Pages

അഴിമതി അഴിമതീയെന്ന് നിലവിളിക്കാന്‍ നാണമില്ലേ രാഷ്ട്രീയക്കാരേ ?

എന്തൊക്കെ പറഞ്ഞാലും  ജ്യൂഡീഷ്യറിയില്‍ ഒരു വിശ്വാസമുണ്ടായിരുന്നു.  രാഷ്ട്രീയക്കാരും  ഉദ്യോഗസ്ഥന്മാരും  കച്ചവടക്കാരും (എല്ലാവരുമല്ല നല്ലവരും ഇക്കൂട്ടത്തിലുണ്ട്) എല്ലാം ചേര്‍ന്ന് രാജ്യം കൊള്ളയടിക്കുമ്പോഴും  ജനങ്ങളെയും ഭരണഘടനയെയും നമ്മുടെ ജനാധിപത്യ സമ്പ്രദായത്തെയും രക്ഷിക്കാന്‍ ഇവിടെ ശക്തമായ നീതിന്യായ സംവിധാനമുണ്ടെന്ന്  സമാധാനമുണ്ടായിരുന്നു. അതാണ് ഇപ്പോള്‍ പോയിക്കിട്ടുന്നത്.  ജസ്റ്റിസ് ദിനകരന്റെ കേസ്  ഒരു ഒറ്റപ്പെട്ട സംഭവം ആണെന്ന് വിശ്വസിക്കാന്‍ ശ്രമിച്ചിരുന്നു.  ജ്യൂഡിഷ്യറിയിലും അഴിമതിക്കാരുണ്ടെന്ന്  രാഷ്ട്രീയക്കാരന്‍ പറയുമ്പോള്‍ കണക്കിലെടുത്തിരുന്നില്ല.  എന്നാല്‍  നമ്മുടെ രാജ്യം  എല്ലാംകൊണ്ടും  അഴിമതിയില്‍ മുങ്ങിത്താഴുന്ന കാഴ്ചയാണ് കാണുന്നത്. ഇനിയിപ്പോള്‍ ഒറ്റ സമാധാനമേയുള്ളൂ.  നമ്മുടെ രാജ്യം അഴിമതിയില്‍ ലോകത്ത് ഒന്നാം സ്ഥാനത്ത് എത്തിയില്ലല്ലോ എന്ന്.

രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി എന്ന് പറയുന്ന സ്പെക്ട്രം ഇടപാടിന്റെ പ്രശ്നം അടങ്ങിയിട്ടില്ല. ഇനിയും പാര്‍ലമെന്റ് സമ്മേളിക്കാന്‍ കാത്തിരിക്കുകയാണ് പ്രതിപക്ഷത്തെ കക്ഷികള്‍.  ദളിതനായത്കൊണ്ടാണ് രാജ വേട്ടയാടപ്പെടുന്നതെന്ന് കരുണാനിധി ആദ്യമൊന്ന് പറഞ്ഞുനോക്കി. ഇപ്പോള്‍ ആ രാജയെ ചൊല്ലി ഡി എം കെ എന്ന കുടുംബപാര്‍ട്ടിയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്.  രണ്ടാം ഭാര്യയിലെ രണ്ടാമത്തെ പുത്രന്‍ സ്റ്റാലിന്‍ മുഖ്യമന്ത്രി ആകുമ്പോള്‍ മൂത്ത പുത്രന്‍ അഴഗിരിക്ക് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടരി സ്ഥാനം വേണം.  മൂന്നാം ഭാര്യയുടെ പുത്രി കനിമൊഴിയുമായി നല്ല ബന്ധമാണ് രാജയ്ക്ക്. അത്കൊണ്ട് രാജയെ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്ന് പൂറത്താക്കണം എന്നാണ് അഴഗിരിയുടെ ആവശ്യം.

മുന്‍ ചീഫ് ജസ്റ്റിസ്  കെ.ജി.ബാലകൃഷ്ണനെ ന്യായീകരിക്കാന്‍ ഏതോ പട്ടികജാതി-പട്ടിക വര്‍ഗ്ഗ സംഘടന രംഗത്ത് വന്നിരിക്കുന്ന് എന്നാണ് ലേറ്റസ്റ്റ് വാര്‍ത്ത. അങ്ങനെ വേണമല്ലൊ. അതല്ലേ അതിന്റെ ഒരു ഇത്.  സ്വാതന്ത്ര്യം കിട്ടി ഇത്ര കാ‍ലം സംവരണം നടപ്പാക്കിയിട്ടും  അതിന്റെ ഗുണം എത്ര പേര്‍ക്ക് കിട്ടി എന്ന് ആരും  ചിന്തിക്കുന്നില്ല. കിട്ടുന്നവന്‍ ഉയര്‍ന്നു പോകുന്നു എന്നല്ലാതെ,  സംവരണ വിഭാഗത്തില്‍ ജനിച്ചിട്ടും  അതിന്റെ ആനുകൂല്യം നേടാന്‍ മാത്രം  ബുദ്ധിശക്തി ഇല്ലാതെ പോകുന്ന ലക്ഷങ്ങളുടെ അവസ്ഥ എന്താണ്.  പോട്ടെ, ദളിത് വിഭാഗത്തില്‍ നിന്ന് ആരെങ്കിലും  ഉയര്‍ന്ന പൊസിഷനില്‍ എത്തിപ്പെടുമ്പോള്‍ ദളിതര്‍ എവിടെയോ എത്തിപ്പെട്ടു എന്ന മട്ടില്‍ ആഘോഷിക്കാറുണ്ടല്ലൊ. അത്കൊണ്ട് പാവപ്പെട്ട, പഠിച്ച് എങ്ങും എത്താന്‍ കഴിയാത്ത പാ‍വപ്പെട്ട ദളിതര്‍ക്ക് എന്ത് മെച്ചം?  സംവരണം മൂലം  ഉയര്‍ന്ന സ്ഥാനത്ത് എത്തിപ്പെടുന്ന ദളിതന്‍ തന്റെ സമുദായത്തില്‍ താഴെത്തട്ടില്‍ കഴിയുന്നവര്‍ക്ക് എന്ത് ഗുണമാണ് ചെയ്യുന്നത്. അവരോട് സഹതാപമെങ്കിലും കാണിക്കാറുണ്ടോ.  കിട്ടിയവന്റെ കുടുംബം പിന്നെയും ഉയര്‍ന്ന് പോകുന്നു. അത്ര തന്നെ.  ഇക്കാലമത്രയും കൊണ്ടുള്ള സംവരണം കൊണ്ട് കുറച്ചു ദളിതര്‍ സവര്‍ണ്ണരെയും കടത്തിവെട്ടി സ്വന്തം നില ഭദ്രമാക്കി എന്നല്ലാതെ ബഹുഭൂരിപക്ഷം ദളിതര്‍ക്കും ഇന്നും  ഒരു ഗതിയും കിട്ടിയിട്ടില്ല. എന്നിട്ടും എല്ലാറ്റിനും സംവരണമാണ് ഒറ്റമൂലി എന്ന മട്ടിലാണ് സംസാരം.

നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാര്‍ക്ക് അഴിമതി എന്നാല്‍ അലര്‍ജിയാണെന്നാണ് വയ്പ്പ്.  അഴിമതി ആരോപിക്കാനുള്ള ഒരവസരവും അവര്‍ പാഴാക്കില്ല.  ഇപ്പോള്‍ തന്നെ കഴിഞ്ഞ പാര്‍ലമെന്റ് സ്തംഭിപ്പിക്കല്‍ കണ്ടില്ലേ?  എന്താ അവരുടെയൊക്കെ ഒരു ജാഗ്രത.  ജെ.പി.സി. പ്രഖ്യാപിച്ചാല്‍ ഈ രാജ്യത്ത് നിന്ന് അഴിമതി എന്നെന്നേക്കുമായി തുടച്ചുനീക്കപ്പെടും എന്ന മട്ടിലാണ് പാര്‍ലമെന്റിന്റെ നടുത്തളത്തില്‍ അവര്‍ ഉറഞ്ഞുതുള്ളിയത്.  അഴിമതി അഴിമതി  എന്ന് വിളിച്ചു കൂവി അഴിമതിയെ ദേശസാല്‍ക്കരിക്കുന്ന പ്രവര്‍ത്തിയിലാണ് ഇവിടത്തെ രാഷ്ട്രീയക്കാര്‍ എത്രയോ വര്‍ഷങ്ങളായി മുഴുകിയിരിക്കുന്നത്.  ഇന്ന് ഏറ്റവും വലിയ അഴിമതിക്കാര്‍ രാഷ്ട്രീയക്കാര്‍ തന്നെയാണെന്ന് ജനങ്ങള്‍ക്ക് അറിയാം.  ഒരു ഗതിയുമില്ലാതെ രാഷ്ട്രീയത്തില്‍ വന്ന് ക്രമേണ പച്ച പിടിക്കുന്ന രാഷ്ട്രീയക്കാര്‍ തന്നെയാണ് എങ്ങുമുള്ളത്.  ആരാണ് രാഷ്ട്രീയം കൊണ്ട് ഇക്കാലത്ത് പാപ്പരായി പോയിട്ടുള്ളത്?  ഒരാളെ കാണിച്ചു തരാന്‍ പറ്റുമോ?  രാഷ്ട്രീയത്തില്‍ നിന്നാണ് ഇവിടെ അഴിമതി തുടങ്ങുന്നത്.  അഴിമതിക്കെതിരെ  ഉറഞ്ഞുതുള്ളുന്നവരും  രാഷ്ട്രീയക്കാര്‍. അതാണൊരു വിരോധാഭാസം. ജനങ്ങള്‍ക്ക് എല്ലാം കണ്ടും കേട്ടും ഇരിക്കാമെന്ന് മാത്രം.  പത്രങ്ങളിലും ചാ‍നലുകളിലും വരുന്നത് മാത്രമല്ല അഴിമതി. ഇവിടെ ഗ്രാസ്സ് റൂട്ട് ലവലില്‍ തന്നെ അഴിമതി സര്‍വ്വസാധാരണമായിട്ടുണ്ട്.

രാഷ്ട്രീയത്തിലും ഉദ്യോഗസ്ഥതലത്തിലും ജ്യൂഡീഷ്യറിയിലും  ബിസിനസ്സിലും  പെട്ടവരില്‍ പിടിപാടുള്ളവര്‍ ഭൂമി വെട്ടിപ്പിടിക്കുന്ന തിരക്കിലാണിപ്പോള്‍.  ജനങ്ങള്‍ പെരുകുന്നു, ഭൂമിയില്‍ സ്ഥലം വര്‍ദ്ധിക്കുന്നില്ല എന്ന് മനസ്സിലാക്കുന്ന സാമര്‍ത്ഥ്യമുള്ള ചിലര്‍  തങ്ങളുടെ തലമുറകള്‍ക്ക് വേണ്ടി ഇപ്പോഴേ ഭൂമി  പിടിച്ചുവെക്കാന്‍  ആര്‍ത്തിയോടെ പരക്കം പായുകയാണ്. ഒരു ഭാഗത്ത് നിയമം നിര്‍മ്മിക്കുന്നു, ആ നിയമത്തെ വ്യാഖ്യാനിക്കുന്നു അവര്‍ തന്നെ നിയമം ലംഘിച്ച് ഭൂമി കൈവശപ്പെടുത്തുന്നു.  ഇവിടെ സാധാരണക്കാരന്റെ അവസ്ഥ എന്താണ്?  ഒരു വീട് നിര്‍മ്മിക്കാന്‍  നാലോ അഞ്ചോ സെന്റ് സ്ഥലം വാങ്ങുമ്പോള്‍ എന്തെല്ലാം നിയമക്കുരുക്കാണ്.  ഞങ്ങള്‍ ഒരു പതിനേഴ് സെന്റ് സ്ഥലം വാങ്ങി.  അടിയാധാര പ്രകാരം പ്രമാണം എഴുതി വസ്തു റജിസ്റ്റര്‍ ചെയ്തു. ഭൂനികുതി അടച്ച് രശീത് വാങ്ങാന്‍ വില്ലേജാഫീസില്‍ പോയി. വസ്തു വന്ന് നോക്കണമെന്ന് ഉദ്യോഗസ്ഥന്‍.  വന്ന് നോക്കിയപ്പോള്‍  പ്രമാണത്തില്‍ ഉള്ളത് പോലെ  വസ്തു പഞ്ചായത്ത് റോഡിന്റെ വശത്തല്ല പി ഡബ്ല്യു ഡി റോഡിന്റെ സൈഡിലാണ്.  സ്റ്റാമ്പ് പേപ്പര്‍ കുറച്ച് വാങ്ങി സര്‍ക്കാരിനെ പറ്റിക്കുകയായിരുന്നില്ലേ നിങ്ങള്‍ എന്ന് ആ ഉദ്യോഗസ്ഥന്‍.  ആധാരമെഴുത്തുകാരന്റെ ശ്രദ്ധക്കുറവാണെന്ന് പറഞ്ഞിട്ടും ഉദ്യോഗസ്ഥന്‍ വിട്ടില്ല. നോക്കണം ഇവിടെ സാധാ‍രണക്കാരന് നിയമം കര്‍ക്കശമാണ്.

ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണ്‍ന്റെ പേരു ഇപ്പോള്‍ കേള്‍ക്കുന്നത് ലാവലിന്‍ കേസുമായി  ബന്ധപ്പെട്ടു കൂടിയാണ്.  നോക്കണം, ആ കേസ്  നീട്ടികൊണ്ട് പോകാ‍ന്‍  തേച്ച് മായ്ച്ച് കളയാന്‍  എന്തെല്ലാം നെറ്റ് വര്‍ക്കുകളാണ് അണിയറയില്‍ നടക്കുന്നത്.  കേസ് അന്വേഷിച്ചിരുന്ന  സി.ബി.ഐ. ഉദ്യോഗസ്ഥനെ പോലും കേന്ദ്രമന്ത്രിയെ സ്വാധീനിച്ച് സ്ഥലം മാറ്റിക്കാന്‍ കഴിഞ്ഞിരിക്കുന്നു.  അഴിമതിക്കേസുകള്‍ ഇവിടെ സുലഭമാണെങ്കിലും  ശിക്ഷിക്കപ്പെട്ട രാഷ്ട്രീയക്കാര്‍ എത്രയുണ്ട്? ലാവലിന്‍ കേസിലും  പ്രതികള്‍ ആരെങ്കിലും ശിക്ഷിക്കെപ്പെടുമെന്ന് ആരും കരുതുന്നില്ല.  അവനവന്റെ പേരില്‍ അഴിമതിയാ‍രോപണം വരുമ്പോള്‍, അത് സി.ബി.ഐ. അന്വേഷിക്കുമ്പോള്‍ പ്രതിപ്പട്ടികയിലുള്ള രാഷ്ട്രീയക്കാരന്‍ പറയുന്നു അത് രാഷ്ട്രീയപ്രേരിതമെന്ന്.  രാഷ്ട്രീയക്കാരന്‍ അഴിമതി നടത്തിയാല്‍ കേസൊന്നും പാടില്ല എന്നാണ് അപ്പറയുന്നതിന്റെ പച്ചമലയാളം.

അഴിമതിയൊക്കെ സഹിക്കാം.  അതൊന്നും ജനത്തിന് ഒരു പ്രശ്നമേയല്ല. ഓരോ പാര്‍ട്ടിക്കാര്‍ക്കും തങ്ങളുടെ നേതാവ് അഴിമതിക്കേസില്‍ പെടുമ്പോള്‍ മാത്രമാണ് പ്രശ്നം.  കഴിയുന്നകൊണ്ടല്ലേ നടത്തിക്കോട്ടേ അഴിമതി എന്നാണ് മനോഭാവം.  അഴിമതി ഈ രാ‍ജ്യത്ത് ഇനിയും പെരുകും എന്നല്ലാതെ അത് നിര്‍മ്മാര്‍ജ്ജനം ചെയ്യുപ്പെടും എന്നാരും കരുതുകയില്ല.  പക്ഷെ അഴിമതിക്കെതിരെ  രാഷ്ട്രീയക്കാരുടെ ഉളുപ്പില്ലാത്ത ധാര്‍മ്മികരോഷമാണ് സഹിക്കാന്‍ പറ്റാത്തത്.  അഴിമതി അഴിമതി എന്ന് വിളിച്ചുകൂവാന്‍  ഈ രാഷ്ട്രീയക്കാര്‍ക്ക്  ഒട്ടും നാണമില്ലല്ലോ എന്നതിലാണ് അത്ഭുതം.  രാഷ്ട്രീയക്കാരന്‍ ഇന്ന്  തടിച്ച് കൊഴുത്ത് മിണുങ്ങി നടക്കുന്നുണ്ടെങ്കില്‍  അതില്‍ അഴിമതിയുടെ കറ ഉണ്ടാവില്ലേ ?

17 comments:

  1. സുകുമാരേട്ടാ,നമ്മള്‍ തന്നേം പിന്നേം ഇതൊക്കെ പറഞ്ഞു നിലവിളിച്ചു കൊണ്ടിരുന്നാല്‍ ഇനി നമ്മളെ രക്ഷിക്കാന്‍ കോടതി പോലും ഇല്ല..ആ തെണ്ടികളും വഷളായി രാഷ്ട്രീയക്കാരെ പോലും നാണിപ്പിക്കുകയാണ്. നമുക്ക് അഭിമാനിക്കാം! ഒരു മലയാളി പിന്നോക്കക്കാരന്‍ ബാലകൃഷ്ണന്‍ വേണ്ടി വന്നു സുപ്രീം കോടതിയുടെ പരമോന്നത അധ്യക്ഷ സ്ഥാനത്തെ നാറ്റിക്കാന്‍ .രഹസ്യങ്ങള്‍ സൂക്ഷിക്കുന്ന കോടതികള്‍ എന്ന വലിയ ഐസ്ബര്‍ഗിന്റെ ഒരു ചെറിയ ഭാഗം മാത്രം നാം ഇപ്പോള്‍ കണ്ടു തുടങ്ങിയിട്ടുള്ളൂ. എന്തൊക്കെ ഇനി കാണാനും കേള്‍ക്കാനും ഇരിക്കുന്നൂ..
    നമ്മളും ആയുധം എടുക്കാന്‍ സമയമായില്ലേ.. .ആലോചിച്ചു തുടങ്ങുക..!

    ReplyDelete
  2. വിശ്വാസികള്‍ തമ്മില്‍ തന്‍റെ ദൈവം വലിയവന്‍ എന്നു എന്നു പറയുന്നു,അഴിമതിക്കാരന്‍ തമ്മില്‍ തന്‍റെ അഴിമതി ചെറുതെന്നു പറയുന്നു.
    സവര്‍ണ്ണന്‍റെയൊപ്പം അഴിമതി തൂക്കമൊപ്പിക്കന്‍ ദളിതനും അവകാശമുണ്ടെന്നു കരുതുന്നതിനാലാവണം ഇടതന്മാര്‍ ശ്രീനിജന്റെ കേസില്‍ മിണ്ടാതിരിക്കുന്നത്.

    ReplyDelete
  3. Raja azhimathi kaanichathinekkaalum thankalkku vishamam JPC aavasyappettathinaanu....VARGASNEHAM enganeyum kaanikkanamallo....

    ReplyDelete
  4. ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണ്‍ന്റെ പേരു ഇപ്പോള്‍ കേള്‍ക്കുന്നത് ലാവലിന്‍ കേസുമായി ബന്ധപ്പെട്ടു കൂടിയാണ്. നോക്കണം, ആ കേസ് നീട്ടികൊണ്ട് പോകാ‍ന്‍ തേച്ച് മായ്ച്ച് കളയാന്‍ എന്തെല്ലാം നെറ്റ് വര്‍ക്കുകളാണ് അണിയറയില്‍ നടക്കുന്നത്. - Ithu maatram thankal kandu..ABHAYA CASE thankal kandilla....athu thankal kanukayum illa.....

    ReplyDelete
  5. ആഗോളവത്കരണത്തിന്റെ ഭാഗമായ വ്യവസായ വത്കരണത്തിന്റെ പങ്ക് പറ്റി നിയമ വ്യവസ്ഥയും രൂപയ്ക്ക് നാല്‌ എന്ന രീതിയിലായെന്ന് തോന്നുന്നു.

    ReplyDelete
  6. മാഷേ..ഇവിടെ എല്ലാം സാധാരണക്കാരനുമാത്രം ഉള്ളതാ..എല്ലാം...എല്ലാം..അവന്‍ വിലപിക്കുന്നു ആരു കേള്‍ക്കാന്‍

    ReplyDelete
  7. എന്തോകെയായിരുന്നു കെ ജി ബി അധികാരമേറ്റപ്പോള്‍

    കുപ്പയിലെ മാണിക്യം തേങ്ങാ കൊല കഷ്ടപാടുകളുടെ കഥ

    രാജയെ രക്ഷിക്കാന്‍ ശ്രമിച്ചതും ഈ ഡാഷ് ആണത്രെ

    ReplyDelete
  8. നല്ല പോസ്റ്.. സുകുമാരന്‍ സാറിന്റെ നിരീക്ഷങ്ങളോട് യോജിക്കുന്നു...

    അഴിമതിക്ക് ജാതിയോ മതമോ ഒന്നും ഇല്ലാ.. എല്ലാവരും കഴിയും തങ്ങളാല്‍ കഴിയും പോലെ കട്ടുമുടിക്കുന്നുണ്ട്. പൊതുജനത്തിന്റെ അവസാന അത്താണിയായ നീതിന്യായ വ്യവസ്ഥയും അഴിമതിമുക്തമല്ല എന്നുള്ള വാര്‍ത്തകള്‍ "ജനാധിപത്യത്തിലും നീതിന്യായ വ്യവസ്ഥയിലും" വിശ്വസിക്കുന്ന ജനകോടികളെ ശരിക്കും ഞെട്ടിക്കുന്നതാണ്..

    ReplyDelete
  9. സമൂഹത്തില്‍ പിന്നാക്കം അനുഭവിക്കുന്ന വിഭാഗങ്ങള്‍ക്ക് അവരുടെ പുരോഗതിക്ക് ആവശ്യമായ നടപടികള്‍ ആവിഷ്കരിക്കേണ്ടതും അത് നടപ്പിലാക്കേണ്ടതും അവസര സമത്വത്തിലൂന്നിയ ഏതൊരു സിദ്ധാന്തത്തിന്നും സംവിധാനത്തിന്റെയും ബാധ്യതയാണ്. ആ അര്‍ത്ഥത്തില്‍ ദുര്‍ബ്ബല ജനവിഭാഗങ്ങളുടെ ഉന്നതി കാംക്ഷിക്കുന്ന ജനത സംരക്ഷാണാത്മകമായ വിവേചനം എന്ന സങ്കല്പത്തെ { സംവരണം } അനുകൂലിച്ചേ തീരൂ... ചരിത്രപരമായി ചിരപ്രതിഷ്ഠ നേടിയ ഒരു സമരതന്ത്രമാണ് സംവരണം എന്ന ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ വിധിന്യായം അതിന്ന് അടിവരയിടുന്നു.


    മറ്റൊന്ന്,അഴിമതിയുമായി ബന്ധപ്പെട്ട നടത്തുന്ന നിരീക്ഷണങ്ങളില്‍ ഞാനും യോജിക്കുന്നു. നമ്മുടെ ഭരണ സംവിധാനങ്ങളിലും അതിന്‍റെ നടത്തിപ്പുകാരിലും നാളുകളായി കണ്ടു കൊണ്ടിരിക്കുന്ന ഈ മൂല്യച്യുതിയില്‍ മറ്റെല്ലാവരെയും പോലെ എന്നിലും നിരാശയും അമര്‍ഷവും എല്ലാം ഉണ്ട്. എന്നാല്‍, ദളിതുകള്‍ എന്ന പരാമര്‍ശത്തോടും അവരോടുള്ള ഈ എഴുത്തിലെ അസഹിഷ്ണുതയും എന്നില്‍ സങ്കടം {അലോസരം } മാത്രമേ ഒള്ളൂ ... ഇതിനെ സാമാന്യവത്കരിച്ച് ഒരു സമൂഹത്തെ മുഴുവനായും അഴിമതിക്കാരും കൊള്ളരുതാത്തവരും എന്നാ വിധിയെഴുത്തിന്‍റെ താത്പര്യം എന്ത്..? ഈ വിഷയത്തില്‍ നീതി പൂര്‍വ്വകമായ ഒരിടപെടല്‍ ഉണ്ടായില്ലാ എന്നതില്‍ നിന്ന് തന്നെ ഈ എഴുത്തിന്‍റെ താത്പര്യത്തില്‍ എനിക്ക് സംശയം ഉണ്ട്.

    ReplyDelete
  10. പൊതുവേ അഴിമാതികളെക്കുറിച്ച് ലേഖനത്തില്‍ കുറെ വിവരങ്ങള്‍ നമ്മള്‍ ടീവിക്കാരിലൂടെ അറിയുന്നത് മാത്രം പറഞ്ഞു എന്നല്ലാതെ എന്താണ് പോംവഴി എന്നതിനെക്കുറിച്ച് ഒരു ചിന്ത പോലും കടന്നുവരാതെ ലേഖനം അവസാനിക്കുമ്പോള്‍ വെറും ഒരു രോദനം പോലെ ആയോ എന്ന് തോന്നി. രാഷ്ട്രീയക്കാര്‍ മാത്രമാണ് അഴിമതിക്കാര്‍ എന്ന നിരീക്ഷണം വരുമ്പോള്‍ രാഷ്ടീയം ഇല്ലാതാക്കിയാല്‍ എല്ലാം ശാന്തമാവില്ലേ? ടീവിക്കാരുടെ ചില താല്‍പ്പര്യങ്ങള്‍ പോലെ ചില സൂചനകള്‍ ഇതിലും കാണാം.
    എല്ലാ രംഗത്തും അഴിമതി എന്നത് ഇപ്പോള്‍ സര്‍വ്വസാധാരണമായിരിക്കുന്നു. ഇതിനെതിരെ നമ്മള്‍ എന്ത് ചെയ്യുന്നു എന്നും ചിന്തിക്കെണ്ടാതല്ലേ? പണം കൊടുക്കാതെ വില്ലേജാഫീസില്‍ നിന്ന് ഒരു കടലാസ് കിട്ടാതെ വന്നാല്‍,അല്പം ബുദ്ധിമുട്ട് സഹിച്ച് പണം കൊടുക്കാതെ അത് കൈക്കലാക്കാന്‍ നമ്മളില്‍ എത്ര പേര്‍ തയ്യാരുണ്ട്? അപ്പോള്‍ അതല്ലേ ഇവര്‍ക്ക്‌ അഴിമതിക്ക്‌ കൂടുതല്‍ വഴി ഒരുക്കുന്നത്? നമ്മള്‍ക്ക് ഒരുവിധ ബുദ്ധിമുട്ടും ഇല്ലാതെ എല്ലാം കാല്‍ക്കീഴില്‍ കിട്ടണം എന്ന ചിന്ത.നമ്മള്‍ തന്നെയാണ് സ്വയം ചിന്തിക്കേണ്ടത് എന്നാണ് എനിക്ക് തോന്നുന്നത്.

    ReplyDelete
  11. അഴിമതി സാര്‍വത്രികമാകുമ്പോള്‍
    പിടിക്കപെടുന്നവര്‍ രക്തസാക്ഷികള്‍ !
    വെളിച്ചം നഷ്ടപെട്ടുകൊണ്ടിരിക്കുന്നു ....

    ReplyDelete
  12. നമ്മുടെ പുതിയ മന്ത്രി സാര്‍ പറയുന്നത്, സ്പെക്ട്രം അഴിമതി എന്ന ഒരു സംഗതിയെ ഇല്ലെന്നാണ് കെപിഎസ് ! അഴിമതി നടത്തുന്നതും അതിന്റെ പേരില്‍ മുതലെടുക്കുന്നവരും ഒടുവില്‍ രാജ്യത്തിന്റെ നഷ്ടം പുകയിലെഴുതുന്നതും രാഷ്ട്രീയക്കാര്‍. നമ്മള്‍, കഴുതകള്‍ ഇതൊക്കെ കണ്ടും കേട്ടും നാളത്തെ ഇലക്ഷന് ചുമരെഴുതാന്‍ നൂറു കലക്കിയിരിക്കണം!!

    പണ്ട് സ്കൂളില്‍ വെച്ച് അഭിനയിച്ച 'അപ്പമരം' എന്ന നാടകത്തിലെ അവസാന ചോദ്യമുണ്ട്; "ശീപോതി വര്വോ.??"

    ReplyDelete
  13. ഭരണാധികാരികള്‍ അഴിമതിയില്‍ മുങ്ങിക്കുളിക്കുംപോള്‍ നിയമ സംവിധാനങ്ങള്‍ക്ക് നോക്കുകുത്തിയവാനെ നമ്മുടെ രാജ്യത്ത് കഴിയുന്നുള്ളൂ . ജനാധിപത്യത്തിന്റെ നാലാം സംവിധാനമായ വാര്‍ത്ത മാധ്യമങ്ങള്‍ കൂടി അഴിമതി രാജാക്കന്മാരുടെ ബ്രാന്റ് അമ്പാസടര്‍മരാകുമ്പോള്‍ രാജ്യത്തെ സാധാരണക്കാരായ ജനം ഇനി ആരെ വിശ്വസിക്കും? മത്രിസഭയില്‍ ആരുവരണമെന്നും വേണ്ടയെന്നും തീരുമാനിക്കുന്നതില് രാജ്യത്തെ ബിസിനസ് ലോബിയെ കവച്ചുവെക്കുന്ന പങ്കാണ് 'മാധ്യമ' രാജാക്കാന്മാര്‍ക്കുള്ളതെന്നു ജനം ഇതിനു മുമ്പ തിരിച്ചറിഞ്ഞതാണ്.

    ReplyDelete
  14. ജനസേവകര്‍ എന്ന പേരു മാറ്റി
    സ്വസേവകര്‍ എന്ന് പേരു വെച്ചു നല്‍കേണ്ട
    കാലം അതിക്രമിച്ചു
    രാഷ്ട്രീയത്തിലെ കരുനീക്കങ്ങളില്‍ 95 ശതമാനവും
    വരുമാന സ്രോതസ്സുകള്‍ തേടി തന്നെയാണ്...
    അതല്ലേ സത്യം?

    ReplyDelete
  15. മാറ്റത്തിനായി പ്രവര്ത്തിക്കാനാരുണ്ട്

    ReplyDelete
  16. സുകുമാരന്‍ സാറേ, മൂക്കോളം മുങ്ങിയാല്‍ പിന്നെ മൂവാളോ നാലാളോ എന്ന് നോക്കാനില്ല എന്നല്ലെ ചൊല്ല്? രണ്ടാഴ്ച്കയായി ബാബു പോള്‍ IAS “മാദ്ധ്യമ”ത്തില്‍ KGB യ്ക്ക് വേണ്ടി വക്കാലത്തെടുക്കുന്നത് കണ്ടില്ലേ?

    ReplyDelete
  17. പോര... ബ്ലോഗിന് നിലവാരമില്ല. മൊത്തത്തില്‍ ഒരു പുകമറ. എന്തൊക്കെയോ താങ്കള്‍ മറച്ചു പിടിച്ചുകൊണ്ട് വാക്ക് കസര്‍ത്ത് നടത്തുന്നു. താങ്കള്‍ താങ്കളുടെ മനസാക്ഷിയെ വഞ്ചിക്കുന്ന രീതിയിലാണ്‌ എഴുതിയിരിക്കുന്നത്. ഒരു ഇന്ത്യന്‍ പൌരന്‍, അതായതു സാദാരണ കാരന്‍, അഴിമതിക്കെതിരെ പോരാടുന്ന ശബ്ദം ഈ ബ്ലോഗില്‍ കാണാന്‍ പറ്റിയില്ല. സത്യം തുറന്നു കാണിക്കാന്‍ കുറച്ചു കൂടി സന്നധധ കാണിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

    ReplyDelete