Pages

കണ്ണൂര്‍ സൈബര്‍ മീറ്റിനെ പറ്റി തന്നെ .......

ക്കഴിഞ്ഞ സെപ്തംബര്‍ 11ന് കണ്ണൂരില്‍ ഒരു സൈബര്‍ മീറ്റ് നടക്കുകയും , ആ മീറ്റില്‍ പങ്കെടുക്കുകയും അന്ന് രാത്രി തന്നെ ഞാന്‍ പ്രസ്തുത മീറ്റിനെ പറ്റി ഒരു പോസ്റ്റ് എഴുതുകയും ചെയ്തിരുന്നു. എന്നാല്‍ ആ പോസ്റ്റ് പബ്ലിഷ് ആയി ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഞാന്‍ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും രണ്ട് മൂന്ന് ദിവസത്തേക്ക് എന്റെ ബ്ലോഗ് പൂട്ടിയിടുകയും ചെയ്തിരുന്നു.  ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമേ ബ്ലോഗ് വായിക്കാന്‍ കഴിയൂ എന്ന് കണ്ട ചിലര്‍ ബ്ലോഗ് വായിക്കാന്‍ ക്ഷണിക്കണം എന്ന് കാണിച്ച് എനിക്ക് മെയില്‍ അയച്ചിരുന്നു.  എന്താണ് സംഭവിച്ചത് എന്ന് പലര്‍ക്കും പിടികിട്ടിയില്ല. ഞാനാകട്ടെ രണ്ട് മൂന്ന് ദിവസം ബ്ലോഗും പൂട്ടി, ഓണ്‍ലൈനില്‍ വന്നതേയില്ല.  എന്റെ പോസ്റ്റ് ചിലരെ വേദനിപ്പിച്ചെന്ന് മനസ്സിലാക്കിയാ‍ണ് ആ പോസ്റ്റ് ഡിലീറ്റ് ചെയ്തത്.  ഞാന്‍ എഴുതിയത്, സൈബര്‍ മീറ്റിന്റെ വിജയത്തിനാ‍യി പ്രയത്നിച്ച സംഘാടകരില്‍ ചിലര്‍ക്ക് മനോവിഷമം ഉണ്ടാക്കിയല്ലൊ എന്ന പ്രയാസത്തിലായിരുന്നു ഞാന്‍.  സത്യത്തില്‍ ഞാന്‍ ആരേയും കുറ്റപ്പെടുത്തിയിരുന്നില്ല. നല്ലൊരു സൈബര്‍ സമ്മേളനം ആശിക്കുകയും അങ്ങനെ നടക്കാത്തതില്‍ ഉണ്ടായ നിരാശയില്‍ എഴുതിയ പോസ്റ്റ് ആയിരുന്നു അത്.  എന്നോട് ചോദിച്ചാല്‍ ഈ മീറ്റ് ഒരു പരാജയമാണെന്ന് ഞാന്‍ പറയും എന്നൊരു പ്രയോഗം ആ പോസ്റ്റില്‍ കടന്നുകൂടിയിരുന്നു. മീറ്റ് പരാജയമാണെന്ന് ആ പ്രയോഗത്തില്‍ വിവക്ഷയില്ല. എന്നോട് ചോദിച്ചാല്‍ എന്നാണ് എഴുതിയിരുന്നത്. ആ പ്രയോഗമാണ് തെറ്റിദ്ധരിക്കപ്പെട്ടത് എന്ന് തോന്നുന്നു. മീറ്റിന് വേണ്ടി വളരെ അധ്വാനിച്ച സംഘാടകരുണ്ട്.  ആ സംഘാടകരുടെ മനസ്സ് വേദനിപ്പിക്കരുതായിരുന്നു. തിടുക്കത്തില്‍ അനവധാനത നിമിത്തം സംഭവിച്ചതാണത്.

എന്നോട് ആ സൈബര്‍ മീറ്റിനെ കുറിച്ച് ഇപ്പോള്‍ ചോദിച്ചാലും പരാജയമാണെന്ന് മാത്രമേ പറയൂ. പ്രതീക്ഷിച്ച പോലെ ഒരു സൈബര്‍ മീറ്റാക്കി മാറ്റാന്‍ കഴിഞ്ഞില്ല എന്നേ ഇപ്പറയുന്നതിന് അര്‍ത്ഥമുള്ളൂ.  വെറും ബ്ലോഗേര്‍സ് മീറ്റ് മാത്രമായിരുന്നെങ്കില്‍ ഇങ്ങനെ പറയുമായിരുന്നില്ല. അങ്ങനെയല്ല പരിപാടി ഉദ്ദേശിക്കപ്പെട്ടത് എന്നായിരുന്നു ഞാന്‍ ധരിച്ചുവെച്ചിരുന്നത്.  വിശാലമായ അര്‍ത്ഥത്തില്‍ ഒരു സൈബര്‍ സംഗമം നടക്കും എന്നൊരു ധാരണ മീറ്റിനെ പറ്റി എനിക്ക് ആദ്യമേ ഉണ്ടായിരുന്നു. നന്നായി ആസൂത്രണം ചെയ്യാന്‍ ധാരാളം സമയവുമുണ്ടായിരുന്നു.  എന്നിട്ടും ഏതാനും ബ്ലോഗര്‍മാരുടെ മീറ്റും സദ്യയും മാത്രമേ ഉണ്ടായിരുന്നുള്ളൂ.  ബ്ലോഗ് ശിബിരം എന്നൊരു പരിപാടിക്ക് ചില്ല്ലറ പഠിതാക്കള്‍ മാത്രം എത്തിച്ചേര്‍ന്നു.  കണ്ണൂരില്‍ ഇതിന് മുന്‍പ് രണ്ട് പ്രാവശ്യം ബ്ലോഗ് ശില്പശാല സംഘടിപ്പിച്ചിരുന്നു.  നല്ല രീതിയില്‍ പങ്കാളിത്തവുമുണ്ടായിരുന്നു. ഇതൊക്കെ പറയുന്നത് ആരെയെങ്കിലും ആക്ഷേപിക്കാനോ കുറ്റപ്പെടുത്താനോ ആണെന്ന് ധരിക്കുകയാണെങ്കില്‍ കഷ്ടമാണ്.

വ്യത്യസ്തമായ വീക്ഷണകോണില്‍ നിന്നാണ് ഈ മീറ്റിനെ പലരും വീക്ഷിക്കുക. എത്തിച്ചേര്‍ന്ന ബ്ലോഗര്‍മാര്‍ക്ക് സംതൃപ്തിയായിരിക്കും. എന്തെന്നാല്‍ അവര്‍ മറ്റ് ബ്ലോഗര്‍മാരെ കാണാനും പരിചയപ്പെടാനുമാണ് വരുന്നത്. അവരെ സംബന്ധിച്ച് ഈ മീറ്റ് വിജയം തന്നെ. മീറ്റിനെ കുറിച്ച്  നെറ്റില്‍ വായിക്കുന്നവര്‍ക്കും വിജയമായിരിക്കും. എന്തെന്നാല്‍ ബ്ലോഗ് മീറ്റ് എന്ന് മാത്രമേ അവര്‍ കാണുന്നുള്ളൂ.  എന്നെ സംബന്ധിച്ച് ,  കണ്ണൂരില്‍ ഉള്ള ഒരു പത്ത് പേരെ സൈബര്‍ ലോകവുമായി അടുപ്പിക്കാന്‍ ഈ സൈബര്‍ സംഗമത്തിന് കഴിഞ്ഞില്ലല്ലൊ എന്ന ഖേദമാണെനിക്ക്.  ആ രീതിയില്‍ വിശാലമായ അടിസ്ഥാനത്തില്‍ ഒരു സൈബര്‍ സംഗമം പ്ലാന്‍ ചെയ്യാന്‍ കഴിയുമായിരുന്നു എന്ന് പ്രതീക്ഷിച്ചാല്‍ എന്താണ് തെറ്റ്?

മാത്രമല്ല, ക്രിയാത്മകമായ ഒരു സൈബര്‍ ചര്‍ച്ചയും നടത്താന്‍ കഴിഞ്ഞില്ല.  പങ്കെടുത്തവര്‍ സ്വയം പരിചയപ്പെടുത്തുമ്പോഴേക്കും ഉച്ചയായി. പിന്നെ സദ്യ. ഉച്ചയ്ക്ക് ശേഷം ക്ലാസ്.  ക്ലാസിന് പകരം  കണ്ണൂരിലെ ചെറുപ്പക്കാര്‍ ചേര്‍ന്ന് ഇന്റര്‍നെറ്റും സമൂഹവും എന്ന വിഷയത്തെക്കുറിച്ച് എന്തെങ്കിലും ചര്‍ച്ച സംഘടിപ്പിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ അതൊരു ഗുണപരമായ കാര്യമാവുമായിരുന്നു.  ഇങ്ങനെയൊക്കെ എഴുതുന്നത് ഒരു തെറ്റാണെന്ന് എനിക്ക് തോന്നുന്നില്ല. കാരണം ഞാന്‍ ആരെയെങ്കിലും കുറ്റപ്പെടുത്തുകയോ ആരുടെയെങ്കിലും പ്രവര്‍ത്തനത്തെ കുറച്ചു കാണുകയോ ചെയ്യുന്നില്ല.    വിശാലമായ അര്‍ത്ഥത്തില്‍ ഒരു സൈബര്‍ മീറ്റ് സംഘടിപ്പിക്കാന്‍ കഴിഞ്ഞില്ല എന്ന അഭിപ്രായം പറയുന്നു എന്ന് മാത്രം.  ബ്ലോഗേര്‍സ് മീറ്റ് വേറെ, സൈബര്‍ മീറ്റ് വേറെ.  വെറുമൊരു ബ്ലോഗേര്‍സ് മീറ്റാണ് കണ്ണൂരില്‍ ഉദ്ദേശിക്കപ്പെട്ടിരുന്നതെങ്കില്‍ എനിക്കൊന്നും പറയാനുണ്ടായിരുന്നില്ല.

എന്തായാലും കണ്ണൂരില്‍ ഒരു സൈബര്‍ മീറ്റ് കഴിഞ്ഞു.  എനിക്കതില്‍ പങ്കെടുക്കാനും കഴിഞ്ഞു. കുറെ ബ്ലോഗര്‍മാരെ നേരില്‍ കാണാനും കഴിഞ്ഞു.  വിശാലമായ അര്‍ത്ഥത്തില്‍ സൈബര്‍ മീറ്റുകള്‍ക്ക് പ്രസക്തി ഏറി വരുന്ന കാലമാണിത് എന്നാണെനിക്ക് തോന്നുന്നത്. ബ്ലോഗേര്‍സ് മീറ്റ് വേറെ. അത് ബ്ലോഗര്‍മാര്‍ക്ക് പരിചയപ്പെടാനുള്ള വേദി മാത്രമാണ്. എന്നാല്‍ കഴിയുന്നത്ര സാധാരണക്കാരെ കമ്പ്യൂട്ടറുമായും ഇന്റര്‍നെറ്റുമായി അടുപ്പിക്കാനുള്ള സൈബര്‍ വളണ്ടിയര്‍മാരെ വര്‍ത്തമാനകാലം ആവശ്യപ്പെടുന്നുണ്ട്.  ഇന്റര്‍നെറ്റ് ഇന്നത്തെ കാലത്ത് സാമൂഹ്യപുരോഗതിക്ക് ഉപയോഗിക്കാന്‍ പറ്റിയ നല്ലൊരു ഉപകരണമാണ്. ആ രംഗത്ത് പ്രവര്‍ത്തിക്കാന്‍ സന്മനസ്സുള്ള സന്നദ്ധപ്രവര്‍ത്തകരെയാണ് സൈബര്‍ വളണ്ടിയര്‍ എന്ന് ഞാന്‍ ഉദ്ദേശിക്കുന്നത്. അത്തരം പ്രവര്‍ത്തകരെ കണ്ടെത്താനും ജനങ്ങളില്‍ ഈ ആധുനികോപകരണത്തെ പറ്റിയും ആശയവിനിമയ സാധ്യതകളെ പറ്റിയും  അവബോധം സൃഷ്ടിക്കാനുമാണ് സൈബര്‍ മീറ്റുകള്‍ ഉന്നം വയ്ക്കേണ്ടത് എന്ന് ഞാന്‍ കരുതുന്നു.

ഈ വിഷയത്തെ പറ്റി , ഇതിന് മുന്‍പ് ഞാന്‍ എഴുതുകയും ഡിലീറ്റ് ചെയ്യുകയും  ചെയ്ത ആ പോസ്റ്റ് ആരെങ്കിലും വായിക്കുകയും ,  മന:പ്രയാസത്തിന് ഇടവരികയും ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ ഉദ്ദേശശുദ്ധിയുടെ പേരില്‍ എന്നോട് പൊറുക്കട്ടെ. ഇന്റര്‍നെറ്റ് എന്ന ഈ മാധ്യമം ഉപയോഗിച്ച് ആരെയെങ്കിലും അപകീര്‍ത്തിപ്പെടുത്താ‍നോ അധിക്ഷേപിക്കാനോ വ്യക്തിവൈരാഗ്യം തീര്‍ക്കാനോ എനിക്ക് ഉദ്ദേശമില്ല. എന്നാല്‍ എന്റെ ചിന്തകളും കാഴ്ചപ്പാടുകളും എന്റേതായ ഭാഷയില്‍ ശക്തമായി തന്നെ ഈ സൈബര്‍സ്പേസില്‍ എനിക്ക് അടയാളപ്പെടുത്തേണ്ടതുണ്ട്. അങ്ങനെ വരുമ്പോള്‍ കുറെ മിത്രങ്ങളും ശത്രുക്കളും ഉണ്ടാവുക സ്വാഭാവികമാണ്.  എന്റെ ശത്രുക്കളെ എനിക്ക് അശേഷം ഭയമില്ല.  അങ്ങനെ ഭയമുണ്ടായിരുന്നെങ്കില്‍ ഞാന്‍ ഇത്രയും കാ‍ലം എഴുതുകയില്ലായിരുന്നുവല്ലോ.  എഴുതുക എന്നത് എന്റെ ജന്മാവകാശമാണ്. അത് തടയാന്‍ എന്നേക്കാളും ശക്തന്‍ ആരെങ്കിലുമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല.  മറ്റുള്ളവരുടെ തെറി ഭയന്ന് ബ്ലോഗെഴുത്ത് നിര്‍ത്തിയ ചിലരെ എനിക്കറിയാം.   എന്നാല്‍ എന്റെ മിത്രങ്ങളെ ഞാന്‍ അഗാധമായി സ്നേഹിക്കുന്നു. മറ്റൊന്നും അവര്‍ക്ക് തിരിച്ചു നല്‍കാന്‍ ഇല്ലല്ലൊ എന്നതാണ് എന്റെ അമ്പരപ്പ്.

തീര്‍ച്ചയായും എവിടെയെങ്കിലുമുള്ള നാലു സുഹൃത്തുക്കളെ കണ്ടെത്താന്‍ വേണ്ടി തന്നെയാണ് ഞാന്‍ ബ്ലോഗിലും മറ്റും നിത്യേന എന്തെങ്കിലുമായി എഴുതിക്കൊണ്ടിരിക്കുന്നത്. സുഖിപ്പിക്കാനാ‍യി എഴുതാന്‍ അറിയാത്തതിനാലും പല വിഷയങ്ങളിലും സമൂഹത്തിലെ പൊതുധാരണകള്‍ക്ക് വിരുദ്ധമായ ചേരിയില്‍ നിന്ന് കാര്യങ്ങളെ വിലയിരുത്തുന്നതിനാലും സുഹൃത്തുക്കളെ കണ്ടെത്തുക എന്നത് എനിക്ക് എളുപ്പമല്ല. എന്നാല്‍ തന്നെയും എന്റെ ബ്ലോഗും ആ‍ളുകള്‍ ഫോളോ ചെയ്യുന്നുണ്ട്. ഗൂഗിള്‍ പ്ലസ്സില്‍ ആരൊക്കെയോ സര്‍ക്കിളില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. ഫേസ്‌ബുക്കില്‍ ആഡ് റിക്വസ്റ്റുകള്‍ വരുന്നുണ്ട്. ഇതൊക്കെ ദിവസേന സംഭവിക്കുന്നുണ്ട്. എനിക്കിതില്‍ അനല്പമായ സന്തോഷവും ചാരിതാര്‍ത്ഥ്യവും തുടര്‍ന്ന് എഴുതാനുള്ള പ്രേരണയായും തോന്നുണ്ട്.  അങ്ങനെയുള്ള എല്ലാ സുഹൃത്തുക്കളോടും എനിക്കുള്ള നിസ്സീമമായ നന്ദിയും കടപ്പാടും ഇവിടെ രേഖപ്പെടുത്തട്ടെ !

No comments: