Pages

സഖാവ് പിണറായി സംശയത്തിന്റെ നിഴലില്‍ !



ജനശക്തി വാരികയില്‍ എന്റെ ഓര്‍ക്കുട്ട് സുഹൃത്ത് കൂടിയായ ശ്രീ. തനേഷ് തമ്പി എഴുതിയ ലേഖനത്തിന്റെ മുഖചിത്രമാണിവിടെ കാണുന്നത് . ഇതേ ലേഖനം പീപ്പ്‌ള്‍സ് ഫോറം എന്ന ബ്ലോഗില്‍ പകര്‍ത്തിയെടുത്ത് പോസ്റ്റ് ചെയ്തിട്ടുമുണ്ട് . അവിടെ എന്റെ ബ്ലോഗ്ഗര്‍ സുഹൃത്ത് കിരണ്‍ തോമസ് ഒരു പ്രസക്തമായ ഒരു കമന്റ് എഴുതിക്കണ്ടു . എന്റെ വക ഒരു കമന്റ് കൂടി എഴുതി മിണ്ടാ‍തിരിക്കാമെന്ന് കരുതിയതാണ് . കാരണം ഞാന്‍ ഈ ബ്ലോഗ് തല്‍ക്കാലത്തെക്ക് നിര്‍ത്തി വെച്ച് മറ്റൊരു ബ്ലോഗായ ജനകീയശാസ്ത്രത്തില്‍ ആരോഗ്യ ശാസ്ത്രത്തെപ്പറ്റി ഒരു തുടരന്‍ പോസ്റ്റ് എഴുതുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാമെന്ന് കരുതി. പക്ഷെ ആ ബ്ലോഗില്‍ അവരുടെ കമന്റ് പോപ്പ് അപ് വിന്‍ഡോ കാരണം കമന്റ് എഴുതാന്‍ കഴിഞ്ഞില്ല. കഴിയുമായിരിക്കാം , എന്നാല്‍ അത്ര കഷ്ടപ്പെടുന്നതെന്തിന് ഇവിടെ എനിക്ക് പറയാനുള്ളത് ഒരു പോസ്റ്റാക്കാമല്ലോ എന്ന് തോന്നി . മാത്രമല്ല ചില സുഹൃത്തുക്കള്‍ എന്തിനാണ് ബ്ലോഗ് നിര്‍ത്തുന്നത് എന്നും ചോദിച്ചിരുന്നു . എന്റെ മനസ്സില്‍ തോന്നുന്നത് അപ്പപ്പോള്‍ കുറിച്ചു വെക്കാനുള്ളതാണല്ലോ ഈ ഇടം . അപ്പോള്‍ നിര്‍ത്തേണ്ടതില്ല എന്ന് എനിക്ക് കിട്ടിയ ചില സുഹൃത്തുക്കളുടെ ഉപദേശം ഞാന്‍ സ്വീകരിക്കുന്നു . ഈ ബ്ലോഗ് ഒരു ചര്‍ച്ചാ വേദി അല്ല . പിന്നെ ഒരു പബ്ലിക്ക് സ്പെയിസ് ആയത് കൊണ്ട് ആര്‍ക്കും വായിക്കാമെന്ന് മാത്രം . ഞാനും എല്ലാ ദിവസങ്ങളിലും ബ്ലോഗുകള്‍ വാ‍യിക്കുന്നുണ്ട് . എനിക്ക് ഇഷ്ടപ്പെടാത്ത ബ്ലോഗുകളുടെ ഭാഗത്തേക്ക് ഞാന്‍ പോകാറില്ല . തീര്‍ച്ചയായും എന്റെ ബ്ലോഗും പലര്‍ക്കും ഇഷ്ടപ്പെടുകയില്ല . എന്നല്ല , എല്ലാവര്‍ക്കും ഇഷ്ടപ്പെടരുത് . അങ്ങിനെ എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന , അല്ലെങ്കില്‍ എല്ലാവരേയും തൃപ്തിപ്പെടുത്തുന്ന സംഭവം എന്തെങ്കിലും എവിടെയെങ്കിലും ഉണ്ടോ ?

പിണറായി വിജയന്‍ , അദ്ദേഹം സി.പി.എമ്മിന്റെ സെക്രട്ടരിയാണെങ്കിലും വിമര്‍ശനത്തിനതീതനല്ല . മാത്രമല്ല ലോകത്ത് ഒന്നിനേയും അവര്‍ വിമര്‍ശിക്കാതെ വിടാറുമില്ല . ഇവിടെ ഈ ജനശക്തി ലേഖനം സവിശേഷമായ ശ്രദ്ധ അര്‍ഹിക്കുന്നുണ്ട് . അത് മകന്‍ വിദേശത്ത് പഠിക്കുന്നത് കൊണ്ടല്ല . കഴിവും യോഗ്യതയും ഉണ്ടെങ്കില്‍ ലോകത്ത് എവിടെയും പോയി ആരും പഠക്കട്ടെ . അങ്ങിനെയാണ് വേണ്ടത് താനും . പക്ഷെ കഴിഞ്ഞ് പത്ത് ഇരുപത് വര്‍ഷങ്ങളായി വിദ്യാഭ്യാസത്തിന്റെ പേര് പറഞ്ഞ് സമരാഭാസങ്ങള്‍ നടത്തി കേരളത്തിന്റെ സ്വൈര്യം കെടുത്തിയ പാര്‍ട്ടിയാണ് സി.പി.എം . ! അതിന്റെ നേതാവാണ് സ:പിണറായി . പ്രീ‌-ഡിഗ്രി ബോര്‍ഡ് വിരുദ്ധ സമരക്കാലത്ത് നഴ്സറി സ്കൂള്‍ പോലുമാണ് പൂട്ടിച്ചത് . ആ സമരങ്ങളുടെ തുടര്‍ച്ചയായാണ് കൂത്തുപറമ്പില്‍ വെടിവെപ്പുണ്ടായത് . ആ പാര്‍ട്ടിയുടെ നേതാവിന്റെ സ്വന്തം മകന്റെ വിദ്യാഭ്യാസത്തിന്റെ പ്രശ്നം വന്നപ്പോള്‍ സ്വീകരിച്ച നിലപാട് രസാവഹമാണ് :

ഒന്ന് : അദ്ദേഹത്തിന്റെ മകന്‍ വിദ്യാഭ്യാസത്തില്‍ ഒരു പ്രതിഭയൊന്നുമല്ല . ഒരു ശരാശരി വിദ്യാര്‍ത്ഥി . എന്നിട്ടും ഉപരിപഠനത്തിന് തെരഞ്ഞെടുത്തത് ലണ്ടനിലെ ബര്‍മിങ്‌ഹാം സ്വാശ്രയ സര്‍വകലാശാല അതും ഒരു സ്വയംഭരണ സര്‍വകലാശാല ! അവനവന്റെ കാര്യം വരുമ്പോള്‍ കണ്ടോ ? ഇതൊന്നും കേരളത്തില്‍ പറ്റില്ല എന്ന് പറഞ്ഞ് ഇപ്പോഴും കുട്ടിസഖാക്കള്‍ അല്ല ഭാവി നേതാക്കാള്‍ ഇപ്പോഴും ഒച്ച വെക്കുന്നുണ്ട് .

രണ്ട് : 2001-2003 വര്‍ഷത്തില്‍ ബിസിനസ്‌ മാനേജ്‌മെന്റില്‍ ബിരുദാനന്തര ഡിപ്ലോമ കോഴ്‌സിന്‌ പഠിച്ചത്‌ എസ്‌ ബി ടി കലൂര്‍ ബ്രാഞ്ചില്‍ നിന്നെടുത്ത വായ്‌പകൊണ്ടാണ്‌ (അക്കൗണ്ട്‌ നമ്പര്‍ എം ടി എല്‍ 57002541912). മൊത്തം വായ്‌പാതുക 3,23,600 രൂപ. പ്രതിമാസം 11,200 രൂപയാണ്‌ തിരിച്ചടക്കേണ്ടത്‌. ഈ വായ്‌പാ തുകയുടെ ഗഡുക്കള്‍ തിരിച്ചടവ്‌ തുടങ്ങിയത്‌ അടുത്തിടെയാണ്‌. ഇനി ഈ വായ്‌പയില്‍ തിരിച്ചടക്കാനുള്ളത്‌ 2,58,371 രൂപയാണ്‌.

മൂന്ന് : വിക്കി എന്ന്‌ സ്‌നേഹപൂര്‍വം വിളിക്കപ്പെടുന്ന വിവേക്‌ കിരണിന്‌ ഇപ്പോള്‍ പഠിച്ചു കൊണ്ടിരിക്കുന്ന രണ്ടു വര്‍ഷത്തെ എം ബി എ കോഴ്‌സ്‌ പൂര്‍ത്തിയാക്കാന്‍ വേണ്ടിവരിക ഏകദേശം അന്‍പത്‌ ലക്ഷത്തിലേറെ രൂപയായിരിക്കും. അതായത്‌ അരക്കോടിയിലേറെ രൂപ!

നാല് : ഇതിനായി എവിടെ നിന്നും പുതിയതായി ഒരു ലോണ്‍ കൂടി എടുത്തതായി പറയുന്നില്ല . മറ്റുള്ള പാര്‍ട്ടിക്കാരെ കള്ളന്മാര്‍ എന്ന് നാഴികക്ക് നാല്പത് വട്ടം പറയുന്ന ആ പാര്‍ട്ടിയുടെ നേതാക്കന്മാര്‍ ഈ ചോദ്യത്തെ നേരിടുന്നത് മുടന്തന്‍ ന്യായങ്ങള്‍ കൊണ്ടാണ് .

ഇനി സിങ്കപ്പൂര്‍ യാത്ര , ചെന്നെയിലെ തോക്കില്ലാ ഉണ്ട , ലാവ്‌ലിന്‍ ഇടപാട് , ഫാരിസ് ഇതൊക്കെ കൂട്ടി വായിക്കുമ്പോള്‍ തീര്‍ച്ചയായും സ:പിണറായി സംശയങ്ങളുടെ നിഴലില്‍ തന്നെയാണെന്ന് കൊച്ചുകുട്ടിക്ക് പോലും തോന്നും . എന്നാലും സി.പി.എം. എന്ന് പറയുന്നത് കോടിക്കണക്കിന് ആസ്ഥിയുള്ള പ്രസ്ഥാനമാണ് . ആര്‍ക്കാണ് ഇന്നത്തെക്കാലത്ത് ഇങ്ങിനെ നിഷ്പ്രയാസം പണവും സൌകര്യങ്ങളും കിട്ടുമെങ്കില്‍ വേണ്ടാത്തത് ?

കമ്മ്യൂണിസ്റ്റ് നേതാക്കള്‍ പൊതുവെ ധനത്തിലും ആഡംബരങ്ങളിലും ആര്‍ത്തിയുള്ളവരാണെന്ന് കി.യൂറോപ്യന്‍ കമ്മ്യൂ:രാഷ്ടത്തലവന്മാരുടെ പതനസമയത്ത് കണ്ടതാണല്ലോ . റൊമാ‍നിയയിലെ ചെഷസ്ക്യൂവിന്റെ ഭാര്യയുടെ സ്വര്‍ണ്ണ ചെരുപ്പുകള്‍ നാം ടി വിയില്‍ കണ്ടതല്ലെ . സോവിയറ്റ് യൂനിയന്‍ തകര്‍ന്നപ്പോള്‍ പാര്‍ട്ടിയുടെ ഭീമമായ ആസ്തിയെക്കുറിച്ചും വാര്‍ത്തയുണ്ടായിരുന്നു . എല്ലാം കമ്മ്യൂണിസ്റ്റ് വിരുദ്ധരുടെ പ്രചാരങ്ങള്‍ എന്നാണവരുടെ സ്ഥിരം പല്ലവി .

ഇങ്ങിനെയുള്ള ലേഖനങ്ങള്‍ അച്ചടിച്ച് വന്നത് കൊണ്ടൊന്നും പിണറായിക്കോ പാര്‍ട്ടിക്കോ യാതൊരു പോറലും ഏല്‍ക്കാന്‍ പോകുന്നില്ല . സമരങ്ങളും ബന്ദുകളും ഹര്‍ത്താലുകളും ബക്കറ്റു പിരിവുകളും ഇനിയും കേരളത്തില്‍ നിര്‍ബ്ബാധം തുടരും . അതാണ് കേരളം !

മാര്‍ക്സിസ്റ്റ് പാര്‍ട്ടി ജനാധിപത്യം അംഗീകരിക്കണം !

നന്ദിഗ്രാം സംഭവങ്ങളെ തുടര്‍ന്ന് മാര്‍ക്സിസ്റ്റ് പാര്‍ട്ടി പല ഭാഗങ്ങളില്‍ നിന്നും വിമര്‍ശിക്കപ്പെടുന്നുണ്ട് . എന്നാല്‍ ആ വിമര്‍ശനങ്ങളെയെല്ലാം പ്രതിരോധിക്കാന്‍ തന്നെയാണ് ആ പാര്‍ട്ടി പതിവ് പോലെ തുനിയുന്നത് . ജനാധിപത്യസമ്പ്രദായത്തിലെ പല കീഴ്വഴക്കങ്ങളും സാമാന്യമര്യാദകളും ആ പാര്‍ട്ടിക്ക് ബാധകമല്ലാത്തത് കൊണ്ട് അവര്‍ക്ക് അപരിമിതമായ സൌകര്യങ്ങളാണ് ഇങ്ങിനെ പ്രതിരോധത്തിനായി ലഭിക്കുന്നത് .

പിണറായി വിജയന്റെ മകനെ എങ്ങിനെ ഇത്രയും വലിയ തുക കൊടുത്ത് വിദേശത്ത് പഠിപ്പിക്കാന്‍ കഴിയുന്നു , അദ്ദേഹം ആദായ നികുതി ദായകനല്ലല്ലോ എന്ന സംശയം പ്രകടിപ്പിക്കുമ്പോള്‍ ഒരു മന്ത്രി പറയുന്നത് ബഹിരാകാശത്ത് ഉപരിപഠന സാധ്യതയുണ്ടെങ്കില്‍ മാര്‍ക്സിസ്റ്റ്കാരന്റെ മക്കളെ അവിടെയും അയച്ച് പഠിപ്പിക്കുമെന്നാണ് , മറ്റൊരു മന്ത്രി പറഞ്ഞത് ഗാന്ധിജിക്ക് വിദേശത്ത് പഠിക്കാമെങ്കില്‍ പിണറായിയുടെ മകനും വിദേശത്ത് പഠിക്കാമെന്നാണ് . ഇതാണ് അവരുടെ ശൈലി . ഇങ്ങിനെ അവര്‍ കാലാകാലങ്ങളില്‍ പറഞ്ഞത് സമാഹരിച്ചാല്‍ വിചിത്രമായ പല ശൈലീ വിലാസങ്ങളും ഭാഷയുടെ മുതല്‍ക്കൂട്ടാവും .

ജനാധിപത്യത്തിന്റെ വളരെ വിപുലമായ സൌകര്യങ്ങളാണ് അവര്‍ക്ക് പാര്‍ട്ടി വളര്‍ത്താന്‍ വേണ്ടി ലഭിക്കുന്നത് . എന്നാല്‍ ചെയ്യുന്ന ഓരോ പ്രവര്‍ത്തിയും ഉച്ചരിക്കുന്ന ഓരോ വാക്കും ജനാധിപത്യത്തിന്റെ ചെലവില്‍ ജനാധിപത്യത്തെ വികലമാക്കാനും വികൃതമാക്കുവാനുമാണ് അവര്‍ ഉപയോഗിക്കുന്നത് .മാര്‍ക്സിസ്റ്റ്കാരുടെ എന്തെങ്കിലും ചെയ്തികളെ വിമര്‍ശിക്കുമ്പോള്‍ അവര്‍ പതിവായി ചോദിക്കുന്ന ഒരു ചോദ്യമുണ്ട് . നിങ്ങള്‍ എന്ത് കൊണ്ട് മറ്റുള്ളവരുടെ ചെയ്തികളെ വിമര്‍ശിക്കുന്നില്ല എന്ന് . അതായത് ലോകത്തുള്ള മറ്റെല്ലാ കാര്യങ്ങളെയും വിമര്‍ശിച്ചതിന് ശേഷം ഏറ്റവും അവസാനത്തെ ഇനമായി മാത്രമേ അവരെ വിമര്‍ശിക്കാവൂ എന്ന് .

ഉദാഹരണത്തിന് പരിയാരം തെരഞ്ഞെടുപ്പില്‍ അവര്‍ കൈയ്യൂക്ക് കാട്ടി ഭരണം പിടിച്ചക്കിയതിനെ പറ്റി കമാ എന്നൊരക്ഷരം ഉരിയാടുന്നത് ഇന്നേവരെ ഇന്ത്യയില്‍ ഉണ്ടായിട്ടുള്ള മുഴുവന്‍ തെരഞ്ഞെടുപ്പ് അതിക്രമങ്ങളും തെരഞ്ഞ് പിടിച്ച് അക്കമിട്ട് നിരത്തിയതിന് ശേഷമേ പാടുള്ളൂ എന്ന് . എന്നാല്‍ ഇത് അവര്‍ക്ക് ബാധകവുമല്ല .ജനാധിപത്യത്തെ കുറിച്ചൊന്നും അവരോട് പറഞ്ഞിട്ട് കാര്യമില്ല .

എന്നാല്‍ നന്ദിഗ്രാമുകള്‍ ആവര്‍ത്തിക്കുമ്പോള്‍ ചിന്തിക്കുന്നവര്‍ കൂടുതല്‍ കൂടുതലായി അവരില്‍ നിന്ന് അകലുമ്പോള്‍ ഒരു പക്ഷേ അവര്‍ എന്നെങ്കിലും മാറി ചിന്തിക്കാന്‍ നിര്‍ബ്ബന്ധിതരായേക്കാം .

മാധ്യമം ആഴ്ച്ചപ്പതിപ്പില്‍ പ്രശസ്ത പത്രപ്രവര്‍ത്തകന്‍ ശ്രീ.ബി.ആര്‍.പി. ഭാസ്കര്‍ എഴുതിയ ലേഖനത്തിന്റെ സ്കാന്‍ ചെയ്ത കോപ്പിയാണ് താഴെ കൊടുത്തിരിക്കുന്നത് . ഏതായാലും 1948ല്‍ കല്‍ക്കത്താ തീസീസ് പ്രകാരം സായുധ വിപ്ലവത്തിന് ആഹ്വാനം ചെയ്ത പാര്‍ട്ടി ഈ പരുവത്തില്‍ എത്തിയല്ലോ . ഇനിയും ഒരു അമ്പത് വര്‍ഷം കഴിഞ്ഞാല്‍ അവര്‍ ജനാധിപത്യം അംഗീകരിക്കുമായിരിക്കും .

താഴെയുള്ള ലേഖനത്തെപ്പറ്റി ശ്രീ.ബി.ആര്‍.പി.ഭാസ്കറിന്റെ ബ്ലോഗില്‍ നടക്കുന്ന ചര്‍ച്ച ഇവിടെ .....












“ നന്ദിഗ്രാം " സി.പി.എം തുറന്ന് കാട്ടപ്പെടുന്നു .

ജനാധിപത്യത്തിന്റെയും , ന്യൂനപക്ഷത്തിന്റെയുമൊക്കെ കാവല്‍ മാലാഖയാണ് തങ്ങള്‍ എന്ന മട്ടിലാണ് സി.പി.എം. നേതാക്കളും അണികളും എപ്പോഴും സംസാരിക്കാറ് . മാത്രമല്ല ലോകത്തുള്ള സകലമാന പേരും തങ്ങള്‍ക്കെതിരാണെന്നും അവര്‍ പലപ്പോഴും വിലപിക്കാറുമുണ്ട് . അമേരിക്ക പോലും തങ്ങളെയാണ് ഭയപ്പെടുന്നത് , അത് കൊണ്ട് തങ്ങളെ തകര്‍ക്കാന്‍ അമേരിക്കയും സദാ തങ്ങള്‍ക്കെതിരെ ഗൂഢാലോചന നടത്തുന്നു എന്നും അവര്‍ ആരോപിക്കാറുണ്ട് . എന്ത് കൊണ്ടാണ് ഇങ്ങിനെ എല്ലാവരും സി.പി.എമ്മിനെ എതിര്‍ക്കുന്നത് . തങ്ങള്‍ മാത്രമാണ് ശരിയായി ജനപക്ഷത്ത് നിന്ന് കൊണ്ട് അദ്ധ്വാനിക്കുന്നവര്‍ക്കും ഭാരം ചുമക്കുന്നവര്‍ക്കും വേണ്ടി പാട് പെടുന്നത് . അത് കൊണ്ടാണ് സകല ബൂര്‍ഷ്വാ-സാ‌മ്രാജ്യത്വ പിന്‍‌തിരിപ്പന്‍ ശക്തികളും തങ്ങള്‍ക്കെതിരെ അണിനിരക്കുന്നത് എന്നാണ് അവരുടെ അവകാശ വാദം .

എന്നാല്‍ നന്ദിഗ്രാം സംഭവ പരമ്പരകള്‍ സി.പി.എമ്മിന്റെ യഥാര്‍ത്ഥ മുഖം ലോകത്തിന് മുന്‍പാകെ തുറന്ന് കാട്ടപെട്ടിരിക്കുന്നു . ഗൂഗ്‌ളില്‍ നന്ദിഗ്രാം എന്ന് സര്‍ച്ച് ചെയ്താല്‍ കിട്ടുന്ന നിരവധി വിവരങ്ങള്‍ ചൂണ്ടിക്കാട്ടുന്നത് , നന്ദിഗ്രാമില്‍ സ്ഥിതിഗതികള്‍ ഇത്ര വഷളാവാന്‍ കാരണം സി.പി.എം അനുവര്‍ത്തിച്ച ഫാസിസ്റ്റ് മാതൃകയിലുള്ള സമീപനം മൂലമാണെന്നാണ് . സി.പി.എം ജാനാധിപത്യ സമ്പ്രദായം അംഗീകരിക്കുന്ന ഒരു പാര്‍ട്ടിയല്ല . തങ്ങളുടെ വിപ്ലവം വിജയിപ്പിച്ച് ഇന്ത്യയില്‍ തങ്ങളുടെ നേതൃത്വത്തില്‍ ഒരു ഏകകക്ഷി ഭരണം നടപ്പിലാക്കുക എന്ന പാര്‍ട്ടി പരിപാടി അനുസരിച്ച് തന്നെയാണ് അവര്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നത് . അതിനിടയില്‍ ഒരു അടവ് നയം എന്ന നിലയിലാണ് അവര്‍ ഇവിടത്തെ പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നത് .

ഈ വിഷയം കിരണ്‍ തോമസ്സിന്റെ ബ്ലോഗില്‍ ചര്‍ച്ച ചെയ്യുന്നത് കൊണ്ട് ഞാന്‍ കൂടുതലായി ഇവിടെ വിസ്തരിക്കുന്നില്ല .

കൂടുതല്‍ വായനക്ക് :

കേരള കൌമുദിയില്‍ ഇവിടെ

ഇങ്ങിനെയൊരു തെങ്ങ് ആരെങ്കിലും കണ്ടിട്ടുണ്ടോ ?



ഈ തെങ്ങിന്റെ ചിത്രം എനിക്ക് ഒരു സുഹൃത്ത് മെയിലില്‍ അയച്ചു തന്നതാണ് . തെങ്ങിന് ശാഖകളുണ്ടാവില്ല എന്നാണ് നമ്മള്‍ പഠിച്ചു വെച്ചിട്ടുള്ളത് . ആദ്യമായി കണ്ടത് കൊണ്ട് ഈ ചിത്രം എന്നെ അത്ഭുതപ്പെടുത്തി . എന്നാല്‍ പിന്നെ ഈ അത്ഭുതം മറ്റ് സുഹൃത്തുക്കളുമായും പങ്കിടാമെന്ന് കരുതി ഇവിടെ പോസ്റ്റുകയായിരുന്നു . ഈ പോസ്റ്റ് കണ്ട നിഷ്ക്കളങ്കന്‍ എഴുതിയ കമന്റില്‍ ഇതേ പോലെ തെങ്ങിന്റെ ചിത്രം ഉള്ള കോക്കനട്ട് ഫ്രീക്സ് എന്ന ബ്ലോഗിന്റെ ലിങ്ക് തന്നു . നോക്കിയപ്പോള്‍ ആ ബ്ലോഗില്‍ ഉള്ള ചിത്രം തന്നെയാണിതെന്ന് മനസ്സിലായി . അത് മനസ്സിലായപ്പോള്‍ ഈ പോസ്റ്റ് ഡിലീറ്റ് ചെയ്യാമെന്നാണ് ആദ്യം വിചാരിച്ചത് . പക്ഷെ തെങ്ങുകളെപ്പറ്റിയും തേങ്ങകളുടെ അത്ഭുതകരമായ ആകൃതികളെപ്പറ്റിയും വിവരം തരുന്ന ആ ബ്ലോഗിനെ പറ്റിയുള്ള വിവരം മറ്റുള്ളവര്‍ക്കും ഉപകാരപ്രദമാവുമല്ലോ എന്ന് കരുതി ഈ പോസ്റ്റ് നിലനിര്‍ത്തുന്നു .

നിഷ്ക്കളങ്കന് നന്ദി !

ഒരു വായനക്കാരന്‍ അനൂപ് ഇങ്ങിനെ പറയുന്നു :

പടമെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക്, ഒരു തെങ്ങിനെക്കുറിച്ച് വിവരം തരാം. എറണാകുളത്തുനിന്നും വൈക്കത്തേക്ക് പോകുന്ന വഴിയില്‍, കോട്ടയം വൈക്കം റോഡുകള്‍ തിരിയുന്ന ഒരു ജംങ്ഷനുണ്ട്. അവിടെനിന്നും അല്‍പദൂരം വൈക്കത്തേക്ക് തന്നെ പോകുമ്പോള്‍ ഇടതുവശത്തായി ഇത്തരമൊരു തെങ്ങുകാണാം. ക്യാമറയുള്ള എറണാകുളം ബ്ലോഗേഴ്സ് ആരെങ്കിലും ഒന്ന് പടമെടുത്താല്‍ നന്നായിരുന്നു...

(കടപ്പാട് :http://coconutfreaks.blogspot.com/)

നമുക്കെല്ലാവര്‍ക്കും വേണ്ടി കാരാട്ടിനോട് ചോദിക്കുന്നത് മാരീചന്‍ !

മാരീചന്‍ എന്ന ബ്ലോഗ്ഗറുടെ ഏറ്റവും പുതിയ പോസ്റ്റ് “ മിസ്റ്റര്‍ കാരാട്ട് , ഏതാണ് താങ്കളുടെ മാതൃരാജ്യം ? " എന്നതാണ് . വാസ്തവത്തില്‍ ഏതൊരു ഇന്ത്യന്‍ പൌരനും, ഇന്നത്തെ ദേശീയവും അന്തര്‍ദേശീയവുമായ ചുറ്റുപാടുകളില്‍ പ്രത്യേകിച്ചും പ്രകാശ് കാരാട്ടിനോട് ചോദിക്കേണ്ടതായ ഒരു ചോദ്യമാണ് നമുക്കെല്ലാവര്‍ക്കും വേണ്ടി മാരീചന്‍ ചോദിച്ചിരിക്കുന്നത് . ആണവക്കരാറിന്റെ പേരില്‍ ഇടതുപക്ഷങ്ങള്‍ പൊതുവിലും കാരാട്ട് വിശേഷിച്ചും സൃഷ്ടിച്ചിട്ടുള്ള പുകമറയുടെ പശ്ചാത്തലത്തില്‍ ഈ ചോദ്യത്തിന് നമ്മോട് മറുപടി പറയാന്‍ പ്രകാശ് കാരാട്ട് ബാധ്യസ്ഥനാണ് .

യഥാര്‍ത്ഥത്തില്‍ ഇത്തരം ഒരു ചോദ്യം ആദ്യം ചോദിക്കേണ്ടിയിരുന്നത് 1962ല്‍ സഖാവ് ഈ.എം.എസ്സിനോടായിരുന്നു. അന്ന് ചൈനീസ് പ്രധാനമന്ത്രി ചൌ എന്‍ ലായ് ഇന്ത്യയില്‍ വന്ന് നെഹറുവുമായി പഞ്ചശീലക്കരാറില്‍ ഒപ്പ് വെച്ചു . ഇന്തീ-ചീനീ ഭായി ഭായീ എന്ന് നമ്മള്‍ ആനന്ദനൃത്തം ചവിട്ടി . എങ്ങും കൂട്ടിക്കെട്ടിയ ചെങ്കൊടികളും ത്രിവര്‍ണ്ണപതാകകളും . രാജകീയമായിത്തന്നെയാണ് നമ്മള്‍ ചൌവിനെ വരവേറ്റതും യാത്രയാക്കിയതും ! എന്നാല്‍ ചൌ ചൈനയില്‍ തിരിച്ചെത്തേണ്ട താമസം ചൈനീസ് സേന നമ്മുടെ അതിര്‍ത്തിയില്‍ ഇരച്ചു കയറി . അതായത് വ്യക്തമായി പറഞ്ഞാല്‍ ഇവിടെ ഇന്തീ-ചീനീ ഭായീ ഭായീ എന്ന് മുദ്രാഘോഷം മുഴക്കുമ്പോള്‍ അങ്ങ് നമ്മുടെ വടക്കന്‍ അതിര്‍ത്തികളില്‍ ചൈന സൈന്യത്തെ വിന്യസിക്കുകയായിരുന്നു . വാജ്‌ പൈയും മുഷറഫും തമ്മില്‍ സൌഹൃദ സംഭാഷണങ്ങള്‍ നടത്തിക്കൊണ്ടിരുന്നപ്പോള്‍ പാക്കിസ്ഥാന്‍ സൈന്യം അതിര്‍ത്തി കടന്ന് കാര്‍ഗിലില്‍ പ്രവേശിച്ച പോലെ ! ഇതൊക്കെക്കൊണ്ടാണ് എന്‍.ഡി.എ മന്ത്രിസഭയില്‍ പ്രതിരോധമന്ത്രിയായിരുന്ന ജോര്‍ജ്ജ് ഫെര്‍ണാണ്ടസ്സ് അന്ന് പറഞ്ഞത് ; പാക്കിസ്ഥാനും ചൈനയുമായുള്ള നമ്മുടെ ബന്ധം എപ്പോഴും സംശയത്തിന്റെ നിഴലിലാണെന്ന് .

ചൈന നമ്മുടെ അതിര്‍ത്തി ആക്രമിച്ചു മുന്നേറുമ്പോള്‍ സഖാവ് ഈ.എം.എസ്. അന്ന് പറഞ്ഞത് “അവര്‍ അവരുടേതെന്നും നമ്മള്‍ നമ്മുടേതെന്നും പറയുന്ന അതിര്‍ത്തിയെക്കുറിച്ചാണ് തര്‍ക്കം " എന്നായിരുന്നു . ഇന്ത്യ അന്ന് ഒരു യുദ്ധത്തിന് സജ്ജമായിരുന്നില്ല . നമ്മെ ഒരയല്‍ രാജ്യം ആക്രമിക്കുമെന്ന് നമ്മള്‍ കരുതിയിരുന്നില്ല . നമ്മുടെ ഭൂപ്രദേശങ്ങള്‍ കൈവശപ്പെടുത്തിക്കൊണ്ട് ചീനപ്പട്ടാളം മുന്നേറുമ്പോള്‍ നമ്മുടെ സൈന്യം പിന്‍‌തിരിഞ്ഞ് ഓടിപ്പോരുകയായിരുന്നു . ആയിരക്കണക്കിന് ചതുരശ്ര കിലോ മീറ്റര്‍ ഭൂമി അധീനപ്പെടുത്തി ചൈന ഏകപക്ഷീയമായി വെടിനിര്‍ത്തിയതിനാല്‍ അത്രയും കൊണ്ട് നമ്മള്‍ രക്ഷപ്പെട്ടു . അന്ന് കൈവശപ്പെടുത്തിയ ഭൂപ്രദേശം ഇന്നും ചൈനയുടെ കൈവശമാണുള്ളത് . എന്നിട്ടും ആരാണ് ആദ്യം ആക്രമണം തുടങ്ങിയത് എന്ന കാര്യത്തില്‍ സഖാവ് ഈ.എം.എസ്സിനു സംശയമായിരുന്നു . ഒരു സോഷ്യലിസ്റ്റ് രാജ്യം ഒരിക്കലും മറ്റൊരു രാജ്യത്തെ ആദ്യം ആക്രമിക്കുകയില്ല എന്നായിരുന്നു ഈ.എം.എസ്സ് തറപ്പിച്ച് പറഞ്ഞത് .

അന്ന് നമ്മള്‍ ഇതേ ചോദ്യം സഖാവ് ഈ.എം.എസ്സിനോട് ചോദിച്ചില്ല . ജോര്‍ജ്ജ് ഫെര്‍ണ്ടാസ്സ് പറഞ്ഞത് ഗൌരവപൂര്‍വ്വം ദേശീയചര്‍ച്ചക്ക് വിധേയമാക്കിയില്ല . പക്ഷെ അണിയറയില്‍ ചൈനയും പാക്കിസ്ഥാനും നമുക്കെതിരെ കരുക്കള്‍ സദാ നീക്കുന്നുണ്ട് . ചര്‍ച്ചകള്‍ക്ക് ചൈന ഭരണാധികാരികള്‍ ഇവിടെ വന്നും പോയും കൊണ്ടിരിക്കും . എന്നാല്‍ നമുക്ക് ചൈനയെയും പാക്കിസ്ഥാനെയും സംശയലേശമെന്യേ വിശ്വസിക്കുവാന്‍ കഴിയുകയില്ല എന്നതാണ് യാഥാര്‍ത്ഥ്യം . അത് കൊണ്ടാണ് മാരീചന്‍ കാര്യകാരണസഹിതം കാരാട്ടിനോട് ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി പറയണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നത് . അഥവാ അദ്ദേഹം ഉത്തരം പറയുന്നില്ലെങ്കില്‍ മാരീചന്‍ ചോദിച്ച ചോദ്യം നമ്മുടെ മനസ്സില്‍ നമ്മള്‍ ഓര്‍ത്ത് വെക്കേണ്ടതുണ്ട് .
***********************************************************************
ആണവക്കരാറിനെക്കുറിച്ച് കെ.വേണുവിന്റെ ശ്രദ്ധേയമായ നിരീക്ഷണം
ഇവിടെ വായിക്കുക !

അപ്രിയ സത്യങ്ങളുമായി ഭൈരവസമാചാരം !




വാദങ്ങളും തര്‍ക്കങ്ങളും ആരോപണങ്ങളും ഒന്നും ഒരിക്കലും അവസാനിക്കുന്നില്ല . എവിടെ നോക്കിയാലും വാദപ്രതിവാദങ്ങളുടെ കോലാഹലം തന്നെ . ഈ വാദകോലാഹലങ്ങള്‍ക്കിടയില്‍ പലപ്പോഴും സത്യവും യാഥാര്‍ത്ഥ്യങ്ങളും അവഗണിക്കപ്പെടുകയും ചെയ്യുന്നു . ഇന്നത്തെ മെയിലില്‍ ഭൈരവസമാചാരം എന്ന ഓണ്‍ലൈന്‍ വാര്‍ത്താപത്രിക അയച്ചുകിട്ടി .

പൊതുവെ അപ്രിയമായ സത്യങ്ങള്‍ തുറന്ന് പറയാന്‍ ആരും ധൈര്യപ്പെടാത്ത ഒരു കാലഘട്ടമാണ് ഇത് . ഞാന്‍ എന്തിന് വെറുതെ മറ്റുള്ളവരുടെ വെറുപ്പ് സമ്പാദിക്കണം എന്നാണ് എല്ലാവരും ചിന്തിക്കുന്നത് . അത്കൊണ്ട് സ്വന്തം കാര്യം നോക്കി ഒന്നിലും ഇടപെടാതെ നിഷ്ക്രിയമായി നിസ്സംഗനായി ഒരു തരം മിണ്ടാപ്രാണിയായി ജീവിക്കുന്നവരാണ് പൊതുവെ ഇന്നത്തെ മലയാളി സമൂഹം . ഇത് നിമിത്തം എന്തും സഹിക്കാനും ക്ഷമിക്കാനും ഉള്ള ഒരു ശക്തിയും മലയാളി സ്വായത്തമാക്കിയിരിക്കുന്നു . കണ്‍‌മുന്നില്‍ എന്ത് അനീതി നടന്നാലും ഒന്നും പ്രതികരിക്കാതെ നിര്‍വ്വികാരനായിരിക്കാന്‍ മലയാളിക്ക് കഴിയുന്നു . തനിക്ക് നേരിടേണ്ടിവരുന്ന എന്ത് അനീതിയും സഹിക്കാനും കഴിയുന്നു. എന്തിനെയെങ്കിലും ചോദ്യം ചെയ്യുന്നവനെയും ഏതെങ്കിലും തിന്മകള്‍ക്കെതിരെ പ്രതികരിക്കുന്നവനേയും ഒരു തരം ഭ്രാന്തനെപ്പോലെയാണ് സമൂഹം കാണുന്നത് . ശരിയായ അര്‍ത്ഥത്തില്‍ പറഞ്ഞാല്‍ മലയാളികള്‍ ഒരു സമൂഹം അല്ല , ഒറ്റപ്പെട്ടവരുടെ ആള്‍ക്കൂട്ടമാണ് . മണിക്കൂറുകളോളം ക്യൂ നില്‍ക്കാനുള്ള മലയാളിയുടെ ക്ഷമ അനിതരസാധാരണമാണ് . ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ക്യൂവില്‍ നില്‍ക്കുന്നവനെ എത്രനേരം ക്യൂവില്‍ തളച്ചിടാന്‍ കഴിയും എന്നാണ് ഒരു തരം സാഡിസ്റ്റ് രീതിയില്‍ ചിന്തിക്കുന്നത് . മറ്റുള്ളവരുടെ സൌകര്യം അല്‍പ്പം പോലും പരിഗണിക്കുകയില്ല എന്ന് മാത്രമല്ല അപരന് എങ്ങിനെയൊക്കെ അസൌകര്യം സൃഷ്ടിക്കാമെന്ന് വ്യഗ്രത കാട്ടുകയും ചെയ്യുന്നു . ഇങ്ങിനെ എത്രയോ വൈരുധ്യങ്ങളുടെ ആകത്തുകയാണ് ശരാശരി മലയാളി . എഴുതിയാല്‍ ഒരുപാടെഴുതാം . പക്ഷെ ഇങ്ങിനെ കുറ്റപ്പെടുത്തിയത് കൊണ്ടായില്ലല്ലോ . എങ്ങിനെ മലയാളിയെ ഒരു സ്വയം വിമര്‍ശനത്തിന് സന്നദ്ധനാക്കി അവനില്‍ സാമൂഹ്യ ബോധം വളര്‍ത്തിയെടുക്കാം എന്നതാണ് പ്രശ്നം . അന്യായങ്ങളേയും അഴിമതികളേയും കൂട്ടായി എതിര്‍ക്കാനുള്ള ഒരു മാനസികാവസ്ഥ ജനങ്ങളില്‍ വളര്‍ത്തിയെടുക്കേണ്ടിയിരിക്കുന്നു . എന്നാല്‍ ഇതിന് വിലങ്ങ് തടിയായി നില്‍ക്കുന്നതില്‍ ഒരു പ്രധാനഘടകം അന്ധമായ കക്ഷിരാഷ്ട്രീയമാണെന്ന് തോന്നുന്നു . ഉദാഹരണത്തിന് , എന്റെ നാട്ടില്‍ ഒരു ഇടത്തരം മോഷ്ടാവ് ഉണ്ടായിരുന്നു . അവന്‍ രാത്രികാലങ്ങളില്‍ പല വീടുകളില്‍ നിന്നും പിടിക്കപ്പെട്ടിരുന്നു . എന്നാല്‍ അവനെ കള്ളന്‍ എന്ന് പരസ്യമായി പറയാന്‍ ആരും ധൈര്യപ്പെട്ടില്ല . കാരണം അവന്‍ ഒരു പ്രബല പാര്‍ട്ടിയുടെ അനുഭാവിയായിരുന്നു . ആ പാര്‍ട്ടിയില്‍ ഒരനുഭാവിയാണെങ്കില്‍ അവനെ എതിര്‍ക്കാന്‍ അരും തയാറാവുകയില്ല എന്നത് പലര്‍ക്കും പ്രചോദനവുമാണ് . നമ്മുടെ സങ്കുചിതമായ കക്ഷിരാഷ്ട്രീയത്തില്‍ നിന്ന് ആളുകള്‍ മോചിതരാവേണ്ടതുണ്ട് . എന്തും കാട്ടിക്കൂട്ടാനുള്ള ലൈസന്‍സായി ഇന്ന് രാഷ്ട്രീയം വ്യാപകമായി ദുരുപയോഗപ്പെടുത്തുന്നുണ്ട് . ആളുകളെ കൊല്ലാന്‍ പോലും ഈ രാഷ്ട്രീയമാണ് ഇന്ന് ധൈര്യം പകരുന്നത് . അത് കൊണ്ട് സമൂഹത്തില്‍ എന്ത് മാറ്റം വേണമെങ്കിലും അത് ആദ്യം തുടങ്ങേണ്ടത് രാഷ്ട്രീയത്തില്‍ നിന്നാണ് .

ഞാന്‍ പറഞ്ഞുവന്നത് ഭൈരവസമാചാരത്തെപ്പറ്റിയായിരുന്നു . അപ്രിയമായ സത്യങ്ങള്‍ ഉറക്കെ വിളിച്ചു പറയാനുള്ള പുറപ്പാടില്‍ തന്നെയാണ് ഭൈരവന്‍ എന്ന് അതിലെ ഉള്ളടക്കങ്ങള്‍ സാക്ഷ്യം വഹിക്കുന്നു . ഈ ലക്കത്തിന്റെ ചിത്രമാണ് മുകളില്‍ കൊടുത്തിട്ടുള്ളത് . എന്തിനും രണ്ടഭിപ്രായം ഉണ്ടാകുമെന്നുള്ളത് കൊണ്ട് ഭൈരവനെയും അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും കാണും . എന്നെ സംബന്ധിച്ച് പറഞ്ഞാല്‍ സത്യത്തിന്റെയും മനുഷ്യന്റെയും ഭാഗത്താണ് ഞാന്‍ . മനുഷ്യന്റെ ബ്രാന്റ് എനിക്ക് ബാധകമല്ല . ആര് പറയുന്നു എന്നതല്ല എന്ത് പറയുന്നു എന്നേ ഞാന്‍ നോക്കാറുള്ളൂ. ഭൈരവന്റെ സൈറ്റില്‍ പോയി അവിടെ മെയില്‍ ഐഡി റജിസ്റ്റര്‍ ചെയ്താല്‍ , ഭൈരവന്‍ സമാചാരം ഇ-മെയിലില്‍ വന്നുകൊള്ളും . സ്വതന്ത്രമായ ഒരു ചിന്താഗതി എല്ലാവരിലും ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ വെറുതെ ആഗ്രഹിക്കുന്നു .

സന്ദര്‍ശിക്കുക : http://www.bhairavan.in/

ഹര്‍ത്താലിലെ വൈരുദ്ധ്യങ്ങള്‍

അങ്ങിനെ ഇന്നലെ കേരളത്തില്‍ ഹര്‍ത്താല്‍ പരിപൂര്‍ണ്ണമായി ആചരിക്കപ്പെട്ടതായി ഇന്നത്തെ എല്ലാ പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു . കേരളപ്പിറവി ദിനമായ ഇന്നലെ , തമിഴ് നാട്ടില്‍ സേലം റെയില്‍വേ ഡിവിഷന്‍ ഉല്‍ഘാടനം ചെയ്യുന്നതിനെതിരെയാണ് ഭാരതിയ ജനതാപ്പാര്‍ട്ടിയുടെ കേരളഘടകത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ഹര്‍ത്താല്‍ ആഘോഷപൂര്‍വ്വം കേരളത്തില്‍ ആചരിക്കപ്പെട്ടത് . പതിവ് പോലെ ഇത്തവണയും മദ്യത്തിന്റെ വില്‍പ്പന അതിഗംഭീരമായി നടന്നു. നിത്യോപയോഗസാധനങ്ങള്‍ തലേന്ന് തന്നെ വിറ്റ് തീര്‍ന്നിരുന്നു . എന്നാല്‍ ഇത്തവണ ഹര്‍ത്താല്‍ തുടരെത്തുടരെ വന്നതിനാല്‍ സാധാരണയുണ്ടാകാറുള്ള പോലെ ആര്‍ഭാടമായ സദ്യകള്‍ ഒന്നും ഒരുക്കിയതായി റിപ്പോര്‍ട്ടില്ല . ആളുകള്‍ പൊതുവെ മ്ലാനവദനരായാണ് ഈ ഹര്‍ത്താല്‍ ആചരിച്ചതെന്നും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു . അതില്‍ പ്രധാനമായും അയല്‍‌സംസ്ഥാനങ്ങളില്‍ നിന്നുള്ള നിര്‍മ്മാണത്തൊഴിലാളികള്‍ ഭക്ഷണവും മറ്റും കിട്ടാതെ വിഷമിച്ചതല്ലാതെ, കേരളത്തിന്റെ സല്‍ക്കീര്‍ത്തിയ്ക്ക് കളങ്കം വരാത്ത വണ്ണം പൊതുവെ സമാധാനപൂര്‍ണ്ണമായിട്ടാണ് ഹര്‍ത്താല്‍ ആചരിക്കപ്പെട്ടത് . എവിടെയും അനിഷ്ടസംഭവങ്ങളില്ല . കേരളം ഹര്‍ത്താലുത്സവത്തെ നെഞ്ചോട് ചേര്‍ത്ത് സ്വീകരിക്കുന്നതിന്റെ ഉദാഹരണമാണീ ഹര്‍ത്താലുമെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു .

സേലം ഡിവിഷനെതിരെ അഖിലേന്ത്യാ പാര്‍ട്ടിയായ ബി.ജെ.പി. കേരളപ്പിറവിദിനത്തില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജനങ്ങള്‍ സ്വമേധയാ വിജയിപ്പിച്ചത് കണ്ട് കേരളത്തിലെ ബി.ജെ.പി. നേതാക്കള്‍ കോള്‍മയിര്‍ക്കൊണ്ടിരിക്കുമ്പോള്‍ , തമിഴ് നാട് പിറവിദിനമായ ഇന്നലെ സേലത്ത് നടന്ന റെയില്‍‌വേ ഉല്‍ഘാടന സമ്മേളനം ആഘോഷപൂര്‍ണ്ണമാക്കുന്നതില്‍ അവിടത്തെ സംസ്ഥാന ബി.ജെ.പി. നേതാക്കള്‍ അഹമഹമികയാ മുന്‍‌പന്തിയിലുണ്ടായിരുന്നതായി അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു . എങ്ങിനെയുണ്ട് നമ്മുടെ അഖിലേന്ത്യാപ്പാര്‍ട്ടികള്‍ ദേശീയോല്‍ഗ്രഥനത്തെ കാണുന്ന വിധം ? ഒരേ പാര്‍ട്ടി , ഒരേ നാട് , ഒരേ റെയില്‍‌വേ, ഒരേ ഡിവിഷന്‍ ! ഒരിടത്ത് ഉല്‍ത്സവം മറ്റൊരിടത്ത് ഹര്‍ത്താ‍ല്‍ !!