Pages

ബുദ്ധദേവ് , താങ്കള്‍ക്ക് അഭിവാദനങ്ങള്‍ !

“ഒരു ബന്ദിനെയും ഞാന്‍ പിന്തുണയ്‌ക്കില്ല. നിര്‍ഭാഗ്യവശാല്‍ ബന്ദിനെ അനുകൂലിയ്‌ക്കുന്ന ഒരു പാര്‍ട്ടിയുടെ പ്രതിനിധിയാണ്‌ താന്‍. ഇത്രയും കാലം ഞാന്‍ നിശബ്ദത പാലിച്ചു. എന്നാലിനി മുതല്‍ ഞാനതിനെ എതിര്‍ക്കും ” പ. ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ്‌ ഇന്ന് പറഞ്ഞ വാക്കുകളാണിത് . ബന്ദിനെതിരെ മാത്രമല്ല ഘോരാവോയെയും പിബി അംഗം കൂടിയായ ബുദ്ധദേവ്‌ വിമര്‍ശിക്കുകയും തീര്‍ത്തും നിയമവിരുദ്ധവും അധാര്‍മ്മികവുമായ ഈ സമരമുറ ബംഗാളില്‍ അനുവദിയ്ക്കില്ലെന്നും കൂടി അദ്ദേഹം പറഞ്ഞപ്പോള്‍ ആ വാക്കുകള്‍ മലയാളികളുടെ കാതുകളില്‍ ആശ്വാസത്തിന്റെ പെരുമഴയായി പെയ്തിരിക്കണം .

എന്നാല്‍ നമ്മുടെ മുഖ്യമന്ത്രി , ഈ അടുത്ത കാലത്തായി പിണറായിക്കെതിരെ തന്റെ അപ്രമാദിത്വം സ്ഥാപിക്കണമെന്ന വാശിയില്‍ ജനപ്രിയ പരിപാടികള്‍ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ച് സാധാരണക്കാരുടെ രക്ഷകനെന്ന പരിവേഷം ചാര്‍ത്തിക്കിട്ടിയ സാക്ഷാല്‍ അച്യുതാനന്ദന്‍ ബുദ്ധദേവിനെ തിരുത്താന്‍ പുറപ്പെട്ടിരിക്കുന്നു .

ബുദ്ധദേവ്‌ ഭട്ടാചാര്യയുടെ പ്രസ്‌താവന തെറ്റാണന്നും ഭട്ടാചാര്യ അങ്ങനെ പറയുമെന്ന്‌ താന്‍ കരുതുന്നില്ലന്നും പറഞ്ഞാല്‍ തന്നെയും അത്‌ അംഗീകരിക്കാന്‍ കഴിയില്ലെന്നുമാണ് വി.എസിന്റെ ഇക്കാര്യത്തിലുള്ള പ്രതികരണത്തിന്റെ രത്നച്ചുരുക്കം . ഹര്‍ത്താലിനും ബന്ദിനും ആഹ്വാനം ചെയ്യുന്നവരെ ജനം ഒരിക്കല്‍ കല്ലെടെത്തെറിയുമെന്ന് ഞാന്‍ കുറച്ചു മുന്‍പേ ഒരു കമന്റില്‍ സൂചിപ്പിച്ചിരുന്നു . വി.എസ്സിന്റെ ഇന്നത്തെ യാന്ത്രികമായ പ്രസ്ഥാവന അദ്ദേഹം എത്രമാത്രം ജനകീയനായി അഭിനയിക്കാന്‍ നോക്കിയാലും താന്‍ അടിസ്ഥാനപരമായി ഒരു സ്റ്റാലിനിസ്റ്റ് തന്നെയാണെന്ന് വ്യക്തമാക്കുന്നു .

സി.പി.എമ്മില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നത് എപ്പോഴും ബംഗാളില്‍ നിന്ന് തന്നെയാണ് . മാര്‍ക്സിസ്റ്റ് പാര്‍ട്ടി പതുക്കെ മാറി വരികയാണ് . ഡിഫിക്കാര്‍ സെസിന് അനുകൂലമായി നിലയുറപ്പിച്ചത് ചില്ലറക്കാര്യമല്ല്ല . കളക്ട്രേറ്റ് വളഞ്ഞാലോ ജയില്‍ നിറച്ചാലോ കേരളത്തില്‍ തൊഴിലവസരങ്ങള്‍ ഉണ്ടാകില്ല എന്ന് അവര്‍ തിരിച്ചറിയാനും പൊതുസമുഹത്തില്‍ തുറന്ന് പറയാന്‍ തയ്യാറായതും ശുഭോദര്‍ക്കമാണ് . സെസ് വരുമ്പോള്‍ അത് ജനങ്ങളെ ബുദ്ധുമുട്ടിക്കാതെ പരമാവധി നോക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ശ്രദ്ധിക്കുക തന്നെ ചെയ്യും . വര്‍ത്തമാനകാലയാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊള്ളാനും അംഗീകരിക്കാനും മാര്‍ക്സിസ്റ്റ് പാര്‍ട്ടി എല്ലായ്പ്പോഴും ഒരു പതിനഞ്ച് കൊല്ലം വെച്ച് താമസിപ്പിക്കാറുള്ളത് കേരളത്തിന്റെ പുരോഗതിക്ക് വരുത്തിവെച്ച ദോഷം ചില്ലറയല്ല . ഇല്ലായിരുന്നെങ്കില്‍ ലോകത്തിലെ ഏറ്റവും വലിയ ഐ.ടി.ഹബ്ബ് ഇന്ന് കേരളമായേനേ .

ഹര്‍ത്താലും ബന്ദും ഇന്ന് കേരളത്തില്‍ ഒരു തമാശയാണ് . കോമഡിക്കാരും സിനിമാലക്കാരും കഴിഞ്ഞ ദിവസം ഏഷ്യാനെറ്റിലെ മുന്‍ഷിയില്‍ പോലും തമാശയായി പറഞ്ഞത് ഹര്‍ത്താലില്ലാത്ത ഒരു കേരളം ഇനി ചിന്തിക്കാന്‍ പോലും കഴിയില്ല എന്നാണ് . കേരളം ഹര്‍ത്താലിന്റെ സ്വന്തം നാടാണെന്ന തമാശ ഇന്റെര്‍നെറ്റില്‍ പ്രചരിക്കുന്നു . ഹര്‍ത്താലുത്സവം എന്ന പദം പോലും ഭാഷയില്‍ സ്ഥിരപ്രതിഷ്ഠ നേടി . ഇതൊക്കെ ആളുകള്‍ നിസ്സഹയാവസ്ഥ കൊണ്ട് പറയുന്നതാണ് . ഹര്‍ത്താല്‍ എന്ന് കേള്‍ക്കുമ്പോള്‍ ആളുകളുടെ മനസ്സില്‍ തീയാണ് . അമര്‍ഷത്തിന്റെ കനലാണ് . ആ ചൂടില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി പരസ്പരം പറയുന്ന വാക്കാണ് ഹര്‍ത്താലാശംസകള്‍ എന്നത് . ഇതൊന്നും മാര്‍ക്സിസ്റ്റ് നേതാക്കള്‍ക്ക് അറിയാത്തതല്ല . ആ കുറ്റബോധമാണ് ബുദ്ധദേവിന്റെ വാക്കുകളില്‍ നിഴലിക്കുന്നത് .

എന്നാല്‍ അച്യുതാനന്ദന്‍ താനാണ് ശുദ്ധമാര്‍ക്സിസത്തിന്റെ ഇന്‍ഡ്യയിലെ ഏക പിന്തുടര്‍ച്ചാവകാശി എന്ന് സ്ഥാപിച്ചെടുക്കാനുള്ള വെപ്രാളത്തിലാണ് . ബന്ദും പണിമുടക്കുമില്ലാതെ വര്‍ഗ്ഗസമരമില്ല , വര്‍ഗ്ഗസമരമില്ലാതെ വിപ്ലവമില്ല, വിപ്ലവമില്ലാതെ സോഷ്യലിസമില്ല , സോഷ്യലിസമില്ലാതെ ശാസ്ത്രീയകമ്മ്യൂണിസമില്ല എന്ന മൂഢസ്വര്‍ഗ്ഗത്തില്‍ ജനങ്ങളെ ഇനിയും തളച്ചിടാനുള്ള പാഴ്‌ശ്രമത്തിലാണ് അദ്ദേഹം . സെസിനെ അനുകൂലിച്ചു കൊണ്ട് ഡി.വൈ.എഫ്.ഐ. നേതാക്കള്‍ പത്രസമ്മേളനത്തില്‍ സംസാരിച്ചങ്കില്‍ , ബന്ദിനെതിരെയും ഹര്‍ത്താലിനെതിരെയും അവര്‍ പത്രസമ്മേളനം വിളിക്കുന്ന കാലം അതിവിദൂരമല്ല . അച്യുതാനന്ദനും അണികളും ഇത് മനസ്സിലാക്കുന്നത് നന്ന് . സി.പി.എം. ബന്ദിനും ഹര്‍ത്താലിനും എതിരായാല്‍ കേരളത്തില്‍ പിന്നെയാരും അതിന് ധൈര്യപ്പെടുകയില്ല എന്നത് തീര്‍ച്ച .

ഒരു പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടാലോ , മറ്റ് അനിഷ്ട സംഭവങ്ങള്‍ നടന്നാലോ തല്‍ക്ഷണം ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നത് കൊണ്ട് എന്ത് നേട്ടമാണുള്ളത് . ജനങ്ങള്‍ക്ക് കൊല്ലപ്പെട്ടവനോടുള്ള സഹതാപം ഫലത്തില്‍ വെറുപ്പായി മാറുന്നു . നാശം ഒരിക്കല്‍ കൂടി അവന്‍ കൊല്ലപ്പെട്ട് പോകട്ടെ എന്നേ ആ പാര്‍ട്ടിയിലോ സംഘടനയിലോ പെടാത്തവര്‍ക്ക് തോന്നൂ . ഒരു ഹര്‍ത്താലില്‍ എല്ലാം തീര്‍ന്നു എന്ന് തോന്നും ആഹ്വാനക്കാരുടെ രീതി കണ്ടാല്‍ . ആണത്തമുണ്ടെങ്കില്‍ പ്രതികളെ കണ്ടെത്താനും നിയമത്തിന്റെ മുന്‍പില്‍ കൊണ്ട് വന്ന് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാനും അധികാരികളെ സഹായിക്കുകയാണ് വേണ്ടത് .

സോഷ്യലിസവും വിപ്ലവവും ഒന്നും ഇനി നടക്കില്ല എന്ന് മനസ്സിലാക്കിയ സ്ഥിതിക്ക് , കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്ന നിലയില്‍ ആ പാര്‍ട്ടിയുടെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല എന്നും ജനങ്ങളോടൊപ്പം നിന്ന് ജനങ്ങള്‍ക്ക് വേണ്ടി എന്നും ധാരാളം ചെയ്യാനുണ്ടെന്നും അവര്‍ മനസ്സിലാക്കുകയും അത് പരസ്യമായി പ്രഖ്യാപിക്കാനും പാര്‍ട്ടി തയ്യാറാവണം . സോവിയറ്റ് യൂനിയനും കിഴക്കന്‍ യൂറോപ്പും തകര്‍ന്നിട്ടും ഞങ്ങള്‍ അചഞ്ചലമയി നിലകൊണ്ടു എന്ന് വീമ്പ് പറയുന്നതില്‍ കഴമ്പില്ല .

ജനാധിപത്യത്തിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മഹത്തായ ജനകീയ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയും എന്ന് തെളിയിക്കലല്ലെ , ഒരിക്കലും നടക്കാത്ത വിപ്ലവത്തിന്റെ പേരില്‍ നിഷേധാത്മക രാഷ്ട്രീയം കൊണ്ട് നാട് കുട്ടിച്ചോറാക്കുന്നതിലും ഭേദം ?

സാധാരണപ്രവര്‍ത്തകരും അനുഭാവികളും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ സ്വന്തം നിലയില്‍ ചിന്തിക്കാനോ സ്വതന്ത്രമായി അഭിപ്രായം പറയാനോ ധൈര്യപ്പെടുന്നില്ല എന്നതാണ് ഒരു ശാപം . പാര്‍ട്ടി വേദികളില്‍ അഭിപ്രായം പറയാമെങ്കിലും നേതാക്കളുടെ ഹിതത്തിന് എതിരാകുമോ എന്ന ഭയത്തില്‍ ആരും മിണ്ടാറില്ല എന്നതാണ് വാസ്തവം . എന്നാല്‍ പക്ഷെ ഒച്ച വെക്കുന്നവന്‍ ഭാരവാഹിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്യും . ഇതൊക്കെ ഞാന്‍ താഴെത്തട്ടിലുള്ള കമ്മറ്റികളില്‍ പങ്കെടുത്ത അനുഭവത്തില്‍ നിന്ന് പറയുന്നതാണ് .

മാര്‍ക്സിസ്റ്റ് പാര്‍ട്ടി രൂപീകൃതമായതിന് ശേഷം കമ്മറ്റികളില്‍ കക്ഷിരാഷ്ട്രീയം ചര്‍ച്ച ചെയ്യുക എന്നതല്ലാതെ , മാര്‍ക്സിയന്‍ ആശയങ്ങളോ വൈരുദ്ധ്യാത്മകഭൌതികവാദമോ പഠിപ്പിക്കുന്ന സ്റ്റഡിക്ലാസ്സുകള്‍ നടന്നിട്ടേയില്ല . ഇന്ന് കേരളത്തില്‍ കാണുന്ന സാംസ്ക്കാരികത്തകര്‍ച്ചയ്ക്കും ജീര്‍ണ്ണതയ്ക്കും പ്രധാനകാരണം അതാണ് . ഇന്ന് സാര്‍വ്വത്രികമായി കാണുന്ന കപട ആത്മീയതയ്ക് പകരം മാനവീകതയുടെ മഹത്തായ മൂല്യം സമൂഹത്തില്‍ അരക്കിട്ടുറപ്പിക്കാന്‍ ബാധ്യതപ്പെട്ടവരായിരുന്നു മാര്‍ക്സിസ്റ്റുകാര്‍ . പക്ഷെ കക്ഷിരാഷ്ട്രീയത്തിന്റെ അതിപ്രസരം നിമിത്തം കുറെ ക്രിമിനലുകളെ സൃഷ്ടിക്കാനേ പാര്‍ട്ടിക്ക് കഴിഞ്ഞുള്ളൂ . ഒരു കുടം പാലില്‍ വിഷം ഒരു തുള്ളി മതിയല്ലൊ . എത്രയോ നിസ്വാര്‍ത്ഥരായ പ്രവര്‍ത്തകരുണ്ടായിട്ടും മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് ഗുണ്ടകളുടെ മുഖമുദ്ര കിട്ടിയത് അങ്ങനെയാണ് .

ഇപ്പോള്‍ സെസിനെ ഡിഫി അനുകൂലിച്ചെങ്കില്‍ അത് ഉന്നതനായ ഏതോ നേതാവിന്റെ മൌനസമ്മതത്തോടെയായിരിക്കും . ഡിഫി നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞത് കൊണ്ട് അണികളും അത് സ്വീകരിക്കും . അതാണ് സാധാരണ അനുഭാവി സ്വന്തമായി ചിന്തിക്കില്ല എന്ന് ഞാന്‍ പറഞ്ഞതിന്റെ അര്‍ത്ഥം . എല്ലാം ഒരു നേതാവിന്റെ തലയില്‍ ഉദിക്കണം . ബുദ്ധദേവിനെ അനുകൂ‍ലിച്ച് കൊണ്ട് പിണറായി തല്‍ക്കാലം ഒന്നും പ്രതികരിച്ചില്ലെങ്കിലും താമസിയാതെ ഡിഫിയുടെ നാവിലൂടെ പിണറായി അത് പ്രഖ്യാപിക്കുമെന്ന് പ്രത്യാശിക്കാം .

9 comments:

  1. വളരെ ശരിയാണ് സര്‍ . നിഷേധാത്മകമായ ചിന്തയാണ് ഹര്ത്താലുകള്‍ക്ക് ജന്മം നല്‍കുന്നത് . പിന്നെ ലോകത്തിലെ ഏറ്റവും വലിയ ഐ.ടി.ഹബ്ബ് ഇന്ന് കേരളമായേനേ എന്ന പ്രസ്താവം അല്പം കടുത്ത ഒന്നായി പോയില്ലേ എന്ന് സംശയം.

    ReplyDelete
  2. ബന്ദിനെ അനുകൂലിക്കാത്ത ഒട്ടേറെ കമ്മ്യൂണിസ്റ്റുകാര്‍ വേറെയും ഉണ്ടാകും സുകുവേട്ടാ.. പക്ഷെ ബുദ്ധദേവിന്റെ ധൈര്യം അവര്‍ക്കാര്‍ക്കും കിട്ടില്ല.. അതോണ്ടാണ് മിണ്ടാതിരിക്കുന്നത്..

    ReplyDelete
  3. മാഷ്,
    ഹാപ്പിയായല്ലൊ.
    സോമനാഥ് ചാറ്റര്‍ജിയെ കണ്ടതോടെയാണു സത്യത്തില്‍ ബംഗാള്‍ എന്താണെന്നു മനസ്സിലായതു.ഇപ്പോള്‍ പൂര്‍ണ്ണം.

    ആശംസകള്‍.

    ReplyDelete
  4. വി എസിന്റെ പ്രസ്താവന വളരെ നിരാശാ‍ജനകമായിട്ടാ‍ണു എനിക്കു തോന്നിയതു. ജനോപദ്രവകാ‍രികളായിട്ടുള്ള ഒരു പ്രവര്‍ത്തനത്തിനും ഒരു ജനകീയ നേതാവ് കൂട്ടുനില്‍ക്കാന്‍ പാടില്ല എന്നാണു എനിക്കു തോന്നുന്നതു. ഒന്നുകില്‍ തെമ്മാടികളുടെ ജയ് വിളികിട്ടാനുള്ള വിവരകൂടുതല്‍, അല്ലങ്കില്‍ ബന്ദുകൊണ്ടും, സമരം കൊണ്ടും ഉള്ള സാധാരണക്കാരുടെ കഷ്ടപ്പാടു കാണതിരിക്കുന്നതിലുള്ള വിവരക്കേട്!
    വെറും സാഡിസ്റ്റുകളായ കൂളികളുടെ അട്ടഹാസവേദിയാണു ഇതൊക്കെ! പ്രതികരിക്കാന്‍ വേറെ എത്രയോ മാര്‍ഗ്ഗങ്ങള്‍ ഉണ്ട്?

    ReplyDelete
  5. പാര്‍ട്ടിയുടെ അഭിപ്രായമല്ല ബുദ്ധദേവിലൂടെ പുറത്തു വന്നതെന്ന് വിശദീകരണം വന്നു കഴിഞ്ഞെങ്കിലും ചാറ്റര്‍ജ്ജിയുടെ അനുഭവം ബുദ്ധദേവിനുണ്ടാകില്ല, കാരണം, ചിലരുടെ അഭിപ്രായ പ്രകടനങ്ങള്‍ മറ്റു ചിലരുടെ മൌനത്തിന്‍ വഴിയാകുന്നുവെങ്കില്‍ ആ മൌനത്തിന്‍റെ തിണ്ണബലം ബുദ്ധദേവിന്‍ കൂട്ടാകും. ഇന്ത്യയിലെ ഏതൊരു സംഘടനേയും വെല്ലുന്ന സംഘടനാപാടവമാണ്‍ ഇടതു പക്ഷത്തിനുള്ളത്, എന്നാല്‍ എന്തുകൊണ്ട് ഈ പക്ഷം രണ്ടര സംസ്ഥാനത്ത് ഒതുങ്ങി എന്ന് വിലയിരുത്തുമ്പോഴാണ്‍ അനാവശ്യ സമരങ്ങളും വികസന വിരുദ്ധ നിലപാടുകളും പാര്‍ട്ടിയുടെ കാര്‍മ്മികത്തത്തിലുള്ള അക്രമങ്ങളും എത്രത്തോളം ജനങ്ങളെ പാര്‍ട്ടിയില്‍ നിന്നകറ്റി എന്ന് മനസ്സിലാക്കുവാന്‍ കഴിയുക..
    എന്തൊക്കെയായാലും എ ഡി ബി വായ്പ പോലെ ലോക ബാങ്ക് വായ്പ പോലെ പണം വായ്പ തരുന്നവര്‍ നിലപാട് മാറ്റിയതു കൊണ്ട് ഞങ്ങള്‍ നിലപാട് മാറ്റി എന്ന പാര്‍ട്ടി വിശദീകരണം ഇക്കാര്യത്തിനില്ല, കാരണം പണിമുടക്കും ഹര്‍ത്താലും എന്തായാലും നിലപാട് മാറ്റില്ലല്ലോ. ഹര്‍ത്താല്‍ തൊഴിലാളികളേയും പണിമുടക്ക് തൊഴിലാളികളേയും പുനരിധിവസിപ്പിക്കേണ്ട അധിക ബാധ്യത പാര്‍ട്ടിക്ക് വരുമെങ്കിലും പണിയെടുത്ത് ജീവിക്കുന്ന സാധാരണക്കാരന്‍ അതിനുള്ള സാഹചര്യമുണ്ടാകുന്നുവെങ്കില്‍, ഭരണഘടന അനുവദിക്കുന്ന സ്വാതന്ത്ര്യം ലഭിക്കുമെങ്കില്‍ പുറത്തിറങ്ങി ഏതു ദിവസവും പൊതു ജനത്തിന്‍ സഞ്ചാര സ്വാതന്ത്ര്യം ഉണ്ടാകുമെങ്കില്‍ ബുദ്ദദേവിന്‍റെ അഭിപ്രായ പ്രകടനത്തിന്‍ കാട്ടു കൊള്ളക്കാരന്‍റെ കീഴടങ്ങലിനു സമാനമയ പ്രാധാന്യം ഉണ്ട്

    ReplyDelete
  6. കടത്തുകാരന്റെ കീഴില്‍ എന്റെ ഒര്‌ ഒപ്പ്‌

    ReplyDelete
  7. ബുദ്ധദേവിന്റെ മുഖം കാണുമ്പോ ഞെട്ടുന്ന ചിലര്‍ പുള്ളിയുടെ നാട്ടില്‍ തന്നെയുണ്ട്‌. എന്നാലും സാരമില്ല, നമുക്കെന്തായാലും പുള്ളിയെ കൊണ്ട്‌ വലിയ ശല്യമൊന്നുമില്ലല്ലൊ.അതുകൊണ്ട്‌ പെരുമഴ അങ്ങനെ നിക്കട്ടെ. വ്യക്തിപരമായി, നിര്‍ബന്ധിത ഹര്‍ത്താലിനു്‌ ഞാനും എതിരാണ്‌. എല്ലാം ശരിയാകും എന്നു പ്രതീക്ഷിക്കാം.

    പക്ഷേ, വി.എസ്. മാത്രമല്ലല്ലോ സുകുമാരന്‍ സാറേ ഇതിനെതിരേ പ്രതികരിച്ചത്‌. ബംഗാളിലെ സെക്രട്ടറി സ:ബിമന്‍ ബോസിന്റെ പ്രതികരണം കണ്ടിരുന്നോ? വി.എസ്‌. കാണിച്ച മയം പോലും പുള്ളിയുടെ മുഖത്തില്ലായിരുന്നു. എന്നിട്ടും വി.എസ്സിനെതിരേ മാത്രം എന്തേ ഈ പൊട്ടിത്തെറി ? 2 ദിവസം മുമ്പ്‌ കപില്‍ദേവിനു മറുപടി പറഞ്ഞ മന്ത്രി കരീമും ഹര്‍ത്താലിനെ അനുകൂലിച്ചാണ്‌ സംസാരിച്ചതു്‌.

    ReplyDelete
  8. രാവിലെ ടൈംസ് ഓഫ് ഇന്‍ഡ്യ വായിച്ചപ്പഴേ ഓര്‍ത്തതാണു.....ലാല്‍ സലാം ബുദ്ധദേവ് ലാല്‍ സലാം !!

    ആരെങ്കിലും തുറന്നു പറഞ്ഞല്ലോ അവസാനം ഇതു !!!

    ReplyDelete
  9. @ മൂപ്പന്‍ - ഐ.ടി.ഹബ്ബ് കേരളത്തിലായേനേ എന്ന കടുത്ത പ്രസ്ഥാവന നിരാശയില്‍ നിന്ന് വന്നതാണ് :)

    @ കണ്ണൂരാന്‍ - ശരിയാണ് , കാലം മാറുമെന്ന് കാത്തിരിക്കാം .

    @ അനില്‍-പതിവ് പോലെ വന്നതിനും ആശംസകള്‍ക്കും നന്ദി :)

    @ ഒരു ദേശാഭിമാനി ‌- സര്‍ അങ്ങയുടെ ധാര്‍മ്മികരോഷം ഞാനും പങ്ക് വെക്കുന്നു .

    @ കടത്തുകാരന്‍ - കൊട് കൈ :)

    @ ഷാജൂന്‍ ‌- ഒപ്പിന്റെ കൂടെ രണ്ട് വാക്കും പറയാമായിരുന്നു

    @ The Common Man - നിര്‍ബന്ധിത ഹര്‍ത്താലിനു്‌ ഞാനും എതിരാണ്‌. എല്ലാം ശരിയാകും എന്നു പ്രതീക്ഷിക്കാം. ആശ്വാസം ! അച്യുതാനന്ദന്‍ ബുദ്ധദേവിനെ അനുകൂലിച്ചെങ്കില്‍ എന്ന വ്യാമോഹത്തില്‍ പൊട്ടിത്തെറിച്ചു പോയതാണ് .

    @ തക്കുടു - ഒരാളെങ്കിലും പറഞ്ഞല്ലൊ . ലാല്‍ സലാം ബുദ്ധദേവ് ജീ .....

    ReplyDelete