Add caption |
മേഘങ്ങൾ പല തരത്തിലുണ്ട്. ക്യുമുലോനിംബസ് (Cumulonimbus clouds) എന്ന കാർമേഘമാണു മഴ പെയ്യിക്കുന്ന മഴമേഘം. ജലകണങ്ങളും മഞ്ഞ്കണങ്ങളും സാന്ദ്രീകരിച്ച് സൂര്യപ്രകാശം തീരെ കടത്തി വിടാത്തത് കൊണ്ടാണു കാർമേഘത്തിനു കറുത്ത നിറം. ഇതെങ്ങനെ മനസ്സിലാക്കാൻ കഴിയും എന്ന് ചോദിച്ചാൽ ഭൂമിയിൽ നിന്ന് നോക്കുമ്പോഴാണു കാർമേഘത്തിനു കറുപ്പ് നിറം. വിമാനത്തിൽ നിന്ന് താഴോട്ട് നോക്കിയാൽ അതേ മേഘം വെളുപ്പായി തോന്നും. കാരണം ആ മേഘം സൂര്യപ്രകാശം പ്രതിഫലിപ്പിക്കുന്നു.
ശരി, ഇനി നമുക്ക് ഈ ജൂൺ മാസം മുതൽ മഴ കൊണ്ടുവരുന്ന തെക്ക് പടിഞ്ഞാറൻ കാറ്റ് (മൺസൂൺ) എങ്ങനെയുണ്ടാകുന്നു എന്ന് നോക്കാം. സൂര്യന്റെ ചൂട് കൊണ്ട് കര വേഗം ചൂടു പിടിക്കുന്നു. എന്നാൽ സമുദ്രം വളരെ സാവധാനം മാത്രമേ ചൂട് പിടിക്കുന്നുള്ളൂ. അതിനു കാരണം കടൽ അതിന്റെ 200 മീറ്ററോളം ആഴത്തിലേക്ക് സൂര്യപ്രകാശത്തെ കടത്തി വിടുന്നു എന്നതാണു. അപ്പോൾ സംഭവിക്കുന്നത് ചൂടു പിടിച്ച കരയുടെ ഉപരിതലത്തിലുള്ള വായു വേഗത്തിൽ ചൂടാവുന്നു. കടലിന്റെ ഉപരിതലത്തിലുള്ള വായു അത്ര വേഗത്തിൽ ചൂടാകുന്നുമില്ല. അങ്ങനെ കരയുടെയും കടലിന്റെയും ഉപരിതലങ്ങളിൽ ഉള്ള വായുവിന്റെ ഊഷ്മാവിൽ അഞ്ച് മുതൽ പത്ത് വരെ സെൽഷ്യസ് ഡിഗി താപവ്യത്യാസം ഉണ്ടാകാം. ചൂട് പിടിക്കുന്ന വായു മേൽപ്പോട്ടേക്ക് പോകും. ആ വിടവിൽ തണുത്ത വായു കടന്നുവരും. അതായത് കരയിലെ ചൂട് പിടിച്ച വായു മേൽപ്പോട്ട് പോകുമ്പോൾ കടലിലെ തണുത്ത വായു കരയിലേക്ക് പ്രവഹിക്കും. കാറ്റ് ഉണ്ടാകുന്നത് ഇങ്ങനെയാണു. ചലിക്കുന്ന വായു ആണു കാറ്റ്.
വേനൽക്കാലത്ത് രാജസ്ഥാനിലെ താർ മരുഭൂമിയും അതിനു ചുറ്റുമുള്ള പ്രദേശങ്ങളും കഠിനമായി ചൂടാകും. അപ്പോൾ ആ പ്രദേശങ്ങളിലെ വായു ചൂട് കൊണ്ട് മേൽപ്പോട്ടേക്ക് ഉയരും. അങ്ങിനെ അവിടത്തെ വായു ചൂടായി മേൽപ്പോട്ട് പോകുമ്പോൾ ഉണ്ടാകുന്ന ശൂന്യത നികത്താൻ ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്ന് തണുത്ത വായു കാറ്റായി തെക്ക് പടിഞ്ഞാറു ദിക്ക് നോക്കി വീശും. അങ്ങനെ വീശുന്ന തണുത്ത കാറ്റ് ഹിമാലയ പർവ്വതത്തിലേക്ക് ആകർഷിക്കപ്പെടുകയും ഹിമാലയം ആ കാറ്റിനെ ഒരു വൻമതിൽ പോലെ തടുത്ത് നിർത്തുകയും ചെയ്യും. തണുത്ത കാറ്റ് മേഘങ്ങളെ തണുപ്പിച്ച് , അങ്ങനെ തണുക്കുന്ന മേഘം കൂടുതൽ ഘനീഭവിച്ച് കനത്ത് ഭൂമിയുടെ ആകർഷണത്താൽ താഴേക്ക് പതിക്കുന്നതാണു മഴ എന്നറിയാമല്ലൊ. എന്നാൽ നീരാവിയും കാറ്റും മേഘവും മാത്രമുണ്ടായാൽ മഴ പെയ്യില്ല. ആ കാറ്റിനെ തടഞ്ഞു നിർത്താൻ ഉയരം കൂടിയ മലകളും കൂടി വേണം. നമ്മുടെ പശ്ചിമഘട്ട മലനിരകളും ഹിമാലയപർവ്വതവും ഇല്ലായിരുന്നെങ്കിൽ തെക്ക് പടിഞ്ഞാറൻ കാലവർഷക്കാറ്റ് തിബത്ത് , പാക്കിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ എന്നിവിടങ്ങളിലേക്ക് നേരെ ടൂർ പോയിരിക്കും ഇന്ത്യയിൽ ഒരു തുള്ളി മഴ പെയ്യിക്കാതെ.
തെക്ക് പടിഞ്ഞാറൻ കാറ്റ് കൊണ്ട് ജൂൺ മുതൽ സപ്തംബർ മാസങ്ങൾ വരെ മഴ കിട്ടുന്നു. ഈ കാറ്റ് തെക്കേ ഇന്ത്യയിൽ പ്രവേശിക്കുമ്പോൾ രണ്ട് ശാഖകളായി പിരിയുന്നു. അറബിക്കടൽ ശാഖയും ബംഗാൾ ഉൾക്കടൽ ശാഖയും. അറബിക്കടൽ ഭാഗത്ത് നിന്ന് വരുന്ന കാറ്റ് പശ്ചിമഘട്ട മലകളാൽ തടുത്ത് നിർത്തപ്പെടുന്നത് കൊണ്ടാണു കേരളത്തിൽ ആദ്യം തന്നെ മഴ കിട്ടുന്നത്. പിന്നീട് ഈ കാറ്റ് പശ്ചിമഘട്ടവും കടന്ന് വടക്കോട്ട് നീങ്ങുന്നു. ഇങ്ങനെ വടക്കോട്ട് നീങ്ങിയ കാറ്റും ബംഗാൾ ഉൾക്കടൽ ഭാഗത്തെക്ക് പോയ കാറ്റും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും മഴ പെയ്യിക്കുന്നു. തെക്ക് പടിഞ്ഞാറൻ കാറ്റ് ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്ന് കരയിലേക്ക് വീശുന്നതാണെങ്കിൽ, ഹിമാലയത്തിൽ നിന്ന് ഇന്ത്യൻ മഹാസമുദ്രം നോക്കി കരയിൽ നിന്ന് കടലിലേക്ക് വീശുന്ന വടക്ക് കിഴക്കൻ കാറ്റുമുണ്ട്. മഴയെ പറ്റിയുള്ള ഈ ചെറിയ കുറിപ്പ് നിങ്ങൾക്ക് ഉപകാരപ്രദമായെന്ന് കരുതുന്നു. നന്ദി.
Thanks a bunch. Very informative and written in simple language.
ReplyDeleteAlso worth mentioning is role of Inter Tropical Convergenece Zone and other factors that create Monsoon rains which is a penomenon that is not fully understood by humans yet