ഇപ്പോള്‍ പലര്‍ക്കും രാസപദാര്‍ത്ഥം അല്ലെങ്കില്‍ കെമിക്കല്‍ എന്ന് കേട്ടാല്‍ തന്നെ അലര്‍ജിയാണ്. എന്തിലും ജൈവ എന്ന് ചേര്‍ത്താലേ ഒരു തൃപ്തിയുള്ളൂ. ഇത് വ്യാപാരസ്ഥാപനങ്ങള്‍ നല്ല പോലെ ചൂഷണം ചെയ്യുന്നുമുണ്ട്. യഥാര്‍ഥത്തില്‍ പ്രകൃതിയില്‍ ഉള്ള അചേതനപദാര്‍ത്ഥങ്ങള്‍ എല്ലാം തന്നെ രാസപദാര്‍ത്ഥങ്ങള്‍ (Chemical substances) ആണ്. മണ്ണ് എന്ന് പറയുന്നത് പാറകള്‍ പൊടിഞ്ഞ് ഉണ്ടായ രാസപദാര്‍ത്ഥങ്ങളാണ്. കാലക്രമേണ സസ്യങ്ങളുടെയും ജന്തുക്കളുടെയും അവശിഷ്ടങ്ങള്‍ ചീഞ്ഞ് അളിഞ്ഞതും സൂക്ഷ്മജീവികളും എല്ലാം ചേര്‍ന്ന് രൂപപ്പെട്ടതാണ് കൃഷിക്ക് ഉപയുക്തമായ ഫലഭൂയിഷ്ടമായ മണ്ണ്. മണ്ണില്‍ നിക്ഷേപിക്കപ്പെടുന്ന ജന്തു-സസ്യ അവശിഷ്ടങ്ങള്‍ ചീഞ്ഞ് വീണ്ടും അത് മൂലകങ്ങളായി മാറുന്നു. അങ്ങനെ മാറുന്ന മൂലകങ്ങളും രാസപദാര്‍ഥങ്ങള്‍ തന്നെ. ജൈവവസ്തുക്കള്‍ ചീയുന്നത് മൈക്രോ ഓര്‍ഗാനിസം എന്ന് പറയുന്ന സൂക്ഷജീവികളുടെ പ്രവര്‍ത്തനം കൊണ്ടാണെന്ന് അറിയാമല്ലൊ. സൂക്ഷ്മജീവികള്‍ ഭൂമിയില്‍ ഇല്ലായിരുന്നെങ്കില്‍ ഒന്നും തന്നെ ചീഞ്ഞ് ലഘുമൂലകങ്ങളായി പിരിയുകയില്ലായിരുന്നു.
സാധാരണഗതിയില്‍ കൃഷി ചെയ്യാന്‍ മണ്ണില്‍ ആവശ്യത്തിനുള്ള മൂലകങ്ങളും ജൈവപദാര്‍ത്ഥങ്ങളും സൂക്ഷ്മജീവികളും മതി. എന്നാല്‍ കൂടെക്കൂടെ കൃഷി ചെയ്യുമ്പോള്‍ ചില മൂലകങ്ങള്‍ കുറഞ്ഞോ ചിലപ്പോള്‍ തീരെ ഇല്ലാതെയോ ആകാം. അത്തരം ഘട്ടങ്ങളില്‍ അങ്ങനെ ഇല്ലാതായ മൂലകങ്ങള്‍ മണ്ണില്‍ ചേര്‍ക്കുന്നതിനാണ് രാസവളം. അതിനര്‍ത്ഥം ആവശ്യമില്ലാത്ത മൂലകങ്ങളും വെറുതെ കണ്ടമാനം ചേര്‍ക്കണം എന്നല്ല. ഉദാഹരണത്തിന് ചിലപ്പോള്‍ സസ്യങ്ങളുടെ ഇലയ്ക്ക് പച്ചപ്പ് നഷ്ടപ്പെട്ട് മഞ്ഞ നിറം വ്യാപിക്കുന്നത് കാണാം. എന്താണതിന് കാരണം ? അവിടെ മണ്ണില്‍ മെഗ്നീഷ്യം എന്ന മൂലകം കുറവാണ് എന്നതാണ് കാരണം. അപ്പോള്‍ മെഗ്നീഷ്യം ഉള്ള രാസവളം ചേര്‍ക്കുകയാണ് വേണ്ടത്. പച്ചിലകളില്‍ ധാരാളം മെഗ്നീഷ്യം ഉണ്ട്. എന്ന് വെച്ച് അവിടെ തൂപ്പ് (പച്ചിലകള്‍) ഇട്ട് കൊടുത്താല്‍ അതില്‍ സൂക്ഷ്മജീവികള്‍ പ്രതിപ്രവര്‍ത്തിച്ച് അതിലെ മെഗ്നീഷ്യം വേര്‍തിരിക്കുമ്പോഴേക്കും സസ്യങ്ങള്‍ എല്ലാം നശിച്ചിരിക്കും.
മെഗ്നീഷ്യത്തിന്റെ പ്രാധാന്യം അറിയാമോ? സസ്യങ്ങളുടെ ഇലകള്‍ക്ക് പച്ചനിറം ഉണ്ടാകുന്നത് അതിലെ ക്ലോറോഫില്‍ എന്ന സംയുക്തം നിമിത്തമാണ്. നമ്മുടെ രക്തത്തിലെ ഹീമോഗ്ലോബിനും ക്ലോറോഫില്ലിനും ഒരേ രാസഘടനയാണ്.
ഹീമോഗ്ലോബിലുള്ള ഇരുമ്പിന്റെ സ്ഥാനത്ത് ക്ലോറോഫില്ലില്‍ ഉള്ളത് മെഗ്നീഷ്യം ആറ്റം. അതാണ് വ്യത്യാസം. ഹീമോഗ്ലോബിന് ചുകപ്പ് നിറം നല്‍കുന്നത് ഇരുമ്പ് ആണെങ്കില്‍ ക്ലോറോഫില്ലിന് പച്ചനിറം നല്‍കുന്നത് മെഗ്നീഷ്യം ആണ്. ഹീമോഗ്ലോബിനാണ് നാം ശ്വസിക്കുന്ന പ്രാണവായുവിനെ (ഓക്സിജന്‍ ) ശരീരത്തിന്റെ എല്ലാ കോശങ്ങളിലേക്കും എത്തിക്കുന്നത്. ക്ലോറോഫില്‍ ആണ് ഇലകളില്‍ വെച്ച് അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡൈയോക്സൈഡും മണ്ണില്‍ നിന്ന് വലിച്ചെടുക്കുന്ന ജലവും സൂര്യപ്രകാശവും ഉപയോഗിച്ചു അവയ്ക്ക് ആവശ്യമായതും എല്ലാ ജീവരാശികള്‍ക്കുമാവശ്യമായതുമായ ആഹാരം(അന്നജം) നിര്‍മ്മിക്കുന്നത്. അതായത് ആഹാരം നിമ്മിക്കാനുള്ള കഴിവ് പ്രകൃതിയില്‍ പച്ചിലകള്‍ക്ക് മാത്രമേയുള്ളൂ. അത് നിര്‍വ്വഹിക്കുന്നത് ഇലകളിലെ ക്ലോറോഫില്‍ എന്ന സംയുക്തവും.
(രക്തത്തെ പറ്റി ഒരു തമാശ. നിങ്ങള്‍ക്ക് ശരീരത്തില്‍ രക്തം കുറവാണെന്ന് ഡോക്ടര്‍ എന്നെങ്കിലും പറഞ്ഞിട്ടുണ്ടോ? എങ്കില്‍ അത് ശരിയല്ല. രക്തം ആര്‍ക്കും ഒരിക്കലും കുറയില്ല. കുറവ് വന്നത് ശരീരത്തില്‍ ഇരുമ്പിന്റെ അംശമാണ്. അത്കൊണ്ടാണ് ഡോക്ടര്‍ അയേണ്‍ ഗുളിക എഴുതിത്തരുന്നത്. ഇരുമ്പ് കുറയുമ്പോള്‍ ഹീമോഗ്ലോബിന്റെ അളവ് കുറയും. ഹീമോഗ്ലോബിന്‍ കുറഞ്ഞാല്‍ ശരീരകോശങ്ങളില്‍ എത്തുന്ന ഓക്സിജന്റെ അളവ് കുറയും. ഫലം വിളര്‍ച്ച അഥവാ അനീമിയ. ഇതൊന്നും നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയില്ല എന്നത്കൊണ്ടായിരിക്കണം ഡോക്ടര്‍ നാട്ടുനടപ്പ് അനുസരിച്ച് രക്തം കുറവ് എന്ന് പറയുന്നത്.)
സസ്യങ്ങള്‍ക്ക് അവയുടെ നിലനില്‍പ്പിന് 16 തരം മൂലകങ്ങള്‍ വേണം. ഇതിനെ അത്യാവശ്യമൂലകങ്ങള്‍ എന്ന് പറയും. ഏതെങ്കിലും ഒന്ന് കുറഞ്ഞ്പോയാല്‍ സസ്യത്തിന്റെ വളര്‍ച്ച ആരോഗ്യകരമായിരിക്കില്ല. ആവശ്യത്തില്‍ അധികമായി ഒന്നും സസ്യത്തില്‍ എത്തുകയില്ല എന്നും മനസ്സിലാക്കണം. നമ്മള്‍ അധികം എന്തെങ്കിലും ഇട്ടുകൊടുത്താല്‍ അതൊന്നും സസ്യം സ്വീകരിക്കുകയില്ല. ആന്തരികമായ പരിസ്ഥിതി സസ്യങ്ങളില്‍ എപ്പോഴും ഒരേ പോലെയായിരിക്കും എന്നര്‍ത്ഥം. എന്തൊക്കെയാണ് ഈ 16 മൂലകങ്ങള്‍ ? അവ ഇംഗ്ലീഷില്‍ എഴുതാം: Carbon(C), hydrogen(H), oxygen(O), nitrogen(N), phosphorous(P), sulphur(S), potassium(K), calsium(Ca),magnesium(Mg), iron(Fe), manganese(Mn), zinc(Zn), copper(Cu), molybdenum(Mb), boron(B) and chlorine(Cl) . ഇതില്‍ കാര്‍ബണ്‍ , ഹഡ്രജന്‍ , ഓകിസിജന്‍ , നൈട്രജന്‍ , പൊട്ടാസ്യം, കാത്സ്യം, ഫോസ്ഫറസ്,മെഗ്നീഷ്യം, സല്‍ഫര്‍ തുടങ്ങിയ ഒന്‍പത് മൂലകങ്ങളെ മാക്രോന്യൂട്രിയന്റ്സ് എന്നാണ് പറയുക. അവ കൂടിയ അളവില്‍ സസ്യങ്ങള്‍ക്ക് വേണം. അതിലും ഓക്സിജനും ഹൈഡ്രജനും ജലത്തില്‍ നിന്നും കാര്‍ബണ്‍ അന്തരീക്ഷത്തില്‍ നിന്നും ലഭിക്കും. ബാക്കി വരുന്ന ആറ് മൂലകങ്ങളാണ് മണ്ണില്‍ ഇട്ടുകൊടുക്കേണ്ടത്. ഇവിടെയാണ് രാസവളങ്ങളുടെ ആവശ്യം വരുന്നത്. സ്വാഭാവികമായി അളവില്‍ കൂടാതെ ഇവ സസ്യങ്ങള്‍ക്ക് ഇട്ടുകൊടുക്കുന്നതില്‍ ഗുണമില്ലാതെ ദോഷമേയില്ല. പിന്നെ വരുന്ന ഇരുമ്പ്(iron) , ക്ലോറിന്‍ , കോപ്പര്‍ , മാംഗനീസ്, സിങ്ക്, മൊളീബ്‌ഡിനം, ബോറോണ്‍ മുതലായ ഏഴ് മൂലകങ്ങള്‍ മൈക്രോ ന്യൂട്രിയന്റ്സ് ആണ്. അവ നേരിയ തോതിലേ ആവശ്യമുള്ളൂ എന്നതിനാല്‍ അവയുടെ കുറവ് മണ്ണില്‍ വരാന്‍ സാധ്യതയില്ല.
( തുടരും)
അഭിനന്ദനങ്ങള്‍ .... വളരെ നന്നായി എഴുതിയിരിക്കുന്നു ..
ReplyDeleteക്ലോരോഫിലിന്റെയും ഹിമോഗ്ലോബിന്റെയും മോളിക്കുലാര്‍ സ്ടക്ച്ചര്‍ ഒരുപോലെയാണ് എന്ന് ഞാന്‍ ആദ്യമായാണ് വായിക്കുന്നത് . ( thanks for that wonderful piece of info )
പരിണാമത്തിന്റെ ആദ്യെത്തെ ഏതോ ഖട്ടങ്ങളില്‍ ഏതോ ലഖു കോശ (മോളിക്കുലര്‍ ) ജീവികളുടെ സരിരത്തില്‍ നടന്ന ഒരു metal replacement reaction ഇപ്പൊ എനിക്ക് ഊഹിചെടുക്കാം ... ഒരു പക്ഷെ മൃഗങ്ങളുടെയും സസ്യങ്ങളുടെയും ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ ഒരു സംഭവം !!!
20 കൊല്ലം മുന്‍പ് , ഹരിതകത്തിന് ആധാരം മാഗ്നിഷ്യമാനെനെന്നും , ഹെമോഗ്ലോബിന്റെ അടിസ്താന മൂലകം ഇരുമ്പാനേന്നും ക്വിസ്സുകള്‍ക്ക് ഉത്തരം പറഞ്ഞു ഒരുപാടു സമ്മാനങ്ങള്‍ അടിചെടുതുട്ടെങ്ങിലും , ഇവന്മാര്‍ രണ്ടും ചേട്ടനും അനിയനും ആണെന്ന് അറിയില്ലായിരുന്നു ..നന്ദി ഒരു പാടു നന്ദി ! ( PDC കെമിസ്ട്രി 120 /120 യുനിവേര്സിട്ടിയില്‍ നിന്ന് വാങ്ങിയിട്ടും , DDT യുടെയും ജിപസതിന്റെയും ഒക്കെ complex molecular structure പുല്ലു പോലെ വരച്ചു വച്ചിട്ടും സ്വന്തം ശരീരത്തില്‍ ഓടുന്ന രക്തത്തിന്റെ അടിസ്ഥാന ഖടകതിന്റെ structure മനസ്സിലാക്കാന്‍ മാത്രം മിനക്കെട്ടില്ല ..ഹാ കഷ്ടം ...! പച്ചിലകളെ മാപ്പ് ...!
സത്യം പറഞ്ഞാല്‍, ഒരുപാടു തവണ ആളുകളെ പറഞ്ഞു മനസ്സിലാക്കാന്‍ പാടു പെട്ടിട്ടുണ്ട് ... ഈ ജൈവ പദാര്‍ത്ഥം എന്ന് പറഞ്ഞാല്‍ , രാസ പദാര്‍ത്ഥം തന്നെ ആണ് എന്ന് . കാരണം കാര്‍ബണ്‍ അടങ്ങിയത് കൊണ്ട് മാത്രമാണല്ലോ ചില രാസ പദാര്‍ത്ഥങ്ങള കാര്‍ബണിക പദാര്‍ത്ഥങ്ങള്‍ (carbon compounds ) അല്ലെങ്ങില്‍ ജൈവ പദാര്‍ത്ഥങ്ങള്‍ ( oragnic compunds ) എന്നാ ഓമനപ്പേരില്‍ നമ്മള്‍ വിളിക്കുന്നത് .
അടിസ്ഥാനമായി ജീവികള്‍ , കാര്‍ബണ്‍ എന്നാ രാസ തന്മാത്ര അടിസ്ഥാനമാക്കി നിര്‍മ്മിക്കപ്പെട്ട ഒരു രാസ നിര്‍മ്മിതി മാത്രമാണ് . ജൈവ പദാര്‍ത്ഥം എന്ന് പറയുന്നത് രസ പദാര്‍ത്ഥങ്ങളുടെ ഒരു subset മാത്രമാണ് .
അത് പറയുമ്പോഴും ഒരു കാര്യം എടുത്തു പറയണം - ജൈവ പദാര്‍ത്ഥം പ്രകൃതിയില്‍ automatic ആയി സന്തുലനം (regulate ) ചെയ്യപ്പെടുന്നുണ്ട് എന്നതാണ് ജീവി വര്‍ഗ്ഗത്തിന്റെ നില നില്‍പ്പിന്റെ (sustainance )അടിസ്ഥാന തത്വം . അത് ഫുഡ് ചെയിന്‍ ആയാലും ആവാസ വ്യവസ്ഥ ആയാലും
creation ( of a new oragnic body ) -> ditsruction (of the organic body ) - decompistion ( of the organic body into molecules and atoms ) - rebuilding ( of the organic boady from mlecules)
ജൈവേതരമായ രാസ പദാര്‍ത്ഥങ്ങള്‍ മൂലമുള്ള നിര്‍മ്മിതികള്‍ സൈക്കിള്‍ ചെയ്യപ്പെടുന്നുന്ടെങ്ങിലും ( മണ്ണ് - മല -മണ്ണ് ; ജലം - ഹൈദ്രോജന്‍ +ഓക്സിജന്‍ ->ജലം ; ) അത് ജൈവ പരമായ സൈക്കിള്‍ പോലെ വ്യക്തമായ , well defined ആയ ഒന്നല്ല . അത് കൊണ്ടു established ആയ ജൈവ സൈക്കിള്‍ ന്റെ മേല്‍ നമ്മള്‍ രാസ പദാര്‍ത്ഥങ്ങള്‍ ഇടക്ക്കേറ്റി ക്കൊടുക്കൊമ്പോള്‍ ഒന്ന് സൂക്ഷിക്കണം .(ഈ വാദം മനുഷ്യ ശരീരത്തില്‍ ജൈവമല്ലാത്ത inputs (മരുന്നുകള്‍ ) കൊടുക്കുന്നതുമായി താരതമ്യം ചെയ്യാം .. കൊടുക്കുന്നത് കൊണ്ടു തെറ്റില്ല .പക്ഷെ ശരിക്ക് പഠിച്ചിട്ടു വേണം എന്ന് മാത്രം :-)
നല്ല പോസ്റ്റ്. ചില ജൈവ ഉത്പന്നങ്ങള്‍ വല്ലാതെ വില കൂട്ടി വില്‍ക്കുന്നതായി തോന്നിയിട്ടുണ്ട്. ജൈവകൃഷി ചെലവേറിയതാണെന്ന് കേട്ടിട്ടുണ്ട്. അത് താങ്കള്‍ പറഞ്ഞതുപോലെ (എന്ന് വെച്ച് അവിടെ തൂപ്പ് (പച്ചിലകള്‍) ഇട്ട് കൊടുത്താല്‍ അതില്‍ സൂക്ഷ്മജീവികള്‍ പ്രതിപ്രവര്‍ത്തിച്ച് അതിലെ മെഗ്നീഷ്യം വേര്‍തിരിക്കുമ്പോഴേക്കും സസ്യങ്ങള്‍ എല്ലാം നശിച്ചിരിക്കും.) പതുക്കെയെ പല കാര്യങ്ങളും സംഭവിക്കുകയുള്ളൂ എന്നതുകൊണ്ടായിരിക്കും. അമിതമായ രാസവളപ്രയോഗം കൊണ്ടാണല്ലോ ഇപ്പോ ജൈവകൃഷിക്ക് പ്രാധാന്യമേറിയത്.
ReplyDeleteമാഷെ
ReplyDeleteവിജ്ഞാന പ്രദമായ പോസ്റ്റിന് നന്ദി...
വാസുവിന് വളരെ നന്ദി.
ReplyDelete@ Bindhu Unny , അമിതരാസവളപ്രയോഗം ആര് ചെയ്യുന്നു. അങ്ങനെയാണെങ്കില്‍ അത് പറഞ്ഞാല്‍ പോരേ. രാസവളം തീരെ വര്‍ജ്ജ്യമാണെന്നാണ് പ്രചരിപ്പിക്കുന്നത്. ഒരു പച്ചക്കറി കര്‍ഷകന്‍ എന്നോട് പറഞ്ഞു: ഇത് വിത്തൌട്ട് ആണെന്നും സ്വന്താവശ്യത്തിനാണെന്നും. വിത്തൌട്ട് എന്ന് പറഞ്ഞാല്‍ എന്താണെന്ന് മനസ്സിലായല്ലൊ. ഇപ്പോള്‍ ആളുകള്‍ എന്തെല്ലാമോ പ്രചരിപ്പിക്കുന്നു.
@ ചിന്തകന്‍ , മാഷേ , ആത്മീയതയും ശാസ്ത്രീയതയും ആധുനികമനുഷ്യന് അത്യാവശ്യമാണ്. രണ്ടും പരസ്പരപൂരകവും മനുഷ്യനന്മയ്ക്ക് അത്യന്താപേക്ഷിതവുമാണ്. പക്ഷെ രണ്ടും ശരിയായ അര്‍ത്ഥത്തിലല്ല ആളുകള്‍ മനസ്സിലാക്കുന്നതും.
ക്ലോറോഫില്ലിനകത്തുള്ള മഗ്നീഷിയം മാറ്റി ഇരുമ്പു വച്ചാല്‍ ഹീമോഗ്ലോബിനാകില്ല,
ReplyDeleteഅത്ര സിമ്പിള്‍ അല്ല.
പക്ഷെ ഒരു കാര്യം ശരിയാണ് പാറ്റകള്‍ക്കും ചിലന്തികള്‍ക്കും മറ്റുമുള്ള രക്തത്തില്‍ കാണുന്ന ഹീമോസയനിനും ( അതില്‍ ചെമ്പാണ്) ഇവിടെ പറയുന്ന രണ്ടു പേര്‍ക്കും (ഹീമോഗ്ലോബിനും , ക്ലോറൊഫില്ലും) തമ്മിലുള്ള സാദൃശ്യം എടുത്തു പറയത്തക്കതു തന്നെ.
പക്ഷെ രാസവളങ്ങള്‍ കണ്ടമാനം ഉപയോഗിക്കപെടുന്നുണ്ടല്ലോ...അമിത രാസവളം ഒരു പ്രശ്നമാകുംപോഴാണ് ജൈവ ക്ര്ഷിക്ക് പ്രാധാന്യം വരുന്നത്.ലാഭക്കൊതി മൂക്കുമ്പോള്‍ എന്തും ചെയ്യും. നല്ല ഉദാഹരണം ''ഒരു പച്ചക്കറി കര്‍ഷകന്‍ എന്നോട് പറഞ്ഞു: ഇത് വിത്തൌട്ട് ആണെന്നും സ്വന്താവശ്യത്തിനാണെന്നും'' സ്വന്തം ആവശ്യത്തിനു 'വിത്തൌട്ട്'... കാശുകൊടുത്ത് വാങ്ങന്നവന് 'വിത്ത്' ഉം... അയാള്‍ എന്തുമാത്രം രാസവളം ഇട്ടിടുണ്ടാകും...
ReplyDeleteജിഷ്ണു, രാസവളം അധികം ആരും ഇടുകയില്ല. ആരെങ്കിലും അധികം കാശ് ചെലവാക്കി അധികം വളം ഇടുമോ? ഇനി അങ്ങനെ അധികം ഇട്ടാലും ആ ചെടികള്‍ ഉണങ്ങിപ്പോവുകയേയുള്ളൂ. അത് ചെടിയുടെ നേരിയ വേരുകള്‍ നശിച്ചുപോകുന്നത്കൊണ്ടാണ്. അല്ലാതെ അധികം വളം ചെടി വലിച്ചെടുക്കുകയില്ല. ആവശ്യത്തിലധികമായത് പ്രകൃതിയില്‍ ഒരു സസ്യവും ജന്തുവും സ്വീകരിക്കുകയില്ലെന്നും അറിയുക. മനുഷ്യന്‍ മാത്രമാണ് ഇതിന് അപവാദം.
ReplyDeleteഅത്കൊണ്ട് രാസവളം അധികം ഉപയോഗിക്കുന്നത്കൊണ്ടാണ് ജൈവവളത്തിന് പ്രാധാന്യം ഏറുന്നത് പ്രസ്ഥാവന ശരിയല്ല. ജൈവവളത്തിന് വില എത്രയോ അധികമാണ്.പ്രശ്നം അതല്ല, രാസവളം വിഷമാണ് എന്നത് അന്ധവിശ്വാസമാണ്. സസ്യങ്ങള്‍ക്ക് വേണ്ടത് രാസമൂലകങ്ങളാണ്. അതേ സമയം മണ്ണില്‍ സൂക്ഷ്മജീവികളും പശിമയും ഈര്‍പ്പം നിലനില്‍ക്കാനും ഒക്കെ ജൈവവളവും വേണം.
ചുരുക്കത്തില്‍ മണ്ണിന്റെ ഗുണനിലവാരത്തിന് ജൈവവളം അത്യന്താപേക്ഷിതമാണ്. വെറും പൊടി മണ്ണില്‍ രാസവളവും ഇട്ട് ചെടി നട്ടാല്‍ അത് കരിഞ്ഞുപോകും. ജൈവവളവും ആവശ്യത്തിന് രാസവളവും ചേര്‍ക്കണം. രാസവളത്തെ ആപത്തായോ വിഷമായോ കാണരുത് എന്നാണ് ഈ പോസ്റ്റിന്റെ സാരം.
മണ്ണെന്തെന്നറിയാത്തവർ മണ്ണിനെപ്പറ്റി പറയാതിരിക്കുക.അത് സമൂഹത്തിന് ഗുണം ചെയ്യും.മണ്ണ് സചേതന വസ്തുവാണ്.അനേക കോടി സൂക്ഷ്മജീവികൾ മണ്ണിൽ പ്രവർത്തിച്ച് ഉണ്ടാക്കിയെടുക്കുന്ന ജൈവ മൂലകങ്ങളാണ് സസ്യങ്ങൾക്കാവശ്യം.മണ്ണിൽ നേരിട്ട് രാസവസ്തുക്കൾ ചേർത്താൽ സസ്യത്തിന് സ്വാംശീകരിക്കാനായി ഭക്ഷണമോരുക്കിക്കൊടുക്കുന്ന കോടിക്കണക്കിന് സൂക്ഷ്മജീവികൾ മരിച്ചു പോകും.രാസവിഷങ്ങൾ സസ്യത്തിൽ കടന്നുകയറി അതുണ്ടാക്കുന്ന വിഷലിപ്തമായ ഭക്ഷണം കഴിച്ച് മനുഷ്യനടക്കം ജീവജാലങ്ങൾ രോഗാതുരരാവുകയും ചെയ്യും.ഇത്രയും ലളിതമായ കാര്യം മനസ്സിലാവുന്നില്ലെങ്കിൽ അത് ‘ഉപരിപ്ലവം’ ആയതുകൊണ്ട് തന്നെ..മിനുസമാർന്ന തറയിലിരുന്ന് മൌസുന്തുമ്പോൾ മണ്ണിന്റെ ജൈവത അറിയില്ല. വിറ്റമിൻ ഗുളികകളും,ഇംഗ്ലീഷ് മരുന്നും കഴിച്ച് കഴിച്ച് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ നിന്നും സൂപ്പർ സ്പെഷ്യാലിറ്റികളിലേയ്ക്ക് കുടിപാർക്കുമ്പോളും കൃത്രിമ രാസവിഷ വസ്തുക്കളുടെ ദോഷ ഫലങ്ങൾ തിരിച്ചറിയുന്നില്ലെങ്കിൽ നിങ്ങളോടൊക്കെ എന്തു പറയാൻ.....
ReplyDelete//മിനുസമാർന്ന തറയിലിരുന്ന് മൌസുന്തുമ്പോൾ മണ്ണിന്റെ ജൈവത അറിയില്ല//
ReplyDelete@ നനവ് കൂള്‍ ഡൌണ്‍ പ്ലീസ് !
രാസവളങ്ങള്‍ എന്നുപോതുവേ ആളുകള്‍ പറയുന്നത് കീട നാശിനികളെ കൂടി ചേര്‍ത്താണ്.. അത് ദുരുപയോഗം ചെയ്യുനില്ല എന്ന്നു പറയാനൊക്കുമോ? ജൈവകൃഷി എന്ന് പറയുമ്പോ ദോഷകരമല്ലാത്ത കീട നാശിനികളും മറ്റു കീട നിയന്ത്രണ മാര്‍ഗങ്ങളും ഉള്‍പ്പെടും. മിതമായ രീതിയില്‍ ആണെങ്കില്‍ എന്തും നല്ലത് തന്നെയാണ്. ഒരാള്‍ക്ക് നൂറു രൂപ കൊടുക്കാന്‍ മനസില്ലാതെ മുറ്റത്തെ പുല്ല് കളയാന്‍ കടയില്‍ നിന്ന് 20 രൂപായ്ക് 'മരുന്ന്' വാങ്ങി തളിച്ച ഒരാളുണ്ട് എന്റെ വീടിന്റെ അടുത്ത്.
ReplyDelete''രാസവളത്തെ ആപത്തായോ വിഷമായോ കാണരുത് എന്നാണ് ഈ പോസ്റ്റിന്റെ സാരം'' അത് ഞാന്‍ മനസിലാക്കുന്നു. വിഷയം related ആയതുകൊണ്ട് പറഞ്ഞു എന്ന് മാത്രം.
ReplyDeleteരാസവിഷങ്ങൾ സസ്യത്തിൽ കടന്നുകയറി അതുണ്ടാക്കുന്ന വിഷലിപ്തമായ ഭക്ഷണം കഴിച്ച് മനുഷ്യനടക്കം ജീവജാലങ്ങൾ രോഗാതുരരാവുകയും ചെയ്യും എന്നത് നനവിന്റെ മാത്രം അന്ധിവിശ്വാസമല്ല. ഇത് ഇപ്പോള്‍ പൊതുവെ എല്ലാവര്‍ക്കും ഉള്ള തെറ്റിദ്ധാരണയാണ്. അത് തുറന്ന് കാണിക്കാനാണ് ഞാന്‍ ഈ സീരീസ് എഴുതുന്നത്.
ReplyDeleteനനവ് പ്രകോപിതമാകേണ്ട ആവശ്യമില്ല. രാസവളത്തില്‍ സസ്യങ്ങള്‍ക്ക് വേണ്ടതായ രാസമൂലകള്‍ മാത്രമെയുള്ളൂ. മറ്റൊരു രാസസംയുക്തങ്ങളും ഇല്ല. അത്തരം രാസസംയുക്തങ്ങള്‍ കീടനാശിനികളിലേ ഉള്ളൂ. നനവ് കെമിസ്ട്രി പഠിച്ചിരിക്കും എന്ന് തന്നെ ഞാന്‍ കരുതുന്നു. ഞാന്‍ ഈ പോസ്റ്റില്‍ പറഞ്ഞ നൈട്രജന്‍ അടക്കം 13 മൂലകങ്ങള്‍ മാത്രമേ സസ്യം മണ്ണില്‍ നിന്ന് ഉള്‍ക്കൊള്ളുകയുള്ളൂ. അതിന്റെ മൂട്ടില്‍ മറ്റെന്ത് നിക്ഷേപിച്ചാലും വേര് ഉള്‍ക്കൊള്ളുകയില്ല. ഒരു തെങ്ങിന്റെ കടയ്ക്കല്‍ എന്ത് കീടനാശിനിയോ മറ്റെന്ത് വിഷമോ ഇട്ടാലും ഇളനീര്‍ ഒരിക്കലും വിഷമാവുകയില്ല. പഴവര്‍ഗ്ഗങ്ങളിലും പച്ചക്കറികളിലും വിഷം കലരുന്നത് കീടനാശിനികള്‍ തളിക്കുമ്പോള്‍ പൂവ് കായ ആകുന്ന ഘട്ടത്തിലാണ്. അത്കൊണ്ടാണ് കീടനാശിനിയാണ് വില്ലന്‍ എന്ന് ഞാന്‍ പറഞ്ഞത്.
മണ്ണിന്റെ ജൈവത നശിപ്പിക്കണം എന്ന് ആര് പറഞ്ഞു? മണ്ണിലുള്ള സൂക്ഷ്മജീവികള്‍ നശിച്ചു പോയാല്‍ പിന്നെ ഈ ഭൂമിയില്‍ ഒരു ജീവിയ്ക്കും ജീവിക്കാന്‍ കഴിയില്ല. ഏറ്റവും ചെറിയ ബാക്റ്റീരിയ മുതല്‍ ഏറ്റവും വലിയ നീലത്തിമിംഗലം വരെ പരസ്പരാശ്രിതമായ ഒരു ആവാസവ്യവസ്ഥയാണ് ഭൂമിയിലെ ജീവന്റെ നിലനില്‍പ്പിന് ആധാരം. അതില്‍ ഏറ്റവും അടിസ്ഥാനപരമായ കര്‍ത്തവ്യം നിറവേറ്റുന്നത് സൂക്ഷജീവികളാണ്. സൂക്ഷ്മജീവികള്‍ ഒരു ദിവസം പണി മുടക്കിയാല്‍ ഈ ഭൂമി സ്തംഭിച്ചുപോകും. ഇതിനെ പറ്റിയൊന്നും ആരും ചിന്തിക്കുന്നില്ല.
രാസവളത്തെ പറ്റിയുള്ള നനവിന്റെ തെറ്റിദ്ധാരണ മാറ്റാന്‍ എനിക്ക് കഴിയില്ല. കാരണം മുന്‍വിധികള്‍ അത്ര ശക്തമായ സ്വാധീനമാണ് മനുഷ്യമനസ്സില്‍ ചെലുത്തുന്നത്. പയറും ധാന്യവും ഒരുമിച്ചു കഴിച്ചാല്‍ അത് ശരീരത്തില്‍ വിഷമാണെന്ന് ഒരിക്കല്‍ എന്നോട് ഒരു പ്രകൃതിചികിത്സാവാദി തര്‍ക്കിച്ചു. അവന്റെ അഭിപ്രായത്തില്‍ ഇഡ്ഡലി കടുത്ത വിഷമാണ്. ഒരു പകല്‍ മുഴുവനും തര്‍ക്കിച്ചിട്ടും ഒടുവില്‍ ഞാന്‍ തോല്‍വി സമ്മതിച്ചു. സത്യം എന്താണ്? ധാന്യവും പയറും ഒരുമിച്ച് വേവിച്ച് കഴിക്കുമ്പോള്‍ ആഹാരത്തിന്റെ പോഷകമൂല്യം കൂടുന്നു. എന്തായാലും എനിക്ക് ഈ പോസ്റ്റ് പൂര്‍ത്തിയാക്കാന്‍ പറ്റുമോ എന്ന് നോക്കട്ടെ.
@ ജിഷ്ണു, //രാസവളങ്ങള്‍ എന്നുപോതുവേ ആളുകള്‍ പറയുന്നത് കീട നാശിനികളെ കൂടി ചേര്‍ത്താണ്.. അത് ദുരുപയോഗം ചെയ്യുന്നില്ല എന്ന് പറയാനൊക്കുമോ?//
ReplyDeleteആളുകള്‍ ദുരുപയോഗം ചെയ്യുന്നു എന്ന് വെച്ച് എലിയെ പേടിച്ച് ഇല്ലം ചുടാന്‍ പറ്റുമോ? കീടനാശിനികള്‍ കീടങ്ങളെ നശിപ്പിക്കാനുള്ള വിഷമാണ്. അത് സസ്യങ്ങളുടെ വേരുകള്‍ വലിച്ചെടുക്കില്ല എന്ന് ഞാന്‍ മേല്‍ക്കമന്റില്‍ വ്യക്തമാക്കി. പൂവുകളില്‍ പരാഗണമൊക്കെ നടക്കുന്ന വേളയിലാണ് അത് ഫലങ്ങളില്‍ പ്രവേശിക്കുന്നത് എന്നും പറഞ്ഞു.
രാസവളത്തിന്റെ ആവശ്യാനുസരണമുള്ള ഉപയോഗം അത്യന്താപേക്ഷിതമാണ്. ഞാന്‍ പറഞ്ഞല്ലൊ മണ്ണില്‍ തുടരെത്തുടരെയുള്ള വിളവിലെടുപ്പിലൂടെ നഷ്ടപ്പെട്ട മൂലകങ്ങള്‍ റിപ്ലെയിസ് ചെയ്യാനാണ് രാസവളം. ജൈവളം കൊണ്ട് ആ ആവശ്യം പൂര്‍ത്തി ചെയ്യാന്‍ ഒക്കില്ല. മാത്രമല്ല അതിന്റെ ആവശ്യവുമില്ല. കീടനാശിനികള്‍ ഒഴിവാക്കാന്‍ ആണ് ബയോടെക്നോളജി ഇപ്പോള്‍ ശ്രമിക്കുന്നത്. അതിന്റെ ഭാഗമാണ് ജി എം വിത്തുകള്‍ , അതൊക്കെ നമുക്ക് ചര്‍ച്ച ചെയ്യാം. മറ്റുള്ളവര്‍ പറയുന്നത് കേട്ട് മുന്‍വിധികള്‍ സ്വരൂപിക്കാതിരിക്കൂ. കെമിസ്ട്രിയും ബയോളജിയും ബോട്ടണിയും ഒക്കെ നമുക്ക് തുടര്‍ന്നും പഠിക്കാം. കലാലയ വിദ്യാഭ്യാസത്തോടെ നിര്‍ത്തേണ്ട ഒന്നല്ല അത്തരം വിഷയങ്ങള്‍ . ഇപ്പോള്‍ നെറ്റില്‍ തന്നെ എല്ലാം ലഭ്യമാണല്ലൊ :)
മണ്ണ് പരിശോധിച്ച് ഏതൊക്കെ തരത്തിലുള്ള വളമാണ് ആവശ്യമെന്ന് കൃഷിക്കാരനെ അറിയിക്കുന്നതല്ലെ ശരിയായ കൃഷിസഹായം...
ReplyDelete\\ഞാന്‍ ഈ പോസ്റ്റില്‍ പറഞ്ഞ നൈട്രജന്‍ അടക്കം 13 മൂലകങ്ങള്‍ മാത്രമേ സസ്യം മണ്ണില്‍ നിന്ന് ഉള്‍ക്കൊള്ളുകയുള്ളൂ. അതിന്റെ മൂട്ടില്‍ മറ്റെന്ത് നിക്ഷേപിച്ചാലും വേര് ഉള്‍ക്കൊള്ളുകയില്ല. ഒരു തെങ്ങിന്റെ കടയ്ക്കല്‍ എന്ത് കീടനാശിനിയോ മറ്റെന്ത് വിഷമോ ഇട്ടാലും ഇളനീര്‍ ഒരിക്കലും വിഷമാവുകയില്ല. പഴവര്‍ഗ്ഗങ്ങളിലും പച്ചക്കറികളിലും വിഷം കലരുന്നത് കീടനാശിനികള്‍ തളിക്കുമ്പോള്‍ പൂവ് കായ ആകുന്ന ഘട്ടത്തിലാണ്.//
ReplyDeleteതികച്ചും അടിസ്ഥാനരഹിതമാണ് താങ്കൾ മുകളിൽ പറഞ്ഞത്.ഫ്യൂരഡാൻ ഒരു കീടനാശിനിയാണ്.അതു എന്തിനാണ് മണ്ണിൽ ഉപയോഗിക്കാൻ കൃഷി വകുപ്പ് ശുപാർശ ചെയ്യുന്നത്.നേന്ദ്രവാഴയുടെ(ഏത്ത വാഴ) മൂട്ടിൽ അതുപയോഗിച്ചാൽ പിന്നെ ഒരു കീടം പോലും അതിന്റെ തണ്ടോ,പഴമോ,അതിന്റെ തേൻ പോലുമോ തൊടില്ല.ഇത് എങ്ങിനെ സംഭവിക്കുന്നു? സസ്യം വേണ്ടാത്തത് വലിച്ചെടുക്കാതെയാണോ?
വയനാട്ടിൽ ഇത്തരം ഏത്തപ്പഴം തിന്ന് മരണക്കിടക്കയിലായവർ തന്നെയുണ്ട്.ഏത്തപ്പഴത്തിന്റെ കുത്തകയായിരുന്നവർ ഇന്നത് കൃഷി ചെയ്യുന്നില്ല എന്താണു കാരണം?വയനാട്ടിൽ നിന്നും വരുന്ന സാധനം വാങ്ങാൻ കോഴിക്കോട്ട് ആളില്ലാത്തത് തന്നെ! നാട്ടിൽത്തന്നെയുണ്ട് ഉദാഹരണങ്ങൾ.ഇളനീർ മോഷണം പോകുന്നതിനെ തടയാൻ ഒരു കർഷകൻ എളുപ്പ വഴി സ്വീകരിച്ചതാണ് കാരണം.അൽപ്പം ഫ്യൂരഡാൻ തെങ്ങിന്മൂട്ടിൽ ഇട്ടു കൊടുത്തു.ഒരു മാസത്തിനുള്ളിൽത്തന്നെ വിവരമറിഞ്ഞു.നാട്ടിലെ കുറച്ചു ചെറുപ്പക്കാർ ഛർദ്ദിയും വയറിളക്കവുമായി ആശുപത്രിയിലുമായി.പ്രശ്നം മധ്യസ്ഥത്തിലൂടെ പറഞ്ഞു തീർക്കേണ്ടിവന്നു ഒടുവിൽ.മുഴുത്ത കൈപ്പക്ക എങ്ങിനെയാണ് നമുക്ക് കിട്ടുന്നത് ഫ്യൂരഡാൻ മണ്ണിൽ കലർത്തുന്നത് കൊണ്ട് മാത്രം...ഇനിയും നിങ്ങൾ പറയുമോ സസ്യങ്ങൾ ആവശ്യമില്ലാത്തവ വലിച്ചെടുക്കില്ലായെന്ന്?
മണ്ണിനെ വിഷമയമാക്കുന്നതിനെ നിങ്ങളെപ്പോലുള്ളവർ കൂട്ടു നിന്ന് പ്രോത്സാഹിപ്പിക്കുന്നത് കാണുമ്പോൾ വിഷമമുണ്ട്.....അല്ലാതെ ഒരു മുൻ വിധിയും നമ്മളെ ഭരിക്കുന്നില്ല...
//പയറും ധാന്യവും ഒരുമിച്ചു കഴിച്ചാല്‍ അത് ശരീരത്തില്‍ വിഷമാണെന്ന് ഒരിക്കല്‍ എന്നോട് ഒരു പ്രകൃതിചികിത്സാവാദി തര്‍ക്കിച്ചു. അവന്റെ അഭിപ്രായത്തില്‍ ഇഡ്ഡലി കടുത്ത വിഷമാണ്. ഒരു പകല്‍ മുഴുവനും തര്‍ക്കിച്ചിട്ടും ഒടുവില്‍ ഞാന്‍ തോല്‍വി സമ്മതിച്ചു. സത്യം എന്താണ്? ധാന്യവും പയറും ഒരുമിച്ച് വേവിച്ച് കഴിക്കുമ്പോള്‍ ആഹാരത്തിന്റെ പോഷകമൂല്യംകൂടുന്നു //
ReplyDeleteപ്രകൃതിജീവനത്തിൽ ഇഡ്ഡലി ശരിയായ ചേരുവയിലുള്ള ആഹാരമല്ലെന്ന് പറയാൻ ശാസ്ത്രീയമായ കാരണങ്ങളുണ്ട്.തമാശയാക്കി തള്ളേണ്ട കാര്യമല്ല ഇത്.
ഇഡ്ഡലിയിൽ അരിയും ഉഴുന്നുമാണ് ഉള്ളത്.അരി അന്നജവും ഉഴുന്ന് മാംസ്യവുമാണ്.വായിൽ നിന്നു തന്നെ അന്നജം ദഹിച്ചു തുടങ്ങുന്നു.ഉമിനീരിലുള്ള ടയാലിൻ എന്ന ദഹനരസമാണ് അന്നജത്തെ ദഹിപ്പിക്കുന്നത്.ആഹാരവുമായി നല്ലവണ്ണം ഉമിനീർ കലരാൻ വേണ്ടിയാണ് നന്നായി ചവച്ചരച്ചു ഭക്ഷണം കഴിക്കണമെന്നു പറയുന്നത്.വായിൽ നിന്നും തുടങ്ങുന്ന ഈ ദഹനം ആമാശയത്തിലും തുടർന്ന് പൂർണ്ണമാവുന്നു.
മാംസ്യം ദഹിക്കുന്നത് ആമാശയത്തിൽ വച്ചാണ്.പെപ്സിൻ എന്ന അമ്ല[Acidic]സ്വഭാവമുള്ള ദഹനരസമാണ് മാംസ്യം ദഹിപ്പിക്കുന്നത്.ആഹാരം ആമാശയത്തിൽ എത്തുമ്പോൾ അതിൽ മാംസ്യം അടങ്ങിയിട്ടുണ്ടെങ്കിൽ ഉടൻ തന്നെ പെപ്സിൻ ഉല്പാദിപ്പിക്കപ്പെടും..അന്നജം ഒരിക്കലും അമ്ലമയമായ ചുറ്റുപാടുണ്ടാവുമ്പോൾ ദഹിപ്പിക്കപ്പെടുകയില്ല.അപ്പോൾ അന്നജവും മാംസ്യവും ഒന്നിച്ച് ആമാശയത്തിലെത്തുമ്പോൾ ദഹനം ശരിയായി നടക്കില്ല.ഒന്ന് ദുഷിച്ച് ജീർണ്ണിക്കുന്നു..അല്ലാതെ ഇഡ്ഡലി കഴിച്ചാലോ പുട്ടും കടലയും കഴിച്ചാലോ ചത്തുപോകുകയൊന്നുമില്ല..പാവം ആമാശയത്തിന് അമിതജോലികൊടുക്കുകയും ഗ്യാസ് ട്രബിളും മറ്റു പ്രയാസങ്ങളും ഉണ്ടാവും .ഒപ്പം കഴിച്ച ഭക്ഷണം മുഴുവനും സ്വാംശീകരിക്കാതെ നഷ്ടമാവുകയും ചെയ്യും.
പൊതുവെ ഇഡ്ഡലി,തൈർസാദം തുടങ്ങിയവ തമിഴ് നാട്ടുകാരുടെ സ്വാഭാവിക ആഹാരമാണ്.അവിടത്തെ കാലാവസ്ഥ ,അമ്ലത കൂടുതലുള്ള മണ്ണ് എന്നിവ ഇത്തരം ആഹാരങ്ങൾ കഴിച്ചാലും പ്രശ്നമാകാതെ സഹായിക്കുന്നു.
നനവ് പ്രകൃതിജീവനത്തിന്റെയും ആളാണ് അല്ലെ. അത് അറിയാന്‍ വേണ്ടി തന്നെയാണ് ഞാന്‍ ഇഡ്ഡലിക്കാര്യം എടുത്തിട്ടത്. പ്രകൃതിചികിത്സാവാദക്കാര്‍ ശുദ്ധഹൃദയരും നിഷ്ക്കളങ്കരുമാണ് എന്നാണ് അവരുമായി ഇടപഴകിയതില്‍ മനസ്സിലായത്. അത്കൊണ്ട് തര്‍ക്കത്തിനില്ല :)
ReplyDeleteഎന്നാലും അന്നജവും മാംസ്യവും ഒക്കെ പറഞ്ഞത്കൊണ്ട് രണ്ട് വാക്ക് വെറുതെ പറയാം. ഭൂമിയിലുള്ള സസ്യ-ജന്തുജാലങ്ങളുടെ വ്യത്യാസത്തിന്റെ കാരണം എന്താണെന്ന് ആലോചിച്ചിട്ടുണ്ടോ? ഓരോ ജീവിയുടെയും സസ്യത്തിന്റെയും പ്രോട്ടീന്‍ വ്യത്യസ്തമാണ് എന്നതാണതിന്റെ കാരണം. ഓരോ ജീവിയും സസ്യവും അതിനാവശ്യമായ പ്രോട്ടീന്‍ സ്വയം നിര്‍മ്മിക്കുകയാണ് ചെയ്യുന്നത്. ഇതിന് ആവശ്യമായ മൂലകം നൈട്രജന്‍ ആണ്.ജീവികള്‍ക്ക് അന്നജവും (കാര്‍ബോഹൈഡ്രേറ്റ്)നൈട്രജനും കിട്ടിയാല്‍ അതിനാവശ്യമായ അമിനോ ആസിഡ് ഉണ്ടാക്കി പിന്നെ ആ അമിനോ ആസിഡ് കൊണ്ട് പ്രോട്ടീന്‍ ഉണ്ടാക്കിക്കോളും. സസ്യങ്ങള്‍ക്ക് നൈട്രജന്‍ മാത്രം മണ്ണില്‍ നിന്ന് മതി. അന്നജം അത് സ്വയം ഉണ്ടാക്കുന്നുണ്ടല്ലൊ. അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈഓക്സൈഡും ഉപയോഗിച്ചിട്ട്.
മനുഷ്യന് 22 തരം അമിനോ ആസിഡ് വേണം ഹ്യൂമന്‍ പ്രോട്ടീന്‍ ഉണ്ടാക്കാന്‍. ഇതില്‍ 13 തരം അമിനോ ആസിഡ് ശരീരം ഉണ്ടാക്കും. പക്ഷെ 9 അമിനോ ആസിഡുകള്‍ ശരീരത്തിന് ഉണ്ടാക്കാന്‍ കഴിയില്ല. പ്രകൃതിയില്‍ മനുഷ്യന്റെ മാത്രം ഗതികേടാണിത്. അത്കൊണ്ടാണ് നമ്മള്‍ പ്രോട്ടീന്‍ എന്ന് പറഞ്ഞ് ഇങ്ങനെ വിഷമിക്കുന്നത്. അതായത് 9 തരം അമിനോ ആസിഡുകള്‍ അങ്ങനെ തന്നെ ഭക്ഷണത്തില്‍ നിന്ന് കിട്ടണം എന്ന് സാരം. നൈട്രജന്‍ ഉപയോഗിച്ച് മറ്റ് 13 അമിനോആസിഡുകള്‍ പോലെ നിര്‍മ്മിക്കാന്‍ കഴിയാത്ത ഈ അമിനോ ആസിഡുകളെ അത്യാവശ്യ അമിനോ അമ്ലങ്ങള്‍ എന്ന് പറയുന്നു. ഈ അമിനോ ആസിഡുകള്‍ ഇറച്ചിയിലും മീനിലും മുട്ടയിലും പാലിലും എല്ലാം ഉണ്ട്. എന്നാല്‍ ധാന്യങ്ങളിലോ പയര്‍ വര്‍ഗ്ഗങ്ങളിലോ ഇവ മുഴുവനും ഇല്ല. ചില അമിനോ ആസിഡുകള്‍ ധാന്യത്തിലും മറ്റ് ചിലത് പയറിലും ഉണ്ട്. അരിയും പയറും ഒന്നിച്ചു ചേരുമ്പോള്‍ ഈ 9 അമിനോആസിഡുകളും ലഭിക്കുന്നു എന്ന് പോഷണശാസ്ത്രം(ഡയറ്റിറ്റ്ക്സ്)പറയുന്നു.
ജീര്‍ണ്ണിക്കുക അല്ലെങ്കില്‍ ദഹിക്കുക എന്ന് പറഞ്ഞാല്‍ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ലഘുസംയുക്തങ്ങളായി വിഘടിക്കുക എന്നാണര്‍ത്ഥം. അങ്ങനെ അന്നജം വിഘടിച്ച് ഗ്ലൂക്കോസ് ആയും മാംസ്യം വിഘടിച്ച് അമിനോ ആസിഡുകളായും പിന്നെ ലവണങ്ങളും ധാതുക്കളും ജലവും ആണ് ദഹനേന്ദ്രിയങ്ങളില്‍ നിന്ന് രക്തത്തിലേക്ക് പ്രവേശിക്കുന്നത്.
മാഷേ,
ReplyDeleteഇത് കണ്ടിരുന്നു കമന്റ് ചെയ്യണ്ട എന്ന് കരുതി പോയതായിരുന്നു. പക്ഷേ ഈ ലിങ്ക് താങ്കള്‍ വീണ്ടും ഉപയോഗിക്കുന്നത് കണ്ടപ്പോള്‍ കമന്റിയേക്കാം എന്ന് കരുതി.
ഹീമോഗ്ലോബിന്റെയും ക്ലോറോഫില്ലിന്റെയും യഥാര്‍ത്ഥ ഘടന വ്യത്യസ്തമാണ്. പോര്‍ഫൈറിന്‍ റിങ്ങിലെ സമാനത കണ്ട് അവ രണ്ടിന്റെയും ഘടന ഒന്നാണെന്ന് പറയുക എന്ന് പറഞ്ഞാല്‍!
ഹീമോഗ്ലോബിനെ കുറിച്ച് നല്ല ഒരു വിവരണം ഇവിടെയുണ്ട് http://en.wikipedia.org/wiki/Hemoglobin
പിന്നെ പറയുവാനുള്ളത് ചെടികള്‍ മാത്രമാണ് ഭക്ഷണം നിര്‍മ്മിക്കുന്നതെന്ന വാചകത്തെ പറ്റിയാണ്. ഇത് തെറ്റല്ലേ അപ്പോള്‍ പാവം Cyanobacteria യെ ഏത് വിഭാഗത്തില്‍ പെടുത്തും? ആല്‍ഗെ?
പച്ച നിറമില്ലാത്തവ ഭക്ഷണം നിര്‍മ്മിക്കുകയില്ലേ!
താങ്കള്‍ പറയുന്നത് പോലെ ക്ലോറോഫില്ലിലല്ല ഭക്ഷണം നിര്‍മ്മിക്കപ്പെടുന്നത് Chloroplastല്‍ ആണ്. സൂര്യപ്രകാശത്തില്‍ നിന്ന് ഊര്‍ജ്ജം വലിച്ചെടുക്കുവാന്‍ കഴിവുള്ളവരാണ് ക്ലോറോഫില്‍ എന്ന പിഗ്മെന്റ്‍.... കൂടുതല്‍ ഇവിടെ http://en.wikipedia.org/wiki/Photosynthesis
BUSINESS LOAN PERSONAL LOAN HERE APPLY NOW WhatsApp No:+918929509036 financialserviceoffer876@gmail.com Dr. James Eric
ReplyDelete