Pages

രാഷ്ട്രീയവും അരാഷ്ട്രീയവും

ഇന്ന് രാവിലെ തന്നെ ഫെയിസ് ബുക്കില്‍ എഴുതിയ ഒരു കമന്റ് :


എന്താണ് രാഷ്ട്രീയം?  ഏതെങ്കിലും ഒരു പാര്‍ട്ടിയില്‍ വിശ്വസിച്ച് , സ്വന്തം ചിന്താശക്തി പാര്‍ട്ടി നേതൃത്വത്തിന് അടിയറ വെച്ച് ആ പാര്‍ട്ടിയുടെ നേതാവ് എന്താണോ പറയുന്നത് അത് സ്വന്തം അഭിപ്രായമാക്കുകയും ആ പാര്‍ട്ടിക്കും ആ പാര്‍ട്ടി ഉള്‍പ്പെടുന്ന മുന്നണിക്കും എതിര്‍പക്ഷത്തുള്ള പാര്‍ട്ടികളും മുന്നണിയും മുന്നോട്ട് വെക്കുന്ന എന്തിനെയും എതിര്‍ക്കുക. താന്‍ വിശ്വസിക്കുന്ന പാര്‍ട്ടി പറയുന്നതിനപ്പുറം ഒരു കാഴ്ചപ്പാടും ഇല്ലാതിരിക്കുക അഥവാ ഉണ്ടെങ്കില്‍ തന്നെ പാര്‍ട്ടിക്ക് വേണ്ടി അത് പുറത്ത് പ്രകടിപ്പിക്കാതിരിക്കുക. ചുരുക്കത്തില്‍ ഏതെങ്കിലും ഒരു പാര്‍ട്ടിക്ക് മാനസികമായി അടിമയാവുക. ഇതാണോ രാഷ്ട്രീയം?

എന്താണ് അരാഷ്ട്രീയം? ഒരു രാഷ്ട്രീയപാര്‍ട്ടിയിലും അനുഭാവിയല്ലാതിരിക്കുക. തെറ്റും ശരിയും നോക്കി നിലപാട് സ്വീകരിക്കുക. ഏത് പാര്‍ട്ടിയുടെയും ശരിയായ നിലപാടുകളെ അംഗീകരിക്കുക. തെറ്റുകളെ വിമര്‍ശിക്കുക. പാര്‍ട്ടി വിധേയത്വത്തിന് അപ്പുറം കാര്യങ്ങളെ സ്വന്തമായി വിലയിരുത്തുക. മുന്‍‌വിധിയില്ലാതെ രാജ്യകാര്യങ്ങളെ കുറിച്ച് ചിന്തിക്കുകയും നിലപാടുകളില്‍ എത്തുകയും ചെയ്യുക. തെരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രം ആര്‍ക്ക് വോട്ട് ചെയ്യണം എന്ന് തീരുമാനിക്കുക. തന്റെ വോട്ട് തനിക്ക് സ്വതന്ത്രമായി വിനിയോഗിക്കാന്‍ ഉള്ളതാണെന്നും മറ്റേതെങ്കിലും പാര്‍ട്ടിക്ക് വില പേശാനുള്ളതല്ലെന്നും കരുതുക. ചുരുക്കത്തില്‍ എല്ലാ കാര്യത്തിലും സ്വന്തമായി അഭിപ്രായവും പൌരബോധവും ഉണ്ടാവുക. അങ്ങനെ ഒരു പാര്‍ട്ടിയിലും വിശ്വസിക്കാതിരിക്കുക. എന്നാല്‍ പ്രശ്നാധിഷ്ഠിതമായി അവസരത്തിനൊത്ത് പാര്‍ട്ടികള്‍ക്ക്  ധാര്‍മ്മികമായി പിന്തുണ നല്‍കുക. പാര്‍ട്ടികള്‍ക്ക് പ്രവര്‍ത്തകര്‍ മതി വിശ്വാസികളും വോട്ട് ബാങ്കും വേണ്ട എന്നും കരുതുക. ഇതാണോ അരാഷ്ട്രീയം?

രണ്ടിനും അതെ എന്നാണ് ഉത്തരമെങ്കില്‍ അതാണ് അരാഷ്ട്രീയം എന്ന് ഞാന്‍ പറയും. രാഷ്ട്രീയം എന്നാല്‍ ഏതെങ്കിലും പാര്‍ട്ടിക്ക് സ്വന്തം വ്യക്തിത്വം പണയം വെക്കലല്ല.  രാഷ്ട്രത്തിന്റെ കാര്യങ്ങളില്‍ സ്വതന്ത്രമായി അഭിപ്രായം ഉണ്ടാകലാണ്. നമ്മുടെ രാജ്യത്തിന്റെ ശാപം തന്നെ പാര്‍ട്ടി വിധേയത്വമോ അടിമത്വമോ ആണ്. ഇത് പക്ഷെ പാര്‍ട്ടി അടിമകള്‍ക്ക് പറഞ്ഞാല്‍ മനസ്സിലാവില്ല. അവര്‍ മറ്റ് പാര്‍ട്ടിക്കാര്‍ക്കെതിരെ അകാരണമായി കലഹിച്ചുകൊണ്ടേയിരിക്കും. എന്നാല്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് പുറത്തുള്ളവരെ ഒന്നിച്ച് അരാഷ്ട്രീയവാദി എന്ന് മുദ്രകുത്തും. അങ്ങനെ സ്വന്തം അഭിപ്രായമുള്ള പൌരസമൂഹത്തെ എതിര്‍ക്കുക എന്ന ഒറ്റക്കാര്യത്തില്‍ മാത്രം എല്ലാ പാര്‍ട്ടിക്കാരും ഐക്യപ്പെടും. മറ്റെല്ലാ സമയങ്ങളിലും അവര്‍ പരസ്പരം ശത്രുക്കളായിരിക്കും. എന്ത്കൊണ്ട് ഈ ശത്രുത എന്ന് പോലും ചിന്തിക്കാന്‍ അറിയാതെ .........

9 comments:

  1. രാഷ്ട്രീയത്തിൽ എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടെങ്കിലും അരാഷ്ട്രീയതയെ എതിർക്കുന്ന ഒരാളാണ് ഞാൻ. അരാഷ്ട്രീയത എന്നാൽ ഏതെങ്കിലും ഒരു പാർട്ടിയിൽ വിശ്വസിക്കാതിരിക്കുക എന്നതല്ല. രാഷ്ട്രീയമേ മോശമെന്നും രാഷ്ട്രീയമേ വേണ്ടെന്നും ഉള്ള വിശ്വാസം, വച്ചു പുലർത്തുന്നവരാണ് അരാഷ്ട്രീയ വാദികൾ. ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളിൽ അംഗമല്ലെന്നോ അനുഭാവി അല്ലെന്നോ കരുതി ആങ്ങനെയുള്ളവരെ എല്ലാം അരാഷ്ട്രീയ വാദികൾ എന്നു പറയാനാകില്ല. അവർ ഒരു പാർട്ടിയിലും ചേരുന്നില്ല. എന്നാൽ രാഷ്ട്രീയത്തോടും ജനാധിപത്യത്തോടും നിഷേധാത്മക സമീപനവും ഇല്ല. ഇവരെ നമുക്ക് അരാഷ്ട്രീയവാദികൾ എന്നല്ല സ്വതന്ത്ര ചിന്തകർ എന്നു വേണമെങ്കിൽ വിളീക്കാം. നിഷ്പക്ഷർ എന്നു പറയാനൊക്കില്ല. കാരണം നിഷ്പക്ഷത എന്നത് ഒരു സങ്കല്പം മാത്രമാണ്. ഓരോ അവസരത്തിലും ഓരോന്നു പറയുന്നവരാണ് യാഥാർത്ഥത്തിൽ നിഷ്പക്ഷർ. അവസരവാദികൾ എന്നും ഇവരെ വിളിക്കാൻ പറ്റില്ല. കാരണം അവസരവാദികൾ നിഷ്പക്ഷരിലും അല്ലാത്തവരിലും കാണും. ഞാൻ സൂചിപ്പിച്ച സ്വതന്ത്ര ചിന്തകർ അരാഷ്ട്രീയ വാദികൾ ആയിരിക്കില്ല. കാരണം അവർക്ക് രാഷ്ട്രീയത്തോട് വെറുപ്പൊന്നുമുണ്ടാകില്ല. രാഷ്ട്രീയത്തെ വെറുക്കുന്നവരെയാണ് അരാഷ്ട്രീയ വാദികൾ എന്നു പറയാവുന്നത്. ഈ വെറുപ്പ് ജനാധിപത്യത്തിനു ഭൂഷണമല്ല. പ്രോത്സാഹനജനകവുമല്ല. രാഷ്ട്രീയം വേണം. അതിനെ സദാ തിരുത്താനുള്ള നിരന്തരമായ പ്രക്രിയകളും നടന്നുകൊണ്ടിരിക്കണം. അത് ഇപ്പോഴും നടക്കുന്നുണ്ട് എന്നു തന്നെ ഞാൻ വിശ്വസിക്കുന്നു. ഒരു പാർട്ടി മറ്റേ പാർട്ടിയെ ആശയപരമായി എതിർക്കുന്നതു പോലും ഈ തിരുത്തൽ പ്രക്രിയകളുടെ ഭാഗമാണ്. അല്ലാതെ എലിയെ പേടിച്ച് ഇല്ലം ചുടുന്നതുപോലെ രാഷ്ട്രീയമേ ഇല്ലാതാവണമെന്ന നിലപാടുകൾ ഗുണകരമല്ല.

    ഇനി ഒരു പാർട്ടിയിൽ ചേരുമ്പോൾ അയാൾ സ്വയം പാർട്ടിക്കും നേതാക്കൾക്കും തന്റെ ചിന്തകളെ അടിയറവയ്ക്കുന്നു എന്ന വാദത്തെ പറ്റി പറയാം. ഇത് ഒരു പരിധിവരെ ശരിയാണ്. എന്നാൽ അത് അനിവാര്യവുമാണ്. പുതിയ ആശയങ്ങൾ അവതരിപ്പിക്കുവാൻ കഴിയുന്നവർക്ക് സ്വന്തം പാർട്ടികളിൽ തന്നെ അതിനുള്ള അവസരങ്ങളുണ്ട് താനും. എന്നാൽ സ്വന്തമായി ഒന്നും ആവിഷ്കരിക്കാനില്ലാത്തവർ പാർട്ടിയുടെ ആശയങ്ങളെ അതേപടി അംഗീകരിച്ച് കഴിയുന്നുവെന്നുമാത്രം. പാർട്ടിയിലെന്നല്ല, ഏതെങ്കിലും ഒരു സംഘടനയിൽ ഒരാൾ അംഗമാകുന്നതോടെ അയാളുടെ സ്വാതന്ത്ര്യത്തിന്റെ ഒരു ഭാഗം ആ സംഘടനയുടെ മുന്നിൽ അടിയറവച്ചേ മതിയാകൂ. ഒരു വായനശാലയിലോ ആർട്സ് ക്ലബ്ബിലോ അംഗമാകുമ്പോൾ പോലും അതിന്റെ നിയമാവലി അംഗീകരിക്കാൻ ഓരോ അംഗങ്ങളും ബാദ്ധ്യസ്ഥരാകുന്നു. കുറച്ച് സ്വാതന്ത്ര്യം അവിടെയും അടിയറ വയ്ക്കേണ്ടി വരും. എന്തിനു സമൂഹത്തിന്റെ ഏറ്റവും ചെറിയ ഘടകമായ കുടുംബത്തിനു പോലുമുണ്ട് ചില അലിഖിത നിയമങ്ങളും നിയന്ത്രണങ്ങളും. അതുപോലെ ഒരു പാർട്ടിയിൽ ചേരുമ്പോൾ ആ പാർട്ടിയുടെ പൊതുവായ ലക്ഷ്യങ്ങൾക്കു വേണ്ടിയും കുറെ സ്വാതന്ത്ര്യം പണയപ്പെടുത്തേണ്ടി വരും. എന്തിന് ഒരു രാഷ്ട്രം തന്നെ ഒരു സംഘടനയാണ്. ഒരു രാജ്യത്ത് ജനിച്ചു വീഴുമ്പോൾ മുതലോ ഒരു രാജ്യത്തിൽ പൌരത്വം എടുക്കുമ്പോഴോ മുതൽ ആ രാജ്യത്തിന്റെ ഭരണഘടനയും നിയമങ്ങളും അനുസരിക്കാൻ ഓരോ പൌരനും ബാദ്ധ്യസ്ഥനാകുന്നു. അപ്പോൾ രാഷ്ട്രത്തിന്റെ പൊതുവായ താല്പര്യത്തിനു മുന്നിലും ഓരോ വ്യക്തിയും തന്റെ സ്വാതന്ത്ര്യുഅത്തിന്റെ ഒരു പങ്ക് അടിയറവയ്ക്കേണ്ടി വരുന്നു.അങ്ങനെ പല വിധത്തിൽ നിയന്ത്രിക്കപ്പെടുന്ന സ്വാതന്ത്ര്യം മാത്രമാണ് ഒരു ജനാധിപത്യ രാജ്യത്തുപോലും ഒരു പൌറന് അനുഭവിക്കുവാൻ കഴിയുക. അതെ, സ്വാതന്ത്ര്യം എന്നാൽ അനിയന്ത്രിത സ്വാതന്ത്ര്യം അല്ല. നിയന്ത്രിത സ്വാതന്ത്ര്യം ആണ്. അനിയന്ത്രിത സ്വാതന്ത്ര്യം അരാജകത്വത്തിലേയ്ക്കായിരിക്കും സമൂഹത്തെ നയിക്കുക. സ്വാതന്ത്ര്യത്തിന്റെ അർത്ഥവും അർത്ഥാന്തരങ്ങളും ഒക്കെ നാം വേറെ തന്നെ ചർച്ച ചെയ്യേണ്ട വിഷയങ്ങളാണ്.

    ReplyDelete
  2. malayalikalkku aayi oru manglish website.

    http://www.themanglish.com/

    Ningalkku vendathu ellam ivide undu. Sandarshikkuuu innu thanne!!

    ReplyDelete
  3. ഓണാശംസകള്‍.
    മലനാട്ടില്‍ നിന്നും ഒരായിരം ഓണാശംസകള്‍...

    ReplyDelete
  4. സജിം തട്ടത്തുമല ശരിയായി പറഞ്ഞു കാര്യങ്ങള്‍.

    ReplyDelete
  5. സ്വതന്ത്രമായി ചിന്തിക്കുന്നവര്‍ക്ക് ബീ ജെ പി ( ആര്‍ എസ് എസ് ) , കമ്യൂണിസ്റ്റ് പാര്‍ട്ടി എന്നിവയില്‍ സ്ഥാനം ഇല്ല തിരുവായ്ക്ക് എതിര്‍വാ പാടില്ല സന്ദേശം സിനിമയില്‍ നമ്മളെന്താ തോറ്റത് എന്ന് ചോദിച്ചാല്‍ ഉത്തമനെ ഇരുത്തുന്ന ശങ്കരാടിയെപോലെ ആണ് ഈ പാര്‍ടികളിലെ നേതാക്കള്‍ നേത്രത്വം പറയുന്നത് അപ്പടി വിഴുങ്ങി മിണ്ടാതിരിക്കുക അല്ലെങ്കില്‍ അച്യുതാനന്ദനെ പോലെ മണ്ടന്‍ കളിച്ചു പറയാനുള്ളത് പറയുക പിറ്റേന്ന് നിഷേധിക്കുക അത് ജൂനിയര്‍ ആള്‍ക്കാര്‍ക്ക് പറ്റില്ല കോണ്‍ ഗ്രസ് എന്നാല്‍ ഒരു ആള്‍ക്കൂട്ടം മറ്റു രണ്ടിനെയും ഇഷ്ടപ്പെടാത്ത വരുടെ ഒരു കൂട്ടായ്മ എസ് എഫ് ഐ യിലും സര്‍വീസ് സംഘടനയിലും മേല്‍പ്പറഞ്ഞ തിക്തമായ അനുഭവം ഉള്ളത് കൊണ്ടാണ് ഞാന്‍ ഒരു ആന്റി കമ്യൂണിസ്റ്റ് ആയത് കൊണ്ഗ്രസില്‍ ചേര്‍ന്നോ ചെരാതെയോ നമുക്ക് അവരെ വിമര്‍ശിക്കാം ആരും ഒന്നും പറയില്ല ഉമ്മന്‍ ചാണ്ടിയുടെ മുഖത്ത് നോക്കി പറയാം ഭരണം പോര പക്ഷെ മറ്റേ ഭാഗത്ത് അന്ന് രാത്രി പണി കിട്ടും, ഒന്നുകില്‍ ഒളിച്ചിരുന്നടിക്കും അല്ലെങ്കില്‍ ജനാല കല്ലെറിഞ്ഞു തകര്‍ക്കും അതൊരിക്കലും മാറാനും പോകുന്നില്ല എല്ലാവരും രാഷ്ട്രീയ വാദി ആകണം എന്ന് പറഞ്ഞാല്‍ നടപ്പില്ല രാഷ്ട്രീയം കൊണ്ട്ട് അത് ബിസിനസായി കൊണ്ടു നടക്കുന്നവര്‍ക്കെ പ്രയോജനം ഉള്ളു എത്രയോ പ്രതിഭകള്‍ കോളേജ് രാഷ്ട്രീയം കാരണം നശിച്ചത് എനിക്കറിയാം എന്റെ അരാഷ്ട്രീയം ആണ് എന്നെ ഒരു നിലയില്‍ എത്തിച്ചത് അറിയേണ്ട സമയത്ത് തിരിച്ചറിഞ്ഞു എന്റെ മോനെ ഒരു കാരാണ വശാലും ഞാന്‍ രാഷ്ട്രീയം അനുവദിക്കുകയില്ല ഇന്ന് കേരളം നശിച്ചത് രാഷ്ട്രീയം കൊണ്ടാണ് ഒരു കോ ഓപ്പ രേടീവ് സൊസൈറ്റി പോലും മര്യാദക്ക് നടക്കാന്‍ പാടാത്തത്‌ ഈ രാഷ്ട്രീയം കൊണ്ടാണ്

    ReplyDelete
  6. i do not know how to post comments here in malayalam...therefore please bear with me for writing in english....i just wanted to point out one thing....i remember the period 1975 to 1977...yes the emergency days , of which all the politicians and professional mediamen paint a picture of dark age etc....but as someone studying in college those days i recall those two years as the best period for an ordinary citizen....there were no student unrest in colleges and all govt offices functioned in an exemplery fashion ie everyone present in his/her seat at 10 itself, no need to pay bribes to get whatever work done from any office etc...trains and buses were running on time and on the whole law and order problems were rare.....only people who found it unbearable were those politicians who did not have any means of earning a living other than through playing politics...and the the creative journalists who thrive in creating scandals where none exists....as an ordinary citizen i feel nostalgic about those days everytime i take up a newspaper or watch tv....

    ReplyDelete
  7. അനന്ത് പറഞ്ഞത് തന്നെയാണ് എന്റെയും അഭിപ്രായം. എന്തൊക്കെ പറഞ്ഞാലും അന്ന് ഒരു ഓര്‍ഡര്‍ എല്ലാ രംഗത്തും ഉണ്ടായിരുന്നു. ഇന്ന് എവിടെയും എല്ലാറ്റിലും ഡിസ്‌ഓര്‍ഡര്‍ ആണ്. അനിയന്ത്രിത ജനാധിപത്യത്തില്‍ കാര്യങ്ങള്‍ ഒന്നും നേരെയാവില്ല അല്ലെങ്കില്‍ നേരെയാക്കാന്‍ കഴിയില്ല എന്ന് ഗുണപാഠം. ഇങ്ങനെ പോയാല്‍ നമ്മുടെ ജനാധിപത്യം ജീര്‍ണ്ണിച്ച് കാലക്രമത്തില്‍ പട്ടാള ഭരണം വന്നാലും അതിശയിക്കാനില്ല. സോഷ്യലിസത്തിനെന്ന പോലെ ജനാധിപത്യത്തിനും യോജിച്ചതല്ല മനുഷ്യപ്രകൃതം എന്നു തോന്നുന്നു.

    ReplyDelete