Pages

ജൈവകൃഷിയും ജി എം വിളയും -1

(രാസവളവും ജൈവവളവും ഉപയോഗിച്ചുള്ള സമ്മിശ്രവളപ്രയോഗമാണ് ശാസ്ത്രീയമായത്. അല്ലാതെ രാസവളം വര്‍ജ്ജിക്കുന്നത് കൃഷിയെ സഹായിക്കുകയില്ല.)

ഏതാനും സുഹൃത്തുക്കള്‍ ഇന്ന് വൈകുന്നേരം  എന്നെ കാണാന്‍ വന്നിരുന്നു. പല കാര്യങ്ങളെ കുറിച്ചും സംസാരിച്ചപ്പോള്‍ വിഷയം ജൈവകൃഷിയിലേക്കും ജി എം വിളയിലേക്കും എത്തി. ഇപ്പോള്‍ ആളുകളെല്ലാം ജൈവകൃഷിയുടെ പ്രചാരകരാണ്. ജി എം വിളകള്‍ക്ക് എതിരും.  എനിക്ക് പക്ഷെ വ്യത്യസ്തമായ കാഴ്ചപ്പാടാണ് ഉള്ളത്. ഭാഗ്യവശാല്‍ സംഭാഷണം ഒരു തര്‍ക്കത്തില്‍ എത്തിയില്ല. കാരണം നമ്മള്‍ ഒരു തര്‍ക്കത്തില്‍ പെട്ടുപോയാല്‍ പിന്നെ ഊരി വരാന്‍ പ്രയാസമാണ്. എന്താണ് രാസവളത്തിന്റെ ദോഷം? ഞാന്‍ അവരോട് ചോദിച്ചു.  അവര്‍ക്ക് വ്യക്തമായ ഉത്തരമില്ലായിരുന്നു. ജൈവകൃഷിയെക്കുറിച്ച് വായിച്ചറിവേയുള്ളൂ.  നമ്മെ പോലെ തന്നെ ചെടികള്‍ക്കും ഭക്ഷണവും വെള്ളവും പ്രാണവായുവുമെല്ലാം വേണം.  ചെടികള്‍ക്കാവശ്യമുള്ള ആഹാരം നിര്‍മ്മിക്കുന്നതിന് അവയ്ക്ക് പ്രധാനമായി വേണ്ടത് കാര്‍ബണും   ജലവും  സൂര്യപ്രകാശവുമാണ്. ഇതില്‍ കാര്‍ബണ്‍  അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്സൈഡില്‍ നിന്നാണ് സ്വീകരിക്കുന്നത്. ഏതൊരു ജൈവപദാര്‍ത്ഥത്തിലും പ്രധാനഘടകം കാര്‍ബണ്‍ ആണ്.  അന്തരീക്ഷത്തില്‍ നിന്ന്  കാര്‍ബണ്‍ ഡയോക്സൈഡ് വലിച്ചെടുത്ത്  ആഹാരത്തിന്  വേണ്ടി കാര്‍ബണ്‍ സ്വീകരിച്ചിട്ട് ഓക്സിജന്‍ പുറത്തേക്ക് വിടുകയാണ് ചെടികള്‍ ചെയ്യുന്നത്. ആ ഓക്സിജനാണ് നമ്മള്‍ ശ്വസിക്കുന്നത്.

ജൈവവളത്തിലെ പ്രധാന ഭാഗം ഈ കാര്‍ബണ്‍ ആണ് എന്ന് പറഞ്ഞല്ലൊ.  ചെടികള്‍ മണ്ണില്‍ നിന്ന് കാര്‍ബണ്‍ വലിച്ചെടുക്കുന്നില്ല എന്നും മനസ്സിലാക്കണം.  കാര്‍ബണ്‍ കഴിഞ്ഞാല്‍ പിന്നെ പ്രധാനമായി വേണ്ടത് നൈട്രജന്‍ ആണ്.  അന്തരീക്ഷത്തില്‍ 78 ശതമാനവും നൈട്രജനാണെന്ന് നമുക്കറിയാം. എന്നാല്‍ മണ്ണില്‍ നിന്നാണ് ചെടികള്‍ നൈട്രജന്‍   സ്വീകരിക്കുന്നത്, അത് നൈട്രജന്‍ ആയിട്ടല്ല.  ഓക്സിജനുമായി ചേര്‍ന്ന് നൈട്രേറ്റുകളായിട്ടാണ്.  പിന്നെ ഫോസ്ഫറസ്സ്, പൊട്ടാസിയം ഇങ്ങനെ കുറെ മൂലകങ്ങളും ചെടികള്‍ക്ക് വേണം. ഇതെല്ലാം മണ്ണില്‍ തീര്‍ന്നുപോകും. നൈട്രജന്‍ മാത്രം അന്തരീക്ഷത്തില്‍ നിന്ന് ഭൂമിയില്‍ എത്തുന്നുണ്ട്. അത്  ഇടിയും മിന്നലും ഉണ്ടാകുമ്പോള്‍ അന്തരീക്ഷത്തിലെ ഓക്സിജനും നൈട്രജനും സംയോജിച്ച്  നൈട്രേറ്റുകളായി മഴയോടൊപ്പം ഭൂമിയില്‍ പതിക്കുന്നത് മൂലമാണ്.  ചിലയിനം ബാക്റ്റീരിയങ്ങള്‍ ചെടികളുടെ വേരില്‍ വെച്ച്  നൈട്രേറ്റുകള്‍ ഉല്പാദിപ്പിക്കുന്നുണ്ട്. അതൊക്കെ നാമമാത്രമാണ്. മഴക്കാലത്ത് എത്രയോ ടണ്‍ നൈട്രേറ്റാണ് ഭൂമിയില്‍ വീഴുന്നത്. എന്നാലും മണ്ണില്‍ ആവശ്യമായത്ര നൈട്രജന്‍ ഉണ്ടാകില്ല.

ചെടികള്‍ക്ക് അന്നജം നിര്‍മ്മിക്കാനാണ് കാര്‍ബണ്‍ . അതേ പോലെ പ്രോട്ടീന്‍ നിര്‍മ്മിക്കാനാണ് നൈട്രജന്‍ വേണ്ടത്. കാര്‍ബണിന് ക്ഷാമമില്ല.  അന്തരീക്ഷത്തില്‍ ഇഷ്ടം പോലെ ഉണ്ടല്ലൊ. നൈട്രജന്‍ മണ്ണില്‍ ഇല്ലെങ്കില്‍ എന്ത് വേണം?  ജൈവവളത്തില്‍ ഭൂരിഭാഗം കാര്‍ബണ്‍ തന്നെയാണെന്ന് ഞാന്‍ പറഞ്ഞു.  നമ്മള്‍ കോമ്പ്ലക്സ് വളം  എന്ന് പറയുന്ന NPK  രാസവളത്തില്‍  നൈട്രജനും ഫോസ്ഫറസും പൊട്ടാസിയവുമാണ് ഉള്ളത്.  ഇത് ചെടികള്‍ക്ക് അവശ്യം വേണ്ടതാണ്. അത് കൃത്രിമമായി ലബോറട്ടറിയില്‍ ഉല്പാദിപ്പിക്കുന്നത് ആണെങ്കിലും ചെടികള്‍ക്ക് അത് അപ്പറഞ്ഞ മൂലകങ്ങള്‍ തന്നെയാണ്.  ഉദാഹരണത്തിന് ചാരം അഥവാ വെണ്ണീര് നോക്കാം.  കരിയിലയോ വിറകോ കത്തിക്കുമ്പോള്‍  അവയിലടങ്ങിയിട്ടുള്ള  കാര്‍ബണ്‍ മാത്രമാണ്  വായുവിലെ ഓക്സ്ജിജനുമായി സംയോജിച്ച് കാര്‍ബണ്‍ ഡൈയോക്സൈഡായി പോകുന്നത്. ബാക്കി എല്ലാ മൂലകങ്ങളും വെണ്ണീരില്‍ അടങ്ങിയിട്ടുണ്ട്.  നമ്മള്‍  ചാരം ഇട്ടാലും രാസവളം ഇട്ടാലും ചെടികള്‍ക്ക് അത് ഇപ്പറഞ്ഞ മൂലകങ്ങള്‍ മാത്രമാണ്. അപ്പോള്‍ ചോദിച്ചേക്കാം , എന്നാല്‍ ചാരം പോരേ എന്ന്. എത്ര ചാരം ലഭ്യമാക്കാന്‍ പറ്റും.

നമ്മള്‍ ഇടുന്ന ജൈവവളത്തിലെ കാര്‍ബണ്‍ മണ്ണിന്റെ പശിമയ്ക്കാണ് ഉപയുക്തമാകുന്നത്.  അപ്പോള്‍ ശരിയായ രീതി ജൈവവളവും രാസവളവും ഉപയോഗിക്കുകയാണ്.  രാസവളത്തില്‍ എന്തെല്ലാം മൂലകങ്ങള്‍ വേണം എന്നത് ഓരോ സ്ഥലത്തെയും മണ്ണ് പരിശോധിച്ചിട്ടാണ് തീരുമാനിക്കേണ്ടത്.  ഇങ്ങനെയൊരു ശാസ്ത്രീയകൃഷി സമ്പ്രദായമായിരുന്നു ഇവിടെ നിലവില്‍ ഉണ്ടായിരുന്നത്. ഇപ്പോഴും തുടരുന്നതും. അപ്പോഴാണ് രാസവളം വിഷമാണ് എന്നൊരു പ്രചാരം  ചില ഭാഗത്ത് നിന്ന് ഉയരുന്നത്. ജൈവവളം മാത്രം ഉപയോഗിച്ച് , രാസവളം ഒഴിവാക്കിയാല്‍ ഇന്ന് ഇവിടത്തെ 120 കോടി ജനങ്ങള്‍ക്ക് ആഹാരം ഉല്പാദിപ്പിക്കാന്‍ പറ്റുമോ? അത് പോട്ടേ എന്ന് വെക്കാം. എന്താണ് രാസവളത്തിന്റെ ദോഷം? ആരെങ്കിലും എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ?  ജൈവവളത്തില്‍ ഇപ്പറഞ്ഞ മറ്റ് മൂലകങ്ങള്‍ ഇല്ലെന്നല്ല.  ചെടിയെ സംബന്ധിച്ചെടുത്തോളം  അത് മണ്ണില്‍ നിന്ന്  ജലവും , മറ്റ് ധാതുക്കളും ലവണങ്ങളും  മൂലകങ്ങളുമാണ് വലിച്ചെടുക്കുന്നത്.  ജൈവവളമാണോ രാസവളമാണോ  എന്ന് അതിനറിയില്ല.  ചെടിക്ക് മൂലകങ്ങള്‍ ഏതില്‍ നിന്ന് ലഭിച്ചാലും അതെല്ലാം മൂലകങ്ങള്‍ മാത്രം.  അതൊക്കെ ചേര്‍ത്താണ് ചെടികള്‍ നമുക്ക് ഭക്ഷണം തയ്യാറാക്കി തരുന്നത്.  ലോകത്തിന്റെ ശരിയായ അടുക്കള എന്ന് പറയുന്നത് ചെടികളുടെ ഇലകളാണ്. നമ്മള്‍ അതിന് രുചി കൂട്ടുന്നേയുള്ളൂ.

മനുഷ്യന് മാരകമായത് കീടനാശിനിയാണ്. അത് തന്നെ അളവില്‍ കൂടുതല്‍ തളിക്കുകയാണെങ്കില്‍ മാത്രം. ഇവിടെ കീടനാശിനിയെ പറ്റി പറയാതെ രാസവളത്തെ ഒന്നാം പ്രതിയാക്കിയാണ് കുറ്റപ്പെടുത്തുന്നത്. കാര്‍ഷിക സര്‍വ്വകലാശാലയിലെ അദ്ധ്യാപകര്‍ പോലും ഇപ്പോള്‍ രാസവളത്തെ എതിര്‍ത്തുകൊണ്ട് ജൈവകൃഷിക്ക് വേണ്ടി വാദിക്കുന്നതാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്.

 എന്താണ് രാസവളത്തിന്റെ ദോഷം? കീടനാശിനിയാണ് നമുക്ക് മാരകമായത് എന്ന് പറഞ്ഞു. ഇന്നത്തെ രീതിയില്‍ കൃഷി ചെയ്യണമെങ്കില്‍ കീടനാശിനി ഒഴിവാക്കാന്‍ പറ്റില്ല.  അത് ദുരുപയോഗം ചെയ്യുന്നതാണ് യഥാര്‍ഥപ്രശ്നം.  എനിക്ക് ലാഭം കിട്ടണം എന്ന ദുര്‍മോഹത്തില്‍ അമിതമായ കീടനാശിനി പ്രയോഗമാണ് ഇവിടെ വില്ലന്‍ . കീടനാശിനിയുടെ ഉപയോഗം കുറച്ചുകൊണ്ട് വരാന്‍ ഒറ്റമാര്‍ഗ്ഗമേയുള്ളൂ  ജി എം വിളകള്‍ . അതായത് കീടങ്ങളെ ചെറുക്കാന്‍ കഴിവുള്ള ജനറ്റിക്കലി മോഡിഫൈഡ് വിത്തുകള്‍ ഉപയോഗിക്കുക. കീടങ്ങള്‍ക്കെതിരായ പ്രതിരോധം മാത്രമല്ല അത്യുല്പാദനശേഷി മുതല്‍ അനുയോജ്യമായ പല മാറ്റങ്ങളും വിളകളില്‍ വരുത്താന്‍ കഴിയും.  അടുത്ത 50 വര്‍ഷങ്ങള്‍ക്കുള്ളില്‍ ലോകജനസംഖ്യ ഇന്നത്തേതില്‍ നിന്ന് ഇരട്ടിയാകും. പരമ്പരാഗത കൃഷിരീതിയുപയോഗിച്ച് ഇത്രയും വലിയ ജനസഖ്യയെ തീറ്റിപ്പോറ്റാന്‍ കഴിയില്ല.  ജനങ്ങള്‍ പെരുകുന്നതിന്റെ അനുപാതത്തില്‍ കൃഷിസ്ഥലം കുറയുന്നുമുണ്ട്. എന്താണ് ജി എം വിളകളുടെ ദോഷം?  ജി എം പരുത്തിച്ചെടികളുടെ ഇല തിന്ന് പശുക്കള്‍ ചത്തൊടുങ്ങി എന്നാണ് പ്രചരിപ്പിക്കുന്നത്.  ഇതിനെ പറ്റി നാളെ എഴുതാം.  ചിലപ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നത് തെറ്റായിരിക്കാം. എന്നാലും എല്ലാ വശങ്ങളും നമ്മള്‍ പരിശോധിക്കണമല്ലോ അല്ലേ?

20 comments:

  1. രാസവളം മണ്ണിലെ കീടങ്ങളെ, അണുക്കളെ നശിപ്പിക്കുന്നു

    രാസവളം ഉപയോഗിക്കുമ്പോള്‍ മണ്ണിന്റെ പോഷക ഘടന നഷ്ടപ്പെടുന്നു

    രാസവളം ജലം മലിനമാക്കുന്നു.

    പത്താം തരം ബയോളജി

    ReplyDelete
  2. ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ എടുത്തത് നന്നായി... ഹരിത വിപ്ലവം ഭൂമിയുടെ സന്തുലനാവസ്ഥയെ തകിടം മറിച്ചു എന്നതില്‍ സംശയമില്ല... മനുഷ്യന്‍ എന്ന ജീവി തന്റെ നില നില്‍പ്പിന് വേണ്ടി മാത്രം ജീവിക്കുവാന്‍ പെടുന്ന വ്യഗ്രതയില്‍ മറ്റുള്ളവ നശിപ്പിക്കുന്നു. ഭാവി തലമുറയെ പോലും നാം ഓര്‍ക്കുന്നില്ല...

    കാര്‍ബണ്‍ ഡൈ ഓക്സൈഡ് വാദത്തെ പോലെ തന്നെ ഉയര്‍ന്നിട്ടുള്ള മറ്റ് ഒരു വാദമാണ് താങ്കള്‍ സൂചിപ്പിച്ച നൈട്രേറ്റ് പ്രശ്നം... ഇത് അടിഞ്ഞ് കൂടുന്നു എന്നാണ് വാദം... രാസമായാലും, ജൈവമായാലും... ഒരു ചെറിയ വിവരണം ഇവിടെയുണ്ട്... http://www.fao.org/docrep/w2598e/w2598e06.htm

    അതായത് രാസ കീടനാശിനിയെ പോലെ തന്നെ ഇതും ഭൂഗര്‍ഭ ജലത്തെ മലിനമാക്കി കഴിഞ്ഞു....

    കീടനാശിനി അമിതമായി ഉപയോഗിക്കുന്നത് മാത്രമല്ല പ്രശ്നം പല കീടനാശിനികളും ചെറിയ തോതില്‍ അകത്ത് കടന്ന് ശരീരത്തില്‍ അടിഞ്ഞ് കൂടും... അത് പിന്നീട് മാരക രോഗങ്ങള്‍ക്കും ചിലപ്പോള്‍ ജനിതക തകരാറിന് വരെ വഴി വെയ്ക്കുകയും അത് അടുത്ത തലമുറയെ ബാധിക്കുകയും ചെയ്യും...

    ഡി.ഡി.റ്റി. എന്ന രാസവസ്തു കണ്ട് പിടിച്ചതിന് നോബല്‍ സമ്മാനം കൊടുക്കുകയുണ്ടായി എന്നാല്‍ പിന്നീട് നടന്ന പഠനങ്ങളിലും, ജീവിത യാഥാര്‍ത്ഥ്യത്തില്‍ നിന്നും ഈ രാസ വസ്തു ഗുണത്തേക്കാള്‍ ദോഷമാണ് ചെയ്യുക എന്ന തിരിച്ചറിഞ്ഞ് നിരോധിച്ചു.. പക്ഷേ ഭൂഗര്‍ഭ ജലത്തില്‍ വരെ ഡി.ഡി.റ്റി. എത്തി കഴിഞ്ഞിരുന്നു....

    കേരളത്തിലെ പദ്രയിലെ ജനജീവിതം കാണുന്ന ഒരാള്‍ക്ക് പിന്നീട് ഒരു രാസകീടനാശിനിയെ അനുകൂലിക്കുവാന്‍ കഴിയില്ല എന്ന് തീര്‍ച്ച... ഇന്ത്യയില്‍ തന്നെ എന്ത് കൊണ്ട് മള്‍ട്ടിനാഷണല്‍ കമ്പനികളുടെ വരെ കുപ്പി വെള്ളത്തില്‍ കീടനാശിനി കണ്ടെത്തിയത്!

    ജി.എം. വിളകള്‍ക്ക് അമേരിക്കയിലും യൂറോപ്പിലും പോലും ജന വിശ്വാസം പിടിച്ചെടുക്കുവാന്‍ കഴിയാത്തത് എന്ത് കൊണ്ടാണ്?

    രണ്ട് വശവും മനസ്സിലാക്കുവാന്‍ കഴിയുന്നത് ഇവിടെയാണെന്ന് തോന്നുന്നു http://www.who.int/foodsafety/publications/biotech/20questions/en/

    ഇന്ന് എന്ത് കൊണ്ടാണ് മരുന്നുകള്‍ക്ക് തീ വില ജനങ്ങള്‍ക്ക് കൊടുക്കേണ്ടി വരുന്നത്?

    ReplyDelete
  3. OpenId കാര്‍ക്കും കമന്റ് എഴുതാനുള്ള സൌകര്യം തരിക.

    രാസവളങ്ങളങ്ങളുടെ ഉത്പാദനം ഹരിതഗൃഹ വാതകങ്ങളുടെ ഉദ്‌മനത്തിന്റെ 35% ആണ്. CO2 നെകാള്‍ 300 മടങ്ങ് ഹരിതഗൃഹ ശക്തിയുള്ളതാണ് nitrous oxide പോലുള്ള വാതകങ്ങള്‍.

    നൈട്രജന്‍ വളങ്ങളും അഴുക്കുചാലുകളില്‍ നിന്നുള്ള വെള്ളവും സമുദ്രോപരിതലത്തിലെ പ്രകാശസംശ്ലേഷണം നടത്താല്‍ കഴിവുള്ള സൂഷ്മ ജീവികളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കും. പിന്നീട് ചത്ത് വെള്ളത്തിലടിയിലെത്തുമ്പോള്‍ അവിടെയുള്ള സൂഷ്മ ജീവികള്‍ അവയെ ജീര്‍ണിപ്പിക്കുന്നു. ആ പ്രവര്‍ത്തനത്തിന് അടിത്തട്ടിലെ ജലത്തില്‍ ലയിച്ച് ചേര്‍ന്നിട്ടുള്ള ഓക്സിജന്‍ ഉപയോഗിക്കുന്നതാണ് അവിടുത്തെ ഓക്സിജനില്‍ കുറവ് വരാന്‍ കാരണം. ഓക്സിജന്റ അളവ് കുറയുന്നതുകാരണം മറ്റ് ജീവജാലങ്ങള്‍ക്ക് അവിടെ ജീവിക്കാന്‍ കഴിയാതാകുന്നു.

    കടലിലെ ശവപ്പറമ്പ്

    ലോകം മൊണ്‍സാന്റോയുടെ അഭിപ്രായത്തില്‍

    യൂറോപ്യന്‍ രാജ്യങ്ങള്‍ ജനിതക മാറ്റം വരുത്തിയ ആഹാരം നിരോധിച്ച് കഴിഞ്ഞു.

    http://www.aaemonline.org/gmopost.html

    പ്രകൃതി ദത്തമായ പരാഗണം കാരണം ജനിതക മാറ്റം വരുത്തിയ ആഹാരം ആ വിഭാഗത്തിലുള്ള മറ്റു ചെടികളിലും ജനിതക മാറ്റത്തിന് കാരണമാകുന്നു. അതിന്റെയൊക്കെ പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു.
    ജനിതക മാറ്റം വരുത്തിയ ആഹാരം എന്നത് ഉത്പാദനക്ഷമത കൂട്ടുന്നില്ല. അത് ശരിക്കും വിത്തിന്റെ ഉടമസ്ഥതാവകാശം എന്തെങ്കിലും ഒരു ജീന്‍ മാറ്റി എന്ന പേര് പറഞ്ഞ് കമ്പനികള്‍ സ്വന്തമാക്കുന്നതിന് വേണ്ചിയാണ്.

    ReplyDelete
  4. ജി.എം.വിളകള്‍ എന്താണെന്നതിനെക്കുറിച്ച് തെറ്റിദ്ധാരണയുള്ളതായി കാണുന്നു.പൊതു ഉടമസ്തതയിലുള്ള വിത്തുകള്‍ നിസ്സാര ജനിതക മാറ്റത്തിലൂടെ കുത്തകസ്വത്താക്കുകയും, ആ വിളയുടെ വ്യാപനത്തിലൂടെ നാടന്‍ വിത്തുകള്‍ ഭൂമുഖത്തുനിന്നും ഇല്ലാതാക്കുന്നതുമായ തന്ത്രത്തെ പ്രതിരോധിക്കുക തന്നെ വേണം.ഈ വിഷയത്തില്‍ ബ്ലോഗര്‍ ജഗദീശിന്റെ ആധികാരിക അറിവുകളാണു സ്വീകാര്യമായിട്ടുള്ളത്.

    ReplyDelete
  5. I (still)believe that homo sapiens are also a part of nature. And one thing which i learned in biology is some thing about ecosystem(AAvasa vyavastha)according to this concept thinnum thinnappettum upayogichum upayogikapetum jeevikkunna jeevajalangalude oru valiya vyavastha. athanu earth.We are modifiying it(at least trying to do it) I donno its gud or bad.Being the fitest creation i think our objective must be maintain it rather than alter it.otherwise survival may be difficult in this form. Then the question of starvation and humanity.Can be obtained just by rechanalising the funds...just telling...my ideas..

    ReplyDelete
  6. "അടുത്ത 50 വര്‍ഷങ്ങള്‍ക്കുള്ളില്‍ ലോകജനസംഖ്യ ഇന്നത്തേതില്‍ നിന്ന് ഇരട്ടിയാകും"

    ഇത് എന്ത് കൊണ്ടു സംഭവിക്കുന്നു ..?
    മനുഷ്യര്‍ ആഫ്രിക്കന്‍ ഒച്ചുകളോ , വൈറസോ , ബാക്ടിരിയയോ ആണോ .സാഹചര്യം കിട്ടിയാല്‍ പെറ്റു പെരുകാന്‍ !!!! വിശേഷ ചിന്ത ഉള്ള ജീവിയല്ലേ മനുഷ്യന്‍ ...?അങ്ങനെ എങ്കില്‍ എന്താണ് മനുഷ്യനെ പെറ്റു പെരുകാന്‍ പ്രേരിപ്പിക്കുന്നത് ..?

    (2 )ഇവിടെ ആവശ്യത്തിനു ഭക്ഷണം ഉത്പാദിപ്പിക്കാന്‍ ഇപ്പോതന്നെ , ആവശ്യത്തിനു സ്ഥലവും , അറിവും ഉണ്ട് . ഉണ്ടാക്കപ്പെടുന്ന ഭക്ഷണം പൂഴ്ത്തിവേപ്പുകളും നിക്ഷിപ്ത താത്പര്യങ്ങളും ഇല്ലാതെ എല്ലാവര്ക്കും വിതരണം ചെയ്‌താല്‍ മാത്രം മതി . . കൂട്ടത്തില്‍ ഗര്‍ഭ നിരോധന സങ്കേതങ്ങളും സ്വല്പം ബോധവും വിവരവും കൂടെ സപ്ലൈ ചെയ്തു കൊടുക്കേണ്ടതും ഉണ്ട് .അതിനുള്ള പ്രതി ബന്ധങ്ങളെ ആദ്യംമനസ്സിലക്കെന്ടതുന്ടു

    (3 ) ഒരു ശാസ്ത്രം എന്നാ നിലയില്‍ ജി എം വിത്തുകളുടെ പരീക്ഷണ അടിസ്ഥാനത്തിലുള്ള ഗവേഷണവും പഠനങ്ങളും പ്രോത്സാഹിക്കപ്പെടുക തന്നെ വേണം . ഇപ്പോഴുള്ള ന്യായയുക്തമോ , ആയുക്തികരമോ ആയിട്ടുള്ള സകല സംശയങ്ങളും ദൂരികരിക്കപ്പെടാന്‍ കൂടുതല്‍ പഠനങ്ങളും ഗവേഷണങ്ങളും ആവശ്യമാണ് . അത് മാത്രമല്ല ഭാവിയില്‍ ഉണ്ടായേക്കാവുന്ന പ്രകൃതി വ്യതിയാനങ്ങള്‍ സ്വാഭാവിക ഭക്ഷണ ഉത്തപാദന മര്ഗ്ഗങ്ങള്‍ക്ക് ഭീഷണി ആകുമെങ്ങില്‍ , അതിനു ബദലായി മനുഷ്യന്റെ ബുദ്ധിയില്‍ വികസിപ്പിച്ചെടുത്ത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കേണ്ടി വരും .പ്രകൃതി കഴിവതും ഇണങ്ങി ജീവിക്കുമ്പോഴും പ്രകൃതി നിര്‍ധാരണം കഴിവതും എതിര്‍ത്ത് തന്നെയാകണം മനുഷ്യന്‍ ഭാവിയിലേക്ക് മുന്നെരണ്ടത് . അത് കൊണ്ടു ,ഒരേ സമയം ജി എം വിത്തുകളുടെ വാണിജ്യ ഉപയോഗം നിരുത്സാഹപ്പെടുത്തണം അതെ സമയം ജി എം ഗവേഷണങ്ങള്‍ കൂടുതല്‍ പ്രോട്സാഹിക്കപ്പെടുകയും വേണം , അതിനു കൂടുതല്‍ ഫണ്ടുകള്‍ അനുവടിക്കപ്പെടണം എന്നാണു നിക്ഷിപ്ത താത്പര്യമില്ലാത്തവര്‍ ആവശ്യപ്പെടണ്ടത് .

    ReplyDelete
  7. ജൈവ കൃഷി രീതികള്‍ ആഗോള തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ചത് വെറും ചുമ്മാതല്ലല്ലോ.

    എന്താണ് രാസവളത്തിന്റെ ദോഷം? ഞാന്‍ അവരോട് ചോദിച്ചു. അവര്‍ക്ക് വ്യക്തമായ ഉത്തരമില്ലായിരുന്നു.
    avarkk ee postile kamantukal vaayikkaan kodukkoo.

    ReplyDelete
  8. സുകുമാരേട്ടാ,
    തികച്ചും വ്യത്യസ്തമായ ഒരു പോസ്റ്റിട്ടതിൽ സന്തോഷം...വർത്തമാന കാലത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടേണ്ട വിഷയം തന്നെയാണിത്.കാരണം ഭക്ഷണം നമുക്കൊഴിവാക്കാൻ പറ്റാത്തതാണല്ലോ...

    ഒരു ചെടി അതിനാവശ്യമായ ഭക്ഷണം വലിച്ചെടുക്കുന്നത് മണ്ണിലെ ഒരുപാട് സൂക്ഷ്മ പ്രക്രിയകളിലൂടെയാണ്.ആഹാര സമ്പാദനത്തിന്റെ കാര്യത്തിൽ ഓരോ സസ്യവും വ്യത്യസ്തമാണ്.തെങ്ങെടുക്കുന്ന ഭക്ഷണമല്ല വാഴയെടുക്കുന്നത്.നെല്ലിനെപ്പോലെയല്ല തക്കാളി.ഓരോ സസ്യങ്ങൾക്കും മണ്ണിലെ സൂക്ഷ്മജീവികൾ പരസ്പരാശ്രിതത്വത്തിലൂടെ ഭക്ഷണമൊരുക്കിക്കൊടുക്കുകയാണ്.NPK മാത്രമല്ല മറ്റൊരുപാട് സൂക്ഷ്മ മൂലകങ്ങൾ കൂടി സസ്യങ്ങൾക്കാവശ്യമുണ്ട്.കാർബണും,നൈട്രജനും ഏറ്റവുമധികം ലഭിക്കുന്നത് സസ്യങ്ങളുടെ അവശിഷ്ടങ്ങളിൽ നിന്നും ജന്തുക്കളുടെ കാഷ്ഠങ്ങളിൽ നിന്നുമാണ്.കാത്സ്യവും,ഫോസ്ഫറസും ജന്തുക്കളുടെ എല്ലുകളിൽനിന്നും പുറന്തോടുകളിൽ നിന്നും...ഉദാഹരണമായി ഒരു കുറുക്കൻ വയലിൽ നിന്നും ഞണ്ടിനെത്തിന്ന് പറമ്പിൽ വന്ന് കാഷ്ഠിക്കുമ്പോൾ ആ മണ്ണിൽ കാത്സ്യമെത്തുന്നു.മാംഗനീസ് അടങ്ങിയ ഒരു ചെടി മണ്ണിലടിയുമ്പോൾ മണ്ണിൽ മാംഗനീസ് തിരിച്ചെത്തുന്നു.ഇങ്ങിനെയുള്ള ജൈവചാക്രികതയിലൂടെയാണ് എല്ലാ മൂലകങ്ങളും മണ്ണിലേയ്ക്ക് തിരിച്ചെത്തുന്നത്.

    ഇങ്ങിനെ സന്തുലിതമായ മണ്ണിൽ ഒരു ചെടി വളരുന്നുവെന്ന് കരുതുക.അത് ഏറ്റവും കരുത്തോടെയാവും വളരുക.അതിന് കീടങ്ങളുടെ ആക്രമണം തീരെ കുറവായിരിക്കും.മണ്ണാണ് സന്തുലിതമാവേണ്ടത്.മണ്ണ് സന്തുലിതമായാൽ ആഹാരവും സന്തുലിതമാവും.ഇത്തരം സന്തുലിത ആഹാരം കഴിച്ചാൽ ആരോഗ്യം സന്തുലിതമാകുന്നു.ഈ രീതിയിലുള്ള കൃഷിയാണ് ഇവിടെ നിലനിന്നിരുന്നത്.ഇതാണ് ജൈവകൃഷി.ഈ സുസ്ഥിര കൃഷി വിജയകരമായി തുടർന്നുവരുന്നവർ ഇന്ത്യയിൽ ധാരാളമുണ്ട്.

    ReplyDelete
  9. ഈ ഒരു വീക്ഷണകോണിലൂടെ വേണം രാസകൃഷിയുടെ ദോഷ ഫലങ്ങളെപ്പറ്റി ചിന്തിക്കാൻ.എന്താണ് രാസവളങ്ങൾ?പെട്രോളിയത്തിന്റെ ഉപോൽ‌പ്പന്നങ്ങളാണവ.നാം വിറ്റാമിൻ ഗുളികകൾ കഴിക്കുമ്പോൾ ഉണ്ടാകുന്ന അതേ ഫലങ്ങളാണ് അത് സസ്യങ്ങൾക്ക് നൽകുക.ഒരു രാസവസ്തു ഒരിക്കലും നേരിട്ട് ദഹിപ്പിക്കാൻ ജീവജാലങ്ങളുടെ ദഹനവ്യവസ്ഥയ്ക്കാവില്ല.യാതൊരു കാരണവശാലും സ്വാഭാവികമായി മണ്ണിൽ എത്തിച്ചേരാൻ സാധ്യതയില്ലാത്തവയാണിവ.മനുഷ്യന്റെ ഇടപെടലിലൂടെ ഇവ നിർബന്ധപൂർവ്വം ഇവ ചെടിക്ക് നൽകുമ്പോൾ വേണ്ട അളവിലല്ല മൂലകങ്ങൾ അതിനു ലഭിക്കുക.അതുമൂലം ചെടിയുടെ വളർച്ചയിലും അതുണ്ടാക്കുന്ന ഫലങ്ങളിലും അസന്തുലിതാവസ്ഥ ഉണ്ടാകുന്നു.ഈ അസന്തുലിതത്വം ചെടിയെ കീടങ്ങളുടെ ഭക്ഷണമാക്കി മാറ്റുന്നു.ഒരു ജീവജാതിയുടെ ഭക്ഷണം പെരുകുമ്പോളാണ് ആ ജീവിയും പെറ്റുപെരുകുക..അതുകൊണ്ടുതന്നെ രാസകൃഷിയാണ് കീടങ്ങൾ പെരുകാൻ കാരണം, വിഷക്കമ്പനികൾ കൊഴുക്കാനും..ശക്തമായ ഈ രാസവസ്തുക്കൾ ഉഷ്ണം വമിക്കുന്നവയാകയാൽ, ചെടി കരിഞ്ഞുണങ്ങാതിരിക്കാൻ കൂടുതൽ ജലം ആഗിരണം ചെയ്ത് അതിനെ പരമാവധി നേർപ്പിക്കുന്നു..അതിനാൽ ഈ കൃഷിയ്ക്ക് ജൈവകൃഷിയെക്കാൾ എത്രയോ മടങ്ങ് ജലവും ആവശ്യമാണ്.

    ആഹാരമാണ് ഔഷധം..രാസകൃഷിയിലൂടെ ഉണ്ടാക്കുന്ന ഒന്നുംതന്നെ ഔഷധമായി ഉപയോഗിക്കാൻ പറ്റില്ല.അതിനാൽ അവ ആഹാരവസ്തുക്കളുമല്ല..വേണ്ട അളവിൽ സൂക്ഷ്മമൂലകങ്ങൾ അടങ്ങാത്ത, കൂടിയ അളവിൽ യൂറീയയും മറ്റുമടങ്ങിയ ഒരു രാസ ഉൽ‌പ്പന്നം മാത്രമാണവ.ഉദാഹരണമായി അസിഡിറ്റി മൂലം കുമ്പളങ്ങാനീര് കഴിക്കാനൊരുങ്ങുന്ന ഒരാൾ രാസകുമ്പളങ്ങയാണ് ഉപയോഗിക്കുന്നതെങ്കിൽ അസിഡിറ്റി കൂടുകയാണുണ്ടാകുക...

    രാസവളങ്ങൾ ചെടി വലിച്ചെടുക്കുകയല്ല ചെയ്യുന്നത്,അവ ശക്തമായി ചെടിയിടെ സമ്മതം പോലും നോക്കാതെ കടന്നുകയറുകയാണ്...അതുകൊണ്ടാണ് ആവശ്യമുള്ളതിലും എത്രയോ ഇരട്ടി ഉള്ളിലേയ്ക്കെത്തുന്നത്..

    കീടനാശിനികൾ വിതയ്ക്കുന്നത് രോഗങ്ങൾ മാത്രമാണ്, അത് അമിതമായാലും മിതമായാലും.മണ്ണാണ് കൃഷിയെ ലാഭകരവും നഷ്ടവുമാക്കുന്നത്..ഇനി കീടനാശിനികൾ ആവശ്യം വരില്ല എന്ന നുണ കേട്ട് [ധാരാളമായി ഉപയോഗിക്കേണ്ടി വന്നിട്ടുണ്ട് ജി. എം. വിളയിലും] ജി.എം.വിളകൾ കൃഷിചെയ്താൽ ഭക്ഷ്യ പ്രതിസന്ധിക്ക് പരിഹാരമാകുമോ?ഈ ഭക്ഷ്യ പ്രതിസന്ധി എന്നു പറയുന്നത് വെറും നുണപ്രചാരണമാണ്.ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ടൺ കണക്കിനു ധാന്യങ്ങളാണ് കത്തിച്ചുകളയുന്നതും കടലിലൊഴുക്കുന്നതും..ഇതിനെതിരെ സുപ്രീംകോടതി ഈയിടെ നിർദ്ദേശം കൊടുത്തതാണ്..വിതരണത്തിലെ അപാകതകളാണ് ഭക്ഷ്യക്കമ്മിയ്ക്ക് കാരണം....

    ജി.എം. വിളകളെപ്പറ്റി, പരുത്തി തിന്നു പശു ചത്തു എന്ന രീതിയിൽ ലളിതവൽക്കരിക്കുന്നത് ശരിയല്ല.ഒരു വിത്തിന്റെ ജനിതക ഘടനയിൽ മാറ്റം വരുത്തുമ്പോൾ അതുപയോഗിക്കുന്ന ജീവജാതികൾക്കെല്ലാം ജനിതകഘടനയിൽ എന്തൊക്കെ മാറ്റങ്ങൾ സംഭവിക്കാം എന്നതിനെപ്പറ്റി ഇനിയും ശാസ്ത്രലോകം പഠിച്ചു തീർന്നിട്ടില്ല..പരീക്ഷണങ്ങൾ തെളിയിക്കട്ടെ ,പൂർണ്ണബോധം ഉണ്ടാക്കട്ടെ ഇതിനെപ്പറ്റി.എന്നിട്ടു ഒട്ടും ഹാനികരമല്ലെന്ന് തെളിഞ്ഞാൽ നമുക്കവ കൃഷി ചെയ്യാം..മാത്രമല്ല പരാഗണം മൂലം ഈ ജനിതകമാറ്റങ്ങൾ എല്ലാ വിളകളിലേയ്ക്കും സംക്രമിയ്ക്കും എന്നിരിക്കെ ഭൂമിയിലുള്ള തനതായ എല്ലാ വിളകളും നശിപ്പിക്കപ്പെടുകയും ജൈവവൈവിദ്ധ്യം തന്നെ ഇല്ലാതാവുകയും ചെയ്യും... കർഷകനാണ് വിത്തിന്റെ യഥാർഥ ഉടമ.അവനിൽ നിന്നും ഈ അധികാരം തട്ടിയെടുത്ത്, പത്തോ ഇരുപതോ ഇരട്ടി വിലയ്ക്ക് മൊൺസാന്റോകളിൽനിന്നും വിത്തുവാങ്ങി മുടിയാനും ജി.എം.വിളകൾ ഇടയാക്കും..അവർ കോടികൾ കൊയ്യുമ്പോൾ കർഷകന് ആത്മഹത്യയിൽ അഭയം തേടേണ്ടിവരും...

    ഇതൊക്കെയാണോ നമുക്ക് വേണ്ടത്? അതോ ആരോഗ്യത്തോടെ ജീവിക്കാനുള്ള സന്തുലിത ആഹാരം നൽകുന്ന ജൈവകൃഷിയോ?....

    ReplyDelete
  10. @ നനവ്, പൊതുവെ പരിസ്ഥിതിപ്രവര്‍ത്തകരുടെ അഭിപ്രായമാണ് ഇവിടെ പങ്ക് വെച്ചത്. എന്നാല്‍ കുറെ അശാസ്ത്രീയ ധാരണകളും ഇതില്‍ കടന്നുകൂടിയിട്ടുണ്ട് എന്നതിനാ‍ല്‍ ഞാന്‍ തുടര്‍ന്ന് ഈ വിഷയത്തെ പറ്റി എഴുതാം. പരസ്പരം മനസ്സിലാക്കാമല്ലോ :)

    ReplyDelete
  11. മാഷെ,
    എത്രത്തോളം ഉപരിപ്ലവമാണ് താങ്കളുടെ ചിന്തകള്‍ എന്ന് അടിവരയിടുന്ന പോസ്റ്റായിപ്പോയല്ലോ.
    :)

    ReplyDelete
  12. ഉപരിപ്ലവം എന്ന് പറഞ്ഞത് മനസ്സിലായില്ല. ഒരു സയന്‍സ് പോസ്റ്റ് ആയിരുന്നില്ല ഉദ്ദേശിച്ചത്. എന്നാല്‍ നനവിന്റെ കമന്റ് വായിച്ചപ്പോള്‍ എന്ത്മാത്രം അബദ്ധധാരണകളാണ് ആളുകള്‍ക്കുള്ളത് എന്ന് മനസ്സിലായി. അത്കൊണ്ട് രണ്ടാം അദ്ധ്യായം മുതല്‍ ഇതൊരു ശാസ്ത്രപരമ്പര ആയി എഴുതാനാണ് ഉദ്ദേശിക്കുന്നത്. എന്നാലും ഈ പോസ്റ്റിലും അടിസ്ഥാനവിവരങ്ങള്‍ തന്നെയാണ് എഴുതിയിട്ടുള്ളത്. വൈരുദ്ധ്യങ്ങള്‍ ചൂണ്ടിക്കാട്ടിയാല്‍ വിശദീകരിക്കാമായിരുന്നു. ഹോമിയോപ്പതി ശാസ്ത്രമാണെന്ന് കരുതുന്നവര്‍ക്ക് എന്റെ പോസ്റ്റ് ഉപരിപ്ലമാണെന്ന് തോന്നാം.

    നിലവില്‍ എല്ലാം കൂട്ടിക്കുഴച്ച ധാരണകളാണ് എല്ലാ‍വര്‍ക്കും ഉള്ളത്. അതാകട്ടെ തീര്‍ത്തും അശാസ്ത്രീയവും. നനവ് പറഞ്ഞ ഒരു ഉദാഹരണം നോക്കൂ : “രാസവളങ്ങൾ ചെടി വലിച്ചെടുക്കുകയല്ല ചെയ്യുന്നത്,അവ ശക്തമായി ചെടിയുടെ സമ്മതം പോലും നോക്കാതെ കടന്നുകയറുകയാണ്..” ഇപ്പറഞ്ഞത് ശരിയാണെന്ന് അനിലിന് തോന്നുണ്ടെങ്കില്‍ ഞാനിനി എഴുതാന്‍ പോകുന്നതും ഉപരിപ്ലവമായിരിക്കും എന്ന് മുന്നറിയിപ്പ് തരുന്നു.

    ReplyDelete
  13. ഹ ഹ !!
    അതെനിക്ക് ഇഷ്ടപ്പെട്ടു.
    :)
    ഹോമിയോപ്പതി അവിടെ നില്‍ക്കട്ടെ.
    രാസവസ്തുക്കള്‍ മണ്ണിനു കേടൊന്നും ഉണ്ടാക്കുന്നില്ല എന്ന പ്രസ്താവവും കീടങ്ങളെ പ്രതിരോധിക്കാന്‍ ജി എം വിളകള്‍ വേണം എന്നതും പിന്നെ എങ്ങിനെ കാണണം മാഷെ?
    ചെടികള്‍ക്കും വേരു പടലങ്ങള്‍ക്കും യാതൊരു ഗുണഗണങ്ങളും ഇല്ല അതുകൊണ്ട് ആയൂര്‍വേദം എന്നത് തന്നെ തട്ടിപ്പാണെന്ന് ബ്ലോഗെഴുതി വച്ചിരിക്കുന്ന താങ്കള്‍ ഇത്തരത്തില്‍ കൃഷിയെ വിലയിരുത്തുന്നതില്‍ അത്ഭ്തപ്പെടാനില്ല.
    നനവ് പറഞ്ഞ ഉദാഹരണം അത്ര പുച്ഛിച്ച് തള്ളാന്‍ പറ്റില്ല മാഷെ, എത്രയാണ് ഓരോ മണ്ണിലെ ഓരോ സംയുക്തങ്ങളുടേയും മൂലകങ്ങളുടേയും അളവെന്നു പോലും നിശ്ചയിക്കാതെ വാരിവലിച്ച് രാസവസ്തുക്കള്‍ കലക്കിയാല്‍ വേരിന്റെ നോര്‍മല്‍ ഓസ്മോട്ടിക് പ്രവര്‍ത്തനങ്ങള്‍ തകരാറാവുക തന്നെ ചെയ്യും.
    എന്തായാലും ബാക്കി പോസ്റ്റുകള്‍ വരട്ടെ, വായിക്കാം. മൂന്നു ദിവസം നെറ്റ് അക്സസ് ഇല്ലാത്ത ഒരു സ്ഥലത്തായതിനാല്‍ ഇനി 7 നു മാത്രമെ ഇങ്ങോട്ട് വരാന്‍ പറ്റൂ.

    ReplyDelete
  14. രാസവസ്തുക്കള്‍ മണ്ണിനു കേടൊന്നും ഉണ്ടാക്കുന്നില്ല എന്ന് ആര് എവിടെ പറഞ്ഞു? എന്റെ വിഷയം രാസവളമാണ്.

    മണ്ണിലെ ഓരോ സംയുക്തങ്ങളുടേയും മൂലകങ്ങളുടേയും അളവെന്നു പോലും നിശ്ചയിക്കാതെ വാരിവലിച്ച് രാസവസ്തുക്കള്‍ കലക്കണം എന്നാര് പറഞ്ഞു? മണ്ണ് പരിശോധിച്ച് കുറവുള്ള മൂലകങ്ങള്‍ അടങ്ങുന്ന രാസവളം ഉപയോഗിക്കണമെന്നും ജൈവവളവും രാസവളവും ഉപയോഗിക്കുന്നതാണ് ശരിയായ രീതിയെന്നും ഞാന്‍ പച്ചമലയാളത്തില്‍ എഴുതിയിട്ടുണ്ട്. ഇതാണ് ബ്ലോഗ് ചര്‍ച്ചയിലെ ഒരു ദോഷം. എഴുതാപ്പുറം വായിക്കുക. ഉദ്യോഗമണ്ഡലിലെ ഫേക്റ്റ് അടക്കം രാജ്യത്തെ രാസവള ഫാക്ടറികള്‍ എല്ലാം പൂട്ടിയാല്‍ ഇവിടെ കൃഷിയും മണ്ണൂം രക്ഷപ്പെടുമോ? അതൊക്കെ എന്തോ ആവട്ടെ ഞാന്‍ സസ്യങ്ങളെ പറ്റിയും അതിന്റെ ഫിസിയോളജിയെ പറ്റിയുമാണ് എഴുതാന്‍ പോകുന്നത്.

    ReplyDelete
  15. വിജ്ഞാനപ്രദമായ ഒരു ചർച്ചയാവട്ടെ. മറുതയും മന്ത്രവാദവും ആയാ‍ലും എല്ലാത്തിനും പരസ്യവും വക്താക്കളും ഉള്ളതിനാൽ , നമുക്ക് സ്വന്തം തലച്ചോറിനു അല്പം വ്യായാമം നൽകാനും നമ്മുടേതായ ഒരു അഭിപ്രാ‍യം രൂപീകരിക്കാനും ഇത്തരം ലേഖനങ്ങൾക്കും ചർച്ചയ്ക്കും മാത്രമേ കഴിയൂ.

    രാസവളം(കീടനാശിനിയല്ല) ഉപയോഗിച്ച കാർഷികോല്പന്നങ്ങൾ വിഷമാണെന്ന് പ്രചരിപ്പിക്കുന്നതു തെറ്റാണെന്ന് തോന്നിയിട്ടുണ്ട്.ഈ പോസ്റ്റിൽ പറഞ്ഞ കാരണങ്ങൾ കൊണ്ടുതന്നെ.എങ്ങനെയാണ് വിഷമാകുന്നതെന്നു ആരെങ്കിലും വ്യക്തമാക്കിയെങ്കിൽ നന്നായിരുന്നു.

    അതാതിടത്തു മണ്ണ് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ യഥാർത്ഥ രാസവളത്തിന്റെ വിവേചനപൂർണ്ണമായ ഉപയോഗം എന്നാണ് ഇവിടെ പറഞ്ഞതെന്നു മനസ്സിലാക്കുന്നു.

    ഓഫ്: നഗരങ്ങളിൽ ഓർഗാനിക് സ്റ്റോറുകളും ഓർഗാനിക് കഫെകളും പുതുതായി തുറക്കപ്പെടുന്നുണ്ട്. പൊന്നും വിലയാണ്.

    ReplyDelete
  16. അറിവിന് നന്ദി. ഇവിടെ തെറ്റിദ്ധരിപ്പിക്കലാണ് സര്‍വ്വത്ര നടക്കുന്നത്. ബുദ്ധിജീവികള്‍ എന്ന് കരുതപ്പെടുന്നവരാണ് അത് ചെയ്യുന്നത് എന്നതാണ് ഏറെ കഷടം. ഹൈബ്രിഡൈസേഷനും രാസവളവുമാണ് നമുക്ക് ഭക്ഷ്യസുരക്ഷ നേടിത്തന്നത്. ഇപ്പോള്‍ ഇത്രയും പുരോഗമിച്ച അവസ്ഥയിലാണ് ഇതിനെ എതിര്‍ക്കുന്നവര്‍ രംഗത്ത് വന്നിരിക്കുന്നത്. ഒരു ഫാഷന്‍ എന്ന നിലയിലാണ് ചില ബുദ്ധിജീവിനാട്യക്കാര്‍ ഇത്തരം എതിര്‍പ്പുമായി രംഗത്തുള്ളത്. വിദ്യാര്‍ത്ഥിജീവിതകാലത്ത് സയന്‍സ് പഠിക്കുമെങ്കിലും പിന്നീട് സയന്‍സിന്റെ ബാലപാഠങ്ങള്‍ പോലും മനസ്സില്‍ ഓര്‍ക്കുന്നില്ല. അത്കൊണ്ട് തെറ്റിദ്ധാരണകള്‍ക്ക് എളുപ്പത്തില്‍ പ്രചാരം ലഭിക്കുകയും ചെയ്യുന്നു.

    ഓര്‍ഗാനിക്ക് പഴങ്ങള്‍ക്കും ഓര്‍ഗാനിക്ക് പച്ചക്കറികള്‍ക്കും ഇപ്പോള്‍ എത്രയോ ഇരട്ടി വിലയാണ്. വാങ്ങുന്നവര്‍ക്ക് ഓര്‍ഗാനിക്ക് എന്ന ലേബല്‍ കണ്ടാല്‍ മതി. എന്തൊരു വിരോധാഭാസമാണ്.

    ReplyDelete
  17. http://computrik.blogspot.com/2010/10/urls.html

    ഈ പോസ്റ്റ് ഒന്ന് നോക്കിയേ മാഷേ..താങ്കളുടെ അനുവാദത്തോടെയാണോ ഇത്

    ReplyDelete
  18. @god, എന്റെ അനുവാദത്തോടെയല്ല. ചിലര്‍ ഇങ്ങനെ മോഷ്ടിക്കാറുണ്ട്.

    ReplyDelete
  19. അമേരിക്കയില്‍ കൂടുതലായി ഉല്‍പാദിപ്പിക്കപ്പെട്ട ഗോതമ്പ്‌ അറ്റ്‌ലാന്റിക്കില്‍ മുക്കിയതായി കേട്ടിട്ടുണ്ട്‌.

    ഇവിടെ സൂക്ഷിക്കാന്‍ സാധ്യമല്ലാതായ പഴകിയ ധാന്യം സൗജന്യമായി വിതരണംചെയ്തതും കേട്ടു.

    റഷ്യയില്‍ ഒരിക്കല്‍ കൃഷിഭൂമിയിലെ മണ്ണു മൊത്തം മാറ്റി പുതിയ മണ്ണു നിറയ്ക്കുകയും മണ്ണിരയെ പോലെ ഉള്ള വയെ വളര്‍ത്തിയതായും വായിച്ചിട്ടുണ്ട്‌.

    ആകെ കണ്‍ ഫ്യൂഷന്‍

    ReplyDelete
  20. നന്നായിട്ടുണ്ട്...പക്ഷേ 'ചെടിയുടെ സമ്മതം പോലും നോക്കാതെ കടന്നുകയറുന്ന രാസവസ്തുക്കളെ' കുറിച്ച് പേടി സ്വപ്നം കാണുന്നവരോട് കുറേ
    പൊരുതേണ്ടിവരും:-) ചേട്ടന്മാര്‍ Hydroponics എന്ന് കേട്ടിട്ടില്ലേ ആവോ? എന്തായാലും രണ്ടും മൂന്നും ഇരട്ടി പണം കൊടുത്തു ജൈവ ഉല്പന്നങ്ങള്‍ വാങ്ങുന്നവരോട് എനിക്ക് ഒട്ടും സഹതാപമില്ല.I call it Fool's tax..!! :-)

    ReplyDelete