Pages

പകര്‍ച്ചപ്പനി നമുക്ക് ഒഴിവാക്കിക്കൂടേ ?



കഴിഞ്ഞ ചില ആഴ്ചകളിലായി നാട്ടില്‍ തിമിര്‍ത്ത് പെയ്യുന്ന മഴയും പടര്‍ന്ന് പിടിക്കുന്ന ചിക്കന്‍‌ഗുനിയ എന്ന പകര്‍ച്ചപ്പനിയുമായിരുന്നു. ലക്ഷക്കണക്കിന് ആളുകള്‍ പനി ബാധിച്ചു നരകിക്കുകയായിരുന്നു. ഇതില്‍ അത്യന്തം സങ്കടകരമായ വസ്തുത ഓരോ ആളും അല്പം ശ്രദ്ധിച്ചാല്‍ ഈ ദുര്യോഗം ഒഴിവാക്കാനാകുമായിരുന്നു എന്നതാണ്. മഴക്കാലം തുടങ്ങുമ്പോഴാണ് ഈ പനി വ്യാപിക്കുന്നത്. ശുദ്ധജലത്തില്‍ മാത്രം മുട്ടയിട്ട് പെരുകുന്ന ഒരു തരം കൊതുക് ആണ് ഇവിടെ വില്ലന്‍ .

നമ്മുടെ നാട്ടില്‍ ഓരോ വീട്ടിന് ചുറ്റും ഏറിയോ കുറഞ്ഞോ അളവില്‍ വിസ്തീര്‍ണ്ണമുള്ള പറമ്പുകളുണ്ട്. വീടുകളില്‍ ഉപയോഗശൂന്യമായ ചിരട്ടകള്‍ , മുട്ടത്തോടുകള്‍ , ഉടഞ്ഞ ഗ്ലാസുകള്‍ , പോളിത്തീന്‍ സഞ്ചികള്‍ എന്നിവ പറമ്പിലെവിടെയെങ്കിലും ഉപേക്ഷിക്കുന്ന ശീലമാണ് എല്ലാവര്‍ക്കും. ഇവകളില്‍ മഴക്കാലത്ത് മഴവെളം കെട്ടിക്കിടക്കുന്നു. ഈ മഴവെള്ളം ശുദ്ധജലമാണ്. കൊതുകുകള്‍ ഇവകളില്‍ പെട്ടെന്ന് പെരുകുന്നു. പുരയിടങ്ങളില്‍ ഒന്ന് ദിവസവും അല്പനേരം ചുറ്റി നടന്ന് ഈ കെട്ടിക്കിടക്കുന്ന ജലം കമിഴ്ത്തിക്കളഞ്ഞാല്‍ ഈ സാമൂഹ്യദുരന്തം ഒരു പരിധിവരെ ഒഴിവാക്കാം. വെള്ളം കെട്ടിക്കിടക്കാന്‍ പാകത്തില്‍ പാഴ്‌വസ്തുക്കള്‍ വീടിന് ചുറ്റും വലിച്ചെറിയുന്നതിന് പകരം അവ ഒരു കുഴിയിലോ മറ്റോ ഇട്ട് വെള്ളം കെട്ടിനില്‍ക്കാതെ ശ്രദ്ധിക്കാം. രോഗത്താല്‍ അവശരായി സര്‍ക്കാറിന്റെ സൌജന്യറേഷന്‍ വാങ്ങുന്നതിനേക്കാളും നല്ലതാണിത്.

ഇത്തരം കാര്യങ്ങളെ പറ്റി ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ നാട്ടിലിന്ന് സന്നദ്ധസംഘടനകള്‍ തയ്യാറാവുന്നില്ല. കേരളശാസ്ത്രസാഹിത്യപരിഷത്തിന്റെ യൂനിറ്റുകള്‍ പ്രാദേശികതലങ്ങളില്‍ മിക്കവാറും നിര്‍ജ്ജീവമായി. ഡോക്ടര്‍മാര്‍ ഇക്കാര്യം ജനത്തോട് മിണ്ടുകയേയില്ല. പകര്‍ച്ചപ്പനികളെ ഒരു കൊയ്ത്തായാണ് അവര്‍ കാണുന്നത്. രാഷ്ട്രീയപ്പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് പിടിപ്പത് പണികള്‍ വേറെയുണ്ട്. ചാനലുകള്‍ മഴക്കെടുതികളെയും ആസ്പത്രിദൃശ്യങ്ങളെയും ആഘോഷമാക്കി മാറ്റുകയായിരുന്നു. തനിക്ക് പനി വരുന്നത് വരെ ആരും ഈ കൊതുകുകളെ പറ്റി വേവലാതിപ്പെടുന്നേയില്ല.

ഇപ്രാവശ്യത്തെ പനി ബാധിച്ചവരുടെ ശാരീരികാവശതകള്‍ പറഞ്ഞറിയിക്കാന്‍ പറ്റില്ല. പനിക്ക് കാരണമായ വൈറസ്സ് കൂടുതല്‍ മാരകമായ രീതിയില്‍ ജനിതകമാറ്റത്തിന് വിധേയമാകുന്നുണ്ടാവണം. പനി ബാധിച്ച ആളിനെ കടിച്ച കൊതുക് വേറെ ആളെ കടിക്കുമ്പോഴാണ് പനി പകരുന്നത്. കൊതുക് ഇന്ന് നാട്ടില്‍ എല്ലായ്പോഴും എവിടെയും ഭീഷണിയാണ്. ഇത് നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ ഫലപ്രദമായ നടപടികള്‍ ആരുടെ ഭാഗത്ത് നിന്ന് ഉണ്ടാവും? ആരോഗ്യ-വിദ്യാഭ്യാസ രംഗത്ത് കേരളം ഇപ്പോള്‍ അതിവേഗം പിറകോട്ട് പോയ്ക്കൊണ്ടിരിക്കുകയാണ്. പൌരബോധം ജനങ്ങളില്‍ ഉണ്ടാക്കാന്‍ അടിയന്തിരമായി എന്തെങ്കിലും ചെയ്യണമായിരുന്നു.

5 comments:

  1. അടുത്ത മഴക്കാലം തുടങ്ങുന്നതിന് മുന്‍പ് ഓരോ ഗ്രാമപഞ്ചായത്തും, ജീപ്പില്‍ ഉച്ചഭാഷിണി ഘടിപ്പിച്ച്, മഴവെള്ളം കെട്ടിനില്‍ക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് മൈക്കിലൂടെ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നത് നന്നായിരിക്കും.

    ReplyDelete
  2. പകര്‍ച്ചപ്പനി ഒഴിവാക്കണം അതിന് നമ്മുടെ ചിന്താഗതി തന്നെ മാറ്റണം. പനി ഒരിക്കലും “നമ്മുക്ക്“ വരില്ല. അത് “മറ്റുള്ളവെക്കെ“ വരൂ. അതു പോലെ അപകടങ്ങളെല്ലാം “മറ്റുള്ളവെക്കെ“

    ReplyDelete
  3. കൊതുകിലൂടെ പകരുന്നതിനോടൊപ്പം തന്നെ വൈറസ് പനികളും വ്യാപകമാണ്‌. ഇതിനെക്കുറിച്ച് കൂടുതല്‍ പഠനം ആവശ്യമാണ്‌. പകര്‍ച്ചപനി എല്ലാ വര്‍ഷത്തേതും പോലെ, അല്ലെങ്കില്‍ കുറച്ചുകൂടി മാരകമായി ഈ വര്‍ഷവും ദുരന്തമായി. എക്കാലവും ഇത്തരം ചിന്തകളും ചര്‍ച്ചകളും ഉണ്ടാകുന്നുമുണ്ട്. പക്ഷെ പ്രായോഗികമാക്കുന്നിടത്ത് നാം പരാജയപ്പെടുന്നു. പ്രതിരോധമരുന്നുകള്‍ സ്വീകരിച്ചവരെ പനി കാര്യമായി ബാധിചിട്ടില്ല. പനിയുടെ സ്വഭാവം മാറുന്നതിനാല്‍ വരും കാലങ്ങളില്‍ ഇത്തരം മാര്‍ഗങ്ങള്‍ പര്യാപ്തമായില്ലെന്നും വരും. അതിനാല്‍ ശുചിത്വത്തിനുതന്നെ പ്രാധാന്യം നല്‍കണം. ചില ചിന്താഗതികളിലും മാറ്റം വരേണ്ടിയിരിക്കുന്നു.

    ReplyDelete
  4. പരിസര ശുചിത്വമില്ലായ്മയാണ് പ്രധാന കാരണം. വീടും പരിസരവും ശുചിയായി സൂക്ഷിക്കേണ്ടത് അവനവന്‍ തന്നെയാണ്. സര്‍ക്കാരിന്റേയോ മറ്റ് ഏജന്‍സികളുടേയോ സഹായത്തിനു കാത്തിരിക്കാതെ നാം ഓരോരുത്തരും അതിനു വേണ്ടി ശ്രമിച്ചേ മതിയാവൂ...

    ReplyDelete