Pages

ലൈറ്റ് അണയ്ക്കാം, ഭൂമിയെ രക്ഷിയ്ക്കാം!



ദേശീയ തിരഞ്ഞെടുപ്പിനിടയില്‍ മറ്റൊരു തിരഞ്ഞെടുപ്പ്.
ലോകമെങ്ങുമുള്ള രാജ്യങ്ങളിലെ സാധാരണ മനുഷ്യരാണ് സമ്മതിദായകര്‍. മല്‍സരം ഭൂമി എന്ന കക്ഷിയും ആഗോള താപനമെന്ന എതിര്‍കക്ഷിയും തമ്മില്‍.
വോട്ടെടുപ്പ് ഇന്ന് രാത്രി (28-3-09) 8.30 മുതല്‍ 9.30 വരെ. വോട്ടിങ് മെഷീന്‍ സ്വന്തം വീട്ടിലെ സ്വിച്ച് ബോര്‍ഡുകള്‍.

ഏതു സ്ഥാനാര്‍ഥിയെ വേണമെന്നു തീരുമാനിക്കാം. ഭൂമിക്കാണ് വോട്ടെങ്കില്‍ ഒരു മണിക്കൂര്‍ ലൈറ്റണയ്ക്കുക. അതല്ല ആഗോളതാപനത്തിനാണ് വോട്ടെങ്കില്‍ ഒന്നുമറിഞ്ഞില്ലെന്നു പറഞ്ഞ് നടന്നുകൊള്ളുക. സുസ്ഥിര ഭൂമിക്കുവേണ്ടി ഒരു മണിക്കൂര്‍. ലോക വന്യജീവി നിധി (ഡബ്ല്യുഡബ്ല്യുഎഫ്) ശനിയാഴ്ച രാത്രി ആചരിക്കുന്ന ഭൌമമണിക്കൂറിനെ (എര്‍ത്ത് അവര്‍) ഇങ്ങനെ വിശേഷിപ്പിക്കാം.

വീടാകട്ടെ, കടയാവട്ടെ, ഓഫീസാകട്ടെ, ഫാക്ടറിയാകട്ടെ പ്രകൃതിയുടെ രക്ഷയ്ക്കായി ഒരു മണിക്കൂര്‍ ലൈറ്റ് ഓഫാക്കുക.

വൈദ്യുതിവിളക്കണച്ചാല്‍ നിങ്ങളും അതിരുകളില്ലാത്ത ആഗോള സമൂഹത്തിന്റെ ഭാഗം. ഒരുമണിക്കൂര്‍ എല്ലാ വൈദ്യുതി വിളക്കുകളും അണച്ച് ലോകത്തെ എണ്‍പതോളം രാജ്യങ്ങളാണ് ഇരുട്ടിന്റെ ഉപാസകരാകാന്‍ കാത്തിരിക്കുന്നത്. ഇന്ത്യയും കേരളവും ഇരുട്ടുകൂട്ടത്തില്‍ പങ്കുചേരുന്നു. വിളിപ്പാടകലെ മറഞ്ഞുനില്‍ക്കുന്ന ജലക്ഷാമത്തിന്റെയും ചൂടേറ്റത്തിന്റെയും ഇരുണ്ട കാലത്തെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലാണ് എര്‍ത്ത് അവര്‍. പ്രകൃതിക്കു മനുഷ്യന്‍ വരുത്തിയ കേടുപാടുകള്‍ക്ക് പച്ചപ്പിന്റെയും ജലസമൃദ്ധിയുടെയും കുളിര്‍മകൊണ്ട്
പരിഹാരം കാണാനുള്ള യജ്ഞം.

ശനിയാഴ്ച രാത്രി ലൈറ്റണയ്ക്കാന്‍ ആയിരത്തോളം വന്‍നഗരങ്ങളാണ് സ്വിച്ചില്‍ കൈവച്ചു കാത്തിരിക്കുന്നത്. ലൊസാഞ്ചല്‍സ്, ലാ വാഗാസ്, ലണ്ടന്‍, മെക്സിക്കോ സിറ്റി, ഹോങ്കോങ്, സിഡ്നി, റോം, മനില, ഓസ്ലോ, കേപ്ടൌണ്‍, വാഴ്സോ, ലിസ്ബണ്‍, സിംഗപ്പൂര്‍, ഇസ്തംബുള്‍, ടൊറോന്റോ, ദുബായ്, കോപ്പന്‍ഹേഗന്‍ എന്നിങ്ങനെ നീണ്ട പട്ടിക. നൂറുകോടി ജനങ്ങളില്‍ ആഗോള താപനം അപകടമെന്ന സന്ദേശമെത്തുമെന്നാണ് വൈല്‍ഡ് ഫണ്ടിന്റെ പ്രതീക്ഷ. ന്യൂഡല്‍ഹിയും മുംബൈയും ലൈറ്റണയ്ക്കാമെന്ന കരാറില്‍ ഒപ്പിട്ടു.

കേരളത്തില്‍ ഭൌമശാസ്ത്രപഠന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ (സെസ്) ഊര്‍ജ-വൈദ്യുത വകുപ്പുകള്‍ ലൈറ്റ് ഓഫ് ചെയ്യാന്‍ ആഹ്വാനം നല്‍കും. (കറന്റ് കട്ടിനു പുറമേയാണ് ഇതെന്നു മറക്കരുത്). ലൈറ്റണച്ച് ഭൂമിയുടെ രക്ഷയ്ക്കായി കൈകോര്‍ക്കുന്ന മനുഷ്യന്റെ ഇരുണ്ട ചിത്രം ലോകരാഷ്ട്രങ്ങള്‍ക്കു വെളിച്ചമാകുമെന്നു പ്രതീക്ഷിക്കുന്നതായി W.W.F ന്റെ ന്യൂഡല്‍ഹിയിലെ മാനേജര്‍ ആരതി കോസ്ലാ പറയുന്നു.

ഈ വര്‍ഷം ഡിസംബറില്‍ കോപ്പന്‍ഹേഗനില്‍ നടക്കുന്ന രണ്ടാം ക്യോട്ടോ ഉച്ചകോടിയില്‍ ആഗോളതാപനം തടയാനുള്ള ശക്തമായ നടപടികള്‍ക്ക് യുഎസും ലോകരാജ്യങ്ങളും നിര്‍ബന്ധിതമാകും- കോസ്ലാ വ്യക്തമാക്കി. 2007ല്‍ ആസ്ട്രേലിയയിലെ സിഡ്നിയിലാണ് ഇരുട്ടറിവിന്റെ തുടക്കം. 2008ലും ആചരിച്ചു. ഇന്ത്യ ഈ വര്‍ഷം ആദ്യമായി പങ്കെടുക്കുന്നു. ലോകമെങ്ങും ഓഫിസുകളും വീടുകളും ലൈറ്റണച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുമ്പോള്‍ പരിസ്ഥിതി സൌഹൃദ നയങ്ങളിലേക്ക് രാഷ്ട്രങ്ങള്‍ തിരികെവരും.

മുറ്റത്തൊരു പൂന്തോട്ടം, റോഡരികിലൊരു തണല്‍മരം, പുഴയും തടാകവും സംരക്ഷിക്കുക, മാലിന്യനിര്‍മാര്‍ജനം... ആഗോള താപനം തടയാന്‍ കഴിയുന്ന ഒരേയൊരു വ്യക്തിക്ക് ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. ആ ഇരുട്ടിന്റെ ഒരുമണിക്കൂര്‍ ലോകത്തിന്റെ ഭാവി പ്രകാശമാനമാക്കാനുള്ള മാര്‍ഗങ്ങളെപ്പറ്റി ആലോചിക്കുക.
(ലേഖനം മനോരമയോട് കടപ്പാട്)

പൊന്നാനിയില്‍ യു.ഡി.എഫ്. ജയിക്കണം



പൊന്നാനിയില്‍ ഇ ടി മുഹമ്മദ്‌ ബഷീറും യു ഡി എഫും ജയിക്കണമെന്നാണ്‌ തന്റെ ആഗ്രഹമെന്ന്‌ പറഞ്ഞത് സി.പി.എമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട എ പി അബ്ദുള്ളക്കുട്ടി എം പി യാണ്.

കേരളത്തില്‍ മുസ്‌ലീം ലീഗ്‌ ക്ഷീണിച്ചപ്പോള്‍ വര്‍ഗ്ഗീയത ശക്തിപ്പെടുകയും ദേശീയ തലത്തില്‍ കോണ്‍ഗ്രസ്‌ ക്ഷീണിച്ചപ്പോള്‍ തീവ്രവാദം ശക്തിപ്പെടുകയും ചെയ്തു എന്നു കൂടി പറഞ്ഞ അബ്ദുള്ളക്കുട്ടി
ഈ സാഹചര്യത്തില്‍ മുസ്‌ലീം ജനസാമാന്യത്തെ തമ്മിലടിപ്പിക്കാനുള്ള കുതന്ത്രമാണ്‌ ഇവിടെ നടക്കുന്നതെന്നും ഇത്‌ ജനങ്ങള്‍ തിരിച്ചറിയണമെന്നും പറഞ്ഞു. മന്‍മോഹന്‍സിങിന്റെ ഉദാരവല്‍ക്കരണമാണ്‌ ഇന്ത്യയെ രക്ഷിച്ചതെന്നും അബ്ദുള്ളക്കുട്ടി കോഴിക്കോട് പത്രക്കാരോട് പറഞ്ഞു. ഇതിന് മുന്‍പ് മോഡിയുടെ വികസനശൈലിയെ മാതൃകയാക്കണമെന്ന് പറഞ്ഞ അദ്ദേഹം ഹര്‍ത്താല്‍ എന്ന സമരരീതിയാണ് നമ്മുടെ പുരോഗതിയ്ക്ക് തടസ്സം സൃഷ്ടിക്കുന്നത് എന്ന് പറഞ്ഞതും വിവാദമായിരുന്നു. അങ്ങനെ മേല്‍ക്കാണിച്ച വാചകങ്ങള്‍ മുഴുവന്‍ പറയുക വഴി അബ്ദുള്ളക്കുട്ടി ഈ നൂറ്റാണ്ടിലെ ഏറ്റവും പിന്തിരിപ്പന്‍ എന്ന സ്ഥാനത്തിന് അര്‍ഹനായിരിക്കുകയാണ്.

പുരോഗമനവാദികള്‍ എങ്ങനെയാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ സഹിക്കുക എന്നറിയില്ല. എനിക്കേതായാലും അബ്ദുള്ളക്കുട്ടി പറഞ്ഞത് മുഴുവനും ശരിയാണെന്ന കാര്യത്തില്‍ സംശയമില്ല. കേരളത്തില്‍ മുസ്ലീം ലീഗ് എന്ന പാര്‍ട്ടി ക്ഷയിച്ചാല്‍ എന്ത് സംഭവിയ്ക്കുമെന്നതിന്റെ ഉദാഹരണമാണ് ബാംഗ്ലുരില്‍ നടന്ന സ്പോടനം. തീവ്രവാദചിന്തകള്‍ക്ക് എളുപ്പത്തില്‍ യുവമനസ്സിനെ സ്വാധീനിക്കാന്‍ കഴിയും. അതായിരുന്നു കോയമ്പത്തൂര്‍ സ്പോടനത്തിന് മുന്‍പ് അബ്ദുള്‍ നാസര്‍ മദനിയുടെ സ്വാധീനം കേരളത്തില്‍ വര്‍ദ്ധിക്കാനിടയാക്കിയത്. പൊന്നാനിയില്‍ ലീഗ് തോറ്റ് പോവുമോ എന്നറിയില്ല. സകല പുരോഗമനക്കാരും അതിന് വേണ്ടി പൊന്നാനിയില്‍ കിണഞ്ഞു ശ്രമിക്കും. മായാവതിയെ പ്രധാനമന്ത്രിയാക്കാനും അങ്ങേയറ്റം ശ്രമിക്കുമെന്ന് പറയേണ്ടതില്ലല്ലൊ. ജയലളിത ആ സ്ഥാനത്തേക്ക് നോട്ടമിട്ടിട്ടില്ല. അത്കൊണ്ട് മായാവതിയെ പോലെ യോജിച്ച മറ്റൊരു പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ പുരോഗമനക്കാര്‍ക്ക് ഇന്ത്യയില്‍ ഇന്ന് കണ്ടെത്താന്‍ കഴിയുമെന്ന് തോന്നുന്നില്ല. ഇതൊക്കെയാണ് പുരോഗമനം.

പുരോഗമനക്കാര്‍ക്ക് ശോഭനമായ ഭാവിയാണ് ഇന്ത്യയില്‍ വരാന്‍ പോകുന്നത്. കാരണം പുതുപ്പുതു പാര്‍ട്ടികള്‍ രൂപം കൊള്ളുകയെന്നല്ലാതെ ഇന്ത്യയില്‍ ഇന്നുള്ള ഒരു പാര്‍ട്ടിയും ഇതിനപ്പുറം വളരാന്‍ പാടില്ല എന്നൊരു തീരുമാനം എല്ലാ പാര്‍ട്ടികളും എടുത്തിട്ടുണ്ട്. വേണമെങ്കില്‍ എത്രയും പിളരാം. പിളര്‍ന്നും പുതിയത് തട്ടിക്കൂട്ടിയും പാര്‍ട്ടികളുടെ എണ്ണം കൂട്ടാം. ജനസംഖ്യം 115 കോടിയോളമായി. എത്രയോ പാര്‍ട്ടികള്‍ക്ക് ഇനിയും ചാന്‍സ് ഉണ്ട്. അപ്പോള്‍ മുന്നണികള്‍ക്ക് മുന്ന്, നാല്, അഞ്ച് അങ്ങനെ നമ്പറുകള്‍ കൂടാം എന്ന് മാത്രമല്ല മുന്നണിഘടകകക്ഷികളുടെ എണ്ണവും കൂടാം. നൂറ് പാര്‍ട്ടികളുള്ള ഒരു പത്താം മുന്നണി അധികാരത്തില്‍ എത്താനുള്ള സാധ്യത അത്ര വിദൂരമല്ല. പുരോഗമനം മൂക്കുന്തോറും കാണാന്‍ നല്ല ചേലായിരിക്കും. രണ്ട് ദേശീയപാര്‍ട്ടികള്‍ മാത്രമുള്ള അഥവാ രണ്ട് മുന്നണികളെങ്കിലും മാത്രമുള്ള രാഷ്ട്രീയവ്യവസ്ഥയാണ് ജനാധിപത്യത്തിന് അനുഗുണം എന്ന് ചിന്തിക്കുന്ന എന്നെപ്പോലെയുള്ള പിന്തിരിപ്പന്മാര്‍ ഇപ്പോഴുമുണ്ടോ എന്നറിയില്ല. ഏതായാലും അബ്ദുള്ളക്കുട്ടി ഇപ്പോള്‍ എന്നെപ്പോലെ ചിന്തിക്കുന്നത് കാണാന്‍ ആശ്വാസമുണ്ട്. പുരോഗമനത്തിന്റെ തീയില്‍ കുരുത്ത ആദ്ദേഹം പുരോഗമനം മൂത്ത് അള്‍ട്രാ പുരോഗമനവാദിയാകാതെ വംശനാശം വന്നുകൊണ്ടിരിക്കുന്ന പിന്തിരിപ്പന്‍ പക്ഷം ചേര്‍ന്നല്ലൊ.

ജനവിധി - 2009


ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ നമ്മുടെ ഇന്ത്യ വീണ്ടും ഒരു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണ്. ഫലം അറിയാന്‍ മെയ് 16 വരെ കാത്തിരിക്കേണ്ടതുണ്ട്. ഒറ്റക്കക്ഷിഭരണം ഏതാണ്ട് അവസാനിച്ച പോലെയാണ്. ഇനി മുന്നണി ഭരണം മാത്രമേ ഇവിടെ സാധ്യമാവൂ എന്ന് എല്ലാവരും ഉറപ്പിച്ചു കഴിഞ്ഞു. സ്വാതന്ത്ര്യം ലഭിച്ചു 60 വര്‍ഷം കഴിഞ്ഞുനോക്കുമ്പോള്‍ നമ്മുടെ ജനാധിപത്യത്തിന് പ്രായപൂര്‍ത്തി വന്നിട്ടില്ല എന്ന് മാത്രമല്ല ശൈശവം പോലും പിന്നിട്ടിട്ടില്ല എന്നാണ് ഇത് കാണിക്കുന്നത്. വോട്ടര്‍മാരെല്ലാം പലപല കക്ഷിരാഷ്ട്രീയക്കാരാല്‍ വിഭജിക്കപ്പെട്ട് അതാത് രാഷ്ട്രീയപ്പാര്‍ട്ടികളോട് വിധേയത്വം പുലര്‍ത്തുന്നവര്‍ മാത്രമായിരിക്കുന്നു. അവനവന്റെ പാര്‍ട്ടി,അതിന്റെ കൊടി, ചിഹ്നം അത് മാത്രമാണ് വോട്ടര്‍മാരെ ആവേശം കൊള്ളിക്കുന്നത്. പാര്‍ട്ടിചിഹ്നത്തില്‍ ഒരു പ്രതിമയെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ പോലും പാര്‍ട്ടിവിധേയര്‍ ആ പ്രതിമയ്ക്ക് വോട്ട് ചെയ്യും. അത് കൊണ്ട് തന്നെ ഒരു പാര്‍ട്ടിയോടും വിധേയത്വമില്ലാത്തവര്‍ ഇപ്പോള്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ താല്പര്യം കാട്ടുന്നില്ല. പെട്ടെന്നൊന്നും സംഭവിക്കുകയില്ലെങ്കിലും സമീപഭാവിയില്‍ നമ്മുടെ ജനാധിപത്യം താറുമാറാകാനുള്ള സാധ്യതയാണ് ഇത് മൂലം ഉണ്ടാവുക. കക്ഷിരാഷ്ട്രീയതാല്പര്യങ്ങള്‍ക്കപ്പുറം രാജ്യത്തോടും ജനങ്ങളോടും പ്രതിബദ്ധത രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും അവരുടെ അടിമകളായ അണികള്‍ക്കും ഉണ്ടാവാനുള്ള ലക്ഷണമൊന്നും കാണാനില്ല.

ഇവിടെ നേതാക്കള്‍ ജനങ്ങളെ നയിക്കുകയാണോ അതോ ജനങ്ങള്‍ നേതാക്കളെ നയിക്കുകയാണോ എന്ന് ചോദിച്ചാല്‍ ജനങ്ങളാണ് നേതാക്കളെ നയിക്കുന്നത് എന്ന് പറയേണ്ടി വരും. ജനങ്ങളുടെ വോട്ട് നഷ്ടപ്പെടാതിരിക്കുക എന്ന ഒറ്റക്കാര്യത്തില്‍ മാത്രം ബദ്ധശ്രദ്ധരായ നേതാക്കള്‍ക്ക് എങ്ങനെ ജനങ്ങളെ നയിക്കാന്‍ കഴിയും? തമിഴ്‌നാട്ടില്‍ ഇപ്പോള്‍ ഒരു തമിഴ് വികാരം ആഞ്ഞുവീശുകയാണ്. ശ്രീലങ്കന്‍ പ്രശ്നമാണ് അതിനാധാരം. ശ്രീലങ്കയില്‍ തമിഴര്‍ വംശഹത്യയ്ക്ക് വിധേയരാവുന്നു എന്ന വ്യാജപ്രചാരണമാണ് തമിഴ്‌നാട്ടില്‍ അലയടിക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പില്‍, തമിഴ് വികാരം കൂടുതല്‍ ശക്തമായി ആര് ആളിക്കത്തിക്കുന്നുവോ അവര്‍ക്ക് വോട്ട് കൂടുതല്‍ ലഭിക്കാനുള്ള സാഹചര്യമാണ് നിലവിലുള്ളത്. തമിഴ്‌പുലികള്‍ക്ക് എതിരായി എന്നും ശബ്ദിച്ചുകൊണ്ടിരുന്ന ജയലളിത ഇന്നലെ ഉപവാസം അനുഷ്ടിച്ചു, തമിഴരെ കൂട്ടക്കൊല ചെയ്യുന്നു എന്നാരോപിച്ചുകൊണ്ട്. കേന്ദ്ര-സംസ്ഥാനസര്‍ക്കാറുകള്‍ തമിഴരെ രക്ഷിക്കാന്‍ ഒന്നും ചെയ്യുന്നില്ല എന്നും അവര്‍ പ്രസ്ഥാവിച്ചു. അങ്ങനെ ജയലളിത അവരുടെ വോട്ട് വിഹിതം ഉറപ്പിച്ച ഇന്നലെ തന്നെയാണ് ശ്രീലങ്കയില്‍ എല്‍.ടി.ടി.ഇ.യില്‍ പ്രഭാകരന്‍ കഴിഞ്ഞാല്‍ രണ്ടാമനായിരുന്ന കേണല്‍ കരുണ, മഹീന്ദ രാജപക്സേ മന്ത്രിസഭയില്‍ ദേശീയോത്‌ഗ്രഥനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

എന്ത് തന്നെയായാലും കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം സുസ്ഥിരമായ ഭരണം നടത്താനും ജനോപകാരപ്രദമായ ഒട്ടേറെ നിയമനിര്‍മ്മാണങ്ങള്‍ നടത്താനും കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കുന്ന യു.പി.ഏ.സര്‍ക്കാരിന് കഴിഞ്ഞിരുന്നു. അത്കൊണ്ടൊന്നും കോണ്‍ഗ്രസ്സിന് വോട്ട് വര്‍ദ്ധിക്കാന്‍ പോകുന്നില്ല. കേന്ദ്രത്തിലായാലും സംസ്ഥാനത്തായാലും കേരളത്തില്‍ നിന്ന് ചിന്തിക്കുമ്പോള്‍ ഭരണത്തില്‍ കോണ്‍ഗ്രസ്സ് ഉണ്ടെങ്കില്‍ മാത്രമേ ക്രിയാത്മകമായ ഭരണനിര്‍വ്വഹണം നടക്കാറുള്ളൂ എന്നത് അനിഷേധ്യമായ വസ്തുതയാണ്. എല്ലാ പാര്‍ട്ടികളും കോണ്‍ഗ്രസ്സിനെ കുറ്റം പറയാറുണ്ടെങ്കിലും അത്തരം കുറ്റങ്ങളില്‍ നിന്ന് വിമുക്തമായ അല്ലെങ്കില്‍ കോണ്‍ഗ്രസ്സിനേക്കാളും മെച്ചപ്പെട്ട ഒരു പാര്‍ട്ടിയും ഇന്ന് ഇന്ത്യയിലില്ല.

അടുത്ത തെരഞ്ഞെടുപ്പില്‍ ഒരു തൂക്ക് പാര്‍ലമെന്റ് നിലവില്‍ വരികയും അങ്ങനെ സര്‍ക്കാരിന്റെ സ്റ്റാബിലിറ്റി അനിശ്ചിത്വത്തില്‍ ആവുകയും ചെയ്യുമല്ലൊ എന്ന ആശങ്ക ഞാന്‍ എന്റെ ഒരു ഓര്‍ക്കുട്ട് സുഹൃത്തിനോട് പങ്ക് വെച്ചപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണം എന്നെ ആശ്ചര്യപ്പെടുത്തി. ഇതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍:

“സര്‍ക്കാരിന്റെ സ്റ്റബലിറ്റിയെക്കുറിച്ച് അതിന്റെ നടത്തിപ്പില്‍ മാത്രം താല്പര്യമുള്ളവര്‍ ശ്രദ്ധിച്ചാല്‍ മതിയാകും. ലോകമെമ്പാടും ഗവണ്മന്റുകളുടെ സ്വാധീനം കുറഞ്ഞ് വരുന്ന ഒരു കാലഘട്ടത്തിലാണു നാം ഇപ്പോള്‍. *അത് ഗവണ്‍മ്മെന്റുകള്‍ ആവശ്യമില്ല എന്ന ഒരു തലത്തിലേക്ക് നീങ്ങീക്കൊണ്ടിരിക്കുകയാണു. അമേരിക്കയില്‍ കമ്പനികളുടെ ഒരു സബ്ബ് ഓഫീസ് മാത്രമാണു സര്‍ക്കാര്‍. ഇന്ത്യയില്‍ കുറച്ചു കൂടി ഭേദമാണു സ്ഥിതി. ലോക്കല്‍ സെല്‍ഫ് ഗവണ്മെന്റ്റുകള്‍ വളരെ ശക്തമാണു. ഇത്തവണത്തെ തെരഞ്ഞെടുപ്പിന്റെ പ്രത്യേകത എന്താണെന്ന് വച്ചാല്‍ പരസ്യമായി മത-ജാതി പരമായി വോട്ട് ചെയ്യാന്‍ പോകുന്നു എന്നതാണു. ഇതു ഭൂരിപക്ഷ ഹിന്ദുത്ത്വത്തിനു ഗുണകരമായിരിക്കും. ബി.ജെ.പിക്കല്ല. കോണ്‍ഗ്രസ്, ബി.ജെ.പി തുടങ്ങിയവ മരണ ശയ്യയിലാകും. മിക്കവാറും പുതിയ ഒരു നേതൃത്വവും രാഷ്ട്രീയവും ഉടലെടുത്തേക്കും. ”

*സര്‍ക്കാര്‍ എന്ന ഒരു സംവിധാനം ഇല്ല്ലാത്ത കാലത്തെക്കുറിച്ച് വിഭാവനം ചെയ്ത ഒരേയൊരു ചിന്തകന്‍ കാറല്‍ മാര്‍ക്സ് മാത്രമാണ്. ജനങ്ങളുടെ ഉയര്‍ന്ന സാമൂഹ്യബോധത്തിന്റെ ഫലമായി സിവില്‍ സമൂഹം സ്വയം നയിക്കപ്പെടുമെന്നും ഭരണകൂടം താനേ കൊഴിഞ്ഞുപോകുമെന്നുമാണ് അദ്ദേഹം പ്രവചിച്ചത്. എന്നാല്‍ ആ പ്രവചനം ഒരിക്കലും മൂര്‍ത്തയാഥാര്‍ഥ്യമാകാന്‍ പോകുന്നില്ല. അത്തരം ഒരു മാനസികവളര്‍ച്ചയിലേക്ക് ഒരിക്കലും മാനവകുലം പരിണമിക്കാന്‍ സാധ്യതയില്ല. സര്‍ക്കാര്‍ എന്ന ഭരണകൂടം ലോകാവസാനം വരെ നിലനില്‍ക്കും. സര്‍ക്കാര്‍ എന്നാല്‍ ജനാധിപത്യമോ പാര്‍ലമെന്റോ മന്ത്രിസഭയോ മാത്രമല്ല. അദൃശ്യവും എന്നാല്‍ അജയ്യവുമായ മറ്റൊന്നുണ്ട്. അതാണ് പട്ടാളം. ഇവിടെ ജനാധിപത്യം ശക്തമായത് കൊണ്ടാണ് പട്ടാളത്തിന്റെ അധികാരം നമ്മുടെ ശ്രദ്ധയില്‍ പെടാത്തത്. പട്ടാളമാണ് രാഷ്ട്രത്തെയും സര്‍ക്കാരിനെയും നിലനിര്‍ത്തുന്നത്.

എന്റെ സുഹൃത്ത് ഈ വസ്തുത കാണുന്നില്ല. ജനാധിപത്യം ശിഥിലമായാല്‍ പട്ടാളം സര്‍ക്കാരിന്റെ സ്ഥാനം ഏറ്റെടുക്കും. സര്‍ക്കാര്‍ എന്ന സംവിധാനം ഇല്ലാതെ രാഷ്ട്രം ഒരു നിമിഷം പോലും നിലനില്‍ക്കുകയില്ല. രാഷ്ട്രീയപ്പാര്‍ട്ടികളുടെയും മുന്നണികളുടെയും ശൈഥില്യം ജനാധിപത്യത്തിന്റെ തകര്‍ച്ചയിലേക്കും ആത്യന്തികമായി പട്ടാളഭരണത്തിലേക്കുമാണ് ചെന്നെത്തുക. അത്കൊണ്ട് പാര്‍ട്ടികളോടുള്ള നമ്മുടെ വെറുപ്പും വിധേയത്വവും ക്രിയാത്മകവും വസ്തുനിഷ്ടവും ആയിരിക്കണം.

എന്റെ സുഹൃത്ത്, അമേരിക്കയില്‍ കമ്പനികളുടെ ഒരു സബ്ബ് ഓഫീസ് മാത്രമാണു സര്‍ക്കാര്‍ എന്ന് പറയുന്നുണ്ട്. അമേരിക്കയില്‍ സംരംഭങ്ങളെല്ലാം സ്വകാര്യമേഖലയിലാണ്. അത്കൊണ്ടാണ് അങ്ങനെ പറയാന്‍ കാരണം. സര്‍ക്കാര്‍ എന്നാല്‍ എന്ത് , എന്തിന് വേണ്ടി എന്നൊരു ചര്‍ച്ച നടക്കേണ്ടതാണ് വാസ്തവത്തില്‍. പൌരന്മാരുടെ നികുതിപ്പണത്തെ മാത്രം ആശ്രയിച്ചു നിലനില്‍ക്കുന്ന ഒരു സംവിധാനമാണ് സര്‍ക്കാര്‍. സര്‍ക്കാര്‍ ജനങ്ങളെ സൃഷ്ടിക്കുകയല്ല, ജനങ്ങള്‍ സര്‍ക്കാരിനെ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ചര്‍ച്ചകളും വാദപ്രതിവാദങ്ങളും അനന്തമായി അങ്ങനെ തുടരും. എല്ലാം പരിഹരിച്ചു കഴിഞ്ഞാല്‍ പിന്നെ നമ്മള്‍ ഈ ജീവിതം കൊണ്ട് എന്ത് ചെയ്യും ?

തെരുവ് ഗുണ്ടകളായ വക്കീലന്മാര്‍ നിയമവാഴ്ച തകര്‍ക്കുന്ന വൈരുദ്ധ്യം!

കഴിഞ്ഞ കുറേ ആഴ്ചകളായി മദ്രാസ് ഹൈക്കോര്‍ട്ടിലെ ഒരു വിഭാഗം വക്കീലന്മാര്‍ പണിമുടക്കി കോടതി ബഹിഷ്ക്കരിച്ചു വരികയായിരുന്നു. ശ്രീലങ്കന്‍ പട്ടാളത്തിനും തമിഴ് പുലികള്‍ക്കുമിടയേ നടന്നു വരുന്ന യുദ്ധത്തില്‍ ഇന്ത്യ ഇടപെട്ട് വെടിനിര്‍ത്തല്‍ ഏര്‍പ്പെടുത്തണം എന്നതാണ് അവരുടെ ആവശ്യം. 25 വര്‍ഷത്തിലധികമായി തുടര്‍ന്നുവരുന്ന ആഭ്യന്തരപ്രശ്നം അവിടത്തെ പ്രസിഡണ്ട് രാജപക്സെയുടെ രാഷ്ട്രീയവും സൈനികവുമായ ധീരമായ ഇടപെടലിലൂടെ അതിന്റെ പരിസമാപ്തിയിലെത്തുകയാണ്. പുലികള്‍ക്ക് അന്തിമമായ പരാജയം ഉറപ്പായപ്പോഴാണ് തമിഴ്‌നാട്ടിലെ ചില രാഷ്ട്രീയപാര്‍ട്ടികള്‍ വെടിനിര്‍ത്തല്‍ എന്ന ആവശ്യവുമായി രംഗത്ത് വന്നത്. ശ്രീലങ്ക ഒരു സ്വതന്ത്ര പരമാധികാരരാഷ്ട്രമാണ്. അവിടെ നടക്കുന്നത് അവരുടെ ആഭ്യന്തരപ്രശ്നമാണ്. നമുക്കതില്‍ യാതൊരു കാരണവശാലും ഇടപെടാന്‍ കഴിയില്ല എന്നത് കോടതി ബഹിഷ്ക്കരിക്കുന്ന വക്കീലന്മാര്‍ക്ക് അറിയാത്തതല്ല. പുലിഅനുകൂല പാര്‍ട്ടികളുടെ ചട്ടുകങ്ങള്‍ ആവുകയായിരുന്നു അവര്‍. വെടിനിര്‍ത്തല്‍ എന്ന ആവശ്യം സത്യത്തില്‍ പുലികളെ സഹായിക്കാന്‍ വേണ്ടി ആണെന്ന് എല്ലാവര്‍ക്കുമറിയാം.

സാധാരണയായി യുദ്ധത്തില്‍ തങ്ങള്‍ക്ക് ക്ഷീണം സംഭവിക്കുമ്പോള്‍ പുലികളാണ് വെടിനിര്‍ത്തല്‍ കരാര്‍ എന്ന ആവശ്യവുമായി രംഗത്ത് വരാറ്. സ്വാഭാവികമായി ശ്രീലങ്കന്‍ ഗവണ്മെന്റ് അതിന് തയ്യാറാവുകയും ചെയ്യും. പുലികള്‍ വേണ്ടത്ര ആയുധവും ശക്തിയും സംഭരിച്ചുകഴിഞ്ഞാല്‍ അവര്‍ ഏകപക്ഷീയമായി കരാര്‍ ലംഘിച്ച് ഏറ്റുമുട്ടല്‍ പൂര്‍വ്വാധികം ശക്തിയോടെ ആരംഭിക്കും. ഇതിനിടയില്‍ പലസ്ഥലങ്ങളില്‍ മനുഷ്യബോംബുകളെ അയച്ച് ചാവേര്‍ ആക്രമണങ്ങളും നടത്തുന്നുണ്ടാവും. മിതവാദികളായ നിരവധി ശ്രീലങ്കന്‍ തമിഴ് നേതാക്കളെ കൊന്നൊടുക്കി തങ്ങള്‍ മാത്രമാണ് തമിഴരുടെ രക്ഷ എന്നൊരു പ്രതീതി അവര്‍ സൃഷ്ടിച്ചിരുന്നു. മാത്രമല്ല നമ്മുടെ മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ ദാരുണമായി കൊലപ്പെടുത്തി. ആ കേസില്‍ പിടികിട്ടാപ്പുള്ളിയാണ് പ്രഭാകരനും പൊട്ടുഅമ്മനും. കൂടാതെ ശ്രീലങ്കയിലെ സാധാരണ തമിഴരെയും നിഷ്ക്കരുണം കൊന്നിട്ടുണ്ട്. ഇവിടെ കാണുക. ഏറ്റവും ഒടുവില്‍ നോര്‍വേയുടെ മധ്യസ്ഥതയില്‍ ഒരു വെടിനിര്‍ത്തല്‍ കരാര്‍ ഉണ്ടാക്കി. സായുധരായ ഒരു തീവ്രവാദഗ്രൂപ്പുമായി ആയുധം താഴെ വെക്കാതെ വ്യവസ്ഥാപിതമായി തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരുമായി വെടിനിര്‍ത്തല്‍ കരാര്‍ ഉണ്ടാക്കാന്‍ മധ്യസ്ഥത വഹിച്ചത് നോര്‍വേയുടെ തെറ്റ്. അങ്ങനെ ഒരു കരാറിന് നിന്നുകൊടുത്തത് അന്നത്തെ ഗവണ്മെന്റിന്റെ മറ്റൊരു കടും തെറ്റ്. ആ കാലയളവില്‍ പുലികള്‍ വേണ്ടത്ര ആധുനികയുദ്ധസാമഗ്രികളും ,ധനവും, സൈനികബലവും ആര്‍ജ്ജിച്ചുകൊണ്ടിരുന്നു. ഇതിനിടയില്‍ കരാര്‍ ലംഘിച്ച് ഒറ്റപ്പെട്ട ആക്രമണങ്ങളും നടക്കുന്നുണ്ടായിരുന്നു. ഈ നാടകം അവസാനിപ്പിച്ചേ തീരൂ എന്ന് രാജപക്സെ ദൃഢപ്രതിജ്ഞ എടുത്തു.

ഒരു സ്വതന്ത്ര തമിഴ് രാജ്യം ഈഴം എന്ന പേരില്‍ ശ്രീലങ്കയില്‍ നിലവില്‍ വരണമെന്ന് മന:പ്പായസമുണ്ണുന്ന ചില നേതാക്കള്‍ തമിഴ്‌നാട്ടിലുണ്ട്. ശരിക്ക് പറഞ്ഞാല്‍ ഒരു വിശാലദ്രാവിഡ സാമ്രാജ്യമാണ് അവരുടെ സ്വപ്നം. വിഭജനവാദം ഇവിടെ നിരോധിച്ചത് കൊണ്ട് അത് പുറത്ത് പറയുന്നില്ല എന്നേയുള്ളൂ. തമിഴ് വംശജരെ കൂട്ടക്കൊല ചെയ്യുന്നു എന്ന് പറഞ്ഞാണ് തമിഴ്‌നാട്ടില്‍ വെടിനിര്‍ത്തല്‍ എന്ന ആവശ്യവുമായി ചില സംഘടനകള്‍ പ്രക്ഷോഭം നടത്തുന്നത്. ഇവിടെ ഓര്‍ക്കേണ്ട ചില സംഗതികളുണ്ട്. അവിടത്തെ തമിഴ് വംശജര്‍ എന്ന് പറയുന്നവര്‍ തലമുറകളായി ശ്രീലങ്കന്‍ പൌരന്മാരാണ്. ഭൂരിപക്ഷം തമിഴരും വസിച്ചു വരുന്നത് പുലികള്‍ക്ക് സ്വാധീനമില്ലാത്ത ശ്രീലങ്കയുടെ ഇതരഭാഗങ്ങളില്‍ സിംഹളരുമായി ഇടകലര്‍ന്നാണ്. മറ്റൊന്ന് ശ്രീലങ്കന്‍ പട്ടാളത്തിന് വേണമെങ്കില്‍ ഇപ്പോള്‍ 24 മണിക്കൂര്‍ കൊണ്ട് അവിടെ പുലികളെ ഉന്മൂലനം ചെയ്യാന്‍ കഴിയും. എന്നാല്‍ പുലികള്‍ അവര്‍ ഒതുങ്ങിപ്പോയ 75 ചതുരശ്രകിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്ത് സിവിലിയന്മാരായ ജനങ്ങളെ മനുഷ്യപ്പരിചയായി മുന്നില്‍ നിര്‍ത്തി പുലികള്‍ പിന്നില്‍ ഒളിഞ്ഞിരിക്കുന്നത് കൊണ്ട് പട്ടാളത്തിന് മുന്നേറാന്‍ കഴിയുന്നില്ല. ആഴ്ചകളായി ഈ അവസ്ഥ തുടരുന്നു. ഈ ചിത്രം തമിഴ് വംശഹത്യ എന്ന് മുറവിളി കൂട്ടുന്ന തമിഴ് നാട് നേതാക്കള്‍ക്കും വക്കീലന്മാര്‍ക്കും കാണാന്‍ കഴിയാഞ്ഞിട്ടല്ല.

ജനതാ പാര്‍ട്ടി പ്രസിഡണ്ട് സുബ്രഹ്മണ്യം സ്വാമി പുലികള്‍ക്കെതിരെ പരസ്യമായി പ്രസംഗിക്കുന്ന നേതാവാണ്. സ്വാമി മാത്രമല്ല പ്രസിദ്ധ പത്രപ്രവര്‍ത്തകന്‍ ചോ രാമസ്വാമി, അണ്ണാദ്രാവിഡമുന്നേറ്റക്കഴകം നേതാവ് ജയലളിത എന്നിവരും പുലികള്‍ക്കെതിരാണ്. കോണ്‍ഗ്രസ്സ് ശ്രീലങ്കന്‍ പ്രശ്നത്തില്‍ അതിന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഒരു പരമാധികാരരാഷ്ട്രമായ ശ്രീലങ്കയുടെ ആഭ്യന്തരകാര്യങ്ങളില്‍ തലയിടാന്‍ നമുക്ക് പരിമിതികളുണ്ട് എന്നതാണത്. യു.പി.എ. ഘടകകക്ഷിയായ ഡി.എം.കെ.യ്ക്ക് അത് മനസ്സിലായിട്ടുണ്ട്. മനസ്സിലായിട്ടും മനസ്സിലാകാത്ത പോലെ പുലികള്‍ക്ക് അനുകൂലമാണ് കേന്ദ്രഭരണത്തിന്റെ ശീതളച്ഛാ‍യയില്‍ കഴിയുന്ന ഡോ.രാമദാസിന്റെ പാട്ടാളി മക്കള്‍ കട്ചി. ജയലളിതയുടെ സഖ്യകഷി നേതാവ് വൈക്കോ പണ്ടേ പുലികളുടെ തോഴനാണ്. കാട്ടുകള്ളന്‍ വീരപ്പന്‍ കൊല്ലപ്പെട്ടതില്‍ പിന്നെ പി.നെടുമാരന് പുലിത്തലവന്‍ പ്രഭാകരന്‍ മാത്രമാണ് ശരണം, കൂട്ടിന് ഒറിജിനല്‍ ദ്രാവിഡകഴകം നേതാവ് കറുപ്പ് കുപ്പായധാരി കെ.വീരമണിയുമുണ്ട്. പുലിയോട് സാദൃശ്യമുള്ള മറ്റൊരു പേരോടുകൂടി വേറെ ഒരു പാര്‍ട്ടിയുണ്ട് തമിഴ് നാട്ടില്‍, വിടുതലൈ ശിറുത്തൈകള്‍ കട്ചി. നേതാവ് തിരുമാവളവന്‍.

ഇക്കഴിഞ്ഞ ഫിബ്രവരി 17ആം തീയ്യതിയാണ് പ്രശ്നങ്ങളുടെ തുടക്കം. അന്നേ ദിവസം ഒരു കേസില്‍ കക്ഷി ചേരാന്‍ വേണ്ടി സുബ്രഹ്മണ്യം സ്വാമി ചെന്നൈ ഹൈ കോര്‍ട്ടില്‍ എത്തുന്നു. അദ്ദേഹത്തിന് ഇസെഡ് പ്ലസ് സുരക്ഷയുണ്ട്. കമാന്‍ഡോകള്‍ പുറത്ത് നിന്നു അദേഹം കോടതി ഹാളിനകത്ത് കയറേണ്ട താമസം പണിമുടക്കി കോടതി ബഹിഷ്ക്കരിക്കുന്ന വക്കീലന്മാര്‍ കോടതിക്കകത്ത് കയറി മുഖ്യ ന്യായാധിപന്റെ മുന്‍പില്‍ വെച്ച് അദ്ദേഹത്തെ ചീമുട്ടകള്‍ കൊണ്ട് എറിയാനും ആക്രമിക്കാനും തുടങ്ങി. ഒടുവില്‍ ചീഫ് ജസ്റ്റിസിന്റെ നിര്‍ദ്ദേശപ്രകാരം സ്വാമിയെ സുരക്ഷാ ഉദ്യോഗസ്ഥന്മാര്‍ വന്ന് രക്ഷപ്പെടുത്തുകയായിരുന്നു. നിയമത്തെ വ്യാഖ്യാനിച്ച് , നിയമത്തെ സംരക്ഷിച്ച് ഭാവിയില്‍ ജഡ്ജ് മാര്‍ വരെ ആകേണ്ട വക്കീലന്മാര്‍ തെരുവ് റൌഡികളെ പോലെ അതും കോടതി ഹാളില്‍ വെച്ച് പെരുമാറുക എന്ന് വെച്ചാല്‍ ? അതും ഇന്ത്യയില്‍ നിരോധിക്കപ്പെട്ട ഒരു തീവ്രവാദി സംഘടനക്കെതിരെ പരസ്യമായി പ്രതികരിച്ചതിനെതിരെ ? അനന്തരം സ്വാഭാവികമായി നിയമം കൈയ്യിലെടുത്ത വക്കീലന്മാര്‍ക്കെതിരെ കേസ് ഉണ്ടായി.

ഫിബ്രവരി 19ന് ഹൈ കോടതി വളപ്പില്‍ വെച്ച് അക്രമം നടത്തിയ വക്കിലന്മാരെ അറസ്റ്റ് ചെയ്യാന്‍ പോലീസ് ശ്രമിച്ചു. അപ്പോള്‍ തങ്ങള്‍ സുബ്രഹ്മണ്യം സ്വാമിക്കെതിരെ ഒരു കേസ് കൊടുത്തിട്ടുണ്ടെന്നും ആദ്യം അയാളെ അറസ്റ്റ് ചെയ്താല്‍ മാത്രമേ തങ്ങള്‍ അറസ്റ്റിന് വഴങ്ങൂ എന്നും അവര്‍ ചെറുത്തുനിന്നു. വാഗ്വാദം തുടരവെ ചില വക്കീലന്മാര്‍ പോലീസിന്റെ നേര്‍ക്ക് കല്ലേറ് തുടങ്ങവെ സ്ഥിതിഗതികള്‍ കൈവിട്ടുപോവുകയായിരുന്നു. വക്കീലന്മാര്‍ ഹൈക്കൊടതി വളപ്പിലെ പോലീസ് സ്റ്റേഷനും അവിടെയുള്ള ജീപ്പുകളും കത്തിച്ചു.( പോലീസ് സ്റ്റേഷനിലെ രേഖകളും മറ്റും തീ വെക്കുന്ന ദൃശ്യം) പോലീസുകാര്‍ കണ്ണില്‍ പെട്ടവരെയല്ലാം പൊതിരെ തല്ലി. കോടതിവളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന വക്കീലന്മാരുടെ കാറുകള്‍ക്ക് ചേതം വരുത്തി. ഇപ്പോള്‍ പുലി അനുകൂല വക്കീലന്മാരുടെ രക്ഷയ്ക്ക് അഭിഭാഷക സമൂഹം ഒന്നടങ്കം എത്തിയിരിക്കുകയാണ്. പ്രശ്നം സുപ്രീം കോടതിയിലെത്തി. ചെന്നയിലെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്മാരെ ഒന്നടങ്കം സ്ഥലം മാറ്റാന്‍ ഉത്തരവിട്ട ചീഫ് ജസ്റ്റിസ് ഒരു അന്വേഷണക്കമ്മീഷനെയും നിശ്ചയിച്ചിരിക്കുന്നു.

കൂടുതല്‍ ഒന്നും ഞാന്‍ ഇവിടെ വിശദീകരിക്കുന്നില്ല. എന്നാല്‍ എന്ത് സംഭവം നടന്നാലും പോലീസുകാരെ ബലിയാടാക്കുമ്പോള്‍ പോലീസ് വകുപ്പിന്റെ ആത്മധൈര്യം ചോര്‍ന്നുപോയാല്‍ അത് നമ്മുടെ ക്രമസമാധാനരംഗവും നിയമവാഴ്ചയും തകര്‍ന്നു പോകുന്നതിന് ഇടയാക്കുകയില്ലേ എന്ന് ഞാന്‍ ഭയപ്പെടുന്നു.

വാല്‍ക്കഷണം:
ഈ ബ്ലോഗില്‍ പറഞ്ഞത് ശരി വയ്ക്കുന്നു ശ്രീകൃഷ്ണാ കമ്മീഷന്‍ റിപ്പോര്‍ട്ട് . അതിന്റെ പൂര്‍ണ്ണരൂപം ഇവിടെ

പാക്കിസ്ഥാന്‍ പടുകുഴിയിലേക്ക് ?

ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനെതിരെ പാക്കിസ്ഥാനില്‍ തീവ്രവാദി ആക്രമണം നടന്ന ഉടനെ അവിടെ നിന്ന് വന്ന ആദ്യ ഔദ്യോഗികപ്രതികരണം ഇതിന് പിന്നില്‍ വിദേശകരങ്ങള്‍ ഉണ്ടെന്ന് സംശയിക്കുന്നു എന്നാണ്. ഇന്ത്യയാണ് ആ രാഷ്ട്രം സംശയിക്കുന്ന വിദേശരാഷ്ട്രം എന്ന് പറയേണ്ടല്ലൊ. ഇതാണ് പാക്കിസ്ഥാന്റെ ഒരു പ്രത്യേകശൈലി. പൊസിറ്റീവ് ആയി ഒരു പരിപാടിയുമില്ലാത്ത ആ രാഷ്ട്രം ഇസ്ലാമിക മൌലികവാദത്തിന്റെ പിടിയില്‍ പെട്ട് അനുദിനം നാശത്തിന്റെ പടുകുഴിയിലേക്ക് പതിച്ചു കൊണ്ടിരിക്കുകയാണ്. ഇതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരിക നമ്മളും കൂടിയാണ്. എങ്ങനെ ഈ വിപത്തില്‍ നിന്ന് നമ്മെ നമുക്ക് സംരക്ഷിക്കാന്‍ കഴിയുമെന്ന് ചിന്തിച്ചാല്‍ ഒരു വഴിയും കാണുന്നുമില്ല. ആ രാഷ്ട്രത്തോട് ഒരു യുദ്ധം പ്രഖ്യാപിക്കുക എന്ന് വെച്ചാല്‍ അത് അതിനേക്കാളും വിനാശകരമാണ്. വേലികെട്ടി അതിര്‍ത്തി സംരക്ഷിക്കുക എന്നാണെങ്കില്‍ അതും അത്ര പ്രായോഗികമല്ല. എത്രയോ കിലോമീറ്റര്‍ ദൂരത്തില്‍ കടല്‍ത്തീരം വേറെ.

മതത്തിന്റെയോ,ഭാഷയുടെയോ,മറ്റ് ദേശീയതകളുടെയോ അടിസ്ഥാനത്തില്‍ മാത്രം ഒരു രാജ്യം കെട്ടിപ്പടുത്താല്‍ അത് പൌരന്മാരുടെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമാവില്ല എന്നതിന് നല്ല ഉദാഹരണമാണ് പാക്കിസ്ഥാന്‍. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ചില വര്‍ഷങ്ങള്‍ക്കകം തന്നെ പാക്കിസ്ഥാന്‍ ജനാധിപത്യത്തില്‍ നിന്ന് വഴുതിമാറിയിരുന്നു. ഇപ്പോള്‍ ഒരു പ്രവര്‍ത്തിക്കുന്ന പരമാധികാരരാഷ്ട്രം എന്ന നിലയില്‍ നിന്നും അത് അതിവേഗം ശിഥിലമായിക്കൊണ്ടിരിക്കുന്ന ഒരു കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. ആരാണ് അവിടെ ഭരിക്കുന്നത്, ആര്‍ ആരെയാണ് തോല്‍പ്പിക്കുന്നത്, അവിടത്തെ ഭരണഘടനാപരമായ തലവന്‍ ആരാണ്, ഭരണം നിയന്ത്രിക്കുന്നത് പാര്‍ലമെന്റാണോ പ്രസിഡണ്ടാണോ പട്ടാളമാണോ അതോ മതമേലാളന്മാരാണോ ആര്‍ക്ക് ആരോടൊക്കെയാണ് വിധേയത്വം എന്നൊക്കെ പാക്കിസ്ഥാനികള്‍ക്ക് പോലും അറിയാത്ത അവസ്ഥാവിശേഷം. നമ്മുടെ അയല്‍‌രാഷ്ട്രം മാത്രമല്ല ഒരേ പൈതൃകത്തിന്റെ അവകാശികളായ നമ്മുടെ മുന്‍പില്‍ വെച്ച് ആ സഹോദരരാജ്യം നശിക്കുന്നതിന് സാക്ഷിയാവുകയാണ് നമ്മള്‍. ഇന്ത്യാവിരോധവും ഇസ്ലാമികമതമൌലികവാദവും ആണ് ആ രാജ്യത്തിന്റെ അധ:പതനത്തിന്റെ അടിസ്ഥാനകാരണങ്ങള്‍. ഇത് രണ്ടുമില്ലാതെ ഒരു ജനാധിപത്യരാഷ്ട്രമായി തുടര്‍ന്നിരുന്നുവെങ്കില്‍ അത് ഇന്ന് എത്രയോ ഐശ്വര്യപൂര്‍ണ്ണമായ രാജ്യമാവുമയിരുന്നു. പാക്കിസ്ഥാന്‍ ജനത ഈ യഥാര്‍ഥ്യം മനസ്സിലാക്കിയിട്ടുണ്ടോ എന്തോ!

സൃഷ്ടിപരമായ ഒരു പദ്ധതിയോ അജണ്ടയോ ആ രാജ്യത്തിന് നടപ്പാക്കാന്‍ കഴിയുന്നില്ല. ആര് അധികാരത്തില്‍ വന്നാലും ഇന്ത്യാവിരോധം എന്ന ഒറ്റ അജണ്ടയിലേ അവിടെ നിലനില്‍ക്കാന്‍ പറ്റുന്നുള്ളൂ. ഇന്ത്യ മിസ്സൈല്‍ പരീക്ഷിക്കുമ്പോള്‍ അതിനേക്കാളും ശക്തിയുള്ള ഒന്ന് അവരും പരീക്ഷിക്കുന്നു. ഇന്ത്യ അണുപരീക്ഷണം നടത്തുമ്പോള്‍ രണ്ടു പരീക്ഷണം അവരും നടത്തുന്നു. ഭീമമായ അമേരിക്കന്‍ സഹായം മുഴുവന്‍ ഇന്ത്യക്കെതിരെ ഉപയോഗിക്കുന്നു. ചൈനയുമായി ഇന്ത്യക്കെതിരെ തന്ത്രപരമായ കരുനീക്കങ്ങള്‍ നടത്തുന്നു. മുംബൈ ആക്രമണം നടന്നപ്പോള്‍ പറഞ്ഞത് കേട്ടില്ലെ, പ്രശ്നം പരിഹരിക്കാന്‍ ഞങ്ങള്‍ ചൈനയ്ക്ക് ബ്ലാങ്ക് ചീട്ട് നല്‍കിയിട്ടുണ്ട് എന്ന്. ഇങ്ങനെ എത്ര നാള്‍ ഇന്ത്യാവിരോധം മാത്രം കൈമുതലാക്കി പാകിസ്ഥാന് മുന്നോട്ട് പോകാനാവും?

പാക്കിസ്ഥാനില്‍ കാര്‍ഷികപരിഷ്കരണം ഒട്ടും നടപ്പിലാക്കിയിട്ടില്ല. വന്‍‌കിട ഭൂപ്രഭുക്കന്മാരുടെ കൈവശമാണ് ഭുമി മുഴുവന്‍. ഭൂവിതരണം ഭരണാധികാരികള്‍ ചിന്തിച്ചിട്ടുപോലുമില്ല. പൊതുവിദ്യാഭ്യാസത്തില്‍ സര്‍ക്കാര്‍ മുതല്‍മുടക്ക് ശോചനീയം. അതിനാല്‍ സാധാരണ കുടുംബങ്ങളിലെ കുട്ടികള്‍ ബഹുഭൂരിപക്ഷവും ഇന്നും പഠിക്കുന്നത് മദ്രസ്സകളില്‍. അവിടെ പഠിപ്പിക്കുന്നത് വെറുപ്പിന്റെ തത്വശാസ്ത്രമാകാനേ വഴിയുള്ളൂ. സര്‍ക്കാര്‍ സ്കൂളുകളില്‍ തന്നെ ഇന്ത്യാവിരോധവും മതപരമായ അസഹിഷ്ണുതയും ചൊല്ലിക്കൊടുക്കുന്നുണ്ട്. താലിബാന്‍ ശക്തിപ്രാപിക്കാന്‍ വേറേ എന്ത് വേണം? പാക്കിസ്ഥാന്റെ ഒരു ഭാഗം ഇപ്പോള്‍ തന്നെ താലിബാന്റെ നിയന്ത്രണത്തിലാണ്. അവിടെ ആകെക്കൂടിയുള്ള പുരോഗതി എന്ന് പറയാവുന്നത് സൌദി അറേബ്യയുടെ പണം ഒഴുകുന്നത് കൊണ്ട് കൂണ് പോലെ മുളച്ചു പൊങ്ങിയ പള്ളികള്‍ മാത്രം.

എതിരാളിയെ നശിപ്പിക്കാന്‍ ഏത് ഹീനമായ മാര്‍ഗ്ഗവും അവലംബിക്കും എന്നതിന്റെ ഉദാഹരണമാണ് അവിടെ പ്രവര്‍ത്തിക്കുന്ന ലഷ്കര്‍-ഇ-തായിബയുടെ നേതൃത്വത്തില്‍ നടത്തിയ മുംബൈ ആക്രണം പോലുള്ളവ. ആ സംഘടന ഇപ്പോള്‍ ഭസ്മാസുരന് വരം കിട്ടിയ പോലെ പാക്കിസ്ഥാന് തന്നെ വിനയായിരിക്കുന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ക്രിക്കറ്റ് ടീമിനെതിരെ നടന്ന ആക്രമണം. ഇനി ആ രാജ്യത്ത് ഏതെങ്കിലും ടീം കളിക്കാന്‍ പോകുമോ?

നവാസ് ഷെരീഫിനെയും സഹോദരനെയും കോടതി അയോഗ്യനാക്കിയ സംഭവം സര്‍ദാരിയുടെ ഗൂഢാലോചനയാണെന്ന് ഷെരീഫ് പറഞ്ഞിട്ടുണ്ട്. മാത്രമല്ല പിരിച്ചുവിടപ്പെട്ട മുന്‍‌ചീഫ് ജസ്റ്റിസ് ചൌധരിയെ ഇനിയും തിരിച്ചെടുത്തിട്ടുമില്ല. ഇത് സര്‍ദാരിയും ഷെരീഫും തമ്മിലുള്ള ബന്ധം വഷളാക്കും. പ്രധാനമന്ത്രി ഗിലാനിയും സര്‍ദാരിയും തമ്മിലും അത്ര സ്വരച്ചേര്‍ച്ചയിലല്ല. പട്ടാളവും ഐ.എസ്.ഐയും തമ്മിലും, ഐ.എസ്.ഐ.യും തീവ്രവാദികളും, തീവ്രവാദികളും മതമൌലികവാദികളും അങ്ങനെ ദുഷ്ടശക്തികള്‍ എല്ലാം തമ്മിലുള്ള അവിശുദ്ധകൂട്ടുകെട്ടുകള്‍ അങ്ങനെ പാകിസ്ഥാന്റെ പ്രശ്നങ്ങള്‍ സങ്കീര്‍ണ്ണമാണ്. സ്വതവെ ദുര്‍ബ്ബലമായ പാക്കിസ്ഥാന്‍ സര്‍ക്കാരിന് ഇതൊന്നും പരിഹരിക്കാന്‍ കഴിയില്ല തന്നെ. ഇതൊക്കെ പ്രത്യക്ഷമായോ പരോക്ഷമായോ ഇന്ത്യയെയും ബാധിക്കുമെന്നതിനാല്‍ നാം എന്തെങ്കിലും ഉപായം കണ്ടുപിടിച്ചേ മതിയാവൂ. നമ്മുടെ പരമ്പരാഗതമായ ശുദ്ധഗതിയും സഹനവും കൊണ്ട് പാക്കിസ്ഥാനെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല.

വിമോചനസമരവും ജനാധിപത്യവും

1959ല്‍ നടന്ന വിമോചനസമരം അക്ഷരാര്‍ത്ഥത്തില്‍ ഒരു ജനകീയ മുന്നേറ്റമായിരുന്നു. ലോകത്തില്‍ ആദ്യമായി അധികാരത്തില്‍ എത്തിയ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ രീതികള്‍ ജനാധിപത്യപക്രിയകള്‍ക്ക് യോജിച്ചതായിരുന്നില്ല. പാര്‍ട്ടി ഏകാധിപത്യപ്രവണതയിലേക്ക് പോകുന്നതിന്‌ തടയിടാന്‍ സമരത്തിന്‌ കഴിഞ്ഞു. ഇന്ന് കമ്മ്യൂണിസ്റ്റ്‌ ഭരണം ജനാധിപത്യസ്വഭാവത്തിലേക്ക് വന്നിട്ടുണ്ടെങ്കില്‍ അത്‌ വിമോചനസമരഫലമാണ്‌.പാര്‍ട്ടി തീരുമാനിക്കും പോലെ ജീവിക്കേണ്ട ഗതികേട് പലസ്ഥലങ്ങളിലും ജനം ഇന്നും അനുഭവിക്കുന്നുണ്ട്. ആദ്യമായി ഭരണം കൈവന്നപ്പോള്‍ ഈ ഗതികേട് കൂടുതല്‍ രൂക്ഷമായിരുന്നു. ജനാധിപത്യം എന്നു വെറുതെ നൂറ് തവണ പറഞ്ഞുകൊണ്ടിരുന്നാല്‍ അത് ജനാധിപത്യമാകില്ല. ഒരു ഗവണ്മെന്റിനെ പുറത്താക്കാന്‍ ഭൂരിപക്ഷം വരുന്ന ജനങ്ങള്‍ ഒറ്റക്കെട്ടായി ശ്രമിക്കുകയും, അതു നേടിയതിനുശേഷം നടന്ന തിരഞ്ഞെടുപ്പില്‍ പുറത്താക്കിയതിനെ ശരിവെക്കുന്ന തരത്തില്‍ ഒരു വിധിയെഴുത്ത് നടത്തുകയും ചെയ്തതല്ലേ ജനാധിപത്യം? അതു ജനാധിപത്യവിരുദ്ധമാകുന്നതു എങ്ങനെയാണ്? വിമോചനസമരം നടന്നില്ലെങ്കില്‍ കേരളത്തില്‍ ജനാധിപത്യം എന്നൊന്ന് ഉണ്ടാകുമായിരുന്നില്ല.കമ്മ്യൂണിസ്റ്റുകാര്‍ പറയുന്ന ജനാധിപത്യം കമ്മ്യൂണിസ്റ്റുകാര്‍ക്ക് മാത്രമുള്ളതാണു,എല്ലാവര്‍ക്കുമുള്ളതല്ല.കമ്മ്യൂണിസ്റ്റുകാര്‍ ഭരിച്ച പല രാജ്യങ്ങള്‍ ഭൂപടത്തിലേ ഇന്നില്ല.ജനങ്ങള്‍ പിഴുതെറിഞ്ഞു.അതിലും വലുതല്ല വിമോചനസമരം.സെല്‍ ഭരണം നടത്താന്‍ ഇന്ന് കമ്മ്യൂണിസ്റ്റുകള്‍ ഭയപ്പെടും.അത് വിമോചനസമരത്തിന്റെ നേട്ടമാണ്.


പാര്‍ലമെന്ററി സമ്പ്രദായത്തിലൂടെ അധികാരത്തില്‍ വന്നാലും കമ്മ്യൂണിസ്റ്റുകളുടെ ഉള്ളിലിരുപ്പ് എന്താണ്? അന്നാണെങ്കില്‍ സായുധവിപ്ലവത്തില്‍ കലശലായി വിശ്വസിച്ചിരുന്ന കാലവും. പോകട്ടെ, ഇന്നെങ്കിലും കമ്മ്യൂണിസ്റ്റുകാരുടെ ഉദ്ദേശം എന്താണ്? തൊളിലാളിവര്‍ഗ്ഗസര്‍വ്വാധിപത്യം എന്ന ആശയം ഉപേക്ഷിച്ചിട്ടില്ലല്ലൊ ഇനിയും. അത് ഉപേക്ഷിക്കാത്ത കാലത്തോളം കമ്മ്യൂണിസ്റ്റുകാരുടെ ജനാധിപത്യപ്രേമം സംശയാസ്പദവും ഭയജനകവുമാണ്. മറ്റുള്ള എല്ലാ പാര്‍ട്ടികളും അനുവദിച്ചു തരുന്ന ജനാധിപത്യസ്വാതന്ത്ര്യമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇവിടെ അനുഭവിക്കുന്നത്. അതേ സ്വാതന്ത്ര്യം മറ്റുള്ള പാര്‍ട്ടികള്‍ക്കും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അനുവദിച്ചുകൊടുക്കുമെന്ന് എങ്ങനെ വിശ്വസിക്കും? ഇത് ചിന്തിക്കുന്നവന്റെ ഭയമാണ്. ഈ ഭയമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ ഇന്നത്തെ സ്ഥിതിയില്‍ തളച്ചിടാന്‍ കാരണം. ഈ ഭയം അകറ്റപ്പെടുന്നത് വരെ കമ്മ്യൂണിസ്റ്റുകാരന്റെ ജനാധിപത്യപ്രേമം വേശ്യയുടെ ചാരിത്യപ്രസംഗം പോലെയല്ലേ?


എന്റെ ചോദ്യത്തിനുത്തരം ഇനിയും ലഭിച്ചില്ല. നിങ്ങളുടെ യഥാര്‍ഥ ഉള്ളിലിരുപ്പ് എന്താണ്? വിമോചനസമരം എന്ന് പിച്ചും പേയും പറയുന്ന നിങ്ങള്‍ക്ക് പാര്‍ലമെന്ററി ജനാധിപത്യത്തോടുള്ള സമീപനം എന്താണ്? ജനകീയജനാധിപത്യവിപ്ലവം പൂര്‍ത്തീകരിച്ച് ഇന്ത്യയില്‍ ഏകകഷിഭരണം നടപ്പാക്കാനാണോ പരിപാടി? അതോ ഇന്നത്തെ പോലെ ബഹുകക്ഷിജനാധിപത്യം തുടരുമോ? അഥവാ ഇതിനൊന്നും നിങ്ങള്‍ക്ക് പരിപാടിയില്ലേ? ഇതേ പോലെ മൂന്ന് സംസ്ഥാനങ്ങളില്‍ ഒതുങ്ങി പ്രവര്‍ത്തിക്കാനാണെങ്കില്‍ ആളുകളെ പേടിപ്പിക്കുന്ന ഈ തൊഴിലാളിവര്‍ഗ്ഗസര്‍വ്വാധിപത്യം നടപ്പാക്കും എന്ന പരിപാടി ഇനിയും മാറ്റാത്തതെന്ത്?


അമ്പത് വര്‍ഷത്തിന് ശേഷവും വിമോചനസമരത്തെയും,അന്ന് സര്‍ക്കാര്‍ പിരിച്ചുവിടപ്പെട്ടതിനെതിരെയും കുറിച്ചു നിങ്ങള്‍ വിലപിക്കുന്നു. 48ല്‍ സായുധവിപ്ലവത്തിന് ആഹ്വാനം നല്‍കിയ പാര്‍ട്ടിയാണ് 57ല്‍ ഭരണത്തില്‍ എത്തിയത്. കല്‍ക്കത്ത തീസീസ് തള്ളപ്പറഞ്ഞെങ്കിലും സായുധവിപ്ലവം ഉപേക്ഷിച്ചിരുന്നില്ല.ചൈനീസ് മോഡലില്‍ ഭരണം പിടിച്ചടക്കി ഏകകക്ഷിസര്‍വ്വാധിപത്യം സ്ഥാപിക്കുക എന്ന ലക്ഷ്യവും പാര്‍ട്ടി ഒളിച്ചു വെച്ചിട്ടില്ല. അന്ന് ഇന്ത്യയില്‍ പ്രബലമായ പാര്‍ട്ടിയായിരുന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി.അധികാരം ലഭിച്ചപ്പോള്‍ കമ്മ്യൂണിസ്റ്റ് ശൈലിയില്‍ പാര്‍ട്ടിഭരണം നടത്താന്‍ തുനിഞ്ഞതാണ് വിമോചനസമരത്തിന് ഹേതുവായത്. നിയമവാഴ്ച പൂര്‍ണ്ണമായും തകര്‍ന്ന അന്ന് പിരിച്ചുവിടപ്പെടാതെ മറ്റ് മാര്‍ഗ്ഗങ്ങള്‍ ഉണ്ടായിരുന്നില്ല. ജനങ്ങള്‍ സംഘടിച്ചാല്‍ സാമ്രാജ്യം പോലും തകരും എന്നതിന് ഉദാഹരണങ്ങള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരിച്ച രാജ്യങ്ങള്‍ തന്നെയാണ്.ഇതില്‍ നിന്നൊന്നും പാഠം ഉള്‍ക്കൊള്ളാതെ ഇന്നും വിമോചനസമരം എന്ന് മാറത്തടിച്ച് വിലപിക്കുന്നതിന്റെ പൊരുള്‍ മനസ്സിലാകുന്നില്ല. ഇവിടെ നിങ്ങള്‍ക്ക് പിന്നെയും ഭരണത്തില്‍ വരാന്‍ കഴിയുന്നുണ്ടല്ലൊ. എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഭരണം രാജ്യത്ത് സംസ്ഥാപിതമായാല്‍ മറ്റ് പാര്‍ട്ടികളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയില്ല എന്നതാണ് തൊളിലാളിവര്‍ഗ്ഗസര്‍വ്വാധിപത്യം എന്നത്കൊണ്ട് ഉദ്ദേശിക്കുന്നത്. അത് മാറ്റാത്ത കാലത്തോളം ജനാധിപത്യത്തെക്കുറിച്ച് വിലപിക്കാന്‍ നിങ്ങള്‍ക്കെന്തവകാശം? തങ്ങള്‍ക്ക് ജനാധിപത്യാവകാശം വേണം,അമ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അത് ധ്വംസിക്കപ്പെട്ടു എന്ന് മുറവിളി കൂട്ടുകയും എന്നാല്‍ തങ്ങളുടെ ഭരണത്തില്‍ മറ്റുള്ളവര്‍ക്ക് ജനാധിപത്യം അനുവദിക്കുകയില്ല എന്ന പരിപാടിയില്‍ ഉറച്ചു നില്‍ക്കുക ഇതിലൊക്കെ ഒരു വഞ്ചനയില്ലെ?


ഇന്നും ശേഷിക്കുന്ന കമ്മ്യൂണിസ്റ്റ് രാജ്യങ്ങളില്‍ മറ്റുള്ള പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിച്ചു ഭരണത്തില്‍ വരാന്‍ കഴിയില്ലല്ലൊ. ഈ ഭയം ഇവിടത്തെ കമ്മ്യൂണിസ്റ്റല്ലാത്തവര്‍ക്കുണ്ട്. തൊളിലാളി വര്‍ഗ്ഗസര്‍വ്വാധിപത്യം എന്ന ആശയം ഉപേക്ഷിച്ച് ബഹുകക്ഷിസമ്പ്രദായം അംഗീകരിക്കാത്ത കാലത്തോളം നിങ്ങള്‍ പറയുന്ന ജനാധിപത്യം കാപട്യമാണ്. മാത്രമല്ല 57 മോഡല്‍ ഭരണം നടത്തിയാല്‍ ഇനിയും വിമോചനസമരങ്ങളും ഉണ്ടാകും. ഇവിടെ ജനങ്ങളാണ് പരമാധികാരികള്‍,പാര്‍ട്ടികളല്ല. കമ്മ്യൂണിസ്റ്റ് ഭരണത്തില്‍ പാര്‍ട്ടിക്കാണ് പരമാധികാരം,ജനങ്ങള്‍ക്കല്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ത്യയില്‍ ഭരണത്തില്‍ വരും എന്ന് സങ്കല്‍പ്പിച്ചാല്‍ നിങ്ങള്‍ മറ്റ് പാര്‍ട്ടികളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുമോ? ഇതാണെന്റെ ചോദ്യം. അനുവദിക്കുമെങ്കില്‍ എന്ത്കൊണ്ട് തൊളിലാളിവര്‍ഗ്ഗസര്‍വ്വാധിപത്യം ഉപേക്ഷിക്കുന്നില്ല?


എന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം ഉണ്ടാവുകയില്ല എന്നറിയാം.കാരണം കഥയറിയാതെ ആട്ടം കാണുന്നവരാണ് താങ്കളെപ്പോലെയുള്ളവര്‍. കാലം ഒരുപാട് മാറി.ഒപ്പം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും എത്രയോ മാറി. പാര്‍ട്ടി കോണ്‍ഗ്രസ്സിലും കേന്ദ്രക്കമ്മറ്റികളിലും നടക്കുന്ന ചര്‍ച്ചകളും, മാറ്റപ്പെടുന്ന നയപരിപാടികളും ഒന്നും അണികള്‍ അറിയാറോ ശ്രദ്ധിക്കാറോ ഇല്ല. ഇന്ന് പാര്‍ലമെന്ററി ജനാധിപത്യപ്രക്രിയകളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സക്രിയമായി ഇടപെടുന്നു. എന്നാല്‍ പാര്‍ലമെന്ററി ജനാധിപത്യവും ബഹുകക്ഷിജനാധിപത്യവും അംഗീകരിച്ചുകൊണ്ട് പാര്‍ട്ടി പരിപാടി മാറ്റിയിട്ടുമില്ല. കാരണം തൊളിലാളി വര്‍ഗ്ഗസര്‍വ്വാധിപത്യം ഉപേക്ഷിച്ചാല്‍ തങ്ങള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അല്ലാതായി പോകുമോ എന്ന് നേതൃത്വം ഭയപ്പെടുന്നു. അണികളെ എങ്ങനെ ബോധ്യപ്പെടുത്തുമെന്ന ആശങ്കയുമുണ്ടാവാം. അതായത് പരിപൂര്‍ണ്ണമായി ജനാധിപത്യമാര്‍ഗ്ഗം സ്വീകരിക്കേണ്ടതായ കാലത്തിന്റെ നിര്‍ബ്ബന്ധം ഒരു വശത്ത്, അത് പ്രവര്‍ത്തിയില്‍ സ്വീകരിച്ചിട്ടും തത്വത്തില്‍ അംഗീകരിക്കാന്‍ കഴിയാത്ത ഒരു പ്രതിസന്ധി മുഖ്യധാര കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കുണ്ട്. ഇതെല്ലാം അണികളില്‍ നിന്ന് മറച്ചു വയ്ക്കപ്പെടുകയാണ്.


മാറിയ പരിസ്ഥിതിയില്‍ കമ്മ്യൂണിസം എങ്ങനെ പുനര്‍നിര്‍വ്വചിക്കപ്പെടാം എന്ന് കൂടി ആലോചിച്ചാലേ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് പ്രസക്തിയുണ്ടാകൂ. അല്ലാതെ അമ്പത് വര്‍ഷം മുന്‍പത്തെ വിമോചനസമരം ഇന്നും ഉരുവിടുന്നതില്‍ കാര്യമില്ല. അതിന് ശേഷവും എത്ര പിരിച്ചുവിടലുകള്‍ ഇവിടെ നടന്നു. എന്നിട്ടും ഇവിടെ ജനാധിപത്യം അഭംഗുരം പുലരുന്നില്ലേ? ഈ ഒരു ജനാധിപത്യസമ്പ്രദായം നിങ്ങള്‍ അംഗീകരിക്കുന്നുണ്ടോ അതാണ് കാതലായ ചോദ്യം. ഇല്ല എന്നേ ഇന്നത്തെ നിലയ്ക്ക് ഏത് കമ്മ്യൂണിസ്റ്റുകാരനും പറയാന്‍ കഴിയൂ. അംഗീകരിക്കുന്നു എന്ന് പറയണമെങ്കില്‍ പാര്‍ട്ടി കോണ്‍ഗ്രസ്സ് അതംഗീകരിക്കണം. അത്കൊണ്ട് ജനാധിപത്തിന്റെ പേരില്‍ കമ്മ്യൂണിസ്റ്റുകള്‍ ഒഴുക്കുന്ന കണ്ണീര്‍ മുതലയുടേതിന് സമാനമാണ്.

പാര്‍ലമെന്ററി ഡിമോക്രസി സിസ്റ്റത്തില്‍ നിന്ന് കൊണ്ടാണ് സി.പി.എം. പ്രവര്‍ത്തിക്കുന്നത്.അതില്‍ നിന്ന് ഇനിയവര്‍ക്ക് തിരിച്ചു പോകാനും കഴിയുകയില്ല. അത് പോരല്ലോ. ലെനിനിസ്റ്റ് സംഘടനാതത്വങ്ങളല്ലെ പാര്‍ട്ടി മുറുകെ പിടിക്കുന്നത്. തൊളിലാളിവര്‍ഗ്ഗസര്‍വ്വാധിപത്യം സ്ഥാപിക്കും എന്ന പാര്‍ട്ടി പരിപാടിയുടെ അടിസ്ഥാനത്തില്‍ തന്നെയാണ് ഇന്നും രണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും പ്രവര്‍ത്തിക്കുന്നത്. ആ പരിപാടി ഇന്നും പാര്‍ട്ടിയുടെ നയങ്ങളുടെ ആധാരശിലയായത്കൊണ്ട് ജനാധിപത്യ പ്രക്രിയകളില്‍ പൂര്‍ണ്ണമായും ഇടപെടാന്‍ പാര്‍ട്ടിക്ക് കഴിയാതെ പോകുന്നത്. പ്രധാനമന്ത്രിസ്ഥാനം സ്വീകരിക്കാന്‍ കഴിയാതെ പോയത് ഒരുദാഹരണം. പ്രാദേശികമായി പാര്‍ട്ടി പ്രവര്‍ത്തകരുടെ അസഹിഷ്ണുത മറ്റുള്ളവരില്‍ വെറുപ്പ് സൃഷ്ടിക്കുന്നത് തെളിവ് നല്‍കാന്‍ കഴിയില്ലെങ്കിലും യാഥാര്‍ഥ്യം. സോമനാഥ് ചാറ്റര്‍ജി മുതല്‍ വി.എസ്. പ്രശ്നം വരെ ഈ ലെനിനിസ്റ്റ് സംഘടനാതത്വങ്ങളുടെ സൃഷ്ടിയാണ്. ജനാധിപത്യസമൂഹത്തില്‍ ലെനിനിസ്റ്റ് സംഘടനാതത്വങ്ങള്‍ പിന്തുടരുന്ന പാര്‍ട്ടിക്ക് യാതൊരു സംഭാവനയും ചെയ്യാന്‍ കഴിയില്ല. ചുരുക്കത്തില്‍ രണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും പ്രവര്‍ത്തനത്തില്‍ ഒന്നാന്തരം പാര്‍ലമെന്ററി പാര്‍ട്ടികള്‍. എന്നാല്‍ സംഘടനാപരമായി സി.പി.എം. ഇന്നും ഒന്നാന്തരം സ്റ്റാലിനിസ്റ്റ് പാര്‍ട്ടി. ഈ കാപട്യം എന്തിന് തുടരണം? ഉത്തരമില്ല അല്ലേ?

വിമോചനസമരത്തെ സ്ഥാനത്തും അസ്ഥാനത്തും ഇന്നും എടുത്ത് പറയുന്നുണ്ട്. അമ്പത് വര്‍ഷങ്ങള്‍ക്കകത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് സംഭവിച്ച പരിണാമങ്ങളെ കണ്ടില്ലെന്ന് നടിച്ച് താല്‍ക്കാലിക തിരിച്ചടിയെന്ന് മാത്രം ലളിതവല്‍ക്കരിക്കപ്പെടുന്നതെന്ത്കൊണ്ട്? കാറല്‍ മാര്‍ക്സ് വിഭാവനം ചെയ്ത തൊളിലാളി വര്‍ഗ്ഗസര്‍വ്വാധിപത്യം ലെനിന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സര്‍വ്വാധിപത്യമാക്കി പരിമിതപ്പെടുത്തി. ആ ആശയമാണ് ഇന്നും ഇവിടെ പിന്‍‌പറ്റുന്നത്. ഇനിയിവിടെ വിമോചനസമരം നടക്കുകയില്ല എന്ന് പറയുന്നതിനേക്കാളും ശരി അത്തരമൊരു സമരം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ക്ഷണിച്ചുവരുത്തുകയില്ല എന്നാണ്. ഇവിടെ വിജയിക്കുന്നത് ഇന്ത്യന്‍ ജനാധിപത്യമാണ്. കല്‍ക്കത്താതീസ്സീസില്‍ നിന്നുള്ള ഈ ദൂരം കമ്മ്യൂണിസ്റ്റുപാര്‍ട്ടികളുടെ പരാജയം കൂടിയാണ് അടയാളപ്പെടുത്തുന്നത്.


കേരളജനത അന്നത്തെ സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെ നടത്തിയ ഐതിഹാസികമായ ബഹുജജനമുന്നേറ്റമാണ് വിമോചനസമരം. ഇതാണ് ജനാധിപത്യവിശ്വസികളുടെ അന്നുമിന്നുമുള്ള അഭിപ്രായം. ഒരു ജനാധിപത്യവാദിയും അന്നും ഇന്നും വിമോചനസമരത്തെ തള്ളിപ്പറഞ്ഞിട്ടില്ല. മറിച്ചുള്ള താങ്കളുടെ വാദം ജനാധിപത്യവിശ്വാസികള്‍ ആരും മുഖവിലയ്ക്കെടുക്കുകയില്ല. ആ സമരത്തെ മറ്റാരോ സ്പോണ്‍സര്‍ ചെയ്ത സമരാഭാസം എന്നൊക്കെ വ്യാഖ്യാനിച്ച് കേരളജനതയെയും അവരുടെ സമരവീര്യത്തെയും അപമാനിക്കാന്‍ താങ്കള്‍ക്ക് ഇവിടത്തെ ജനാധിപത്യം അവകാശം നല്‍കുന്നുണ്ട്. സമരം ചെയ്യാനുള്ള അവകാശം തങ്ങള്‍ക്ക് മാത്രമാണെന്നും തങ്ങള്‍ക്കെതിരെ ആരും സമരം ചെയ്തുകൂടെന്നുമുള്ള ശാഠ്യത്തില്‍ നിന്നാണ് ഈ തരത്തിലുള്ള വാദങ്ങള്‍ ഉയര്‍ന്ന് വരുന്നത്. ടിയാനന്‍മെന്‍ സ്ക്വയര്‍ സമരത്തെ ചൈനീസ് ഭരണകൂടത്തെ അട്ടിമറിക്കാനുള്ള പ്രതിവിപ്ലവം എന്നാണ് ഇ.എം.എസ്സ്. പോലും പറഞ്ഞിരുന്നത്. ഇ.എം.എസ്. അങ്ങനെ പറഞ്ഞത്കൊണ്ട് ആ സമരം പ്രതിവിപ്ലവമാണെന്ന് ഒരു ജനാധിപത്യവാദിയും കരുതുകയില്ല. അത്പോലെയാണ് വിമോചനസമരവും. കമ്മ്യൂണിസ്റ്റുകളുടെ ശരികള്‍ ജനാധിപത്യവാദികള്‍ക്ക് ശരിയല്ല,തെറ്റുകള്‍ തെറ്റുമല്ല. ഇവിടെ കേരളത്തിലും ജനാധിപത്യവാദികള്‍ ആണ് ഭൂരിപക്ഷം എന്ന് മനസ്സിലാക്കണം. മറ്റാരും സ്പോണ്‍സര്‍ ചെയ്യാതെ സമരം നടത്താനുള്ള ശേഷി ഇവിടത്തെ ജനാധിപത്യശക്തികള്‍ക്ക് അന്നുമിന്നുമുണ്ട്. അത് തിരിച്ചറിയുന്നത്കൊണ്ടാണു സി.പി.എം.നേതാക്കള്‍ പള്ളികളും അരമനകളും കയറിയിറങ്ങുന്നത്. റഷ്യയിലെയും മറ്റ് കി.യൂറോപ്പിലേയും കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ തകര്‍ന്നതും ബഹുജനമുന്നേറ്റം കൊണ്ടാണെന്നും മറ്റാരും സ്പോണ്‍സര്‍ ചെയ്തിട്ടല്ലെന്നും സാധിക്കുമെങ്കില്‍ മനസ്സിലാക്കുക.


എത്ര പാടി പുകഴ്ത്തിയാലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഏകാധിപത്യപ്രവണതകള്‍ മൂലം അത് ഇന്ന് നാശോന്മുഖമാണെന്നും തിരിച്ചറിയുക. ഇത് ജനാധിപത്യയുഗമാണ്. കമ്മ്യൂണിസ്റ്റുകള്‍ ജനാധിപത്യവാദികളല്ല. അവര്‍ പാര്‍ട്ടി ഏകാധിപത്യവാദികളാണ്. തൊഴിലാളിവര്‍ഗ്ഗസര്‍വ്വാധിപത്യവും ലെനിനിസ്റ്റ് സംഘടനാതത്വങ്ങളും പാര്‍ട്ടി പരിപാടിയുടെ ഭാഗമാണ്. അത് ഉപേക്ഷിച്ചിട്ടില്ല.സംശയമുണ്ടെങ്കില്‍ ഏതെങ്കിലും പാര്‍ട്ടി അംഗത്തോട് ചോദിച്ച് സംശയം ദൂരീകരിക്കുക. തൊളിലാളിവര്‍ഗ്ഗസര്‍വ്വാധിപത്യം എന്ന പേരില്‍ പാര്‍ട്ടി ഏകാധിപത്യം സ്ഥാപിക്കുമെന്ന ഭീതി കൊണ്ടാണ് ജനാധിപത്യവാദികള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ അകറ്റി നിര്‍ത്തുന്നത് തന്നെ. സായുധവിപ്ലവം ഇവിടെ രണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ സി.പി.ഐ.പൂര്‍ണ്ണമായും സി.പി.എം. ഏറെക്കുറെയും ഉപേക്ഷിച്ചിട്ടുണ്ട്. അത് പക്ഷെ അവരുടെ ഔദാര്യമൊന്നുമല്ല. സാധിക്കുകയില്ല അതാണ് വസ്തുത. ഇത്രനേരവും പറഞ്ഞതിന്റെ രത്നച്ചുരുക്കം ഇതാണ്: മറ്റുള്ളവര്‍ക്ക് ജനാധിപത്യസ്വാതന്ത്ര്യം അനുവദിക്കാത്ത കമ്മ്യൂണിസ്റ്റുകള്‍ക്ക് ജനാധിപത്യത്തെക്കുറിച്ച് മിണ്ടാന്‍ അവകാശമില്ല. അവര്‍ക്ക് അധികാരം ലഭിച്ചാല്‍ അവര്‍ മറ്റാര്‍ക്കും ജനാധിപത്യ പൌരാവകാശങ്ങള്‍ അനുവദിക്കുകയില്ല. അതും പക്ഷെ ഇനി നടക്കാന്‍ പ്രയാസമാണെന്നാണ് നേപ്പാളില്‍ പ്രചണ്ഡ സ്ഥാനത്യാഗം ചെയ്യേണ്ടിവന്നതില്‍ നിന്നും മനസ്സിലാകുന്നത്.

അമേരിക്കന്‍ അംബാസഡറുടെ പരാമര്‍ശങ്ങള്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് വേദവാക്യമാകുന്നത് വിചിത്രം തന്നെ. ജവഹര്‍ലാല്‍ നെഹ്രു മുതല്‍ ആന്റണി വരെ വിമോചനസമരത്തെ തള്ളിപ്പറഞ്ഞു എന്നതും വിചിത്രമായിരിക്കുന്നു. എന്നാലും സര്‍ക്കാരിനെതിരെ ബഹുജനമുന്നേറ്റം നടന്നു എന്നതും സര്‍ക്കാരിനെ പിരിച്ചുവിടും വിധം സാമൂഹ്യാന്തരീക്ഷം കലുഷിതമായി എന്നതും തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് ജയിച്ചുവരാനായില്ല എന്നതും ചരിത്രവസ്തുതയാണ്. ആരെങ്കിലും തള്ളിപ്പറഞ്ഞാല്‍ ഡിലീറ്റ് ചെയ്യാവുന്നതല്ല ആ ചരിത്രമുഹൂര്‍ത്തങ്ങള്‍. അത്കൊണ്ട് തന്നെ കേരളത്തിലെ ജനാധിപത്യവിശ്വാസികളുടെ മഗ്നാകാര്‍ട്ടയാണ് അന്നത്തെ വിമോചനസമരം. അത്കൊണ്ടാണ് കേരളം ബംഗാളാകാതിരുന്നത്. അതിനുശേഷം ജനാധിപത്യവിശ്വാസികളുടെ വോട്ട് കൂടി ആവശ്യമായി വന്നു കമ്മ്യൂണിസ്റ്റുകള്‍ക്ക് അധികാരത്തില്‍ വരാന്‍. വിമോചനസമരം നടന്നില്ലായിരുന്നുവെങ്കില്‍ കേരളത്തെ മോചിപ്പിച്ചു ക്യൂബ പോലെയോ മറ്റോ പാര്‍ട്ടിഏകാധിപത്യരാജ്യം സ്ഥാപിക്കാന്‍ ശ്രമിക്കുമായിരുന്നു. അതൊന്നും നടക്കാതെ പോയ നൈരാശ്യം ഇപ്പോഴും കമ്മ്യൂണിസ്റ്റുകാരെ വേട്ടയാടുന്നുണ്ട് എന്ന് തോന്നുന്നു.

പിന്നെ ചാരപ്പണം,ഒറ്റുകാശ് എന്നൊക്കെ പറയാമെങ്കില്‍ ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റുകാരാണ് ചാരപ്പണി ചെയ്തതും ഒറ്റുകാശ് കൈപ്പറ്റിയതും.ചൈന നമ്മെ ആക്രമിച്ച കാലത്ത് നമ്മുടെ സൈന്യത്തിന് ഭക്ഷണങ്ങളും ആയുധങ്ങളും കൊണ്ടുപോകുന്ന പട്ടാളവണ്ടികളെ തടയാന്‍ ബന്ദ് നടത്തിയ കഥകളൊക്കെ ബ്ലോഗുകളില്‍ തന്നെയുണ്ട്. ഇന്ത്യന്‍ പട്ടാളക്കാര്‍ക്ക് രക്തദാനം ചെയ്യാന്‍ പാടില്ല എന്ന് അന്ന് പാര്‍ട്ടി തീരുമാനിച്ചതും ചാരപ്പണിക്ക് തുല്യമാണ്. സോവിയറ്റ് യൂനിയനില്‍ നിന്ന് ഇന്ത്യന്‍ ഭാഷകളില്‍ പുസ്തകങ്ങള്‍ അച്ചടിച്ച് സൌജന്യമായി ഇവിടത്തെ പാര്‍ട്ടിക്ക് അയച്ചുകൊടുക്കാറുണ്ടായിരുന്നു. ആ പുസ്തകങ്ങള്‍ വിറ്റുകിട്ടുന്ന കാശ് കൊണ്ടാണ് ആദ്യകാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇവിടെ പ്രവര്‍ത്തിച്ചത്. അത് ഒറ്റുകാശ് ആണ് എന്ന് പറയാം. പൊതുവെ കമ്മ്യൂണിസ്റ്റുകള്‍ ചെയ്യുന്ന തിന്മകളാണ് മറ്റുള്ളവരുടെ മേല്‍ ആരോപിക്കാറ്. അത് കൊണ്ടാണ് പറയുന്നത്, കമ്മ്യൂണിസ്റ്റുകാരുടെ ഭാഷയും ശൈലിയും വാദങ്ങളുമൊന്നും ജനാധിപത്യവിശ്വാസികള്‍ക്ക് ബാധകമല്ല. കേരളത്തില്‍ ദേശാഭിമാനിയേക്കാളും കൂടുതല്‍ മറ്റ് പത്രങ്ങള്‍ ചെലവാകുന്നതിന്റെ കാരണവും അതാണ്.

ഇന്ത്യയിലെന്നല്ല ലോകത്തൊരിടത്തും ഇനി വിപ്ലവം നടക്കില്ല എന്ന് എല്ലാ കമ്മ്യൂണിസ്റ്റുകാര്‍ക്കും അറിയാം. ലോകം മൊത്തത്തില്‍ വിപ്ലവം നടന്ന് ഒരു ആഗോളകമ്മ്യൂണിസ്റ്റ് വ്യവസ്ഥിതി നിലവില്‍ വരും എന്നാണല്ലൊ മാര്‍ക്സ് കണ്ടെത്തിയത്.അത് അസാധ്യമാണെന്നതില്‍ ആര്‍ക്കും സംശയം ഉണ്ടാവില്ല. ഈ യാഥാര്‍ഥ്യങ്ങളുമായുള്ള പൊരുത്തപ്പെടലാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളെ വിപ്ലവം ഉപേക്ഷിക്കലിലേക്ക് എത്തിച്ചത്. അല്ലാതെ ഏതെങ്കിലും നേതാവിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ കൊണ്ടല്ല.അപ്പോള്‍ തീര്‍ത്തും അസാധ്യമായ വിപ്ലവം തങ്ങള്‍ നടത്തും എന്ന പരിപാടി പാര്‍ട്ടിപ്പുസ്തകത്തില്‍ നിന്ന് മാറ്റിക്കൂടേ എന്നാണു എന്റെ ചോദ്യം. കാരണം അതില്‍ ഒരു വഞ്ചന ഒളിഞ്ഞിരിപ്പുണ്ട്. ഞങ്ങള്‍ വിപ്ലവം നടത്തിയിരിക്കും എന്ന് കിത്താബില്‍ എഴുതും,എന്നാല്‍ ഞങ്ങളത് പണ്ടേ ഉപേക്ഷിച്ചിരിക്കുന്നു എന്നാണ് ന്യായം പറയുന്നതെങ്കില്‍ മറുവാക്കില്ല.

ജനാധിപത്യം എന്ന് പറയുമ്പോള്‍ ഇന്ത്യയിലെ ഭരണസമ്പ്രദായത്തെ, ഇവിടത്തെ സാമൂഹ്യവ്യവസ്ഥിതിയെ,ജനങ്ങള്‍ക്ക് തങ്ങളുടെ ഭരണസാരഥികളെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെക്കുറിച്ചാണ് ഞാന്‍ ഉദ്ദേശിക്കുന്നത്.അതിനെയാണ് പാടിപ്പുകഴ്ത്തുന്നത്. ഇവിടത്തെ പാര്‍ട്ടികളോ നേതാക്കളോ ഈ സമ്പ്രദായത്തില്‍ പ്രവര്‍ത്തിക്കുന്നതാണ്. അതിന്റെയൊക്കെ ഗുണനിലവാരം നിര്‍ണ്ണയിക്കുന്നത് ജനങ്ങളാണ്. പാര്‍ട്ടികളോ നേതാക്കളോ ദുഷിച്ചാല്‍ ഇതോ ജനാധിപത്യത്തിന്റെ മേന്മ എന്ന് ചോദിക്കരുത്. ജനാധിപത്യം അവിടെയുണ്ടോ എന്നതാണ് പ്രശ്നം. അടിയന്തിരാവസ്ഥയെ നമ്മുടെ ജനാധിപത്യം അതിജീവിച്ചില്ലേ? ഈ ഒരു ജനാധിപത്യം ജനങ്ങള്‍ക്ക് നിഷേധിക്കുന്ന രാഷ്ട്രീയപ്രസ്ഥാനം ലോകത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മാത്രമാണ്. അത് ലോകത്ത് നിന്ന് നാമാവശേഷമായിക്കൊണ്ടിരിക്കുന്നു എന്നത് ലോകമെമ്പാടുമുള്ള ജനാധിപത്യവിശ്വാസികള്‍ക്ക് ആവേശം നല്‍കുന്ന കാര്യമാണ്.

കമ്മ്യൂണിസ്റ്റ്കാരുടെ ഭരണവും,സാമ്പത്തികനടപടികളും,മനുഷ്യക്കശാപ്പുകളും,തകര്‍ച്ചകളും ഒക്കെ ലോകം കണ്ടു. കമ്മ്യൂണിസം തകര്‍ന്ന റഷ്യ പോലെയുള്ള രാജ്യങ്ങളില്‍ മുന്‍‌കമ്മ്യൂണിസ്റ്റുകള്‍,വിപ്ലവവും തൊളിലാളിവര്‍ഗ്ഗസര്‍വ്വാധിപത്യവും ഉപേക്ഷിച്ച് ബഹുകക്ഷിസമ്പ്രദായവും മാര്‍ക്കറ്റ് എക്കണോമിയും സ്വീകരിച്ച് പ്രവര്‍ത്തിച്ച് വരുന്ന കാഴ്ചയും നാം കാണുന്നു.