കോളേജ് ക്യാമ്പസ്സുകളില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നവര്‍ എല്ലാ പാര്‍ട്ടികളിലുമുണ്ട്. വിദ്യാര്‍ത്ഥിവിഭാഗത്തിലെ ഭാരവാഹികളായി പ്രവര്‍ത്തിച്ച് പിന്നെ നേരിട്ട് രാഷ്ട്രീയത്തില്‍ എത്തുന്നവര്‍ ചെറുകിട നേതാക്കളായിട്ട് തന്നെയാണ് കാണുന്നത്. എന്നാല്‍ ഇങ്ങനെ വരുന്നവരുടെ പ്രവര്‍ത്തനമണ്ഡലം ഏതാണ്. ഒന്നുകില്‍ പാര്‍ട്ടിയുടെ യുവജനവിഭാഗത്തിന്റെ നേതാവാകും. അല്ലെങ്കില്‍ എമ്മെല്ലേയോ അങ്ങനെ അധികാരരാഷ്ട്രീയത്തിന്റെ ഏതെങ്കിലുമൊരു ശ്രേണിയില്‍ സ്ഥാനം പിടിക്കും. പ്രസംഗിക്കുക എന്നതൊഴിച്ചാല്‍ മറ്റെന്ത് ജനസേവനമാണ് ഇക്കൂട്ടര്‍ നടത്തുന്നത്? ജനങ്ങളുടെ കൂടെ പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് സമയം കിട്ടുന്നേയില്ല. എന്തെന്നാല്‍ പാര്‍ട്ടി വര്‍ക്ക് അല്ലാതെ മറ്റൊന്നും അവര്‍ക്ക് അറിയില്ല. രാഷ്ട്രീയപ്രവര്‍ത്തനം എന്നാല്‍ പാര്‍ട്ടി നിര്‍ദ്ദേശിക്കുന്ന ജോലിക്കപ്പുറം എന്തെങ്കിലുമുണ്ടെന്ന് അവര്‍ ചിന്തിക്കുന്നേയില്ല. സ്വന്തം നിലയില്‍ ഭാവനയോ കാഴ്ചപ്പാടുകളോ ഇല്ല. എല്ലാം പാര്‍ട്ടി ചിന്തിക്കും, പാര്‍ട്ടി പറയും ഇതൊക്കെയാണ് രാഷ്ട്രീയം എന്നാണ് എല്ലാവരും ധരിച്ചു വെച്ചിരിക്കുന്നത്.
എന്നാല്‍ സ്വന്തമായി കഴിവും ഭാവനയും ഉള്ള ചിലരെങ്കിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിട്ട് രാഷ്ട്രീയത്തിലേക്ക് കടന്ന് വരാറുണ്ട്. അവര്‍ക്ക് രാഷ്ട്രീയപ്രവര്‍ത്തനം എന്നാല്‍ ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളുടെയിടയില്‍ പ്രവര്‍ത്തിക്കലാണ്. അല്ലാതെ പാര്‍ട്ടിയില്‍ പോയി ആ പാര്‍ട്ടിക്ക് വേണ്ടി പണി എടുക്കലല്ല. പാര്‍ട്ടിക്ക് വേണ്ടി പണി എടുത്താല്‍ പാര്‍ട്ടിയില്‍ ഉയര്‍ന്ന് പോകാം. അതാണ് ലാഭം. ജനങ്ങളുടെ കൂടെ നിന്ന് പ്രവര്‍ത്തിച്ചാല്‍ അത്തരം ഉയര്‍ച്ചയൊന്നുമില്ല. ആത്മസംതൃപ്തി കിട്ടും എന്ന് മാത്രം. വെറും ആത്മസംതൃപ്തിക്ക് വേണ്ടി രാഷ്ട്രീയപ്രവര്‍ത്തനം നടത്താന്‍ ഇന്ന് ആളെ കിട്ടുകയില്ല. ഉയരണം, സ്ഥാനമാനങ്ങള്‍ വേണം, പദവിയും അധികാരവും വേണം. കൂട്ടത്തില്‍ സമ്പാദ്യവും വേണം. ഇമ്മാതിരി ആര്‍ത്തിയും ദുരയും കൊണ്ടാണ് ഇന്ന് ആളുകള്‍ രാഷ്ട്രീയപ്രവര്‍ത്തനത്തിന് വരുന്നത്. രാഷ്ട്രീയം ദുഷിച്ചു പോകാനുള്ള കാരണം ഇതാണ്. നിസ്വാര്‍ത്ഥരായ , ജനങ്ങള്‍ക്ക് വേണ്ടി ഇന്നയിന്നതെല്ലാം ചെയ്യണം എന്ന് ഭാവനയുള്ള കുറച്ച് പേര്‍ രാഷ്ട്രീയപ്രവര്‍ത്തനത്തിന് വന്നാല്‍ അതൊരു മാതൃകയായിരിക്കും.
അത്തരം ഒരു മാതൃകയാണ് ഛവി രാജാവത് എന്ന മുപ്പത്കാരി. രാജസ്ഥാനിലെ പിന്നോക്ക പ്രദേശമായ ഡോങ്ങ് ജില്ലയില്‍ സോഡ എന്ന ഗ്രാമത്തിലെ സര്‍പഞ്ച് ആണ് ഛവി രാജാവത്. ഡല്‍ഹി , പൂന എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം ചെയ്ത് എം.ബി.എ. ബിരുദവും കോര്‍പ്പറേറ്റ് കമ്പനിയില്‍ ജോലിയും കരസ്ഥമാക്കിയ ഛവി തന്റെ ജന്മഗ്രാമത്തിലെ ജനങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന ഉള്‍വിളിയാല്‍ ഉദ്യോഗം ഉപേക്ഷിക്കുകയായിരുന്നു. അങ്ങനെ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് സോഡ ഗ്രാമപഞ്ചായത്ത് അദ്ധ്യക്ഷയായി. ഇതിന് മുന്‍പ് ഛവി രാജാവത്തിന്റെ അപ്പൂപ്പന്‍ രഘുവീര്‍ സിങ്ങ് സോഡ ഗ്രാമത്തിന്റെ തലവനായി(സര്‍പഞ്ച്) മൂന്ന് പ്രാവശ്യം സേവനമനുഷ്ഠിച്ചിരുന്നു. അച്ഛന്‍ സൈനികോദ്യോഗസ്ഥന്‍ ആയതിനാല്‍ നഗരത്തിലാണ് ഛവി വളര്‍ന്നത്. കൃഷി നോക്കി നടത്തിയിരുന്ന അപ്പൂപ്പനെയും മുത്തശ്ശിയെയും കാണാനാണ് ഇടക്കിടെ അവള്‍ ഗ്രാമത്തില്‍ എത്തിയിരുന്നത്. ഇടക്കാലത്ത് സോഡ ഗ്രാമം വികസനം തീരെ ഇല്ലാതെ വളരെ പിന്നോക്കനിലയിലായി.
രാജസ്ഥാനിലെ മിക്ക ഗ്രാമങ്ങളെയും പോലെ സോഡയിലും ജനങ്ങള്‍ക്ക് കന്നുകാലികളെ ഒന്നും വളര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല. മഴയെ ആശ്രയിച്ച് മാത്രമാണ് കൃഷി. ഒരു ചില ധാന്യങ്ങളും പയര്‍ വര്‍ഗ്ഗങ്ങളും മാത്രമേ കൃഷി ചെയ്യാന്‍ കഴിയൂ. അത്കൊണ്ട് കന്നുകാലികള്‍ക്ക് തീറ്റ മതിയായ അളവില്‍ ലഭിക്കാത്തത്കൊണ്ടാണ് അവയെ വളര്‍ത്താന്‍ കഴിയാത്തത്. പരിമിതമായ കൃഷി മാത്രമാണ് ഗ്രാമത്തിലെ ഏഴായിരത്തോളം പേര്‍ക്ക് ജീവാധാരം. അടിസ്ഥാനസൌകര്യങ്ങളൊന്നും തന്നെയില്ല. അങ്ങനെ ഇരിക്കുമ്പോഴാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് വരുന്നത്. ഇത്തവണ വനിതകള്‍ക്ക് സംവരണം ചെയ്യപ്പെട്ട ഗ്രാമമായിരുന്നു സോഡ. ഛവിയുടെ കുടുംബത്തില്‍ നിന്ന് പതിവായി ഗ്രാമ സര്‍പഞ്ചിനെ തെരഞ്ഞെടുക്കപ്പെടുന്നത്കൊണ്ട് , ഗ്രാമത്തില്‍ നിന്ന് ഏതാനും പേര്‍ ജയ്പൂരിലെ വീട്ടിലെത്തി ഛവി രാജാവത്തിനോട് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അഭ്യര്‍ത്ഥിച്ചു. അപ്പോള്‍ ഡല്‍ഹിയില്‍ വലിയൊരു കമ്പനിയുടെ മാര്‍ക്കറ്റിങ്ങ് മാനേജരായി ജോലി നോക്കുകയായിരുന്നു രാജാവത്. ആന്ധ്രയില്‍ ഋഷിവാലി ബോര്‍ഡിങ്ങ് സ്കൂളില്‍ പഠിച്ച്, ഡല്‍ഹിയില്‍ നിന്ന് ബിരുദം പൂനയില്‍ നിന്ന് എം.ബി.എ. പിന്നെ കോര്‍പ്പറേറ്റ് സ്ഥാപനത്തില്‍ മാനേജര്‍ അങ്ങനെ ഉയര്‍ച്ചയുടെ പടവുകള്‍ ഒന്നൊന്നായി കയറുമ്പോഴാണ് തികച്ചും അപ്രതീക്ഷിതമായി ഇങ്ങനെയൊരു അഭ്യര്‍ത്ഥനയുമായി ആളുകള്‍ സ്വന്തം ഗ്രാമത്തില്‍ നിന്ന് വന്ന് നിര്‍ബ്ബന്ധിക്കുന്നത്.
അവിടെ ഒന്ന് പോയി നോക്കാം എന്നിട്ട് തീരുമാനിക്കാം എന്ന് മനസ്സില്‍ ഉറപ്പിച്ച് വന്ന ആളുകളെ പറഞ്ഞുവിട്ടു. ഗ്രാമത്തിലെത്തി ചുറ്റിക്കണ്ട രാജാവത്തിന്റെ മനസ്സില്‍ സങ്കടമാണ് തോന്നിയത്. താന്‍ ജോലി ചെയ്യുന്ന കമ്പനിക്ക് എന്നെ പോലെ എത്രയോ ജോലിക്കാരെ കിട്ടും. എന്നാല്‍ എന്റെ ഗ്രാമത്തിന് എന്നെ ആവശ്യമുണ്ട് എന്ന് മനസ്സില്‍ ഉറപ്പിച്ചു. സമൂഹത്തില്‍ വിപ്ലവമോ വലിയ മാറ്റങ്ങളോ കൊണ്ടുവരാന്‍ കഴിഞ്ഞെന്ന് വരില്ല. എന്നാല്‍ മാറ്റത്തിന്റെ വിത്ത് വിതയ്ക്കാന്‍ തനിക്ക് കഴിയുമെന്ന് പഠിപ്പും ചെറിയ കാലത്തെ ജോലിയില്‍ നിന്നിള്ള അനുഭവവും കൊണ്ട് ഛവിയ്ക്ക് തോന്നി. അങ്ങനെ കഴിഞ്ഞ ഫിബ്രവരിയില്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കുകയും ഗ്രാമത്തിന്റെ തലവിയാവുകയും ചെയ്തു. മഴയെ മാത്രം ആശ്രയിച്ചിരുന്ന ജനങ്ങളുടെ ജലക്ഷാമം പരിഹരിക്കാനുള്ള ശ്രമമാണ് ആദ്യം തുടങ്ങിയത്.
നൂറ് ഏക്കറോളം വിസ്തീര്‍ണ്ണമുള്ള ഒരു തടാകം അവിടെയുണ്ടായിരുന്നു. മഴക്കാലത്ത് അതില്‍ വെള്ളം നിറയുമെങ്കിലും മഴ നിന്നാല്‍ ചില മാസങ്ങള്‍ക്കുള്ളില്‍ തടാകത്തിലെ ജലം വറ്റി വരണ്ടുപോകും. ആ തടാകത്തെ ആഴപ്പെടുത്തി മഴസംഭരണിയായി മാറ്റാമെന്ന് രാജാവത് ഗ്രാമത്തിലെ മുതിര്‍ന്നവരുമായി സംസാരിച്ചു. ജയ്പൂരില്‍ നിന്ന് മണ്ണ് ശാസ്ത്രജ്ഞരെ കൊണ്ടുവന്നു പരിശോധന നടത്തി. അങ്ങനെ തടാകം ആഴപ്പെടുത്തുന്ന പണി തുടങ്ങി. ഗ്രാമത്തിലെ മൂവായിരം പേര്‍ തങ്ങളുടെ അധ്വാനം സംഭാവന ചെയ്യാന്‍ മുന്നോട്ട് വന്നു. കുട്ടികളും സ്ത്രീകളും മുതിര്‍ന്നവരും രാജാവത്തിന്റെ വീട്ടുകാരും എല്ലാം ഈ യജ്ഞത്തില്‍ അണിചേര്‍ന്നു. തടാകം കുഴിക്കുന്നതിലും രാജാവത്തിന് ഭാവനയുണ്ടായിരുന്നു. കുഴിച്ചെടുക്കുന്ന മണ്ണ് പുറത്ത് കൊണ്ടുപോയി കളയുന്നതിന് പകരം ആ മണ്ണ് തടാകത്തില്‍ അവിടവിടെയായി കൂമ്പാരം കൂട്ടി കൊച്ചുകൊച്ചു ദ്വീപുകള്‍ പോലെ നിര്‍മ്മിക്കുന്നു. എന്നിട്ട് ആ തുരുത്തുകളില്‍ വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിക്കുകയും ചെയ്യുന്നു. ഇപ്പോള്‍ നല്ല ഫലമുണ്ടെന്ന് ഗ്രാമവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. തടാകത്തില്‍ വളരുന്ന മരങ്ങളില്‍ , ഭരത്പൂര്‍ പക്ഷിസങ്കേതത്തിലേക്ക് പറന്നുവരുന്ന ദേശാടനപ്പക്ഷികള്‍ വിശ്രമിക്കാനെത്തുന്ന കാലം വിദൂരമല്ലെന്ന് അവര്‍ പറയുന്നു.
രാജസ്ഥാന്‍ സര്‍വ്വകലാശാലയില്‍ ജലവിഭവ മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ മഴവെള്ളം ശേഖരിക്കുന്നതിനെ പറ്റി സെമിനാര്‍ നടക്കുന്നതറിഞ്ഞ് അവിടെയെത്തിയ രാജാവത് തന്റെ ഗ്രാമത്തിലെ തടാകം ആഴപ്പെടുത്തുന്ന പദ്ധതിയെ പറ്റി സവിസ്തരം പ്രതിപാദിച്ചു. പ്രശ്നത്തെ ഫലപ്രദമായി അവതരിപ്പിച്ചതില്‍ മന്ത്രി അഭിനന്ദിക്കുക്കുകയും സോഡ ഗ്രാമത്തിലെ മഴവെള്ള സംഭരണിക്കായി 71ലക്ഷം അനുവദിക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു. മന്ത്രി അനുവദിച്ചെങ്കിലും പണം വാങ്ങുക എന്നത് പോരാട്ടമാണെന്നാണ് രാജാവത് പറയുന്നത്. 24.5 ലക്ഷം ഇതിനകം വാങ്ങി. ഫയലുകള്‍ ഒച്ചിന്റെ വേഗതയില്‍ പോലും സഞ്ചരിക്കുന്നില്ല. സര്‍ക്കാരിനും ജനങ്ങള്‍ക്കുമിടയിലുള്ള വലിയൊരു വിടവായിട്ടാണ് രാജാവത് ഇതിനെ കാണുന്നത്. ഈ അവസ്ഥ മാറാന്‍ എന്നെ പോലെയുള്ള യുവതലമുറ മുന്നോട്ട് വരണമെന്ന് രാജാവത് പറയുന്നു. ഇക്കാര്യത്തെ കുറിച്ച് എഫ്.എം.റേഡിയോവില്‍ ഒരഭിമുഖത്തില്‍ രാജാവത് പറയുന്നത് കേട്ട ഒരു വ്യവസായി സോഡ ഗ്രാമത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി 50000 രൂപ സംഭാവന നല്‍കാന്‍ മുന്നോട്ട് വന്നുവത്രെ.
ഇതെല്ലാം വെച്ച് ഗ്രാമത്തിന്റെ സമഗ്രവികസനത്തിന് പദ്ധതികള്‍ ആസൂത്രണം ചെയ്യുന്ന രാജാവത്തിനെ സി.എന്‍.എന്‍. ചാനല്‍ രാജ്യത്തെ യംഗ് ലീഡര്‍മാരില്‍ ഒരാളായി തെരഞ്ഞെടുത്തിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസം നേടി വലിയ വലിയ കമ്പനികള്‍ക്ക് വേണ്ടി നമ്മുടെ തലച്ചോറും ബുദ്ധിയും ചെലവഴിക്കുന്നതിന് പകരം , നമ്മുടെ ഗ്രാമങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുകയാണെങ്കില്‍ നമ്മുടെ രാജ്യം എത്രയോ പുരോഗമിക്കും എന്ന് യുവതലമുറയോട് ഉപദേശിക്കുന്ന രാജാവത് അച്ഛനുമമ്മയ്ക്കും ഒരേ മകള്‍. വിവാഹം കഴിഞ്ഞിട്ടില്ല. പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പൂര്‍വ്വികമായ സ്ഥലത്ത് സ്വന്തമായി കൃഷിയിലും തീവ്രമായി ഏര്‍പ്പെടുന്നു. 25 ഏക്കറോളം സ്ഥലം ഉണ്ടെങ്കിലും ആവശ്യമായ വെള്ളം ലഭിക്കാത്തതിനാല്‍ കുറഞ്ഞ അളവില്‍ കടുക് ആണത്രെ കൃഷി ചെയ്യുന്നത്.
ഗ്രാമവാസികളുടെ പരാതികളും പ്രശ്നങ്ങളും കേള്‍ക്കാന്‍ അടിക്കടി ചേരുന്ന യോഗങ്ങള്‍ കാരണം രാജാവത്തിന്റെ പ്രശസ്തി അയല്‍ ഗ്രാമങ്ങളിലേക്കും പരക്കുകയാണ്. പല ഗ്രാമത്തലവന്മാരും ഉപദേശങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും രാജാവത്തിനെ സമീപിക്കുന്നു. വ്യത്യസ്തമാണ് രാജാവത്തിന്റെ ശൈലികള്‍ എല്ലാ കാര്യത്തിലും. ജീന്‍സും ടോപ്പും ധരിച്ച് കുതിരപ്പുറത്തേറി വരുന്ന രാജാവത്തിനെ സാരിയുടെ കോന്തല കൊണ്ട് ശിരസ്സ് മറക്കുന്ന ഗ്രാമീണസ്ത്രീകള്‍ ആരാധനയോടെയാണ് നോക്കുന്നത്.
എന്‍.ഡി.ടി.വി.യില്‍ രാജാവത്തിനെ കാണുക :
ഇങ്ങനെ ഒരു ഛവി രാജാവത് നമ്മുക്ക് ഉണ്ടായിരുന്നെകില്‍ !?
ReplyDeleteവ്യത്യസ്തമാര്‍ന്ന പോസ്റ്റ്, ഹ്രദ്യമായ അവതരണം.
KPS sir, thank you for your post
നന്ദി സുകുമാര്‍ ജീ .. ഈ വിവരം പങ്കു വെച്ചതിനു ...
ReplyDeleteപ്രവര്‍ത്തനം ജന നന്മാക്കാവുമ്പോള്‍ ലഭിക്കുന്ന ഉത്തേജനം തന്നെ സമ്പാദ്യം ...
കെ പി എസ്സിന്‍റെ മുന്‍പുള്ള പല പോസ്റ്റ്കളെയും പോലെ തന്നെ ആത്മാവിന്‍റെ ഇരുളറകളിലേക്ക് ഒരു മിന്നല്‍ പിണര്‍ പാഞ്ഞ അനുഭവം നന്ദി സര്‍ ഇതുപോലുള്ളവ കണ്ടെത്തുന്നതിനും മധുരമായി അവ വിളമ്പുന്നതിനും
ReplyDeleteനമുക്കും പ്രതീക്ഷിക്കാം.
ReplyDeleteഒരായിരം അഭിവാദ്യങ്ങള്‍
ReplyDeleteനമുക്കറിയാത്ത വിവരങ്ങള്‍ പങ്കുവച്ചതിന്
വ്യക്തത വ്യത്യസ്തത
അഞ്ചരകണ്ടിയുടെ മുത്തെ കൂടാളിക്കാരന്റെ കൂപ്പു കൈ
തികച്ചും മാതൃകാപരം,
ReplyDeleteനന്ദി, പങ്കുവച്ചതിന്
കാഴചപ്പാട് ഉള്ള ഒരു പത്തു പേര്‍ ഉണ്ടായാല്‍ മതി നാട് നന്നാവാന്‍.........
ReplyDeleteഅതുകൊണ്ട് തന്നേയാണ് വ്യക്തി പരം ആയ പ്രശ്നങ്ങള്‍ പറഞ്ഞു തരൂരിനേ എല്ലാവരും ആക്രമിക്കുമ്പോഴും അദ്ധേഹം രാഷ്ട്രീയത്തില്‍ ഉണ്ടാവണം എന്ന് ആഗ്രഹിച്ചു പോകുന്നത്, 'നിര്‍ഗുണ ആദര്‍ശം' അല്ല നമുക്ക് ഇന്ന് ആവശ്യം, വിഭവങ്ങള്‍ സമര്‍ത്ഥം ആയി ഉപയോഗിക്കാന്‍ കഴിവ് ഉള്ള ഒരു പറ്റം നേതാക്കാന്‍മാരേ ആണ്....
അറിയാത്ത വിവരങ്ങള്‍ പങ്കുവച്ചതിന് ഒരായിരം നന്ദി സുകുമാര്‍ ജീ......
ആ യുവ സര്‍പ്പഞ്ചിനെ മനസ്സുകൊണ്ടാദരിക്കുന്നു.
ReplyDeleteഒരു തുക്കടാ ഡിഗ്രിക്കാരന്‍ പോലും എങ്ങിനെയുമൊന്ന് നാട് കടന്നാല്‍ മതി എന്ന് വിചാരിക്കുന്ന കാലത്താണ് ഈ പ്രതിഭാസം.നമ്മുടെ നാട്ടിലും അപൂര്‍വമായെങ്കിലും ഉണ്ടാവട്ടെ ഇത്തരം ഛ്വവിമാര്‍ എന്ന് വ്യാമോഹപ്പെട്ടു പോകുന്നു.
ദയാഭായ് മലയാളിയാണെന്നതും പറഞ്ഞ് നമുക്കും അഭിമാനിക്കാം.
കെ.പി.എസ്. അഭിവാദ്യങ്ങള്‍ - കാലഘട്ടത്തിന്റെ ആവശ്യമാണ് ഇത്തരം പോസ്റ്റുകള്‍.
ReplyDeleteയുവത്വത്തിന്റെ കിനാക്കൾക്ക് നീതി ബോധത്തിന്റെ ചൂരും ചുണയും ഉണ്ടാകട്ടെ...
ReplyDeleteആത്മാർത്ഥതയോടെ ആരെങ്കിലും പ്രവർത്തിച്ചാൽ അതിനെതിരെ വാളൊങ്ങുന്ന സമൂഹമാണ് ഇന്നത്തെ യുവജനത. രാഷ്ട്രീയക്കോമരങ്ങളുടെ ഉടവാളുകൾ..
Very Nice Post ..Thank You Sir.
ReplyDeleteഹരിത കേരളം പരിപാടിയില്‍ ചിറ്റൂറ്‍ എക്സ് എം എല്‍ എ ക്രിഷ്ണന്‍ കുട്ടി അവിടെ ഇതുപോലെ കര്‍ഷകരെ കൂട്ടായ്മ സംഘടിപ്പിച്ചു പാലക്കാടന്‍ ചൂടില്‍ ഒരിക്കലും സംഭവ്യമല്ലെന്നു വിചാരിച്ചിരുന്ന സിം ല മിര്‍ച്ചി തുടങ്ങി ഊട്ടിയിലോ കൂനൂരിലോ വളരുന്ന പച്ചക്കറികള്‍ വലിയ ഗ്രീന്‍ ഹൌസ് ഉണ്ടാക്കി നടത്തുന്നത് കാണിച്ചിരുന്നു
ReplyDeleteഎറണാകുളത്തിനു തെക്ക് തനിപ്പിടി അല്ലാതെ ഒന്നുമില്ല
വടക്കൊക്കെ അവിടെ അവിടെ എങ്കിലും ആരെങ്കിലും ഇതുപോലെ മുന്നോട്ട് വരുന്നുണ്ട്
പിന്നെ കേരളത്തിനു വെളിയില്‍ ഇതൊക്കെ പ്രോത്സാഹിപ്പിക്കാന്‍ ആളുകള്‍ ഉണ്ട്, ഇവിടെയോ എങ്ങിനെ ഇതു പാര വെയ്ക്കാം എന്നാണു ചിന്ത
ഒരുത്തന്‍ ഒരു തട്ടുകട നടത്തി പത്തു പൈസ ഉണ്ടാക്കുന്നു എന്നു കണ്ടാല്‍ ഉടനെ അവണ്റ്റെ ഗ്ളാസ് കഴുകിയ വെള്ളം പരിസ്ഥിതിക്കും റോഡിലെ ടാറിങ്ങിനും മറ്റും പ്രത്യാഘാതം ഉണ്ടാക്കും എന്നു ഊമക്കത്തയക്കും
കേള്‍ക്കാത്ത താമസം മുന്‍സിപാലിറ്റിക്കാര്‍ വന്നു അവണ്റ്റെ വണ്ടിയും പാത്റവും എടുത്തു കൊണ്ടും പോകും
ഇതാണു പാര കേരളം!
Good post .... KPS
ReplyDeleteIndia's future lying on youth..
Youth can dream high... can work to achieve
കലാലയ രാഷ്ട്രീയത്തിന്റെ ഉത്പ്പന്നങ്ങളായി കക്ഷിരാഷ്ട്രീയത്തിന്റെ തേരിലേറിവരുന്ന എത്ര രാഷ്ട്രീയക്കാരില്‍ രാജാവതിനെപോലെയുള്ളവരുണ്ട്?
ReplyDeleteകലഹങ്ങളും വിവാദങ്ങളും സ്രഷ്ടിക്കുക എന്ന മുഖ്യമായ അജണ്ടയില്ലാത്ത നമ്മുടെ രാഷ്ട്രീയത്തിലെ യുവ നേത്രത്വം രാജാവതിനെ കണ്ടുപടിക്കട്ടെ!
വിവരങ്ങള്‍ നല്കിയതിനു വളരെ നന്ദി
നമ്മുടെ യുവരാഷ്ട്രീയക്കാര്‍ ഇതു വായിക്കട്ടെ!
എല്ലാ ആശംസകളും.
ഒരു കോരിത്തരിപ്പോടെയാണ് ഇത് വായിച്ചത്. രാജാവത്തിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.ഇങ്ങനെ ഒരു ഒരു പരിചയപ്പെടുത്തലിനു സുകുമാരേട്ടന് നന്ദി......സസ്നേഹം
ReplyDeleteസര്‍ക്കാര്‍ പണവും വിഭവവും മുംബതെക്കാലും നന്നായി ഗ്രാമത്തില്‍ വിതരണം നടത്താന്‍ അവര്‍ക്ക് കഴിയുന്നു എന്നത് നല്ലത് തന്നെ ... പക്ഷെ അധികാരത്തിന്റെ വിതരണം നടക്കാന്‍ ഇനിയും ഏറെ നാള്‍ കാത്തിരിക്കാണ്ടി വരും എന്നും കൂടി വ്യക്തമാക്കുന്നതാണ് ഈ കഥ .
ReplyDeleteചില കുടുംബത്തില്‍ നിന്നും മാത്രം (അതായതു പരമ്പരാഗത രാജാ അധികാരമുള്ള ) തിരിഞ്ഞെടുക്കപ്പെടുന്ന സര്‍ പഞ്ചുകള്‍ തന്നെയാണ് ഇന്നും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അമരക്കാര്‍ എന്നും നമ്മളെ കാണിച്ചു തരുന്ന ഒരു സംഭവം തെന്നെ ഇതും ...അവരില്‍ ചിലക്കു നല്ല ബുദ്ധി തോന്നുന്നത് പാവം പ്രജകളുടെ താത്കാലികമായ ഭാഗ്യം എന്നല്ലാതെ കൂടുതലൊന്നും പറയാനില്ല ..
ജനാധിപത്യത്തിന്റെ പൂര്‍ണമായ പരാജയം തന്നെയാണ് ഇതിള്ളൂറെ വാസുവിന് കാണുവാന്‍ കഴിയുന്നത് . ജനാധിപത്യം പരാജയപ്പെടുമ്പോള്‍ തമ്ബുരാക്കന്മാരുറെ സന്മനസ്സിനെ മാത്രം അആശ്രയിചായിരിക്കും നാടിന്റെ പുരോഗതി ..
ഇത്തരം നിസ്വാർത്ഥമതികളെ സംബന്ധിക്കുന്ന വിവരങ്ങൾ അറിയിക്കുന്നത് ഒരു സൽ പ്രവർത്തി തന്നെ. യുവാക്കൾക്ക് പ്രചോദനമാകേണ്ടതാണ്. നന്ദി.
ReplyDeleteഈ പോസ്റ്റ് വായിച്ചവര്‍ക്കും ,ഇനിയും വായിക്കാന്‍ വരുന്നവര്‍ക്കും , കമന്റ് എഴുതിയ താഴെ പറയുന്നവര്‍ക്കും നന്ദി അറിയിക്കുന്നു..
ReplyDeleteയുവ ശബ്ദം
Sameer Thikkodi
SONY.M.M.
kARNOr(കാര്‍ന്നോര്)
പത്മചന്ദ്രന്‍ കൂടാളി
സലാഹ്
IndianSatan.com
mayflowers
NITHYAN
യൂസുഫ്പ
വിചാരണ - The Trial.
Suseelan
Saif
മുഹമ്മദ്കുഞ്ഞി വണ്ടൂര്‍
ഒരു യാത്രികന്‍
Chethukaran Vasu
പള്ളിക്കരയില്‍
നന്ദി.. കെ.പി.എസ്
ReplyDeleteഗ്രാമസഭകളും പഞ്ചായത്ത് മെമ്പര്‍മാരുമൊക്കെ നമ്മുടെ നാട്ടിലും ഉണ്ടായിട്ടെന്താ...!!
വാസു പറഞ്ഞത് ഈ പോസ്റ്റ് എഴുതുന്ന വേളയില്‍ ഞാനും ആലോചിക്കാത്തതല്ല. പ്രബുദ്ധരായ ഒരു ജനതയ്ക്കാണ് പാര്‍ലമെന്ററി ജനാധിപത്യം എന്ന രാഷ്ട്രീയോപകരണം ലഭിക്കേണ്ടത്. നമ്മുടെ രാജ്യത്ത് അത്തരമൊരു പ്രബുദ്ധതയിലേക്ക് ജനത പരിവര്‍ത്തിതരാകും എന്ന് സൂചന പോലും ഇപ്പോഴത്തെ നിലയ്ക്ക് ഇല്ല. ചുരുക്കം ചിലര്‍ നിഷ്പക്ഷരായി ചിന്തിക്കുന്നവരായി ഉണ്ട് എന്നത് വിസ്മരിക്കുന്നില്ല. ആളുകള്‍ പ്രബുദ്ധരായാല്‍ മാത്രം പോര. കക്ഷിരാഷ്ട്രീയത്തിന്റെ വേലിക്കെട്ടുകള്‍ക്കുള്ളില്‍ തളച്ചിടപ്പെട്ടവരെക്കൊണ്ടോ പ്രത്യയശാസ്ത്രഭാരങ്ങള്‍ ചുമക്കുന്നവരെക്കൊണ്ടോ ജനാധിപത്യത്തിന് പ്രയോജനമൊന്നുമില്ല. അവര്‍ക്ക് തങ്ങളുടെ പാര്‍ട്ടിയോടോ സിദ്ധാന്തങ്ങളോടോ മാത്രമേ വിധേയത്വമുണ്ടാവൂ. എല്ലാ വിഭാഗീയചിന്തകള്‍ക്കും അതീതരായ, എന്റെ നാട് എന്റെ ജനത എന്ന് ചിന്തിക്കുന്ന സമൂഹത്തില്‍ മാത്രമേ ശരിയായ ജനാധിപത്യം പ്രവര്‍ത്തിക്കുകയുള്ളൂ.
ReplyDeleteഇന്ന് ഇവിടെ വിദ്യാഭ്യാസമുള്ളവര്‍ പോലും കക്ഷിരാഷ്ട്രീയത്തിന്റെയോ സിദ്ധാന്തങ്ങളുടെയോ അടിമകളാണ്. അങ്ങനെ അടിമകളല്ലാത്തവര്‍ രാഷ്ട്രീയത്തെ പുച്ഛിച്ചുകൊണ്ട് അരാഷ്ട്രീയം അലങ്കാരമായി കൊണ്ടുനടക്കുകയും ചെയ്യുന്നു. രാജകുടുംബത്തില്‍ നിന്ന് വന്നവര്‍ മാത്രമല്ല സാധാരണകുടുംബത്തില്‍ നിന്ന് രാഷ്ട്രീയത്തില്‍ വന്ന് നേതൃത്വത്തില്‍ എത്തിയവരുടെ കുടുംബങ്ങളില്‍ പെട്ടവരും ഇവിടെ വംശാധിപത്യം ചെലുത്തുന്നുണ്ട്. തമിഴ്നാട്ടിലെ കരുണാനിധി കുടുംബത്തെ കാണുക.
അത്കൊണ്ട് ജനാധിപത്യം അതിന്റെ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ഇവിടെ പ്രതീക്ഷിക്കാന്‍ കഴിയില്ല. ഛവി രാജാവത് എന്ന യുവതി ജനസേവനത്തിന് സ്വമേധയാ ഇറങ്ങുകയായിരുന്നു. മറ്റുള്ള ഗ്രാമീണ കര്‍ഷകത്തൊഴിലാളി സ്ത്രീകളോടൊപ്പം അവര്‍ പാടത്ത് ഇറങ്ങി സഹായിക്കുന്നത് നാം വീഡിയോയില്‍ കാണുന്നു. ആ ഒരു മഹത്വം നമ്മള്‍ കാണാതിരിക്കരുത്. അങ്ങനെ ചിലരെങ്കിലും ഈ രാജ്യത്തുണ്ട്.
നമ്മൂടെ പ്രതീക്ഷകള്‍ക്കൊത്ത് ഈ നാട് ഉയര്‍ന്നില്ല എന്നതിന്റെ പേരില്‍ ആരെയെങ്കിലും കുറ്റപ്പെടുത്താന്‍ എനിക്ക് താല്പര്യമില്ല.
കുളങ്ങളും,പാടങ്ങളും ദിനം പ്രതി തൂര്‍ത്ത് വരുന്ന നമുക്ക് ഇങ്ങിനേയും ഒരറിവ്...ഒരു മാതൃക
ReplyDeleteഡിയര്‍ കെ പി എസ്,
ReplyDeleteരാഷ്ട്രീയം കച്ചവട വല്ക്കരിക്കപ്പെടുകയും പൊതു പ്രവര്‍ത്തനം ഒരു നല്ല തൊഴിലായി മാറി എന്നതുമാണ് അറുപതാണ്ട് മാത്രം പിന്നിട്ട നമ്മുടെ മഹാ രാജ്യം എത്തിപ്പെട്ടിരിക്കുന്ന മഹാ ദുരന്തം.ഇപ്പോള്‍ തന്നെ അത്യപൂര്‍വ്വമായി മാറിയ ഈ കാഴ്ച താങ്കള്‍ ഇങ്ങനെ ഒരു പോസ്ടായി എഴുതി അറിയിക്കേണ്ടി വന്നു എന്നത് തന്നെയല്ലേ ആ ദുരന്തത്തിന്റെ ആഴം. ഇനി ഒരു അറുപതു വര്‍ഷത്തിനു ശേഷം, രാജാവതോ പോകട്ടെ, അവരെ പോലെയുള്ളവരെക്കുറിച്ച് എഴുതി അറിയിക്കാന്‍ ഒരു കെ പി എസ് പോലും ഉണ്ടാവാത്ത ആ കാലം എത്ര ഭീതി നിറഞ്ഞതായിരിക്കും.
താങ്കളുടെ പോസ്റ്റുകളിലൂടെ ഒരു പാട് കാര്യങ്ങള്‍ അറിയാന്‍ കഴിയുന്നു , വാര്‍ത്തകള്‍ക്കിടയില്‍ നോക്കാതെ പോകുന്ന പലതും ഇവിടെ വിശദമായി കിട്ടുന്നു..വളരെ നന്ദി സുകുമാര്‍ജീ..
ReplyDeleteനന്ദി സുകുമാർജീ, അറിയപ്പെടേണ്ട, എന്നാൽ അറിയാതെ പോകുന്ന വ്യക്തിത്വങ്ങളെ കാണിച്ചു തരുന്നതിന്... നമുക്കൊരു ഛവി ‘രാജാവത്‘ഉണ്ടായെങ്കിൽ എന്നു ചിന്തിക്കുന്നതിനേക്കാൽ, എന്തുകൊണ്ടു നാം ഓരോരുത്തരും അതുപോലെ ആയിക്കൂടാ എന്നു ചിന്തിക്കാം അല്ലേ...?
ReplyDeleteപ്രിയ സുകുമാരേട്ടാ ,
ReplyDeleteശ്രിമതി ചവിയെപ്പറ്റി എനിക്കും മോശം അഭിപ്രായം ഒന്നുമില്ല എന്ന് മാത്രമല്ല അവര്‍ ചെയ്യുന്ന ജോലി വളരെ നല്ലത് എന്ന് മാത്രമേ പറയാനുള്ളൂ... അങ്ങ് അത് കൂടതല്‍ പരസ്യപ്പെടുതുന്നത് അങ്ങയുടെ നന്മ എന്നും ഞാന്‍ കരുതും .പക്ഷെ അവര്‍ ഉള്‍പ്പെടുന്ന ഒരു വടക്കെ ഇന്ത്യന്‍ ഗ്രാമീണ സമൂഹത്തില്‍ ജനാധിപത്യം പോയിട്ട് സ്വാതന്ത്ര്യം എന്നത് തന്നെ കമ്മി ആണെന്നാണ് ഈയുള്ളവന്റെ പരിമിതമായ അനുഭവം ... ഈ അടുത്ത കാലത്ത് വരെ അതിനെ ക്കുറിച്ച് ഒരു ജാട്ട് കാരനോട് സംസാരിച്ചു ദീര്‍ഖ നിശ്വാസം ഇട്ടു ഇരുന്നത്തെ ഉള്ളൂ.. ... വാര്‍ത്തകള്‍ നല്ലത് തന്നെ .. പക്ഷെ വാര്‍ത്തകള്‍ അപൂര്നമാനെന്നു പറയാതെ വയ്യ ... തലമുറകളായി ആണുങ്ങള്‍ "സര്‍ പഞ്ച് " അധികാരം കൈവശം വച്ചിരുന്ന ഒരു കുടുംബത്തിലെ ഇളം തലമുറ അവിടെ അപ്പൂപ്പനും അച്ഛനും അമ്മാവനും ഇപ്പോഴും ഇരിക്കുമ്പോള്‍ ഒറ്റയ്ക്ക് തീരുമങ്ങള്‍ എടുത്തു പഞ്ചായത്ത് ഭരിക്കുന്നു എന്ന് പറയുന്നത് അവിശ്വസനീയമാണ് ..എന്നാല്‍ വാര്‍ത്തയില്‍ ച്ചവി ഒറ്റയ്ക്ക് , സ്വാതന്ത്ര്യ പൂര്‍വ്വം" സര്‍ പഞ്ചു "അധികാരം ഉപയോഗിക്കുന്നു എന്നാണു പ്രൊജക്റ്റ് ചെയ്യുന്നത് ... ഇത് അല്പം അവിസ്വസനീയമാണ് ...ഗ്രാമത്തില്‍ എന്നല്ല നഗരത്തില്‍ പോലും സാമ്പത്തിക - അധികാര വിതരണങ്ങളില്‍ പുരുഷ സഹായം /അനുവാദം ഇല്ലാതെ വടക്കെ ഇന്ത്യന്‍ സ്ത്രീകള്‍ക്ക് ഒന്നും തന്നെ ചെയ്യാന്‍ ആകില്ല എന്നതാണ് സത്യം . പരമ്പരാഗത സാമൂഹ്യ നിയന്ത്രണങ്ങള്‍ വല്ലാത്ത വിധം സ്വാധീനം ചോലുത്തുന്ന ഇടങ്ങളാണ് ഇവയെല്ലാം .
ഇനി , ഇപ്പറയുന്ന കാര്യം തന്നെ എടുത്താല്‍ , രാജപുത്രര്‍ക്കും മറ്റു ഉയര്‍ന്ന ജാതിക്കാര്‍ക്കും അല്ലാതെ ആ ഗ്രാമത്തില്‍ കൃഷി ഭൂമി ഉടമസ്ഥാവകാശം മറ്റുള്ളവര്‍ക്ക് എത്ര കണ്ടു ഉണ്ട് എന്നും അന്വേഷിക്കുന്നതും ഗുണം ചെയ്യും ...അധ്വാന ശക്തി ഉപയോഗിചു സൃഷ്ടിച്ചെടുത്ത പുതിയ തടാകത്തിലെ വെള്ളം ആര്‍ക്കായിരിക്കും ഉപയോഗപ്പെടുത്തുക എന്നതും സാമൂഹ്യ / സാമ്പത്തിക ശാസ്ത്ര കുതുകികള്‍ക്കും പഠന വിധേയമാക്കവുന്നതും ആണ് . മാത്രമല്ല ദളിതുകള്‍ക്ക് അവര്‍ ആ തടാകം കുഴിച്ചു കഴിഞ്ഞാല്‍ അവിടെ ഉള്ള വെള്ളത്തിന് മേല്‍ തുല്യ അവകാശം ഉണ്ടോ എന്നതും വാര്‍ത്ത തന്നെ ആകേണ്ടതാണ് . അതൊന്നും തന്നെ വാര്‍ത്തകളില്‍ ഇല്ലാതിരിക്കുന്നത് ശ്രദ്ധിക്കാതിരിക്കാന്‍ എനിക്കാവുന്നില്ല .
അതായാലും തമ്മില്‍ ഭേദം തൊമ്മന്‍ എന്നതിനോട് എനിക്കും യോജിപ്പാണ് . ഒപ്പം മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ഒന്നും ച്ചവിയുറെ കുറ്റമല്ലെന്നും അവര്‍ ആഗ്രഹിചാലോ വിചാരിച്ചാലോ മാറ്റാന്‍ കഴിയാവുന്ന ഒന്നല്ലെന്നും എനിക്ക് പൂര്‍ണ ബോധ്യമുണ്ട് .
ചിലര്‍ വിളക്കു പോലെയാണ്. പ്രകാശം തരുകയും വഴികാട്ടുകയും ചെയ്യുന്നു. ഇതുപോലെ പത്തു പേര്‍ ഉണ്ടായാല്‍...നല്ല പോസ്റ്റ് സാറേ.
ReplyDeleteരാഷ്ട്രീയത്തില്‍ വല്ലപ്പോഴും മാത്രം സംഭവിക്കുന്ന അത്ഭുതങ്ങള്‍ മാത്രം ആണ് ഇത്തരം "ഛവി രാജാവത്" മാര്‍ . ഇവരെ കുറിച്ച് മുന്‍പുതന്നെ വായിച്ചിരുന്നു.. ഇവരെക്കുറിച്ച് കൂടുതല്‍ വിവരണം നല്‍കിയ സാറിന് നന്ദി....
ReplyDeleteഇന്നത്തെ രാഷ്ട്രീയം =
ReplyDeleteതന്റെ നാവ് നാട്ടിന്
നേട്ടം വീട്ടിന്.
നമ്മുടെ നാട്ടിനും ഒരു നല്ല ജനനായകനെ ലഭിക്കും എന്ന് ആശിക്കുക.