Pages

സി.പി.ഐ(എം) സ്വാശ്രയ എഞ്ചിനീയറിങ്ങ് കോളേജ് തുടങ്ങുമ്പോള്‍ ..



ദോഷം പറയരുതല്ലൊ, സി.പി.എം. കോഴിക്കോട് ആരംഭിക്കുന്ന സ്വാശ്രയ എഞ്ചിനീയറിങ്ങ് കോളേജിന്റെ പേര് എത്ര സുന്ദരം! M.DIT എന്നാണ് കോളേജിന്റെ പേര്. പറയാനും എളുപ്പമുള്ള നല്ലൊരു ബ്രാന്‍ഡ് നെയിം ആണിത്; എംഡിറ്റ്. സ്വാശ്രയ മേഖലയില്‍ എഞ്ചിനീയറിങ്ങ് കോളേജ് തുടങ്ങാന്‍ സി.പി.എം.കാര്‍ക്ക് അവരുടേതായ കാരണമുണ്ട്. ഈ മേഖലയില്‍ ഒരു കൂട്ടം കോളേജ് മേനേജ്‌മെന്റുകള്‍ കൊള്ള നടത്തുകയാണത്രെ. അത്കൊണ്ട് സാമൂഹ്യപ്രതിബദ്ധതയുള്ള ഇത്തരം സ്ഥാപനങ്ങള്‍ സംസ്ഥാനമൊട്ടാകെ ഉയര്‍ന്നുവരണം എന്നതാണ് പോലും ഡിഫിക്കാരുടെ അഭിപ്രായം.  സി.പി.എം.കാര്‍ വിസ്മയ അമ്യൂസ്മെന്റ് പാര്‍ക്ക് തുടങ്ങിയതും സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികള്‍ ആരംഭിച്ചതും ഷോപ്പിങ്ങ് മാളുകളും പഞ്ചനക്ഷത്ര ഹോട്ടലുകള്‍ എല്ലാം തുടങ്ങുന്നതും എല്ലാം ഇങ്ങനെ അതാത് മേഖലയില്‍ കൊള്ള നടക്കുന്നത്കൊണ്ട് അവരുടെ സാമൂഹ്യ പ്രതിബദ്ധത നിറവേറ്റാനായിരിക്കണം. ഈ ഒരു മഹത്തായ കാഴ്ചപ്പാടിനെ എത്ര കടുപ്പപ്പെട്ട മാര്‍ക്സിസ്റ്റ് വിരുദ്ധര്‍ പോലും എതിര്‍ക്കുമെന്ന് തോന്നുന്നില്ല. എതിര്‍ക്കുന്നവര്‍ കൊള്ളക്കൂട്ടത്തെ അനുകൂലിക്കുന്നവരും സാമൂഹ്യപ്രതിബദ്ധത ഇല്ലാത്തവരുമായിരിക്കും. സി.പി.എം. എന്ത് തുടങ്ങിയാലും അതില്‍ കൊള്ള ഉണ്ടാവില്ല. ഒരു പക്ഷെ മറ്റ് കൊള്ളക്കാരുടെ സ്ഥാപനങ്ങളിലും സി.പി.എം. സ്ഥാപനങ്ങളിലും ഒരേ വിലയും ചാര്‍ജ്ജും ഫീസും തന്നെയാണെങ്കില്‍ തന്നെയും സി.പി.എമ്മിന്റേതില്‍ സാമൂഹ്യ പ്രതിബദ്ധത കാണും. അതാണ് അതിന്റെ മെച്ചം.

കൂത്തുപറമ്പില്‍ രക്തസാക്ഷികളെ സൃഷ്ടിച്ചത് എന്തിനായിരുന്നു എന്ന് ചില ദോഷൈകദൃക്കുകൾ ചോദിക്കുന്നുണ്ട്.  അത് സി.പി.എമ്മിനെ പറ്റി ഒരു ചുക്കും അറിയാത്തത്കൊണ്ടാണ്.  ഒന്ന് നടപ്പില്‍ വരുമ്പോള്‍ അതിന്റെ ഗുണദോഷം ആര്‍ക്കും അറിയില്ല. അപ്പോള്‍ അത് ദോഷമായാലോ? ഉദാഹരണത്തിന് കമ്പ്യൂട്ടര്‍ വന്നു. അത് ദോഷമായിരുന്നെങ്കിലോ? സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു പ്രസ്ഥാനത്തിന് അത് സഹിക്കാന്‍ പറ്റുമോ. അത്കൊണ്ടാണ് എല്ലാറ്റിനെയും ആദ്യം എതിര്‍ക്കുന്നത്. പിന്നീട് ദോഷമൊന്നുമില്ല ഗുണമേയുള്ളൂ എന്ന് കണ്ടെത്തിയാല്‍ അംഗീകരിക്കുന്നു. അങ്ങനെ അംഗീകരിച്ച ചില മേഖലകളില്‍ പക്ഷെ കൊള്ള നടക്കുന്നു. ആ കൊള്ള തടയാനാണ് സാമൂഹ്യപ്രതിബദ്ധത നിമിത്തം സ്വന്തമായി തന്നെ സംരംഭങ്ങള്‍ തുടങ്ങുന്നത്. ടി വി വന്നപ്പോള്‍ അത് ദോഷമാണെന്ന് തോന്നി എതിര്‍ത്തു. പിന്നെ ഗുണമാണെന്ന് മനസ്സിലായപ്പോള്‍ വേറിട്ട ഒരു ചാനലില്‍ മാത്രമേ സാമൂഹ്യ പ്രതിബദ്ധത കാത്തുസൂക്ഷിക്കാന്‍ പറ്റൂ എന്ന് ബോധ്യമായി. അമ്യൂസ്മെന്റ്മെന്റ് പാര്‍ക്കുകളില്‍ പകല്‍ക്കൊള്ള തന്നെയായിരുന്നു. അങ്ങനെയാണ് വിസ്മയ തുടങ്ങിയത്. ആരെയും നിര്‍ബ്ബന്ധിക്കുന്നില്ലല്ലൊ. കൊള്ള വേണ്ടവര്‍ക്ക് കൊള്ള നടക്കുന്ന സ്ഥാപനങ്ങളില്‍ പോകാം. സാമൂഹ്യപ്രതിബദ്ധത വേണ്ടവര്‍ക്ക് സി.പി.എം.കാര്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ തന്നെ പോകേണ്ടി വരും.

ഏ.കെ.ജി ഹോസ്പിറ്റല്‍ , റബ്കോ ,  റെയിഡ്കോ ഇങ്ങനെ സി.പി.എം. നടത്തുന്ന സ്ഥാപനങ്ങള്‍ നോക്കുക. അതിന്റെയൊക്കെ ഉടമസ്ഥത ആര്‍ക്കാണ്? സാങ്കേതികമായി പറഞ്ഞാല്‍ അതൊക്കെ സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ്. ഭരണസമിതിയും അതിലെ ജീവനക്കാരും തൊഴിലാളികളും എല്ലാം സി.പി.എം.കാര്‍ തന്നെ. ഇപ്രകാരം അനേകം സഹകരണ സ്ഥാപനങ്ങളാണ് സി.പി.എമ്മിന്റെ ശക്തി. ഒരോ സഹകരണസ്ഥാപനവും മറ്റ് അനേകം അനുബന്ധസ്ഥാപനങ്ങള്‍ തുടങ്ങും. ഉദാഹരണത്തിന് പ്രാഥമിക സഹകരണ ബാങ്കുകള്‍ ഗൃഹോപകരണ ഷോറൂമുകളും മറ്റ് കച്ചവട സ്ഥാപങ്ങളും തുടങ്ങും. റെയിഡ്കോ കറിപൌഡര്‍ വരെ ഉണ്ടാക്കി വില്‍ക്കുന്നുണ്ട്. റബ്കോ കണ്ണൂരില്‍ ഏറ്റവും ആധുനികമായ ഓഡിറ്റോറിയം പണിതിട്ടുണ്ട്. ദിനേശ് ബീഡി സഹകരണ സംഘത്തിനും ഓഡിറ്റോറിയവും സോഫ്റ്റ്‌വേര്‍ പാര്‍ക്കും മറ്റുമുണ്ട്. ഇവയിലെക്കെ പതിനായിരങ്ങള്‍ക്ക് ജോലി കൊടുക്കാം. അങ്ങനെ ജോലി കിട്ടിയവര്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്കും പോയേ പറ്റൂ.  സമ്മേളനങ്ങള്‍ക്കും ജാഥകള്‍ക്കും ബന്ദും ഹര്‍ത്താലും നടത്താനും ഒക്കെ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ സദാ സന്നദ്ധരായിരിക്കും.

സഹകരണ സംഘങ്ങള്‍ ഇങ്ങനെ പാര്‍ട്ടിയുടെ അധീനതയില്‍ കുറെ ഉണ്ടെങ്കിലും അതൊക്കെ പാര്‍ട്ടിക്ക് ഉപയോഗപ്പെടുത്താമെന്നല്ലാതെ പാര്‍ട്ടിക്കാരുടെ സ്വത്ത് എന്ന് പറഞ്ഞുകൂട. ഏത് സഹകരണ സംഘത്തിലും സര്‍ക്കാരിന് 51ശതമാനം ഷേര്‍ ഉണ്ടാകും. ഏതെങ്കിലും ഒരു മൊശകോടന്‍ സഹകരണ മന്ത്രിയാവുകയാണെങ്കില്‍ ഭരണസമിതിയെ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റര്‍ ഭരണം നടപ്പാക്കാന്‍ പറ്റും.  അത്കൊണ്ട് സി.പി.എം. ഇപ്പോള്‍ തുടങ്ങുന്ന സ്ഥാപനങ്ങളും സംരഭങ്ങളും എല്ലാം വെറും സൊസൈറ്റികള്‍ ആണ്. അതായത് ചാരിറ്റബിള്‍ സൊസൈറ്റി ആക്ട് പ്രകാരം റജിസ്റ്റര്‍ ചെയ്യുന്ന സൊസൈറ്റികള്‍.  പത്തോ നാല്പതോ സി.പി.എം. നേതാക്കള്‍ ചേര്‍ന്ന് ഒരു ചാരിറ്റബിള്‍ സൊസൈറ്റി റജിസ്റ്റര്‍ ചെയ്യുന്നു. ആ സൊസൈറ്റി സംരംഭം തുടങ്ങുന്നു.  സഹകരണ സൊസൈറ്റി ആണെന്ന് അണികള്‍ ധരിക്കും. മരണപ്പെട്ടുപോയ ഏതെങ്കിലും നേതാവിന്റെ പേര് ആ സംരംഭത്തിന് നല്‍കിയാല്‍ സംഭവം പാര്‍ട്ടിയുടെ ആണെന്ന് അനുഭാവികള്‍ കരുതും. യഥാര്‍ത്ഥത്തില്‍ അതിന്റെ ഉടമസ്ഥത ആ സൊസൈറ്റിയുടെ അംഗങ്ങള്‍ക്ക് മാത്രമാണെന്ന് അണികള്‍ തിരിച്ചറിയുകയില്ല.

ചിത്രത്തില്‍ എം.ഡിറ്റിന്റെ ബോര്‍ഡ് നോക്കുക. കാഴ്ചയില്‍ ഒരു സ്വകാര്യസ്ഥാപനം പോലെ ഇല്ലേ? ഇതും  ഒരു സൊസൈറ്റിയുടെ പേരില്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ടതാണ്. സഹകരണ മേഖലയില്‍ അല്ല എന്നര്‍ത്ഥം. സഹകരണ സൊസൈറ്റിയും ചാ‍രിറ്റബിള്‍ സൊസൈറ്റിയും തമ്മിലുള്ള വ്യത്യാസം സാധാരണ അനുഭാവികള്‍ക്ക് അറിയാന്‍ ന്യായമില്ല. ഏതെങ്കിലും കാലത്ത് പാര്‍ട്ടി പൊളിഞ്ഞുപോയാലും നേതാക്കള്‍ക്കും മേല്‍ത്തട്ടിലുള്ള പ്രവര്‍ത്തകര്‍ക്കും ഇങ്ങനെ ഒരുപാട് സംരഭങ്ങള്‍ സ്വന്തമായി ബാക്കിയുണ്ടാവും. പാര്‍ട്ടിക്ക് ദീര്‍ഘകാലത്തേക്ക് നിലനില്‍പ്പ് ഉണ്ടാകില്ല എന്നും പാര്‍ട്ടി വിപ്ലവം സംഘടിപ്പിക്കാന്‍ പോകുന്നില്ല എന്നും സോഷ്യലിസം ഇനിയുള്ള കാലത്ത് ആളുകള്‍ ഉച്ചരിക്കുക പോലുമില്ലെന്നും ഏറ്റവും നന്നായി ബോധ്യപ്പെട്ടവര്‍ സി.പി.എമ്മിന്റെ നേതാക്കള്‍ തന്നെയായിരിക്കുമല്ലൊ.

അങ്ങനെ സി.പി.എം. സ്വകാര്യ സൊസൈറ്റിയുടെ പേരില്‍ സ്വാശ്രയ എഞ്ചിനീയറിങ്ങ് കോളേജ് തുടങ്ങുമ്പോള്‍ ആ പാര്‍ട്ടിയുടെ വിശ്വാസ്യതയും സ്വീകാര്യതയും കുത്തനെ ഇടിയുകയാണെന്ന് അതിന്റെ നേതാക്കള്‍ക്ക് മനസ്സിലാകുന്നുണ്ടോ എന്നറിയില്ല.  ആസ്തിയുടെയും ബിസിനസ്സ് സ്ഥാപങ്ങളുടെയും പിന്‍‌ബലത്തില്‍ ഒരു രാഷ്ട്രീയപ്രസ്ഥാനത്തെ ഏറെക്കാലം എന്തായാലും നടത്തിക്കൊണ്ടുപോകാന്‍ കഴിയില്ല. ഡിഫി നേതാക്കള്‍ സാമൂഹ്യപ്രതിബദ്ധതയെ പറ്റി വാചാലമാകുന്നുണ്ടെങ്കിലും സാമൂഹ്യപ്രതിബദ്ധയുള്ള പ്രവര്‍ത്തകരെ സി.പി.എമ്മിനോ പോഷകസംഘടനകള്‍ക്കോ ആകര്‍ഷിക്കാന്‍ ഇനി കഴിയില്ല എന്നതാണ് സത്യം.  എനിക്ക് എന്ത് സാമ്പത്തികനേട്ടം ഉണ്ടാക്കാന്‍ കഴിയും, അല്ലെങ്കില്‍ എനിക്ക് എന്ത് ജോലി കിട്ടും എന്ന് ചിന്തിക്കുന്നവരെ മാത്രമേ ഇനി സി.പി.എമ്മിന് ആകര്‍ഷിക്കാന്‍ കഴിയൂ.  നിസ്വാര്‍ത്ഥരായ, സാമൂഹ്യപ്രതിബദ്ധതയുള്ള , സമൂഹത്തിന് വേണ്ടി തന്നാല്‍ കഴിയുന്ന സേവനം നല്‍കാന്‍ തയ്യാറുള്ള ആളുകള്‍ ഇനി സി.പി.എമ്മില്‍ പോയിട്ട് എന്ത് കാര്യം?

സാമ്പത്തികമായി ഇങ്ങനെ മുന്നേറുന്നുണ്ടെങ്കിലും കേരളത്തില്‍ സി.പി.എമ്മിന്റെ ഭാവി എന്തായിരിക്കും? നാലാം തവണയും പിണറായി സംസ്ഥാന സെക്രട്ടരിയായി തെരഞ്ഞെടുക്കപ്പെട്ടതോടുകൂടി വി.എസ്. അച്യുതാനന്ദന്‍ പാര്‍ട്ടിയില്‍ ഇനി ഉണ്ടായാലും ഇല്ലാത്തതിന് സമമായിരിക്കും. വി.എസ്. അതിഭയങ്കരമായ കൌശലം പ്രയോഗിച്ച് പൊതുസമൂഹത്തില്‍ ഒരു സ്വീകാര്യത പിടിച്ചു പറ്റിയിരുന്നു. പാര്‍ട്ടിക്ക് അകത്തും പുറത്തും വി.എസ്. എന്തോ ആണെന്ന ഒരു ഇമേജ് നിര്‍മ്മിച്ചെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. ആ ഇമേജ് സി.പി.എം. മുതലാക്കിയിട്ടുമുണ്ട്.  എന്നാല്‍ ആ ഇമേജും തകരാനാണ് പോകുന്നത്. ഇത് വരെ സൂപ്പര്‍ വ്യവഹാരിയായി വിലസിയ വി.എസ്സിനെ പ്രതിരോധത്തിലേയ്ക്ക് തളച്ചിടാന്‍ പോരുന്ന കേസുകളാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്.  അദ്ദേഹത്തെ പഴയത് പോലെ ഉപയോഗപ്പെടുത്താന്‍ ഇനി സി.പി.എമ്മിന് കഴിയില്ല എന്ന് ചുരുക്കം.

പിണറായി ഒരു മികച്ച നേതാവും സംഘാടകനുമാണ്. എന്നാല്‍ അത് പാര്‍ട്ടിക്കകത്ത് മാത്രമാണ്. പാര്‍ട്ടിക്ക് പുറത്ത് പൊതുസമൂഹത്തില്‍ പിണറായിയെ ഇഷ്ടപ്പെടുന്ന ആരുമുണ്ടാവില്ല. എന്ന് മാത്രമല്ല, പാര്‍ട്ടിക്ക് വേണ്ടി പാര്‍ട്ടിക്ക് പുറത്തുള്ളവരെ വെറുപ്പിക്കാനും പിണറായി പിശുക്ക് കാട്ടാറില്ല. വി.എസ്സും പിണറായിയും കഴിഞ്ഞാല്‍ തലയെടുപ്പുള്ള ഒരൊറ്റ നേതാവും കേരള സി.പി.എമ്മില്‍ ഇല്ല എന്നു പറയാം. കോടിയേരിക്ക് അങ്ങനെയൊരാഗ്രഹം കാണുമെങ്കിലും കണ്ണൂര്‍ ജില്ലയ്ക്ക് പുറത്ത് അദ്ദേഹത്തിന്റെ സ്വീകാര്യത സംശയമായിരിക്കും.  മാറിമാറി ഭരണത്തില്‍ കയറലും ഒട്ടേറെ സഹകരണ പ്രസ്ഥാനങ്ങളും തദ്ദേശസ്വയഭരണ സ്ഥാപനങ്ങളും കൈയ്യില്‍ ഉള്ളതും പിന്നെ ഇടതടവില്ല്ലാത്ത സാമ്പത്തികവരുമാനവുമാണ് സി.പി.എമ്മിനെ നിലനിര്‍ത്തുന്ന ഘടകങ്ങള്‍.  എന്നാല്‍ പാര്‍ട്ടി ഒരു ഇടത് രാഷ്ട്രീയപ്രസ്ഥാനം എന്നതിനപ്പുറം സാമ്പത്തികനേട്ടങ്ങള്‍ കൊയ്യുന്ന എസ്റ്റാബ്ലിഷ്മെന്റ് കൂടിയാണെന്ന തിരിച്ചറിവ് അതിന്റെ ലക്ഷക്കണക്കിന് അനുയായികള്‍ക്ക് ഉണ്ടാവുമ്പോള്‍ ഒരു രാഷ്ട്രീയപാര്‍ട്ടി എന്ന നിലയില്‍ സി.പി.എമ്മിന് മുന്നോട്ട് പോകാന്‍ കഴിയാതെ വരും.  കുറച്ചു പേര്‍ കാശ് ഉണ്ടാക്കാന്‍ വേണ്ടി തങ്ങള്‍ എന്തിനാണ് ഉഷ്ണിക്കുന്നത് എന്ന് അനുയായികള്‍ക്ക് തോന്നാമല്ലൊ.  സ്വാശ്രയമേഖലയില്‍ പാര്‍ട്ടിക്കാരുടെ സ്വകാര്യസൊസൈറ്റി എഞ്ചിനീയറിങ്ങ് കോളേജ് ആരംഭിക്കുമ്പോള്‍ ആ തോന്നലിന് ആക്കം കൂടുകയാണ് ചെയ്യുക.  ആത്മാവ് എന്നൊന്നുണ്ടെങ്കില്‍ കൂത്തുപറമ്പ് രക്തസാക്ഷികളുടെ ആത്മാവുകള്‍ ഈ സ്വാശ്രയക്കാര്‍ക്ക് മാപ്പ് നല്‍കട്ടെ.

19 comments:

  1. ട്രാക്റ്റര്‍, കമ്പ്യൂട്ടര്‍, അമ്യൂസ്മെന്റ് പാര്‍ക്ക് ഇനി സ്വാശ്രയ കോളേജ് : ട്യൂബ് ലൈറ്റ് പാര്‍ട്ടി

    കോളിളക്കം സൃഷ്‌ടിച്ച ട്രാക്ടര്‍, കംബ്യൂട്ടര്‍, ഓട്ടോറിക്ഷാ സമരങ്ങള്‍ക്ക് ശേഷം സീ പീ എം കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഏറ്റു പിടിച്ച സമരങ്ങളില്‍ ഒന്നായിരുന്നു സ്വാശ്രയാ സമരം. അഞ്ചു രക്ത സാക്ഷികളെയാണ് സ്വാശ്രയ സമരത്തിന്റെ പേരില്‍ സംഭാവന ചെയ്തത്. മുന്‍പ് പ്രീ ഡീഗ്രീ കോളേജില്‍ നിന്ന് അടര്‍ത്തി മാറ്റാന്‍ ശ്രമം നടന്നപ്പോള്‍ അതിനെതിരെയും കൊടി പിടിച്ച പാര്‍ട്ടിയാണ് പിന്നീട് അധികാരത്തില്‍ വന്നപ്പോള്‍ പ്ലസ്‌ ടു നടപ്പാക്കിയത്.

    ഏറ്റവും ഒടുവില്‍ ഇപ്പോഴിതാ പാര്‍ട്ടി സ്വന്തമായി കോഴികോട് സ്വാശ്രയാ കോളേജ് തുടങ്ങുന്നു. പരിയാരം സ്വാശ്രയാ കൊളെജിനെ തുടക്കത്തില്‍ എതിര്‍ത്ത പാര്‍ട്ടി പിന്നീട് അതിന്റെ വാക്താക്കള്‍ ആവുകയും വന്‍ തുക കോഴ വാങ്ങി വിദ്യാര്‍ഥികളെ പിഴിഞ്ഞ് കൊണ്ടിരിക്കുന്ന കാഴ്ചയാണ് കേരളം കണ്ടത്. ഇന്നലെ വരെ എതിര്‍ത്ത സ്വാശ്രയ കോളേജു ഇനി പാര്‍ട്ടിയും തുടങ്ങുമ്പോള്‍ വിപ്ലവ സഖാക്കള്‍ മൌനത്തിന്റെ വാല്മീകത്തില്‍ ആണ്. 40 ലക്ഷം കോഴ നല്‍കി മകള്‍ക്ക് സീറ്റ് വാങ്ങിയ ഡിഫി നേതാവും വന്‍ തുകകള്‍ നല്‍കി വിദേശ- അന്യ സംസാസ്ഥാനങ്ങളില്‍ മക്കളെ പഠിപ്പിക്കുന്ന തല നരച്ച നേതാക്കന്മാരും ശരാ ശരി വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ സമരം നടത്തുകയും പിന്നെ അതിന്റെ വാക്താക്കള്‍ ആവുകയും ചെയ്ത ചരിത്രമാണ് ഇവിടെ ആവര്‍ത്തിക്കുന്നത്..

    സഖാവേ: ഇന്നലെ നിങ്ങള്‍ എതിര്‍ത്തത് എന്തിനായിരുന്നു..

    ReplyDelete
  2. ഇതിനെയൊക്കെ ന്യായീകരിച്ചു താങ്ങി നിര്‍ത്താനും , ഏതു രംഗത്തും പാര്‍ട്ടി നിലപാടുകളെ വളച്ചൊടിച്ചു വിശദീകരിച്ചു എല്ലാത്തിന്റെയും പിതൃത്വം ഏറ്റെടുക്കുവാനും കുറച്ചു ബുജി സാംസ്കാരിക നേതാക്കളെയും കസേര കൊടുത്തു സി പി എം സ്റ്റേജ് കൊടുത്തു കൊണ്ട് നടക്കുന്നുണ്ട് . പാര്‍ട്ടി തത്വങ്ങളും രീതികളും വിശദീകരിക്കാതെ എതിരാളികളെ വെടക്കാക്കി തനിക്കാക്കുന്ന പ്രവണതയാണ് ഇപ്പോള്‍ കാണുന്നത് . അതിനായി ഇവെന്റ്റ് മാനേജ്‌മന്റ്‌ സ്ഥാപനങ്ങളെ എല്പ്പിക്കുന്നില്ല .എല്ലാം പാര്‍ട്ടി തന്നെ ഇവെന്റ്റ് മാനേജ്‌മന്റ്‌ സ്ഥാപനം ആയി കഴിഞ്ഞു . ഇതൊന്നും അറിയാതെയോ അറിഞ്ഞോ ബ്ലോഗിലെത്തി കുറച്ചു പേര്‍ കപട നാടകം ആടുന്നത് കൂടി കാണുവാന്‍ കാത്തിരിക്കുന്നു ...


    പ്രസക്തമായ പോസ്റ്റ്‌ എങ്കിലും ഇത് സി പി എമ്മിന്റെ സ്തുതി പാടകര്‍ക്കു തെല്ലും മനസ്താപമുണ്ടാക്കില്ല എന്നാണ് അഭിപ്രായം

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. സുകുമാരൻ ചേട്ടാ എന്തിനായി ഉള്ളതിനും ഇല്ലാത്തതിനുമെല്ലാം സി പി എം വിരോധം.മേൽ‌പ്പറഞ്ഞ കാര്യങ്ങളെയെല്ലാം അവർ എതിർത്തുയെന്നതു ശരി.ഇനിയിപ്പോൾ പെൻഷൻപ്രായം ഉയർത്തിയാലും മറ്റനേകം കാര്യങ്ങളിലും എതിർക്കുമെന്നതും ശരി.അതൊക്കെ അവിടെ നിൽക്കട്ടെ കേരളത്തിലുള്ള മറ്റേതു പാർട്ടിക്ക് ഇത്രയധികം ആൾക്കാർക്ക് സ്വന്തമായ് (സ്വന്തകാർക്കാണെങ്കിലും) തൊഴിൽ നൽക്കാനായ്.മതങ്ങളും സ്വകാര്യവ്യക്തികളും എത്ര സ്ഥാപനങ്ങൾ തുടങ്ങുകയും ലാഭമെല്ലാം അവർക്കിഷ്ടത്തിന് വീതിച്ചെടുക്കുകയും ചെയ്യുന്നു.അതിലൊന്നും ആർക്കും സങ്കടമില്ല ,ഇവരുതുടങ്ങിയാൽ ഇല്ലാത്തപൊല്ലാപ്പാക്കും .കോൺഗ്രസ്സിലേയും മുസ്ലീലീഗിലെയും കേരളകോൺഗ്രസ്സിലെയും എത്രപേർ സ്വന്തമായ് ബിസ്സിനസ്സും സ്വകാര്യസ്ഥാപനങ്ങളും നടത്തുന്നു.എന്നിട്ട് ഇവർക്കാർക്കും അവരുടെ സ്വന്തം പാർട്ടിക്കു വേണ്ടി കുറച്ചാൾക്കാരെ സംഘടിപ്പിച്ച് ഏതെങ്കിലും സ്ഥാപനം തുടങ്ങാനോ അവരുടെ പാർട്ടിക്കാർക്കെങ്കിലും ഒരു വരുമാനം കിട്ടുന്ന പണികൊടുക്കാനോ കഴിഞ്ഞോ.അവരു പിരിച്ചാൽ സ്വന്തം പോക്കറ്റു വീർക്കും അത്രതന്നെ.എന്റെ അഭിപ്രായത്തിൽ എല്ലാ രാഷ്ടീയക്കാരും ഇത്തരത്തിൽ ഹോസ്പിറ്റലും കോളേജും പാർക്കും സഹകരണസ്ഥാപനങ്ങളും തുടങ്ങട്ടെ അവരുടെ പാർട്ടിക്കാർക്കോ സ്വന്തക്കാർക്കൊ ആർക്കെങ്കിലുമൊക്കെ കുറച്ചു ജോലിയെങ്കിലും കിട്ടുമല്ലോ.സി പി എം ഇൽ എതിർക്കപെടേണ്ടവയുണ്ട് എന്നാലെന്തു ചെയ്യ്താലും ഈ കുശുമ്പ് നല്ലതാണോ.ഞങ്ങളും ചെയ്യില്ല അവരെകൊണ്ടു ചെയ്യിക്കുകയുമില്ലയെന്നത് ശരിയാണോ..ഈ പറയുന്നവർക്കും ഇതൊക്കെയാവും ചെയ്യ്ത് കാണിക്കട്ടെ ..അല്ലാതെ മതമേലാളമാരുടെ കാലുനക്കി നടക്കുകയല്ല വേണ്ടത്...

    ReplyDelete
    Replies
    1. സുഹൃത്തേ. താങ്ങള്‍ പറഞ്ഞത് ശെരി തന്നെ. പക്ഷെ ഇതേ മുതലാളിമാര്‍ അല്ലെ സ്വാശ്രയത്തിന്റെ പേരില്‍ കേരളത്തില്‍ അങ്ങോളം ഇങ്ങോളം സമരം ചെയ്തത്. എത്ര പേരുടെ പടിപ്പു മുടക്കി. എത്ര പേര്‍ കളഞ്ഞിട്ടു മറുനാട്ടില്‍ പൊയ് ചേര്‍ന്. നഷ്ടപെട്ടത് എന്തെങ്ങിലും തിരിച്ചു നല്‍കാന്‍ ഇവര്കാകുമോ. കൂതുപരംബില്‍ നഷ്ടപെട്ട 5 ജീവന് ഇവര്‍ എന്ത് വില കല്പിക്കുന്നു?

      Delete
  5. ഇഷ്ടമില്ലാത്തച്ചി തൊട്ടതെല്ലാം കുറ്റം. (മറ്റ് അച്ചിമാരൊക്കെ ബഹുജോര്‍)

    ReplyDelete
  6. ആയുര്‍വേദ മസാജ് പാര്‍ലര്‍, ജനകീയ ബാറുകള്‍ എന്നിവയും തുടങ്ങും , നിങ്ങള്‍ക്കെന്താ സുകുമാരാന്‍ ചേട്ടാ കണ്ണുകടി , കൊണ്ഗ്രസുകാര്‍ക്ക് ഇതൊന്നും പറ്റില്ല അവര്‍ക്ക് പാരവയ്പ് മാത്രം പറ്റും ഒരു കോണ്ഗ്രസ് ഭവന്‍ ആകെക്കൂടി മുരളി വിചാരിച്ചത് കൊണ്ട് നടന്നു അതോടെ മുരളിക്ക് കഷ്ടകാലവും തുടങ്ങി എന്നാല്‍ സീ പീ എം അങ്ങിനെയല്ല ഇതൊക്കെ ഈ പാര്‍ട്ടിക്ക് മാത്രമേ പറ്റു,അസൂയ പാടില്ല , തെറ്റ് പറ്റാത്തത് ഇപ്പോള്‍ പിറന്നു വീണ കുട്ടിക്ക് മാത്രമാണ് , തെറ്റ് പറ്റും പാര്‍ട്ടി അത് തിരുത്തും പിന്നെയും തെറ്റ് പറ്റും പിന്നെയും തിരുത്തും , നിങ്ങള്‍ക്ക് ഈ പാര്‍ട്ടിയെ പറ്റി ഒരു ചുക്കും അറിയില്ല കണ്ണുകടി അത്ര തന്നെ

    ReplyDelete
  7. ആസ്തിയുടെയും ബിസിനസ്സ് സ്ഥാപങ്ങളുടെയും പിന്‍‌ബലത്തില്‍ ഒരു രാഷ്ട്രീയപ്രസ്ഥാനത്തെ ഏറെക്കാലം എന്തായാലും നടത്തിക്കൊണ്ടുപോകാന്‍ കഴിയില്ല.

    ReplyDelete
  8. അസൂയപ്പെട്ടിട്ടുകാര്യമില്ല. താല്പര്യമുള്ളവർക്കൊക്കെ ആകാം.ഇത്തരം മേഖലകളിൽ ഇടപെടുകയേ മാർഗ്ഗമുള്ളൂ. കൈരളി ചാനൽ തുടങ്ങാതെ ചാനൽ ഇപ്പോഴും വിരോധവും പറഞ്ഞിരിന്നെങ്കിൽ ഇപ്പോൾ മനോരമാദി ചാനലുകൾ പറയുന്നതൊക്കെ അതേപടി പാർട്ടിസഖാക്കളും വിഴുങ്ങിക്കൊണ്ടിരിക്കേണ്ടി വന്നേനേ! പത്രത്തിന്റെ കാര്യവും അതേ. പിന്നെ സി.പി.എം സംരംഭങ്ങൾ ചാരിറ്റബിൾ സൊസൈറ്റികളെങ്കിലുമാണല്ലോ. വ്യക്തിഗതമല്ലല്ലോ. സി.പി.എം ഏതെങ്കിലും തരത്തിലുള്ള ആസ്തികൾ ഉണ്ടാക്കുന്നതിനെ എതിർക്കുന്നതിന്റെ മന:ശാസ്ത്രം നമുക്കറിയാം. കുറച്ച്പേർക്ക് തൊഴിലൊക്കെ കിട്ടട്ടെന്നേ.

    വിപ്ലവം ഇന്ത്യൻ സാഹചര്യത്തിൽ ഇനിയും അകലെത്തന്നെന്ന് വിശ്വസിക്കേണ്ടിവരുന്ന യാഥാർത്ഥ്യങ്ങൾ ഇന്ത്യയിലുണ്ട്. ഗർഭിണികളെക്കൊന്ന് കുടൽമാല പുറത്തെടുക്കുന്ന വർഗ്ഗീയഫാസിസ്റ്റുകളുടെ നാട്ടിൽ വിപ്ലവം അല്പം അകലെത്തന്നെയാണ്. അതുവരെ വിപ്ലവപ്രസ്ഥാനങ്ങൾക്കു പിടിച്ചു നിൽക്കാൻ ഒരുപാട് കാര്യങ്ങൾ ചെയ്യേണ്ടിവരും. ഇഷ്ടമുള്ളതും ഇല്ലാത്തതുമൊക്കെ. പ്രതിരോധത്തിന്റെ മാർഗ്ഗം എപ്പോഴും ഒരുപോലെ ആകണമെന്നില്ലല്ലോ.

    ReplyDelete
  9. ഏതോ സിനിമയിൽ പറയുന്നതുപോലെ മൊടകണ്ടാൽ എടപെടും....അല്ല എടപെട്ടുപോയി.....! ഇനി പിന്തിരിപ്പിക്കാനാകില്ല.

    ReplyDelete
  10. ഒരു രാഷ്ട്രീയ പ്രസ്ഥാനം , കൊല്ലെജോ , ആശുപത്രിയോ അതല്ല സൂപ്പര്‍ മാര്‍ക്കട്ടോ അതല്ല തുനിക്കടയോ തുടങ്ങുന്നെങ്കില്‍ നല്ല കാര്യമാണ് . ഇതൊക്കെ ജനങ്ങള്‍ക്ക്‌ ആവശ്യമുള്ള കാര്യങ്ങള്‍ ആണല്ലോ .. ആകെ വിമര്‍ശന വിധേയമാക്കേണ്ടത് അവിടെ ഈടാക്കുന്ന വില . നിരക്ക് എന്നിവ ഇതര സ്ഥാപങ്ങലെക്കാള്‍ കുറവാണോ എന്നത് മാത്രമാണ് . എങ്കില്‍ നല്ലത് തന്നെ .. കാരണം കൊമ്പെടിശന്‍ കൂട്ടാനും നിരക്കുകളുടെ വര്‍ദ്ധനവിന് തടയിടാനും സാധിക്കും .. ഇവര്‍ അത് ചെയ്യുന്നുണ്ടോ എന്ന് എനിക്കറിയില്ല .! അവര്‍ അതു ചെയ്യണം എന്നാണു എനിക്ക് പറയാന്‍ ഉള്ളത് ..കൂടുതല്‍ സ്വാശ്രയ സ്ഥാപങ്ങള്‍ പാര്‍ട്ടി തുടങ്ങുകയും അവിടെ കുറഞ്ഞ ഫീസില്‍ അധ്യയനം സാധ്യമാക്കുകയും വേണം. അതാണ്‌ ഈ സമൂഹത്തിനു ഒരു സാമൂഹ്യ പ്രസ്ഥാനം കൊണ്ട് ലഭിക്കാവുന്ന എട്ട്ടവും വലിയ നേട്ടം . പക്ഷെ... നിരക്കിന്റെ കണക്കുകള്‍ ആരെങ്കിലും വിശദമാക്കിയാല്‍ നന്ന് .

    ReplyDelete
    Replies
    1. സ്വകാര്യ മുതലാളിമാരുടെ ചൂഷണത്തില്‍ നിന്നും കൊള്ളലാഭം എടുക്കുന്നതില്‍ നിന്നും ജനങ്ങള്‍ക്ക് ഒരു പരിധി വരെ പരിരക്ഷ നല്‍കാന്‍ വേണ്ടിയാണ് സഹകരണ പ്രസ്ഥാനം രൂപം കൊണ്ടത്. സഹകരണ പ്രസ്ഥാനങ്ങളില്‍ ഓഹരി ഉടമകളായ സാധാരണക്കാര്‍ തന്നെയാണ് അതിന്റെ ഉടമസ്ഥര്‍ എന്നാണ് സങ്കല്പം. സഹകരണ സംഘത്തിന്റെ ലാഭവും നഷ്ടവും അതിന്റെ ഓഹരി ഉടമകള്‍ക്ക് തന്നെ. ലാഭം ഇല്ലെങ്കില്‍ പോലും അംഗങ്ങള്‍ക്ക് ചൂഷണത്തില്‍ നിന്ന് മോചനം നല്‍കി ഒരു സഹകരണ പ്രസ്ഥാനം നഷ്ടത്തില്‍ അല്ലാതെ നടന്നുപോയാല്‍ മതി. സഹകരണ പ്രസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടിയാണ് പ്രവര്‍ത്തന മൂലധനം സ്വരൂപിക്കാന്‍ സര്‍ക്കാരും ഓഹരി എടുക്കുന്നത്. എന്നാല്‍ സഹകരണ സംഘങ്ങള്‍ രാജ്യത്ത് ഓരോ പ്രദേശത്തും സ്വാധീനമുള്ള രാഷ്ട്രീയപാര്‍ട്ടികളുടെ കൈവശം വന്നു ചേര്‍ന്നപ്പോള്‍ അവ ജനങ്ങള്‍ക്ക് അപ്രാപ്യമാവുകയും രാഷ്ട്രീയപാര്‍ട്ടികളുടെ കറവപ്പശു ആവുകയും ചെയ്തു. ജനറല്‍ ബോഡിയില്‍ പങ്കെടുക്കുകയോ തെരഞ്ഞെടുപ്പ് വരികയാണെങ്കില്‍ വോട്ട് ചെയ്യലോ മാത്രമായി ജനങ്ങളുടെ പങ്കാളിത്തം ചുരുങ്ങിപ്പോയി. ഇപ്പോള്‍ സഹകരണ സംഘങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാറുമില്ല. എന്തെന്നാല്‍ ഏത് പാര്‍ട്ടിയുടെ കൈവശമാണോ ഒരു സഹകരണ സംഘം ഉള്ളത് ആ പാര്‍ട്ടി അതിന്റെ അനുഭാവികള്‍ക്ക് മാത്രം മെമ്പര്‍ഷിപ്പ് കൊടുക്കുകയും മറ്റ് പാര്‍ട്ടിക്കാര്‍ക്ക് അംഗത്വം നിഷേധിക്കുകയും ചെയ്തുവരുന്നു. അങ്ങനെ യഥാര്‍ഥ ഉപഭോക്താക്കള്‍ ആകേണ്ടിയിരുന്ന ജനങ്ങള്‍ ഇന്ന് സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് പുറത്താണ്. പാര്‍ട്ടിക്കാര്‍ കുറെ പാര്‍ട്ടി അനുഭാവികളെ മെമ്പര്‍മാരായി ചേര്‍ത്ത പുതിയ പുതിയ സഹകരണ സൊസൈറ്റികള്‍ തുടങ്ങിക്കൊണ്ടിരിക്കുന്നുമുണ്ട്. അതൊക്കെ അതാത് പാര്‍ട്ടികളുടെ താല്പര്യത്തിന് വേണ്ടി മാത്രം. ചുരുക്കത്തില്‍ ജനങ്ങളെ ചൂഷണത്തില്‍ നിന്ന് രക്ഷിക്കാന്‍ സഹായകമാവുമായിരുന്ന ഒരു മഹത്തായ പ്രസ്ഥാനം ഇന്ന് ജനങ്ങള്‍ക്ക് അന്യമായിപ്പോയി.

      മറ്റ് പാര്‍ട്ടികള്‍ക്കെന്ന പോലെ സി.പി.എമ്മിനും സഹകരണ സൊസൈറ്റികള്‍ ഉണ്ട്. പല സ്ഥാപനങ്ങളും അവരും നടത്തിവരുന്നു. ഉദാഹരണത്തിന് ആശുപത്രികളും. അവയിലൊന്നും മറ്റ് സ്വകാര്യ സ്ഥാപനങ്ങളില്‍ ഉള്ളതിനേക്കാള്‍ നിരക്കുകള്‍ കുറവ് അല്ല. ഉദാഹരണത്തിന് കണ്ണൂരില്‍ തൊട്ടടുത്താണ് ഏ.കെ.ജി.സ്മാരക സഹകരണ ഹോസ്പിറ്റലും കൊയിലി ഹോസ്പിറ്റലും. കൊയിലി ഹോസ്പിറ്റലിനേക്കാളും നിരക്ക് കുറവ് ഏ.കെ.ജി.യില്‍ ഇല്ല. അങ്ങനെയാണ് ഏത് സഹകരണ സംരംഭങ്ങള്‍ എടുത്ത് നോക്കിയാലും. ക്യാ‍പിറ്റലിസത്തിനും ഊട്ടോപ്യന്‍ സോഷ്യലിസത്തിനും ഇടയില്‍ പകരം വയ്ക്കാവുന്ന ഉദാത്തവും പ്രായോഗകവും ആയ ഒരു ആശയമായിരുന്നു സഹകരണ പ്രസ്ഥാനം എന്നത്. എന്നാല്‍ ഇന്ത്യയില്‍ അനേകം രാഷ്ട്രീയപാര്‍ട്ടികള്‍ ഈ ആശയത്തെ ഹൈജായ്ക്ക് ചെയ്ത് സ്വന്തം പാര്‍ട്ടി താല്പര്യത്തിന് വേണ്ടി മാത്രം ഉപയോഗപ്പെടുത്തുന്നു.

      സഹകരണ പ്രസ്ഥാനത്തിന്റെ സാധ്യതകള്‍ വേണ്ടുവോളം പ്രയോജനപ്പെടുത്തുന്ന സി.പി.എം. പുതുതായി തുടങ്ങുന്നത് ചാരിറ്റബിള്‍ സൊസൈറ്റി ആക്റ്റ് പ്രകാരം റജിസ്റ്റര്‍ ചെയ്യുന്ന സ്വകാര്യ ട്രസ്റ്റുകളാണ്. എന്ത്കൊണ്ടാണ് ഇങ്ങനെ ചാരിറ്റബിള്‍ സൊസൈറ്റി/ട്രസ്സ് തുടങ്ങുന്നത്? അവയില്‍ സര്‍ക്കാര്‍ ഇടപെടില്ല. അവ സ്വന്തം നിയമാവലിയും മെമ്മോറാണ്ടം ഓഫ് അസോസിയേഷനും ഉണ്ടാക്കി പ്രവര്‍ത്തിക്കുന്നു. ഒരു ഓഡിറ്റിനും അവ വിധേയമല്ല. ഒരു പിടി നേതാക്കന്മാര്‍ മാത്രമായിരിക്കും അംഗങ്ങള്‍. ഇത്ര അംഗങ്ങള്‍ മാത്രമേ പാടുള്ളൂ എന്ന് നിയമാവലിയില്‍ അംഗത്വം പരിമിതപ്പെടുത്താം. ഇതില്‍ ഒരു തട്ടിപ്പ് ഉണ്ട്. ഉദാഹരണത്തിന് കണ്ണൂരില്‍ നായനാര്‍ അക്കാദമി നിര്‍മ്മിക്കുന്നു. അതിനാവശ്യമായ സ്ഥലം, മൂന്നര ഏക്കര്‍ വിലയ്ക്ക് വാങ്ങാന്‍ പാര്‍ട്ടി ബക്കറ്റ് പിരിവ് നടത്തി ആറര കോടി സ്വരൂപിക്കുന്നു. കെട്ടിടം നിര്‍മ്മിക്കാനും ഫണ്ട് പിരിക്കുന്നുണ്ടാവുമല്ലൊ. ഈ അക്കാദമിയുടെ ഉടമസ്ഥത ആര്‍ക്കാണ്. അണികള്‍ വിചാരിക്കും പാര്‍ട്ടിക്ക് എന്ന്. എന്നാല്‍ സ്ഥലവും കെട്ടിടവും റജിസ്റ്റര്‍ ചെയ്യുക ട്രസ്റ്റിന്റെ പേരിലാണ്. അതായത് ആ അക്കാദമി ഒരു ട്രസ്റ്റിന് സ്വന്തമാണ്. അത്പോലെയാണ് കോഴിക്കോട് എം-ഡിറ്റും ഉണ്ടാവുക. പാര്‍ട്ടിയുടെ പേരില്‍ സംരംഭങ്ങള്‍ റജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ല. അതാണ് ഞാന്‍ പറയുന്നത്, പാര്‍ട്ടി പൊളിഞ്ഞാലും നേതാക്കള്‍ക്ക് സ്വകാര്യസ്വത്തായി ഇമ്മാതിരി സ്വകാര്യ സൊസൈറ്റികള്‍ ഉണ്ടാവുമെന്ന്.

      Delete
    2. ജങ്ങളോടുള്ള സ്നേഹവും സാമൂഹ്യപ്രതിബദ്ധതയും കൊണ്ടാണ് എം-ഡിറ്റ് സ്വാശ്രയ എഞ്ചിനിയീറിങ്ങ് കോളേജ് ആരംഭിക്കുന്നതെങ്കില്‍ എന്ത്കൊണ്ട് അത് സഹകരണ മേഖലയില്‍ തുടങ്ങുന്നില്ല? സ്വാശ്രയ വിദ്യാഭ്യാസ സമ്പ്രദായത്തെ എതിര്‍ത്തുകൊണ്ട് നിരന്തരം സമരം നടത്തി കേരളത്തെ കുറെക്കാലം കലാപഭൂമിയാക്കിയിരുന്നു സി.പി.എം. എന്ന് ഓര്‍ക്കണം. ഇപ്പോള്‍ പറയുന്നു, ജനങ്ങളെ സഹായിക്കാന്‍ ഞങ്ങളും സ്വാശ്രയ കോളേജ് ആരംഭിക്കുന്നു എന്ന്. അപ്പോള്‍ മുന്‍പ് സമരം നടത്തിയതോ? ഓരോ സമയത്തും ഓരോ നിലപാട് എടുക്കുമ്പോഴൊക്കെ അതിന്റെ അനുഭാവികള്‍ക്ക് ഇങ്ങനെ ഓരോ ന്യായീകരണം കണ്ടെത്തി പറയാന്‍ കഴിയും. ആ മിടുക്ക് പക്ഷെ ഒരു തരം കാപട്യവും വഞ്ചനയുമാണ്. കാരണം ഇപ്പോഴും സി.പി.എം. പറയുന്നത് തങ്ങള്‍ ഒരു വിപ്ലവപാര്‍ട്ടിയാണെന്നും സോഷ്യലിസം നടപ്പാക്കലാണ് പരിപാടി എന്നുമാണ്. ഒരു പ്രസ്ഥാനം എങ്ങനെയാണോ വര്‍ക്ക് ഔട്ട് ആകുന്നത്, അതിന് പറ്റിയ പ്രവര്‍ത്തകരാണ് അതിലേക്ക് കടന്നുവരിക. സി.പി.എം. ഒരു ബിസിനസ്സ് പ്രസ്ഥാനമാകുമ്പോള്‍ അതിന് തക്ക ആളുകളാണ് അതിന്റെ നേതൃത്വത്തിലും എല്ല്ലാ തട്ടിലും ഉണ്ടാവുക. വിപ്ലവത്തിനുള്ള പശ്ചാത്തലം ഒരുക്കാനോ വര്‍ഗ്ഗസമരം മൂര്‍ച്ഛിപ്പിക്കാനോ സന്നദ്ധതയുള്ള ആളുകള്‍ അതിന് പറ്റിയ പ്രസ്ഥാനത്തിലേക്കല്ലേ പോകൂ. രാഷ്ട്രീയപാര്‍ട്ടി എന്ന് പറഞ്ഞാല്‍ അത് രാഷ്ട്രീയപാര്‍ട്ടിയുടെ പണിയാണ് എടുക്കേണ്ടത്. കച്ചവടക്കാര്‍ കച്ചവടവും. എല്ലാ പാര്‍ട്ടിക്കാരും ഇത് പോലെ കച്ചവടം തുടങ്ങിയാല്‍ നമ്മുടെ ജനാധിപത്യത്തിന്റെ ഗതി എന്താകും? പാര്‍ട്ടി വന്‍ ബിസിനസ്സ് നടത്തുന്നത് ശരിയാണ് എന്ന് പറയുന്നവര്‍ ആ പാര്‍ട്ടിയുടെ മാത്രമല്ല രാഷ്ട്രീയത്തിന്റെ കൂടി ശത്രുക്കളായ അരാഷ്ട്രീയവാദികളാണ്. രാഷ്ട്രീയം വേറെ,ബിസിനസ്സ് വേറെ. അന്ധമായ സി.പി.എം. വിധേയത്വം നിമിത്തമാണ് ചിലര്‍ക്ക് അത് മനസ്സിലാവാത്തത്.

      പാര്‍ട്ടി ബിസിനസ്സ് നടത്തുന്നത്കൊണ്ട് പാര്‍ട്ടിക്കാരുടെ സാമ്പത്തിക അഴിമതികള്‍ ഇപ്പോള്‍ കുറേശ്ശെയായി അങ്ങിങ്ങ് പുറത്ത് വരുന്നുണ്ട്. പണം സമ്പാദിക്കാന്‍ എളുപ്പവഴി പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കലാണെന്ന് കരുതുന്നവരുടെ എണ്ണം കൂടി വരുന്നുണ്ട്. ബാങ്ക് പ്രസിഡണ്ട് തന്നെ നബാര്‍ഡ് തരുന്ന നാല് ശതമാനത്തിന്റെ വായ്പ പ്രയോജനപ്പെടുത്തി ഒരു ലക്ഷം തന്റെയും ഭാര്യയുടെയും പേരില്‍ എടുത്ത് അതേ ബാങ്കില്‍ ഫിക്സ്ഡ് ഡിപ്പോസിറ്റില്‍ നിക്ഷേപിക്കുന്നു. ഒരു കൊല്ലം കഴിഞ്ഞാല്‍ ഫിക്സ്ഡ് ഡിപ്പോസിറ്റിന് 10ശതമാനം പലിശ കിട്ടും. അതായത് കൈ നനയാതെ കൊല്ലത്തില്‍ ആറായിരം രൂപ വെറുതെ കിട്ടുന്നു. ഇമ്മാതിരി സംഭവങ്ങള്‍ ഒരുപാട് ഉണ്ട്. പാര്‍ട്ടിയും പാര്‍ട്ടിക്കാരും ഇങ്ങനെ ആസ്തി ഉണ്ടാക്കുമ്പോള്‍ രാഷ്ട്രീയപാര്‍ട്ടി എന്ന അസ്തിത്വമാണ് അതിന് ക്രമേണ നഷ്ടപ്പെടുക.

      വിമര്‍ശനങ്ങളെ തൊടുന്യായം കൊണ്ട് പ്രതിരോധിക്കുന്നത് ഒരു മിടുക്ക് അല്ല എന്ന് വാസു മനസ്സിലാക്കണം. ഞാന്‍ പറയുന്നത് ആ പാര്‍ട്ടിയെ നന്നാക്കാനല്ല. കമ്മ്യൂണിസം തകര്‍ന്ന് കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അധികാ‍രത്തോടും സമ്പത്തോടും അടങ്ങാത്ത ആര്‍ത്തിയുള്ള ഒരു വിഭാഗം ആളുകള്‍ കമ്മ്യൂണിസം എന്ന ദര്‍ശനത്തെ വ്യഭിചരിക്കുന്നു എന്നത്കൊണ്ടാണ് ഞാന്‍ അങ്ങനെ ആഗ്രഹിക്കുന്നത്. പാര്‍ട്ടി ബിസിനസ്സിനെ ന്യായീകരിക്കുന്നവരും ആ പാര്‍ട്ടിയെ തകര്‍ക്കാന്‍ തന്നെയാണ് ശ്രമിക്കുന്നത്. എന്തെന്നാല്‍ രാഷ്ട്രീയപാര്‍ട്ടി ജനങ്ങളുടെ ഉപകരണം ആകേണ്ടതാണ്. ജനങ്ങള്‍ നല്‍കുന്ന സംഭാവന മാത്രമേ അതിന് വരുമാന മാര്‍ഗ്ഗമാകാവൂ. ഇത് പറയുമ്പോള്‍ വാസു, കോണ്‍ഗ്രസ്സോ എന്ന് ചോദിക്കാന്‍ ആയുന്നത് ഞാന്‍ മനസ്സില്‍ കാണുന്നുണ്ട്. അങ്ങനെ ചോദിച്ചാല്‍ തീര്‍ന്നല്ലോ അല്ലേ :)

      Delete
    3. "ഇത് പറയുമ്പോള്‍ വാസു, കോണ്‍ഗ്രസ്സോ എന്ന് ചോദിക്കാന്‍ ആയുന്നത് ഞാന്‍ മനസ്സില്‍ കാണുന്നുണ്ട്. അങ്ങനെ ചോദിച്ചാല്‍ തീര്‍ന്നല്ലോ അല്ലേ :)"

      അതിനു ഞാന്‍ ചോദിച്ചില്ലല്ലോ ..ചോദിക്കുന്നതിനു മുന്‍പേ ചോദിക്കും എന്ന് ഇങ്ങനെ മനസ്സില്‍ കാണുന്നത് കൊണ്ടാണ് കുഴപ്പം !! ഹ ഹ !
      പിന്നെ ഇവിടെ തൊടുംന്യായം ഒന്നും പറഞ്ഞില്ലല്ലോ .. പറഞ്ഞത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് . ഇപ്പോഴത്തെ ഇന്ത്യയില്‍ നടന്നു വരുന്ന മുതലാളിത പ്രക്രിയ കൊണ്ട് സ്വാഭാവിക റിപ്പില്‍ എഫ്ഫക്റ്റ്‌ ഉണ്ടായിട്ടില , ഉണ്ടാകുന്നുമില്ല .. അങ്ങനെ വരുമ്പോള്‍ , മുതലാളിത വികസനത്തിന്റെ ഭാഗമാകാന്‍ സാധിക്കാത്ത നല്ലൊരു വിഭാഗം ജനങ്ങള്‍ക്ക്‌ കുറഞ്ഞ ചിലവില്‍ സാധനങ്ങളോ , സേവനങ്ങളോ , വിദ്യഹ്യാസമോ ലഭ്യാകുക എന്ന് വരികില്‍ അത് ഏറ്റവും നല്ല കാര്യം .

      കംയുനിസ്ടുകാരെ തകര്‍ക്കുകയോ , വളര്‍ത്തുകയോ അല്ല , സമൂഹത്തില്‍ പ്രത്യക്ഷമായും ഗുണപരമായി ആര്‍ക്കെങ്ങിലും അവരുടെ ചെയ്തികളുടെ പ്രയോജനം അനുഭവപ്പെടുമോ എന്നതാണ് എന്റെ താത്പര്യം .. ഇവര്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ നിരക്കുകള്‍ കുറവാണ് എങ്കില്‍ അത് സ്വാഗതാര്‍ഹം തന്നെ . അത് കൊണ്ട് കമ്യുണിസ്റ്റ് പാര്‍ട്ടിക്ക് മൈലേജു കിട്ടുകയോ ധന സമ്പത്ത് വര്‍ധിക്കുകയോ ചെയ്യുന്നത് അത്ര വലിയ പ്രശ്നമാണ് എന്ന് തോന്നുന്നില്ല

      കംയുന്സിറ്റ് ദര്‍ശനതോട് എനിക്ക് വലിയ പ്രതിപത്തിയില്ല എന്നും പറഞ്ഞു കൊള്ളട്ടെ - അത് മാനവികത ലക്ഷ്യമാക്കുന്നു എങ്കിലും , മനുഷ്യനെ അലന്നതില്‍ പിഴവ് പറ്റിയ ഒരു ദര്‍ശനമാണ് . .അത് കൊണ്ട് കമ്യുണിസ്റ്റ് പരിശ്ദ്ധത എന്നെ ആകര്‍ഷിക്കുകയോ ,എ ത്തിന്റെ അപചയം എന്റെ ഉറക്കം കേടുത്തുകയോ ചെയ്യുന്നില്ല ..പക്ഷെ സമൂഹത്തില്‍ അവര്‍ കൊണ്ടുടായിട്ടുള്ള ഗുണത്തെയും ദോഷതെയും പട്ടി ഞാന്‍ ബോധവാന്‍ ആണ് . അവരുടെ പുതിയ ചെയ്തികളെയും സമൂഹത്തില്‍ ഗുനപരമാണോ അല്ലയോ എന്ന് നോക്കിയേ എനിക്ക് വിലയിരുത്താന്‍ സാധിക്കുകയുള്ളൂ .. അക്കാരണം കൊണ്ട് തന്നെ ഞാന്‍ അറിയാന്‍ ആഗ്രഹിക്കുന്നത് ഇവര്‍ ഈടാക്കുന്ന നിരക്കുകളെ പറ്റിയാണ് !

      :)

      Delete
    4. മറുപടി വാസുവിനോട് പറയുന്നു എന്ന വ്യാജേന മറ്റുള്ളവര്‍ക്കും കൂടി വേണ്ടി എഴുതിയതാണ് മേല്‍ക്കമന്റ്:) മാര്‍ക്സിസ്റ്റുകാരുടെ കച്ചവടപീടികകളില്‍ നിരക്ക് കുറവാണോ എന്നത് എനിക്ക് വിഷയമല്ല. വായനശാലകള്‍ പിടിച്ചെടുത്ത് ഓണച്ചിട്ടികളും കല്യാണപന്തല്‍ വാടകക്യ്ക്ക് കൊടുക്കലും മറ്റും നടത്തിയാണ് അവര്‍ കച്ചവടത്തിന് തുടക്കമിട്ടത്. അത് ഇപ്പോള്‍ വന്‍ ബിസിനസ്സ് സാമ്രാജ്യമായി മാറി. കണ്ണൂര്‍ മാതൃകയാണിത്. അതിപ്പോള്‍ സംസ്ഥാനം മൊത്തം മാതൃകയാക്കുന്നു എന്നുമാത്രം. കണ്ണൂര്‍ക്കാരാണല്ലൊ മാര്‍ക്സിസ്റ്റുപാര്‍ട്ടിയുടെ മൊതലാളിമാരും യജമാന്മാരും. ഞാന്‍ പറഞ്ഞല്ലൊ, ക്യാപിറ്റലിസത്തില്‍ ജനങ്ങള്‍ക്ക് പരിരക്ഷ നല്‍കാന്‍ ഉപകരിക്കുന്ന ഒരേയൊരു പോംവഴി സഹകരണ പ്രസ്ഥാനമാണ്. ആ പ്രസ്ഥാനത്തെ ഇന്ത്യയിലെ പാര്‍ട്ടികള്‍ പങ്കിട്ടെടുത്തു. ഇനി പറഞ്ഞിട്ട് ഫലമില്ല. ഞാന്‍ അക്കാര്യം പറയുമ്പോള്‍ വാസുവിന് അതിനെ പറ്റി മിണ്ടാട്ടമില്ല. പിന്നെയും പറയുന്നു മാര്‍ക്സിസ്റ്റുകാരുടെ കടകളില്‍ നിരക്ക് കുറവാണോ എന്നാണ് അറിയേണ്ടത് എന്ന്. അവര്‍ തുടങ്ങുന്ന പീടികകള്‍ എല്ല്ലാം ലാഭം ഉണ്ടാക്കാന്‍ പറ്റുന്നത് മാത്രമാണ്. വിസ്മയ അമ്യൂസ്മെന്റ്മെന്റ് , കണ്ടല്‍‌പാര്‍ക്ക് സ്വാശ്രയ എഞ്ചിനീയറിങ്ങ് കോളേജ് ഇത്യാദി. ഇവയിലൊക്ക നിരക്ക് കുറഞ്ഞാലോ കൂടിയാലോ എന്ത്. ശരി വാസു നിരക്ക് അന്വേഷിക്ക് :)

      Delete
    5. @ kpsukumaran നിങ്ങളുടെ ഈ മാര്‍ക്സിസ്റ്റ്‌ വിരുദ വയറിളക്കം മാറാതെ ഒരു വിഷയത്തെ കുറിച്ചും വലിച്ചു നീട്ടി എഴുതിയിട്ട കാര്യമില്ല ! ഇതൊരു വിഷയത്തില്‍ തൊട്ടാലും താങ്കളുടെ ലക്‌ഷ്യം മാര്‍ക്സിസ്റ്കാരെ പരിഹസിക്കുക എന്നത് തന്നെയാണ് .ഒരു മഞ്ഞ പത്രക്കാരന്റെ , ഒരു നൂരന്കിട കോണ്‍ഗ്രസ്‌ നേതാവിന്റെ നിലവാരത്തില്‍ നിന്ന് താങ്കള്‍ എഴുതിവിടുന്നവ ഒരു പക്ഷെ താങ്കളെ തൃപ്തിപ്പെടുതുന്നുന്ദവം,
      പക്ഷെ ഒന്ന് പറഞ്ഞു കൊള്ളട്ടെ .,.ഇത് പരമ ബോറാണ്................

      Delete
    6. മാര്‍ക്സിസ്റ്റുകാര്‍ക്ക് സകലതിനോടും വിരുദ്ധവയറിളക്കമുണ്ടല്ലോ രാമചന്ദ്രാ? രാമചന്ദ്രന്റെ മേല്‍ക്കമന്റ് അസഹിഷ്ണുതാപസ്മാര ലക്ഷണമാണെന്ന് ഞാന്‍ മാര്‍ക്സിസ്റ്റ് ഭാഷയില്‍ ആരോപിച്ചാലോ? സകലതിനെയും കയറി മാര്‍ക്സിസ്റ്റുകാര്‍ വിമര്‍ശിക്കുമ്പോള്‍ തങ്ങളുടെ നേരെ ഉയരുന്ന വിമര്‍ശനങ്ങളെ അസഹിഷ്ണുതയോടെയാണ് കമ്മ്യൂണിസ്റ്റുകാര്‍ സമീപിക്കാറുള്ളത്. കമ്മ്യൂണിസം തകരുന്നതിന്റെ കാരണങ്ങളില്‍ ഒന്ന് ഈ അസഹിഷ്ണുതതയാണ്. പരമ ബോറാണ് എന്ന് പറഞ്ഞാല്‍ ആയോ? ഞാന്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് വല്ല മറുപടിയുമുണ്ടോ? എന്റെ ഈ ലേഖനം വായിച്ച ചില മാര്‍ക്സിസ്റ്റുകാരെങ്കിലും പാര്‍ട്ടി സഹകരണ പ്രസ്ഥാനം കൈയൊഴിഞ്ഞ് ചാരിറ്റബിള്‍ സൊസൈറ്റിയിലേക്ക് പ്രവേശിച്ചതിന്റെ അപകടം മനസ്സിലാക്കിയിട്ടുണ്ട്. ഈ മാറ്റം പൊതുവെ മാര്‍ക്സിസ്റ്റ് അണികള്‍ അറിഞ്ഞിരുന്നില്ല.

      Delete