Pages

ചെറായി മീറ്റ്


തിരുവനന്തപുരത്തുള്ള ചന്ദ്രകുമാര്‍ സാര്‍ ചാറ്റില്‍ വന്നപ്പോള്‍ പറഞ്ഞു:

“ചെറായിയിലേക്ക് വരുന്നുണ്ടോ? ഞാന്‍ ആ സ്ഥലം ഇത് വരെ കണ്ടിട്ടില്ല. ഞാനും ഭാര്യയും പോകുന്നു. ഒരു ദിവസം അവിടെ തങ്ങി പിറ്റേന്ന് തിരിക്കും...”

ചെറായിയിലേക്ക് വരുന്നോ എന്ന് ചോദിച്ചാല്‍ അവിടെ നടക്കുന്ന ബ്ലോഗേര്‍സ് സംഗമത്തിനു വരുന്നോ എന്നാണുദ്ദേശിക്കുന്നതെന്ന് പറയാതെ തന്നെ മനസ്സിലാക്കാം. ചെറായി മീറ്റ് അങ്ങനെ ഒരു വലിയ സംഭവമായി മാറിയിരിക്കുന്നു ബ്ലോഗര്‍മാരുടെയിടയില്‍ . ഈ മീറ്റ് ഇത്രയും ഗംഭീരമായി ഓര്‍ഗനൈസ് ചെയ്ത സംഘാടകരെ അഭിനന്ദിച്ചേ മതിയാകൂ. വ്യക്തിപരമായ ചില കാരണങ്ങളാല്‍ പങ്കടുക്കാന്‍ കഴിയാത്ത ഖേദം ഉള്ളിലൊതുക്കിക്കൊണ്ട് ഞാന്‍ പറഞ്ഞു:

“നല്ല അനുഭവമായിരിക്കും മാഷേ... ഞാന്‍ യാത്ര ആസൂത്രണം ചെയ്തിരുന്നില്ല.. അവിടെയെത്തിയാല്‍ ഞാന്‍ വിളിക്കാം...” ഭാര്യാസമേതനായി പോകുന്ന ചന്ദ്രകുമാര്‍ സാറിന്റെ കൂടെ വേറെയും ചില ബ്ലോഗ്ഗര്‍മാര്‍ തിരുവനന്തപുരത്ത് നിന്ന് യാത്ര തിരിക്കുന്നുണ്ട് എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. പങ്കെടുക്കുന്ന എല്ലാ സുഹൃദയര്‍ക്കും ആശംസകള്‍ നേരാന്‍ ഈ പോസ്റ്റ് ഞാന്‍ സമര്‍പ്പിക്കുന്നു.

എന്ത്കൊണ്ടാണ് ഈ മീറ്റില്‍ പങ്കെടുക്കാന്‍ ബ്ലോഗ്ഗര്‍മാര്‍ക്ക് ഇത്രയും ആവേശം? ഉത്തരം ലളിതമാണ്. ബ്ലോഗില്‍ മാത്രം കണ്ടും വായിച്ചും വിര്‍ച്വല്‍ ലോകത്ത് പരിചിതരായവര്‍ക്ക് നേരില്‍ കാണാനുള്ള ആകാംക്ഷയും ബന്ധം സുദൃഢമാക്കാനുള്ള മനുഷ്യസഹജമായ ത്വരയും. അത് തന്നെയാണ് പങ്കെടുക്കാന്‍ കഴിയാത്തവരുടെ നിരാശയും. ബ്ലോഗില്‍ പലപ്പോഴും വഴക്കിട്ടവരാണെങ്കില്‍ പോലും നേരില്‍ കാണുമ്പോള്‍ കെട്ടിപ്പിടിച്ച് ആശ്ലേഷിച്ചിട്ടായിരിക്കും പലരും പരസ്പരം നേരില്‍ പരിചയപ്പെടുക. അതാണല്ലൊ മനുഷ്യപ്രകൃതം. വഴക്കിടാന്‍ നമുക്ക് നിസ്സാരമായ കാരണങ്ങള്‍ മതി. ആയുഷ്ക്കാല ബന്ധം സ്ഥാപിക്കാനും ഒരു നിമിഷത്തെ കണ്ടുമുട്ടലോ ഒരു പുഞ്ചിരിയോ മതി. ഓരോ പുതിയ കണ്ടുമുട്ടലും പരിചയപ്പെടലും നമുക്ക് നല്‍കുന്ന ആനന്ദം നിസ്സീമമാണ്. നമ്മള്‍ എത്ര തന്നെ ഭൌതികമായ സാമഗ്രികളും സമ്പത്തും ഉണ്ടാക്കിയാലും അതൊന്നും നമുക്ക് യഥാര്‍ഥമായ ആനന്ദം നല്‍കുന്നില്ല എന്നും സഹജീവികളായ മനുഷ്യരുടെ സാമീപ്യമാണ് അളവറ്റ ആനന്ദം നല്‍കുന്നതെന്നും ഞാനെന്റെ പഴയൊരു പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്. എന്റെ നിലപാടുകള്‍ മൂലം ബ്ലോഗില്‍ ശത്രുക്കള്‍ ഉണ്ടെങ്കിലും നേരില്‍ കാണുന്ന മാത്രയില്‍ അതൊക്കെ മഞ്ഞ്കട്ട പോലെ ഉരുകുമായിരുന്നു. ചെറായി മീറ്റില്‍ പങ്കെടുക്കാന്‍ കഴിയാത്തതിന്റെ ഖേദവും ഇവിടെ ഞാന്‍ രേഖപ്പെടുത്തട്ടെ!

1 comment:

  1. ചേട്ടനും കൂടെ എത്താന്‍ പറ്റിയ്യിരുന്നെങ്കില്‍....

    ReplyDelete