Pages

അച്ഛന്മാര്‍ തന്നെ അന്തകരാവുന്ന ആസുരകാലം !

യുവകവിയും ഗായകനുമായ എന്റെ സുഹൃത്ത് ജിടോക്കില്‍ ചാറ്റ് ചെയ്യവേ എന്നോടാവശ്യപ്പെട്ടു , കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന ലൈംഗികപീഡനത്തെപ്പറ്റിയും ഞരമ്പ് രോഗത്തെപ്പറ്റിയും ശക്തമായ ഭാഷയില്‍ ഒരു ബ്ലോഗ് എഴുതണമെന്ന് . അച്ഛന്മാര്‍ തന്നെ അന്തകരാവുന്നു എന്നത് അവന്റെ വാക്കാണ് . ചിന്തിക്കുന്നവരുണ്ടെങ്കില്‍ അവരെയെല്ലാം ആശങ്കപ്പെടുത്തേണ്ട ഒരു ചോദ്യം ഉറക്കെ ചോദിക്കാന്‍ സമയമായി . കേരളം എങ്ങോട്ട് ? നമ്മുടെ രാഷ്ട്രീയനേതാക്കള്‍ക്കും സാംസ്കാരികനായകര്‍ക്കും വിവാദങ്ങളില്‍ അഭിരമിക്കാനാണ് താല്പര്യം . നാളെ ഒരു പെണ്‍‌വാണിഭമോ ലൈംഗികപീഡനമോ നടന്നുകിട്ടുകയില്ലേ , തങ്ങള്‍ക്ക് പ്രസംഗിക്കാനും പ്രസ്ഥാവനയിറക്കാനും എന്ന് അവസരം കാത്തിരിക്കുകയാണ് അവരൊക്കെ എന്ന് തോന്നും . മാധ്യമങ്ങളും ചാനലുകളും ഇതെല്ലാം ആഘോഷിക്കുന്നു . രണ്ടു നിമിഷത്തില്‍ പറഞ്ഞു തീര്‍ക്കേണ്ട ഒരു വാര്‍ത്ത അവര്‍ മണിക്കൂറുകളോളം , താരങ്ങളെ സ്റ്റുഡിയോയില്‍ എത്തിച്ചും ഫോണിലൂടെയും ഇന്റര്‍വ്യൂ നടത്തിയും കൊഴുപ്പിക്കുന്നു . 24 മണിക്കൂറും പ്രക്ഷേപണം നടത്തേണ്ടതായ ചാനലുകള്‍ക്ക് എന്തെങ്കിലും ചവറുകള്‍ അനവരതം ലഭിക്കേണ്ടതുണ്ട് . നമ്മളും നമ്മളുടെ മക്കളും തുടര്‍ന്നും ജീവിയ്ക്കേണ്ടതായ ഈ സാമൂഹ്യപരിസരം വൃത്തിയാക്കാന്‍ എല്ലവരും ഒത്തൊരുമിച്ച് ശ്രമിക്കേണ്ടതിന് പകരം കുറ്റാരോപണങ്ങള്‍ കൊണ്ടും പരസ്പരം പഴിചാരിയും വിഴുപ്പലക്കിയും കൂടുതല്‍ മലീമസമാക്കാനാണ് ശ്രമിക്കുന്നത് എന്നെ പറയതെ വയ്യ.

നമ്മുടെ വര്‍ത്തമാന കാലത്തിന് എന്ത് സംഭവിച്ചു . മുന്‍പൊക്കെ മുതിര്‍ന്നവരുടെ മുന്‍പില്‍ വെച്ച് യുവാക്കള്‍ പുകവലിക്കാറില്ല , മദ്യം തീരെ കഴിക്കാറില്ല . മുണ്ട് മടക്കിക്കുത്താറില്ല . വിവാഹം പോലുള്ള മംഗളകര്‍മ്മങ്ങള്‍ നടക്കുന്ന വേദിയില്‍ വെച്ച് ആഭാസങ്ങള്‍ വിളിച്ചു പറയാറില്ല . ബസ്സുകളിലും മറ്റും ഇരിക്കുന്ന യുവാക്കള്‍ മുതിര്‍ന്നവരോ അവരെ പഠിപ്പിച്ച ഗുരുനാഥന്മാരോ ബസ്സില്‍ കയറി വന്നാല്‍ സീറ്റ് ഒഴിഞ്ഞ് കൊടുക്കുമായിരുന്നു . സിനിമകളില്‍ നായികാനായകന്മാര്‍ ശരീരം തൊട്ട് അഭിനയിക്കാറില്ലായിരുന്നു . ഒരു തലമുറ മൊത്തം സംസ്ക്കാരത്തിന്റെ കാവല്‍ക്കാരായിരുന്നു . ഇന്ന് എല്ലാം തലകീഴായി . വഴിയേ നടന്നു പോകുന്ന പെണ്‍‌കുട്ടികളെയും സ്ത്രീകളെയും ഇമവെട്ടാതെ കണ്ണ് കൊണ്ട് കാര്‍ന്ന് തിന്നുമ്പോള്‍ മറ്റുള്ളവര്‍ തന്നെ ശ്രദ്ധിക്കുന്നുണ്ട് എന്ന് ആര്‍ക്കും ഭയമില്ല . ഇന്ന് സമൂഹത്തെ ആര്‍ക്കും ഭയമില്ല . പണ്ടങ്ങനെയല്ല സമൂഹത്തെ ഭയന്നിരുന്നു . ഇന്ന് ആളുകളെ കാണിക്കാന്‍ വേണ്ടി മാളികകള്‍ പണിയുന്നു , സ്വര്‍ണ്ണാഭരണങ്ങള്‍ വാരിക്കൂട്ടുന്നു . ചെയ്യുന്നതെല്ലാം മറ്റുള്ളവരുടെ ദൃഷ്ടിയില്‍ ഒരു “പവര്‍ ” കിട്ടാന്‍ വേണ്ടി മാത്രം . അത് അതിരു വിട്ട് ഇപ്പോള്‍ ആഡംബരങ്ങള്‍ ആളുകളെ ഭയപ്പെടുത്തുന്ന മട്ടിലായിട്ടുണ്ട് .

എന്ത് കൊണ്ടായിരിക്കും ഇക്കാലത്ത് ഇങ്ങനെ ലൈംഗികചിന്ത ഒരു മാനസികരോഗമായി ആളുകളില്‍ വര്‍ദ്ധിക്കുന്നത് ? എന്താണൊരു പരിഹാരം ? പ്രായപൂര്‍ത്തിയെത്താത ബാലികമാരല്ലേ പീഡിപ്പിക്കപ്പെടുത്തുന്നത് . ആരേയും വിശ്വസിക്കാന്‍ കഴിയാത്ത ഒരവസ്ഥയിലെക്കുള്ള ഈ പോക്ക് മനുഷ്യനും മൃഗവും തമ്മിലുള്ള വ്യത്യാസമല്ല്ലെ ഇല്ലാതാക്കുന്നത് . കവി സുഹൃത്ത് എന്നോട് ചോദിക്കുന്നു , ആശങ്കകള്‍ പങ്ക് വെക്കുന്നു . നമുക്ക് എന്ത് ചെയ്യാനാവും ? പണ്ടു കാലത്ത് ലൈംഗിക അരാജകത്വങ്ങള്‍ ഇല്ലായിരുന്നു എന്ന് പറയാന്‍ പറ്റില്ല . എന്നാല്‍ അതിനൊക്കെ ഒരു നേരും നെറിയും ഉണ്ടായിരുന്നു . പലര്‍ക്കും ഒന്നില്‍ കൂടുതല്‍ ഭാര്യമാരും അതിലൊക്കെ മക്കളും ഉണ്ടായിരുന്നു . അതായിരുന്നു അതിന്റെ ഒരു നേര് . എല്ലാ മക്കളെയും ഭാര്യമാരെയും സംരക്ഷിക്കാന്‍ അവരെല്ലാം ശ്രദ്ധിച്ചിരുന്നു . ബാഹ്യലോകത്ത് കാണുന്ന മുഴുവന്‍ സ്ത്രീകളെയും ആരും കാമിക്കാറില്ലായിരുന്നു . ഇന്നോ പതിനാറായിരത്തെട്ടിലും തൃപ്തിയടയാന്‍ കഴിയില്ല എന്ന് തോന്നും ചിലരുടെ ചേഷ്ടകള്‍ കണ്ടാല്‍ . ഇത് മൃഗത്തേക്കാളും മോശമാണ് . മൃഗസമാനമായ ചോദനകള്‍ തന്നെയാണ് ജന്മസഹജമായി മനുഷ്യനുമുള്ളത് എന്നത് നേര് തന്നെ . എന്നാല്‍ മനുഷ്യന്‍ ആ പ്രാകൃതചോദനകളെ നിയന്ത്രിക്കണം . കണ്‍‌മുന്നില്‍ കാണുന്നവരെയെല്ലാം ഇണ ചേരണമെന്ന് മൃഗത്തെപ്പൊലെ മനസ്സില്‍ തോന്നരുത് . അതിനാണ് സമൂഹം കല്യാണം എന്ന ഒരേര്‍പ്പാട് ഉണ്ടാക്കിവെച്ചിട്ടുള്ളത് . താന്‍ കല്യാണം കഴിക്കുന്ന സ്ത്രീയല്ലാതെ , മറ്റുള്ള സ്ത്രീകളെല്ലാം മറ്റുള്ളവരുടെ ഭാര്യമാരോ , ഭാര്യമാരാകാന്‍ പോകുന്നവരാണെന്നോ തിരിച്ചറിയണം . ലൈംഗികത ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട സംഗതിയാണെങ്കിലും അത് മാത്രമല്ല ജീവിതം എന്നും സന്തോഷവും ആനന്ദവും നല്‍കുന്ന മറ്റു പലതും ഉണ്ടെന്നും മനസ്സിലാക്കണം .

മുന്‍പൊക്കെ സിനിമകളിലും നാടകങ്ങളിലും അഭിനയിക്കുന്ന നായികാനായകന്മാര്‍ അന്യോന്യം തൊടാറില്ലായിരുന്നു എന്ന് ഞാന്‍ പറഞ്ഞു . ഇന്നോ സ്റ്റാര്‍സിംഗര്‍ പോലുള്ള റിയാലിറ്റി ഷോകളില്‍ മത്സരാര്‍ത്ഥികളായെത്തുന്ന കുമാരീകുമാരന്മാര്‍ , ആടിപ്പാടുമ്പോള്‍ സിനിമയിലെ ആഭാസരംഗങ്ങളെ കൂടുതല്‍ തന്മയത്വമായി അനുകരിക്കുന്നു . കുമാ‍രന്‍ വലത്തേ കൈകൊണ്ട് കുമാരിയുടെ ഇടത്തേ തുട പൊക്കിയെടുത്ത് തന്റെ ഇടത്തേ തോളിലേക്ക് ഉയര്‍ത്തുന്നു . ലക്ഷക്കണക്കിന് വീടുകളില്‍ ഈ ദൃശ്യം പ്രായഭേദമെന്യേ കണ്ട് രസിക്കുന്നു . ആബാലവൃദ്ധം മനസ്സുകളില്‍ ഞരമ്പ് രോഗം പടര്‍ത്തുന്ന ഈ പരിപാടികള്‍ ജനപ്രിയമാകുന്നത് ആപത്‌സുചനകളായി നമ്മുടെ മതാപിതാക്കള്‍ തിരിച്ചറിയാത്തത് കഷ്ടമാണ് . എല്ലാം നമ്മള്‍ വിധിക്ക് വിട്ട് കൊടുക്കാന്‍ തീരുമാനിച്ചോ ? എന്തിനും ഒരു പരിധിയും നിയന്ത്രണങ്ങളുമൊക്കെ വേണ്ടേ ?

എന്ത് ചെയ്യാന്‍ പറ്റും ? നമ്മുടെ നാട്ടില്‍ ലക്ഷക്കണക്കിന് രാഷ്ട്രീയപ്രവര്‍ത്തകരുണ്ടല്ലൊ . അവരൊക്കെ എന്ത് ചെയ്യുന്നു ? എന്താണ് രാഷ്ട്രീയപ്രവര്‍ത്തനം . സ്വതന്ത്ര്യസമരക്കാലത്ത് സമൂഹത്തിലെ സകല തിന്മകള്‍ക്കെതിരെയും സമരഭടന്മാര്‍ പൊരുതിയിരുന്നു . ഇന്നോ ? പര്‍ട്ടികള്‍ക്ക് ഫണ്ട് പിരിച്ചു കൊടുക്കുക . ബന്ദുകളും ഹര്‍ത്താലുകളും വിജയിപ്പിച്ചു കൊടുക്കുക . ഉപരോധിക്കുക . ധര്‍ണകള്‍ക്ക് ഇരുന്നു കൊടുക്കുക . വോള്‍ പോസ്റ്ററുകള്‍ ഒട്ടിക്കുക . നേതാക്കള്‍ക്ക് പ്രസംഗവേദികള്‍ ചമയിക്കുക . അങ്ങനെ പലതും . കിട്ടിയാല്‍ ഭാരവഹിത്വം , അല്ലെങ്കില്‍ എന്തെങ്കിലും ജോലി . പേരിന് കണ്ണില്‍ പൊടിയിടാന്‍ രക്തദാനസേന പോലെ എന്തെങ്കിലും സംഘടിപ്പിക്കും. എന്ത് കൊണ്ട് എല്ലാ പാര്‍ട്ടികളുടെയും യുവജനവിഭാഗത്തിന് സംയുക്തമായി ഒരു കള്‍ച്ചറല്‍ സ്ക്വോഡ് രൂപീകരിച്ചു കൂട ? പറ്റുമെന്ന് തോന്നുന്നില്ല . എല്ലാവര്‍ക്കും റിസര്‍വേഷന്‍സ് ഉണ്ട് . നല്ല കാര്യങ്ങള്‍ ചെയ്യാന്‍ നാലാളെ കിട്ടാത്ത അവസ്ഥ ഇന്നുണ്ട് .

പിന്നെയുള്ള ഒരു വഴി രക്ഷിതാക്കള്‍ കുട്ടികളെ നല്ല ഉപദേശങ്ങള്‍ കൊടുത്ത് വളര്‍ത്തുകയെന്നതാണ് . ഇത് പറഞ്ഞപ്പോള്‍ എന്റെ ഒരു നാട്ടുകാരന്‍ പറഞ്ഞത് , അതിന് രക്ഷിതാ‍ക്കള്‍ക്ക് നല്ല മാര്‍ഗ്ഗോപദേശം കിട്ടിയിട്ട് വേണ്ടേ എന്നാണ് . ഇന്നത്തെ രക്ഷിതാക്കള്‍ക്ക് കുട്ടികള്‍ക്ക് വേണ്ടുന്നതും വേണ്ടാത്തതും വാങ്ങിക്കൊടുക്കാനും തടിമാടന്മാരായി വളര്‍ത്താനും മാത്രമേ അറിയൂ , മക്കളില്‍ അന്തര്‍ലീനമായ വ്യക്തിത്വത്തെ സമൂഹത്തിന് ഫിറ്റ് ആകുന്ന തരത്തില്‍ പോഷിപ്പിച്ച് നല്ല പൌരന്മാരായി വളര്‍ത്താന്‍ അറിയില്ല എന്നുമാണ് അവന്റെ അഭിപ്രായം .

അപ്പോള്‍ നമ്മള്‍ എന്ത് ചെയ്യും ? എന്റെ പ്രിയപ്പെട്ട ഗായകസുഹൃത്തേ ഞാന്‍ നിസ്സഹായനാണ് , ക്ഷമിക്കുക !

18 comments:

  1. നമ്മള്‍ നിസ്സഹായരല്ല. സിനിമക്കും പരസ്യങ്ങള്‍ക്കും പണം നല്‍കാതിരിക്കുക. സിനിമ കാണണമെന്നുവെച്ചാല്‍ അത് കോപ്പിചെയ്തോ, ഡൗണ്‍ലോഡ് ചെയ്തോ, ലൈബ്രറിയില്‍ നിന്ന് സിഡി എടുത്തോ കാണുക. ഏറ്റവും കുറവ് പരസ്യങ്ങള്‍ ഉള്ള ഉത്പന്നങ്ങള്‍ വാങ്ങുക. ആഭാസ പരസ്യങ്ങള്‍ ഉള്ള ഉത്പന്നങ്ങള്‍ വാങ്ങാതിരിക്കുക.
    ഇത് നമ്മുടെ സുഹൃത്തുക്കളേയും അറിയിക്കുക.

    ReplyDelete
  2. "പപ്പ , പപ്പയെന്റെ അച്ചനാണ്‌"

    പ്രിയ സുകുമാരൻ മാഷിന്‌
    അച്ചൻ മാർ അന്തകരാകുന്നൊരാസുരകാലത്തു.കുഞ്ഞുങ്ങൾ എവിടെ രക്ഷകണ്ടെത്തും? വളരെ പ്രസക്തമായവിഷയം. പൂർണ്ണമായും ഇല്ലായ്മ ചെയ്യപ്പെടെണ്ടതുമായ ഒരു കാര്യം ആണിത്‌. മൂല്യ ശോഷണം സംഭവിച്ച ഒരു സമൂഹമാണ്‌ നമ്മുടേത്‌.പ്രശസ്തമായ ഒരു പത്രസ്ഥാപനത്തിൽ ജോലി ചെയ്യുന്ന എന്റെ ഒരു കൂട്ടുകാരി അവളുടെ സ്വന്തം കഥ പറഞ്ഞതോർമ്മിക്കുന്നു സൈനിക ഉദ്യോഗസ്ഥനായിരുന്ന അച്ചനുമായ്‌ സ്നേഹം പങ്കുവെയ്കെ മദ്യപിച്ചിരുന്ന അച്ചൻ അവളെ എന്തെക്കയോ ചെയ്തു . ചെയ്തികളെ ആദ്യം നിയന്ത്രിക്കാൻ അവൾക്കും കഴിഞ്ഞില്ല കാരണം അച്ചനെന്ന ജന്റിൽമാനെ അവൾക്കും ഒത്തിരി ഇഷ്ടമായിരുന്നു പക്ഷേ അതിരു വിട്ടും കഴിഞ്ഞപ്പോൾ അവൾ പറഞ്ഞു "പപ്പ ആപ്‌ മേരാ പപ്പാ ഹെ"- (പപ്പ , പപ്പയെന്റെ അച്ചനാണ്‌) ആ ഒരു വാചകത്തിലൂടെ അയാൾക്ക്‌ സ്വബോധത്തിലേക്കു തിരികെ വരാൻ പറ്റി. പിന്നീട്‌ പഴയത്തിലും നല്ല സ്നേഹത്തിൽ ജീവിക്കാനും കഴിഞ്ഞു ഇത്‌ അച്ചനും മകൾക്കും ഇടയിൽ നല്ല തിരിച്ചറിവുണ്ടായത്‌ കൊണ്ട്‌ എല്ലാം മറന്ന് ജീവിതത്തിൽ ഒത്തിരി മുന്നേറാൻ അവർക്കു കഴിഞ്ഞു ഇത്‌ കേരളത്തിനു വെളിയിലെ കാര്യം ഇനി കേരളത്തിലേക്ക്‌ വരാം ഞാൻ ഒരു ക്ഷേത്ര പുരോഹിതന്നായ്‌ ജോലി ചെയ്തിരുന്നപ്പോൾ എന്നെ കാണാൻ എത്തിയ രണ്ട്‌ അദ്ധ്യാപക ദമ്പതികളുടെ കഥ. കൗൺസിലിങ്ങിനായ്‌ എത്തിയ അവരോട്‌ സംശാരിച്ചപ്പോൾ വളരെ ദയനീയമായ്‌ ഒരവസ്ഥയിലാ ണ്‌ അവരുടെ ജീവിതം. ഭർത്താവ്‌ സ്വന്തം അമ്മയോടൊപ്പം ശയിക്കുന്നത്‌ ഭാര്യ പല ആവർത്തികണ്ടിരിക്കുന്നു. അദ്ധേഹവും നിസ്സഹായൻ ചെറുപ്പത്തിലെ ഭർത്താവ്‌ മരിച്ചൊരു സ്ത്രീ, മകനോടൊപ്പം കിടന്നു ശീലിച്ചു. മകൻ വളർന്നതൊന്നും അറിയാതെ പരിധിവിട്ടു പോയതാണ്‌ , ഇത്‌ അബദ്ധത്തിൽ നാട്ടുകാരിൽ ഒരാൾ കണ്ടു അത്‌ പലർക്കും അറിയാം എന്നായപ്പോളാണ്‌ ആത്മഹത്യമുനാമ്പിൽ നിന്നും അവരെത്തിയത്‌. സംഭവിച്ച്ത്‌ അദ്ധ്യാപകാനായ ഒരാൾക്കാണ്‌ എന്നും കൂടി ഇതിനോട്‌ ചേർത്ത്‌ വായിക്കുക. നമ്മുടെ സമൂഹത്തിൽ വളരെ വ്യക്തമായ ഒരു ദുരന്തമായ്‌ വളർന്നു വരുന്ന ഒന്നാണ്‌ അടച്ചു മൂടിയ രതി . അത്‌ പലപ്പോഴും നിസ്സഹായരായ്‌ കുഞ്ഞുങ്ങളിൽ ആണ്‌ ഇറക്കി വെയ്ക്കുന്നത്‌. എന്റെ കുട്ടിക്കാലത്ത്‌ ഞാനും ഇത്തരം അനുഭവങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്‌. ഇത്‌ എല്ലാ സമൂഹത്തിലും ഉണ്ടാവുന്നുമുണ്ട്‌ അതിനെ പ്രധിരോധിക്കണമെങ്കിൽ കൃത്യമായ ലൈംഗിക വിദ്യാഭാസം നൽകിയെ പറ്റു. കാരണം പഴയ സമൂഹം ആദ്യരാത്രിയിലായിരിക്കും ഇണകളുടെ ശരീരം പൂർണ്ണമായും കാണുക ഇന്നത്തെ കുട്ടി,ലോക സുന്ദരി ഐശ്വര്യാറായുടെ എവിടെയോക്കെ മറുകുണ്ട്‌ എന്നു കൃത്യമായ്‌ സ്വീകരണ മുറിയിൽ അച്ചനമ്മമാരോടൊപ്പം ഇരുന്നു കാണുന്നു. അവരെയും കുറ്റം പറയരുതല്ലോ. നമ്മുടെ സമൂഹത്തിന്റെ മുഖ്യ പ്രശ്നം തന്നെ വിവരക്കേടാണ്‌. അടിച്ചമർത്തപെട്ട ലൈംഗിക വാസനകൾ ഉള്ള ഒരു സമൂഹത്തിനു മുന്നിൽ ,അല്ലെങ്കിൽ ഫെറ്റിഷിസം വളർത്തുന്ന രംഗങ്ങ്ൾ നിറഞ്ഞ മാദ്ധ്യമ ദൃശ്യകാഴ്ചകളുടെ പെരുമഴനനഞ്ഞു വളരുന്ന ഒരു ജനത, തനിക്കു മുൽ എളുപ്പം കിട്ടുന്ന ഇരയെ കീഴടക്കുന്നു . എങ്ങനെ കുഞ്ഞുങ്ങളിലേക്ക്‌ തിരിച്ചറിവ്‌ പകരണം എന്നു അറിയാത്ത വർഗ്ഗത്തിന്റെ വിവരക്കേട്‌ . നമ്മുടെ സേൻസർ ബോർഡ്‌ പലതും നിയന്ത്രിച്ചിരുന്നു അതിനൊപ്പം പക്ഷേ ടൈറ്റാനിക്‌ പോലെയുള്ള ജനപ്രീതിയുള്ള ചിത്രങ്ങളിലെ ലൈംഗിക രംഗങ്ങൾ നമ്മളെല്ലാം കുടുംബത്തോടെ ആസ്വദിച്ചത്‌ മറക്കരുത്‌. തികച്ചും ഞരമ്പു രോഗികളായ ഒരു ഭാരതീയ സമൂഹം അതിൽ വിദ്യാസമ്പന്നരെന്നു അഭിമാനിക്കാവുന്ന കേരളത്തിലെ പത്രങ്ങൾ തുറന്നാൽ അച്ചനും മാമനും പരിചയക്കാരനും ഒക്കെ നമ്മുടെ കുഞ്ഞുങ്ങൾക്കുമേൽ കാമഭ്രാന്തിറക്കി വെയ്ക്കുന്നതും കൊല്ലുന്നതും ഒക്കെ നിരന്തര വാർത്തയാകുമ്പോൾ ഒരു കാര്യം നാം ശ്രദ്ധിക്കണം അടിമുടി തെറ്റിപ്പോയ ഒരു സമൂഹ്യ വിദ്ധ്യാഭാസവും . മൂല്യാധിഷ്ടിത വിദ്ധ്യാഭാസത്തിന്റെ കുറവും ഒക്കെ നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. ഡോക്റ്ററും എൻജിനീയറും ഒക്കെ യാകുവാനുള്ള എല്ലാ പരിശീലനവും നമ്മുടെ സമൂഹത്തിൽ സുലഭമാണ്‌. നല്ല മക്കളായ്‌ വളരേണ്ടതിനു വേണ്ട പരിശീലനം നമുക്ക്‌ നൽകാനവ്ന്നില്ല. നാം ശ്രദ്ധിക്കേണ്ടത്‌ ജനിച്ചവരും ജനിക്കാനിരിക്കുന്നവരുമായ കുഞ്ഞുങ്ങളെയാണ്‌. അവരാണ്‌ നാളെയെ പുലർത്തേണ്ടത്‌. അവരിലാണ്‌ ഉന്മ നിറയേണ്ടത്‌. അടിമുടി കറപുരണ്ട രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിൽ നിന്നും ഇതിനൊരു പരിഹാര നിർദ്ദേശം ഉണ്ടാകില്ല. മതത്തിൽ നിന്നും പ്രതിഷിക്കേണ്ട പകരം നാം ഓരോരുത്തരും ഉണർന്നു പ്രവർത്തിക്കുക. സമൂഹത്തിലെ അരാജക വാസനകൾക്കെതിരെ. അത്‌ നമ്മുടെതന്നെ കുടുംബത്തിൽ നിന്നായിരിക്കണം. കുടുബത്തിൽ നിന്നാണ്‌ സമൂഹം സൃഷ്ടിക്കപെടുന്നത്‌
    ഈ വിഷയം ചർച്ച ചെയ്യപ്പെടെണ്ടതാണ്‌
    സംവിദാനന്ദ്‌

    ReplyDelete
  3. ഇത്‌ കെട്ടകാലം..

    ReplyDelete
  4. ഒരു ദിവസം മുഴുവന്‍ നമ്മുടെ സ്വന്തം വീട്ടിലിരുന്ന് ടി.വി. ചാനലുകള്‍ മാത്രം കാണുക.

    സ്ത്രീയെ, പ്രത്യേകിച്ചും സ്ത്രീ ശരീരത്തെ ഏതെല്ലാം ആങ്കിളുകളില്‍ എത്രമാത്രം കാമാതുരമായി, ക്ലോസപ്പുകളില്‍ കാഴ്ച വയ്ക്കുന്നു എന്നു കാണുക.

    ഇനി ചെറുപ്പം മുതലേ ഈ അങ്കിളുകള്‍ കാണിച്ചു തരുന്ന കാഴ്ച ഒരു കുട്ടിയുടെ ബോധത്തില്‍ എങ്ങിനെ പതിയുന്നു എന്ന് കാണാന്‍ ശ്രമിക്കുക. വളര്‍ച്ചയെത്തും തോറും അവന്‍ സ്ത്രീയെ സ്വന്തം ഉപഭോഗത്തിനുള്ള ഒരു ‘ചരക്കു’ മാത്രമായി കാണാന്‍ തുടങ്ങുന്നതില്‍ ഈ ദൃശ്യങ്ങള്‍ക്ക് എന്തു മാത്രം പങ്കുണ്ട് എന്ന് ചിന്തിക്കുക.

    ഇത് ഒരു ചെറിയ ഇഴ മാത്രമാണ്. ഇത്തരം അനേകം അദൃശ്യമായ ഇഴകളാള്‍ നെയ്യപ്പെട്ട ബോധമണ്ഡലത്തിന്റെ വലയിലാണ് പുരുഷനിന്ന്. അവനു സ്വന്തം ഇംഗിതപൂരണം മാത്രമേ ലക്ഷ്യമുള്ളു. സ്വന്തം പിതാക്കളില്‍ നിന്നു പോലും പെണ്‍ മക്കള്‍ സുരക്ഷിതരല്ല എന്ന ഞെട്ടിപ്പിക്കുന്ന സത്യം ദിനം പ്രതി പുറത്തു വന്നു കൊണ്ടിരിക്കുകയാണ്. പിന്നെ മറ്റുള്ളവരുടെ കാര്യം പറയാനുണ്ടോ?

    ലോകത്തുള്ള എന്തും കച്ചവടമയമാകുമ്പോള്‍, ആരെയാണ് നാം പഴി പറയേണ്ടത്? ആരോടാണ് നം പരാതി പറയേണ്ടത്?

    ReplyDelete
  5. മാഷെ,
    ഈ പോസ്റ്റ് എന്നെ വീണ്ടും കരയിച്ചു..
    കഴിഞ്ഞ രണ്ട് ദിവസങ്ങളിലെ വാര്‍ത്ത(ഒരച്ചന്‍ മകളെ പീഢിപ്പിച്ച് കൊന്ന വാര്‍ത്ത), വല്ലാതെ അലോസരപ്പെടുത്തി... വെറുതെ ആര്‍ക്കോ വേണ്ടി കുറെ കരഞ്ഞു... പക്ഷെ താങ്കള്‍ വീണ്ടും എന്നെ കരയിച്ചു....
    എന്ത് പറ്റി മാഷെ നമ്മുടെ കേരളത്തിന്,
    സമാന സംഭവങ്ങള്‍ മറ്റിടങ്ങളിലും നടക്കുന്നുണ്ടാവാം, നാമതൊന്നും അറിയാത്തതുമായിരിക്കാം....
    എന്നാലും മാഷെ അറിഞ്ഞതില്‍ നിന്നുമുള്ള മോചനം... അത് നടക്കുന്ന കാര്യമാണോ?
    സഹതപിക്കണോ? ആരോട്, കരയണോ? ആര്‍ക്ക് വേണ്ടി?

    ReplyDelete
  6. ജഗദീശ് , സംവിദാനന്ദ് , രഘുവംശി,മോഹന്‍ പുത്തന്‍ചിറ,ചാണക്യന്‍ .. കേരള സമൂഹത്തിലെ (മറ്റെവിടെയും ഇല്ലെന്നല്ല)ജീര്‍ണ്ണതകള്‍ക്കെതിരെ ആളുകളെ ബോധവല്‍ക്കരിക്കാന്‍ ഒരു സംഘടനയോ പ്രസ്ഥാനമോ ആരംഭിക്കണം എന്നാണ് എന്റെ അഭിപ്രായം . അത്തരം ഒരു സാംസ്ക്കാരികമുന്നണിയെ പറ്റി ഞാന്‍ മുന്‍പേ ബ്ലോഗില്‍ പറഞ്ഞുവരുന്നുണ്ട് . അതാര് തുടങ്ങും എന്ന പ്രശ്നമുണ്ട് . പൂച്ചയ്ക്ക് ആര് മണി കെട്ടും എന്ന പോലത്തെ ചോദ്യമാണത് . ആര്‍ക്കും മുന്‍‌കൈ എടുക്കാം . എനിക്കും തുടക്കം കുറിക്കാം. പക്ഷെ ഒരു ഇനീഷ്യേറ്റീവ് എന്ന നിലയില്‍ എന്ത് ചെയ്യും . എല്ലാവരും ഇതിനൊക്കെ എതിര് തന്നെയാണ് . നാശത്തിലേക്ക് അറിഞ്ഞ് കൊണ്ട് ആരെങ്കിലും പോവുമോ ? സംവിദാനന്ദ് പറഞ്ഞ പോലെ നിലവിലുള്ള സംഘടനകളോ പാര്‍ട്ടികളോ മാധ്യമങ്ങളോ ഒന്നും ഈ ജീര്‍ണ്ണതകള്‍ക്കെതിരെ ഒന്നും ചെയ്യില്ല . കാരണം അതെല്ലാം ഈ അവസ്ഥകളെ ഉപജീവിച്ച് നിലനില്‍ക്കുന്നവയായി മാറിക്കഴിഞ്ഞു . ഒരു പുതിയ മൂവ്‌മെന്റ് വേണം . ഒരു കൂട്ടായ്മ എങ്ങനെ ഉരുത്തിരിയിക്കാം . സത്യത്തില്‍ ബ്ലോഗ് അക്കാദമി ഉരുത്തിരിഞ്ഞു വരുമ്പോള്‍ ആ കൂട്ടായ്മയെ ഈ ദിശയിലേക്ക് പ്രയോജനപ്പെടുത്താം എന്ന് ഞാന്‍ ആശിച്ചിരുന്നു . എന്തിനും ഒരു ദിശാബോധം വേണമല്ലൊ . വെറുതെ എന്തിന് എല്ലാവരും ബ്ലോഗണം . അതില്‍ കുറെ പേര്‍ക്ക് ബ്ലോഗിനെ ഒരു ഉപകരണമായി ഉപയോഗിക്കാമല്ലൊ . അടിയന്തിരമായി സമൂഹത്തില്‍ ഇടപെടുന്ന ഒരു സംഘം വളര്‍ന്നു വരണമായിരുന്നു . നമുക്ക് ഏതായാലും കാത്തിരിക്കാം ....

    ReplyDelete
  7. ഇതില്‍ പുരുഷന്‍ മാത്രം കുറ്റക്കാരനല്ല. സ്ത്രീക്ക് സ്വയം അവളേ പറ്റിയുള്ള ധാരണ അവള്‍ ഒരു ഉപഭോഗ വസ്തു ആണെന്നുള്ളതാണ്. അതും മാറണം. മാധ്യമങ്ങളും സിനിമയുമാണ് ഏറ്റവും വലിയ അഴുമതിക്കാരും, സാമൂഹ്യ വിരുദ്ധരും

    ഒരു സംഘടന ഉണ്ടായി ഇതിനൊക്കെ പരിഹാരം കാണുമെന്ന് എനിക്ക് വിശ്വാസമില്ല. അറിവാണ് പ്രധാനം. അത് ജനങ്ങളിലെത്തുന്നത് തടയുന്നത് കോര്‍പ്പറേറ്റാണ്. സിനിമയും ചാനലുമൊക്കെ അവരുടെ ഉത്പന്നങ്ങളും ആശയങ്ങളും (ഉപഭോഗ സംസ്കാരം) വിപണി കണ്ടെത്താനുള്ള മാര്‍ഗ്ഗങ്ങള്‍ മാത്രം.
    കഴിവതും സിനിമയും ചാനലും കാണാതിരിക്കുക, നമ്മുടെ ഉപഭോഗം കഴിയുന്നത്ര കുറക്കുക, നമ്മുടെ ബോധ നിലവാരം ഉയര്‍ത്താനുള്ള ശ്രമം എപ്പോഴും നടത്തുക.
    ഇത് നമ്മുടെ സുഹൃത്തുക്കളോടും പങ്കുവെക്കുക. എല്ലാം ശരിയാകും.

    ReplyDelete
  8. നമ്മുടെ മാറി വന്ന ആഹാര ക്രമം ഇതിനൊക്കെ കാരണമാണൊ?
    ,ബീഫ് മട്ടണ്‍ ഒക്കെ കഴിച്ചു ഒക്കെ മൃഗത്തിന്റെ സ്വഭാവം കാണിക്കാന്‍ തുടങീട്ടുണ്ടൊ?
    മദ്യത്തിന്റെ ഉപഭോഗം മലയാളിയെ മാറ്റിക്കളഞ്ഞതു നേരാണു
    ഈയിടെ ഒരു ചാനലില്‍ ലീലമേനോന്‍ പരയുന്നതു കേട്ടു..''ഈയിടെ മലയാളി ആണുങ്ങള്ക്കു ലൈമ്ഗികാസക്തി ഇത്തിരി കൂടീട്ടുണ്ടൊന്ന്..."

    ReplyDelete
  9. നല്ല കുറിപ്പ് ...
    സമൂഹം ഇത്രയേറെ മോശമാക്കുന്നത് അവനവനിസം എന്ന ലോകത്തു ജീവിക്കുന്നതുകൊണ്ട് തന്നെയാവും...

    ReplyDelete
  10. ഇന്നത്തെ കമ്പോളവ്യവസ്ഥിതിയില്‍ മുകളില്‍ പറഞ്ഞ കാര്യങ്ങളെല്ലാം നല്ല മാര്‍ക്കെറ്റുള്ള റിയാലിറ്റി ഷോകളാണ്. വാതിലും ജനലും ഭിത്തികളുമില്ലാത്ത ഒരു സമൂഹത്തിലേക്ക് കമ്പോളം ഇരച്ചുകയറുമ്പോള്‍ സമൂഹം ചന്തയാകാതെ എങ്ങിനെയാണു വ്യതിരിക്ത വ്യക്തിത്വം കാത്തുസൂക്ഷിക്കുക ?
    ആദ്യം നമുക്കു വേണ്ടത് ആത്മാഭിമാനമായിരുന്നു. അതൊട്ടില്ലതാനും.പകരമുള്ളത് ദുരഭിമാനമാണ്.ദുരഭിമാനം കമ്പോളത്തിന്റെ കളിത്തൊട്ടിലാണ്.
    ദുരഭിമാനികളുടെ സമൂഹത്തില്‍ പണത്തിനും പ്രശസ്തിക്കും മാത്രമേ വിലയുള്ളു. ഉപഭോഗത്വര വര്‍ദ്ധിപ്പിക്കുന്ന കംബോള സംസ്കാരം മൂല്യങ്ങളെ വലിച്ചെറിഞ്ഞ് കൂടുതല്‍ പണമുണ്ടാക്കി വന്ന് അവരുടെ ചൂതുകളിയില്‍ പങ്കെടുത്ത് ജീവിതം ആഘോഷിക്കാന്‍ ആവശ്യപ്പെടുന്നു. കമ്പോളത്തിന്റെ ജിഹ്വയായി നില്‍ക്കുന്നത് നമ്മുടെ മൂല്യങ്ങള്‍ സംരക്ഷിക്കേണ്ടിയിരുന്ന സമൂഹത്തിന്റെ ബോധമണ്ടലമായ മാധ്യമങ്ങള്‍ തന്നെ !!!മാധ്യമങ്ങളെ ശുചീകരിക്കേണ്ടിയിരിക്കുന്നു. അതിനു മുന്‍പായി ജനം ആത്മബോധം വീണ്ടെടുക്കേണ്ടിയിരിക്കുന്നു. അതത്ര എളുപ്പമല്ലെന്നത് മറ്റൊരുകാര്യം. കലാകാരന്മാരും,സാഹിത്യകാരന്മാരും,സാമൂഹ്യപ്രവര്‍ത്തകരും,രാഷ്ട്രീയക്കാരും പണത്തിന്റെ അടിമകളായി മാറിയതിനാല്‍ നമ്മുടെ ബോധത്തെ തുയിലുണര്‍ത്താന്‍ ആരുമില്ലാത്ത അവസ്ഥ !

    ReplyDelete
  11. സമൂഹം ഇത്ര വഷളായത് എന്തു കൊണ്ടാണെന്നു ആലൊജിച്ച് തലപുണ്ണാക്കണ്ട. ന മ്മളെല്ലാം സ്വാർഥരും പ്രതികരണ ശേഷിയില്ലാത്തവരുമായി.നമ്മളോ‍രോരുത്തരും തിന്മകൾക്കെതിരെ പ്രതികരിക്കാൻ തയ്യാ‍റാകുംബോൾ സമൂഹവും പ്രതികരിക്കും. അതുകൊണ്ട് മന:സ്സാക്ഷി മരിച്ചിട്ടില്ലാത്തവരെ പ്രതികരിക്കുവിൻ.ഈ സമൂ‍ഹം ഉറ്ങ്ങുകയാണ്.ഇതൊന്നും എന്നെയും എന്റെ കുടുംബത്തെയും ബാധിക്കില്ലെന്ന വിശ്വസത്തിൽ.അവരെ ഉണർത്താൻ നമ്മുടെ നിലവിളികൾക്കയെങ്കിൽ...

    ReplyDelete
  12. വളരെ ദയനീയ അവസ്ഥയാണുള്ളത്‌.. അടിസ്ഥാന കാരണങ്ങള്‍ കണ്ടെത്തിയുള്ള ചികിത്സക്ക്‌ പകരം ആഘോഷമാക്കാനാണു ഇന്ന് ശ്രമം നടക്കുന്നത്‌. ധാര്‍മ്മികത യെന്ന് പറഞ്ഞാല്‍ തന്നെ കൊഞ്ഞനം കുത്തുന്ന ഒരു സമൂഹത്തില്‍ ഇനിയെന്തൊക്കെ കാണാനിരിക്കുന്നു.

    ഈ പോസ്റ്റിനു നന്ദി..

    ഇവിടെ രണ്ട്‌ ലേഖനങ്ങള്‍ ഈ വിഷയവുമായി ബ്ന്ധപ്പെട്ട്‌ ഇവിടെ വായിക്കുക

    one
    ഇവിടെ
    two
    ഇവിടെ

    ReplyDelete
  13. ഇനിയും ചാനലുകള്‍ ഉണ്ടാവട്ടെ, അതില്‍ റിയാലിറ്റി ഷോകള്‍, സിനിമാറ്റിക് ഡാന്‍സുകള്‍, ഉടാന്‍സുകള്‍, മേനിയഴക് വാരിവിതറുന്ന പരസൃങ്ങള്‍, എല്ലാം. ആഗോളവല്ക്കരണം ജീവിതത്തിനു മേല്‍ പിടിമുറുക്കി എന്ന് പറയുമ്പോള്‍ ചിരിവരുന്നുണ്ടാകും. പക്ഷെ അതാണ് സത്യം. കേട്ടില്ലേ, വാലല്ലാത്തതെല്ലാം വാരത്തിലായി എന്ന്. ഉടന്‍ അതും വാരത്തിലാകും. പിന്നെ, എന്ത് ധാര്‍മ്മികത, എന്ത് സംസ്കാരം!

    "എന്നെ കണ്ടാല്‍ കിണ്ണം കട്ടവനനെന്നു അല്ലെങ്കില്‍ കക്കുന്നവനാണെന്ന് തോന്നുമോ" എന്ന ചൊദൃം ഇന്നു കേരളത്തിലെ ഓരോ പിതാവിന്റെയും മനസിനെ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ വീണ്ടും വീണ്ടും കുത്തിനോവിക്കുന്നു. സ്വന്തം കുഞ്ഞുങ്ങളുടെ മുന്നില്‍ സംശയത്തിന്റെ നിഴലില്‍! എന്തൊരു ദുരവസ്ഥ!!

    ReplyDelete
  14. "മക്കളില്‍ അന്തര്‍ലീനമായ വ്യക്തിത്വത്തെ സമൂഹത്തിന് ഫിറ്റ് ആകുന്ന തരത്തില്‍ പോഷിപ്പിച്ച് നല്ല പൌരന്മാരായി വളര്‍ത്താന്‍ അറിയില്ല എന്നുമാണ് അവന്റെ അഭിപ്രായം"എന്താണ് സമൂഹത്തില്‍ ഫിറ്റ് എന്നത് തന്നെ വലിയ തെറ്റിദ്ധാരണ്യ്യിലാണ്,,മജോറിറ്റി ചെയ്യുന്നത് എന്നാണ് പലര്‍ക്കും അത്..അവിടെ നിന്ന് തന്നെ മാറ്റം ആരംഭിക്കാണം...
    പിന്നെ ‘’ഒരു സംഘടന ഉണ്ടായി ഇതിനൊക്കെ പരിഹാരം കാണുമെന്ന് എനിക്ക് വിശ്വാസമില്ല. അറിവാണ് പ്രധാനം.‘’ നൂറ് ശതമാനം യൊജിക്കുന്നു..ബ്ലൊഗ്ഗുകള്‍ ഇത്തരം വിഷയങ്ങളിലേക്കു കടന്ന് വന്ന് പുത്തന്‍ ചിന്തകള്‍ ഉണ്ടാകട്ടെ..

    ReplyDelete
  15. പ്രസക്തമായ പോസ്റ്റ്...
    പക്ഷെ നമുക്കൊരുത്തരം കണ്ടെത്താനാവതെ അവസാനിപ്പിക്കേണ്ടി വരുന്നില്ലേ ചര്‍ച്ച എന്നൊരു സംശയം

    ReplyDelete
  16. ടോയിലറ്റില്‍ മൂത്രമൊഴിക്കുന്നത് കണ്ടാസ്വദിക്കുന്നതരത്തിലേക്ക് വരെ കേരളീയന്റെ സദാചാരബോധം ഉയര്‍ന്നിരിക്കുന്നു!!!

    കക്കൂസില്‍ പോലും സ്വസ്ത്ഥമായി പ്രാധമികകര്‍മങ്ങള്‍ല്‍ നിര്‍വഹിക്കാന്‍ കഴിയാത്ത തരത്തില്‍ കേരളീയന്റെ സംസ്കാരം അതപ്പതിച്ചിരിക്കുന്ന ഈ കാലത്ത് ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുമിച്ചിരുത്തി അദ്യാപനം നടത്തിയാല്‍ എന്തായിരിക്കും അവസ്ഥ. എന്റെ ഈ ശോയെ... ഓര്‍ക്കാനും കൂടി വയ്യ..!!!

    ReplyDelete
  17. ദൈവവിശ്വാസത്തിനു വന്ന (ഉണ്ടാക്കിയെടുത്ത അല്ലെങ്കില്‍ അതിനു ശ്രമിച്ചുകൊണ്ടിരിക്കുന്ന) മൂല്യച്യുതിയും ഇതിനൊക്കെ ഒരളവില്‍ കാരണമായില്ലേ?

    ReplyDelete
  18. ദൈവവിശ്വാസത്തിനു വന്ന (ഉണ്ടാക്കിയെടുത്ത അല്ലെങ്കില്‍ അതിനു ശ്രമിച്ചുകൊണ്ടിരിക്കുന്ന) മൂല്യച്യുതിയും ഇതിനൊക്കെ ഒരളവില്‍ കാരണമായില്ലേ? എന്ന ചോദ്യം കൊണ്ട് കനല്‍ എന്താണ് ഉദ്ദേശിക്കുന്നത് ?

    ദൈവവിശ്വാസം ഇന്ന് കൂടിക്കൂടി അതൊരു മാനസികരോഗം പോലെ ആയിട്ടുണ്ട് . യഥാര്‍ത്ഥത്തില്‍ സ്വാര്‍ത്ഥതയാണ് ദൈവവിശ്വാസത്തിന്റെ അടിസ്ഥാനം . ഞാനും എന്റെ ദൈവവും . എനിക്ക് ചോദിച്ചതെല്ലാം തരുന്ന ദൈവം , എന്നെ സദാ നോക്കുന്ന ദൈവം അതാണ് ചിന്ത . സ്വാര്‍ത്ഥത കൂടുന്തോറും ദൈവവിശ്വാസവും ഭക്തിയും കൂടും . സ്വാര്‍ത്ഥത കൂടുന്തോറും മാനസികദൌര്‍ബല്യങ്ങളും കൂടും . സത്യത്തില്‍ പരിധിയില്ലാത്ത സ്വാര്‍ത്ഥതയാണ് ഇന്ന് മനുഷ്യന്റെ പ്രശ്നം . ഒന്നും പോര . എന്ത് കിട്ടിയാലും പോര . കിട്ടാത്തത് വേണം . അതാണ് ആക്രാന്തം ബാധിച്ച ആധുനിക മനുഷ്യമനസ്സിന്റെ അവസ്ഥ . എന്നാല്‍ ഈ ജീവിതം നിസ്സാരവും ക്ഷണികവും ആണെന്ന സത്യം മനസ്സിലാക്കിയാല്‍ സ്വാര്‍ത്ഥത കുറഞ്ഞുകിട്ടും . മനസ്സിന് ലാഘവം തോന്നും . കുറെ വെപ്രാളം കുറയും . സഹജീവികളോട് സ്നേഹം തോന്നും . മനുഷ്യനെയും പ്രകൃതിയെയും സ്നേഹിച്ച് , ആത്മരതിയില്‍ നിന്ന് മുക്തമാവുക എന്നതാണ് മൂല്യങ്ങളിലേക്കെത്താനുള്ള വഴി . ദൈവം ഉണ്ടെങ്കില്‍ ആ ദൈവം ദൈവത്തിന്റെ പണി എടുക്കട്ടെ എന്ന് ചിന്തിക്കാനുള്ള ഹൃദയവിശാലത വേണ. ഊണിലും ഉറക്കത്തിലും ദൈവത്തെ ഓര്‍മ്മിക്കുന്നത് അന്തിമവിശകലനത്തില്‍ തന്നെത്തന്നെ ഓര്‍മ്മിക്കലാണ് . ദൈവവിശ്വാസം കൊണ്ട് ഒരുവന്റെ മനസ്സ് ശുദ്ധമാവുകയില്ല . അഥവാ ശുദ്ധമാകണമെങ്കില്‍ അമിതമായ സ്വാര്‍ത്ഥത ഒഴിവാക്കണം . എന്നിട്ട് ഇത്രയെങ്കിലും ഉണ്ടല്ലോ എന്ന് ദൈവത്തോട് നന്ദി പറയണം . എന്നല്‍ ഇന്ന് എന്ത് കൊണ്ടും ശമനം കിട്ടാത്ത തൃഷ്ണ കൊണ്ട് അലയുകയാണ് മനുഷ്യന്‍ . അതാണ് പ്രശ്നം . ആ തൃഷ്ണ ശമിപ്പിക്കുവാനല്ല കൂട്ടുവാനാണ് ദൈവവിശ്വാസം മനുഷ്യനെ പ്രേരിപ്പിക്കുന്നത് ....

    ReplyDelete