Pages

എന്തിനാണു ഭക്ഷണം കഴിക്കുന്നത് ?

നമ്മൾ എന്തിനാണു ഭക്ഷണം കഴിക്കുന്നത്?

ശരീരം വളരാനും , പ്രവൃത്തി ചെയ്യാനും , ആരോഗ്യം നിലനിർത്താനും , രോഗകാരികാളായ അണുക്കളിൽ നിന്ന് പ്രതിരോധിക്കാനും മുറിവ് ചതവ് പോലുള്ള കേടുപാടുകൾ മെയിന്റൈൻ ചെയ്യാനും എല്ലാം ആവശ്യമായ മൂലകങ്ങളും തന്മാത്രകളും വേണം. അതിനാണു നമ്മൾ ഭക്ഷണം കഴിക്കുന്നത്.

മൂലകങ്ങളും തന്മാത്രകളുമോ?

അതെ പ്രകൃതിയിൽ എല്ലാം മൂലകങ്ങളും തന്മാത്രകളും കൊണ്ട് നിർമ്മിക്കപ്പെട്ടതാണു. ഒരേ മാതിരിയുള്ള പദാർത്ഥങ്ങളെ മൂലകങ്ങൾ എന്ന് പറയുന്നു. ഓക്സിജൻ ഇരുമ്പ് കാൽസിയം എന്നിവയൊക്കെ മൂലകങ്ങളാണു. വ്യത്യസ്തമോ ഒരേ തരത്തിലുള്ളതോ ആയ മൂലകങ്ങൾ ചേർന്ന പദാർത്ഥങ്ങളെ തന്മാത്രകൾ എന്ന് പറയുന്നു. പ്രകൃതിയിൽ എല്ലാം പരസ്പരം കണക്‌റ്റഡ് ആണു. ഒന്നും സ്വതന്ത്രമായി നിലനിൽക്കുന്നില്ല. നമ്മൾ അനുസ്യൂതം അന്തരീക്ഷത്തിൽ നിന്ന് ഓക്സിജൻ സ്വീകരിച്ചുകൊണ്ടിരിക്കുന്നു. സൂര്യൻ ഉല്പാദിപ്പിക്കുന്ന ഊർജ്ജമാണു നമ്മുടെ ഊർജ്ജം. പ്രാകൃത മനുഷ്യൻ കുടിച്ച അതേ വെള്ളമാണു ഒരു മാറ്റവും ഇല്ലാതെ നമ്മളും കുടിക്കുന്നത്.

എന്ത് മൂലകങ്ങളും തന്മാത്രകളാണു നമുക്ക് ഭക്ഷണത്തിൽ നിന്ന് കിട്ടുന്നത്?

മൂലകങ്ങൾ ചേർന്ന് തന്മാത്രകൾ ഉണ്ടാകുന്നു എന്ന് പറഞ്ഞു. തന്മാത്രകൾ ലഘുവും സങ്കീർണ്ണവും ഉണ്ട്.  ജലം , അന്നജം, പ്രോട്ടീൻ , കൊഴുപ്പ് , ജീവകങ്ങളും ധാതുക്കളും എന്നിങ്ങനെ അഞ്ച് തരം തന്മാത്രകളാണു ഭക്ഷണത്തിൽ നിന്ന് കിട്ടുന്നത്. ജലം ഹൈഡ്രജനും ഓക്സിജനും ചേർന്ന ലഘു തന്മാത്രയാണെന്ന് അറിയാമല്ലൊ. അന്നജവും പ്രോട്ടീനും സങ്കീർണ്ണമായ തന്മാത്രകളാണു. അത് ഗ്ലൂക്കോസ്, അമിനോ ആസിഡ്‌സ് എന്നിങ്ങനെ ലഘുതന്മാത്രകളായി ചെറുകുടലിൽ വെച്ച് വിഘടിക്കപ്പെട്ടതിനു ശേഷം രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു.

പ്രകൃതിയിൽ എങ്ങനെയാണു ഈ ഭക്ഷണം ഉണ്ടാകുന്നത്?

ഭൂമിയിൽ എല്ലാ ജീവജാലങ്ങൾക്കും ആവശ്യമായ ഭക്ഷണം ഉണ്ടാക്കുന്നത് സസ്യങ്ങളാണു. പ്രകൃതിയിലെ മൂലകങ്ങൾ ഉപയോഗിച്ച് ആഹാരം നിർമ്മിക്കാൻ സസ്യങ്ങൾക്ക് മാത്രമേ കഴിയൂ. മൂലകങ്ങൾ നേരിട്ട് ഭക്ഷിക്കാൻ ഒരു ജീവിയ്ക്കും കഴിയില്ല. സസ്യങ്ങൾ ഇല്ലെങ്കിൽ ഒരു ജീവിയ്ക്കും നിലനില്പില്ല. എല്ലാ ജീവികൾക്കും ആവശ്യമായ ഭക്ഷണം നിർമ്മിക്കുന്ന സസ്യജാലങ്ങൾ പ്രകൃതിയിലെ അടുക്കളയാണു.

എങ്ങനെയാണു സസ്യങ്ങൾ ആഹാരം നിർമ്മിക്കുന്നത്?

സത്യത്തിൽ സസ്യങ്ങൾ അവയുടെ വളർച്ചയ്ക്കും പ്രത്യുല്പാദനത്തിനും നിലനിൽപ്പിനും വേണ്ടിയാണു ഭക്ഷണം നിർമ്മിക്കുന്നത്. നിർമ്മിക്കുന്ന ഭക്ഷണം സസ്യങ്ങൾ അതിന്റെ ഇലകളിലും കാണ്ഡങ്ങളിലും വിത്തുകളിലും വേരുകളിലും എല്ലാം സംഭരിച്ചു വയ്ക്കുകയാണു. നമ്മൾ മനുഷ്യരടക്കം എല്ലാ ജീവജാലങ്ങളും അത് എടുത്ത് ഭക്ഷിക്കുകയാണു.

സസ്യങ്ങൾക്ക് നിലനിൽക്കാനും ആഹാരം നിർമ്മിക്കാനും 16 തരം മൂലകങ്ങൾ ആണു വേണ്ടത്. ഇതിൽ 13 മൂലകങ്ങൾ മണ്ണിൽ നിന്നും ഹൈഡ്രജൻ ജലത്തിൽ നിന്നും ഓക്സിജനും കാർബണും അന്തരീക്ഷത്തിൽ നിന്നും സ്വീകരിക്കുന്നു. ജലത്തിലെ ഹൈഡ്രജനും അന്തരീക്ഷത്തിലെ കാർബൺ ഡൈ‌ഓക്സൈഡും എടുത്ത് സൗരോർജ്ജവും പ്രയോജനപ്പെടുത്തിയാണു സസ്യങ്ങൾ കാർബോഹൈഡ്രേറ്റ് അഥവാ അന്നജം ഉണ്ടാക്കുന്നത്. കാർബോഹൈഡ്രേറ്റിന്റെ മറ്റൊരു വകഭേദമാണു സെല്ലുലോസ്. ഇവ രണ്ടുമാണു എല്ലാ ജീവജാലങ്ങളുടെയും ഊർജ്ജക്കലവറ.

മണ്ണിൽ ഉണ്ടെങ്കിൽ പിന്നെ എന്തിനാണു സസ്യങ്ങൾക്ക് നമ്മൾ വളം ഇട്ടുകൊടുക്കുന്നത്?

മണ്ണിൽ സസ്യങ്ങൾക്ക് വേണ്ടതായ 13 മൂലകങ്ങളും അലൂമിനിയം സിലിക്കൺ പോലുള്ള വേറെ മൂലകങ്ങളും മൃതിയടഞ്ഞ ജീവജാലങ്ങളും കരിയിലകളും മറ്റും ദ്രവിച്ചു ചേർന്ന തന്മാത്രകളും ഉണ്ട്. അവയിൽ നിന്നാണു വൃക്ഷങ്ങളും സസ്യങ്ങളും ജലത്തിൽ കൂടി അവയ്ക്ക് വേണ്ടുന്ന മൂലകങ്ങൾ ആഗിരണം ചെയ്യുന്നത്. മണ്ണിൽ ഒരേ സ്ഥലത്ത് തുടർച്ചയായി ഹ്രസ്വവിളകൾ കൃഷി ചെയ്യുമ്പോൾ ചില മൂലകങ്ങൾ തീർന്നു പോകും. അപ്പോൾ ആ മൂലകം നമ്മൾ ഇട്ടുകൊടുക്കണം.

അപ്പോൾ നമ്മൾ ഇടേണ്ടത് ജൈവമോ രാസമോ?

മൂലകങ്ങൾക്ക് രാസമോ ജൈവമോ എന്ന വ്യത്യാസം ഇല്ല. ഞാൻ പറഞ്ഞല്ലോ പ്രകൃതിയിൽ മൂലകങ്ങളും മൂലകങ്ങൾ ചേർന്ന തന്മാത്രകളും സംയുക്തങ്ങളും മിശ്രിതങ്ങളും മാത്രമേയുള്ളൂ.  കൃഷി ചെയ്യുമ്പോൾ മണ്ണിൽ തീർന്നുപോകാൻ സാധ്യതയുള്ള മൂലകങ്ങൾ നൈട്രജൻ, പൊട്ടാസിയം, ഫോസ്‌ഫറസ് എന്നിവയാണു. മണ്ണ് പരിശോധിച്ചാൽ ഏത് മൂലകമാണു കുറവ് എന്ന് ലാബ് ടെക്‌നീഷ്യൻ പറഞ്ഞു തരും. ആ മൂലകം ഇട്ടുകൊടുത്താൽ മതി.

അപ്പോൾ കീടനാശിനിയോ?

അതും തന്മാത്രകളാണു. കീടങ്ങളെ നശിപ്പിക്കും. കീടനാശിനികൾ മണ്ണിൽ ചേർന്ന് സസ്യങ്ങൾ വലിച്ചെടുക്കാനുള്ള സാധ്യത വിരളമാണു. വേഷപ്രഛന്നമായി ചില മൂലകങ്ങൾ സസ്യങ്ങളിലേക്ക് ആഗിരണം ചെയ്യപ്പെടാൻ അപൂർവ്വമായ ചാൻസ് ഉണ്ട്. എന്നാൽ തന്നെയും സസ്യങ്ങളിലും അവയുടെ ഫലങ്ങളിലും സ്വാഭാവിക തന്മാത്രകൾ അല്ലാതെ മറ്റൊന്നും ഉണ്ടാവില്ല. പുറത്ത് പറ്റിപ്പിടിക്കുന്ന കീടനാശിനി തന്മാത്രകൾ വാഷ് ചെയ്യുമ്പോൾ പോയ്ക്കോളും. അത് കൊണ്ട് കീടങ്ങളെ നശിപ്പിക്കാൻ  കീടനാശിനികൾ ഉപയോഗിക്കാം.

അത് രാസകീടനാശിനിയോ അതോ ജൈവകീടനാശിനിയോ ഏതാണു ഉപയോഗിക്കേണ്ടത്?

ഞാൻ പറഞ്ഞല്ലോ കീടങ്ങളെ നശിപ്പിക്കുന്ന തന്മാത്രകളാണു കീടനാശിനികൾ. തന്മാത്രകൾക്ക് രാസവും ജൈവവും എന്ന് വ്യത്യാസമില്ല. ഏത് തന്മാത്രകൾ കീടങ്ങളെ നശിപ്പിക്കുന്നുവോ അതൊക്കെ പെസ്റ്റിസൈഡുകളാണു.

1 comment:

  1. അതായത് തമിഴ് നാട്ടിൽ നിന്നും പച്ചക്കറികൾ വാങ്ങിക്കുന്നത് തുടർന്നും നടക്കട്ടെ എന്നല്ലേ കവി ഉദ്ദേശിച്ചത് എന്ന് അർത്ഥത്തിൽ ആശങ്ക

    ReplyDelete