Pages

കോടതിയും സര്‍ക്കാരും


കോടതി എന്നാല്‍ സര്‍ക്കാരിനു മേലെയുള്ള ഒരു സ്ഥാപനമല്ല. കോടതിക്ക് ഭരിക്കാന്‍ അവകാശമില്ല. കോടതിക്ക് നിയമം നിര്‍മ്മിക്കാന്‍ അവകാശമില്ല. സമൂഹത്തിന്റെ സുരക്ഷയ്ക്കും സുസ്ഥിതിക്കും മനുഷ്യര്‍ നിര്‍മ്മിച്ചിരിക്കുന്ന സാമൂഹ്യസംഘടനകളില്‍ ഏറ്റവും ഉയര്‍ന്നത് സര്‍ക്കാര്‍ എന്ന സംവിധാനമാണു. ജനങ്ങളുടെ പരമാധികാരത്തിന്റെ പ്രതീകമാണു സര്‍ക്കാര്‍. കോടതി എന്നത് നീതിയുടെയും നിയമങ്ങളുടെയും കാവല്‍‌സംഘടനയാണു. സര്‍ക്കാര്‍ തന്നെയുണ്ടാക്കുന്ന നിയമങ്ങള്‍ സര്‍ക്കാര്‍ ലംഘിക്കുന്നുണ്ടോ എന്നും, സര്‍ക്കാര്‍ ഉറപ്പ് നല്‍കുന്ന നീതി സര്‍ക്കാര്‍ നിഷേധിക്കുന്നുണ്ടോ എന്നും സര്‍ക്കാര്‍ അംഗീകരിച്ച ഭരണഘടന സര്‍ക്കാര്‍ പാലിക്കുന്നുണ്ടോ എന്നും കോടതിക്ക് പരിശോധിക്കാം. അതിനപ്പുറം സര്‍ക്കാരിനു നിര്‍ദ്ദേശങ്ങളും ഉത്തരവുകളും നല്‍കാന്‍ കോടതിക്ക് അധികാരമില്ല.

സര്‍ക്കാരാണു കോടതികളെ നിലനിര്‍ത്തുന്നത്, അല്ലാതെ കോടതികള്‍ സര്‍ക്കാരിനെയല്ല. പൌരന്മാരും സര്‍ക്കാരും തെറ്റ് ചെയ്യാം എന്നത്കൊണ്ടാണു കോടതികള്‍ വേണ്ടി വരുന്നത്. അല്ലായിരുന്നെങ്കില്‍ കോടതികള്‍ വേണ്ടി വരുമായിരുന്നില്ല. കോടതികള്‍ ഒരധികാര കേന്ദ്രമല്ല. അധികാരം എന്നത് ജനങ്ങള്‍ക്ക് മാത്രമാണു. ആ അധികാരം പ്രയോഗിക്കാനും നിര്‍വ്വഹിക്കാനും ജനങ്ങള്‍ ഉണ്ടാക്കിയ സംവിധാനമാണു സര്‍ക്കാര്‍. സര്‍ക്കാരിന്റെ അധികാരങ്ങള്‍ കോടതിക്കില്ല. സര്‍ക്കാരിന്റെ അധികാരങ്ങളില്‍ കോടതി കൈകടത്തരുത്. കോടതി എന്നാല്‍ എല്ലാറ്റിനും മേലെയാണെന്ന് ആരും ധരിച്ച് പോകരുത്. സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങളില്‍ കോടതിക്ക് ഇടപെടാന്‍ അവകാശമില്ല. കോടതി എന്നാല്‍ സ്വയംഭൂവല്ല്ല. സ്വന്തമായി ഒരധികാരവും കോടതിക്ക് സിദ്ധമാകുന്നുമില്ല. ഭരണഘടന കോടതികളുടെ ചുമതലകളും അധികാരപരിധികളും നിശ്ചയിച്ചിട്ടുണ്ട്. അത് കോടതികളുടെ ലക്ഷ്മണരേഖയാണു. ഭരണഘടന സര്‍ക്കാരിനു ഭേദഗതി ചെയ്യാന്‍ കഴിയും. കോടതിക്ക് കഴിയില്ല.

സര്‍ക്കാര്‍ എന്നാല്‍ ഏതെങ്കിലും പാര്‍ട്ടികളുടേതുമല്ല. പാര്‍ട്ടിപ്രതിനിധികള്‍ ജയിച്ച് വന്ന് അവരുടെ ഒരു മന്ത്രിസഭ രൂപീകരിക്കുന്നു എന്ന് വെച്ച് സര്‍ക്കാര്‍ ആ പാര്‍ട്ടിയുടേതല്ല. മന്ത്രിസഭ വേറെ സര്‍ക്കാര്‍ വേറെ. ഉമ്മന്‍‌ചാണ്ടി സര്‍ക്കാര്‍, മന്‍‌മോഹന്‍‌സിങ്ങ് സര്‍ക്കാര്‍ എന്നൊക്കെ പറയുന്നത് തികഞ്ഞ വിവരക്കേടും പൊട്ടത്തരവും ആണു. സര്‍ക്കാര്‍ എന്നാല്‍ ഒരു തുടര്‍ച്ചയാണു. സര്‍ക്കാരില്‍ നിന്നും ആരും ഇറങ്ങിപ്പോകുന്നും ഇല്ല, കയറി ഇരിക്കുന്നുമില്ല. സര്‍ക്കാരിനെ ആര്‍ക്കും ഇല്ലാതാക്കാന്‍ കഴിയില്ല. സര്‍ക്കാര്‍ ആര്‍ക്കും സ്വന്തവും അല്ല. ജനങ്ങള്‍ പലപല പാര്‍ട്ടികളില്‍ പെട്ട് ശത്രുതയോടെ വര്‍ത്തിച്ചാലും പരസ്പരം കൊന്നാലും സര്‍ക്കാര്‍ എന്നാല്‍ മൊത്തം ജനങ്ങളുടെ സ്വന്തമാണു. എന്റെ നേതാവാണു മുഖ്യമന്ത്രി, അല്ലെങ്കില്‍ എന്റെ നേതാവാണു പ്രധാനമന്ത്രി അത്കൊണ്ട് സര്‍ക്കാര്‍ ഞങ്ങളുടേതാ‍ണു എന്നോ അല്ലെങ്കില്‍ അവന്റെ നേതാവാണു ഇപ്പറഞ്ഞ മന്ത്രിമാര്‍ അത്കൊണ്ട് സര്‍ക്കാര്‍ അവന്മാരുടേതാണു എന്നോ വിചാരിക്കുന്നത് അറിവില്ലായ്മകൊണ്ടും വിവരക്കേട് കൊണ്ടുമാണ്. സര്‍ക്കാരിനെ ആര്‍ക്കും സ്വന്തം കൊണ്ടാടാന്‍ കഴിയില്ല്ല.

ചരിത്രത്തില്‍ സര്‍ക്കാര്‍ എന്ന സംവിധാനം എന്ന് രൂപം കൊണ്ടോ അത് അന്ന് മുതല്‍ ഇന്ന് വരെ അഭംഗുരം നിലനില്‍ക്കുന്നു. സര്‍ക്കാര്‍ ഇല്ലെങ്കില്‍ സമൂഹത്തിനു നിലനില്‍ക്കാന്‍ കഴിയില്ല. സര്‍ക്കാര്‍ ഇല്ലാത്ത ഒരവസ്ഥ ഒരിക്കലും സംഭവിക്കുന്നില്ല. എന്നാല്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കാത്ത സ്ഥിതിവിശേഷം അപൂര്‍വ്വമായി ചില മണിക്കൂര്‍ നേരത്തേക്ക് ചിലപ്പോള്‍ സംഭവിച്ചേക്കാം. അപ്പോള്‍ അത്രയും സമയം അരാജകത്വമായിരിക്കും ഫലം. ഇതെങ്ങിനെ സംഭവിക്കുന്നു എന്ന് ചോദിച്ചാല്‍ വാഹനങ്ങളില്‍ ഡ്രൈവര്‍മാര്‍ പോലെയോ, കമ്പ്യൂട്ടറില്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റം പോലെയോ സര്‍ക്കാരിനെ പ്രവര്‍ത്തിപ്പിക്കാന്‍ നിയുക്തമായ മന്ത്രിസഭയോ പകരം സംവിധാനമോ വേണം. അതില്ലാത്ത ഇടവേളകളിലാണു സര്‍ക്കാര്‍ പ്രവര്‍ത്തനരഹിതമായിപ്പോവുക. അപ്പോള്‍ അരാജകത്വം അരങ്ങേറും. അപ്പോള്‍ കോടതിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. കോടതികള്‍ വെറും നോക്കുകുത്തിയാകും. സര്‍ക്കാര്‍ നിശ്ചലമാകുമ്പോള്‍ കോടതികള്‍ അപ്രസക്തമാകുന്നു എന്ന് സാരം. ഇമ്മാതിരി മുഹൂര്‍ത്തങ്ങള്‍ ചരിത്രത്തില്‍ ചിലപ്പോഴൊക്കെ സംഭവിച്ചിട്ടുണ്ട്. ഇറാക്കില്‍ സദ്ദാം ഹുസ്സൈന്‍ പിടിക്കപ്പെട്ടപ്പോള്‍ ഒരു ദിവസം അവിടെ സര്‍ക്കാര്‍ നിശ്ചലമായി. ജനങ്ങള്‍ തെരുവിലിറങ്ങി കണ്ണില്‍ കണ്ടത് കൊള്ളയടിച്ചു.

ഇത്രയും പറഞ്ഞതില്‍ നിന്ന് സര്‍ക്കാരിന്റെ പ്രാധാന്യം മനസ്സിലാകും. അതേ സമയം സര്‍ക്കാര്‍ എന്നാല്‍ സ്വന്തം നിലയില്‍ സമ്പത്ത് ഉണ്ടാക്കി പൌരന്മാരെ തീറ്റിപ്പോറ്റുന്ന രക്ഷാകര്‍തൃത്വസ്ഥാനത്തുമല്ല. ജനങ്ങളാണു അധ്വാനിച്ച് സമ്പത്ത് ഉണ്ടാക്കുന്നത്. ആ സമ്പത്തിന്റെ ഒരു ഭാഗം നികുതി എന്ന പേരില്‍ നല്‍കുന്നതാ‍ണു സര്‍ക്കാരിന്റെ വരുമാനം. ആ നികുതിപ്പണം കൊണ്ടാണു സര്‍ക്കാര്‍ അതിന്റെ ചെലവുകള്‍ നിര്‍വ്വഹിക്കുന്നത്. സര്‍ക്കാരാണു കറന്‍സിയും നാണയങ്ങളും അച്ചടിക്കുന്നതും നിര്‍മ്മിക്കുന്നതും. എന്നാല്‍ തോന്നിയപോലെ കറന്‍സികള്‍ അച്ചടിക്കാന്‍ സര്‍ക്കാരിനു കഴിയില്ല. രാജ്യത്ത് എത്രയാണോ സമ്പത്ത് ഉല്പാദിപ്പിക്കപ്പെടുന്നത് അത്രയും സമ്പത്തിന്റെ മൂല്യം പ്രതിനിധാനം ചെയ്യുന്ന അത്രയും കറന്‍സികള്‍ മാത്രമേ പ്രചാരത്തില്‍ ഉണ്ടാകാന്‍ പാടുള്ളൂ.

വാല്‍ക്കഷണം: മനുഷ്യന്റെ ചിന്തയും അറിവും വര്‍ദ്ധിച്ച് എല്ലാ പൌരന്മാര്‍ക്കും ഏറ്റവും ഉയര്‍ന്ന സാമൂഹ്യബോധം ഉണ്ടാകുന്ന കാലത്ത് സര്‍ക്കാരും പട്ടാളവും കോടതിയും വേണ്ടി വരില്ല എന്ന് കാറല്‍ മാര്‍ക്സ് നിരീക്ഷിച്ചിട്ടുണ്ട്.

4 comments:

  1. താങ്കളെന്താണ് പറഞ്ഞു വരുന്നത്

    "സര്‍ക്കാര്‍ തന്നെയുണ്ടാക്കുന്ന നിയമങ്ങള്‍ "
    "സര്‍ക്കാരിനു നിര്‍ദ്ദേശങ്ങളും ഉത്തരവുകളും നല്‍കാന്‍ കോടതിക്ക് അധികാരമില്ല."
    "സര്‍ക്കാരാണു കോടതികളെ നിലനിര്‍ത്തുന്നത്"
    "ഭരണഘടന സര്‍ക്കാരിനു ഭേദഗതി ചെയ്യാന്‍ കഴിയും"

    പ്രായം കൂടി വരുമ്പോള്‍ കൊച്ചുകുട്ടികളെ പോലെ ആവും എന്ന് കേട്ടിട്ടുണ്ട് - എന്നാലും ഇത്രയ്ക്കു ബാലിശമാവാമോ !!!

    നമ്മുടെ നാട്ടില്‍ നിലവിലുള്ള ജനാധിപത്യ വ്യവസ്ഥയില്‍ ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന അംഗങ്ങള്‍ അടങ്ങിയ നിയമനിര്‍മാണ സഭയും ആ സഭയിലെ ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണയുടെ അടിസ്ഥാനത്തില്‍ ഭരണം നടത്തുന്ന സര്‍ക്കാരും ഭരണഘടനക്ക് അനുസൃതമായ നിയമപരിപാലനതിനു വേണ്ടി നിലകൊള്ളുന്ന കോടതികളും പരസ്പരപൂരകങ്ങളാണ് - ഓരോരോ സാഹചര്യങ്ങളില്‍ ഇവയില്‍ ഓരോന്നിനും മറ്റൊന്നിനു മേല്‍ അധികാരം ഉണ്ടാവുന്ന തരത്തിലുള്ള checks and balance ആണ് നമ്മുടെ ഭരണഘടന വിഭാവനം ചെയ്തിരിക്കുന്നത് . അതിന്റെ ഉദ്ദേശം തന്നെ ഇവയില്‍ ഏതെങ്കിലും ഒന്ന് നിയമവിരുദ്ധമായ പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടാല്‍ അത് തിരുത്തുവാനുള്ള സംവിധാനം നമ്മുടെ നിയമവ്യവസ്ഥയില്‍ കൂടെ തന്നെ സാധ്യമാക്കുക എന്നതാണ് . സര്‍കാരിന് ഭരണഘടന ഭേദഗതി ചെയ്യാനുള്ള അവകാശം ഒന്നും ഇല്ല - നിയമനിര്‍മാണ സഭക്ക് തന്നെ മൂന്നില്‍ രണ്ടു ഭൂരിപക്ഷം ഉണ്ടെകില്‍ മാത്രമേ ഭരണഘടന ഭേദഗതി ചെയ്യാന്‍ കഴിയൂ - എന്നിരിക്കിലും അത്തരം ഭേദഗതികള്‍ ഭരണഘടനയുടെ അടിസ്ഥാന ചട്ടക്കൂടിനെ ബാധിക്കുന്നു എന്ന് കണ്ടാല്‍ അവ റദ്ദാക്കാനുള്ള അധികാരം സുപ്രീം കോടതിക്കുന്ടു ( കേശവാനന്ദ ഭാരതി കേസിലെ വിധി ഓര്‍മിക്കുക )

    ഒരുപക്ഷെ ഇപ്പോള്‍ താങ്കളെ ചൊടിപ്പിച്ചത് അഴിമതിയാരോപണം നേരിടുന്ന സര്ക്കാര് കോടതി നിയോഗിച്ച അന്വേഷണ agency യുടെ നിഗമനങ്ങള്‍ മാറ്റിമറിക്കാനായി അനാവശ്യ ഇടപെടലുകള്‍ നടത്തിയതിനു കോടതി യുടെ വിമര്ശനം ഏറ്റുവാങ്ങിയ പശ്ചാത്തലതിലാവും... പാര്‍ലിമെന്റിലെ ഭൂരിപക്ഷം നിലനിര്തുന്നതിനു വേണ്ടി മുലയതിന്റെയും മായവതിയുടെ യും മേലുള്ള അഴിമതികെസുകള്‍ സൗകര്യം പോലെ ചൂടാക്കുവാനും തണുപ്പിക്കുവാനുമൊക്കെ യഥേഷ്ടം ഉപയോഗപ്പെടുത്തുന്ന CBI യെ , സ്വന്തം അഴിമതികേസുകള്‍ വെള്ളപൂശാനും ഉപയോഗപ്പെടുത്തുവാനുള്ള സര്ക്കാരിന്റെ അവകാശത്തില്‍ കോടതികള്‍ കൈകടത്തുന്നത് ഭയങ്കരമായ തെറ്റുതന്നെ .... എന്നൊക്കെ പറയാനുള്ള താങ്കളുടെ ആഗ്രഹം ഈ പോസ്റ്റില്‍ നിറഞ്ഞു നില്കുന്നു

    ReplyDelete
  2. കോടതി ഞങ്ങടെ കാങ്കിരസ് സര്‍ക്കാറിനെ പരിക്കാന്‍ സമ്മതിക്കില്ലെന്നേ...

    എന്നാത്തിനാ ഈ കോടതീം കോപ്പുമൊക്കെ.

    ReplyDelete
  3. ഇതാണ് പ്രശ്നം . പത്രക്കാർ പ്രചരിപ്പിക്കുന്നതിൽ നിന്ന് വ്യതസ്തമായ കാഴ്ച്ചപ്പാട് കൊണ്ഗ്രെസ്സ് അനുഭാവിയുടെ. ബാക്കിയുള്ളവർ പുണ്യവാളൻ. കോടതി നിയമ വശങ്ങളെ കുറിച്ച് മാത്രം പറയുക എന്നതാണ് ശരി. സര്കാരിനു അതിനെ പ്രതിനിധീകരിക്കുന്ന എന്തിനെയും , സിബിഐ സര്കാരിന്റെ അന്വേഷണ വിഭാഗം ആയി തുടരുംപോൾ അതിന്റെ റിപ്പോര്ട്ട് പരിശോധിക്കാൻ അധികാരം ഉണ്ട് .

    പിന്നെ കോടതി എന്തെങ്കിലും പറഞ്ഞാൽ അത് വിമര്ശനം ആവണം എന്നില്ല. പലപ്പോഴും കൂടുതൽ വിവരം ലഭിക്കുവാൻ വേണ്ടി ചോദ്യം ചെയ്തെന്നിരിക്കും. അത് കാരണം അവസാനത്തെ വിധി വരെ കാത്തിരിക്കുകയാണ് ബുദ്ധി.

    ReplyDelete
  4. സമൂഹത്തിന്റെ സുരക്ഷയ്ക്കും
    സുസ്ഥിതിക്കും മനുഷ്യര്‍ നിര്‍മ്മിച്ചിരിക്കുന്ന സാമൂഹ്യസംഘടനകളില്‍ ഏറ്റവും ഉയര്‍ന്നത് സര്‍ക്കാര്‍ എന്ന സംവിധാനമാണ്..
    ജനങ്ങളുടെ പരമാധികാരത്തിന്റെ
    പ്രതീകമാണ് സര്‍ക്കാര്‍.
    കോടതി എന്നത് നീതിയുടെയും
    നിയമങ്ങളുടെയും കാവല്‍‌സംഘടനയാണു.

    ReplyDelete