കൂട്ടത്തില്‍ എന്തെങ്കിലും എഴുതാമെന്ന് കരുതി . വിഷയം ഒന്നുമില്ലായിരുന്നു . പതിവ് പോലെ ശിഥിലമായ ചിന്തകള്‍ മാത്രം . വെറുതെ . അവിടെ പബ്ലിഷ് ചെയ്തപ്പോള്‍ തോന്നി ഇവിടെയും കിടക്കട്ടെ എന്ന് .
കഴിഞ്ഞ ഞായറാഴ്ച രാവിലെ ഇവിടെ മടിവാളയിലുള്ള പ്രബോധിനി വായനശാല സന്ദര്‍ശിക്കേണ്ടി വന്നു . ബാംഗ്ലൂരില്‍ തന്റെ മകളെ കാണാനെത്തിയ കഥാകൃത്ത് അക്‍ബര്‍ കക്കട്ടില്‍ വായനശാല സന്ദര്‍ശിക്കുന്നുണ്ടായിരുന്നു . ആ ചടങ്ങില്‍ സംബന്ധിക്കാനാണ് ഞാനും അവിടെ എത്തിപ്പെട്ടത് . നാം എത്ര തന്നെ സൌകര്യങ്ങള്‍ ആര്‍ജ്ജിച്ചാലും പുസ്തകവായനയില്‍ നിന്ന് കിട്ടുന്ന ആത്മനിര്‍വൃതി മറ്റൊന്നിലും ലഭിക്കുകയില്ല എന്ന് പറഞ്ഞ കക്കട്ടില്‍ , താന്‍ നാട്ടിലെത്തിയാല്‍ ഒരു മൂവായിരം രൂപ വിലമതിപ്പുള്ള പുസ്തകങ്ങള്‍ സംഘടിപ്പിച്ച് പ്രബോധിനിക്ക് നല്‍കാമെന്ന് വാഗ്ദാനവും ചെയ്തു . പുസ്തകങ്ങളും വായനയും മരിച്ചാല്‍ മനുഷ്യസംസ്ക്കൃതിയും മരിച്ചു പോകുമെന്ന് ചടങ്ങില്‍ ഞാനും പറഞ്ഞു . തിരക്ക് പിടിച്ച ഇക്കാലത്ത് ബാംഗ്ലൂര്‍ നഗരത്തില്‍ ഇത് പോലൊരു വായനശാല സംഘടിപ്പിക്കാന്‍ പരിശ്രമിക്കുന്ന ചെറുപ്പക്കാരെ എത്ര ശ്ലാഘിച്ചാലും അധികമാവില്ല .
അക്‍ബര്‍ കക്കട്ടില്‍ പോയ്ക്കഴിഞ്ഞപ്പോള്‍ ഞാന്‍ അല്പനേരം കൂടി അവിടെയിരുന്നു ചില പുസ്തകങ്ങള്‍ മറിച്ചു നോക്കി . നമ്മുടെ മുന്‍രാഷ്ട്രപതി അബ്ദുള്‍ കലാം എഴുതിയ ignited minds എന്ന പുസ്തകത്തിലെ ഒന്ന് രണ്ട് അദ്ധ്യായങ്ങള്‍ വായിച്ചു . മുഴുമിപ്പിക്കാന്‍ കഴിഞ്ഞില്ല . കഴിഞ്ഞ തവണ എടുത്ത ആള്‍ക്കൂട്ടം എന്ന നോവല്‍ തിരിച്ചു കൊടുത്തിരുന്നില്ല . അത് കൊണ്ട് ആ പുസ്തകം വീട്ടിലേക്ക് കൊണ്ടു പോകട്ടേ എന്ന് ലൈബ്രേറിയനോട് ചോദിച്ചില്ല . ഞാന്‍ പറഞ്ഞു വരുന്നത് മറ്റൊരു കാര്യമാണ് . ആ പുസ്തകം അബ്ദുള്‍ കലാം സമര്‍പ്പിച്ചിരിക്കുന്നത് സ്നേഹല്‍ താക്കര്‍ (Snehal thakkaar) എന്ന പന്ത്രണ്ടാം ക്ലാസ് വിദ്ധ്യാര്‍ത്ഥിനിക്കാണത്രെ .
2002 ഏപ്രില്‍ 11 ന് വൈകുന്നേരം അന്ന് പ്രസിഡണ്ടായിരുന്ന ബഹു: ഏ.പി.ജെ. അബ്ദുള്‍ കലാം ഗുജറാത്തിലെ ആനന്ദില്‍ എത്തുന്നു . എന്തോ കലാപം അവിടെ നടക്കുന്ന സമയമായിരുന്നു അത് . പിറ്റേന്ന് ആണ് അദ്ദേഹം സ്നേഹല്‍ പഠിക്കുന്ന സ്കൂളില്‍ എത്തുന്നത് . കുട്ടികളും രാഷ്ട്രപതിയും തമ്മില്‍ നടന്ന സരസഭാഷണങ്ങളില്‍ പല വിഷയങ്ങള്‍ സ്പര്‍ശിക്കപ്പെട്ടു . ഒടുവില്‍ ഒരു ചോദ്യം ഉയര്‍ന്നു വന്നു , ആരാണ് നമ്മുടെ ശത്രു ? പലരും പല ഉത്തരങ്ങളും പറഞ്ഞു . ഒരു കുട്ടി എഴുന്നേറ്റ് പറഞ്ഞു " Poverty അതാണ് നമ്മുടെ ശത്രു " . ആ കുട്ടി സ്നേഹല്‍ താക്കര്‍ ആയിരുന്നു . അത് കൊണ്ടാണ് എല്ലായ്പോഴും വലിയ വലിയ സ്വപ്നങ്ങള്‍ കാണാന്‍ നമ്മെ പ്രേരിപ്പിക്കുന്ന മഹാനായ ആ ഭാരതപുത്രന്‍ തന്റെ ആത്മകഥാപരമായ ഇഗ്‌നൈറ്റഡ് മൈന്‍ഡ് എന്ന കൃതി സ്നേഹല്‍ താക്കര്‍ എന്ന അന്നത്തെ പ്ലസ് റ്റൂ വിദ്ധ്യാര്‍ത്ഥിനിക്ക് സമര്‍പ്പിച്ചിരിക്കുന്നത് .
ഞാന്‍ ആലോചിക്കുകയായിരുന്നു . ദാരിദ്ര്യമാണോ നമ്മുടെ യഥാര്‍ഥമായ ശത്രു . സത്യത്തില്‍ ദാരിദ്ര്യത്തെക്കുറിച്ചും , ദരിദ്രനാരായണന്മാരെപറ്റിയും വാ തോരാതെ സംസാരിക്കുന്നത് അതിന്റെ ഇരകളായ ദരിദ്രരല്ല . അവര്‍ സംതൃപ്തരായാണ് കാണപ്പെടുന്നത് . അവര്‍ക്ക് പരാതികളോ പരിഭവങ്ങളോ ഇല്ല . അവര്‍ക്ക് പക്ഷെ സംസാരിക്കാന്‍ വേദികളുമില്ല . പ്രസംഗിക്കുന്നവരും പ്രസിദ്ദീകരണങ്ങളിലും മറ്റും ദാരിദ്ര്യരേഖയെപ്പറ്റിയുമെല്ലാം എഴുതുന്നവരും ഒക്കെ ഒരു വിധപെട്ട സുഖസൌകര്യങ്ങള്‍ ഉള്ളവരാണ് . ഒരിക്കല്‍ സാറാ ജോസഫ് ഒരു അഭിമുഖത്തില്‍ പറയുന്നത് കേട്ടു . എനിക്ക് വാഷിങ്ങ് മെഷീന്‍ , ഫ്രിഡ്‌ജ് , ഗ്രൈന്‍ഡര്‍ എല്ലാം ഉണ്ട് . എന്നാല്‍ ഇന്ത്യയിലെ എത്ര ശതമാനത്തിന് ഈ സൌകര്യങ്ങള്‍ ഉണ്ട് എന്നോര്‍ക്കുമ്പോള്‍ എനിക്ക് വിഷമമുണ്ട് എന്ന് . എങ്ങനെയാണ് സാറാ ജോസഫിന്റെ വിഷമം മാറ്റാന്‍ കഴിയുക ? ആരാണത് മാറ്റുക ? എനിക്ക് തോന്നുന്നത് സ്വാര്‍ത്ഥതയല്ലേ മനുഷ്യന്റെ ഏറ്റവും വലിയ ശത്രു ? ആര്‍ക്കും ഒന്നും പോര . മറ്റുള്ളവരെ ചൂഷണം ചെയ്താലല്ലെ തന്റെ സ്വാര്‍ത്ഥത ആവശ്യപ്പെടുന്നത് മേല്‍ക്ക് മേല്‍ കൈവശപ്പെടുത്താന്‍ കഴിയുക .
ചൂഷണം നമുക്ക് ഇല്ലാതാക്കാന്‍ കഴിയുമോ ? സോവിയറ്റ് യൂനിയന്‍ തകര്‍ന്നപ്പോഴാണ് പുറം ലോകം അറിയുന്നത് അവിടെ ദരിദ്രര്‍ ഉണ്ടായിരുന്നു . അതേ സമയം പാര്‍ട്ടി നേതാക്കള്‍ക്ക് കൊട്ടാര സദൃശമായ വസതികളും എല്ലാ ആധുനിക സൌകര്യങ്ങളുമുണ്ടായിരുന്നു . അളവറ്റ സ്വത്ത് പാര്‍ട്ടിക്കുമുണ്ടായിരുന്നു . ചൈനയും ഇന്നും ദാരിദ്ര്യമുക്തമല്ല എന്ന് മാത്രമല്ല ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വിടവ് ദിനംതോറും വര്‍ദ്ധിച്ചും വരുന്നു എന്നും അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു . തനിക്ക് ആവശ്യമുള്ളതില്‍ കവിഞ്ഞ് , അഥവാ തന്റെ ആവശ്യങ്ങള്‍ക്ക് ഒരു പരിധി നിശ്ചയിക്കാതെ കണ്ടമാനം വാരിക്കൂട്ടാനുള്ള മനുഷ്യസഹജമായ ആസക്തിയല്ലെ ദാരിദ്ര്യം സൃഷ്ടിക്കുന്നത് . അനിയന്ത്രിതമായ ജനപ്പെരുപ്പം ദാരിദ്ര്യരേഖയില്‍ താഴെയുള്ളവരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നു എന്ന സത്യം അംഗീകരിച്ചാലും കൈവശപ്പെടുത്താന്‍ കഴിയുന്നവരുടെ അമിതമായ സ്വാര്‍ത്ഥതയാണ് ദാരിദ്ര്യത്തിന്റെ അടിസ്ഥാനകാരണം എന്ന് മനസ്സിലാവും . സ്വാര്‍ത്ഥതയില്ലാത ഒരു മനുഷ്യസമൂഹം ചിന്തിക്കാന്‍ പോലും കഴിയുമെന്ന് തോന്നുന്നില്ല .
ദാരിദ്ര്യം എന്നത് ഒരു മാനസിക അവസ്ഥയല്ലെ എന്നും എനിക്ക് തോന്നുന്നു . എനിക്ക് ഇത്രയും മതി എന്ന് തോന്നാത്ത കാലത്തോളം ഒരാള്‍ ദരിദ്രന്‍ തന്നെയല്ലെ ? ധാരാളം പണം സമ്പാദിച്ചാല്‍ , അയാള്‍ ധാരാളം ചെലവാക്കുന്നു എന്നതല്ലാതെ ദരിദ്ര്യം തീരുമോ ? ഞാന്‍ ജോലി ചെയ്യുന്ന സമയത്ത് പ്രതിമാസം ആറായിരത്തില്‍ കുറവായിരുന്നു എന്റെ വരുമാനം . ഇന്ന് ഇവിടെ ബാംഗ്ലൂരില്‍ സോഫ്റ്റ്‌വേര്‍ എഞ്ചിനിയറായ മകന്റെ മാത്രം വാര്‍ഷികശമ്പളം 15 ലക്ഷത്തോളമാണ് . 30 ശതമാനം ആദായനികുതി കൊടുക്കണം . മാസം വീട്ടുവാടക പതിനഞ്ചായിരം . ജീവിതച്ചെലവ് കൂടിയെന്നല്ലാതെ ഞങ്ങളുടെ ദാരിദ്ര്യം തീര്‍ന്നോ . ഇത്ര വരുമാനം കൂടിയിട്ടും എന്താണ് എക്സ്ട്രാ ആയി ഈ ജീവിതത്തില്‍ നിന്ന് ലഭിക്കുന്നത് ? പക്ഷെ ഞങ്ങളെ സംബന്ധിച്ച് ആക്രാന്തം എന്ന ഒരു മാനസിക അവസ്ഥ ഒരിക്കലും ബാധിക്കാനിട വരരുത് എന്ന് തീരുമാനിച്ചിരുന്നത് കൊണ്ട് മന:സമാധാനത്തില്‍ കഴിയുന്നു .
പലരും ചോദിക്കും ബാംഗ്ലൂരില്‍ സ്വന്തം ഫ്ലാറ്റ് വാങ്ങിയോ എന്ന് . സ്വന്തം ഫ്ലാറ്റ് ഇല്ല എന്ന് വിചാരിച്ചാല്‍ ഞങ്ങള്‍ ദരിദ്രര്‍ ആയില്ലെ . അപ്പോള്‍ ദാരിദ്ര്യം എന്നത് ആപേക്ഷികം കൂടിയാണ് . ഞാന്‍ കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ ഒരു ബന്ധു ചോദിച്ചു : സുമേഷ് (എന്റെ മകന്‍) ഫ്ലാറ്റ് വാങ്ങിയോ ? ഞാന്‍ പറഞ്ഞു , ഇല്ലല്ലോ ..... അപ്പോള്‍ അവന്‍ പറയുകയാണ് ; എന്റെ ഒരു സ്നേഹിതന്റെ മകന്‍ ബാംഗ്ലൂരില്‍ ജോലി കിട്ടി ആറ് മാസമേ ആയുള്ളൂ 45 ലക്ഷത്തിന്റെ ഫ്ലാറ്റ് വാങ്ങിയല്ലൊ എന്ന് . എങ്ങനെയുണ്ട് ? അവനേക്കാളും മെച്ചപ്പെട്ട ഒരവസ്ഥയില്‍ കുടുംബസമേതം ബാംഗ്ലൂരില്‍ കഴിയുന്ന എന്നെ അവന്‍ ഒറ്റ പ്രസ്ഥാവനകൊണ്ട് വെറും ദരിദ്രനാക്കിയില്ലേ . ഞാന്‍ മനസ്സില്‍ പറഞ്ഞു : മോനേ , ബാംഗ്ലൂരില്‍ സ്ഥിരതാമസത്തിന് ഞങ്ങള്‍ തീരുമാനിച്ചിട്ടില്ല . മാത്രമല്ല ഇന്നത്തെ നിലയില്‍ വാടകയ്ക്ക് താമസിക്കുന്നതാണ് എന്തു കൊണ്ടും ലാഭം . നാട്ടിലെ ഞങ്ങളുടെ വീട് അവനേക്കാളും നന്നായി പുതുക്കിപ്പണിത എന്നെ അവന് എങ്ങനെയെങ്കിലും ഒന്ന് അസ്വസ്ഥമാക്കണമായിരുന്നു . ഞാന്‍ അവനോട് പറഞ്ഞു : “ ഓ അവന് 45 ലക്ഷത്തിന് കിട്ടിയോ .... ഇപ്പോള്‍ 75 ലക്ഷമാണ് ബാംഗ്ലൂരില്‍ ഒരു വിധം കൊള്ളാവുന്ന ഫ്ലാറ്റുകളുടെ വില ... .... അല്പം പരുങ്ങലോടെ അവന്‍ മറുപടി പറഞ്ഞു : “ അല്ല എനിക്ക് ശരിക്ക് ഓര്‍മ്മയില്ല ... 50 ഓ 55 ഓ ലക്ഷമാണെന്ന് തോന്നുന്നു ...”
നമ്മുടെ യഥാര്‍ത്ഥ പ്രശ്നം ഇതാണ് . മറ്റുള്ളവരെ ബോധ്യപ്പെടുത്താനാണ് ആളുകള്‍ വെപ്രാളപ്പെടുന്നത് . ഞാന്‍ ആരുടെ മുന്‍പിലും കുറഞ്ഞു പോകരുത് . മറ്റുള്ളവരെ കാണിക്കാന്‍ വലിയ ബംഗ്ലാവ് വേണം , നിറയെ സ്വര്‍ണ്ണം വേണം , ആഡംബരങ്ങള്‍ വേണം അങ്ങനെയങ്ങനെ . ഇത്തരം ബാഹ്യസമ്മര്‍ദ്ധങ്ങളാണ് പലരെയും പ്രവാസികളുമാക്കുന്നത് . ലളിതമായ ജീവിതം അര്‍ക്കും ഇന്ന് ചിന്തിക്കാന്‍ പോലും കഴിയില്ല . പണം നേടിയാല്‍ എല്ലാം ആയി എന്നത് ഒരു മിഥ്യയാണ് . മാര്‍ക്കറ്റില്‍ നിര്‍ലോഭം ചെലവഴിക്കാനേ ആ പണം നമ്മെ സഹായിക്കൂ . ജീവിതം എന്നാല്‍ പര്‍ച്ചെയിസിങ്ങ് മത്രമല്ല . ദുബായില്‍ പോയി രണ്ട് നില വീട് പണിയുന്നതിനേക്കാളും ഞാനിഷ്ടപ്പെട്ടത് കുടുംബസമേതം എന്റെ പഴകിയ വീട്ടില്‍ കഴിയാനായിരുന്നു . പക്ഷെ സമൂഹത്തില്‍ നിലനില്‍ക്കുന്ന അതിശക്തമായ സമ്മര്‍ദ്ധം അതിജീവിയ്ക്കാന്‍ പലര്‍ക്കും കഴിയുന്നില്ല . ഗള്‍ഫില്‍ പോയ മുക്കാല്‍ ഭാഗം പേര്‍ക്കും സമ്പാദ്യം എന്ന് പറയുന്നത് രണ്ട് നില വീട് മാത്രമാണ് . നഷ്ടപ്പെട്ടതോ . എന്റെ ഒരു ബന്ധുവിന്റെ ഭാര്യ പറഞ്ഞു : ജീവിതത്തില്‍ ഒരു സുഖവും കിട്ടിയില്ല സുകുവേട്ടാ , മക്കള്‍ അച്ഛന്റെ വാത്സല്യം അനുഭവിച്ചില്ല , കടം ഇപ്പോഴും ബാക്കി ....
ഇവിടെ കണ്‍സ്ട്രക്‍ഷന്‍ ജോലിക്ക് തമിഴ് നാട്ടില്‍ നിന്ന് ആളുകള്‍ കുടുംബസമേതം വരുന്നു . സൈറ്റില്‍ ടെന്റ് കെട്ടി താമസിക്കുന്നു . പിഞ്ചുകുഞ്ഞുങ്ങളെ തറയില്‍ കിടത്തി ആണും പെണ്ണൂം പണിയെടുക്കുന്നു . മാളികകള്‍ പണിയുന്ന അവര്‍ ഒരിക്കലും മാര്‍ബിള്‍ തറയില്‍ അന്തിയുറങ്ങുന്നില്ല . അവരുടെ കുഞ്ഞുങ്ങള്‍ക്ക് നല്ല വസ്ത്രങ്ങളില്ല , കുട്ടികളെ സ്കൂളിലേക്ക് അയക്കാറില്ല . എന്നാലും അവരുടെയൊക്കെ മുഖത്ത് കാണുന്ന സംതൃപ്തിയും സമാധാനവും ഒന്ന് വേറെ . അവര്‍ക്ക് വ്യാമോഹങ്ങളില്ല . അവര്‍ക്ക് ശമിപ്പിക്കപ്പെടാനാവാത്ത ഉപഭോഗതൃഷ്ണകളില്ല . അവര്‍ ദരിദ്രരാണോ ? എങ്കില്‍ അവരുടെ ദാരിദ്ര്യം ആര് എങ്ങനെ മാറ്റും ? പ്രസംഗിക്കാനും പ്രബന്ധങ്ങള്‍ രചിക്കാനും മാത്രം ഉപകരിക്കുന്ന എക്കാലത്തേയും വിഷയമല്ലേ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ? ആരെങ്കിലും തനിക്ക് കിട്ടുന്നത് ത്യജിക്കാനോ പങ്ക് വെക്കാനോ തയ്യാറാവുമോ . സ്വാര്‍ത്ഥതയല്ലേ മനുഷ്യന്റെ ശത്രു ?
നമ്മുടെ യഥാര്‍ത്ഥ പ്രശ്നം ഇതാണ് . മറ്റുള്ളവരെ ബോധ്യപ്പെടുത്താനാണ് ആളുകള്‍ വെപ്രാളപ്പെടുന്നത് ????.
ReplyDeleteഞാന്‍ ആരുടെ മുന്‍പിലും കുറഞ്ഞു പോകരുത് .??????
പലരുടെ കാര്യത്തിലും....
"ആശയങ്ങളുടെയും,കാഴ്ചപ്പാടുകളുടെയും ,നിലപാടുകളുടെയും അപ്പുറത്ത് മാനവികമായ ഒരു തലത്തില്‍ പരസ്പര സ്നേഹം സാധ്യമാണെന്ന് ഞാന്‍ കരുതുന്നു ! " (സുകുവേട്ടന്റെ വാക്കുകള്‍)
ReplyDeleteപക്ഷെ ചിലര്‍ക്ക് ഈ "സ്നേഹം" ആര്‍ത്തിയോ സ്വാര്‍ത്ഥതയോ ആയി മാറുന്നു അവിടയാണ് പ്രശ്നം.
ലതിമായി പറഞ്ഞാല്‍ ആട്ടിടയനും, കശാപ്പുകാരനും ആടിനെ ഇഷ്ടമാണ് ആ "ഇഷ്ടം" തമ്മിലുള്ള വ്യത്യാസം പോലെ.
എന്തായാലും സുകുവേട്ടന്‍ ഉദ്ദേശിച്ച ആ "പരസ്പര സ്നേഹം" ഞാന്‍ വേറൊരു തലത്തിലാണ് കാണുന്നത്. ഈ ലോകത്തെ ജീവനുള്ളതും ജീവനില്ലതതുമായ എല്ലാത്തിനോടും എനിക്ക് സ്നേഹമാണ്. അത് സ്വന്തമാക്കനല്ല (ഇനി ആരെങ്കിലും അതിന് ശ്രമിച്ചാല്‍ അത് നടക്കുകയുമില്ല - അറിയാമല്ലോ ഇന്നലെ അത് മറ്റാരുടെയോ ആയിരുന്നു , നാളെ അത് മറ്റാരുടെയോ ആകും ...........................)
ഒരിക്കല്‍ ഒരു വലിയ വെള്ള ചാട്ടത്തിന്റെ അടുത്ത് നില്‍ക്കുമ്പോള്‍ എനിക്ക് തോന്നിയ ഒരു തോന്നല്‍ - ഇ വെള്ള ചാട്ടത്തിനെ ഞാന്‍ വിചാരിച്ചാല്‍ നിര്‍ത്താന്‍ കഴിയില്ല, അത് പോലെ ഇത് എന്നെങ്കിലും ശോഷിച്ചാല്‍ അതിനെ നന്നാക്കിയെടുക്കാനും എനിക്കാവില്ല പക്ഷെ ഇപ്പോള്‍ ഈ നിമിഷം ഇതിനടുത്ത് നില്‍ക്കുമ്പോള്‍ എനിക്കൊരു സന്തോഷം ഉണ്ടാകുന്നു - ജീവിതവും എനിക്കങ്ങിനെ തന്നെ, കേവലം ഒരു നിരീക്ഷകന്‍ മാത്രം, പക്ഷെ അതിനും ഒരു അര്‍ത്ഥമുണ്ടെന്ന് ഞാന്‍ കരുതുന്നു.
:-)
വളരെ ചിന്തനീയമായ ഒരു പോസ്റ്റ്...
ReplyDeleteപുറം മോടി കാട്ടാന്‍ വ്യഗ്രതപ്പെടുന്ന മനുഷ്യര്‍ നാമെല്ലാം..ഉള്ളിന്റെഉള്ളീലെ ശ്ശൂന്യതയാണ് ഇത്തരം പൊള്ളയായ ആഡംബരങ്ങളീലും ധൂര്‍ത്തിലും മനുഷ്യനെ എത്തിക്കുന്നത് എന്നാണെനിക്കു തോന്നുന്നത്..തങ്ങളെ ത്തന്നെ തിരിച്ചറീയാനാകാത്ത അവസ്ഥ,
അതേ പോലെ തന്നെ ദാരിദ്രയം എന്നത് മനസ്സിന്റെ അവസ്ഥയാണ്.തനിക്കുള്ളതിനെ അംഗീകരിച്ച്, അതില്‍ തൃപ്തിപ്പെട്ട് ജീവിക്കുന്ന അവസ്ഥയാണ് യഥാര്‍ത്ഥ സമ്പന്നത..
ഒപ്പം അമിതമായ സ്വാര്‍ത്ഥത. കുഞ്ഞുങ്ങളെ തുടങ്ങി സ്വാര്‍ത്ഥമതികളാക്കുന്നതില്‍ അണുകുടുമ്പ വ്യ്യവസ്ത്ഥിതി നല്ലൊരു പങ്ക് വഹിക്കുന്നു..
നല്ലൊരു പോസ്റ്റ് വായിക്കാനായതില്‍ നന്ദി, മാഷിന് അഭിനന്ദനങ്ങള്‍..
ഷാജി മുള്ളൂക്കാരന്‍,
ReplyDeleteഅനില്‍ ,
ഡോ. ആനി തോമസ് ,
വായനയ്ക്കും നല്ല വാക്കുകള്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി ....!
നിങ്ങള്‍ പറഞ്ഞത് നൂറു ശതമാനം സത്യമാണ് സുകുമാരേട്ടാ കാരണം മലയാളി ഇന്ന് സാമൂഹികമായ ചുറ്റ്‌പാടുകളിലെ പ്രതിസന്ധികളില്‍ പെട്ട് തന്‍റെ സ്വന്തം വ്യക്തിത്വം പലരുടെയും മുന്‍പില്‍ പണയം വെക്കുകയാണ് ,അവനവന്റെ പൊങ്ങച്ചത്തിന്റെ ഭാണ്ട കെട്ടുകള്‍ മറ്റുള്ളവരില്‍ അടിചെല്പിച്ചും അവനെ കുത്തിനോവിച്ചും മാനസീകമായി ആനന്ദം കണ്ടെത്തുന്ന തരത്തില്‍ അധപതച്ചിരിക്കയാണ് ഇന്നത്തെ മലയാളി സമൂഹം.പിന്നെ വേറെ ഒരു വിഭാഗം കൂടി ഉണ്ട് പണം എന്ന് പറയുന്ന സാധനം കെട്ടിപിടിച്ചു ജീവിത അവസാനം വരെ നരക തുല്യമായി ജീവിച്ചു ജീവിതം ഹോമിക്കുന്നവര്‍ ,ഒടുവില്‍ ഈ പറഞ്ഞവരുടെ മരണത്തിനു ശേഷം അടുത്ത അവകാശികള്‍ ധൂര്‍ത്ത് അടിച്ചു നശിപ്പിക്കുന്ന രീതിയും ഇതോടൊപ്പം മറുവശത്തുമുണ്ട്. പിന്നെ ദാരിദ്ര്യം, അത് നിയന്ത്രിക്കാന്‍ ഇന്ന് സര്‍ക്കാര്‍ പോലും എന്താ ചെയ്യുന്നത് ..? ഞാന്‍ സ്വാതന്ത്ര്യ ദിനം വന്നപ്പോള്‍ ഫ്ലിക്കറില്‍ എഴുതി, നാം പൂര്‍ണമായും സ്വതന്ത്രരല്ല അതിനു മറുപടിയായി നടക്കാനും തുപ്പാനും അത്യാവിശ്യം മൂത്രം ഒഴിക്കാനും സ്വാതന്ത്ര്യം ഉണ്ടല്ലോ ങ്‌ഹേ... ?എന്ന നിരാശകരമായ മറുപടി ആയിരുന്നു എന്നെ കാത്തിരുന്നത്..ഞാന്‍ തിരിച്ചു മറുപടി കൊടുത്ത് ,ഇത്ര മാത്രം മതിയോ,യഥാര്‍ഥ സ്വാതന്ത്ര്യം അര്‍ത്ഥമാക്കുന്നത് എന്താണ് എന്നും ? ആയിരങള്‍ പട്ടിണി കൊണ്ട് വലയുമ്പോള്‍ കേട്ടിഘോഷിക്കുന്ന സ്വാതന്ത്ര്യ ദിന ആഘോഷങ്ങള്‍ക്ക് എന്ത് പ്രസക്തി എന്നും ചോദിച്ചു ,പതിനായിരങ്ങള്‍ വിദേശങ്ങളില്‍ അടിമ പണിയെടുക്കുന്നത് കേരളത്തിലെ വരേണ്യ വര്‍ഗ്ഗത്തില്‍ പെട്ട ഏതു ഒരുത്തനെ ആണ് അസ്വസ്ഥനാക്കുന്നത് ....? ഞാന്‍,എന്‍റെ കാര്യങ്ങള്‍ മാത്രം .എനിക്ക് ചുറ്റും സംഭവിക്കുന്നതില്‍ ഞാന്‍ എന്തിനു വ്യാകുലനാവണം എന്ന് മാത്രമേ ഇക്കൂട്ടര്‍ ചിന്തിക്കുന്നുള്ളൂ....? പാവപെട്ടവന്‍ വീണ്ടും പാവപെട്ടവന്‍ ആവുന്നു ,പണക്കാരന്‍ വീണ്ടും വീണ്ടും പണക്കാരന്‍ ആയികൊണ്ടേ ഇരിക്കുന്നു........ഈ വ്യവസ്ഥിതിക്ക് മാറ്റം വരുമ്പോള്‍ നമുക്ക് എല്ലാരേയും പുകഴ്ത്തി പറയാം ....!!
ReplyDeleteവളരെ പ്രസക്തമായ പോസ്റ്റിനു നന്ദി.
ReplyDeleteകൊടിയ ദു:ഖങ്ങള്‍ ഇനിയുമുണ്ട് :
ReplyDeleteവഴക്കടിക്കുന്ന, പിരിഞ്ഞുജീവിക്കുന്ന അച്ഛനമ്മമാരുടെ കുഞ്ഞുങ്ങളുടെ ദു:ഖം. ഒരുനാള്‍ കാണാതായവരും ആത്മഹത്യ ചെയ്തവരും ഉള്ള വീടുകളില്‍ ബാക്കിയാവുന്നവരുടെ ദു:ഖം. പഠിക്കാന്‍ കഴിയാഞ്ഞതിന്റെ സങ്കടം ആരോടു പറയും എന്ന് ആശങ്കപ്പെട്ടു ജീവിക്കുന്ന വൃദ്ധരുടെ ദു:ഖം.പിന്നെ...
പറഞ്ഞു ഫാലിപ്പിക്കാനുള്ളൊരു ഭാഷ ഇല്ലാത്തതിന്റീ ദു:ഖം.
വാങ്ങുന്ന വസ്തുക്കളുടേയും, കുടിക്കുന്ന ബിയറിന്റെയും കണക്കെടുപ്പ് നടത്തിയാണു ഇപ്പൊള്‍ പലരും ജീവിക്കുന്നതു, പിന്നെ എങ്ങിനെയാണു സ്വാര്‍ത്ഥന്മാരവാതിരിക്കും
ReplyDelete