Pages

തെരുവ് ഗുണ്ടകളായ വക്കീലന്മാര്‍ നിയമവാഴ്ച തകര്‍ക്കുന്ന വൈരുദ്ധ്യം!

കഴിഞ്ഞ കുറേ ആഴ്ചകളായി മദ്രാസ് ഹൈക്കോര്‍ട്ടിലെ ഒരു വിഭാഗം വക്കീലന്മാര്‍ പണിമുടക്കി കോടതി ബഹിഷ്ക്കരിച്ചു വരികയായിരുന്നു. ശ്രീലങ്കന്‍ പട്ടാളത്തിനും തമിഴ് പുലികള്‍ക്കുമിടയേ നടന്നു വരുന്ന യുദ്ധത്തില്‍ ഇന്ത്യ ഇടപെട്ട് വെടിനിര്‍ത്തല്‍ ഏര്‍പ്പെടുത്തണം എന്നതാണ് അവരുടെ ആവശ്യം. 25 വര്‍ഷത്തിലധികമായി തുടര്‍ന്നുവരുന്ന ആഭ്യന്തരപ്രശ്നം അവിടത്തെ പ്രസിഡണ്ട് രാജപക്സെയുടെ രാഷ്ട്രീയവും സൈനികവുമായ ധീരമായ ഇടപെടലിലൂടെ അതിന്റെ പരിസമാപ്തിയിലെത്തുകയാണ്. പുലികള്‍ക്ക് അന്തിമമായ പരാജയം ഉറപ്പായപ്പോഴാണ് തമിഴ്‌നാട്ടിലെ ചില രാഷ്ട്രീയപാര്‍ട്ടികള്‍ വെടിനിര്‍ത്തല്‍ എന്ന ആവശ്യവുമായി രംഗത്ത് വന്നത്. ശ്രീലങ്ക ഒരു സ്വതന്ത്ര പരമാധികാരരാഷ്ട്രമാണ്. അവിടെ നടക്കുന്നത് അവരുടെ ആഭ്യന്തരപ്രശ്നമാണ്. നമുക്കതില്‍ യാതൊരു കാരണവശാലും ഇടപെടാന്‍ കഴിയില്ല എന്നത് കോടതി ബഹിഷ്ക്കരിക്കുന്ന വക്കീലന്മാര്‍ക്ക് അറിയാത്തതല്ല. പുലിഅനുകൂല പാര്‍ട്ടികളുടെ ചട്ടുകങ്ങള്‍ ആവുകയായിരുന്നു അവര്‍. വെടിനിര്‍ത്തല്‍ എന്ന ആവശ്യം സത്യത്തില്‍ പുലികളെ സഹായിക്കാന്‍ വേണ്ടി ആണെന്ന് എല്ലാവര്‍ക്കുമറിയാം.

സാധാരണയായി യുദ്ധത്തില്‍ തങ്ങള്‍ക്ക് ക്ഷീണം സംഭവിക്കുമ്പോള്‍ പുലികളാണ് വെടിനിര്‍ത്തല്‍ കരാര്‍ എന്ന ആവശ്യവുമായി രംഗത്ത് വരാറ്. സ്വാഭാവികമായി ശ്രീലങ്കന്‍ ഗവണ്മെന്റ് അതിന് തയ്യാറാവുകയും ചെയ്യും. പുലികള്‍ വേണ്ടത്ര ആയുധവും ശക്തിയും സംഭരിച്ചുകഴിഞ്ഞാല്‍ അവര്‍ ഏകപക്ഷീയമായി കരാര്‍ ലംഘിച്ച് ഏറ്റുമുട്ടല്‍ പൂര്‍വ്വാധികം ശക്തിയോടെ ആരംഭിക്കും. ഇതിനിടയില്‍ പലസ്ഥലങ്ങളില്‍ മനുഷ്യബോംബുകളെ അയച്ച് ചാവേര്‍ ആക്രമണങ്ങളും നടത്തുന്നുണ്ടാവും. മിതവാദികളായ നിരവധി ശ്രീലങ്കന്‍ തമിഴ് നേതാക്കളെ കൊന്നൊടുക്കി തങ്ങള്‍ മാത്രമാണ് തമിഴരുടെ രക്ഷ എന്നൊരു പ്രതീതി അവര്‍ സൃഷ്ടിച്ചിരുന്നു. മാത്രമല്ല നമ്മുടെ മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ ദാരുണമായി കൊലപ്പെടുത്തി. ആ കേസില്‍ പിടികിട്ടാപ്പുള്ളിയാണ് പ്രഭാകരനും പൊട്ടുഅമ്മനും. കൂടാതെ ശ്രീലങ്കയിലെ സാധാരണ തമിഴരെയും നിഷ്ക്കരുണം കൊന്നിട്ടുണ്ട്. ഇവിടെ കാണുക. ഏറ്റവും ഒടുവില്‍ നോര്‍വേയുടെ മധ്യസ്ഥതയില്‍ ഒരു വെടിനിര്‍ത്തല്‍ കരാര്‍ ഉണ്ടാക്കി. സായുധരായ ഒരു തീവ്രവാദഗ്രൂപ്പുമായി ആയുധം താഴെ വെക്കാതെ വ്യവസ്ഥാപിതമായി തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരുമായി വെടിനിര്‍ത്തല്‍ കരാര്‍ ഉണ്ടാക്കാന്‍ മധ്യസ്ഥത വഹിച്ചത് നോര്‍വേയുടെ തെറ്റ്. അങ്ങനെ ഒരു കരാറിന് നിന്നുകൊടുത്തത് അന്നത്തെ ഗവണ്മെന്റിന്റെ മറ്റൊരു കടും തെറ്റ്. ആ കാലയളവില്‍ പുലികള്‍ വേണ്ടത്ര ആധുനികയുദ്ധസാമഗ്രികളും ,ധനവും, സൈനികബലവും ആര്‍ജ്ജിച്ചുകൊണ്ടിരുന്നു. ഇതിനിടയില്‍ കരാര്‍ ലംഘിച്ച് ഒറ്റപ്പെട്ട ആക്രമണങ്ങളും നടക്കുന്നുണ്ടായിരുന്നു. ഈ നാടകം അവസാനിപ്പിച്ചേ തീരൂ എന്ന് രാജപക്സെ ദൃഢപ്രതിജ്ഞ എടുത്തു.

ഒരു സ്വതന്ത്ര തമിഴ് രാജ്യം ഈഴം എന്ന പേരില്‍ ശ്രീലങ്കയില്‍ നിലവില്‍ വരണമെന്ന് മന:പ്പായസമുണ്ണുന്ന ചില നേതാക്കള്‍ തമിഴ്‌നാട്ടിലുണ്ട്. ശരിക്ക് പറഞ്ഞാല്‍ ഒരു വിശാലദ്രാവിഡ സാമ്രാജ്യമാണ് അവരുടെ സ്വപ്നം. വിഭജനവാദം ഇവിടെ നിരോധിച്ചത് കൊണ്ട് അത് പുറത്ത് പറയുന്നില്ല എന്നേയുള്ളൂ. തമിഴ് വംശജരെ കൂട്ടക്കൊല ചെയ്യുന്നു എന്ന് പറഞ്ഞാണ് തമിഴ്‌നാട്ടില്‍ വെടിനിര്‍ത്തല്‍ എന്ന ആവശ്യവുമായി ചില സംഘടനകള്‍ പ്രക്ഷോഭം നടത്തുന്നത്. ഇവിടെ ഓര്‍ക്കേണ്ട ചില സംഗതികളുണ്ട്. അവിടത്തെ തമിഴ് വംശജര്‍ എന്ന് പറയുന്നവര്‍ തലമുറകളായി ശ്രീലങ്കന്‍ പൌരന്മാരാണ്. ഭൂരിപക്ഷം തമിഴരും വസിച്ചു വരുന്നത് പുലികള്‍ക്ക് സ്വാധീനമില്ലാത്ത ശ്രീലങ്കയുടെ ഇതരഭാഗങ്ങളില്‍ സിംഹളരുമായി ഇടകലര്‍ന്നാണ്. മറ്റൊന്ന് ശ്രീലങ്കന്‍ പട്ടാളത്തിന് വേണമെങ്കില്‍ ഇപ്പോള്‍ 24 മണിക്കൂര്‍ കൊണ്ട് അവിടെ പുലികളെ ഉന്മൂലനം ചെയ്യാന്‍ കഴിയും. എന്നാല്‍ പുലികള്‍ അവര്‍ ഒതുങ്ങിപ്പോയ 75 ചതുരശ്രകിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്ത് സിവിലിയന്മാരായ ജനങ്ങളെ മനുഷ്യപ്പരിചയായി മുന്നില്‍ നിര്‍ത്തി പുലികള്‍ പിന്നില്‍ ഒളിഞ്ഞിരിക്കുന്നത് കൊണ്ട് പട്ടാളത്തിന് മുന്നേറാന്‍ കഴിയുന്നില്ല. ആഴ്ചകളായി ഈ അവസ്ഥ തുടരുന്നു. ഈ ചിത്രം തമിഴ് വംശഹത്യ എന്ന് മുറവിളി കൂട്ടുന്ന തമിഴ് നാട് നേതാക്കള്‍ക്കും വക്കീലന്മാര്‍ക്കും കാണാന്‍ കഴിയാഞ്ഞിട്ടല്ല.

ജനതാ പാര്‍ട്ടി പ്രസിഡണ്ട് സുബ്രഹ്മണ്യം സ്വാമി പുലികള്‍ക്കെതിരെ പരസ്യമായി പ്രസംഗിക്കുന്ന നേതാവാണ്. സ്വാമി മാത്രമല്ല പ്രസിദ്ധ പത്രപ്രവര്‍ത്തകന്‍ ചോ രാമസ്വാമി, അണ്ണാദ്രാവിഡമുന്നേറ്റക്കഴകം നേതാവ് ജയലളിത എന്നിവരും പുലികള്‍ക്കെതിരാണ്. കോണ്‍ഗ്രസ്സ് ശ്രീലങ്കന്‍ പ്രശ്നത്തില്‍ അതിന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഒരു പരമാധികാരരാഷ്ട്രമായ ശ്രീലങ്കയുടെ ആഭ്യന്തരകാര്യങ്ങളില്‍ തലയിടാന്‍ നമുക്ക് പരിമിതികളുണ്ട് എന്നതാണത്. യു.പി.എ. ഘടകകക്ഷിയായ ഡി.എം.കെ.യ്ക്ക് അത് മനസ്സിലായിട്ടുണ്ട്. മനസ്സിലായിട്ടും മനസ്സിലാകാത്ത പോലെ പുലികള്‍ക്ക് അനുകൂലമാണ് കേന്ദ്രഭരണത്തിന്റെ ശീതളച്ഛാ‍യയില്‍ കഴിയുന്ന ഡോ.രാമദാസിന്റെ പാട്ടാളി മക്കള്‍ കട്ചി. ജയലളിതയുടെ സഖ്യകഷി നേതാവ് വൈക്കോ പണ്ടേ പുലികളുടെ തോഴനാണ്. കാട്ടുകള്ളന്‍ വീരപ്പന്‍ കൊല്ലപ്പെട്ടതില്‍ പിന്നെ പി.നെടുമാരന് പുലിത്തലവന്‍ പ്രഭാകരന്‍ മാത്രമാണ് ശരണം, കൂട്ടിന് ഒറിജിനല്‍ ദ്രാവിഡകഴകം നേതാവ് കറുപ്പ് കുപ്പായധാരി കെ.വീരമണിയുമുണ്ട്. പുലിയോട് സാദൃശ്യമുള്ള മറ്റൊരു പേരോടുകൂടി വേറെ ഒരു പാര്‍ട്ടിയുണ്ട് തമിഴ് നാട്ടില്‍, വിടുതലൈ ശിറുത്തൈകള്‍ കട്ചി. നേതാവ് തിരുമാവളവന്‍.

ഇക്കഴിഞ്ഞ ഫിബ്രവരി 17ആം തീയ്യതിയാണ് പ്രശ്നങ്ങളുടെ തുടക്കം. അന്നേ ദിവസം ഒരു കേസില്‍ കക്ഷി ചേരാന്‍ വേണ്ടി സുബ്രഹ്മണ്യം സ്വാമി ചെന്നൈ ഹൈ കോര്‍ട്ടില്‍ എത്തുന്നു. അദ്ദേഹത്തിന് ഇസെഡ് പ്ലസ് സുരക്ഷയുണ്ട്. കമാന്‍ഡോകള്‍ പുറത്ത് നിന്നു അദേഹം കോടതി ഹാളിനകത്ത് കയറേണ്ട താമസം പണിമുടക്കി കോടതി ബഹിഷ്ക്കരിക്കുന്ന വക്കീലന്മാര്‍ കോടതിക്കകത്ത് കയറി മുഖ്യ ന്യായാധിപന്റെ മുന്‍പില്‍ വെച്ച് അദ്ദേഹത്തെ ചീമുട്ടകള്‍ കൊണ്ട് എറിയാനും ആക്രമിക്കാനും തുടങ്ങി. ഒടുവില്‍ ചീഫ് ജസ്റ്റിസിന്റെ നിര്‍ദ്ദേശപ്രകാരം സ്വാമിയെ സുരക്ഷാ ഉദ്യോഗസ്ഥന്മാര്‍ വന്ന് രക്ഷപ്പെടുത്തുകയായിരുന്നു. നിയമത്തെ വ്യാഖ്യാനിച്ച് , നിയമത്തെ സംരക്ഷിച്ച് ഭാവിയില്‍ ജഡ്ജ് മാര്‍ വരെ ആകേണ്ട വക്കീലന്മാര്‍ തെരുവ് റൌഡികളെ പോലെ അതും കോടതി ഹാളില്‍ വെച്ച് പെരുമാറുക എന്ന് വെച്ചാല്‍ ? അതും ഇന്ത്യയില്‍ നിരോധിക്കപ്പെട്ട ഒരു തീവ്രവാദി സംഘടനക്കെതിരെ പരസ്യമായി പ്രതികരിച്ചതിനെതിരെ ? അനന്തരം സ്വാഭാവികമായി നിയമം കൈയ്യിലെടുത്ത വക്കീലന്മാര്‍ക്കെതിരെ കേസ് ഉണ്ടായി.

ഫിബ്രവരി 19ന് ഹൈ കോടതി വളപ്പില്‍ വെച്ച് അക്രമം നടത്തിയ വക്കിലന്മാരെ അറസ്റ്റ് ചെയ്യാന്‍ പോലീസ് ശ്രമിച്ചു. അപ്പോള്‍ തങ്ങള്‍ സുബ്രഹ്മണ്യം സ്വാമിക്കെതിരെ ഒരു കേസ് കൊടുത്തിട്ടുണ്ടെന്നും ആദ്യം അയാളെ അറസ്റ്റ് ചെയ്താല്‍ മാത്രമേ തങ്ങള്‍ അറസ്റ്റിന് വഴങ്ങൂ എന്നും അവര്‍ ചെറുത്തുനിന്നു. വാഗ്വാദം തുടരവെ ചില വക്കീലന്മാര്‍ പോലീസിന്റെ നേര്‍ക്ക് കല്ലേറ് തുടങ്ങവെ സ്ഥിതിഗതികള്‍ കൈവിട്ടുപോവുകയായിരുന്നു. വക്കീലന്മാര്‍ ഹൈക്കൊടതി വളപ്പിലെ പോലീസ് സ്റ്റേഷനും അവിടെയുള്ള ജീപ്പുകളും കത്തിച്ചു.( പോലീസ് സ്റ്റേഷനിലെ രേഖകളും മറ്റും തീ വെക്കുന്ന ദൃശ്യം) പോലീസുകാര്‍ കണ്ണില്‍ പെട്ടവരെയല്ലാം പൊതിരെ തല്ലി. കോടതിവളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന വക്കീലന്മാരുടെ കാറുകള്‍ക്ക് ചേതം വരുത്തി. ഇപ്പോള്‍ പുലി അനുകൂല വക്കീലന്മാരുടെ രക്ഷയ്ക്ക് അഭിഭാഷക സമൂഹം ഒന്നടങ്കം എത്തിയിരിക്കുകയാണ്. പ്രശ്നം സുപ്രീം കോടതിയിലെത്തി. ചെന്നയിലെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്മാരെ ഒന്നടങ്കം സ്ഥലം മാറ്റാന്‍ ഉത്തരവിട്ട ചീഫ് ജസ്റ്റിസ് ഒരു അന്വേഷണക്കമ്മീഷനെയും നിശ്ചയിച്ചിരിക്കുന്നു.

കൂടുതല്‍ ഒന്നും ഞാന്‍ ഇവിടെ വിശദീകരിക്കുന്നില്ല. എന്നാല്‍ എന്ത് സംഭവം നടന്നാലും പോലീസുകാരെ ബലിയാടാക്കുമ്പോള്‍ പോലീസ് വകുപ്പിന്റെ ആത്മധൈര്യം ചോര്‍ന്നുപോയാല്‍ അത് നമ്മുടെ ക്രമസമാധാനരംഗവും നിയമവാഴ്ചയും തകര്‍ന്നു പോകുന്നതിന് ഇടയാക്കുകയില്ലേ എന്ന് ഞാന്‍ ഭയപ്പെടുന്നു.

വാല്‍ക്കഷണം:
ഈ ബ്ലോഗില്‍ പറഞ്ഞത് ശരി വയ്ക്കുന്നു ശ്രീകൃഷ്ണാ കമ്മീഷന്‍ റിപ്പോര്‍ട്ട് . അതിന്റെ പൂര്‍ണ്ണരൂപം ഇവിടെ

11 comments:

  1. വളരെ പ്രാധാന്യമുള്ള ഒരു പോസ്റ്റ്..

    ReplyDelete
  2. ശ്രീലങ്കയുടെ ഇതേ അവസ്ഥ തന്നെയല്ലേ ഭാരതത്തില്‍ കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിലവിലുള്ളത്! ശ്രീലങ്കന്‍ പ്രസിഡന്റ് ചെയ്തത് പോലെ ധീരമായ നടപടിക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ തയ്യാറാകുമോ? ഇല്ല, ഒരിക്കലുമില്ല. കാരണം അവിടെ സൈനിക നടപടി സ്വീകരിച്ചാല്‍ റോമില്‍ നിന്ന് വരെ പ്രതിഷേധ സന്തേശം എത്തും! ന്യൂനപക്ഷ കുരുതിയെന്ന് പറഞ്ഞ് കേരളത്തില്‍ പ്രതിഷേധ പ്രളയം തന്നെയുണ്ടാകും. അതു പോലെ തന്നെയായിരുന്നു ശ്രീലങ്കയിലും പ്രഭാകരനെ പിന്താങ്ങുവാന്‍ വിദേശ രാജ്യങ്ങള്‍ തയ്യാറായിരുന്നതിനാല്‍ ശ്രീലങ്കന്‍ ഗവണ്മെന്റിന് ഒന്നും ചെയ്യുവാന്‍ കഴിഞ്ഞിരുന്നില്ല. അവിടെയുള്ള തമിഴ് മക്കളുടെ സംരക്ഷണം എന്ന് പറഞ്ഞ് തമിഴ്നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികളും ഇറങ്ങിയിരുന്നു.

    ReplyDelete
  3. അക്രമം... അത്രയേ പറയാനുള്ളൂ... ഈ തിരുമാവളവൻ എന്ന മഹാൻ ആളു “പുലി” ആണ്. പുള്ളീടെ രീതി എന്ന് പറഞ്ഞാ, 20 അടി കട്ടൌട്ടുകൾ, പല സ്റ്റൈലിൽ... തോക്ക് പിടിച്ച് നിൽക്കുന്നത്, നെറ്റിയിൽ നിന്നു രക്തം ഒലിപ്പിച്ച് നിൽക്കുന്നത്, ചെ ഗ്യുവാരയുടെ കൂടെ നിൽക്കുന്നത്, അമ്പേദ്കറിനു ഷേക്ക് ഹാൻഡ് കൊടുത്ത് നിൽക്കുന്നത്... പ്രസംഗം തീപ്പൊരി.

    ഓഫായെങ്കിൽ മാപ്പ്...

    ReplyDelete
  4. അജിത്ത് വായനയ്ക്കും അപ്രീഷ്യേറ്റ് ചെയ്തതിനും നന്ദി ....

    മനോജ്ഭാരതത്തില്‍ കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിലവിലുള്ള പ്രശ്നങ്ങളും ശ്രീലങ്കന്‍ പ്രശ്നങ്ങളും താരതമ്യം ചെയ്തത് ഒട്ടും ശരിയായില്ല. ശ്രീലങ്കയിലെ പുലികള്‍ മുപ്പടകളും ചാവേറുകളും ഉള്ള ഒരു സൈനിക-ടെററിസ്റ്റ് സംഘടനയാണ്. വിഘടനവാദം ഉയര്‍ത്തുന്നതിലേ സാമ്യമുള്ളൂ. പുലി പോയിട്ട് പുലിയുടെ രോമം പോലും ആവില്ല ഇവിടത്തെ വിഘടനവാദികള്‍. ഇതിനേക്കാളും ഉഗ്രമായ വിഘടനവാദം പഞ്ചാബ്,ആസ്സാം ഉള്‍പ്പെടെ ഇന്ത്യന്‍ ഗവണ്മെന്റ് കൈകാര്യം ചെയ്തിട്ടുണ്ട്. നാഗാലാന്റ് ഉള്‍പ്പെടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇപ്പോഴും വിഘടവാദ-തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. അതൊക്കെ നമുക്ക് നേരിടാന്‍ കഴിയും. സൈനിക നടപടി സ്വീകരിച്ചാല്‍ റോമില്‍ നിന്ന് വരെ പ്രതിഷേധ സന്ദേശം എത്തും എന്നത് മനോജിന്റെ ഭാവന മാത്രമാണ്. കേന്ദ്രമന്ദ്രി ചിദംബരം ചെന്നൈയില്‍ വെച്ച് സര്‍ക്കാറിന്റെ നിലപാട് വിശദീകരിക്കുമ്പോള്‍ ഇക്കാര്യം പറഞ്ഞിരുന്നു. ശ്രീലങ്കയില്‍ പ്രത്യേക രാജ്യം വേണമെന്ന പുലികളുടെ ആവശ്യം നമുക്ക് അംഗീകരിക്കാനാവില്ല,അവിഭക്തശ്രീലങ്ക എന്ന തത്വത്തില്‍ ഊന്നിയേ സംസാരിക്കാനവൂ എന്നും നമ്മുടെ വടക്ക് കിഴക്കന്‍ മേഖലകളില്‍ വിഘടനവാദം ഉയര്‍ത്തുന്നവര്‍ക്ക് രാജ്യം പകുത്തു കൊടുക്കാന്‍ കഴിയുമോ എന്നും. തമിഴ്‌നാട്ടിലെ ചിലര്‍ പരസ്യമായി പ്രസംഗിക്കുന്നത് ഇന്ദിരാഗാന്ധി ബംഗ്ലാദേശ് മേടിച്ച് കൊടുത്തത് പോലെ പുലികള്‍ക്ക് മന്മോഹന്‍സിങ്ങ് ഈഴവും വാങ്ങിക്കൊടുക്കണമെന്നാണ്. റബിഷ് എന്നല്ലാതെ എന്ത് പറയാന്‍!

    സന്തോഷ് പറഞ്ഞത് ഓഫ് അല്ലല്ലൊ,പോസ്റ്റിന് അനുപൂരകമായ നല്ല വിവരം ആണ് താനും. 20അടി കട്ടൌട്ട്, അപ്പോള്‍ അതാണ് കാര്യം. കരുണാനിധി പറഞ്ഞത് പോലെ ഇവര്‍ക്കൊന്നും ശ്രീലങ്കന്‍ തമിഴരുടെ പ്രശ്നത്തില്‍ ആത്മാര്‍ത്ഥതയല്ല ഉള്ളത്. ആയിരുന്നുവെങ്കില്‍ ഹ്യൂമന്‍ഷീല്‍ഡ് ആയുപയോഗിക്കുന്ന സാധാരക്കരായ തമിഴരെ മോചിപ്പിക്കാനും ആയുധം താഴെ വെച്ച് ജനാധിപത്യപ്രക്രിയയില്‍ പങ്കാളികാന്‍ പുലികളെ ഉപദേശിക്കുകയായിരുന്നു വേണ്ടിയിരുന്നത്. രാഷ്ട്രീയമൈലേജ് ലഭിക്കാന്‍ വേണ്ടി കളിക്കുന്ന വിലകുറഞ്ഞ അഭ്യാസങ്ങളാണ് നടക്കുന്നത്. തമിഴ് ബ്ലോഗുകളില്‍ കൂടുതലും പുലികള്‍ക്ക് അനുകൂലമായ പോസ്റ്റുകള്‍ കാണുന്നത് എന്നെ അമ്പരപ്പിക്കുന്നു. അതേ പോലെ ഇവിടെ വിഘടനവാദത്തെ എതിര്‍ക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ തമിഴ്‌നാട് ഘടകവും തത്വത്തില്‍ പുലികള്‍ക്കനുകൂലമായ നിലപാട് സ്വീകരിക്കുന്നത് കാണുമ്പോള്‍ അത്ഭുതം തോന്നുന്നു. ഇപ്പോള്‍ ശ്രീലങ്കയില്‍ വേണ്ടത് പുലികളുടെ കീഴടങ്ങലാണ്. അത് പറയാതെ ഇപ്പോഴും വെടി നിര്‍ത്തല്‍ ആവശ്യം ഉന്നയിക്കുന്നത് കൊണ്ടാണ് തമിഴ്‌നാട്ടിലെ ചില പാര്‍ട്ടികളുടെ നിലപാടിനെ പുലിഅനുകൂലം എന്ന് ഞാന്‍ പറയുന്നത്. പുലി പോലെയുള്ള തീവ്രവാദിഗ്രൂപ്പിനെ എങ്ങനെയും ഉന്മൂലനം ചെയ്യേണ്ടത് തമിഴരുടെ രക്ഷയ്ക്ക് കൂടി അത്യന്താപേക്ഷിതമാണ്.

    ReplyDelete
  5. സുകുമാരേട്ടാ കോൺ‌ഗ്രസ് ഇക്കാര്യത്തിൽ എടുത്തിരിക്കുന്ന നിലപാട് തന്നെയാണ് കൂടുതൽ ശരി എന്നു ഞാനും കരുതുന്നു. ശ്രീലങ്കയിലെ ആഭ്യന്തരപ്രശ്നങ്ങളിൽ വെറുതെ ഇടപെടേണ്ട കാര്യം ഭാ‍രതത്തിനില്ല.

    ReplyDelete
  6. വിവരമില്ലെന്കില്‍ എന്താ ചെയ്യുക....

    ReplyDelete
  7. തമിഴന്‍ മലയാളിക്കു എന്നും പാരയാണ് . ഇനിയും കേരളത്തിന്റെ ഒരു ഭാഗം വേണമെന്ന് പറഞ്ഞു അക്ക്രമം തുടങ്ങാന്‍ വളരെ താമസിക്കില്ല . മുല്ലപ്പെരിയാറും കുമളിയും തരുന്ന പാഠങ്ങള്‍ വേറൊന്നുമല്ല .പിന്നെ , വക്കീലന്മാര്‍ അത് തമിഴന്‍ ആയാലും മലയാളി ആയാലും ഗൂണ്ട കളെക്കാള്‍ കഷ്ടമാണ് .തിരുവന്തപുരത്ത് കാട്ടുന്ന ക്ക്‌ുത്തുകള്‍ നാം എന്നും കാണുന്നതല്ലേ . കറുത്ത കോട്ട് ഇട്ടാല്‍ എന്തിനും മീതെ ആണെന്നാണ്‌ ഇവറ്റകളുടെ ഭാവം .

    ReplyDelete
  8. സുകുമാര്‍ജീ
    താങ്കളുടെ അമേരിക്ക ഇതില്‍ ഒരു അഭിപ്രായവും പറയാത്തതെന്തെന്ന് ഞാന്‍ ആലോചിക്കാറുണ്ട്. കാരണം ലോകത്താകമാ‍നം ജനാധിപത്യം നടപ്പാക്കാനും, തേനും പാലും ഒഴുക്കാനും അത്യാവശ്യം ‘സൊയാബീന്‍ എണ്ണയും, കമ്പ പൊടിയും’ ഒക്കെ തന്ന ടിയാന്മാര്‍ക്ക് ഇതില്‍ ഒരു താല്പര്യവുമില്ലേ. എന്തെങ്കിലും ഉണ്ടെങ്കില്‍ ഒന്ന് പറഞ്ഞ് തരണേ .. പ്ലീസ്.

    അല്ലെങ്കില്‍ ഇങ്ങനെയൊക്കെ അങ്ങോട്ടും ഇങ്ങോട്ടും പ്രശ്നങ്ങള്‍ നടക്കുമ്പോഴെല്ലേ. നമുക്ക് ബോംബും ഉണ്ടയും. റോക്കറ്റും. വിമാനവും എല്ലാം ചിലവാകൂ അല്ലേ ? പുലികള്‍ ആയാലും ശ്രീലങ്കന്‍ സൈന്യമായാലും എവിടെ പൊട്ടിയാലും ലാഭം ആയുധ കച്ചവടക്കാര്‍ക്ക് തന്നെ.

    ReplyDelete
  9. you people seem to forget the fact that during the late seventies and the early eighties it was India that trained the Tiger cadres at various secret locations in Tamil Nadu and other parts of the country. The training was provided by the RAW and the Indian military.These are facts known to everybody.

    Athe, nammude mahathaya AarshaBharatham thanne mattoru rajyathu kuzhappangal undakkan ulla prolsahanam koduthathu. kodutha kayyil thanne kadichu ennathu pinnathe sathyam.

    ReplyDelete
  10. അനൂ, എഴുപതുകളുടെ അവസാനത്തിലും എണ്‍പതുകളുടെ തുടക്കത്തില്‍ പോലും ഇന്ത്യ പ്രത്യേകിച്ച് തമിഴ്‌നാട് തമിഴ് പുലികളെ അനുകൂലിക്കുകയും സഹായിക്കുകയും ചെയ്തിരുന്നു എന്നത് ശരി തന്നെയായിരുന്നു. എന്തായിരുന്നു അന്ന് അതില്‍ തെറ്റ്? ശ്രീലങ്കന്‍ തമിഴരുടെ പ്രശ്നങ്ങള്‍ക്ക് വേണ്ടി പോരാടുന്ന നിരവധി തമിഴ് സംഘടനകളില്‍ ഒന്ന് മാത്രമായിരുന്നു അന്ന് എല്‍.ടി.ടി.ഇ. സ്വാഭാവികമായും എല്ലാ സംഘടനകളെയും, അവിടെ രണ്ടാം തരം പൌരന്മാരായി അവഗണിക്കപ്പെടുന്നത് ഇന്ത്യന്‍ വംശജരായ തമിഴരാണെന്ന കാരണത്താല്‍ നമ്മള്‍ അനുകൂലിച്ചു. പിന്നീടാണ് പുലികള്‍ മറ്റ് തമിഴ് സഹോദര സംഘടനകളെ ഉന്മൂലനം ചെയ്തുകൊണ്ട് അതൊരു ഫാസിസ്റ്റ് സംഘടനയായി രൂപാന്തരം പ്രാപിച്ചത്.

    ശ്രീലങ്കന്‍ തമിഴരുടെ പ്രശ്നം ഒരു പരിധി വരെ പരിഹരിക്കാന്‍ സഹായിക്കുന്നതായിരുന്നു രാജീവ്ഗാന്ധി-ജയവര്‍ദ്ധന കരാര്‍. അത് പ്രഭാകരന്‍ അംഗീകരിക്കാതിരുന്നത് അയാള്‍ അടിസ്ഥാനപരമായി സ്വേച്ഛാധിപത്യവാദിയായത് കൊണ്ടും ജനാധിപത്യസമ്പ്രദായത്തില്‍ താല്പര്യമില്ലാത്തതുകൊണ്ടുമായിരുന്നു. അങ്ങനെയാണ് ഇന്ത്യന്‍ സേനയെ അങ്ങോട്ട് അയയ്ക്കേണ്ടി വന്നത്.

    അന്ന് പുലികള്‍ പരാജയപ്പെടുമെന്ന ഘട്ടം വന്നപ്പോള്‍ പ്രഭാകരന്‍ ശ്രീലങ്കന്‍ പ്രതിപക്ഷനേതാവായിരുന്ന പ്രേമദാസയുമായി കൂട്ടുകൂടി. തങ്ങളുടെ രാജ്യത്ത് ശത്രുസൈന്യം തമിഴരെ കൊന്നൊടുക്കുകയാണെന്നും സിംഹളരും തമിഴരും ഏകോദരസഹോദരങ്ങളാണെന്നും ഇന്ത്യന്‍ സൈന്യം ശ്രീലങ്കന്‍ മണ്ണില്‍ നിന്നും എത്രയും പെട്ടെന്ന് വെളിയേറണമെന്നും പ്രഭാകരനും പ്രേമദാസയും ആവശ്യപ്പെട്ടു. പിന്നീട് അവിടെ നടന്ന തെരഞ്ഞെടുപ്പില്‍ തമിഴരുടെ പൂര്‍ണ്ണ പിന്തുണയോടെ പ്രേമദാസ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ സേന നാണം കെട്ട് പിന്മാറി. പ്രഭാകരന്‍ രാജീവ് ഗാന്ധിയെ മനുഷ്യബോംബ് ഉപയോഗിച്ചു വധിച്ചു. പിന്നീട് പ്രേമദസയെയും കൊന്നു. ഇതൊക്കെയാണ് പുലികളുടെ ചരിത്രം. പ്രഭാകരന്റെ തനിനിറം പുറത്തായപ്പോഴും രാജീവ് ഗാന്ധിയെ കൊല ചെയ്തതുകൊണ്ടുമാണ് പുലികള്‍ നമുക്ക് അനഭിമതരായത്. മറിച്ച് പുലികള്‍ ഇപ്പോഴും ജനാധിപത്യസംഘടന ആയിരുന്നുവെങ്കില്‍ നമ്മള്‍ ഇപ്പോഴും പുലികളെ സഹായിക്കുമായിരുന്നു. പ്രഭാകരന്റെ ആവശ്യം തമിഴരുടെ പ്രശ്നപരിഹാരമായിരുന്നില്ല. മറിച്ച് തനിക്ക് അനുഭവിക്കാന്‍ ഒരു കഷ്ണം രാജ്യമായിരുന്നു. അത് നമുക്ക് അനുകൂലിക്കാനാവുകയില്ല എന്ന് പിന്നീടാണ് മനസ്സിലാവുന്നത്.

    ReplyDelete
  11. ജോക്കറേ, ജോക്കര്‍ ആഗ്രഹിക്കുന്ന പോലെ ഒരഭിപ്രായം അമേരിക്ക പറഞ്ഞിട്ടുണ്ടാവില്ല. ചിലതൊക്കെ പറഞ്ഞത് ഞാന്‍ പത്രങ്ങളില്‍ വായിച്ചിട്ടുണ്ട്. പിന്നെ എല്ലാറ്റിലും അമേരിക്ക അഭിപ്രായം പറയണമെന്നില്ല.റഷ്യയും ചൈനയും സൌദി അറേബ്യയുമൊക്കെ അഭിപ്രായം പറഞ്ഞോ? പിന്നെ ശ്രീലങ്ക അവര്‍ക്കാവശ്യമുള്ള ആയുധങ്ങള്‍ വാങ്ങുന്നത് പാകിസ്ഥാനില്‍ നിന്നാണ്. പുലികളെ നേരിടാന്‍ അത്രയൊക്കെ മതി. അത്കൊണ്ടാണ് സ്വന്തം ക്രിക്കറ്റ് ടീമിനെ പാക്കിസ്താന്‍ മണ്ണില്‍ വെച്ച് വധിക്കാന്‍ ശ്രമിച്ചിട്ടും ശ്രീലങ്ക പാക്കിസ്താനെ ന്യായീകരിക്കാന്‍ മുന്നോട്ട് വന്നത്. സ്പോര്‍ട്ട്സ് രംഗത്ത് പാക്കിസ്ഥാനെ ഒറ്റപ്പെടുത്താന്‍ തങ്ങള്‍ അനുവദിക്കുകയില്ല എന്നാണ് പ്രത്യുപകാരമായി ശ്രീലങ്ക പറഞ്ഞത്. തരം കിട്ടിയാല്‍ എല്ലാവരും എല്ലാവിധ ചരക്കുകളും ആയുധമടക്കം കച്ചവടം ചെയ്യും. കഴിവുകേടിന്റെ പ്രശ്നമെയുള്ളൂ. താങ്കളുടെ അമേരിക്ക എന്ന പ്രയോഗം എനിക്ക് ക്ഷ ബോധിച്ചു.

    ReplyDelete