ഇത് എന്റെ കഴിഞ്ഞ പോസ്റ്റിന്റെ ഒരു അനുബന്ധമാണ്. അതും കൂടി വായിച്ചാലേ വായന പൂര്‍ണ്ണമാകൂ...
ലോകത്തില്‍ നിലവിലുള്ള ഭരണസമ്പ്രദായങ്ങളില്‍ ഏറ്റവും ആധുനികവും നീതിയുക്തവും ആയത് പാര്‍ലമെന്ററി ജനാധിപത്യ സമ്പ്രദായമാണെന്ന് പറയേണ്ടതില്ലല്ലൊ. പാര്‍ലമെന്ററി ഡെമോക്രസി എന്ന് പറയുമ്പോള്‍ കുറഞ്ഞ പക്ഷം രണ്ട് പാര്‍ട്ടികളെങ്കിലും ഉണ്ടെങ്കില്‍ മാത്രമേ ആ സിസ്റ്റം വര്‍ക്ക് ചെയ്യൂ എന്നും നമുക്ക് അറിയാം. ഒരു പാര്‍ട്ടിക്ക് മാത്രം ഏകപക്ഷീയമായി ഭരണക്കുത്തക ഉണ്ടാവുക എന്ന സമ്പ്രദായം പാര്‍ലമെന്ററി ഡെമോക്രസി അല്ല താനും.
കമ്മ്യൂണിസ്റ്റുകാര്‍ തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം എന്ന പേരില്‍ നടപ്പാക്കിയ ഏകപാര്‍ട്ടി കുത്തക ഭരണം കാറല്‍ മാര്‍ക്സിസിന്റെ സിദ്ധാന്തം അനുസരിച്ചല്ല. അത് ലെനിന്റെ കണ്ടുപിടുത്തമാണ്. മാര്‍ക്സിസവുമായി ലെനിന്റെ ഈ തീയറിക്ക് ഒരു ബന്ധവുമില്ല എന്ന് മാര്‍ക്സിയന്‍ രീതിയില്‍ ചിന്തിച്ചാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ. മാര്‍ക്സിസത്തിന് ലെനിന്റേതായ കൂട്ടിച്ചേര്‍ക്കലുകള്‍ പാടില്ലാത്തതാണ്. മാര്‍ക്സ് തൊഴിലാളി വര്‍ഗ്ഗത്തെ സമഗ്രമായാണ് കണ്ടത്. തൊഴിലാളി വര്‍ഗ്ഗത്തിന്റെ ഭരണകൂടമാണ് മാര്‍ക്സ് വിഭാവനം ചെയ്തത്. ലെനിന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ തൊഴിലാളി വര്‍ഗ്ഗത്തിന്റെ പാര്‍ട്ടിയാണെന്ന് പറഞ്ഞ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സര്‍വ്വാധിപത്യം സ്ഥാപിക്കുകയാണ് ചെയ്തത്. ലെനിന്‍ അങ്ങനെ പറഞ്ഞാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തൊഴിലാളി വര്‍ഗ്ഗത്തിന്റെ പാര്‍ട്ടിയാവുമോ? അതെങ്ങനെയാണ് ആവുക, തൊഴിലാളി വര്‍ഗ്ഗത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ആളാണോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മെമ്പര്‍ ആകുന്നത്?
അങ്ങനെ സ്വയം പ്രഖ്യാപിച്ചാല്‍ ഒരു പാര്‍ട്ടി ഒരു വര്‍ഗ്ഗത്തിന്റെ പാര്‍ട്ടിയാവുകയില്ല. സംഭവിച്ചത് ഒരു പാര്‍ട്ടിയും ഭരണവും തൊഴിലാളികളുടെ മേല്‍ ഇല്ലാത്ത അധികാരം സ്ഥാപിക്കുകയായിരുന്നു. അതിന് മാര്‍ക്സിയന്‍ ചിന്തയുമായി യാതൊരു ബന്ധവുമില്ല. ലോകത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ലെനിന്റെയും കൂടി തീയറി സ്വീകരിച്ചപ്പോള്‍ യഥാര്‍ഥത്തില്‍ മാര്‍ക്സിസിന്റെ സിദ്ധാന്തം നിരാകരിക്കുകയായിരുന്നു. മാത്രമല്ല, റഷ്യയില്‍ വിപ്ലവം നടക്കുമ്പോള്‍ അവിടെ തൊഴിലാളി വര്‍ഗ്ഗം ഉണ്ടായിരുന്നോ? ഫ്യൂഡലിസം തകര്‍ന്ന് മുതലാളിത്തം വികസിച്ചാലാണ് തൊഴിലാളികള്‍ ഒരു വര്‍ഗ്ഗമായി പരിണമിക്കുക എന്നല്ലേ മാര്‍ക്സിന്റെ കാഴ്ചപ്പാട്. റഷ്യയില്‍ വിപ്ലവം നടക്കുമ്പോള്‍ അവിടെ ഫ്യൂഡലിസ്റ്റ് സാമൂഹ്യവ്യവസ്ഥിതിയായിരുന്നു. അപ്പോള്‍ ആരാണ് വിപ്ലവം നടത്തിയത്? ലെനിന്റെ കിങ്കരന്മാര്‍. മറ്റാരാണ്?
അത് ഒരു സാമൂഹ്യവിപ്ലവമായിരുന്നില്ല. മറിച്ച് അധികാരം കൈപ്പറ്റലായിരുന്നു. അന്ന് ഏതൊരു സംഘടിത ശക്തിക്കും അധികാരം കൈപ്പറ്റാന്‍ കഴിയുമാറ് സാര്‍ ഭരണകൂടം ദുര്‍ബ്ബലമായിരുന്നു. എന്നിട്ടാണ് തൊഴിലാളി വര്‍ഗ്ഗത്തിന്റെ എന്നു പറഞ്ഞ് ഒരു സര്‍വ്വാധിപത്യം അവിടെ സംസ്ഥാപിതമാകുന്നത്. ഫലത്തില്‍ ഒരു പാര്‍ട്ടിയുടെ സര്‍വ്വാധിപത്യം എന്നതില്‍ കവിഞ്ഞ് കാറല്‍ മാര്‍ക്സ് ഉദ്ദേശിച്ച പോലെ ഒരു സാമൂഹ്യപരിവര്‍ത്തനത്തിലൂടെ സംഭവിച്ച സ്വാഭാവിക മാറ്റം ആയിരുന്നില്ല. കാറല്‍ മാര്‍ക്സിന്റെ കാലത്ത് തന്നെ മുതലാളിത്തത്തിലേക്ക് പ്രവേശിച്ച യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇപ്പറഞ്ഞ സാമൂഹ്യവിപ്ലവം നടന്നുമില്ല.
ഇന്നാണെങ്കില്‍ ഒരു വര്‍ഗ്ഗമെന്ന നിലയില്‍ തൊഴിലാളികള്‍ ലോകത്ത് എവിടെയുമില്ല. അത്പോലെ തന്നെ മറ്റൊരു വര്‍ഗ്ഗമെന്ന നിലയില്‍ മുതലാളികളുമില്ല. സ്വകാര്യമൂലധനമല്ല മറിച്ച് ഓഹരി മൂലധനമാണ് ഇന്ന് വ്യവസായങ്ങള്‍ നടത്തുന്നത്. പറഞ്ഞ് വന്നത് ഒരു ചിന്താപദ്ധതി എന്നതിനപ്പുറം മാര്‍ക്സിസം ഒരു ഘട്ടത്തിലും പ്രയോഗത്തിന്റെ തലത്തിലേക്ക് വന്നിട്ടേയില്ല. ഇനി വരാനും പോകുന്നില്ല. എന്നാല്‍ വിവിധങ്ങളായ ദര്‍ശനങ്ങളും ചിന്തകളും ആശയങ്ങളും മനുഷ്യരാശിക്ക് ആവശ്യമാണ്. ഇല്ല്ലെങ്കില്‍ ചിന്ത എന്ന പ്രോസസ്സിങ്ങ് നടക്കാതെയായിപ്പോകും. തെറ്റും ശരിയും വിവേചിച്ചറിയാനും വിവിധങ്ങളും വിരുദ്ധങ്ങളുമായ ചിന്താപദ്ധതികള്‍ നല്ലതാണ്, മുതല്‍ക്കൂട്ടാണ്. ആ ഒരു പ്രസക്തി തീര്‍ച്ചയായും മാര്‍ക്സിസത്തിനുണ്ട്. അതേ സമയം തങ്ങള്‍ മാര്‍ക്സിസത്തിന്റെ മൊത്തവിതരണക്കാരാണെന്ന് ഏത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പറഞ്ഞാലും അത് അസംബന്ധമായിരിക്കും.
ഈ ഒരു നിലപാട് തറയില്‍ നിന്നാണ് ഞാന്‍ സി.പി.ഐ.യെയും സി.പി.എമ്മിനെയും നോക്കി കാണുന്നത്. അവര്‍ എന്ത് വിചാരിച്ചാലും മോഹിച്ചാലും അവരെക്കൊണ്ട് വിപ്ലവം നടത്താനോ സോഷ്യലിസം സ്ഥാപിക്കാനോ കഴിയില്ല. ഇവിടെ, സോഷ്യലിസം എന്നതിനും മാര്‍ക്സ് വിഭാവനം ചെയ്തതും ലെനിന്‍ നടപ്പാക്കിയതും തമ്മില്‍ കടലും കടലാടിയും പോലുള്ള വൈരുദ്ധ്യമുണ്ട്. എല്ലാ സമ്പത്തും സമൂഹത്തിന്റെ ഉടമസ്ഥതയില്‍ ആവുക എന്നാണ് മാര്‍ക്സ് ഉദ്ദേശിച്ചത്. ലെനിന്‍ ചെയ്തതോ? എല്ലാം സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ കൊണ്ടുവന്നു. സര്‍ക്കാരിന്റെ ഉടമസ്ഥത എങ്ങനെയാണ് സമൂഹത്തിന്റെ ഉടമസ്ഥതയാവുക?
സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ ആയാല്‍ സമൂഹത്തിന്റെ ഉടമസ്ഥതയില്‍ ആയി എന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പറഞ്ഞാല്‍ ആയോ? പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും ഉദ്യോഗസ്ഥന്മാര്‍ പറയുന്നത് അനുസരിക്കുക എന്ന വ്യവസ്ഥിതി എങ്ങനെ മാര്‍ക്സ് വിഭാവനം ചെയ്ത സോഷ്യലിസമാകും? ജനങ്ങള്‍ക്ക് എന്ത് പങ്കാളിത്തമാണ് അതില്‍ ഉള്ളത്. ഭരണകൂടം കൊഴിഞ്ഞുപോകേണ്ടതായ ഒരു സാമൂഹ്യവികാസത്തിലേക്ക് നടന്നടുക്കാനുള്ള എന്ത് ബുദ്ധിപരമായ വളര്‍ച്ചയാണ് പാര്‍ട്ടിക്ക് വിധേയരായി ജീവിക്കുന്ന ജനങ്ങള്‍ക്ക് ഉണ്ടാവുക? മാര്‍ക്സിനെ പോലെ മഹാനായ ഒരു ദാര്‍ശനികന് ഇങ്ങനെ ചെറുതായി ചിന്തിക്കാന്‍ കഴിയുമായിരുന്നോ?
അത്കൊണ്ട്, യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കി നല്ലൊരു ജനാധിപത്യപാര്‍ട്ടിയായി ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ക്ക് രൂപാന്തരം വന്നുകൂടായ്കയില്ല എന്ന് ഞാന്‍ വെറുതെ കരുതുന്നു. അങ്ങനെ കരുതാമല്ലൊ. അങ്ങനെ ജനാധിപത്യപാര്‍ട്ടിയായി മാറിയാല്‍ സമൂഹത്തോട് പ്രതിബദ്ധതയുള്ള കുറേ പ്രവര്‍ത്തകരെ രാജ്യത്തിന് ലഭിക്കും എന്നും ഞാന്‍ കരുതുന്നു. ആ ഒരു സാധ്യതയാണ് ഞാന്‍ സി.പി.ഐ.യില്‍ കാണുന്നത്. സി.പി.എം. ഒരു ബിസിനസ്സ് പാര്‍ട്ടിയായി മാറിപ്പോയി. അതിനിനി മാറാന്‍ കഴിയില്ല. പാര്‍ട്ടി സംരംഭങ്ങളില്‍ ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് തൊഴിലാളികളും കോടികളുടെ വാര്‍ഷിക വരുമാനവും ഇനിയും പുരോഗമിക്കാനുള്ള സാധ്യതയും കണക്കിലെടുത്താണ് ഇത് പറയുന്നത്. സി.പി.ഐ. ശരിയായ ട്രാക്കില്‍ വന്നാല്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് ലാഭവിഹിതം കിട്ടാത്ത അണികള്‍ സി.പി.ഐ.യിലേക്ക് വന്നുകൂട എന്നില്ല. കോണ്‍ഗ്രസ്സുകാരോ ബി.ജെ.പി.ക്കാരോ ആയ വ്യക്തികള്‍ സ്വകാര്യ ബിസിനസ്സ് നടത്തുന്നത് പോലെയല്ല ഒരു രാഷ്ട്രീയപാര്‍ട്ടി ബിസിനസ്സ് സ്ഥാപനമായി മാറുന്നത്.
പുരോഗനക്കാര്‍ എന്നു പറയുന്നവരും ഇടത് എന്ന് സ്വയം വിശേഷിപ്പിക്കുന്നവരും പറയുന്ന കോണ്‍ഗ്രസ്സ് വിരോധവും കോണ്‍ഗ്രസ്സാണ് എല്ല്ലാ തിന്മകള്‍ക്കും കാരണം എന്നുള്ള വാദവുമൊക്കെ കക്ഷിരാഷ്ട്രീയപരമായി പ്രചരിപ്പിക്കുന്ന നുണകളാണ്. ഒരു ഘട്ടത്തില്‍ ബി.ജെ.പി. ഒറ്റയ്ക്ക് അധികാരം കരസ്ഥമാക്കുമാറ് വളരുന്നുണ്ട് എന്നൊരു പ്രതീതി ഉടലെടുത്തപ്പോള്‍ ഇപ്പറഞ്ഞ പുരോഗമനക്കാരും ഇടത്കാരും എല്ലാം കോണ്‍ഗ്രസ്സിനെ ന്യായീകരിക്കാന്‍ തുനിഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസ്സ് ശക്തമായിരുന്ന ഘട്ടത്തില്‍ കോണ്‍ഗ്രസ്സിനെതിരെ ബി.ജെ.പി.യെയും മറ്റെല്ലാ കോണ്‍ഗ്രസ്സിതര പാര്‍ട്ടികളെയും കൂട്ടി ഒരു മഹാസഖ്യം ഇ.എം.എസ്സിന്റെയും എന്‍.ടി.രാമറാവുവിന്റെയും നേതൃത്വത്തില്‍ ഹൈദരാബാദില്‍ സംഘടിച്ചിരുന്നു. ഇപ്പോള്‍ ബി.ജെ.പി.യും കോണ്‍ഗ്രസ്സും ഏകദേശം സമാസമം എന്ന് വന്നപ്പോള്‍ രണ്ടിനെയും വര്‍ജ്ജിക്കണം എന്ന് പറയുന്നു. ഇതിലൊക്കെ അത്രയേയുള്ളൂ. കക്ഷിരാഷ്ട്രീയക്കണക്കുകളാണ് ഇത്തരം അനുകൂല-പ്രതികൂല നിലപാടുകളെ സൃഷ്ടിക്കുന്നത്.
ഇടത് മുന്നണിയില്‍ നില്‍ക്കുന്നു എന്ന് വെച്ച് സി.പി.ഐ.യുടെ വളര്‍ച്ച ഒരിക്കലും സി.പി.എം. ആഗ്രഹിക്കുകയില്ല. രണ്ടും ഒരേ ആശയക്കാരല്ലെ എന്ന വാദം വെറുതെ. അങ്ങനെയെങ്കില്‍ ലയിച്ച് ഒറ്റ പാര്‍ട്ടിയാവുകയല്ലേ വേണ്ടത്? എന്തിനാണ് രണ്ടായി നില്‍ക്കുന്നത്. ലക്ഷ്യവും ആശയവും ഒന്നാണെങ്കില്‍? മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ അപേക്ഷിച്ച് സി.പി.ഐ. നിരുപദ്രവമാണ് എന്നൊരു മേന്മ ഞാന്‍ സി.പി.ഐ.യില്‍ കാണുന്നുണ്ട്. സി.പി.എമ്മിന്റെ ശൈലിയും പെരുമാറ്റവും രീതിയും എല്ലാം മാര്‍ക്സിസ്റ്റുകാര്‍ക്ക് മാത്രമേ രസിക്കൂ എന്നൊരു അവസ്ഥയുണ്ട്. അത്കൊണ്ടാണ് മാര്‍ക്സിസ്റ്റുകാര്‍ അല്ലാത്ത എല്ലാവരും തീവ്ര മാര്‍ക്സിസ്റ്റ് വിരുദ്ധര്‍ ആകുന്നത്.
എന്തായാലും കോണ്‍ഗ്രസ്സിന്റെ ഒപ്പം കൂടിയാല്‍ സി.പി.ഐ.ക്ക് വ്യക്തിത്വമുള്ള ഒരു രാഷ്ട്രീയപാര്‍ട്ടിയായി ഭാവിയില്‍ വളരാനുള്ള സാധ്യത കണ്ടത്കൊണ്ട് ഞാന്‍ പറഞ്ഞെന്നേയുള്ളൂ. എന്തായാലും ഇടത് ഐക്യം എന്നൊക്കെ പറഞ്ഞിട്ട്, ഞാന്‍ നേരത്തെ പറഞ്ഞ പോലെ കുറെ പ്രസ്താവനകള്‍ ഇറക്കാം എന്നല്ലാതെ അതിനപ്പുറം ഒന്നും സംഭവിക്കാനില്ല.
സി.പി.എമ്മിനെ കുത്താന്‍ സുകുമാരേട്ടന്‍ വല്ലാതെ മഞ്ഞും മഴയുമൊക്കെ കൊള്ളുന്നുണ്ട്. ജലദോഷവും പനിയുമോന്നും വരാതെ നോക്കണേ!
ReplyDeleteഓ ഇനിയിപ്പോ ജലദോഷവും പനിയുമൊക്കെ വന്നിട്ട് എന്താവാനാ ഫിയോനിക്സ്, ഇപ്പോള്‍ എനിക്ക് ലഭ്യമായ കാലം ഒരു ബോണസ്സായിട്ടാണ് ഞാന്‍ കാണുന്നത് :)
Deleteസുകുമരേട്ടന്‍ അത്രക്ക് കടന്നു ചിന്തിക്കണോ? ഒന്നുമില്ലെങ്കിലും നമ്മള്‍ക്ക് ഇടക്കൊക്കെ ഈ ബൂലോഗത്ത് കണ്ടുമുട്ടേണ്ടതല്ലേ? ചേട്ടന്‍ ആരോഗ്യത്തോടെ ജീവിതകാലം കഴിച്ചുകൂട്ടട്ടെ എന്നാശംസിക്കാനേ ഞാന്‍ ആഗ്രഹിക്കുന്നുള്ളൂ.
Deleteപ്രീയപെട്ട സുകുമാരേട്ടാ ,
ReplyDeleteജനങ്ങളുടെ പക്ഷത് നിന്ന് കൊണ്ട് സി പി എമ്മിനെ കുറിച്ച് ഈ അര്‍ത്ഥ പൂര്‍ണമായ ചര്‍ച്ചയ്ക്കു അവസരം ഒരുക്കിയതിനു നന്ദി.
ബംഗാളിലെ പരാജയത്തിനു ശേഷം, പ്രകാശ് കാരാട്ട് പാര്‍ട്ടി നേതാക്കള്‍ കൂടുതല്‍ ജനാധിപത്യപരമായും വിനയത്തോടെയും ജനങ്ങളോട് പെരുമാറണം എന്നൊക്കെ പാര്‍ട്ടി രേഖകള്‍ പുറത്തിറക്കുമ്പോള്‍ , ഞാന്‍ ആലോചികാറുണ്ട് നമ്മുടെ പാര്‍ട്ടി ഗ്രാമങ്ങളിലെ "മാടമ്പി" നേതാക്കള്‍ക്ക് എന്നെങ്കിലും ഇതിന്റെയൊക്കെ അര്‍ഥം, ("ജനാധിപത്യം" എന്ന വാക്കിന്റെ അര്‍ഥം) മനസ്സിലാകുമോ എന്ന് . നമ്മുടെ "മാടമ്പി" നേതാക്കള്‍ക്ക് മാത്രമല്ല, പിണറായി വിജയന്‍ മുതല്‍ ഇന്ന് കേരളത്തിലെ സി പി എം നേതാക്കളില്‍ 90 % മാനത്തിനും ഈ വാക്ക്കളുടെ അര്‍ഥം മനസ്സിലാക്കുവാനോ , അത് ആത്മാര്‍ത്ഥമായി പ്രവര്തികം ആക്കുവാനോ കഴിവില്ല എന്നതാണ്
യാദാര്‍ത്ഥ്യം.
സി.പി.എമ്മിന്റെ ശൈലിയും പെരുമാറ്റവും രീതിയും എല്ലാം മാര്‍ക്സിസ്റ്റുകാര്‍ക്ക് മാത്രമേ രസിക്കൂ എന്നൊരു അവസ്ഥയുണ്ട്.
ReplyDeleteഈ ശൈലി മാറ്റിയാല്‍ അവര്‍ക്ക് നന്ന്
മാര്‍ക്സിസത്തിന് ലെനിന്റേതായ കൂട്ടിച്ചേര്‍ക്കലുകള്‍ പാടില്ലാത്തതാണ് എന്ന അഭിപ്രായത്തോട് യോജിക്കുന്നില്ല.കാലാനുസൃതമായും സ്ഥലകാല സാഹചര്യങ്ങൾക്കനുസരിച്ചും മാർക്സിസത്തിന്റെ അന്തസത്തയ്ക്ക് കോട്ടം തട്ടാതെ ആർക്കും അതിൽ കൂട്ടിച്ചേരലുകളൊക്കെ വരുത്താം.വരുത്തിയിട്ടുമുണ്ട്. മാർക്സിസവും മാറ്റത്തിനതീതമല്ല. മതങ്ങളെ പോലെ ദുശാഠ്യം അതിനില്ല. മതങ്ങൾ അവയിൽ മാറ്റം വരുത്താൻ അനുവദിക്കില്ല. എന്നാൽ ഏകകക്ഷി സർവ്വാധിപത്യം പാർളമെന്ററി ജനാധിപത്യത്തിൽ നടക്കില്ല. പിന്നെന്തിന് ഭയം? എന്നു മാത്രമല്ല പ്രത്യേകിച്ച് ഇന്ത്യയിൽ ഏക കക്ഷി സമ്പ്രദായം, ആർക്കും കൊണ്ടുവരാനാകുമെന്ന് തോന്നുന്നില്ല.രാഷ്ട്രീയകക്ഷികളുടെ നയപരിപാടികളിലും രൂപഭാവങ്ങളിലും മാറ്റങ്ങൾ ഉണ്ടായേക്കാം.മതാധിഷ്ഠിത ഭരണകൂടങ്ങളാണ് യഥാർത്ഥ ഏകാധിപ്യ വാഴ്ച നടപ്പിലാക്കുന്നത്. ഇവിടെ മതരാഷ്ട്രം വാരാതിരുന്നാൽ മതി.മതാധിഷ്ഠിത രാഷ്ട്രീയ കക്ഷികൾ ഭരണത്തിൽ വാരാതെ സൂക്ഷിച്ചാൽ മതി. അത് ഏത് മതക്കാരായാലും. ഇന്ത്യയിലെന്നല്ല, ഒരിടത്തും കമ്മ്യൂണിസം വന്നതുകൊണ്ട് വലിയ കുഴപ്പവുമില്ല. കമ്മ്യൂണിസം വന്നാൽ ഏകാധിപ്യം വരുമെന്നു പറഞ്ഞ് പേടിയാക്കേണ്ട സാഹചര്യങ്ങൾ ഒന്നുമില്ല. ഒരു ചൈനയെ മാത്രം ഉദാഹരിച്ച് ഈ ആരോപണം ഉന്നയിക്കുന്നതിൽ അർത്ഥമില്ല. ദ്വികക്ഷി സമ്പ്രദായം ഉള്ള രാജ്യങ്ങളുണ്ടല്ലോ. അതും ഒരുതരം ഏകാധിപത്യം അല്ലേ? മൂന്നമതൊരു കക്ഷിക്ക് അവിടെയും പ്രവർത്തിക്കാൻ കഴിയില്ലല്ലോ. എന്തു പറഞ്ഞാലും ഒരു ചൈന, ഒരു പാർട്ടിഗ്രാമം എന്നൊക്കെ പറഞ്ഞ് കമ്മ്യൂണിസത്തെ താറടിക്കുന്നത് അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധം കൊണ്ടാണ്. ലോകത്ത് ഇന്നുവരെയുണ്ടായതിൽ മാനവികതയെ ശരിയായ അർത്ഥത്തിൽ ഉൾക്കൊണ്ടിരിക്കുന്ന ഒരു പ്രത്യയ ശാസ്ത്രം മാർക്സിസം മാത്രമാണ്.ഈ ലേഖനത്തിൽ ചില വസ്തുനിഷ്ഠ വിലയിരുത്തലുകൾ ഉൾച്ചേർന്നിട്ടുണ്ട് എന്നത് കാണാതിരിക്കുന്നില്ല. പ്രത്യേകിച്ചും റഷ്യൻ വിപ്ലവവുമായി ബന്ധപ്പെട്ട കാര്യങ്ങൾ. എങ്കിലും ആത്യന്തികമായ കമ്മ്യൂണിസ്റ്റ് വിരുദ്ധത സ്വാഭാവികമായും ഇതിലുമുണ്ട്. അതുപിന്നെ ഇല്ലാതിരിക്കില്ലല്ലോ! സാരമില്ല.
ReplyDeleteബി.ജെ.പി അധികാരത്തിൽ വരുമെന്നുകണ്ടാൽ അതൊഴിവാക്കാൻ ഇനിയും കോൺഗ്രസ്സിനെ പിന്തുണച്ചെന്നിരിക്കും. കോൺഗ്രസ്സിനേക്കാൾ അപകടം ബി.ജെ.പി ആകുമ്പോൾ അതിൽ തെറ്റിന്നുമില്ല. വർഗ്ഗീയതയെ ശക്തമായെതിർക്കുന്ന ഇടതുപക്ഷത്തിന് അത് ചെയ്യാതിരിക്കാനാകില്ല. ഇന്ത്യയിലാകെ ഒരു വലിയ കക്ഷിയായി മാറാത്തിടത്തോളം അങ്ങനെയൊക്കെ ചില നിലപാടുകൾ സ്വീകരിക്കേണ്ടിവരും. കോൺഗ്രസ്സ് വിരോധവും ബി.ജെ.പി വിരോധവും രണ്ടും രണ്ട് രീതിയിലുള്ളതാണ്. മതേതരത്വം ശക്തിപ്പെടിത്തുവാൻ കോൺഗ്രസ്സുകാരേക്കാൾ പ്രതിജ്ഞാബദ്ധമാണ് ഇടതുപക്ഷം. അതുകൊണ്ട് ചിലപ്പോൾ മുമ്പ് ചെയ്തതുപോലെ ഒഴിവാക്കാനാകാത്ത സാഹചര്യത്തിൽ കോൺഗ്രസ്സിനെ പോലും സപ്പോർട്ട് ചെയ്തെന്നിരിക്കും.
സജിം,
Deleteമാര്‍ക്സിസം മാറ്റത്തിനതീതമല്ല, എന്നത് “മാര്‍ക്സിസ്റ്റ് പാര്‍ട്ടി” എന്ന മാര്‍ക്സിസത്തിന്റെ ഉടമസ്ഥാവകാശം അവകാശപ്പെടുന്ന ഒരു കൂട്ടം ആള്‍ക്കാരുടെ പ്രസ്താവന എന്ന രീതിയില്‍ കൌതുകത്തോടെ കാണുന്നു.
പിന്നെ ഒരു പ്രസ്ഥാനത്തെ വിലയിരുത്തേണ്ടത് അതിന്റെ പ്രയോക്താക്കാളെ കണ്ടാകേണ്ടിവരുമ്പോള്‍, ചൈനയും പാര്‍ട്ടിഗ്രാമങ്ങളുമെല്ലാം ചിത്രത്തില്‍ സ്വാഭാവികമായി കടന്നുവരും.
ഇരുട്ടില്‍ വീണുപോയ വസ്തു സര്‍ദാര്‍ജി വിളക്കുകാലിന്റെ ചുവടെ തപ്പുന്നതുപോലെ തപ്പാതെ, ഇടതുപ്രസ്ഥാനങ്ങളുടെ കാര്യങ്ങള്‍ വരുമ്പോള്‍ അവയുടെ പ്രയോഗശാലയായിരുന്ന കേരളത്തിലെയും ബംഗാളിലെയുംകാര്യങ്ങള്‍ കാണാതെ മുന്നോട്ട് പോകാനാകുമൊ?
“വർഗ്ഗീയതയെ ശക്തമായെതിർക്കുന്ന ഇടതുപക്ഷം”, “മതേതരത്വം ശക്തിപ്പെടിത്തുവാൻ കോൺഗ്രസ്സുകാരേക്കാൾ പ്രതിജ്ഞാബദ്ധമായ ഇടതുപക്ഷം“ മദനിയെ കൂട്ടുപിടിച്ചതും (നേതാക്കളൊഴികെ എല്‍ കെ ജി കുട്ടികള്‍ക്കുപോലും അത് തിരിച്ചടിയാകുമെന്ന് അറിയാമായിരുന്നു!) മക്കളെ വിദേശത്ത് അവിഹിതസമ്പാദ്യത്തിന്‍ പഠിപ്പിച്ചതും ഒരു വീടിന്റെ പടം വന്ന പേരില്‍ ഉമ്മാക്കി കാട്ടി കാലം ഇത്രയായിട്ടും “ദേ, ഇതാണെന്റെ വീട്” എന്ന് കാട്ടിത്തരാന്‍ പറ്റാത്ത സ്ഥിതിയിലല്ലേ കാര്യങ്ങള്‍?
ഏട്ടിലെ പശു എന്ന രീതിയില്‍ പറഞ്ഞിട്ട് കാര്യമുണ്ടോ?
ജനസഞ്ചയത്തില്‍നിന്ന് കോര്‍പ്പറേറ്റ് ഭരണവ്യവസ്ഥയുടെ ചെളിക്കുണ്ടിന്റെ വക്കത്തല്ല, ആഴങ്ങളിലാണ് പാര്‍ട്ടിയെന്നത് ആര്‍ക്കാണ് മനസ്സിലാകാത്തത്?
ലേഖനങ്ങള്‍ നന്നായിരിക്കുന്നു, സുകുമാരന്‍ സാര്‍!
ReplyDeleteഈ ലേഖനങ്ങള്‍ എന്റെ നാട്ടുകാരന്‍കൂടിയായ സി കെ ചന്ദ്രപ്പന്‍ വായിക്കണം, എന്ന് ഞാനാഗ്രഹിക്കുന്നു.!
ടി വി തോമസ് എന്ന ക്രാന്തദര്‍ശി ഇന്‍ഡ്യയില്‍ ആദ്യമായി ജാപ്പനീസ് സഹകരണത്തില്‍ ഒരു പൊതുമേഖലാ സംരംഭം തുടങ്ങി: കാംകോ കുബോട്ട. എന്തൊക്കെ പുക്കാറാണ്, അന്നത്തെ പ്രതിപക്ഷനേതാവ് ഉണ്ടാക്കിയത്? മുന്‍പേ പറന്ന ഒരു പക്ഷിയായിരുന്നു ടി വി തോമസ്. ഇതിനും പത്തുവര്‍ഷങ്ങള്‍ക്കു ശേഷമാണ് മാരുതി-സുസുക്കി നിലവില്‍ വന്നത്.
കെല്‍ട്രോണ്‍ സിപിഐ-യുടെ സൃഷ്ടിയായിരുന്നു. ഇലക്ട്രോണിക്സില്‍ ആദ്യത്തെ സംസ്ഥാനഗവണ്മെന്റ് സംരഭമായിരുന്ന അതിനെ ഏതാണ്ടെല്ലാ സംസ്ഥാനങ്ങളും പിന്‍പറ്റി.
പ്രയോഗക്ഷമതയുടെ കാര്യത്തില്‍ സിപിഐ എന്നും മുന്നില്‍ത്തന്നെ ആയിരുന്നു; കേന്ദ്രത്തില്‍ പ്രതിപക്ഷത്തിരുന്നപ്പോഴും കേരളത്തില്‍ അര്‍ത്ഥപൂര്‍ണമായ ഒരു ഭരണം അച്യുതമേനോന്‍ എന്ന നേതാവ് കാഴ്ചവെച്ചു.
സിപിഎമ്മിന്റെ കൂടെക്കൂടിയതിനുശേഷം ഈ പാര്‍ട്ടിക്കുപറ്റിയതെന്തെന്നു കെ മുരളീധരനാണ് പറഞ്ഞത് “സിപിഐ വളരുന്നുണ്ട്; പടവലങ്ങ പോലെ കീഴ്പ്പോട്ടാണെന്നു മാത്രം!”
പി കെ വി ഈ പാര്‍ട്ടിയെ മാര്‍ക്സിസ്റ്റ് പാളയത്തില്‍ എന്തിനു കൊണ്ടുപോയി തളച്ചുവെന്നതിന് ഒരു കൊനുഷ്ടുന്യായമേ കാണുന്നുള്ളൂ.
സ്വന്തം ബന്ധുവും സതീര്‍ത്ഥ്യനുമായ പി ജി യെ എതിര്‍ചേരിയില്‍ കാണാന്‍വയ്യാത്ത വിഷമമായിരുന്നോ അത്?
അല്ലെങ്കില്‍, സുകുമാരന്‍ സാര്‍ പറഞ്ഞപോലെ രണ്ടായി നില്‍ക്കാതെ ഒന്നാകണമായിരുന്നു.
കിട്ടുന്ന ചാന്‍സിലെല്ലാം ഒതുക്കലല്ലാതെ ഇവര്‍ക്ക് എന്നെങ്കിലും ഒരു അംഗീകാരം കിട്ടിയിട്ടുണ്ടോ?
പഴയ യുപിഎയെ പിന്താങ്ങിയപ്പോള്‍ അധികാരം പങ്കിടരുത് എന്ന വ്യവസ്ഥ അംഗീകരിച്ച് സിപിഐയെ പറഞ്ഞുപറ്റിച്ചശേഷം, സ്പീക്കര്‍ പദവി വാങ്ങിയെടുത്തതെല്ലാം ഈ കുടിലതയുടെ ഉദാഹരണം തന്നെയാണ്!
(കല്യാണമില്ല പകരം സംബന്ധമെന്ന ചീഞ്ഞ നാട്ടുനടപ്പ് മാത്രം; അല്ലേ?)
അല്ലെങ്കില്‍ സിപിഐയില്‍ നിന്ന് അന്ന് കേന്ദ്രത്തില്‍ നല്ല മന്ത്രിമാരുണ്ടായേനെ; അങ്ങനെ ചരിത്രവും മാറിപ്പോയേനെ!
ബിനോയ് വിശ്വം എന്ന മന്ത്രിക്ക് ഒരല്‍പ്പമെങ്കിലും പ്രവര്‍ത്തിക്കാന്‍ സാധിച്ചത്, പാര്‍ട്ടിയുടെ ഈ കുടിലതയുള്‍പ്പെടുന്ന നയം മുഴുവന്‍ അപ്പാടെ നടപ്പാക്കാന്‍ കൂട്ടാക്കാന്‍ തയ്യാറാകാതിരുന്ന വിഎസ് ആയിരുന്നു മുഖ്യമന്ത്രി എന്നതായിരുന്നു കാരണമെന്ന് കരുതാം.
dear sukumaran ,
ReplyDeleteസീ പീ ഐ കൊണ്ഗ്രസുമായി ചേരുന്നതാണ് അവര്‍ക്ക് നല്ലത് എന്ന താങ്കളുടെ അഭിപ്രായം കേരളത്തിലെ സാധാരണ ജനങ്ങളുടെ ഹൃദയ വികാരത്തെ പ്രതിഫലിപ്പിക്കുന്നു എന്ന് ഞാന്‍ കരുതുന്നു (സാധാരണ ജനം എന്നത് കൊണ്ടു ഉദ്ദേശിച്ചത് പ്രത്യേകിച്ച് ഒരു രാഷ്ട്രീയ വിശ്വാസമൊന്നും ഇല്ലാത്തവരും എന്നാല്‍ ദിനം പ്രതി പത്രദ്വാരാ രാഷ്ട്രീയത്തിന്റെ നാടിമിടിപ്പുകള്‍ മനസ്സിലാക്കുന്നവരും ഇടതു പക്ഷ ഭരണത്തിനെതിരെ വോട്ടു ചെയ്യുകയും വലതു പക്ഷ ഭരണത്തിലെ കൊള്ളരുതായ്മകള്‍ കണ്ടു വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്ന് ഇടതിനും വലതിനും മാറിമാറി ഭരിക്കാന്‍ അവസരമൊരുക്കുകയും ചെയ്യുന്ന വലിയൊരു വിഭാഗം ആള്‍ക്കാര്‍ എന്നതാണ് )
പിന്നെ സീ പീ ഐ (എം) എന്ന പാര്‍ട്ടി സീ പീ ഐ യിലെ ഒരു ചെറിയ വിഭാഗം വിട്ടു പോയി സ്ഥാപിച്ചത് ആണെന്നുള്ള കാര്യം പറയുമ്പോള്‍ കോണ്ഗ്രസ്സിന്റെ ചരിത്രവും ഓര്‍മിക്കുക - 1969 ല്‍ നുകം വച്ച കാള ചിഹ്നം ഉണ്ടായിരുന്ന ഇന്ത്യന്‍ നാഷണല്‍ കൊണ്ഗ്രസില്‍ നിന്നും പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ കാണിച്ച അച്ച്ചടക്കലംഘനത്തെ തുടര്‍ന്നു പുറത്താക്കപ്പെട്ട ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തില്‍ ഒരു ചെറിയ വിഭാഗം ആളുകള്‍ പശുവും കിടാവും എന്ന ചിഹ്നമുള്ള ഒരു കക്ഷി കോണ്ഗ്രസ് എന്ന പേരില്‍ കൊണ്ടുനടക്കുക ഉണ്ടായി 1977 ല്‍ അടിയന്തിരാവസ്ഥ ക്ക് ശേഷം ആ പാര്‍ട്ടിയില്‍ നിന്നും പുറത്താക്ക പ്പെട്ട ഇന്ദിരാ ഗാന്ധി യും അനുയായികളും രൂപീകരിച്ച കൈപ്പത്തി ചിഹ്നമുള്ള പാര്‍ട്ടി ആണ് ഇന്ന് കോണ്ഗ്രസ് എന്ന അറിയപ്പെടുന്നത് !
പിന്നെ ചിലര്‍ പറയുന്നു ഇടതുപക്ഷം ഭരിച്ചാല്‍ ലക്ഷം കോടിയുടെ അഴിമതി യൊന്നും നടക്കില്ലായിരുന്നു എന്ന് ( ഈ ലക്ഷം കോടിയുടെ കണക്കു ഒരു മാതിരി notional ആണ് - പക്ഷെ ആയിരക്കണക്കിന് കോടികളുടെ തിരിമറി നടന്നു എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം ഉണ്ടാവില്ല ) ഞാന്‍ കരുതുന്നത് അവര്‍ക്കതിനുള്ള കഴിവൊക്കെ ഉണ്ട് അവസരം കിട്ടാത്ത കുഴപ്പമേ ഉള്ളൂ എന്നാണു എന്തെന്നാല്‍ കേരളം പോലൊരു ചെറിയ സംസ്ഥാനം ഭരിച്ചപ്പോള്‍ 150 കോടിക്ക് BHEL ചെയ്യുമായിരുന്ന കരാര്‍ 350 കോടിക്ക് വിദേശ കമ്പനിക്കു കൊടുത്തിട്ടു 100 കോടി kickback തരപ്പെടുത്തിയ വിദ്വാന്മാര്‍ സാന്റിയാഗോ മാര്‍ട്ടിന്‍ മാരുടെയും ഫാരിസ് മാരുടെയും സേവി മനോജ് മാരുടെയും ഒക്കെ തോളില്‍ കയ്യിട്ടു നടക്കുന്നത് കാണുന്ന ജനത്തിനു അവരുടെ കഴിവുകളില്‍ പൂര്‍ണ വിശ്വാസ മാണുള്ളത് !
താങ്കളുടെ അഭിപ്രായങ്ങള്‍ സീ പീ ഐ കാര്‍ക്ക് സ്വയം വിലയിരുത്തലിനു പ്രചോദനം നല്‍കട്ടെ !
Best regards
Ananth
ടീ വീ തോമസിന് അറുപത്തി എഴില്‍ മുഖ്യമന്ത്രി ആകാന്‍ കഴിയുമായിരുന്നു പക്ഷെ അദ്ദേഹത്തിന്റെ മദ്യപാനം അവിഹിതം ഇതൊക്കെ പറഞ്ഞു എം എന്‍ ഗോവിന്ദന്‍ നായര്‍ ഈ എം എസിനെ കൊണ്ട് വന്നു അതോടെ ടീ വിയും എം എനും തമ്മില്‍ അകന്നു ഈ എം എസോ ഒരു മുല്ല കമ്മീഷനെ ഇട്ടു ഇവരെ രണ്ടു പേരെയും മന്ത്രി സഭയില്‍ നിന്നും കുറെ കാലം മാറി നിര്‍ത്തി , ഇന്ന് സീ പീ ഐ എന്ന് വച്ചാല്‍ പണ്ടത്തെ കുറെ വലതന്മാരുടെ മക്കള്‍ കൊച്ചുമക്കള്‍ വീട്ടുവേലക്കാര്‍ അല്ലാതെ അണി എവിടെ? സീ പീ ഐ പീ കെ വി എന്നാ നിര്‍ഗുണ പരബ്ര്‍ഹാമം കാരണം ഈ ഗതി ആയി പീ കെ വി ഭരിക്കാന്‍ അറിയില്ല അയാള്‍ക്ക് കസേര വേണമെന്നും ഇല്ല അങ്ങിനെ വല്യേട്ടന്റെ പുറകെ പോയി ഇന്ന് ക്ഷയരോഗി ആയി ഇന്ന് ചെറുപ്പക്കാര്‍ക്ക് ചേരാന്‍ ഒന്നുകില്‍ കോണ്ഗ്രസ് അല്ലെങ്കില്‍ സീ പീ എം ഇതല്ലാതെ പിന്നെ നശിക്കണമെങ്കില്‍ ആര്‍ എസ എസ ജമാ അത് ഇസ്ലാം അങ്ങിനെ കുറെ തീവ്ര സംഘടനകളും അങ്ങിനെ ഒരു നിലാപാട് ഉരുത്തിരിഞ്ഞു വരുന്നു, പുതിയ തലമുറക്ക് രാഷ്ട്രീയം തന്നെ ഇല്ല എന്നതാണ് സത്യം അവര്‍ ഫെസ് ബുക്കും മൊബൈലും ആണ് ജീവിതം എന്ന് കരുതി നടക്കുന്നു ഈ അവസ്ഥയില്‍ പ്രോപഗന്ടക്ക് വലിയ പ്രാധാന്യം ഉണ്ട് അതില്‍ സീ പീ എം ആണ് മികച്ചു നില്‍ക്കുന്നത് ആടിനെ പട്ടിയാക്കാന്‍ പണ്ടേ വിദഗ്ദ്ധരായ അവര്‍ മീന്‍ പിടിത്തക്കാരെ കപ്പല്‍ ജോലിക്കാര്‍ വെടി വച്ച് കൊന്നത് ഇറ്റാലിയന്‍ കണക്ഷന്‍ ഉപയോഗിച്ച് സോണിയ ഗാന്ധി കോണ്ഗ്രസ് എന്നിവയെക്കെതിരെ വലിയ ഒരു പ്രചരണം ആക്കി രണ്ടു ദിവസങ്ങള്‍ കൊണ്ട് മാറ്റി മരിക്കും ഈ വിദഗ്ധമായ പ്രചാരണ തന്ത്രം നേരിടാന്‍ കൊണ്ഗ്രസില്‍ ആരുമില്ല ശരിക്കും ഇതുപോലെ തിരിച്ചു പ്രചരണം അഴിച്ചു വിടാന്‍ യു ഡീ എഫിന് കഴിഞ്ഞാല്‍ സീ പീ എമിന്റെ സ്വാധീനം കുറയ്ക്കാന്‍ പറ്റും
ReplyDeleteമുകളിൽ,സുശീലൻ പറഞ്ഞതുതന്നെയാണ്,എന്റെ സുഹൃത്തും (ജെ.എൻ.യു-എ.ഐ.എസ്.എഫ് സെക്രട്ടരി ആയിരുന്നു)പറയുന്നത്.ത്രസിപ്പിക്കുന്ന വിപ്ലവകഥകളും,ബൊളിവിയൻ ഡയറിയും വായിച്ച് വിപ്ലകാരികളായവരും,കുട്ടനാട്ടിലെ കാർഷിക സമരങ്ങളിലൂടെ കമ്മ്യൂണിസ്റ്റുപാർട്ടിയിൽ വന്നവരും.പുതിയകാലത്ത് കൃഷിക്കു പറ്റിയ മണ്ണാണന്നു കരുതി കമ്മ്യൂണിസ്റ്റു വേഷം ധരിച്ച ഒരു തലമുറയും,കമ്മ്യൂണിസ്റ്റുപാർട്ടി ചരിത്രത്തിന്റെ ഭാഗം തന്നെയാണ്.ഇതിൽ ചില നകസൽ ഗ്രൂപ്പുകൾ മാത്രമാണ് വിപ്ലവത്തെ പറ്റി പറയുകയും സ്വപനങ്ങൾ പങ്കിടുകയും ചെയ്യുന്നത്.സി.പി.എമിന്റെ ചില നേതാക്കൾ സന്ദർഭം ഒത്തുവരുമ്പോൾ ‘ഞങ്ങൾ വിപ്ലവകാരികളാണന്നും,,ഞങ്ങളുടെ പാർട്ടി വിപ്ലവപാർട്ടിയാണന്നും അവകാശപ്പെടും.എന്നാൽ വിപ്ലവ സങ്കല്പങ്ങൾ ഉപേക്ഷിക്കയും,ജനാധിപത്യത്തിന്റെ പ്രായോഗികവും.പക്വവുമായ നിലപാടെടുത്ത പാർട്ടി സി.പി.ഐ യാണ്.എന്നാൽ പടവലങ്ങാ പോലുള്ള വളർച്ച എങ്ങനെയുണ്ടായി എന്ന കാര്യം എവിടേയും പരിശോധിക്കാറില്ല.കാലങ്ങൾ വരും അപ്പോഴെല്ലാം പാർട്ടി കോൺഗ്രസും വരും.എന്നാൽ,ഇന്ത്യയുടെ യാഥാർത്ഥ്യത്തിൽ(സമൂർത്ത സാഹചര്യങ്ങളുടെ സമൂർത്ത വിശകലനമാണ് മാക്സിസം എന്ന പാഠം)ഊന്നുന്ന ഒരു വിശകലനവും ഇതുവരെ ഉണ്ടായിട്ടില്ല.‘ജാതി’എന്നയാഥാർത്ഥ്യത്തെ മറികടക്കാവുന്ന ഒന്നായി ‘വർഗ്ഗ’ത്തെ പ്രതിസ്ഥാപിക്കുന്നതോടെ,ഇന്ത്യയിൽ മാക്സിസം തന്നെ അപ്രസക്തമാവുകയാണ്.ഇന്ത്യൻ സംസ്ഥാനങ്ങളെ വിശകലനം ചെയ്താൽ മനസ്സിലാകുന്ന സാമൂഹ്യ വൈരുദ്ധ്യം,കമ്മ്യൂണിസ്റ്റുകളുടെ തലയിൽ കയറുന്നില്ലന്നത് കഷ്ഠം തന്നെ.ഇന്ത്യയിലെ ‘ജനാധിപത്യത്തിന്റേതായ’വിശാലഭൂമികയിൽ ,ഇടതുപക്ഷ ഐക്യത്തെ മറികടക്കുന്ന വിശാല ജനാധിപത്യ ഐക്യം എന്ന സി.പി.ഐ യിലെ ഒരു വിഭാഗത്തിന്റെ ലൈൻ പ്രതീക്ഷ നൽകുന്നുണ്ട്.സി.പി.എമ്മിന്റെ സംബന്ധക്കളിയിൽ എല്ലും തോലുമായി മാറുന്നതിൽ അമർഷമുള്ള ഒരുപാടു വലതരുണ്ട്.അതാണ് കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിൽ കണ്ടത്.സി.പി.എമ്മിന് ഭരണം കിട്ടിയാൽ ലാഭം.കിട്ടിയില്ലന്നു വെച്ച് നഷ്ടമൊന്നുമില്ല.(രണ്ടു സംസ്ഥാനത്തെ ഭരണം പോയതിൽ എന്തെങ്കിലും ഭാവമാറ്റം പ്രതീക്ഷിച്ചവർക്ക് തെറ്റി).ചന്ദ്രപ്പന്റെ അസാന്നിധ്യം സി.പി.ഐ യെ അങ്ങനെ മാറ്റിമറിക്കുമെന്ന് കണ്ടുതന്നെ അറിയാം.
ReplyDeleteതാങ്കളുടെ ലേഖനം മുന്‍വെക്കുന്ന നിലപാടുകള്‍ തീര്‍ച്ചയായും സ്വാഗതാര്‍ഹാമാണ്. ഇടുങ്ങിയ കക്ഷി രാഷ്ട്രീയത്തിന്റെ കുപ്പായക്കുടുക്കുകള്‍ പൊട്ടിച്ചെറിയാന്‍ കഴിയാത്തവര്‍ക്ക് ഇതിനെ വികാരപരമായി സമീപിക്കാനെ കഴിയു. കുറച്ചുപേരെങ്കിലും ശരിയായ ബൌദ്ധിക തലത്തില്‍ നിന്ന് കാര്യങ്ങള്‍ കാണുമെന്നും ചര്‍ച്ചകളില്‍ പങ്കെടുക്കുമെന്നും കരുതാം. ഏതായാലും താങ്കള്‍ക്കു എല്ലാ ഭാവുകങ്ങളും നേരുന്നു.
ReplyDelete