ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മാധ്യമങ്ങളും സമൂഹവും ആഘോഷിച്ച താരവിവാഹം ഇപ്പോള്‍ വഴിപിരിയലിന്റെ വക്കത്താണത്രെ. വിവാഹങ്ങള്‍ കച്ചവടങ്ങള്‍ ആകുന്നുണ്ട് ഇപ്പോഴൊക്കെ. എന്നോട് ചോദിച്ചാല്‍ നാട്ടിലെ ഏറ്റവും വലിയ സാമൂഹ്യദുരന്തം വിവാഹധൂര്‍ത്ത് ആണെന്ന് പറയും. പണം ഉള്ളവര്‍ അതായിക്കോട്ടെ. പക്ഷെ കേരളത്തില്‍ സമ്പന്നര്‍ കഴിഞ്ഞാല്‍ പിന്നെയുള്ളത് എല്ലാവരും ഇടത്തരക്കാരാണ്. ദരിദ്രര്‍ എന്ന് പറയാവുന്നവര്‍ ചുരുക്കം. ഈ ഇടത്തരക്കാരാണ് വിവാഹധൂര്‍ത്തിന്റെ പേരില്‍ തീ തിന്നേണ്ടി വരുന്നത്. അവര്‍ക്ക് പണക്കാരെ പോലെ കഴിയില്ലെങ്കിലും ഏതാണ്ട് അവരെ അനുകരിച്ച് തങ്ങളുടെ കഴിവിനപ്പുറം ചെയ്യേണ്ടി വരുന്നു. അത്കൊണ്ടാണ് വിവാഹധൂര്‍ത്ത് എന്ന് പറയേണ്ടി വരുന്നത്. ഈ ധൂര്‍ത്ത് ഒന്ന് അവസാനിച്ചു കിട്ടുകയും തങ്ങളുടെ കഴിവിന്റെ പരിധിയില്‍ നിന്നുകൊണ്ട് വിവാഹങ്ങള്‍ നടത്താന്‍ കഴിയുകയും ചെയ്തിരുന്നുവെങ്കില്‍ എത്രയോ കുടുംബങ്ങള്‍ രക്ഷപ്പെടുമായിരുന്നു. ഇപ്പോള്‍ ഇത്ര പവന്‍ , ഇന്നയിന്ന ചടങ്ങുകള്‍ എന്നൊക്കെയുള്ള മുന്‍തീരുമാനങ്ങളില്‍ നിന്ന് കൊണ്ട് അതൊക്കെ നിവര്‍ത്തിച്ച് വിവാഹങ്ങള്‍ നടത്താന്‍ രക്ഷിതാക്കള്‍ കുടിക്കുന്ന കണ്ണീര്‍ ചില്ലറയല്ല. ഞാന്‍ എത്രയോ പേരോട് പറഞ്ഞു, അവനവന്റെ കഴിവിനനുസരിച്ച് വിവാഹം നടത്തിയാല്‍ മതി. പക്ഷെ ആര്‍ക്കും സാമൂഹ്യസമ്മര്‍ദ്ധത്തെ അതിജീവിയ്കാന്‍ കഴിയുന്നില്ല.
നാട്ടിലെ ഇടത്തരക്കാരായ ആരോട് ചോദിച്ചാലും പറയും ഈ ആഴ്ച നാലു കല്യാണമുണ്ട്. ഇപ്പോഴൊക്കെ കല്യാണമോ ഗൃഹപ്രവേശമോ ഒഴിഞ്ഞ ആഴ്ചയേയില്ല. നടത്തുന്നവര്‍ക്ക് മാത്രമല്ല ക്ഷണിക്കപ്പെടുന്നവര്‍ക്കുമുണ്ട് ആധി. ചുമ്മാ പങ്കെടുത്താല്‍ പോര, കാശായോ പ്രസന്റേഷനോ വല്ലതും കൊടുക്കണം. കടം വാങ്ങിയിട്ടാണ് ഈ ധൂര്‍ത്ത് നടത്തേണ്ടി വരുന്നത്. അതാണതിന്റെ ദുരന്തം. പലര്‍ക്കും കടം തീര്‍ക്കാന്‍ പറ്റുന്നില്ല. ഒരു തലവിധി പോലെയാണ് ആളുകള്‍ക്ക് കല്യാണം നടത്തി കടക്കെണിയില്‍ ആകേണ്ടി വരുന്നത്. കടം കൂടുന്തോറും ധൂര്‍ത്തും കൂടിവരുന്ന അതിശയകരമായ കാഴ്ചയാണ് നാട്ടില്‍ കാണാന്‍ കഴിയുന്നത്. ഞാനും ഒരു ഇടത്തരക്കാരനാണ്. മക്കള്‍ ജോലി ചെയ്ത് കിട്ടുന്ന വരുമാനമേയുള്ളൂ. നൂറോ നൂറ്റമ്പതോ പേരെ ക്ഷണിച്ചിട്ടാണ് ഞാന്‍ എന്റെ രണ്ടു മക്കളുടെയും വിവാഹം നടത്തിയത്. ആരോടും ഞാന്‍ ഒന്നും വാങ്ങിയില്ല. പങ്കെടുത്തവര്‍ക്ക് മക്കളെ അനുഗ്രഹിച്ച് സംതൃപ്തിയോടെ തിരിച്ചുപോകാന്‍ കഴിഞ്ഞു. എനിക്കോ പങ്കെടുത്തവര്‍ക്കോ എന്റെ മക്കളുടെ വിവാഹം ഒരു ഭാരമേയായില്ല. നിയമസഭയില്‍ ഏതോ എമ്മെല്ലെ ചോദിച്ചു,മന്ത്രി മറുപടി പറഞ്ഞു, പത്രത്തില്‍ വാര്‍ത്ത വന്നു,വായിച്ചവര്‍ വായിച്ചു, ഞാന്‍ ഒരു പോസ്റ്റും എഴുതി. ശുഭം!
ആദ്യം സർവ്വ കക്ഷിയിലും പെട്ട നേതാക്കന്മാരുടെ കുടുംബങ്ങളിലെ കല്ല്യാണങ്ങളിലെങ്കിലും ധൂർത്ത് ഒന്ന് ഒഴിവാക്കി കിട്ടിയെങ്കിൽ! ഇവിടെ തിരുവനന്തപുരത്തു വി.ഐ.പി കുടുംബങ്ങളിലെ വിവാഹം കാരണം പലപ്പോഴും റോഡു ബ്ലോക്കാകുന്നു!
ReplyDeleteഈ വിഷയത്തിൽ ഒരു പോസ്റ്റ് ഞാനും ആലോചിയ്ക്കുന്നുണ്ടാറ്റിരുന്നു.അതിനു മുൻപ് ഇതെഴുതിക്കണ്ടതിൽ സന്തോഷം!
മന്ത്രി ശ്രീമതി ഇത് ആദ്യം പറയേണ്ടിയിരുന്നത് മന്ത്രി കോടിയേരിയോടു ആയിരുന്നൂ.....!
ReplyDeleteമാഷു പറഞ്ഞതു തികച്ചും സത്യമാണു. വിവാഹധൂർത്തിനു മുടിക്കുന്ന പണം മക്കളുടെ ഭാവിജീവിതത്തിനു വേണ്ടി നീക്കി വച്ചാൽ എത്ര നന്നു! പക്ഷെ ആരു കേൾക്കാൻ? ധൂർത്തു തുടർന്നുകോണ്ടേയിരിക്കുന്നു.
ReplyDelete