Pages
" ഹിന്ദു " മതം അല്ല
ഒരു നേതാവിനാൽ ഉണ്ടാക്കപ്പെടുന്നതാണു മതം. നേതാവ് എന്ന് പറഞ്ഞാൽ അനുയായികളെ നയിക്കുന്നയാൾ എന്ന് അർത്ഥം. അനുയായികളെ ആകർഷിക്കാൻ കഴിയുന്ന വാചാലതയാണു നേതാവാകാൻ വേണ്ട കഴിവ്. സാധാരണക്കാർ വാചാലതയിൽ ആകർഷിക്കപ്പെട്ട് അനുയായികൾ ആവുകയും നേതാവിനെ ആരാധിക്കാൻ തുടങ്ങുകയും ചെയ്യും. ഇത് ചരിത്രത്തിൽ എക്കാലവും നടന്നു വരുന്നതാണു.
മതങ്ങൾ രൂപീകരിക്കുക എന്നത് ചരിത്രത്തിന്റെ ഒരു കാലഘട്ടത്തിൽ പ്രചാരത്തിലുള്ള പ്രതിഭാസമായിരിന്നു. ഇരുപതാം നൂറ്റാണ്ടോടുകൂടി മതങ്ങൾ രൂപീകരിക്കുന്ന എന്ന രീതി അപ്രത്യക്ഷമായി. നമ്മുടെ രാജ്യത്ത് രാഷ്ട്രീയപാർട്ടികൾ രൂപീകരിക്കുക എന്ന പ്രതിഭാസമാണു സ്വാതന്ത്ര്യാനന്തരം കണ്ടുവരുന്നത്. നേതാവും അനുയായികളും എന്ന ചേരുവ തന്നെയാണു രാഷ്ടീയപാർട്ടി രൂപീകരണത്തിനും വേണ്ടത്. രാഷ്ട്രീയനേതാവാകാനും വേണ്ട യോഗ്യത വാചാലത മാത്രം. വാചാലതയിൽ മയങ്ങുക എന്നത് യുക്തിരഹിതരായ സാധാരണക്കാരുടെ സവിശേഷതയാണു.
മതം രൂപീകരിക്കാൻ ദൈവത്തെ മുൻനിർത്തണം എന്ന് നിർബ്ബന്ധമില്ല. അതിനു ഉദാഹരണമാണു ബുദ്ധമതം. ശ്രീബുദ്ധൻ അനുയായികളോട് ദൈവത്തെ കുറിച്ച് സംസാരിച്ചിട്ടേയില്ല. ബുദ്ധൻ ദൈവത്തിൽ വിശ്വസിച്ചിരുന്നതായി രേഖയില്ല. ബുദ്ധന്റെ പ്രഭാഷണങ്ങളിലും അദ്ദേഹത്തിന്റെ അനുപമമായ ചിന്തകളിലും അനുയായികൾ ആകൃഷ്ടരായി. ദൈവത്തിന്റെ വെളിപാടുകളോ ദൂതോ ഇല്ലാതെ തന്നെ ശ്രീബുദ്ധനെ ഗുരുവായി ആരാധിക്കാനും പിന്തുടരാനും അനുയായികൾ തയ്യാറായി. എങ്കിലും ആളുകൾക്ക് ഏതോ ഒരു പ്രപഞ്ചശക്തിയിൽ വിശ്വാസമുണ്ടായിരുന്നു. അത് കൊണ്ട് ബുദ്ധന്റെ മരണശേഷം അനുയായികൾ അദ്ദേഹത്തെ ദൈവത്തിന്റെ പ്രതിരൂപമാക്കി. ബുദ്ധമതം എന്ത് കൊണ്ട് ക്ഷയിച്ചു പോയി എന്നത് ചിന്തിക്കേണ്ട വേറെ വിഷയമാണു. അത് അവിടെ നിൽക്കട്ടെ.
ആദ്യം എന്തായാലും മതങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലല്ലൊ. ആളുകൾ ഗോത്രങ്ങളായും ചെറു ചെറു സംഘങ്ങളായും ജീവിച്ചുപോന്നു. ഭയം ഉണ്ടാക്കുന്ന എന്തിനേയും ആരാധിച്ചു പോന്നു. പിന്നീട് മതങ്ങൾ രൂപീകരിക്കപ്പെടാൻ തുടങ്ങി. തുടങ്ങി വെച്ച നേതാവിനേക്കാളും അനുയായികളാണു പിന്നീട് ഓരോ മതവും വളർത്തി വലുതാക്കിയത്. അനുയായികൾ തങ്ങളുടെ മതം പ്രചരിപ്പിക്കാനും വളർത്താനും പരിശ്രമിച്ചു. അങ്ങനെയാണു പുരോഹിതവർഗ്ഗം ഉടലെടുക്കുന്നത്. പുരോഹിതന്മാർക്കും വാചാലത എന്ന അനന്യമായ കഴിവ് വേണമായിരുന്നു.
ഇന്ത്യയിൽ മതങ്ങൾ രൂപീകരിക്കപ്പെടുന്നതിനും, വിദേശത്ത് നിന്ന് ആളുകൾ ഇവിടെയെത്തി അവരുടെ മതങ്ങൾ പ്രചരിപ്പിക്കപ്പെടുന്നതിനും മുൻപും മനുഷ്യർ ജീവിച്ചിരുന്നു. അക്കാലത്ത് ഇന്ത്യയിൽ മതങ്ങൾ ഇല്ലായിരുന്നു എന്നത് യാഥാർത്ഥ്യമാണല്ലൊ. ഇത് മനസ്സിലായാൽ ഹിന്ദുമതം എന്നൊരു മതം അന്നും ഇന്നും ഇല്ല എന്നും മനസ്സിലാകും.
പിൽക്കാലത്ത് ഇന്ത്യയിലും മതങ്ങൾ രൂപീകരിക്കാൻ തുടങ്ങി. ഒരു നേതാവും അദ്ദേഹത്തിന്റെ ആശയാദർശങ്ങൾ പിന്തുടരുന്ന അനുായികളും എന്നതാണു മതം എന്ന് ഇതിൽ നിന്ന് മനസ്സിലാകും. ഓരോ മതത്തിലും കുറേ ആൾക്കാർ ചേർന്നു. വിദേശത്ത് നിന്ന് കൃസ്ത്യൻ മതവും ഇസ്ലാം മതവും പ്രചരിപ്പിക്കാൻ പ്രചാരകർ ഇന്ത്യയിൽ വന്നു. കുറേ പേർ കൃസ്ത്യൻ മതത്തിൽ ചേർന്നു. കുറേ പേർ ഇസ്ലാം മതത്തിൽ ചേർന്നു. ബഹുഭൂരിപക്ഷം പേർ ഒന്നിലും ചേരാതെ മാറി നിന്നു. അങ്ങനെ മാറി നിന്ന ബഹുഭൂരിപക്ഷമാണു ഹിന്ദുക്കൾ എന്ന പേരിൽ അറിയപ്പെടുന്നത്. മതമില്ലാത്തവരുടെ വിചിത്രമതമായിത്തീർന്നു അങ്ങനെ ഹിന്ദുമതം.
എന്ത് കൊണ്ട് ആളുകൾ മതങ്ങളിലും പാർട്ടികളിലും സംഘടനകളിലും ചേർന്നു നിൽക്കുന്നു. ഒന്നിലും ചേരാത്ത സാധാരണക്കാർക്ക് താൻ ഒറ്റയ്ക്കാണെന്ന അരക്ഷിതത്വബോധം ഉണ്ടാകും. അത് താങ്ങാൻ ആർക്കും കഴിയില്ല. ഒറ്റയ്ക്കാണെന്ന് തോന്നിയാൽ ഏത് മനുഷ്യനും അപ്പോൾ തന്നെ "ചങ്ക്" പൊട്ടി ചത്തുപോകും. ഏതൊരാൾക്കും താൻ സുരക്ഷിതനാണെന്ന് തോന്നാൻ ഏതെങ്കിലും ഒരു സംഘത്തിൽ അഭയം പ്രാപിച്ചേ മതിയാകൂ. സംഘടനകൾ നിലനിൽക്കുന്നതിന്റെ നിയമം ഇതാണു.
മനുഷ്യർക്ക് വെളിപാടുകൾ കിട്ടുന്നു എന്നത് ചിലർക്ക് തോന്നുന്ന വിഭ്രമാത്മകതയാണു. തനിക്ക് വെളിപാടുണ്ടായി എന്നത് പ്രാചീനകാലത്ത് പലർക്കും തോന്നാറുണ്ടായിരുന്ന മാനസികപ്രതിഭാസമായിരുന്നു. സ്വപ്നത്തിൽ ദർശനം കിട്ടിയതിനെ കുറിച്ചും പറയാൻ പലർക്കും പല അനുഭവങ്ങളും ഉണ്ടാകും. ഇന്നും തെയ്യക്കോലങ്ങൾ കെട്ടിയാടുന്ന പലരും തനിക്ക് ഒരു മാതിരി ഉറച്ചിൽ അനുഭവപ്പെടുന്നതായി സാക്ഷ്യപ്പെടുത്താറുണ്ട്. അതൊക്കെ മനസ്സിന്റെ വിഭ്രമാത്മകതയല്ലാതെ മറ്റൊന്നുമല്ല.
വെളിപാട് കിട്ടിയെന്ന് തോന്നിയ പലർക്കും മതങ്ങൾ രൂപീകരിക്കാനുള്ള സംഘാടനശേഷിയില്ലായിരുന്നു. മതങ്ങൾ രൂപീകരിച്ച എല്ലാവർക്കും അത് വിജയിപ്പിക്കാനോ നിലനിർത്താനോ സാധിച്ചില്ല. ഏത് സംഘടനയും വിജയിച്ച് എസ്റ്റാബ്ലിഷ് ആയാൽ പിന്നെ അത് നിലനിന്നോളും. അതിനൊരു നിയമം പ്രവർത്തിക്കുന്നുണ്ട്. പരാജയപ്പെട്ടത് പിന്നെ പുനരുജ്ജീവിക്കാനും പ്രയാസം. ആൾബലം മഹാബലം എന്നാണു.
How to type Superscript and Subscript ?
സംഗതി ഇത്രയേയുള്ളൂ. Google Input Tools എന്ന ഈ പേജ് തുറക്കുക. അതിന്റെ എഡിറ്ററിൽ വലത് ഭാഗത്ത് Special Characters എന്ന ബോക്സ് കാണാം. അതിൽ ക്ലിക്ക് ചെയ്താൽ മറ്റൊരു ചെറിയ വിൻഡോ ഓപൻ ആകും. അതിൽ Arrows എന്ന ബട്ടൺ ക്ലിക്ക് ചെയ്ത് സ്ക്രോൾ ചെയ്താൽ Subscript ഓ Superscript സെലക്റ്റ് ചെയ്താൽ നമുക്ക് ആവശ്യമുള്ള അക്കമോ ചിഹ്നമോ കിട്ടും. എന്നിട്ട് കോപ്പി-പേസ്റ്റ് ചെയ്താൽ മതി. H₂O , CO₂ , E=mc² എന്നെല്ലാം നമുക്ക് ഇങ്ങനെ ടൈപ്പ് ചെയ്യാം.
മെഥനോൾ വായുവിലെ ഓക്സിജനുമായി ചേരുമ്പോൾ :
2 CH₃OH + 3 O₂ → 2 CO₂ + 4 H₂O =
2 മെഥനോൾ തന്മാത്ര + 3 ഓക്സിജൻ = 2 കാർബൺ ഡൈഓക്സൈഡ് തന്മാത്ര+ 4 ജലതന്മാത്ര
പ്രകൃതിയുടെ കെമിസ്ട്രി പഠിക്കാൻ എന്ത് രസമാണ്. ഇനി എന്തിനാണു പഠിക്കുന്നത് എന്ന് വിചാരിക്കരുത്. പഠിത്തമൊക്കെ കഴിഞ്ഞ് ജോലിയും കുടുംബവും ഒക്കെ ആയാലാണ് സയൻസ് പഠിക്കേണ്ടത്. ഇപ്പോൾ ഗൂഗിൾ ഉള്ളത് കൊണ്ട് പഠിക്കാൻ എന്തെളുപ്പം. ഞാനൊക്കെ പ്രഭാത് ബുക്ക് ഹൗസിൽ പോയി കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന സോവിയറ്റ് പുസ്തകങ്ങൾ തേടിപ്പിടിച്ച് വാങ്ങിയിട്ടാണ് പഠിക്കാൻ ശ്രമിച്ചത്.
സി.പി.എമ്മിനെ നിരോധിക്കും ?
സ്വാതന്ത്ര്യം ലഭിക്കുമ്പോൾ കോൺഗ്രസ്സ് കഴിഞ്ഞാൽ കമ്മ്യൂണിസ്റ്റ് പാർട്ടിയായിരുന്നു രണ്ടാമത്തെ പാർട്ടി. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും അതിന്റെ വർഗ്ഗബഹുജന സംഘടനകളുടെയും അംഗബലം പരിഗണിച്ച് ഇന്ത്യയിൽ സായുധവിപ്ലവം നടത്താനും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ഏജന്റായ ഇന്ത്യൻ ബൂർഷ്വാഭരണത്തിൽ നിന്ന് ഇന്ത്യയെ മോചിപ്പിച്ച് തൊഴിലാളിവർഗ്ഗ സർവ്വാധിപത്യം സ്ഥാപിക്കാനും സമയമായി എന്ന് ബി.ടി.രണദിവെ തീരുമാനിക്കുകയായിരുന്നു. വിപ്ലവാഹ്വാനം കേട്ടയുടനെ സഖാക്കൾ വാരിക്കുന്തങ്ങൾ കൂർപ്പിച്ച് ഇന്ത്യ പിടിച്ചടക്കാൻ തെരുവിലറങ്ങി. സ്വാഭാവികമായും നമ്മുടെ സർക്കാർ ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയെ നിരോധിച്ചു. നേതാക്കൾ ജയിലിലായി. പലരും ഒളിവിൽ പോയി.
പിന്നീട് ജയിലിൽ വെച്ച് കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളും ഇന്ത്യൻ സർക്കാരും തമ്മിൽ ഉണ്ടാക്കിയ ധാരണയുടെ പുറത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് മേലുള്ള നിരോധനം പിൻവലിച്ചു. എന്താണ് കമ്മ്യൂണിസ്റ്റ് പാർട്ടിയും ഇന്ത്യൻ സർക്കാരും തമ്മിൽ ഉണ്ടാക്കിയ ധാരണ എന്നതിനെ പറ്റിയുള്ള വിവരങ്ങൾ ഒന്നും ലഭ്യമല്ല. എന്നാൽ, തങ്ങൾ വിപ്ലവത്തിനു ഇല്ലെന്നും ഇന്ത്യൻ ഭരണഘടന അനുസരിച്ച് പ്രവർത്തിച്ചുകൊള്ളാമെന്നും സർക്കാരിനു രേഖാമൂലം ഉറപ്പ് കൊടുത്തതിന്റെ ഫലമായിട്ടാണ് നിരോധനം പിൻവലിക്കപ്പെട്ടത് എന്ന് പറഞ്ഞു കേട്ടിരുന്നു. എന്തായാലും നിരോധനം പിൻവലിച്ചതിനു ശേഷം കമ്മ്യൂണിസ്റ്റ് പാർട്ടി കൽക്കത്താ തീസീസ് തള്ളിപ്പറയുകയും അത് അവതരിപ്പിച്ച രണദിവെയെ പാർട്ടിയിൽ നിന്ന് തരം താഴ്ത്തി ശിക്ഷണനടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.
പക്ഷെ, അന്നും ഇന്നും ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ പരിപാടിയിൽ നിന്നും ഭരണഘടനയിൽ നിന്നും വിപ്ലവം നടത്തി ഇന്ത്യയിൽ തൊഴിലാളി വർഗ്ഗസർവ്വാധിപത്യം സ്ഥാപിക്കും എന്ന അതിന്റെ പ്രഖ്യാപിത ലക്ഷ്യം മാറ്റിയിട്ടില്ല. എങ്ങനെ വിപ്ലവം നടത്തും എന്ന കാര്യത്തിൽ മാത്രമാണ് സി.പി.ഐ.ക്കും സി.പി.എമ്മിനും വ്യത്യസ്ത പരിപാടിയുള്ളത്. ജനകീയ ജനാധിപത്യ വിപ്ലവം നടത്തും എന്ന് സി.പി.എമ്മും ദേശീയ ജനാധിപത്യ വിപ്ലവം നടത്തും എന്ന് സി.പി.ഐ.യും അതിന്റെ പരിപാടികളിൽ പറയുന്നു. ലക്ഷ്യം ഒന്ന് തന്നെ, ബൂർഷ്വാ പാർട്ടികളെ കൂട്ടുപിടിച്ച് പാർലമെന്ററി പ്രവർത്തനം നടത്തി, സാഹചര്യങ്ങൾ പരിപക്വമാകുമ്പോൾ വർഗ്ഗശത്രുക്കളെ ഉന്മൂലനം ചെയ്ത് പാർട്ടിയുടെ ഏകകക്ഷിഭരണം തൊഴിലാളിവർഗ്ഗ സർവ്വാധിപത്യം എന്ന പേരിൽ സ്ഥാപിക്കുക. പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടി സോഷ്യലിസ്റ്റ് വിപ്ലവം പൂർത്തിയാക്കി ശാസ്ത്രീയകമ്മ്യൂണിസത്തിലേക്ക് കടക്കും.
ഈ പരിപാടി നമ്മുടെ ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നും അത്കൊണ്ട് തന്നെ ഭരണഘടനാവിരുദ്ധമായിട്ടാണ് കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഇക്കാലമത്രയും ഇന്ത്യയിൽ പ്രവർത്തിച്ചു വരുന്നത് എന്ന് പറയേണ്ടതില്ലല്ലൊ. നിരോധനം പിൻവലിച്ച് പ്രവർത്തന സ്വാതന്ത്ര്യം അനുവദിച്ചു കൊടുക്കുമ്പോൾ അന്നത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭരണഘടനയും പരിപാടിയും മാറ്റി ജനാധിപത്യ സമ്പ്രദായത്തിനു അനുഗുണമായി വിപ്ലവവും വർഗ്ഗസർവ്വാധിപത്യവും ഒഴിവാക്കി ഇന്ത്യൻ ഭരണഘടന അംഗീകരിക്കുന്ന ഒരു പാർട്ടിഭരണഘടന എഴുതിയുണ്ടാക്കാൻ ഇന്ത്യൻ സർക്കാർ അവരെ നിർബ്ബന്ധിച്ചില്ല എന്നത് ദുരൂഹമാണ്. ഇന്ത്യൻ ഭരണഘടന പിച്ചിച്ചീന്തി തൊഴിലാളിവർഗ്ഗത്തിന്റെ ഭരണഘടനയും വ്യവസ്ഥിതിയും കൊണ്ടുവന്നാൽ മാത്രമേ ഇന്ത്യയിലെ പ്രശ്നങ്ങൾ അവസാനിക്കൂ എന്ന് കമ്മ്യൂണിസ്റ്റ് നേതാക്കൾ പ്രസംഗിച്ചു നടക്കുന്നത് കേട്ടുകൊണ്ടാണ് ഞാനൊക്കെ രാഷ്ട്രീയം പഠിക്കുന്നത്. എന്നിട്ടും അതിലൊന്നും യാതൊരു അപാകതയും ഭരണഘടനാവിരുദ്ധതയും കോൺഗ്രസ്സ് നേതാക്കളും സർക്കാരും കണ്ടില്ല എന്നത് വിചിത്രമായിരിക്കുന്നു.
എന്തായാലും 1989-90 കാലഘട്ടത്തിൽ ആണെന്ന് ഓർമ്മ, സോവിയറ്റ് യൂനിയനിലും കിഴക്കൻ യൂറോപ്പിലും കമ്മ്യൂണിസ്റ്റ് സാമ്രാജ്യങ്ങൾ തകർന്ന് തരിപ്പണമായപ്പോൾ അവിടങ്ങളിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ പരിപാടിയിൽ നിന്നും വിപ്ലവവും തൊഴിലാളിവർഗ്ഗ സർവ്വാധിപത്യവും ഒഴിവാക്കി പാർലമെന്ററി ബഹുകക്ഷി സമ്പ്രദായം അംഗീകരിക്കുന്ന പാർട്ടികളായി പുന:സംഘടിപ്പിക്കപ്പെട്ടിരുന്നു. അപ്പോഴും ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് വീണ്ടുവിചാരം ഉണ്ടായില്ലെന്ന് മാത്രമല്ല്ല ലോകകമ്മ്യൂണിസത്തിന്റെ തകർച്ചയെ പറ്റി ആലോചിക്കാൻ കൂടി മെനക്കെട്ടില്ല. എല്ലാം ഗോർബച്ചേവിന്റെ ചതി എന്ന ഒറ്റ വാക്കിൽ ഒതുക്കുകയായിരുന്നു. ഒന്നുകിൽ കമ്മ്യൂണിസ്റ്റ് പാർട്ടികൾ പരിപാടിയും ഭരണഘടനയും മാറ്റണം. അല്ലെങ്കിൽ ഭരണഘടനാവിരുദ്ധമായ കമ്മ്യൂണിസ്റ്റ് പർട്ടികളെ ഇന്ത്യൻ സർക്കാർ നിരോധിക്കണം. അഡ്വ:ജോജോ ജോസഫ് നൽകിയ ഹരജി രണ്ടിലൊന്ന് സാധ്യമാക്കാനുള്ള ചുവട്‌വയ്പാണ്. ഇത് പണ്ടേ ചെയ്യേണ്ടതായിരുന്നു. എങ്കിൽ ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രക്ഷപ്പെടുമായിരുന്നു. ഒരു ഡെമോക്രാറ്റിക്ക് കമ്മ്യൂണിസ്റ്റ് പാർട്ടി ആവശ്യമാണ് എന്നാണ് ഈയുള്ളവന്റെ പക്ഷം.
വാർത്തയുടെ ലിങ്ക് ഇവിടെ ക്ലിക്ക് ചെയ്യുക