Pages

വെറുതേ ചില കുശലങ്ങള്‍ .....

കൂട്ടം എന്ന കൂട്ടായ്മയില്‍ ഞാന്‍ ഇന്ന് എഴുതിയ ബ്ലോഗ് :

കുറെ ദിവസങ്ങളായി ‘കൂട്ട’ത്തില്‍ എന്തെങ്കിലും എഴുതണം എന്ന് വിചാരിക്കുന്നു. മറ്റൊന്നുകൊണ്ടുമല്ല, കൂട്ടത്തിലെ എന്റെ ഒരു പ്രിയകൂട്ടുകാരന്‍ (ഇവിടെ നമ്മളെല്ലാം പ്രിയമുള്ള കൂട്ടുകാര്‍ തന്നെ,അത്കൊണ്ടാണല്ലൊ നാം കൂട്ടം എന്ന ഈ കൂട്ടായ്മയില്‍ ഒത്ത് ചേര്‍ന്നത് തന്നെ) ജ്യോതികുമാര്‍ പറയുന്നു .

“ മാഷ് എന്തെങ്കിലും ഇവിടെ എഴുതണം എന്ന് ..”

ഞാന്‍ സമ്മതിച്ചെങ്കിലും ഒന്നും എഴുതിയില്ല . ഇവിടെ നിന്ന് ചില ചര്‍ച്ചകള്‍ വായിച്ചു പോവുക മാത്രം ചെയ്തുവന്നു . ജ്യോതികുമാര്‍ വിട്ടില്ല . “ മാഷ് എഴുതാതെ ഞാന്‍ വിടില്ല ” എന്റെ പ്രൊഫൈലില്‍ വീണ്ടും കമന്റ് .... എന്തെഴുതും ?

ജ്യോതികുമാര്‍ പറഞ്ഞിരുന്നു , “മാഷ് , ബാംഗ്ലൂര്‍ ജീവിതത്തിലെ അനുഭവങ്ങള്‍ എന്തെങ്കിലും എഴുതിയാല്‍ മതി ....”ഇവിടെ ബാംഗ്ലൂരില്‍ ഞങ്ങള്‍ നാലു വര്‍ഷത്തിലേറെയായി കുടുംബസമേതം ജീവിയ്ക്കുന്നു . എന്നാലും പറയത്തക്ക വിശേഷങ്ങളൊന്നും ഇവിടെ എഴുതാന്‍ മാത്രമില്ല . പണ്ടൊക്കെ ബാംഗ്ലൂര്‍ എന്ന് കേള്‍ക്കുമ്പോള്‍ ഒരു ഹരമായിരുന്നു . ഉദ്യാനനഗരമല്ലെ . പെന്‍ഷണേര്‍സ് പാരഡൈസ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത് . പക്ഷെ ഇന്ന് ബാംഗ്ലൂര്‍ വെറും ഒരു നഗരം മാത്രമാണ് . ആരുടെയൊക്കെയോ ഒരു നഗരം . യാന്ത്രികമായ ജീവിതം . ലോകത്തിന്റെ ഐ.ടി ഹബ്ബ് . താങ്ങാനാവാത്ത കനത്ത ശമ്പളം വാങ്ങി ചെറുപ്പക്കാരും ചെറുപ്പക്കാരികളും അടിച്ചു പൊളിക്കുന്ന ഒരു മെട്രോപൊളിറ്റന്‍ നഗരം . ഞാന്‍ മിക്കവാറും ഈ മോണിറ്ററിന്റെ മുന്‍പിലാണ് സമയം കളയുന്നത് . അപ്പോള്‍ എനിക്ക് ബാംഗ്ലൂര്‍ വിശേഷങ്ങള്‍ എന്നാല്‍ എന്റെ കുടുംബ വിശേഷങ്ങളേയുള്ളൂ .

ജീവിതം എങ്ങനെയൊക്കെ , എവിടെയൊക്കെയാണ് നമ്മെ കൊണ്ടെത്തിക്കുന്നത് ? മലയാളികള്‍ മിക്കവരും പ്രവാസികളാണ് . ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല . അക്കരെപ്പച്ച തേടി മലയാളികള്‍ നാട് വിടുന്ന പതിവു പണ്ട് മുതലേ ഉണ്ട് . കോയമ്പത്തൂര്‍, മദ്രാസ് , ബോംബേ തുടങ്ങിയ ഇന്ത്യന്‍ നഗരങ്ങളിലേക്കും സിങ്കപ്പൂര്‍ , പെനാംങ്ങ് തുടങ്ങിയ സ്ഥലങ്ങളിലൊക്കെയാണ് അന്ന് പോവുക . അങ്ങനെ പോയിവരുന്നവരുടെ വര്‍ണ്ണപ്പകിട്ടാര്‍ന്ന ജീവിതരീതികള്‍ പലരെയും വിഭ്രമിപ്പിച്ചിരുന്നു . എന്റെ കുട്ടിക്കാലത്ത് അയലത്തെ വീട്ടില്‍ സിങ്കപ്പൂറില്‍ നിന്ന് വന്ന കുട്ടികളുടെ കൈയിലാണ് ആദ്യമായി റബ്ബര്‍ ബാന്‍ഡ് ഞാന്‍ കാണുന്നത് . എനിക്ക് കീറിയ , നാട അറ്റുപോയ ട്രൌസറുകളേ ഉണ്ടായിരുന്നുള്ളൂ . അവര്‍ക്ക് മനോഹരമായ ഉടുപ്പുകള്‍ ഉണ്ടായിരുന്നു . അന്നൊക്കെ ഞങ്ങള്‍ ട്രൌസറുകള്‍ അലക്കി ഉണങ്ങുന്നത് വരെ കോണകം ധരിക്കുമായിരുന്നു . അയലത്തെ കുട്ടികള്‍ക്ക് പൂക്കള്‍ തുന്നിയ ജഡ്ഢികള്‍ ഉണ്ടായിരുന്നു . ആ അടിയുടുപ്പ് അത്ഭുതത്തോടെ ഞാന്‍ നോക്കി നിന്നിട്ടുണ്ട് .

സ്കൂളില്‍ പോകുമ്പോള്‍ മഴയത്ത് നനയാതിരിക്കാന്‍ ചേമ്പിന്റെ വീതിയുള്ള ഇല അറുത്തെടുത്ത് തലയില്‍ പിടിക്കും . സമ്പന്നരായ ഒന്നോ രണ്ടോ കുട്ടികള്‍ക്ക് ഓലക്കുട ഉണ്ടായിരുന്നു . വീട്ടില്‍ , പനയോല കൊണ്ട് മെടഞ്ഞ പിരിയോല ഉണ്ടായിരുന്നു . അന്നൊക്കെ സ്ത്രീകള്‍ വയലില്‍ പണിക്ക് പോകുമ്പോള്‍ മഴ കൊള്ളാതിരിക്കാന്‍ പിരിയോല ചൂടും . ഒരിക്കല്‍ ഞാന്‍ പിരിയോല ചൂടി സ്കൂളില്‍ എത്തിയപ്പോള്‍ , ചേമ്പില ചൂടി വന്ന പിള്ളേര്‍ എന്നെ കളിയാക്കി . ആദ്യമായി തുണിക്കുട അഥവാ ശീലക്കുട കാണുന്നതും അയലത്തെ സിങ്കപ്പുരില്‍ നിന്ന് വന്ന കുട്ടികളുടെ കൈയിലാണ് . അവര്‍ക്ക് പല പല വര്‍ണ്ണങ്ങളിലുള്ള കുടകളുണ്ടായിരുന്നു . അമ്പ്രല്ല എന്ന വാക്കും അവരാണ് എനിക്ക് പറഞ്ഞു തന്നത് .

അന്നൊക്കെ സിനിമാപ്പാട്ട് കേള്‍ക്കണമെങ്കില്‍ കല്ല്യാണവീട്ടില്‍ പോകണം . ഉയരമുള്ള തെങ്ങിന്‍ തടിയിലാണ് മൈക്ക് കെട്ടുക . കാളം എന്ന് പറയും . ഗ്രാമഫോണ്‍ പെട്ടിയില്‍ റിക്കാര്‍ഡ് കറങ്ങുന്നത് കാണാന്‍ നല്ല ചേലായിരുന്നു . വലുതാവുമ്പോള്‍ ഒരു ഗ്രാമഫോണ്‍ പെട്ടി സ്വന്തമാക്കണമെന്ന് ഞാന്‍ എന്നും സ്വപ്നം കാ‍ണാറുണ്ടായിരുന്നു . പാട്ട് എനിക്ക് ഹരമായിരുന്നു . പക്ഷെ അത്ഭുതമെന്ന് പറയട്ടെ എനിക്ക് രീതിയൊപ്പിച്ച് ഒരു വരി പോലും പാടാന്‍ കഴിഞ്ഞിരുന്നില്ല . മറ്റ് കുട്ടികള്‍ ഈണത്തില്‍ പാടുക മാത്രമല്ല , പാട്ട് ചൂളം വിളിച്ചും അവര്‍ പാടുമായിരുന്നു . പാടാന്‍ കഴിയാത്തതില്‍ അതീവ കുണ്ഠിതം ഉണ്ടായിരുന്നു എനിക്ക് . അന്നൊക്കെ രാത്രികാലങ്ങളില്‍ റോഡിലൂടെ നടന്ന് പോകുന്നവര്‍ ഉച്ചത്തില്‍ പാടിക്കൊണ്ട് പോകാറുണ്ട് . ഞാന്‍ വീടിന്റെ ഇറയത്ത് നിന്ന് ആ പാട്ടുകള്‍ കേട്ട് ആസ്വദിക്കാറുണ്ട് . തെരുവ് വിളക്കുകള്‍ ഇല്ലാത്ത അക്കാലത്ത് ഇരുട്ടിലൂടെ നടക്കുമ്പോള്‍ ഭയം നിമിത്തമാണ് പലരും ഉറക്കെ പാടിക്കൊണ്ട് നടന്നിരുന്നത് എന്ന് പില്‍ക്കാലത്ത് എനിക്ക് മനസ്സിലായി . എല്ലാവരും അങ്ങനെയായിരുന്നു എന്നല്ല . അന്ന് രാത്രിയില്‍ എല്ലാവര്‍ക്കും ഭയമായിരുന്നു . ഗുളികന്‍ , കുട്ടിച്ചാത്തന്‍ , പ്രേതങ്ങള്‍ , യക്ഷികള്‍ എന്നിവയെല്ലാം രാത്രികാലങ്ങളില്‍ ഇറങ്ങി സഞ്ചരിക്കുമെന്ന് പൊതുവെ വിശ്വസിച്ചിരുന്നു .

പാടാന്‍ കഴിയാത്ത കുറവ് സഹിക്കാം . എന്നാല്‍ എനിക്ക് സംസാരിക്കുമ്പോള്‍ വിക്കുമുണ്ടായിരുന്നു . ഞാന്‍ മൂന്നോ നാലോ വയസ്സുള്ളപ്പോള്‍ “ ആനത്തലയോളം വെണ്ണ തരാമെടാ .... അമ്പാടിക്കണ്ണാ നീ വാ തുറക്കൂ ......... “ എന്ന പാട്ട് ഉറക്കെ ഈണത്തില്‍ താളാത്മകമായി പാടാറുണ്ടായിരുന്നു പോലും . അത് അയല്‍ക്കാര്‍ കേട്ട് അവരുടെ ദൃഷ്ടി പെട്ടത് കൊണ്ടാണ് വിക്ക് വന്നത് എന്ന് അമ്മ പറയുമായിരുന്നു . എന്റെ വിക്ക് മാറാന്‍ അമ്മ പല മന്ത്രവാദികളെയും കണ്ട് പല പരിഹാരക്രിയകളും നടത്തിയിട്ടുണ്ടത്രെ. വേദാന്തിയായിരുന്ന അച്ഛന്‍ പറഞ്ഞത് എനിക്കോര്‍മ്മയുണ്ട് , ഭഗവദ്ഗീത മുഴുവനും ഉറക്കെ ചൊല്ലിയാല്‍ മാറുമെന്ന് . സംസ്കൃതമെന്ന ഭാഷയ്ക്ക് , പുരാണ ഗ്രന്ഥങ്ങള്‍ക്ക് ദിവ്യശക്തിയുണ്ട് എന്ന് അച്ഛന്‍ കരുതിയോ എന്തോ . അച്ഛന്‍ സംസ്കൃതത്തിലും , ഹിന്ദിയിലും , മലയാളത്തിലും പണ്ഡിതനായിരുന്നു . വള്ളത്തോള്‍,ഉള്ളൂര്‍,കുമാരാനാശാന്‍ എന്നീ കവിത്രയങ്ങളുടെ പദ്യങ്ങള്‍ അച്ഛന് മന:പാഠമായിരുന്നു . അന്നൊക്കെ നാട്ടിന്‍‌പുറത്ത് പോലും വിദ്വത്‌സദസ്സുകളുണ്ടായിരുന്നു . അക്ഷരശ്ലോകം ചൊല്ലല്‍ പ്രധാന ഹോബ്ബിയായിരുന്നു .

ഞാന്‍ ഏഴാം തരത്തിലേക്ക് പാസ്സായി . അതൊരു യു.പി.സ്ക്കൂളാണ് . സാഹിത്യസമാജം എന്നൊരു ഏര്‍പ്പാട് എല്ലാ വെള്ളിയാഴ്ചയുമുണ്ടാവും . ഞാന്‍ സത്യത്തില്‍ പഠിക്കാറേ ഉണ്ടായിരുന്നില്ല . എന്നാലും പരീക്ഷകള്‍ പാസ്സാവും . മിടുക്കനായ വിദ്യാര്‍ത്ഥി എന്നൊരാരോപണം എന്റെ മേല്‍ ആരോപിക്കപ്പെട്ടതില്‍ എനിക്കൊരു ഉത്തരവാദിത്വവും ഉണ്ടായിരുന്നില്ല . അക്കൊല്ലം അദ്ധ്യാപകരും സഹപാഠികളും ചേര്‍ന്ന് എന്നെ സാഹിത്യസമാജം സിക്രട്ടരിയാക്കി . മലയാളം മാഷ് പ്രസിഡണ്ടും . കാര്യദര്‍ശി എന്ന നിലയില്‍ അദ്ധ്യക്ഷനെ കണ്ടെത്തുക , യോഗം വിളിച്ചു ചേര്‍ക്കുക , റിപ്പോര്‍ട്ട് തയ്യാറാക്കി അവതരിപ്പിക്കുക എന്നിവയാണെന്റെ ചുമതലകള്‍ . സാഹിത്യസമാജം രൂപീകരണയോഗം കഴിഞ്ഞ് ആദ്യത്തെ യോഗം തുടങ്ങി . മലയാളം മാഷ് തന്നെ പ്രഥമ അദ്ധ്യക്ഷനായി . ഞാന്‍ സ്വാഗതം പറഞ്ഞു , അല്ല പറഞ്ഞ പോലെ വരുത്തിത്തീര്‍ത്തു . അദ്ധ്യക്ഷന്റെ ആമുഖഭാഷണത്തിന് ശേഷം ഞാന്‍ റിപ്പോര്‍ട്ട് വായന തുടങ്ങി .

ബ് ബ് ബഹുമാനപ്പെട്ട അ... അ... അദ്ധ്യക്ഷനും ....ശ് ശ് ശേഷം ... സ് ..സ്...സഭാവാസികള്‍ക്കും എന്റെ ... വ് വ് വിനീതമായ ക് കൂപ്പുകൈ ....ഇടത് ഭാഗത്തെ ബെഞ്ചില്‍ ഇരുന്നിരുന്ന പെണ്‍കുട്ടികളുടെ അടക്കിപ്പിടിച്ച ചിരി പൊടുന്നനെ ഉച്ചത്തിലായി .... ഒരു വിധത്തില്‍ അന്ന് രക്ഷപ്പെട്ടു ...

സ്ക്കൂള്‍ വിദ്യാഭ്യസം കഴിഞ്ഞ് ഞാന്‍ എത്തിപ്പെട്ടത് എന്റെ സര്‍വ്വകലാശാല ജീവിതത്തിലേക്കാണ് . മദിരാശിയിലെ തെരുവുകളായിരുന്നു എന്റെ യൂനിവേര്‍സിറ്റി . ഭിത്തികളില്‍ പതിച്ചിരുന്ന സിനിമാ പോസ്റ്ററുകള്‍ നോക്കി ഞാന്‍ തമിഴ് പഠിച്ചു . ആയിടയ്ക്ക് നിത്യവും പഴയതും പുതിയതുമായ തമിഴ് സിനിമകളും കാണും . ശിവാജി ഗണേശന്റെ സിംഹഗര്‍ജ്ജനം പോലെയുള്ള ഡയലോഗുകള്‍ കേട്ട് അമ്പരന്നു . ശിവാജിയ്ക്ക് ആരാധകര്‍ നല്‍കിയ പല വിശേഷണങ്ങളില്‍ ഒന്ന് “സിം‌ഹ്മക്കുരലോന്‍” എന്നായിരുന്നു . ഞാന്‍ വീരപാണ്ഡ്യകട്ടബൊമ്മന്‍ എന്ന തിരക്കഥാപുസ്തകം വാങ്ങി താമസിച്ചിരുന്ന കെട്ടിടത്തിന്റെ ടെറസ്സില്‍ രാത്രികാലങ്ങളില്‍ നക്ഷത്രങ്ങളെ സാക്ഷി നിര്‍ത്തി അതിലെ തീപ്പൊരി ഡയലോഗുകള്‍ ഉറക്കെ പറഞ്ഞ് എന്റെ വിക്ക് മാറ്റിയെടുത്തു . പിന്നീട് നാട്ടില്‍ വന്ന് മൈക്ക് അഭിമുഖീകരിച്ച് പ്രസംഗിക്കാനുള്ള ആത്മ വിശ്വാസം എനിക്ക് നല്‍കിയത് അന്നത്തെ ആ റിഹേഴ്സല്‍ ആയിരുന്നു .

പല പ്രഭാഷകരും പ്രാസംഗികരും ജന്മനാ വിക്കുള്ളവരാണെന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട് . സ്വതസിദ്ധമായ ചില ട്രിക്കുകള്‍ ഉപയോഗിച്ച് അവരൊക്കെ മറ്റുള്ളവര്‍ക്ക് മനസ്സിലാകാത്ത വിധം അവരുടെ സംസാരവൈകല്യം മറച്ചുപിടിക്കുന്നു . സെബാസ്റ്റ്യന്‍ പോളിന്റെ മാധ്യമവിചാരം എന്ന പരിപാടി ടിവിയില്‍ കാണുന്നവര്‍ക്ക് ഇത് മനസ്സിലാവും .

7 comments:

  1. വായിക്കാന്‍ ഒത്തിരി വൈകി......

    ഹൃദയസ്പര്‍ശിയാ‍യ പോസ്റ്റ്.........പഴയത് ഓര്‍മ്മിക്കലാണു സുഖമുള്ള അനുഭവം.....അത് ഈ പോസ്റ്റിലൂടെ ഞാനറിഞ്ഞു.

    ReplyDelete
  2. ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം. പഴയ ഓര്‍മ്മകള്‍ പെറുക്കിക്കൂട്ടി ഇതുപോലെ ഒന്നെഴുതണം എന്നു തോന്നിപ്പോയി..നന്ദി...

    ReplyDelete
  3. ഓര്‍മ്മകള്‍ നല്ല സുഖകരമായ അനുഭവം ... നല്ല പോസ്റ്റ് .
    ആ പിന്നെ പുതിയ ബ്ലോഗ് അഗ്രഗേറ്റര്‍ അക്ഷരക്കൂട്ടംസന്ദര്‍ശിക്കുമല്ലോ .അഭിപ്രായം അറിയിക്കുക

    ReplyDelete
  4. പഴയകാലം. മനോഹരമായി വിവരിച്ചിരിക്കുന്നു.

    ReplyDelete
  5. എന്തോ കണ്ണൂരാന്റെ പോസ്‌റ്റ്‌ വായിച്ചശേഷം അറിയാതെ ഓര്‍ക്കുട്ട്‌ വഴി ശിഥിലചിന്തകളിലേക്ക്‌ കയറിയപ്പോള്‍ കണ്ടത്‌ ശിഥിലമൊന്നുമല്ല ഒരൊന്നൊന്നര ചിന്തകള്‍ തന്നെയാണ്‌. ഗതകാലത്തിന്റെ ചുടലപ്പറമ്പില്‍ വല്ലപ്പോഴും പുറത്തേക്ക്‌ തലയിടുന്ന പാമ്പുകളാണ്‌ സ്‌മരണകള്‍. അതെ ഓര്‍മ്മകളുടെ ഒരു നാഗനൃത്തം അതിമനോഹരമായ ഭാഷയില്‍. വായനാസുഖം തരുന്നു ശിഥിലചിന്തകള്‍. സുകുമാരേട്ടാ നന്ദി. അഭിവാദ്യങ്ങള്‍

    ReplyDelete
  6. സുകുമാരേട്ടാ....
    അകലത്തിരിക്കുംപോഴും പെറ്റ നാട്ടിനോടുള്ള..മമത...
    സാകൂതം...ശ്രദ്ധിക്കാറുണ്ട്...നിങ്ങളുടെ ഒക്കെ ബ്ലോഗുകള്‍...
    banglore എനിക്ക് പ്രിയപ്പെട്ട. നാടാണ്‌
    ജിദ്ദയില്‍..നിന്നും....അഷ്റഫ്.,...........

    ReplyDelete
  7. സജു ,
    ബൈജു ,
    രണ്‍‌ജിത്ത് ,
    കുതിരവട്ടന്‍ ,
    നിത്യന്‍ ,
    അഷ്‌റഫ് ....
    വായനയ്ക്കും നല്ല വാക്കുകള്‍ക്കും നന്ദി .. സ്നേഹം ...

    ReplyDelete