ ശേഷമോ ഭൂമിമലയാളത്തില്‍ സംഭവിക്കാനില്ല. അതെ മലയാളത്തിന് ശ്രേഷ്ഠപദവി ലഭിച്ചതില്‍ കേരളവും ലോകമലയാളി സമൂഹവും ഇന്ന് ആഹ്ലാദത്തിമിര്‍പ്പിലാണ്.

ഈ ആഹ്ലാദത്തിനും അഭിമാനവിജൃംഭണത്തിനും പക്ഷെ മറ്റൊരു വശം കൂടിയുണ്ട്. ശ്രേഷ്ടപദവിയൊക്കെ കൊള്ളാം പക്ഷെ ജൂണ്‍ മൂന്നിന് സ്കൂള്‍ തുറക്കുമ്പോള്‍ മക്കളെ ഇംഗ്ലീഷ് മീഡിയത്തില്‍ മാത്രമേ അയക്കാവൂ അല്ലെങ്കില്‍ അപമാനവും നാണക്കേടും ആണ് എന്നതാണ് ആ വശം. സാധാരണ കൂലിത്തൊഴിലാളി മുതല്‍ അങ്ങേത്തലയ്ക്കലെ ശ്രേഷ്ടപുംഗവന്മാരുടെ മക്കളും ചെറുമക്കളും ഒക്കെ ഇംഗ്ലീഷ് മീഡിയത്തിലെ പഠിക്കാവൂ എന്നൊരു അലിഖിതനിയമം കേരളത്തിലുണ്ട്. ശ്രേഷ്ടപദവി ലഭിച്ചതില്‍ ആഹ്ലാദിക്കുന്നവരുടെ വീടുകളില്‍ കുട്ടികള്‍ ആരും മലയാളം മീഡിയം സ്ക്കൂളില്‍ പഠിക്കാന്‍ പോവുകയില്ല.

കേരളത്തിലെ ഏതെങ്കിലും ഒരു ഇംഗ്ലീഷ് മീഡിയം സ്ക്കൂളിന്റെ പരിസരത്ത് രാവിലെയും വൈകുന്നേരവും നിങ്ങള്‍ ഒന്ന് പോയി നോക്കൂ. എന്താ ഒരു തിരക്ക്, എന്താ ഒരു ട്രാഫിക്ക് ജാം. അതേ പോലെ ഒരു മലയാളം മീഡിയം എല്‍.പി.സ്ക്കൂളില്‍ പോയി നോക്കൂ. ഒന്ന് മുതല്‍ നാല് വരെ നാലു ക്ലാസ്സിലും ചേര്‍ത്ത് ആകെ ഒരു ഇരുപത് കുട്ടികള്‍ ഉണ്ടെങ്കില്‍ ഭാഗ്യം. അവരാണ് ഈ ശ്രേഷ്ടപദവിയുടെ ഭാവിയിലെ അവകാശികള്‍. ആ കുട്ടികള്‍ പക്ഷെ ഒരു രണ്ടാതരം വിദ്യാര്‍ത്ഥികള്‍ പോലെ അപകര്‍ഷതാബോധവും പേറി തല കുനിച്ചുകൊണ്ടാണ് സ്ക്കൂളിലേക്കും തിരിച്ച് വീടുകളിലേക്കും നടന്നു പോകുന്നത്. ഇംഗ്ലീഷ് മീഡിയം സ്കൂള്‍ വാനുകളില്‍ പോയിവരുന്ന കുട്ടികളാണ് ഒന്നാംതരം വിദ്യാര്‍ത്ഥികള്‍. വീട്ടിന് പുറത്ത് നില്‍ക്കുക അപ്പോള്‍ വാന്‍ വരും. സ്ക്കൂളിലേക്ക് നടന്നുപോകുന്നതും ഇന്നൊരു നാണക്കേടാണ്.

ഇംഗ്ലീഷ് മീഡിയം സ്ക്കൂളുകളില്‍ എന്താണ് നടക്കുന്നത്? ആരാണ് അവിടെ പഠിപ്പിക്കുന്നത്? ആര്‍ക്കും അറിയില്ല. രക്ഷിതാക്കള്‍ക്ക് ഗേറ്റ് വരെ മാത്രമേ പോകാന്‍ പറ്റൂ. ഉള്ളില്‍ നടക്കുന്നത് ഒന്നും അന്വേഷിക്കാന്‍ പറ്റില്ല. വല്ലപ്പോഴും നടക്കുന്ന പി ടി എ മീറ്റിങ്ങില്‍ പൊട്ടനെ പോലെ പോയി പങ്കെടുക്കാം. പിന്നെ പ്രോഗ്രസ്സ് കാര്‍ഡ് വാങ്ങാനും പോകാം. അവിടെ പഠിപ്പിക്കുന്ന ടീച്ചര്‍മാരുടെ പ്രധാന യോഗ്യത കെട്ടിവെക്കാനുള്ള തുകയാണ്. പേരിന് ഒരു ബിരുദം ഉണ്ടായാല്‍ കൊള്ളാം. സ്ക്കൂള്‍ മുതലാളിയുടെ ബന്ധു ആണെങ്കില്‍ പ്ലസ് റ്റു തോറ്റാലും പഠിപ്പിക്കാം. ശമ്പളം കെട്ടിവെക്കുന്ന തുക നോക്കിയിട്ടായിരിക്കും. എന്തായാലും ഒരു അയ്യായിരത്തില്‍ കുറയില്ല എന്നാണ് തോന്നുന്നത്.

എന്തായാലും ഭാഷ ശ്രേഷ്ടമായി. കഠിനവൃതം നോറ്റതിന്റെ ഫലമാണ് ഈ പദവി എന്നാണ് ഒരവകപ്പെട്ട കവികളും സാംസ്ക്കാരികനായകരും ഒക്കെ അവകാശപ്പെട്ടുകാണുന്നത്. ശരി, വൃതം ഫലിച്ചല്ലോ. ഇനിയങ്ങോട്ട് നോല്‍ക്കാന്‍ വല്ല വൃതവും ഉണ്ടോ? നൂറ് കോടി പണവും പദവിയോടൊപ്പം കിട്ടും. ആ പണം ഏതാനും ശ്രേഷ്ഠപുംഗവന്മാര്‍ പുട്ടടിക്കും എന്നൊക്കെ ചില ദോഷൈകദൃക്‌കുകളും അസൂയാലുക്കളും പറയും. അതൊന്നും കണക്കിലെടുക്കണ്ട. നാട്ടിലെ മലയാളം എല്‍.പി.സ്ക്കൂളുകളില്‍ ഇനി മുതല്‍ കുട്ടികളെ കൂടുതലായി എത്തിക്കാന്‍ വേണ്ടിയാണ് ആ നൂറ് കോടി ചെലവാക്കേണ്ടത് എന്ന് ഞാന്‍ ആവശ്യപ്പെടുന്നു. കാരണം ആ കുട്ടികളാണ് ഭാവിയില്‍ മലയാളത്തിന്റെ ശ്രേഷ്ഠത കാത്തുസൂക്ഷിക്കുക. ഇന്നത്തെ ഇംഗ്ലീഷ് മീഡിയത്തിലെ ഇംഗ്ലീഷും മലയാളവും നേരാംവണ്ണം പഠിക്കാന്‍ കഴിയാത്ത കുട്ടികള്‍ അല്ല. കേരളത്തിന് യോജിച്ചത് മലയാളം മീഡിയം വിദ്യാഭ്യാസരീതിയാണ്. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ഒക്കെ ആ മിടുക്കന്മാര്‍ ആവശ്യം വരുമ്പോള് സ്വായത്തമാക്കിക്കോളും. എന്റെ രണ്ട് മക്കളെ ചൂണ്ടിക്കാട്ടിക്കൊണ്ട് എനിക്കിത് പറയാന്‍ കഴിയും.

ചെറിയാന്‍ ഫിലിപ്പിന് മറുപടി

ചെറിയാന്‍ ഫിലിപ്പ് പ്രതികരിക്കുന്നു എന്ന ഫേസ്‌ബുക്ക് പേജില്‍ അദ്ദേഹം ഇങ്ങനെ എഴുതുന്നു:

“കമ്മ്യൂണിസ്റ്റ്‌കാർ ലോകം കണ്ടു പഠിക്കണം എന്ന രാഹുലിന്റെ ഉപദേശം ബാലിശമാണ് !!-മുതലാളിത്തപ്രതിസന്ധിയാണ് ലോകം നേരിടുന്ന മുഖ്യ പ്രശ്നം -നെഹ്‌റു ആവിഷ്കരിച്ച 'ജനാധിപത്യ സോഷ്യലിസം 'എന്ന നയം കുഴിച്ചുമൂടി മുതലാളിത്തത്തിന് അടിയറവു പറയുന്ന പുതിയ നയം വിനാശകരമാണ് -രാഹുൽ കരുതുന്നത് പോലെ കമ്മ്യൂണിസം ഒരിക്കലും കാലഹരണപ്പെടുകയില്ല-മാർക്സിസം ഒരു ശാസ്ത്രമാണ് -ശാസ്തീയ സോഷ്യലിസം ആണ് കമ്മ്യൂണിസം -ഈ സിദ്ധാന്തത്തിന്റെ പ്രയോഗവൽക്കരണത്തിൽ പാളിച്ചകൾ ഉണ്ടായിരിക്കാം -എന്നാൽ ,ഇന്ത്യയെ സോഷ്യലിസത്തിലേക്ക് നയിക്കാൻ ഇടതുപക്ഷം ശക്തി പ്രാപിക്കണം -കോണ്‍ഗ്രെസിനെ പഴയ വഴിയിലേക്ക് കൊണ്ട് വരാനാണ് ആന്റണിയെ പോലുള്ളവർ ശ്രമിക്കേണ്ടത്.”

ഈ പ്രസ്താവനയ്ക്ക് എന്റെ മറുപടി:

ആളുകള്‍ സ്വന്തം നിലയില്‍ അധ്വാനിക്കുകയും വില്‍ക്കുകയും വാങ്ങുകയും സ്വകാര്യമായി സ്വത്തും സമ്പാദ്യവും ഒക്കെ കൈവശം വെക്കുകയും ചെയ്യുകയും അങ്ങനെ ക്രയവിക്രയ സൌകര്യങ്ങള്‍ ഓരോ വ്യക്തിക്കും ഉള്ള സ്വാഭാവികരീതിയാണ് ലോകമെമ്പാടും നിലവില്‍ ഉള്ളത്. ഇത് സര്‍ക്കാര്‍ നയമല്ല. മനുഷ്യന്റെ ഇടപാട് രീതിയാണ്. ഈ രീതിയിലാണ് സുഗമമായി മനുഷ്യര്‍ക്ക് ജീവിക്കാന്‍ കഴിയുന്നത്. ഈ സമ്പ്രദായത്തെ കമ്മ്യൂണിസ്റ്റുകള്‍ മുതലാളിത്തം എന്ന് പേര് വിളിക്കുകയും എന്നിട്ട് മുതലാളിത്തം പ്രതിസന്ധിയില്‍ ആണെന്ന് സദാ നിലവിളിക്കുകയും ചെയ്യുന്നുണ്ട്.  ബാര്‍ട്ടര്‍ സമ്പ്രദായത്തിന് ശേഷം മനുഷ്യന്‍ കണ്ടുപിടിച്ച നാണയക്കൈമാറ്റ വ്യവസ്ഥ ഇപ്പോഴും അഭംഗുരം തുടരുന്നു. മനുഷ്യന്‍ ഭൂമിയില്‍ ഉള്ള കാലത്തോളം തുടരുകയും ചെയ്യും. ഇങ്ങനെയുള്ള ക്രയവിക്രയ സമ്പ്രദായം നിലവിലുള്ളത്കൊണ്ട് മനുഷ്യരാശിക്ക് ഒരു പ്രതിസന്ധിയും ഇല്ല. കമ്മ്യൂണിസ്റ്റുകള്‍ പറയുന്ന ഈ പ്രതിസന്ധി ആര്‍ക്കാണ്? ലോകം മുന്നേറുന്നതാണ് നമ്മള്‍ കാണുന്നത്. ഭാവിയില്‍ കൃത്രിമോപഗ്രഹങ്ങളില്‍ കയറി ശൂന്യാകാശത്ത് സുഖവാസത്തിന് പോകാന്‍ കഴിയുമാറ് മനുഷ്യരാശി മുന്നേറുകയാണ്.

കമ്മ്യൂണിസ്റ്റുകാരുടെ പ്രശ്നം പണക്കാരും പാവങ്ങളും ഉള്ളതും ആ അസമത്വവുമാണു പോലും അവരുടെ പ്രശ്നം. അതിനെന്താണ് പോംവഴി? സോഷ്യലിസം. സോഷ്യലിസത്തില്‍ പണക്കാരും പാവങ്ങളും ഇല്ല. എല്ലാവരും ഒന്ന് പോലെയുള്ള സ്ഥിതിസമത്വം. അതിന് കമ്മ്യൂണിസ്റ്റുകാര്‍ കണ്ടുപിടിച്ച മാര്‍ഗ്ഗമാണ് സ്വകാര്യമായ സ്വത്തും സമ്പാദ്യവും എല്ലാം നിഷേധിച്ചുകൊണ്ട് സര്‍വ്വവും സര്‍ക്കാര്‍ ഉടമയില്‍ കൊണ്ടുവരിക. ആ പരീക്ഷണമാണ് 75 കൊല്ലം സോവിയറ്റ് യൂനിയനില്‍ നടത്തി നോക്കിയത്. എന്നിട്ട് വിജയിച്ചോ? മുതലാളിത്തം പ്രതിസന്ധിയിലാണെന്ന് കമ്മ്യൂണിസ്റ്റുകള്‍ കരഞ്ഞുകൊണ്ടിരിക്കെ തന്നെയാണ് സോഷ്യലിസം പ്രതിസന്ധിയില്‍ പെട്ട് ഒരിഞ്ച് മുന്നോട്ട് പോകാന്‍ കഴിയാതെ തകര്‍ന്നത്.

എന്ത്കൊണ്ട് സോഷ്യലിസം തകര്‍ന്നു? അധ്വാനിക്കുന്നതില്‍ ആര്‍ക്കും താല്പര്യമില്ല. എത്ര അധ്വാനിച്ചാലും സര്‍ക്കാര്‍ ഒരു നിശ്ചിതകൂലിയും റേഷനും തരും. ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ ആര്‍ക്കും അവസരമില്ല. വ്യക്തികള്‍ക്ക് സ്വന്തമായി ഒന്നുമില്ല. സമ്പത്തിന്റെ ഉല്പാദനപ്രക്രിയയില്‍ അന്യവല്‍ക്കരണവും മുരടിപ്പും ഏര്‍പ്പെട്ടു. അതിന്റെ കൂടെ രാഷ്ട്രീയകാരണങ്ങളും കൂടി വന്നപ്പോള്‍ സോവിയറ്റ് യൂനിയന്‍ തകര്‍ന്ന് ഛിന്നഭിന്നമായി. സോവിയറ്റ് യൂനിയന്റെ അനുഭവത്തില്‍ നിന്ന് പാഠം പഠിച്ച ചൈന സ്വകാര്യസ്വത്തവകാശം പുന:സ്ഥാപിച്ചു. കൃഷിഭൂമി കര്‍ഷകര്‍ക്ക് തിരിച്ചുനല്‍കി. സ്വകാര്യമൂലധനവും വിദേശനിക്ഷേപവും അനുവദിച്ചു. അതിന്റെ ഫലമായി ചൈന പുരോഗമിക്കുന്നു. സോഷ്യലിസത്തിന്റെ പേരില്‍ ചൈനയില്‍ എല്ലാം സര്‍ക്കാര്‍ ഉടമയില്‍ തന്നെ നിലനിന്നിരുന്നുവെങ്കില്‍ ചൈനയുടെ ഇപ്പോഴത്തെ ഗതി എന്താകുമായിരുന്നു എന്ന് സങ്കല്‍പ്പിക്കാന്‍ കൂടി കഴിയില്ല.

കമ്മ്യൂണിസ്റ്റുകള്‍ സ്വപ്നം കാണുന്ന സോഷ്യലിസം ഒരിക്കലും നടപ്പാകാത്ത ഒന്നാണ്. കമ്മ്യൂണിസ്റ്റുകള്‍ പോലും സോഷ്യലിസത്തിന് എതിരാണ്. സോവിയറ്റ് യൂനിയനില്‍ ഒരു സാദാ പാര്‍ട്ടി മെമ്പറും പോളിറ്റ്ബ്യൂറോ മെമ്പറും തമ്മിലുള്ള വ്യത്യാസം ഞാനും മുകേഷ് അംബാനിയും തമ്മിലുള്ള വ്യത്യാസം പോലെയായിരുന്നു. അപ്പോള്‍ വെറും തൊഴിലാളികളുടെ കാര്യം പറയണോ? മൂലധനവും ഭൂമിയടക്കമുള്ള പ്രത്യുല്പാദനോപാധികളും സര്‍ക്കാര്‍ ഉടമയില്‍ ആവുക എന്ന് പറഞ്ഞാല്‍ പാര്‍ട്ടിമുതലാളിത്തം ജനങ്ങളെ അടിമകള്‍ ആക്കിക്കൊണ്ട് അടിച്ചേല്‍പ്പിക്കുക എന്നതാണെന്ന് സോവിയറ്റ് യൂനിയന്റെ ചരിത്രം നമ്മെ പഠിപ്പിക്കുന്നു. ലോകത്ത് ഒരു ജനതയും ഈ സമ്പ്രദായം വെച്ചുപൊറുപ്പിക്കുകയില്ല. ഈ രീതിയല്ലാതെ മറ്റൊരു സമ്പ്രദായം ഇത് വരെയിലും ഒരു കമ്മ്യൂണിസ്റ്റുകാരനും അവതരിപ്പിച്ചിട്ടുമില്ല. എന്നിട്ടും അവശിഷ്ടകമ്മ്യൂണിസ്റ്റുകള്‍ സോഷ്യലിസം വരും എന്ന് പറയുന്നത് ഒരുമാതിരി പെന്തക്കോസ്ത് വിശ്വാസമാണ്. വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ട്. പക്ഷെ മറ്റാരും അത് മുഖവിലക്കെടുക്കുകയില്ല.

കമ്മ്യൂണിസം ഒരിക്കലും കാലഹരണപ്പെടുകയില്ല-മാർക്സിസം ഒരു ശാസ്ത്രമാണ് -ശാസ്തീയ സോഷ്യലിസം ആണ് കമ്മ്യൂണിസം -ഈ സിദ്ധാന്തത്തിന്റെ പ്രയോഗവൽക്കരണത്തിൽ പാളിച്ചകൾ ഉണ്ടായിരിക്കാം എന്ന് ഏതൊരു കമ്യൂണിസ്റ്റ് വിശ്വാസിയെ പോലെ ചെറിയാന്‍ ഫിലിപ്പും പറയുന്നു. എന്താണ് ആ ശാസ്ത്രം? പാളിച്ചകള്‍ ഇല്ലാത്ത പ്രയോഗരീതി ആര് എപ്പോള്‍ ആവിഷ്ക്കരിക്കും? അതും പാളിച്ച പറ്റാത്തത് എന്ന് ആരു ഉറപ്പ് വരുത്തും? വിപ്ലവം നടത്തി തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം സ്ഥാപിച്ച് കമ്മ്യൂണിസ്റ്റ്പാര്‍ട്ടിയുടെ ഏകകക്ഷിഭരണം നടപ്പിലാക്കി എല്ലാം സര്‍ക്കാര്‍ ഉടമയിലാക്കി ഇനിയും പാളിച്ചകള്‍ പറ്റാത്ത രീതിയില്‍ സോഷ്യലിസം നടപ്പാക്കും എന്നും അങ്ങനെ സോഷ്യലിസം ശാസ്ത്രീയസോഷ്യലിസമായി പരിണമിച്ച് ഒടുവില്‍ ഭരണകൂടം കൊഴിഞ്ഞുപോയി ശാസ്ത്രീയകമ്മ്യൂണിസം നിലവില്‍ വരും എന്ന് തന്നെയാണോ ചെറിയാന്‍ ഫിലിപ്പ് ഇപ്പോഴും വിശ്വസിക്കുന്നത്? എങ്കില്‍ ആ വിശ്വാസം ആരോടും പുറത്ത് പറയരുത്. ആളുകള്‍ ചിരിക്കും. മനുഷ്യപ്രകൃതം സോഷ്യലിസത്തിന് വിരുദ്ധമാണ്. എനിക്ക് ഇനിയും വേണം, അവനെക്കാളും അധികം വേണം എന്നേ ചെറിയാന്‍ ഫിലിപ്പ് പോലും ആഗ്രഹിക്കൂ. പിന്നെയാരാണ് സര്‍ സോഷ്യലിസം നടപ്പാക്കുക?

ഇതൊക്കെ മനസ്സിലാക്കിയിട്ടാണ് രാഹുല്‍ ഗാന്ധി പറഞ്ഞത് കമ്മ്യൂണിസം എന്ത്കൊണ്ട് പരാജയപ്പെട്ടു എന്ന് കമ്മ്യൂണിസ്റ്റുകാര്‍ സ്വയം ചിന്തിക്കണമെന്ന്. ചെറിയാന്‍ ഫിലിപ്പിന് പോലും അതിന് കഴിയുന്നില്ലെങ്കില്‍ പിണറായി സഖാവിനോ ജയരാജാദി സഖാക്കള്‍ക്കോ എങ്ങനെ കഴിയും? പഴയ വഴിയിലേക്കൊന്നും ഇനി കോണ്‍ഗ്രസ്സിന്റെ നയങ്ങളെ കൊണ്ടുപോകാന്‍ കഴിയില്ല. കാലവും ചരിത്രം മുന്നോട്ടേക്കാണ് പോവുക. ഓരോ കാലത്തിനും യോജിച്ച നയങ്ങളാണ് വേണ്ടത്. നാളെ എന്ത് നയം വേണമെന്ന് നാളത്തെ ആളുകള്‍ തീരുമാനിക്കും. ഇന്നലത്തെ നയങ്ങള്‍ അപ്പോള്‍ സ്യൂട്ടാവുകയില്ല. എക്കാലത്തേക്കും പറ്റുന്ന ഒരു നയമോ സിദ്ധാന്തമോ ആര്‍ക്കും മുന്‍‌കൂട്ടി എഴുതിവെക്കാന്‍ പറ്റില്ല. അത്കൊണ്ട് മാര്‍ക്സിസം ഒരു ശാസ്ത്രമോ മാര്‍ക്സ് ഒരു ശാസ്ത്രജ്ഞനോ അല്ല്ല. കമ്യൂണിസ്റ്റ് വിശ്വാസികള്‍ക്ക് കാള്‍ മാര്‍ക്സ് ഒരു പ്രവാചകനാവാം, മാര്‍ക്സിസം ഒരു വിശുദ്ധഗ്രന്ഥവും ..


രാഷ്ട്രീയവും നമ്മളും


നമുക്ക് രാഷ്ട്രീയത്തെയോ, രാഷ്ട്രീയത്തിന് നമ്മെയോ ഒഴിവാക്കാന്‍ കഴിയില്ല. രാജ്യം ദിനം‌പ്രതി നിലനിന്നുപോകണമെങ്കില്‍ ഇവിടെ സര്‍ക്കാരും ആ സര്‍ക്കാരിനെ നയിക്കുന്ന മന്ത്രിസഭയും മന്ത്രിസഭയെ തെരഞ്ഞെടുക്കുന്ന പാര്‍ലമെന്റും പാര്‍ലമെന്റില്‍ ജനങ്ങളെ പ്രതിനിധീകരിക്കുന്ന ജനപ്രതിനിധികളും, ജനപ്രതിനിധികളെ തെരഞ്ഞെടുത്തയക്കാന്‍ സ്ഥാനാര്‍ത്ഥികളെ വോട്ടര്‍മാരുടെ മുന്നില്‍ അണിനിരത്താന്‍ രാഷ്ട്രീയപാര്‍ട്ടികളും ഒക്കെ അനിവാര്യമാണ്. രാഷ്ട്രീ‍യം ദുഷിച്ചുപോയി, സര്‍ക്കാര്‍ അഴിമതിയില്‍ കുളിച്ചുപോയി എന്നൊക്കെ പറഞ്ഞ് ഈ സിസ്റ്റമൊന്നും നമുക്ക് ഒഴിവാക്കാന്‍ പറ്റില്ല. എന്ത് തന്നെ ദൂഷ്യങ്ങളും അഴിമതിയും ഉണ്ടായാലും പാര്‍ട്ടികളും സര്‍ക്കാരും ഇല്ലാതെ പറ്റില്ല തന്നെ. അപ്പോള്‍ നമുക്ക് ചെയ്യാനാവുക നമ്മളും ഇതിന്റെ ഭാഗമായി നിന്നുകൊണ്ട് പാര്‍ട്ടികളെ നന്നാക്കാനും അഴിമതി കുറച്ചുകൊണ്ടുവരാനും കഴിയുന്നത് പരിശ്രമിക്കുക എന്നതാണ്. അതാണ് പോസിറ്റീവ് അപ്രോച്ച്. അല്ലാതെ എല്ലാറ്റിനെയും കുറ്റം പറഞ്ഞ് ഒന്നും വേണ്ട എന്ന് പറഞ്ഞ് അരാജകത്വം പ്രചരിപ്പിക്കുകയല്ല വേണ്ടത്.

എപ്പോഴും പറയാറുള്ളത് പോലെ ഞാന്‍ ഒരു കോണ്‍ഗ്രസ്സ് അനുഭാവി തന്നെയാണ്. എത്ര ആലോചിച്ചിട്ടും കോണ്‍ഗ്രസ്സിനെ ഒഴിവാക്കിക്കൊണ്ട് ഇന്ന് ഇന്ത്യയില്‍ നിലവിലുള്ള വേറൊരു പാര്‍ട്ടിയെ സെലക്ട് ചെയ്യാന്‍ എനിക്ക് കഴിയുന്നില്ല. ഒന്നാമത്തെ കാര്യം എനിക്ക് ദേശീയ പാര്‍ട്ടി മാത്രമേ പറ്റൂ. വിശ്വപൌരത്വബോധമുള്ള എനിക്ക് ഏതെങ്കിലും മതത്തെയോ, പ്രദേശത്തെയോ, ഭാഷയെയോ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടികളെ സ്വീകരിച്ച് സങ്കുചിതമനസ്ക്കനാ‍കാന്‍ കഴിയുന്നില്ല. ശരിക്ക് പറഞ്ഞാല്‍ ഒരു ലോകഗവണ്മേന്റാണ് ഞാന്‍ ആഗ്രഹിക്കുക. അത് ഇപ്പോഴത്തെ നിലക്ക് അപ്രായോഗികമായത്കൊണ്ട് ദേശീയ ഗവണ്മേന്റുകളെ അംഗീകരിക്കുന്നു എന്ന് മാത്രം. അനന്തവിശാലമായ ഈ പ്രപഞ്ചത്തില്‍ ഭൂമിയെ ഒറ്റ യൂനിറ്റായി കാണാനാണ് എനിക്ക് ഇഷ്ടം.

അങ്ങനെ നോക്കുമ്പോള്‍ ഇന്ത്യയില്‍ ദേശീയപാര്‍ട്ടികള്‍ വളരെ കുറവാണ്. സെലക്ട് ചെയ്യാന്‍ ഓപ്‌ഷന്‍സ് വളരെ കുറവാണ് എന്ന് സാരം. ഉള്ളതില്‍ പ്രബലമായ സി.പി.എമ്മിനെ ഞാന്‍ തള്ളിക്കളയുന്നു. അതിന്റെ കാരണം എത്രയോ തവണ പറഞ്ഞതാണ്. കാലഹരണപ്പെട്ട ഒരു വരട്ടു സിദ്ധാന്തത്തിന്റെ ശാഠ്യക്കാരായ അവരുമായി എന്റെ ജനാധിപത്യരാഷ്ട്രീയം ചേര്‍ന്നു പോവുകയില്ല. പിന്നെയുള്ളത് ഭാരതീയ ജനതാപാര്‍ട്ടിയാണ്. ആ പാര്‍ട്ടിക്ക് എന്നെയും എനിക്ക് ആ പാര്‍ട്ടിയെയും വേണ്ട. കാരണം ഹിന്ദു ഐഡിയോളജിയല്ല എനിക്ക് വേണ്ടത് ഹ്യൂമനിസ്റ്റ് ഐഡിയോളജിയാണ്. ബാക്കിയുള്ളത് കോണ്‍ഗ്രസ്സ് ആണ്. മറ്റ് പാര്‍ട്ടികളുടെ ദൂഷ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ എനിക്ക് കോണ്‍ഗ്രസ്സിലെ ദൂഷ്യങ്ങള്‍ കാണാന്‍ കഴിയുന്നില്ല. അത്കൊണ്ട് മറ്റ് നല്ല പാര്‍ട്ടികള്‍ ഉള്ളതായി തോന്നാത്തകൊണ്ട് കേന്ദ്രത്തിലും കേരളസംസ്ഥാനത്തിലും കോണ്‍ഗ്രസ്സ് സര്‍ക്കാരിനെ നയിക്കണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.

കേരള യാത്രയുടെ സമാപനം കുറിച്ചുകൊണ്ട് തിരുവനന്തപുരം സെന്‍‌ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗം ഞാന്‍ മുഴുവനും ടിവിയില്‍ കൂടി കേട്ടു. രാഹുല്‍ ഗാന്ധി ഒരു ദേശീയനേതാവിന്റെ പക്വത ആര്‍ജ്ജിച്ചിരിക്കുന്നു എന്ന് എനിക്ക് ബോധ്യപ്പെട്ടു. ഇന്ത്യയില്‍ എവിടെയും സ്വീകാര്യനായ ഒരു രണ്ടാം തലമുറ നേതാവ് കോണ്‍ഗ്രസ്സിന് രാഹുല്‍ ഗാന്ധി ഉള്ളത്പോലെ മറ്റൊരു പാര്‍ട്ടിക്കും ഇല്ല എന്നത് അനിഷേധ്യമായ യാഥാര്‍ഥ്യമാണ്. ബി.ജെ.പി.യുടെ ഇപ്പോഴത്തെ അദ്ധ്യക്ഷന്‍ രാജ്‌നാഥ് സിങ്ങിന് പോലും ഒരു ദേശീയ പ്രതിച്ഛായയില്ല. മറ്റ് പാര്‍ട്ടികള്‍ ഒന്നിനും ശ്രമിക്കുന്നില്ല എന്നതാണ് ഖേദകരമായ വസ്തുത. വെറും കോണ്‍ഗ്രസ്സ് വിരോധവും അഴിമതിയും പറഞ്ഞ് എത്രകാലം പാര്‍ട്ടി നടത്താന്‍ പറ്റും?

എന്തായാലും ഭൂമിയില്‍ മനുഷ്യന്‍ ഉള്ള കാലത്തോളം സര്‍ക്കാരും രാഷ്ട്രീയവും ഉണ്ടാകും. ഇന്ത്യയില്‍ കോണ്‍ഗ്രസ്സിന് അടുത്ത നൂറ്റാണ്ടിലും പ്രസക്തിയുണ്ടാകും. മറ്റ് പാര്‍ട്ടികളുടെ ഭാവി അതാത് പാര്‍ട്ടികള്‍ തീരുമാനിക്കട്ടെ.

കര്‍ണ്ണാടക നല്‍കുന്ന പാഠം


കോണ്‍ഗ്രസ്സിനെ എങ്ങനെയും തറപറ്റിച്ച് രാജ്യം കുട്ടിച്ചോറാക്കാന്‍ ആറ്റുനോറ്റിരിക്കുന്ന ബി.ജെ.പി.ക്കാര്‍ക്കും മാര്‍ക്സിസ്റ്റുകള്‍ക്കും ഇതര കോണ്‍ഗ്രസ്സ് വിരുദ്ധര്‍ക്കും നേരെയുള്ള കാര്‍ക്കിച്ചുതുപ്പലാണ് കര്‍ണ്ണാടക തെരഞ്ഞെടുപ്പ് ഫലം. രാജ്യം എന്തായാലും തരക്കേടില്ല കോണ്‍ഗ്രസ്സ് നശിച്ചാല്‍ മതി എന്നാണല്ലൊ ഇക്കൂട്ടര്‍ സ്വപ്നം കാണുന്നത്. എന്നാല്‍ ജനങ്ങള്‍ പിന്നെയും പിന്നെയും കോണ്‍ഗ്രസ്സിന്റെ മഹത്വം മനസ്സിലാക്കുന്നു. കോണ്‍ഗ്രസ്സിനെ വിട്ടാല്‍ വേറെ ഗതിയില്ല എന്നവര്‍ തിരിച്ചറിയുന്നു.

അഴിമതിയാണല്ലോ ഇപ്പോള്‍ സകല കോണ്‍ഗ്രസ്സ് വിരുദ്ധരും കോണ്‍ഗ്രസ്സിനെതിരെ തൊടുത്തുവിടുന്ന ബ്രഹ്മാസ്ത്രം. കോണ്‍ഗ്രസ്സ് മുച്ചൂടും അഴിമതി നിറഞ്ഞതാണെന്നും, അഴിമതിക്കാരെ സംരക്ഷിക്കുന്ന ഒരേയൊരു പാര്‍ട്ടി കോണ്‍ഗ്രസ്സ് ആണെന്നും മറ്റെല്ലാ പാര്‍ട്ടികളും അഴിമതിമുക്ത പരിശുദ്ധപാര്‍ട്ടികള്‍ ആണെന്നും കോണ്‍ഗ്രസ്സ് നശിച്ചാല്‍ രാജ്യം അഴിമതിരഹിത പുണ്യഭൂമിയാകുമെന്നും ഇക്കൂട്ടര്‍ പ്രചരിപ്പിക്കുന്നു.

എടോ ബി.ജെ.പി.ക്കാരാ , മാര്‍ക്സിസ്റ്റുകാരാ അഴിമതി എന്നത് ഒരു ദേശീയപ്രശ്നമാണ്. മാത്രമല്ല അതൊരു ആഗോളപ്രതിഭാസം കൂടിയാണ്. ഏത് രാജ്യത്താടോ അഴിമതിയില്ലാത്തത്? അഴിമതി തീര്‍ത്തും ഇല്ലാതാക്കി ഒരു രാജ്യവും പൂര്‍ണ്ണ അഴിമതിവിമുക്തമാക്കാന്‍ കഴിയില്ല. എന്തെന്നാല്‍ അഴിമതി എന്നത് ഒരു മനുഷ്യവാസനയാണ്. പക്ഷെ നമുക്ക് അഴിമതി നിയന്ത്രിക്കാനും കഴിയുന്നത്ര കുറച്ചുകൊണ്ടുവരാനും കഴിയും. അതിന് എല്ലാ പാര്‍ട്ടികളും സംയുക്തമായി ശ്രമിക്കുകയാണ് വേണ്ടത്. അങ്ങനെ ശ്രമിക്കുന്നതിന് പകരം അഴിമതി മൊത്തം കോണ്‍ഗ്രസ്സിന്റെ തലയില്‍ വെച്ചുകെട്ടി രാഷ്ട്രീയലാഭത്തിന് വേണ്ടി ശ്രമിച്ചാല്‍ ഫലത്തില്‍ അഴിമതി നിര്‍ബ്ബാധം വ്യാപിക്കുകയും അത് രാഷ്ട്രീയായുധമാക്കുന്ന പാര്‍ട്ടികള്‍ക്ക് എവിടെയും എത്താനും കഴിയില്ല. ഇപ്പോള്‍ സംഭവിക്കുന്നതും അതാണ്. അഴിമതി നിയന്ത്രിക്കാന്‍ ആളില്ലാതെ സര്‍വ്വത്ര പടരുന്നു.

ആരാടോ അഴിമതി നടത്താത്തത്? ബി.ജെ.പി.ക്കാരന്‍ അഴിമതി നടത്തുന്നില്ലേ? കര്‍ണ്ണാടക തോല്‍‌വിക്ക് കാരണം അഴിമതിയല്ലേ? നിതിന്‍ ഗഡ്‌ക്കരി ബി.ജെ.പി.അദ്ധ്യക്ഷസ്ഥാനം ഒഴിയേണ്ടി വന്നത് എന്തുകൊണ്ട്? കിട്ടിയാല്‍ അഴിമതി തങ്ങള്‍ക്കും പുളിക്കുകയില്ല എന്ന് മുന്‍പ് ബംഗാരു ലക്ഷ്മണന്‍ തെളിയിച്ചതല്ലേ? ടെലികോം മന്ത്രിയായിരുന്ന പ്രമോദ് മഹാജന്‍ അഴിമതി തൊട്ടുതീണ്ടാത്ത പുണ്യാളന്‍ ആയിരുന്നോ?

മാര്‍ക്സിസ്റ്റുകാര്‍ അഴിമതി നടത്തുകയില്ലേ? ആ പാര്‍ട്ടിക്ക് ഇക്കാണുന്ന സ്വത്ത് മുഴുവന്‍ സമ്പാദിക്കാന്‍ കഴിഞ്ഞത് പാവപ്പെട്ടവരില്‍ നിന്ന് പാട്ടപ്പിരിവ് എടുത്തിട്ട് മാത്രമാണോ? ലാവലിന്‍ ഇടപാടില്‍ അഴിമതി ഇല്ലേ? മലബാര്‍ ക്യാന്‍സര്‍ സെന്ററിന് ലാവലിന്‍ കമ്പനി ക്യാനഡയില്‍ നിന്ന് പിരിച്ചു നല്‍കിയ 100 കോടി എവിടെയാ പോയത് എന്ന് ആര്‍ക്കെങ്കിലും അറിയാമോ? എല്ലാ അവന്മാരും ചാന്‍സ് കിട്ടിയാല്‍ കക്കും, അഴിമതി നടത്തും.

പറഞ്ഞുവരുന്നത് ഇതാണ്. അഴിമതി ഒരു പൊതുപ്രശ്നമാണ്. അതിനെതിരെ പൊരുതേണ്ടത് , ജാഗ്രത പാലിക്കേണ്ടത് എല്ല്ലാ പാര്‍ട്ടികളുടെയും ഉത്തരവാദിത്വമാണ്.അധികാരത്തില്‍ വരാന്‍ വേണ്ടി അഴിമതി ഒരു രാഷ്ട്രീയായുധമാക്കിയാല്‍ ഒരു പാര്‍ട്ടിയും രക്ഷപ്പെടില്ല എന്ന് മാത്രമല്ല, അഴിമതി കടിഞ്ഞാണില്ലാതെ കുതിക്കുകകയും ചെയ്യും.

കോണ്‍ഗ്രസ്സിനെ നിരന്തരം കുറ്റം പറയുന്ന പാര്‍ട്ടിക്കാര്‍ക്ക് മറ്റൊരു ബാധ്യത കൂടിയുണ്ട്. സ്വന്തം പാര്‍ട്ടിയെ നന്നാക്കി കാണിച്ചുകൊടുക്കണം. കോണ്‍ഗ്രസ്സിനെ എതിര്‍ക്കാന്‍ ചെലവാക്കുന്ന ഊര്‍ജ്ജം അവനവന്റെ പാര്‍ട്ടിയെ നന്നാക്കാന്‍ പ്രയോജനപ്പെടുത്തടോ എന്ന്. എത്ര കുറ്റം പറഞ്ഞാലും കോണ്‍ഗ്രസ്സിനേക്കാളും മെച്ചപ്പെട്ട മറ്റൊരു പാര്‍ട്ടി ഇല്ലാത്തത്കൊണ്ടല്ലേ മാര്‍ക്സിസ്റ്റുകാരാ, ബി.ജെ.പി.ക്കാരാ ആളുകള്‍ക്ക് പിന്നെയും പിന്നെയും കോണ്‍ഗ്രസ്സിന്റെ പിന്നാലെ പോകേണ്ടി വരുന്നത്? അതെന്താടോ തന്റെ പാര്‍ട്ടി നന്നാവേണ്ടേ? കോണ്‍ഗ്രസ്സ് പൊളിഞ്ഞാല്‍ മതിയോ? ഇന്ത്യയില്‍ ഇന്നും പ്രസക്തിയുള്ള ഒരേയൊരു പാര്‍ട്ടി ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സ് തന്നെയെന്നാണ് കര്‍ണ്ണാടക നല്‍കുന്ന പാഠം.

വാല്‍ക്കഷണം: എന്നാലും ഈ എക്സിസ്റ്റ് പോള്‍ എന്നത് വല്ലാത്തൊരു സംഭവം തന്നെ. എത്ര കൃത്യമായി അവര്‍ ഫലം പ്രവചിക്കുന്നു !

ചൈന കൊടി കുത്തുമ്പോള്‍ ..


ചൈനീസ് ഭടന്മാര്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ 19 കിലോമീറ്റര്‍ ഉള്ളിലേക്ക് കടന്ന് വന്ന് കൂടാരം കെട്ടി താമസം തുടങ്ങിയിട്ട് നാളുകള്‍ കുറെയായി. ഇത് ഞങ്ങളുടെ പ്രദേശമാണെന്ന്, സി.പി.എം.കാര്‍ കൊടികുത്തുന്ന ശൈലിയില്‍ അവിടെ അവര്‍ ബാനര്‍ കെട്ടിവെക്കുകയും ചെയ്തിരിക്കുന്നു. എന്നിട്ടും ഇതിനെ പറ്റി രാജ്യത്ത് ഒരു പ്രതിഷേധവും കാണുന്നില്ല. സര്‍ക്കാരും ഒന്നും മിണ്ടുന്നില്ല. ഇതെന്താ എല്ലാരും ഇങ്ങനെ? നമുക്ക് രാജ്യവും രാജ്യത്തിന് അതിര്‍ത്തിയും ഒന്നും വേണ്ടേ?

നിലവില്‍ നമ്മുടെ സര്‍ക്കാര്‍ വളരെ ദുര്‍ബ്ബലമാണു എന്നാണിത് കാണിക്കുന്നത്. സര്‍ക്കാര്‍ എന്നൊരു സംവിധാനം അവിടെ ഉണ്ട് എന്നേയുള്ളൂ. അതിനു ബലമോ ആത്മവിശ്വാസമോ ആര്‍ജ്ജവമോ ഒന്നും ഇല്ല. കുറെയായി സര്‍ക്കാരിനെ ദുര്‍ബ്ബലപ്പെടുത്താനുള്ള ശ്രമം രാജ്യത്തിനകത്ത് തന്നെ നടന്നുവരുന്നതിന്റെ പരിണിതഫലമാണിത്. സി.എ.ജി. മെനയുന്ന ഊഹക്കണക്കില്‍ നിന്നാണു തുടക്കം. അതിപ്പോള്‍ 2ജി ഇടപാട്, കല്‍ക്കരിപ്പാട അഴിമതി, സി.ബി.ഐ.കേസ്, കോടതി വിമര്‍ശനം എന്നിങ്ങനെ സര്‍ക്കാരിനെ ഒന്നും ചെയ്യാന്‍ കഴിയാത്ത വിധം വരിഞ്ഞുകെട്ടപ്പെട്ടിരിക്കുന്നു.

സര്‍ക്കാര്‍ എന്ത് ഇടപാട് നടത്തിയാലും ആരോപണവും വിവാദവും കേസും ഉണ്ടാകും എന്നത് ഉറപ്പായിക്കഴിഞ്ഞ പശ്ചാത്തലത്തില്‍ എന്തിന് വെറുതെ വേലിയില്‍ ഇരിക്കുന്ന പാമ്പിനെ എടുത്ത് കഴുത്തില്‍ അണിയണം എന്ന് ബന്ധപ്പെട്ട മന്ത്രിമാര്‍ വിചാരിച്ചാല്‍ കുറ്റം പറയാന്‍ പറ്റില്ല. നമുക്ക് പ്രതിരോധ ആവശ്യങ്ങള്‍ക്ക് വേണ്ടി നവീനമായ ആയുധങ്ങള്‍ വാങ്ങാ‍ന്‍ പോലും ഇനി കഴിയില്ല. സര്‍ക്കാര്‍ എന്തിനു തുനിഞ്ഞാലും അതൊക്കെ അഴിമതി നടത്താനും കമ്മീഷന്‍ കൈപ്പറ്റാനും വേണ്ടി മാത്രമാണെന്ന് തീര്‍ച്ചപ്പെടുത്തപ്പെട്ട സാഹചര്യുത്തില്‍ ആരാണ് ഇനി എന്തെങ്കിലും ഇടപാടിന് തുനിയുക. ഇപ്പോള്‍ ഭരണത്തില്‍ ഉള്ള കോണ്‍ഗ്രസ്സിന്റെ നേര്‍ക്കാണ് എല്ല്ലാവരും ആരോപണങ്ങളുടെ മുന തൊടുത്ത് വെച്ചിരിക്കുന്നത്. കോണ്‍ഗ്രസ്സിന്റെ ഭരണം കൊണ്ട് അഴിമതി സാര്‍വ്വത്രികമായെന്നും രാജ്യം മുടിച്ചുവെച്ചുവെന്നും ഇപ്പോള്‍ പരക്കെ കരുതപ്പടുന്നുണ്ട്.

എന്നാ‍ല്‍ കോണ്‍ഗ്രസ്സ് അടുത്ത തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട്, ബി.ജെ.പി.യുടെ നേതൃത്വത്തില്‍ എന്‍.ഡി.എ.യോ അല്ലെങ്കില്‍ മൂന്നാം മുന്നണിയോ ബദല്‍ സഖ്യമോ അധികാരത്തില്‍ വന്നാല്‍ സംഗതി എല്ലാം ക്ലീനാകുമോ? കോണ്‍ഗ്രസ്സ് മുടിച്ചുവെച്ചു എന്ന് പറയുന്ന രാജ്യത്തെ അവര്‍ പുനര്‍നിര്‍മ്മിക്കുമോ? അഴിമതി നിര്‍മ്മാര്‍ജ്ജനം ചെയ്യുമോ? കമ്മീഷന്‍ എല്ലാ ഇടപാടുകളിലും ഒഴിവാക്കുമോ? ശവപ്പെട്ടികുംഭകോണം മുതലായ പഴയ വിവാദങ്ങള്‍ നമുക്ക് വിസ്മരിക്കാം. കഴിഞ്ഞതൊക്കെ മറക്കാം. കോണ്‍ഗ്രസ്സ് ഭരണത്തിനെതിരെ ഇത്രയും വെറുപ്പ് പ്രചരിപ്പിച്ചവര്‍ അഴിമതിയും കമ്മീഷനും ഒന്നും ഇല്ലാത്ത ഒരു ക്ലീന്‍ ഇന്ത്യയെ പടുത്തുയര്‍ത്തുന്നതിനു തുടക്കം കുറിക്കുമോ?

അങ്ങനെയൊന്നും ആരും കരുതുന്നില്ല എന്നതാണു യാഥാര്‍ഥ്യം. കക്ഷിരാഷ്ട്രീയവെറുപ്പ് കൊണ്ട് വിവാ‍ദങ്ങളുടെയും ആരോപണങ്ങളുടെയും പുകമുറ സൃഷ്ടിച്ച് മനസ്സിലെ അനാവശ്യരാഷ്ട്രീയപ്പകയ്ക്ക് ശമനം കണ്ടെത്തുക എന്ന പരിമിതമായ ഉദ്ദേശ്യം മാത്രമേ ആളുകള്‍ക്കുള്ളൂ. ഒന്നിലും ഒരു മാറ്റം ആരും പ്രതീക്ഷിക്കുന്നില്ല. ബി.ജെ.പി.മുന്നണി വന്നാലും ബി.ജെ.പി.ക്കാരും ഘടകന്മാരും അല്ലാത്തവര്‍ക്ക് തുടര്‍ന്നും ആരോപണ-വിവാദങ്ങള്‍ ഉണ്ടാക്കിക്കളിക്കാം. ഇപ്പോഴത്തെ പ്രതിപക്ഷക്കാരെ പോലെ കോണ്‍ഗ്രസ്സ് പാര്‍ട്ടി നിരുത്തരവാദപരമായി വിവാദങ്ങള്‍ ഉണ്ടാക്കി സര്‍ക്കാരിനു വിലങ്ങ്തടിയാവുകയില്ല എന്ന വ്യത്യാസമേയുള്ളൂ. ബി.ജെ.പിക്കാരാണെങ്കില്‍ ആരോപണങ്ങളെയും വിവാദങ്ങളെയും ഭയന്ന് നിഷ്‌ക്രിയരായിരിക്കുകയില്ല എന്നൊരു വ്യത്യാസവും ഉണ്ട്.

എന്തായാലും രാഷ്ട്രീയവും ഭരണവും നമുക്ക് ഒരു തമാശയും വിവാദം പറഞ്ഞുകളിക്കാനുള്ള ഏര്‍പ്പാടും മാത്രമായതിനാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് പരാജയപ്പെടുന്നതാണ് നല്ലത്. ആരെങ്കിലും വരട്ടെ. കോണ്‍ഗ്രസ്സ് വീണ്ടും വരികയാണെങ്കില്‍ ഈ കളി കണ്ട് മടുത്ത നാം വെട്ടിലാവും. കളിയും കളിക്കാരും മാറട്ടെ. മാധ്യമങ്ങള്‍ക്കും വിവാദവ്യാപാരികള്‍ക്കും അപ്പോഴും ചാകര തന്നെയായിരിക്കും.

ചൈനാക്കാരുടെ അടുത്ത നീക്കം എന്തായിരിക്കുമെന്ന് നമുക്ക് ഊഹിക്കാന്‍ കഴിയില്ല. നമുക്ക് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ല. അവരായിട്ട് ഒഴിഞ്ഞ് പോയാല്‍ നല്ലത്. മെയ് 9നു നമ്മുടെ വിദേശകാര്യമന്ത്രി ചൈനയിലേക്ക് പോകുന്നുണ്ട്. മുന്‍പായിരുന്നെങ്കില്‍ അത് ഇന്ത്യന്‍ ജനതയെ മൊത്തത്തില്‍ നാണം കെടുത്തുന്ന ഏര്‍പ്പാടായിരിക്കും. ചൈനീസ് ഭടന്മാര്‍ നമ്മുടെ മണ്ണില്‍ തമ്പടിച്ചിരിക്കുമ്പോള്‍ അവരെ തുരത്തിയോടിക്കാതെ നമ്മുടെ വിദേശകാര്യമന്ത്രി ചൈനയിലേക്ക് പോവുകയോ? അതില്പരം ലജ്ജാകരം വേറെന്താണുള്ളത്. ഇപ്പോള്‍ നമുക്ക് അങ്ങനെയൊന്നുമില്ല. താന്‍ വിശ്വസിക്കുന്ന പാര്‍ട്ടി അധികാരത്തില്‍ ഇല്ലെങ്കില്‍ സര്‍ക്കാര്‍ എന്ന സംവിധാനം ഒരു കാരണവശാലും പ്രവര്‍ത്തിക്കരുത് എന്ന മനോഭാവത്തിലേക്ക് ജനങ്ങളുടെ രാഷ്ട്രീയബോധവും ജനാധിപത്യശൈലിയും പുരോഗമിച്ച സാഹചര്യത്തില്‍ നമുക്കെന്ത് ലജ്ജ. താന്‍ വിശ്വസിക്കുന്ന പാര്‍ട്ടിക്കും നേതാവിനും ഒരു പോറലും പറ്റരുത്. രാജ്യം എന്തായാലെന്ത്?

കോടതിയും സര്‍ക്കാരും


കോടതി എന്നാല്‍ സര്‍ക്കാരിനു മേലെയുള്ള ഒരു സ്ഥാപനമല്ല. കോടതിക്ക് ഭരിക്കാന്‍ അവകാശമില്ല. കോടതിക്ക് നിയമം നിര്‍മ്മിക്കാന്‍ അവകാശമില്ല. സമൂഹത്തിന്റെ സുരക്ഷയ്ക്കും സുസ്ഥിതിക്കും മനുഷ്യര്‍ നിര്‍മ്മിച്ചിരിക്കുന്ന സാമൂഹ്യസംഘടനകളില്‍ ഏറ്റവും ഉയര്‍ന്നത് സര്‍ക്കാര്‍ എന്ന സംവിധാനമാണു. ജനങ്ങളുടെ പരമാധികാരത്തിന്റെ പ്രതീകമാണു സര്‍ക്കാര്‍. കോടതി എന്നത് നീതിയുടെയും നിയമങ്ങളുടെയും കാവല്‍‌സംഘടനയാണു. സര്‍ക്കാര്‍ തന്നെയുണ്ടാക്കുന്ന നിയമങ്ങള്‍ സര്‍ക്കാര്‍ ലംഘിക്കുന്നുണ്ടോ എന്നും, സര്‍ക്കാര്‍ ഉറപ്പ് നല്‍കുന്ന നീതി സര്‍ക്കാര്‍ നിഷേധിക്കുന്നുണ്ടോ എന്നും സര്‍ക്കാര്‍ അംഗീകരിച്ച ഭരണഘടന സര്‍ക്കാര്‍ പാലിക്കുന്നുണ്ടോ എന്നും കോടതിക്ക് പരിശോധിക്കാം. അതിനപ്പുറം സര്‍ക്കാരിനു നിര്‍ദ്ദേശങ്ങളും ഉത്തരവുകളും നല്‍കാന്‍ കോടതിക്ക് അധികാരമില്ല.

സര്‍ക്കാരാണു കോടതികളെ നിലനിര്‍ത്തുന്നത്, അല്ലാതെ കോടതികള്‍ സര്‍ക്കാരിനെയല്ല. പൌരന്മാരും സര്‍ക്കാരും തെറ്റ് ചെയ്യാം എന്നത്കൊണ്ടാണു കോടതികള്‍ വേണ്ടി വരുന്നത്. അല്ലായിരുന്നെങ്കില്‍ കോടതികള്‍ വേണ്ടി വരുമായിരുന്നില്ല. കോടതികള്‍ ഒരധികാര കേന്ദ്രമല്ല. അധികാരം എന്നത് ജനങ്ങള്‍ക്ക് മാത്രമാണു. ആ അധികാരം പ്രയോഗിക്കാനും നിര്‍വ്വഹിക്കാനും ജനങ്ങള്‍ ഉണ്ടാക്കിയ സംവിധാനമാണു സര്‍ക്കാര്‍. സര്‍ക്കാരിന്റെ അധികാരങ്ങള്‍ കോടതിക്കില്ല. സര്‍ക്കാരിന്റെ അധികാരങ്ങളില്‍ കോടതി കൈകടത്തരുത്. കോടതി എന്നാല്‍ എല്ലാറ്റിനും മേലെയാണെന്ന് ആരും ധരിച്ച് പോകരുത്. സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങളില്‍ കോടതിക്ക് ഇടപെടാന്‍ അവകാശമില്ല. കോടതി എന്നാല്‍ സ്വയംഭൂവല്ല്ല. സ്വന്തമായി ഒരധികാരവും കോടതിക്ക് സിദ്ധമാകുന്നുമില്ല. ഭരണഘടന കോടതികളുടെ ചുമതലകളും അധികാരപരിധികളും നിശ്ചയിച്ചിട്ടുണ്ട്. അത് കോടതികളുടെ ലക്ഷ്മണരേഖയാണു. ഭരണഘടന സര്‍ക്കാരിനു ഭേദഗതി ചെയ്യാന്‍ കഴിയും. കോടതിക്ക് കഴിയില്ല.

സര്‍ക്കാര്‍ എന്നാല്‍ ഏതെങ്കിലും പാര്‍ട്ടികളുടേതുമല്ല. പാര്‍ട്ടിപ്രതിനിധികള്‍ ജയിച്ച് വന്ന് അവരുടെ ഒരു മന്ത്രിസഭ രൂപീകരിക്കുന്നു എന്ന് വെച്ച് സര്‍ക്കാര്‍ ആ പാര്‍ട്ടിയുടേതല്ല. മന്ത്രിസഭ വേറെ സര്‍ക്കാര്‍ വേറെ. ഉമ്മന്‍‌ചാണ്ടി സര്‍ക്കാര്‍, മന്‍‌മോഹന്‍‌സിങ്ങ് സര്‍ക്കാര്‍ എന്നൊക്കെ പറയുന്നത് തികഞ്ഞ വിവരക്കേടും പൊട്ടത്തരവും ആണു. സര്‍ക്കാര്‍ എന്നാല്‍ ഒരു തുടര്‍ച്ചയാണു. സര്‍ക്കാരില്‍ നിന്നും ആരും ഇറങ്ങിപ്പോകുന്നും ഇല്ല, കയറി ഇരിക്കുന്നുമില്ല. സര്‍ക്കാരിനെ ആര്‍ക്കും ഇല്ലാതാക്കാന്‍ കഴിയില്ല. സര്‍ക്കാര്‍ ആര്‍ക്കും സ്വന്തവും അല്ല. ജനങ്ങള്‍ പലപല പാര്‍ട്ടികളില്‍ പെട്ട് ശത്രുതയോടെ വര്‍ത്തിച്ചാലും പരസ്പരം കൊന്നാലും സര്‍ക്കാര്‍ എന്നാല്‍ മൊത്തം ജനങ്ങളുടെ സ്വന്തമാണു. എന്റെ നേതാവാണു മുഖ്യമന്ത്രി, അല്ലെങ്കില്‍ എന്റെ നേതാവാണു പ്രധാനമന്ത്രി അത്കൊണ്ട് സര്‍ക്കാര്‍ ഞങ്ങളുടേതാ‍ണു എന്നോ അല്ലെങ്കില്‍ അവന്റെ നേതാവാണു ഇപ്പറഞ്ഞ മന്ത്രിമാര്‍ അത്കൊണ്ട് സര്‍ക്കാര്‍ അവന്മാരുടേതാണു എന്നോ വിചാരിക്കുന്നത് അറിവില്ലായ്മകൊണ്ടും വിവരക്കേട് കൊണ്ടുമാണ്. സര്‍ക്കാരിനെ ആര്‍ക്കും സ്വന്തം കൊണ്ടാടാന്‍ കഴിയില്ല്ല.

ചരിത്രത്തില്‍ സര്‍ക്കാര്‍ എന്ന സംവിധാനം എന്ന് രൂപം കൊണ്ടോ അത് അന്ന് മുതല്‍ ഇന്ന് വരെ അഭംഗുരം നിലനില്‍ക്കുന്നു. സര്‍ക്കാര്‍ ഇല്ലെങ്കില്‍ സമൂഹത്തിനു നിലനില്‍ക്കാന്‍ കഴിയില്ല. സര്‍ക്കാര്‍ ഇല്ലാത്ത ഒരവസ്ഥ ഒരിക്കലും സംഭവിക്കുന്നില്ല. എന്നാല്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കാത്ത സ്ഥിതിവിശേഷം അപൂര്‍വ്വമായി ചില മണിക്കൂര്‍ നേരത്തേക്ക് ചിലപ്പോള്‍ സംഭവിച്ചേക്കാം. അപ്പോള്‍ അത്രയും സമയം അരാജകത്വമായിരിക്കും ഫലം. ഇതെങ്ങിനെ സംഭവിക്കുന്നു എന്ന് ചോദിച്ചാല്‍ വാഹനങ്ങളില്‍ ഡ്രൈവര്‍മാര്‍ പോലെയോ, കമ്പ്യൂട്ടറില്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റം പോലെയോ സര്‍ക്കാരിനെ പ്രവര്‍ത്തിപ്പിക്കാന്‍ നിയുക്തമായ മന്ത്രിസഭയോ പകരം സംവിധാനമോ വേണം. അതില്ലാത്ത ഇടവേളകളിലാണു സര്‍ക്കാര്‍ പ്രവര്‍ത്തനരഹിതമായിപ്പോവുക. അപ്പോള്‍ അരാജകത്വം അരങ്ങേറും. അപ്പോള്‍ കോടതിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. കോടതികള്‍ വെറും നോക്കുകുത്തിയാകും. സര്‍ക്കാര്‍ നിശ്ചലമാകുമ്പോള്‍ കോടതികള്‍ അപ്രസക്തമാകുന്നു എന്ന് സാരം. ഇമ്മാതിരി മുഹൂര്‍ത്തങ്ങള്‍ ചരിത്രത്തില്‍ ചിലപ്പോഴൊക്കെ സംഭവിച്ചിട്ടുണ്ട്. ഇറാക്കില്‍ സദ്ദാം ഹുസ്സൈന്‍ പിടിക്കപ്പെട്ടപ്പോള്‍ ഒരു ദിവസം അവിടെ സര്‍ക്കാര്‍ നിശ്ചലമായി. ജനങ്ങള്‍ തെരുവിലിറങ്ങി കണ്ണില്‍ കണ്ടത് കൊള്ളയടിച്ചു.

ഇത്രയും പറഞ്ഞതില്‍ നിന്ന് സര്‍ക്കാരിന്റെ പ്രാധാന്യം മനസ്സിലാകും. അതേ സമയം സര്‍ക്കാര്‍ എന്നാല്‍ സ്വന്തം നിലയില്‍ സമ്പത്ത് ഉണ്ടാക്കി പൌരന്മാരെ തീറ്റിപ്പോറ്റുന്ന രക്ഷാകര്‍തൃത്വസ്ഥാനത്തുമല്ല. ജനങ്ങളാണു അധ്വാനിച്ച് സമ്പത്ത് ഉണ്ടാക്കുന്നത്. ആ സമ്പത്തിന്റെ ഒരു ഭാഗം നികുതി എന്ന പേരില്‍ നല്‍കുന്നതാ‍ണു സര്‍ക്കാരിന്റെ വരുമാനം. ആ നികുതിപ്പണം കൊണ്ടാണു സര്‍ക്കാര്‍ അതിന്റെ ചെലവുകള്‍ നിര്‍വ്വഹിക്കുന്നത്. സര്‍ക്കാരാണു കറന്‍സിയും നാണയങ്ങളും അച്ചടിക്കുന്നതും നിര്‍മ്മിക്കുന്നതും. എന്നാല്‍ തോന്നിയപോലെ കറന്‍സികള്‍ അച്ചടിക്കാന്‍ സര്‍ക്കാരിനു കഴിയില്ല. രാജ്യത്ത് എത്രയാണോ സമ്പത്ത് ഉല്പാദിപ്പിക്കപ്പെടുന്നത് അത്രയും സമ്പത്തിന്റെ മൂല്യം പ്രതിനിധാനം ചെയ്യുന്ന അത്രയും കറന്‍സികള്‍ മാത്രമേ പ്രചാരത്തില്‍ ഉണ്ടാകാന്‍ പാടുള്ളൂ.

വാല്‍ക്കഷണം: മനുഷ്യന്റെ ചിന്തയും അറിവും വര്‍ദ്ധിച്ച് എല്ലാ പൌരന്മാര്‍ക്കും ഏറ്റവും ഉയര്‍ന്ന സാമൂഹ്യബോധം ഉണ്ടാകുന്ന കാലത്ത് സര്‍ക്കാരും പട്ടാളവും കോടതിയും വേണ്ടി വരില്ല എന്ന് കാറല്‍ മാര്‍ക്സ് നിരീക്ഷിച്ചിട്ടുണ്ട്.