Pages

" ഹിന്ദു " മതം അല്ല

ഒരു നേതാവിനാൽ ഉണ്ടാക്കപ്പെടുന്നതാണു മതം. നേതാവ്‌ എന്ന് പറഞ്ഞാൽ അനുയായികളെ നയിക്കുന്നയാൾ എന്ന് അർത്ഥം. അനുയായികളെ ആകർഷിക്കാൻ കഴിയുന്ന വാചാലതയാണു നേതാവാകാൻ വേണ്ട കഴിവ്‌. സാധാരണക്കാർ വാചാലതയിൽ ആകർഷിക്കപ്പെട്ട്‌ അനുയായികൾ ആവുകയും നേതാവിനെ ആരാധിക്കാൻ തുടങ്ങുകയും ചെയ്യും. ഇത്‌ ചരിത്രത്തിൽ എക്കാലവും നടന്നു വരുന്നതാണു.

മതങ്ങൾ രൂപീകരിക്കുക എന്നത്‌ ചരിത്രത്തിന്റെ ഒരു കാലഘട്ടത്തിൽ പ്രചാരത്തിലുള്ള പ്രതിഭാസമായിരിന്നു. ഇരുപതാം നൂറ്റാണ്ടോടുകൂടി മതങ്ങൾ രൂപീകരിക്കുന്ന എന്ന രീതി അപ്രത്യക്ഷമായി. നമ്മുടെ രാജ്യത്ത്‌ രാഷ്ട്രീയപാർട്ടികൾ രൂപീകരിക്കുക എന്ന പ്രതിഭാസമാണു സ്വാതന്ത്ര്യാനന്തരം കണ്ടുവരുന്നത്‌. നേതാവും അനുയായികളും എന്ന ചേരുവ തന്നെയാണു രാഷ്ടീയപാർട്ടി രൂപീകരണത്തിനും വേണ്ടത്‌. രാഷ്ട്രീയനേതാവാകാനും വേണ്ട യോഗ്യത വാചാലത മാത്രം. വാചാലതയിൽ മയങ്ങുക എന്നത്‌ യുക്തിരഹിതരായ സാധാരണക്കാരുടെ സവിശേഷതയാണു.

മതം  രൂപീകരിക്കാൻ ദൈവത്തെ മുൻനിർത്തണം എന്ന് നിർബ്ബന്ധമില്ല. അതിനു ഉദാഹരണമാണു ബുദ്ധമതം. ശ്രീബുദ്ധൻ അനുയായികളോട്‌ ദൈവത്തെ കുറിച്ച്‌ സംസാരിച്ചിട്ടേയില്ല. ബുദ്ധൻ ദൈവത്തിൽ വിശ്വസിച്ചിരുന്നതായി രേഖയില്ല. ബുദ്ധന്റെ പ്രഭാഷണങ്ങളിലും അദ്ദേഹത്തിന്റെ അനുപമമായ ചിന്തകളിലും അനുയായികൾ ആകൃഷ്ടരായി. ദൈവത്തിന്റെ വെളിപാടുകളോ ദൂതോ ഇല്ലാതെ തന്നെ ശ്രീബുദ്ധനെ ഗുരുവായി ആരാധിക്കാനും പിന്തുടരാനും അനുയായികൾ തയ്യാറായി. എങ്കിലും ആളുകൾക്ക്‌ ഏതോ ഒരു പ്രപഞ്ചശക്തിയിൽ വിശ്വാസമുണ്ടായിരുന്നു. അത്‌ കൊണ്ട്‌ ബുദ്ധന്റെ മരണശേഷം അനുയായികൾ അദ്ദേഹത്തെ ദൈവത്തിന്റെ പ്രതിരൂപമാക്കി. ബുദ്ധമതം എന്ത്‌ കൊണ്ട്‌ ക്ഷയിച്ചു പോയി എന്നത്‌ ചിന്തിക്കേണ്ട വേറെ വിഷയമാണു. അത്‌ അവിടെ നിൽക്കട്ടെ.

ആദ്യം എന്തായാലും മതങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലല്ലൊ. ആളുകൾ ഗോത്രങ്ങളായും ചെറു ചെറു സംഘങ്ങളായും ജീവിച്ചുപോന്നു. ഭയം ഉണ്ടാക്കുന്ന എന്തിനേയും ആരാധിച്ചു പോന്നു. പിന്നീട്‌ മതങ്ങൾ രൂപീകരിക്കപ്പെടാൻ തുടങ്ങി. തുടങ്ങി വെച്ച നേതാവിനേക്കാളും അനുയായികളാണു പിന്നീട്‌ ഓരോ മതവും വളർത്തി വലുതാക്കിയത്‌. അനുയായികൾ തങ്ങളുടെ മതം പ്രചരിപ്പിക്കാനും വളർത്താനും പരിശ്രമിച്ചു. അങ്ങനെയാണു പുരോഹിതവർഗ്ഗം ഉടലെടുക്കുന്നത്‌. പുരോഹിതന്മാർക്കും വാചാലത എന്ന അനന്യമായ കഴിവ്‌ വേണമായിരുന്നു.

ഇന്ത്യയിൽ മതങ്ങൾ രൂപീകരിക്കപ്പെടുന്നതിനും, വിദേശത്ത്‌ നിന്ന് ആളുകൾ ഇവിടെയെത്തി അവരുടെ മതങ്ങൾ പ്രചരിപ്പിക്കപ്പെടുന്നതിനും മുൻപും മനുഷ്യർ ജീവിച്ചിരുന്നു. അക്കാലത്ത്‌ ഇന്ത്യയിൽ മതങ്ങൾ ഇല്ലായിരുന്നു എന്നത്‌ യാഥാർത്ഥ്യമാണല്ലൊ. ഇത്‌ മനസ്സിലായാൽ ഹിന്ദുമതം എന്നൊരു മതം അന്നും ഇന്നും ഇല്ല എന്നും മനസ്സിലാകും.

പിൽക്കാലത്ത്‌ ഇന്ത്യയിലും മതങ്ങൾ രൂപീകരിക്കാൻ തുടങ്ങി. ഒരു നേതാവും അദ്ദേഹത്തിന്റെ ആശയാദർശങ്ങൾ പിന്തുടരുന്ന അനുായികളും എന്നതാണു മതം എന്ന് ഇതിൽ നിന്ന് മനസ്സിലാകും. ഓരോ മതത്തിലും കുറേ ആൾക്കാർ ചേർന്നു. വിദേശത്ത്‌ നിന്ന് കൃസ്ത്യൻ മതവും ഇസ്ലാം മതവും പ്രചരിപ്പിക്കാൻ പ്രചാരകർ ഇന്ത്യയിൽ വന്നു. കുറേ പേർ കൃസ്ത്യൻ മതത്തിൽ ചേർന്നു. കുറേ പേർ ഇസ്ലാം മതത്തിൽ ചേർന്നു. ബഹുഭൂരിപക്ഷം പേർ ഒന്നിലും ചേരാതെ മാറി നിന്നു. അങ്ങനെ മാറി നിന്ന ബഹുഭൂരിപക്ഷമാണു ഹിന്ദുക്കൾ എന്ന പേരിൽ അറിയപ്പെടുന്നത്‌. മതമില്ലാത്തവരുടെ വിചിത്രമതമായിത്തീർന്നു അങ്ങനെ ഹിന്ദുമതം.

എന്ത്‌ കൊണ്ട്‌ ആളുകൾ മതങ്ങളിലും പാർട്ടികളിലും സംഘടനകളിലും ചേർന്നു നിൽക്കുന്നു. ഒന്നിലും ചേരാത്ത സാധാരണക്കാർക്ക്‌ താൻ ഒറ്റയ്ക്കാണെന്ന അരക്ഷിതത്വബോധം ഉണ്ടാകും. അത്‌ താങ്ങാൻ ആർക്കും കഴിയില്ല. ഒറ്റയ്ക്കാണെന്ന് തോന്നിയാൽ ഏത്‌ മനുഷ്യനും അപ്പോൾ തന്നെ "ചങ്ക്‌" പൊട്ടി ചത്തുപോകും. ഏതൊരാൾക്കും താൻ സുരക്ഷിതനാണെന്ന് തോന്നാൻ ഏതെങ്കിലും ഒരു സംഘത്തിൽ അഭയം പ്രാപിച്ചേ മതിയാകൂ. സംഘടനകൾ നിലനിൽക്കുന്നതിന്റെ നിയമം ഇതാണു.

മനുഷ്യർക്ക്‌ വെളിപാടുകൾ കിട്ടുന്നു എന്നത്‌ ചിലർക്ക്‌ തോന്നുന്ന വിഭ്രമാത്മകതയാണു. തനിക്ക്‌ വെളിപാടുണ്ടായി എന്നത്‌ പ്രാചീനകാലത്ത്‌ പലർക്കും തോന്നാറുണ്ടായിരുന്ന മാനസികപ്രതിഭാസമായിരുന്നു. സ്വപ്നത്തിൽ ദർശനം കിട്ടിയതിനെ കുറിച്ചും പറയാൻ പലർക്കും പല അനുഭവങ്ങളും ഉണ്ടാകും. ഇന്നും തെയ്യക്കോലങ്ങൾ കെട്ടിയാടുന്ന പലരും തനിക്ക്‌ ഒരു മാതിരി ഉറച്ചിൽ അനുഭവപ്പെടുന്നതായി സാക്ഷ്യപ്പെടുത്താറുണ്ട്‌. അതൊക്കെ മനസ്സിന്റെ വിഭ്രമാത്മകതയല്ലാതെ മറ്റൊന്നുമല്ല.

വെളിപാട്‌ കിട്ടിയെന്ന് തോന്നിയ പലർക്കും മതങ്ങൾ രൂപീകരിക്കാനുള്ള സംഘാടനശേഷിയില്ലായിരുന്നു. മതങ്ങൾ രൂപീകരിച്ച എല്ലാവർക്കും അത്‌ വിജയിപ്പിക്കാനോ നിലനിർത്താനോ സാധിച്ചില്ല. ഏത്‌ സംഘടനയും വിജയിച്ച്‌ എസ്റ്റാബ്ലിഷ്‌ ആയാൽ പിന്നെ അത്‌ നിലനിന്നോളും. അതിനൊരു നിയമം പ്രവർത്തിക്കുന്നുണ്ട്‌. പരാജയപ്പെട്ടത്‌ പിന്നെ പുനരുജ്ജീവിക്കാനും പ്രയാസം. ആൾബലം മഹാബലം എന്നാണു.

4 comments:

  1. theerchayayum,mathangal manushyane mayakunna karuppu thanne anu

    ReplyDelete
  2. >>>>ഹിന്ദുമതം എന്നൊരു മതം അന്നും ഇന്നും ഇല്ല എന്നും മനസ്സിലാകും.<<<<

    താങ്കളുടെ ഈ പ്രസ്താവന കണ്ടപ്പോള്‍ പഴയൊരു കാര്‍ട്ടൂണ്‍ ഓര്‍മ്മ വരുന്നു ..........ജലാശയത്തിനടിയില്‍ രണ്ടു മീനുകള്‍ തമ്മിലുള്ള മൂന്നാമതൊരു മീനിനെ കുറിച്ചുള്ള സംഭാഷണമാണ് ......"എന്തോ വലിയ ശാസ്ത്ജ്ഞനാനെന്നാണ് ഭാവം .....നമ്മളെല്ലാവരും എന്തോ "ജലം " എന്ന വസ്തുവിനകത്താണ് ജീവിക്കുന്നത് എന്നൊക്കെ തട്ടിവിടുന്നു ......എന്നിട്ടിന്നുവരെ നമ്മളാരും ഇന്നുവരെ അങ്ങനെയൊരു സംഗതി കണ്ടിട്ടേ ഇല്ലല്ലോ .....സത്യത്തില്‍ "ജലം" എന്നൊരു വസ്തു ഒരുകാലത്തും ഇല്ലാത്ത ഒന്നിനെ നിനച്ചുണ്ടാക്കിയത്‌ മാത്രമാണ് "

    ReplyDelete