Pages

പാക്കിസ്ഥാന്‍ പടുകുഴിയിലേക്ക് ?

ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനെതിരെ പാക്കിസ്ഥാനില്‍ തീവ്രവാദി ആക്രമണം നടന്ന ഉടനെ അവിടെ നിന്ന് വന്ന ആദ്യ ഔദ്യോഗികപ്രതികരണം ഇതിന് പിന്നില്‍ വിദേശകരങ്ങള്‍ ഉണ്ടെന്ന് സംശയിക്കുന്നു എന്നാണ്. ഇന്ത്യയാണ് ആ രാഷ്ട്രം സംശയിക്കുന്ന വിദേശരാഷ്ട്രം എന്ന് പറയേണ്ടല്ലൊ. ഇതാണ് പാക്കിസ്ഥാന്റെ ഒരു പ്രത്യേകശൈലി. പൊസിറ്റീവ് ആയി ഒരു പരിപാടിയുമില്ലാത്ത ആ രാഷ്ട്രം ഇസ്ലാമിക മൌലികവാദത്തിന്റെ പിടിയില്‍ പെട്ട് അനുദിനം നാശത്തിന്റെ പടുകുഴിയിലേക്ക് പതിച്ചു കൊണ്ടിരിക്കുകയാണ്. ഇതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരിക നമ്മളും കൂടിയാണ്. എങ്ങനെ ഈ വിപത്തില്‍ നിന്ന് നമ്മെ നമുക്ക് സംരക്ഷിക്കാന്‍ കഴിയുമെന്ന് ചിന്തിച്ചാല്‍ ഒരു വഴിയും കാണുന്നുമില്ല. ആ രാഷ്ട്രത്തോട് ഒരു യുദ്ധം പ്രഖ്യാപിക്കുക എന്ന് വെച്ചാല്‍ അത് അതിനേക്കാളും വിനാശകരമാണ്. വേലികെട്ടി അതിര്‍ത്തി സംരക്ഷിക്കുക എന്നാണെങ്കില്‍ അതും അത്ര പ്രായോഗികമല്ല. എത്രയോ കിലോമീറ്റര്‍ ദൂരത്തില്‍ കടല്‍ത്തീരം വേറെ.

മതത്തിന്റെയോ,ഭാഷയുടെയോ,മറ്റ് ദേശീയതകളുടെയോ അടിസ്ഥാനത്തില്‍ മാത്രം ഒരു രാജ്യം കെട്ടിപ്പടുത്താല്‍ അത് പൌരന്മാരുടെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമാവില്ല എന്നതിന് നല്ല ഉദാഹരണമാണ് പാക്കിസ്ഥാന്‍. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ചില വര്‍ഷങ്ങള്‍ക്കകം തന്നെ പാക്കിസ്ഥാന്‍ ജനാധിപത്യത്തില്‍ നിന്ന് വഴുതിമാറിയിരുന്നു. ഇപ്പോള്‍ ഒരു പ്രവര്‍ത്തിക്കുന്ന പരമാധികാരരാഷ്ട്രം എന്ന നിലയില്‍ നിന്നും അത് അതിവേഗം ശിഥിലമായിക്കൊണ്ടിരിക്കുന്ന ഒരു കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. ആരാണ് അവിടെ ഭരിക്കുന്നത്, ആര്‍ ആരെയാണ് തോല്‍പ്പിക്കുന്നത്, അവിടത്തെ ഭരണഘടനാപരമായ തലവന്‍ ആരാണ്, ഭരണം നിയന്ത്രിക്കുന്നത് പാര്‍ലമെന്റാണോ പ്രസിഡണ്ടാണോ പട്ടാളമാണോ അതോ മതമേലാളന്മാരാണോ ആര്‍ക്ക് ആരോടൊക്കെയാണ് വിധേയത്വം എന്നൊക്കെ പാക്കിസ്ഥാനികള്‍ക്ക് പോലും അറിയാത്ത അവസ്ഥാവിശേഷം. നമ്മുടെ അയല്‍‌രാഷ്ട്രം മാത്രമല്ല ഒരേ പൈതൃകത്തിന്റെ അവകാശികളായ നമ്മുടെ മുന്‍പില്‍ വെച്ച് ആ സഹോദരരാജ്യം നശിക്കുന്നതിന് സാക്ഷിയാവുകയാണ് നമ്മള്‍. ഇന്ത്യാവിരോധവും ഇസ്ലാമികമതമൌലികവാദവും ആണ് ആ രാജ്യത്തിന്റെ അധ:പതനത്തിന്റെ അടിസ്ഥാനകാരണങ്ങള്‍. ഇത് രണ്ടുമില്ലാതെ ഒരു ജനാധിപത്യരാഷ്ട്രമായി തുടര്‍ന്നിരുന്നുവെങ്കില്‍ അത് ഇന്ന് എത്രയോ ഐശ്വര്യപൂര്‍ണ്ണമായ രാജ്യമാവുമയിരുന്നു. പാക്കിസ്ഥാന്‍ ജനത ഈ യഥാര്‍ഥ്യം മനസ്സിലാക്കിയിട്ടുണ്ടോ എന്തോ!

സൃഷ്ടിപരമായ ഒരു പദ്ധതിയോ അജണ്ടയോ ആ രാജ്യത്തിന് നടപ്പാക്കാന്‍ കഴിയുന്നില്ല. ആര് അധികാരത്തില്‍ വന്നാലും ഇന്ത്യാവിരോധം എന്ന ഒറ്റ അജണ്ടയിലേ അവിടെ നിലനില്‍ക്കാന്‍ പറ്റുന്നുള്ളൂ. ഇന്ത്യ മിസ്സൈല്‍ പരീക്ഷിക്കുമ്പോള്‍ അതിനേക്കാളും ശക്തിയുള്ള ഒന്ന് അവരും പരീക്ഷിക്കുന്നു. ഇന്ത്യ അണുപരീക്ഷണം നടത്തുമ്പോള്‍ രണ്ടു പരീക്ഷണം അവരും നടത്തുന്നു. ഭീമമായ അമേരിക്കന്‍ സഹായം മുഴുവന്‍ ഇന്ത്യക്കെതിരെ ഉപയോഗിക്കുന്നു. ചൈനയുമായി ഇന്ത്യക്കെതിരെ തന്ത്രപരമായ കരുനീക്കങ്ങള്‍ നടത്തുന്നു. മുംബൈ ആക്രമണം നടന്നപ്പോള്‍ പറഞ്ഞത് കേട്ടില്ലെ, പ്രശ്നം പരിഹരിക്കാന്‍ ഞങ്ങള്‍ ചൈനയ്ക്ക് ബ്ലാങ്ക് ചീട്ട് നല്‍കിയിട്ടുണ്ട് എന്ന്. ഇങ്ങനെ എത്ര നാള്‍ ഇന്ത്യാവിരോധം മാത്രം കൈമുതലാക്കി പാകിസ്ഥാന് മുന്നോട്ട് പോകാനാവും?

പാക്കിസ്ഥാനില്‍ കാര്‍ഷികപരിഷ്കരണം ഒട്ടും നടപ്പിലാക്കിയിട്ടില്ല. വന്‍‌കിട ഭൂപ്രഭുക്കന്മാരുടെ കൈവശമാണ് ഭുമി മുഴുവന്‍. ഭൂവിതരണം ഭരണാധികാരികള്‍ ചിന്തിച്ചിട്ടുപോലുമില്ല. പൊതുവിദ്യാഭ്യാസത്തില്‍ സര്‍ക്കാര്‍ മുതല്‍മുടക്ക് ശോചനീയം. അതിനാല്‍ സാധാരണ കുടുംബങ്ങളിലെ കുട്ടികള്‍ ബഹുഭൂരിപക്ഷവും ഇന്നും പഠിക്കുന്നത് മദ്രസ്സകളില്‍. അവിടെ പഠിപ്പിക്കുന്നത് വെറുപ്പിന്റെ തത്വശാസ്ത്രമാകാനേ വഴിയുള്ളൂ. സര്‍ക്കാര്‍ സ്കൂളുകളില്‍ തന്നെ ഇന്ത്യാവിരോധവും മതപരമായ അസഹിഷ്ണുതയും ചൊല്ലിക്കൊടുക്കുന്നുണ്ട്. താലിബാന്‍ ശക്തിപ്രാപിക്കാന്‍ വേറേ എന്ത് വേണം? പാക്കിസ്ഥാന്റെ ഒരു ഭാഗം ഇപ്പോള്‍ തന്നെ താലിബാന്റെ നിയന്ത്രണത്തിലാണ്. അവിടെ ആകെക്കൂടിയുള്ള പുരോഗതി എന്ന് പറയാവുന്നത് സൌദി അറേബ്യയുടെ പണം ഒഴുകുന്നത് കൊണ്ട് കൂണ് പോലെ മുളച്ചു പൊങ്ങിയ പള്ളികള്‍ മാത്രം.

എതിരാളിയെ നശിപ്പിക്കാന്‍ ഏത് ഹീനമായ മാര്‍ഗ്ഗവും അവലംബിക്കും എന്നതിന്റെ ഉദാഹരണമാണ് അവിടെ പ്രവര്‍ത്തിക്കുന്ന ലഷ്കര്‍-ഇ-തായിബയുടെ നേതൃത്വത്തില്‍ നടത്തിയ മുംബൈ ആക്രണം പോലുള്ളവ. ആ സംഘടന ഇപ്പോള്‍ ഭസ്മാസുരന് വരം കിട്ടിയ പോലെ പാക്കിസ്ഥാന് തന്നെ വിനയായിരിക്കുന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ക്രിക്കറ്റ് ടീമിനെതിരെ നടന്ന ആക്രമണം. ഇനി ആ രാജ്യത്ത് ഏതെങ്കിലും ടീം കളിക്കാന്‍ പോകുമോ?

നവാസ് ഷെരീഫിനെയും സഹോദരനെയും കോടതി അയോഗ്യനാക്കിയ സംഭവം സര്‍ദാരിയുടെ ഗൂഢാലോചനയാണെന്ന് ഷെരീഫ് പറഞ്ഞിട്ടുണ്ട്. മാത്രമല്ല പിരിച്ചുവിടപ്പെട്ട മുന്‍‌ചീഫ് ജസ്റ്റിസ് ചൌധരിയെ ഇനിയും തിരിച്ചെടുത്തിട്ടുമില്ല. ഇത് സര്‍ദാരിയും ഷെരീഫും തമ്മിലുള്ള ബന്ധം വഷളാക്കും. പ്രധാനമന്ത്രി ഗിലാനിയും സര്‍ദാരിയും തമ്മിലും അത്ര സ്വരച്ചേര്‍ച്ചയിലല്ല. പട്ടാളവും ഐ.എസ്.ഐയും തമ്മിലും, ഐ.എസ്.ഐ.യും തീവ്രവാദികളും, തീവ്രവാദികളും മതമൌലികവാദികളും അങ്ങനെ ദുഷ്ടശക്തികള്‍ എല്ലാം തമ്മിലുള്ള അവിശുദ്ധകൂട്ടുകെട്ടുകള്‍ അങ്ങനെ പാകിസ്ഥാന്റെ പ്രശ്നങ്ങള്‍ സങ്കീര്‍ണ്ണമാണ്. സ്വതവെ ദുര്‍ബ്ബലമായ പാക്കിസ്ഥാന്‍ സര്‍ക്കാരിന് ഇതൊന്നും പരിഹരിക്കാന്‍ കഴിയില്ല തന്നെ. ഇതൊക്കെ പ്രത്യക്ഷമായോ പരോക്ഷമായോ ഇന്ത്യയെയും ബാധിക്കുമെന്നതിനാല്‍ നാം എന്തെങ്കിലും ഉപായം കണ്ടുപിടിച്ചേ മതിയാവൂ. നമ്മുടെ പരമ്പരാഗതമായ ശുദ്ധഗതിയും സഹനവും കൊണ്ട് പാക്കിസ്ഥാനെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല.

17 comments:

  1. " നമ്മുടെ പരമ്പരാഗതമായ ശുദ്ധഗതിയും സഹനവും കൊണ്ട് പാക്കിസ്ഥാനെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല...."-

    വളരെ ശരിയായ ചിന്തകള്‍ മാഷെ,

    ReplyDelete
  2. "അതിനാല്‍ സാധാരണ കുടുംബങ്ങളിലെ കുട്ടികള്‍ ബഹുഭൂരിപക്ഷവും ഇന്നും പഠിക്കുന്നത് മദ്രസ്സകളില്‍. അവിടെ പഠിപ്പിക്കുന്നത് വെറുപ്പിന്റെ തത്വശാസ്ത്രമാകാനേ വഴിയുള്ളൂ. സര്‍ക്കാര്‍ സ്കൂളുകളില്‍ തന്നെ ഇന്ത്യാവിരോധവും മതപരമായ അസഹിഷ്ണുതയും ചൊല്ലിക്കൊടുക്കുന്നുണ്ട്."
    ________________________________________________________________________

    ഇത് തന്നെയാണൊ ഇവിടുത്തെ മദ്രസ്സകളിലും നടക്കുന്നത്? അതോ ഇവിടെ കുഴപ്പമില്ലേ? ഈയിടെ കേരള സര്‍ക്കാര്‍ മദ്രസ്സകളിലെ അധ്യാപകര്‍ക്ക് പെന്‍ഷന്‍ കൊടുക്കാന്‍ തീരുമാനിച്ചെന്നു വായിച്ചിരുന്നു. അത് കൊണ്ട് ഇവിടെയും ഇതേ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ടോ? മദ്രസ്സ അധ്യാപകര്‍ക്ക് പെന്‍ഷന്‍ കൊടുക്കുമ്പോള്‍ വേദപാഠം പഠിപ്പിക്കുന്ന ക്രിസ്ത്യന്‍ അധ്യാപകര്‍ക്കും ഹിന്ദുമത തത്വങ്ങള്‍ പഠിപ്പിക്കുന്ന (അങ്ങനെ ഒരു സ്കൂള്‍ ഉണ്ടെങ്കില്‍) അധ്യാപകര്‍ക്കും ഈ പെന്‍ഷന്‍ കൊടുക്കേണ്ടതല്ലേ? അല്ലെങ്കില്‍ അത് മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനം അല്ലേ?

    ReplyDelete
  3. മാഷേ
    പാക്കിസ്ഥാന്‍ അനുദിനം പടുകുഴിയിലേക്ക് വീണുകൊണ്ടിരിക്കുന്നു എന്നതില്‍ യാതൊരു സംശയവും ഇല്ല. ഈയിടെ ഒരു ടോക്ക് ഷോ കാണാന്‍ ഇടയായി.അതില്‍ പാകിസ്ഥാനെ പ്രതിനിധീകരിച്ചു കുറെ പേരും ഉണ്ടായിരുന്നു. ഡെമോക്രസി യെ കുറിച്ച് ചില സംഭാഷണങ്ങള്‍ നടന്നപ്പോള്‍ താങ്ങള്‍ പറഞ്ഞ പോലെ പാകിസ്ഥാനിലെ ഡെമോക്രസി എത്ര അധപധിചിരിക്കുന്നു എന്നാ കാര്യം ചര്‍ച്ച ചെയ്യുക ഉണ്ടായി. അപ്പോള്‍ അവിടുത്തെ ആളുകള്‍ പ്രതികരിച്ചത് ഇങ്ങനെയാണ് "അതൊരു വല്യ ന്യൂസ് അല്ല ഞങ്ങളെ സംബന്ധിച്ചിടത്തോളം" എന്ന്...അവര്‍ പോലും മു‌ക്ക് കൊണ്ട് ക്ഷ വരയ്ക്കുകയാണ്.
    ഇങ്ങനെ പടുകുഴിയിലേക്ക് പോകുന്ന പാകിസ്ഥാനാണ് ഇന്ത്യയ്ക്ക് ഏറ്റവും അപകടകരം. പാക്കിസ്ഥാന്റെ വളര്‍ച്ച മാത്രമേ ഇന്ത്യയെ തീവ്രവാദത്തിന്റെ കരങ്ങളില്‍ നിന്നും രക്ഷിക്കയുള്ളു.....യുദ്ധം എന്നതൊന്നും ഒരിക്കലും ഒരു പോംവഴി ആകുന്നില്ല....

    Divya

    ReplyDelete
  4. മാതാന്ധത മൂലം (ഏതു മതം ആയാലും) ഈ നടക്കുന്നതെല്ലാം എത്രത്തോളം അശുഭകരം ആണോ അത്രത്തോളം അശുഭകരമാണ് മതത്തിന്റെ മാസ്മരികതയില്‍ പെട്ടുപോയവരെ യാഥാര്‍ത്ഥ്യം ബോധ്യപ്പെടുത്താന്‍ കഴിയുന്നില്ല എന്നത്.

    തങ്ങളുടെ മതമാണ്‌ ഉത്കൃഷ്ടം, അതാണ്‌ ശാസ്ത്രം, അതാണ്‌ ശരിയായ ജീവിതരീതി, മത മേലാളന്മാര്‍ പറയുന്നത് മാത്രമാണ് ശരി എന്ന് കണ്ണടച്ച് വിശ്വസിച്ച് മതത്തിന് വേണ്ടി സ്വന്തം ജീവന്‍ നല്‍കാനും, മറ്റാളുകളുടെ ജീവന്‍ എടുക്കാനും തയ്യാറായി നില്‍ക്കുന്നവരോട് എത്ര ഉദാഹരണ സഹിതം പറഞ്ഞു മനസിലാക്കാന്‍ ശ്രമിച്ചാലും അവര്‍ക്ക് മനസിലാകാന്‍ പോകുന്നില്ല.

    പാക്കിസ്ഥാന്റെ ഇന്നത്തെ അവസ്ഥക്ക് കാരണമെന്തെന്നു മനസിലാക്കാതെ, അയല്‍ രാജ്യമായ നമ്മെ അതെത്രമാത്രം ബാധിക്കുമെന്ന് മനസിലാക്കാതെ, ഇതെല്ലാം പറയുന്നയാളെ പരിഹസിച്ചു സന്തോഷം കണ്ടെത്തുന്നതു തന്നെ അതിനു ഏറ്റവും നല്ല ഉദാഹരണം.

    എനിക്ക് മനസിലായടുത്തോളം ഹിന്ദു, മുസ്ലിം സമുദായത്തില്‍ ഉള്ളവര്‍ക്ക് (ഇവരാണല്ലോ പ്രധാനമായും നമ്മുടെ രാജ്യത്ത് പരസ്പരം കടിച്ചുകീറാന്‍ നില്‍ക്കുന്നത്) സമൂഹത്തില്‍ തങ്ങള്‍ക്കുള്ള സുരക്ഷിതത്വത്തെ കുറിച്ചുള്ള ഉത്ക്കണ്ഠയാവാം അവരെ അങ്ങിനെ ചിന്തിപ്പിക്കുന്നത് എന്നു തോന്നുന്നു.

    അവര്‍ക്ക് ഒരാശ്വാസം മതത്തിന്റെ പേരിലുള്ള കൂട്ടായ്മയാണ്, ആ ഒരു സംഘടിത ശക്തി. അതുകൊണ്ടാവാം മതം എന്നു പറയുമ്പോഴേ ഇക്കൂട്ടര്‍ ഇത്രമേല്‍ വികാരം കൊള്ളുന്നത്‌.

    ReplyDelete
  5. ശ്രീ. സുകുമാരന് , ഇപ്പോള്‍ പാകിസ്താനും ഇന്ത്യയും തമ്മില്‍ ഒരു യുദ്ധം വേണമെന്ന് തോന്നുന്നു.അവസാന വരികള്‍ അതാണല്ലോ സൂച്പ്പിക്കുന്നത്. പലപ്പോഴായി പല പോസ്റ്റുകളിലും മുസ്ലിം വിരോധം അറിയാതെ മറ നീക്കി പുറത്ത് വരിക എന്നുള്ളത് ശ്രീ.സുകുമാരന്റെ ഒരു ബലഹീനതയാണ്. “മദ്രസയില്‍ അസഹിഷ്ണുതതന്നെയേ പഠിപ്പിക്കാന്‍ സാധ്യതയുള്ളൂ “എന്നൊക്കെ കാച്ചി വിടുന്നതിന്റെ ഉദ്ദേശം അതാണ്. കാക്കി ട്രോഉസര്‍ ഇടക്ക് ഇടക്ക് ഇങ്ങനെയൊകെയാല്ലാതെ പുറത്ത് കാണിക്കന്‍ വേറെ മാര്‍ഗ്ഗമില്ലല്ലോ അല്ലേ ?

    പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള പ്രശ്നങ്ങളുടെ കാതല്‍ കാശ്മീര്‍ ആണ്. അത് ഒരു പുണ്ണുപോലെ പഴുത്ത് നാറാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ഏറെയായി. അതിന് ഒരു പരിഹാരവും ഇല്ല എന്ന് തന്നെ വെക്കാം. ഇന്ത്യ ഒരു യുദ്ധവിമാനം വാങ്ങുമ്പൊള്‍ പാകിസ്ഥാന്‍ 2 എണ്ണം വാങ്ങും. പാകിസ്ഥാന്‍ ഒരു മിസൈല്‍ പരീക്ഷിക്കുമ്പോള്‍ ഇന്ത്യ 9 എണ്ണം പരീക്ഷിക്കും. ചുരുക്കി പറഞ്ഞാല്‍ ഇക്കഴിണ്‍ജ ബജറ്റില്‍ തുകയുടെ 55 % പ്രതിരോധ മേഖലക്കാണ് ഇന്ത്യ മാറ്റി വെച്ചിട്ടുള്ളത്. പാകിസ്ഥാനും ഒട്ടും മോശമല്ല. ഇനി ശ്രീ.സുകുമാരന്റെ ആശ പോലെ ഒരു യുദ്ധമുണ്ടായാല്‍ എന്താണവസ്ഥ എന്ന് ആവേശതിമിര്‍പ്പിനിടയില്‍ ബുദ്ധിരാക്ഷസനായ സുകുമാര്‍ എന്ന് അശാസ്ത്രജ്ഞന്‍ ആലോചിച്ചിട്ടുണ്ടോ എന്നറിയില്ല.
    ചുരുക്കി പറഞ്ഞാല്‍ പാകിസ്ഥാന്‍ രാഷ്ട്രീയത്തില്‍ ബാഹ്യ ശക്തികള്‍ക്കുള്ള പങ്ക് ചെറുതല്ല. അതില്‍ ആയുധ ഇടപാടുകാര്‍ മുതല്‍ സാമ്രാജ്യത്ത ശക്തികള്‍ വരെ പങ്ക് കാരാണെന്ന് വ്യക്തം. മൂന്ന് നേരം ഉണ്ണാനില്ലാത്തവരുടെ കയ്യില്‍ ആയിരങ്ങള്‍ വില വരുന്ന തോക്കുകള്‍ വരാന്‍ തൂടങ്ങിയത്. താലിബാനെ ആയുധമണിയിച്ചതിലുള്ള CIA പങ്ക് മുതല്‍ കൂട്ടി പറയണം. അല്ലാതെ ഇങ്ങനെ ആവേശം കൊള്ളരുത് സാറെ. അങ്ങനെ പറഞ്ഞ് വരുമ്പോള്‍ എല്ലാം പറയണം. ഈ ആവേശം എല്ലാത്തിലും കാണണം.

    NB : അല്‍ഭുത കുട്ടി പറഞ്ഞ മദ്രസകള്‍ മലപ്പുറം ജില്ലയില്‍ ഉണ്ടോ എന്ന് എനിക്കറിയില്ല , സുകുമാരന് വേണമെങ്കില്‍ 100 മദ്രസകളെ ഞാന്‍ കാണിച്ചു തരാം. അവിടെ അസഹിഷ്ണുത പഠിപ്പിക്കുന്നുണ്ടോ എന്ന് നേരില്‍ കണ്ട് മനസ്സിലാക്കാമല്ലോ.

    ഓടോ : പ്രായം കൂടുമ്പോള്‍ ബുദ്ധി കുറയാറുണ്ട് എന്ന് ഇപ്പോള്‍ ഈ പോസ്റ്റ് വായിച്ചപ്പോള്‍ മനസ്സ്ലിലായി.
    ഇന്ത്യയിലുള്ള മുസ്ലിംഗളെല്ലാം പാകിസ്ഥാന്‍ വാദികളാണെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ അങ്ങനെ ഒരു വാദിയാണ് ഇതെന്ന് കരുതിയാല്‍ മതി. റസൂല്‍ പൂകുട്ടി, എ.ആര്‍.റഹ്മാന്‍, എപിജെ അബ്ദുള്‍കലാം എന്നവരാണ് ഇതില്‍ നിന്ന് ഒഴിവുള്ളവര്‍.

    ReplyDelete
  6. ജോകര്‍ പറഞ്ഞതില്‍ ഒരു കാര്യ ഉണ്ട്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള അടി കാരണം സന്തോഷിക്കുന്നത് അമേരിക്ക മാത്രം ആണ്. കാരണം ഈ രണ്ടു കൂട്ടരും ആയുധം മുഴുവന്‍ വാങ്ങുന്നത് അവിടെ നിന്നാണ്. ഇന്ത്യയുടെ ആകെ വരുമാനത്തിന്റെ 15 ശതമാനവും പാക്കിസ്ഥാന്റെ ആകെ വരുമാനത്തിന്റെ 40 ശതമാനവും ആയുധം വാങ്ങാന്‍ ആണ് ഉപയോഗിക്കുന്നത്. ഈ രണ്ടു രാജ്യങ്ങള്‍ക്കും തങ്ങളുടെ എല്ലാ ഗ്രാമങ്ങളിലും ശുദ്ധ ജലവും വൈദ്യുതിയും എത്തിക്കാന്‍ കഴിയാത്തപ്പോള്‍ ആണ് ഇത് നടക്കുന്നത്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങള്‍ തീര്‍ന്നാല്‍ ഈ ആയുധ കച്ചവടത്തിനുള്ള അവസരം നഷ്ടപ്പെടുന്ന അമേരിക്ക ആയിരിക്കും ഏറ്റവും കൂടുതല്‍ സംഗടപ്പെടുന്നത്.

    ReplyDelete
  7. പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള പ്രശ്നങ്ങളുടെ കാതല്‍ കാശ്മീര്‍ ആണ് എന്ന് ജോക്കറ് പറഞ്ഞത് എന്തടിസ്ഥാനത്തിലാണെന്ന് എനിക്കറിയില്ല. ഇന്ത്യയുടെ മണ്ണില്‍ നിന്ന്കൊണ്ട് ആര്‍ക്കെങ്കിലും അങ്ങനെ പറയാന്‍ കഴിയുകയുമില്ല. കാഷ്മീരിന്റെ ഏകദേശം പകുതിയോളം ഭാഗം ഇപ്പോഴും അനധികൃതമായി പാക്കിസ്ഥാന്‍ കൈയ്യടക്കിവെച്ചിരിക്കുകയാണ്. അതാണോ ജോക്കറ് ഉദ്ദേശിച്ചിരിക്കുക?

    1947ആഗസ്റ്റ് പതിനഞ്ചിന് പാക്കിസ്ഥാനും ഇന്ത്യന്‍ യൂനിയനും നിലവില്‍ വന്നു. മുസ്ലീം ഭൂരിപക്ഷപ്രദേശങ്ങളായ പശ്ചിമപാക്കിസ്ഥാനും പൂര്‍വ്വപാക്കിസ്ഥാനുമായിരുന്നു അവര്‍ക്ക്. കാഷ്മീര്‍ കൂടി തങ്ങള്‍ക്ക് വേണം എന്ന് പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടിരുന്നോ? ഇല്ലല്ലൊ. മഹാരാജാ ഹരിസിങ്ങ് ആയിരുന്നു അന്ന് കാഷ്മീരിലെ രാജാവ്. ഏത് രാജ്യത്ത് ചേരണം അഥവാ സ്വയം പരമാധികാരരാജ്യമായി നിലനില്‍ക്കണോ എന്നൊക്കെ കാഷ്മീരിലെ ജനങ്ങള്‍ തീരുമാനിക്കട്ടെ എന്നാണ് മുഹമ്മദലി ജിന്ന പറഞ്ഞിരുന്നത്. ഇന്ത്യയിലെ നാട്ടുരാജ്യങ്ങള്‍ മുഴുവന്‍ ഇന്ത്യന്‍ യൂനിയനില്‍ ലയിക്കണമെന്ന് അന്നത്തെ ആഭ്യന്തരമന്ത്രി പട്ടേല്‍ നിര്‍ബ്ബന്ധിക്കുകയും അപ്രകാരം എല്ലാ നാട്ടുരാജ്യങ്ങളെയും ഇന്ത്യന്‍ യൂനിയനില്‍ ലയിപ്പിക്കുകയും ചെയ്തു. അപ്പോഴും കാഷ്മീരിനെ ഇന്ത്യന്‍ യൂനിയനില്‍ ലയിപ്പിക്കണം എന്ന് പട്ടേല്‍ മഹാരാജാ ഹരിസിങ്ങിനോട് ആവശ്യപ്പെട്ടോ? ഇല്ല. കാഷ്മീര്‍ സ്വയം പരമാധികാരരാജ്യമായി തുടരും എന്ന് ഹരിസിങ്ങ് പ്രഖ്യാപിച്ചു. പിന്നെന്താ പ്രശ്നം? പാക്കിസ്ഥാന് കാഷ്മീരില്‍ എന്ത് കാര്യം?

    എന്നാല്‍ 1947 ഒക്ടോബര്‍ 20ന് പഥാന്‍ ഗോത്രവര്‍ഗ്ഗക്കാരുടെ സഹായത്തോടെ പാക്കിസ്ഥാന്‍ പട്ടാളം കാഷ്മീരിനെ ആക്രമിച്ചു. ഹരിസിങ്ങിന്റെ സൈന്യത്തിന് ചെറുത്ത് നില്‍ക്കാന്‍ കഴിഞ്ഞില്ല. ഇന്ത്യന്‍ സര്‍ക്കാര്‍ ഇടപെട്ടുമില്ല. ഏകദേശം കാഷ്മീരിന്റെ പകുതിയോളം പാക്കിസ്ഥാന്‍ പിടിച്ചു. ഏത് നിമിഷവും കാഷ്മീര്‍ വീഴുമെന്ന അവസ്ഥയില്‍ ഹരിസിങ്ങ് ഇന്ത്യന്‍ സര്‍ക്കാരിന്റെ സഹായം അഭ്യര്‍ത്ഥിച്ചു. നിരുപാധികസഹായത്തിന് ഇന്ത്യന്‍സര്‍ക്കാര്‍ സന്നദ്ധമായിരുന്നില്ല. അങ്ങനെ ഉപാധികളോടെ ഇന്ത്യന്‍ യൂനിയനില്‍ ലയിക്കാന്‍ തയ്യാറാണെന്ന് ഹരിസിങ്ങ് രേഖാമൂലം സമ്മതിച്ചു. ഷെയിക്ക് അബ്ദുള്ളയെ ഇടക്കാല പ്രധാനമന്ത്രിയാക്കാമെന്നും ധാരണയായി. അങ്ങനെ ഒക്ടോബര്‍ 26ന് കാഷ്മീര്‍ ഇന്ത്യന്‍ യൂനിയനില്‍ ഔപചാരികമായി ലയിക്കുകയും അന്ന് തന്നെ ഇന്ത്യന്‍ പട്ടാളം കാഷ്മീരിന്റെ രക്ഷക്കെത്തുകയും ചെയ്തു.

    മുസ്ലീം ഭൂരിപക്ഷപ്രദേശമായ കാഷ്മീര്‍ അന്ന് ഭരിച്ചിരുന്നത് ഹിന്ദുരാജാവായ ഹരിസിങ്ങ് ആയിരുന്നുവെന്നും അവിടത്തെ മുസ്ലീം ജനസാമാന്യത്തിന്റെ അനിഷേധ്യനേതാവായിരുന്ന ഷെയിക്ക് അബ്ദുള്ള കാഷ്മീര്‍ പാക്കിസ്ഥാനോടൊപ്പം ലയിക്കാന്‍ ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല എന്നും ഇന്ന് അതേ ഷെയിക്ക് അബ്ദുള്ളയുടെ പൌത്രന്‍ ഒമര്‍ അബ്ദുള്ളയാണ് കാഷ്മീരിലെ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രി എന്നു കൂടി ഓര്‍ക്കുക.

    ഇന്ത്യന്‍ പട്ടാളം കാഷ്മീരില്‍ എത്തിയ ഉടനെ പാക്കിസ്ഥാന്‍ ഏകപക്ഷീയമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. എന്നാല്‍ അധിനിവേശം നടത്തിയ കാഷ്മീരിന്റെ പ്രദേശത്ത് നിന്ന് സൈന്യത്തെ പിന്‍‌വലിക്കാന്‍ കൂട്ടാക്കിയില്ല. അന്യാധീനപ്പെട്ട പ്രദേശം തിരിച്ചുപിടിക്കാ‍ന്‍ നമ്മുടെ പട്ടാളത്തിന് ഉത്തരവ് നല്‍കിയുമില്ല. എന്നിട്ട് 1948ല്‍ ഇന്ത്യ ഐക്യരാഷ്ട്രസഭയില്‍ രേഖാമൂലം പരാതി നല്‍കി. പാക്കിസ്ഥാന്റെ ആക്രമണം അവസാനിപ്പിക്കണമെന്നും കൈവശപ്പെടുത്തിയ ഭൂപ്രദേശത്ത് നിന്ന് പട്ടാളത്തെ പിന്‍‌വലിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട്.

    1948 ഏപ്രിലില്‍ യു.എന്‍.സെക്യൂരിറ്റി കൌണ്‍സില്‍ പ്രമേയം പാസ്സാക്കി. കാഷ്മീര്‍ ജനതയുടെ ഭാഗധേയം നിര്‍ണ്ണയിക്കാന്‍ കാഷ്മീരില്‍ ഒരു റഫറണ്ടം അതായത് ജനഹിതപരിശോധന നടത്തണം. അതിന് മുന്‍പ് പാക്കിസ്ഥാന്‍ അധിനിവേശകാഷ്മീരില്‍ നിന്ന് വിലകിപ്പോകണം.കാഷ്മീരില്‍ പാക്കിസ്ഥാന് യാതൊരു അവകാശമില്ലെന്നും അതിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഒരു വിധത്തിലും ഇടപെടരുതെന്നും കര്‍ശനമായി നിര്‍ദ്ദേശിക്കുകയും ചെയ്തു. ജനഹിതപരിശോധന നടത്താന്‍ പ്രമേയം ഇന്ത്യാ ഗവണ്മെന്റിനെ ചുമതലപ്പെടുത്തുകയും ചെയ്തു.

    എന്നാല്‍ പാക്കിസ്ഥാന്‍ പിടിച്ചെടുത്ത കാഷ്മീര്‍ വിട്ടുതന്നോ? സൈന്യത്തെ പിന്‍‌വലിച്ചോ? ഇല്ല. അങ്ങനെ ആ ജനഹിതപരിശോധന നടക്കാതെ പോയി. ഇന്നും ആ പ്രദേശം പാക്കിസ്ഥാന്റെ അധീനതയിലാണ്. അതാണ് പി.ഓ.കെ. അഥവാ പാക്കധീന കാഷ്മീര്‍.

    പാക്കിസ്ഥാന്‍ അധിനിവേശം നടത്തിയ ആ കാഷ്മീരില്‍ നിന്ന് അവര്‍ ഒഴിഞ്ഞുപോയി മുഴുവന്‍ കാഷ്മീരികളെയും പങ്കെടുപ്പിച്ചുകൊണ്ട് ഒരു റഫറണ്ടം ഐക്യരാഷ്ട്രപ്രമേയം അനുസരിച്ചു നടത്തിയിരുന്നുവെങ്കില്‍ തീര്‍ച്ചയായും അന്ന് കാഷ്മീര്‍ ജനത ഇന്ത്യന്‍ യൂനിയന്റെ ഭാഗമാകാന്‍ വിധിയെഴുതുമായിരുന്നു. അതെന്തോ ആകട്ടെ. കാഷ്മീര്‍ പ്രശ്നം അന്താരാഷ്ട്രവേദികളില്‍ ഉന്നയിക്കുമ്പോഴൊക്കെ പാക്കിസ്ഥാന്‍ ഈ നടക്കാതെ പോയ ജനഹിതപരിശോധനയെപ്പറ്റിയാണ് പറയുക. പാക്കിസ്ഥാന്റെ പകുതിഭാഗം തങ്ങള്‍ കൈവശം വെച്ചിരിക്കുകയാണെന്നും അതൊഴിഞ്ഞുകൊടുക്കുകയെന്നത് ജനഹിതപരിശോധനയുടെ മുന്നുപാധിയായിരുന്നു എന്നത് പാക്കിസ്ഥാന്‍ മറച്ചുപിടിക്കുകയും ഇന്ത്യയ്ക്ക് ഫലപ്രദമായി ഈ സത്യം വിളിച്ചുപറയാന്‍ കഴിയാതെ വരികയും ചെയ്തു.

    കാലം കുറെ കടന്നുപോയി. ചരിത്രത്തിലെ പല തെറ്റുകളും വര്‍ത്തമാനത്തില്‍ തിരുത്താന്‍ കഴിയില്ലെന്ന് വന്നേക്കാം. എന്നാലും ജോക്കറ് പറഞ്ഞ പോലെ കാഷ്മീര്‍ എങ്ങനെയാണ് ഇന്ത്യാ-പാക്കിസ്ഥാന്‍ പ്രശ്നത്തിന്റെ കാതലാവുക? കാഷ്മീരിന്റെ 40 ശതമാനത്തോളം ഭൂപ്രദേശം ഇപ്പോഴും അനധികൃതമായി പാക്കിസ്ഥാന്‍ കൈവശം വെച്ചുകൊണ്ടിരിക്കുന്നു എന്നതല്ലെ യഥാര്‍ത്ഥ കാഷ്മീര്‍ പ്രശ്നം. ആ പ്രദേശത്തിന്റെ ഒരു ഭാഗം പാക്കിസ്ഥാന്‍ ചൈനയ്ക്ക് ദാനം കൊടുത്തിട്ടുണ്ട്. ചൈനയില്‍ നിന്ന് പാക്കിസ്ഥാനിലേക്ക് റോഡ് നിര്‍മ്മിക്കാന്‍!

    ReplyDelete
  8. ഇപ്പോള്‍ അവിടെ ഒരു റഫറണ്ടം നടത്തിയാല്‍ ഭൂരിപക്ഷം പേരും പാക്കിസ്ഥാനില്‍ ലയിക്കണം എന്ന് പറയുമെന്നാണ് എനിക്ക് തോന്നുന്നത്. കാശ്മീരി പണ്ഡിറ്റുകള്‍ ഒത്തിരി പേര്‍ അവിടെ നിന്നും ഓടി പോകേണ്ടി വന്നിട്ടുണ്ടെന്ന കാര്യം ഓര്‍ത്തു കൊണ്ട് തന്നെയാണിതെഴുതുന്നത്.

    ReplyDelete
  9. സുവി എന്താണ് പറയുന്നത്? എവിടെ റഫറണ്ടം നടത്താന്‍? ഞാന്‍ പറഞ്ഞല്ലൊ പാക്കധീന കാഷ്മീര്‍ നമുക്കവകാശപ്പെട്ട ഭൂപ്രദേശമാണ്. അതൊഴിവാക്കി ഇന്നത്തെ ശിഷ്ട കാഷ്മീരില്‍ മാത്രം റഫറണ്ടം നടത്താനോ? സുവി പറഞ്ഞ ഒരു കാര്യം ശരിയാണ് അവിടത്തെ ഡിമോഗ്രാഫിയില്‍ കാര്യമായ മാറ്റം വന്നിട്ടുണ്ട്. എന്നാല്‍ തന്നെയും ജനഹിതപരിശോധന നടത്തിയാല്‍ ഭൂരിപക്ഷം പാക്കിസ്ഥാനില്‍ ലയിക്കണം എന്ന് പറയുകയില്ല. അതിന് ധാരാളം ഘടകങ്ങള്‍ പരിഗണിക്കാനുണ്ട്. പാക്കിസ്ഥാന്‍ ശരിക്ക് പറഞ്ഞാല്‍ ഇന്നൊരു മുങ്ങുന്ന കപ്പലാണ്. മതത്തിന്റെ പേരിലാണല്ലൊ ആ രാഷ്ട്രം ജന്മം കൊണ്ടത്. എന്നിട്ട് മതം അവിടത്തെ ജനങ്ങള്‍ക്ക് സമാധാനപൂര്‍ണ്ണമായ ഒരു ജീവിതം നല്‍കിയോ? ഇല്ല. ലോകത്ത് തന്നെ ഇന്ത്യയിലാണ് മുസ്ലീം ജനത സമാധാനം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത്. മറ്റൊന്ന് കാഷ്മീരില്‍ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാന്‍ തീവ്രവാദികള്‍ ആഹ്വാനം ചെയ്തിട്ടും അവിടത്തെ പൌരസമൂഹം മരം കോച്ചുന്ന തണുപ്പിലും ക്യൂ നിന്ന് വോട്ട് ചെയ്ത് ജനാധിപത്യധാരയില്‍ അണി ചേര്‍ന്നില്ലെ. മതേതര-ജനാധിപത്യ സെറ്റപ്പില്‍ മാത്രമേ മതവും ദേശീയതയും ഏതായാലും ജനങ്ങള്‍ക്ക് പുരോഗതിയും സമാധാനവും ഉറപ്പാക്കാന്‍ കഴിയൂ എന്നതിന് തെളിവല്ലെ നമ്മുടെ ഇന്ത്യ?

    കാഷ്മീര്‍ കാര്യത്തില്‍ 1947ല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഗുരുതരമായ ചില തെറ്റുകള്‍ ചെയ്തു. അതിന്റെ ഫലമായിട്ടാണ് ജോക്കറ് മേലെ ചൂണ്ടിക്കാട്ടിയ പോലെ കാഷ്മീര്‍ പ്രശ്നം പുണ്ണുപോലെ പഴുത്ത് നാറാന്‍ ഇടയായത്. ഒന്ന് പാക്കിസ്ഥാന്‍ സൈന്യവും പഥാന്‍ ഗോത്രവര്‍ഗ്ഗക്കാരും ചേര്‍ന്ന് കാഷ്മീരിനെ ആക്രമിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ കാഷ്മീരിനെ രക്ഷിക്കാന്‍ ഇന്ത്യന്‍ സൈന്യത്തെ അയച്ചില്ല. ശത്രുസൈന്യം മുന്നേറുമ്പോഴും ഇന്ത്യ കാഴ്ചക്കാരനായി നോക്കിനിന്നു. പിന്നെ ഹരിസിങ്ങ് ആഭ്യന്തരസുരക്ഷ,വിദേശകാര്യം,കറന്‍സി തുടങ്ങിയവ ഇന്ത്യാഗവണ്മെന്റിനെ ഏല്പിച്ച് കരാറുണ്ടാക്കിയശേഷം കാഷ്മീരിലെത്തിയ പാട്ടാളത്തെ ഉപയോഗിച്ചു പാക്കിസ്ഥാന്‍ സൈന്യത്തെ അധിനിവേശകാഷ്മീരില്‍ നിന്ന് തുരത്തിയില്ല. തീര്‍ച്ചയായും അന്ന് ഇന്ത്യന്‍ പട്ടാളത്തിന് അത് സാധിക്കുമായിരുന്നു. താരതമ്യേന കൂടുതല്‍ അംഗബലമുള്ള സൈന്യം അന്ന് ഇന്ത്യയ്ക്കായിരിക്കുമല്ലൊ. അതൊന്നും ചെയ്യാതെ പരാതിയുമായി ഐക്യരാഷ്ട സഭയില്‍ ചെന്നു. ഒരു മധ്യസ്ഥന്റെ റോളില്‍ അന്നു യു.എന്‍. പാക്കിസ്ഥാനോട് അധിനിവേശകാഷ്മീരില്‍ നിന്ന് ഒഴിഞ്ഞു പോകാനും ഇന്ത്യയോട് അവിഭക്ത കാഷ്മീരില്‍ റഫറണ്ടം നടത്താനും ആവശ്യപെട്ടു.

    എന്തിന് റഫറണ്ടം? കാഷ്മീര്‍ നിയമപ്രകാരം കരാറുണ്ടാക്കി ഇന്ത്യന്‍ യൂനിയനില്‍ ലയിച്ചതായിരുന്നു. അനേകം നാട്ടുരാജ്യങ്ങള്‍ ഹൈദരാബാദ് നൈസാമടക്കം അങ്ങനെയാണ് ഇന്ത്യന്‍ യൂനിയനില്‍ ലയിച്ചത്. ഒരു വാദത്തിന് വേണ്ടി റഫറണ്ടം സമ്മതിച്ചാല്‍ തന്നെയും അത് അവിഭക്തകാഷ്മീരിലല്ലെ നടത്തേണ്ടത്? ഈ ചോദ്യത്തിന് ഇന്നും പ്രസക്തിയുണ്ട്. കാരണം കാഷ്മീരിന്റെ പകുതിയോളം ഇന്നും അന്യായമായി പാക്കിസ്ഥാന്റെ അധീനതയിലാണ്.

    കാഷ്മീര്‍ സ്വതന്ത്രരാജ്യം ആവണമെന്ന ആവശ്യം ഉനയിച്ചുകൊണ്ടു പോരാടുന്ന വിഭജനവാദികള്‍ കാഷ്മീരിലുണ്ട്. അത് അവിടെ മാത്രമല്ല മണിപ്പൂര്‍,നാഗാലന്റ് തുടങ്ങിയ വടക്ക് കിഴക്കന്‍ മേഖലയിലുമുണ്ട്. അതൊക്കെ ഇന്ത്യയുടെ ആഭ്യന്തരപ്രശ്നം. ഇതില്‍ പാക്കിസ്ഥാന് എന്ത് കാര്യം? ജോക്കറ് പറഞ്ഞല്ലൊ കാഷ്മീരാണ് ഇന്ത്യാ-പാക്കിസ്ഥാന്‍ പ്രശ്നത്തിന്റെ കാതല്‍ എന്ന്. ഞാന്‍ ആവര്‍ത്തിക്കുന്നു. ഇന്ത്യന്‍ മണ്ണില്‍ വെച്ച് ആരും അങ്ങനെ പറയില്ല. പാക്കിസ്ഥാനില്‍ വെച്ച് ആരെങ്കിലും അങ്ങനെ പറഞ്ഞാല്‍ അത് അരിയും തിന്ന് ആശാരിച്ചിയെയും കടിച്ചു പിന്നെയും പട്ടിക്ക് മുറുമുറുപ്പ് എന്ന പോലെയാണ്. അനധികൃതമായി കാഷ്മീരിന്റെ പകുതി കൈവശം വയ്ക്കുക എന്നിട്ട് പിന്നെയും കാഷ്മീര്‍ പ്രശ്നമോ? അതാണ് ഞാന്‍ പറയുന്നത് നമ്മുടെ ശുദ്ധഗതിയും സഹനവും ദുഷ്ടന്റെ ഫലമാണ് ചെയ്യുന്നത്. ഇപ്പറയുന്നത് ഞാന്‍ യുദ്ധത്തിന് ആഹ്വാനം ചെയ്യുകയാണെന്ന് ദുര്‍വ്യാഖ്യാനം ചെയ്യുകയൊന്നും വേണ്ട. ഒരു സത്യം പറയുന്നു എന്ന് മാത്രം. സ്വന്തം പ്രശ്നം വരുമ്പോള്‍ ഒരു രാജ്യം എങ്ങനെയൊക്കെയാണ് പെരുമാറുകയെന്ന് ചൈനയെ കണ്ട് പഠിക്കണം. അത്രയൊന്നും നമുക്ക് പറ്റില്ല. എന്നാലും ഇതൊക്കെ ആളുകള്‍ അറിയുകയെങ്കിലും വേണ്ടേ?

    ReplyDelete
  10. കാഷ്മീര്‍ കാര്യത്തില്‍ ഇടപെടേണ്ട യാതൊരു അവകാശവും പാക്കിസ്താനില്ല എന്ന് ചരിത്രപരമായ വസ്തുതകള്‍ നിരത്തി സമര്‍ത്ഥിക്കുകയായിരുന്നു ഞാന്‍. അതല്ല കാഷ്മീരില്‍ മുസ്ലിംകളാണ് ഭൂരിപക്ഷം എന്നതിനാല്‍ തങ്ങള്‍ക്ക് അവകാശമുണ്ട് എന്നാണെങ്കില്‍ ലോകമുസ്ലീംകളുടെ രക്ഷാകര്‍ത്താവാണോ പാകിസ്ഥാന്‍? അവിടെ തന്നെയുള്ള മുസ്ലീംകളുടെ പ്രശ്നം പാക്കിസ്താന്‍ പരിഹരിച്ചോ?

    ചരിത്രത്തില്‍ പിറകോട്ട് പോയി ചില തെറ്റുകള്‍ തിരുത്താന്‍ കഴിയില്ല എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. പാക്കിസ്താന്‍ കൈവശം വെക്കുന്ന പാക്കിസ്താന്‍ ഒക്യൂപ്പൈഡ് കാഷ്മീരും ചൈന അനധികൃതമായി കൈവശം വെക്കുന്ന അക്സായിചിന്‍ പ്രദേശവും തിരിച്ചുപിടിക്കണം എന്ന് പോലും ഞാന്‍ പറഞ്ഞിട്ടില്ല. വിഭജനവാദവും തീവ്രവാദവും ഇന്ന് ഏറെക്കുറെ മിക്ക രാജ്യങ്ങളും അഭിമുഖീകരിക്കുന്നുണ്ട്. ചിന്തിക്കുന്നവര്‍ക്ക് ഇത് രണ്ടും അംഗീകരിക്കാന്‍ കഴിയില്ല. പാക്കിസ്താനും ഇത് നേരിടുന്നുണ്ട്.അത് അവരുടെ ആഭ്യന്തരകാര്യം. കാഷ്മീര്‍ പ്രശ്നം തികച്ചും ഇന്ത്യയുടെ ആഭ്യന്തരകാര്യമാണ്. അതില്‍ അയല്‍ രാജ്യം ഇടപെടുന്നത് ശരിയല്ല. ഭൂമിശാസ്ത്രപരമായി കുറെ പ്രദേശങ്ങള്‍ അന്യാധീനപ്പെട്ടുപോയത് ഇന്ത്യയ്ക്കാണ്. എന്നിട്ടും നമ്മള്‍ അന്താരാഷ്ട്രമര്യാദകള്‍ ലംഘിക്കുന്നില്ല.

    പിന്നെ ചിലര്‍ക്ക് കാഷ്മീര്‍ സ്വതന്ത്രരാജ്യമാവണമെന്നും മറ്റ് ചിലര്‍ക്ക് കാഷ്മീര്‍ പാക്കിസ്താനില്‍ ലയിക്കണമെന്നുമുണ്ടെങ്കില്‍ അത് ഏതായാലും നാം വകവെച്ചുകൊടുക്കുകയില്ല. ഏത് രാജ്യവും അത് അനുവദിക്കുകയില്ല. അത്തരം വെല്ലുവിളികള്‍ നേരിടാന്‍ മാത്രം ഇന്ത്യ ശക്തമാണ്. 1947ല്‍ പാക്കിസ്താന്‍ നേതൃത്വം കണക്ക് പറഞ്ഞു പാക്കിസ്താന്‍ ഇന്ത്യയെ വിഭജിച്ച് വാങ്ങിപ്പോയതാണ്. അങ്ങനെ കണക്ക് പറയുമ്പോള്‍ ഒരു ഘട്ടത്തിലും കാഷ്മീര്‍ കൂടി വേണം എന്ന് ആവശ്യപ്പെട്ടിട്ടില്ല. എന്നിട്ടും ചതിയിലൂടെ കാഷ്മീരിന്റെ കുറെ ഭാഗം കൈവശപ്പെടുത്തി. ഇന്ത്യ സ്വാതന്ത്ര്യപ്രാപ്തിയ്ക്ക് ശേഷം ആരുടെയെങ്കിലും ഭൂമി കൈയ്യേറി കൈവശപ്പെടുത്തിയോ? ചൈനയും നമ്മുടെ പ്രദേശം കൈയ്യേറി. ചൈനയില്‍ 1948ല്‍ കമ്മ്യൂണിസ്റ്റ് വിപ്ലവാനന്തരം ചൈന തിബത്തിനെ മൊത്തത്തില്‍ വിഴുങ്ങി എന്നത് മറ്റൊരു പ്രശ്നം.

    ഇന്ത്യയോട് കൂറുള്ള ആരും കാഷ്മീരാണ് ഇന്ത്യാ-പാക്ക് പ്രശ്നത്തിന്റെ മൂലകാരണം എന്ന് പറയില്ല.

    ReplyDelete
  11. പാകിസ്ഥാനെന്ന രാഷ്ട്രത്തിന്റെ തകര്‍ച്ചയും അസ്വസ്തതകളും ഇന്ത്യയെ ബാധിക്കുമെന്നുള്ളതു സത്യമാണ്. അങനെ സര്‍വ്വമേഖലകളിലും തകരുന്ന ഒരു രാഷ്ടത്തിന്റെ ശൃഷ്ടിയില്‍ നമുക്കു ഒരു പങ്കുമില്ലേ? തീര്‍ച്ചയായും പാകിസ്ഥാനില്‍ ഇന്ത്യാവിരുദ്ധവികാരം ശക്തമായി നില നില്‍ക്കുന്നുണ്ടാവും. ഇന്നും ഒരു രാജ്യം എന്നനിലയില്‍ അതിനെ തകര്‍ന്നടിയാതെ നിര്‍ത്തുന്നതും, മിസൈല്‍‌-ആണവരംഗങളിലെവരെ ആ രാജ്യത്തിന്റെ ഉയര്‍ച്ചകള്‍ക്കും(അതോ താഴ്ചയോ?) കാരണം അതുതന്നെയാകാതെ വഴിയില്ല. നമ്മള്‍ ‘നാനാത്വത്തിലെ ഏകത്വം’ എന്നു വിശേഷിപ്പിക്കുന്ന ഭാരതം എന്നവികാരം പോലെയൊന്നു, എല്ലാ പ്രതിസന്ധികളിലും പാകിസ്ഥാനെ ഒന്നിപ്പിക്കുന്ന ഒന്നു ഒരുപക്ഷെ ‘ഇന്ത്യാ വിരുദ്ധവികാരം’ ആയിരിക്കും.

    ഒരു വലിയ വിഭാഗത്തിനു നമ്മില്‍ നിന്നു വേറിട്ടുപോകാന്‍ മതിയായ അവരുടേതായ കാരണങള്‍ ഉണ്ടായിരിക്കണമല്ലോ? വെറുപ്പോ, ഭയമോ, അടിച്ചമര്‍ത്തലുകളോ, അങനെയെന്തെങ്കിലുമൊക്കെ കാരണങള്‍. ആ‍ കാരണങളില്‍ പലതും നിലനില്‍ക്കുന്നുണ്ടാവും. പിന്നെ നമ്മളുടെ നാടിന്റെ അഞ്ചിലൊന്നുമാത്രം വരുന്ന പ്രദേശം, പലകാരണങളാല്‍ വിഭജിക്കപ്പെട്ടുവന്ന നാട്, നമ്മുടെ ശക്തിയാല്‍ വീണ്ടും വിഭജിക്കപ്പെട്ട നാട്, ജനിച്ചപ്പോള്‍ തന്നെ ശത്രുവെന്നു മുദ്രകുത്തിയ അയല്‍‌രാജ്യം, ഒരിക്കലും അവസാനിക്കാത്ത അതിര്‍ത്തി തര്‍ക്കങള്‍, നമ്മുടെ ഭീമമായ പ്രതിരോധബജറ്റും എല്ലാരംഗങളിലുമുള്ള ഉയര്‍ച്ചയും.... ഇങനെയിങനെ അസൂയയും ഭയവും ചേര്‍ന്ന എത്രയെത്ര കാരണങളുണ്ട് ആ രാജ്യത്തിനു തകര്‍ന്നടിയാന്‍. ഒരു വ്യക്തിക്കു തന്റെ അയല്‍ക്കാരനോട് ഇത്രമാത്രം ഭയവും അസൂയയുമുണ്ടെങ്കില്‍ അവനു രക്ഷപെടാന്‍ കഴിയുമോ??

    ലോകം ഇന്നു വളരെ ചെറുതാണ്. ലോകത്തിലെ ഏതൊരു സ്പന്തനവും എല്ലാ സമൂഹത്തേയും ബാധിക്കും. ശ്രീലങ്കയിലെ അസ്വസ്ഥതകള്‍ നമ്മുടെ നാടിനെ പലപ്പോഴും ഉലച്ചിട്ടില്ലേ? അതുപോലെ പാകിസ്ഥാനും, ചൈനയും, അഫ്ഗാനും, ബംഗ്ലാദേശുമെല്ലാം നമ്മെ ബാധിക്കും. എന്നുവെച്ചു നമുക്കു അവയെ തര്‍ത്തു സുരക്ഷിതത്വം നേടാമെന്നു കരുതുന്നതു വ്യാമോഹം മാത്രമാണ്.

    താലിബാനിസം പോലുള്ള മതാന്ധതകളെ മൌലികവാദം എന്നല്ല പറയേണ്ടതു. ഇസ്ലാമിന്റെ മൌലികതയില്‍ മനുഷ്യത്തരഹിതമായതൊന്നുമില്ല എന്നറിയുക. അകാരണമായി ഒരുവനെ വധിക്കുന്നവന്‍ ഈ മനുഷ്യകുലത്തെ മുഴുവന്‍ വധിച്ചവനാണ് എന്നാണിസ്ലാമിക കാഴ്ചപ്പാട്. അത്തരം നീചപ്രവര്‍ത്തികളെ ഇസ്ലാമിക സമൂഹം അംഗീകരിക്കുന്നുമില്ല. പലപ്പോഴും ആ വക പ്രവര്‍ത്തികളെ മൌലിക ഇസ്ലാമിന്റെ പേരില്‍ എഴുതണമെന്നു പലര്‍ക്കും നിര്‍ബന്ധമുണ്ടെന്നു മാത്രം.

    പിന്നെ, താങ്കള്‍ക്കു മദ്രസ്സകളോട് ഒരു പുച്ഛമനോഭാവം ഉണ്ടെന്നു തോന്നുന്നു. അവിടെ അന്യമതസ്ഥരോട് വിദ്വേഷം പഠിപ്പിക്കലാണ് പരിപാടി എന്നു താങ്കള്‍ ധരിച്ചു വെച്ചിട്ടുണ്ടെങ്കില്‍ അതുവളരെ തെറ്റാണ്. പാകിസ്ഥാനില്‍ എങനെയാണെന്നു അറിയില്ല. ഇവിടെ അങനെയല്ല. ഒരു വിദ്യാഭ്യാസവും കടന്നു ചെല്ലാത്ത നാടുകളും സമൂഹങളും ഇന്നും ഇന്ത്യയില്‍ ഉണ്ടാകും. എന്നാല്‍ മുസ്ലിംങളെപ്പോലെ ഇത്രയേറെ സാക്ഷരതയുള്ള (ഏതെങ്കിലും ഭാഷയില്‍ അക്ഷരം എഴുതാനും വായിക്കാനും അറിയാവുന്ന) സമൂഹങള്‍ ലോകത്തു വിരളമല്ലേ? മദ്രസ്സാ വിദ്യാഭ്യാസവും മതപഠനവും കാര്യമായി നടന്ന സമൂഹത്തില്‍ നിന്നാണ് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലേക്കും, മറ്റ് അനീതികള്‍ക്കെതിരേയും മുസ്ലീംങളെ അണിനിരത്താന്‍ കഴിഞ്ഞതു. അവക്കു നേതൃത്വം കൊടുക്കാന്‍ മതപണ്ഡിതരും ഉണ്ടായിരുന്നു. ഏതു മതപഠനവും ചില മൂല്യങളും നന്മകളുമാണ് പഠിപ്പിക്കുക. പുറത്തുനിന്നിട്ടു ‘അവിടെ അതായിരിക്കും, അല്ലെങ്കില്‍ ഇതായിരിക്കും പഠിപ്പിക്കുക’ എന്ന ഊഹാപോഹങള്‍ നല്ലതല്ല. പ്രത്യേകിച്ചും നമ്മളെപ്പോലെയുള്ള ബഹുസ്വര സമൂഹത്തില്‍. മതം പഠിച്ചിട്ടും പഠിക്കാതെയും വഴി തെറ്റിപ്പോകുന്നവരുണ്ടാകും. ചില പ്യൂണും മന്ത്രിമാരും കൈക്കൂലി വാങിക്കുന്നതുപോലെ ഒരു സോഷ്യലിസം. കൈക്കൂലി കൊടുത്താലും വാങ്ങാത്ത പ്യൂണ്മാരില്‍ ഭൂരിഭാഗത്തെ ശൃഷ്ടിക്കുന്നതും മതമായിരിക്കും എന്നാണെന്റെ വിശ്വാസം. ശരിതെറ്റുകളെ വേര്‍തിരിച്ചു പഠിപ്പിച്ചു നല്‍കുന്നതും, കടമകളെക്കുറിച്ചു പറഞുതരുന്നതും മതപഠനങളും സംസ്കാരവുമാണ്‍്. അവയില്‍ തന്നെ ദൈവവിശ്വാസമായിരിക്കും എല്ലാ സാഹചര്യവും ഒത്തുവന്നാലും പ്രലോഭനങളില്‍ വീഴാതെ തെറ്റുകളില്‍ നിന്നും തടുത്തു നിര്‍ത്തുക. ഒപ്പം ശരി ചെയ്യാന്‍ ശക്തി നല്‍കുന്നതും അതാവും. അല്ലാതെ ഭൌതിക വിദ്യാഭ്യാസങളല്ല.

    പിന്നെ മദ്രസ്സ വിദ്യാഭ്യാസത്തെക്കുറിച്ചു അറിയാന്‍ ഈ പോസ്റ്റൊന്നു നോക്കൂ..http://vyathakal.blogspot.com/2009/02/blog-post_03.html

    ലോകത്തെല്ലാം ശാന്തിയുണ്ടാവട്ടെയെന്നു ഞാനും ആശിക്കുന്നു

    ReplyDelete
  12. പഥികന്റെ സുദീര്‍ഘമായ കമന്റ് വായിച്ചു. ഇവിടെ വന്ന് വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി രേഖപ്പെടുത്തുന്നു. ഞാന്‍ കുറെക്കാലമായി ഒരു കവിത ബ്ലോഗില്‍ എഴുതണം എന്ന് വിചാരിക്കുന്നു. അതിന് കഴിഞ്ഞിട്ടില്ല കാരണം എനിക്ക് കവിത എഴുതാന്‍ അറിയില്ല എന്നത് തന്നെ. ഏതായാലും ഞാന്‍ മനസ്സില്‍ ഉദ്ദേശിച്ച ആശയം ഇവിടെ എഴുതട്ടെ. ആരെങ്കിലും ഈ ആശയം ഇതിന് മുന്‍പ് കവിതയായി എഴുതിയിട്ടുണ്ടെങ്കില്‍ അവര്‍ എന്നോട് പൊറുക്കട്ടെ.


    മുസ്ലീമിന് ഒരു പ്രശ്നം വന്നാല്‍,
    ലോകത്തെവിടെയുമുള്ള മുസ്ലീങ്ങള്‍ക്ക് പ്രശ്നം വരുന്നു....

    കൃസ്ത്യാനിക്കൊരു പ്രശ്നം വന്നാല്‍,
    ലോകത്തെവിടെയുമുള്ള കൃസ്ത്യാനികള്‍ക്ക് പ്രശ്നം വരുന്നു....

    ജൂതന് ഒരു പ്രശ്നം വന്നാല്‍,
    ലോകത്തെവിടെയുമുള്ള ജൂതര്‍ക്ക് അത് ജീവന്മരണ പ്രശ്നമാകുന്നു..

    കമ്മ്യൂണിസ്റ്റിന് ഒരു പ്രശ്നം വന്നാല്‍,
    ലോകത്തെവിടെയുള്ള മാര്‍ക്സിസ്റ്റുകള്‍ ആയുധം കൈയിലെടുക്കുന്നു..

    തമിഴന് ഒരു പ്രശ്നം വന്നാല്‍,
    ലോകത്തെവിടെയുമുള്ള തമിഴര്‍ സ്വയം തീ കൊളുത്തി മരിക്കാന്‍
    മുന്നിട്ടിറങ്ങുന്നു...

    അയല്‍പ്പക്കത്തുള്ള ഒരു മനുഷ്യന് പ്രശ്നം വന്നാല്‍...
    അതൊരു മനുഷ്യനും പ്രശ്നമാവുന്നില്ല...

    മുസ്ലീമോ കൃസ്ത്യാനിയോ ഹിന്ദുവോ ജൂതനോ
    തമിഴനോ കമ്മ്യൂണിസ്റ്റോ അങ്ങനെ ഏതെങ്കിലും ഇസ്റ്റാകാത്ത
    വെറുമൊരു മനുഷ്യനായ,
    എനിക്കൊരു പ്രശ്നം വന്നാല്‍ ....?

    വേണ്ട അതാരുടെയും പ്രശ്നമാകേണ്ട...
    ഒറ്റയാനായ മനുഷ്യനാണ് ആരേക്കാളും ബലവാന്‍!

    ReplyDelete
  13. പാബ്ലോ നെരൂദയുടെ ഒരു കവിതയുണ്ട്. എന്റെ ഓര്‍മ്മയില്‍ അതിന്റെ സാരാംശമിങനെയാണ്.

    “അവര്‍ ആദ്യം ജൂദന്മാരെത്തേറ്റിവന്നു,
    അപ്പോള്‍ ഞാന്‍ എതിര്‍ത്തില്ല, കാരണം ഞാനൊരു ജൂദനല്ലായിരുന്നു.

    പിന്നെയവര്‍ ക്രിസ്ത്യാനികളെ തേടിവന്നു
    അപ്പോഴും ഞാന്‍ ശബ്ദിച്ചില്ല, കാരണം ഞാനൊരു ക്രിസ്ത്യാനിയല്ലായിരുന്നു.

    പിന്നെയവര്‍ കമ്മ്യൂണിസ്റ്റുകളെ തേടിവന്നു
    അപ്പോഴും ഞാന്‍ ശബ്ദിച്ചില്ല, കാരണം ഞാനൊരു കമ്മ്യൂണിസ്റ്റല്ലായിരുന്നു.

    പിന്നെയവര്‍ എന്നെ തേടിവന്നു,
    അപ്പോള്‍ എനിക്കുവേണ്ടി ശബ്ദിക്കാന്‍ ആരും ബാക്കിയുണ്ടായിരുന്നില്ല.”

    എല്ലാ ഇസ്റ്റുകള്‍ക്കുമപ്പുറം, എല്ലാവരുടേയും പ്രശ്നങള്‍ക്കു പരിഹാരത്തിനായി നല്ല മനസ്സോടെ നന്മക്കായ് സഹകരിച്ചാല്‍ കുറഞ്ഞപക്ഷം നല്ലതുപറയാനെങ്കിലും നാലാളുകാണും. ഗാന്ധി എന്നൊരു ‘മനുഷ്യന്‍’ ഇന്ത്യയില്‍ കൊല്ലപ്പെട്ടപ്പോള്‍, വിഭജനത്തിന്റെ മുറിവുണങാത്ത ലാഹോറിന്റെ തെരുവോരങ്ങളില്‍ പോലും സ്ത്രീകള്‍ അലറി കരഞിരുന്നുവത്രേ?

    ReplyDelete
  14. "മുസ്ലീമോ കൃസ്ത്യാനിയോ ഹിന്ദുവോ ജൂതനോ
    തമിഴനോ കമ്മ്യൂണിസ്റ്റോ അങ്ങനെ ഏതെങ്കിലും ഇസ്റ്റാകാത്ത
    വെറുമൊരു മനുഷ്യന് ഒരു പ്രശ്നം വന്നാല്‍ ....?"

    മാഷെ, ഇങ്ങനെത്തന്നെയാണ് കവിതകളുണ്ടാവുന്നത്. ചുറ്റുപാടിന്റെ ചക്കില്‍ ആട്ടിപ്പിഴിയപ്പെടുമ്പോള്‍ തന്നെയാണ് അതിന്റെ സാരമുള്‍ക്കൊണ്ട് കവിതകള്‍ പിറക്കുന്നത്.

    "വെറുമൊരു മനുഷ്യന് പ്രശ്നം വന്നാല്‍?"
    ഒരു -(തെറി)- നുമുണ്ടാവില്ല എന്ന് പൂരിപ്പിക്കാന്‍ കൈ തരിക്കുന്നു.
    ഏതു പ്രശ്നം വന്നാലും അവനെ ബാധിക്കാതിരിക്കുകയുമില്ല.

    അവനവനിസത്തിന് അത്യാഗ്രത്തില്‍ പിറന്ന സന്തതിയാണ് ആ രാഷ്ട്രം,ഇത്ര കാലം കൊണ്ട് അത് ഭംഗിയായി തെളിയിക്കാനും അതിനു കഴിഞ്ഞു.നന്നാവേണ്ടത് അവരുടെ ഉള്ളില്‍ നിന്നുതന്നെയാണ് അയല്‍ വീടിനു തീപിടിക്കുമ്പോള്‍ നാം സുരക്ഷിതരാണെന്ന് തോന്നുന്നില്ല.അതിവിടേയ്ക്കു പടരാതിരിക്കാന്‍ വേണ്ടതു ചെയ്യേണ്ട ഭരണാധികാരികള്‍ അധികാര രാഷ്ട്രീയത്തിന്റെ നെറികെട്ട കളികള്‍ കളിക്കുമ്പോള്‍ നാം ഭയപ്പെടുക കൂടി വേണം.

    ReplyDelete
  15. പഥികന് ഒരിക്കല്‍ കൂടി നന്ദി!

    കാവലാനേ കുറച്ച് മുന്‍പേ എഴുത്ത് തുടങ്ങിയിരുന്നുവെങ്കില്‍ കഥയും കവിതയുമൊക്കെ എനിക്കും വഴങ്ങിയേനേ എന്ന് ഇപ്പോള്‍ തോന്നുന്നു. ഏതായാലും ബ്ലോഗ് എന്ന മാധ്യമം സൌജന്യമായി കിട്ടിയത്കൊണ്ട് ഇത്രയും എഴുതാനായി. കുറച്ചു പേരെ പരിചയപ്പെടാനുമായി. അത്രയും ഭാഗ്യം തന്നെ. നമ്മുടെ നേതാക്കള്‍ പാഠം പഠിക്കണമെന്നില്ല. സ്വന്തം പദവിയും സ്ഥാനമാനങ്ങളും കിട്ടുന്നിടത്തോളം പോരട്ടേ എന്നാണല്ലോ അവരുടെ ചിന്ത. കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി..അത്രയെയുള്ളൂ എല്ലാവര്‍ക്കും,ജനങ്ങള്‍ക്കും അതെ പിന്നെന്താ പ്രശ്നം?

    ReplyDelete
  16. Attn: പഥികന്‍
    ഇത് പാബ്ലോ നെരൂദയുടെ വരികളല്ല.
    പ്രസിദ്ധ പ്രൊട്ടസ്റ്റന്റ് പുരോഹിതനും നാസിവിരുദ്ധ പ്രവർത്തകനുമായിരുന്ന ഫ്രെഡറിക് ഗുസ്താവ് എമിൽ മാർട്ടിൻ നീമൊളെറുടെ വരികളാണ്.
    അതിപ്രകാരമാണ്.
    "ആദ്യം അവർ കമ്മ്യൂണിസ്റ്റുകളെ തേടി വന്നു
    ഞാൻ ഒന്നും മിണ്ടിയില്ല
    കാരണം, ഞാനൊരു കമ്മ്യുണിസ്റ്റ് അല്ലായിരുന്നു
    പിന്നീട് അവർ തൊഴിലാളികളെ തേടി വന്നു
    അപ്പോഴും ഞാനൊന്നും മിണ്ടിയില്ല
    കാരണം, ഞാനൊരു തൊഴിലാളി ആയിരുന്നില്ല
    പിന്നീട് അവർ ജൂതരെ തേടി വന്നു
    ഞാനൊന്നും മിണ്ടിയില്ല
    കാരണം ഞാനൊരു ജൂതനായിരുന്നില്ല.
    ഒടുവിൽ അവർ എന്നെ തേടി വന്നു
    അപ്പോൾ എനിക്ക് വേണ്ടി സംസാരിക്കാൻ
    ആരും അവശേഷിച്ചിട്ടുണ്ടായിരുന്നില്ല............."

    ReplyDelete